Thursday, April 9, 2015

ആത്മാഭിമാനത്തിന്റെ അടിവസ്ത്രമുരിഞ്ഞെടുത്ത് കേരളത്തെ പട്ടണിയിക്കുന്നവര്‍


ദേശീയ അവാര്‍ഡിന് അര്‍ഹമായ പ്രിയദര്‍ശന്റെ 2008-ലെ ചലച്ചിത്രമാണ് 'കാഞ്ചീവരം'. കാഞ്ചീപുരം എന്ന തമിഴ്‌നാടന്‍ പട്ടണത്തിലെ പട്ടുനെയ്ത്തുകാരുടെ ശോചനീയമായ അതിജീവന കഥ പറയുന്ന ചിത്രമാണിത്. 1948-ല്‍ ജയില്‍ മോചിതനാകുന്ന വെങ്കിടം എന്ന പട്ടുനെയ്ത്തുകാരന്റെ ഓര്‍മ്മകളുടെ പിന്നാമ്പുറങ്ങളിലാണ് കഥ ആവിഷ്‌ക്കരിക്കപ്പെടുന്നത്.
കാഞ്ചീപുരത്തിന്റെ വിദഗ്ദ്ധ നെയ്ത്തുകാരനായിരുന്ന വെങ്കിടത്തിന്റെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു ഒരു പട്ടുസാരിയുടുപ്പിച്ച് തന്റെ ജീവിതപങ്കാളിയെ കതിര്‍മണ്ഡപത്തില്‍ എത്തിക്കുക എന്നത്. എന്നാല്‍ പട്ടു നെയ്യുന്നവന് അവന്റെ ജീവിതത്തിന്റെ ദരിദ്രമായ പരിമിതികള്‍ക്കുള്ളിലേക്ക് തന്റെ സ്വപ്നങ്ങളെ ഒതുക്കിനിര്‍ത്തേണ്ടിവന്നു. ഓരോ പട്ടുസാരിക്കും വെറും ഏഴുരൂപ മാത്രം നെയ്ത്തുകൂലി കിട്ടുന്ന നെയ്ത്തുകാരനെങ്ങനെയാണ് പട്ടുടുത്ത ഭാര്യയെ വിവാഹപ്പന്തലില്‍ സ്വപ്നം കാണാനാവുന്നത്!
ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം വെങ്കിടത്തിന് ഒരു പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ സ്വന്തം കുഞ്ഞിനെ ആദ്യമായി കൈയ്യിലെടുത്ത് അവളുടെ കാതുകളില്‍ അപ്പ മന്ത്രിക്കുന്ന രഹസ്യമിതാണ്: ''രാശാത്തി, ഞാന്‍ നിന്നെ പട്ടുപുടവയണിയിച്ച് സുമംഗലിയാക്കും.'' തന്റെ നഷ്ടസ്വപ്നങ്ങളെ മകള്‍ക്കുവേണ്ടി തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന അപ്പ. ആ കുഞ്ഞുചെവിയില്‍ മന്ത്രിച്ച രഹസ്യം നടപ്പാക്കാന്‍ വേണ്ടിയാണ് തുണ്ടുംപൊട്ടുമായി കൈവന്ന ചെറുസമ്പാദ്യമെല്ലാം അയാള്‍ സ്വരുക്കൂട്ടിവെച്ചത്. എന്നാല്‍ കൊടുക്കാത്ത സ്ത്രീധനത്തിന്റെ പേരില്‍ തന്റെ സഹോദരിയെ ഉപേക്ഷിക്കുമെന്ന ഭീഷണി സഹോദരീഭര്‍ത്താവില്‍ നിന്ന് വന്നപ്പോള്‍ അവളുടെ ജീവിതം രക്ഷിക്കാനായി തന്റെ സമ്പാദ്യം അയാള്‍ക്ക് കൈമാറേണ്ടിവന്നു.
ഇക്കാലത്താണ് വെങ്കിടം കമ്മ്യൂണിസത്തിന്റെ സാമ്പത്തികസമത്വം എന്ന ആദര്‍ശത്തോട് അവിചാരിതമായി അടുക്കാന്‍ ഇടയാകുന്നത്. സാവകാശം നെയ്ത്തുതൊഴിലാളികള്‍ക്കിടയില്‍ യൂണിയന്‍ സ്ഥാപിച്ചുകൊണ്ട് തൊഴിലാളികള്‍ നേരിടുന്ന ചൂഷണത്തിനും തുച്ഛവരുമാനത്തിനും അവര്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ അവരുടെ ഉപയോഗത്തിന് നിഷിദ്ധമാകുന്നതിനുമെതിരെ ജന്മിമാര്‍ക്ക് മുന്നില്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങി. ധീരമായ സമരങ്ങളിലൂടെ തൊഴിലാളികളുടെ വേതനം ഉയര്‍ത്തുന്നതില്‍ വെങ്കിടം വിജയിച്ചു.
ഒരു പണിമുടക്കു സമരത്തിന്റെ കാലത്താണ് വളരെ തിരക്കുപിടിച്ച രീതിയില്‍ വെങ്കിടത്തിന് തന്റെ മകളുടെ വിവാഹം നടത്തേണ്ടിവരുന്നത്. പട്ടുസാരി തയ്യാറായിട്ടില്ല, വാങ്ങാന്‍ കൈയില്‍ പണമില്ല. ആകെക്കൂടി ജീവിതത്തില്‍ കൊണ്ടുനടന്ന ഒരു സ്വപ്നം, മകള്‍ക്ക് കൊടുത്ത ഏക വാക്ക്. എന്തു ചെയ്യും? യൂണിയന്‍ നേതാവ് എന്ന നിലയില്‍ പെട്ടെന്ന് തന്നെ സമരം ഒത്തുതീര്‍പ്പാക്കുന്നു. തൊഴിലാളികളോട് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നു. വെങ്കിടം ഓരോ ദിവസവും നെയ്ത്തുശാലയിലെ ജോലിക്കുശേഷം മോഷ്ടിച്ചെടുക്കുന്ന ഒന്നോ രണ്ടോ പട്ടുനൂലുകള്‍  കൊണ്ട് വീട്ടിലെത്തി ഒളിച്ചിരുന്ന് മകള്‍ക്കുവേണ്ടി പുടവ നെയ്യുന്നു. എന്നാല്‍ പുടവ  പൂര്‍ത്തിയാക്കുംമുമ്പ് പട്ടുനൂല്‍ മോഷണത്തില്‍ അയാള്‍ പിടിക്കപ്പെടുകയാണ്. പിന്നെ പീഡനം, ജയില്‍ വാസം.
വര്‍ത്തമാനകാലത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ ചിത്രീകരിക്കുന്നത് ആള്‍ത്തിരക്കില്‍ ചവിട്ടേറ്റ് മരിച്ച വെങ്കിടത്തിന്റെ ഭാര്യയും കിണറ്റില്‍ വീണ് തളര്‍ന്ന് കിടപ്പിലായ മകളും ആരും കൈത്താങ്ങില്ലാത്ത ജീവിതാന്തരീക്ഷവും ചേര്‍ന്ന് ശോകമൂകമാക്കിയ കുടുംബപശ്ചാത്തലമാണ്. കള്ളന്റെ മകളെ നോക്കാനാവില്ലെന്ന് സഹോദരിയുടെ ഭര്‍ത്താവ് കണിശമായി പറഞ്ഞ് കൈയൊഴിയുന്നതോടെ ജീവിതം വഴിമുട്ടിപ്പോയ വെങ്കിടത്തിന് സ്വന്തം മകള്‍ക്ക് വിഷം കൊടുത്ത് അവഗണനകളും വേദനകളും ചൂഷണങ്ങളും ഇല്ലാത്ത ഒരു ലോകത്തിലേക്ക് യാത്രയാക്കുകയെന്നതു മാത്രമായിരുന്നു പോംവഴി. നെയ്തു പൂര്‍ത്തിയാക്കാത്ത പട്ടു പുടവ കൊണ്ട് അവളുടെ മൃതശരീരം മൂടുമ്പോള്‍ ചിരിച്ചുകൊണ്ട് ചിത്തഭ്രമത്തിന്റെ രക്ഷാമാര്‍ഗ്ഗത്തിലേക്ക് വെങ്കിടത്തിന്റെ മനസ്സ് ചേക്കേറുകയാണ്.
എന്തിനാണിപ്പോള്‍ ഈ കഥ ഓര്‍ത്തെടുത്തത്? തൃശ്ശൂര്‍ കല്യാണ്‍ സില്‍ക്‌സിന് മുന്നില്‍ കുറച്ച് സ്ത്രീകള്‍ കഴിഞ്ഞ ഡിസംബര്‍ 30 മുതല്‍ ഇരിക്കാന്‍ തുടങ്ങിയതാണ്, ഇരിപ്പ് സമരം എന്ന പേരില്‍. മൂന്ന് കാര്യങ്ങളാണ് അവര്‍ പ്രധാനമായും ആവശ്യപ്പെടുന്നത് - ഒന്നിരിക്കണം, പെടുക്കണം, പിന്നെ ശ്വാസം ഉള്ളിലേയ്ക്ക് എടുത്തുകൊണ്ടുതന്നെ എന്തെങ്കിലും കഴിക്കണം. അവ മനുഷ്യാവകാശ പ്രശ്‌നങ്ങളാണ്. പിന്നെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന തുച്ഛമായ വേതനം, സ്ഥിരതയില്ലാത്ത നിയമനം, സ്ഥലംമാറ്റം എന്നീ തൊഴിലാളി പ്രശ്‌നങ്ങളും ഇവര്‍ ഉന്നയിക്കുന്നു. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ തുച്ഛവേതനത്തെക്കുറിച്ച് പറഞ്ഞവസാനിപ്പിക്കാനല്ല ഈ സമരം എന്നതാണ് ലളിതമായ ഒരു ചിന്ത. കാര്യങ്ങള്‍ മാനവിക മൂല്യത്തില്‍ നിന്നുതന്നെ ആരംഭിക്കണം.
പ്രായം കൂടിയ ഒരാളെ അയാള്‍ സീപ്പറോ പ്യൂണോ കുക്കോ ആണെന്ന ഒറ്റക്കാരണത്താല്‍ ബഹുമാനമില്ലാതെ പേരു വിളിക്കാനും ആജ്ഞാപിക്കാനും ആരാണ് നിങ്ങള്‍ക്ക് അവകാശം തന്നത്? വീട്ടില്‍ പാചകജോലി ചെയ്യുന്ന ഒരാളോട് നിങ്ങളുടെ തുണി അലക്കുന്നതടക്കം തോട്ടത്തിലെ ജോലികള്‍ വരെ ചെയ്യാന്‍ ആവശ്യപ്പെടാന്‍ കഴിയുന്നതെങ്ങനെ? എട്ട് മണിക്കൂര്‍ ജോലി എന്ന തൊഴില്‍ നിയമത്തിനുമപ്പുറം നിര്‍ബന്ധിച്ചോ നയത്തിലോ എങ്ങനെയാണ് ഒരു മനുഷ്യന്റെ ശാരീരികശേഷിയെ പ്രതിഫലമില്ലാതെ മുതലെടുക്കാനാവുന്നത്? ജോലി ചെയ്യിക്കുന്നവര്‍ മാത്രമല്ല ജോലി ചെയ്യുന്നവരും മനുഷ്യരാണ്. അവര്‍ യന്ത്രങ്ങളാണെന്ന കണക്കെ ആവശ്യം വേണ്ട വിശ്രമത്തിനും ആഹാരം കഴിക്കാനും ജോലിയിടങ്ങളില്‍ സംസാരത്തിലൂടെ സ്‌നേഹം പങ്കു വയ്ക്കാനും ഉള്ള അവകാശങ്ങള്‍ നിഷേധിക്കാന്‍ തൊഴില്‍ ദാതാവിന് കഴിയുന്നതെങ്ങനെ?
ഇനി വേതനത്തെക്കുറിച്ച്. വേതനം ഔദാര്യമല്ല, അവകാശമാണ്. ജോലിക്കാരനായി ജീവിക്കേണ്ട മനുഷ്യന്‍ തൊഴിലാളിയായി ജീവിക്കുന്നത് തന്നെ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കാണാതെ പോകുന്ന ഏറ്റവും അടിസ്ഥാന പ്രശ്‌നങ്ങളിലൊന്നാണ്. മനുഷ്യന്‍ അടിസ്ഥാനപരമായി ജോലിക്കാരനാണ്, അയാള്‍ ഉല്‍പാദിപ്പിക്കുന്ന വസ്തുക്കളുടെ മേല്‍ അയാള്‍ക്കാണ് അവകാശം. എന്നാല്‍ മുതലാളിത്ത സംവിധാനത്തില്‍ മനുഷ്യന്റെ ഉത്പാദനശേഷിയെ പണം കൊടുത്ത് വാങ്ങിക്കുകയാണ് തൊഴില്‍ദാതാവ്. ഉത്പാദിപ്പിക്കുന്ന വസ്തുവില്‍ തൊഴിലാളിക്ക് യാതൊരുവിധ നിയന്ത്രണവും ഇല്ല താനും. മുതലാളിയുടെ സമ്പത്ത് തൊഴിലാളിയുടെ വിയര്‍പ്പാണ്. തൊഴിലാളിക്ക് കിട്ടുന്നതാകട്ടെ തുച്ഛവേതനവും. നിങ്ങള്‍ മനുഷ്യനല്ലാതായി മാറുന്നത് അനുഭവിച്ചറിയണമെങ്കില്‍ ഒരിക്കലെങ്കിലും ഈ ചൂഷണ സാമ്പത്തികവ്യവസ്ഥിതിയില്‍ ഒരു തൊഴിലാളിയായി ജീവിക്കണം. മാര്‍ക്‌സിന്റെ തത്വങ്ങള്‍ ക്ലാസ്മുറിയുടെ ചുമരുകള്‍ക്കിടയിലിരുന്ന് പഠിച്ച കാലത്ത് അതൊന്നും സത്യത്തില്‍ മനസ്സിലായിരുന്നില്ല. പിന്നീട് ഒരുവേള കൂലിവേലക്കിറങ്ങുമ്പോഴാണ് മനുഷ്യന്‍ എങ്ങനെ മറ്റൊരു മനുഷ്യന്റെ മുന്നില്‍ ആത്മാഭിമാനം നഷ്ടപ്പെട്ട് ഒരു വസ്തുവായി തീരുന്നു എന്നത് ബോധ്യമാകാന്‍ തുടങ്ങിയത്.
'കല്യാണ്‍ സില്‍ക്‌സ്' കേരളത്തെ പട്ടുപുടവയണിയിച്ചവര്‍ എന്ന് അവകാശപ്പെടുമ്പോള്‍ ഓര്‍ത്തുകൊള്ളണം അവിടെ തൊഴില്‍ ചെയ്യുന്ന നൂറുകണക്കിന് ആളുകളുടെ ആത്മാഭിമാനത്തിന്റെയും അതിജീവനത്തിന്റെയും അവസാന കീറത്തുണിയും വലിച്ചുപറിച്ചെടുത്തിട്ടാണ് അവരങ്ങനെ ചെയ്യുന്നതെന്ന്. ഇത് കല്യാണിന്റെ മാത്രം പ്രത്യേകതയല്ല, തുണിവ്യാപാരമേഖലയെ മൊത്തത്തില്‍ ബാധിച്ചിരിക്കുന്ന ഒരു മാരകരോഗമാണ്. തുടര്‍ച്ചയായി എട്ടും പത്തും മണിക്കൂര്‍ നിന്നനില്‍പ് നില്‍ക്കുന്നവര്‍, ധാര്‍ഷ്ട്യം കാണിക്കുന്നവനും അപമാനിക്കുന്നവനും സദാ സമയം ഒരു പ്ലാസ്റ്റിക് പുഞ്ചിരി കൈമാറേണ്ടവര്‍. അത് സ്വര്‍ണ്ണവ്യാപാര മേഖലയിലാവട്ടെ, നേഴ്‌സിംങ് മേഖലയിലാവട്ടെ, അംസഘടിതരായ അദ്ധ്യാപകര്‍ ജോലി ചെയ്യുന്ന അണ്‍എയ്ഡഡ് സ്‌കൂളുകളിലാകട്ടെ, കൈത്തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കിടയിലാവട്ടെ കാര്യങ്ങള്‍ ഏറെക്കുറെ ഇങ്ങനെയൊക്കെത്തന്നെയാണ്.
നെയ്ത്തിനെ ഒരു സമരായുധമായി സ്വീകരിച്ചപ്പോള്‍ ആ കൊച്ചുമനുഷ്യന്‍ കണ്ട രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉന്നതമായിരുന്നു. അല്ലാതെ ഈ ഇന്ത്യാ മഹാരാജ്യത്തിലെ സകല അഴിമതിയുടെയും കൂട്ടിക്കൊടുപ്പുകാര്‍ ഭാര്യയോ ധോബിയോ പശമുക്കി തേച്ചുകൊടുക്കുന്ന ഉടയാത്ത, ചെളി പുരളാത്ത ഖദറും ധരിച്ച് ആഡംബരക്കാറില്‍ തെക്കുവടക്ക് ചീറിപ്പായും എന്നതായിരുന്നില്ല. ആ ഗാന്ധിമാര്‍ഗ്ഗം പരാശ്രയം കൂടാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കാനുള്ള ശ്രമമായിരുന്നു. പട്ടുപുടവയുടെ  ആഡംബരത്തില്‍ ലയിക്കാതെ ലളിതജീവിതവും ഉന്നതചിന്തയും ജീവിതചര്യയാക്കാനുള്ള ആഹ്വാനവുമായിരുന്നു. മണ്ണിനേയും ജലത്തേയും ഭീതിദമായ രീതിയില്‍ മലിനമാക്കുന്ന തീവ്രമായ നിറക്കൂട്ടുകളില്‍ നിന്ന് അകലം പാലിക്കാനുള്ള ഒരു പാരിസ്ഥിതിക ദര്‍ശനമായിരുന്നു.
പെണ്ണേ, നിന്നെ സുന്ദരിയാക്കുന്നത് പൊന്നോ പുടവയോ അല്ല, കല്‍ക്കട്ടാത്തെരുവിലെ കാരുണ്യത്തിന്റെ നീലക്കരയുള്ള കോട്ടണ്‍സാരിയാണ്.  തുഞ്ചാണി എളിയില്‍ മുറുക്കിക്കുത്തിയ നര്‍മ്മദയുടെ കരയില്‍ നിന്നുള്ള ധീരമായ നിലപാടിന്റെ ഖാദിസാരിയാണ്. ഇരിപ്പ് ഒരു പ്രതീകം മാത്രമാണ്. ഇരുന്നു വാഴുന്നവരുടെ ഇരിപ്പിടങ്ങളെ ഇളക്കുന്ന പ്രതീകം.