Thursday, October 18, 2018

LGBTQ


"അവരെ വിധിക്കാന്‍ ഞാന്‍ ആര്?!" എന്നും "കാലങ്ങളായി പാര്‍ശ്വവത്ക്കരിച്ചതിന്റെ പേരില്‍ അവരോട് സഭ ക്ഷമ ചോദിക്കുന്നു." എന്നും പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ലൈംഗീകന്യൂനപക്ഷങ്ങളോടുള്ള അജപാലന സമീപനത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു കാലത്താണ് നാമിപ്പോള്‍. അതേസമയം ഈ വിഷയത്തിലുള്ള സഭയുടെ പ്രാമാണിക പഠനത്തിൽ ഏറെ മുന്നോട്ട് പോകാൻ പേപ്പസിക്ക് ഇനിയും ആയിട്ടില്ല. ഭിന്നലൈംഗീകത ഇപ്പോഴും ക്രിസ്തീയ ധാർമ്മിക ദൈവശാസ്ത്രത്തിൽ ഒരു തർക്കവിഷയമായി തന്നെ നിലനിൽക്കുന്നു. 'ഭിന്നലൈംഗീകോന്മുഖത' ഒരു പാപമല്ലെന്ന് പറയുന്ന പഠനം തന്നെ 'ഭിന്നലൈംഗീക ബന്ധങ്ങൾ' പാപമായി കണക്കാക്കുന്നു. ഭിന്നലൈംഗീകരോട് കരുണ കാണിക്കണം എന്നും, അവരെ സഭാജീവിതത്തിന്റെ മുഖ്യധാരയിൽ എത്തിക്കണം എന്നും പറയുമ്പോൾ ആ മേഖലയിൽ അജപാലന ദൗത്യം നിർവ്വഹിക്കുന്നവർ പ്രതിസന്ധിയിൽ ആകുന്നു. എങ്ങനെ ഈ വിഭാഗം ആളുകളെ അ-ലൈംഗീകരായി സഭാജീവിതത്തിൽ എത്തിക്കാം എന്നതാണ് ആ വലിയ പ്രതിസന്ധി. ഭിന്നലൈംഗീകത ഒരു ആശയപ്രശ്‌നം അല്ലെന്നും അത് ഒരാളുടെ ശരീരവും മനസ്സും വ്യക്തിത്വം ആയി ഇഴചേർന്നുനിൽക്കുന്ന അസ്തിത്വപ്രശ്നമാണെന്നും മനസ്സിലാക്കുന്ന അജപാലന ശ്രുശൂഷകർ സഭാപഠനത്തിന്റെ ദാർശനിക തലത്തിനും പ്രായോഗീക ജീവിതത്തിന്റെ അസ്തിത്വപ്രതിസന്ധിക്കും ഇടയിൽ പെട്ടുപോകുന്ന ഒരു  സന്ദിഗ്‌ദ്ധാവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ഈ പ്രതിസന്ധിയിൽ നിന്ന് കരകയറണമെങ്കിൽ ഭിന്നലൈംഗീകത എന്ന വിഷയത്തെ സാമൂഹീകവും സാംസ്കാരികവും മനഃശാസ്ത്രപരവും ധാർമ്മികവും വ്യക്തിപരവും ആയി സമീപിക്കാൻ കഴിയണം. ഈ സമീപനത്തെ നയിക്കേണ്ടത് 'സ്നേഹം' എന്ന ഒറ്റപ്രമാണത്തിൽ എല്ലാ ധാർമ്മികതയും സംഗ്രഹിച്ച ക്രിസ്തുവിന്റെ കണ്ണിലൂടെ നോക്കിക്കണ്ടാവണം. തത്വങ്ങളും പഠനങ്ങളും രൂപീകരിച്ച ശേഷം അവയുടെ നടപ്പാക്കലിന് വേണ്ടി വ്യക്തികളിലേക്ക് എത്തിപ്പെടുന്ന ആധിപത്യ സമീപനത്തിന് തന്നെ മാറ്റം സംഭവിക്കണം. ആദ്യം വ്യക്തികളിൽ എത്തിപ്പെടുക, അവിടെ നിന്ന് ആരംഭിക്കുക. ജീവിതത്തിൽ നിന്ന് ആരംഭിക്കാത്ത അദ്ധ്യാത്‌മികതയ്ക്കോ ധാർമ്മികതയ്ക്കോ സമൂഹത്തിൽ അധികകാലം വേരുറപ്പിച്ചു നിൽക്കാനാവില്ല. സഭ അംഗീകരിച്ചാലും ഇല്ലെങ്കിലും ഭിന്നലൈംഗീകർ അവരുടെ സ്വത്വം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. അവർ ഇപ്പോൾ തന്നെ മുഖ്യധാരാ സമൂഹത്തിലേക്ക് തലയുയർത്തി എത്തിക്കഴിഞ്ഞു. സ്റ്റേറ്റിന്റെ അവരോടുള്ള നീതിനിക്ഷേധം അടക്കം ചോദ്യം ചെയ്യാൻ ആരംഭിച്ചിരിക്കുന്നു, സ്വാഭിമാനയാത്രകൾ സംഘടിപ്പിക്കുന്നു. തൊഴിലിടങ്ങളിൽ നീതി തേടുന്നു. മതങ്ങളോട് സംവദിക്കുന്നു, ക്രിയാത്മകമായി കലഹിക്കുന്നു. പാശ്ചാത്യ സമൂഹം ഈ വിഷയത്തിൽ പിന്നട്ട വഴികളിൽ ആണ് ഇപ്പോൾ നമ്മുടെ നാട്ടിലെ ഭിന്നലൈംഗീകർ മുന്നേറുന്നത്.  ഇനിയെങ്കിലും സഭ ഈ വിഷയം തുറന്നുസംസാരിക്കണം എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുന്നു. അതിനുള്ള തുടക്കം എന്നോണം ജീവധാരയുടെ ഈ പംക്തി ഭിന്നലൈംഗീകത വിഷയം തുറന്നു വെക്കുകയാണ് .
ഭിന്നലൈംഗീകത ഇന്നിന്റെ മാത്രം സാമൂഹ്യപ്രശ്‌നം അല്ല. ചരിത്രത്തിൽ ഉടനീളം എല്ലാ സംസ്കാരങ്ങളിലും ഭിന്നലൈംഗീകത നിലനിന്നിരുന്നു. ഭിന്നലൈംഗീകതയെ സാസ്കാരികവും ചരിത്രപരവും ആയി വായിച്ചെടുക്കാനുള്ള ശ്രമമാണ് ഡോ. റോയ് തോമസിന്റെ "സ്വത്വം തേടുന്ന ലൈംഗീകന്യൂനപക്ഷങ്ങൾ: ഒരു സാംക്കാരികച-രിത്ര വായന" എന്ന ലേഖനം. ഈ വിഷയത്തിൽ വ്യത്യസ്‍തമായ സാമൂഹ്യ-സാംസ്ക്കാരിക കാഴ്ചപ്പാടുകൾ വായിച്ചെടുന്ന ലേഖകൻ സാമൂഹ്യനീതിയുടെ പക്ഷത്തുനിന്നുള്ള സമീപനമാണ് ലേഖനത്തിൽ കൈക്കൊണ്ടിരിക്കുന്നത്.
ഭിന്നലൈംഗീകത ഒരു ധാർമ്മിക പ്രശ്‌നം മാത്രമായിട്ടാണ് കാലങ്ങളായി കണക്കാക്കപ്പെട്ടിരുന്നത്. ആധുനീക വൈദ്യശാസ്ത്രവും മന:ശാസ്ത്രവും ഈ മേഖലയിൽ പഠനം നടത്താൻ തുടങ്ങിയിട്ട് ഏറെയായില്ല. വൈദ്യശാസ്ത്രം ഹോർമോൺ പഠനങ്ങൾ അടക്കം പലതും നടത്തിക്കഴിഞ്ഞു. ഒരു അസ്വാഭാവിക പെരുമാറ്റവൈകല്യം എന്ന നിലയില്‍ വൈദ്യശാസ്ത്രവും മന:ശാസ്ത്രവും ആരംഭിച്ച സമീപനങ്ങള്‍ നീണ്ടവര്‍ഷത്തെ പഠനങ്ങള്‍ക്ക് ശേഷം 'സ്വാഭാവിക' സമീപനത്തിലേക്ക് എത്തുകയും ഇപ്പോള്‍ സാവകാശം ഒരു മാനസീകാരോഗ്യ പ്രശ്നം എന്ന വിഭാഗത്തില്‍ നിന്ന് ഒഴിവാക്കാനും തുടങ്ങിയിരിക്കുന്നു. വൈദ്യശാസ്ത്രവും മന:ശാസ്ത്രവും ഈ മേഖലയില്‍ കടന്നുവന്ന വഴികളെ പരിശോധിക്കുകയാണ് മെഡിക്കൽ ഡോക്ടറും വൈദികനും ആയ ഡോ. ദേവ് അക്കര.
വ്യക്തിയും സമൂഹവും ഇഴപിരിഞ്ഞു കിടക്കുന്ന ഒരു പ്രതിഭാസമാണ്. വ്യക്തിജീവിതത്തിൻ്റെ രീതികളും നിലപാടുകളും സമൂഹജീവിതത്തെ ബാധിക്കുന്ന തലമുണ്ട്, അത് നേരെ തിരിച്ചും. എന്നാൽ വ്യക്തിക്ക് അവന്റെ സ്വകാര്യതയുടെ പവിത്രമായ ഇടങ്ങൾ ഉണ്ട്. അവിടെ സ്റ്റേറ്റോ സമൂഹമോ കടന്നുകയറുന്നത് നീതിയുടെ നിക്ഷേധമാണ്. മനുഷ്യലൈംഗീകതക്കും വ്യക്തിഗതമാനവും സാമൂഹ്യമാനവും ഉണ്ട്. വരും തലമുറയേയും മാനവശേഷിയെയും വികസിപ്പിച്ചെടുക്കുക എന്നതിൽ ആണ് ലൈംഗീകതയുടെ സാമൂഹ്യതലം. ശേഷം എല്ലാം വ്യക്തിഗതം ആണ്. ഭിന്നലൈംഗീകതയിലും ഈ മാനങ്ങൾ അപഗ്രഥിക്കപ്പെടേണ്ടതുണ്ട്. സാമൂഹ്യനീതിയുടെ പക്ഷത്ത് നിന്ന് ഭിന്നലൈംഗീകതയെ  നോക്കിക്കാണാനുള്ള ശ്രമമാണ് സനൂജ് സുശീലന്റെ "`nssewKnIXbpw kmaqly \oXnbpw" എന്ന ലേഖനം.
ഭിന്നലൈംഗീകതയുടെ ക്രിസ്തീയ ധാർമ്മികത അപഗ്രഥിക്കുന്ന ലേഖനമാണ് ജിജോ കുര്യന്റെ "ഭിന്നലൈംഗീകത:മാറുന്ന ലോകത്തിന് വേണ്ടി ഒരു ധാർമ്മികവിചാരം". ക്രിസ്തീയ ധാർമ്മികത അതിന്റെ ചരിത്രനാൾവഴിയിൽ എന്നും ഭിന്നലൈംഗികതയോട് പുറംതിരിഞ്ഞു നിന്ന ചരിത്രമാണുള്ളത്. എന്നാൽ പാശ്ചാത്യലോകത്ത് സംഭവിച്ച ലൈംഗീകവിപ്ലവത്തിന് ശേഷം സഭ ലൈംഗികധാർമ്മികതയുടെ ഒരു പുനഃപരിശോധനക്ക് വിധേയമാക്കുന്ന കാലമാണിത്. ഈ കാലഘട്ടത്തിൽ ഭിന്നലൈംഗികത എന്ന വിഷയം പുരോഗമന ക്രിസ്ത്രീയ ധാർമ്മിക വിചാരത്തിൽ എങ്ങനെ വിലയിരുത്തപ്പെടുന്നു എന്നതാണ് ലേഖനത്തിന്റെ ഉള്ളടക്കം.
പരമ്പരാഗത സാമൂഹ്യ-ധാര്‍മ്മീക-നൈയാമിക പഠനങ്ങളുടെ ഏറ്റവും വലിയ പോരായ്മയായി ചൂണ്ടിക്കാട്ടപ്പെട്ടിട്ടുള്ളത് അത് നിയമങ്ങളുടേയും തത്വങ്ങളുടേയും വ്യപസ്ഥാപിത നിലപാടുകളുടേയും ഔന്നിത്യത്തില്‍ നിന്ന് ആരംഭിച്ച് അവസാനം മനുഷ്യവ്യക്തിയില്‍ എത്തിപ്പെടുന്നു എന്നതാണ്. മാറിയ കാലം കൂടുതല്‍ മാനവീകമാവുകയാണ്. ഏതൊരു പ്രശ്നത്തേയും പഠിക്കാന്‍ അതിനാല്‍ ബാധിക്കപ്പെടുന്ന വ്യക്തികളുടെ ജീവിതത്തില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും ആരംഭിക്കണം. അതാണ്‌ ഏറ്റവും മനുഷ്യോന്മുഖവും ആത്ദ്ധ്യാത്മീകവുമായ സമീപനം. അതുകൊണ്ടുതന്നെ ഭിന്നലൈംഗീക സമൂഹത്തിന്‍റെ പ്രതിനിധികളെ നേരിട്ട് അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നും കാഴ്ചപ്പാടുകളില്‍ നിന്നും ശ്രവിക്കാതെ പുറത്തുനിന്ന് മാത്രം സംസാരിക്കുന്ന സമീപനം ഭാഗീകമായിരിക്കും. പ്രശ്നത്തിന്‍റെ ഇരകള്‍ ആക്കപ്പെടുന്നവരെ നേരിട്ട് വയനക്കാരുടെ മുന്നില്‍ എത്തിക്കുകയാണ് ഭിന്നലൈംഗീകരായ രണ്ടുപേരുമായുള്ള അഭിമുഖത്തിലൂടെ വിപിന്‍ വിഫ്രെഡ്.
അതിരുകളില്‍ മനുഷ്യജീവിതങ്ങള്‍ ഇല്ലാതാവുകളും മാനവകുലം മുഴുവന്‍ ജീവന്‍റെ ഉത്സവത്തില്‍ "ഒരു ഊട്ടുമേശയ്ക്ക് ചുറ്റും" ഒരുമിച്ച് കൂടുകയും ചെയ്യുന്ന കാലമാണ് ക്രിസ്തീയത വിഭാവനം ചെയ്യുന്നത്. അന്ന് പിന്നിലാക്കപ്പെട്ടുപോയ നിസ്സാരസഹോദങ്ങള്‍ മുന്നില്‍ എത്തുമ്പോള്‍ അവരുടെ ഒപ്പം ഭിന്നലൈംഗീകരും ഉണ്ടാവും. അതിരുകള്‍ പ്രകാശമാനമാകുന്നു, കണ്ടില്ലെന്ന് നമുക്ക് നടിക്കാതിരിക്കാം. വെളിച്ചവുമായി എത്തേണ്ടവര്‍ നാമെന്നും മറക്കാതിരിക്കാം.

Monday, October 15, 2018

അനുസരിച്ച് അപചയപ്പെടുമ്പോൾ

കാലഹരണപ്പെട്ടതും ചൂഷണത്തത്തെ പേറുന്നതുമായ വ്യവസ്ഥിതിയുടെ തിരുത്തൽ ശക്തിയായി നിന്ന ക്രിസ്തുവിന്റെ പിൻഗാമികൾ എങ്ങനെയാണ് അങ്ങനെയൊരു വ്യവസ്ഥിതിയുടെ സംരക്ഷകരും പ്രോക്താക്കളുമായി മാറിയത്?  അനുസരണം എന്ന മൂല്യത്തെ അനുരൂപപ്പെടല്‍ ആയി അവർ തിരുത്തിവായിക്കാൻ തുടങ്ങിയതു മുതലായിരിക്കാം ഇങ്ങനെയൊരു അപചയം സംഭവിച്ചിട്ടുണ്ടാവുക.
നിഷേധിയായ യേശു 
യേശു ക്രിസ്തു തന്റെ പ്രവർത്തനത്തിന്റെ തുടക്കംകുറിക്കുന്നത് തന്നെ നിലനിക്കുന്ന വ്യവസ്ഥിതിയെ മാറ്റി
യെഴുതുന്നതിനെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു. (ലൂക്കാ 4:17 -19) നിലപാടുകളുടെ മനുഷ്യനായി രംഗപ്രവേശം ചെയ്ത അവനുമുന്നിൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. വിയോജിച്ചതും കലഹിച്ചും അവൻ ഒരു പ്രവാചകനായി മാറുകയായിരുന്നു. നിലനില്ക്കുന്ന രാഷ്ട്രീയ-മത വ്യവസ്ഥിതിയെ ചോദ്യംചെയ്യുന്നതായിരുന്നു ക്രിസ്തുവിന്റെ മൂർച്ചയുള്ള വാക്കുകൾ എന്നതിനാൽ അദ്ദേഹത്തെ മത-രാഷ്ട്രീയ നേതൃത്വം അവർക്കുനേരെയുള്ള ഒരു വെല്ലുവിളിയും 'ഭീഷിണി'യുമായി കണക്കാക്കി. ക്രിസ്തുവിന്റെ സുവിശേഷം ഒരു താരാട്ടുപാട്ട് ആയിരുന്നില്ല. സ്നാപകന്റെ പ്രവാചക ശബ്ദത്തിന്റെ ഇടിമുഴക്കവും ഹില്ലേല്‍ ഗുരുവിന്റെ സ്നേഹത്തിന്റെ തൂവല്സ്പര്ശവും ഒരുമിച്ച് ചേര്ന്ന ആവിഷ്ക്കാരമായിരുന്നു നസ്രത്തിലെ ആ തച്ചന്‍. ചിലര്ക്ക് അവന്റെ വാക്കുകള്‍ സുവിശേഷം (സത്വാർത്ത) പോലുമായിരുന്നില്ല, ദുര്‍വാര്‍ത്തയായിരുന്നു. അതില്‍ പ്രവാചകഭാഷയുടെ ചൂടും ചൂരുമുണ്ടായിരുന്നു. കുടിലബുദ്ധിയായ ഭരണാധികാരിയെ കുറുക്കന്‍ എന്ന് വിളിച്ച, പണക്കൊതിയരെ നോക്കി ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും നിങ്ങള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കില്ലെന്നു കണിശമായി പറഞ്ഞ, അനുഷ്ഠാന മതപുരോഹിതരോട് അവരുടെ പ്രാര്ത്ഥനാ നാട്യങ്ങളുടെ പൊള്ളത്തരത്തെക്കുറിച്ചും നീണ്ട അങ്കിയുടെ കാപട്യത്തെക്കുറിച്ചും തീപാറുന്ന വാക്കില്‍ സംസാരിച്ച, കാപട്യം കാട്ടുന്നവരെ 'അണലിസന്തതികള്‍' എന്ന് വിളിച്ച കാര്‍ക്കശ്യത്തിന്റെ ഒരു ക്രിസ്തു സുവിശേഷമുണ്ട്. അത് ശത്രുക്കളെ ജനിപ്പിക്കുന്നതു കൂടിയാണ്. അതാണ്‌ ക്രിസ്തു സുവിശേഷത്തിന്റെ sting (കുത്ത്/മുള്ള്). Sting of the gospel എന്നത് കുറുക്കനെ ‘കുറുക്കൻ’ എന്നുതന്നെ വിളിക്കാനുള്ള കഴിവാണ്. തന്റെ കാലഘട്ടത്തിലെ മതനേതൃത്വത്തോട്, രാഷ്ട്രീയ നേതൃത്വത്തോട്, സമൂഹ നേതൃത്വത്തോട്, പ്രമാണിമാരോട്‌ ക്രിസ്തു ചിലത് പാടില്ല എന്ന് കാർക്കശ്യ ഭാഷയിൽ പറഞ്ഞു. അതായിരുന്നു അവനെ അത്രമേല്‍ ജനസമ്മതൻ അല്ലാതാക്കി മാറ്റിയത്. അതായിരുന്നു കൊലമരത്തോളം ക്രിസ്തുവിനെ കൊണ്ടുച്ചെന്നെത്തിച്ച സുവിശേഷത്തിന്റെ രാഷ്രീയം.

യേശുവിന്റെ അനുസരണം  

അപ്പോൾ പിന്നെ അവന്റെ അനുസരണത്തെക്കുറിച്ച് നമ്മൾ എന്തുപറയും! അവന് അനുസരണത്തെ "പിതാവിന്റെ ഹിതം നിറവേറ്റൽ" (ഹെബ്രാ 10:7; യോഹ.12:49, 14:31) എന്നാണ് വിശേഷിപ്പിച്ചത്. 
തന്റെ അധികാരം ഏതെങ്കിലും അധികാരി ഏൽപ്പിച്ചുതന്നതല്ലെന്നും  സ്വന്തം ദൈവികബോധ്യത്തിൽ നിന്ന് വരുന്നുവെന്നും (യോഹ 12: 49) ഉറച്ചുവിശ്വസിച്ച യേശുക്രിസ്തു ദൈവഹിതത്തോട് മാത്രമായിരുന്നു അനുസരണം കാട്ടിയത് (യോഹ 3:34)ദൈവഹിതം പഠിപ്പിക്കുന്ന അധികാരികൾ എന്ന നിലയിൽ സംസാരിക്കുമ്പോൾ അധികാരികളുടെ വാക്കുകൾക്കും വിലകല്പിക്കാൻ അവൻ തന്റെ ശിഷ്യരോട്‌ പറഞ്ഞിട്ടുണ്ട്. അതേസമയം പറയുന്നത് പ്രവർത്തിക്കാത്ത അധികാരിയുടെ ചെയ്തികളെ അനുകരിക്കരുത് എന്ന മുന്നറിയിപ്പും തന്നിട്ടുണ്ട്. (മത്താ  23:3)

അനുസരണം ആജ്ഞാനുവര്‍ത്തിത്വമല്ല 
അനുസരണത്തെ (Obedience) ആജ്ഞാനുവര്‍ത്തിത്വമായി (compliance) തെറ്റിദ്ധരിച്ച സംവിധാനങ്ങളാണ് സാമ്രാജ്യത്വഭരണകൂടവും സാമ്രാജ്യത്വസഭയും. 
ഏത് സാമ്രാജ്യത്വ സംവിധാനങ്ങളും അതിന്റെ നിലനിൽപ്പ് ഉറപ്പിച്ചത് അനുസരണമെന്ന് പേരെഴുതിയ  ആജ്ഞാനുവര്‍ത്തിത്വത്തിലാണ്. അത് ശിക്ഷാബന്ധിയായ അച്ചടക്കനടപടിയിലും അധികാരത്തിന് കീഴിലുള്ളവരിൽ ഭീതി ജനിപ്പിക്കുന്നതിലുമടങ്ങിയിരിക്കുന്നു. രാഷ്ട്രസംവിധാനത്തിൽ ഇന്നും സാമ്രാജ്യത്വത്തിന്റെ ശേഷിപ്പുകളായി അവശേഷിക്കുന്ന ആന്തരികഘടനയുള്ള രണ്ടു സംഘടിതഘടനകളാണ് സൈന്യവും ഉദ്യോഗവൃന്ദവും. രണ്ടിലും ശ്രേണീകരിക്കപ്പെട്ട അധികാരഘടനയാണ് ഉള്ളത്. മുകളിൽ ഉള്ളവർ താഴെയുള്ളവരെ നിയന്ത്രിക്കുന്നു. താഴേത്തട്ടിൽ ഉള്ളവർ മുകളിൽ നിന്നുള്ള ആജ്ഞകളോട് മറുതലിക്കാത്ത നിശബ്ദത ഉറപ്പുകൊടുക്കുന്നു. അവിടെ സ്വന്തം ഇച്ഛകളോ ചിന്താസ്വാതന്ത്ര്യമോ അഭിപ്രായമോ ഒന്നും പ്രധാനമല്ല. മുകളിൽ നിന്നുള്ള കൽപ്പനവന്നാൽ ന്യായാന്യായങ്ങളുടെ വാദങ്ങൾ ഒന്നുമില്ല. നിശബ്ദമായ അനുസരണം മാത്രമായിരിക്കണം പ്രതികരണം. ഏതാണ്ട് ഇതേ റോമൻ മിൽട്രി ഘടനയാണ് സഭയും സ്വന്തമാക്കിയത്. സഭാധികാരികൾ അങ്ങനെ കമാന്റർ - ഇൻ - ചീഫുകളായി. വിശ്വാസികൾ ആജ്ഞാനുവർത്തികളുമായി. റോമാസാമ്രാജ്യത്വഘടനയിലുള്ള സഭ അതിന്റെ സ്ഥാപനത്തിന്റെ കെട്ടുറപ്പ് ബലപ്പെടുത്തിയിരിക്കുന്നത് അധികാരിയുടെ അപ്രമാദിത്യത്തിലും ആജ്ഞാനുവര്‍ത്തിയുടെ അനുസരണത്തിലുമാണ്.   

സാമ്രാജിത്വഘടനയുള്ള സ്ഥാപനങ്ങള്‍ മതരഹിതവും മതപരവുമാകുമ്പോള്‍ അവയുടെ അധികാരവിനിയോഗത്തിലും ആജ്ഞാനുവര്‍ത്തിത്വത്തിലും വ്യത്യാസമുണ്ടാകും. മതരഹിതമായ സംവിധാനത്തില്‍ അണികള്‍ നിയമവ്യവസ്ഥയെ മുന്‍നിര്‍ത്തി ചിലപ്പോള്‍ അധികാരിയുടെ പ്രവര്‍ത്തിയുടെ ന്യായാന്യായങ്ങള്‍ വിലയിരുത്തുകയും വെല്ലുവിളിക്കുകയും ചെയ്തേക്കാം. എന്നാല്‍ മതപരമായ സാമ്രാജ്യത്വഘടന പ്രവര്‍ത്തിക്കുന്നത് ദൈവികമായ സാധൂകരണത്തിലാണ്. അവിടെ ദൈവികനിയമങ്ങളെ വ്യാഖ്യാനിക്കുന്നത് മതാധികാരിതന്നെയാണ്. മതത്തിന്‍റെ ഘടനാരൂപത്തെ ഭരിക്കുന്ന കാനോനനിയമം പോലുള്ള ചില നിയമവ്യവസ്ഥകള്‍ ഉണ്ടെങ്കിലും അതിലും പരമാധികാരി പുരോഹിതന്‍ തന്നെയാണ്. കൂടാതെ ദൈവത്തിന്‍റെ പ്രതിപുരുഷന്മാരായി അവരെ ഭക്തമതമനസ്സുകള്‍ കാണുന്നതുകൊണ്ട് അവരെ ചോദ്യം ചെയ്യുന്നത് ദൈവനിഷേധമായി കാണുന്നു. ആജ്ഞാനുവര്‍ത്തികളുടെ മനസ്സിനെ ഭരിക്കുന്നത്‌ ഭയമാണ്. ഭയമെന്ന അടിസ്ഥാന വികാരത്തിലാണ് ഭക്തമനസ്സിന്‍റെ ആദരവ് ഉരുത്തിരിയുന്നത്. ഭയം-ആദരവ്-ആജ്ഞാനുവര്‍ത്തിത്വം എന്ന ക്രമത്തില്‍ അനുസരണം നിഷ്ക്രിയമാണ് (passive). അവിടെ ഒരാളുടെ ചിന്തയും തീരുമാനവും പ്രവര്‍ത്തിക്കുന്നില്ല. അതിന് ക്രിസ്തുവില്‍ പ്രതിഫലിച്ച അനുസരണം എന്ന മനസ്സാക്ഷിയുടെ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നില്ല.

"അനുസരണം" എന്ന വ്രതം ഭയപ്പെടുത്താനുള്ള ഒരു മാർഗ്ഗമായി അധികാരമുള്ളവർ മാറ്റുകയാണ്. എന്നിട്ട് അവര്‍ കുറഞ്ഞുവരുന്ന ദൈവവിളികളെക്കുറിച്ച് പ്രലപിക്കുന്നു. ഒന്നോര്‍ക്കണം സഭയെന്നാൽ ബിഷപ്പും അച്ചനും കന്യാസ്ത്രിയുമൊന്നുമല്ല 'ദൈവജന'മാണെന്ന് സമൂഹം മനസ്സിലാക്കിവരുന്ന കാലത്താണ് നമ്മൾ. "അനുസരണം" സന്യസ്തരും വൈദീകരും വാഗ്ദാനം ചെയ്തത് 'ദൈവഹിത'ത്തോടാണ്; ദൈവഹിതം അറിഞ്ഞുപ്രവർത്തിക്കുന്ന അധികാരികൾ ആയിരിക്കുന്നിടത്തോളം കാലം അവരോടും. കാര്യകാരണങ്ങൾ ഇല്ലാതെ ഒരു വിശ്വാസിയുടെയോ സന്യസ്തന്റേയോ സന്യസ്തയുടെയോ വൈദികന്റെയോ സത്യത്തിനും നീതിയ്ക്കും വേണ്ടി നിലകൊള്ളാനുള്ള സ്വാതന്ത്ര്യം ഹനിക്കാൻ അധികാരിയുടെ കയ്യിൽ ഏൽപ്പിച്ചുതന്ന ആയുധമല്ല അനുസരണം.
സഭയ്ക്കുള്ളിൽ നടക്കുന്ന കാര്യങ്ങൾ ഗൂഢമായി വെച്ച് സഭയുടെ 'മാന്യത' കാക്കാനാണ് സഭാസംവിധാനത്തിന്റെ ശ്രേണീഘടനയോട് 'അനുസരണം' വാഗ്ദാനം ചെയ്ത സമർപ്പിതരോട് സഭ എന്നും ആവശ്യപ്പെടാറ്. എന്തെങ്കിലും രീതിയിൽ പരസ്യമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നവരോട് ഇങ്ങനെ പറയും: "നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അധികാരികളുടെ പക്കൽ പോയി പറയുക." അധികാരികളുടെ പക്കൽ കാര്യങ്ങൾ എത്തിയാലുള്ള പ്രതികരണം: "ക്ഷമിക്കുക, സഹിക്കുക..." എന്നോ "ഞാൻ പ്രാർത്ഥിക്കാം" എന്നോ "ഞാനൊന്ന് നോക്കട്ടെ" എന്നോ മാത്രമായി വാക്കുകളിൽ ചുരുങ്ങുന്നു. അധികാരിയ്ക്ക് പരാതിക്കാരന്/കാരിക്ക് മറുപടി കൊടുക്കാൻ ബാധ്യതയൊന്നുമില്ല.    

എല്ലായിപ്പോഴും നിയമാനുസൃത അധികാരിയുടെ ആജ്ഞകളോട് വിധേയത്വം പറയുന്നതാണ് അനുസരണമെന്ന് തെറ്റിദ്ധരിച്ച  കാലമൊക്കെ വലിയ സംഘടിതതിന്മകൾ അരങ്ങേറിയിട്ടുണ്ട്. നിയാമാനുസൃത അധികാരിയോടുള്ള സിവില്‍ അനുസരണം എന്ന തലക്കെട്ടില്‍ തന്നെ ജെര്‍മനിയിലെ സാധാരണക്കാരെപ്പോലും നാസികൂട്ടക്കൊലയുടെ ഭാഗമാക്കിനിര്‍ത്താന്‍ കഴിഞ്ഞു. ആ കാലഘട്ടത്തിലെ അനുസരണാത്മകമായ നിശബ്ദതയെക്കുറിച്ച് മാര്‍ട്ടിന്‍ ന്യൂമൊള്ളറെപ്പോലുള്ളവര്‍ കുറ്റകരമായ മൌനം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 
അനുസരണം ചിലപ്പോൾ ചിന്താശേഷിയില്ലാത്ത ഒരു ജനതയുടെ അടയാളമാകാം.     
സ്വയംനിർണ്ണയാവകാശമുള്ള ദൈവജനവും ശ്രുശ്രൂഷിക്കേണ്ട അജപാലകനും  അനുസരണം എന്നാല്‍ നിഷ്ക്രിയത്വം (passivity) ആണെന്നും, വിശ്വാസി നിരന്തരം മറ്റൊരാളാല്‍ (അധികാരി) ആട്ടിത്തെളിക്കപ്പെടേണ്ട അഞ്ജനാണെന്നുമുള്ള (അല്മായന്‍/അറിവില്ലാത്തവന്‍) ധാരണ ഇന്നും സഭയെ ഭരിക്കുന്നു. സഭ "ഞങ്ങളാണെ"ന്ന് അധികാരികള്‍ സ്വയം വിശ്വസിക്കുന്നു. സഭ "ദൈവജന"മാനെന്നും അജപാലനം ദൈവജനത്തെ "ശുശ്രൂഷിക്കാന്‍" ഉള്ളതാണെന്നുമുള്ള സുവിശേഷാധിഷ്ഠിത ചിന്ത രണ്ടാംവത്തിക്കാന്‍ കൌണ്‍സില്‍ തിരിച്ചുപിടിച്ചിട്ട് അരനൂറ്റാണ്ട് കടന്നുപോയിട്ടും (LG 30) ഇന്നും വ്യപസ്ഥാപിത സഭയുടെ 'അധികാരികളും പ്രൊഘോഷകരും' സ്വയം വിശ്വസിക്കുന്നത് അവരില്ലെങ്കില്‍ സഭയില്ല എന്നാണ്. അവര്‍ തിരിച്ചറിയേണ്ട ഒരു മറുവശമുണ്ട്, ഇന്ന് കാലത്ത് വളരെ തീവ്രമായിക്കൊണ്ടിരിക്കുന്ന മറുവശം: വിശ്വാസികള്‍ തരുന്ന അനുസരണത്തിനും ആദരവിനും മുകളില്‍ മാത്രമാണ് അവരുടെ നിലനില്‍പ്പും സഭാസ്തിത്വവും. നാളെ അത് ഇല്ലാതായാല്‍ പിന്നെ അവര്‍ സമൂഹത്തില്‍ ഒന്നുമല്ല. ഒരു ഡോക്ടറെ വേണ്ടെന്ന്, ഒരു അദ്ധ്യാപകനെ വേണ്ടെന്ന്, ഒരു വില്ലേജ് ഓഫീസറെ വേണ്ടെന്ന്, ഒരു തൂപ്പുകാരനെ വേണ്ടെന്ന്.... അവര്‍ക്ക് ഒരിക്കലും പറയാനാവില്ല. എന്നാല്‍ ഒരു പുരോഹിതനെ തന്‍റെ ജീവിതത്തില്‍ വേണ്ടെന്ന് അവര്‍ തീരുമാനിച്ചാല്‍ അവരുടെ ഭൗതിക ജീവിതത്തില്‍ കാര്യമായി ഒന്നും നഷ്ടപ്പെടാനില്ല. അധികാരം പ്രയോഗിക്കുന്ന അജപാലകന്റെ വിധി ഏതാണ്ട് പാശ്ചാത്യനാടുകളില്‍ സംഭവിച്ചതുതന്നെയാകും എന്ന സൂചനകള്‍ സമൂഹവും ചരിത്രവും നിരന്തരം തന്നുകൊണ്ടിരിക്കുകയാണ്. പുറത്ത് പ്രതിഷേധത്തിന്‍റെ/ എതിര്‍പ്പിന്‍റെ ശബ്ദത്തിന് തീവ്രതകൂടിവരികയാണ്. കേള്‍ക്കണമെങ്കില്‍ വാതിലുകളും ജാലകങ്ങളും അടച്ചിരുന്നാല്‍ പോരാ. നമ്മുടെ അരമനകളുടേയും പള്ളിമേടകളുടേയും ജാലകങ്ങള്‍ തുറന്നിടണം, ഒരിക്കല്‍ വത്തിക്കാനില്‍ ഒരു മഹായിടയന്‍ ചെയ്തതുപോലെ. തെരുവ് കലുഷിതമാകുന്നുണ്ട്. ആട്ടിത്തെളിപ്പെടാന്‍ ഇനി ഞങ്ങള്‍ നിന്നുതരില്ലെന്ന് അവര്‍ അലമുറയിടുന്നുണ്ട്. അവര്‍ തന്ന ആദവും അനുസരണവും അജപാലകന്റെ 'ശുശ്രൂഷ'യ്ക്കായിരുന്നു. അത് ഇനിമേല്‍ ഞങ്ങളുടെ ജീവിതങ്ങളെ നേരിട്ട് സ്പര്‍ശിക്കുന്ന നിലയില്‍ വ്യക്തമായും ആടുകളുടെ ചൂരുപേറിയും അനുഭവവേദ്യമാകുവോളം കാലം നിങ്ങള്‍ക്കില്ല എന്ന് അവർ വ്യക്തമായി പറയുന്നുണ്ട്. ഒന്നിന്റെയും കാര്യകാരണങ്ങൾ സ്വതന്ത്രമായി അന്വേഷിക്കാതെ എല്ലാ പ്രതിസന്ധികൾക്കും വിശ്വാസിയെ പ്രതികൂട്ടിൽ നിർത്തി അധികാരി ഏകപക്ഷിയമായി പുറപ്പെടുവിക്കുന്ന വിശദീകരണങ്ങളും തീർപ്പുകളും മാർഗ്ഗനിർദ്ദേശങ്ങളും വരും കാലം ഉൾക്കൊണ്ടെന്ന് വരില്ല.
സദാസമയം അധികാരിയ്ക്ക് ഏറാൻമൂളി നിൽക്കുന്നവരെ വിശുദ്ധരും സ്വതന്ത്രക്രിസ്ത്യൻ അഭിപ്രായം പ്രകടിപ്പിക്കുന്നവരെ വിമതരുമാകുന്ന സഭ ഒരു 'വിജാതിയ' (റോമൻ) സാമ്രാജ്യത്വത്ത ഘടനയാകാം, ക്രിസ്തുവിന്റെ സഭയായിക്കൊള്ളണമെന്ന് നിര്ബന്ധമില്ല. അത്തരം സഭയിൽ പ്രോഘോഷകാരുടെ കണ്ഠങ്ങൾ തുറക്കുന്നത് അധികാരിയായ പുരോഹിതനോട് വിയോജിക്കാനും പ്രതികരിക്കാനും കഴിയാത്തവിധം അവരെ 'ദൈവികരും തിരഞ്ഞെടുക്കപ്പെട്ട അഭിഷിക്തരും' ആയി വിശ്വാസിയുടെ മുന്നിൽ പ്രതിഷ്ഠിക്കാനാണ്. ഒരു പ്രഘോഷകനെങ്കിലും വരണം നീതിയെക്കുറിച്ച് സംസാരിക്കാൻ. അയാൾ അവരോട് പ്രവാചകധർമ്മത്തെക്കുറിച്ച് സംസാരിക്കണം. പ്രവാചകധർമ്മവും അനുസരണവും എങ്ങനെയാണ് പരസ്പ്പരപൂരകങ്ങളാകുന്നത് എന്ന് പറഞ്ഞുകൊടുക്കണം. നിഷ്പക്ഷമല്ലാത്ത നീതിപക്ഷത്ത് എങ്ങനെ നിലപാടെടുക്കണമെന്ന് പഠിപ്പിക്കണം.
"യേശുവേ... നീ വീണ്ടും വരേണമേ...!"     



Monday, September 24, 2018

കത്തോലിക്കാസഭയിൽ കലുഷിതമാകുന്ന സന്യാസം: ഒരു നീണ്ട ലേഖനം

മഠങ്ങള്‍ക്ക് സംഭവിക്കുന്നതെന്ത്?

ഒരു സമൂഹത്തില്‍ പൊതുവില്‍ മതാത്മകത കൂടുതല്‍ കൊണ്ടുനടക്കുന്ന മനസ്സ് സ്ത്രീമനസ്സാണ്. പുരുഷമനസ്സ് പൊതുവില്‍ ബൗദ്ധികവും പ്രായോഗികവുമായിരിക്കെ സ്ത്രീമനസ്സ് വൈകാരികവും ധ്യാനാത്മകവും ആണ്. പൊതുവില്‍ ധ്യാനാത്മക മനസ്സുകള്‍ എങ്ങനെയാണ് ഇത്ര പെട്ടെന്ന് സന്യാസത്തെ മടുത്തത്? പാശ്ചാത്യലോകത്ത് സന്യാസിനിമഠങ്ങള്‍ക്ക് സംഭവിച്ചത് നമ്മള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ നമ്മുടെ കൊച്ചുകേരളത്തിലെ മഠങ്ങളില്‍ സംഭവിച്ചു. എഴുപതുകളിലും എണ്‍പതുകളിലും ഇരുപതും മുപ്പതും വീതം സന്യാസിനികള്‍ ഒരുമിച്ച് താമസിച്ചിരുന്ന നമ്മുടെ സന്യാസിനിമഠങ്ങളില്‍ ഇന്ന് അഞ്ചും ആറും പേരായി മാറി. അവരുതന്നെ അന്‍പത് വയസ്സൊക്കെ പിന്നിട്ടവരും. ക്ഷയിക്കുന്ന സന്യാസിനിമഠങ്ങള്‍ സഭക്കുള്ളില്‍ സംഭവിക്കുന്ന പലതിന്‍റെയും സൂചകങ്ങള്‍ കൂടിയാണ്. നമ്മുടെ മഠങ്ങളില്‍ എന്താണ് സംഭവിക്കുന്നത്?

സന്യാസത്തിന്‍റെ കൂട്ടക്രമത്തിന്‍റെ ആരംഭം

കഷ്ടി ഒന്നരനൂറ്റാണ്ടിന് അപ്പുറത്ത് മാത്രമാണ് കേരളസഭയില്‍ പ്രാദേശിക സന്യാസിനി സമൂഹങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയത്. അവയുടെയൊക്കെ തുടക്കം സ്ത്രീമുന്നേറ്റം എന്ന രീതിയിലായിരുന്നു. കൊച്ചു കൊച്ചു സമൂഹങ്ങളിലായി ഒറ്റയ്ക്കും തെറ്റയ്ക്കും തുടങ്ങിയ ഈ സന്യാസിനിസമൂഹങ്ങള്‍ക്ക് ചില ഘടനാരൂപങ്ങള്‍ കൊടുക്കാന്‍ ഏതാണ്ട് ആ കാലഘട്ടത്തില്‍ തന്നെ രൂപംകൊണ്ട പുരുഷസന്യാസികളും അവരുടെ സമൂഹങ്ങളും സഹായകരമായി തീര്‍ന്നിട്ടുണ്ട്. അപ്പോഴും അവയുടെയൊക്കെ സന്യാസദര്‍ശനങ്ങള്‍ സ്ത്രീകള്‍ തന്നെ രൂപം കൊടുത്ത ജീവിതശൈലിയില്‍ അധിഷ്ഠിതമായിരുന്നു. ചുരുക്കത്തില്‍ പ്രാദേശിക ക്രിസ്ത്യന്‍ സന്യാസിനിസമൂഹങ്ങള്‍ക്ക് രൂപം കൊടുത്തത് പൗരോഹിത്യമല്ലായിരുന്നു. ഇവിടുത്തെ സ്ത്രീസമൂഹങ്ങളും അവരുടെ സഹായത്തിന് വന്ന പുരുഷസന്യാസസമൂഹങ്ങളും ചേര്‍ന്നായിരുന്നു. അതായത് സമൂഹ സന്യാസജീവിതശൈലി ജീവിക്കുന്ന ഒരാള്‍ക്കേ സന്യാസത്തിന്‍റെ കൂട്ടുജീവിതത്തെ നയിക്കാനാവൂ എന്നതായിരുന്നു അടിസ്ഥാന ധാരണ. സ്ത്രീസന്യാസത്തിന്‍റെ പൂരകം പുരുഷസന്യാസം തന്നെയാണ്.

സ്ത്രീസന്യാസത്തിന്‍റെ പൂരകം

ഭാര്യ - ഭര്‍ത്താവ്, സഹോദരന്‍ - സഹോദരി എന്നതുപോലെയുള്ള ഒരു ദ്വന്ദ്വമായിട്ടാണ് അച്ചന്‍-കന്യാസ്ത്രീ എന്ന പ്രയോഗത്തെ പൊതുസമൂഹവും എന്തിനേറെ, പൗരോഹിത്യ-സന്യസ്ത സമൂഹവും മനസ്സിലാക്കുന്നത്. പൗരോഹിത്യമെന്നത് ഒരു ശുശ്രൂഷാദൗത്യമാണ്. അതിനെ ദാമ്പത്യവും സന്യാസവും ഏകസ്ഥ ജീവിതവും ആയിരിക്കുന്നതുപോലെ ഒരു ജീവിതശൈലിയായി കാണാന്‍ കഴിയില്ല. ഏത് ജീവിതാന്തസ്സില്‍പെട്ടവര്‍ക്കും ഒരു പുരോഹിതനാകാന്‍ ക്രിസ്തീയ വിശ്വാസത്തില്‍ കഴിയും. പുരോഹിതന്‍ കന്യാത്വം പാലിക്കണമെന്നത് എപ്പോള്‍ വേണമെങ്കിലും മാറ്റപ്പെടാന്‍ കഴിയുന്ന ഒരു സഭാനിയമം മാത്രമാണ്. പൗരസ്ത്യകത്തോലിക്കാ സഭയില്‍ നിലവില്‍ ദാമ്പത്യജീവിതം നയിക്കുന്ന പുരോഹിതര്‍ ഉണ്ട്.

സന്യാസം ഒരു വ്യക്തിയെ ചൂഴ്ന്ന് നില്‍ക്കുന്ന ഒന്നാണല്ലോ. ആത്മീയവും ശാരീരികവും മാനസികവുമായ തലങ്ങളെ സന്യാസം നിര്‍ണ്ണായകമായി സ്വാധീനിക്കുന്നു. സ്ത്രീമനസ്സ് അടിസ്ഥാനപരമായി പുരുഷമനസ്സില്‍നിന്ന് വ്യത്യസ്തമാണെന്ന് സൂചിപ്പിച്ചല്ലോ. ഒരാളുടെ മനസ്സിന്‍റെ സന്യാസത്തെ നയിക്കാന്‍ ഏറ്റവും നന്നായി കഴിയുന്നത് അതേ ജീവിതശൈലി ജീവിക്കുന്ന അതേ ലിംഗത്തില്‍പ്പെട്ടവര്‍ക്കായിരിക്കും. ഒരു സന്യാസിനിയെ ആത്മീയമായി നയിക്കാന്‍ മെച്ചമായി കഴിയുന്നത് ഒരു സന്യാസിനിക്ക് തന്നെയാണ്. എന്നാല്‍ ഒരു പടികൂടി കടന്ന് സന്യാസത്തിന്‍റെ പുരുഷഭാവം ജീവിക്കുന്ന സന്യസ്തര്‍ക്ക് പൂരകങ്ങളാകാന്‍ കഴിഞ്ഞേക്കാം. നേരേ തിരിച്ചും. സന്യാസിനിയും സന്യാസിയുമാണ് ജീവിതശൈലിയുടെ പരസ്പരപൂരകങ്ങള്‍. അല്ലാതെ പൗരോഹിത്യമല്ല സന്യാസമെന്ന ജീവിതശൈലിയെ നയിക്കേണ്ടത്. ഈ തിരിച്ചറിവില്ലാതെയാണ് നിലവിൽ സന്യാസസഭകളില്‍ കന്യാസ്ത്രീകള്‍പോലും നിലപാടുകള്‍ സ്വീകരിക്കുന്നത്.

സന്യാസത്തിലേക്ക് അതിക്രമിച്ചു കയറിയ പൗരോഹിത്യം

ഓരോ കുടുംബത്തിനും അതിന്റെ ആന്തരിക സ്വകാര്യതയും ബന്ധത്തില്‍ അടിസ്ഥാനപ്പെട്ട ഘടനയും ഉള്ളതുപോലെ, ഓരോ സന്യാസസമൂഹങ്ങള്‍ക്കും അതിന്‍റേതായ തനിമയും ആന്തരികഭരണത്തിന്‍റെ സ്വയംനിര്‍ണ്ണയാധികാരവും ഉണ്ടെന്ന് കാനോനിക നിയമം തന്നെ സന്യാസസമൂഹങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന ഉറപ്പാണ്. എന്നാല്‍ അധികാരശ്രേണിയില്‍ (power hierarchy) ഇടംപിടിച്ച പൗരോഹിത്യം പലവിധത്തില്‍ സന്യാസസമൂഹങ്ങളുടെ സ്വയംനിർണ്ണയാവകാശത്തെ ഭേദിച്ചുകൊണ്ടിരുന്നു. പുരുഷസന്യാസസമൂഹങ്ങൾക്ക് പൗരോഹിത്യം കൊടുത്ത അധികാരസുരക്ഷിതത്വം ഉണ്ടായിരുന്നതുകൊണ്ട് ഈ കൈകടത്തലുകളെ ഒരു വലിയ പരിധിവരെ ചെറുത്തു നില്‍ക്കാന്‍ കഴിഞ്ഞു. എന്നാല്‍ സന്യാസിനിസമൂഹങ്ങള്‍ക്ക് പൗരോഹിത്യത്തിന്‍റെ അധികാരശ്രേണിയുടെ ദാക്ഷിണ്യത്തില്‍ തങ്ങളുടെ സ്വത്വം നിശ്ചയിക്കേണ്ടി വന്നു. അതിന്‍റെ വ്യക്തമായ ചില തെളിവുകളാണ്:

* പലയിടങ്ങളിലും സന്യാസിനിസമൂഹങ്ങളുടെ അധീനതയിലോ നടത്തിപ്പിലോ ഉണ്ടായിരുന്ന സ്ഥാപനങ്ങളെ പിടിച്ചെടുക്കാന്‍ രൂപതയോ വൈദികരോ നടത്തിയ ശ്രമങ്ങള്‍.

 * വൈദികര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്ന അത്രയും സഹകരണമോ താത്പര്യമോ ഇടവക നടത്തിപ്പില്‍ സന്യാസിനികള്‍ കൊടുക്കാതെ വരുമ്പോള്‍ അവരോട് വിരോധം സൂക്ഷിക്കുന്ന രീതിയും മഠത്തിന്റെ കൗദാശികകാര്യങ്ങളിൽ വേണ്ടത്ര സഹകരണം കൊടുക്കാത്ത രീതിയും.

 * വൈദികന് താത്പര്യമില്ലാത്ത സന്യാസിനികളെ ഒരു സന്യാസസമൂഹത്തില്‍നിന്ന് സ്ഥലമാറ്റം കൊടുക്കാന്‍ സന്യാസാധികാരികളെ പരോക്ഷമായി സ്വാധീനിക്കല്‍.

* വൈദികന്‍ പിണങ്ങാതിരിക്കാന്‍ അയാളെ പ്രീതിപ്പെടുത്തി നില്‍ക്കേണ്ടി വരുന്ന അവസ്ഥയില്‍ ജീവിക്കുന്ന സന്യാസിനികള്‍. 'കന്യാസ്ത്രീകള്‍ പറയുന്നത് മുഖവിലയ്ക്ക് എടുക്കരുത്' എന്ന് സാമാന്യബോധമുള്ള വൈദികരുടെ ഇടയില്‍ പൊതുവില്‍ ഒരു സംസാരം തന്നെയുണ്ട്. കാരണം അവര്‍ക്ക് അവരുടെ നിലപാടുകളെ, വിലയിരുത്തലുകളെ, താത്പര്യങ്ങളെ, വിയോജിപ്പുകളെ നേരിട്ട് പ്രകടിപ്പിക്കാന്‍ കഴിയാത്ത വിധം പൗരോഹിത്യത്തിന്‍റെ മേല്ക്കോയ്മയില്‍ ഒരു പ്ലാസ്റ്റിക് വ്യക്തിത്വം അവര്‍ സ്വയം രൂപീകരിച്ചെടുത്തിരിക്കുകയാണ്. അവര്‍ക്ക് നിലനില്‍ക്കണമെങ്കില്‍ പൗരോഹിത്യത്തിനെ സുഖിപ്പിച്ചേ മതിയാവൂ എന്ന അവസ്ഥ.

* ഏതെങ്കിലും ഒരു പുരോഹിതനും സന്യാസിനിയും തമ്മില്‍ ആശയപ്പൊരുത്തമില്ലായ്മയോ സംഘര്‍ഷമോ ഉണ്ടായാല്‍ ന്യായാന്യായങ്ങളുടെ നീതി നോക്കിയല്ല പൊതുവില്‍ തീരുമാനങ്ങള്‍ ഉണ്ടാവുക. പുരോഹിതന് അനുകൂലവും സന്യാസിനിക്ക് പ്രതികൂലവുമായ തീരുമാനങ്ങളാവും അവരുടെ അധികാരികള്‍ തന്നെ സ്വീകരിക്കുന്നത്. എന്നും 'തെറ്റുകാരിയും പരാജിതയും' അവള്‍ തന്നെയായിരിക്കും.

* രൂപതാ നടത്തിപ്പിന്‍റെ, ഇടവക നടത്തിപ്പിന്‍റെ 'വേലക്കാരികള്‍' എന്ന സ്ഥാനമാണ് പല പുരോഹിതരുടെയും മനസ്സില്‍ കന്യാസ്ത്രീകള്‍ക്കുള്ളത്. ദേവാലയം അലങ്കരിക്കല്‍, വൃത്തിയാക്കല്‍, വൈദികര്‍ക്കുള്ള ഭക്ഷണം തയ്യാറാക്കി എത്തിച്ചു കൊടുക്കല്‍, വൈദികരുടെ ഡ്രസ്സ് അലക്കിത്തേച്ചു കൊടുക്കല്‍ എന്നിവയൊക്കെ ചെയ്യേണ്ട ഉത്തരവാദിത്വം ഒരിടവകയിലെ സന്യാസിനികളുടേതാണെന്നത് വൈദികരുടെ മനസ്സില്‍ രൂഢമൂലമായ ചിന്തയാണ്.

സന്യാസിനിസമൂഹങ്ങളെ സൃഷ്ടിക്കുന്ന പൗരോഹിത്യം

സഭയില്‍ സന്യാസം രൂപപ്പെട്ടത് ആ ജീവിതശൈലി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ആന്തരിക ചോദനയുടെ ബഹിര്‍സ്ഫുരണം എന്ന നിലയിലാണ്. ഇതൊരു ജീവിതശൈലി ആയതുകൊണ്ട് അവ പിന്‍പറ്റുന്ന ആത്മീയതയുടെ ചിന്താധാരയും ജീവിതത്തിന്‍റെ തനിമയുമാണ് അതില്‍ പ്രധാനം. എന്നാല്‍  സന്യാസത്തിനുമേല്‍ പൗരോഹിത്യം മേല്‍ക്കോയ്മയെടുക്കാന്‍ തുടങ്ങിയതു മുതല്‍, ഭാരതസഭയില്‍ പുരോഹിതര്‍ കൊണ്ടുനടക്കുന്ന ധാരണ സന്യാസവും പുരോഹിതര്‍ അനുഷ്ഠിക്കുന്നതു പോലെ ഒരു സഭാസേവനമാണ് എന്നാണ്. അധികാരവും തലയെടുപ്പുമുള്ള 'സേവനങ്ങള്‍' പുരോഹിതര്‍ അനുഷ്ഠിക്കും, അവരെ സഹായിക്കാന്‍ സന്യാസികളും സന്യാസിനികളും തയ്യാറായി വന്നുകൊള്ളണം.ഇത്തരമൊരു ചിന്താഗതി വച്ചുപുലര്‍ത്തിക്കൊണ്ട് രൂപതകളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ചില വൈദികരും രൂപതാദ്ധ്യക്ഷന്മാരും ചില സന്യാസിനിസമൂഹങ്ങള്‍ തുടങ്ങിവച്ചു. പൗരോഹിത്യകര്‍മ്മം ചെയ്യാന്‍ മാത്രം നിയുക്തനായ ഒരാള്‍ക്ക് അയാള്‍ ജീവിക്കാത്ത, ജീവിക്കാന്‍ ബാധ്യതയില്ലാത്ത, ഒരു ജീവിതശൈലിയെ തുടങ്ങിവെക്കാന്‍ എങ്ങനെയാണു കഴിയുക? സന്യാസത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ ചില ധാരണാപിശകുകള്‍ ഇതിലുണ്ട്. യൂറോപ്പില്‍ പ്ലേഗ് പടര്‍ന്നുപിടിച്ച കാലത്ത് പ്ലേഗ് ബാധിതരെ ശുശ്രൂഷിക്കാനായി സന്യാസസമൂഹങ്ങള്‍ ഉണ്ടായി. പ്ലേഗ്കാലം അവസാനിച്ചപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ അവര്‍ കുഴങ്ങി. സന്യാസസമൂഹങ്ങള്‍ക്ക് വ്യക്തവും കൃത്യവുമായ ആന്തരിക ജീവിതശൈലിയില്ലെങ്കില്‍ അവര്‍ ചെയ്യുന്ന കര്‍മ്മങ്ങളാണ് സന്യാസം എന്ന് തെറ്റിദ്ധരിക്കാന്‍ ഇടയുണ്ട്. സ്കൂളുകള്‍ നടത്തുക, കുടുംബപ്രേഷിതത്വം  നടത്തുക, അനാഥമന്ദിരങ്ങള്‍ നടത്തുക, ആരാധനാ പുസ്തകങ്ങളും തിരുവസ്ത്രങ്ങളും ഉണ്ടാക്കുക... ഇങ്ങനെയൊക്കെയായി സന്യാസസിദ്ധിയെ (charism) കാണാന്‍ തുടങ്ങിയാല്‍ സന്യാസമെന്തെന്നറിയാതെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ഒരുമിച്ച് കുറച്ച് പ്രാര്‍ത്ഥനകള്‍ ചൊല്ലി ഭക്ഷണം കഴിച്ച് കൂട്ടക്രമം ജീവിക്കുന്ന വ്യക്തികളായി സന്യാസിസന്യാസിനികള്‍ മാറും. സന്യാസം ഉള്ളില്‍ പേറുന്നവരാണ് സന്യാസത്തിലേക്ക് വരേണ്ടത്. അല്ലാതെ സ്ഥാപനവത്കൃതമായ സഭയുടെ യന്ത്രഭാഗങ്ങളെ ചലിപ്പിക്കുന്ന ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ പൗരോഹിത്യം രൂപം കൊടുക്കുന്ന 'സംഘടനകള്‍' ആകരുത് സന്യാസസമൂഹങ്ങള്‍. ക്രിസ്തുചൈതന്യത്തില്‍ രൂപീകൃതമാകുന്ന ദൈവരാജ്യത്തെ കെട്ടിപ്പടുക്കുന്നതില്‍ സഭയുടെ ഭാഗമായിനിന്ന് സമൂഹത്തില്‍ ഇടപെടാന്‍ അവര്‍ക്ക് കടമയുണ്ടു താനും.

മഠങ്ങളുടെ ഭാവി

എന്താവും വരുംകാലം നമ്മുടെ സന്യാസിനിസമൂഹങ്ങളുടെ ഭാവി? ഇപ്പോള്‍തന്നെ മഠങ്ങള്‍ ആളൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ നിലയിലാണ് കാര്യങ്ങള്‍ പോകുന്നതെങ്കില്‍ ഏറിയാല്‍ ഒരു ഇരുപതുവര്‍ഷം, അതിനുള്ളില്‍ വൈദികരുടെ എണ്ണത്തേക്കാള്‍ കുറഞ്ഞ എണ്ണമായി സന്യാസിനികള്‍ മാറും. എഴുപതുകളും എണ്‍പതുകളുമൊക്കെ സന്യാസിനിസമൂഹങ്ങളിലേക്ക് പെണ്‍കുട്ടികളുടെ കുത്തൊഴുക്കിന്‍റെ കാലമായിരുന്നു. ആ ദൈവവിളികള്‍ക്ക് പിന്നില്‍ ചില സാമൂഹ്യഘടകങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കണമെങ്കില്‍ എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളിലുമായി ഇവിടെ ഉണ്ടായ സാമൂഹ്യ-സാംസ്കാരിക മാറ്റം പെണ്‍കുട്ടികളുടെ ജീവിതത്തില്‍ കൊണ്ടുവന്ന മാറ്റത്തെ മനസ്സിലാക്കണം.

ആഗോളസംസ്കാരം നമ്മുടെ നാട്ടില്‍ എത്തിയപ്പോള്‍ ജീവിതത്തിന്‍റെ മാറ്റം അറിഞ്ഞ ആദ്യസമൂഹം സ്ത്രീസമൂഹമായിരുന്നു. അന്നോളം പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ അടുക്കളപണിക്കാരിയായിരുന്ന പെണ്ണ് വിദ്യാസമ്പന്നയായി, ജോലിക്കാരിയായി, സാമൂഹ്യസഞ്ചാര സ്വാതന്ത്ര്യങ്ങള്‍ സിദ്ധിച്ചവളായി, ഒരു വലിയ പരിധിവരെ സാമ്പത്തിക സ്വാതന്ത്ര്യം നേടിയവളായി. ആഗോളസംസ്കാരം വിവേചനമില്ലാതെ പെണ്ണിനും ആണിനും മുന്‍പില്‍ ഒരേ സാധ്യതകള്‍ തുറന്നുവച്ചു. ആ സാധ്യതകളെ ഏറ്റവും നന്നായി ഉപയോഗിച്ചവര്‍ സ്ത്രീകളാണ്. ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ നിന്നുമുള്ള സ്ത്രീകള്‍ നേഴ്സിംഗ്, ഐടി മേഖലകളിലൂടെ സാമ്പത്തിക - സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിച്ചു. അടുക്കളക്കാരികളായി മാത്രം ജീവിച്ച തലമുറയിലെ സ്ത്രീകള്‍ക്ക് കന്യാസ്ത്രീമഠങ്ങളും അവയുടെ മിഷന്‍ മേഖലയും വലിയ സ്വാതന്ത്ര്യത്തിന്‍റെ തുറവി കൊടുത്തപ്പോള്‍ അതിനേക്കാള്‍ വലിയ സ്വാതന്ത്ര്യമാണ് ആഗോളവത്കരണത്തിന്‍റെ സാമൂഹ്യമാറ്റം അവര്‍ക്ക് കൊടുത്തത്. അതുകൊണ്ട് കന്യാസ്ത്രീമഠങ്ങള്‍ പുതുതലമുറയ്ക്ക് പാരതന്ത്ര്യത്തിന്‍റെ ഇടങ്ങളായി. സന്യാസിനിസമൂഹങ്ങളാകട്ടെ കാലോചിതമായി സന്യാസപരിശീലനത്തിന്‍റെയും ജീവിതത്തിന്‍റെയും ഘടനയെ മാറ്റാന്‍ ശ്രമിച്ചുമില്ല. സന്യാസിനിമഠങ്ങള്‍ക്ക് ഉണ്ടായ ഈ സംഖ്യാ അപചയം പൗരോഹിത്യത്തിന് സംഭവിക്കാത്തതിന്‍റെ പ്രത്യക്ഷമായ കാരണം പൗരോഹിത്യത്തിന് കിട്ടുന്ന സാമൂഹ്യസ്വാതന്ത്ര്യവും ആദരവും ജീവിതസുരക്ഷിതത്വവും ആണ്. പൗരോഹിത്യത്തിനു കിട്ടുന്ന സാമൂഹ്യആദരവിന്‍റെ അളവുമാപിനിയില്‍ വലിയ ഇടിവ് സംഭവിക്കുന്നതോടൊപ്പം പൗരോഹിത്യജീവിതത്തിലേക്കുള്ള 'ദൈവവിളി'യുടെ ബൂം പീരീഡ് അവസാനിച്ചു എന്ന് വേണം ഊഹിക്കാൻ. യൂറോപ്പില്‍ ആദ്യം മഠങ്ങള്‍ക്കു സംഭവിച്ചത് പിന്നീട് പൗരോഹിത്യത്തിന് സംഭവിച്ചു. ഭാരതസഭയും അതേ വഴിക്കാണോ എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. നിലവിൽ സഭയിൽ അരങ്ങേറുന്ന സംഭവവികാസനകൾ മഠങ്ങളുടെ ഭാവി (ഒപ്പം പൗരോഹിത്യത്തിന്റേയും) പ്രതീക്ഷത്തിൽ കൂടുതൽ വേഗത്തിൽ അതിജീവനത്തിന്റെ അസംഘർഷത്തിൽ എത്തിക്കും.

സന്യാസം ഒരു ജീവിതശൈലിയാണ്. മനസ്സിലാണ് സന്യാസം ആദ്യം ജനിക്കുന്നത്. വ്രതബദ്ധജീവിതത്തിനും കൂട്ടക്രമങ്ങള്‍ക്കുമപ്പുറം മനസ്സിന്‍റെ സന്യാസം തിരിച്ചറിഞ്ഞവര്‍ മാത്രമായിരിക്കണം അത് ജീവിക്കേണ്ടത്.  സന്യാസത്തിന്‍റെ 'ഉള്‍വിളി' (vocation) അത്യപൂര്‍വ്വമാണ്.  അതുകൊണ്ടുതന്നെ ഇതിനെ പ്രകൃതിദത്തമല്ലാത്ത (super natural and exceptional) ജീവിതശൈലി എന്നാണ് വിളിക്കുന്നത്. മനുഷ്യര്‍ പൊതുവില്‍ ജീവിക്കേണ്ടത് (normative) കുടുംബബന്ധിയായ ജീവിതശൈലിയാണ്. എന്നാല്‍ ചിലര്‍ 'ദൈവരാജ്യത്തെക്കുറിച്ചുള്ള തീക്ഷ്ണതയാല്‍ സ്വയം ഷണ്ഡത്വം തിരഞ്ഞെടുക്കാനുള്ള' (മത്താ. 19:12) തീരുമാനമെടുക്കുന്നത് അവരുടെ പ്രകൃത്യാ ഉള്ള സ്വഭാവസവിശേഷത (natural trait) കൊണ്ടാണ്. ഇതൊരു ന്യൂനപക്ഷത്തിന്‍റെ ജീവിതശൈലിയാണ്. കൂട്ടംകൂടി ആള്‍ക്കൂട്ടമാകേണ്ട ഒന്നല്ല സന്യാസം.

പൗരോഹിത്യത്തിനുള്ളില്‍ കൂടിക്കലര്‍ന്നുപോയ പുരുഷസന്യാസം

പൗരോഹിത്യം സഭയുടെ അജപാലനദൗത്യത്തിന്‍റെ ഭാഗമാണ്. ആദിമപാരമ്പര്യമനുസരിച്ച് ഒരു വിവാഹിതനോ സന്യാസിക്കോ ഏകസ്ഥനോ പുരോഹിതനാകാന്‍ കഴിയുമായിരുന്നു. പൗരോഹിത്യത്തിന് അത് നിര്‍വ്വഹിക്കേണ്ട കൃത്യമായ ജോലികളുണ്ട്. അത് നിര്‍വ്വഹിക്കേണ്ട ക്രിസ്തീയശൈലിയുണ്ട്. ആ ശൈലിയുടെ ക്രിസ്തീയ ആത്മീയതയുണ്ട്. അതിനപ്പുറം അതൊരു ജീവിതശൈലിയല്ല. നിര്‍ബന്ധിത കന്യാത്വപാലനം പൗരോഹിത്യത്തിനോട് കൂട്ടിച്ചേര്‍ക്കപ്പെട്ടതോടെ സന്യാസത്തിന്‍റെ ജീവിതശൈലിയും ആത്മീയതയും അവരോടും പ്രസംഗിക്കപ്പെടാന്‍ തുടങ്ങി. കന്യാത്വജീവിതശൈലി പ്രകൃത്യാ ലഭിക്കുന്ന ഒരു ദാനമാണെന്നും (charism) പൗരോഹിത്യശുശ്രൂഷ ചെയ്യാന്‍ ആഗ്രഹിക്കുന്ന,  വിശ്വാസസമൂഹത്തിന്  സുസമ്മതനായ വിശ്വാസിയോട് കാനോനികനിയമംവെച്ച് ആവശ്യപ്പെടാന്‍ കഴിയുന്നതല്ലെന്നുമുള്ള തിരിച്ചറിവ് പാശ്ചാത്യസഭയ്ക്ക് ഇല്ലാതെപോയി. പാശ്ചാത്യസഭയുടെ ആ ശൈലിയെ വേണ്ടത്ര വിവേചനമില്ലാതെ ചില പൗരസ്ത്യസഭകളും സ്വീകരിച്ചു. അന്നുമുതലാണ് പൗരോഹിത്യവും പുരുഷസന്യസ്ത ജീവിതവും തമ്മിലുള്ള അന്തരം വിശ്വാസികള്‍ക്കിടയിലും എന്തിനേറെ സന്യാസപൗരോഹിത്യം സ്വീകരിക്കുന്നവര്‍ക്കിടയില്‍പോലും ഇല്ലാതെ പോയത്.

പുരുഷസന്യാസവും പൗരോഹിത്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ സമൂഹത്തിനും സന്യാസികള്‍ക്കും പുരോഹിതര്‍ക്കും വ്യക്തമാകുംവിധം തെളിച്ചിടേണ്ട കാലം ഇന്ത്യന്‍ സഭാപശ്ചാത്തലത്തില്‍ അതിക്രമിച്ച് കഴിഞ്ഞിരിക്കുന്നു. ഇത് വെറും ഉത്ബോധനത്തിലൂടെ മാത്രം സാധ്യമാകുന്ന ഒന്നല്ല, പതിനഞ്ചും പതിനേഴും വയസ്സുള്ള ആണ്‍കുട്ടികള്‍ 'അച്ചനാകാന്‍' ആഗ്രഹിച്ച് സെമിനാരിയല്‍ ചേരുന്നു. അവര്‍ സത്യത്തില്‍ എന്താണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കിക്കൊടുക്കാന്‍ ഇവിടുത്തെ സഭാസംവിധാനങ്ങള്‍ക്കോ പുരോഹിതര്‍ക്കോ സന്യസ്തര്‍ക്കോ മാതാപിതാക്കള്‍ക്കോ പലപ്പോഴും കഴിയുന്നില്ല.

ഒരാള്‍ 'അച്ചനാകാന്‍' ആഗ്രഹിക്കുന്നു എന്നു പറയുമ്പോള്‍തന്നെ അയാള്‍ ആഗ്രഹിക്കുന്നത് പൗരോഹിത്യമാണെന്ന് ആദ്യംതന്നെ വ്യക്തമാക്കണം. ആ ആഗ്രഹത്തിന് പിന്നില്‍ കാര്യമായ സന്യസ്തവാഞ്ഛയൊന്നും ഉണ്ടാവില്ല. അവരില്‍ ചിലര്‍ രൂപതാസെമിനാരിയില്‍ ചേരുന്നു. അവിടെ അഡ്മിഷന്‍ കിട്ടാത്ത ചിലര്‍ സന്യാസസഭകളില്‍ വരുന്നു. സന്യാസസഭകളില്‍നിന്ന് മടക്കി അയയ്ക്കുന്ന ചിലര്‍ ചില രൂപതാസെമിനാരികളില്‍ പോയി ചേരുന്നു. എല്ലാവരുടെയും ലക്ഷ്യം പ്രധാനമായി ഒന്നേയുള്ളൂ - ഒരു പുരോഹിതനാവുക. അത് തെളിവുസഹിതം മനസ്സിലാക്കണമെങ്കില്‍ നിലവില്‍ ഇവിടെ സന്യസ്തജീവിതം മാത്രമുള്ള സന്യാസസഭകള്‍ക്ക് എന്തു സംഭവിച്ചു എന്ന് ശ്രദ്ധിച്ചാല്‍ മതി. ഇവിടെ കന്യാസ്ത്രിമഠങ്ങളൊക്കെ അടച്ചുപൂട്ടലിന്‍റെ വക്കിലേയ്ക്ക് എത്തിയെന്ന യാഥാര്‍ത്ഥ്യം കേരളസഭ ഞെട്ടലോടെ തിരിച്ചറിഞ്ഞുതുടങ്ങി. പക്ഷെ അതിനൊക്കെ ഒത്തിരിമുന്‍പേ പുരുഷന്മാരുടെ സന്യാസം മാത്രം ജീവിക്കുന്ന സഭകള്‍ അന്യംനില്‍ക്കാന്‍ തുടങ്ങിയിരുന്നു. "ബ്രദേഴ്സ് കോണ്‍ഗ്രിഗേഷന്‍സ്" എന്നു വിളിക്കുന്ന സന്യാസസമൂഹങ്ങള്‍ പലതും പൗരോഹിത്യത്തിലേക്ക് ചേക്കേറുകയോ അടുത്ത രണ്ടു ദശാബ്ദത്തിനുള്ളില്‍ അടച്ചുപൂട്ടുകയോ ചെയ്യണം എന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി കേരളസഭയില്‍ ഉണ്ടായ 'പൗരോഹിത്യ ദൈവവിളികള്‍'ക്ക് ഒരു മുഖ്യപങ്കു വഹിച്ചത് ഇവിടുത്തെ വിവിധ സന്യാസ സഭകളാണ്. "പൗരോഹിത്യമില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ സന്യാസം എങ്ങനെ ജീവിക്കും?" എന്ന് ചോദിച്ചാല്‍ വളരെ വ്യക്തതയോടുകൂടി പറയാന്‍ കഴിയുന്ന പുരുഷസന്യസ്തര്‍ വളരെ തുച്ഛമാണ്. സാധാരണ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ളോഹയിട്ട് നടക്കുന്ന എല്ലാവരും അച്ചന്മാര്‍ മാത്രമാണെന്ന പൊതുധാരണയും ഉണ്ട്. അതുകൊണ്ട് ഇതുവരെ പുരുഷസന്യസ്തര്‍ അവരുടെ സന്യാസ സ്വത്വം കൃത്യമായി അന്വേഷിച്ചിട്ടില്ല.

ഒരാള്‍ പുരോഹിതനാകുന്നതിന് പിന്നില്‍ ആത്മീയകാരണങ്ങള്‍ മാത്രമാണ് ഇന്നോളം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ആത്മീയ കാരണങ്ങള്‍ക്ക് അപ്പുറത്ത് സാമൂഹികവും സാമ്പത്തികവും മനഃശാസ്ത്രപരവുമായ കാരണങ്ങള്‍ ഉണ്ട് ഒരാള്‍ പൗരോഹിത്യം ആഗ്രഹിച്ച് പരിശീലനത്തിനുവേണ്ടി വരുമ്പോള്‍. ആ കാരണങ്ങളെ വേണ്ടവിധം വിലയിരുത്തിക്കൊണ്ട് ക്രിസ്തീയഗുണമുള്ള (quality vocation) ദൈവവിളികളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയാതെ പുരോഹിതരാകുന്നവരുടെ എണ്ണത്തില്‍ മതിമറന്ന് (quantity) കേരളസഭ ദൈവവിളിയുടെ ഈറ്റില്ലമാവുകയാണെന്ന് നാം തെറ്റിദ്ധരിച്ചു. എണ്‍പതുകള്‍ക്ക് മുന്‍പ് അതായത്, ആഗോളസംസ്കാരവും ശാസ്ത്രസാങ്കേതികവിദ്യയും അണുകുടുംബങ്ങളും നമ്മുടെ നാട്ടില്‍ പ്രചാരയായിരുന്നു പൗരോഹിത്യം. എന്നാല്‍ അണുകുടുംബകേന്ദ്രീകൃതവും പാശ്ചാത്യസംസ്കാരത്തോട് തുറന്നതും സാമ്പത്തിക ഉന്നമനം പ്രാപിച്ചതുമായ ഒരു മദ്ധ്യവര്‍ഗ്ഗ സമൂഹം ഇവിടെ രൂപപ്പെടാന്‍ തുടങ്ങിയ കാലം മുതല്‍ സമൂഹത്തിലെ സാമ്പത്തികവും സാമൂഹികവുമായി താഴെക്കിടയിലുള്ള കുടുംബങ്ങളില്‍ നിന്നുമായി ദൈവവിളിയുടെ കുത്തൊഴുക്ക്. അതില്‍ നല്ലൊരു ശതമാനം ആധുനിക മാത്സര്യവിദ്യാഭ്യാസത്തോട് മല്ലടിച്ച് നില്‍ക്കാന്‍ കഴിയാതെ പോയവരുമായിരുന്നു. ആ 'ദൈവവിളികള്‍'ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മനഃശാസ്ത്രഘടകം വേണ്ടവിധം വിലയിരുത്തപ്പെടാതെ പോയി. വരേണ്യതയിലേയ്ക്ക് എത്തിപ്പെടാനുള്ള എളുപ്പവഴിയായി പൗരോഹിത്യത്തെ ഇവര്‍ നോക്കിക്കണ്ടിരുന്നോ എന്നാണ് അന്വേഷിക്കേണ്ടിയിരുന്നത്. അധികാരം, സാമൂഹ്യ അംഗീകാരം, ജീവിതസുരക്ഷിതത്വം ഇവയൊക്കെയാണ് വരേണ്യതയുടെ ബാഹ്യമുഖങ്ങള്‍. ഇവ എളുപ്പത്തില്‍ ആര്‍ജ്ജിക്കാന്‍ പൗരോഹിത്യം എന്ന സഭാധര്‍മ്മം ഒരാളെ പ്രാപ്തമാക്കുമെങ്കില്‍ അവിവാഹിതമായ ഒരു ജീവിതശൈലിയെ പുണരാന്‍ അധികം ബുദ്ധിമുട്ടുണ്ടാവില്ല. അതിന്‍റെ ശേഷഭാഗമെന്നോണം വായിക്കേണ്ടതാണ് ജീവിതപ്രതിസന്ധികള്‍ നിറഞ്ഞ മിഷന്‍മേഖലകളിലേക്ക് പോകാന്‍ സന്നദ്ധത കുറഞ്ഞ, സുഖസമൃദ്ധിയുള്ള പശ്ചാത്യനാടുകളിലേക്ക് പോകാന്‍ തിരക്കുകൂട്ടുന്ന ഒരു പുരോഹിത-സന്യാസവര്‍ഗ്ഗം രൂപപ്പെട്ടത്.

എങ്ങനെയാണ് പൗരോഹിത്യം വിഴുങ്ങിക്കളഞ്ഞ പുരുഷസന്യാസത്തെ വീണ്ടെടുക്കാന്‍ കഴിയുക? എങ്ങനെയാണ് ഗുണമുള്ള പൗരോഹിത്യദൈവവിളികള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയുക? അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍കൊണ്ടേ അത് സാധ്യമാകൂ. അതിന് ബോധവത്ക്കരണത്തിന് അപ്പുറം പോകുന്ന സഭാതീരുമാനങ്ങള്‍ സന്യാസസമൂഹങ്ങളിലും രൂപതാവൈദികര്‍ക്കിടയിലും ആവശ്യമുണ്ട്. ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

1. സന്യാസ സമൂഹങ്ങള്‍ പൊതുവില്‍ പൗരോഹിത്യ പരിശീലനകേന്ദ്രങ്ങള്‍ ആവാതിരിക്കുക. 'സെമിനാരി ഘടന'യില്‍നിന്ന് സന്യാസ പരിശീലന കേന്ദ്രങ്ങള്‍ സത്വരമായ മാറ്റം വരുത്തണം. ജീവിതത്തോട,് ആത്മാന്വേഷണത്തോട,് ജ്ഞാനത്തോട,് മണ്ണിനോട,് മനുഷ്യനോട് തുറന്ന ഒരു ജീവിതശൈലി വളര്‍ത്തിയെടുക്കുന്ന ഇടങ്ങളായി അവ മാറണം. സന്യാസസമൂഹങ്ങളില്‍ ചേരുന്ന ഒരു അര്‍ത്ഥിയ്ക്ക്  വരുന്ന സമയംമുതല്‍ 'അച്ചനാകാന്‍' ഉള്ള പരിശീലനമല്ല കൊടുക്കേണ്ടത്. ഒരു സന്യാസാര്‍ത്ഥി അതത് സന്യാസസമൂഹത്തില്‍ വ്രതം ചെയ്ത് അതിന്‍റെ ഭാഗമാകുവോളം സഭാശുശ്രൂഷയ്ക്ക് ആവശ്യമായ പൗരോഹിത്യതിരുപ്പട്ടം പ്രസ്തുത സന്യാസസഭയില്‍ കൊടുക്കും എന്ന ഉറപ്പൊന്നും കൊടുക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യുന്ന പക്ഷം സന്യാസത്തിലേയ്ക്ക് ഒരാളെ നയിക്കുന്ന പ്രധാന ഘടകം പൗരോഹിത്യമെന്ന ആകര്‍ഷണമാണോ സന്യാസമെന്ന ജീവിതശൈലിയാണോ എന്ന് വേര്‍തിരിച്ചറിയാന്‍ കഴിയും.

2. സഭാ സേവനത്തിന് ആവശ്യമുള്ള അത്രയും പേരെ മാത്രം സന്യാസസമൂഹങ്ങളില്‍നിന്ന് തിരുപ്പട്ടം കൊടുത്ത് വൈദികരാക്കുക. കേരളത്തിലെ നിലനില്‍ക്കുന്ന അവസ്ഥയില്‍ രൂപതകള്‍ക്ക് തന്നെ വൈദികരുടെ ആവശ്യമായ എണ്ണത്തെ നികത്താന്‍ കഴിയുന്നതേയുള്ളൂ. സഭാസേവനത്തിനല്ലെങ്കില്‍ പിന്നെ ആരെയും തിരുപ്പട്ടം കൊടുത്ത് വൈദികനാക്കേണ്ടതില്ല. സഭയില്‍ കേവലപൗരോഹിത്യം (absolute priesthood) എന്നൊന്നില്ല, പൗരോഹിത്യം സഭാസേവനത്തിനാണ്. അതുകൊണ്ട് ഒരാള്‍ക്ക് പൗരോഹിത്യം നല്കുമ്പോള്‍ അദ്ദേഹത്തിന് പ്രവര്‍ത്തിക്കാനുള്ള വൈദികകര്‍മ്മം നിര്‍വ്വഹിക്കാനുള്ള സഭാമേഖലകള്‍ കൂടി കാണിച്ചുകൊടുക്കാന്‍ സഭാധികാരികള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ നിലവില്‍ കേരളത്തിലെ അവസ്ഥയില്‍ നല്ലൊരു ശതമാനം വൈദികരും സഭാസ്ഥാപനങ്ങളുടെ നടത്തിപ്പുകാരാണ്. അതിന് വാസ്തവത്തില്‍ വൈദിക കര്‍മ്മം അനുഷ്ഠിക്കാന്‍ പ്രാപ്തമാക്കുന്ന തിരുപ്പട്ടമെന്ന കൂദാശ ആവശ്യമില്ലാത്തതുമാണ്. സന്യാസ സമൂഹങ്ങളില്‍പ്പെട്ട  വൈദികര്‍ക്ക് സേവനമനുഷ്ഠിക്കാന്‍ ആവശ്യമായ അജപാലന മേഖല കാണിച്ചു കൊടുക്കാന്‍ ഇവിടുത്തെ സഭാനേതൃത്വത്തിന് കഴിയുന്നില്ല. "വിളവ് ചുരുക്കം വേലക്കാര്‍ അധികം" എന്ന അവസ്ഥയാണ്. എന്നാല്‍ കേരളത്തിന് വെളിയിലേയ്ക്കും ലോകത്തിന്‍റെ നാനാഭാഗങ്ങളിലും മിഷനറിമാരായി പോകാന്‍ അനേകം വൈദികരുടെ ആവശ്യമുണ്ട്. എന്നാല്‍ അധികാരികള്‍ നിര്‍ബന്ധിക്കാത്തിടത്തോളം അതിന് സ്വാഭാവികമായ സന്നദ്ധത പ്രകടിപ്പിക്കുന്നവര്‍ നന്നേ കുറവും. ജീവിതത്തിന്‍റെ 'കംഫര്‍ട്ട് സോണു'കളിലാണ് ഇവിടെ പൗരോഹിത്യം. ഇതിലേയ്ക്കാണ് പലപ്പോഴും സന്യാസ പൗരോഹിത്യം ആളെ കൂട്ടിക്കൊണ്ടിരിക്കുന്നത്. ഈ അവസ്ഥ ഇല്ലാതാവണം. സന്യാസസമൂഹങ്ങളുടെ ഉള്ളിലെ കൂദാശകളുടെ പരികര്‍മ്മത്തിനോ  മിഷന്‍മേഖലയിലെ അജപാലന ദൗത്യത്തിനോ അല്ലാതെ ഇവിടെ സന്യാസികള്‍ക്കിടയില്‍ പൗരോഹിത്യം നല്കേണ്ട ആവശ്യം നിലവില്‍ നിലനില്‍ക്കുന്നില്ല. അതായത് ഒരു സന്യാസിയ്ക്ക് പൗരോഹിത്യം  കൊടുക്കുമ്പോള്‍ അദ്ദേഹം അനുഷ്ഠിക്കാന്‍ ബാധ്യസ്ഥനായിരിക്കുന്ന പൗരോഹിത്യകര്‍മ്മത്തിന്‍റെ മേഖലകൂടി വ്യക്തിമായി നിര്‍വ്വചിച്ചിരിക്കണം. അല്ലായെങ്കില്‍ തിരുപ്പട്ടമെന്ന കൂദാശ കൊടുത്ത് 'ഒരാളെ അച്ചനാകാന്‍ വേണ്ടി അച്ചനാക്കേണ്ടതില്ല'.

3. അനര്‍ഹമായ ആദരവുകളില്‍നിന്ന് സന്യാസി പാലിക്കേണ്ട ആന്തരിക അകലത്തെക്കുറിച്ച് കാര്യമായ വ്യക്തതയില്ലാത്തവരാണ് പല പുരുഷസന്യാസികളും. ഒരാളുടെ മതാത്മകവേഷം കൊണ്ടുതന്നെ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ ആദരവ് കിട്ടുന്ന ഒരു സംസ്കാരത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സത്യത്തില്‍ ഒരു സന്യാസിയെ സമൂഹം മനസ്സിലാക്കേണ്ടത് അദ്ദേഹത്തിന്‍റെ ജീവിതശൈലിയില്‍നിന്നാണ്. പക്ഷേ ഇന്ന് സന്യാസം കൂടുതലും ഒരു വസ്ത്രത്തിന്‍റെ പ്രശ്നമായി മാറിയിരിക്കുന്നു. വസ്ത്രം ഒരാളുടെ വ്യക്തിത്വം, സോഷ്യല്‍ റോള്‍, ചിന്താഗതി... എന്നിവ അടയാളപ്പെടുത്തുന്ന സമൂഹത്തില്‍ ഒരു ഗുരുവിനെ ഒറ്റിക്കൊടുക്കാന്‍ ശിഷ്യന് ചുംബനംകൊണ്ട് കാട്ടിക്കൊടുക്കേണ്ടവിധം വസ്ത്രധാരണത്തില്‍ അതിസാധാരണത്വം(ഹമ്യ മെേൗേെ) സൂക്ഷിച്ച ഒരു ഗുരുവാണ് ഇന്ന് പൗരോഹിത്യത്തിന്‍റെയും സന്യാസത്തിന്‍റെയും വെല്ലുവിളി. അങ്ങനെ വന്നാല്‍ ഗുരുത്വം, വാക്ക്, പ്രവൃത്തി, നിലപാടുകള്‍, ജീവിതം എന്നിവകൊണ്ട് തെളിയിക്കേണ്ടിവരും. അത്അത്ര എളുപ്പമല്ല. അതുകൊണ്ടുതന്നെ വസ്ത്രം തരുന്ന സുരക്ഷിതത്വം വെള്ളംതൊടാതെ വിഴുങ്ങാന്‍ പലരും തയ്യാറാകുന്നു.

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച  തുറവിയുടെ ഭാഗമായിരുന്നു സന്യാസികള്‍ക്ക് അവരുടെ വസ്ത്രധാരണത്തില്‍ കാലോചിതവും സംസ്കാരോചിതവുമായ തിരഞ്ഞെടുപ്പു നടത്താനുള്ള സ്വാതന്ത്ര്യം. പൊതുസമൂഹത്തില്‍നിന്ന് "വേര്‍തിരിക്കപ്പെട്ടവര്‍" (The separated ones) എന്ന നിലയിലുള്ള എടുപ്പിലും നടപ്പിലും തന്നെ ഒരാള്‍ ക്രിസ്തീയ സന്യാസത്തിന്‍റെ അന്തസത്തയെ ഭേദിക്കുന്നുണ്ട്. ക്രിസ്തുചൈതന്യം പേറിയ സന്യാസവസ്ത്രങ്ങളുടെയൊക്കെ തുടക്കം 'വിശുദ്ധമായ വേര്‍തിരിക്കപ്പെടലിന്‍റെ അടയാളം' എന്ന നിലയിലായിരുന്നില്ല. ലളിതമായ ഒരു ജീവിതശൈലിയുടെ ഭാഗം എന്ന നിലയിലായിരുന്നു. അവയൊന്നും തുടക്കത്തില്‍ 'മതവസ്ത്രങ്ങള്‍' പോലുമായിരുന്നില്ല. മദര്‍ തെരേസ തൂപ്പുകാരിസ്ത്രീകളുടെ നീലക്കരയുള്ള സാരിയുടുത്ത് ആരംഭിച്ച സന്യാസമുന്നേറ്റമോ അസ്സീസിയിലെ ഫ്രാന്‍സിസ് മഞ്ഞുവീഴുന്ന രാവുകളില്‍ തണുപ്പില്‍നിന്ന് രക്ഷനേടാന്‍ തോട്ടം കാവല്‍ക്കാര്‍ ഉപയോഗിച്ച തലമൂടുന്ന ചാക്കുവസ്ത്രമിട്ട് ആരംഭിച്ച സന്യാസജീവിതമോ ഒന്നും ഒരു 'മതവസ്ത്ര'ങ്ങളാല്‍ സമൂഹത്തിലെ സാധാരണക്കാരില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ഒരു ജീവിതശൈലിയായിരുന്നില്ല. എത്ര പെട്ടെന്നാണ് സന്യാസം 'വിശുദ്ധിയുടെ വെള്ളവസ്ത്രത്തില്‍' ചേക്കേറിയത്! വളരെപ്പെട്ടെന്ന് അവര്‍ ലോകത്തിന്‍റേതല്ലാതായി മാറി. ലോകത്തില്‍ വേരൂന്നിനിന്ന് അതിനെ വിമലീകരിക്കുന്ന ക്രിസ്തുദര്‍ശനം സന്യാസത്തിന് കൈമോശം വന്നു. ഒരു വസ്ത്രം കൊണ്ടുപോലും പുരോഹിതനും പുരുഷസന്യാസിയും തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലേക്ക് 'പൗരോഹിത്യത്തിന്‍റെ വെളുപ്പിലേക്ക്' പുരുഷസന്യാസം ചേക്കേറി. ളോഹ ആദരവിന്‍റെ പ്രതീകമായി. വിശുദ്ധിയുടെ വിശുദ്ധയിടത്തില്‍നിന്ന് വേര്‍തിരിവിന്‍റെ തിരശീല കീറി ഭൂമിയിലേക്ക് വന്ന 'മാംസം ധരിച്ച വചന'ത്തിന്‍റെ ചൈതന്യത്തെ വീണ്ടും വിശുദ്ധയിടത്തിലും വിശുദ്ധവസ്ത്രത്തിലും വിശുദ്ധവ്യക്തികളിലുമാക്കി തളയ്ക്കുമ്പോള്‍ അതിന്‍റെ പ്രൗഢിയിലേക്കാണ് പുരുഷസന്യാസവും ചേക്കേറുന്നത് എന്ന് സന്യാസികള്‍ പോലും മറന്നു.

4. സന്യാസത്തോട് ചേദിക്കേണ്ട ഏറ്റവും അടിസ്ഥാനപരമായ ചോദ്യം - നിങ്ങളില്‍ എത്രപേര്‍ പൊതുസമൂഹത്തെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസമുള്ളവരാണ്? പൗരോഹിത്യം വളരെ കൃത്യമായി സഭാസേവനത്തിന്‍റെ ശുശ്രൂഷയാണ്. സഭയെ ഒരു സ്ഥാപനമായി മനസ്സിലാക്കുന്ന കാലത്തോളം  പൗരോഹിത്യത്തിന്‍റെ പ്രസക്തി സഭയ്ക്കുള്ളില്‍ മാത്രമാണ്. എന്നാല്‍ സന്യാസം അങ്ങനെയല്ല. സന്യാസം മതാതീതമാണ്. ക്രിസ്തീയസന്യാസം ക്രിസ്തുവിന്‍റെ ചൈതന്യംപേറി ദൈവരാജ്യത്തിന്‍റെ സുവിശേഷം പരിധികളില്ലാത്ത ലോകത്തില്‍ എത്തിക്കാന്‍ ജീവിതംകൊണ്ട് ശ്രമിക്കുന്നതാണ്. അവിടെ സഭയെന്ന സ്ഥാപനത്തിന് അപ്പുറത്തേക്കാണ് സുവിശേഷത്തിന്‍റെ ചൈതന്യം മനുഷ്യഹൃദയങ്ങളെ കണ്ടുമുട്ടുന്നത്. ഈ ദൗത്യം പ്രവാചകപരമാണ്. അവര്‍ സംസാരിക്കുന്ന ഭാഷ കാലദേശങ്ങള്‍ക്കും മതസംസ്കാരങ്ങള്‍ക്കുമപ്പുറം എല്ലാ മനുഷ്യനും മനസ്സിലാക്കേണ്ടതാണ്. എത്ര സന്യാസികള്‍ ഒരു മതസ്ഥാപനമായി മനസ്സിലാക്കപ്പെട്ട സഭയ്ക്ക് പുറത്തേയ്ക്ക് പൊതുസമൂഹത്തെ അഭിമുഖീകരിക്കാന്‍ തയ്യാറാണെന്ന ഒരു വിചിന്തനം ഉചിതമായിരിക്കും. പൗരോഹിത്യത്തിന്‍റെ സാമൂഹിക അംഗീകാരങ്ങള്‍ കിട്ടാത്തയിടങ്ങളില്‍ അസ്വസ്ഥമാകുന്ന ക്രിസ്തീയ സന്യാസം ഒരു വലിയ വിരോധാഭാസമാണ്. സന്യാസത്തിന്റെ സ്വത്വം മതസ്വത്വമായി മാറിയിരിക്കുന്നുവോ! ക്രിസ്തീയത ഒരു മതമല്ലെന്നും അതൊരു ജീവിതശൈലിയാണെന്നുമുള്ള (മാർഗ്ഗം/ The Way) ആദ്യകാല ക്രിസ്തീയതയുടെ തിരിച്ചറിവിലേയ്ക്ക് (നടപടി 24: 14, 2 പത്രോസ് 2: 2) സ്ഥാപനവത്കൃതമായി മാറിയ സഭയെ മടക്കിക്കൊണ്ടുവരാനുള്ള ധർമ്മംകൂടി പേറിയവരാണ് ക്രിസ്ത്യൻ സന്യാസികൾ.  

Monday, January 22, 2018

സിംഹാസനങ്ങളും, കിരീടവും, ചെങ്കോലും കമ്യൂണിക്കേറ്റ് ചെയ്യുന്ന സഭാസങ്കല്‍പ്പമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്; അല്ലാതെ സഭാനേതൃത്വത്തിന് വിശ്വാസികള്‍ കൊടുക്കുന്ന സ്നേഹവും ആദരവുമല്ല. സാമ്രാജ്യത്വസഭാസങ്കല്പത്തെ നാം ഇനിയും അംഗീകരിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നുവോ. ലത്തീൻ സഭയ്ക്ക് അതിന്റെ ഇംപീരിയലിസ്റ്റിക് ഹാങ്ഓവർ മാറിവരുന്നതേയുള്ളു. നമ്മൾ ഇംപീരിയലിസ്റ്റിക് സഭയുടെ രൂപഭാവങ്ങൾ തിരിച്ചെടുക്കാനുള്ള അമിതആവേശത്തിലും. സിംഹാസനങ്ങളെല്ലാം ഉറപ്പിച്ച്, പാരഫർണാലിയകളൊക്കെ പൂർത്തിയാക്കി, അങ്കികളുടെ തൊങ്ങണങ്ങൾക്കൊക്കെ മോഡി പിടിപ്പിച്ച്, ആഘോഷങ്ങളൊക്കെ അച്ചട്ടാക്കി..... ഇംപീരിയൽ -മിലിറ്ററി സ്വഭാവങ്ങൾ സഭ പൂർത്തികരിച്ച് കഴിയുമ്പോൾ ഒരാൾ മാത്രം പുറത്ത് നഗ്നനായി, നനഞ്ഞൊലിച്ച്, അചാരങ്ങളറിയാതെ തനിച്ചു നിൽപ്പുണ്ടാവാം - നസ്രത്തിലെ തച്ചൻ. അയാള്‍ക്ക്‌ നമ്മളെപ്പോലെയൊന്നും അത്ര ലളിതനാകാന്‍ അറിയില്ല. റഷ്യൻവിപ്ലവം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുൻപ് "സിനഡ്" കൂടിയ റഷ്യയിലെ ഓർത്തഡോക്സ് സഭ ചർച്ചചെയ്തത് കുർബാനക്കാപ്പയുടെ നിറത്തേക്കുറിച്ചായിരുന്നു. പിന്നീട് ആ സഭയ്ക്ക് എന്തുസംഭവിച്ചു എന്നതും ചരിത്രം. ചരിത്രത്തിലെവിടേയോ സ്ട്രക്കായിപ്പോയ നമ്മുടെ സഭ ഇനി ഇംപീരിയൽ - ഫ്യൂഡൽ-കൊളോണിയൽ-ജനാധിപത്യകാലങ്ങൾ പിന്നിട്ട് ഇന്നത്തെ പോസ്റ്റ്-ഡെമോക്രാറ്റിക് /പോസ്റ്റ്-മോഡേൺ കാലത്തിൽ എത്തുമ്പോഴേയ്ക്കും നമ്മൾ ജീവിക്കുന്ന ലോകവും സമൂഹവും മറ്റൊരുയുഗത്തിൽ എത്തിയിട്ടുണ്ടാവും. എന്നും മുട്ടിൽ വലിഞ്ഞ്, ഔട്ട് ഡേറ്റഡായി, അപഹാസ്യമായി ഇങ്ങനെ സമൂഹത്തിൽ അവതരിക്കാനാണ് നമ്മുടെ വിധി.

Tuesday, January 2, 2018

ഭക്തിയുടെ രാഷ്ട്രീയം

                                                     
ഭക്തി 'അലൌകീകവും അരാഷ്രീയവു'മാണെന്നാണ് പ്രകടദൃഷ്ടിയില്‍ പൊതുസമൂഹം വിലയിരുത്തുന്നത്. കാരണം ഭക്തര്‍ അധികാരത്തിന് വേണ്ടി പടവെട്ടാറില്ല. പൊതുസമൂഹത്തില്‍ കക്ഷിരാഷ്രീയത്തിന്‍റെ വിഭജനവിത്ത്‌ വിതയ്ക്കാറില്ല. പൊതുസമൂഹത്തെ ബാധിക്കുന്ന ഭൌതീകപ്രശ്നങ്ങളിലൊന്നും നേരിട്ട് ഇടപെടാറില്ല. ഈ ധാരണയെ വിശദമായി വിലയിരുത്തേണ്ട വിഷയമാണ്- ഭക്തിയുടെ രാഷ്ട്രീയം. 

ഒരുവന്റെ ജീവിതത്തെ നിര്‍ണ്ണയിക്കുന്ന സാമൂഹ്യതീരുമാനമെടുപ്പ് പ്രിക്രിയയാണ്‌ രാഷ്ട്രീയം. അത് അധികാരവുമായി ബന്ധപ്പെട്ടതാണ്. ഒരാളുടെ ജീവിതത്തെ നേരിട്ട് സ്പര്‍ശിക്കാത്തിടത്തോളം അയാള്‍ എങ്ങനെ രാഷ്ട്രീയത്തില്‍ ഇടപെടുന്നുവെന്ന് മനസ്സിലാവില്ല. പൌരന്‍ സ്വന്തം ജീവിതം സുസ്ഥിരമാക്കാന്‍ ശ്രമിക്കുന്ന സമയങ്ങളിലാണ് രാഷ്ട്രീയം എത്രകണ്ട് പ്രധാനമെന്ന് മനസ്സിലാകുന്നത്‌. ഒരാള്‍ അയാളുടെ ഉപജീവനവഴി തേടുമ്പോള്‍, ആരോഗ്യ-വിദ്യാഭ്യാസ-താമസ സുരക്ഷതേടുമ്പോള്‍, വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍ മത-ധാര്‍മ്മിക ജീവിതം ജീവിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അയാള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും രാഷ്ട്രീയത്തില്‍ ഇടപെടേണ്ടിവരുന്നു. പലപ്പോഴും രാഷ്ട്രവും സമൂഹവും സ്വന്തം നിലനില്‍പ്പിനെ പിന്തുണയ്ക്കുന്നില്ല എന്ന് തോന്നുമ്പോഴാണ് അധികാരത്തിലിരിക്കുന്നവരെ 'സ്വാധീനിക്കാന്‍' ശ്രമിക്കേണ്ടിവരുന്നത്. അതിന് വ്യക്തികളും സംഘടനകളും പല സ്വാധീനമാര്‍ഗ്ഗങ്ങളും തിരഞ്ഞേക്കാം. അധികാരിയാണ് തനിയ്ക്ക് ഇവയെല്ലാം ചെയ്തുതരാന്‍ കഴിവുള്ള ആളെന്ന് അയാള്‍ സ്വയം വിശ്വസിക്കുന്നു. എന്നാല്‍ ശ്രേണീകൃതമായ അധികാരവ്യവസ്ഥിതിയില്‍ ഓരോ അധികാരിയും അവന്‍റെ അധികാരത്തിന്‍ കീഴില്‍ വരുന്ന കീഴാളന്‍റെ  സ്വതന്ത്ര്യത്തെ അപഹരിച്ചെടുത്ത വ്യക്തിയാണ്. 'അധികാരം' ശുശ്രൂഷയുടെ മറുവാക്കാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തിടത്തോളം അടിമത്വത്തിന്‍റെ മേലാള-കീഴാള വ്യവസ്ഥതി സൃഷ്ടിക്കുന്ന മേലാളനാണ് അധികാരിയെന്ന് തിരിച്ചറിയാന്‍ കീഴാളന് കഴിയാതെ പോകുന്നു.

ഈ രാഷ്ട്രീയ ബന്ധത്തെ മതാത്മകഭാഷയിലേയ്ക്ക് മൊഴിമാറ്റുമ്പോള്‍ ഭക്തന്‍ മേലാള-കീഴാള വ്യവസ്ഥയിലെ കീഴാളനാണ്. അവന്‍ അധികാരിയോട്‌ തികഞ്ഞ വിധേയത്വവും ആദരവും കാണിക്കുന്നു. സ്വന്തം നിലനില്‍പ്പിന് വേണ്ടി 'ദൈവ'മെന്ന മേലാളന്‍റെയും മനുഷ്യമേലാളന്മാരുടേയും മുന്‍പില്‍ ഭൂമിയോളം താഴാനും അവന്‍ മനസ്സാണ്. അതുകൊണ്ട് തന്നെ ഭക്തന്‍റെ ദൈവീകബന്ധം നിലനില്‍പ്പിന്റെ കൊടുക്കല്‍-വാങ്ങലുകള്‍ക്ക് അപ്പുറത്തേയ്ക്ക് വളരുന്നില്ല. മതഭക്തയിടങ്ങള്‍  'അനുഗ്രഹ'ത്തിന്‍റെ ഭൌതീകലുത്തിനിയകള്‍ പാടുന്നയിടങ്ങളായി മാറുന്നത് അങ്ങനെയാണ്. 

ഭക്തിയുടെ തലങ്ങള്‍

ഭക്തിയ്ക്ക് രണ്ടു തലങ്ങള്‍ ഉണ്ട്. മനുഷ്യമനസ്സിന്‍റെ ലോലവും അഗാധവുമായ വൈകാരികതയുമായി ബന്ധപ്പെട്ടതാണ് ഒന്നാമത്തെ തലം. അത് പ്രണയം, അതീന്ദ്രിയത എന്നിവയുമായി ബന്ധപ്പെട്ടുനില്‍ക്കുന്ന സൌന്ദര്യാത്മക തലമാണ്. സാക്ഷാത്ക്കാരവഴിയില്‍ വൈകാരികതയ്ക്ക് അതിന്‍റെ ന്യായമായ ഭാഗമുണ്ടെന്ന് അതു നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഈ ഭക്താനുഭവം ഒരു മിസ്റ്റിക് അനുഭവമാണ്. ഭാരതീയതത്വശാസ്ത്രം  സാക്ഷാത്കാരവഴികളെ ഭക്തി-കര്‍മ്മം-ജ്ഞാനം എന്നിങ്ങനെ മൂന്നായിട്ടാണ് തിരിച്ചിരിക്കുന്നത്. ഈ വഴികള്‍ പരസ്പരനിഷേധാത്മകമല്ല (mutually exclusive).   അവ തമ്മില്‍ ഏറിയുംകുറഞ്ഞും ലയനങ്ങള്‍ ഉണ്ട്.   കര്‍മ്മവഴിയില്‍ ചരിക്കുന്ന ഒരാള്‍ ഭക്തിയെ കൂടെ ഒപ്പം ചേര്‍ത്തേക്കാം. ജ്ഞാനവഴി തേടുന്ന ഒരാള്‍ ഒരു പരിധിവരെ ഒരു കര്‍മ്മയോഗിയുമാകാം. ഭക്തിമാര്‍ഗ്ഗം തേടുന്നവര്‍ അവസാനം വ്യക്തി-വിഷയ (subject and object) ദ്വന്ദ്വങ്ങള്‍ ഇല്ലാതെ തുല്യതയുടെ ലയനാനുഭവത്തിലേയ്ക്ക് വരുന്നു.

ഭക്തിയുടെ മറ്റൊരു രൂപഭേദമുണ്ട്. അത് കൂടുതലും മതാത്മകതയുടെ ദ്വന്ദ്വഭാവത്തെ ഊന്നുന്ന സെമറ്റിക് മതങ്ങളില്‍ ആണ് കണ്ടുവരുന്നത്‌. അവിടെ ദൈവവും മനുഷ്യനും തമ്മില്‍ കൃത്യമായ അകലമുണ്ട്. ഭക്തന്‍ അപരിമേയശക്തിയുമായി സ്ഥാപിക്കുന്ന ബന്ധം മേലാള-കീഴാള (superior-inferior) അസമത്വത്തിന്റേതാണ് (a relationship of inequality). അവിടെ സ്രഷ്ടാവും-സൃഷ്ടിയും പരിപൂര്‍ണ്ണലയനത്തിലാവുന്ന, ദ്വന്ദ്വങ്ങളെ മറികടക്കുന്ന ഒരു ആന്തരികാനുഭവത്തെക്കുറിച്ചല്ല, സൃഷ്ടി സ്രഷ്ടാവിന് സ്തുതിപാടുന്ന ആരാധനാബന്ധത്തെക്കുറിച്ചാണ് സംസാരം. അടിമയും ഉടമയും തമ്മിലുള്ള ബന്ധമാണ് ഇവിടെ മനുഷ്യനും ദൈവവും തമ്മില്‍ നിലനില്‍ക്കുന്നത്. അത്തരം മതങ്ങളുടെ ദൈവസങ്കല്പങ്ങള്‍ anthropomorphic (മാനവീകരണം നടത്തിയ വ്യക്തിദൈവം) ആയിരിക്കും.  മേലാളമനുഷ്യനായി സങ്കല്പ്പിക്കപ്പെട്ട ദൈവം എല്ലാ മാനുഷീകശക്തികളുടേയും ഔന്നിത്യത്തില്‍ എത്തിയ ഒരു അദൃശ്യവ്യക്തിയായിരിക്കും.  ക്രിസ്ത്യന്‍-ഇസ്ലാമിക മിസ്റ്റിക്കുകള്‍ ഈ വ്യപസ്ഥാപിത ആത്മീയതയെ മറികടക്കുന്നുണ്ടെങ്കിലും അവയ്ക്ക് മുഖ്യധാരാമതത്തില്‍ ഇടം നേടാന്‍ ആയിട്ടില്ല.


അടിമത്വ വ്യവസ്ഥിതിയില്‍ ഭൌതികമായിത്തീരുന്ന മതാത്മകത

അടിമയും ഉടമയും തമ്മിലുള്ള ബന്ധം ഭൌതികമെന്ന് പറഞ്ഞത് കാള്‍ മാക്സ് ആണ്. അത് കൊടുക്കല്‍-വാങ്ങല്‍ ബന്ധമാണ്. ഒരാള്‍ അയാളുടെ ശാരീരിക അധ്വാനം കൊടുക്കുന്നു, മറ്റേയാള്‍ പ്രതിഫലമായി പണം/ഭൌതീകആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നു. ഭൌതികാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുവോളം ഒരടിമ ഉടമയുടെ വിശ്വസ്തനായിരിക്കും. എന്നാല്‍ എപ്പോള്‍ ഈ ഭൌതികമാനദണ്ഡം മാറ്റപ്പെടുന്നുവോ അപ്പോള്‍ മുതല്‍ അവരുടെ ബന്ധം സംഘര്‍ഷഭരിതമാകും. അതായത് സൌന്ദര്യാത്മകതലത്തിലുള്ള  ഒരു തുല്യതയുടെ ആത്മബന്ധം സത്യത്തില്‍ നിലനില്‍ക്കുന്നില്ല എന്ന് സാരം. ഉപയോഗക്ഷമതയാണ് ഇവിടെ ബന്ധത്തെ നിര്‍ണ്ണയിക്കുന്നത്.

ഈ തത്വം മതത്തിലേയ്ക്ക് പകര്‍ത്തുമ്പോള്‍ ഇന്ന് മതങ്ങളില്‍ ആള്‍ദൈവങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന എല്ലാ ഭക്തമതാത്മകതയും അടിമ-ഉടമ വ്യവസ്ഥിതിയില്‍ ഉരുവെടുത്ത ഭൌതീകതയാണ്. അവയ്ക്കൊക്കെ ആത്മീയതയുടെ ലേബലുകള്‍ ചാര്‍ത്തിക്കൊടുക്കുന്നുവേന്നെയുള്ളൂ. ഇവിടെ ഭക്തര്‍ (ആള്‍)ദൈവത്തിലേയ്ക്ക് ഓടിയെത്തുന്നത് ജീവിതത്തില്‍ എന്തെങ്കിലും പരാജയങ്ങളോ അസുഖങ്ങളോ സാമ്പത്തികക്ലേശങ്ങളോ ബന്ധങ്ങളിലെ തകര്‍ച്ചയോ ഉണ്ടാകുമ്പോഴാണ്. അവയുടെ കാരണങ്ങള്‍ അന്വേഷിക്കുക, പരിഹാരം കണ്ടെത്തുക എന്നിവയാണ് ഇങ്ങനെയെത്തുന്നവരുടെ പരമമായ ലക്‌ഷ്യം. അവയാണ് ഈ ആള്‍ദൈവങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതും. അതുകൊണ്ടാണ് സഭയില്‍ രൂപപ്പെട്ട കരിസ്മാറ്റിക് 'ധ്യാനങ്ങള്‍' പ്രഘോഷിക്കുന്ന 'അനുഗ്രഹങ്ങള്‍' തികഞ്ഞ 'ഭൌതികത'യായിമാറുന്നത്. ആരോഗ്യം, സമ്പത്ത്, ജോലി, നല്ല/സൗന്ദര്യമുള്ള ജീവിത പങ്കാളി, ബുദ്ധിശക്തിയുള്ള മക്കള്‍, ശത്രുസംഹാരം..... ഇങ്ങനെ പോകുന്നു അനുഗ്രഹകണക്കുകള്‍. ഇവയൊന്നും ലഭിയ്ക്കാതെ വരുമ്പോള്‍ പരിഹാരവും പ്രതിഫലവും അദൃശ്യമായ മറ്റൊരു ലോകത്തിലേയ്ക്ക് പ്രൊജക്റ്റ്‌ ചെയ്ത് ഈ ഭക്തമനസ്സുകള്‍ക്ക് ആശ്വാസം കൊടുക്കുന്നു. അങ്ങനെ നിത്യത തന്നെ ഭൌതീകതയുടെ നീട്ടിക്കൊടുപ്പായി മാറുന്നു. ഇങ്ങനെയുള്ള ഒരു മതാത്മകതയെയാണ് മാര്‍ക്സ് 'മനുഷ്യനെ മയക്കുന്ന കറുപ്പ്' എന്ന് വിളിച്ചത്.

അധികാരത്തോട് പക്ഷം ചേരുന്ന നിലനിപ്പിന്റെ 'നിഷ്പക്ഷ'രാഷ്രീയം

ദ്വന്ദ്വഭക്തിയ്ക്ക് നിലനില്‍ക്കുന്ന വ്യവസ്ഥികളെ മാറ്റാനോ നവീകരിക്കാനോ ആവില്ല എന്നുമാത്രമല്ല, അവയുടെ കോട്ടംകൂടാതെയുള്ള പരിപാലനമാണ്‌ ദ്വന്ദ്വഭക്തി ഒരു 'പുണ്യ'മായി കണക്കാക്കുന്നത്. അധികാരം ചോദ്യം ചെയ്യപ്പെടാന്‍ ആവാത്തതെന്ന് അത് മനുഷ്യമനസ്സിനെ നിരന്തരം ഉദ്ബോധിപ്പിക്കുന്നു. 'അനുസരണം' എന്നത് ഒരു വലിയ മത-രാഷ്ട്രീയ മൂല്യമായി ധരിപ്പിക്കുന്നു. 'അനുസരണം ബലിയേക്കാള്‍ ശ്രേഷ്ഠമാണ്' എന്ന ബൈബിള്‍ വചനത്തെ അസ്ഥാനങ്ങളില്‍ ഉദ്ദരിച്ച്‌ ലോകത്തിലെ എല്ലാ അധികാരികള്‍ക്കും മുന്‍പില്‍ മുട്ടുമടക്കി നില്‍ക്കാന്‍ അത് ഭക്തവിശ്വാസികളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഭക്തവിശ്വാസികളാകട്ടെ സ്വതന്ത്രമായ ബൌദ്ധിക അന്വേഷണമില്ലാത്തവരും അനുസരിക്കുന്നതില്‍ മാത്രം പുണ്യം കണ്ടെത്തുന്നവരുമായി. 'അനുസരക്കേട്‌' അത് ആരോടായാലും ഒരു പാപമെന്നപ്രതീതി അവരുടെ മനസ്സില്‍ ഉറഞ്ഞുകൂടി. ഗാന്ധിയുടെ നിയമലംഘനമോ (civil disobedience) ക്രിസ്തുവിന്‍റെ അനുസരണക്കേടോ (യോഹ 5:18) എന്താണെന്ന് അറിയാന്‍ മാത്രം അവരുടെ മനസ്സുകള്‍ക്ക് വിശാലതയുണ്ടാവില്ല.

'സമദൂര'മാണ് നിലനില്‍പ്പിന്റെ രാഷ്ട്രീയം സ്വീകരിക്കുന്ന പ്രായോഗികനിലപാട്. മുതലാളിത്ത വലതുപക്ഷ നിലാപാടാണത്. ആ നിലപാട് നിരന്തരം ഭരിക്കുന്നവനൊപ്പം മലക്കംമറഞ്ഞുവന്ന് നില്‍ക്കുന്ന ഒന്നാണ്. കോണ്ഗ്രസ് ഭരണകാലത്ത് അത് ഭാരതീയജനതാപാര്‍ട്ടിയുടെ ഹിന്ദുത്വനിലപാടിനെ വിമര്‍ശിച്ച് ന്യൂനപക്ഷപീഡനത്തെക്കുറിച്ച് വിലപിച്ച് മുതലെടുക്കും. ഭാരതീയജനതാപാര്‍ട്ടി അധികാരത്തില്‍ എത്തി എന്നറിഞ്ഞാല്‍ ഉടന്‍ മോദിയെ കര്‍ത്താവ് തിരഞ്ഞെടുത്ത ദാസനായി വാഴ്ത്തും (ഉദാ: ശാലോം മാസിക). അധിക്കാരം കിട്ടുമെന്നും താങ്കള്‍ക്ക് നേട്ടമുണ്ടാമെന്നും മനസ്സിലാക്കിയാല്‍ അതുവരെ ഇടയലേഖനം വരെ പുറപ്പെടുവിച്ച് എതിര്‍ത്ത നിരീശ്വരവാദപ്രസ്ഥാനത്തിന് വേണ്ടി വോട്ട് ചോദിച്ചിറങ്ങും. കേന്ദ്രത്തില്‍ സ്വാധിനിക്കാം എന്ന് ഉറപ്പായാല്‍ വര്‍ഗ്ഗീയ തീവ്രവാദപ്പാര്‍ട്ടിക്കൊപ്പം കൂട്ടത്തില്‍ ഒരാളെ കയറ്റിവിട്ട് അവിടെ 'നമ്മുടെ ആളുണ്ട്' എന്ന് ഉറപ്പിക്കും. ചുരുക്കത്തില്‍, ഈ രാഷ്ട്രീയത്തിന് ഒന്നിനോടും തൊട്ടുകൂടായ്മയില്ല, അതുകൊണ്ടുതന്നെ അത് പ്രവാചകപരമല്ല.

പ്രവാചകരാഷ്ട്രീയത്തിന് കൃത്യമായ നിലാപാടുകള്‍ ഉണ്ട്. അത് ക്രിസ്തുവിന്‍റെ രാഷ്ട്രീയം പോലയാണ്. ക്രിസ്തുവിന്റെ സുവിശേഷം ഒരു താരാട്ടുപാട്ട് ആയിരുന്നില്ല. ചിലര്ക്ക് അത് സുവിശേഷം (സത്വാർത്ത) പോലുമായിരുന്നില്ല, ദുര്‍വാര്‍ത്തയായിരുന്നു. അതില്‍ പ്രവാചക ഭാഷയുടെ ചൂടും ചൂരുമുണ്ടായിരുന്നു. കുടിലബുദ്ധിയായ ഭരണാധികാരിയെ കുറുക്കന്‍ എന്ന് വിളിച്ച, പണക്കൊതിയരെ നോക്കി ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും നിങ്ങള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കില്ലെന്നു കണിശമായി പറഞ്ഞ, അനുഷ്ഠാന മതപുരോഹിതരോട് അവരുടെ 'പ്രാര്‍ത്ഥനാ ഷോ'യുടെ പൊള്ളത്തരത്തെക്കുറിച്ചും നീണ്ട അങ്കിയുടെ കാപട്യത്തെക്കുറിച്ചും തീപാറുന്ന വാക്കില്‍ സംസാരിച്ച, കാപട്യം കാട്ടുന്നവരെ 'അണലിസന്തതികള്‍' എന്ന് വിളിച്ച ഒരു കാര്‍ക്കശ്യത്തിന്റെ ക്രിസ്തു സുവിശേഷമുണ്ട്. അത് ശത്രുക്കളെ ജനിപ്പിക്കുന്നത് കൂടിയാണ്. അതുകൊണ്ടാണ് മുപ്പത്തിമൂന്നാം വയസ്സില്‍ മുന്നോട്ടു പോകാനാവാത്തവിധം അവന് ചുറ്റും 'ശത്രുക്കളാ'ല്‍ നിറഞ്ഞത്. കുറുക്കനെ കുറുക്കൻ എന്ന് വിളിക്കാനുള്ള കഴിവ് പ്രവാചകരാഷ്ട്രീയം. അതിനെ sting of the gospel (സുവിശേഷത്തിന്റെ കുത്ത്) എന്ന് വിളിയ്ക്കാം.

ക്രിസ്തു സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചതുകൊണ്ടല്ല കുരിശില്‍ മരിയ്ക്കേണ്ടിവന്നത്. സ്നേഹം, ക്ഷമ, കാരുണ്യം, എന്നിവ എത്ര വേണമെങ്കിലും പഠിപ്പിച്ചുകൊള്ളൂ, നിങ്ങള്ക്ക് ഒന്നും സംഭവിക്കില്ല, മറിച്ച് ഒരു ആത്മീയഗുരു എന്ന അംഗീകാരം നിശ്ചയമായും കിട്ടിയിരിക്കും. മഹാനായ ഹില്ലേല്‍ റബ്ബി ക്രിസ്തുവിന്റെ കാലത്തിന് മുന്പ് തന്നെ സ്നേഹത്തിന്റെ പാഠങ്ങള്‍ ക്രിസ്തുവിനെ പോലെ മനോഹരമായി പഠിപ്പിച്ചിട്ടുണ്ട്. അതില്‍ ക്രിസ്തുവിന് മാത്രം അവകാശപ്പെടാന്‍ പറ്റുന്ന പുതുമയില്ല. ഒരു എറുമ്പിനെ പോലും നോവിക്കരുതെന്ന സ്നേഹപാഠത്തില്‍ വിശ്വസിച്ച ഹില്ലേല്‍ ഗുരു ചുറ്റും ശിക്ഷ്യഗണങ്ങളാല്‍ നിറഞ്ഞ് പ്രായമെത്തി ഒരു പൂജ്യഗുരുവായി മരിക്കുകയായിരുന്നു. ക്രിസ്തുവിന്റെ സുവിശേഷത്തിന്  സ്നാപകന്റെ പ്രവാചകശബ്ദത്തിന്റെ ഇടിമുഴക്കവും ഹില്ലേല്‍ ഗുരുവിന്റെ സ്നേഹത്തിന്റെ തൂവല്സ്പര്ശവും ഉണ്ടായിരുന്നു. തന്റെ കാലഘട്ടത്തിലെ മതനേതൃത്വത്തോട്, രാഷ്ട്രീയനേതൃത്വത്തോട്, സമൂഹനേതൃത്വത്തോട്, പ്രമാണിമാരോട്‌ ക്രിസ്തു ചിലത് 'പാടില്ല' എന്ന് കാർക്കശ്യ ഭാഷയിൽ പറഞ്ഞു. അതായിരുന്നു അവനെ അത്രമേല്‍ "ജനസമ്മതന"ല്ലാതാക്കി മാറ്റിയത്. അതായിരുന്നു കൊലമരത്തോളം ക്രിസ്തുവിനെ കൊണ്ടുച്ചെന്നെത്തിച്ച സുവിശേഷത്തിന്റെ രാഷ്രീയം.

ഭക്തിപ്രസ്ഥാനക്കാര്‍ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് പ്രിയപ്പെട്ട ആരുടെയോ ICU മരണം പോലെ ലളിതവും വൈകാരീകവുമാക്കി തീര്ത്ത ഒന്നാണ് ക്രിസ്തുവിന്റെ വധശിക്ഷ. തിരുരക്തത്തെക്കുറിച്ച് പാടിയും പ്രസംഗിച്ചും മനസ്സിലെ കുറ്റബോധം കഴുകിക്കളയുന്ന ഹന്നാന്‍വെള്ളം പോലെയാക്കി മാറ്റി. ക്രിസ്തു  ക്രൂശിക്കപ്പെടുകയായിരുന്നു, അതും രണ്ട് രാഷ്ട്രീയകുറ്റവാളികള്‍ക്കൊപ്പം. കുരിശിലെ മരണം റോമാക്കാര്‍ അവരുടെ അടിമകളായ ജനതകള്ക്ക് രാഷ്ട്രീയകുറ്റത്തിന് (സാമ്രാജ്യത്തിനോ ചക്രവര്ത്തിക്കോ എതിരെ സംസാരിക്കുകയോ പ്രവര്ത്തിക്കുകയോ ചെയ്യുന്നവര്ക്ക് ) കൊടുക്കുന്ന ശിക്ഷയാണ്. കൂടാതെ ക്രിസ്തുവിന്‍റെ കൂടെ കൊലചെയ്യപ്പെട്ടവര്‍ രണ്ട് റിബെല്ലുകളും (lēstēs). Lēstēs എന്ന ഗ്രീക്ക് വാക്കിന് zealots/bandits/thieves എന്നൊക്കെ അര്ത്ഥം. എന്തെങ്കിലും സാധനങ്ങള്‍ കട്ടെടുക്കുന്ന 'കള്ളന്‍' എന്ന അര്ത്ഥം ഇവിടെ യോജിക്കില്ല. കാരണം അങ്ങനെയുള്ളവരെ ക്രൂശില്‍ തൂക്കിക്കൊല്ലാന്‍ റോമന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. അപ്പോള്‍ അവര്‍ നിശ്ചയമായും ബാറാബാസിനെ പോലെ രാഷ്ട്രീയകുറ്റവാളികള്‍ ആയിരുന്നിരിക്കണം. (‘ആരെ മോചിപ്പിക്കണം, രാഷ്ട്രീയ കലാപത്തില്‍ പിടിക്കപ്പെട്ട ബറാബാസിനെയോ ക്രിസ്തുവിനെയോ’ എന്ന പീലാത്തോസിന്റെ ചോദ്യം അവിടെയാണ് പ്രസക്തമാകുന്നത്). സുവിശേഷത്തിന് ദരിദ്രരോടും ബലഹീനരോടും കൃത്യമായ പക്ഷം ചേരുന്ന ഒരു രാഷ്ട്രീയമുണ്ട്. അത് അപകടകരമായ ഒരു രാഷ്ട്രീയനിലപാടാണ്. അധികാരം ചൂഷണത്തിനും സ്വന്തം സുഖംതേടലിനും ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയത്തോട് അത് നിരന്തരം കലഹത്തിലാണ്. ലോകത്തിലെ എല്ലാ അധികാരികളോടും കണ്ണടച്ച് വിധേയത്വം പറയുന്ന ഭക്തി അധികാരികള്‍ക്ക് പാദസേവചെയ്യുന്ന രാഷ്ട്രീയമാണ് ജീവിക്കുന്നത്. അതിന് ചൂഷണത്തില്‍ പങ്കുപറ്റുന്ന നിലനില്‍പ്പിന്റെ പ്രായോഗികവാദമുണ്ട്. അത് സുവിശേഷാത്മകമല്ല, ക്രിസ്തുമനസ്സിന്‍റെ രാഷ്ട്രീയമല്ല. 

ഭക്തിയും ബുദ്ധിയും - രാഷ്രീയ കര്‍ത്തിത്വബോധം

Fides et Ratio എന്ന ചാക്രിയലേഖനത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വിശ്വാസവും ബൌദ്ധികചിന്തയും പരസ്പരപൂരകങ്ങളായി ഒരുമിച്ച് പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. ബുദ്ധിപൂര്‍വ്വമായ ചിന്തയില്ലാത്ത വിശ്വാസം അന്ധവിശ്വാസത്തിലേയ്ക്ക് വഴിമാറും എന്ന് മാര്‍പാപ്പ ഇവിടെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. (FR IV, 48). വിശ്വാസവും ബുദ്ധിയും ഒരുമിച്ചു കൊണ്ടുപോകാന്‍ വലിയ ബുദ്ധിമുട്ടൊന്നും ആത്മാന്വേഷികളായ മനുഷ്യര്‍ക്കില്ല. "അന്വേഷിക്കുവിന്‍ നിങ്ങള്‍ കണ്ടെത്തും" എന്ന ക്രിസ്തുവചനം അവര്‍ക്ക് എളുപ്പം മനസ്സിലാകും. എന്നാല്‍ ഭക്തരെ സംബധിച്ചിടത്തോളം മതത്തില്‍ ബുദ്ധി ഉപയോഗിക്കുന്നത് വിശ്വാസക്കുറവായിട്ടാണ് കണക്കാക്കുന്നത്.

ബൌദ്ധിക അജ്ഞാനം സൃഷ്ടിക്കുന്നത് ചിന്താശക്തിയില്ലാത്ത ഒരു കൂട്ടം വികാരജീവികളെയാണ്. അവര്‍ക്ക് ഒരിക്കലും രാഷ്രീയ കര്‍ത്തിത്വബോധം (political subjecthood) ഉണ്ടാവില്ല. അവര്‍ അവരുടെ നിയതി അധികാരം കയ്യാളുന്ന ഒരു ചുരുങ്ങിയ എണ്ണം അധികാരിവര്‍ഗ്ഗത്തിന്‌ ഏല്‍പ്പിച്ചുകൊടുത്തുകൊണ്ട് അധികാരി പറയുന്നതും ചെയ്യുന്നതും എല്ലാം 'ദൈവതിരുമാനസ്സാ'ണെന്ന് സ്വയം വിശ്വസിക്കുന്നു. "നിങ്ങള്‍ സത്യം അറിയും, സത്യം നിങ്ങളെ സ്വതന്ത്രമാക്കും' എന്ന യേശുവചനത്തിലെ സത്യം കണ്ടെത്തേണ്ട ഉത്തരവാദിത്വം അവര്‍ അവരുടെ നേതാക്കളെ ഏല്‍പ്പിക്കുകയും നേതാക്കള്‍ അവര്‍ കണ്ടെത്തുന്ന 'സത്യങ്ങള്‍' നിത്യസത്യമായി അണികള്‍ക്ക് വ്യാഖ്യാനിച്ചുകൊടുക്കുകയും, അണികള്‍ അവയില്‍ 'അന്ധമായി' വിശ്വസിക്കുകയും ചെയ്യുന്നു. അങ്ങനെ ഭക്തരില്‍ നിന്ന് എന്തിനുംഏതിനും പോരുന്ന വിമര്‍ശന ചിന്തയില്ലാത്ത ഒരു വലിയ കൂട്ടം അണികളെ സൃഷ്ടിച്ചെടുക്കുന്നു. ഇതാണ് ആശ്രിതരെ സൃഷ്ടിച്ച് അധികാരം കയ്യാളുന്ന രാഷ്രീയം. ഇതിന് മതത്തിനുള്ളിലും പുറത്തും നല്ല വേരോട്ടമുണ്ട്‌. അനുസരിക്കുക മാത്രം ചെയ്യുന്ന ആശ്രിതര്‍ ബുദ്ധിരഹിതമായ ഒരു വലിയ ജനക്കൂട്ടമാണ്. അത്തരം ഒരു ജനക്കൂട്ടത്തെ സൃഷ്ടിച്ചെടുക്കുക എന്നത് അധികാരം കയ്യാളുന്ന പൌരോഹിത്യം നേതൃത്വത്തിന് ആവശ്യമാണ്‌. ഭക്തിപ്രസ്ഥാനങ്ങള്‍ക്ക്  പൌരോഹിത്യം നേതൃത്വത്തിന് ചെയ്തുകൊടുക്കുന്ന സേവനവും അതാണ്‌. അതേസമയം അധികാരം കയ്യാളുന്ന ഈ മതനേത്രുത്വത്തില്‍ മഹാഭൂരിപക്ഷവും ഭക്തരല്ല എന്ന വിരോധാഭാസവും കൂടെയുണ്ട്. ഭക്തിയെ അധികാരം ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ബുദ്ധിഉപയോഗപ്പെടുത്താത്ത, സത്യം അന്വേഷിക്കാത്ത, ഒരു കൂട്ടം ജനത്തെ വാര്‍ത്തെടുക്കുന്നതാണ് ഭക്തിയുടെ സാമ്രാജ്യത്വരാഷ്ട്രീയം. കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ പോലുള്ള ഭക്തിപ്രസ്ഥാനങ്ങളുടെ ഈ സാധ്യതയാണ് തൊണ്ണൂറുകള്‍ക്ക് ശേഷം കേരളസഭയുടെ അധികാരനേതൃത്വം വളരെ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയത്. 

ഇപ്പോള്‍ കേരളസഭയില്‍ ഒരു വലിയ ആള്‍കൂട്ടം ഭക്തിപ്രസ്ഥാനങ്ങളോട് ചേര്‍ന്ന് വളരുന്നുവരുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ആ വലിയ ആള്‍കൂട്ടത്തിന്റെ ഗുണമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ചിന്താശക്തിയുള്ളവര്‍ (ഉന്നതഉദ്ദ്യോഗവും സമ്പത്തും രാഷ്ട്രീയ-സാമൂഹ്യ സ്വാധീനവും ചിന്താശക്തിയുടെ മാനദണ്ഡമല്ല) സഭയില്‍ നിന്ന് അകന്നുപോകുന്നത് ആരും തന്നെ കാര്യമായി ശ്രദ്ധിക്കുന്നില്ല. ഒപ്പം രണ്ടാംവത്തിക്കാന്‍ കൌണ്‍സിലിന് ശേഷം സ്വതന്ത്രഇന്ത്യയില്‍ സഭവളര്‍ത്തിക്കൊണ്ടുവന്ന സ്വതന്ത്രമതനിരപേക്ഷചിന്തയും പുരോഗമനാത്മകവിശാല ആത്മീയകാഴ്ചപ്പാടും കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ അവരുടെ സങ്കുചിത-യാഥാസ്ഥിതിക സമീപനം കൊണ്ട് വലിയ പരിധിവരെ തകര്‍ത്തുകളഞ്ഞു. അത് ഇന്ന് കേരളസഭയെ പൊതുസമൂഹത്തില്‍ അപഹാസ്യമാക്കുകയും സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുകയും ചെയ്യുന്നു. ശാസ്ത്രവുമായി സംവദിക്കാന്‍ കഴിവുള്ള, മത-ജാതി-കക്ഷിരാഷ്രീയ ചിന്തകള്‍ക്ക് അപ്പുറത്തുള്ളവരുമായി ഇടപഴകാന്‍ ആവുന്ന ഒരു പുതുതലമുറ ക്രിസ്തീയവിശ്വാസികളെ വാര്‍ത്തെടുക്കുന്നതില്‍ സഭ അമ്പേ പരാജയപ്പെട്ടു. ചിന്തകള്‍ മരവിച്ച ഒരു കൂട്ടം വൈദീകരെയാണ് നമ്മുടെ ദൈവശാസ്ത്രസെമിനാരികള്‍ പോലും സമ്മാനിക്കുന്നത്. സഭയ്ക്കുള്ളില്‍ നടക്കുന്ന അപചയങ്ങളെ ചോദ്യം ചെയ്യാന്‍ കഴിയുന്ന (internal criticism) വിശ്വാസസമൂഹത്തെ ആട്ടിപ്പായിച്ച് സഭയുടെ പുറത്തുനിര്‍ത്തി, അവരുടെ ആക്രമണം ഏറ്റുവാങ്ങുകയാണ് ഇപ്പോള്‍ (ഉദാ: ലെയ്റ്റി വോയ്സ്, സത്യജ്വാല) സഭ.   

ചോദ്യം ചെയ്യപ്പെടാത്ത അധിക്കാരം കയ്യാളുന്നതും അതിനോട് ചേര്‍ന്നുനില്‍ക്കുന്നതുമാണ് നിലനില്‍ക്കുന്ന ഭക്തിപ്രസ്ഥാനങ്ങളുടെ രാഷ്ട്രീയമാനങ്ങള്‍. അത് 'നിലനില്‍പ്പിന്റെ രാഷ്ട്രീയ'മാണ്. അത് യേശുക്രിസ്തുവിന്റെ സുവിശേഷത്തിനോടോ രാഷ്ട്രീയത്തിനോടോ ബന്ധമില്ലെന്ന് മാത്രമല്ല, അതിന്‍റെ വിപരീതദിശയിലാണ് ചരിക്കുന്നത്.  

ഗ്രന്ഥസൂചിക

Born in Slavery: Slave Narratives from the Federal Writers' Project, 1936–1938, Library of Congress, Manuscript Division. Washington, DC: 2001. 
Douglas E. Oakman, The Political Aims of Jesus, Fortess Press, 2012
John Paul II, Fides et Ratio, 1998.
Salome Lee, "Until We Are All Abolitionists: Marx on Slavery, Race, and Class," in International Marxist-Humanist, October 22, 2011.
Tony Campolo, "The Politics of the Charismatic Movement," in Evangelicals for Social Action, May 11, 2005.