Tuesday, July 22, 2014

പരിഭാഷകന്റെ പിൻവാക്ക്

തപശ്ചര്യകളുടെ നിർവൃതിയിൽ ജീവിച്ച മുനിവര്യന്മാരുടെ ഗണത്തിലെ ഫ്രാന്സിസിനോട് ഒട്ടുമേ ആകര്ഷണം തോന്നിയിട്ടില്ല. എന്നാല് സിനോപ്പെയിലെ ഡയോജനസിന്റെയും എ. അയ്യപ്പന്റേയും ജോണ് അബ്രാഹത്തിന്റേയും ജന്മപരമ്പരയില് പെട്ടൊരാള്, ബാവുലുകളുടെ വേഷത്തില് നീട്ടിവളര്ത്തിയ താടിമുടികളോടെ ഉംബ്രിയായുടെ പൊടിപറക്കുന്ന നടവഴികളിലൂടെ നടന്നുപോയൊരാള്, രണ്ട് മരക്കമ്പുകള് ചേര്ത്തുരസി സംഗിതം നിര്മ്മിച്ച് തെരുവിലെ ചിത്തഭ്രമക്കാരനെപ്പോലെ നൃത്തം ചെയ്തൊരാള്... ആ ഫ്രാന്സിസില് ലോകത്തില് ദരിദ്രനും നിസ്സാരനുമായിരിക്കുന്നതിന്റെ നിർവൃതി അറിയാനാവുന്നു. ദരിദ്രനായിരിക്കുക എന്നാല് ഭാരമില്ലാതെ ജീവിക്കുക എന്നതിന്റെ മറുവാക്കായി അയാളില് മാറി. ഭൗതിക ആവശ്യങ്ങളെല്ലാം പൂര്ത്തീകരിക്കപ്പെട്ട് കഴിയുമ്പോള് മാത്രം ഉള്ളിലെ കലകാരനുണരും എന്ന കാപ്പിറ്റലിസ്റ്റ് ചിന്തയ്ക്ക് അയാള് അപവാദമായി.

ഫ്രാന്സിസിന്റെ കാലഘട്ടത്തിലെ സഭ ക്രിസ്തുവിന്റെ കോലങ്ങള് നിര്മ്മിച്ച് കോലംകെട്ടുകളില് മാത്രം വിശ്വസിക്കുകയും അഭിരമിക്കുകയും ചെയ്തു. ദരിദ്രനും വിനീതനും ക്രൂശിതനുമായ സുവിശേഷത്തിലെ ക്രിസ്തു വിസ്മരിക്കപ്പെടുകയും തലയില് പൊന്കിരീടവും പകിട്ടുള്ള സ്വര്ണ്ണ അങ്കിയും ധരിച്ച് അധികാരത്തിന്റെ ചെങ്കോല് കൈയിലേന്തിയ 'ക്രിസ്തുരാജന്' എന്ന കൊളോണിയല് ക്രിസ്തുസങ്കല്പം പ്രബലമാവുകയും ചെയ്തിരുന്ന ഒരുകാലം. സഭാചരിത്രത്തിന്റെ ഈ ദിശാസന്ധിയിലാണ് തകര്ന്നദേവാലയത്തിന്റെ അവശിഷ്ടങ്ങള്ക്കിടയില് അയാള് ക്രൂശിതനെ കണ്ടുമുട്ടുന്നത്. അയാളുടെ ദൈവം അവശിഷ്ടങ്ങള്ക്കിടയിലായിരുന്നു. ആ ദൈവം ഓരം ചേര്ന്ന് നടന്നു. അത് സൗന്ദര്യത്തില് ലയിക്കുന്ന, വാനമ്പാടികളുടെ രാപ്പാട്ടിന് കാതോര്ക്കുന്ന, സൂര്യന്റെ സ്വര്ണ്ണമുടിയിഴകള്ക്കിടയില് ഭാവനയുടെ വിരലോടിക്കുന്ന, അരുവികളുടെ തെളിമയിലും കുളിര്മയിലും ഒളിഞ്ഞിരിക്കുന്ന ദൈവമായിരുന്നു. കാറ്റില് തൂവല് പോലൊരു ദൈവം. സ്നേഹത്തിന്റെ നിലയ്ക്കാത്ത നൃത്തമായിരുന്നു ആ ദൈവം. ''നൃത്തം ചെയ്യാനറിയാത്ത ഒരു ദൈവത്തില് എനിക്ക് വിശ്വസിക്കാനാവില്ല'' എന്ന് ഈശ്വരവാദികളേക്കാള് ഗൗരവമായി ഈശ്വരനെ പരിഗണിച്ച നിരീശ്വരവാദിയായ നീഷ്ചെ പറയുന്നതിന് എത്രയോ നൂറ്റാണ്ടുകള്ക്ക് മുന്പ് നൃത്തം ചെയ്യുന്ന ദൈവത്തെ അസ്സീസിയിലെ ആ കൊച്ചുമനുഷ്യന് കണ്ടുമുട്ടിയിരുന്നു. ചിരിതൂകി നില്ക്കുന്ന മുഖമില്ലാത്തൊരാള് ക്രിസ്തുശിഷ്യനേ അല്ലെന്ന് അയാള് നിസംശയം പറഞ്ഞു. സ്വര്ഗ്ഗത്തിന് വേണ്ടിയല്ലാതെ ഭൂമിക്കു വേണ്ടി അയാള് ദൈവത്തെ സ്നേഹിച്ചു.

സഭ സ്ഥാപനമായി രൂപപ്പെട്ടിരിക്കുന്ന, ആത്മീയത അനുഷ്ഠാനമായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്ന, വാക്കും പ്രവൃത്തിയും അകവുംപുറവും തമ്മില് സംഘട്ടനത്തിലേര്പ്പെട്ടിരിക്കുന്ന കാലഘട്ടത്തിന് വേണ്ടി ക്രിസ്റ്റഫര് കൊയ്ലോയെ പരിഭാഷപ്പെടുത്തുക ഒരു നിയോഗമായിരുന്നു എന്ന് വിശ്വസിക്കുന്നു. സഹ്യന്റെ നിറുകയില് നിന്ന് 'നിശബ്ദ വസന്തം' മലയിറങ്ങി വരുന്നതിന് മുന്പ് പടിഞ്ഞാറ് നിന്ന് കടല് കടന്നെത്തിയ ദേവാലയത്തിന്റെ ജീര്ണ്ണത പൂര്ത്തീകരിക്കപ്പെടും മുന്പ് ഫ്രാന്സിസ് നിന്റെ മടങ്ങിവരവിന് വഴി തെളിക്കാന് ഈ അക്ഷരവെളിച്ചം കൂടി.

Sunday, July 20, 2014

സ്വപ്‌നങ്ങൾ കാണുന്ന പുരുഷനും സ്വപ്നങ്ങൾക്ക് കൂട്ടിരിക്കുന്ന സ്ത്രീയും

അടിസ്ഥാനപരമായ സ്ത്രീപക്ഷചോദ്യം ഇതുതന്നെയാണ്: ''സ്ത്രീയുടെ സ്വപ്നങ്ങള്ക്ക് ആരാണ് കാലപരിധി നിശ്ചയിക്കുന്നത്?'' വിവാഹിതയാകുന്നതോടെ തീരുന്നതാണോ അവളുടെ സ്വപ്നങ്ങള്? പിന്നെയവള് ജീവിക്കേണ്ടത് മറ്റുള്ളവരുടെ സ്വപ്നങ്ങള്ക്കു വേണ്ടി മാത്രമാണോ? ഏതൊരു മഹാന്റെ പിന്നിലും ഒരു സ്ത്രീയുടെ സ്നേഹത്തിന്റേയും കരുതലിന്റേയും പ്രോത്സാഹനത്തിന്റേയും അദൃശ്യകരമുണ്ടെന്ന് പറഞ്ഞ് പുരുഷന്മാര് മാത്രം മഹാന്മാരാകുകയും സ്ത്രീകളെന്നും അദൃശ്യരായി തീരുകയും ചെയ്തുവോ?- ഈയൊരു ചോദ്യത്തെ ഇന്നത്തെ മദ്ധ്യവര്ഗ്ഗ കുടുംബിനികളുടെ ജീവിതപശ്ചാത്തലത്തില് ചര്ച്ചാവിഷമാക്കുകയാണ്  റോഷന് ആന്ഡ്രൂസ് സംവിധാനം ചെയ്ത ''ഹൗ ഓള്ഡ് ആര് യൂ?'' എന്ന ചലച്ചിത്രം.  (ഇംഗ്ലീഷ്-വിഗ്ലീഷ് മലയാളത്തിലേക്ക് കോപ്പി  ചെയ്യപ്പെട്ടതാണോ  ഈ ചലച്ചിത്രം  എന്ന  വിവാദം ഇവിടെ  പ്രസക്തമല്ല). എന്നാല് ഈ പ്രശ്നത്തെ കുറച്ചുകൂടി തീവ്രമായി ''ഒഴിമുറി'' എന്ന ചലച്ചിത്രത്തിലൂടെ മധുപാല് അവതരിപ്പിച്ചപ്പോള് പശ്ചാത്തലജീവിതങ്ങളെക്കുറിച്ചുള്ള അപരിചിതത്വം കൊണ്ടും അഭിനേതാക്കളുടെ താരശോഭക്കുറവുകൊണ്ടും അധികം ചര്ച്ച ചെയ്യപ്പെടാതെ കടന്നുപോയി.

കഥകള് ചുരുക്കത്തില് ഇങ്ങനെ : 
നിരുപമ രാജീവ് എന്ന പട്ടണവാസിയായ ഒരു യൂ.ഡി. ക്ലാര്ക്കിന്റെ കഥ പറയുയുകയാണ് 'ഹൌ ഓള്‍ഡ്‌ ആര്‍ യൂ' എന്ന സിനിമ. ഒരു കോളേജ് വിദ്യാര്ത്ഥിനി എന്ന നിലയില് ആത്മവിര്യവും കഴിവും ഉണ്ടായിരുന്ന നിരുപമ ഭാര്യയും അമ്മയും ആകുന്നതോടുകൂടി വളരെ സാധാരണക്കാരിയായ ഒരു വീട്ടമ്മയായി തീരുന്നു. അവളുടെ ജീവിതം മുഴുവന് വെറും ആവ്റേജുകാരനായ ഭര്ത്താവിനും മകള്ക്കും വേണ്ടിയാണ്. എന്നാല് ഭര്ത്താവ് രാജീവും മകളും ഉയര്ന്ന സ്വപ്നങ്ങള് കാണുകയും അവ സാക്ഷാത്ക്കരിക്കാന് അയര്ലണ്ടിലേയ്ക്ക് ചേക്കേറുകയും അവള് തഴയപ്പെടുകയും ചെയ്യുന്നിടത്താണ് നിരുപമയുടെ ജീവിതത്തിലെ വഴിത്തിരിവ്. അവള് കുടുംബജീവിതത്തിന് വേണ്ടി ബലികഴിച്ച അവളുടെ പഴയ ജീവിതസ്വപ്നങ്ങളെ തിരിച്ച് പിടിക്കുന്നു. ചോര്ന്നുപോയ ആത്മാഭിമാനം പുനരാര്ജ്ജിക്കുന്നു. ഊന്നിത്യങ്ങളുടെ പടവുകള് കയറുന്നു. ആത്മാഭിമാനത്തോടെ ഒരു പെണ്ണായി ജീവിക്കുന്നു. 

ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടാതെ  പോയതുകൊണ്ട്  ഭര്‍ത്താവിന്റെയും മക്കളുടേയും നിരന്തര കളിയാക്കലുകള്‍ക്ക് വിധേയമാകുന്ന ഷശി എന്ന പാചക നിപുണയായ കുടുംബിനിയുടെ  കഥയാണ്‌ 'ഇംഗ്ലീഷ്-വിഗ്ലീഷ്'.  അവള്‍ സ്വയം ഇംഗ്ലീഷ് ഭാഷ ആര്‍ജ്ജിച്ചെടുത്ത് അത്മാഭിമാനിയായ ഒരു ചെറുകിട സംരംഭക കൂടിയായി മാറുകയാണ്. ജീവിതത്തില്‍ ആരൊക്കെയുണ്ടെങ്കിലും സ്വന്തം സ്വത്വം കണ്ടെത്താനുള്ള വഴിയില്‍ താന്‍  തനിച്ചാണെന്ന്  ആ  കുടുംബിനി പഠിക്കുന്ന പാഠമാണ്. "എന്‍റെ അമ്മയോട് ക്ഷമ പറയാന്‍ ഞാന്‍ നിര്‍മ്മിച്ച ചിത്രം" എന്നാണ്  ഈ  ചിത്രത്തെക്കുറിച്ച് അതിന്‍റെ നിര്‍മ്മാതാവായ ഗൌരി ഷിണ്ടേ പറയുന്നത്.

'ഒഴിമുറി' മരുമക്കത്തായ കുടുംബവ്യവസ്ഥയില് നിന്നും മക്കത്തായ കുടുംബവ്യവസ്ഥയിലേയ്ക്ക് ചുവടുമാറുന്ന ഒരു സമൂഹത്തിലെ മൂന്ന് തലമുറകളിലെ പെണ്ണുങ്ങളുടെ (ഒപ്പം ആണുങ്ങളുടേയും) കഥ പറയുന്ന ചിത്രമാണ്. 'ഒഴിമുറി' എന്നാല് പെണ്കോയ്മയുള്ള മാതൃദായക്രമത്തില് പെണ്ണുങ്ങള് ഭര്ത്താക്കന്മാര്ക്ക് കൊടുക്കുന്ന 'വിവാഹമോചന' ചീട്ടാണ്. പെണ്കോയ്മയില് നിന്ന് ആണ്കോയ്മയിലേയ്ക്ക്, കാളിപിള്ളയില് നിന്ന് മകന് താണുപിള്ളയിലേയ്ക്ക്, അധികാരം കൈമാറപ്പെടുമ്പോള് മേല്ക്കോയ്മക്കും - വിധേയത്വത്തിനും ലിംഗഭേദങ്ങളില്ലെന്നും, അധികാരപ്രയോഗത്തിന്റെ ഇരുമ്പുകൃഷിക്കുള്ളില് ഞെരിഞ്ഞമരുന്നത് വിധേയത്വത്തോടെ നില്ക്കുന്ന 'അടിമ'കളുടെ ജീവിതങ്ങളാണെന്നും വെളിവാകുന്നു. കുടുംബജീവിതത്തിന്റെ കെട്ടുറപ്പും ആദര്‍ശമുഖവും കാട്ടിക്കൊടുക്കാന് പഴയതലമുറയിലേയ്ക്ക് വിരല് ചൂണ്ടുന്നവരോട് പെണ്ണിന്റെ ബലിജീവിതത്തില് തകരാതെ നിന്ന ഒരു അടിമ-ഉടമ വ്യവസ്ഥിതിയായിരുന്നു അത് എന്ന് പുതുതലമുറ പറയുന്ന ചിത്രമാണിത്. പുതുതലമുറയെ എന്തിനും ഏതിനും കുറ്റപ്പെടുത്തുന്ന പഴമക്കാരോട് സ്ത്രീപുരുഷസമത്വത്തിന്റെ ചില സുന്ദര പാഠങ്ങള് പുത്തന്‍ തലമുറയുടെ കുടുംബജീവിതത്തെ നോക്കി പഠിക്കാന് കൂടി ഒരു ഓര്മ്മപ്പെടുത്തലുണ്ട് ഈ സിനിമയില്. ദാമ്പത്യജീവിതകാലം മുഴുവന് ഒരു പതിവൃത ചമഞ്ഞ് ഒരു അടിമയെപ്പോലെ ജീവിച്ച മീനാക്ഷിയമ്മ ഭര്ത്താവ് താണുപിള്ളയ്ക്ക് 'ഒഴിമുറി' ചീട്ടുകൊടുത്ത് സ്വതന്ത്ര്യയാകുമ്പോള് ഒന്നേ പറയാനുള്ളു: ''വെറുപ്പു കൊണ്ടോ, സങ്കടം കൊണ്ടോ എടുത്ത തീരുമാനമല്ലിത്. എനിക്ക് ആരോടും വെറുപ്പില്ല, സ്നേഹം മാത്രമേയുള്ളു. പെണ്ണായി ജീവിക്കാന് എന്റെ അമ്മാവി എനിക്ക് പഠിപ്പിച്ചുതന്ന പാഠം ജീവിക്കാന് ശ്രമിക്കുക മാത്രമാണ്."

യജ്ഞകുണ്ഠത്തില് വീണുപോയ പെണ് ഈയാംപാറ്റകള്

സ്വന്തം നിലയ്ക്ക് സ്വപ്നങ്ങള് കാണാനാവാത്ത വിധം തങ്ങളുടെ സ്വപ്നങ്ങളെ കുടുംബത്തിന് വേണ്ടി ബലികഴിച്ചവരാണ് നമ്മുടെ സ്ത്രീകള്. അതാണ് നിരുപമ ഭര്ത്താവ് രാജീവിനോട് പറയുന്നത്: ''ഞാനും പലതും വേണ്ടെന്ന് വെച്ചിട്ടുണ്ട്, രാജീവിനും നമ്മുടെ മോള്ക്കും വേണ്ടി.'' കുടുംബങ്ങളെ സ്ത്രീകളുടെ ത്യാഗത്തിന്റെ പുണ്യത്തില് വാര്ത്തെടുക്കുന്നതില് നമ്മുടെ സംസ്ക്കാരവും മതങ്ങളും വലിയ താല്പര്യം കാട്ടിയിട്ടുണ്ട്. ക്രൂരമായ പീഢനങ്ങളും അവഹേളനങ്ങളും ഏല്ക്കുമ്പോഴും 'മക്കളെയോര്ത്ത്' പൊറുത്തും സഹിച്ചുമാണ് സ്ത്രീകള് കുടുംബം എന്ന സ്ഥാപനത്തെ തകരാതെ മുന്നോട്ട് കൊണ്ടുപോകുന്നത്. 'ഒഴിമുറി'യിലെ പുത്തന്‍  തലമുറക്കാരി ബാലാ എന്ന വക്കീല് ശരത്തിനോട് പറയുന്നതിങ്ങനെ: ''ഇവിടെയുള്ള മിക്ക അമ്മമാരും ഭാര്യമാരും അടിം തൊഴിം വാങ്ങിട്ടാ ജീവിക്കണെ. നാട്ടുകാരെ ഭയന്നിട്ടാ. ഇവിടെ ഡൈവോഴ്സ് എളുപ്പമായിരുന്നെങ്കില് നിലവിലുള്ള പകുതി കുടുംബങ്ങളും ഇല്ലാതായേനെ. കുടുംബം എന്നത് ആണിനും പെണ്ണിനും സുഖിക്കാനുള്ളതല്ല, കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ്.'' ഇങ്ങനെയാണ് നമ്മുടെ വിദ്യാസമ്പന്നരായ സ്ത്രീകള് പോലും ചിന്തിക്കുന്നത്. കുടുംബം തകരാതിരിക്കാന് ഇവര് ചെയ്യുന്ന സഹനത്തേയും ത്യാഗത്തേയും ആദര്‍ശവത്ക്കരിക്കുന്നിടത്താണ് പ്രശ്നം.

ലളിതാംബിക അന്തര്‍ജനത്തിന്റെ 'അഗ്നിസാക്ഷി' എന്ന നോവലില് ഉണ്ണിയേട്ടന് തങ്കത്തോട് പറയുന്നതിങ്ങനെ: ''ഇവിടെ സുഖത്തിനല്ല ധര്മ്മത്തിനാണ് ഗൃഹസ്ഥാശ്രമം. ഭോഗത്തിനല്ല ത്യാഗത്തിനാണ് ദാമ്പത്യം. ജീവിതം ഒരു യജ്ഞമാണെന്ന് ഒടുവില് ഏട്ടത്തിക്കും മനസ്സിലാകും. ''നമ്മുടെ കുടുംബങ്ങളും സമൂഹവും ഇന്നോളം ത്യാഗത്തിന്റേയും ധര്മ്മത്തിന്റേയും പാഠങ്ങള് ചൊല്ലിക്കൊടുത്ത് സ്ത്രീക്കാണ്. അവളത് കേട്ട്, സത്യമെന്ന് വിശ്വസിച്ചു, അനുസരിച്ചു. അവസാനം, ബാലയുടെ വേദംപാട്ടി പറയുന്നതുപോലെ ''കുട്ടികളെ പെറ്റ്, മുലകൊടുത്ത്, തീറ്റയുണ്ടാക്കി, അടിയും ഏറും കൊണ്ട് പോറ്റിവളര്ത്തണത് പെണ്‍പട്ടി തന്നെ. വിശന്ന് വലഞ്ഞ് എല്ലും തോലുമായി പെണ്‍പട്ടി അലയണത് കണ്ടിട്ടില്ലേ? ദൈവത്തോട് വല്ല ന്യായവും പറയാന് പറ്റ്വേ?'' കാര്യം സാധിച്ച് പോയ ആണ്പട്ടിയെവിടെ? കുടുംബം എന്ന സാമൂഹ്യവ്യവസ്ഥയെ താങ്ങി നിര്‍ത്തേണ്ടതിന്റെ പൂര്ണ്ണ ഉത്തരവാദിത്വം എങ്ങനെ ഈ പെണ്‍പട്ടികളുടെ തലയില് വന്നു? ത്യാഗവും യജ്ഞവും ധര്മ്മവും ഇവിടെ അവര്ക്ക് മാത്രമോ? ദൈവത്തോട് (പുരുഷനോട്) ചോദ്യങ്ങള് പാടില്ലല്ലോ!

സുമംഗലിയായിരിക്കുക, പതിവൃതയാവുക, നല്ല കുടുംബിനിയാവുക... ഇങ്ങനെ പോകുന്ന പെണ്ണിന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന കുലീന പുണ്യങ്ങളുടെ പുരുഷനിര്‍മ്മിത പട്ടിക. പെണ്ണിന്റെ അടക്കവും ഒതുക്കവും ചാരിത്രശുദ്ധിയും ഇത്ര വിലപ്പെട്ടതാകുമ്പോഴും പുരുഷന്റെ ദുര്‍നടപ്പിനെ നാമെന്താണ് വളരെ ലാഘവത്തോടെ കാണുന്നത്? 'ആണുങ്ങളല്ലേ അങ്ങനെയൊക്കെ ചിലതെല്ലാം കാണും. നമ്മള് പെണ്ണുങ്ങള് കണ്ടില്ലെന്ന് നടിച്ചേക്കണം.' എന്നുതന്നെയാണ് പഴയ തലമുറസ്ത്രീകള് ഇന്നും നമ്മുടെ പെണ്‍കുട്ടികളോട് ഉപദേശിക്കുന്നത്. സുമംഗലിയാവുക എന്നത് തന്നെ പെണ്ണിന് ഒരു പണിയാണ്. പുരുഷന്‍ പുറത്ത് പണിയെടുക്കുമ്പോള് വീട്ടിലിരുന്ന് മക്കളെ പെറ്റുവളര്ത്തി, കഞ്ഞിയും കറിയും വെച്ച്, വീട് വൃത്തിയാക്കി, ഭര്ത്താവിനെ ശുശ്രൂഷിച്ച് ജീവിക്കുക എന്നത് വെറും ഒരു തലമുറക്കപ്പുറം നമ്മുടെ സ്ത്രീകളുടെ വീട്ടമ്മജോലിയായിരുന്നു. കഴിഞ്ഞ തലമുറ ചില മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സ്ത്രീ വിദ്യാഭ്യാസം നേടിയതോടുകൂടി അവള് വീടിന്റെ അകത്തങ്ങള് വിട്ട് പൊതുവിടങ്ങളിലേയ്ക്ക് ജോലിക്കെത്തിത്തുടങ്ങി. എന്നാല് ഈ സാമൂഹ്യമാറ്റത്തിന്റെ ആദ്യകാലഘട്ടത്തില് സംഭവിച്ചത് വിവാഹനാള് വരെ സ്ത്രീ ഉദ്യോഗസ്ഥയായിരിക്കുയും വിവാഹം കഴിഞ്ഞാല് വീട്ടുജോലി അവളുടെ ഉദ്യോഗമായി മാറുകയും ചെയ്യുന്ന രീതിയാണ്. രണ്ടാം പകുതിയിലാകട്ടെ വിവാഹശേഷവും ജോലിക്ക് പോകുന്ന ഭാര്യമാരെയാണ് നാം കണ്ടത്. അപ്പോള് സ്ത്രീ വിമോചനം പൂര്ത്തിയായെന്ന് നാം വിചാരിച്ചു. എന്നാല് സത്യമതായിരുന്നില്ല. പുറം ലോകത്തില് അവള് സാമ്പത്തിക പര്യാപ്തതയുള്ള സ്വതന്ത്രവ്യക്തിയായിരുന്നപ്പോള് കുടുംബത്തിനുള്ളില് അവള് അപ്പോഴും കീഴുദ്ദ്യോഗസ്ഥയും ശിപായിപ്പണി ചെയ്യുന്നവളുമായിരുന്നു. കുടുംബത്തിനുള്ളില് സ്വന്തം നിലയ്ക്ക് വരുമാനം പോലുമില്ലാത്ത ഭര്ത്താവ് തന്നെയായിരുന്നു അവളുടെ മേലുദ്യോഗസ്ഥന്. ആദരവും ശുശ്രൂഷയും വിധേയത്വവും നോക്കുകൂലിയിനത്തില് പറ്റുന്ന മേലാളന്.

ഭീരുത്വത്തിന്റെ മേല്ക്കോയ്മയും ആത്മവീര്യത്തിന്റെ അടിമത്തവും

പാരമ്പര്യവും ആഢ്യത്തവും അവകാശപ്പെട്ട പണ്ടത്തെ കുടുംബങ്ങളുടെയൊക്കെ പൂമുഖത്ത് ഒരു കസേരയുണ്ടായിരുന്നു - കാലുകള് കൈപ്പിടിയില് കയറ്റി വച്ച് മലര്ന്ന് കിടക്കാന് മാത്രം ചാരുള്ള ഒരു കവഞ്ചിക്കസേര. കുടുംബത്തിലെ പുരുഷാധിപത്യത്തിന്റെ പ്രതീകാത്മക സിംഹാസനമായിരുന്നു അത്. ആ കസേരയ്ക്ക് മുന്നില് വരാനോ അതിലൊന്ന് കയറിയിരിക്കാനോ വീട്ടിലെ സ്ത്രീകളും കുട്ടികളും ഭയപ്പെട്ടു. ശക്തമായ പുരുഷമേധാവിത്വം പുരുഷനെ ഭയക്കേണ്ടതാണെന്ന ധാരണ ജനിപ്പിക്കുകയും സ്നേഹിക്കപ്പെടുന്നതിനേക്കാള് ഭയത്തോടെ വീക്ഷിക്കപ്പെടുന്നതില് പുരുഷന് ആത്മാഭിമാനം കണ്ടെത്തുകയും ചെയ്തു. പുരുഷന്മാര് അംഗീകരിച്ചാലും ഇല്ലെങ്കിലും അതാണ് സത്യം.

'ഒഴിമുറി'യിലെ താണുപിള്ള പുരുഷമേല്ക്കോയ്മയുടെ ആള്‍രൂപമായി മീനാക്ഷിയമ്മയെന്ന തന്റെ ഭാര്യയെ തല്ലിയും ചതച്ചും വരച്ചവരയ്ക്ക് നിര്ത്തിയും കുടുംബത്തില് കൊടികുത്തിവാണ ആളാണ്. അവസാനം മീനാക്ഷിയമ്മ അദ്ദേഹത്തില് നിന്ന് തന്‍റെ ജീവിതസായാഹ്നത്തില് വിവാഹമോചനം നേടുന്നു, ശേഷകാലമെങ്കിലും ആത്മാഭിമാനത്തോടെ ഒരു പെണ്ണിനെപ്പോലെ ജീവിക്കാന്‍. കോടതയില് വിവാഹബന്ധം വേര്‍പെടുത്തി മകന് ശരത്തിനോടൊപ്പം വീട്ടിലേയ്ക്ക് മടങ്ങുമ്പോള് ശരത്തിന്റെ കൂട്ടുകാരി വക്കീല് ബാലയേയും അവര് തമ്മിലുള്ള പ്രണയത്തേയും അറിയുന്ന തണുപിള്ള മകനോട് പറയുന്നതിങ്ങനെയാണ്: ''അവള് തന്റേടമുള്ള പെണ്ണാണ്. നീ അവളെ ഭയപ്പെടരുത്. പെണ്ണിനെ പേടിച്ചാ പിന്നെ കുടുംബജീവിതമില്ല. എനിക്ക് നിന്റെ അമ്മയെ പേടിയായിരുന്നു. അതാ പകയായത്. നിന്റെ അമ്മയെ കെട്ടിയപ്പം അവളെയൊന്ന് പേടിപ്പിച്ച് എന്റെ കാലിന് കീഴെ നിര്‍ത്താന്‍ നോക്കി. പെണ്ണിനെ തല്ലണ ശുംഭന്മാരൊക്കെ അവരെ പേടിച്ചിട്ടാ തല്ലണെ.''

പൂമുഖപ്പടിയില് നിന്ന് കവഞ്ചിക്കസേരകള് മാറ്റപ്പെടുമ്പോള് വരും തലമുറയുടെ പുരുഷന്മാരെങ്കിലും ഭയരഹിതരായി കുടുംബങ്ങളില് ജീവിക്കുമെന്ന് പ്രത്യാശിക്കേണ്ടതുണ്ട്. തണ്ടുംതടിയും പിരിച്ചുവെച്ച മീശയും ഊതിവീര്പ്പിച്ച അഹന്തയും ചോദ്യങ്ങളെ അഭിമുഖീകരിക്കാന് ഭയപ്പെട്ട് ആക്രോശിച്ച് കാതടപ്പിക്കുന്ന ഗര്‍വ്വുമില്ലെങ്കില്‍ പിന്നെന്താണ് ഈ 'പൗരുഷം'? ആനയെ ഇത്തിരിപ്പോന്ന പാപ്പമാന്മാര് ഒരു കൊച്ചുതോട്ടികൊണ്ട് ഭയപ്പെടുത്തി വഴിനടത്തിയപ്പോഴോന്നും ആന അതിന്റെ വലിപ്പം തിരിച്ചറിഞ്ഞില്ല. അങ്ങനെയാണ് ആന അടിമയും ഇത്തിരിപ്പോന്ന മനുഷ്യന് ഉടമയുമായത്. ഈ അടിമത്തത്തെ തന്ത്രപൂര്‍വ്വം സ്ത്രീയില് അടിച്ചേല്പ്പിക്കാനാണ് എല്ലാ അമ്മാവന്മാരും ആണ്‍പിറന്ന താണുപിള്ളമാരെ ഉപദേശിച്ചിട്ടുള്ളത്, അങ്ങനെ കുടുംബത്തെ ഒരു അടിമ-ഉടമ വ്യവസ്ഥയില് ഭദ്രമാക്കാമെന്ന ചിന്തയോടെ. അധീശവര്ഗ്ഗവുമായി അടുത്ത് ഒന്നുചേര്‍ന്ന് ജീവിക്കുന്ന സമൂഹത്തിലെ ഏക അടിമവിഭാഗം സ്ത്രീകളാണെന്ന് ഇര്‍വിംഗ്  കുണ്ണിങ്ഹാം നിരീക്ഷിച്ചിട്ടുണ്ട്. പശ്ചാത്യന്റെ തകരുന്ന കുടുംബബന്ധങ്ങളെ നോക്കി പുച്ഛിച്ചികൊണ്ട് അഭിമാനപൂര്‍വ്വം നാം ഉയര്ത്തിക്കാട്ടുന്ന നമ്മുടെ കുടുംബഭദ്രത ഈ അടിമ-ഉടമ വ്യവസ്ഥിതിയുടെ ഭദ്രതയാണ്.

മേല്‍ക്കോയ്മയും വിധേയത്വത്തിന്റെ ഭയവുമുള്ള ഒരു അധികാരശ്രേണിയില് സ്നേഹത്തിന് നിലനില്പ്പില്ല. നിരന്തരം പീഡിപ്പിച്ചും അവഹേളിച്ചും സ്വാതന്ത്ര്യം നിക്ഷേധിച്ചും തന്നെ അടിമത്വത്തിന്റെ കുടുംബതടവറയില് പാര്പ്പിച്ച ഭര്ത്താവിനേയും മരുമക്കത്തായ ക്രമത്തില് ഭരിച്ചും പെണ്‍കോയ്മയുടെ ധാഷ്ട്ര്യം കാണിച്ചും ജീവിച്ച അമ്മായിയമ്മയേയും അവസാനം വരെ ഒരു വാക്ക് പോലും മറുത്ത് പറയാതെ ഒരു പതിവൃതയെപ്പോലെ ക്ഷമയോടെ ശുശ്രൂഷിച്ച മീനാക്ഷിയമ്മയോട് ഭര്ത്താവ് താണുപിള്ള മരണത്തോട് അടുത്ത ഒരു വേളയില് ഇങ്ങനെ പറയുന്നുണ്ട്: ''എന്റെ അമ്മ ഒരു മഹാരാജ്ഞിയാണ്. നീ വെറും അടിമയാണ്. അന്നേ എന്റെ അമ്മ പറഞ്ഞതാണ് നീ നെറികെട്ടവളാണെന്ന്. അതെനിക്ക് ബോധ്യപ്പെട്ടത് എപ്പോഴാണെന്ന് അറിയണോ? നിന്റെ അച്ഛന് ചാവാന് കിടന്നപ്പോള് ഞാന് വിലക്കിയതുകൊണ്ട് നീ പോയില്ല. നീ പോകുമെന്നാണ് ഞാന് കരുതിയത്. നേരുള്ള പെണ്ണായിരുന്നെങ്കില് നീ പോകുമായിരുന്നു. പകരം നീ വീട്ടിലിരുന്ന് കരഞ്ഞു. മനസ്സില് നീ എന്നെ എന്തുമാത്രം ശപിച്ചിട്ടുണ്ടാവും?''

സ്ത്രീകള് ഇനിയും അറിയേണ്ട ഒന്നുണ്ട് - അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യവും ആരും അവര്ക്ക് കൊടുക്കേണ്ടതല്ല, സ്വയം എടുക്കേണ്ടതാണ്. മീനാക്ഷിയുടെ അമ്മാവി അവള്ക്ക് ജീവിതം കൊണ്ട് കാട്ടിക്കൊടുത്ത സത്യമതാണ്. 'വാര്ദ്ധക്യത്തിലെ ആണിന്റെ തുണയാണ് ഭാര്യ' എന്ന നാട്ടുനടപ്പ് ചിന്തയെ വെല്ലുവിളിക്കും വിധമാണ് കാളിപ്പിള്ള എന്ന അമ്മാവി ജീവിച്ചത്. തനിയെ നില്ക്കാന് കരുത്തുള്ളവര്‍ക്കേ സ്നേഹിക്കാനും കഴിയൂ എന്നതാണ് മീനാക്ഷിയമ്മ നമുക്കായി പറഞ്ഞുവെച്ച അവസാന വാക്ക്:
''അന്നെനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. ഞാന് സ്നേഹം നിറഞ്ഞ ഒരു പതിവൃതയാണെന്നാണ് കരുതിയിരുന്നത്. സ്നേഹിക്കാനുള്ള സ്വാതന്ത്ര്യം അടിമക്കില്ലെന്ന് മനസ്സിലായി. അവര്‍ക്ക് പറഞ്ഞിട്ടുള്ളത് സേവയാണ്. അടിമയുടെ സ്നേഹം പട്ടിയുടെ വാലാട്ട് മാതിരിയാണ്. അടിമയായി ഇത്രയും കാലം ജീവിച്ചെടി ചാവണെങ്കിലും അന്തസ്സുള്ള ഒരു സ്ത്രീയായി ചാവണം.''

Thursday, July 17, 2014

Friday, March 21, 2014

കാട് കത്തുന്നു... മനസ്സ് കത്തുന്നു...


മാര്‍ച്ച് 16-ന് വയനാട്ടില്‍ 1200 ഏക്കറുകളോളം വനം കത്തിനശിച്ചു. കാട്ടുതീയോ, മനുഷ്യന്റെ ദുഷ്ടത ആളിക്കത്തിയതോ എന്ന് അവ്യക്തം. സാഹചര്യതെളിവുകളെല്ലാം വിരല്‍ചൂണ്ടുന്നത് മനുഷ്യനിലേയ്ക്കു തന്നെയാണ്. അങ്ങനെയെങ്കില്‍ ഇത്രയും നീചത മനസ്സില്‍ കൊണ്ടുനടക്കുന്നവരെ എത്രയും വേഗം കഴിഞ്ഞ ഒക്‌ടോബറില്‍ (2013) 92 പേര്‍ ജലവും തണലും കിട്ടാതെ ദാഹിച്ച് മരിച്ച നൈജീരിയായുടെ സഹാറ മരുഭൂമിയില്‍ എത്തിക്കേണ്ടതുണ്ട്. ഭൂമി ചുട്ടുപൊള്ളുകയാണ്. വേനലില്‍ ജലസ്രോതസ്സുകള്‍ വറ്റിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് കാടുകള്‍ കത്തിക്കാന്‍ മാത്രം പക ആരൊക്കെയോ മനുഷ്യമനസ്സില്‍ ഊതിക്കത്തിച്ചുകൊണ്ടിരിക്കുന്നത്.

യാദൃച്ഛികമായാണ് ഈ ദിവസങ്ങളില്‍ തന്നെ ഡേവിഡ് ഗോര്‍ഡന്‍ ഗ്രീനിന്റെ ''പ്രിന്‍സ് അവലാന്‍ച്'' (2013) എന്ന ചലച്ചിത്രം കണാനിടയായത്. 1987-ല്‍ അമേരിക്കയിലെ ടെക്‌സാസില്‍ 43,000 ഏക്കറുകളോളം വനപ്രദേശം കാട്ടുതീ വിഴുങ്ങിയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ട സിനിമയാണിത്. അതില്‍ ഒരു ദൃശ്യം ഇങ്ങനെ: ഏകാന്തമായ ഒരു സ്ഥലത്ത് കാട്ടുതീ വിഴുങ്ങിയ കാടിനോട് ചേര്‍ന്ന തന്റെ കൊച്ചുവീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ എന്തൊക്കെയോ തപ്പിത്തിരഞ്ഞുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ. കാനന പാതയില്‍ ഗതാഗതസൗകര്യം ശരിയാക്കിക്കൊണ്ടിരിക്കുന്ന ഒരാള്‍ അപ്രതീക്ഷിതമായി അവിടെ എത്തുന്നു. അവരുമായി പരിചയപ്പെട്ട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നിറകണ്ണുകളോടെ ആ സ്ത്രീ പറയുന്നു: ''ഞാനിവിടെ ചികഞ്ഞുപെറുക്കുമ്പോള്‍ എന്റെ ചിത ഞാന്‍ തന്നെ ചികയുന്നതായി എനിക്ക് തോന്നാറുണ്ട്.'' ഭൂമിയില്‍ കത്തുന്ന ഓരോ പച്ചപ്പിനടിയിലും മനുഷ്യന്‍ സ്വന്തം ചിതയെ ഒരുക്കി വെച്ചിരിക്കുകയാണ്. അത് ടെക്‌സാസിലോ, വയനാട്ടിലോ, ഓസ്‌ട്രേലിയന്‍ കാടുകളിലോ, ആമസോണ്‍ വനാന്തരങ്ങളിലോ എവിടെയുമാകട്ടെ.

കേരളത്തിന്റെ പശ്ചിമഘട്ടം വെറും 150 വര്‍ഷങ്ങള്‍ക്കപ്പുറം ഇടതൂര്‍ന്ന നിത്യഹരിത വനമായിരുന്നു. ഇന്നവിടെ വനഭൂമിയെ വെറും 30% മാത്രമായി അവശേഷിപ്പിച്ചുകൊണ്ടാണ് രണ്ടോ മൂന്നോ തലമുറയ്ക്കപ്പുറം കാര്‍ഷിക ആവശ്യത്തിനായി കുടിയേറ്റം നടന്നത്. ജനനവും ബാല്യവും അത്തരമൊരു കുടിയേറ്റ ഗ്രാമത്തിലായിരുന്നു. കുടിയേറ്റത്തിന്റെ സാഹസികതകള്‍ നിറഞ്ഞ ഒത്തിരിയേറെ കഥകള്‍ കേട്ടാണ് വളര്‍ന്നത്. അതില്‍ മനസ്സിനെ ഏറ്റവും ഭാരപ്പെടുത്തിയിട്ടുള്ളത് ഭൂമി വെട്ടിത്തെളിച്ചെടുക്കുന്ന രീതി തന്നെയാണ്. ഏതെങ്കിലും ഒരു മലയുടെ താഴ്‌വാരം നല്ല ഫലപുഷ്ഠമായ മണ്ണെന്ന് തോന്നിയാല്‍ കുടിയേറ്റ സംഘം രണ്ട് ഗ്രൂപ്പുകളായി പിരിയുന്നു. ഒരു പ്രദേശം തെളിച്ചല്ല മരങ്ങളും കാടുകളും വെട്ടിവീഴ്ത്തുന്നത് (അങ്ങനെ പോയാല്‍ വളരെ ചുരുങ്ങിയ ഏക്കറുകള്‍ മാത്രമേ വെട്ടിപ്പിടിക്കാനാവൂ). രണ്ട് ഗ്രൂപ്പുകളും രണ്ട് ചാലുകള്‍ തീര്‍ത്ത് കാട് വെട്ടിവളയുന്നു. സാവകാശം ആ പ്രദേശത്തെ കാടിനെ ശേഷിച്ച വനമേഖലയില്‍ നിന്ന് വേര്‍പെടുത്തുകയാണ്. ആയുധം കൂട്ടിമുട്ടുമ്പോള്‍ പണിനിര്‍ത്തണം എന്നതാണ് കണക്ക്. എന്നിട്ടാണ് ഭീകരമായ ആ കൃത്യം - തുരുത്തുപോലെ ഒറ്റപ്പെടുത്തിയ പ്രദേശത്തെ പച്ചമരക്കാടിന് തീയിടുകയാണ്. പച്ചമരങ്ങള്‍ നിന്ന് കത്തും, കൂടെ അതിനുള്ളിലെ ജീവജാലങ്ങളും. അങ്ങനെ ഏതാനും ദിവസങ്ങള്‍കൊണ്ട് ഏക്കറ് കണക്കിന് ഭൂമി കൃഷിയിടമാക്കാന്‍ പറ്റിയ രീതിയില്‍ തെളിഞ്ഞ  പ്രദേശമാകുന്നു - പച്ചപ്പുകളെല്ലാം കത്തി ചാമ്പലായി.

പടയോട്ടങ്ങളുടെയും വെട്ടിപ്പിടുത്തങ്ങളുടെയും ചൂര് മാറാത്ത ഒരു പ്രാചീന ജനതയോടുപോലും നിയമാവര്‍ത്തകന്‍ ഇങ്ങനെ പറയുന്നു: ''നിങ്ങള്‍ ഒരു നാടിനെ ആക്രമിച്ച് കീഴടക്കുമ്പോള്‍ മഴുകൊണ്ട് അതിലെ മരങ്ങളെ വെട്ടിനശിപ്പിക്കരുത്. അവയില്‍നിന്ന് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക, എന്നാല്‍ വെട്ടിനശിപ്പിക്കരുത്. അല്ലയോ മനുഷ്യാ, മണ്ണിലെ മരങ്ങളെ നിങ്ങള്‍ക്കെങ്ങനെ യുദ്ധം ചെയ്ത് പിടിച്ചെടുക്കാനാവും?'' (നിയമാവര്‍ത്തനം 20:19). ചൈതന്യമുള്ള മനുഷ്യര്‍ക്ക് മാത്രമേ ഒരു കൊച്ചുചെടി വാടുന്നത് കണ്ടാല്‍ ദുഃഖം വരു എന്ന് വായിച്ചതോര്‍ക്കുന്നു. ഒരു തൈ വാടുന്നത് കണ്ടിട്ട് മനസ്സ് വേദനിക്കാത്തവര്‍ക്ക് ഒരു കുട്ടി പട്ടിണികിടന്ന് മരിച്ചു എന്നു പറഞ്ഞാലും ദുഃഖം വരില്ല. ''മനുഷ്യനെ മറന്ന പ്രകൃതിസ്‌നേഹം ഭീകരവാദമാണെന്ന'' ആക്രോശമാണ് ഇപ്പോള്‍ മലമുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. 'പ്രകൃതിസ്‌നേഹമാണ്' ഇന്ന് പശ്ചിമഘട്ടത്തില്‍ ചെയ്യാവുന്ന ഏറ്റവും മാരക പാപം എന്ന കണക്കെ. മത-രാഷ്ട്രീയ അധികാരത്തിന്റെ ആളുറപ്പില്‍ ഇങ്ങനെ ആക്രോശിക്കുന്നവരോട് അസ്സീസിയിലെ ആ കൊച്ചുമനുഷ്യന് ഇത്രയും പറയാനുണ്ട്: ''ദൈവത്തിന്റെ ഏതെങ്കിലും ഒരു സൃഷ്ടിജാലത്തോട് കാരുണ്യം കാണിക്കാത്തവര്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടെങ്കില്‍ അറിഞ്ഞുകൊള്ളുക - മനുഷ്യരോടും അവര്‍ അങ്ങനെ തന്നെ പ്രര്‍ത്തിക്കും.'' (അസ്സീസിയിലെ ഫ്രാൻസിസ്)

ലെബനാനേ, നീ വാതിലുകള്‍ തുറന്നു നോക്കൂ,
നിന്റെ ദേവതാരുക്കളെ തീ വിഴുങ്ങിയിരിക്കുന്നു.
സൈപ്രസ് മരങ്ങളെ വിലപിക്കൂ,
നിങ്ങളുടെ ദേവതാരുക്കള്‍ കടപുഴകി വീണിരിക്കുന്നു.
നിങ്ങളുടെ ശക്തന്മാര്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു.
ബാഷാനിലെ ഓക്കുമരങ്ങളെ വിലപിക്കൂ,
നിത്യഹരിതവനങ്ങള്‍ വെട്ടിവീഴ്ത്തപ്പെട്ടിരിക്കുന്നു.
ആട്ടിടയന്മാരുടെ വിലാപത്തിന് കാതോര്‍ക്കൂ,
അവരുടെ ഐശ്വര്യമാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്.
സിംഹക്കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുന്നില്ലേ,

യോര്‍ദാനിലെ കുറ്റിക്കാടുകളാണ് തരിശാക്കപ്പെട്ടത്. (സഖറിയാസ് 11: 13)   

Monday, December 9, 2013

സ്വാതന്ത്ര്യത്തിലേക്ക് നീണ്ട ദൂരം നടന്നു തീർത്തൊരാൾ

95 വര്ഷം നീണ്ട ജീവിതം. 27 വർഷത്തെ തടവറവാസം. 46 വർഷം വർണവിവേചനതിനെതിരെയുള്ള കലാപം. അത് "സ്വാതന്ത്യത്തിലേക്കുള്ള  ഒരു നീണ്ട നടത്തമായിരുന്നു"; അവസാനിക്കുന്നതാകട്ടെ 2013 ഡിസംബർ 5 നും. വിവേചനതിനെതിരെയുള്ള ദക്ഷിണാഫ്രിക്കൻ പോരാട്ടത്തിന്റെ ഒരു യുഗമായിരുന്നു നെല്‍സണ്‍ മണ്ടേല. 
ശക്തിയും സ്വാധീനവും ഉള്ളവർ നിയമയും നീതിയും നടത്തുന്ന ലോകത്ത് മണ്ടേല ആശ്രയിച്ചത് മനുഷ്യന്റെ നീതിയെ അധിലംഘിക്കുന്ന ഒരു നീതിയിലായിരുന്നു. 182 സാക്ഷികളും പതിനായിരക്കണക്കിന് പേജ് തെളിവുകളും തനിക്കെതിരെ ഭരണകൂടം ചമച്ച് നിർത്തിയപ്പോൾ മനുഷ്യന്റെ കോടതിക്ക് മുന്നിൽ അദ്ദേഹം ഭയരഹിതനായി പറഞ്ഞതിങ്ങനെ: ''സ്വന്തം ദുരിതങ്ങളില്നിന്നും അനുഭവങ്ങളില്നിന്നും പ്രചോദിതരായ ആഫ്രിക്കന് ജനതയുടെ പ്രക്ഷോഭമാണിത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പ്രക്ഷോഭം. എല്ലാ വ്യക്തികളും തുല്യാവസരങ്ങള് അനുഭവിക്കുന്ന സ്വതന്ത്രവും ജനാധിപത്യപരവുമായ സമൂഹമെന്ന ആദര്ശമാതൃകയുമാണ് ഞാന് ഉള്ളില് കൊണ്ടുനടക്കുന്നത്. ഈ ലക്ഷ്യം നേടാനായി ജീവിക്കാന് കഴിയണമെന്നാണ് ആഗ്രഹിക്കുന്നത്. ദൈവം ആഗ്രഹിക്കുകയാണെങ്കില്, ഈ ഒരു ലക്ഷ്യത്തിനായി മരിക്കാനും തയ്യാറാണ്.''
‘മനുഷ്യന്‍ സ്വയം നിര്‍മിക്കുന്നു’ എന്ന ചൊല്ല് മണ്ടേലയുടെ ജീവിതത്തിന്റെ രക്നച്ചുരുക്കമായി വേണമെങ്കിൽ വായിക്കാം. ഒരാള്‍പോലും സാക്ഷരത നേടിയിട്ടില്ലാത്ത കുടുംബ പശ്ചാത്തലം. നന്നേ ചെറുപ്പത്തില്‍ കാലിമേയ്ക്കാന്‍ പോയി. അച്ഛന്റെ മരണശേഷം സമ്പന്നനായ ഒരാള്‍ ദത്തെടുത്തതോടെയാണ് കാര്യങ്ങൾക്ക് മാറ്റമുണ്ടായത്. അക്ഷരങ്ങളുടെ ജാലകങ്ങള്‍ തുറന്നുകിട്ടി. കറുത്തവര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന മനുഷ്യവിരുദ്ധമായ ചൂഷണങ്ങള്‍ക്കെതിരെ ആ വിദ്യാര്‍ഥി ചിന്തിച്ചുതുടങ്ങി. കോളേജ് വിദ്യാഭ്യാസകാലത്ത് വിദ്യാര്‍ഥി കൗണ്‍സില്‍ അംഗമായിക്കൊണ്ടാണ് പൊതുജീവിതപ്രവേശനം. നിലവാരം കുറഞ്ഞ ഭക്ഷണം ബഹിഷ്കരിച്ചതിന് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ബിരുദം നേടാനാകാതെയാണ് പിരിഞ്ഞത്. അതിനു ശേഷമാണ് അദ്ദേഹം എ. എൻ. സി. യിലൂടെ (African National Congress) രാഷ്രീയപ്രവർത്തനത്തിലേക്ക് തിരിയുന്നത്. അതിനിടെ നിയമത്തില്‍ ഡിഗ്രിയെടുത്ത് അഭിഭാഷകനായി. കണ്ണില്‍ ചോരയില്ലാതെ പെരുമാറുന്ന ഒരു ഭരണകൂടത്തിനെതിരെ ഗാന്ധിയന്‍ സമരമുറ വിജയിക്കുന്ന കാര്യം സംശയമായി മാറിയപ്പോഴാണ് എ. എൻ. സി. സായുധസമരമുറ സ്വീകരിക്കുന്നത്. എ. എൻ. സി.  യുടെ സായുധവിഭാഗ സ്ഥാപക ചെയര്‍മാന്‍ മണ്ടേലയായിരുന്നു. ഇത്തരം ‘രാജ്യദ്രോഹ’ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഒടുവില്‍ മണ്ടേല പിടിക്കപ്പെടുന്നത്.
ഭ്രാന്തുപിടിപ്പിക്കുന്ന നീണ്ട 27 വർഷങ്ങൾ അയ്യാൾ തടവറയിൽ എന്തുടുക്കുകയായിരുന്നു? ഈ ചോദ്യം തടവറയിലെ നെഹ്രുവിനെക്കുറിച്ചും ചോദിക്കപ്പെട്ടിട്ടുണ്ട്. തടവറയിൽ നെഹ്‌റു 'ഇന്ത്യയെ കണ്ടെത്തുകയായിരുന്നു' എന്നാണ് പറയുന്നത്. “Discovery of India” രചിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ജയിൽവാസ കാലത്താണ്. നെഹ്രുവിന്റെതുമായി സമാനതകളില്ലാത്ത ശാരിരികവും മാനസീകവുമായ പീഡനങ്ങൾ മുറ്റിയ തടവറയിൽ മണ്ടേലയും വെറുതെയിരിക്കുകയായിരുന്നില്ല. അയ്യാൾ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു നീണ്ട നടത്തത്തിലായിരുന്നു. " The Long Walk to Freedom " എന്ന ആത്മകഥ രൂപപ്പെടുന്നത് അക്കാലത്താണ്.   ഒരു പുരുഷായുസ്സ് എന്നൊക്കെ വിളിക്കേണ്ടത്ര കാലം ജയിലഴികള്‍ക്ക് പിന്നില്‍ കഴിഞ്ഞ മനുഷ്യന്‍ ഒടുവില്‍ പുറത്തിറങ്ങുന്നത് ലോകത്തോടുള്ള അടങ്ങാത്ത പ്രതികാരവുമായിട്ടായിരിക്കില്ലേ? എന്നാൽ മണ്ടേലയുടെ കാര്യത്തിൽ അതങ്ങനെയല്ല. തന്നെ ദ്രോഹിച്ചവനും ആഫ്രിക്കക്കാരനാണെന്നും അവനും ഈ മണ്ണില്‍ തുല്യാവസരങ്ങളോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും അയ്യാൾ അറിഞ്ഞിരുന്നു. 1994-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ പ്രസിഡന്റായ അദ്ദേഹം പ്രസിഡന്റ്‌ സ്ഥാനമേൽക്കുമ്പോൾ തന്നെ ജയിലിൽ സഹായിച്ച വെള്ളകാരനെ പ്രതേക അതിഥിയായി ക്ഷണിച്ചു. ഓർമ്മകളിൽ വര്ണവിവേചന സ്മൃതി നുരഞ്ഞിട്ടും പ്രതികാരത്തിന്റെ വഴിയിലേക്ക് ദക്ഷിണാഫ്രിക്കയെ അദ്ദേഹം നയിച്ചില്ല. വര്ണവിവേചനത്തിനെതിരെയുള്ള സമരത്തിൽ  12,500 പേര് കൊല്ലപ്പെട്ട രാജ്യത്താണ് ഈ മഹാമനസ്കത. “സ്വന്തം കാലിലെ ചങ്ങല അഴിച്ചുമാറ്റല്‍ മാത്രമല്ല സ്വാതന്ത്ര്യം;
അന്യന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കലും ബഹുമാനിക്കലുംകൂടിയാണ്” എന്നദ്ദേഹം വിശ്വസിച്ചു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പലയിടങ്ങളിലും സ്വാതന്ത്ര്യസമരങ്ങള്‍ നയിച്ച വേറെ എത്രയോ നേതാക്കളുണ്ട്. പക്ഷേ, അധികാരത്തിലെത്തി ഏറെക്കഴിയും മുമ്പ് മിക്കവരും അവര്‍ എതിര്‍ത്തവരേക്കാള്‍ നിഷ്ഠൂരരായ ഭരണാധികാരികളായിത്തീര്‍ന്നു, അവരെപ്പറ്റി ലജ്ജിപ്പിക്കുന്ന അഴിമതിക്കഥകൾ കേൾക്കുകയും, ഗോത്രങ്ങളെ തമ്മിലടിപ്പിച്ച് ചോരപ്പുഴ ഒഴുക്കുന്ന സംഭവങ്ങൾ കാണേണ്ടിവരികയും ചെയ്തു. അവരാരും സ്വമേധയാ സ്ഥാനമൊഴിഞ്ഞതുമില്ല. പലരും പട്ടാളവിപ്ലങ്ങളിലൂടെയും കലാപങ്ങളിലൂടെയും സ്ഥാനഭ്രഷ്ടരാക്കപ്പെട്ടു. ചിലര്‍ കൊലചെയ്യപ്പെട്ടു. എന്നാൽ ഭരണത്തിലെ അഞ്ചുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ രണ്ടാമതൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍പോലും മെനക്കെടാതെ 1999-ല്‍ അധികാര രാഷ്ട്രീയത്തിനോട് വിട പറഞ്ഞ മണ്ടേല 2005-ല്‍ പൊതുജീവിതത്തിനോടും വിട പറഞ്ഞു. അദ്ദേഹത്തിന്റെ ബോധ്യം ഇതായിരുന്നു: "ഞാൻ ഒരു മിശിഖ ആയിരുന്നില്ല; വെറും ഒരു സാധാരണ മനുഷ്യൻ. അസാധാരണമായ ചില സാഹചര്യങ്ങൾ കൊണ്ട് എനിക്ക് ഒരു നേതാവാകേണ്ടിവന്നു എന്ന് മാത്രം." ആത്മാവുള്ള ഈ വാക്കുകൾ അധികാരത്തിന്റെ "സുഖ മേഘലകളിൽ" (Comfort Zones) ഇരുന്നുവാണ് അവസാന ശ്വാസം വലിക്കാൻ ആഗ്രഹിക്കുന്ന നമ്മിലെ അധികാരദാഹിയെ കണ്‍തുറപ്പിക്കേണ്ടതാണ്.

*******************
"ഞാൻ അടിസ്ഥാനപരമായി ഒരു ശുഭാപ്തിവിശ്വാസിയാണ്‌. അതെന്റെ സ്വഭാവപ്രകൃതി യിൽനിന്നു വരുന്നതാണോ, വളർത്തു രീതിയിൽ നിന്ന് വരുന്നതാണോ എന്നെനിക്ക് കൃത്യമായി അറിയില്ല. ശുഭാപ്തിവിശ്വാസിയാവുക എന്നാൽ തല സൂര്യന് നേരെ പിടിച്ച് പാദങ്ങൾ മുന്നോട്ടുവെച്ചു നടക്കുക എന്നത് തന്നെ. മനുഷ്യരാശിയിലുള്ള   എന്റെ വിശ്വാസം നഷ്ട്ടപ്പെട്ട അനേക നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരിക്കലും നിരാശയിലേക്ക് കൂപ്പുകുത്തിയിട്ടില്ല. അത് പരാജയത്തിന്റെയും മരണത്തിന്റെയും വഴിയാണ്.”


(സോഷ്യൽ മീഡിയയിൽ വായിച്ച ചില നല്ല ലേഖനങ്ങളോട് കടപ്പാട്)