Wednesday, July 30, 2014

തകർക്കപ്പെട്ട അഞ്ചു ക്യാമറകൾ

''ഗ്രാമത്തില്നിന്ന് അല്പം അകലെമാറി ഒരു കോണ്ക്രീറ്റ് മതില് ഉയരുന്നുണ്ട്. 'ബിലിന്' എല്ലാ മതിലുകളേയും പ്രതിരോധിക്കുകയാണ്. മതിലുകളൊക്കെ മാറ്റപ്പെട്ടേക്കാം; പക്ഷേ മണ്ണ് എല്ലാക്കാലത്തും വേര്തിരിവിന്റെ മുറിവുകളെ കൊണ്ടുനടക്കില്ലേ? എന്റെ കുഞ്ഞു ഗബ്രീല് വളര്ന്ന് ഒരാണ്കുട്ടിയായിരിക്കുന്നു. അതിനര്ത്ഥം നിഷ്കളങ്കതയോട് അവന് വിട പറഞ്ഞെന്നുതന്നെ. പെട്ടെന്നുള്ള വളര്ച്ച എന്നെ സങ്കടപ്പെടുത്തുന്നു. മുറിവുകളെ ഉണക്കുക എന്നത് ജീവിതത്തില് ഒരു വെല്ലുവിളിയാണ്. പ്രത്യേകിച്ച്, അത് മുറിവേറ്റവന്റെ മാത്രം ഉത്തരവാദിത്തമാകുമ്പോള്. മുറിവുണക്കാന് വേണ്ടി മാത്രം ഞാന് ചിത്രങ്ങള് എടുത്തുകൊണ്ടിരിക്കുന്നു.''

ക്യാമറക്കണ്ണുകളിലൂടെ എമാഡ് ബര്ണറ്റ് ജീവിതം കാണുകയാണ്. കഥയെഴുതി ആവിഷ്കരിച്ചൊരു ചലച്ചിത്രമല്ലിത്. പച്ചയായ ജീവിതത്തിന് നേര്ക്ക് ക്യാമറ തുറന്നുവെച്ചപ്പോള് അത് ഒരു ദേശത്തിന്റെ കഥയായി, തന്റെ അഞ്ചുവയസ്സുകാരന് ഗബ്രീലിന്റെ കഥയായി, സ്വന്തം ജീവിതകഥയായി വളരുകയായിരുന്നു. തകര്ക്കപ്പെട്ട അഞ്ച് ക്യാമറകളിലൂടെ 2005 മുതല് 2010 വരെയുള്ള അരക്ഷിതാവസ്ഥയുടെ, ഭീതിയുടെ, ദയനീയതയുടെ ഒരു പലസ്തീനിയന് ഗ്രാമചരിത്രം എമാഡ് ലോകത്തിനു മുന്നില് കൊണ്ടുവന്നു.

എമാഡിന്റെ 'ബിലിന്' ഒലിവുകള് കായ്ക്കുന്ന ഒരു തനി പാലസ്തീനിയന് ഗ്രാമമായിരുന്നു. കൃഷിയായിരുന്നു ജീവിതം. പെട്ടെന്നാണ് ഒരു ദിവസം വര്ഷങ്ങള് പഴക്കമുള്ള ഒലിവ് മരങ്ങള് ഇസ്രായേലിന്റെ ബുള്ഡോസര് പിഴുതെടുത്തത്. പിന്നെ കാണെക്കാണെ അവിടെ കമ്പിവേലികള് വരുന്നു, മതിലുകള് ഉയരുന്നു, ഇസ്രായേലിന്റെ സെറ്റില്മെന്റുകള് പണിയപ്പെടുന്നു. 2005-ല് എമാഡിന്റെ നാലാമത്തെ മകന് ഗബ്രീല് ജനിക്കുമ്പോഴാണ് അയാള് ആദ്യക്യാമറ വാങ്ങുന്നത്, അവന്റെ വളര്ച്ച ചിത്രീകരിക്കാനായി. അഞ്ച് വര്ഷത്തെ ഗബ്രീലിന്റെ നടവഴികളിലൂടെ അയാള് ക്യാമറയുമായി പിന്ചെല്ലുമ്പോള് അവന്റെ പിച്ചവയ്ക്കുന്ന ചുവടുകള്ക്കപ്പുറം കാലുകള്ക്ക് നഷ്ടമാകുന്ന മണ്ണ്, അവന്റെ മുന്നില് ഉയര്ന്നുവരുന്ന മതില്, അവന്റെ തലയ്ക്കുമുകളില് എപ്പോള് വേണമെങ്കിലും പൊട്ടിവീഴാവുന്ന ഗ്രനേഡുകള്... അങ്ങനെ മറ്റ് പലതുമാണ് ക്യാമറയില് പതിയുന്നത്. സാവകാശം അത് ഇസ്രേലി പട്ടാളം പാലസ്തീന് എന്ന രാജ്യത്തോട് ചെയ്യുന്ന ക്രൂരതയുടെ കഥയായി മാറുന്നു. പട്ടാളത്തിന്റെ ആക്രമണത്തിലാണ് ക്യാമറകള് അഞ്ചും തകര്ക്കപ്പെട്ടത്. തകര്ക്കപ്പെടുന്ന ക്യാമറകള്ക്കൊപ്പം തകര്ക്കപ്പെട്ടു പോകുന്ന ഒരു ജനതയുടെ കഥയാണ് 'അഞ്ച് തകര്ക്കപ്പെട്ട ക്യാമറകള്' (Five Broken Cameras).

ലോകഭൂപടത്തില് എവിടെയാണ് നിങ്ങള് പാലസ്തീനിനെ അടയാളപ്പെടുത്തുക? സത്യം പറയട്ടെ, അങ്ങനെയൊരു രാജ്യം ഇന്ന് അവശേഷിക്കുന്നില്ല. അവശേഷിക്കുന്നതാകട്ടെ ഇസ്രായേല് എന്ന രാജ്യത്തിനുള്ളില് എത്ര കായികശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന പുരുഷനുപോലും ചാടിക്കടക്കാന് കഴിയാത്തത്ര ഉയരത്തില് നില്ക്കുന്ന വന്മതിലുകള്ക്കുള്ളിലെ തുറന്ന ജയിലുകള് മാത്രമാണ്. മനുഷ്യന് തിങ്ങിപ്പാര്ക്കുന്ന ജയിലുകളിലേക്കാണ് ഇസ്രായേലിന്റെ ആക്രമണം. ഗാസാ എന്ന കൊച്ചു തുരുത്തില്തന്നെ 15 ലക്ഷം പേര് തിങ്ങിഞെരുങ്ങിക്കഴിയുന്നു. 1948ന് മുന്പ് വിശാലമായ പുരയിടങ്ങളില് താമസിച്ചവരാണിവര്. 1948-ല് യുണൈറ്റഡ് നേഷന്സ് ജന്മം കൊടുത്ത ഇസ്രായേല് അന്നുമുതല് ഒരു ജൈവശരീരംപോലെ പാലസ്തീനികളുടെ മണ്ണിലേയ്ക്ക്, സിറിയയുടെ മണ്ണിലേയ്ക്ക്, ജോര്ദ്ദാനിലേക്ക്... അങ്ങനെ വളര്ന്നുകൊണ്ടിരിക്കുകയാണ്.

യഹൂദാ, എനിക്കിപ്പോള് അമര്ഷം നിന്നോടല്ല; ഭൂമി വെറുപ്പിന്റെ യുദ്ധക്കളമാക്കി മാറ്റിയ വെള്ളക്കാരാ, നിന്നോടാണ്. ഹിറ്റ്ലറിന്റെ ഗ്യാസ് ചേമ്പറുകള്ക്കു മാത്രം കൊന്നൊടുക്കാന് പറ്റാതെ പോയതിനാല് യഹൂദനെ ഒഴിവാക്കാനോ അല്ലെങ്കില് കൊടുംപാതകത്തിന്റെ മനസ്സാക്ഷിക്കുത്ത് മാറ്റാനോ വെള്ളക്കാരന് കണ്ടുപിടിച്ച മാര്ഗ്ഗമാണ് ഇസ്രായേല് എന്ന രാജ്യം. വെള്ളക്കാരന് കോളനിവത്കരിച്ച ഏത് നാട്ടിലാണ് മതത്തിന്റെ, വംശത്തിന്റെ, ഭാഷയുടെ കുടിപ്പകകള് ഒഴിഞ്ഞുപോയിട്ടുള്ളത്? ഞങ്ങളുടെ നിസ്സാര മുല്ലപ്പെരിയാര് തര്ക്കംമുതല് ഏഷ്യയിലെ എല്ലാ അതിര്ത്തി വഴക്കുകളിലും ആഫ്രിക്കയിലെ എല്ലാ ഗോത്രവൈര്യങ്ങളിലും അമേരിക്കയിലെ എല്ലാ വംശീയ പ്രശ്നങ്ങളിലും വെള്ളക്കാരന്റെ കൈമുദ്ര പതിഞ്ഞിട്ടുണ്ട്. ഇരയേയും വേട്ടക്കാരനേയും അവന് തന്നെ സൃഷ്ടിക്കുന്നു, അവസാനം കൊള്ളമുതലുമായി അവന് പോകുന്നു. ഗാസ പുകയുകയും പൊട്ടുകയും ചെയ്യുമ്പോള് ആയുധങ്ങളുടെ സഹായനൗകയുമായി വേട്ടക്കാരനായ ഇസ്രായേലിന്റെ കരക്കെത്തുന്നത് അമേരിക്കയാണ്. പകയ്ക്ക് കോപ്പുകൂട്ടാന് പാലസ്തീന് ഹമാസിന് ആയുധങ്ങള് എവിടെനിന്ന് എത്തുന്നു?

മൂന്ന് യൂദ വിദ്യാര്ത്ഥികള് കൊലചെയ്യപ്പെട്ടതിന്റെ ഉത്തരവാദിത്വം തെളിയിക്കപ്പെടാതെ തന്നെ ഹമാസിന്റെ തലയില് കെട്ടിവെച്ച് ഇപ്പോള്തന്നെ 100-ല്പരം കുഞ്ഞുങ്ങളെ വധിച്ചുകഴിഞ്ഞു. കഴിഞ്ഞ 13 വര്ഷങ്ങള്ക്കിടയില് ഇസ്രായേല് വധിച്ച പാലസ്തീനിയന് കുഞ്ഞുങ്ങളുടെ എണ്ണം 16,580 ആണ്. എന്നിട്ടും യൂറോപ്യന് - അമേരിക്കന് രാജ്യങ്ങള് മൗനത്തിലാണ്. ആബി മാര്ട്ടിനെപ്പോലെയുള്ള കുറേ നന്മനിറഞ്ഞ മനുഷ്യര് മാത്രം ചില വനരോദനങ്ങള് നടത്തുന്നു. അമേരിക്കന് വൈറ്റ്ഹൗസിന്റെ ഔദ്യോഗിക വക്താവ് കാര്യങ്ങളെ വളച്ചൊടിച്ച് ഇസ്രായേല് പക്ഷം ചേര്ന്നത് എങ്ങനെയാണെന്ന് നോക്കൂ: ''ഗാസായിലെ തീവ്രവാദി സംഘടനകള് ഇസ്രായേല് പൗരന്മാരെ ലക്ഷ്യംവെച്ചുകൊണ്ട് ഇസ്രായേലിനുള്ളിലേക്ക് നടത്തുന്ന തുടര്ച്ചയായ റോക്കറ്റ് വിക്ഷേപണത്തെ ഞങ്ങള് ശക്തമായി അപലപിക്കുന്നു. ഒരു രാജ്യത്തിനും ഇത് താങ്ങാനാവുന്നതല്ല. ആക്രമണങ്ങളെ ചെറുക്കാന് സ്വയരക്ഷയ്ക്കുള്ള മാര്ഗ്ഗങ്ങള് സ്വീകരിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തെ ഞങ്ങള് പിന്താങ്ങുന്നു.'' ഇസ്രായേല് നടത്തിയ സ്വയരക്ഷയാണ് പത്ത് ദിവസത്തോളം നീണ്ട ചെറുത്തുനില്പ്പില് ഒരു ഇസ്രായേലി പട്ടാളത്തിനുപോലും പോറല് ഏല്ക്കാതെ നിരായുധരും ദുര്ബലരുമായ ഇരുനൂറോളം കുഞ്ഞുങ്ങളേയും സ്ത്രീകളേയും സാധാരണ പാലസ്തീനികളെയും കൊലചെയ്തത്.

ജൂലൈ 13ന് ഗാസായില് നിന്നുള്ള പാലസ്തീനിയന് ജേര്ണലിസ്റ്റ് മുഹമ്മദ് ഓമര് ഇങ്ങനെ കുറിച്ചു: ''ഒരു അപ്പന് എന്ന നിലയില് ജീവിതത്തില് ഏറ്റവും വലിയ മാനസിക സംഘര്ഷത്തില് പെടുന്ന നിമിഷം - സ്വന്തം കുഞ്ഞുങ്ങളെ പിരിച്ചുമാറ്റി വീടിന്റെ നാലുകോണുകളിലായി ഇരുത്തണമോ, അതോ എല്ലാവരെയും ഒരു കോണില്ത്തന്നെ ഇരുത്തി ഒരുമിച്ച് മരിക്കണമോ എന്നൊരു തീരുമാനമെടുപ്പാണ്.'' തെരുവില് കളിക്കുന്ന കുഞ്ഞുങ്ങള് കൂട്ടുകാരാല് ആക്രമിക്കപ്പെടുമ്പോള് ഓടിഒളിക്കുന്നിടം വീടാണ്. കാരണം വീടിനുള്ളില് തെരുവിന്റെ നിയമങ്ങളില്ല; അത് അവരുടെ സുരക്ഷിത ഇടമാണ്. പക്ഷേ ഇന്ന് ഇസ്രായേലിന്റെ സൈന്യം ലക്ഷ്യംവയ്ക്കുന്നത് നിഷ്കളങ്കതയുടെ സുരക്ഷിത ഇടങ്ങളെയാണ്.

എന്താണ് ഒരു പരിഹാരം? ആര്ക്കും പ്രത്യേകിച്ചൊന്നും നിര്ദ്ദേശിക്കാനില്ല. വംശത്തിന്റെ നിലനില്പ്പിനെ പ്രതി അറബിരാജ്യങ്ങള്ക്ക് നടുവില് ഭയന്നുവിറങ്ങലിച്ചു നില്ക്കുന്ന ഇസ്രായേല് ആക്രമിക്കും. മുറിവേറ്റ അറബ് ജനത തീര്ച്ചയായും പക പോക്കും. വംശീയതയും ദേശീയതയും ഭാഷാഭിനിവേശവും മതാഭിനിവേശവും മൂല്യങ്ങളാണെന്ന് പഠിപ്പിച്ചവരെ നിങ്ങള്ക്ക് ദുരിതം! വരൂ, നിങ്ങള് തെരുവിലെ രക്തം കാണൂ.

നമ്മുടെ കുഞ്ഞുങ്ങളെ ചുംബിക്കുമ്പോള് അവരെ മണക്കുന്നത് 'ജോണ്സണ് & ജോണ്സണ്' സുഗന്ധമല്ലേ? എന്നാല് പാലസ്തീനികള് എന്തു പറയും? പാലസ്തീനിയന് ഉമ്മമാര്ക്കും ബാപ്പമാര്ക്കും വേണ്ടി 'സമാധാനം മണക്കുന്ന' യഹൂദാ അമിച്ചായിയുടെ കുഞ്ഞുങ്ങളെ ഞാനൊന്ന് തിരുത്തി വായിക്കട്ടെ:
''എന്റെ കുഞ്ഞ് ചോര (സമാധാനം) മണക്കുന്നു;
എന്റെ കുഞ്ഞിനെ പുണരുമ്പോള്
അവനെ മണക്കുന്നത് സോപ്പിന് സുഗന്ധമല്ല.
എല്ലാ മനുഷ്യരും ചോര (സമാധാനം) മണക്കുന്ന കുഞ്ഞുങ്ങളാണ്.
ഹോ! തുന്നിച്ചേര്ക്കാനാവാത്ത വിധം
പിഞ്ചിയ തുണിപോല് ഛിന്നഭിന്നമായ നാടേ,
ഹോ, കഠിനം, മഖ്പെല ഗുഹകളിലെ ഏകാകിയായ പിതാക്കന്മാരേ...
സന്താനരഹിതമായ നിശബ്ദത!!!
എന്റെ കുഞ്ഞ് ചോര (സമാധാനം) മണക്കുന്നു;
ദൈവത്തിന് ഞങ്ങള്ക്ക് നല്കാനാവാത്തത്
'അമ്മ ഭൂമി'യുടെ ഉദരം അവന് കൊടുക്കും.''
(*മഖ്പെല: അബ്രാഹമടക്കമുള്ള ഇസ്രായേലിന്റെ പിതാക്കന്മാരെ സംസ്കരിച്ചിരിക്കുന്ന ഹെബ്രോനിലെ ഒരിടം).

ഇനി ഒന്നേയുള്ളൂ പരിഹാരം - വംശീയതയുടെ, മതവൈര്യത്തിന്റെ, കൂട്ടക്കുരുതിയുടെ കയ്ക്കുന്ന ഓര്മ്മകളെ വരുംതലമുറയ്ക്ക് കൈമാറാതിരിക്കുക. ഓര്മ്മ ശാപവും മറവി അനുഗ്രഹവുമാകുന്ന ഒരു കാലം നാം ജീവിച്ചുതീര്ക്കേണ്ടതുണ്ട് - വരും തലമുറയ്ക്കുവേണ്ടിയെങ്കിലും.


(ജിജോ കുര്യന്)

No comments: