Monday, September 28, 2015

ഫ്രാന്‍സിസ്, വേഗം വരൂ, ലോകത്തെ അതിന്റെ നുണകളില്‍നിന്നു രക്ഷിക്കൂ...

തപശ്ചര്യകളുടെ നിഷ്ഠയില്‍ ജീവിച്ച മുനിവര്യന്‍മാരുടെ ഗണത്തിലെ ഫ്രാന്‍സിസിനോട് ഏറെ ആകര്‍ഷണം തോന്നിയിട്ടില്ല. എന്നാല്‍ സിനോപ്പയിലെ ഡയോജനീസിന്റെയും എ. അയ്യപ്പന്റെയും ജോണ്‍ അബ്രാഹത്തിന്റെയും ജന്മപരമ്പരയില്‍ പെട്ടൊരാള്‍, ബാവൂലുകളുടെ വേഷത്തില്‍ നീട്ടിവളര്‍ത്തിയ താടിമുടികളോടെ ഉബ്രിയായുടെ പൊടിപാറുന്ന നാട്ടുവഴികളിലൂടെ നടന്നുപോയൊരാള്‍, കുരുവിക്കൂട്ടങ്ങളോട് ചങ്ങാത്തംകൂടി നടന്നൊരാള്‍... അങ്ങനെയൊരു ഫ്രാന്‍സിസിനെ ചരിത്രത്തിന്റെ താളുകളില്‍ കണ്ടെത്തുക ഒരാവേശമാണ്. സഭ സ്ഥാപനമായി രൂപപ്പെട്ടിരിക്കുന്ന, ആത്മീയത അനുഷ്ഠാനമായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്ന, വാക്കും പ്രവൃത്തിയും അകവും പുറവും തമ്മില്‍ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാലഘട്ടത്തിന് ക്രിസ്റ്റഫര്‍ കൊയ്‌ലോയുടെ A New Kind of Fool വെളിപാടിന്റെ ഒരു വായനയാണ്.

അവശിഷ്ടങ്ങള്‍ക്കിടയിലെ ക്രിസ്തു
''ദുര്‍ബലമല്ലെങ്കില്‍ പിന്നെന്താണൊരു ദേവാലയം?
ചൂലേന്തിയ കരങ്ങള്‍ അവിടെ ചലിക്കേണ്ടതുണ്ട്.
കെടാവിളക്കില്‍ നിതാന്തജാഗ്രതയോടെ
എണ്ണ പകരേണ്ടതുണ്ട്.
പൂപ്പാലികയില്‍ പൂക്കള്‍ മരിക്കുകയും
പുനഃപ്രതിഷ്ഠിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
അല്ലെങ്കില്‍ പിന്നെങ്ങനെ മനുഷ്യകരങ്ങള്‍ക്ക്
അവിടെ ആരാധിക്കാനാവും?
അല്ലെങ്കില്‍പ്പിന്നെങ്ങനെ നിതാന്ത ജാഗരണത്തിന്റെ
ആരാധനയവിടെ സാധ്യമാകും?
അല്ലെങ്കില്‍പ്പിന്നെങ്ങനെ ദൗര്‍ബ്ബല്യങ്ങളിവിടെ
പുഷ്പാര്‍ച്ചന ചെയ്യും?
പ്രപഞ്ചത്തിന്റെ നിര്‍മ്മാതാവ്
മനുഷ്യരിലല്ലേ അവന്റെ ആലയം പണിതത്?''
ഐഹികസാമ്രാജ്യത്തിന്റെ രാഷ്ട്രീയത്തിന് വശംവദനാകാത്ത നസ്രത്തിലെ തച്ചനില്‍നിന്ന് പടച്ചട്ടയണിഞ്ഞ ക്രിസ്തുവിലേക്കും, പിന്നെ ക്രിസ്തുരാജനിലേക്കും സഭയെത്തുമ്പോള്‍ കാലം പത്തുനൂറ്റാണ്ടുകള്‍ കഴിഞ്ഞുപോയിരുന്നു. കൈകളെ തുളയ്ക്കുന്ന ആണികള്‍ക്കു പകരം കയ്യില്‍ അധികാരത്തിന്റെ ചെങ്കോലും, അങ്കികള്‍ ഉരിഞ്ഞുമാറ്റപ്പെട്ട നഗ്നതയ്ക്കു പകരം ആഡംബരത്തിന്റെ സുവര്‍ണ്ണയങ്കിയും, തലയില്‍ മുള്‍മുടിക്കു പകരം അധീശത്വത്തിന്റെ സ്വര്‍ണ്ണക്കിരീടവുമണിഞ്ഞ ക്രൂശിതനില്‍നിന്ന് സഭ ഒരു സാമ്രാജ്യത്വ-കൊളോണിയല്‍ ക്രിസ്തുസങ്കല്‍പ്പത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. ചരിത്രത്തിന്റെ ഈ ദശാസന്ധിയിലാണ് ഫ്രാന്‍സിസ് എന്ന കൊച്ചുമനുഷ്യന്റെ രംഗപ്രവേശം.
കാര്യങ്ങളെല്ലാം ഭംഗിയായി നടന്നുപോകുന്ന കാലം. ആഘോഷപൂര്‍വ്വമായ ആരാധനകള്‍, ദിവ്യബലികള്‍, യൂറോപ്പില്‍ അങ്ങോളമിങ്ങോളം തലയുയര്‍ത്തി വരുന്ന അംബരചുംബികളായ ദേവാലയങ്ങള്‍, ഭണ്ഡാരത്തില്‍ നിറയെ പണം. റോമിലെ ഭരണാധികാരിയുടെ തിരുവായ്ക്ക് എതിര്‍വായ് ഇല്ലാത്ത സഭക്കും സമൂഹത്തിനുമുള്ളിലെ ''സമാധാനകാലം''. അക്കാലത്താണ് അയാള്‍ അസ്സീസിയുടെ തെരുവുകളില്‍ വന്ന് വിളിച്ചുപറയുന്നത്, ''സഭ ജീര്‍ണ്ണിച്ചു വീണുകൊണ്ടിരിക്കുകയാണ.്'' കേട്ടവരൊക്കെ അടക്കിച്ചിരിച്ചു കടന്നുപോയി. ''ബര്‍ണഡോണിന്റെ മകന് ഭ്രാന്താണ്'' എന്ന വാര്‍ത്ത അസ്സീസിയില്‍ പരക്കാന്‍ ഏറെ നാള്‍ വേണ്ടിവന്നില്ല. എന്നാല്‍ ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം അത് നീണ്ട അന്വേഷണത്തിനൊടുവില്‍ കിട്ടിയ ഒരു വെളിപാടായിരുന്നു.
യൗവ്വനത്തിന്റെ പ്രാരംഭദശയില്‍ ആന്തരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോവുകയായിരുന്നു അയാള്‍. അനുഷ്ഠാനമതത്തിന് അതിന് ഉത്തരം കൊടുക്കാനൊട്ടായതുമില്ല. വലിയ കത്തീഡ്രലുകളും സാന്‍ ജോര്‍ജ്ജിയോ ഇടവകദേവാലയവും അതിലെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്രൂശിതനുമൊന്നും അയാളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. അവസാനം അയാള്‍ എത്തിനില്‍ക്കുന്നത് അവശിഷ്ടങ്ങള്‍ക്കിടയിലാണ്. അസ്സീസി പട്ടണത്തിന് പുറത്ത് താഴ്‌വരക്കാട്ടിനുള്ളില്‍ തകര്‍ന്നുപോയ ഒറ്റപ്പെട്ട ഒരു കൊച്ചുകപ്പേള. അതിന്റെ കല്‍ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന അഴകോ ആകാരഭംഗിയോ ഇല്ലാത്ത, ഒരു ലോയിന്‍ ക്ലോത്തു മാത്രം കലാകാരന്‍ വരച്ചുചേര്‍ത്ത, ഒരു ക്രൂശിതരൂപം. ആ ക്രൂശിതനില്‍ നിന്നാണ് അയാള്‍ക്ക് വെളിപാടുണ്ടായത്, ''പോവുക, എന്റെ ആലയം പുതുക്കിപ്പണിയുക.'' രാജാധിരാജ സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്ത് ദരിദ്രനും വിനീതനും ക്രൂശിതനുമായ ക്രിസ്തുവാണ് അയാളെ പിന്നീട് നയിച്ചത്. അതുകൊണ്ടാണ് പിന്നീട് അയാള്‍ കണ്ട സ്വപ്നങ്ങളിലൊക്കെ കല്ലിലും മണ്ണിലും ബലവത്തായി പണിതുയര്‍ത്തിയ വന്‍ദേവാലയങ്ങളൊക്കെ തകര്‍ന്നുവീഴുന്നതും വഴിവക്കിലൂടെ മണികുലുക്കി നടന്നെത്തിയ ദുര്‍ഗന്ധം വമിക്കുന്ന കുഷ്ഠരോഗികളില്‍ ക്രിസ്തു അയാള്‍ക്ക് വെളിവാകുന്നതും.
സിനഗോഗുകളില്‍നിന്ന് പുറത്താക്കപ്പെട്ട, സ്വന്തമായ ദേവാലയമോ പ്രാര്‍ത്ഥനാ ഇടമോ ഇല്ലാത്ത ആദിമക്രൈസ്തവസമൂഹത്തിന്റെ തിരിച്ചറിവായിരുന്നു ദൈവത്തിന്റെ ആലയം മനുഷ്യന്‍തന്നെ എന്നത്. കല്ലിലും മണ്ണിലും പണിതതിനെയൊക്കെ ജീര്‍ണ്ണത കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ക്കും. മനുഷ്യരില്‍ പണിയുന്ന ആലയം സ്‌നേഹത്തിന്റെ ശ്രീകോവിലായി കാലത്തെ അതിജീവിക്കും. അതുകൊണ്ടാണ് മുപ്പതും അമ്പതും കോടിയുടെ ദേവാലയങ്ങള്‍ നമ്മുടെ ഇടയില്‍ തലയുയര്‍ത്തി വരുമ്പോള്‍ മധ്യകാലഘട്ടത്തില്‍ യൂറോപ്യന്‍ സഭയെ പിടികൂടിയ ജീര്‍ണ്ണത ഇവിടെയും എത്തിയിരിക്കുന്നുവോയെന്നു ഞാന്‍ ഭയക്കുന്നത്. സഭയെന്നാല്‍ സ്ഥാപനമാണെന്ന തെറ്റിദ്ധാരണ പരക്കെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. റോമില്‍ ഒരു നല്ലിടയന്‍ ഫ്രാന്‍സിസിന്റെ വഴിയില്‍ മനുഷ്യരില്‍ സഭയുടെ പുനര്‍നിര്‍മ്മിതി തുടങ്ങിയ കാലത്താണ് ഈ ആര്‍ഭാടസൗധങ്ങള്‍ ഉയരുന്നതെന്ന വൈരുദ്ധ്യം അല്‍പ്പം കഠിനമാണ്. 'ഫ്രാന്‍സിസ്' ഒരു വ്യക്തിക്കിട്ട പേരല്ല, ഒരു ജീവിതശൈലിക്ക് കാലം ചാര്‍ത്തിക്കൊടുത്ത പേരാണ്. അതുകൊണ്ടാണ് ''ദരിദ്രരെക്കുറിച്ചൊരു കരുതല്‍ വേണം'' എന്ന് ഏതോ ഒരു സഹയിടയന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ 'ഫ്രാന്‍സിസ്' എന്നാവട്ടെ ഇനി സഭയുടെ തലക്കെട്ട് എന്ന് ആ വലിയ ഇടയന്‍ നിശ്ചയിച്ചത്. ആ ഇടയന്‍ തെളിക്കുന്ന വഴി പിന്തുടരാന്‍ അജഗണത്തിനുള്ള ബാധ്യതയാണ് ഇന്ന് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത്.

കൈമോശം വന്ന കവിഹൃദയം
''ഫ്രാന്‍സിസ്, വേഗം വരൂ
അവര്‍ പൂക്കളെയെല്ലാം കൊല്ലുന്നു.
പനിനീര്‍പ്പൂക്കളെയും ലില്ലിപ്പൂക്കളെയും കാക്കപ്പൂക്കളെയും
എന്തിനേറെ, പന്നലുകളെയും എല്ലാ പച്ചപ്പുല്ലുകളെയും.
ഫ്രാന്‍സിസ്, നീ വേഗം വരൂ...
ഞങ്ങളുടെ ലോകത്തെ അതിന്റെ നുണകളില്‍ നിന്നു രക്ഷിക്കൂ.''
ആദ്യം ഫ്രാന്‍സിസിന്റെ ജീവിതകഥ വായിക്കുന്നത് കൗമാരത്തിന്റെ തുടക്കത്തിലാണ്. പക്ഷികളോടും മത്സ്യങ്ങളോടും പ്രസംഗിക്കുന്ന ഒരു വിശുദ്ധന്‍. ക്രൂരനായ ചെന്നായ്ക്ക് സഹവര്‍ത്തിത്വത്തിന്റെ പാഠങ്ങള്‍ പറഞ്ഞുകൊടുത്ത് ചങ്ങാത്തം കൂടുന്ന ഒരാള്‍. മരങ്ങളോടും ചെടികളോടും പൂക്കളോടും കുശലം ചോദിക്കുന്ന ഒരു സരള ഹൃദയന്‍. എന്തൊരാവേശമായിരുന്നു ഫ്രാന്‍സിസിനെക്കുറിച്ചോര്‍ക്കുന്ന ആ നാളുകളില്‍. 'ഹാപ്പി പ്രിന്‍സി'ന്റെ കഥ കള്‍ക്കുമ്പോള്‍ കുരുവി സംസാരിക്കുമോ എന്ന് ചോദ്യം ചോദിക്കാന്‍ മാത്രം അതിബുദ്ധി തോന്നാത്ത കാലമായിരുന്നു അത്. യൗവ്വനത്തിന്റെ തുടക്കത്തില്‍ ഫ്രാന്‍സിസിനെ വീണ്ടും വായിക്കുമ്പോള്‍ കാര്യങ്ങളൊക്കെ മാറിയിരുന്നു. 'ബുദ്ധിമാ'നാവുകയും കാര്യങ്ങളെ താത്വികമായി കാണുകയുമൊക്കെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആരൊക്കെയോ ചമച്ചെടുത്ത കെട്ടുകഥകളാണ് ഫ്രാന്‍സിസിനെക്കുറിച്ചുള്ള പല കഥകളുമെന്ന് ചിന്തിച്ചു തുടങ്ങി. കാര്യങ്ങളങ്ങനെ കുറെ മുന്നോട്ടു പോയി. എന്നാല്‍ ഇപ്പോഴെനിക്ക് ഫ്രാന്‍സിസ് കിളികളോടും മരങ്ങളോടും മത്സ്യങ്ങളോടും പക്ഷിമൃഗാദികളോടും സംസാരിച്ചിരുന്നു എന്നതില്‍ തെല്ലും സംശയമില്ല. അടുക്കളയില്‍ ജോലി ചെയ്യുന്ന ചേച്ചി ഉറക്കെ സംസാരിക്കുന്നതു കേട്ടു പലവട്ടം പോയി നോക്കിയിട്ടുണ്ട് എന്നോടാണോ എന്നറിയാന്‍. ആയിരുന്നില്ല. പൂച്ചക്കുട്ടികളോടും കോഴിക്കുഞ്ഞുങ്ങളോടും പ്രാക്കളോടുമൊക്കെയായിരുന്നു. അവയെല്ലാം അമ്മയുടെ സാരിത്തുമ്പിന്റെ മറപറ്റി നടക്കുന്ന കുട്ടിയെപ്പോലെ സദാസമയം അവരുടെ പിന്നാലെ ഉണ്ടാകും. അവര്‍ പരസ്പരം എന്തൊക്കെയോ പറഞ്ഞ് സ്‌നേഹം കൂടുന്നുണ്ട്, ഇടക്കിടക്ക് കലഹിക്കുന്നുമുണ്ട്. ഇപ്പോള്‍ ഞാനും ആ ഭാഷ പഠിച്ചിരിക്കുന്നു. അലഞ്ഞ് തിരിഞ്ഞ് ആശ്രമത്തില്‍ കയറിവന്ന നായക്കുട്ടിയോട് ഇപ്പോള്‍ അവന്റെ ഭാഷയില്‍ എനിക്ക് സംസാരിക്കാനാവുന്നുണ്ട്. സകല ജനതകള്‍ക്കും ജീവജാലങ്ങള്‍ക്കും മനസ്സിലാകുന്ന ഒരു ഭാഷയുണ്ട്. അത് ഹൃദയത്തിന്റെ ഭാഷയാണ്, സ്‌നേഹത്തിന്റെ ഭാഷയാണ്. അവിടെ വാക്കുകള്‍ക്കും വ്യാകരണത്തിനും വലിയ അര്‍ത്ഥമില്ല. അതാണ് കവിയുടെയും കലാകാരന്റെയും ഭാഷ.
ഫ്രാന്‍സിസ് ഒരു കവിയും കലാകാരനുമായിരുന്നു. തലയല്ല ഹൃദയമാണ് ജീവിതത്തിന്റെ കേന്ദ്രമെന്ന് വിശ്വസിച്ച ഒരു കലാകാരന്‍. മഞ്ഞുവീണ വഴിയില്‍ രണ്ടു ചില്ലക്കമ്പുകള്‍ ചേര്‍ത്തുരസി സംഗീതം ആലപിച്ച് ഒരു ഉന്‍മാദിയെപ്പോലെ അയാള്‍ നൃത്തം ചെയ്തു. കവിതകളിലൂടെ സംസാരിക്കാന്‍ അയാള്‍ ഇഷ്ടപ്പെട്ടിരുന്നു. പ്രാര്‍ത്ഥനകള്‍ക്കും ആരാധനകള്‍ക്കും അയാള്‍ നാടക ആവിഷ്‌ക്കരണം കൊടുത്തു - അങ്ങനെ ആദ്യ പുല്‍ക്കൂട് പിറന്നു. കണ്ണില്‍ തിമിരം തിങ്ങിയ കാലത്താണ് ഉള്‍ക്കണ്ണില്‍ സകല ചരാചരത്തിന്റെയും സൗന്ദര്യം കണ്ട് ''സൂര്യകീര്‍ത്തനം'' എന്ന പ്രപഞ്ചഗീതം രചിക്കുന്നത്. മരണമെന്ന അഗാധനിദ്രയിലേക്ക് സംഗീതം കേട്ട് ആഴ്ന്നുപോകാന്‍ ആഗ്രഹിച്ച ഫ്രാന്‍സിസ് മരണക്കിടക്കയ്ക്ക് അരികിലേക്ക് സഹോദരന്മാരെ വിളിച്ചു പറയുന്നുണ്ട്, ''സഹോദരന്മാരെ, എനിക്കായി ഒരു സങ്കീര്‍ത്തനം ആലപിക്കൂ. ഞാന്‍ അതുകേട്ട് വിടപറയട്ടെ.''
സഭയ്ക്ക് നഷ്ടമായത് അതിന്റെ കവിഹൃദയമാണ്. കഥയും കവിതയും കലയുമാണ് മതത്തിന്റെ കാരുണ്യഭാഷ. വയലിലെ ലില്ലികളെ നോക്കി, ആകാശപ്പറവകളെ നോക്കി, വഴിവക്കില്‍ വീണുകിടക്കുന്ന മനുഷ്യരെ നോക്കി, ധൂര്‍ത്തിന്റെ വഴിയില്‍നിന്ന് സ്‌നേഹത്തിന്റെ തറവാട്ടുവീട്ടിലേക്ക് മടങ്ങിവരുന്ന ശിരസ്സ് കുനിഞ്ഞ മനുഷ്യരെ നോക്കി, വേശ്യപ്പെണ്ണിന്റെ കണ്ണീരിലേക്ക് നോക്കി കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും കഥകള്‍ ചൊല്ലിയ ഗുരുവില്‍നിന്ന് ശിക്ഷ -രക്ഷകളുടേയും ദൈവത്വ-മനുഷ്യത്വത്തിന്റേയും ഏകത്വ-ത്രിത്വത്തിന്റേയും ബൗദ്ധികദൈവശാസ്ത്ര ചര്‍ച്ചകളിലേക്ക് എത്തിയപ്പോഴേക്കും മതത്തിന്റെ ഉള്‍ക്കാമ്പ് ഏറെ നഷ്ടപ്പെട്ടിരുന്നു.
സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല എന്ന മനുഷ്യത്വത്തിന്റെ വിശാല നിലപാടെടുക്കാന്‍ ഒരു കലാഹൃദയത്തിനേ കഴിയൂ. സത്യത്തില്‍ വിശുദ്ധഗ്രന്ഥം മുഴുവന്‍ ഒരു കലാസൃഷ്ടിയാണ് - കഥകള്‍, ഗാനങ്ങള്‍, കീര്‍ത്തനങ്ങള്‍, നാടകങ്ങള്‍, ചിഹ്നങ്ങള്‍, ദര്‍ശനങ്ങള്‍, സ്വപ്നങ്ങള്‍ എന്നിവകൊണ്ട് സമ്പന്നം. എന്നാല്‍ മതനേതൃത്വത്തിന് കവിഹൃദയം നഷ്ടപ്പെടുകയും സന്ന്യാസ ആശ്രമങ്ങളും വൈദിക പരിശീലനക്കളരികളും കവിതകളേയും കഥകളേയും പുറത്താക്കുകയും ചെയ്തു. അവയുടെ അഭാവത്തില്‍ കാനോനിക നിയമസംഹിതകളും ആരാധനാനിഷ്ഠകളും കണിശമാക്കപ്പെട്ടു. അതിനിടയില്‍ സഭക്ക് നഷ്ടമായത് ധൂര്‍ത്തപുത്രനെ വഴിയോരക്കണ്ണുമായി കാത്തിരിക്കുന്ന പിതാവിന്റെ ഹൃദയവും മനുഷ്യത്വത്തിനുവേണ്ടി സാബത്തുനിയമം ലംഘിക്കാനുള്ള ഹൃദയവിശാലതയും അവസാന മണിക്കൂറില്‍ ജോലിക്കെത്തിയ ദുര്‍ബ്ബലനായവനും ആദ്യമണിക്കൂറില്‍ ജോലിക്കെത്തിയവനും ഒരേ കൂലി കൊടുക്കുന്ന യജമാനന്റെ നീതിബോധവുമാണ്.
കവിത മതത്തില്‍നിന്ന് ചോര്‍ന്നുപോയാല്‍ അവിടെ തഴയ്ക്കാന്‍ പോകുന്നത് പ്രായോഗികവാദമാണ്. പിന്നെ ഒരിടയനും കൂടെ നില്‍ക്കുന്ന അനുസരണവും വിധേയത്വവുമുള്ള തൊണ്ണൂറ്റൊന്‍പത്  ആടുകളെയും വിട്ട് നഷ്ടപ്പെട്ട ഒന്നിന്റെ പിന്നാലെ പോകില്ല. സ്വന്തം പങ്കു വാങ്ങിപോയ ധൂര്‍ത്തനുവേണ്ടി ഒരു പിതാവും ഇനിയൊരു ചില്ലിക്കാശുപോലും വ്യയം ചെയ്യില്ല. മക്കള്‍ക്കുവേണ്ടി ഒരുക്കപ്പെട്ട മേശയില്‍ ഒരു ചുങ്കക്കാരനും വേശ്യയും മുടന്തനും കുഷ്ഠരോഗിയും കയറിയിരിക്കില്ല. മക്കളുടെ അപ്പം മക്കള്‍ മാത്രം ഭക്ഷിക്കും. അങ്ങനെ നീതിമാന്മാരുടെയും ആരോഗ്യവാന്മാരുടെയും ദൈവരാജ്യത്തിന്റെ മക്കളുടെയും വിശുദ്ധ ഇടമായി സഭ നിലകൊള്ളും. അപ്പോള്‍ ഒരാള്‍ മാത്രം പുറത്തുനില്‍ക്കുന്നുണ്ടാവും, ക്രിസ്തു എന്ന കവി ഹൃദയന്‍.

സാഹോദര്യത്തിന്റെ പ്രതിസന്ധി
''സഹോദരന്‍ ചെന്നായേ,
ഞാന്‍ നിന്നോടൊപ്പമിരുന്ന് അല്പനേരം
സംസാരിക്കട്ടെ.
എന്റെ ഭാഷ നിനക്കു മനസ്സിലാകുമെന്നെനിക്കറിയാം.
കുന്നിന്‍ മുകളിലേക്കുള്ള യാത്ര
എനിക്കെന്നും ദുരിതപൂര്‍ണ്ണമായിരുന്നു.
എന്റെ സഹചാരികളെന്നെ വിശ്വസിക്കുന്നില്ലെന്നതാണ്
എന്റെ ദുരിതം.''
''എന്റെ പ്രിയ സഹോദരന്മാരെ, എന്റെ ഭാഗം ഞാന്‍ ചെയ്തുകഴിഞ്ഞു; നിങ്ങളുടേത് എന്താണെന്ന് ക്രിസ്തുതന്നെ നിങ്ങളെ പഠിപ്പിക്കട്ടെ.'' മരണക്കിടക്കയിലെ ഫ്രാന്‍സിസിന്റെ അവസാന വാചകങ്ങളില്‍ ഒന്നായിരുന്നു ഇത്. സാഹോദര്യവും സന്ന്യാസജീവിതദര്‍ശനങ്ങളും തമ്മില്‍ നിരന്തര സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട ഉഴവുപാടമായിരുന്നു ഫ്രാന്‍സിസിന്റെ മനസ്സ്. 22-ാം വയസ്സില്‍ തനിക്കുതന്നെ വേണ്ടത്ര വ്യക്തതയില്ലാത്ത ജീവിതത്തിന്റെ ഒറ്റയാള്‍ വഴിയിലേക്ക് ഇറങ്ങിനടക്കുമ്പോള്‍ ചുറ്റും ഒരു കൂട്ടം സുഹൃത്തുക്കള്‍ കൂടെയുണ്ടാകുമെന്ന് അയാള്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. ആദ്യസുഹൃത്ത് ബെര്‍ണഡ് ക്വിന്റവാലെ കൂടെച്ചേരാന്‍ വരുമ്പോള്‍ അയാളെ പറഞ്ഞ് നിരുത്സാഹപ്പെടുത്തി അയയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു ഫ്രാന്‍സിസ്. പിന്നെ അത് അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും ദൈവവചനം സാക്ഷ്യപ്പെടുത്തുന്നതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്നും ബോധ്യപ്പെട്ടു കഴിയുമ്പോഴാണ് കൂടെ ചേരാന്‍ അയാളെ അനുവദിക്കുന്നത്. സ്വന്തം തിരിച്ചറിവില്‍, ഏതോ ഒരു ദര്‍ശനത്തിന്റെ വെളിച്ചത്തില്‍, അങ്ങനെയായിരുന്നു ആദ്യകാല സഹോദരന്മാരെല്ലാം ഒരുമിച്ചുകൂടിയത്.
എന്നാല്‍ കാലം പോയി. ഫ്രാന്‍സിസ് ആരാണെന്നറിയാത്തവരും നടക്കേണ്ട വഴിയെക്കുറിച്ച് ദര്‍ശനങ്ങളുടെ വ്യക്തതയില്ലാത്തവരും എന്തൊക്കെയോ ചില സുരക്ഷിതത്വങ്ങളെ കണ്ട് ആ സാഹോദര്യസമൂഹത്തിന്റെ ഭാഗമാകാന്‍ തുടങ്ങി. കാര്യങ്ങളൊക്കെ ഫ്രാന്‍സിസിന്റെ കൈപ്പിടിയില്‍ നിന്നു വിട്ടുപോവുകയായിരുന്നു. അതേസമയം താന്‍ ജീവിക്കാനാഗ്രഹിച്ച സന്ന്യാസ സ്വപ്നത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഫ്രാന്‍സിസ് തയ്യാറായതുമില്ല. അതുകൊണ്ടാണ് മരണക്കിടക്കയിലും അയാള്‍ സഹോദരന്മാരോടിങ്ങനെ പറയുന്നത്, ''എന്റെ സഹോദരന്മാരേ, കാലം മാറിമറിയുമെന്ന് എനിക്കറിയാം. പുത്തന്‍ സംസ്‌ക്കാരങ്ങള്‍, പുത്തന്‍ സമ്മര്‍ദ്ദങ്ങള്‍, പുതിയ ആവശ്യങ്ങള്‍ എന്നിവ ഉണ്ടാകും. എന്നാല്‍ ഒരു കാര്യം മാത്രം ഞാന്‍ നിങ്ങളോട് യാചിക്കുകയാണ് - എന്റെ കഥകള്‍ നിങ്ങളുടെ സ്വപ്നങ്ങളെ തൊടണം. എന്റെ സ്വപ്നങ്ങള്‍ നിങ്ങളുടെ കഥകളാകണം.'''
''തെരുവിനെ ഞാനെന്റെ ആവൃതിയാക്കു''മെന്നു പറഞ്ഞ് തുടങ്ങിയ സന്ന്യാസജീവിതശൈലി ഏലിയാസ് സഹോദരന്റെ കീഴില്‍ സ്ഥാപനവത്കൃത രൂപങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. അക്കാലങ്ങളില്‍ ഫ്രാന്‍സിസും അദ്ദേഹത്തിന്റെ ഹൃദയത്തെ അടുത്തറിഞ്ഞ ആദ്യകാല സുഹൃത്തുക്കളും ആള്‍ക്കൂട്ടമായി മാറിയ സഹോദരസമൂഹത്തില്‍നിന്ന് ഒരകലം പാലിച്ച് അല്‍വേര്‍ണയിലും സുബാസിയോ മലഞ്ചെരുവിലുമായി ഏകാന്തവിചിന്തനത്തില്‍ ഈ ആന്തരിക സംഘര്‍ഷത്തെ നേരിടുകയായിരുന്നു. ഇത് സന്ന്യാസത്തിന്റെ ആദര്‍ശങ്ങളും സാഹോദര്യത്തിന്റെ മൂല്യച്യുതിയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. ആദര്‍ശത്തിനു വേണ്ടി സാഹോദര്യം ത്യജിക്കണമോ സാഹോദര്യത്തിനു വേണ്ടി ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കണമോ - ഇതായിരുന്നു ഫ്രാന്‍സിസിന്റെ സംഘര്‍ഷം. നീണ്ട വിചിന്തനത്തിനൊടുവിലാണ് ഫ്രാന്‍സിസ് ലിയോ സഹോദരനോട് പരിപൂര്‍ണ്ണ ആനന്ദത്തെക്കുറിച്ചുള്ള ആ കഥ പറയുന്നത്.  കഥയുടെ അവസാനം ഫ്രാന്‍സിസ് പറഞ്ഞതിങ്ങനെ: ''ലിയോ സഹോദരാ, നമ്മെ അറിയാത്തവര്‍, നമ്മുടെ സ്വപ്നങ്ങള്‍ക്ക് പുല്ലുവില കല്പിക്കാത്തവര്‍, നമ്മെ പുറംകാലിന് ചവിട്ടിപ്പുറത്താക്കിയാലും നാം ഈ സഹോദരസംഘത്തെ ഉപേക്ഷിക്കുന്നില്ലെങ്കില്‍ അതാണ് പരിപൂര്‍ണ്ണ ആനന്ദം.'''' (ഫ്രാന്‍സിസ് സഹോദരസംഘത്തെ വിട്ടുപോകാന്‍ പോലും ചിന്തിച്ചിരുന്നോ എന്ന് സംശയിക്കണം.) ആരെയെങ്കിലും ഉപേക്ഷിക്കുകയല്ല എല്ലാവരേയും സ്വന്തമാക്കുകയാണ് താന്‍ കണ്ട സന്ന്യാസദര്‍ശനത്തിന്റെ അന്തസ്സത്ത എന്ന തിരിച്ചറിവില്‍ നിന്നാണ് ഫ്രാന്‍സിസിന്റെ ഈ തീരുമാനം. ഇതാണ് സന്ന്യാസത്തിന്റെ ഏറ്റവും വലിയ സംഘര്‍ഷം. കൂടെനിന്ന് ഒരേ ദര്‍ശനങ്ങള്‍ ജീവിക്കാമെന്ന് വാക്കുപറഞ്ഞവര്‍ വിശ്വാസവഞ്ചന കാണിക്കുമ്പോഴും നിങ്ങള്‍ക്കു നിങ്ങളുടെ വാക്കുകളോടും ദര്‍ശനങ്ങളോടും വഞ്ചന കാണിക്കാന്‍ കഴിയാത്ത അവസ്ഥ.

സന്ന്യാസത്തിന്റെ സഞ്ചാരഹൃദയം
''യോനായുടെയും ജോബിന്റെയും
ജെറേമിയായുടെയും മോസസ്സിന്റെയും
ഏലിയായുടെയും താര്‍സൂസ്സിലെ സാവൂളിന്റെയും കുലത്തില്‍
ഒരു മനുഷ്യനുണ്ടായിരുന്നു.
അയാള്‍ തന്റെ കുലത്തിലെ മറ്റുള്ളവരെപോലെ
ഉഷസ്സിന്റെ ചിറകുകളില്‍ പറന്നു.
രാജ്യങ്ങളോടും അധികാരശക്തികളോടും
പ്രശസ്തിയോടും ചേര്‍ന്നുനില്‍ക്കാന്‍
അയാള്‍ക്ക് അറിയില്ലായിരുന്നു.
അയാള്‍ കാറ്റില്‍നിന്ന് കാറ്റിലേക്ക്
പറന്നുകൊണ്ടേയിരുന്നു.
ദൈവോച്ഛ്വാസത്തിന്റെ
വന്‍തീപിടുത്തത്തിന്റെ കൊടിയ നഷ്ടത്തില്‍
സ്വയം നഷ്ടപ്പെട്ടങ്ങനെ.''''
സന്ന്യാസം ചുറ്റുമതിലുകള്‍ക്കുള്ളിലും, ആവൃതികള്‍ക്കുള്ളിലും ജീവിച്ചിരുന്ന കാലത്ത് പാശ്ചാത്യസമൂഹത്തില്‍ ഫ്രാന്‍സിസ് ആരംഭിച്ചത് സന്ന്യാസ ചരിത്രത്തിലെ തന്നെ വ്യത്യസ്തമായ ഒരു മുന്നേറ്റമായിരുന്നു - അലയുന്ന സന്ന്യാസികളുടെ സമൂഹം (മെന്‍ഡിക്കന്‍സ്). ഗ്രാമങ്ങളിലും പര്‍ണ്ണശാലകളിലും പട്ടണങ്ങളുടെ തെരുവോരങ്ങളിലും അവര്‍ സന്ന്യാസം ജീവിച്ചു. 'കുറുനരികള്‍ക്ക് മാളങ്ങളുണ്ട്, ആകാശപറവകള്‍ക്ക് കൂടുകളുമുണ്ട്, മനുഷ്യപുത്രനു തലചായ്ക്കാനിടമില്ല' എന്നു പറഞ്ഞു ജീവിതം മുഴുവന്‍ സഞ്ചാരിയായി അലഞ്ഞ പാലസ്തീനായിലെ ഗുരുവിന്റെ കാലടികളെ തേടിനടക്കുകയായിരുന്നു അയാള്‍.
ഫ്രാന്‍സിസ് ഒരു യാത്രികന്‍ മാത്രമായിരുന്നില്ല, യാത്രയുടെ ചരിത്രത്തിലെ ഒരു ചലനം തന്നെയായിരുന്നു. ക്രിസ്തുശിഷ്യനായിരിക്കുക എന്നതിന്റെ മറുവാക്ക് നിരന്തരം വഴിയിലായിരിക്കുക എന്നതാണെന്ന് അയാള്‍ വിശ്വസിച്ചു. അയാള്‍ കൂടുതലും നടന്നത് ഓരം ചേര്‍ന്നായിരുന്നു. ഈ ലോകത്തില്‍ പരദേശികളെപ്പോലെയും തീര്‍ത്ഥാടകരെപ്പോലെയും ജീവിക്കാന്‍ ഫ്രാന്‍സിസ് തന്റെ സഹോദരന്മാരോടു നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. സുബാസിയോ കാടുകളിലൂടെ, സ്‌പൊളേറ്റോ താഴ്‌വാരത്തിലൂടെ, അസ്സീസിയില്‍ നിന്നു ജറുസലേമിലേക്ക്, അസ്സീസിയില്‍ നിന്ന് റോമിലേക്ക്, ലവേര്‍ണാ മലമുകളിലേക്ക്, പെറൂജിയായിലേക്ക്, അപ്പൂല്യായിലേക്ക്, ഗുബിയോയിലേക്ക്, സ്‌പെയിനിലേക്ക്, ഈജിപ്തിലേക്ക്, ഉംബ്രിയായുടെ എല്ലാ ഗ്രാമങ്ങളിലേക്കും. എല്ലാ യാത്രകള്‍ക്കും ശേഷം തിരിച്ച് തന്റെ അസ്സീസിയിലേക്ക്. വാഹനങ്ങള്‍ ഇല്ലാതിരുന്ന പത്ത് നൂറ്റാണ്ടുകള്‍ക്കപ്പുറം കുതിരപ്പുറത്ത് കയറാന്‍ വിസമ്മതിച്ച ഈ കൊച്ചു മനുഷ്യന്‍ ഇരുപതുവര്‍ഷം കൊണ്ട് ഇത്രയേറെ കാതം എങ്ങനെ നടന്നു തീര്‍ത്തു എന്ന് അത്ഭുതം തോന്നിയിട്ടുണ്ട്. ഇതു സന്ന്യാസത്തിന്റെ ഒരു പൗരസ്ത്യ പാരമ്പര്യമാണ്. വഴിതെറ്റി പടിഞ്ഞാറു പോയി പിറന്ന കിഴക്കിന്റെ സന്ന്യാസിവര്യനാണു ഫ്രാന്‍സിസ് എന്നു പറയുന്നതില്‍ തെറ്റില്ല. കിഴക്കിന്റെ ഗുരുപാരമ്പര്യങ്ങളിലൊക്കെയുണ്ട് ഒരു ദേശാടനത്തിന്റെ കഥ. അത് ഇന്ത്യയെ  കണ്ടെത്താനലഞ്ഞ വിവേകാനന്ദനിലാകട്ടെ, ബോധോദയം തേടി കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്‍ത്ഥനിലാകട്ടെ, പലായനത്തിന്റെയും തീര്‍ത്ഥാടനത്തിന്റെയും ദൂരങ്ങള്‍ മക്കയ്ക്കും മദീനക്കുമിടയില്‍ നടന്നുതീര്‍ത്ത മുഹമ്മദിലാകട്ടെ നടവഴികള്‍ മാറുന്നുവെന്നേയുള്ളൂ.
സ്വതസിദ്ധ പ്രേരണയില്‍ തികച്ചും സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കേണ്ട, അപൂര്‍വ്വം ചിലരില്‍ കാണുന്ന, ഒരു 'നാച്യുറല്‍ ട്രെയിറ്റ്' ആണ് സന്ന്യാസം. സ്ഥാപനവല്‍കൃതമാവുകയും പൊതുവത്ക്കരിക്കപ്പെടുകയും  ചെയ്യാന്‍ തുടങ്ങിയതു മുതല്‍ അതിന്റെ പരാജയം വെളിവാകുന്നുണ്ട്. രണ്ടു തരം മനസ്സുകളുണ്ട്, ഒന്ന് സ്ഥാപനത്തിന്റെ ചുമരുകള്‍ക്കുള്ളില്‍ മാത്രമായി ഒതുക്കി നിര്‍ത്താനാവാത്ത സഞ്ചാരിമനസ്സും,  മറ്റൊന്ന് സ്ഥാപനത്തിന്റെ സ്‌നേഹസുരക്ഷിതത്വങ്ങളില്‍ ആനന്ദം കൊള്ളുന്ന സ്ഥിരവാസി മനസ്സും. രണ്ടും ഒരേ രീതിയില്‍ ആനന്ദകരമാണ്. പക്ഷേ സഞ്ചാരി മനസ്സ് അത്യപൂര്‍വ്വവും സാധാരണ ജീവിതശൈലിക്കുള്ളില്‍ ഒതുങ്ങുന്നതുമല്ല. സന്ന്യാസിനികളുടെ അംഗബലം കുറയുന്ന പ്രതിഭാസം ഇന്ന് പലരേയും ഭയപ്പെടുത്തുന്നുണ്ട്. ഭയപ്പെടേണ്ട ഒന്നല്ല അത്. സന്ന്യാസത്തിന്റെ ഉള്‍ക്കാമ്പ് തെളിയാന്‍ പോകുന്നതിന്റെ തുടക്കമായി മനസ്സിലാക്കിയാല്‍ മതി. സന്ന്യാസത്തില്‍ വലിയ ആള്‍ക്കൂട്ടത്തെ നാം ഭയപ്പെടണം.
പുരുഷസന്ന്യാസികള്‍ക്കിടയില്‍ ഈ പ്രശ്‌നമില്ലല്ലോ. പുരുഷസന്ന്യാസിമാരുടെ അംഗബലത്തില്‍ വര്‍ദ്ധനവുണ്ടാവുകയല്ലേ ചെയ്തത് എന്ന സ്വാഭാവികമായ ഒരു സംശയം തോന്നാം. അത് വാസ്തവമല്ല. അവര്‍ക്കിടയിലുമുണ്ട് ഈ അംഗശോഷണം. ഒരു പക്ഷേ സന്ന്യാസിനിസമൂഹങ്ങളെ ബാധിച്ചതിനേക്കാള്‍ ഭീകരമായി. ഇവിടെ പൗരോഹിത്യമില്ലാതെ സന്ന്യാസം മാത്രം ജീവിച്ചിരുന്ന പുരുഷസന്ന്യാസസമൂഹങ്ങളൊക്കെ ഏതാണ്ട് അന്യംനിന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ട്. പുരുഷന്മാരുടെ ഇടയില്‍ വര്‍ദ്ധിച്ചിരിക്കുന്നത് പൗരോഹിത്യത്തോടുള്ള ആവേശമാണ്. പൗരോഹിത്യം സഭയുടെ വ്യവസ്ഥാപിത ചട്ടക്കൂടിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശുശ്രൂഷയാണ്. അതിന് സഭ നിശ്ചയിച്ചിരിക്കുന്ന വളരെ നിയതമായ കടമകള്‍ ചെയ്യാനുണ്ട്. അതില്‍ വ്രതബദ്ധമായ ജീവിതത്തിന്റെ ശൈലികളൊന്നും ബാധകവുമല്ല. പൗരോഹിത്യം ഒരു ശുശ്രൂഷാദൗത്യമാണ്, സന്ന്യാസം ഒരു ജീവിതശൈലിയാണ്. സന്ന്യാസത്തില്‍നിന്ന് പൗരോഹിത്യത്തെ പൂര്‍ണ്ണമായി അടര്‍ത്തിമാറ്റി നോക്കൂ. അപ്പോള്‍ കാര്യങ്ങളുടെ കാമ്പു തെളിയും. പൗരോഹിത്യപട്ടം കിട്ടിയില്ലെങ്കില്‍ ഒരു ചെറുപ്പക്കാരനും സന്ന്യാസസഭയില്‍ ചേരില്ല എന്ന നിലവന്നിരിക്കുന്നു.   പൗരോഹിത്യത്തില്‍ ഒരു ജോലി ചെയ്യുന്നതിന് കിട്ടുന്ന സാമൂഹിക-മാനസിക സംതൃപ്തിയും അംഗീകാരങ്ങളുമുണ്ട്. എന്നാല്‍ സന്ന്യാസം ഒരു ജീവിതശൈലി മാത്രമാകുന്നതു കൊണ്ട് ആ ജീവിതശൈലിയെ പ്രണയിക്കുന്നവര്‍ക്കേ അതിന്റെ ആനന്ദം കണ്ടെത്താനാവൂ. സന്ന്യാസം ആള്‍ക്കൂട്ടമാകുമ്പോള്‍ അത് അപകടാവസ്ഥയിലെന്ന് സാരം. അതായിരുന്നു ഫ്രാന്‍സിസിന് തന്റെ ജീവിതകാലത്ത് തന്നെ കണേണ്ടിവന്ന സന്ന്യാസത്തിന്റെ പതനവും, തത്ഫലമായി അദ്ദേഹം അനുഭവിച്ച ആത്മീയസംഘര്‍ഷവും.
സന്ന്യാസത്തിന്റെ ഉള്‍ക്കാമ്പ് തിരയുന്ന ഈ സന്ന്യാസവര്‍ഷത്തില്‍ കണ്ടുമുട്ടേണ്ട വ്യക്തി സുബാസിയോയുടെ മലവഴികള്‍ ഇറങ്ങി വരുന്ന പീറ്റര്‍ ബെര്‍ണഡോന്റെ മകന്‍ ഫ്രാന്‍സിസ് ജോണിനെയാണ്. കാരണങ്ങളില്ലാതെ ഒരു സഞ്ചാരിയും പ്രകൃതിയുടെ ഉപാസകനും ദൈവസ്‌നേഹത്തിന്റെ ഗായകനും ഉള്ളിന്റെയുള്ളില്‍ ഒരു നിരന്തര അന്വേഷിയുമായി നടന്ന ആ മനുഷ്യനാല്‍ വശീകരിക്കപ്പെടുക എന്നതാണ്. വയലിലെ നിധി കണ്ടെത്താത്തവരാരും സ്വന്തം കൈയ്യിലെ സമ്പത്ത് വിറ്റുതുലയ്ക്കരുത്. ദൈവരാജ്യത്തിന് വേണ്ടിയുള്ള ഷണ്ഡത്വം നിധിപോലെ ഉള്ളില്‍ കിട്ടുന്നവരാകട്ടെ അപൂര്‍വ്വവും. നീണ്ട അങ്കിയും അവിവാഹിത ജീവിതവും സന്ന്യാസഭവനത്തിന്റെ നിഷ്ഠകളും ഉരുവിടുന്ന ജപങ്ങളും ആരെയും സന്ന്യാസിയാക്കില്ല എന്നോര്‍ക്കണം. കൊട്ടാരത്തില്‍നിന്ന് ഇറങ്ങിയോടി ലുംബിനിയുടെ വഴിവക്കില്‍ ജന്മം കൊടുത്തപ്പോള്‍തന്നെ നിശ്ചയിക്കപ്പെട്ട ഒരു സഞ്ചാരഹൃദയമാണ് സന്ന്യാസം. കപിലവസ്തുവിന്റെ കൊട്ടാരങ്ങള്‍ക്കൊന്നിനും അതിനെ ഏറെക്കാലം പിടിച്ചുനിര്‍ത്താനാവില്ല. പറവകള്‍ക്ക് കൂടുകളും നരികള്‍ക്ക് മാളങ്ങളുമുള്ള ഭൂവില്‍ അത് ഒരു രാത്രി കൂടുവിട്ടിറങ്ങും. അസിതനും ശിമയോനും കൈയിലെടുത്ത കുഞ്ഞുങ്ങള്‍ക്കുമേല്‍ ചില പ്രവചനങ്ങള്‍ തെറ്റാതെ കിടന്നതുപോലെ. സന്ന്യാസത്തെ വേണമെങ്കില്‍ ഒരു ജന്മത്തിന്റെ നിയതി എന്നു വിളിച്ചുകൊള്ളൂ.

1 comment:

Jacob Thomas Attachira said...

വളരെ നല്ല അവതരണം. എല്ലാം നല്ലതിനയിട്‌ു വരട്ടെ....ആശംസകള്‍.....