രണ്ടാം ക്ലാസിലെ സാമൂഹ്യപാഠം ടീച്ചറിന് മുന്‍പില്‍ 'പ്രതിജ്ഞ' ഒരിക്കല്‍ കൂടി ഏറ്റുചൊല്ലുന്നു.
*******************
"ഭാരതം എന്‍റെ രാജ്യമാണെന്നും എല്ലാ ഭാരതീയരും എന്‍റെ സഹോദരീസഹോദരന്‍മാരാണെ"ന്നും രണ്ടാം ക്ലാസ്സിലെ സാമൂഹ്യപാഠം ടീച്ചര്‍ എനിക്ക് പഠിപ്പിച്ചുതന്നു.
ഇടുക്കിയുടെ ഒരു കുഗ്രാമം എന്‍റെ നാടാണെന്നും ചില കൂട്ടുകാര്‍ എന്‍റെ സഹോദരീസഹോദരന്മാരെപ്പോലെയാണെന്നുമുള്ളത് എന്‍റെ അനുഭവം. നാടുവിട്ടതിനും FB ഒക്കെ വന്നതിനും ശേഷം സ്വന്തം നാടിന്റേയും സഹോദരീസഹോദരന്മാരുടേയും എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
"ഞാന്‍ എന്‍റെ നാടിനെ സ്നേഹിക്കുന്നു."
വെറുതെ വഴിയിലൂടെ പോകുന്ന ഒരു പെണ്ണിനെ ചൂണ്ടിക്കാട്ടിയിട്ട് നീ അവളെ സ്നേഹിക്ക് എന്ന് പറയുന്നതു പോലെയായിപ്പോയില്ലേ ടീച്ചറേ അത്. സ്നേഹം വരണ്ടേ ടീച്ചറേ?
"അതിന്‍റെ സമൃദ്ധവും വിവിധവുമായ പരമ്പരാഗത സമ്പത്തില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു." പാരമ്പര്യം എന്താണന്നൊന്നും മനസ്സിലാക്കാനുള്ള മൂളയൊന്നും അന്നെനിക്കുണ്ടായിരുന്നില്ല ടീച്ചര്‍. പിന്നെ ചരിത്രം പഠിച്ചപ്പോള്‍ സത്യത്തില്‍ നമ്മുടെ അവസ്ഥയോര്‍ത്ത് ചില കാര്യങ്ങളില്‍ ലജ്ജിച്ചു തലതാഴ്ത്തി പോയി. തൊട്ടുകൂടായ്മ, സതി, മാറുമറക്കല്‍ ലഹള, മുലക്കരം, ഏകലവ്യന്‍, ഹിന്ദു-മുസ്ലീം ലഹള, ദേവദാസീ സമ്പ്രദായം.... ഓ, ഒന്നും പറയണ്ടാ. ഇനി ടീച്ചര്‍ പറ "ഈ സമ്പത്തിന് അർഹനാകുവാൻ ഞാൻ ശ്രമിക്കേ"ണ്ടതുണ്ടോ?
"ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുജനങ്ങളെയും മുതിർന്നവരെയും ആദരിച്ചുകൊള്ളാം." (പണ്ടത്തെ ചില സാറുമാരെയും തലനരച്ച പാര്‍ട്ടികളേയും ഇപ്പോള്‍ ഒന്ന് കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് ഇടയ്ക്ക് ചിന്തിക്കാറുണ്ട്. പക്ഷേ, ഞാന്‍ വിട്ടുകളയുന്നു).
"എല്ലാവരോടും വിനയപൂർവം പെരുമാറുകയും ചെയ്യും" എന്ന് ഞാന്‍ ഉറപ്പുപറയുന്നില്ല. ചില ---------കളുടെ മുഖത്ത് നോക്കി നാലു വര്‍ത്തമാനം പറയുക തന്നെ ചെയ്യും. അത് പറഞ്ഞില്ലെങ്കില്‍ എനിക്ക് സമാധാനമാവില്ല.
"ഞാൻ എന്റെ നാടിനോടും എന്റെ നാട്ടുകാരോടും സേവാനിരതനായിരുക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു." പക്ഷേ, അതിന്‍റെ പേരില്‍ റോഡ് നന്നാക്കാനും, സ്കൂള്‍ നടത്തി സൗജന്യ വിദ്യാഭ്യാസം കൊടുക്കാനും, പൊതുമാലിന്യ സംസ്ക്കരണം നടത്താനും.... അങ്ങനെ ഞങ്ങളുടെ ടാക്സ് വാങ്ങി സര്‍ക്കാര്‍ ചെയ്യാമെന്ന് പറഞ്ഞ നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്യാന്‍ എന്നെ കിട്ടുമെന്നും വിചാരിക്കരുത്. പറ്റില്ലെങ്കില്‍ ഇറങ്ങിപോകണം സര്‍. ചെയ്തുകാണിച്ചു തരാം.
"എന്റെ നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിലും അഭിവൃദ്ധിയിലുമാണ് എന്റെ ആനന്ദം." പിന്നെ എനിക്ക് ചില സ്വകാര്യ ആനന്ദങ്ങള്‍ കൂടിയുണ്ട്. അതും എന്തൊക്കെയാണെന്ന് ഞാന്‍ പ്രതിജ്ഞിക്കണോ ടീച്ചറേ?
"ജയ് ഹിന്ദ്"! "സര്‍വ്വലോക വിജയം!" എന്ന് ഞാന്‍ മലയാളത്തില്‍ പറഞ്ഞോട്ടെ, എല്ലാവരും ജയിക്കട്ടെ അല്ലേ ടീച്ചറേ?