തിമിരം ഒരു സാമൂഹ്യരോഗമായി മാറുന്ന
കാലത്ത് എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറയുന്നത്! മനുഷ്യനേയും സര്‍വ്വചരാചരങ്ങളേയും
സംരക്ഷിക്കുമെന്ന് നാം വിശ്വസിച്ചിരുന്ന ദൈവങ്ങളെ സംരക്ഷിക്കേണ്ടത് ഇന്ന്
മനുഷ്യന്റെ ഉത്തരവാദിത്വമായി മാറിക്കഴിഞ്ഞിരിക്കുന്നു. ദൈവങ്ങള്‍ക്ക് നേരെയുള്ള
ഒരു കൊച്ചു പ്രകോപനത്തെ പോലും നമുക്ക് സഹിക്കാനാകുന്നില്ല - അത് കലയില്‍ ആണെങ്കില്‍
പോലും. വൃണിത മതവികാരത്തിന്റെ പേരും പറഞ്ഞ് ഇറങ്ങുകയായി തെരുവിലേയ്ക്ക്.
മതവികാരം വൃണപ്പെട്ടുവെന്നു പറഞ്ഞ്
അടുത്തയിടെ ഏറെ കോളിളക്കം സൃഷ്ടിച്ച സിനിമയാണ് 'പി.കെ.' വൃണപ്പെടാന്‍ മാത്രം അതില്‍ എന്താണ്
ഉണ്ടായിരുന്നത് - ദൈവനിഷേധമില്ലായിരുന്നു, ഏതെങ്കിലും
മതത്തിനു നേരേ ഒറ്റതിരിഞ്ഞ് ആക്രമണമില്ലായിരുന്നു, എന്തിനേറെ
ഒരു എന്റര്‍ടെയ്‌നര്‍ എന്നതിനപ്പുറം ആള്‍ദൈവങ്ങളുടെ സിദ്ധികളെ ശാസ്ത്രീയമായി ഒന്നു
പൊളിച്ചെഴുതാന്‍ പോലുമായില്ല. എന്നാല്‍ ഇതേ വിഷയത്തില്‍ കാര്യങ്ങളെ കുറച്ചുകൂടി
ഗൗരവത്തില്‍ സമീപിച്ചിരുന്ന മലയാള സിനിമയായിരുന്നു 2012 ല്‍
പുറത്തിറങ്ങിയ 'പ്രഭുവിന്റെ മക്കള്‍.' പ്രദര്‍ശനാനുമതി ഉണ്ടായിരുന്നെങ്കിലും 3000
പേര്‍ പോലും കാണാതെ തിയേറ്ററുകളില്‍ നിന്ന് അത് പുറന്തള്ളപ്പെടുകയാണ് ഉണ്ടായത്.
പി.കെ. സൃഷ്ടിച്ച കോളിളക്കത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ലോകത്തില്‍ അതു സജീവമായി. 1.5 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. അപ്പോഴും ഇറങ്ങി 'വൃണിത വികാരി'കള്‍ നിരോധിക്കണമെന്ന ആവശ്യവുമായി. 'പ്രഭുവിന്റെ മക്കളി'ല്‍
മതനിഷേധമുണ്ട്, നിരീശ്വരവാദമുണ്ട്, യുക്തിവാദമുണ്ട്, ആള്‍ദൈവങ്ങള്‍ക്കും അന്ധമായ
വിശ്വാസത്തിനും എതിരേ വിമര്‍ശനമുണ്ട്.
ഇതിവൃത്തങ്ങള്‍
പി.കെ. ചിത്രീകരിക്കുന്നത് ഏതോ ഒരു
വിദൂരഗ്രഹത്തില്‍ നിന്ന് ഭൂമിയില്‍ ഗവേഷണ ദൗത്യത്തിന് എത്തുന്ന ഒരു അന്യഗ്രഹ
മനുഷ്യന്റെ കഥയാണ്. ഭൂമിയില്‍ അയാള്‍ക്ക് എല്ലാം അപരിചിതങ്ങളും അത്ഭുതാവഹങ്ങളുമാണ്,
പ്രത്യേകിച്ച് വ്യത്യസ്ത മതങ്ങളും അവയുടെ വിശ്വാസങ്ങളും. ഒരു
പത്രപ്രവര്‍ത്തകയെ കൂട്ടുപിടിച്ച് മതത്തിന്റെ അന്ധവിശ്വാസങ്ങളുടേയും ആള്‍ദൈവവിശ്വാസങ്ങളുടേയും
പൊള്ളത്തരം പുറത്തുകൊണ്ടുവരുന്നതാണ് കഥ.
'പ്രഭുവിന്റെ മക്കളു'ടെ പ്രമേയം ദൈവാന്വേഷണത്തിലാണ് ആരംഭിക്കുന്നത്. കോളേജ് പഠനശേഷം നീണ്ട
വര്‍ഷങ്ങള്‍ ആത്മീയതയുടെ വഴി തേടിപ്പോയ സിദ്ധാര്‍ത്ഥന്‍ തിരിച്ചു
നാട്ടിലെത്തുന്നത് തന്റെ ജ്യേഷ്ഠതുല്യനായ മണിയുടെ നിരീശ്വര -യുക്തിവാദത്തിന്റെ
വഴിയാണ് സത്യം എന്ന തിരിച്ചറിവോടെയാണ്. തുടര്‍ന്ന് രണ്ടുപേരും ചേര്‍ന്ന് മതങ്ങളുടേയും
ആള്‍ദൈവങ്ങളുടേയും കള്ളി വെളിച്ചത്താക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ
ഉള്ളടക്കം.
വരും കാലം കണ്ണടച്ച് ഇരുട്ടാക്കാന്‍
കഴിയാത്തൊരു കാലമാണ്. ഇവിടെ സംവാദങ്ങള്‍ നടക്കേണ്ടതുണ്ട് - മതവും ശാസ്ത്രവും
തമ്മില്‍, യുക്തിയും ബുദ്ധിയും തമ്മില്‍, മാനവികതയും ആത്മീയതയും തമ്മില്‍. അല്ലാതെ മതങ്ങളും ശാസ്ത്രവും
യുക്തിചിന്തയും പ്രതിരോധങ്ങള്‍ തീര്‍ത്തതുകൊണ്ടും പരസ്പരം ആക്രമിച്ചതുകൊണ്ടും
ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാം എന്ന് കരുതുന്നതില്‍ കാര്യമില്ല. അതുകൊണ്ടാണ് പകല്‍
വെളിച്ചംപോലെ വ്യക്തമായ ചില ചോദ്യങ്ങള്‍ ഇവിടെ ഉന്നയിക്കേണ്ടിവരുന്നത്:
മതത്തോട്
* പരിണാമത്തെക്കുറിച്ചും മഹാവിസ്‌ഫോടനങ്ങളെക്കുറിച്ചും ശാസ്ത്രം
തെളിമയോടെ സംസാരിക്കുമ്പോള്‍ കളിമണ്ണുകഥ കൊണ്ടും ബ്രഹ്മാവിന്റെ ശരീരത്തില്‍
നിന്നുള്ള സൃഷ്ടിക്കഥ കൊണ്ടും നിങ്ങള്‍ എങ്ങനെയാണ് പുതുതലമുറയോട് സംവദിക്കാന്‍
പോകുന്നത്?
* നിങ്ങള്‍ നിങ്ങളുടേതല്ലാത്ത വേറൊരു മതത്തിന്റെയും ദൈവത്തില്‍
വിശ്വസിക്കാത്തിടത്തോളം കാലം നിരീശ്വരവാദികളില്‍നിന്ന് നിങ്ങള്‍ ഏറെ വിഭിന്നരാണോ?
മറ്റ് ദൈവങ്ങളെ നിഷേധിക്കുന്ന അതേ യുക്തി ഉപയോഗിച്ച് നിരീശ്വരവാദികള്‍
നിങ്ങളുടെ മതത്തിന്റെ ദൈവത്തെക്കൂടി നിഷേധിക്കുന്നുവെന്നല്ലേയുള്ളൂ?
* ഏതാനും ബില്യണ്‍ വര്‍ഷങ്ങള്‍ക്കുശേഷം സൂര്യന്‍ എരിഞ്ഞടങ്ങുമെന്നും
അതിന് മുമ്പേ ഭൂമിയില്‍ ജീവന്‍ ഇല്ലാതാകുമെന്നും അതിനു ശേഷവും പ്രപഞ്ചം കോടാനുകോടി
വര്‍ഷങ്ങള്‍ നിലനില്‍ക്കുമെന്നും ഭൂമി പോലെ ജീവന്‍ പേറുന്ന മറ്റ് ഗോളങ്ങള്‍ ഇനിയും
ഏറെ പ്രപഞ്ചത്തില്‍ കണ്ടേക്കാമെന്നും ശാസ്ത്രം പറയുമ്പോള്‍ നിങ്ങള്‍ ആകാശത്തിന്
മുകളിലെ സ്വര്‍ഗ്ഗത്തെക്കുറിച്ചും ഭൂമിക്ക് കീഴിലെ നരകത്തെക്കുറിച്ചും എന്താണ്
പറയാന്‍ പോകുന്നത്?
* ചരിത്രം പരിശോധിച്ചാല്‍ ഈ ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ കലാപങ്ങളും
കൊലപാതകങ്ങളും നടന്നിട്ടുള്ളത് ദൈവത്തിന്റെ പേരിലാണ്. മതത്തോട് വിട
പറഞ്ഞുകൊണ്ടിരിക്കുന്ന ദേശങ്ങളില്‍ വികസനവും മാനവികമൂല്യങ്ങളും മതാത്മക
സമൂഹങ്ങളേക്കാള്‍ പതിന്മടങ്ങ് വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്ന്
സാമൂഹ്യശാസ്ത്രജ്ഞര്‍ പറയുമ്പോള്‍ നിങ്ങള്‍ എന്തു പറയും?
നിരീശ്വര-യുക്തിവാദികളോട്
* ജീവിതത്തെ മൊത്തത്തില്‍ വിലയിരുത്തുന്നതിനുള്ള നിങ്ങളുടെ
മാനദണ്ഡങ്ങള്‍ മനുഷ്യന്റെ ബുദ്ധിയും ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളും മാത്രമാണോ?
ന്യൂറോണുകളുടെ ചില ക്രമമായ പ്രവര്‍ത്തനം കൊണ്ട് താളം തെറ്റാതെ നില്‍ക്കുന്ന
യുക്തിചിന്തക്കും (ചിത്തഭ്രമം, മറവി, അബോധാവസ്ഥ
ഇതൊന്നും ഒരു മനുഷ്യനും അന്യമല്ല) പഞ്ചേന്ദ്രിയങ്ങളിലൂടെ കരഗതമാകുന്ന ശാസ്ത്രീയ
അറിവുകള്‍ക്കും ഉള്ളില്‍ യാഥാര്‍ത്ഥ്യങ്ങള്‍ അവസാനിക്കുന്നു എന്നു
വിശ്വസിക്കുന്നതിലെ അയുക്തി നിങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കും?
* നിങ്ങള്‍ പറയുന്നതു മാത്രമാണ് സത്യം, നിങ്ങളെപ്പോലെ
ചിന്തിക്കാത്ത കോടാനുകോടി മനുഷ്യരുടെ ചിന്തകള്‍ അസത്യമാണെന്ന് പറയാനുള്ള ഉറപ്പ്
നിങ്ങള്‍ക്ക് എവിടെ നിന്നാണ് കിട്ടുന്നത്?
* ദൈവവിശ്വാസം പരീക്ഷണനിരീക്ഷണങ്ങളില്‍ അടിസ്ഥാനമിട്ട് തെളിയിച്ച
യുക്തിഭദ്രമായ ഒരു ബൗദ്ധിക ചിന്തയായിട്ടല്ലല്ലോ മനുഷ്യവംശത്തില്‍ ആവിര്‍ഭവിച്ചത്.
പിന്നെങ്ങനെ, കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകള്‍ക്കിടയില്‍
വളര്‍ന്നുവന്ന ശാസ്ത്രചിന്ത കൊണ്ട് മനുഷ്യന്റെ മതാത്മക ജീവിതത്തെ മുഴുവനായി
വ്യാഖ്യാനിക്കാനാവും? ചിന്തകളെ അതിലംഘിച്ചു നില്‍ക്കുന്ന ഒരു
ജീവിതശൈലിയാണ് മതം എന്നു പറയുമ്പോള്‍ ശാസ്ത്ര പഠനങ്ങള്‍ക്ക് അപ്പുറം നില്‍ക്കുന്ന
സ്‌നേഹം, കാരുണ്യം, കടപ്പാട്,
ആനന്ദം, സൗന്ദര്യം തുടങ്ങിയവയെ അളക്കുംപോലെ
അസ്തിത്വപരമായ അളവുകോലുകളില്‍വച്ചല്ലേ മതത്തെ അളക്കേണ്ടത്?
* പഞ്ചേന്ദ്രിയപരമായ ഭൗതികലോകം മാത്രമാണ് പരമസത്യമെങ്കില്‍ നിരന്തരം
നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ (മനുഷ്യജീവിതം പോലും എത്ര ക്ഷണികം!)
പിന്നെയെന്തിനാണ് ധാര്‍മികതയും സാമൂഹ്യക്രമവും?
ആള്‍ദൈവങ്ങളോട് (നിങ്ങള്‍ സത്യം പറയണം)
* നിങ്ങള്‍ക്കെന്തേ
സാധാരണ മനുഷ്യരെപ്പോലെ വസ്ത്രധാരണം ചെയ്താല്‍?
എന്തിനാണ് നിങ്ങള്‍ ആടയാഭരണങ്ങള്‍ക്കും കളഭച്ചാര്‍ത്തുകള്‍ക്കും പിന്നില്‍ സ്വയം
മറച്ച് സമൂഹമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്?
* നിങ്ങള്‍ക്ക് ലൈംഗിക അഭിനിവേശം, ഇഷ്ടഭോജ്യങ്ങളോടുള്ള
താല്‍പര്യം, അംഗീകാരത്തിനുവേണ്ടിയുള്ള ആഗ്രഹം...
അങ്ങനെ ഞങ്ങള്‍ സാധാരണ മനുഷ്യര്‍ക്കുള്ള സംഗതികള്‍ ഒന്നുമില്ലേ?
* നിങ്ങള്‍ക്ക് അത്ഭുതാവഹമായി രോഗശാന്തി കൊടുക്കാനാകുമെങ്കില്‍ പിന്നെ
എന്തിനാണ് നിങ്ങളും നിങ്ങളെ ഉള്‍ക്കൊള്ളുന്ന മതസമൂഹങ്ങളും കോടിക്കണക്കിന് രൂപ
മുതല്‍മുടക്കി ആശുപത്രികള്‍ നിര്‍മ്മിക്കുന്നത്?
* നിങ്ങള്‍ ആത്മീയ അവതാരങ്ങളാകുന്നതിന് മുന്‍പും പിന്‍പും തമ്മില്‍
നിങ്ങളുടെ സാമ്പത്തികവും ഭൗതികവുമായ ആസ്തികളും സുഖസൗകര്യങ്ങളും ഒന്ന് താരതമ്യം
ചെയ്യാമോ?
* അതീന്ദ്രീയജ്ഞാനം, മനഃശാസ്ത്രം (പാരാസൈക്കോളജി)
എന്നിവയുടെ സഹായത്തോടെ നിങ്ങള്‍ ദൈവിക പ്രവര്‍ത്തനം എന്ന നിലയില്‍ കാണിക്കുന്ന ദര്‍ശനം,
അതീന്ദ്രീയ അറിവുകള്‍, സൗഖ്യം കൊടുക്കല്‍, ഉന്മാദാനുഭവങ്ങള്‍ എന്നിവ വിവരിക്കാമെന്നിരിക്കെ അവയിലെ ദൈവികത
എന്താണെന്ന് പറഞ്ഞുതരാമോ?
* നിങ്ങള്‍ക്ക് രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ താല്പര്യങ്ങള്‍ ഇല്ലെന്ന്
നിങ്ങള്‍ പറയുന്നു. എന്നാല്‍ വ്യക്തമായ
ഒരു വിശകലനത്തിലൂടെ നിങ്ങള്‍ക്ക് വര്‍ഗ്ഗീയ രാഷ്ട്രീയവും ക്യാപ്പിറ്റലിസത്തെ പിന്‍ചെല്ലുന്ന
സാമ്പത്തിക നയവും മതത്തെ സ്വകാര്യവത്കരിക്കുന്ന സാമൂഹ്യനിലപാടുകളും ഉണ്ടെന്ന് സമര്‍ത്ഥിച്ചാല്‍
നിങ്ങള്‍ എങ്ങനെ പ്രതികരിക്കും?
വിശ്വാസികളോട്
* സാമ്പത്തിക സുസ്ഥിതി, ആരോഗ്യസംരക്ഷണം, കുടുംബസമാധാനം,
മനസ്സിനിണങ്ങിയ ജീവിത പങ്കാളി, വിദ്യാഭ്യാസനേട്ടം,
ജോലി, പരലോക മോക്ഷം എന്നിവയല്ലാതെ
മറ്റെന്തെങ്കിലും നിങ്ങള്‍ മതാത്മക ജീവിതത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
ഏവര്‍ക്കും സാമ്പത്തിക സുരക്ഷിതത്വവും ആരോഗ്യപരിരക്ഷയും
വിദ്യാഭ്യാസ-ജോലി സാധ്യതകളും രാഷ്ട്രം വാഗ്ദാനം ചെയ്യുകയും മരണാനന്തരം കിട്ടുന്ന
സ്വര്‍ഗ്ഗനരകങ്ങളെക്കുറിച്ചുള്ള മോഹനവാഗ്ദാനവും ഭീതിയും മതങ്ങള്‍ അവയുടെ ഔദ്യോഗിക
പഠനത്തില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്താല്‍ പിന്നീട് നിങ്ങളുടെ മതാത്മകത
എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
* സ്വന്തം മതത്തിന് പുറമെയും രക്ഷാമാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന് സ്വന്തം
മതം പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ മറ്റു മതങ്ങളോടും മതരഹിതരായി ജീവിക്കുന്ന
വ്യക്തികളോടും നിങ്ങളുടെ സമീപനം എന്തായിരിക്കും?
* ഇപ്പോള്‍ നിങ്ങള്‍ അംഗമായിരിക്കുന്ന മതത്തിലല്ലാതെ മറ്റേതെങ്കിലും
മതത്തിലാണ് നിങ്ങള്‍ ജനിച്ചിരുന്നതെങ്കില്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍
കുടുംബക്കാര്‍ക്ക് എതിര്‍പ്പുള്ളപ്പോഴും സ്വയം തീരുമാനത്തില്‍ ഇപ്പോള്‍
വിശ്വസിക്കുന്ന മതത്തില്‍ ചേരുമായിരുന്നോ?
* നിങ്ങള്‍ വിശ്വസിക്കുന്ന ദൈവം സര്‍വ്വശക്തനും എല്ലാം അറിയുന്നവനും
എല്ലായിടത്തും ആയിരിക്കുന്നവനുമായിരിക്കെ എന്തിനാണ് ദൂരത്തിലുള്ള ചില
പള്ളികളിലേയ്ക്കും അമ്പലങ്ങളിലേയ്ക്കും ധ്യാനകേന്ദ്രങ്ങളിലേയ്ക്കും നിങ്ങള്‍
അനുഗ്രഹം തേടി യാത്രപോകുന്നത്? ചില വ്യക്തികള്‍ വഴിയും ചില പ്രത്യേക
സ്ഥലങ്ങളിലും മാത്രമേ ദൈവത്തിന് പ്രസാദിക്കാനാവൂ എന്ന് കരുതുന്നുണ്ടോ?
2 comments:
jijo, You have made it. Your writing is unparalleled ...
I didn't like the movie. But I like what you wrote about it!
ഒരിക്കൽ ഞാൻ ദൈവവിശ്വാസി ആയിരുന്നു. പിന്നെ എനിക്കൊരു കാഴ്ചപ്പാട് വന്നു. ഇക്കഴിഞ്ഞ നിമിഷം വരെ സംഭവിച്ചതെല്ലാം ചരിത്രമായിത്തീർന്ന് അതിലാർക്കും ഒരു മാറ്റവും വരുത്താൻ സാദ്ധ്യമല്ലാത്തതുപോലെ തന്നെ അടുത്ത് വരാനിരിക്കുന്നനിമിഷവും ചരിത്രംതന്നെയാണു, അതിലൊരു മാറ്റം വരുത്താൻ ആർക്കും കഴിയുകയില്ലെന്ന കാഴ്ചപ്പാട്.
ഞാൻ എഴുതിയത് എഴുതി എന്ന് പിലാത്തോസിനെപ്പോലെ ദൈവവും പറയുന്നുവെന്നും ഒരിക്കൽ എഴുതിയ തിരക്കഥയിൽ ദൈവം പോലും പിന്നെയൊരു മാറ്റം വരുത്തുന്നില്ലെന്നും തോന്നിയപ്പോൾ എന്റെ ദൈവവിശ്വാസം വെയിലത്തു വച്ച ഐസുകഷണം പോലെ ആയി
Post a Comment