Sunday, February 26, 2017

സദാചാരഗുണ്ടായിസം എന്ന ലൈംഗീകദാരിദ്ര്യം



സദാചാരക്കാര്‍ അങ്ങനെ അനീഷിന്‍റെ ജീവനും എടുത്തു. സദാചാരഗുണ്ടാഅഴിഞ്ഞാട്ടത്തിലെ അവസാനയിരയാണ് അനീഷ്‌. ജനാധിപത്യരാജ്യത്ത് നിയമം കയ്യിലെടുത്ത് സ്വയം ഗവണ്മെന്റും കോടതിയും ചമയുന്ന സാമൂഹ്യവിരുദ്ധരാണ് സദാചാരഗുണ്ടകള്‍. ഇവരെ മതമൌലീക തീവ്രവാദികളെപ്പോലെ വേണം കണക്കാക്കാന്‍. 
സത്യത്തില്‍ സദാചാരപോലീസ് ആണ് ഈ നാട്ടിലെ ഏറ്റവും വലിയ ലൈംഗീകരോഗികള്‍. ഈ രോഗത്തിന്‍റെ രോഗലക്ഷണങ്ങള്‍ ഇവയൊക്കെയാണ്: 1. രണ്ടുപേര്‍ (സ്ത്രീയും പുരുഷനും) ഒരുമിച്ചിരുന്ന്‍ സംസാരിക്കുന്നത് കണ്ടാല്‍ അവരുടെ കണ്ണുകള്‍ ഒളികണ്ണുകള്‍ ആയി മാറും. 2. 'നീ അറിഞ്ഞോ...., നീ കേട്ടോ...." എന്ന ആമുഖത്തോടെ അവര്‍ മറ്റുള്ളവരുടെ സ്വകാര്യബന്ധങ്ങള്‍ വിളമ്പാന്‍ തുടങ്ങും. 3. ഇത്തരക്കാരുടെ ലൈംഗീകഅവയവം തലച്ചോറില്‍ ആയിരിക്കും. 4. ഇത്തരക്കാര്‍ സ്വന്തം ദാമ്പത്യജീവിതത്തിലോ ലൈംഗീകആഗ്രഹപൂര്‍ത്തീകരണത്തിലോ സംതൃപ്തരായിരിക്കില്ല. 5. ഇവരില്‍ മിക്കവരും 'തികഞ്ഞ' മതവിശാസികളും പാരമ്പര്യവാദികളും ആയിരിക്കും. 6. രാഷ്ട്രീയ-സാമൂഹ്യ അനീതികളോട് ഇവര്‍ പ്രതികരിക്കില്ല. 7. 'തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല' എന്ന നിലപാട് സ്വീകരിച്ച കടുത്ത അസൂയാലുക്കളാണ് ഇവര്‍.

സ്വകാര്യം പൊതുജീവിതം 
എന്തെങ്കിലും ആവശ്യത്തിന് അത്ര പരിചയമില്ലാത്ത ഒരു വീട്ടിലോ സ്ഥലത്തോ പോകേണ്ട സാഹചര്യത്തില്‍ വഴിയരികില്‍ കണ്ടുമുട്ടുന്ന ഒരാളോട് വഴി ചോദിക്കുമ്പോഴാണ് ഒരു കള്ളനെപ്പോലെ ഓടിപ്പോകേണ്ട അവസ്ഥ വരുന്നത്. അങ്ങോട്ട്‌ ഒരു കാര്യം മാത്രമേ ചോദിച്ചിട്ടുള്ളൂ, "വഴിയൊന്ന് പറഞ്ഞുതരാമോ?". ഇങ്ങോട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് കയ്യുംകണക്കുമില്ല. "എവിടുന്ന് വരുന്നു?", "എന്തിനാണ് അവിടെപ്പോകുന്നത്?", "അവരുമായിട്ട് എന്താണ് ബന്ധം?"....(നാട്ടിൻപുറം നന്മകളാൽ അത്ര സമൃദ്ധമൊന്നുമല്ല). എന്നാണ് നമ്മൾ സ്വകാര്യതയും പൊതുജീവിതവും തമ്മിലുള്ള വിശുദ്ധമായ വേർതിരിവ് പഠിച്ചെടുക്കന്നത്? എന്‍റെ സൌഹൃദങ്ങള്‍, എന്‍റെ തീറ്റകുടികള്‍, എന്‍റെ ലൈംഗീകജീവിതം... ഇവയൊക്കെ എന്‍റെ സ്വകാര്യതകള്‍ ആണ്. മറ്റുള്ളവരുടെ അവകാശങ്ങള്‍ ഞാന്‍ നിഷേധിക്കാത്തിടത്തോളം കാലം എന്‍റെ സ്വകാര്യതകളില്‍ തലയിടുന്നത് ഗുണ്ടായിസമാണ്.

എതിര്‍ലിംഗ സൗഹൃദങ്ങള്‍
അമ്മ/സഹോദരി, അപ്പൻ/സഹോദരൻ എന്ന തലത്തിനുപ്പുറത്തേക്ക് ജീവിതപങ്കാളിയല്ലാത്ത ഒരു പുരുഷനോ സ്ത്രീയോ ആയിട്ടുള്ള ബന്ധത്തെ കാണാൻ കഴിയാത്ത ഒരു സമൂഹമാണ് നമ്മുടേത്. സൗഹൃദമെന്നാൽ ഒരു സാധാരണ ഇന്ത്യക്കാരനെയോ മലയാളിയേയോ സംബന്ധിച്ച് സ്വവർഗ്ഗ സൗഹൃദങ്ങൾ മാത്രമാണ്. ആണുങ്ങളുടെ സുഹൃത്തുക്കൾ ആണുങ്ങളും പെണ്ണുങ്ങളുടെ സുഹൃത്തുക്കൾ പെണ്ണുങ്ങളും മാത്രമായിരിക്കണം എന്നത് നമ്മുടെ സമൂഹത്തിന്റെ അലിഖിത നിയമമാണ്. അതിനപ്പുറത്ത് സ്വന്തം ഭാര്യയോ/ഭർത്താവോ, അമ്മയോ/അപ്പനോ, സഹോദരിയോ/സഹോദരനോ അല്ലാത്ത ആരെങ്കിലുമായി ഒരു സ്ത്രീയോ പുരുഷനോ അടുത്ത് ഇടപഴകുന്നത് കണ്ടാൽ ആ ബന്ധത്തിന് ചാർത്തിക്കൊടുക്കാൻ നമ്മുടെ നിഘണ്ടുവിൽ ഒരു പദമേയുള്ളൂ പ്രണയം. പ്രണയത്തിനപ്പുറത്ത് ആൺ-പെൺ സൗഹൃദങ്ങൾ ഉണ്ടെന്നും ഇല്ലെങ്കിൽ അവ വളർത്തിയെടുക്കണമെന്നും അല്ലാത്തപക്ഷം ബന്ധങ്ങളിൽ തന്നെ വലിയ നഷ്ടങ്ങൾ ഉണ്ടാവുമെന്നും ഈ തലമുറയെങ്കിലും പഠിക്കണം. സദാചാരഗുണ്ടകള്‍ എതിര്‍ലിംഗ സൗഹൃദത്തെ എതിര്‍ക്കുന്ന, പ്രണയത്തെ എതിര്‍ക്കുന്ന, സമൂഹത്തെ പിന്നോട്ട് വലിക്കുന്ന, സാമൂഹ്യവിരുദ്ധര്‍ ആണ്. 

സാദാചാരപോലീസ് ആകുന്ന ഭരണകൂടം
ഇന്ത്യന്‍ പൌരന് 'സ്വകാര്യത എന്ന മൌലീകാവകാശം' ഇല്ലെന്ന് ഇപ്പോള്‍ തന്നെ മോദി ഗവണ്മെന്റ് തെളിയിച്ചു. വീട്ടിലെ തീന്മേശയില്‍ നിങ്ങള്‍ എന്തു വിളമ്പണമെന്ന് വരെ അവര്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു (ഗോമാംസ വിലക്ക്). നിങ്ങള്‍ നിങ്ങളുടെ സ്വകാര്യയിടങ്ങളില്‍ എന്തു കാണണമെന്നും എന്തു കാണാന്‍ പാടില്ല എന്നും നിശ്ചയിച്ചു കഴിഞ്ഞു (അഡള്‍ട്ട് സൈറ്റ് നിരോധനം). പ്രണയജോടികളുടെ കിടപ്പുമുറിയില്‍ പോലും കയറി അവര്‍ക്കെതിരെ കേസ് എടുക്കുന്ന ഭീകരമായ ദ്രശ്യങ്ങളും നാം മുംബൈയില്‍ കണ്ടു. സ്വവര്‍ഗ്ഗലൈംഗീകത ഇപ്പോഴും ക്രിമിനല്‍ കുറ്റമായി നിലനില്‍ക്കുന്നു. മതം സന്മാര്‍ഗ്ഗം പ്രസംഗിക്കുന്നതു പോലെ രാഷ്ട്രം സദാചാരം പ്രസംഗിക്കുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ഉഭയസമ്മതമുള്ള,പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ തമ്മിൽ എങ്ങനെയാണ് ബന്ധപ്പെടേണ്ടത് എന്നുവരെ നിശ്ചയിക്കുന്ന ഭരണഘടനയും നിയമവ്യവസ്ഥയും ആണ് ഏറ്റവും വിലകെട്ട രാഷ്ട്രബോധം.

സോഷ്യല്‍ മീഡിയയില്‍ സദാചാരികളാകുന്നവര്‍
സോഷ്യല്‍ മീഡിയ പൊതുവിടത്തോടൊപ്പം ഒരു സ്വകാര്യഇടം കൂടി ഒരുക്കുന്നുണ്ട്‌. വാട്സാപ്, മെസ്സഞ്ചര്‍, ഇമോ, ഫേസ്ബുക്ക്‌ ഇന്‍ബോക്സ് എന്നിവ സ്വകാര്യഇടങ്ങള്‍ ആണ്. അവിടെ ഒരാള്‍ക്ക്‌ മറ്റൊരാളോട് സ്നേഹമോ സൗഹൃദമോ പ്രണയമോ ഉണ്ടായാല്‍ അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യവും ന്യായമായി ഉണ്ട്. എന്നാല്‍ തിരിച്ച് താത്പര്യമില്ല എന്ന് ഒരാള്‍ വ്യക്തമായി പറഞ്ഞാല്‍ അവിടെ തീരണം ആ സംഭാഷണം. അതിനപ്പുറം ആരെങ്കിലും ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയാന്‍ അത് സൈബര്‍ലോകത്തെ ബലാത്ക്കാരമായി വേണം കണക്കാക്കാന്‍. അതുപോലെ  ബലാത്ക്കാരമായി ഒരു സംഭാഷണമോ പ്രവര്‍ത്തിയോ നടക്കാത്ത സാഹചര്യത്തില്‍ പ്രതികാരം തീര്‍ക്കാന്‍ എന്നവണ്ണം ഒരാള്‍ സ്വാഭാവികമായി പ്രകടിപ്പിച്ച ഇഷ്ടവും അടുപ്പവും കാണിക്കുന്ന സ്വകാര്യസന്ദേശങ്ങള്‍ പൊതുവിടത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ സൈബര്‍ സദാചാര പോലിസിംഗ് എന്ന് പറയാം. ഇത് കൂടുതലും ചെയ്യുന്നത് സ്ത്രീകള്‍ ആണ്. അവര്‍ അത് ചെയ്യുന്നതിന് കാരണം ഉണ്ട്. സ്ത്രീ അക്കൗണ്ടുകള്‍ കണ്ടാല്‍  ചില  പുരുഷന്മാര്‍ക്ക്  ഉടന്‍  ഞരമ്പുരോഗം  പിടിപെടും. അതിനുള്ള പ്രതിവിധിയായിട്ടാണ് സ്ത്രീകള്‍ ഇത് ചെയ്യുന്നത്. അവരുടെ ഉദ്ദേശശുദ്ധിയെക്കുറിച്ച് യാതൊരു സംശയവുമില്ല. എന്നാൽ  അവരുടെ രീതിയെക്കുറിച്ച് ചില വിയോജിപ്പുകൾ ഉണ്ട്: 1) സോഷ്യല്‍മീഡിയയുടെ സ്വകാര്യയിടത്ത് ഒരു  സ്ത്രീയോട് സംവദിക്കാനുള്ള സ്വാതന്ത്ര്യം ദുരുദ്ദേശങ്ങള്‍ ഒന്നുമില്ലാത്ത പുരുഷന്മാര്‍ക്കു പോലും നഷ്ടപ്പെട്ടേക്കാം. വൈകാരികപക്വതയുള്ളതും  ഇല്ലാത്തതുമായ സ്ത്രീകള്‍ തൊട്ടതിനും  പിടിച്ചതിനും സ്വകാര്യ സംഭാഷണത്തിന്‍റെ സ്ക്രീന്‍ഷോട്ട് ഇടുന്ന  രീതിയിലേക്ക് മാറും. അത്  പുരുഷമാരെ  മുഴുവൻ  സംശയത്തിന്റെ  നിഴലിൽ  നിർത്തുക  എന്ന  ആരോഗ്യപരമല്ലാത്ത സാമൂഹ്യബന്ധത്തിൽ എത്തിക്കും. 2) ഒരു വ്യക്തി എന്നാല്‍ ഒറ്റപ്പെട്ട വ്യക്തി മാത്രമല്ല, അവരോട് ചേര്‍ന്ന് ജീവിതം കെട്ടിപ്പടുത്ത മറ്റനേകം പേരും ചേര്‍ന്നതാണ്. അവരുടെ സമൂഹത്തിലെ മാനാഭിമാനങ്ങളും കാക്കാന്‍ നമ്മുടെ ഓരോ പ്രതിക്ഷേധങ്ങള്‍ക്കും കടമയുണ്ട്. എന്താണ് വേണ്ടത് എന്താണ് വേണ്ടാത്തത് എന്ന വിവേകപൂര്‍വ്വമായ ചിന്ത കഴിഞ്ഞ് പ്രതികരണം  തുടങ്ങുന്നതായിരിക്കും എല്ലാവര്‍ക്കും (പ്രത്യേകിച്ച് ഒന്നും മനസ്സറിയാതെ വീട്ടിലിരിക്കുന്ന ചില നിഷ്ക്കളങ്ക സ്ത്രീകള്‍ക്ക്) നല്ലത്. അവരുടെ  അപ്പനോ  ഭര്‍ത്താവോ സഹോദരനോ മകനോ നിരുത്തരവാദപരമായും മാന്യതയില്ലാതെയും  പെരുമാറുന്നതിന്  അവര്‍  എന്തുപിഴച്ചു!

മതങ്ങളും സദാചാരക്കാരും
സദാചാരപോലീസിന് എതിരെ മതത്തിന്‍റെ ഭാഗത്ത് നിന്ന് വലിയ എതിര്‍പ്പ് ഉണ്ടാകുമെന്ന് ചിന്തിക്കരുത്. കാരണം മതങ്ങള്‍ എന്നും വ്യക്തിയുടെ സദാചാരത്തെ മാത്രമാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. അത് പ്രയോഗീകമായ നടപ്പിലാക്കുന്നവര്‍ ആണ് ഒരു രീതിയില്‍ സദാചാരപോലീസുകാര്‍. സ്വകാര്യതയും പൊതുജീവിതവും വിവേചനബോധം മതങ്ങള്‍ക്ക് എന്നേ നഷ്ടപ്പെട്ടു. മതങ്ങൾ ഇപ്പോൾ വ്യക്തിജീവിതത്തിൽ ഏതൊക്കെ വിടവുകളിലൂടെയാണ് ഒളിഞ്ഞുനോക്കുന്നത്! ദമ്പതികൾ കിടപ്പറയിൽ ആഘോഷിക്കുന്ന വിശുദ്ധമായ ലൈംഗീക കർമ്മത്തിന്റെ രീതികൾ എന്തായിരിക്കണം എന്നുവരെ മതം നിശ്ചയിക്കുന്നു എന്നുവന്നാൽ മതം പോലും എത്ര തരംതാണു പോകുന്നു!

പൊതുവിടത്തില്‍ പോലും ഒരു വ്യക്തിയ്ക്ക്‌  അയാളുടെ വ്യക്തിയിടം ഉണ്ടെന്നറിയണം. പരസ്പരം സ്നേഹിക്കുന്നവരോ, അടുത്തറിയുന്നവരോ, ഭാര്യാഭര്‍ത്താക്കന്മാരോ, പ്രണയജോഡികളോ ഒന്നിച്ചിരുന്നാലോ, പരസ്പരം ആലിംഗനം ചെയ്താലോ, തോളില്‍ കയ്യിട്ടാലോ, പോട്ടെ ഒന്ന് ചുംബിച്ചാലോ അതൊന്നും പൊതുസമൂഹത്തിന്‍റെ പ്രശ്നമല്ല. കാരണം അത്‌ എനിക്ക്‌ ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. എന്നാല്‍ പൊതുവിടത്തില്‍ മൂത്രമൊഴിക്കുന്നതും മലവിസ്സര്‍ജ്ജനം നടത്തുന്നതും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും  പൊതുജീവിതത്തെ ബാധിക്കുന്നതാണ്. അവ എതിര്‍ക്കപ്പെടേണ്ടതാണ്. സത്യത്തില്‍ ഇതൊന്നുമല്ല സദാചാരഗുണ്ടകളുടെ പ്രശ്നം. കടുത്ത ലൈംഗീകദാരിദ്ര്യമാണ് അവരില്‍ സദാചാരഗുണ്ടായിസമായി കുരുപൊട്ടിയൊഴുകുന്നത്.  

Friday, February 24, 2017

"ആരു ഞാനാകണം എന്നെന്നുണ്ണി ചോദിക്കില്‍..."

ഇഷ്ടിക ഭാഗം - 4

ഒരു കുട്ടിയും ഇന്നോളം ഒരു മാതാപിതാക്കളോടും ചോദിച്ചുകാണില്ല: "അപ്പാ/അമ്മേ, ഞാന്‍ ആരാകണം?" എന്നാല്‍ ഓരോ കുട്ടിയും നിശ്ചയമായും അവരുടെ ബാല്യത്തില്‍ ഇങ്ങനെ ഒരു ചോദ്യത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തപ്പെട്ടിട്ടുമുണ്ട്: "നിനക്ക് ഭാവിയില്‍ ആരാകണം?" ഒന്നുമാകണം എന്ന് പറയാന്‍ അവനോ അവള്‍ക്കോ മനസ്സില്‍ തോന്നിയിട്ടുണ്ടാവില്ല.അപ്പോള്‍ പിന്നില്‍ നിന്ന് അപ്പനോ അമ്മയോ അവന്‍റെ/അവളുടെ കാതില്‍ എന്തൊക്കെയോ കിരുകിരാ ഓതിയിട്ടുണ്ടാവണം. വലിയ ബോധമൊന്നുമില്ലാതിരുന്ന എന്നെപ്പോലുള്ളവര്‍ വായുംപൊളിച്ചു നിന്നിട്ടുണ്ടാവണം. കിരുകിരിപ്പിന്റെ ശബ്ദം പിടികിട്ടിയ ചിലര്‍ ഡോക്ടര്‍, എഞ്ചിനീയര്‍, ഐഎഎസ്, ഐ പി എസ്.... ഇങ്ങനെ ഒരു തത്തയേപ്പോലെ പറഞ്ഞിട്ടുണ്ടാവും. ചിലര്‍ അതൊക്കെ പിന്നീട് വെള്ളം തൊടാതെ വിഴുങ്ങിയിട്ടുണ്ടാവും. ശേഷം ചിലര്‍ വിഴുങ്ങുന്നതായി അഭിനയിച്ചിട്ട് അപ്പുറത്ത് മാറി തുപ്പിക്കളഞ്ഞിട്ടുണ്ടാവും. ഇനിയും 'സാമാന്യബോധ'മില്ലാത്ത വേറെ ചിലര്‍ അവിടെ വെച്ചുതന്നെ നീട്ടിത്തുപ്പി വായില്‍ വെള്ളവുമൊഴിച്ചു കളഞ്ഞ് പോന്നിട്ടുണ്ടാവണം. അപ്പോഴൊക്കെ ഒളിഞ്ഞുംതെളിഞ്ഞും മനസ്സ് മന്ത്രിച്ചു: "എനിയ്ക്ക് ആരുമാവണ്ടാ. ഞാനായി അങ്ങ് സന്തോഷത്തോടെ ജീവിച്ചാ മതി."

"ആയിരിക്കുക ആയിത്തീരുക" (being and becoming)
ജീവിതവും ചുറ്റുമുള്ള ലോകവും നിരന്തരം മാറ്റത്തിലൂടെ 'ആയിതീരുന്ന'താണെന്ന് പാശ്ചാത്യതത്വശാസ്ത്രത്തില്‍ ആദ്യം പറഞ്ഞത് ഹെറാക്ലിറ്റസ് ആണ്. എന്നാല്‍ അതിനുമേറെ മുന്‍പ് മറ്റൊരു ചിന്തകനായ പാര്‍മെനിടസ് പറഞ്ഞു: "എവിടെ ആരംഭിക്കണം എന്ന കാര്യം എനിയ്ക്ക് അപ്രസക്തമാണ്. കാരണം എവിടെ ആരംഭിച്ചാലും അവസാനം ഞാന്‍ മടങ്ങിയെത്തുന്നത് ആരംഭിച്ചിടത്തുതന്നെയാണ്. മാറ്റം എന്നത് ഒരു മിഥ്യാധാരണയാണ്." 'ആയിരിക്കുക-ആയിത്തീരുക' എന്ന രണ്ട് ദ്വന്ദങ്ങൾക്കിടയിൽ ആണ് ജീവിതം നിരന്തരം അശാന്തിനിറഞ്ഞതാകുന്നത്. ഒരാൾ ജന്മനാ 'ആയിരിക്കുന്ന' അവസ്ഥയിൽ സ്വാഭാവിക ശാരീരിക-മാനസീക-ബൗദ്ധീക വളർച്ചയ്ക്ക് ഒപ്പം വളരാൻ അനുവദിച്ചാൽ ആ വളർച്ച ഒരു പുഷ്പം വിരിയുന്നതുപോലെ സുന്ദരമായിരിക്കും. അവിടെ വ്യക്തി ആന്തരീകസമ്മർദ്ദങ്ങൾ അനുഭവിക്കുന്നില്ല. എന്നാൽ ഒരാൾ എന്തായി തീരണം എന്ന് ആദ്യമേ സ്വയമോ സമൂഹമോ നിർണ്ണയിച്ച ശേഷം അതായിതീരാൻ നടത്തുന്ന പരിശ്രമങ്ങൾ അയാളെ വലിയ സമ്മർദ്ദങ്ങളിൽ എത്തിക്കുന്നു. ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ കഴിവുള്ള മനുഷ്യര്‍ മാത്രമാണ് ടെന്‍ഷന്‍ അനുഭവിക്കുന്നത്. മൃഗങ്ങളെ നോക്കൂ, മരങ്ങളെ നോക്കൂ... അവരാരും സമ്മര്‍ദ്ദം അനുഭവിക്കുന്നില്ല. അവര്‍ വെറുതെ ഓരോ നിമിഷത്തിലും ആയിരിക്കുന്നു, അവയ്ക്ക് ഒന്നും ആയിതീരേണ്ടതില്ല. എന്നാല്‍ വിശേഷബുദ്ധിയുള്ള മൃഗമായ മനുഷ്യന്‍ ഏതോ വലിയ ഉയരങ്ങളിലേക്ക് പോകാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവന്‍ നിരന്തരം ഭാവിയില്‍ ജീവിക്കുന്നു, അത് അവനെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഈ ശ്രമത്തില്‍ നിന്നാണ് മനുഷ്യ ചരിത്രവും സംസ്കാരവും ഉണ്ടായത്. എന്നാലോ ചരിത്രം സൃഷ്ടിച്ചവരൊക്കെയും ചരിത്രത്തില്‍ തന്നെ മണ്മറഞ്ഞു.
സത്യത്തില്‍ ഒന്നാലോചിച്ചുനോക്കൂ- ഈ ലോകത്ത് ജീവിക്കുന്നവരും ഇന്നോളം ജീവിച്ചവരുമായ കോടാനുകോടി മനുഷ്യരില്‍ എത്രപേര്‍ക്കാണ് ഉയരങ്ങള്‍ താണ്ടി സ്വന്തമായ ഒരു ഐഡന്റിറ്റി നേടിയെടുക്കാന്‍ ആയത്? ഒന്നോരണ്ടോ തലമുറയ്ക്ക് അപ്പുറം പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ പോലും ശേഷിച്ചവര്‍ തുലോം കുറവ്. ഇവിടെ 95% പേരും സ്വന്തമായ ഐഡന്റിറ്റികള്‍ പണിതുയര്‍ത്തി ചരിത്രത്തില്‍ ഇടംനേടിയവരല്ല. അവരാരും 'ആരെങ്കിലും' (somebody) ആയിത്തീര്‍ന്നില്ല, അവര്‍ 'ആരു'മല്ലായിരുന്നു (They were nobody). 5%''ആരെങ്കിലുമൊക്കെ' ആയിതീര്‍ന്നവര്‍ക്ക് സംരക്ഷിക്കാന്‍ ഒരു വലിയ 'അഹം' (ego) ഉണ്ടായിരുന്നു. അത് സത്പ്പേരാകാം, പ്രശസ്‌തിയാകാം, സ്ഥാനമാനങ്ങള്‍ ആകാം. അവ നിലനിര്‍ത്താന്‍ 'ആയിതീര്‍ന്നവര്‍ക്ക്' ഏറെ പരിശ്രമിക്കേണ്ടിവന്നിട്ടുണ്ട്, സ്വയം നിയന്ത്രിക്കേണ്ടിവന്നിട്ടുണ്ട്, പലതും അടിച്ചമര്‍ത്തേണ്ടിവന്നിട്ടുണ്ട്, പൊയ്മുഖം അണിയേണ്ടിവന്നിട്ടുണ്ട്. 'ഒന്നുമല്ലാത്തവരു'ടെ (nobodys) ജീവിതം തുറന്നുകിടക്കുകയയാണ്, ലോകം വിശാലമായി കിടക്കുകയാണ്. അവര്‍ പരിപൂര്‍ണ്ണ സ്വതന്ത്രരാണ്, ആരേയും ഒന്നും ബോധ്യപ്പെടുത്താല്‍ ശ്രമിക്കേണ്ടാത്തവരാണ് അവര്‍. അങ്ങനെ ജീവിച്ച പുരാതന ഗ്രീസിലെ ഒരു വിഭാഗം ആളുകള്‍ ആയിരുന്നു സിനിക്കുകള്‍. പ്രകൃതിയുടെ താളമായിരുന്നു അവരുടെ ജിവിതതാളം. ഏദസിന്‍റെ തെരുവുകളില്‍ പകല്‍വെളിച്ചത്തില്‍ പന്തം കത്തിച്ചു 'മനുഷ്യനെ' തേടി നടന്ന ഡയോജെനീസ്, പൊതുവിടങ്ങളില്‍ ലൈംഗീകസമത്വം പ്രദര്‍ശിപ്പിച്ച ക്രേറ്റസും അദ്ദേഹത്തിന്‍റെ പ്രണയിനി ഹിപ്പാര്‍ച്ചയും, അടിമയുടെ സ്വാതന്ത്രവും ഉടമയുടെ അടിമത്വവും തുറന്നുകാട്ടി പരിഹസിച്ച അടിമയായ ബയോണും ഒക്കെ വായന അര്‍ഹിക്കുന്ന സിനിക്കുകള്‍ ആണ്.

'ആയിത്തീരാന്‍' ആകാത്തവര്‍
'ആയിത്തീരല്‍' വിജയവഴികള്‍ തുറക്കുന്നത് കഴിവുള്ളവന്റെ മുന്നിലാണ്. അത് മത്സരിക്കാന്‍ ഉള്ള കഴിവാണ്. ശാരീരികവും ബൌദ്ധികവുമായ കഴിവ് കുറഞ്ഞവര്‍ അവിടെ പിന്തള്ളപ്പെട്ടുപോകുന്നു. 'കഴിവുകെട്ടവന്' വേണ്ടി ഇന്നോളം ആരും കരിയര്‍ ഗൈടന്‍സ് നടത്തിയിട്ടില്ല. അതിന് നിശ്ചയമായും എന്തെങ്കിലും കഴിവ് ആവശ്യമുണ്ട്. മനുഷ്യന്‍ അവന്‍റെ കഴുവുകള്‍ക്ക് അപ്പുറം എന്താണ് എന്ന ചോദ്യം സംതൃപ്തിയുടെ വഴിയില്‍ പ്രസക്തമാണ്. പഠിപ്പിക്കുന്നവര്‍ക്ക് അവരുടെ സംസാരശക്തി നഷ്ടപ്പെട്ടാല്‍, കായീകജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ശരീരം തളര്‍ന്നാല്‍, നൈപുണ്യം ആവശ്യപ്പെടുന്ന മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് അവരുടെ ഓര്‍മ്മകള്‍ മങ്ങാന്‍തുടങ്ങിയാല്‍.... പിന്നെ കരിയറിന് അപ്പുറം ജീവിതം എന്താണ്? ജീവിതത്തിന്‍റെ ആനന്ദം എന്താണ്? കരിയര്‍ എന്നാല്‍ ഒരാളിലെ ക്രിയാത്മകഊര്‍ജ്ജത്തിന്‍റെപ്രകടനോപാധി എന്നതിനപ്പുറം ഒരാളെ അയാള്‍ ആക്കിത്തീര്‍ക്കുന്ന മാന്ത്രീകവടിയാണെന്ന് കരുതുന്നിടത്ത് പ്രശ്നം ഉണ്ട്. അത്തരക്കാര്‍ സ്കൂളില്‍ അദ്ധ്യാപകരെങ്കില്‍ വീട്ടിലും അദ്ധ്യാപകരായിമാറും. ഓഫീസില്‍ ബോസാണെങ്കില്‍ ദാമ്പത്യത്തിലും ബോസാകാന്‍ ശ്രമിക്കും. പൊതുജീവിതത്തില്‍ രാഷ്ട്രീയക്കാരെങ്കില്‍ സൌഹൃദങ്ങളിലും രാഷ്ട്രീയം കളിക്കും. സ്വന്തം മക്കള്‍ക്ക്‌ അപ്പനമ്മമാരാകാനോ, ജീവിതത്തില്‍ ഭാര്യാഭര്‍തൃബന്ധത്തില്‍ പരസ്പരബഹുമാനം സൂക്ഷിക്കുന്ന ദമ്പതികളാകാനോ, പൊട്ടിച്ചിരിക്കുന്ന സൗഹൃദങ്ങളില്‍ ഏര്‍പ്പെടാനോ കഴിയാതെ വരുന്നു. ജീവിതം തൊഴിലിന് അപ്പുറമാണ്.

ജീവിക്കാന്‍ പഠിക്കാനാവണം വിദ്യാഭ്യാസം
ജീവിതം കടുത്ത ഒരു മത്സരമാണെന്ന് വളർച്ചയിലേയ്ക്ക് കടക്കുന്ന ഓരോ കുട്ടിയേയും ഇന്നത്തെ വിദ്യാഭ്യാസം പഠിപ്പിക്കുന്നു. ഈ മത്സരത്തില് വിജയിക്കുന്നവരും പരാജയപ്പെടുന്നവരുമുണ്ട്. ജയപരാജയങ്ങളെ വിലയിരുത്തുന്നതാകട്ടെ പുറത്തുള്ളവരും. എന്തുമാത്രം വൈരുദ്ധ്യങ്ങളാണ് നാം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതെന്നൊന്ന് ആലോചിച്ചു നോക്കൂ. പരസ്പരം സനേഹിക്കണമെന്നും സഹകരണത്തിലും സമാധാനത്തിലും സമത്വത്തിലും ജീവിക്കണമെന്നും പഠിപ്പിച്ചിട്ട് മത്സരങ്ങളാണ് എല്ലായിടത്തും കുട്ടികള്ക്ക് സ്കൂള് ഒരുക്കിവയ്ക്കുന്നത്. വിദ്യാഭ്യാസം ഒരോട്ടപ്പന്തയം പോലെയാണെന്നും അതില് സതീര്ത്ഥരെ എങ്ങനെയെങ്കിലും പരാജയപ്പെടുത്തി ഒന്നാമാതാകുന്നവരാണ് മിടുക്കരെന്നും കുഞ്ഞുനാളിലെ കുരുന്നുമനസ്സുകളില് പതിയുന്നു. അങ്ങനെയുള്ള വിദ്യാര്ത്ഥികള്‍ക്ക് അപരനെ സ്വന്തം നിലനില്പ്പിന് ഭീഷണിയായെ പിന്നീട് കാണാനാവൂ. സഹപാഠികള് തോല്പിക്കപ്പെടേണ്ട ശത്രുക്കളല്ല, മറിച്ച് കൈപിടിച്ച് ഒപ്പം നടക്കേണ്ട, തളരുമ്പോള് താങ്ങേണ്ട സതീര്ത്ഥരാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള എന്ത് സംവിധാനമാണ് നമ്മുടെ സ്കൂളുകള്ക്കുള്ളത്? പള്ളിക്കൂടം ഫാക്ടറിയും അദ്ധ്യാപകന് തൊഴിലാളിയും വിദ്യാര്ത്ഥി ചരക്കും രക്ഷിതാവ് ചരക്കുദ്പാദകനുമായി മാറിയിരിക്കുന്ന ഇന്നത്തെ വിദ്യാഭ്യാസരീതിക്ക് നിശ്ചയമായും മാറ്റമുണ്ടാകണം. അദ്ധ്യാപകരും സ്കൂളും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യവും പ്രേരണയും ഉണ്ടാക്കിക്കൊടുക്കുന്നതേയുള്ളു; വിദ്യാഭ്യാസം വിദ്യാര്‍ത്ഥി സ്വയം ആര്ജ്ജിക്കുന്നതാണ്. തത്വശാസ്ത്രത്തിന്റെ പിതാവ് സോക്രട്ടീസ് പറഞ്ഞതിങ്ങനെയാണ്: ''എനിക്കാരേയും ഒന്നും പഠിപ്പിക്കാനാവില്ല, എന്റെയടുത്തുവരുന്നവരെ സ്വയം ചിന്തിക്കാന് പ്രേരിപ്പിക്കാനാവും.'' യഥാര്‍ത്ഥ അദ്ധ്യാപകന്റെ ഉത്തരവാദിത്വം സത്യത്തില് അതുമാത്രമാണ്. (എന്നെങ്കിലും സമയം കിട്ടിയാല് ഇങ്ങനെ ചില ചലച്ചിത്രങ്ങള് കാണണം - താരേ സെമീന്‍ പര്‍, ത്രീ ഇടിയറ്റ്സ്, എലഫെന്റ്. ഒപ്പം പറ്റുമെങ്കില് 'ടോട്ടോചാനും' 'മര്ദ്ദിതരുടെ ബോധനശാസ്ത്രവും' 'സ്കൂളിലേയ്ക്ക് തിരിച്ചുപോകരുത്' എന്ന കിയോ സ്റ്റാര്ക്കിന്റെ പുസ്തകവും വായിക്കണം).
'ആരു ഞാനാകണം' എന്നെന്നുണ്ണി ചോദിക്കില്‍
'നീ നീയാകണം' എന്നുത്തരം.

Thursday, February 16, 2017

ഉപവസിക്കുന്നതല്ല, ആഹരിക്കുന്നതാണ് ആത്മീയത.

ഇഷ്ടിക- ഭാഗം 3 
===============
രാവിലെ എഴുന്നേറ്റ് പ്രഭാതകര്‍മ്മങ്ങള്‍കഴിഞ്ഞാല്‍ ആദ്യം ചെയ്യുന്ന കാര്യം ഒരു ഗ്ലാസ്‌ ചൂടു കട്ടന്‍കാപ്പി കുടിക്കുക എന്നതാണ്. വര്‍ഷങ്ങളായി തുടരുന്ന ഒരു പ്രവര്‍ത്തിയാണിത്. കാപ്പികുടിക്കാന്‍ സാധാരണ 15 മിനിറ്റോളം എടുക്കാറുണ്ട്. കാപ്പികുടിക്കുക എന്ന ശാരീരിക പ്രവര്‍ത്തിയല്ല ഞാനപ്പോള്‍ ചെയ്യുന്നത്, ഒരു ഗ്ലാസ്‌ കട്ടന്‍കാപ്പി എന്‍റെ മനസ്സിനേയും ശരീരത്തേയും കീഴടക്കുന്ന ധ്യാനാത്മക നിമിഷങ്ങളെ ആസ്വദിക്കുകയാണ്. ഈ ശീലം തുടങ്ങി ഏറെ കഴിഞ്ഞാണ് "ഒരു കപ്പുചായയിലെ ബുദ്ധ"നെ (Buddha in a Cup of Tea) വായിക്കുന്നത്. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് വട്ടത്തില്‍ കൂടിയിരുന്ന് പരിപൂര്‍ണ്ണ നിശബ്ദതയില്‍ ഗുരുവില്‍ നിന്ന് ഒരു കപ്പുചായ വാങ്ങി ധ്യാനാത്മകമായി കുടിക്കുന്ന രീതി ബുദ്ധിസ്റ്റ് ആശ്രമപാരമ്പര്യത്തില്‍ ഉണ്ട്. ചായ കണ്ടുപിടിച്ചത് ബുദ്ധിസ്റ്റ് സന്യാസിമാരാണെന്ന് ചരിത്രം പറയുന്നു. ചായയിലെ അത്ഭുത ഇലയിലേയ്ക്ക് അഹമലിഞ്ഞ് ഇല്ലാതാവുന്ന ധ്യാനമാണത്. ഭക്ഷണവും പാനീയങ്ങളും രസമുകുളങ്ങളിലൂടെ, അന്നനാളത്തിലൂടെ നമ്മുടെ ശരീരത്തില്‍ അലിഞ്ഞുചേര്‍ന്ന് നാമായി മാറുന്ന പ്രക്രിയയാണത്. ഈ പ്രക്രിയയില്‍ ജീവന്‍റെ ആഘോഷമുണ്ട്, രുചിക്കൂട്ടുകളുടെ കലാവൈഭവമുണ്ട്, ജീവന്‍റെ നിലനില്‍പ്പിന്റെ അടിസ്ഥാനത്തെക്കുറിച്ചുള്ള ജൈവീകധ്യാനം ഉണ്ട്. പാചകം ഒരു കലയാണ്‌, ഭക്ഷണം ഒരു ആഘോഷമാണ്, ആഹരിക്കല്‍ ഒരു ധ്യാനമാണ്.

പാചകം എന്ന കല
"റാറ്റാറ്റ്യുലെ" (Ratatouille) എന്ന ചലച്ചിത്രം ഒരു കാര്‍ട്ടൂണ്‍ ചിത്രമാണ്. കുട്ടികള്‍ക്കുള്ള സിനിമ എന്ന നിലയില്‍ അതിനെ തള്ളിക്കളയരുത്. പാചകം എന്ന കലയെന്തെന്ന് പഠിപ്പിക്കുന്ന റെമി എന്ന കൊച്ചെലിയുടെ കഥയാണ്. അവന്‍ അവന്‍റെ ആരാധ്യപുരുഷനായ മാസ്റ്റര്‍ ഗസ്റ്റാവുവിന്‍റെ "ആർക്കും പാചകം ചെയ്യാം" എന്ന വാക്കുകളെ എന്നും വിശ്വസിച്ചു. പാചകം ഒരു ജോലിക്കപ്പുറം കലയാണെന്ന് അവൻ കരുതി. അടുക്കളയുടെ ലളിതമായ ഇടങ്ങളിൽ വലിയ കലാകാരന്മാരും കലാകാരികളും ഉണ്ടെന്ന് മനുഷ്യരെ പോലും പഠിപ്പിക്കുന്ന കൊച്ചുജീവികളുടെ ലോകമാണ് റാറ്റാറ്റ്യുലെ അവതരിപ്പിക്കുന്നത്. പച്ച വെള്ളരി, തക്കാളി, സവാള, ക്യാരറ്റ് എന്നിവയൊക്കെ വെറുതെ പല ആകൃതിയിലും വലിപ്പത്തിലും അരിഞ്ഞുകൂട്ടി ഒരു പാത്രത്തിൽ ഇട്ടിരിക്കുന്നത് കണ്ടാൽ കഴിക്കാൻ തോന്നാറില്ല. എന്നാൽ അവ കൃത്യമായ അളവിൽ അരിഞ്ഞ് കാണാൻ വൃത്തിയും വെടിപ്പും ഉള്ള ഒരു പാത്രത്തിൽ കലാപരമായി മുന്നിൽ എത്തുമ്പോൾ അതിൽ നിന്ന് കുറച്ചെടുത്തു കഴിക്കാൻ ആർക്കും കൗതുകം തോന്നിപ്പോകും. അതാണ്‌ വിളമ്പുക എന്ന കല. ഇനി ആ കല കണ്ടിട്ടില്ലാത്തവര്‍ നാട്ടിന്‍ പുറങ്ങളിലെ പഴയ ഹോട്ടല്‍-ചായക്കടകളില്‍ പോകണം. "മൂന്ന് ചായ, ഒന്ന് വിത്തൌട്ട്, നാല് കടി രണ്ട് കാപ്പി, ഒരു ചായ കടുപ്പത്തില്‍, രണ്ട് ഊണ്, ഒരു ഫിഷ്‌ ഫ്രൈ സ്പെഷ്യല്‍, ഒരപ്പം മുട്ടക്കറി, നാല് പൊറോട്ട കടലക്കറി.... "മിനിറ്റുകള്‍ക്കുള്ളില്‍ എല്ലാ മേശയിലും ഓര്‍ഡര്‍ കൊടുത്ത എല്ലാ പ്ലേറ്റുകളും ഗ്ലാസ്സുകളും ഒരു മാജിക്കുകാരന്‍റെ വൈഭവത്തോടെ ഒന്നും തെറ്റാതെ എത്തിക്കുന്ന തങ്കപ്പന്‍ ചേട്ടനെ ചെറുപ്പത്തില്‍ നോക്കി നില്‍ക്കെ ആ കല ഞാന്‍ കണ്ടതോര്‍ക്കുന്നു. പിന്നീട് Life is beautiful എന്ന ചലച്ചിത്രം കാണുമ്പോള്‍ വെയിറ്റര്‍ ആയി ജോലിചെയ്യുന്ന ഗ്യൂദോയോട് അവന്‍റെ അമ്മാവന്‍ പറയുന്ന വാക്കുകള്‍, "You're serving. You're not a servant. Serving is a noble art. God is the first servant. God serves men but He's not a servant to men" ഓര്‍മ്മിപ്പിച്ചത് ഒരു കുലീന രാജാവിനെപ്പോലെ മേശയില്‍ ഭക്ഷണം വിളമ്പിയ തങ്കപ്പന്‍ ചേട്ടനെയാണ്. ആഹാരം ഉണ്ടാകുന്നതാണ് അതിലും രസകരമായ കല. തൃശ്ശൂരില്‍ ആയിരുന്ന കാലത്ത് 80-100 പേര്‍ക്ക് വരെ ഒറ്റയാള്‍ ആയി നിന്ന് പാചകം ചെയ്യുന്ന വര്‍ക്കിച്ചേട്ടന്‍ എന്ന കൊച്ചുമനുഷ്യന്‍റെ പാചകകലയാണ്‌ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. ഒരു ട്രപ്പീസ് കളിക്കാരന്‍റെ മെയ്വഴക്കമാണ് വര്‍ക്കിച്ചേട്ടന്റെ പാചകത്തിന്, രുചിയില്‍ ആകട്ടെ ഒരു കോമ്പ്രമൈസും ഇല്ല.

ആഹാരം എന്ന ആഘോഷം
പാചകമെന്ന കലയെ സ്ത്രീയ്ക്ക് തീറെഴുതികൊടുത്ത സമൂഹമാണ് നമ്മുടേത്. അതുകൊണ്ടു തന്നെ പാചകം ചെയ്യുന്നതിന്റെ ആനന്ദം നമ്മൾ ശരിക്കും അറിഞ്ഞിട്ടില്ല. പുറംലോകത്തെ സഞ്ചാരങ്ങള്‍ നിക്ഷേധിക്കപ്പെട്ട് കൂട്ടിൽ അടക്കപ്പെട്ട പക്ഷിയെപ്പോലെ അടുക്കളയിൽ ദിവസം മുഴുവൻ ആരും തന്റെ കലയെ കണ്ടും,സഹായിച്ചും,ആസ്വദിച്ചും പ്രോത്സാഹിപ്പിക്കാൻ ഇല്ലാതായപ്പോൾ സ്ത്രീയ്ക്കാകട്ടെ മടുപ്പ് ഉളവാകാൻ തുടങ്ങി. അടുക്കളപ്പണി വിലകെട്ട പണിയാണെന്നുള്ള സാമൂഹ്യഅവഹേളനം കൂടി വളർന്നപ്പോൾ അടുക്കളകൾ അവർക്ക് തടവറകളായി. തടവറ വിട്ട് പുറത്തുവരുന്ന സ്ത്രീകളെയാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ നാം കണ്ടത്. പാചകം പോലും അറിയാത്ത പെൺകുട്ടികളുടെ എണ്ണം കൂടിവന്നു. അത് കലാപരമായി വഴിതെറ്റിപ്പോയ ഒരു സ്ത്രീവിമോചനമായിരുന്നു. സംഭവിക്കേണ്ടത് തിരിച്ചായിരുന്നു- ആൺകുകുട്ടികളും അടുക്കളക്കാർ ആകുന്ന ഒരു സ്ഥിതിവിശേഷം വളരുക എന്നത്. എന്തുകൊണ്ടും ആ കാര്യത്തിൽ പുതിയ തലമുറ ആണുങ്ങൾ പഴയതലമുറയേക്കാൾ മെച്ചമാണ്. കാർഷീകസംസ്കാരം വിട്ട് പഠനത്തിനും ജോലിക്കും വേണ്ടി വീട്ടിൽ നിന്ന് തനിച്ചു ദൂരെപാർക്കേണ്ടിവന്നപ്പോൾ അവർക്ക് പാചകം പഠിക്കുക എന്നത് അത്യാവശ്യമായി മാറി. അടുക്കളകളെ അടച്ചുപൂട്ടുന്ന കാലത്തെക്കുറിച്ചല്ല ഇനി നമ്മൾ സ്വപ്‍നം കാണേണ്ടത് (ഇപ്പോൾ ഹോട്ടല്‍ ഭക്ഷണം ഒരു കുടുംബശീലമാകാൻ തുടങ്ങിയിട്ടുണ്ട്. ഒരു മാറ്റം എന്ന നിലയിൽ സകുടുംബം വല്ലപ്പോഴും പുറത്തുപോയി പുതിയതരം ഭക്ഷണങ്ങളെ പരിചയിക്കുന്ന സന്തോഷത്തെകുറിച്ചല്ല ഇവിടെ സൂചന). സകുടുംബം അടുക്കള ആഹ്ലാദത്തിന്റെ ഒരു വേദിയാക്കി മാറ്റുകയാണ് വേണ്ടത്. ഒരാൾ തന്നെ അയാളുടെ ജീവിതം മുഴുവൻ അടുക്കളയിൽ വ്യയംചെയ്യണ്ടതുമില്ല. കുടുംബം ഒരുമിച്ച് ചേർന്നാൽ ഒന്നുമുതൽ ഒന്നരമണിക്കൂറിനുള്ളിൽ തീരാവുന്ന പാചകമേ ഒരു വീട്ടിൽ ഉള്ളൂ. അവധിദിവസങ്ങളിൽ കൂടുതൽ സമയം അടുക്കളയിൽ ചെലവഴിച്ച് പുതുമകൾ പരീക്ഷിക്കണം. കുട്ടികൾ അടക്കമുള്ളവർക്ക് പാചകത്തിന് അവസരം കൊടുക്കണം. അവസാനം എല്ലാവരും (സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരേയും കൂട്ടി) ഒരുമിച്ചിരുന്ന് ആഹാരം കഴിക്കണം. കഴിക്കാൻ എന്നും മേശയ്ക്ക് ചുറ്റും ഇരിക്കണം എന്ന നിർബന്ധം വെടിഞ്ഞാൽ ആഹാരമെന്ന ആഘോഷം കൂടുതൽ മോഡിയാകും. പുൽമേട്ടിലോ, മുറ്റത്തോ, പുഴക്കരയിലോ, വയൽവരമ്പിലോ, മലമുകളിലോ ഒക്കെപോയി ഒരു ഓപ്പൺ എയർ ഡിന്നർ കഴിക്കുമ്പോൾ ഉള്ള സുഖം വേറൊന്നാണ്‌.

ഭക്ഷണം-രുചി-ധ്യാനം
രുചിയാണ് ഭക്ഷണത്തിന്‍റെ ആത്മാവ്. ഭക്ഷണവും രുചിയും തമ്മിൽ അഭേദ്യമായ ബന്ധമാണ് ഉള്ളത്. എത്ര പോഷകസമൃദ്ധമായ ഭക്ഷണം എന്ന് പറഞ്ഞാലും അത് ഔഷധം എന്നതിനപ്പുറം ഭക്ഷണമായി കഴിക്കണമെങ്കിൽ രുചികരമായിരിക്കണം. (സത്യം പറയട്ടെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കാത്ത പ്രകൃതിജീവനവും ആഹരിക്കലും സത്യവിശ്വാസം പോലെ കൊണ്ടുനടക്കുന്നവരെ യാഥാസ്ഥിതിക രാഷ്രീയക്കാരേയും മതവിശ്വാസികളേയും പോലെ ഞാന്‍ ഒരു കൈയകലത്തിലേ നിര്‍ത്തൂ). ആഹാരത്തിലെ രാസവസ്തുക്കൾ നാവിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കുന്നതിന് ഒപ്പം മണവും കാഴ്ചസുഖവും സമ്മേളിക്കുമ്പോൾ ആണ് ആഹാരത്തിന് രുചി സമ്പൂർണ്ണത കൈവരുന്നത്. സത്യത്തില്‍ രുചികരമല്ലാത്ത ഒരു ഭക്ഷണവുമില്ല. കാരണം രുചി ആത്മനിഷ്‌ഠമാണ്- ഒരാൾക്ക് രുചികരമായത് മറ്റൊരാൾക്ക് രുചികരമായിക്കൊള്ളണമെന്നില്ല, ഒരു സംസ്കാരത്തിൽ (ദേശത്തിൽ) രുചികരമായത് മറ്റൊരു ദേശത്ത് രുചികരമായിക്കൊള്ളണമെന്നില്ല. യൂറോപ്പിൽ ചെല്ലുന്ന കാലത്ത് സായിപ്പിന്റെ ബെസ്റ്റ് പാൽക്കട്ടിയുടെ 'ദുർഗന്ധം' അടിച്ചു തലതട്ടിപ്പോയിട്ടുണ്ട്. ആസ്സാമിൽ വെച്ച് പന്നിയിറച്ചി ചേര്‍ത്ത മുളങ്കൂമ്പ് ചീയിച്ച അവരുടെ ഏറ്റവും 'രുചികരമായ' അച്ചാര്‍ വിളമ്പാന്‍ കുപ്പി തുറന്നപ്പോള്‍ ഓക്കാനം വന്നിട്ടുണ്ട്. കപ്പയും നല്ല മുളകരച്ചു പുളിയിട്ടു വെച്ച മത്തിക്കറിയും നാവില്‍ കൊതിയൂറുന്ന രീതിയില്‍ തിന്നുന്ന മലയാളികൂട്ടത്തെ കണ്ടിട്ട് മത്തിക്കറി എടുത്ത് വായില്‍ വെച്ച് കണ്ണിലും മൂക്കിലും വെള്ളം ധാരയായി ഒഴുക്കി ചുവന്നുതുടുത്ത മുഖത്തോടെ വാഷ്‌ റൂമിലേക്ക്‌ ഓടുന്ന സായിപ്പിനെ കണ്ടിട്ടുണ്ട്. ആന്ധ്രാക്കാരന്റെ മാങ്ങാഅച്ചാറിനെ ഒരു 'ഭഷ്യ ബോംബ്' എന്ന് വിളിക്കുന്ന സായിപ്പ് കൂട്ടുകാരൻ ഉണ്ടായിരുന്നു. പാമ്പിനെ തിന്നുന്നവർ, പുഴുവിനെ തിന്നുള്ളവർ, ഒച്ചിനെ തിന്നുന്നവർ ഒക്കെ അത് രുചിയോടെ ആണ് ഭക്ഷിക്കുന്നത്. നമ്മുടെ രുചിമുകുളങ്ങൾക്ക് അത് യോജിക്കില്ല എന്ന് മാത്രം. രുചിയുടെ കാര്യത്തില്‍ ഒരു വലിയ പരിധിവരെ അത് പരിപോഷണാത്മകമാണ്. വളര്‍ച്ചയുടെ പ്രായത്തില്‍ ഒരാള്‍ എന്ത് ഭക്ഷണം ശീലിക്കുന്നുവോ അതായിരിക്കും അവസാനംവരെ അയാളുടെ നാവിലെ അടിസ്ഥാന രുചി. എന്നാൽ രുചിയില്‍ ജനിതകമായ ചില ഘടകങ്ങള്‍ ഉള്ളതുകൊണ്ടാണ് സംസ്കാര-പാചക വൈവിധ്യങ്ങള്‍ക്ക് അപ്പുറത്ത് നാം ശീലിക്കാത്ത ചില ആഹാരങ്ങള്‍ പിന്നീട് നമ്മള്‍ ഇഷ്ടപ്പെടാന്‍ തുടങ്ങുന്നത്.
"റാമെന്‍ ഗേള്‍" (Ramen Girl) എന്നൊരു സിനിമ അവതരിപ്പിക്കുന്നത് ഭക്ഷണം എന്ന ആത്മീയ അനുഭവത്തെയാണ്. ടോക്കിയോയില്‍ എത്തുന്ന ഒരു അമേരിക്കന്‍ പെണ്‍കുട്ടിയാണ് ആബി. അവള്‍ക്ക് ജപ്പാനീസ് സൂപ്പ് ആയ റാമെന്‍ ഉണ്ടാക്കാന്‍ പഠിക്കണം. അതിനായി അവള്‍ സമീപിക്കുന്നത് പാചകത്തെ ഒരു ദിവ്യകര്‍മ്മം പോലെ കൊണ്ടുനടക്കുന്ന മസൂമി എന്ന പാചകക്കാരനെയാണ്. പാചക കാര്യത്തില്‍ വളരെ കണിശക്കാരനായ അദ്ദേഹം അവള്‍ക്ക് റാമെന്‍ കൂട്ടുകള്‍ പറഞ്ഞുകൊടുക്കുന്നു. മസൂമി പറഞ്ഞുകൊടുത്ത അതേ കൂട്ടില്‍ ഒരളവും പാചകവിധിയും തെറ്റാതെ ആബി റാമെന്‍ ഉണ്ടാക്കുന്നു. റാമെന്‍ തയ്യാറായി കഴിയുമ്പോള്‍ വന്നു രുചിച്ചുനോക്കുന്ന മസൂമി മുഴുവന്‍ റാമെനും കാലത്തോടെ എടുത്തുകൊണ്ടുപോയി ഒഴുക്കിക്കളയുന്നു. എന്താണ് കാരണം എന്ന് മനസ്സിലാകാതെ നില്‍ക്കുന്ന ആബിയോട് അയാള്‍ പറയുന്നത് ഇങ്ങനെ: "നിന്‍റെ റാമെന് ആത്മാവില്ല." (Your Ramen has no spirit). അമ്മയുടെ ആഹാരത്തിന് ആത്മാവുണ്ട്. ഭക്ഷണത്തിന്‍റെ ആത്മാവ് ഉണ്ടാക്കുന്നവന്റെ മനസ്സാണ്, ആഹരിക്കുന്നവരുടെ ഉള്ളടുപ്പമാണ്, പ്രകൃതി മനുഷ്യനായും മനുഷ്യന്‍ പ്രകൃതിയായും മാറുന്ന രാസപരിണാമമാണ്.
മതങ്ങള്‍ കാലങ്ങളായി പറഞ്ഞ ആത്മീയതയില്‍ ഉപവാസം മാത്രം ഇടംനേടുകയും, ആഹരിക്കുന്നവന്‍ അത് അപകര്‍ഷതയോടെ ചെയ്യുകയും ചെയ്യുന്ന രീതി കടന്നുവന്നു. ഒരാള്‍ വിശക്കുന്ന അപരന് വേണ്ടി സ്വന്തം ആഹാരം ഉപേക്ഷിക്കുമ്പോള്‍ അതില്‍ സ്നേഹമെന്ന മാനവീക മൂല്യമുണ്ട്. ശരീരത്തെ ആരോഗ്യവത്തായി നിലനിര്‍ത്താനുള്ള ഉപവാസത്തില്‍ (മാംസവര്‍ജ്ജനം അടക്കം) ആരോഗ്യപരിരക്ഷ എന്ന മൂല്യം ഉണ്ട്. അതിനപ്പുറം കാര്യകാരണങ്ങള്‍ ഇല്ലാതെ ആഹാരം ഉപേഷിച്ച് പട്ടിണി കിടക്കുന്നതില്‍ ആത്മീയത കണ്ടെത്തുന്നതില്‍ ഒരു ആത്മീയ സാഡിസമാണുള്ളത്.

*വാൽക്കഷണം: പാചകത്തിന് പിന്നിലെ പെട്രിയാര്‍ക്കിയുടെ സ്വാധീനത്തെക്കുറിച്ചോ, വർദ്ധിച്ചുവരുന്ന ഭഷ്യ പ്രതിസന്ധിയെക്കുറിച്ചോ ഞാൻ നിങ്ങളോട് ചോദിക്കുന്നില്ല. ഒന്നുമാത്രം ചോദിച്ചോട്ടെ: "നിങ്ങൾക്ക് പാചകം ചെയ്യാൻ അറിയാമോ?" ഇല്ലെങ്കില്‍ പഠിക്കണം- "Anyone can cook." (Gusteau) നിങ്ങള്‍ക്കുമാകാം ലക്ഷ്മീ നായര്‍.
(വിശപ്പ്‌-പട്ടിണി എന്ന ആഹാരത്തിന്‍റെ ഒന്നാംതലത്തിലുളള ജൈവീക-മാനവീക പ്രശ്നത്തെക്കുറിച്ചല്ല ലേഖനം. ആഹാരത്തിന്‍റെ രണ്ടാംതലമായ കലാ-സാമൂഹ്യ-ആത്മീയമാനത്തെക്കുറിച്ചാണ്. ആഹാരംആരോഗ്യം എന്ന മൂന്നാംതലവും ഇവിടെ പരാമര്‍ശിക്കപ്പെട്ടിട്ടില്ല).

Sunday, February 5, 2017

മടിയന്റെ/മടിച്ചിയുടെ സുവിശേഷം

ഇഷ്ടിക ഭാഗം -2 =============== "സ്വപ്നങ്ങളിലും മടിയിലും മാത്രമാണ് മനുഷ്യന്റെ ഉള്ളിന്റെയുള്ളിൽ മുങ്ങിക്കിടക്കുന്ന സത്യം പൊങ്ങിവരുന്നത്" (വെർജീനിയ വൂൾഫ്)
"അലസന്റെ മനസ്സ് പിശാചിന്റെ പണിപ്പുര"യാണെന്ന് പറഞ്ഞു പഠിപ്പിച്ച ഒരു സംസ്കാരത്തോട് മറുതലിച്ചുകൊണ്ടാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബെട്രാൻഡ് റസ്സൽ "മടിയുടെ പറുദീസയിൽ" എന്ന ലേഖനം എഴുതിയത്. മനുഷ്യന് ഏറ്റവും നന്നായി മനുഷ്യന്‍ ആയിരിക്കാന്‍ ആവുന്നത് ജീവിതം സുഗമവും സമരരഹിതവും ആകുമ്പോള്‍ ആണ്. യന്ത്രവത്കൃതമായ അധുനീകതയുടെ ഉദയം തന്നെ അതിനു വേണ്ടിയായിരുന്നു. എന്നിട്ടോ ആധുനീക ലോകത്തിലും നല്ലൊരു ശതമാനം പേര്‍ക്കും ജീവിതം യന്ത്രങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് എന്നതിനേക്കാൾ അമിതജോലിഭാരം നിറഞ്ഞതാണ്. "അങ്ങനെ മനുഷ്യവര്‍ഗ്ഗം വിഡ്ഢികളുടേത് എന്ന് സ്വയം തെളിയിച്ചു. ആ വിഡ്ഢിത്തരത്തില്‍ എന്നും തുടരണമോ എന്നതാണ് ചോദ്യം," ഇതു പറഞ്ഞു കൊണ്ടാണ് റസ്സല്‍ തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പണവും അദ്ധ്വാനവും കൂടാതെ ഇപ്പോള്‍ തന്നെ ആസ്വദിക്കാന്‍ പറ്റുന്നവ സ്വന്തമാക്കാന്‍ വേണ്ടി ഒരു ജന്മം മുഴുവന്‍ അദ്ധ്വാനിച്ചും പണം വ്യയം ചെയ്തും കഷ്ടപ്പെടരുത്. അതിനുള്ള അദ്ധ്വാനത്തിനിടയില്‍ കൈവിരലുകള്‍ക്ക് ഇടയിലൂടെ ഊര്‍ന്നുപോകുന്നത് നമ്മുടെ ജീവിതം തന്നെയായിരിക്കും. പഴയ കഥയാണ്: ബിസിനസ്‌ മാനേജ്‌മെന്‍റ് ഒക്കെ പഠിച്ച ഒരു ചെറുപ്പക്കാരന്‍ ജോലി സംബന്ധമായി രാവിലെ 11മണിയോട് അടുത്ത സമയത്ത് കടപ്പുറത്ത് എത്തിയതായിരുന്നു. അപ്പോള്‍ ആരോഗ്യവാനായ ഒരു മത്സ്യത്തൊഴിലാളി കടപ്പുറത്ത് കാറ്റുംകൊണ്ട് ബീഡിവലിച്ചു കിടക്കുന്നത് കണ്ടു. അദ്ദേഹത്തെ കണ്ട് ആശ്ചര്യപ്പെട്ട് ചെറുപ്പക്കാരന്‍ ചോദിച്ചു, 'ഇന്ന് ജോലിക്കൊന്നും പോയില്ലേ?' അതിരാവിലെ കടലില്‍ പോയിവന്നതാണെന്ന് മറുപിടി. "എന്നിട്ട് ആവശ്യത്തിന് മീന്‍ കിട്ടിയോ?" "കിട്ടി." "എന്നാല്‍ ഇനിയും ഒത്തിരി സമയം ബാക്കിയുണ്ടല്ലോ. രണ്ട് പ്രാവശ്യം കൂടി കടലില്‍ പോയി വന്നാല്‍ കൂടുതല്‍ മീന്‍ കിട്ടില്ലേ?" "കൂടുതല്‍ മീന്‍ കിട്ടിയിട്ട് എനിയ്ക്ക് എന്തു ചെയ്യാനാണ് ?" "അത് മാര്‍ക്കറ്റില്‍ കൊടുത്താല്‍ ആവശ്യത്തിന് മിച്ചം പണം കിട്ടും." "എന്നിട്ട്...?" "എന്നിട്ട് പണം കൂടുന്നതനുസരിച്ച് കൂടുതല്‍ എണ്ണം ബോട്ടുകള്‍, വലകള്‍ എന്നിവ വാങ്ങുക. കൂടുതല്‍ ജോലിക്കാര്‍ താങ്കളുടെ കീഴില്‍ പണിയെടുക്കാന്‍ ഉണ്ടാവും. അപ്പോള്‍ ഒരു നല്ല ഓഫീസ് ഉണ്ടാക്കണം." "എന്നിട്ട്...?" "ഉച്ചയ്ക്ക് മുന്‍പ് ജോലിക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശം ഒക്കെ കൊടുത്തിട്ട് ഓഫീസില്‍ ഫാനിന്‍റെ കീഴില്‍ ഒരു സിഗരറ്റ് ഒക്കെ വലിച്ച് സ്വപ്നം കണ്ട് എങ്ങനെ കിടക്കരുതോ..?!" "അപ്പോള്‍ അതുതന്നെയല്ലേ മോനേ ഈ പറഞ്ഞ പങ്കപ്പാടൊന്നും ഇല്ലാതെ ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്?"
കഠിനാദ്ധ്വാനം ചെയ്യാന്‍ അല്ല, ആസ്വദിക്കാനാണ് ജീവിതം. ബുദ്ധിസത്തിന് പറയാറുള്ളത് "കഠിന ജോലി"യെക്കുറിച്ചല്ല, "ശരിയായ ജോലി"യെക്കുറിച്ചാണ്. ഈ ബുദ്ധിസ്റ്റ് ആശയം കൃഷിയിൽ പരീക്ഷിച്ചുവിജയിപ്പിച്ച ആളാണ് മസനോബു ഫുക്കുവോക്ക. പ്രകൃതികൃഷിയെന്നാല്‍ അദ്ധ്വാനമില്ലാത്ത ആസ്വാദ്യകരമായ കൃഷി എന്ന് അദ്ദേഹം തെളിയിച്ചു. കൃഷിയുടെ അടിസ്ഥാന ലക്ഷ്യം കുറെ വിളകള്‍ ഉണ്ടാക്കല്‍ അല്ലെന്നും മനുഷ്യനെ പൂര്‍ണ്ണതയിലേക്ക് നയിക്കല്‍ ആണെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ഭാഷ്യം.
മടിയന്മാര്‍ കൂടുതല്‍ ബുദ്ധിശക്തിയുള്ളവര്‍ എന്ന് അടുത്തകാലത്ത് അമേരിക്കയില്‍ നടത്തിയ ഒരു മന:ശാസ്ത്ര പഠനം വെളിപ്പെടുത്തുന്നു. അവര്‍ കൂടുതലും ചിന്തയുടെ ലോകത്ത് വ്യാപാരിക്കുന്നവര്‍ ആയിരിക്കും. കൂടാതെ സ്വഭാവികമായ അവരുടെ അലസത കാരണം ഒരു കാര്യം എങ്ങനെ ഏറ്റവും എളുപ്പവഴിയില്‍ നടത്താം എന്ന് അവര്‍ സദാചിന്തിച്ചുകൊണ്ടിരിക്കും. രാത്രിയിൽ കളവ് കഴിഞ്ഞു പണവുമായി വന്ന രണ്ടു കള്ളന്മാർ. ഒന്നാമൻ പറഞ്ഞു: "നമുക്ക് പണം എണ്ണിതിട്ടപ്പെടുത്തിയിട്ട് കിടക്കാം." രണ്ടാമൻ: "എനിയ്ക്ക് ഇനി അനാവശ്യകാര്യത്തിന് ഉറക്കമിളയ്ക്കാൻ വയ്യ. നാളെ രാവിലെ പത്രത്തിൽ നിന്ന് അത് കൃത്യമായി അറിയാമല്ലോ." ബില്‍ ഗേറ്റ്സാണ് പറഞ്ഞത്, "ബുദ്ധിമുട്ട് ഉള്ള പണി ചെയ്യാന്‍ ഞാന്‍ എപ്പോഴും തിരഞ്ഞെടുക്കുന്നത് ഒരു മടിയനേയോ മടിച്ചിയേയോ ആയിരിക്കും. കാരണം അവര്‍ അത് ചെയ്യാനുള്ള ഏറ്റവും എളുപ്പ വഴി കണ്ടുപിടിക്കും." വാസ്തവം ഇതാണ് സാധാരണ മാനസീക ആരോഗ്യമുള്ള ഒരു വ്യക്തിയും വെറുതെ കിടന്ന് അദ്ധ്വാനിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ അദ്ധ്വാനിക്കുന്നത് ജീവിക്കാന്‍ വേണ്ടിയാണ്. ജീവിക്കാന്‍ ഉള്ള വഴി എപ്പോള്‍ തെളിയുന്നുവോ അപ്പോള്‍ ഒരു സാധാരണ മനുഷ്യന്‍ അദ്ധ്വാനം നിര്‍ത്തുന്നു. വീണ്ടും ഒരാള്‍ കഠിനാദ്ധ്വാനം ചെയ്ത് കഷ്ടപ്പെടുന്നുവെങ്കില്‍ അയാള്‍ക്ക്‌ വര്‍ക്കഹോളിസം എന്ന മാനസീക രോഗം ഉണ്ട് എന്ന് തറപ്പിച്ച് പറയാം.
മറ്റൊന്ന് ഒരു മടിയനോ മടിച്ചിയോ പൊതുവില്‍ ഈഗോ കുറഞ്ഞ, വളരെ സെലബ്രെറ്റിവ് ആയ വ്യക്തികള്‍ ആയിരിക്കും. പ്രഭാത നടത്തത്തിന് ഇറങ്ങിയ താൻ ബൈക്കുകാരനോട് ലിഫ്റ്റ് ചോദിക്കുന്നതു അനൗചിത്യമാണെന്ന് ചിന്തിക്കാനുള്ള 'ഈഗോ' പോലും അവര്‍ക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല. അവര്‍ക്ക് ആഘോഷങ്ങളോട്, തമാശകളോട്, വിനോദങ്ങളോട്, കൂട്ടുകെട്ടുകളോട്...ഒക്കെയായിരിക്കും ഇഷ്ടം. അവര്‍ ടെന്‍ഷന്‍ പിടിച്ച സാഹചര്യങ്ങളെ പെട്ടെന്ന് മയപ്പെടുത്തും. അങ്ങനെയുള്ളവരുടെ കൂടെ ജീവിക്കാന്‍ വളരെ എളുപ്പവും ആസ്വാദ്യകരവും ആയിരിക്കും. നിരന്തരം ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ സ്വയം ടെന്‍ഷന്‍ അനുഭവിക്കുന്നു എന്ന് മാത്രമല്ല കൂടെ ജീവിക്കുന്നവരെ കൂടെ ടെന്‍ഷന്‍ അടുപ്പിക്കും. കൂടാതെ അത്തരക്കാര്‍ ജീവിതത്തെ അനാവശ്യ ഗൌരവത്തില്‍ എടുക്കുന്ന ഈഗോയിസ്റ്റുകളും അരസികരും ആയിരിക്കും.

തോമസ്‌ മേര്‍ട്ടണ്‍ ആണ് ഇങ്ങനെ പറഞ്ഞത്: "നിരന്തരം പ്രവര്‍ത്തങ്ങളില്‍ മുഴുകുക വഴി പൂര്‍ണ്ണമായും തന്നില്‍ നിന്ന് തന്നെ പുറത്താക്കപ്പെട്ട വ്യക്തികള്‍ക്ക് ഏറ്റവും ദുസഹമായ കാര്യം ശാന്തമായി വെറുതെയിരിക്കുകയോ അല്പം വിശ്രമിക്കുകയോ ആണ്. വിജയത്തിന്‍റെ വഴിതേടുന്ന വ്യക്തികള്‍ക്ക് പലതും ആയിത്തീരാന്‍ ആവും. അവര്‍ക്ക് ആവാന്‍ കഴിയാത്തത് അവര്‍തന്നെ ആയിരിക്കുക എന്നതാണ്. ദേശീയ നേട്ടത്തിന്‍റെ തന്നെ ഔന്നിത്യത്തില്‍ എത്തിയ ഒരാളുമായി അദ്ദേഹത്തിന്‍റെ അവസാനം കാലത്ത് ഒരിക്കൽ മനസ്സുതുറന്ന് സംസാരിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: "എന്‍റെ മുഴുവന്‍ ജീവിതവും പാഴായിരുന്നു." ഞാന്‍ അത്ഭുതപ്പെട്ട് അദ്ദേഹത്തിന്‍റെ നേട്ടങ്ങളുടെ പട്ടിക ഉയര്‍ത്തിക്കാട്ടിയപ്പോള്‍ പറയുന്നു: "അതൊക്കെയെന്ത്‌...? എനിയ്ക്ക് എന്‍റെ ജീവിതം മാത്രം ജീവിക്കാന്‍ ആയില്ലല്ലോ!" നേട്ടങ്ങള്‍ മാത്രം ലക്ഷ്യം വെച്ചു നെട്ടോട്ടമോടുന്ന ജീവിതത്തില്‍ ഒന്നു ശാന്തമായിരിക്കുക, താന്‍ തന്നെയായിരിക്കുക, പേരിന്‍റെ മുന്നിലും പിന്നിലും വിശേഷണങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ ഇല്ലെങ്കിലും ജീവിതമെന്ന കല ജീവിക്കാന്‍ കഴിയുക- ഇതാണ് മടിയന്‍/മടിച്ചി ഉയര്‍ത്തുന്ന വെല്ലിവിളി.മടിയന്മാർക്ക് ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ ഒന്നും കൊയ്യേണ്ടാ. ജീവിതം ആസ്വദിച്ച് ജീവിച്ചാല്‍ മതി. അതിനര്‍ത്ഥം അവര്‍ ഒരു ജോലിയും ചെയ്യില്ല എന്നല്ല, അവര്‍ ആസ്വാദ്യകരമായ ജോലികള്‍ ചെയ്യും. (ആസ്വാദ്യകരമായ ജോലിയെക്കുറിച്ച് മറ്റൊരു കുറിപ്പില്‍ പറയാം). അങ്ങനെ ഒരു കാട്ടിൽ വാൾഡൻ തടാകക്കരയില്‍ കൊച്ചുകുടിലില്‍ താമസിക്കാന്‍ പോയ ഹെന്‍റി ഡേവിഡ് തോറോ ആണ് പറഞ്ഞത്: ""നിങ്ങള്‍ നഗരവാസികള്‍ക്ക് ഞാന്‍ ഒരു മടിയന്‍ ആണ്. എന്നാല്‍ പക്ഷികളും പൂക്കളും എന്നെ വിലയിരുത്തുമ്പോള്‍ എനിയ്ക്ക് കുറവൊന്നും ഉണ്ടാവുകയില്ല. പ്രകൃതിയുടെ വഴികൾ എന്നും ശാന്തമാണ്; മനുഷ്യന്റെ തിരക്കുപിടിച്ച വഴികളെ അത് എന്നും ശാസിച്ചുകൊണ്ടിരിക്കും."
മടിയെ അകറ്റി നിര്‍ത്തിയ മതാത്മകതയെക്കുറിച്ച് യൂറോപ്യന്‍ പശ്ചാത്തലത്തില്‍ നല്ലൊരു സാമൂഹ്യ പഠനം നടത്തിയത് മാക്സ് വെബര്‍ ആണ് (Max Weber, The Protestant Ethic and the Spirit of Capitalism). പരലോകജീവിതത്തിന്‍റെ നിത്യവിശ്രമത്തിലേയ്ക്ക് പ്രവേശിക്കാന്‍ ഏകലോക ജീവിതത്തില്‍ അനസ്യൂതമായി കർമ്മനിരതമായിരിക്കണം എന്ന് പ്രൊട്ടസ്റ്റന്റ് മതാത്മകത അനുശാസിച്ചു. അതേസമയം ഭൗതീക വ്യഗ്രതയിലും സുഖഭോഗത്തിലും മുഴുകുന്നത് ജോലിയെ തടസ്സപ്പെടുത്തുമെന്നും നിത്യരക്ഷയ്ക്ക് തടസ്സമാകുമെന്നും പഠിപ്പിച്ചുകൊണ്ട് പരിത്യാഗജീവിത ശൈലി പ്രോത്സാഹിപ്പിച്ചു. പരിണിത ഫലമോ ക്യാപ്പിറ്റലിസത്തിന്റെ വളർച്ച ത്വരിതഗതിയിൽ ആയി. പണം മൂലധനമായി സ്വരുക്കൂടാൻ തുടങ്ങി, പണത്തിന്റെ ജീവിതബന്ധിയായ വ്യയം കുറയുകയും ചെയ്തു. അങ്ങനെയാണ് സ്വയം ജീവിക്കാത്ത, വരുംതലമുറയ്ക്ക് അവകാശപ്പെട്ടത് സ്വരുക്കൂട്ടിവെക്കുന്ന ഒരു ജിവിതശൈലി ഊര്‍ജ്ജസ്വലതയില്‍ നിന്ന് ആവിര്‍ഭവിച്ചത്.
ഘടികാരങ്ങള്‍ പാശ്ചാത്യസമൂഹത്തെ മാനിയാക്ക് ആക്കിയ ഊര്‍ജ്ജസ്വലതയുടെ പ്രതീകമാണ്. വ്യവസായ വിപ്ലവത്തിന്‍റെ കാലത്ത് ആരംഭിച്ചതാണ് സൈറന്‍ മുഴക്കുന്ന രീതി. അതിനുസരിച്ച് മനുഷ്യജിവിതം യാന്ത്രീകമാകാന്‍ തുടങ്ങി. വ്യവസായ വിപ്ലവത്തിന്‍റെ യാന്ത്രീകത ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത് ചാര്‍ളി ചാപ്ലിന്റെ "മോഡേണ്‍ ടൈംസ്‌" ആണ്. ജീവിതത്തോട് മനുഷ്യന്‍ ചെയ്യുന്ന ക്രൂരതയുടെ ഫലിതരൂപമാണ് ഇത്. യുറോപ്പില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ പല മണിക്കൂറുകളില്‍ മണിയടിക്കുന്ന രീതി പോലും ആദ്യകാലത്ത് പണിക്കാര്‍ക്ക് സമയത്തെക്കുറിച്ച് മുന്നറിയിപ്പ് കൊടുക്കാന്‍ ആയിരുന്നു. ഘടികാരത്തിന്‍റെ സൂചിയോടുന്ന മണിക്കൂറുകളും മിനിറ്റുകളും സെക്കന്റുകളും മനുഷ്യനെ വിരളി പിടിപ്പിക്കാന്‍ തുടങ്ങി. സമയകൃത്യത എന്ന മാനിയയില്‍ നിന്ന് പാശ്ചാത്യസമൂഹം ഇനിയും മോചനം നേടിയിട്ടില്ല. സമയം തെറ്റുമ്പോള്‍ ഭ്രാന്തുപിടിക്കുന്നവരാണ് പാശ്ചാത്യ സമയബോധം സിദ്ധിച്ച മിക്കവരും. ഒരു ആദിവാസിയുടെ സമയം ജീവിതത്തിന്‍റെ സമയമാണ്. ചിലപ്പോള്‍ സമയം അയാള്‍ക്ക്‌ നിശ്ചലമാവുക പോലും ചെയ്യും. കാലം എങ്ങോട്ടോ ഓടിപ്പോകുന്നു എന്നത് സമയത്തെക്കുറിച്ചുള്ള ഏറ്റവും ഉപരിപ്ലവമായ ധാരണയാണ്. കാലം എങ്ങും പോകുന്നില്ല. ഇവിടെ നടക്കുന്നത് പ്രകൃതിയുടെ താളാത്മകമായ ചലനങ്ങൾ മാത്രമാണ്. വാച്ചുകളും ക്ളോക്കുകളും ഇല്ലാത്ത ഒരു നാട്ടിലേക്ക് നിങ്ങളൊരു യാത്ര പോകൂ. അവിടെ തീരും മണിക്കൂറുകളും മാസങ്ങളും വർഷങ്ങളും, പിന്നെ ഉത്കണ്ഠകളും. ശേഷിക്കുന്നത് പച്ചയായ ജീവിതം മാത്രമായിരിക്കും- പകലുകളും ഇരവുകളും, ഓർമ്മകളും സ്വപ്നങ്ങളും, ജനനവും മരണവും, ചൂടും തണുപ്പും.....
ഓരോ നിമിഷങ്ങളിലും ജീവിച്ച് കാലത്തെ അതിജീവിക്കാൻ നിരന്തരം ഉദ്ബോധിപ്പിച്ചത് ബുദ്ധനാണ്. ഇന്നലെകളേയും നാളെകളേയും ഒന്നു മറക്കൂ. ഇന്നലെകൾ എന്നെന്നേക്കുമായി കടന്നുപോയി, നാളെകൾ ഉണ്ടാവുമോ എന്ന് ആര്‍ക്കും അറിഞ്ഞും കൂടാ. അപ്പോൾ ഉള്ളതോ ഈ നിമിഷം മാത്രമാണ്. 'ഇപ്പോൾ' മാത്രമാണ് സത്യം, മറ്റെല്ലാം മിഥ്യ. (Yesterday is NO MORE; Tomorrow is NOT YET; Now is REAL). 'ഇപ്പോൾ' (NOW) ജീവിക്കുന്ന മനുഷ്യർ മാത്രമേ ജീവിക്കുന്നുള്ളൂ. ജീവിക്കാന്‍ ധൈര്യപ്പെടുക- അതാണ്‌ വെല്ലുവിളി, അപ്പോള്‍ സ്വരുക്കൂട്ടി വെക്കുന്ന ആര്‍ത്തികള്‍ ഇല്ലാതാകും, ഉത്ക്കണ്ഠകൾ കൂടൊഴിയും. കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള പരാതികളും പരിഭവങ്ങളും നിലയ്ക്കും. ഒരു മടിയന്റെ/മടിച്ചിയുടെ സമയം ജീവിതത്തിന്‍റെ സമയമാണ്. കാലം അവരുടെ കാല്‍ച്ചുവട്ടില്‍ കാത്തുകിടക്കും.

Saturday, February 4, 2017

ഒരു പാത്രം ദാഹം ജലം നീ എനിക്കു നല്‍കൂ....


വേനല്‍ കടുക്കുന്നു. നമ്മളെപ്പോലെ തന്നെ ദാഹിക്കുന്നുണ്ട്‌ അവര്‍ക്കും. മുറ്റത്തോ ടെറസിലോ നിശ്ചമായും ഒരു കൊച്ചുപാത്രം വെള്ളം അവര്‍ക്ക് വേണ്ടി കരുതാന്‍ വൈകരുതേ. രണ്ട് വര്‍ഷം മുന്‍പ് ഒരു കൊച്ചു "ഗെപ്പി"ക്കുളം ഈ മരത്തണലില്‍ സ്ഥാപിച്ചത് വേനലില്‍ കാട്ടുപക്ഷികള്‍ക്ക് വെള്ളം കൊടുക്കാന്‍ ആയിരുന്നു. ഇപ്പോള്‍ പച്ചിലക്കുടുക്കയും കരിയിലപ്പിടച്ചിയും ഇരട്ടത്തലയനും മാടത്തയും അടയ്ക്കാക്കുരുവിയും മാത്രമല്ല ആന്റ്റപ്പനും അവളുടെ പെങ്ങളും പ്രാഞ്ചിയും കോഴിക്കൂട്ടം ഒന്നടങ്കവും കുടിയും കുളിയും അലക്കും തേവാരവും ഈ കുളത്തില്‍ നിന്നാക്കി. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ആയി ദാഹജലം കരുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

1. പക്ഷികള്‍ വെള്ളം കുടിക്കാന്‍ കുളത്തിന്‍റെയോ പാത്രത്തിന്‍റെയോ വക്കില്‍ ആണ് വന്നിരിക്കുന്നത്. അല്പം ഭാരം കൂടിയ പക്ഷികള്‍ വന്നിരിക്കുമ്പോള്‍ മറഞ്ഞുപോകാത്ത വിധത്തില്‍ പാത്രം ഉറപ്പിക്കണം.
2. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും അരോചകമാകുന്ന കടും നിറങ്ങളിലുള്ള പാത്രങ്ങള്‍ ഉപയോഗിക്കരുത്. കുളത്തില്‍ കടും വര്‍ണ്ണങ്ങള്‍ അടിക്കരുത്. കറുപ്പ്, ചാരനിറം, മണ്ണിന്‍റെ നിറം, പച്ച എന്നിവയാണ് ഉത്തമം. 
3. വശങ്ങളില്‍ നിന്ന് ചരിവില്ലാത്ത ആഴം കൂടിയ പാത്രത്തിലോ കുളത്തിലോ ആണ് വെള്ളം വെയ്ക്കുന്നത് എങ്കില്‍ പക്ഷികള്‍ക്ക് പറന്നുവന്നിരുന്ന് വെള്ളം കുടിക്കാന്‍ നടുക്ക് ഒരു കല്ലോ തടിക്കഷണമോ ഉറപ്പിക്കുക. കഴുത്ത് ഇടുങ്ങിയ പക്ഷികള്‍ തറയില്‍ കാലുറപ്പിച്ച് നിന്ന് ചുണ്ട് വെള്ളത്തോട് ചേര്‍ത്താണ് വെള്ളം കുടിക്കുന്നത്. അല്ലാത്തപക്ഷം വക്കില്‍ നിന്ന് വെള്ളം താഴ്ന്നാല്‍ ഇത്തരം പക്ഷികള്‍ക്ക് കുടിക്കാന്‍ കഴികാതെവരും. 
4. പക്ഷിള്‍ക്ക് വേണ്ടി ആഴമുള്ള കുഴികളോ പാത്രങ്ങളോ ആവശ്യമില്ല. ആഴം കുറഞ്ഞ വെള്ളത്തില്‍ ആണ് സാധാരണ കരപ്പക്ഷികള്‍ കുളിക്കാറ്. ആഴമല്ല പാത്രത്തിന്‍റെ (കുളത്തിന്‍റെ) ചുറ്റളവാണ് പ്രധാനം.
5. തൂങ്ങിയാടുന്ന രീതിയിലോ വളരെ ഉയരത്തിലോ അല്ല വെള്ളം വെക്കേണ്ടത്. തറയില്‍ ഇറങ്ങി വെള്ളം കുടിക്കാന്‍ ആണ് പക്ഷികള്‍ക്ക് ഇഷ്ടം. കൂടാതെ കോഴികള്‍, പൂച്ച, പട്ടി എന്നിവയ്ക്കും അത് പ്രയോജനപ്പെടും. 
6. തുറന്ന സ്ഥലങ്ങളേക്കാള്‍ തണലുള്ള ഒരു മരച്ചുവടോ പറന്നുവന്നിരിക്കാന്‍ ശിഖിരങ്ങളോ ഉയര്‍ന്ന ഇടങ്ങളോ ഉള്ള സ്ഥലത്ത് (കുളിയ്ക്ക് അല്പം സ്വകാര്യത വേണം എന്ന് അര്‍ത്ഥം) വെള്ളം സ്ഥാപിക്കുക. 
7. ഇടയ്ക്കിടെ വെള്ളം മാറി ശുദ്ധമായ ജലം സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.
8. സൂര്യവെളിച്ചം കുറച്ച് സമയമെങ്കിലും വെള്ളത്തില്‍ വീഴാന്‍ കഴിയുന്നത്‌ നല്ലതാണ്. വെള്ളത്തിന്‍റെ തിളക്കം കൂടുതല്‍ പക്ഷികളെ ആകര്‍ഷിക്കും. 
അവസാനമായി, ഇതൊക്കെ ചെയ്യുമ്പോള്‍ വീട്ടിലെ മക്കളെ കൂടി കൂടെ കൂട്ടണം. വരും തലമുറയെങ്കിലും പഠിക്കട്ടെ 'ഒരേ വായു ശ്വസിക്കുന്ന നമ്മള്‍, ഒരേ വെള്ളം കുടിക്കുന്ന നമ്മള്‍, ഒരേ ലോകത്തില്‍ ജീവിക്കുന്ന നമ്മള്‍, ഒരുപോല്‍ ജനിച്ചു മരിക്കുന്ന നമ്മള്‍ ഈ ഭൂവില്‍ 
ഒറ്റയല്ലെന്ന്.