യഥാര്‍ത്ഥ വിപ്ലവം
[ഇത് റസ്സല്‍ മീന്‍സിന്റെ ഏറ്റവും പ്രസിദ്ധമായ പ്രസംഗത്തിന്റെ സ്വതന്ത്രവിവര്‍ത്തനമാണ്. അദ്ദേഹം ഒഗ്‌ലാല ലക്കോത്ത എന്ന റെഡ് ഇന്ത്യന്‍ വിഭാഗത്തില്‍പ്പെടുന്നു. 1973ല്‍ തുടങ്ങിയ അമേരിക്കന്‍ ഇന്ത്യന്‍ പ്രസ്ഥാനത്തിന്റെ പ്രഗത്ഭനായ പ്രവര്‍ത്തകനായിരുന്നു മീന്‍സ്. 2012 ഒക്‌ടോബര്‍ 22ന് അദ്ദേഹം നിര്യാതനായി. 1980 ല്‍ അനേകായിരങ്ങളോട് അദ്ദേഹം നടത്തിയ ഈ സുദീര്‍ഘമായ പ്രസംഗം. - Edited version]
തുടക്കത്തില്‍ത്തന്നെ പറയട്ടെ - എഴുത്ത് എന്നത് ഞാന്‍ വല്ലാതെ വെറുക്കുന്ന ഒരു സംഗതിയാണ്. ഇത് യൂറോപ്യന്‍ മനസ്സിനു നേരെ എതിരാണെന്നെനിക്കറിയാം. അവര്‍ക്ക് എഴുതപ്പെട്ട വാക്ക് പറയപ്പെട്ട വാക്കിനെക്കാള്‍ ഒരുപാടു പ്രധാനമാണല്ലോ. എന്നാല്‍ എന്റെ സംസ്‌കാരത്തിന് -ലക്കോത്ത സംസ്‌കാരം- ഉള്ളത് വാമൊഴി പൈതൃകമാണ്. അതുകൊണ്ടുതന്നെ ഞാന്‍ എഴുത്തിനെ നിരാകരിക്കുന്നു. എഴുത്ത് യൂറോപ്യനല്ലാത്ത സംസ്‌കാരങ്ങളെ ഇല്ലാതാക്കാന്‍ വെള്ളക്കാരന്‍ ഉപയോഗിക്കുന്ന അനേകമാര്‍ഗങ്ങളില്‍ ഒന്നാണ്. സംഭാഷണത്തിലൂടെ രൂപപ്പെടുന്ന മൂര്‍ത്തമായ മാനുഷികബന്ധങ്ങളെ എഴുതപ്പെടുന്ന വാക്ക് അമൂര്‍ത്തവത്കരിക്കുന്നു.
നിങ്ങളിപ്പോള്‍ വായിക്കുന്ന ഇക്കാര്യങ്ങള്‍ ഞാന്‍ എഴുതിയതല്ല. ഞാന്‍ പറഞ്ഞത് മറ്റാരോ എഴുതിയെടുത്തതാണ.് വെള്ളക്കാരന്റെ ലോകവുമായി സംവദിക്കാനുള്ള ഒരേയൊരു മാധ്യമം പുസ്തകത്തില്‍നിന്നു കൊഴിഞ്ഞു വീഴുന്ന മരിച്ച ഇലകളായ വാക്കുകള്‍ മാത്രമാണെന്നതാണു വസ്തുത. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് എഴുതിയെടുക്കാന്‍ ഒടുവില്‍ സമ്മതിച്ചത്. എന്റെ വാക്കുകള്‍ വെള്ളക്കാരന്റെ അടുത്തെത്തുമോ എന്നത് എനിക്ക് സാരമായ ഒരു സംഗതിയേയല്ല. അവര്‍ക്കു കാണാനും കേള്‍ക്കാനുമാകില്ലെന്ന് എത്രയോ തവണ അവരുടെ ചരിത്രം നമുക്കു കാട്ടിത്തന്നു, അവര്‍ക്കാകെ ചെയ്യാനാവുന്നത് വായിക്കുക എന്ന കാര്യമാണ്. (അപവാദങ്ങള്‍ ഇല്ലെന്നല്ല, പക്ഷേ അപവാദങ്ങള്‍പ്പോലും ഈ പൊതു സത്യത്തിനുള്ള തെളിവുകളാണ.്) എന്റെ പ്രധാന താത്പര്യം സര്‍വകലാശാലകളും മറ്റനേകം സ്ഥാപനങ്ങളും നിമിത്തം വെള്ളക്കാരന്റെ ലോകവുമായി രാജിയാകുന്ന വിദ്യാര്‍ത്ഥികളും അല്ലാത്തവരുമായ റെഡ് ഇന്ത്യന്‍ വംശജരാണ്. പക്ഷേ ഈ താത്പര്യം പോലും അത്ര പ്രധാനമല്ല എനിക്ക്. റെഡ് ഇന്ത്യക്കാരന്റെ മുഖവും വെള്ളക്കാരന്റെ മനസ്സുമായി ഒരാള്‍ വളര്‍ന്നുവരാനുള്ള എല്ലാ സാധ്യതകളുമുണ്ട.് അത് തികച്ചും വൈയക്തികമായ ഒരു തെരഞ്ഞെടുപ്പായതിനാല്‍ എനിക്കതിനെക്കുറിച്ചൊന്നുംതന്നെ പറയാനില്ല. അവരൊക്കെ റെഡ് ഇന്ത്യക്കാര്‍ക്കെതിരായി യൂറോപ്യന്‍സ് നടത്തുന്ന സാംസ്‌കാരികമായ വംശഹത്യയുടെ ഇരകളാണ.് എന്റെ ശ്രദ്ധ മുഴുവനും ഈ സാംസ്‌കാരികമായ വംശഹത്യയെ എതിര്‍ക്കുന്ന റെഡ് ഇന്ത്യക്കാരിലാണ്. ഈ എതിര്‍പ്പിനെ എങ്ങനെ മുന്നോട്ടു നയിക്കണമെന്നറിയാതെ കുഴങ്ങുന്ന അവരോടാണു ഞാന്‍ പ്രധാനമായും സംസാരിക്കുന്നത്.
താന്‍ യൂറോപ്യവത്കരിക്കപ്പെടാതിരിക്കാന്‍ ഓരോ റെഡ് ഇന്ത്യക്കാരനും അപാരമായ ശ്രമം നടത്തേണ്ടതുണ്ട്. അതിനു കരുത്തുകിട്ടുന്നത് നമ്മുടെ പരമ്പരാഗത ജീവിതരീതികളില്‍നിന്നും നമ്മുടെ പൂര്‍വികര്‍ നെഞ്ചിലേറ്റിയ മൂല്യങ്ങളില്‍നിന്നുമാണ.് ആ കരുത്ത് വരേണ്ടത് നാലു ദിശകളില്‍നിന്നുമാണ് - നമ്മുടെ ബന്ധങ്ങളില്‍ നിന്നാണ്. പുസ്തകത്താളുകളില്‍നിന്നു കിട്ടുന്ന ഒന്നല്ല അത്. ലക്കോത്ത വിഭാഗത്തില്‍ ജനിച്ചവന്‍ എങ്ങനെ ഒരു യഥാര്‍ത്ഥ ലക്കോത്തയായിത്തീരണമെന്ന് ഒരു യൂറോപ്യനും പറഞ്ഞു തരാനാവില്ല. 'റെഡ് ഇന്ത്യന്‍ സ്റ്റഡീസ്' എന്ന വിഷയത്തിലോ മറ്റേതെങ്കിലും വിഷയത്തിലോ ബിരുദാനന്തര ബിരുദം നേടിയതുകൊണ്ട് ഒരുവനു മനുഷ്യനായിത്തീരാനോ, പരമ്പരാഗത ശൈലികളെ അറിയുവാനോ ആകില്ലല്ലോ. അതു നിങ്ങളെ യൂറോപ്യന്‍സിനോടുള്ള മാനസിക വിധേയത്വത്തിലേ എത്തിക്കൂ.
യൂറോപ്യന്‍സിനെക്കുറിച്ചോ, അവരോടു മാനസിക അടിമത്തം പുലര്‍ത്തുന്നവരെക്കുറിച്ചോ പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഒരു വശത്ത് നൂറ്റാണ്ടുകളായി നിലനിന്ന, വംശീയഹത്യക്കുത്തരവാദിയായ, പിന്തിരിപ്പനായ അങ്ങേയറ്റം വൃത്തികെട്ട ഒരു യൂറോപ്യന്‍ ബൗദ്ധികധാരയുണ്ടെന്നും മറുവശത്ത് ഒരു പുതിയ, വിപ്ലവകരമായ, നന്മനിറഞ്ഞ ബൗദ്ധികധാരയുണ്ടെന്നും ഇവിടെ പറയപ്പെടുന്നുണ്ട്. രണ്ടാമത്തേതുകൊണ്ട് ഞാന്‍ വിവക്ഷിക്കുന്നത് മാര്‍ക്‌സിസവും അരാജകവാദവും ഇടതുപക്ഷചിന്ത പൊതുവെയുമാണ.് ഇത്തരമൊരു വിഭജനം സാധുവാണോ എന്നു ഞാന്‍ സംശയിക്കുന്നു. ഇവ രണ്ടും ഒരേ യൂറോപ്യന്‍ ബൗദ്ധികപാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചക്കാരാണെന്നാണ് എന്റെ അഭിപ്രായം. രണ്ടു കൂട്ടരും പറഞ്ഞതും പാടിയതും ഒരേ കാര്യം തന്നെ.
യൂറോപ്യന്‍ ബൗദ്ധിക പാരമ്പര്യത്തിന്റെ ഒരു ചെറു ചരിത്രം പറയുന്നത് ഇത്തരുണത്തില്‍ ഉചിതമായിരിക്കും. മുഴുവന്‍ പ്രകൃതിയെയും ഒരു ഗണിതശാസ്ത്ര സൂത്രവാക്യത്തില്‍ ഒതുക്കിക്കൊണ്ട് ന്യൂട്ടണ്‍ ശാസ്ത്രഗതിയെ വിപ്ലവകരമായി സ്വാധീനിച്ചു എന്നു പറയപ്പെടുന്നു. സാംസ്‌കാരികമേഖലയില്‍ ദെക്കാര്‍ത്ത് നിര്‍വഹിച്ചതും ഇതേ കാര്യം തന്നെ. രാഷ്ട്രീയത്തില്‍ ജോണ്‍ ലോക്കും സാമ്പത്തികശാസ്ത്രത്തില്‍ ആഡംസ്മിത്തും സമാനമായ കാര്യങ്ങള്‍ നിറവേറ്റി. മനുഷ്യാസ്തിത്വത്തിന്റെ ഏതെങ്കിലും ഒരു ഘടകം പെറുക്കിയെടുത്ത് ഈ ചിന്തകരെല്ലാം അതിനെ ഒരു നിയമമായി അമൂര്‍ത്തവത്കരിച്ചു. ക്രൈസ്തവമതം നിര്‍ത്തിയിടത്തുനിന്ന് അവര്‍ പുനരാരംഭിച്ചു. അവര്‍ ക്രൈസ്തവമതത്തെ മതേതരമായി അവതരിപ്പിച്ചു. അങ്ങനെ നാനാസ്ഥലങ്ങളിലേക്കും പടര്‍ന്നുകയറാന്‍ യൂറോപ്യന്‍ സംസ്‌കാരത്തെ സജ്ജമാക്കി. മുന്‍ പറഞ്ഞ ഒരോ സൈദ്ധാന്തിക വിപ്ലവവും യൂറോപ്യന്‍ മനസ്സിനെ കൂടുതല്‍ കൂടുതല്‍ അമൂര്‍ത്തവത്കരിച്ചു; പ്രകൃതിയുടെ അത്ഭുതകരമായ സങ്കീര്‍ണതയും അതിന്റെ ആത്മീയതയും യുക്തിബദ്ധമായ ഒരു ശ്രേണിയായി ലഘൂകരിക്കപ്പെട്ടു. ഒന്ന്, രണ്ട്, മൂന്ന് ഇതാ ഉത്തരം! ഇതായിരുന്നു അവരുടെ മദം.
ഇതാണ് ഇന്ന് യൂറോപ്യന്‍ മനസ്സിന്റെ 'കാര്യപ്രാപ്തി' യായി കൊട്ടിഘോഷിക്കപ്പെടുന്നത്. യാന്ത്രികമായതെല്ലാം കുറ്റമറ്റതത്രേ. ഈ നിമിഷത്തെ കാര്യസാധ്യത്തിനു ഉതകുന്നതെല്ലാം ശരിയത്രേ. തങ്ങളുടെ യാന്ത്രിക പരികല്പനയുമായി പൊരുത്തപ്പെടുന്നതെല്ലാം അവര്‍ക്കു സത്യമാണ്. ഇത്തരമൊരു ചിന്താപദ്ധതി നല്കുന്ന ഉത്തരങ്ങളെല്ലാം മുട്ടുശാന്തികളാണ്. മുട്ടുശാന്തിയുടെ പ്രത്യേകത അതു താല്ക്കാലികോപായമാണെന്നതാണ്. പുതിയ പ്രശ്‌നങ്ങള്‍ക്കു പുതിയ മുട്ടുശാന്തികള്‍ കൂടിയേ തീരൂ. അവ കണ്ടെത്താനുള്ള നിരന്തരശ്രമമാണ് ഇവിടെ നടക്കുന്നത്.
ന്യൂട്ടണ്‍, ദെക്കാര്‍ത്ത്, ലോക്ക്, സ്മിത്ത് എന്നിവരുടെ ചിന്താധാരയുടെ പിന്തുടര്‍ച്ചക്കാരായിരുന്നു ഹേഗലും മാര്‍ക്‌സും. ക്രൈസ്തവ ദൈവശാസ്ത്രത്തെ മതേതരമായി അവതരിപ്പിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയത് ദെക്കാര്‍ത്താണ്. യൂറോപ്യന്‍ മനസ്സ് പ്രപഞ്ചത്തെ മനസ്സിലാക്കാന്‍ ഉപയോഗിച്ച ക്രൈസ്തവ മതദര്‍ശനത്തെയാണ് ഹേഗല്‍ മതേതരമായ ദാര്‍ശനിക പദ്ധതിയായി പരുവപ്പെടുത്തിയെടുത്തത്. ഹെഗേലിയന്‍ ദര്‍ശനത്തെ അടിമുടി ഭൗതികവത്കരിക്കുകയാണ് യഥാര്‍ത്ഥത്തില്‍ മാര്‍ക്‌സു ചെയ്തത.് ഹേഗലിന്റെ ആത്മീയവാദത്തെ മാര്‍ക്‌സ് ഭൗതികവാദമാക്കിത്തീര്‍ത്തു. ഇന്ന് ഇതാണ് യൂറോപ്യന്‍ മനസ്സിന്റെ വിപ്ലവാത്മക പദ്ധതിയായി ഉദ്‌ഘോഷിക്കപ്പെടുന്നത്. യൂറോപ്യന്‍സിന് മാര്‍ക്‌സിസം ഒരു വിപ്ലവാത്മകദര്‍ശനമാകാം; പക്ഷേ റെഡ് ഇന്ത്യക്കാരന്‍ അതില്‍ കാണുന്നത് യൂറോപ്യന്‍ ചിന്തയുടെ പൈതൃകമായ അസ്തിത്വവും ലാഭമുണ്ടാക്കലും തമ്മിലുള്ള സംഘര്‍ഷം മാത്രമാണ്. മാര്‍ക്‌സിസത്തിലൂടെ പുനരവതരിപ്പിക്കപ്പെടുന്ന യൂറോപ്യന്‍ സാമ്രാജ്യത്വവാദത്തിന്റെ ബൗദ്ധിക അടിവേരുകള്‍ പടര്‍ന്നിരിക്കുന്നത് ന്യൂട്ടന്റെയും ഹേഗലിന്റെയും മറ്റും ചിന്താപദ്ധതിയിലാണ്.
അസ്തിത്വമെന്നത്, നിലനില്ക്കുകയെന്നത് ആത്മീയമായ ഒരു കാര്യമാണ്. ലാഭമുണ്ടാക്കുകയെന്നത് ഭൗതികമായ ഒരു കൃത്യവും. പരമ്പരാഗതമായി, റെഡ് ഇന്ത്യക്കാര്‍ ഏറ്റവും നല്ലവരാകാന്‍ എക്കാലത്തും ശ്രമിക്കുന്നവരാണ്. ഇത്തരമൊരു ശ്രമത്തിനിടയില്‍ അവര്‍ ചെയ്തിരിക്കുന്ന ഒരു കാര്യം സമ്പത്ത് വേണ്ടെന്നുവയ്ക്കുക എന്നതാണ്. ധനികനെ ചുറ്റുവട്ടത്തുള്ളവര്‍ അവജ്ഞയോടെയാണു പരമ്പരാഗത സമൂഹങ്ങളില്‍ കണ്ടിരുന്നത്. യൂറോപ്യന്‍സിനാകട്ടെ പണമെന്നത് ബഹുമാന്യതയുടെ ചിഹ്നമാണ്. ആരെങ്കിലും പണമുണ്ടാക്കുന്നതില്‍ വിജയിച്ചാല്‍ അതു തങ്ങളുടെ യാന്ത്രിക മാതൃകയുടെ വിജയമായി ഘോഷിക്കപ്പെടുന്നു. യൂറോപ്യന്‍ മനസ്സും റെഡ് ഇന്ത്യന്‍ മനസ്സും ഇങ്ങനെയാണ് വിരുദ്ധധ്രുവങ്ങളിലാകുന്നത്. ഈ വിപരീത നിലപാടുകള്‍ വെറും ബൗദ്ധികതലത്തില്‍ മാത്രം ഒതുങ്ങുന്നവയല്ലല്ലോ.
പ്രപഞ്ചത്തെ ഭൗതികവത്കരിക്കുന്ന യൂറോപ്യന്‍ ബൗദ്ധികപ്രക്രിയയും അപരനെ അപമാനവീകരിക്കുന്ന മാനസികപ്രക്രിയയും തമ്മില്‍ ഏറെ സമാനതകളുണ്ട്. മനുഷ്യരെ അപമാനവീകരിക്കുന്നതില്‍ മുന്നിട്ടുനില്ക്കുന്നത് ആരാണ് ? യുദ്ധത്തിനു പോകുന്നതിനുമുമ്പ് സൈനികര്‍ ശത്രുവിനെ അപമാനവീകരിക്കുന്നു. (അപ്പോഴാണ് അവര്‍ക്ക് എളുപ്പത്തില്‍ ശത്രുവിനെ കൊല്ലാനാകുന്നത്.) കൊലപാതകികള്‍ കൊല നടത്തുന്നതിനുമുമ്പ് ചെയ്യുന്നതും ഇതുതന്നെ. നാസിഭടന്മാര്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെ തടവുപുള്ളികളോട് അങ്ങനെ ചെയ്തു. പോലീസുകാരും അങ്ങനെതന്നെ ചെയ്യുന്നു. യുറേനിയം ഖനികളിലേക്കും സ്റ്റീല്‍ മില്ലുകളിലേക്കും ജോലിക്കാരെ അയയ്ക്കുന്നതിനു മുമ്പ് കോര്‍പ്പറേറ്റുടമകള്‍ അതു ചെയ്യുന്നു. രാഷ്ട്രീയക്കാര്‍ കണ്‍വെട്ടത്തു വരുന്ന എല്ലാവരോടും ഇതു ചെയ്യുന്നു. അപരനെ അപമാനവീകരിക്കുന്ന ഗ്രൂപ്പ് ഏതുമാകട്ടെ, അവയ്‌ക്കൊക്കെ പൊതുവായിട്ടുള്ളത്, തങ്ങളില്‍ നിന്നും വിഭിന്നമായവരെ കൊന്നോ അല്ലാതെയോ ഇല്ലാതാക്കുകയെന്ന അവയുടെ സംരംഭത്തിന് അപമാനവീകരണം സാധൂകരണം നല്കുന്നു എന്നതാണ്. ഒരു ക്രൈസ്തവ കല്പന 'കൊല്ലരുത്' എന്നതാണ്. കൊല്ലരുതാത്തത് മനുഷ്യരെയാണ്. അതുകൊണ്ട് പ്രയോഗിക്കേണ്ട ഉപായം ശത്രുവിനെ മനുഷ്യനല്ലാതാക്കുകയെന്നതാണ്. അത്തരമൊരു ഉപായം കണ്ടെത്താനായാല്‍ കല്പനയുടെ ലംഘനം പോലും പുണ്യമായി വ്യാഖ്യാനിക്കാമല്ലോ.
പ്രപഞ്ചത്തെ ആത്മീയമല്ലാതാക്കുക വഴി അതിനെ നശിപ്പിക്കുന്നത് പുണ്യമായിത്തീരുകയാണ്. പുരോഗതിയും വികസനവുമൊക്കെ ഇതു മറയ്ക്കാനുള്ള മുഖംമൂടികള്‍ മാത്രമാണ്. ഉദാഹരണത്തിന്, ഒരു പ്രദേശത്ത് കരിങ്കല്‍ ചീളുകളുടെ ക്വാറി തുടങ്ങിയിട്ട് അതിനെ ആ പ്രദേശത്തിന്റെ 'വികസനം' എന്നു വിളിക്കുന്നു. അപ്പോള്‍ വികസനമെന്നത്, ആ തുണ്ടുഭൂമിയുടെ എന്നെന്നേക്കുമായുള്ള വിനാശമാണ്. വെള്ളക്കാരന്‍ ടണ്‍കണക്കിനു ചീളുകള്‍ കൊണ്ടുപോയി കൂടുതല്‍ ഭൂപ്രദേശത്തു വിരിച്ച്, റോഡുകളുണ്ടാക്കി, കൂടുതല്‍ 'വികസിപ്പി'ക്കുകയാണ്. ഈ ഭ്രാന്തിനു മുഴുവന്‍ ഭൂമിയെയും വിട്ടുകൊടുക്കാമെന്നാണു യൂറോപ്യന്‍ കാഴ്ചപ്പാട്. ആത്യന്തികമായി ഒരു പക്ഷേ, ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നത് യൂറോപ്യന്‍ മനസ്സിന് ഇതില്‍ ഒരു നഷ്ടബോധവും തോന്നുന്നില്ല എന്നതാണ്. അതിനു കാരണം, അവര്‍ പ്രപഞ്ചത്തെ മുഴുവന്‍ ആത്മാവില്ലാത്ത പദാര്‍ത്ഥമായി മാത്രം കണ്ടു ശീലിച്ചു എന്നതാണ്. അങ്ങനെയാണ് അവരുടെ ചിന്തകള്‍ അവരോടു പറഞ്ഞത്. അതുകൊണ്ടുതന്നെ ഒരു മലയെയോ, തടാകത്തെയോ, ജനസമൂഹത്തെയോ അത്ഭുതത്തോടെ നോക്കാനും അതില്‍നിന്നുത്ഭൂതമാകുന്ന സംതൃപ്തി അനുഭവിക്കാനും അവര്‍ക്കാകാതെ പോകുന്നു. സാധനങ്ങള്‍ കൂടുതല്‍ സ്വന്തമാക്കുന്നതാണ് സംതൃപ്തിയുടെ അളവുകോല്‍. അങ്ങനെ മല കരിങ്കല്‍ച്ചീളുകളായി മാറുന്നു, തടാകം ഫാക്ടറിക്കുവേണ്ട ജലസംഭരണിയായിത്തീരുന്നു, ആളുകള്‍ വിദ്യാലയങ്ങളെന്ന മസ്തിഷ്‌ക പ്രക്ഷാളനശാലകളിലേക്കു തെളിക്കപ്പെടേണ്ട കൂട്ടങ്ങളായിത്തീരുന്നു.
പക്ഷേ, ഓരോ വികസനശ്രമവും യഥാര്‍ത്ഥ പ്രപഞ്ചത്തെ കൂടുതല്‍ കൂടുതല്‍ ഭാരപ്പെടുത്തുന്നു എന്നതല്ലേ വസ്തുത? ഇന്ധനത്തിന്റെ കാര്യം ഒരുദാഹരണമായി എടുക്കുക. രണ്ടുനൂറ്റാണ്ടു മുമ്പുവരെ പാചകത്തിനും മുറി ചൂടാക്കാനുമൊക്കെ എല്ലാവരും തന്നെ ഉപയോഗിച്ചിരുന്നത് വിറകാണ്. വ്യവസായവിപ്ലവത്തോടുകൂടി കല്‍ക്കരി പ്രധാന ഇന്ധനമായി ഉപയോഗിക്കപ്പെട്ടു തുടങ്ങി. അതോടെ നഗരങ്ങളില്‍ മലിനീകരണം ഒരു പ്രധാന പ്രശ്‌നമായിത്തീര്‍ന്നു. ഭൂഗര്‍ഭങ്ങളെല്ലാം വലിച്ചുതുറന്ന് കല്‍ക്കരിയെടുത്തു പുറത്തിട്ടു. നമ്മള്‍ ഓര്‍ക്കേണ്ടത്, വിറകുശേഖരണം പ്രകൃതിക്കു കാര്യമായ ക്ഷതം ഏല്പിക്കാതെ തന്നെ നടത്തപ്പെട്ടിരുന്നു എന്നതും കൂടിയാണ്. പിന്നീട് പെട്രോള്‍ പ്രധാന ഇന്ധനമായി രംഗപ്രവേശനം നടത്തുന്നു. ശാസ്ത്രലോകത്തെ വിപ്ലവകരമായ കണ്ടുപിടിത്തങ്ങള്‍ നിമിത്തം ഉത്പാദനം സാങ്കേതികവത്കരിക്കപ്പെട്ടു. ഒപ്പം മലിനീകരണം എല്ലാ അതിരുകളും ലംഘിച്ചു. അങ്ങനെയിരിക്കെ കേട്ടു തുടങ്ങിയ കാര്യമാണ് ഊര്‍ജ്ജ പ്രതിസന്ധി. ഒടുക്കം എത്തിനില്ക്കുന്നത് യുറേനിയം എന്ന ഇന്ധനത്തിലാണ്.
ഇന്ധനത്തോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ ക്യാപിറ്റലിസ്റ്റുകളും മാര്‍ക്‌സിസ്റ്റുകളും തമ്മില്‍ എന്തു വ്യത്യാസം? രണ്ടു കൂട്ടരും ഒരേ തൂവല്‍പക്ഷികള്‍. ഒരു പ്രായോഗിക നിര്‍ദ്ദേശം ഇവിടെ നല്കാനുണ്ട്. ഒരു യൂറോപ്യന്‍ വിപ്ലവ സിദ്ധാന്തത്തെ വിലയിരുത്തേണ്ടത് യൂറോപ്യന്‍ അധികാരഘടനയിലും സമൂഹത്തിലും അതെന്തു മാറ്റം കൊണ്ടുവരുന്നു എന്നതിനെ അടിസ്ഥാനമാക്കിയാകരുത്. യൂറോപ്യരല്ലാത്ത ജനതതികളെ അതെങ്ങനെ ബാധിക്കുന്നു എന്നതില്‍ അധിഷ്ഠിതമായിരിക്കണം ആ വിലയിരുത്തല്‍. ഇങ്ങനെ പറയാന്‍ കാരണം, യൂറോപ്യന്‍ ചരിത്രത്തിലെ എല്ലാ വിപ്ലവങ്ങളും അടിസ്ഥാനപരമായി ശ്രമിച്ചത് വികസനത്തിനോട് അനുബന്ധിച്ചുള്ള നശീകരണങ്ങളെ അന്യദേശങ്ങളിലേക്ക്, അന്യജനങ്ങളിലേക്ക്, അന്യസംസ്‌കാരങ്ങളിലേക്ക,് പ്രകൃതിയിലേക്ക് ഒക്കെ കയറ്റി അയയ്ക്കാനാണ്. ഇതിന് ഒരപവാദമെങ്കിലും ഉണ്ടെങ്കില്‍ കാണിച്ചുതരിക.
ഇതാ ഇന്നു നമ്മള്‍ താമസിക്കുന്ന ഇവിടം -പൈന്‍ റിഡ്ജ് റിസര്‍വേഷന്‍- വെള്ളക്കാരന്‍ National Sacrifice Area എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. അതിനര്‍ത്ഥം ഈയിടത്തില്‍ വന്‍ യുറേനിയം ശേഖരമുണ്ടെന്നും വെള്ളക്കാരന് ഇതു വേണമെന്നും മാത്രമാണ്. മുതല്‍ മുടക്കുന്നവര്‍ക്ക് ഏറ്റവും ലാഭകരമായത്, യുറേനിയം കുഴിച്ചെടുക്കുന്നിടത്തു തന്നെ യുറേനിയം വെയ്സ്റ്റ് തിരികെ കൊണ്ടിടുക എന്നതാണ്. അതായത്, നമ്മള്‍ താമസിക്കുന്ന ഇവിടെതന്നെ അതു തള്ളുക. ഇതു വികസനത്തിന് നമ്മള്‍ ആവശ്യം കൊടുക്കേണ്ട വിലയാണെന്നാണ് വെള്ളക്കാരന്‍ പറയുന്നത്. ഇതാണ് നമ്മള്‍ എതിര്‍ക്കുന്നത്. നമ്മുടെ ഇടം National Sacrifice Area ആക്കിത്തീര്‍ക്കുന്നതിനെ നാം എതിര്‍ക്കുന്നു. വ്യവസായിക വികസനത്തിനു കൊടുക്കേണ്ട വില നമുക്കു സ്വീകാര്യമല്ലാത്ത ഒന്നാണ്. യുറേനിയം തുരന്നെടുക്കുന്നതും ഇവിടുത്തെ ജലശേഖരം മലിനപ്പെടുത്തുന്നതും വംശീയഹത്യതന്നെയാണ്.
ഈയൊരു പ്രതിരോധ സമരത്തില്‍ നമുക്കു മാര്‍ക്‌സിസ്റ്റുകളെ പങ്കാളികളാക്കാനാകുമോ? നമ്മെ നശിപ്പിക്കുന്ന വ്യവസായികവത്കരണത്തിന്റെ സ്തുതിപാഠകരാണ് അവരെല്ലാം. മാര്‍ക്‌സിസം എന്താണു വാഗ്ദാനം ചെയ്യുന്നത്? മുതലാളിമാരുടെ കൈയിലെ സ്വത്ത് കൂടുതല്‍ ജനങ്ങള്‍ക്ക് അവര്‍ വിതരണം ചെയ്യും. ഇത് സാധ്യമാകണമെങ്കില്‍ പക്ഷേ വ്യവസായവത്കരണം നിര്‍ബാധം തുടര്‍ന്നേ മതിയാകൂ. യൂറോപ്യന്‍ സമൂഹത്തിനുള്ളിലെ അധികാരഘടന മാറിയേക്കാം. പക്ഷേ റെഡ് ഇന്ത്യക്കാരുടെയും യൂറോപ്യരല്ലാത്ത ജനവിഭാഗങ്ങളുടെയും സ്ഥിതി പഴയപടിതന്നെ തുടരും. പാട്ട് ആരു പാടിയാലും പഴയതുതന്നെ.
വ്യാവസായിക സമൂഹത്തിന്റെ ഏതൊരു രൂപവും പോലെതന്നെ മാര്‍ക്‌സിസ്റ്റുസമൂഹവും ഏറ്റവും കൂടുതല്‍ വ്യവസായവും ഏറ്റവും കൂടുതല്‍ ഉത്പാദനവും ലക്ഷ്യമിടുന്നു. അതുകൊണ്ടുതന്നെ റെഡ് ഇന്ത്യക്കാരുടെ ആത്മീയ പൈതൃകത്തോടും സംസ്‌കാരത്തോടും ജീവിതശൈലിയോടും അവര്‍ക്കു പുച്ഛമാണ്. മാര്‍ക്‌സ് നമ്മെ വിളിച്ചത് 'പ്രീ ക്യാപിറ്റലിസ്റ്റ്‌സ്' എന്നാണ്. അതിനര്‍ത്ഥം നാം ഒരുനാള്‍ വ്യാവസായിക സമൂഹത്തിന്റെ ഭാഗമായി ക്യാപിറ്റലിസ്റ്റുകളായിത്തീരുമെന്നാണ്. മാര്‍ക്‌സിസ്റ്റു വിപ്ലവത്തില്‍ ഒരു റെഡ് ഇന്ത്യക്കാരന്‍ പങ്കാളിയാകണമെങ്കില്‍ ഫാക്ടറിയില്‍ തൊഴിലാളിയായിക്കൊണ്ടു മാത്രമേ അതു സാധ്യമാകൂ. അതിബഹുലമായ ഒരു വ്യവസായിക സംവിധാനം കൂടാതെ ഒരു സമൂഹത്തിന് മാര്‍ക്‌സിസ്റ്റാവാന്‍ തരമില്ലതന്നെ. വാക്കുകളിലെ വൈജാത്യം മാത്രമേയുള്ളൂ ഇവിടെ എന്നു ഞാന്‍ കരുതുന്നു. ക്രിസ്ത്യാനികള്‍, ക്യാപിറ്റലിസ്റ്റുകള്‍, മാര്‍ക്‌സിസ്റ്റുകള്‍. മൂന്നു കൂട്ടരും സ്വയം പറഞ്ഞത് അവര്‍ വിപ്ലവകാരികളാണെന്നാണ്. പക്ഷേ അവരെല്ലാവരും സത്യത്തില്‍ യൂറോപ്യന്‍ സംസ്‌കാരത്തിന്റെ തുടര്‍ച്ച ഉറപ്പുവരുത്തുന്ന കാവലാളുകള്‍ മാത്രമായിരുന്നു.
ഞാന്‍ ഇപ്പറഞ്ഞതിനെ ചരിത്രം സാധൂകരിക്കുന്നുണ്ടോ? 1920 മുതലുള്ള സോവ്യറ്റ് യൂണിയന്റെ വ്യവസായിക ചരിത്രമെടുക്കുക. ഇംഗ്ലീഷ് വ്യാവസായിക വിപ്ലവം 300 വര്‍ഷംകൊണ്ട് ചെയ്തത് മാര്‍ക്‌സിസ്റ്റുകള്‍ 60 വര്‍ഷംകൊണ്ടു ചെയ്തു. അവിടെയുണ്ടായിരുന്ന എല്ലാ ആദിമ ജനതകളെയും ഫാക്ടറികള്‍ക്കുവേണ്ടി അവര്‍ നിര്‍മാര്‍ജ്ജനം ചെയ്തു. ചൈനയിലും വിയറ്റ്‌നാമിലും ഒട്ടും വ്യത്യസ്തമായിരുന്നില്ല സ്ഥിതി. അമേരിക്ക ഉപേക്ഷിച്ചുകളഞ്ഞ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് വിയറ്റ്‌നാം ഇതാ സ്വന്തമാക്കിയിരിക്കുന്നു. ചൈനയിതാ അണുബോംബുകള്‍ പൊട്ടിക്കുന്നു. പാടുന്ന പാട്ട് വളരെ വളരെ പഴയതുതന്നെ.
ഇവയില്‍ നിന്നൊക്കെ വിഭിന്നമായ മറ്റൊരു വഴിയുണ്ട്. അതു നമ്മുടെ ലക്കോത്ത വിഭാഗത്തിന്റെ വഴിയാണ്, റെഡ് ഇന്ത്യക്കാരന്റെ വഴിയാണ്. അമ്മ ഭൂമിയെ കളങ്കപ്പെടുത്താതിരിക്കുകയെന്നതാണ് ആ വഴി. യൂറോപ്യന്‍ യുക്തിക്കു ഗ്രഹിക്കാനാവുന്നതിന് അപ്പുറത്ത് ചില ശക്തികളുണ്ടെന്നും എല്ലാറ്റിനോടും സഹവര്‍ത്തിത്വത്തില്‍ സഹവസിക്കുകയെന്നതാണ് കരണീയമെന്നും കരുതുന്നതാണ് ആ വഴി. യൂറോപ്യന്‍ വഴി തലതിരിഞ്ഞതാണ്. വെള്ളക്കാരന്റെ തലക്കനമാണ് മനുഷ്യന്‍ എല്ലാറ്റിനും അതീതനാണെന്ന സിദ്ധാന്തമുണ്ടാക്കിയത്. വെള്ളക്കാരന്‍ അടിസ്ഥാനപരമായി വിശ്വസിക്കുന്നത് - അതിനകത്ത് ശാസ്ത്ര വിശ്വാസവും പെടും -മനുഷ്യന്‍ ദൈവമാണെന്നാണ്. യൂറോപ്പ് എന്നും ഒരു മിശിഹായെ അന്വേഷിച്ചിരുന്നു. യേശുക്രിസ്തുവും കാള്‍മാര്‍ക്‌സും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഒക്കെ അത്തരം മിശിഹാമാരില്‍പ്പെടും. ഇതു ശുദ്ധ വിഡ്ഢിത്തമാണെന്ന് റെഡ്ഇന്ത്യക്കാരന് അറിയാം. ഏറ്റവും ബലഹീനമായ സൃഷ്ടി സത്യത്തില്‍ മനുഷ്യനാണ്. പക്ഷേ അവന്റെ യുക്തി പ്രകൃതിയുടെ സ്വാഭാവിക ക്രമത്തെ മറക്കാന്‍ അവനെ പ്രേരിപ്പിക്കുന്നു. റെഡ് ഇന്ത്യക്കാരന്‍ ഒരു മാനിനെ ആഹരിക്കുമ്പോള്‍, അതിനു തന്നെ അനുവദിച്ചതിന് മാനിനോടു നന്ദി പറഞ്ഞുകൊണ്ടാണ് ഭക്ഷിക്കുക. വെള്ളക്കാരനാവട്ടെ മാനിനെ തിന്നിട്ട്, മാന്‍ തന്നെക്കാള്‍ അനേകം പടി താഴെക്കിടയിലുള്ളതാണെന്നു ചിന്തിക്കുന്നു.
മുഴുവന്‍ യൂറോപ്യന്‍ പാരമ്പര്യവും പ്രകൃതിയുടെ സ്വാഭാവിക ക്രമത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ് മുഴുകിയത്. അതു പ്രകൃതിയെ നിന്ദിച്ചു; പ്രാകൃതിക ശക്തികളെ നിന്ദിച്ചു; പക്ഷേ ഇതെക്കാലവും ഇങ്ങനെതന്നെ തുടരില്ലെന്നുറപ്പാണ്. ഒരു സിദ്ധാന്തത്തിനും ഈ ലളിതസത്യത്തെ തിരുത്താനാവില്ല. അമ്മ ഭൂമി തിരിച്ചടിക്കും, മുഴുവന്‍ പ്രകൃതിയും തിരിച്ചടിക്കും. നിന്ദകരെല്ലാം നിഷ്‌കാസിതരാകും. എല്ലാം കറങ്ങിത്തിരിഞ്ഞ് ആരംഭിച്ചിടത്തെത്തും. അതാണു വിപ്ലവം. ഇതെന്റെ ജനതയുടെ പ്രവചനമാണ്.
റെഡ് ഇന്ത്യക്കാരായ ഞങ്ങള്‍ ഇക്കാര്യം യൂറോപ്യന്‍സിനോടു പറയാന്‍ കാലങ്ങളായി ശ്രമിക്കുകയായിരുന്നു. പക്ഷേ അവര്‍ക്കു ചെവി തുറക്കാനറിയില്ലെന്ന് അവര്‍ തെളിയിച്ചുകൊണ്ടേയിരിക്കുന്നു. പ്രകൃതിയുടെ സ്വാഭാവിക ക്രമം ഒടുക്കം വിജയിക്കുകതന്നെ ചെയ്യും; അതിന്റെ വിരുദ്ധശക്തികള്‍ അമിതമായി പെരുകിയാല്‍ മാനുകള്‍ ഒടുങ്ങുന്നതു പോലെ ഇല്ലാതാകും. അപ്പോഴും നില നില്ക്കുന്നത് പ്രകൃതിയോടു ചേര്‍ന്നു നില്ക്കുന്ന ഞങ്ങള്‍ റെഡ് ഇന്ത്യക്കാരും മറ്റു ജീവിവര്‍ഗങ്ങളും ആകും. പ്രതിരോധിക്കുക എന്നത് ഞങ്ങളുടെ നിലനില്പിന്റെ ഒരു ഭാഗമാണ്. ഞങ്ങള്‍ പ്രതിരോധിക്കുന്നത് ഭരണകൂടത്തെ മറിച്ചിടാനോ, അധികാരം കൈയാളാനോ അല്ല, പിന്നെയോ അതു നിലനില്പിന്റെ സ്വാഭാവിക ഭാവമായതുകൊണ്ടാണ്. ഞങ്ങള്‍ക്കുവേണ്ടത് വെള്ളക്കാരന്റെ ഏതെങ്കിലും സ്ഥാപനത്തിന്മേലുള്ള ഉടമാവകാശമല്ല; അവരുടെ എല്ലാ സ്ഥാപനങ്ങളുടെയും അപ്രത്യക്ഷമാകലാണു ഞങ്ങളുടെ ആവശ്യം. അതാണു വിപ്ലവം.
ഞങ്ങള്‍ റെഡ് ഇന്ത്യക്കാര്‍ ഇന്നും ഈ യാഥാര്‍ത്ഥ്യങ്ങളുമായി -ഞങ്ങളുടെ പ്രവചനങ്ങള്‍, പൂര്‍വികരില്‍നിന്നു കിട്ടിയ പൈതൃകം- നിരന്തര സമ്പര്‍ക്കത്തിലാണ്. ഞങ്ങള്‍ പഠിക്കുന്നത് മുതിര്‍ന്നവരില്‍നിന്നും പ്രകൃതിയില്‍നിന്നും പ്രാകൃതികശക്തികളില്‍ നിന്നുമാണ്. ക്യാപിറ്റലിസത്തോടോ, മാര്‍ക്‌സിസത്തോടോ പറ്റിപ്പിടിച്ചുനില്ക്കുകയെന്നുവെച്ചാല്‍ യൂറോപ്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാകുകയെന്നാണര്‍ത്ഥം. അതുകൊണ്ട് ഒരു തെരഞ്ഞെടുപ്പ് നാം നടത്തിയേ തീരൂ. യൂറോപ്യന്‍ സംസ്‌കാരവും വ്യാവസായികവത്കരണവും തെരഞ്ഞെടുക്കുന്നവര്‍ എന്റെ ശത്രുക്കളാണ്.
ഈ സംസാരം അവസാനിപ്പിക്കുന്നതിനുമുമ്പ് ഒരു കാര്യം വ്യക്തമാക്കണമെന്നുണ്ട്. ആരെയെങ്കിലും മാര്‍ക്‌സിസത്തിലേക്കു നയിക്കുക എന്നത് എന്റെ മനസ്സിലേ ഇല്ലാത്ത കാര്യമാണ്. ക്യാപിറ്റലിസവും ക്രിസ്ത്യാനിറ്റിയും പോലെതന്നെ മാര്‍ക്‌സിസവും എന്റെ സംസ്‌കാരത്തിന് അന്യമാണ്. സത്യത്തില്‍, ഞാനാരേയും എങ്ങോട്ടെക്കെങ്കിലും നയിക്കാന്‍ ശ്രമിക്കുന്ന ഒരുവനല്ല. റെഡ് ഇന്ത്യന്‍ പ്രസ്ഥാനം അതിന്റെ ശൈശവദശയിലായിരുന്നപ്പോള്‍ വെള്ളക്കാരന്റെ മാധ്യമപ്രയോഗം കടമെടുത്താല്‍, ചെറിയ രീതിയിലൊരു നേതാവാകാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. അങ്ങനെ സംഭവിച്ചത് ചില അവ്യക്തതകള്‍ നിമിത്തമാണ്. പക്ഷേ ഇന്ന് ഞാനതില്‍നിന്നു മോചിതനാണ്. ആര്‍ക്കും ആരുടെയും എല്ലാമാകാന്‍ ആവില്ലതന്നെ; ഞാനൊരു നേതാവല്ല. ഞാന്‍ ഒരു ലക്കോത്ത ദേശസ്‌നേഹിയാണ്. ഇത്രയുമേ ആവശ്യമുള്ളൂ; ഇത്രയുമേ ഞാന്‍ ആഗ്രഹിക്കുന്നുമുള്ളൂ. പിന്നെ, ഞാനെന്താണോ അതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്.
പരിഭാഷ : Shaji Dominic (Published in Assisi, August 2013)