'............അതുകൊണ്ടാണ് മാഷേ,
വഴിയില് നിങ്ങളെ കാണുമ്പോള്ഞാന് തിരിഞ്ഞു നടക്കുന്നത്
മറന്നിട്ടല്ല.
എങ്ങനെ മറക്കാന്...?'' (പി. എന്. ഗോപീകൃഷ്ണന്)
അത്രയേറെ കയ്പ്പേറിയ ഓര്മ്മകളുമായാണ് നല്ലൊരു ശതമാനം വിദ്യാര്ത്ഥികളും സ്കൂളിന്റെ പടിയിറങ്ങുന്നത്. ഈ സ്വതന്ത്രലോകത്ത് മനുഷ്യജീവികള് ഇത്രയേറെ ഭയപ്പെട്ടും ശ്വാസംമുട്ടിയും അടിച്ചൊതുക്കപ്പെട്ടും ജീവിക്കുന്ന ഒരു പൊതുവിടമുണ്ടെങ്കില് അത് സ്കൂള് മാത്രമാണ്. സ്കൂള് ഇന്നും അടിമത്തത്തിലും അടിയന്തിരാവസ്ഥയിലുമാണ്. അല്പം വിശാലമായിരുന്ന ക്ലാസ്സ്മുറികളുടെ ഇരുളില്നിന്ന് നമ്മുടെ കുഞ്ഞുങ്ങള് അഴികള്ക്ക് പിന്നിലേയ്ക്ക് മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ ഒരു സൂചകം മാത്രമാണ് കഴിഞ്ഞുപോയ മാസത്തില് തിരുവനന്തപുരത്ത് നടന്ന സംഭവം. (സത്യത്തില് ഒരു യു.കെ.ജി. കുട്ടിയെ അദ്ധ്യാപിക പട്ടിക്കൂട്ടില് അടച്ചോ എന്ന് അന്വേഷിച്ച് കണ്ടെത്താന് 2 മാസം പിന്നിട്ടിട്ടും നമ്മുടെ നിയമപാലകര്ക്കായില്ല എന്നതാണ് അതിലേറെ അപഹാസ്യകരമായിട്ടുള്ളത്).
കുഞ്ഞുങ്ങളുടെ ബാല്യം അവരില്നിന്ന് അപഹരിച്ചെടുക്കുന്ന വിദ്യാഭ്യാസശൈലിയെക്കുറിച്ച് 2012-ല് പുറത്തിറങ്ങിയ സ്പാനിഷ് ഡോക്യുമെന്ററിയാണ് ''വിലക്കപ്പെട്ട വിദ്യാഭ്യാസം'' (The Forbidden Education). വിദ്യാഭ്യാസത്തിന്റെ വിവിധ വശങ്ങളെ സമഗ്രമായി ചര്ച്ചചെയ്യുന്ന സുദീര്ഘമായൊരു ദൃശ്യാവിഷ്ക്കരണം. വിദ്യാര്ത്ഥിജീവിതത്തിന്റെ മൂല്യം വര്ദ്ധിപ്പിക്കാനാകുമോ എന്നറിയാന് വിദ്യാഭ്യാസമേഖലയില് കഴിഞ്ഞ പല പതിറ്റാണ്ടുകളിലായി നാം പല പരീക്ഷണങ്ങളും നടത്തി നോക്കിയിട്ടുണ്ട്. പലവര്ണ്ണങ്ങളില് പൂമ്പാറ്റകളെപ്പോലെ നടന്ന കുഞ്ഞുങ്ങളെ പിടിച്ച് ഒരേ നിറത്തിലുള്ള കോട്ടും സൂട്ടും ടൈയും കെട്ടിക്കൊടുത്തു നോക്കി. പാടവരമ്പുകളിലൂടെ ഓടിയും ഗ്രാമത്തിന്റെ കുറുക്കുവഴികള് താണ്ടിയും സ്കൂളില് പൊയ്ക്കൊണ്ടിരുന്ന കുഞ്ഞുങ്ങളെ സ്കൂള് ബസ്സിലും വാനിലും പുസ്തകക്കെട്ടുകള്ക്കൊപ്പം കുത്തിനിറച്ച് സ്കൂളിലേയ്ക്കുവിട്ടു തുടങ്ങി. മാതൃഭാഷ സംസാരിച്ച്, സുഹൃത്തുക്കളായി തോളില് കൈയിട്ട് നടന്ന കുഞ്ഞുങ്ങളെ അന്യമായൊരു ഭാഷ നിര്ബന്ധിത ആശയവിനിമയഭാഷയായി അവരുടെമേല് കെട്ടിയേല്പ്പിച്ച് നാവടപ്പിച്ചു നോക്കി.... അങ്ങനെ പലതും. എന്നിട്ടും എന്തേ നമ്മുടെ കുട്ടികള് ഇങ്ങനെ? സ്കൂള് എന്ന വിദ്യാഭ്യാസസംവിധാനത്തിന് അതിന്റെ അടിസ്ഥാനത്തിലെവിടെയോ പിഴവ് പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് ''വിലക്കപ്പെട്ട വിദ്യാഭ്യാസം.''
ഇന്നത്തെ സ്കൂള് വിദ്യാഭ്യാസരീതിയുടെ ചരിത്രത്തിലേയ്ക്ക് സഞ്ചരിക്കുന്ന ഡോക്യുമെന്ററി എത്തി നില്ക്കുന്നത് പൗരാണികഗ്രീസില് ഏഥന്സില് അടിമകള്ക്ക് നല്കിയിരുന്ന നിര്ബന്ധിത വിദ്യാഭ്യാസത്തിലും സ്പാര്ട്ടയില് നല്കപ്പെട്ട അതിക്രൂരമായ സൈനിക പരിശീലനയിടങ്ങളിലുമാണ്. അതിന്റെ ആധുനികരൂപം പതിനെട്ട് പത്തൊന്പത് നൂറ്റാണ്ടുകളില് സ്വേച്ഛാധിപത്യഭരണകൂടത്തോട് ജനം മറുതലിക്കാതിരിക്കാനായി പ്രഷ്യയില് രൂപം കൊടുത്ത സ്കൂളുകള് ആയിരുന്നു. അങ്ങനെയാണ് സൈനിക നിയമങ്ങളും ജയില് ജീവിതവും ഓര്മ്മിപ്പിക്കുന്ന നമ്മുടെ സ്കൂളുകള് രൂപപ്പെടുന്നത്. സൈന്യത്തില് അച്ചടക്കമാണ് പ്രധാനമൂല്യം; സ്കൂളിലും അങ്ങനെ തന്നെ. രണ്ടിടത്തും അധികാരികളുടെ ആജ്ഞകള് ലംഘിച്ചുകൂടാ. സൈന്യത്തിലും സ്കൂളിലും അച്ചടക്കലംഘനത്തിന് നിയതമായ ശിക്ഷാരീതികളുണ്ട്. ഒപ്പം സ്കൂളും ജയിലും തമ്മിലും കൃത്യമായ ഒരു താരതമ്യപഠനം സാധ്യമാണ്. രണ്ടിടത്തും വ്യക്തികളെ തമ്മില് വേര്തിരിച്ചറിയാന് പാടില്ലാത്തവിധം സമാനത നിലനിര്ത്തുന്ന യൂണിഫോം വസ്ത്രധാരണ രീതിയുണ്ട്. രണ്ടിടത്തും ജീവിതം ക്രമപ്പെടുത്തിയിരിക്കുന്നത് മണിമുഴക്കത്തിനനുസൃതമാണ്. ഇവിടെ ആര്ക്കും പേരുകളില്ല. പേരുകള് ഉണ്ടെങ്കിലും അവ വിളിക്കപ്പെടുന്നില്ല. ജയില്പ്പുള്ളികള്ക്കും വിദ്യാര്ത്ഥികള്ക്കും നമ്പറുകള് മാത്രമാണുള്ളത്. അങ്ങനെ പേരുകളില്ലാതെ, മുഖങ്ങളില്ലാതെ, വ്യത്യസ്തതകളില്ലാതെ ഒരു സൈനിക പരേഡിലോ സ്കൂള് അസംബ്ലിയോ ഒരുമിച്ച് നിര്ത്തപ്പെട്ട കുറെ ചതുരംഗകരുക്കള് മാത്രമാണിവര്. ജയില് ഒരാളുടെ ശരീരത്തെ മാത്രമെ പീഡിപ്പിക്കുന്നുള്ളു, എന്നാല് സ്കൂള് കുഞ്ഞുങ്ങളുടെ ശരീരത്തേയും മനസ്സിനേയും പീഡിപ്പിക്കുന്നു.
ജീവിതം ഒരു മത്സരമാണെന്ന് ഇന്നത്തെ വിദ്യാഭ്യാസം പഠിപ്പിക്കുന്നു. ഈ മത്സരത്തില് വിജയിക്കുന്നവരും പരാജയപ്പെടുന്നവരുമുണ്ട്. നിങ്ങളുടെ വിജയപരാജയങ്ങളെ വിലയിരുത്തുന്നതാകട്ടെ പുറത്തുള്ളവരും. എന്തുമാത്രം വൈരുദ്ധ്യങ്ങളാണ് നാം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതെന്നൊന്ന് ആലോചിച്ചു നോക്കൂ. പരസ്പരം സനേഹിക്കണമെന്നും സഹകരണത്തിലും സമാധാനത്തിലും സമത്വത്തിലും ജീവിക്കണമെന്നും പഠിപ്പിച്ചിട്ട് മത്സരങ്ങളാണ് എല്ലായിടത്തും കുട്ടികള്ക്ക് സ്കൂള് ഒരുക്കിവയ്ക്കുന്നത്. വിദ്യാഭ്യാസം ഒരോട്ടപ്പന്തയം പോലെയാണെന്നും അതില് സതീര്ത്ഥരെ എങ്ങനെയെങ്കിലും പരാജയപ്പെടുത്തി ഒന്നാമനാകുന്നവനാണ് മിടുക്കനും വിജയിയുമെന്ന് കുഞ്ഞുനാളിലെ ആ കുരുന്നു മനസ്സുകളില് പതിയുന്നു. ആ വിദ്യാര്ത്ഥിയ്ക്ക് അപരനെ തന്റെ നിലനില്പ്പിന് ഭീഷണിയായെ പിന്നെ കാണാനാവൂ. സഹപാഠികള് തോല്പിക്കപ്പെടേണ്ട ശത്രുക്കളല്ല, മറിച്ച് കൈപിടിച്ച് ഒപ്പം നടക്കേണ്ട, തളരുമ്പോള് താങ്ങേണ്ട സതീര്ത്ഥരാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള എന്ത് സംവിധാനമാണ് നമ്മുടെ സ്കൂളുകള്ക്കുള്ളത്? റാങ്കും ഗ്രേഡും മാര്ക്കുകളുടെ ഏറ്റക്കുറച്ചിലുകളുമില്ലാതെ ജീവനകല പഠിപ്പിക്കുന്ന ഒരു വിദ്യാലയത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാനാവുമോ?
വിദ്യാഭ്യാസം എന്തിനാണ് എന്ന അടിസ്ഥാനപരമായ ചോദ്യം ഇനിയും നമ്മള് ഉന്നയിച്ചിട്ടില്ല എന്നുള്ളതുതന്നെയാണ് പ്രശ്നം. കുറെ അറിവുകള് തലക്കുള്ളില് കുത്തിനിറക്കാനാണോ? അങ്ങനെയെങ്കില് ഇന്റര്നെറ്റിന്റേയും വിവരസാങ്കേതിക വിദ്യയുടെയും ഈ ആഗോളഗ്രാമത്തില് സ്കൂളുകള്ക്കും അദ്ധ്യാപകര്ക്കും യാതൊരു പ്രസക്തിയുമില്ല. വിദ്യാര്ത്ഥികള്ക്കു സ്വയം പരതി കണ്ടെത്താന് ആവുന്നതിലും കൂടുതല് നിഗൂഢമായ അറിവൊന്നും ഇവിടത്തെ 99% അദ്ധ്യാപകരുടെയും തലയിലില്ല. സ്കൂള് അടിസ്ഥാനപരമായി കുഞ്ഞുങ്ങള് ജീവിക്കാന് പഠിക്കുന്നിടമാകണം. പള്ളിക്കൂടം ഫാക്ടറിയും അദ്ധ്യാപകന് തൊഴിലാളിയും വിദ്യാര്ത്ഥി ചരക്കും രക്ഷിതാവ് ചരക്കുദ്പാദകനുമായി മാറിയിരിക്കുന്ന ഇന്നത്തെ വിദ്യാഭ്യാസരീതിക്ക് നിശ്ചയമായും മാറ്റമുണ്ടാകണം. അദ്ധ്യാപകന് ഒരറിവുമില്ലാത്ത വിദ്യാര്ത്ഥിക്ക് വിവരങ്ങള് പറഞ്ഞുകൊടുക്കുന്നതാണ് വിദ്യാഭ്യാസം എന്ന ചിന്ത തന്നെ അബദ്ധജഡിലമാണ്. അദ്ധ്യാപകരും സ്കൂളും വിദ്യാര്ത്ഥികള്ക്കു പഠിക്കാനുള്ള സാഹചര്യവും പ്രേരണയും ഉണ്ടാക്കിക്കൊടുക്കുന്നതേയുള്ളു; വിദ്യാഭ്യാസം വിദ്യാര്ത്ഥി സ്വയം ആര്ജ്ജിക്കുന്നതാണ്. തത്വശാസ്ത്രത്തിന്റെ പിതാവ് സോക്രട്ടീസ് പറഞ്ഞതിങ്ങനെയാണ്: ''എനിക്കാരെയും ഒന്നും പഠിപ്പിക്കാനാവില്ല, എന്റെ അടുത്ത് വരുന്നവരെ സ്വയം ചിന്തിക്കാന് പ്രേരിപ്പിക്കാനാവും.'' യഥാര്ത്ഥ അദ്ധ്യാപകന്റെ ഉത്തരവാദിത്വം സത്യത്തില് അതു മാത്രമാണ്.
നമ്മുടെ സ്കൂളുകളില് തോറ്റുപോകുന്നത് കുട്ടികളല്ല, ശുഷ്കമായി വിഭാവനം ചെയ്യപ്പെട്ട ഒരു വിദ്യാഭ്യാസസംവിധാനമാണ്. വിജ്ഞാനത്തിന്റെ അത്ഭുതലോകത്തിലേയ്ക്ക് പ്രവേശിക്കാനുള്ള ദാഹവുമായെത്തുന്ന കുഞ്ഞുമനസ്സുകളെ ഒരു കൊച്ചുപൊക്കണത്തിലൊതുങ്ങുന്ന ബൗദ്ധികസ്ഥിതിവിവരണകണക്കുകള്ക്ക് വേണ്ടി നാം ശാസ്ത്രീയമായി ബലികഴിക്കുകയാണ്. ഭൂമിശാസ്ത്രം പഠിക്കാന് അവരുടെ ഭൂമിയേയും വ്യാകരണം പഠിക്കാന് അവരുടെ ഭാഷയേയും കണക്ക് പഠിക്കാന് അവരുടെ കണക്കുകൂട്ടലുകളേയും അവരില് നിന്ന് നാം അപഹരിച്ചെടുക്കുന്നു. ഇതിഹാസങ്ങള്ക്കുവേണ്ടി കൊതിക്കുന്ന കുഞ്ഞുമനസ്സുകള്ക്ക് ചരിത്രത്തിന്റെ ദിനവൃത്താന്തങ്ങളും തീയതികളും ചൊല്ലിക്കൊടുത്ത് പ്രതിഭകളെ വിജ്ഞാനലോകത്തോടുള്ള വെറുപ്പിന്റെ അങ്ങേ തലക്കെത്തിക്കുന്നു.
വ്യക്തിപരമായ ഒരു കുറിപ്പില് സ്കൂള് ജീവിതത്തെ എങ്ങനെ വിലയിരുത്തുമെന്ന് ആലോചിച്ച് നോക്കിയിട്ടുണ്ട്. ഒരു തനികുടിയേറ്റ ഗ്രാമത്തിലെ ആ മാനേജ്മെന്റ് സ്കൂള് എന്റെ വായനലോകത്തിന് ഒരു കൈപ്പുസ്തകം പോലും സമ്മാനിച്ചിട്ടില്ല. പാഠപുസ്കത്തിനപ്പുറം അറിവോ നെറിവോ പറഞ്ഞ് തരാതെ മാസശമ്പളത്തിന് ഉദ്യോഗം ചെയ്യുന്ന കുറെ അദ്ധ്യാപകര്. (ബൗദ്ധികമായ പാഠപുസ്തകപഠനത്തിന് മാത്രം പരോക്ഷമായി പ്രോത്സാഹനം നല്കിയ ചില അദ്ധ്യാപകരെ നിന്ദിക്കുന്നില്ല. കൂപ്പുകൈ!). അവിടെ ആരും എന്നെ കലയുടെയോ സാഹിത്യത്തിന്റെയോ കായികത്തിന്റെയോ പാഠ്യേതരപ്രവര്ത്തനങ്ങളുടെയോ ലോകത്തേയ്ക്ക് ക്ഷണിച്ചതുമില്ല. ഓര്ത്തുവെക്കാന് ഒരു സ്കൂള് സൗഹൃദവും ഇന്ന് അവശേഷിക്കുന്നുമില്ല. എല്ലാ ഗുരുക്കന്മാരോടുമുള്ള സര്വ്വ ആദരവുകളോടുംകൂടി പറയുകയാണ് ഇനിയൊരു കുട്ടിക്കാലമുണ്ടായാല് നിങ്ങളുടെ സ്കൂളിലേക്ക് ഞാനില്ല. പത്തുവര്ഷംകൊണ്ട് എനിക്ക് സമ്മാനിച്ചതില് കൂടുതല് നിങ്ങളുടെ സ്കൂള് എനിക്ക് നിഷേധിച്ചിട്ടുണ്ട്.
അന്പത് വയസ്സ് പിന്നിട്ട ഒരാള് എഴുതുന്നു- (a + b)2 = a2 + 2ab + b2 ഒക്കെ ചെയ്യാന് ഹൈസ്കൂളില് പഠിച്ചതുകൊണ്ട് എനിക്കിപ്പൊ അരിവെക്കാനും കറിവെക്കാനും തുണി അലക്കാനും ഒക്കെ പറ്റുന്നു. അല്ലേല് തെണ്ടിപ്പോയേനെ!' ഞാനും അത്ഭുതപ്പെടാറുണ്ട് നാലാം ക്ലാസ്സിനപ്പുറം പഠിച്ച ഒരു കണക്കും ഇന്നോളം എനിക്ക് ഉപയോഗിക്കേണ്ടിവന്നിട്ടില്ല. ഏഴാം ക്ലാസ്സിനപ്പുറം ഞാന് പഠിച്ച ഭൗതികശാസ്ത്രമോ രസതന്ത്രമോ എന്തിനെന്ന് എനിക്കിന്നും അറിയില്ല. പട്ടിക്കൂട്ടിലടച്ച് കുഞ്ഞുങ്ങളെ ജീവശാസ്ത്രവും സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രമീംമാസയും പഠിപ്പിക്കുന്ന വിദ്യാലയങ്ങളേ നിങ്ങള്ക്ക് എന്നെങ്കിലും സമയം കിട്ടിയാല് ഇങ്ങനെ ചില ചലച്ചിത്രങ്ങള് ഒന്നു കാണണം - താരേ സെമീന് പര്, ത്രീ ഇഡിയറ്റ്സ്, എലഫെന്റ്. ഒപ്പം പറ്റുമെങ്കില് 'ടോട്ടോചാനും' 'മര്ദ്ദിതരുടെ ബോധനശാസ്ത്രവും' 'സ്കൂളിലേയ്ക്ക് തിരിച്ച് പോകരുത്' എന്ന കിയോ സ്റ്റാര്ക്കിന്റെ പുസ്തകവും വായിക്കണം. അല്ലെങ്കില് ഇനിയും നിങ്ങള് മെഴുകുതിരിവെട്ടത്തിലിരുന്ന് ഞങ്ങളുടെ കുഞ്ഞുങ്ങളെ ആണവോര്ജ്ജത്തെക്കുറിച്ച് പഠിപ്പിച്ചുകൊണ്ടേയിരിക്കും.