Thursday, April 9, 2015

ആത്മാഭിമാനത്തിന്റെ അടിവസ്ത്രമുരിഞ്ഞെടുത്ത് കേരളത്തെ പട്ടണിയിക്കുന്നവര്‍


ദേശീയ അവാര്‍ഡിന് അര്‍ഹമായ പ്രിയദര്‍ശന്റെ 2008-ലെ ചലച്ചിത്രമാണ് 'കാഞ്ചീവരം'. കാഞ്ചീപുരം എന്ന തമിഴ്‌നാടന്‍ പട്ടണത്തിലെ പട്ടുനെയ്ത്തുകാരുടെ ശോചനീയമായ അതിജീവന കഥ പറയുന്ന ചിത്രമാണിത്. 1948-ല്‍ ജയില്‍ മോചിതനാകുന്ന വെങ്കിടം എന്ന പട്ടുനെയ്ത്തുകാരന്റെ ഓര്‍മ്മകളുടെ പിന്നാമ്പുറങ്ങളിലാണ് കഥ ആവിഷ്‌ക്കരിക്കപ്പെടുന്നത്.
കാഞ്ചീപുരത്തിന്റെ വിദഗ്ദ്ധ നെയ്ത്തുകാരനായിരുന്ന വെങ്കിടത്തിന്റെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു ഒരു പട്ടുസാരിയുടുപ്പിച്ച് തന്റെ ജീവിതപങ്കാളിയെ കതിര്‍മണ്ഡപത്തില്‍ എത്തിക്കുക എന്നത്. എന്നാല്‍ പട്ടു നെയ്യുന്നവന് അവന്റെ ജീവിതത്തിന്റെ ദരിദ്രമായ പരിമിതികള്‍ക്കുള്ളിലേക്ക് തന്റെ സ്വപ്നങ്ങളെ ഒതുക്കിനിര്‍ത്തേണ്ടിവന്നു. ഓരോ പട്ടുസാരിക്കും വെറും ഏഴുരൂപ മാത്രം നെയ്ത്തുകൂലി കിട്ടുന്ന നെയ്ത്തുകാരനെങ്ങനെയാണ് പട്ടുടുത്ത ഭാര്യയെ വിവാഹപ്പന്തലില്‍ സ്വപ്നം കാണാനാവുന്നത്!
ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം വെങ്കിടത്തിന് ഒരു പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ സ്വന്തം കുഞ്ഞിനെ ആദ്യമായി കൈയ്യിലെടുത്ത് അവളുടെ കാതുകളില്‍ അപ്പ മന്ത്രിക്കുന്ന രഹസ്യമിതാണ്: ''രാശാത്തി, ഞാന്‍ നിന്നെ പട്ടുപുടവയണിയിച്ച് സുമംഗലിയാക്കും.'' തന്റെ നഷ്ടസ്വപ്നങ്ങളെ മകള്‍ക്കുവേണ്ടി തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന അപ്പ. ആ കുഞ്ഞുചെവിയില്‍ മന്ത്രിച്ച രഹസ്യം നടപ്പാക്കാന്‍ വേണ്ടിയാണ് തുണ്ടുംപൊട്ടുമായി കൈവന്ന ചെറുസമ്പാദ്യമെല്ലാം അയാള്‍ സ്വരുക്കൂട്ടിവെച്ചത്. എന്നാല്‍ കൊടുക്കാത്ത സ്ത്രീധനത്തിന്റെ പേരില്‍ തന്റെ സഹോദരിയെ ഉപേക്ഷിക്കുമെന്ന ഭീഷണി സഹോദരീഭര്‍ത്താവില്‍ നിന്ന് വന്നപ്പോള്‍ അവളുടെ ജീവിതം രക്ഷിക്കാനായി തന്റെ സമ്പാദ്യം അയാള്‍ക്ക് കൈമാറേണ്ടിവന്നു.
ഇക്കാലത്താണ് വെങ്കിടം കമ്മ്യൂണിസത്തിന്റെ സാമ്പത്തികസമത്വം എന്ന ആദര്‍ശത്തോട് അവിചാരിതമായി അടുക്കാന്‍ ഇടയാകുന്നത്. സാവകാശം നെയ്ത്തുതൊഴിലാളികള്‍ക്കിടയില്‍ യൂണിയന്‍ സ്ഥാപിച്ചുകൊണ്ട് തൊഴിലാളികള്‍ നേരിടുന്ന ചൂഷണത്തിനും തുച്ഛവരുമാനത്തിനും അവര്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ അവരുടെ ഉപയോഗത്തിന് നിഷിദ്ധമാകുന്നതിനുമെതിരെ ജന്മിമാര്‍ക്ക് മുന്നില്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങി. ധീരമായ സമരങ്ങളിലൂടെ തൊഴിലാളികളുടെ വേതനം ഉയര്‍ത്തുന്നതില്‍ വെങ്കിടം വിജയിച്ചു.
ഒരു പണിമുടക്കു സമരത്തിന്റെ കാലത്താണ് വളരെ തിരക്കുപിടിച്ച രീതിയില്‍ വെങ്കിടത്തിന് തന്റെ മകളുടെ വിവാഹം നടത്തേണ്ടിവരുന്നത്. പട്ടുസാരി തയ്യാറായിട്ടില്ല, വാങ്ങാന്‍ കൈയില്‍ പണമില്ല. ആകെക്കൂടി ജീവിതത്തില്‍ കൊണ്ടുനടന്ന ഒരു സ്വപ്നം, മകള്‍ക്ക് കൊടുത്ത ഏക വാക്ക്. എന്തു ചെയ്യും? യൂണിയന്‍ നേതാവ് എന്ന നിലയില്‍ പെട്ടെന്ന് തന്നെ സമരം ഒത്തുതീര്‍പ്പാക്കുന്നു. തൊഴിലാളികളോട് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നു. വെങ്കിടം ഓരോ ദിവസവും നെയ്ത്തുശാലയിലെ ജോലിക്കുശേഷം മോഷ്ടിച്ചെടുക്കുന്ന ഒന്നോ രണ്ടോ പട്ടുനൂലുകള്‍  കൊണ്ട് വീട്ടിലെത്തി ഒളിച്ചിരുന്ന് മകള്‍ക്കുവേണ്ടി പുടവ നെയ്യുന്നു. എന്നാല്‍ പുടവ  പൂര്‍ത്തിയാക്കുംമുമ്പ് പട്ടുനൂല്‍ മോഷണത്തില്‍ അയാള്‍ പിടിക്കപ്പെടുകയാണ്. പിന്നെ പീഡനം, ജയില്‍ വാസം.
വര്‍ത്തമാനകാലത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ ചിത്രീകരിക്കുന്നത് ആള്‍ത്തിരക്കില്‍ ചവിട്ടേറ്റ് മരിച്ച വെങ്കിടത്തിന്റെ ഭാര്യയും കിണറ്റില്‍ വീണ് തളര്‍ന്ന് കിടപ്പിലായ മകളും ആരും കൈത്താങ്ങില്ലാത്ത ജീവിതാന്തരീക്ഷവും ചേര്‍ന്ന് ശോകമൂകമാക്കിയ കുടുംബപശ്ചാത്തലമാണ്. കള്ളന്റെ മകളെ നോക്കാനാവില്ലെന്ന് സഹോദരിയുടെ ഭര്‍ത്താവ് കണിശമായി പറഞ്ഞ് കൈയൊഴിയുന്നതോടെ ജീവിതം വഴിമുട്ടിപ്പോയ വെങ്കിടത്തിന് സ്വന്തം മകള്‍ക്ക് വിഷം കൊടുത്ത് അവഗണനകളും വേദനകളും ചൂഷണങ്ങളും ഇല്ലാത്ത ഒരു ലോകത്തിലേക്ക് യാത്രയാക്കുകയെന്നതു മാത്രമായിരുന്നു പോംവഴി. നെയ്തു പൂര്‍ത്തിയാക്കാത്ത പട്ടു പുടവ കൊണ്ട് അവളുടെ മൃതശരീരം മൂടുമ്പോള്‍ ചിരിച്ചുകൊണ്ട് ചിത്തഭ്രമത്തിന്റെ രക്ഷാമാര്‍ഗ്ഗത്തിലേക്ക് വെങ്കിടത്തിന്റെ മനസ്സ് ചേക്കേറുകയാണ്.
എന്തിനാണിപ്പോള്‍ ഈ കഥ ഓര്‍ത്തെടുത്തത്? തൃശ്ശൂര്‍ കല്യാണ്‍ സില്‍ക്‌സിന് മുന്നില്‍ കുറച്ച് സ്ത്രീകള്‍ കഴിഞ്ഞ ഡിസംബര്‍ 30 മുതല്‍ ഇരിക്കാന്‍ തുടങ്ങിയതാണ്, ഇരിപ്പ് സമരം എന്ന പേരില്‍. മൂന്ന് കാര്യങ്ങളാണ് അവര്‍ പ്രധാനമായും ആവശ്യപ്പെടുന്നത് - ഒന്നിരിക്കണം, പെടുക്കണം, പിന്നെ ശ്വാസം ഉള്ളിലേയ്ക്ക് എടുത്തുകൊണ്ടുതന്നെ എന്തെങ്കിലും കഴിക്കണം. അവ മനുഷ്യാവകാശ പ്രശ്‌നങ്ങളാണ്. പിന്നെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന തുച്ഛമായ വേതനം, സ്ഥിരതയില്ലാത്ത നിയമനം, സ്ഥലംമാറ്റം എന്നീ തൊഴിലാളി പ്രശ്‌നങ്ങളും ഇവര്‍ ഉന്നയിക്കുന്നു. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ തുച്ഛവേതനത്തെക്കുറിച്ച് പറഞ്ഞവസാനിപ്പിക്കാനല്ല ഈ സമരം എന്നതാണ് ലളിതമായ ഒരു ചിന്ത. കാര്യങ്ങള്‍ മാനവിക മൂല്യത്തില്‍ നിന്നുതന്നെ ആരംഭിക്കണം.
പ്രായം കൂടിയ ഒരാളെ അയാള്‍ സീപ്പറോ പ്യൂണോ കുക്കോ ആണെന്ന ഒറ്റക്കാരണത്താല്‍ ബഹുമാനമില്ലാതെ പേരു വിളിക്കാനും ആജ്ഞാപിക്കാനും ആരാണ് നിങ്ങള്‍ക്ക് അവകാശം തന്നത്? വീട്ടില്‍ പാചകജോലി ചെയ്യുന്ന ഒരാളോട് നിങ്ങളുടെ തുണി അലക്കുന്നതടക്കം തോട്ടത്തിലെ ജോലികള്‍ വരെ ചെയ്യാന്‍ ആവശ്യപ്പെടാന്‍ കഴിയുന്നതെങ്ങനെ? എട്ട് മണിക്കൂര്‍ ജോലി എന്ന തൊഴില്‍ നിയമത്തിനുമപ്പുറം നിര്‍ബന്ധിച്ചോ നയത്തിലോ എങ്ങനെയാണ് ഒരു മനുഷ്യന്റെ ശാരീരികശേഷിയെ പ്രതിഫലമില്ലാതെ മുതലെടുക്കാനാവുന്നത്? ജോലി ചെയ്യിക്കുന്നവര്‍ മാത്രമല്ല ജോലി ചെയ്യുന്നവരും മനുഷ്യരാണ്. അവര്‍ യന്ത്രങ്ങളാണെന്ന കണക്കെ ആവശ്യം വേണ്ട വിശ്രമത്തിനും ആഹാരം കഴിക്കാനും ജോലിയിടങ്ങളില്‍ സംസാരത്തിലൂടെ സ്‌നേഹം പങ്കു വയ്ക്കാനും ഉള്ള അവകാശങ്ങള്‍ നിഷേധിക്കാന്‍ തൊഴില്‍ ദാതാവിന് കഴിയുന്നതെങ്ങനെ?
ഇനി വേതനത്തെക്കുറിച്ച്. വേതനം ഔദാര്യമല്ല, അവകാശമാണ്. ജോലിക്കാരനായി ജീവിക്കേണ്ട മനുഷ്യന്‍ തൊഴിലാളിയായി ജീവിക്കുന്നത് തന്നെ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കാണാതെ പോകുന്ന ഏറ്റവും അടിസ്ഥാന പ്രശ്‌നങ്ങളിലൊന്നാണ്. മനുഷ്യന്‍ അടിസ്ഥാനപരമായി ജോലിക്കാരനാണ്, അയാള്‍ ഉല്‍പാദിപ്പിക്കുന്ന വസ്തുക്കളുടെ മേല്‍ അയാള്‍ക്കാണ് അവകാശം. എന്നാല്‍ മുതലാളിത്ത സംവിധാനത്തില്‍ മനുഷ്യന്റെ ഉത്പാദനശേഷിയെ പണം കൊടുത്ത് വാങ്ങിക്കുകയാണ് തൊഴില്‍ദാതാവ്. ഉത്പാദിപ്പിക്കുന്ന വസ്തുവില്‍ തൊഴിലാളിക്ക് യാതൊരുവിധ നിയന്ത്രണവും ഇല്ല താനും. മുതലാളിയുടെ സമ്പത്ത് തൊഴിലാളിയുടെ വിയര്‍പ്പാണ്. തൊഴിലാളിക്ക് കിട്ടുന്നതാകട്ടെ തുച്ഛവേതനവും. നിങ്ങള്‍ മനുഷ്യനല്ലാതായി മാറുന്നത് അനുഭവിച്ചറിയണമെങ്കില്‍ ഒരിക്കലെങ്കിലും ഈ ചൂഷണ സാമ്പത്തികവ്യവസ്ഥിതിയില്‍ ഒരു തൊഴിലാളിയായി ജീവിക്കണം. മാര്‍ക്‌സിന്റെ തത്വങ്ങള്‍ ക്ലാസ്മുറിയുടെ ചുമരുകള്‍ക്കിടയിലിരുന്ന് പഠിച്ച കാലത്ത് അതൊന്നും സത്യത്തില്‍ മനസ്സിലായിരുന്നില്ല. പിന്നീട് ഒരുവേള കൂലിവേലക്കിറങ്ങുമ്പോഴാണ് മനുഷ്യന്‍ എങ്ങനെ മറ്റൊരു മനുഷ്യന്റെ മുന്നില്‍ ആത്മാഭിമാനം നഷ്ടപ്പെട്ട് ഒരു വസ്തുവായി തീരുന്നു എന്നത് ബോധ്യമാകാന്‍ തുടങ്ങിയത്.
'കല്യാണ്‍ സില്‍ക്‌സ്' കേരളത്തെ പട്ടുപുടവയണിയിച്ചവര്‍ എന്ന് അവകാശപ്പെടുമ്പോള്‍ ഓര്‍ത്തുകൊള്ളണം അവിടെ തൊഴില്‍ ചെയ്യുന്ന നൂറുകണക്കിന് ആളുകളുടെ ആത്മാഭിമാനത്തിന്റെയും അതിജീവനത്തിന്റെയും അവസാന കീറത്തുണിയും വലിച്ചുപറിച്ചെടുത്തിട്ടാണ് അവരങ്ങനെ ചെയ്യുന്നതെന്ന്. ഇത് കല്യാണിന്റെ മാത്രം പ്രത്യേകതയല്ല, തുണിവ്യാപാരമേഖലയെ മൊത്തത്തില്‍ ബാധിച്ചിരിക്കുന്ന ഒരു മാരകരോഗമാണ്. തുടര്‍ച്ചയായി എട്ടും പത്തും മണിക്കൂര്‍ നിന്നനില്‍പ് നില്‍ക്കുന്നവര്‍, ധാര്‍ഷ്ട്യം കാണിക്കുന്നവനും അപമാനിക്കുന്നവനും സദാ സമയം ഒരു പ്ലാസ്റ്റിക് പുഞ്ചിരി കൈമാറേണ്ടവര്‍. അത് സ്വര്‍ണ്ണവ്യാപാര മേഖലയിലാവട്ടെ, നേഴ്‌സിംങ് മേഖലയിലാവട്ടെ, അംസഘടിതരായ അദ്ധ്യാപകര്‍ ജോലി ചെയ്യുന്ന അണ്‍എയ്ഡഡ് സ്‌കൂളുകളിലാകട്ടെ, കൈത്തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കിടയിലാവട്ടെ കാര്യങ്ങള്‍ ഏറെക്കുറെ ഇങ്ങനെയൊക്കെത്തന്നെയാണ്.
നെയ്ത്തിനെ ഒരു സമരായുധമായി സ്വീകരിച്ചപ്പോള്‍ ആ കൊച്ചുമനുഷ്യന്‍ കണ്ട രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉന്നതമായിരുന്നു. അല്ലാതെ ഈ ഇന്ത്യാ മഹാരാജ്യത്തിലെ സകല അഴിമതിയുടെയും കൂട്ടിക്കൊടുപ്പുകാര്‍ ഭാര്യയോ ധോബിയോ പശമുക്കി തേച്ചുകൊടുക്കുന്ന ഉടയാത്ത, ചെളി പുരളാത്ത ഖദറും ധരിച്ച് ആഡംബരക്കാറില്‍ തെക്കുവടക്ക് ചീറിപ്പായും എന്നതായിരുന്നില്ല. ആ ഗാന്ധിമാര്‍ഗ്ഗം പരാശ്രയം കൂടാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കാനുള്ള ശ്രമമായിരുന്നു. പട്ടുപുടവയുടെ  ആഡംബരത്തില്‍ ലയിക്കാതെ ലളിതജീവിതവും ഉന്നതചിന്തയും ജീവിതചര്യയാക്കാനുള്ള ആഹ്വാനവുമായിരുന്നു. മണ്ണിനേയും ജലത്തേയും ഭീതിദമായ രീതിയില്‍ മലിനമാക്കുന്ന തീവ്രമായ നിറക്കൂട്ടുകളില്‍ നിന്ന് അകലം പാലിക്കാനുള്ള ഒരു പാരിസ്ഥിതിക ദര്‍ശനമായിരുന്നു.
പെണ്ണേ, നിന്നെ സുന്ദരിയാക്കുന്നത് പൊന്നോ പുടവയോ അല്ല, കല്‍ക്കട്ടാത്തെരുവിലെ കാരുണ്യത്തിന്റെ നീലക്കരയുള്ള കോട്ടണ്‍സാരിയാണ്.  തുഞ്ചാണി എളിയില്‍ മുറുക്കിക്കുത്തിയ നര്‍മ്മദയുടെ കരയില്‍ നിന്നുള്ള ധീരമായ നിലപാടിന്റെ ഖാദിസാരിയാണ്. ഇരിപ്പ് ഒരു പ്രതീകം മാത്രമാണ്. ഇരുന്നു വാഴുന്നവരുടെ ഇരിപ്പിടങ്ങളെ ഇളക്കുന്ന പ്രതീകം. 

Wednesday, March 4, 2015

നട്ടുച്ചയില്‍ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നവര്‍


തിമിരം ഒരു സാമൂഹ്യരോഗമായി മാറുന്ന കാലത്ത് എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറയുന്നത്! മനുഷ്യനേയും സര്‍വ്വചരാചരങ്ങളേയും സംരക്ഷിക്കുമെന്ന് നാം വിശ്വസിച്ചിരുന്ന ദൈവങ്ങളെ സംരക്ഷിക്കേണ്ടത് ഇന്ന് മനുഷ്യന്റെ ഉത്തരവാദിത്വമായി മാറിക്കഴിഞ്ഞിരിക്കുന്നു. ദൈവങ്ങള്‍ക്ക് നേരെയുള്ള ഒരു കൊച്ചു പ്രകോപനത്തെ പോലും നമുക്ക് സഹിക്കാനാകുന്നില്ല - അത് കലയില്‍ ആണെങ്കില്‍ പോലും. വൃണിത മതവികാരത്തിന്റെ പേരും പറഞ്ഞ് ഇറങ്ങുകയായി തെരുവിലേയ്ക്ക്.
മതവികാരം വൃണപ്പെട്ടുവെന്നു പറഞ്ഞ് അടുത്തയിടെ ഏറെ കോളിളക്കം സൃഷ്ടിച്ച സിനിമയാണ് 'പി.കെ.'  വൃണപ്പെടാന്‍ മാത്രം അതില്‍ എന്താണ് ഉണ്ടായിരുന്നത് - ദൈവനിഷേധമില്ലായിരുന്നു, ഏതെങ്കിലും മതത്തിനു നേരേ ഒറ്റതിരിഞ്ഞ് ആക്രമണമില്ലായിരുന്നു, എന്തിനേറെ ഒരു എന്റര്‍ടെയ്‌നര്‍ എന്നതിനപ്പുറം ആള്‍ദൈവങ്ങളുടെ സിദ്ധികളെ ശാസ്ത്രീയമായി ഒന്നു പൊളിച്ചെഴുതാന്‍ പോലുമായില്ല. എന്നാല്‍ ഇതേ വിഷയത്തില്‍ കാര്യങ്ങളെ കുറച്ചുകൂടി ഗൗരവത്തില്‍ സമീപിച്ചിരുന്ന മലയാള സിനിമയായിരുന്നു 2012 ല്‍ പുറത്തിറങ്ങിയ 'പ്രഭുവിന്റെ മക്കള്‍.' പ്രദര്‍ശനാനുമതി ഉണ്ടായിരുന്നെങ്കിലും 3000 പേര്‍ പോലും കാണാതെ തിയേറ്ററുകളില്‍ നിന്ന് അത് പുറന്തള്ളപ്പെടുകയാണ് ഉണ്ടായത്. പി.കെ. സൃഷ്ടിച്ച കോളിളക്കത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ലോകത്തില്‍ അതു സജീവമായി. 1.5 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. അപ്പോഴും ഇറങ്ങി 'വൃണിത വികാരി'കള്‍ നിരോധിക്കണമെന്ന ആവശ്യവുമായി. 'പ്രഭുവിന്റെ മക്കളി'ല്‍   മതനിഷേധമുണ്ട്, നിരീശ്വരവാദമുണ്ട്, യുക്തിവാദമുണ്ട്, ആള്‍ദൈവങ്ങള്‍ക്കും അന്ധമായ വിശ്വാസത്തിനും എതിരേ വിമര്‍ശനമുണ്ട്.

ഇതിവൃത്തങ്ങള്‍
പി.കെ. ചിത്രീകരിക്കുന്നത് ഏതോ ഒരു വിദൂരഗ്രഹത്തില്‍ നിന്ന് ഭൂമിയില്‍ ഗവേഷണ ദൗത്യത്തിന് എത്തുന്ന ഒരു അന്യഗ്രഹ മനുഷ്യന്റെ കഥയാണ്. ഭൂമിയില്‍ അയാള്‍ക്ക് എല്ലാം അപരിചിതങ്ങളും അത്ഭുതാവഹങ്ങളുമാണ്, പ്രത്യേകിച്ച് വ്യത്യസ്ത മതങ്ങളും അവയുടെ വിശ്വാസങ്ങളും. ഒരു പത്രപ്രവര്‍ത്തകയെ കൂട്ടുപിടിച്ച് മതത്തിന്റെ അന്ധവിശ്വാസങ്ങളുടേയും ആള്‍ദൈവവിശ്വാസങ്ങളുടേയും പൊള്ളത്തരം പുറത്തുകൊണ്ടുവരുന്നതാണ് കഥ.
'പ്രഭുവിന്റെ മക്കളു'ടെ പ്രമേയം ദൈവാന്വേഷണത്തിലാണ് ആരംഭിക്കുന്നത്. കോളേജ് പഠനശേഷം നീണ്ട വര്‍ഷങ്ങള്‍ ആത്മീയതയുടെ വഴി തേടിപ്പോയ സിദ്ധാര്‍ത്ഥന്‍ തിരിച്ചു നാട്ടിലെത്തുന്നത് തന്റെ ജ്യേഷ്ഠതുല്യനായ മണിയുടെ നിരീശ്വര -യുക്തിവാദത്തിന്റെ വഴിയാണ് സത്യം എന്ന തിരിച്ചറിവോടെയാണ്. തുടര്‍ന്ന് രണ്ടുപേരും ചേര്‍ന്ന് മതങ്ങളുടേയും ആള്‍ദൈവങ്ങളുടേയും കള്ളി വെളിച്ചത്താക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഉള്ളടക്കം.
വരും കാലം കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയാത്തൊരു കാലമാണ്. ഇവിടെ സംവാദങ്ങള്‍ നടക്കേണ്ടതുണ്ട് - മതവും ശാസ്ത്രവും തമ്മില്‍, യുക്തിയും ബുദ്ധിയും തമ്മില്‍, മാനവികതയും ആത്മീയതയും തമ്മില്‍. അല്ലാതെ മതങ്ങളും ശാസ്ത്രവും യുക്തിചിന്തയും പ്രതിരോധങ്ങള്‍ തീര്‍ത്തതുകൊണ്ടും പരസ്പരം ആക്രമിച്ചതുകൊണ്ടും ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാം എന്ന് കരുതുന്നതില്‍ കാര്യമില്ല. അതുകൊണ്ടാണ് പകല്‍ വെളിച്ചംപോലെ വ്യക്തമായ ചില ചോദ്യങ്ങള്‍ ഇവിടെ ഉന്നയിക്കേണ്ടിവരുന്നത്:

മതത്തോട്
*             പരിണാമത്തെക്കുറിച്ചും മഹാവിസ്‌ഫോടനങ്ങളെക്കുറിച്ചും ശാസ്ത്രം തെളിമയോടെ സംസാരിക്കുമ്പോള്‍ കളിമണ്ണുകഥ കൊണ്ടും ബ്രഹ്മാവിന്റെ ശരീരത്തില്‍ നിന്നുള്ള സൃഷ്ടിക്കഥ കൊണ്ടും നിങ്ങള്‍ എങ്ങനെയാണ് പുതുതലമുറയോട് സംവദിക്കാന്‍ പോകുന്നത്?
*             നിങ്ങള്‍ നിങ്ങളുടേതല്ലാത്ത വേറൊരു മതത്തിന്റെയും ദൈവത്തില്‍ വിശ്വസിക്കാത്തിടത്തോളം കാലം നിരീശ്വരവാദികളില്‍നിന്ന് നിങ്ങള്‍ ഏറെ വിഭിന്നരാണോ? മറ്റ് ദൈവങ്ങളെ നിഷേധിക്കുന്ന അതേ യുക്തി ഉപയോഗിച്ച് നിരീശ്വരവാദികള്‍ നിങ്ങളുടെ മതത്തിന്റെ ദൈവത്തെക്കൂടി നിഷേധിക്കുന്നുവെന്നല്ലേയുള്ളൂ?
*             ഏതാനും ബില്യണ്‍ വര്‍ഷങ്ങള്‍ക്കുശേഷം സൂര്യന്‍ എരിഞ്ഞടങ്ങുമെന്നും അതിന് മുമ്പേ ഭൂമിയില്‍ ജീവന്‍ ഇല്ലാതാകുമെന്നും അതിനു ശേഷവും പ്രപഞ്ചം കോടാനുകോടി വര്‍ഷങ്ങള്‍ നിലനില്‍ക്കുമെന്നും ഭൂമി പോലെ ജീവന്‍ പേറുന്ന മറ്റ് ഗോളങ്ങള്‍ ഇനിയും ഏറെ പ്രപഞ്ചത്തില്‍ കണ്ടേക്കാമെന്നും ശാസ്ത്രം പറയുമ്പോള്‍ നിങ്ങള്‍ ആകാശത്തിന് മുകളിലെ സ്വര്‍ഗ്ഗത്തെക്കുറിച്ചും ഭൂമിക്ക് കീഴിലെ നരകത്തെക്കുറിച്ചും എന്താണ് പറയാന്‍ പോകുന്നത്?
*             ചരിത്രം പരിശോധിച്ചാല്‍ ഈ ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ കലാപങ്ങളും കൊലപാതകങ്ങളും നടന്നിട്ടുള്ളത് ദൈവത്തിന്റെ പേരിലാണ്. മതത്തോട് വിട പറഞ്ഞുകൊണ്ടിരിക്കുന്ന ദേശങ്ങളില്‍ വികസനവും മാനവികമൂല്യങ്ങളും മതാത്മക സമൂഹങ്ങളേക്കാള്‍ പതിന്മടങ്ങ് വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍ പറയുമ്പോള്‍ നിങ്ങള്‍ എന്തു പറയും?

നിരീശ്വര-യുക്തിവാദികളോട്
*             ജീവിതത്തെ മൊത്തത്തില്‍ വിലയിരുത്തുന്നതിനുള്ള നിങ്ങളുടെ മാനദണ്ഡങ്ങള്‍ മനുഷ്യന്റെ ബുദ്ധിയും ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളും മാത്രമാണോ? ന്യൂറോണുകളുടെ ചില ക്രമമായ പ്രവര്‍ത്തനം കൊണ്ട് താളം തെറ്റാതെ നില്‍ക്കുന്ന യുക്തിചിന്തക്കും (ചിത്തഭ്രമം, മറവി, അബോധാവസ്ഥ ഇതൊന്നും ഒരു മനുഷ്യനും അന്യമല്ല) പഞ്ചേന്ദ്രിയങ്ങളിലൂടെ കരഗതമാകുന്ന ശാസ്ത്രീയ അറിവുകള്‍ക്കും ഉള്ളില്‍ യാഥാര്‍ത്ഥ്യങ്ങള്‍ അവസാനിക്കുന്നു എന്നു വിശ്വസിക്കുന്നതിലെ അയുക്തി നിങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കും?
*             നിങ്ങള്‍ പറയുന്നതു മാത്രമാണ് സത്യം, നിങ്ങളെപ്പോലെ ചിന്തിക്കാത്ത കോടാനുകോടി മനുഷ്യരുടെ ചിന്തകള്‍ അസത്യമാണെന്ന് പറയാനുള്ള ഉറപ്പ് നിങ്ങള്‍ക്ക് എവിടെ നിന്നാണ് കിട്ടുന്നത്?
*             ദൈവവിശ്വാസം പരീക്ഷണനിരീക്ഷണങ്ങളില്‍ അടിസ്ഥാനമിട്ട് തെളിയിച്ച യുക്തിഭദ്രമായ ഒരു ബൗദ്ധിക ചിന്തയായിട്ടല്ലല്ലോ മനുഷ്യവംശത്തില്‍ ആവിര്‍ഭവിച്ചത്. പിന്നെങ്ങനെ, കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകള്‍ക്കിടയില്‍ വളര്‍ന്നുവന്ന ശാസ്ത്രചിന്ത കൊണ്ട് മനുഷ്യന്റെ മതാത്മക ജീവിതത്തെ മുഴുവനായി വ്യാഖ്യാനിക്കാനാവും? ചിന്തകളെ അതിലംഘിച്ചു നില്‍ക്കുന്ന ഒരു ജീവിതശൈലിയാണ് മതം എന്നു പറയുമ്പോള്‍ ശാസ്ത്ര പഠനങ്ങള്‍ക്ക് അപ്പുറം നില്‍ക്കുന്ന സ്‌നേഹം, കാരുണ്യം, കടപ്പാട്, ആനന്ദം, സൗന്ദര്യം തുടങ്ങിയവയെ അളക്കുംപോലെ അസ്തിത്വപരമായ അളവുകോലുകളില്‍വച്ചല്ലേ മതത്തെ അളക്കേണ്ടത്?
*             പഞ്ചേന്ദ്രിയപരമായ ഭൗതികലോകം മാത്രമാണ് പരമസത്യമെങ്കില്‍ നിരന്തരം നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ (മനുഷ്യജീവിതം പോലും എത്ര ക്ഷണികം!) പിന്നെയെന്തിനാണ് ധാര്‍മികതയും സാമൂഹ്യക്രമവും?

ആള്‍ദൈവങ്ങളോട് (നിങ്ങള്‍ സത്യം പറയണം)
*  നിങ്ങള്‍ക്കെന്തേ സാധാരണ മനുഷ്യരെപ്പോലെ വസ്ത്രധാരണം ചെയ്താല്‍? എന്തിനാണ് നിങ്ങള്‍ ആടയാഭരണങ്ങള്‍ക്കും കളഭച്ചാര്‍ത്തുകള്‍ക്കും പിന്നില്‍ സ്വയം മറച്ച് സമൂഹമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്?
*             നിങ്ങള്‍ക്ക് ലൈംഗിക അഭിനിവേശം, ഇഷ്ടഭോജ്യങ്ങളോടുള്ള താല്‍പര്യം, അംഗീകാരത്തിനുവേണ്ടിയുള്ള ആഗ്രഹം... അങ്ങനെ ഞങ്ങള്‍ സാധാരണ മനുഷ്യര്‍ക്കുള്ള സംഗതികള്‍ ഒന്നുമില്ലേ?
*             നിങ്ങള്‍ക്ക് അത്ഭുതാവഹമായി രോഗശാന്തി കൊടുക്കാനാകുമെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങളും നിങ്ങളെ ഉള്‍ക്കൊള്ളുന്ന മതസമൂഹങ്ങളും കോടിക്കണക്കിന് രൂപ മുതല്‍മുടക്കി ആശുപത്രികള്‍ നിര്‍മ്മിക്കുന്നത്?
*             നിങ്ങള്‍ ആത്മീയ അവതാരങ്ങളാകുന്നതിന് മുന്‍പും പിന്‍പും തമ്മില്‍ നിങ്ങളുടെ സാമ്പത്തികവും ഭൗതികവുമായ ആസ്തികളും സുഖസൗകര്യങ്ങളും ഒന്ന് താരതമ്യം ചെയ്യാമോ?
*             അതീന്ദ്രീയജ്ഞാനം, മനഃശാസ്ത്രം (പാരാസൈക്കോളജി) എന്നിവയുടെ സഹായത്തോടെ നിങ്ങള്‍ ദൈവിക പ്രവര്‍ത്തനം എന്ന നിലയില്‍ കാണിക്കുന്ന ദര്‍ശനം, അതീന്ദ്രീയ അറിവുകള്‍, സൗഖ്യം കൊടുക്കല്‍, ഉന്മാദാനുഭവങ്ങള്‍ എന്നിവ വിവരിക്കാമെന്നിരിക്കെ അവയിലെ ദൈവികത എന്താണെന്ന് പറഞ്ഞുതരാമോ?
*             നിങ്ങള്‍ക്ക് രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ താല്പര്യങ്ങള്‍ ഇല്ലെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍  വ്യക്തമായ ഒരു വിശകലനത്തിലൂടെ നിങ്ങള്‍ക്ക് വര്‍ഗ്ഗീയ രാഷ്ട്രീയവും ക്യാപ്പിറ്റലിസത്തെ പിന്‍ചെല്ലുന്ന സാമ്പത്തിക നയവും മതത്തെ സ്വകാര്യവത്കരിക്കുന്ന സാമൂഹ്യനിലപാടുകളും ഉണ്ടെന്ന് സമര്‍ത്ഥിച്ചാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും?

വിശ്വാസികളോട്
*             സാമ്പത്തിക സുസ്ഥിതി, ആരോഗ്യസംരക്ഷണം, കുടുംബസമാധാനം, മനസ്സിനിണങ്ങിയ ജീവിത പങ്കാളി, വിദ്യാഭ്യാസനേട്ടം, ജോലി, പരലോക മോക്ഷം എന്നിവയല്ലാതെ മറ്റെന്തെങ്കിലും നിങ്ങള്‍ മതാത്മക ജീവിതത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടോ? ഏവര്‍ക്കും സാമ്പത്തിക സുരക്ഷിതത്വവും ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസ-ജോലി സാധ്യതകളും രാഷ്ട്രം വാഗ്ദാനം ചെയ്യുകയും മരണാനന്തരം കിട്ടുന്ന സ്വര്‍ഗ്ഗനരകങ്ങളെക്കുറിച്ചുള്ള മോഹനവാഗ്ദാനവും ഭീതിയും മതങ്ങള്‍ അവയുടെ ഔദ്യോഗിക പഠനത്തില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്താല്‍ പിന്നീട് നിങ്ങളുടെ മതാത്മകത എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
*             സ്വന്തം മതത്തിന് പുറമെയും രക്ഷാമാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന് സ്വന്തം മതം പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ മറ്റു മതങ്ങളോടും മതരഹിതരായി ജീവിക്കുന്ന വ്യക്തികളോടും നിങ്ങളുടെ സമീപനം എന്തായിരിക്കും?
*             ഇപ്പോള്‍ നിങ്ങള്‍ അംഗമായിരിക്കുന്ന മതത്തിലല്ലാതെ മറ്റേതെങ്കിലും മതത്തിലാണ് നിങ്ങള്‍ ജനിച്ചിരുന്നതെങ്കില്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ കുടുംബക്കാര്‍ക്ക് എതിര്‍പ്പുള്ളപ്പോഴും സ്വയം തീരുമാനത്തില്‍ ഇപ്പോള്‍ വിശ്വസിക്കുന്ന മതത്തില്‍ ചേരുമായിരുന്നോ?

*             നിങ്ങള്‍ വിശ്വസിക്കുന്ന ദൈവം സര്‍വ്വശക്തനും എല്ലാം അറിയുന്നവനും എല്ലായിടത്തും ആയിരിക്കുന്നവനുമായിരിക്കെ എന്തിനാണ് ദൂരത്തിലുള്ള ചില പള്ളികളിലേയ്ക്കും അമ്പലങ്ങളിലേയ്ക്കും ധ്യാനകേന്ദ്രങ്ങളിലേയ്ക്കും നിങ്ങള്‍ അനുഗ്രഹം തേടി യാത്രപോകുന്നത്? ചില വ്യക്തികള്‍ വഴിയും ചില പ്രത്യേക സ്ഥലങ്ങളിലും മാത്രമേ ദൈവത്തിന് പ്രസാദിക്കാനാവൂ എന്ന് കരുതുന്നുണ്ടോ?  

Thursday, January 29, 2015

'മദ്യപന്റെ മാനിഫെസ്റ്റോ' മറിച്ചുനോക്കുമ്പോള്‍


''മദ്യപിക്കുന്നവരുടെ പെണ്ണുങ്ങള്‍ക്കും ചിലത് പറയാനുണ്ട്.''
''മദ്യപിക്കുന്ന പെണ്ണുങ്ങള്‍ക്കും ചിലത് പറയാനുണ്ട്.''
''മദ്യപര്‍ക്കും ചിലത് പറയാനുണ്ട്. അഭിപ്രായം പറയാനുള്ള ഇടമെങ്കിലും അനുവദിക്കണം.''
കുടുംബക്കാരി പെണ്ണുങ്ങള്‍ ആവശ്യപ്പെട്ടു, മദ്യപാനി പെണ്ണുങ്ങള്‍ ആവശ്യപ്പെട്ടു, മദ്യപര്‍ ആവശ്യപ്പെട്ടു, ആര്‍ക്കും അനുവാദമോ, അഭിപ്രായം പറയാനുള്ള ഇടമോ, അഭിപ്രായത്തിന് അംഗീകാരമോ കൊടുക്കാതെ 2014 ആഗസ്റ്റ് 21-ന് കേരളത്തില്‍ സുധീര മദ്യനയം പ്രഖ്യാപിക്കപ്പെട്ടു. പെണ്ണുങ്ങള്‍ മേന്മോടിക്ക് പറഞ്ഞത് അവരങ്ങ് വിഴുങ്ങിക്കളയുകയും ചെയ്തു. തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ  ധ്വംസനവും ഗവണ്‍മെന്റിന്റെ ചൂഷണവും ഇരട്ടത്താപ്പുനയവുമായി മദ്യനയത്തെ കണ്ട മദ്യപര്‍ മാത്രം പ്രതികരിച്ചു, ഇന്നും പ്രതികരിച്ചുകൊണ്ടിരിക്കുന്നു. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും വ്യക്തിനിഷ്ഠവുമായി കാര്യങ്ങളെ വിലയിരുത്തുന്ന പ്രതികരണശേഷിയുള്ള ഒരു മദ്യപാനിയുടെ പ്രതികരണമാണ് 'മദ്യപന്റെ മാനിഫെസ്റ്റോ' എന്ന ഗിരീഷ് ജനാര്‍ദ്ദനന്റെ 2014 നവംബറില്‍ പുറത്തിറങ്ങിയ ലഘുപുസ്തകം.
''നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം'' എന്ന തലവാചകത്തോടെ  തുറക്കുന്ന പുസ്തകം അതിന്റെ പൊതുവിലുള്ള ആക്ഷേപഹാസ്യ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. അതേസമയം ഒരു മദ്യപന്‍ എന്ന നിലയില്‍ തെളിമയാര്‍ന്ന കാര്‍ക്കശ്യേത്താടുകൂടിയ രാഷ്ട്രീയവും ചരിത്രപരവും സാമൂഹികവുമായ വിമര്‍ശനങ്ങളാണ് ഗിരീഷ് ഉന്നയിക്കുന്നത്.
പുസ്തകത്തിന്റെ ആമുഖത്തില്‍ കെ.പി. സേതുനാഥ് ഇങ്ങനെ കുറിക്കുന്നു: ''ആഹാരം, വസ്ത്രം, ദൈവവിശ്വാസം, ലൈംഗീകാഭിരുചി തുടങ്ങിയവ വ്യക്തിപരമായ സ്വകാര്യതകളാണ്... ചരിത്രപരമായി ആര്‍ജ്ജിച്ച ഈ ജനാധിപത്യബോധത്തിന്റെ വിപരീതദിശയിലാണ് ഭരണകൂട സംവിധാനങ്ങളുടെ ഭൂമിക.'' വളരെ ഗൗരവമായി പരിഗണിക്കേണ്ട ഈ ചരിത്രബോധത്തെ തികച്ചും അവഗണിച്ച് വ്യക്തിയുടെ സ്വാതന്ത്ര്യത്തിലേയ്ക്കും അവകാശത്തിലേയ്ക്കും രാഷ്ട്രവും സമൂഹവും കടന്നുകയറുന്നതിനെതിരെയുള്ള ഒരു കലാപമാണ് 'മദ്യപന്റെ മാനിഫെസ്റ്റോ.''
'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്ന പതിവ് പല്ലവിയുടെ മറപിടിച്ച് ഭരണകൂടം  എന്താണ് ചെയ്യുന്നത്? ഇതിലേയ്ക്കുള്ളൊരന്വേഷണമാണ് 'ബിവറേജസിന്റെ മാളങ്ങള്‍', 'അന്യായമായ  മദ്യനികുതി', 'കള്ളത്തരത്തിന്റെ പ്രേരണാക്കുറ്റം', 'വാസവദത്തയുടെ സദാചാര പ്രസംഗം', 'സര്‍ക്കാര്‍  നരഹത്യകള്‍', 'മദ്യപന്റെ മാനിഫെസ്റ്റോ' എന്നീ കുറിപ്പുകളില്‍ വിവരിക്കുന്നത്. 2011-ലെ കണക്കുകള്‍ പ്രകാരം തയ്യാറാക്കിയ 'മദ്യപന്റെ മാനിഫെസ്റ്റോ' എന്ന കുറിപ്പില്‍ സര്‍ക്കാര്‍ കുടിയനെ പിഴിയുന്ന കണക്ക് കൃത്യമായി കൊടുത്തിരിക്കുന്നു. 30 രൂപ വിലയുള്ള ഒരു ഫുള്‍ ബോട്ടിലിന് സര്‍ക്കാരിന് കിട്ടുന്ന ലാഭം 179 രൂപ. 8 രൂപ വിലയുള്ള ക്വാര്‍ട്ടറിന് സര്‍ക്കാരിന്റെ ലാഭം 51 രൂപ. ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരടക്കം എല്ലാ സര്‍ക്കാരുകളും നഷ്ടം നികത്താന്‍ ചെയ്തിരുന്നത് മദ്യനികുതി വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു. 2014 ഒക്‌ടോബര്‍ 14-ന് ഭീകരമായ നിരക്കില്‍ നികുതി വര്‍ദ്ധിപ്പിച്ച് ഖജനാവിലേയ്ക്ക് പണം കണ്ടെത്തിയ ഈ ഗാന്ധിയന്‍ ഗവണ്‍മെന്റിന്റെ 'വാസവദത്തയുടെ സദാചാര പ്രസംഗം' ഓര്‍മ്മിപ്പിക്കാന്‍ ഗ്രന്ഥകര്‍ത്താവ് ഗാന്ധിയുടെ വാക്കുകളെ 'അന്യായമായ മദ്യനികുതി' എന്ന കുറിപ്പില്‍ ഇങ്ങനെ ഉദ്ധരിക്കുന്നു:
''മദ്യത്തില്‍ നിന്നും മാദകൗഷധങ്ങളില്‍ നിന്നുമുള്ള നികുതി അത്യന്തം ആക്ഷേപകരമായ ഒരു വരുമാനമാണെന്ന് ഓര്‍മ്മിക്കണം. ഏതു നികുതിയും ക്ഷേമകരമായിരിക്കണമെങ്കില്‍ നികുതിദായകന്, ആവശ്യമായ സേവനത്തിന്റെ രൂപത്തില്‍, പത്തിരട്ടിയായി തിരികെ കിട്ടണം. എക്‌സൈസ് വകുപ്പ് ജനങ്ങളെക്കൊണ്ട് അവരുടെ സാന്മാര്‍ഗ്ഗികവും മാനസികവും ശാരീരികവുമായ അധഃപതനത്തിന് വില കൊടുപ്പിക്കുന്നു. താങ്ങാന്‍ ലേശവും പാങ്ങില്ലാത്തവര്‍ക്ക് അത് ഒരു കനത്ത ഭാരമായിത്തീരുന്നു...1922-ല്‍ തിരുവിതാംകൂര്‍ രാജ്യത്തെ മൊത്തം വരുമാനമായ 1,96,70,130  രൂപയില്‍ ഭൂനികുതി 38,18,652 രൂപ ആയിരിക്കേ, എക്‌സൈസ് നികുതി  46,94,300 രൂപയാണ്. ഇതു ഭരണത്തിന് വലിയ കളങ്കമാണെന്ന് ഞാന്‍ വിചാരിക്കുന്നു.''
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഈ മദ്യനികുതി സമ്പ്രദായം ഗാട്ട്കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധവും അതിനെതിരാണെന്നും കാണിച്ച് പല യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ജപ്പാനും WTO-യുടെ മുമ്പാകെ തര്‍ക്കപരിഹാരത്തിന് വെച്ചിരിക്കുകയാണ്. എന്നെങ്കിലും ഒരു തിരിച്ചടിയോടെ ഇന്ത്യക്കെതിരെ ഈ കേസ് കത്തിജ്ജ്വലിക്കുമെന്ന് ഗ്രന്ഥകാരന്‍ കരുതുന്നു.
ഇത്രയും തുക നികുതിയിനത്തില്‍ മദ്യപരില്‍ നിന്ന് പറ്റുന്ന സര്‍ക്കാര്‍ അവര്‍ക്കുവേണ്ടി ഒരുക്കിയിരിക്കുന്നത് ഓക്കാനം വരുത്തുന്ന, ക്യൂവില്‍ പോയി നിന്നാല്‍ ആത്മാവഹേളനം ഉളവാക്കുന്ന, തലയില്‍ ഹെല്‍മറ്റ് വെച്ച് നില്‍ക്കേണ്ട, മദ്യം മാന്യമായി പൊതിഞ്ഞുപോലും കൊടുക്കാതെ, ധാര്‍ഷ്ട്യത്തോടെ   പെരുമാറുന്ന വില്പനക്കാരുള്ള ബിവറേജസിന്റെ മാളങ്ങളാണ്. അതുകൊണ്ടാണ് ഇന്നോളം ഉത്തരം കൊടുക്കാന്‍ പറ്റാത്ത ഒരു മനുഷ്യാവകാശ ചോദ്യം ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചത്: ''ആളുകളെ പെരുവഴിയില്‍ നിര്‍ത്തി മദ്യം വില്ക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതാണോ? ബിവറേജസിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലുമായി പ്രതിദിനം അഞ്ചുകോടിയുടെ വിറ്റുവരവുള്ള സര്‍ക്കാരാണ് ഈ എച്ചിത്തരം കാണിക്കുന്നത് എന്നോര്‍ക്കണം. എന്നിട്ടോ ഈ ബിവറേജസ് കൗണ്ടറില്‍ കൈകടത്തി ഒരു ക്വാര്‍ട്ടര്‍ 'ബിജോയ്‌സ് പ്രീമിയം' ചോദിക്കുമ്പോള്‍ കിട്ടുന്നത് 'ഹണീബി'യായിരിക്കും, അതും അളവിലും ഗുണത്തിലും ആവുന്ന വെട്ടിപ്പെല്ലാം നടത്തി. അതുകൊണ്ട് ഗ്രന്ഥകാരന്‍ ഇങ്ങനെ ചോദിക്കുന്നു: ''വിഷം വിറ്റ് കൊള്ളലാഭമെടുക്കുന്ന സര്‍ക്കാരിന് ആ കച്ചവടം വൃത്തിയായും സുതാര്യമായും  ചെയ്യാനുള്ള ബാധ്യതയില്ലേ?''
'തലതിരിഞ്ഞ മദ്യനയത്തിന്റെ സൃഷ്ടികളായിരുന്നു സംസ്ഥാനത്തുണ്ടായ ഓരോ വിഷമദ്യദുരന്തവും' എന്ന ആരോപണത്തോടെ നരഹത്യാക്കുറ്റം സര്‍ക്കാരില്‍ ചുമത്തുന്നതാണ് പുസ്തകത്തിന്റെ ഏറ്റവും രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനം. ഇവിടെ വിളമ്പിയിരുന്ന ചാരായം തീര്‍ച്ചയായും 'നരകതീര്‍ത്ഥം' തന്നെയായിരുന്നു. ബിവറേജസ് വഴി മദ്യപര്‍ക്ക് ലഭിക്കുന്ന മദ്യത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ഇന്നോളം ആയിട്ടില്ല. ആശുപത്രിയിലെ ശസ്ത്രക്രിയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന റെക്ടിഫൈഡ് സ്പിരിറ്റും വ്യവസായികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മീഥൈല്‍ ആല്‍ക്കഹോളുമൊക്കെയാണ് ചാരായ രൂപത്തില്‍ ഇവിടെ കുടിക്കാന്‍ കിട്ടിയിരുന്നത്. ചാരായ നിരോധനത്തിലൂടെ ഒരു തുഗ്ലക്ക് ഭരണപരിഷ്‌കാരം നടത്തിയ ഏ. കെ. ആന്റണി കേരളസമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്‌തോ എന്നു ചോദിച്ചാല്‍ ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, ചാരായപാനികള്‍ അടുത്തുള്ള ബാറുകളിലേയ്ക്കും വിദേശമദ്യക്കടകളിലേയ്ക്കും നീങ്ങി കനത്ത നികുതിപ്പണമടച്ച് സര്‍ക്കാരിന് അമിത ലാഭമുണ്ടാക്കിക്കൊടുത്തു. 'ചാരായം കുടിക്കരുത്, ബ്രാണ്ടി കുടിക്കാം' എന്നൊരു മദ്യനയം മാത്രമായിരുന്നു ആന്റണിയുടെ നിരോധനം. ചാരായ നിരോധനത്തിന്റെ ശേഷം, അവിടം കൊണ്ടവസാനിച്ചില്ല. നിരോധനം നടപ്പിലാക്കിയ 1996 മുതല്‍ക്കിങ്ങോട്ട് വിവിധ മദ്യദുരന്തങ്ങളിലായി 98 ദാരുണ മരണങ്ങള്‍. മരിച്ചുജീവിക്കുന്നവരുടെ കണക്കുകള്‍ ഇനിയും ലഭ്യമല്ല.
മദ്യത്തെ സദാചാരവുമായി കൂട്ടിക്കുഴയ്ക്കുന്നതിനെതിരെയുള്ള ഒരു കലാപമാണ് 'പണ്ടേ അലമ്പായ മലയാളി'. മദ്യനിരോധനത്തിലേയ്ക്ക് നയിക്കും വിധമുള്ള ഒരു മദ്യനയത്തിന്റെ പിന്നില്‍ പ്രചരിപ്പിക്കപ്പെട്ട വാദം മദ്യപാനം സാമൂഹിക കുറ്റകൃത്യങ്ങളിലേയ്ക്ക് നയിക്കും എന്നതാണ്. കള്ള് കുടിച്ച് മത്തനായ ഒരാള്‍ അരാജകമായ പെരുമാറ്റത്തിലേയ്ക്ക് നീങ്ങുകയും കുടുംബവും സമൂഹവും കലാപഭൂമികളായി മാറുകയും ചെയ്യുന്നുവത്രെ. ബിവറേജസ് കോര്‍പ്പറേഷനും ബാറുകളും രൂപപ്പെടാത്ത, നമ്പൂതിരി സമുദായം മദ്യപാനം നടത്താത്ത, ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയായിരുന്നു അച്ഛനടക്കം അറുപത്തഞ്ച് പുരുഷകേസരികളാല്‍ ഭോഗിക്കപ്പെട്ട 23 വയസ്സുകാരി കുറിയേടത്ത് താത്രി. ബാറുകള്‍ തുറക്കപ്പെടാത്ത, ചാരായം വാറ്റില്ലാത്ത കാലത്താണ് നായര്‍ തറവാടുകളില്‍ പതിനൊന്ന് തികയാത്ത പെണ്‍കിടാങ്ങള്‍ പ്രതിദിനം മൂന്നു സംബന്ധക്കാരാലും ഒരു ട്രെയിനിയാലും ഭോഗിക്കപ്പെട്ടത്. പല കീഴാള സമൂഹങ്ങളിലും ജേഷ്ഠാനുജന്മാര്‍ ഒറ്റ ഭാര്യയെ പ്രാപിക്കുന്ന പാഞ്ചാലിരീതികള്‍ നിലനിന്നിരുന്നു. ഇതൊന്നും മദ്യപാനശീലമില്ലാതിരുന്ന സമൂഹത്തിലാണെന്ന് ഓര്‍ക്കണം.
ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് 1978-ല്‍ പാട്യം ഗോപാലന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള സൂചന. പ്രതിദിനം 16,000 കുപ്പികള്‍ 14,000 പേര്‍ക്കായി വിറ്റുപോകുന്ന മാഹിയെ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ആ പ്രസംഗം: ''മാഹിയുടെ ചരിത്രത്തില്‍ കഴിഞ്ഞ 50 കൊല്ലത്തിനിടയില്‍ മാഹിക്കോടതിയില്‍ ഇന്നുവരെ വന്നിട്ടുള്ളത് ഒരേയൊരു കൊലക്കേസാണ്. അത് ഒരു മോഷണക്കേസ് പിടികൂടുന്ന സന്ദര്‍ഭത്തില്‍ പിടികൂടാന്‍ ശ്രമിച്ചയാളെ മോഷ്ടാവ് കുത്തിയ സംഭവമായിരുന്നു.'' ഇത്തരം സൂചനകളുടെ ശേഷഭാഗമെന്നോണം വായിക്കേണ്ടതാണ് മദ്യപാനശീലമേയില്ലാത്ത മദ്ധ്യപൂര്‍വ്വേഷ്യന്‍ മുസ്ലീം രാജ്യങ്ങളില്‍ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന കൊടിയ കലാപങ്ങളുടെ കഥ. തല വെട്ടാനും കൈവെട്ടാനും കണ്ണു ചൂഴ്‌ന്നെടുക്കാനും തീവ്രവാദത്തിന് ജന്മം കൊടുക്കാനും മദ്യത്തിന്റെ ആവശ്യമേയില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. അല്ലെങ്കില്‍ പിന്നെയെങ്ങനെയാണ് ഏറ്റവും സമാധാനപൂര്‍വ്വമായ രാജ്യങ്ങളുടെ ലിസ്റ്റില്‍ മദ്യം വളരെ സുലഭമായ യൂറോപ്യന്‍ രാജ്യങ്ങള്‍ കടന്നുവരുന്നത്? ലോകത്തിന്റെ ഏറ്റവും സമാധാനപൂര്‍വ്വകമായ രാജ്യങ്ങളില്‍ മുന്‍നിരയില്‍ മദ്യം സുലഭമായ ഐസ്‌ലന്റ,് ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ന്യൂസിലാന്റ് എന്നിവയും, ഏറ്റവും അശാന്തി നിറഞ്ഞ ഇടങ്ങളായി കണക്ക്  ചേര്‍ക്കപ്പെട്ടിരിക്കുന്നത് മദ്യവര്‍ജ്ജനം മതവിശ്വാസംപോലെ കൊണ്ടുനടക്കുന്ന സിറിയ, അഫ്ഗാനിസ്ഥാന്‍, ദക്ഷിണ സുഡാന്‍, ഇറാക്ക് എന്നീ രാജ്യങ്ങളുമാണെന്നോര്‍ക്കണം. മദ്യപാനം നടത്താത്ത കടുത്ത മതവിശ്വാസികളായ താലിബാനികളാണ് കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ നൂറ്റിയമ്പതില്‍പ്പരം സ്‌കൂള്‍കുട്ടികളെ ദാരുണമായി കൊലപ്പെടുത്തിയത്. സദാചാരവും ക്രമസമാധാനവുമായി ബന്ധപ്പെടുത്താനുള്ള ശ്രമം യാതൊരുവിധ ആധികാരികതയുമില്ലാത്ത പൊള്ളവാദമെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ.
കൊണ്ടല്ലാതെ കണ്ടുപഠിക്കാത്ത ഒരു ജനതയാണ് നമ്മള്‍. വേണ്ട സാംസ്‌കാരിക - സാമൂഹിക - മനശ്ശാസ്ത്ര-ചരിത്രപരമായ പഠനങ്ങളൊന്നുമില്ലാതെ ഒരു നിയമനിര്‍മ്മാണത്തിലേയ്ക്ക് പോകണം എന്നു പറയുന്ന നമ്മുടെ സമൂഹവും രാഷ്ട്രീയപാര്‍ട്ടികളും എത്ര മണ്ടന്മാരാണ്! അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത പോലെ അടിച്ചമര്‍ത്തപ്പെട്ട മദ്യപാനവും ആത്മനിയന്ത്രണമില്ലാത്ത ആസക്തിയില്‍ എത്തിക്കില്ലേ? എല്ലാവരും മദ്യം ഉപയോഗിക്കുന്ന പാശ്ചാത്യസംസ്‌കാരത്തില്‍ എന്തുകൊണ്ട് മദ്യപാനരോഗികളും മദ്യപാനം മൂലമുള്ള കുറ്റകൃത്യങ്ങളും അപൂര്‍വ്വം മാത്രമാകുന്നു? കേരളജനതയ്ക്ക് ഒരു 'മദ്യസാക്ഷരത' ആവശ്യമുണ്ടോ? മദ്യഅടിമകളെ സൃഷ്ടിക്കാത്ത കേരളത്തിന്റെ പ്രാദേശിക 'മദ്യസംസ്‌ക്കാരം' എങ്ങനെ അന്യംനിന്നുപോയി? - ഇങ്ങനെയുള്ള അടിസ്ഥാനപരമായ ചോദ്യങ്ങള്‍ ഉന്നയിക്കാതെ 'മദ്യവര്‍ജ്ജന'മാണോ 'മദ്യനിരോധന'മാണോ വേണ്ടത് എന്ന ഉപരിപ്ലവമായ ചിന്തയിലാണ് നാം.
ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ മദ്യനിരോധനത്തിനുതന്നെ ചീറ്റിപ്പോയ കഥയാണ് പറയാനുളളത്. അത് സംഭവിച്ചത് പൊതുവര്‍ഷം 2070 നും 1600 നും ഇടയില്‍ ചൈന ഭരിച്ചിരുന്ന ഷിയാരാജവംശ കാലത്താണ്. യൂ രാജാവ് രാജ്യത്ത് മദ്യം നിരോധിച്ചു. അദ്ദേഹത്തിന്റെ മരണശേഷം അധികാരത്തില്‍ വന്ന ക്വി അത് തിരികെ കൊണ്ടുവരികയും ചെയ്തു. ഈ കഴിഞ്ഞുപോയ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍തന്നെ മദ്യനിരോധനം പരീക്ഷിച്ച് പരാജയപ്പെട്ട രാജ്യങ്ങളാണ് കാനഡ, ഡെന്‍മാര്‍ക്ക്, റഷ്യ, ഐസ്‌ലാന്റ,് നോര്‍വെ, ഹങ്‌റി, ഫിന്‍ലന്റ്, അമേരിക്ക. ഇന്ത്യയില്‍ മദ്യനിരോധനത്തിന് കഴിഞ്ഞനൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതലുള്ള ചരിത്രമേയുള്ളൂ - ഗുജറാത്തില്‍, ആന്ധ്രയില്‍, തമിഴ്‌നാട്ടില്‍, ഹരിയാനയില്‍, മണിപ്പൂരില്‍. രണ്ട് ഘട്ടങ്ങളിലായി ആന്ധ്രയില്‍ 13 കൊല്ലത്തെ നിരോധനം. ഹരിയാന രണ്ട് വര്‍ഷത്തോളം കുടിക്കാതിരുന്നു. തമിഴ്‌നാട് 20 കൊല്ലം കുടിനിര്‍ത്തിയ 'നല്ല കുട്ടി'യായിരുന്നു, വീണ്ടും 'തെമ്മാടി'യായി. 17 കൊല്ലം നീണ്ട പരീക്ഷണം നടത്തിയ മിസോറാം കഴിഞ്ഞ കൊല്ലം അത് അവസാനിപ്പിച്ചു. വെറും അനുഷ്ഠാനപരമായി കൊണ്ടുനടക്കുന്ന നിരോധനം അവസാനിപ്പിച്ചേക്കാം എന്ന ചിന്തയിലേക്ക് നാഗാലാന്റും ഏറെക്കുറെ എത്തിയിട്ടുണ്ട്. മോദിയുടെ മതേതരത്വത്തിന്റെ ആദര്‍ശമുഖം കണക്കെ മദ്യനിരോധനത്തിന്റെ ആദര്‍ശമുഖവും ഇപ്പോഴും നിലനില്‍ക്കുന്നിടം ഗുജറാത്താണ് - അകത്തൊരു മുഖം, പുറത്ത് മറ്റൊന്ന്. 
ലഹരി ഉപയോഗത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ വിട്ടുകളയാന്‍ ഗ്രന്ഥകര്‍ത്താവിന് ന്യായമായ അവകാശമുണ്ട്; കാരണം കേരളക്കര ഇന്നോളം സംസാരിച്ചിട്ടുള്ളത് ലഹരി ഉപയോഗത്തിന്റെ ആരോഗ്യ-അരാജക പ്രശ്‌നങ്ങള്‍ മാത്രമാണ്. എന്നാല്‍ പുരുഷവത്ക്കരിക്കപ്പെട്ടുപോയ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ, ലഹരിയുടെ ലോകത്തെക്കുറിച്ച് അദ്ദേഹം ഒരു കുറിപ്പുപോലും ചേര്‍ത്തില്ല എന്നത് പുരുഷാധിപത്യത്തെ മദ്യത്തിന്റെ ലോകത്ത് അംഗീകരിച്ചുറപ്പിക്കുന്നതിന്റെ ഒരു സൂചകമായി വേണമെങ്കില്‍ കണക്കാക്കാവുന്നതാണ്. സ്ത്രീയും പുരുഷനും കുടുംബത്തിലും സമൂഹസദസ്സുകളിലും ഒരേ തീന്‍മേശയുടെ ഇരുപുറങ്ങളിലുമിരുന്ന് സമാധാനത്തിലും സന്തോഷത്തിലും മദ്യപിക്കുന്ന നാടുകളെക്കുറിച്ച് എഴുത്തുകാരന് അറിയാത്തതുകൊണ്ടല്ല എന്ന് സ്വാഭാവികമായും വിചാരിക്കണം. എങ്കില്‍പ്പിന്നെ ആണ്‍കോയ്മയുടെ മദ്യസംസ്‌കാരവുമായി അദ്ദേഹം സന്ധിയിലായോ എന്ന് സ്വഭാവികമായും സംശയിക്കണം.