മനുഷ്യജീവിതങ്ങളെ അക്ഷരങ്ങളിൽ വായിച്ചെടുത്ത ദൈവശാസ്ത്രജ്ഞനാണ് ഫാ. ഫെലിക്സ് പൊടിമറ്റം. ഇരവുകളെ പകലുകളാക്കി പുസ്തകങ്ങൾക്കിടയിൽ ജീവിച്ച ഈ മനുഷ്യസ്നേഹി ഇക്കഴിഞ്ഞ ഡിസംബർ 17-ന് ഓർമയായി. നിശബ്ദ ജീവിതത്തിനുടമയായ ഫെലിക്സച്ചന്റെ ദാർശനിക ജീവിതത്തിന്റെ ദീപ്തസ്മരണ.
1950-ന്റെ അവസാനം സഭയിൽ മാറ്റത്തിന്റെ ശുദ്ധവായു കടത്തിവിട്ടുകൊണ്ട് ചരിത്രം സൃഷ്ടിച്ച മാർപ്പാപ്പയായിരുന്നു ജോൺപോൾ 23-ാമൻ. രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചുകൂട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ''സഭയുടെ ജാലകങ്ങൾ തുറന്നിടൂ. അതിലൂടെ അരൂപിയുടെ കുളിർമയുള്ള ശുദ്ധവായു ഉള്ളിലേക്ക് പ്രവേശിക്കട്ടെ.'' സഭാചരിത്രത്തിന്റെ ഈ ദശാസന്ധിയിലാണ് 1934-ൽ തൊടുപുഴയ്ക്ക് അടുത്ത് മുട്ടം എന്ന ഒരു ഇടനാട് ഗ്രാമത്തിൽ പൊടിമറ്റം കുര്യൻ-അന്നമ്മ ദമ്പതികളുടെ മകനായി പിറന്ന മാത്യു എന്ന ഫെലിക്സച്ചൻ തന്റെ സന്യാസവൈദിക പഠനം പൂർത്തിയാക്കുന്നത്.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അലകൾ കെട്ടടങ്ങാത്ത കാലത്ത് 1964 മുതൽ റോമിൽ താമസിച്ച് അദ്ദേഹം ധാർമ്മിക ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തി. കത്തോലിക്കാ ധാർമ്മിക ദൈവശാസ്ത്രത്തിൽ മാറ്റത്തിന്റെ വിത്തുകൾ പാകിയ ബർണാർഡ് ഹെയറിംങ് എന്ന ദൈവശാസ്ത്രജ്ഞന്റെ കീഴിൽ ഗവേഷണം നടത്തി തിരിച്ചെത്തിയ ഫെലിക്സച്ചൻ അദ്ദേഹത്തിൽ നിന്ന് ലഭിച്ച ചിന്തയുടെ വിത്തുകളെ മുളപ്പിച്ച് നൂറുമേനി വിളയിച്ചു. ഗുരുവിന് അപ്പുറത്തേയ്ക്ക് വളർന്ന ഒരു ശിഷ്യനായി ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തി. 137 പുസ്തകങ്ങളും എണ്ണമറ്റ ലേഖനങ്ങളും എഴുതി ലിംകാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഫെലിക്സച്ചൻ തന്റെ 82-ാമത്തെ വയസ്സിൽ 2016 ഡിസംബർ 17-ന് പുലർച്ചെ നിത്യതയിലേക്ക് യാത്രയായി.
ദാർശനിക ഭൂമിക
'The Relativity of Natural Law' എന്ന വിഷയത്തിൽ ആയിരുന്നു ഫെലിക്സച്ചന്റെ ഗവേഷണം. അത് അദ്ദേഹത്തിന്റെ പിന്നീടുള്ള ചിന്തയ്ക്കും രചനകൾക്കും ശക്തമായ അടിത്തറപാകി. ക്രിസ്തീയ ധാർമ്മിക ദൈവശാസ്ത്രത്തിൽ പ്രവൃത്തികേന്ദ്രീകൃത ധാർമ്മികത (act-centered morality) യിൽ നിന്ന് വ്യക്തികേന്ദ്രീകൃത ധാർമ്മികത (person-centered morality) യിലേയ്ക്ക് ചുവടുമാറ്റി ചവിട്ടി എന്നതാണ് ഫെലിക്സച്ചന്റെ തനത് സംഭാവന. അത് ധാർമ്മിക ആപേക്ഷികതാവാദത്തിനും (relativism) നിരപേക്ഷതാവാദത്തിനും (absolutism) ഇടയിൽ വ്യക്തികേന്ദ്രീകൃതമായ ഒരു ക്രിസ്തീയ വിചിന്തനമായിരുന്നു.
കാലം കടന്നുപോയിട്ടും ഇന്നും പ്രചരിക്കപ്പെടുന്നതും ക്രിസ്തുവിന്റെ സുവിശേഷത്തിൽ ഇല്ലാത്തതുമായത് ഈ പ്രവൃത്തികേന്ദ്രീകൃത ധാർമ്മികതയാണ്. മുന്നിൽ നിൽക്കുന്ന പച്ചമനുഷ്യന്റെ കണ്ണിലേയ്ക്കും മനസ്സിലേയ്ക്കും കരുണയുടെ കണ്ണുകളോടെ നോക്കുമ്പോൾ ഉരുത്തിരിയുന്ന ഒരു മൂല്യബോധമായിരുന്നു ക്രിസ്തുവിന്റേത്. എന്നാൽ ഇന്നും നമ്മുടെ ധ്യാനകേന്ദ്രങ്ങൾ പ്രസംഗിക്കുന്ന 'സദാചാരധാർമ്മികത' എന്താണ്? അത് പ്രവൃത്തികേന്ദ്രീകൃതമാണ്. പലചരക്ക് പട്ടികയുണ്ടാക്കും പോലെ പാപപുണ്യങ്ങളുടെ കർമ്മം തിരിച്ച് ലിസ്റ്റ് തയ്യാറാക്കി വിശ്വാസികളെ കുമ്പസാരത്തിനൊരുക്കുന്ന 'ധ്യാനം' എന്ന നടപ്പുരീതിയ്ക്ക് സ്ഥായിയായ മറ്റങ്ങൾ ഉണ്ടാക്കാൻ കഴിയാതെ പോകുന്നത് പ്രവൃത്തിയുടെ ഉപരിപ്ലവതയിൽ നിന്ന് വ്യക്തികളുടെ ഉള്ളിലേയ്ക്ക് കടക്കാൻ കഴിയാത്തതുകൊണ്ടാണ്. കതിരിൽ വളം വയ്ക്കാൻ ആയിരുന്നില്ല, വേരുകളിൽ പോഷണം കൊടുക്കാനായിരുന്നു ഫെലിക്സച്ചന്റെ ശ്രമങ്ങൾ. കാരുണ്യത്തിന്റെ മൂല്യക്രമത്തിൽ രൂപപ്പെടുന്ന ഒരു പുതിയ ലോകം ക്രിസ്തുവിനെപ്പോലെ ഫെലിക്സച്ചനും സ്വപ്നംകണ്ടു.
ഫെലിക്സച്ചന്റെ വിചിന്തനത്തിന് വിഷയീഭവിക്കാത്ത മേഖലകൾ ഇല്ല. ലൈംഗിക ധാർമ്മികത, ജീവന്റെ മൂല്യം, മാനവീകത, നീതിയുടെ പ്രശ്നങ്ങൾ, പട്ടിണി, ചൂഷണം, പരിസ്ഥിതി വിചാരം, ആദ്ധ്യാത്മികത, സൗഹൃദം, മതവിശ്വാസം എന്നുവേണ്ട എല്ലാ മേഖലകളെയും അദ്ദേഹം വായിച്ചു, വിചിന്തനം നടത്തി, എഴുതി. ഇന്നും സദാചാരത്തിന്റെ ലുത്തിനിയ പാടിയിരിക്കുന്ന നമുക്ക് കാലത്തിന് മുൻപേ ജനിച്ച ആ വലിയ മനുഷ്യനെ വേണ്ടവിധം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് മലയാളി സമൂഹത്തേക്കാൾ കേരളത്തിന് വെളിയിൽ അദ്ദേഹം അംഗീകാരം നേടിയത്. സ്നേഹം കൂടുമ്പോൾ കവിളിൽ വാത്സല്യത്തോടെ ഒരു കൊച്ചുനുള്ള് തന്നിരുന്ന ഫെലിക്സച്ചൻ സ്നേഹം പറയാനുള്ളതല്ല, പ്രകടിപ്പിക്കാനുള്ളതാണ് എന്ന് വിശ്വസിച്ചു.
പെൺസൗഹൃദങ്ങൾ
''എന്റെ ജീവിതത്തിന്റെ ആദ്യ മുപ്പത്തിയഞ്ച് വർഷക്കാലത്തോളം പൗരുഷാധിപത്യത്തിന്റേതായിരുന്നു... പിന്നീടാണ് ദാർശനികമായും ബൗദ്ധികമായും വൈ കാരികമായും ഞാൻ വെല്ലുവിളിക്കപ്പെടുന്നത്. ജീവിതത്തിന്റെ അത്യന്താപേക്ഷിതമായ എന്തോ ഒന്ന് എനിക്ക് നഷ്ടപ്പെടുന്നതായി തോന്നിത്തുടങ്ങിയത്.'' ജീവിതം എന്നെ എന്ത് പഠിപ്പിച്ചു എന്ന ചെറിയ കുറിപ്പിൽ സ്വന്തം ജീവിതത്തിലെ ബന്ധത്തിന്റെ തലത്തെ ഫെലിക്സച്ചൻ ഇങ്ങനെയാണ് വിലയിരുത്തിയത്. 'പെണ്ണിന്റെ കണ്ണിലേക്ക് നോക്കാൻ പഠിപ്പിച്ച വൈദികൻ' എന്നാണ് അദ്ദേഹത്തിന്റെ ശിഷ്യർ അദ്ദേഹത്തെ വിലയിരുത്തിയത്.
അമ്മ/സഹോദരി, അപ്പൻ/സഹോദരൻ എന്ന തലത്തിനുപ്പുറത്തേക്ക് ജീവിതപങ്കാളിയല്ലാത്ത ഒരു പുരുഷനോ സ്ത്രീയോ ആയിട്ടുള്ള ബന്ധത്തെ കാണാൻ കഴിയാത്ത ഒരു സമൂഹമാണ് നമ്മുടേത്. ആ സമൂഹത്തോടാണ് 1980-കൾ മുതൽ ഫെലിക്സച്ചൻ ആൺ-പെൺ സൗഹൃദങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നത്. ഇന്നും കാലം ഏറെ മുന്നോട്ട് പോയിട്ടില്ല. ഇന്നും സൗഹൃദമെന്നാൽ ഒരു സാധാരണ ഇന്ത്യക്കാരനെയോ മലയാളിയേയോ സംബന്ധിച്ച് സ്വവർഗ്ഗ സൗഹൃദങ്ങൾ മാത്രമാണ്. ആണുങ്ങളുടെ സുഹൃത്തുക്കൾ ആണുങ്ങളും പെണ്ണുങ്ങളുടെ സുഹൃത്തുക്കൾ പെണ്ണുങ്ങളും മാത്രമായിരിക്കണം എന്നത് നമ്മുടെ സമൂഹത്തിന്റെ അലിഖിത നിയമമാണ്. അതിനപ്പുറത്ത് സ്വന്തം ഭാര്യയോ/ഭർത്താവോ, അമ്മയോ/അപ്പനോ, സഹോദരിയോ/സഹോദരനോ അല്ലാത്ത ആരെങ്കിലുമായി ഒരു സ്ത്രീയോ പുരുഷനോ അടുത്ത് ഇടപഴകുന്നത് കണ്ടാൽ ആ ബന്ധത്തിന് ചാർത്തിക്കൊടുക്കാൻ നമ്മുടെ നിഘണ്ടുവിൽ ഒരു പദമേയുള്ളൂ പ്രണയം. പ്രണയത്തിനപ്പുറത്ത് ആൺ-പെൺ സൗഹൃദങ്ങൾ ഉണ്ടെന്നും ഇല്ലെങ്കിൽ അവ വളർത്തിയെടുക്കണമെന്നും അല്ലാത്തപക്ഷം ബന്ധങ്ങളിൽ തന്നെ വലിയ നഷ്ടങ്ങൾ ഉണ്ടാവുമെന്നും ഫെലിക്സച്ചൻ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.
തന്റെ പെൺസൗഹൃദങ്ങളുടെ കഥ തുറന്ന മനസ്സോടെ അദ്ദേഹം പങ്കുവയ്ക്കുമായിരുന്നു. സൗഹൃദത്തിൽ എന്തെങ്കിലും മറച്ചുപിടിക്കേണ്ടതുള്ളതായി അദ്ദേഹം കരുതിയിരുന്നില്ല. അതുതന്നെയായിരുന്നു ആ ബന്ധങ്ങളെ സത്യസന്ധമാക്കിയത്. സൗഹൃദമെന്നാൽ സൗഹൃദമെന്നും പ്രണയമെന്നാൽ പ്രണയമെന്നും വാത്സല്യമെന്നാൽ വാത്സല്യമെന്നും മാത്രം അർത്ഥം കൽപ്പിച്ച മൂടുപടങ്ങളില്ലാത്ത ബന്ധങ്ങളും സത്യസന്ധതയുമായിരുന്നു എല്ലാക്കാലത്തും ഫെലിക്സച്ചന്റെ വാക്കിന്റെ കരുത്ത്.
പുസ്തകത്താളിലെ മനുഷ്യഗന്ധം
തെള്ളകത്തെ 'കപ്പൂച്ചിൻ വിദ്യാഭവൻ' എന്ന തിയോളജി കോളജിന്റെ ഏറ്റവും താഴത്തെ നിലയിൽ ഇരുളടഞ്ഞ ഒരു ഇടനാഴിയുടെ അറ്റത്ത് ഒരു കുടുസുമുറിയുണ്ട്. അവിടെ ഇരവുകളെ പകലുകളാക്കി പുസ്തകങ്ങൾക്കിടയിൽ ഫെലിക്സച്ചൻ വർഷങ്ങളോളം ചെലവഴിച്ചു. ദിവസത്തിൽ ഏതാനും മണിക്കൂറുകൾ മാത്രമാണ് അദ്ദേഹം ആ മുറിയ്ക്ക് പുറത്തുപോയത്. അടഞ്ഞ ഒരു മുറിയുടെ ഉള്ളിലിരുന്ന് അദ്ദേഹം എങ്ങനെ ലോകത്തെയും ദൈവജനത്തേയും കണ്ടുമുട്ടി എന്ന ചോദ്യം പ്രസക്തമാണ്. അക്ഷരങ്ങൾക്കിടയിൽ ഫെലിക്സച്ചൻ തിരഞ്ഞത് പച്ചയായ മനുഷ്യജീവിതങ്ങളായിരുന്നു.
''ഒരു വായനക്കാരൻ അയാൾ മരിക്കുന്നതിന് മുൻപ് ആയിരം ജീവിതങ്ങൾ ജീവിക്കുന്നു'' എന്ന് പറഞ്ഞത് ജോർജ്ജ് ആർ മാർട്ടിനാണ്. മനുഷ്യജീവിതങ്ങളെയാണ് ഫെലിക്സച്ചൻ അക്ഷരങ്ങളിൽ വായിച്ചെടുത്തത്. മനുഷ്യന് വേണ്ടിയാണ് അദ്ദേഹം എഴുതിയത്. മനുഷ്യനെ യാന്ത്രികമായ നിഷ്ഠകളിലേക്ക് തളച്ചിടുന്ന സദാചാര ധാർമ്മികതയ്ക്ക് എതിരെയാണ് അദ്ദേഹം പടവെട്ടിയത്. മനുഷ്യനെ കൂടുതൽ മാനവികനും അങ്ങനെ ദൈവികനുമാക്കുന്ന അടിസ്ഥാന മൂല്യങ്ങളെയാണ് അദ്ദേഹം മുറുകെ പിടിച്ചത്. ക്രിസ്തുവിന്റെ മനസ്സോടെ മുന്നിൽ നിൽക്കുന്ന മനുഷ്യന്റെ കണ്ണിൽ നോക്കി ധാർമ്മികതയുടെ തെളിവുള്ള നിലം കണ്ടെത്താൻ അദ്ദേഹം പഠിപ്പിച്ചു. അങ്ങനെയാണ് ഒരു നിയമവാദിയുടെ കടുംപിടുത്തമില്ലാതെ ഒരു നിരപേക്ഷതാവാദിയുടെ ഫരിസേയ വിധിതീർപ്പില്ലാതെ അദ്ദേഹം 'മനുഷ്യപുത്രന്റെ' നന്മയുടെ പാഠങ്ങൾ ധാർമ്മിക ശാസ്ത്രമാക്കിയത്.
ഫെലിക്സച്ചൻ പിൻചെന്ന ധാർമ്മികത വേശ്യപ്പെണ്ണിന്റെ കണ്ണിലേയ്ക്ക് നോക്കി സദാചാരസമൂഹത്തിന്റെ കാപട്യം തുറന്നുകാട്ടിയ ധാർമ്മികതയായിരുന്നു. ഉപവസിച്ച് പ്രാർത്ഥിച്ച് ദാനധർമ്മം നടത്തി ദൈവസന്നിധിയിൽ യോഗ്യത നേടിയവന്റെ മുന്നിൽ വച്ച് പാപിയുടെ കണ്ണീരിന്റെ ആത്മീയ മഹത്വം പ്രകീർത്തിച്ച ധാർമ്മികതയായിരുന്നു. വഴിതെറ്റാത്ത തൊണ്ണൂറ്റിയൊൻപതിന്റെ ഉറക്കത്തിന് താരാട്ട് പാടാൻ നിൽക്കാതെ വഴിതെറ്റിയ ഒന്നിനെ തേടിപ്പോകുന്ന ധാർമ്മികതയായിരുന്നു. ആരോഗ്യവാന്മാർക്കല്ലാതെ രോഗികളെ സൗഖ്യത്തിലേയ്ക്ക് നയിക്കുന്ന ധാർമ്മികതയായിരുന്നു.
അതുകൊണ്ട് തന്നെയാണ് ഫെലിക്സച്ചൻ എന്നും മുഖ്യധാരയുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിയത്. ആരുടെയെങ്കിലും ധാർമ്മിക വിചിന്തനത്തെ വെള്ളം തൊടാതെ വിഴുങ്ങിയ ഒരു നിരപേക്ഷതാവാദിയായ തൊമ്മിസ്റ്റോ അഗസ്റ്റീനിയനോ ആയിരുന്നില്ല അദ്ദേഹം. മനുഷ്യൻ എന്ന സങ്കീർണതയെ, അവന്റെ വിഹ്വലതകളെ, വേദനകളെ, സന്തോഷങ്ങളെ, ദൗർബല്യങ്ങളെയൊക്കെ അവധാനതയോടെ നോക്കിക്കണ്ട് അതിനിടയിൽ നിരന്തരം സത്യം തിരഞ്ഞുകൊണ്ടിരുന്ന ഒരു ധാർമ്മിക ദൈവശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ആരും ചവിട്ടാത്ത വഴികളിൽ അദ്ദേഹം മുൻപേ നടന്നു; കാലത്തിന് മുൻപേ ചിന്തിച്ചു. മെല്ലെ നടന്നവർക്കും പിന്തിരിഞ്ഞ് നടന്നവർക്കും അദ്ദേഹത്തെ ഉൾക്കൊള്ളാനായില്ല.
'സ്വയംഭോഗം- ധാർമ്മിക ശാസ്ത്രത്തിലെ ഒരു സങ്കീർണ്ണമായ പ്രശ്നം' എന്ന അദ്ദേഹത്തിന്റെ പുസ് തകം മുതൽ പലതും വിമർശനങ്ങൾക്കിടയിലാണ് വെളിച്ചം കണ്ടത്. വിമർശനത്തിന്റെ മുൾമുനയിൽ ആത്മസംഘർഷത്തിൽ പെട്ടുപോയ അദ്ദേഹം ചില പുസ്തകങ്ങൾ പുതിയ പതിപ്പ് ഇറക്കണ്ട എന്നുപോലും തീരുമാനിച്ചിരുന്നു. എന്നാലും സത്യം അന്വേഷിച്ചുകൊണ്ടേയിരുന്നു; എഴുതിക്കൊണ്ടേയിരുന്നു. സംഘർഷകാലത്തെക്കുറിച്ച് പിന്നീട് അദ്ദേഹം എഴുതി: ''ഞാൻ നിശബ്ദനായിരുന്നാൽ എന്റെ ജീവിതം കുറേക്കൂടി സുഗമമാകുമായിരുന്നു. എന്നാൽ നിശബ്ദനായിരിക്കാനല്ല ദൈവത്തോടും മനഃസാക്ഷിയോടും വിശ്വസ്തനായിരിക്കാനാണ് ഞാനൊരു ധാർമ്മിക ദൈവശാസ്ത്രജ്ഞനായത്.''
നിശബ്ദനാക്കപ്പെടാൻ സാധ്യതയും നിശബ്ദനായിരിക്കാൻ അവകാശവും ഉണ്ടായിരുന്ന, സുരക്ഷിതത്വത്തിന്റെ സുഖദായക കോണിലോ അധികാരത്തി ന്റെ ഭ്രമിപ്പിക്കുന്ന സ്ഥാനത്തോ ഇരിക്കാനാവുമായിരുന്ന ഫെലിക്സച്ചൻ മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കായി എന്നതാണ് അദ്ദേഹത്തെ ക്രിസ്തുശിഷ്യനാക്കിയത്. അതൊരു പ്രവാചകധർമ്മമായിരുന്നു. മുപ്പത്തിമൂന്ന് വയസ്സുമാത്രം ജീവിച്ച് കൊലചെയ്യ പ്പെട്ടവന്റെ പിന്നാലെയുള്ള ധീരമായ നടപ്പായിരുന്നു. കാലം കൂടുതൽ ശോഭനമാകുന്നെങ്കിൽ ഒരൻപതുവർഷം കഴിഞ്ഞു വരുന്ന തലമുറ അത്ഭുതം കൂറും. തങ്ങ ൾക്ക് നൂറ് വർഷം മുൻപേ ഇങ്ങനയൊരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നതിനെയോർത്ത്; തീർച്ച.
No comments:
Post a Comment