Friday, November 22, 2013

സർപ്പത്തിന്റെ വിവേകം ആവശ്യപ്പെടുന്ന ഒരു കാലത്ത് പ്രാവുകളെപ്പോലെ കുറുകുമ്പോൾ



മതം വ്യക്തിപരമായ വിശ്വാസത്തിലും  ധാർമ്മികതയിലും മാത്രം ഒതുങ്ങിനിൽക്കേണ്ടതല്ല,  സാധാരണ മനുഷ്യന്റെ കാതലായ ജീവിത പ്രശ്നങ്ങളിൽ ഇടപെടുമ്പോഴാണ് അതിന് യഥാർത്ഥ  ആത്മീയമാനം കൈവരുന്നുതെന്ന തിരിച്ചറിവ് ഒരു നേട്ടമാണ്. എന്നാൽ കേരളത്തിൽ ഈ പോയ നാളുകളിൽ അരങ്ങേറിയ ഗാഡ്ഗിൽ -കസ്തൂരിരംഗൻ റിപ്പോർട്ടിനോടുള്ള കത്തോലിക്കാ സഭയുടെ സമീപനത്തിൽ പാളിച്ചകൾ വന്നിട്ടുണ്ടെന്ന ഉറച്ച വിശ്വാസം അക്കമിട്ട് കുറിക്കാതിരിക്കാൻ വയ്യ:

ഒന്ന്
ആത്മീയ ഗുരുക്കളിൽ സഭ പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ പുണ്യങ്ങളിലൊന്ന് സർപ്പത്തെപ്പോലുള്ള വിവേകവും പ്രാവിനെപ്പോലുള്ള നിഷ്കളങ്കതയുമാണ്. വിവേകം വികാരത്തിന് കീഴ്പ്പെടുന്നിടത്ത് ഒരു ആത്മീയ ഗുരുവും സാധാരണ മതവിശ്വാസിയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് പറയാനാവില്ല. "ഇടുക്കി കാശ്മീരാകും", "ജാലിയൻവാലാബാഗ്  ആവർത്തിക്കും", "ഇവിടെ മറ്റൊരു നക്സൽ പ്രസ്ഥാനം രൂപം കൊളളും", "രക്തം ചൊരിയും", "എം. പി. സ്വയം കുഴിതോണ്ടും. ഇനി ഈ നാട്ടിൽ കടന്നുവരാൻ ആവില്ല" എന്നൊക്കെ വിളിച്ചു പറയുമ്പോൾ മൂന്നാംകിട തെരുവ് പ്രസംഗകന്റെ നിലയിലേക്ക് ആത്മീയഗുരുക്കൾ തരം താഴുന്നു. ഇന്നത്തെ സമൂഹത്തിന്റെ അടിയൊഴുക്കുകൾ ലളിതമനസുകൾകൊണ്ട് ചിന്തിച്ചാൽ മനസ്സിലാത്തവിധം സങ്കീർണ്ണമാണ്. അതു തിരിച്ചറിയാതെ, വിവേകപൂർവ്വം സംസാരിക്കുകയും ഇടപെടുകയും ചെയ്യാതെ, ജനം വികാരംകൊണ്ട് തെരുവിലിറങ്ങിയപ്പോൾ നിയന്ത്രണം കൈവിട്ടുപോകുകയും കോഴിക്കോട് സംഭവിച്ചതുപോലെ ഖനി-മണൽ മാഫിയകൾ നേതൃത്വം ഏറ്റെടുത്ത് അക്രമാസക്തമാവുകയും ചെയ്തു. നിയന്ത്രണം കൈവിട്ടുപോകുന്നവെന്ന് മനസ്സിലായപ്പോൾ തെരുവിലിറങ്ങാൻ പറഞ്ഞ പിതാക്കന്മാർ തന്നെ വിട്ടുനിൽക്കാൻ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടായി.

രണ്ട്
വിശ്വാസപരമോ, ധാർമ്മികമോ അല്ലാത്ത, സമൂഹത്തിൽ എല്ലാവരെയും ബാധിക്കുന്ന, പൊതുസമൂഹ-രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെടുമ്പോൾ അതിന് ഒരു മതാത്മക മുഖം കൊടുക്കാതിരിക്കാൻ വൈദീകരും പിതാക്കന്മാരും ബോധപൂർവ്വം ശ്രദ്ധിക്കേണ്ടതായിരുന്നു. പശ്ചിമഘട്ട പ്രശ്നം കത്തോലിക്കാസഭയുടെ പ്രശ്നമായി വ്യാഖ്യാനിക്കപ്പെടുന്നതിൽ വരെ കാര്യങ്ങൾ കൊണ്ടുചെന്നെത്തിച്ചു. മതത്തിന്റെ പ്രകടമുഖമായ പേപ്പൽ ഫ്ളാഗുകളുമായി തെരുവിൽ ഇറങ്ങുകയും ളോഹയിട്ട ആത്മീയ നേതാക്കൾ എല്ലായിടത്തും പ്രസ്താവനകൾ ഇറക്കുകയും നേതൃത്വം വഹിക്കുകയും ചെയ്ത് ഒരു പൊതുപ്രശ്നത്തെ വർഗ്ഗീയവത്ക്കരിക്കുന്നതിലും ധ്രുവീകരിക്കുന്നതിലും കൊണ്ടു ചെന്നെത്തിച്ചു. പ്രശ്നത്തിന് മതാത്മക മുഖം കൊടുത്തപ്പോൾ അത് കേരള കത്തോലിക്കാസഭയുടെ ശബ്ദമായി പൊതുജനം വ്യാഖ്യാനിച്ചു. എന്നാൽ സഭയിൽ തന്നെ നല്ലൊരു ശതമാനം പേരും നിശബ്ദരോ, എതിര് അഭിപ്രായം ഉള്ളവരോ ആയിരുന്നു.

മൂന്ന്
ഉത്തരവാദിത്വപൂർണ്ണമായ ചർച്ചകളും പഠനങ്ങളും നടത്താതെ കാര്യങ്ങളെ വൈകാരിക തലത്തിൽ സമീപിച്ചു എന്നതാണ് മറ്റൊരാക്ഷേപം. നേതൃത്വത്തിനും അണികൾക്കും അമിത ആവേശവും മൂർച്ചയുള്ള വാക്കുകളും ഉണ്ടായിരുന്നു. എന്നാൽ കാര്യങ്ങൾ വ്യക്തമായും വസ്തുനിഷ്ഠപരമായും പറയാനാകാതെ ചാനൽചർച്ചകളിലും പൊതുസമൂഹത്തിന്റെ മുൻപിലും വൈദീകരും സഭയെ പ്രതിനിധീകരിച്ച് സംസാരിച്ചവരും   അപഹാസ്യരാകുന്നത് കാണേണ്ടിവന്നു. റിപ്പോർട്ടിന്റെ കോപ്പികൾ മലയാളത്തിൽ കർഷക ജനതയ്ക്ക് ലഭ്യമാക്കുക, ഏതൊക്കെ നിർദ്ദേശങ്ങളാണ് ജനജീവിതത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഗുണകരമാകുന്നത്, റിപ്പോർട്ടിലുള്ള ഏതൊക്കെ നിര്ദ്ദേശങ്ങളോടാണ് എതിർപ്പുള്ളത്, അതിനുള്ള കൃത്യമായ കാരണങ്ങൾ എന്തൊക്കെയാണ് എന്നെല്ലാം വിശദീകരിച്ച് പറയുന്നതിന് നേതൃത്വത്തിനോ, സഭാമാധ്യമങ്ങൾക്കോ ഇന്നും സാധ്യമാണെന്ന് തോന്നുന്നില്ല.

നാല്
വിദ്യാഭ്യാസസ്ഥാപനങ്ങൾ സഭയുടെ സ്വന്തമെന്നിരിക്കലും അവയിൽ പഠിക്കുന്ന ജാതി-മത-വർഗ്ഗ വ്യത്യാസങ്ങളില്ലാത്ത, തിരിച്ചറിവിന്റെ പ്രായമാകാത്ത കുഞ്ഞുങ്ങൾ സ്ഥാപനങ്ങളുടെ സ്വന്തമല്ല. അത്രകണ്ട് ഗൗരവമല്ലാത്ത, മനുഷ്യാവകാശ ലംഘനങ്ങൾ ഇല്ലാത്ത, രണ്ട് അഭിപ്രായമുള്ള ഒരു കാര്യത്തിന് അവരെ തെരുവിലിറക്കി മുദ്രാവാക്യം വിളിപ്പിക്കുന്നത് വിമോചന കാലചരിത്രത്തിന്റെ ആവർത്തമാകാനെ ഇടയാകൂ. അന്ന് ഒന്നുമിറിയാതെ ആരോ പറഞ്ഞതിന്റെ പേരിൽ തെരുവിലിറങ്ങിയ കുഞ്ഞുങ്ങളിൽ പലരും ഇന്നുകാലത്തെ മുതിർന്ന പൗരരായപ്പോൾ ആത്മനിന്ദയോടെ പറയുന്നത് കേട്ടിട്ടുണ്ട്: ''വിവരമുള്ള പ്രായമായിരുന്നെങ്കിൽ ഞങ്ങളതു ചെയ്യില്ലായിരുന്നു.''

അഞ്ച്

കത്തോലിക്കാസഭയ്ക്ക് വളരെ വ്യക്തമായ ഒരു പരിസ്ഥിതി ധാർമ്മികതയുണ്ട്. അതുസഭയുടെ സാമൂഹിക പ്രബോധനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുള്ളതും ഇപ്പോഴത്തെ മാർപ്പാപ്പയടക്കം ഊന്നിപ്പറഞ്ഞിട്ടുള്ളതും രണ്ടുവർഷങ്ങൾക്കപ്പുറം കേരളകത്തോലിക്ക മെത്രാൻ സംഘം ഔദോഗികമായി അംഗീകരിച്ചിട്ടുള്ളതുമാണ്. ആ പരിസ്ഥിതി ധാർമ്മികതയുടെ വെളിച്ചത്തിൽ പശ്ചിമഘട്ടപ്രശ്നത്തെ സമീപിക്കുന്നതിന് സഭ ഒരു പരാജയമായിരുന്നു. 'കത്തോലിക്ക സഭ പ്രകൃതിക്കെതിരെ' എന്ന ധാരണയിൽ പൊതുസമൂഹം എത്തിച്ചേരുന്ന അവസ്ഥയുണ്ടായി. 'മാർപാപ്പ ഫ്രാൻസിസ് ആണെന്നോർക്കണം' എന്ന് പൊതുസമൂഹം സഭയെ ഓർപ്പിക്കേണ്ടി വന്നു.

No comments: