Monday, August 21, 2023

ഇടുക്കിയിടെ പുനരധിവാസത്തില്‍ വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍
--------------------------------- 


ഒരു കര്‍ഷകജനത എന്ന നിലയില്‍ ഇടുക്കിക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് ഇടനാട്ടിലോ തീരപ്രദേശത്തോ വസിക്കുന്നവര്‍ ഇതുവരെ ഗൌരവമായി അന്വേഷിക്കുകയോ മനസിലാക്കുകയോ ചെയ്തിട്ടില്ല എന്നുവേണം പറയാന്‍. അവര്‍ പറയുന്ന ബോധവുംവിവരവും ഇന്നും വൈദ്യുതിപോലും കിട്ടാതെ വനത്തിലും ഉള്‍നാടന്‍ഗ്രാമത്തിലും   താമസിക്കുന്ന ജനതയ്ക്ക് ഉണ്ടാകണമെന്ന് പറഞ്ഞാല്‍ അത്ര എളുപ്പമല്ല. ഇന്ന് നാല്‍പ്പത് പിന്നിട്ട ഇടുക്കിക്കാരില്‍ നല്ല വിദ്യാഭ്യാസം കിട്ടിയവര്‍ തുലോംതുച്ഛമാണ്.  അവര്‍ ജീവിച്ചുവളര്‍ന്ന സാഹചര്യങ്ങള്‍ അപ്രകാരമാണ്. ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന ജില്ലകളില്‍ ഏറ്റവും അരക്ഷിതരായ ജനം അധിവസിക്കുന്ന സ്ഥലമാണ് ഇടുക്കി. അതുകൊണ്iട് പുറംജില്ലക്കാരായ തീവ്രപരിസ്ഥിതി പ്രവര്‍ത്തകരും ഉദ്യോഗത്തിന്റെ സുരക്ഷിതകസേരകളില്‍ ഇരിക്കുന്നവരും ജനപക്ഷത്തുനിന്ന് പ്രശ്നങ്ങള്‍ പഠിക്കാത്ത രാഷ്ട്രീയക്കാരും ഇടുക്കിയെ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍  മറക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്:
1. ഒരു പ്രദേശത്തിന്‍റെ പരിസ്ഥിതിസംരക്ഷണം പ്രാഥമികമായി നിര്‍വ്വഹിക്കേണ്ടത് അവിടെ അതിവസിക്കുന്ന ജനതയാണ്. അതാണ്‌ വികേന്ദ്രീകൃത-ജനാധിപത്യത്തിന്‍റെ ആദ്യത്തെ പരിസ്ഥിതിപാഠം.
2. അടിസ്ഥാനപരമായി ഒരു കര്‍ഷകജനതയായിരിക്കുന്നവരെ വിശ്വാസത്തില്‍ എടുക്കാതെ അവര്‍ മുഴുവന്‍ കയ്യേറ്റക്കാര്‍ ആണെന്ന ധാരണയില്‍ പുറമേനിന്ന് നടത്തുന്ന ആരോപണങ്ങള്‍ മുഴുവന്‍ ക്രിയാത്മകമാകണമെന്നില്ല.
3. ഇടുക്കിയില്‍ റിസോര്‍ട്ടുകളും പാറമടകളും ഗ്രാന്‍ഡീസ് മരവ്യാവസായകൃഷിയും നടത്തുന്ന നൂറുകണക്കിന് വരുന്ന മാഫിയകളുടെ ലിസ്റ്റ് എടുത്തുകഴിഞ്ഞാല്‍ അതില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഇടുക്കിക്കാര്‍. ശേഷം വരുന്നവര്‍ മുഴുവന്‍ ഇടുക്കിയ്ക്ക് പുറത്തുനിന്ന് (പ്രധാനമായും എറണാകുളം തിരുവനന്തപുരം) ഉള്ളവരാണ് എന്ന വൈരുദ്ധ്യമാണ് ഇടുക്കിക്കാരെ ഇത്രയേറെ പ്രകോപിതരാകുന്നത്‌.


എക്കോ-ടൂറിസത്തില്‍ ഏറ്റവും  വലിയ സാധ്യത കൊടുക്കുന്ന കേരളത്തിലെ ഒന്നാം നമ്പര്‍ ജില്ലയാണ് ഇടുക്കി. എന്നാല്‍ ഇടുക്കിയിലെ വിനോദസഞ്ചാരത്തെ, ഹോസ്പിറ്റാലിറ്റി ഇന്‍ടസ്ട്രിയെ നിലവില്‍ കുത്തകകൈവശം വെച്ചിരിക്കുന്നത് ആര്? അത് തീര്‍ച്ചയായും തദ്ദേശീയരായ കര്‍ഷക ജനതയല്ല. സംരക്ഷിതവനമായിരിക്കേണ്ട, കര്‍ഷകര്‍ക്ക് മാത്രം വനത്തിലെ കൃഷിയാവശ്യത്തിന് ഉപാധികളോടെ പട്ടയം കൊടുത്തിരിക്കുന്ന ഇടുക്കിയുടെ നട്ടെല്ലായ ഏലമലക്കാടുകളില്‍ (CHR മേഖല) ഇന്ന് വന്‍മുതലെടുപ്പ് നടത്തുന്നത് ആരാണ്? ആരാണ് ഇവര്‍ക്ക് ഒത്താശചെയ്തുകൊടുത്തത്? എന്തുകൊണ്ടാണ് ഇത്തരം നിയമനിഷേധവും കയ്യേറ്റവും കര്‍ഷകരല്ലാത്ത ഒരു പുറംകക്ഷികള്‍ ഇവിടെ നടത്തിയപ്പോള്‍ ഇവിടെ റെവന്യൂ ഡിപ്പാര്‍ട്ട്മെന്‍റും വനംവകുപ്പും കൈകെട്ടിയിരുന്നത്?

ഏലമലക്കാടുകളിലും മൂന്നാറിലും എങ്ങനെ നിയമപരമല്ലാതെ റിസോര്‍ട്ടുകള്‍ ഉയര്‍ന്നു? ആദ്യചോദ്യം ചോദിക്കേണ്ടത് റിസോര്‍ട്ട് ഉടമകളോടാണ്. നിങ്ങള്‍ക്ക് ഇവിടെ എങ്ങനെ റിസോര്‍ട്ട് നിര്‍മ്മാണത്തിന് ഭൂമി കിട്ടി? 1964ലെ കേരള ലാന്റ് അസ്സൈന്‍മെന്റ് റൂള്‍സും 1993ലെ കേരള ഭൂമി പതിച്ചു നല്‍കല്‍ ചട്ടങ്ങളും വെച്ചാണ്‌ ഇടുക്കിയില്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കുന്നത്.  ഈ രണ്ട് ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിച്ചു കൊടുക്കുന്നതിന്റെ ഉദ്ദേശങ്ങള്‍ ഇവയാണ്: 1) വ്യക്തപരമായ കൃഷി ആവശ്യത്തിന്, 2) വീടുകളുടെ നിര്‍മ്മാണത്തിന് (1993 ചട്ടത്തില്‍ കടകളും ഉള്‍പ്പെടുത്തി), 3) പ്രയോജനപ്രദമായ അനുഭവ അവകാശങ്ങള്‍ക്ക്.

എന്നാല്‍ ഈ നിയമങ്ങളില്‍ ഒന്നും പെടാതെ 'കോമേഷ്യല്‍' എന്ന വിഭാഗത്തില്‍ നിങ്ങള്‍ക്ക്  എങ്ങനെയാണ് ഇവിടെ റിസോര്‍ട്ട് നിര്‍മ്മാണത്തിന് അനുമതി കിട്ടിയത്?  ഈ ചോദ്യത്തിന് മുന്നിലാണ് മുന്‍കാലങ്ങളില്‍ ഇടുക്കിയില്‍ ഉണ്ടായിരുന്ന പ്രദേശിക ഭൂരണകൂടവും റവന്യൂ ഡിപ്പാര്‍ട്ടെമെന്റും ഡിസ്ട്രിക് ടൗണ്‍ പ്ലാനിങ് ഓഫീസര്‍മാരും ഭൂമിയെ വെച്ച് രാഷ്ട്രീയം കളിക്കുന്നവരും ഒരു പോലെ പ്രതികളാവുന്നത്. അവരെ ഏകദേശം ഒരു ഡസന്‍ ചോദ്യങ്ങള്‍ക്ക് മുന്നിലേയ്ക്ക് നിര്‍ത്തിയാല്‍ ഏലമലക്കാടുകളും മൂന്നാറും ഇന്നുകാണുന്ന രീതിയില്‍ നശിപ്പിച്ചതിന് അവര്‍ കണക്കു പറയേണ്ടി വരും. കഴിഞ്ഞയിടെയാണ് 19 കോടി നികുതി നഷ്ടം മൂന്നാറ്, പള്ളിവാസല്‍, ചിന്നക്കനാല്‍  മേഖലയിലെ ടാക്‌സ് ഇനത്തില്‍ തന്നെ ഉണ്ടായതായി ധനവകുപ്പ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയത്.  ഇപ്പോള്‍ ചെയ്യുന്നത് പോലെ നിര്‍മ്മാണനിയമ ലംഘനവും റിസോര്‍ട്ടുകളുടെ നികുതി വെട്ടിപ്പും മലിനീകരണവും അന്വേഷിച്ച് നടക്കുകയല്ല ഡിപ്പാര്‍ട്ട്മെന്റുകള്‍ നടത്തേണ്ടത്. അത് കതിരില്‍ ചികത്സിക്കുന്നതിന് തുല്യമാണ്. രോഗം കടക്കലാണ്, അനധികൃത ഭൂമികയ്യേറ്റത്തിലും പാട്ടവ്യവസ്ഥകളുടെ ലംഘനത്തിലും. ചികിത്സ അവിടെ തന്നെ തുടങ്ങണം. അപ്പോള്‍ ചോദ്യം മാറും- മൂന്നാറിന്‍റെ ചെങ്കുത്തായ മലമുകളില്‍ ഫ്ലാറ്റ് സമാനമായ ഈ  വന്‍സൗധങ്ങള്‍ക്ക് നിലനില്‍ക്കാന്‍ അവകാശമുണ്ടോ? 'ഇല്ല'യെന്ന് വളരെ ലളിതമായ ഉത്തരം.

റിസോര്‍ട്ട്-പാടമട-തോട്ടംമാഫിയകളെ കുടിയൊഴിപ്പിച്ചാല്‍ തീരുന്നതല്ല ഇടുക്കിയിലെ സാധാരക്കാരന്റെ ഭൂമി പ്രശ്നം.പശ്ചിമഘട്ടത്തിലെ ഏറ്റവും പരിസ്ഥിതിവൈവിധ്യമുള്ള ലോലമേഖലയാണ് ഇടുക്കി. വളരെ ജാഗ്രതാപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍ വളരെ പെട്ടെന്ന് കൃഷിയോഗ്യവും വാസയോഗ്യവുമല്ലാതായി മാറാവുന്ന 40 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള മലകളും, കാടുകളും പച്ചപ്പുല്‍കവചവും നിരന്തരം വെട്ടിമാറ്റപ്പെട്ടാല്‍ അതിവേഗം മണ്ണൊലിച്ച് ഊഷരമായി തീരാവുന്ന കൃഷിയിടങ്ങളും മരങ്ങളുടെ പച്ചപ്പുതപ്പ് മാറിയാല്‍ രൂക്ഷവരള്‍ച്ചബാധിക്കാവുന്ന ജനവാസഇടങ്ങളും ചേര്‍ന്ന ദുര്‍ബലപ്രകൃതിയാണ് ഇടുക്കിയുടേത്. ഇടുക്കിയുടെ പ്രകൃതി നശിച്ചാല്‍ പിന്നെ അവിടെ കര്‍ഷകന്‍ ഇല്ല, കൃഷിയില്ല, ടൂറിസം ഇല്ല. ഇടുക്കിയില്‍ മനുഷ്യര്‍ അതിജീവിക്കണമെങ്കില്‍ അത് പ്രകൃതിയോട് ഒപ്പമേ സാധ്യമാകൂ. ഇടുക്കിയ്ക്ക് വേണ്ടത് പരിസ്ഥിതി മൌലീകവാദമോ വികസന മൌലീകവാദമോ അല്ല, സമഗ്രമായ അതിജീവനനയങ്ങളും ഹരിതരാഷ്ട്രീയവുമാണ്. നിലനില്‍ക്കുന്ന അവസ്ഥയില്‍ കര്‍ഷകന് കൃഷികൊണ്ട് മാത്രം ജീവിക്കാന്‍ കഴിയുന്ന അവസ്ഥ ഇടുക്കിയില്‍ ഇല്ല. നിയന്ത്രിതമായ എക്കോടൂറിസമേ ഇടുക്കിയ്ക്ക് താങ്ങാന്‍ കഴിയൂ. വലിയ ജനകൂട്ടത്തെ കടത്തിവിടേണ്ട സാധാരണ വിനോദസഞ്ചാരമേഖലയല്ല ഇത്. ഇവിടെ ത്രീസ്റ്റാര്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട്-വാസികളായ വിനോദസഞ്ചാരികളെയല്ല പ്രോത്സാഹിപ്പിക്കേണ്ടത്. പ്രകൃതിയെ അറിയാനും അനുഭവിക്കാനും വരുന്ന ഉത്തരവാദിത്വബോധമുള്ള യാത്രികരെയാണ്. എക്കോ-ടൂറിസത്തില്‍ നിന്ന് വരുമാനം കണ്ടെത്തേണ്ടത്‌ കുത്തകകള്‍ അല്ല, ഇടുക്കിയിലെ കര്‍ഷകജനത തന്നെയായിരിക്കണം.

ഇടുക്കിയുടെ കര്‍ഷകജനതയുടെ പുനരധിവാസത്തില്‍ ഇനി കൃഷി മാത്രം പരിഗണിച്ചാല്‍ പോരാ, എക്കോ-ടൂറിസവും, ഫാം ടൂറിസവും ഇവിടുത്തെ പ്രാദേശിക കര്‍ഷക ജനതയ്ക്ക് കൈമാറിയേ പറ്റൂ. വന്‍കിട റിസോര്‍ട്ട് - പാറമട - ഗ്രാന്‍ഡിസ് തടിവ്യവസായ കയ്യേറ്റങ്ങളെ ഒഴിപ്പിച്ചേ മതിയാകൂ. ഇടുക്കിയിലെ കര്‍ഷക ജനതയുടെ ജീവനോപാധിയാകേണ്ട ടൂറിസം മേഖലയിൽ ആണ് റിസോർട്ട് മാഫിയകൾ കടന്നുകയറിയത്.

കൃഷിയെ മാത്രം ആശ്രയിച്ച് ഇന്ത്യയില്‍ എവിടെയും കര്‍ഷകന് ജീവിക്കാന്‍ ആവില്ല എന്ന് സ്വതന്ത്ര ഇന്ത്യ കാലംകൊണ്ട് തെളിയിച്ചു കഴിഞ്ഞു. കൃഷിയോടൊപ്പം ഹൈറേഞ്ച് കര്‍ഷകര്‍ക്ക് ആദായകരമായ പലതും പ്രകൃതിയെ മെച്ചപ്പെടുത്തിക്കൊണ്ട് തന്നെ ചെയ്യാനാവുമെന്ന് കാട്ടിക്കൊടുക്കുകയും അതിന് പ്രോത്സാഹനം കൊടുക്കുകയും ചെയ്യേണ്ടത് സംസ്ഥാനസര്‍ക്കാറിന്റെ കടമയാണ്. വനമേഖലയില്‍ ആദ്യകരമായി ചെയ്യാന്‍ കഴിയുന്ന തേനീച്ചവളര്‍ത്തല്‍, വനഹോര്‍ട്ടികള്‍ച്ചറല്‍ (വനഓര്‍ക്കിഡുകള്‍), കേന്ദ്രീകൃത പശു-ആട് വളര്‍ത്തല്‍, പശ്ചിമഘട്ടത്തിലെ ബ്രാന്‍ഡഡ്‌  ജൈവഉത്പ്പന്നങ്ങളുടെ കയറ്റുമതിയൂണിറ്റുകളുടെ നടത്തിപ്പ് (വയനാട്ടില്‍ സ്വകാര്യമേഖലയില്‍ വര്‍ഷങ്ങളായി വലിയ ലാഭത്തില്‍ കര്‍ഷകര്‍ കൊണ്ടുനടക്കുന്ന 'എലമെന്റ്സ്' പോലുള്ള യൂണിറ്റുകള്‍ എന്തുകൊണ്ട് സര്‍ക്കാറിന് ചെയ്യാന്‍ ആവുന്നില്ല!) എന്നിവ സബ്സിഡിയോടുകൂടി തന്നെ പ്രോത്സാഹിപ്പിക്കപ്പെടണം. അതിനെല്ലാം ഉപരിയായി 'ഫാം ടൂറിസം' എന്ന മേഖലയെ പൂര്‍ണ്ണമായി കര്‍ഷകര്‍ക്ക് കൃത്യമായ നിബന്ധനകളോടെ വിട്ടുകൊടുക്കേണ്ടതുണ്ട്. ഇടുക്കിയ്ക്ക് ആവശ്യം ഫാം ഹൌസുകളും കര്‍ഷകര്‍ മേല്‍നോട്ടം വഹിക്കുന്ന ഹോം സ്റ്റേകളുമാണ്. അത് ആ കര്‍ഷകജനതയുടെ ഒരു പ്രധാനവരുമാനമാര്‍ഗ്ഗമായി മാറണം. അഗസ്ത്യാര്‍കൂടം പോലെ മൂന്നാറും ഏലമലക്കാടുകളും  ഇടുക്കിയുടെ പ്രകൃതിലോലമേഘലകളും നിയന്ത്രിതമായ എക്കോടൂറിസത്തിലാണ് ഇടം നേടേണ്ടത്.  ഇവിടെ ത്രീസ്റ്റാര്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട്വാസികള്‍ ആയ വിനോദസഞ്ചാരികളെയല്ല പ്രോത്സാഹിപ്പിക്കേണ്ടത്. എക്കോ-ടൂറിസത്തില്‍ നിന്ന് വരുമാനം കണ്ടെത്തേണ്ടത്‌ കുത്തകകള്‍ അല്ല, ഇടുക്കിയിലെ കര്‍ഷകജനത തന്നെയായിരിക്കണം. വനമില്ലെങ്കില്‍ പിന്നെ ഈ പറയുന്നതൊന്നും ഇല്ലായെന്ന് അപ്പോള്‍ അവര്‍ക്ക് ബോധ്യമാകും. CHR ഇനിയും ജൈവസമര്‍ദ്ധിയില്‍ വളര്‍ന്നേമതിയാകൂ. അതിന്‍റെ ചാലകശക്തിയായി അവിടുത്തെ കര്‍ഷകരായി മാറുകയും വേണം.
എന്നാല്‍ ഫാം ടൂറിസം അടക്കമുള്ള എക്കോ-ടൂറിസത്തെ കൈകാര്യം ചെയ്യാന്‍ ശാസ്ത്രീയമായ പ്രാവിണ്യം നേടിയവരല്ല ഇടുക്കിയിലെ കര്‍ഷകര്‍. ഇടുക്കിയുടെ ഹൈറേഞ്ച് പുനരധിവാസത്തില്‍ കര്‍ഷകജനതയ്ക്ക് എക്കോ-ടൂറിസം സാധ്യതയെ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ കാര്യക്ഷമമായ പരിശീലനവും പ്രത്യേക ഹരിതമാര്‍ഗ്ഗരേഖയും നല്കണം. അല്ലെങ്കില്‍ നിലവില്‍ ഇടുക്കിയില്‍ റിസോര്‍ട്ട് ടൂറിസക്കാര്‍ ഏല്‍പ്പിച്ചതില്‍ കൂടുതല്‍ ആഘാതങ്ങള്‍ കര്‍ഷകജനത വരുത്തിവെക്കും.