Tuesday, October 4, 2016

"അച്ചായനെന്ന് പറഞ്ഞാല്‍ ഇതാണ് അച്ചായന്‍."


- 'അച്ചായന്‍' ഒരു ഐക്കണ്‍ ആണ്, കോട്ടയത്തിന്റെ. കൃത്യമായി പറഞ്ഞാല്‍ പാലാ-കാഞ്ഞിരപ്പള്ളി-ചെങ്ങനാശ്ശേരി പ്രദേശങ്ങളുടെ.
- 'അച്ചായന്‍' ഒരു സംസ്കാരമാണ് വെട്ടിപ്പിടുത്തത്തിന്റേയും മേലുകീഴ്‌ നോട്ടമില്ലായ്മയുടേയും.
- 'അച്ചായന്‍' പുറംപൂച്ച് ഇല്ലാത്ത തനി നാടന്‍ ആണ് (കോടീശ്വരന്‍ ഒറ്റമുണ്ട് ഉടുത്ത് പാളത്തൊപ്പി വെച്ച് പറമ്പില്‍ കിളക്കുന്ന കാലത്തിന് അച്ചായന്റെ നാട്ടില്‍ മുപ്പതോ നാല്‍പ്പതോ വര്‍ഷത്തെ പഴക്കം മാത്രം).
- 'അച്ചായന്‍' ഡംമ്പു പറയാന്‍ (പൊങ്ങച്ചം) അതിവിദഗ്ദന്‍ ആണ്. (അതില്‍ കൂടുതലും അവന്‍റെ വീരശൂരപരാക്രമങ്ങളും കുടുംബപാരമ്പര്യവും ആയിരിക്കും).
- 'അച്ചായന്‍' പണത്തിന്‍റെ കാര്യത്തില്‍ ആറ്റില്‍ കളഞ്ഞാലും അളന്നേ കളയൂ. (പണത്തിന്‍റെ കാര്യത്തില്‍ ഡംമ്പു പറയില്ല, നോക്കീം കണ്ടുമേ വര്‍ത്താനം പറയൂ).
- 'അച്ചായന്‍' അവന്‍റെ പെങ്ങളെ/ഭാര്യയെ ആരെങ്കിലും തൊട്ടാല്‍ കൈവെട്ടാനും മടിക്കില്ല. (പെണ്ണ് 'അച്ചായന്' എന്നും പ്രൈവറ്റ് പ്രോപ്പര്ട്ടിയാണ്).
- 'അച്ചായന്‍' ഒരു സുറിയാനി മെയില്‍ ഷോവനിസ്റ്റ് ആണ്. അതുതന്നെയാണ് അച്ചയന്റെ മിക്ക പെണ്ണുങ്ങളും ആഗ്രഹിക്കുന്നത് എന്ന് പുറമേ പറഞ്ഞാലും ഉള്ളില്‍ അവള്‍ നല്ല 'സുകൃതജപങ്ങളാണ്' ഉരുവിടുന്നത്.
- 'അച്ചായന്‍' അട്ടയുടെ കണ്ണുകണ്ട ടൈപ്പ് ആണ്. അച്ചനാ-കപ്യാരാ എന്നൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല, മര്യാദയാണെങ്കില്‍ മര്യാദ, അല്ലെങ്കില്‍ വിമര്‍ശനശരം തൊടുത്തുവിട്ടിരിക്കും; പക്ഷേ....
- 'അച്ചായന്' പള്ളിക്കാര്യത്തില്‍ 'ഞങ്ങടെ അച്ചനെ ഞങ്ങള് തല്ലും, വേറെ ആരെങ്കിലും ഞങ്ങടെ അച്ചനെ തൊട്ടാല്‍ അവനെ ഞങ്ങള് തല്ലും' എന്ന നയമാണ്.
- 'അച്ചായന്‍' മക്കളെ മതകാര്യങ്ങളില്‍ വളര്‍ത്തുമ്പോള്‍ കുളിച്ചില്ലെങ്കിലും അവര്‍ 'വിശ്വാസ'ത്തിന്‍റെ കോണകം പുരപ്പുറത്ത് തന്നെ ഇട്ടിരിക്കണം എന്ന് കടുത്ത നിര്‍ബന്ധമാണ്‌.
- 'അച്ചായന്' തീറ്റയുടെ കാര്യത്തില്‍ വിഭവസമര്ദ്ധിയോ രുചിയോ അല്ല പ്രധാനം, വയറ് നിറയുക എന്നതാണ്. അത് പരമാവധി കാടനും നാടനും തന്നെയാവണം.
- 'അച്ചായന്' കൃത്യമായ ശരീരഭാഷയുണ്ട്. അത് മോഹന്‍ലാല്‍ അഭിനയിച്ചാല്‍ ഒന്നും അത്ര ശരിയാവില്ല. സുരേഷ്ഗോപിയൊക്കെ ആണെങ്കില്‍ ഒപ്പിക്കാം (പക്ഷേ, ആ ടീമിന് അഭിനയിക്കാന്‍ അറിയില്ല താനും).
- 'അച്ചായന്' രാഷ്ട്രീയം 'സത്യാവിശ്വാസം' പോലെയാണ്. ഒരിടത്ത് ഉറച്ചുപോയാല്‍ പിന്നെ കൊക്കിന് ജീവന്‍ പോകുന്നതാണ് കണക്ക്. അതിന് പാര്‍ട്ടിയൊന്നും പ്രശ്നമല്ല. 'നമ്മടെ' ആളായിരിക്കണം.
- 'അച്ചായന് കലാ-സാഹിത്യം എന്നീ മേഖലകളില്‍ ഡാന്‍സ് കളിക്കുന്ന മമ്മൂട്ടിയുടെ മെയ്വഴക്കമേയുള്ളൂ. "എന്തോത്തിനാ ഈ പാട്ടുംകൂത്തും ഒക്കെ? ആ പണം കൊണ്ട് ഒരു സെന്റ്‌ സ്ഥലം കൂടി വാങ്ങിയിടരുതോ?" എന്നതാണ് ചിന്ത.
- 'അച്ചായന്' ദേഹത്ത് ഒട്ടുപാലിന്റെ മണവും അല്പം കള്ളിന്റെ മണവും ഒന്നും പൊതുസമൂഹത്തില്‍ എത്തുമ്പോഴും അത്ര പ്രശ്നമായി തോന്നാറില്ല. 'ഇത്തിരി സ്പ്രേ അടിച്ച് പോ മനുഷ്യാ...' എന്ന് അവള് പറഞ്ഞാലും അച്ചായന്‍ കൂട്ടാക്കാറില്ല.
പിന്നെ, 'അച്ചായന്‍' കോട്ടയത്ത്‌ അന്യംനിന്ന് പോകുന്ന ഒരു ജീവിവര്‍ഗ്ഗമാണ്.
(അച്ചായന്‍ ചരിത്രമെഴുതാന്‍ പ്രേരണയായ ബിനോ ചീരംകുഴിയുടെ ഓഫ്‌റോഡ് ഫോര്‍വീല്‍ റേസിംഗ്)

പാദങ്ങളെ ധ്യാനിക്കുക; എന്നിട്ട് ഒരു യാത്രപോയി വരിക.





"കാലുകള്‍ തളര്‍ന്നൊരാള്‍ ജാലകപ്പടിയില്‍ മുഖം ചേര്‍ത്തുവച്ച് പോലും ഏതൊക്കെ സ്വപ്നലോകങ്ങളിലേയ്ക്കാണ് യാത്രപോകുന്നത്! " എന്നെഴുതുമ്പോള്‍ ഇങ്ങനെയൊരു മുഖമാണ് മനസ്സില്‍ ഉണ്ടായിരുന്നത്- എലിസബത്ത് കോശി ടീച്ചര്‍. തളര്‍ന്ന കാലുകളോടെ ജീവിതത്തിന്‍റെ വാതില്‍പ്പടിയിലേക്ക് കാലെടുത്ത് വെച്ച ആ പെണ്‍കുട്ടി ഒരു "സ്ത്രീയായുസ്സ്" (ഇങ്ങനേയും പറഞ്ഞുനോക്കാം) പിന്നിടുമ്പോള്‍ വീടിന് വെളിയില്‍ പോയ യാത്രകള്‍ ഒക്കെ മനസ്സുകൊണ്ട് മാത്രമായിരുന്നു. യാത്രപോകാന്‍ അതിയായി ആഗ്രഹിക്കുന്ന ഒരു മനസ്സുകൂടി അവള്‍ക്കുള്ളപ്പോള്‍ നമ്മള്‍ ഇരുകൈകളും ആരോഗ്യമുള്ള കാലുകളില്‍ ചേര്‍ത്തുവെച്ച് കാലുകളെ ധ്യാനിക്കണം. കവിതയുടെ പക്ഷി ടീച്ചറിന്റെ ഉള്ളില്‍ ഇരുന്ന് കുറുകുന്നത് കാടുകളെക്കുറിച്ചും മലകളെക്കുറിച്ചും നദികളെക്കുറിച്ചും കടലിനെക്കുറിച്ചും ചെമ്മാനത്തെക്കുറിച്ചുമാണ്. 'സഞ്ചാരം' ടീച്ചറിന്റേതു കൂടിയാണ്. ഒരു വിദ്യാര്‍ഥിനി എന്ന നിലയില്‍ സ്കൂള്‍-കോളേജ് ഇടനാഴികള്‍ കാണാതെ അവര്‍ ഒരു അദ്ധ്യാപികയായി. ഇംഗ്ലീഷ്-മലയാളം സാഹിത്യത്തില്‍ മാസ്റ്റേഴ്സ് സ്വന്തമാക്കി, അനേകം കുട്ടികളുടെ അദ്ധ്യാപികയായി. എല്ലാം ഒരു വീല്‍ചെയറില്‍ ഇരുന്ന്. വിവര്‍ത്തനം ചെയ്ത കൃതികള്‍ എണ്ണമറ്റവ, എഴുതിയ കവിതകളും കഥകളും അനേകം. സഞ്ചാരം ആഘോഷിക്കുമ്പോള്‍ ഓര്‍ക്കണം നിറങ്ങള്‍ കാണാന്‍ കഴിയാത്ത കണ്ണുകളെ, ഒരു ചവിട്ടടി മുന്നോട്ട് വെക്കാന്‍ കഴിയാത്ത പാദങ്ങളെ, ഒരു കിളിനാദവും കുറുകിവിളിക്കാത്ത കാതുകളെ. പാദങ്ങളെ ധ്യാനിക്കുക, കണ്ണുകളെ ധ്യാനിക്കുക, കര്‍ണ്ണപുടങ്ങളെ ധ്യാനിക്കുക; എന്നിട്ട് ഒരു യാത്രപോയി വരിക.

മരണമെന്ന കല


പരിശോധനാ ഫലം വന്നപ്പോൾ ബ്ലഡ്‌ കാന്‍സര്‍ ആണെന്നറിഞ്ഞ് മാത്യൂ ചേട്ടന്‍ ചോദിച്ചു, 
"സുഖപ്പെടാനുള്ള സാധ്യത എത്ര?" 
"20%".
"ഇനി നിങ്ങൾ എനിക്ക് അൽപ്പം സമയം തരണം. ഞാൻ തീരുമാനം അറിയിക്കാം."
ജീവിതത്തില്‍ ആരേയും ഒന്നും അടിച്ചേല്‍പ്പിക്കാത്ത തന്‍റെ മരണവും തന്നില്‍ ആരും അടിച്ചേല്‍പ്പിച്ചതാകരുത് എന്ന് മാത്യുച്ചായൻ തീരുമാനിക്കുകയായിരുന്നു.
"ഇനി ചികിത്സ വേണ്ടാ. വേദന അറിയാതെ മരിക്കണം. സെടേഷന്‍ തന്നാൽ മതി." അതുപറഞ്ഞ് രണ്ടോമൂന്നോ ദിവസങ്ങള്‍ക്ക് ഉള്ളില്‍ അദ്ദേഹം രക്തം ഛർദ്ധിച്ചു മരിച്ചു. ആശുപത്രിക്കിടക്കയിലായിരിക്കെ അടുത്ത ബന്ധുക്കളോടു പറഞ്ഞേൽപിച്ചു, "ലളിതമായിരിക്കണം എന്റെ സംസ്കാര ശുശ്രൂഷകൾ. മുണ്ടും ഷർട്ടും ധരിപ്പിക്കണം. പാട്ടും മേളങ്ങളും വേണ്ട. ഗതാഗതക്കുരുക്ക് ഉണ്ടാക്കാതെ പ്രധാനപാത ഒഴിവാക്കി പള്ളിയിലേക്കു കൊണ്ടുപോകണം."
ഈ യാത്രയ്ക്ക് മുൻപ് പ്രിയപ്പെട്ട പലരേയും വിളിച്ചു യാത്ര പറഞ്ഞിരിക്കാം. ആ കൂടെയാവാം എന്നേയും വിളിച്ചത്. അപ്പോഴും പറഞ്ഞില്ല ഇനി നമ്മൾ കാണില്ലെന്ന്. അതുകൊണ്ടുതന്നെ വിട്ടുപിരിഞ്ഞു പോയെന്ന് ഇനിയും വിശ്വസിക്കാന്‍ ആവുന്നില്ല. ഇനി ഓരോ മഴനടത്തത്തിലും കൂടെയുണ്ടാവുമെന്ന് കരുതിക്കൊള്ളാം. മലിനമായ മീനച്ചിലാറിയോര്‍ത്ത് 'എന്തെങ്കിലും ചെയ്യണേ' എന്ന് പറഞ്ഞ് അതിന്‍റെ കാവല്‍മാടങ്ങളില്‍ അങ്ങ് അന്തിയുറങ്ങുന്നുണ്ടാവാം.
ഒരു ചെറിയ ഫ്രെയിമില്‍ സ്വയം ഒതുങ്ങിയ ജീവിതം- ആ ജീവിതമാണ് മരണമെന്ന കല എന്നെ പഠിപ്പിച്ചത്. ഇനിയെന്നും "മഴ... മഴ... കുട...കുട..." എന്ന് കേൾക്കുമ്പോഴൊക്കെ ഞങ്ങൾ കണ്ണീർമഴയത്ത് നിൽക്കുന്നുണ്ടാവും.

ഗാന്ധി മടങ്ങി വന്നാല്‍....

സത്യത്തിന്‍റെ കോടതിയില്‍ ഞങ്ങള്‍ താങ്കള്‍ക്കെതിരെ കേസുകൊടുക്കും,
കോണ്ഗ്രസ്സിന്റെ പേരില്‍.
ട്രസ്റ്റിഷിപ്പ് കോടതിയില്‍ ഞങ്ങള്‍ താങ്കള്‍ക്കെതിരെ കേസുകൊടുക്കും,
കള്ളപ്പണക്കാരന്റെ ലോക്കറില്‍ ഒളിച്ചിരിക്കുന്നതിന്റെ പേരില്‍.
ഇന്‍കം ടാക്സ് കോടതിയില്‍ ഞങ്ങള്‍ താങ്കള്‍ക്കെതിരെ കേസുകൊടുക്കും,
തട്ടിപ്പിന്‍റെ ഉപ്പു കുറുക്കാന്‍ കുത്തകകളെ പഠിപ്പിച്ചതിന്റെ പേരില്‍.
കീറത്തുണി ഉടുത്തവന്റെ കോടതിയില്‍ ഞങ്ങള്‍ താങ്കള്‍ക്കെതിരെ കേസുകൊടുക്കും,
സ്റ്റാര്‍ച്ചില്‍ മുക്കി തേച്ച ഉടയാത്ത ഖദര്‍ എന്ന ആഡംബരം കൊണ്ട് ഞങ്ങളെ പരിഹസിക്കുന്നതിന്റെ പേരില്‍.
വിവേചനത്തിന്റെ കോടതിയില്‍ ഞങ്ങള്‍ താങ്കള്‍ക്കെതിരെ കേസുകൊടുക്കും,
'ഹരിജന്‍' എന്നുവിളിച്ച് കോളനികളില്‍ ഞങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതിന്റെ പേരില്‍.

എല്ലാ മലകളും കീഴടക്കാന്‍ ഉള്ളതല്ല, എല്ലാ നദികളും മുറിച്ചുകടക്കാന്‍ ഉള്ളതല്ല, എല്ലാ വനങ്ങളും മനുഷ്യന്റെ പാദസ്പര്‍ശം എല്‍ക്കപ്പേടെണ്ടതല്ല.

1995-96 കാലഘട്ടത്തില്‍ ഭരണങ്ങാനത്ത് ആയിരിക്കുന്ന കാലത്താണ് ആദ്യമായി "ഇല്ലിക്ക"നെ കാണുന്നത്. ആകാശം തെളിയുന്ന ദിവസങ്ങളില്‍ ദൂരെ കിഴക്കേക്ക് നോക്കുമ്പോള്‍ കോട്ടകൊത്തളങ്ങള്‍ കെട്ടിയുയര്‍ത്തിയ പോലെ ഇല്ലിക്കന്‍ അവിടെ തലയുയര്‍ത്തി നില്‍ക്കും. പ്രൌഡിയോടെയുള്ള ആ നില്‍പ്പ് കണ്ടാല്‍ മതി വല്ലാത്ത ആദരവ് തോന്നുമായിരുന്നു. പിന്നെ ഇട്ടിയവിര മാഷിന്‍റെ കഥാ കഥന ക്ലാസ്സുകളില്‍ ആണ് (ഇടക്ക്യ്ക്ക് നല്ല ശുദ്ധിയുള്ള ഹിന്ദിയും പഠിപ്പിക്കും) ഇല്ലിക്കന്റെ കഥ കേള്‍ക്കുന്നത്:
ഇല്ലിക്കന്റെ മുകളില്‍ മൂന്ന് നരകപാലങ്ങളും ഒരു കുടക്കല്ലും ഉണ്ടെത്രെ. അപൂര്‍വ്വം ചിലരൊക്കെ നരകപാലങ്ങള്‍ കടന്നിടുണ്ട് എന്ന് കേള്‍ക്കുന്നു. പക്ഷെ ഇന്നോളം ആര്‍ക്കും കുടക്കല്ലിന്റെ മുകളില്‍ കയറാന്‍ കഴിഞ്ഞിട്ടില്ല. അതിന് ആവില്ല. കാരണം അത് ഒരു പുണ്യസ്ഥാനം ആണ്. അവിടെ നിന്നാണ് മീനച്ചിലാറ് ജനനം കൊള്ളുന്നത്‌. അതിന് മുകളില്‍ നീലക്കൊടിവേലി വളരുന്ന ഒരു കുളമുണ്ട്. അവിടെ നിന്ന് കര്‍ക്കിടമാസത്തെ കറുത്തവാവിന്‍റെ ദിവസം മീനച്ചിലാറില്‍ കൂടി നീലക്കൊടുവേലി ഒഴുകിവരും. നീലക്കൊടുവേലി കിട്ടുന്നവര്‍ക്ക് പിന്നെ പത്തായമൊഴിയാത്ത സമര്‍ദ്ധിയാണ്. അങ്ങനെ പോകുന്നു കഥ. 
കഥ കേട്ട് വീണ്ടും പത്തുപന്ത്രണ്ട് കൊല്ലം കഴിഞ്ഞാണ് ഇല്ലിക്കന്റെ മുകളില്‍ കയറുന്നത്. അന്ന് ചുരുങ്ങിയത് 2 മണിക്കൂര്‍ എങ്കിലും കാട്ടുവഴികളില്‍ കൂടി ചെങ്കുത്ത് കയറ്റമായിരുന്നു. അവസാനം എത്തിപ്പെടുന്നത് നാരകപാലങ്ങള്‍ക്ക് ഇപ്പുറം ഒരു ഉയര്‍ന്നു നിരന്ന പാറയില്‍. അവിടെ നിന്ന് നോക്കിയാല്‍ 360 ഡിഗ്രിയില്‍ കാണാത്ത കോട്ടയം പ്രദേശങ്ങള്‍ ഇല്ല. പക്ഷെ, താഴേക്ക്‌ നോക്കിയാല്‍ ഉള്ളില്‍ ഒരു ആന്തല്‍ ഉയര്‍ന്നുവരും. നരകപാലങ്ങളില്‍ മല ഇരുവശത്തുനിന്നും ഒരു ബ്ലേഡ് പോലെ അവസാനിക്കുന്നു. അങ്ങ് താഴെ ഒരുവശത്ത്‌ 'മൂന്നിലവ്' എങ്കില്‍ മറുവശത്ത്‌ 'അടുക്കം'. അവിടെ നേരെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നു കുടക്കല്ല്. കുടക്കല്ലിനെ ഒന്ന് കുമ്പിട്ട്‌ മലയിറങ്ങുമ്പോള്‍ അത്ഭുതവും ആദരവും അവിടെ അവസാനിക്കുന്നില്ല. 
കാര്യങ്ങള്‍ മാറാന്‍ തുടങ്ങിയത് 2000 ത്തിന് ഇപ്പുറത്തേയ്ക്കാണ്. പ്രകൃത്യാ ദുര്‍ബലമായ ഇല്ലിക്കന്റെ ചുവട്ടില്‍ മൂന്നിലവ് ഭാഗത്ത്‌ വലിയ പറമടകള്‍ വന്നു. പേടിക്കേണ്ട ലോക്കല്‍ ആളുകള്‍ ഒന്നും അല്ല, ടോമിന്‍ ജെ. തച്ചങ്കിരി അടക്കമുള്ള വന്‍ടീമുകളുടെ. അവിടെ സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കാന്‍ തുടങ്ങി. അത് ഇല്ലിക്കനെ മുഴവനായി പിടിച്ചുകുലുക്കി. ഏതാണ് 10 വര്‍ഷങ്ങള്‍ക്കു മുന്‍പ് കുടക്കല്ലിന്റെ ഒരു പാളി അടര്‍ന്നുവീണു. ഭാഗ്യത്തിന് ദുരന്തം ഒഴിവായി. പിന്നെ രണ്ട് വര്‍ഷം മുന്‍പാണ് മൂന്നിലവ്-അടുക്കം എന്നീ രണ്ട് വശത്തുനിന്നും രണ്ട് ടാറിട്ട വഴികള്‍ ഇല്ലിക്കന്റെ മുകളിലേക്ക് വെട്ടിക്കേറ്റുന്നത്. ഒരു മലവഴി എങ്ങനെ ഉണ്ടാക്കാന്‍ പാടില്ല എന്നതിന് ഉത്തമ ഉദാഹരങ്ങള്‍ ആണ് ആ വഴികള്‍. ഈ മഴക്കാലത്തും വന്‍മണ്ണിടിച്ചിലില്‍ വഴിയില്‍ ഒന്ന് യാത്രായോഗ്യമാല്ലാതായി. വഴിവന്നതോടെ സഞ്ചാരികളുടെ ഒഴുക്കായി. വാഹനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി ആ ചെങ്കുത്തായ മലമുകളിലേക്ക്. വന്നവര്‍ മലമുകളിലും പുല്‍മേടുകളിലും പ്ലാസ്റ്റിക്ക് കുപ്പിയും പേപ്പര്‍ പ്ലേറ്റുകളും മറ്റു മാലിന്യങ്ങളും വലിച്ചെറിഞ്ഞു പോയി.
അതിനേക്കാള്‍ വലിയ ദുരന്തം 3 ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ചെറുപ്പക്കാരന്‍ മലയില്‍ നിന്ന് വീണ് മരിക്കുന്നതോടെ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഇല്ലിക്കല്‍ ടൂറിസം സമ്മാനിച്ച മരണം രണ്ട് തികയുന്നു. അന്യനാട്ടില്‍ നിന്നും മലകയറ്റം പരിചയം ഇല്ലാത്ത ചെറുപ്പക്കാര്‍ വന്ന് അപകടകരമായ ആ മലയുടെ മുകളില്‍ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാതെ വലിഞ്ഞുകയറുന്നു. എല്ലാത്തിനും വഴിയൊരുക്കി കൊടുത്ത പ്രാദേശികഭരണകൂടവും ടൂറിസം വകുപ്പും ഒരു സുരക്ഷാ ബോര്‍ഡ്‌ പോലും സ്ഥാപിക്കാതെ അങ്ങനെ നിഷ്ക്രിയരായി നില്‍ക്കുന്നു.
ഈ മണ്ണില്‍ പവിത്രമായ ചില ഇടങ്ങള്‍ ഉണ്ടാവണം എന്ന്‍ പഴയ മനുഷ്യര്‍ തീരുമാനിച്ചത് എന്തിനാണ് എന്ന് ഇനിയെങ്കിലും നമ്മള്‍ അറിയണം. എല്ലാ മലകളും കീഴടക്കാന്‍ ഉള്ളതല്ല, എല്ലാ നദികളും മുറിച്ചുകടക്കാന്‍ ഉള്ളതല്ല, എല്ലാ വനങ്ങളും മനുഷ്യന്റെ പാദസ്പര്‍ശം എല്‍ക്കപ്പേടെണ്ടതല്ല. അന്ധവിശ്വാസമായി നാം തള്ളിക്കളഞ്ഞ ചില കഥകളുടെ (മിത്തുകളുടെ) ആത്മാവ് ഇനിയെങ്കിലും തിരിച്ചറിയപ്പെടണം. ഇല്ലിക്കന്‍ കോട്ടയത്തിന്റെ ഹിമവാനാണ്- ദേവഗണങ്ങള്‍ വാഴുന്നിടം. ദേവഭൂമിയില്‍ അനര്‍ഹമായി കാലുകുത്തിക്കൂടാ. അങ്ങനെ ചെയ്താല്‍ വിധി നിങ്ങളെ കാത്തിരിക്കും, ചിലപ്പോള്‍ മരണത്തിന്‍റെ ശിക്ഷാദണ്‌ഡുമായി.