Tuesday, July 12, 2016

സിനിമകണ്ട് വളരുക, വിവേകം താനേ വന്നുകൊള്ളും.

"വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക" എന്ന് പണ്ട് പി.എൻ.പണിക്കര്‍ പറഞ്ഞെന്നും പറഞ്ഞ് ഇന്നും അറിവിന്‍റെ ഏക മാര്‍ഗ്ഗം വെള്ളപ്പേപ്പറില്‍ കറുത്ത കൂനന്‍ഉറുമ്പുകള്‍ പോലെ ചിതറിക്കിടക്കുന്ന വാക്കുകളുടെ ലോകം മാത്രമാണെന്ന് ചിന്തിക്കുന്ന മാതാപിതാക്കള്‍ ഉണ്ട്. കുട്ടികള്‍ വീഡിയോകണ്ടാല്‍, ചിത്രകഥകള്‍ വായിച്ചാല്‍ വഴിപിഴച്ചുപോകും എന്നാണ് അവരുടെ പക്ഷം. ഈ മാതാപിതാക്കള്‍ ഒരു കാര്യം അറിയണം- അച്ചടിച്ച പുസ്തകങ്ങള്‍ ഒരു കാലത്തെ പരിമിതമായ ആശയവിനിമയത്തിന്റെ ഉത്‌പന്നങ്ങള്‍ മാത്രമായിരുന്നു. അവയ്ക്ക് മനുഷ്യന്‍റെ കാഴ്ച - ചിന്ത എന്നീ രണ്ട് ജ്ഞാനസമ്പാദന ശേഷികളെ മാത്രമേ സംബോധന ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതുകൊണ്ട് വായന പലര്‍ക്കും ചിന്തയെ വളരെ ഭാരപ്പെടുത്തുന്ന ഒന്നായിമാറി. കാഴ്ചയും ചിന്തയും തമ്മില്‍ നിരന്തരം അനുരൂപപ്പെടേണ്ട 'ശ്രദ്ധ'യില്ലാത്തവര്‍ അതിനെ വെറുത്തു. എന്നാല്‍ ഓഡിയോയുടെ കാലം വന്നപ്പോള്‍ കേള്‍വികൂടി അറിവ് സമ്പദനത്തില്‍ പങ്കുകൊണ്ടു (സത്യത്തില്‍ എഴുതപ്പെടുന്ന പുസ്തകള്‍ ആവിര്‍ഭവിക്കും മുന്‍പ് 'മൊഴി-ശ്രുതി'യുടെ കാലത്ത് ചെവിയും ഓര്‍മ്മയും മാത്രമായിരുന്നു ജ്ഞാനസമ്പാദന ശേഷികള്‍). എന്നാല്‍ എന്ന് കാഴ്ച, കേള്‍വി, ചിന്ത, ഭാവന എന്നീ മേഖലകളെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിവുള്ള സംസാരിക്കുന്ന ചലനച്ചിത്രങ്ങള്‍ (വീഡിയോകള്‍) ആവിര്‍ഭവിച്ചു കഴിഞ്ഞു. ഇപ്പോള്‍ ജ്ഞാനസമ്പാദനം പഠിതാക്കള്‍ക്ക് കൂടുതല്‍ എളുപ്പമായിരിക്കുന്നു. കൂടുതല്‍ വീഡിയോ-ഓഡിയോ 'പുസ്തകങ്ങള്‍' നിലവില്‍ വരണം (കടലാസിന് വേണ്ടിയുള്ള പ്രകൃതിനശീകരണവും കുറയ്ക്കാം. ലോകത്താകമാനം നട്ടുപിടിപ്പിച്ച മരങ്ങളുടെ 35% വെട്ടിയെടുക്കുന്നത് പപ്പേര്‍ നിര്‍മ്മാണത്തിന് വേണ്ടിയാണ്. കൂടാതെ ഭീകരമായ പാരിസ്ഥിതിക മലിനീകരണങ്ങളും). ഷേക്സ്പിയര്‍ ഡ്രാമകള്‍ വായിച്ചുതീര്‍ക്കുക എത്ര ശ്രമകരമായിരുന്നു എന്ന് ഇന്നും ഓര്‍ക്കുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. മൂന്ന് ആഴ്ചകളില്‍ ദിവസം മൂന്നു മണിക്കൂറുകള്‍ മാത്രം ചിലവിട്ടാല്‍ അദ്ദേഹത്തിന്‍റെ മുഴുവന്‍ നാടകങ്ങളും കണ്ടുതീര്‍ക്കാം. മനക്കാഴ്ചകള്‍ കൂടുതല്‍ വ്യക്തവും. കൊച്ചുകുട്ടികള്‍ക്ക് വേണ്ടി എത്ര നല്ല കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍! അവരെ ജീവിതമൂല്യങ്ങളും ചരിത്രബോധവും പ്രകൃതിസ്നേഹവും ഭാവനയും നന്മയും ഉള്ളവരക്കി മാറ്റാന്‍ അവ മതി. അവര്‍ക്ക് കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ അവസരം കൊടുക്കൂ. മൌഗ്ലിയും, അത്ഭുതലോകത്തെ ആലീസും, റെമി എലിയും, കാള്‍ ഫ്രെഡ്രിക്സനും, മര്‍ജാനും, ടോമുംജെറിയും അവര്‍ക്ക് കൂട്ടുപോകട്ടെ.

No comments: