ഇഷ്ടിക ഭാഗം -2
===============
"സ്വപ്നങ്ങളിലും മടിയിലും മാത്രമാണ് മനുഷ്യന്റെ ഉള്ളിന്റെയുള്ളിൽ മുങ്ങിക്കിടക്കുന്ന സത്യം പൊങ്ങിവരുന്നത്" (വെർജീനിയ വൂൾഫ്)
"അലസന്റെ മനസ്സ് പിശാചിന്റെ പണിപ്പുര"യാണെന്ന് പറഞ്ഞു പഠിപ്പിച്ച ഒരു സംസ്കാരത്തോട് മറുതലിച്ചുകൊണ്ടാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബെട്രാൻഡ് റസ്സൽ "മടിയുടെ പറുദീസയിൽ" എന്ന ലേഖനം എഴുതിയത്. മനുഷ്യന് ഏറ്റവും നന്നായി മനുഷ്യന് ആയിരിക്കാന്‍ ആവുന്നത് ജീവിതം സുഗമവും സമരരഹിതവും ആകുമ്പോള്‍ ആണ്. യന്ത്രവത്കൃതമായ അധുനീകതയുടെ ഉദയം തന്നെ അതിനു വേണ്ടിയായിരുന്നു. എന്നിട്ടോ ആധുനീക ലോകത്തിലും നല്ലൊരു ശതമാനം പേര്‍ക്കും ജീവിതം യന്ത്രങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് എന്നതിനേക്കാൾ അമിതജോലിഭാരം നിറഞ്ഞതാണ്. "അങ്ങനെ മനുഷ്യവര്‍ഗ്ഗം വിഡ്ഢികളുടേത് എന്ന് സ്വയം തെളിയിച്ചു. ആ വിഡ്ഢിത്തരത്തില്‍ എന്നും തുടരണമോ എന്നതാണ് ചോദ്യം," ഇതു പറഞ്ഞു കൊണ്ടാണ് റസ്സല്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പണവും അദ്ധ്വാനവും കൂടാതെ ഇപ്പോള്‍ തന്നെ ആസ്വദിക്കാന്‍ പറ്റുന്നവ സ്വന്തമാക്കാന്‍ വേണ്ടി ഒരു ജന്മം മുഴുവന്‍ അദ്ധ്വാനിച്ചും പണം വ്യയം ചെയ്തും കഷ്ടപ്പെടരുത്. അതിനുള്ള അദ്ധ്വാനത്തിനിടയില്‍ കൈവിരലുകള്‍ക്ക് ഇടയിലൂടെ ഊര്ന്നുപോകുന്നത് നമ്മുടെ ജീവിതം തന്നെയായിരിക്കും. പഴയ കഥയാണ്: ബിസിനസ് മാനേജ്മെന്റ് ഒക്കെ പഠിച്ച ഒരു ചെറുപ്പക്കാരന് ജോലി സംബന്ധമായി രാവിലെ 11മണിയോട് അടുത്ത സമയത്ത് കടപ്പുറത്ത് എത്തിയതായിരുന്നു. അപ്പോള്‍ ആരോഗ്യവാനായ ഒരു മത്സ്യത്തൊഴിലാളി കടപ്പുറത്ത് കാറ്റുംകൊണ്ട് ബീഡിവലിച്ചു കിടക്കുന്നത് കണ്ടു. അദ്ദേഹത്തെ കണ്ട് ആശ്ചര്യപ്പെട്ട് ചെറുപ്പക്കാരന് ചോദിച്ചു, 'ഇന്ന് ജോലിക്കൊന്നും പോയില്ലേ?' അതിരാവിലെ കടലില്‍ പോയിവന്നതാണെന്ന് മറുപിടി. "എന്നിട്ട് ആവശ്യത്തിന് മീന്‍ കിട്ടിയോ?" "കിട്ടി." "എന്നാല്‍ ഇനിയും ഒത്തിരി സമയം ബാക്കിയുണ്ടല്ലോ. രണ്ട് പ്രാവശ്യം കൂടി കടലില്‍ പോയി വന്നാല്‍ കൂടുതല്‍ മീന്‍ കിട്ടില്ലേ?" "കൂടുതല്‍ മീന്‍ കിട്ടിയിട്ട് എനിയ്ക്ക് എന്തു ചെയ്യാനാണ് ?" "അത് മാര്‍ക്കറ്റില്‍ കൊടുത്താല്‍ ആവശ്യത്തിന് മിച്ചം പണം കിട്ടും." "എന്നിട്ട്...?" "എന്നിട്ട് പണം കൂടുന്നതനുസരിച്ച് കൂടുതല്‍ എണ്ണം ബോട്ടുകള്‍, വലകള്‍ എന്നിവ വാങ്ങുക. കൂടുതല്‍ ജോലിക്കാര്‍ താങ്കളുടെ കീഴില്‍ പണിയെടുക്കാന്‍ ഉണ്ടാവും. അപ്പോള്‍ ഒരു നല്ല ഓഫീസ് ഉണ്ടാക്കണം." "എന്നിട്ട്...?" "ഉച്ചയ്ക്ക് മുന്‍പ് ജോലിക്കാര്‍ക്ക് വേണ്ട നിര്‍ദ്ദേശം ഒക്കെ കൊടുത്തിട്ട് ഓഫീസില്‍ ഫാനിന്റെ കീഴില്‍ ഒരു സിഗരറ്റ് ഒക്കെ വലിച്ച് സ്വപ്നം കണ്ട് എങ്ങനെ കിടക്കരുതോ..?!" "അപ്പോള്‍ അതുതന്നെയല്ലേ മോനേ ഈ പറഞ്ഞ പങ്കപ്പാടൊന്നും ഇല്ലാതെ ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്?"
കഠിനാദ്ധ്വാനം ചെയ്യാന്‍ അല്ല, ആസ്വദിക്കാനാണ് ജീവിതം. ബുദ്ധിസത്തിന് പറയാറുള്ളത് "കഠിന ജോലി"യെക്കുറിച്ചല്ല, "ശരിയായ ജോലി"യെക്കുറിച്ചാണ്. ഈ ബുദ്ധിസ്റ്റ് ആശയം കൃഷിയിൽ പരീക്ഷിച്ചുവിജയിപ്പിച്ച ആളാണ് മസനോബു ഫുക്കുവോക്ക. പ്രകൃതികൃഷിയെന്നാല്‍ അദ്ധ്വാനമില്ലാത്ത ആസ്വാദ്യകരമായ കൃഷി എന്ന് അദ്ദേഹം തെളിയിച്ചു. കൃഷിയുടെ അടിസ്ഥാന ലക്ഷ്യം കുറെ വിളകള്‍ ഉണ്ടാക്കല്‍ അല്ലെന്നും മനുഷ്യനെ പൂര്‍ണ്ണതയിലേക്ക് നയിക്കല്‍ ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം.
മടിയന്മാര് കൂടുതല്‍ ബുദ്ധിശക്തിയുള്ളവര്‍ എന്ന് അടുത്തകാലത്ത് അമേരിക്കയില്‍ നടത്തിയ ഒരു മന:ശാസ്ത്ര പഠനം വെളിപ്പെടുത്തുന്നു. അവര്‍ കൂടുതലും ചിന്തയുടെ ലോകത്ത് വ്യാപാരിക്കുന്നവര്‍ ആയിരിക്കും. കൂടാതെ സ്വഭാവികമായ അവരുടെ അലസത കാരണം ഒരു കാര്യം എങ്ങനെ ഏറ്റവും എളുപ്പവഴിയില്‍ നടത്താം എന്ന് അവര്‍ സദാചിന്തിച്ചുകൊണ്ടിരിക്കും. രാത്രിയിൽ കളവ് കഴിഞ്ഞു പണവുമായി വന്ന രണ്ടു കള്ളന്മാർ. ഒന്നാമൻ പറഞ്ഞു: "നമുക്ക് പണം എണ്ണിതിട്ടപ്പെടുത്തിയിട്ട് കിടക്കാം." രണ്ടാമൻ: "എനിയ്ക്ക് ഇനി അനാവശ്യകാര്യത്തിന് ഉറക്കമിളയ്ക്കാൻ വയ്യ. നാളെ രാവിലെ പത്രത്തിൽ നിന്ന് അത് കൃത്യമായി അറിയാമല്ലോ." ബില്‍ ഗേറ്റ്സാണ് പറഞ്ഞത്, "ബുദ്ധിമുട്ട് ഉള്ള പണി ചെയ്യാന്‍ ഞാന്‍ എപ്പോഴും തിരഞ്ഞെടുക്കുന്നത് ഒരു മടിയനേയോ മടിച്ചിയേയോ ആയിരിക്കും. കാരണം അവര്‍ അത് ചെയ്യാനുള്ള ഏറ്റവും എളുപ്പ വഴി കണ്ടുപിടിക്കും." വാസ്തവം ഇതാണ് സാധാരണ മാനസീക ആരോഗ്യമുള്ള ഒരു വ്യക്തിയും വെറുതെ കിടന്ന് അദ്ധ്വാനിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. അവര്‍ അദ്ധ്വാനിക്കുന്നത് ജീവിക്കാന്‍ വേണ്ടിയാണ്. ജീവിക്കാന്‍ ഉള്ള വഴി എപ്പോള്‍ തെളിയുന്നുവോ അപ്പോള്‍ ഒരു സാധാരണ മനുഷ്യന് അദ്ധ്വാനം നിര്‍ത്തുന്നു. വീണ്ടും ഒരാള്‍ കഠിനാദ്ധ്വാനം ചെയ്ത് കഷ്ടപ്പെടുന്നുവെങ്കില്‍ അയാള്‍ക്ക് വര്ക്കഹോളിസം എന്ന മാനസീക രോഗം ഉണ്ട് എന്ന് തറപ്പിച്ച് പറയാം.
മറ്റൊന്ന് ഒരു മടിയനോ മടിച്ചിയോ പൊതുവില്‍ ഈഗോ കുറഞ്ഞ, വളരെ സെലബ്രെറ്റിവ് ആയ വ്യക്തികള്‍ ആയിരിക്കും. പ്രഭാത നടത്തത്തിന് ഇറങ്ങിയ താൻ ബൈക്കുകാരനോട് ലിഫ്റ്റ് ചോദിക്കുന്നതു അനൗചിത്യമാണെന്ന് ചിന്തിക്കാനുള്ള 'ഈഗോ' പോലും അവര്‍ക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല. അവര്‍ക്ക് ആഘോഷങ്ങളോട്, തമാശകളോട്, വിനോദങ്ങളോട്, കൂട്ടുകെട്ടുകളോട്...ഒക്കെയായിരിക്കും ഇഷ്ടം. അവര്‍ ടെന്‍ഷന്‍ പിടിച്ച സാഹചര്യങ്ങളെ പെട്ടെന്ന് മയപ്പെടുത്തും. അങ്ങനെയുള്ളവരുടെ കൂടെ ജീവിക്കാന്‍ വളരെ എളുപ്പവും ആസ്വാദ്യകരവും ആയിരിക്കും. നിരന്തരം ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ സ്വയം ടെന്‍ഷന്‍ അനുഭവിക്കുന്നു എന്ന് മാത്രമല്ല കൂടെ ജീവിക്കുന്നവരെ കൂടെ ടെന്‍ഷന്‍ അടുപ്പിക്കും. കൂടാതെ അത്തരക്കാര്‍ ജീവിതത്തെ അനാവശ്യ ഗൌരവത്തില്‍ എടുക്കുന്ന ഈഗോയിസ്റ്റുകളും അരസികരും ആയിരിക്കും.
തോമസ് മേര്‍ട്ടണ്‍ ആണ് ഇങ്ങനെ പറഞ്ഞത്: "നിരന്തരം പ്രവര്‍ത്തങ്ങളില്‍ മുഴുകുക വഴി പൂര്‍ണ്ണമായും തന്നില്‍ നിന്ന് തന്നെ പുറത്താക്കപ്പെട്ട വ്യക്തികള്‍ക്ക് ഏറ്റവും ദുസഹമായ കാര്യം ശാന്തമായി വെറുതെയിരിക്കുകയോ അല്പം വിശ്രമിക്കുകയോ ആണ്. വിജയത്തിന്റെ വഴിതേടുന്ന വ്യക്തികള്‍ക്ക് പലതും ആയിത്തീരാന്‍ ആവും. അവര്‍ക്ക് ആവാന്‍ കഴിയാത്തത് അവര്‍തന്നെ ആയിരിക്കുക എന്നതാണ്. ദേശീയ നേട്ടത്തിന്റെ തന്നെ ഔന്നിത്യത്തില്‍ എത്തിയ ഒരാളുമായി അദ്ദേഹത്തിന്റെ അവസാനം കാലത്ത് ഒരിക്കൽ മനസ്സുതുറന്ന് സംസാരിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: "എന്റെ മുഴുവന്‍ ജീവിതവും പാഴായിരുന്നു." ഞാന്‍ അത്ഭുതപ്പെട്ട് അദ്ദേഹത്തിന്റെ നേട്ടങ്ങളുടെ പട്ടിക ഉയര്‍ത്തിക്കാട്ടിയപ്പോള്‍ പറയുന്നു: "അതൊക്കെയെന്ത്...? എനിയ്ക്ക് എന്റെ ജീവിതം മാത്രം ജീവിക്കാന്‍ ആയില്ലല്ലോ!" നേട്ടങ്ങള്‍ മാത്രം ലക്ഷ്യം വെച്ചു നെട്ടോട്ടമോടുന്ന ജീവിതത്തില്‍ ഒന്നു ശാന്തമായിരിക്കുക, താന്‍ തന്നെയായിരിക്കുക, പേരിന്റെ മുന്നിലും പിന്നിലും വിശേഷണങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ ഇല്ലെങ്കിലും ജീവിതമെന്ന കല ജീവിക്കാന്‍ കഴിയുക- ഇതാണ് മടിയന്‍/മടിച്ചി ഉയര്‍ത്തുന്ന വെല്ലിവിളി.മടിയന്മാർക്ക് ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ ഒന്നും കൊയ്യേണ്ടാ. ജീവിതം ആസ്വദിച്ച് ജീവിച്ചാല്‍ മതി. അതിനര്‍ത്ഥം അവര്‍ ഒരു ജോലിയും ചെയ്യില്ല എന്നല്ല, അവര്‍ ആസ്വാദ്യകരമായ ജോലികള്‍ ചെയ്യും. (ആസ്വാദ്യകരമായ ജോലിയെക്കുറിച്ച് മറ്റൊരു കുറിപ്പില്‍ പറയാം). അങ്ങനെ ഒരു കാട്ടിൽ വാൾഡൻ തടാകക്കരയില്‍ കൊച്ചുകുടിലില്‍ താമസിക്കാന്‍ പോയ ഹെന്റി ഡേവിഡ് തോറോ ആണ് പറഞ്ഞത്: ""നിങ്ങള്‍ നഗരവാസികള്‍ക്ക് ഞാന്‍ ഒരു മടിയന്‍ ആണ്. എന്നാല്‍ പക്ഷികളും പൂക്കളും എന്നെ വിലയിരുത്തുമ്പോള്‍ എനിയ്ക്ക് കുറവൊന്നും ഉണ്ടാവുകയില്ല. പ്രകൃതിയുടെ വഴികൾ എന്നും ശാന്തമാണ്; മനുഷ്യന്റെ തിരക്കുപിടിച്ച വഴികളെ അത് എന്നും ശാസിച്ചുകൊണ്ടിരിക്കും."
മടിയെ അകറ്റി നിര്‍ത്തിയ മതാത്മകതയെക്കുറിച്ച് യൂറോപ്യന്‍ പശ്ചാത്തലത്തില്‍ നല്ലൊരു സാമൂഹ്യ പഠനം നടത്തിയത് മാക്സ് വെബര്‍ ആണ് (Max Weber, The Protestant Ethic and the Spirit of Capitalism). പരലോകജീവിതത്തിന്റെ നിത്യവിശ്രമത്തിലേയ്ക്ക് പ്രവേശിക്കാന്‍ ഏകലോക ജീവിതത്തില്‍ അനസ്യൂതമായി കർമ്മനിരതമായിരിക്കണം എന്ന് പ്രൊട്ടസ്റ്റന്റ് മതാത്മകത അനുശാസിച്ചു. അതേസമയം ഭൗതീക വ്യഗ്രതയിലും സുഖഭോഗത്തിലും മുഴുകുന്നത് ജോലിയെ തടസ്സപ്പെടുത്തുമെന്നും നിത്യരക്ഷയ്ക്ക് തടസ്സമാകുമെന്നും പഠിപ്പിച്ചുകൊണ്ട് പരിത്യാഗജീവിത ശൈലി പ്രോത്സാഹിപ്പിച്ചു. പരിണിത ഫലമോ ക്യാപ്പിറ്റലിസത്തിന്റെ വളർച്ച ത്വരിതഗതിയിൽ ആയി. പണം മൂലധനമായി സ്വരുക്കൂടാൻ തുടങ്ങി, പണത്തിന്റെ ജീവിതബന്ധിയായ വ്യയം കുറയുകയും ചെയ്തു. അങ്ങനെയാണ് സ്വയം ജീവിക്കാത്ത, വരുംതലമുറയ്ക്ക് അവകാശപ്പെട്ടത് സ്വരുക്കൂട്ടിവെക്കുന്ന ഒരു ജിവിതശൈലി ഊര്‍ജ്ജസ്വലതയില്‍ നിന്ന് ആവിര്‍ഭവിച്ചത്.
ഘടികാരങ്ങള്‍ പാശ്ചാത്യസമൂഹത്തെ മാനിയാക്ക് ആക്കിയ ഊര്‍ജ്ജസ്വലതയുടെ പ്രതീകമാണ്. വ്യവസായ വിപ്ലവത്തിന്റെ കാലത്ത് ആരംഭിച്ചതാണ് സൈറന്‍ മുഴക്കുന്ന രീതി. അതിനുസരിച്ച് മനുഷ്യജിവിതം യാന്ത്രീകമാകാന്‍ തുടങ്ങി. വ്യവസായ വിപ്ലവത്തിന്റെ യാന്ത്രീകത ഏറ്റവും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നത് ചാര്‍ളി ചാപ്ലിന്റെ "മോഡേണ്‍ ടൈംസ്" ആണ്. ജീവിതത്തോട് മനുഷ്യന് ചെയ്യുന്ന ക്രൂരതയുടെ ഫലിതരൂപമാണ് ഇത്. യുറോപ്പില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ പല മണിക്കൂറുകളില്‍ മണിയടിക്കുന്ന രീതി പോലും ആദ്യകാലത്ത് പണിക്കാര്‍ക്ക് സമയത്തെക്കുറിച്ച് മുന്നറിയിപ്പ് കൊടുക്കാന്‍ ആയിരുന്നു. ഘടികാരത്തിന്റെ സൂചിയോടുന്ന മണിക്കൂറുകളും മിനിറ്റുകളും സെക്കന്റുകളും മനുഷ്യനെ വിരളി പിടിപ്പിക്കാന്‍ തുടങ്ങി. സമയകൃത്യത എന്ന മാനിയയില്‍ നിന്ന് പാശ്ചാത്യസമൂഹം ഇനിയും മോചനം നേടിയിട്ടില്ല. സമയം തെറ്റുമ്പോള്‍ ഭ്രാന്തുപിടിക്കുന്നവരാണ് പാശ്ചാത്യ സമയബോധം സിദ്ധിച്ച മിക്കവരും. ഒരു ആദിവാസിയുടെ സമയം ജീവിതത്തിന്റെ സമയമാണ്. ചിലപ്പോള്‍ സമയം അയാള്‍ക്ക് നിശ്ചലമാവുക പോലും ചെയ്യും. കാലം എങ്ങോട്ടോ ഓടിപ്പോകുന്നു എന്നത് സമയത്തെക്കുറിച്ചുള്ള ഏറ്റവും ഉപരിപ്ലവമായ ധാരണയാണ്. കാലം എങ്ങും പോകുന്നില്ല. ഇവിടെ നടക്കുന്നത് പ്രകൃതിയുടെ താളാത്മകമായ ചലനങ്ങൾ മാത്രമാണ്. വാച്ചുകളും ക്ളോക്കുകളും ഇല്ലാത്ത ഒരു നാട്ടിലേക്ക് നിങ്ങളൊരു യാത്ര പോകൂ. അവിടെ തീരും മണിക്കൂറുകളും മാസങ്ങളും വർഷങ്ങളും, പിന്നെ ഉത്കണ്ഠകളും. ശേഷിക്കുന്നത് പച്ചയായ ജീവിതം മാത്രമായിരിക്കും- പകലുകളും ഇരവുകളും, ഓർമ്മകളും സ്വപ്നങ്ങളും, ജനനവും മരണവും, ചൂടും തണുപ്പും.....
ഓരോ നിമിഷങ്ങളിലും ജീവിച്ച് കാലത്തെ അതിജീവിക്കാൻ നിരന്തരം ഉദ്ബോധിപ്പിച്ചത് ബുദ്ധനാണ്. ഇന്നലെകളേയും നാളെകളേയും ഒന്നു മറക്കൂ. ഇന്നലെകൾ എന്നെന്നേക്കുമായി കടന്നുപോയി, നാളെകൾ ഉണ്ടാവുമോ എന്ന് ആര്‍ക്കും അറിഞ്ഞും കൂടാ. അപ്പോൾ ഉള്ളതോ ഈ നിമിഷം മാത്രമാണ്. 'ഇപ്പോൾ' മാത്രമാണ് സത്യം, മറ്റെല്ലാം മിഥ്യ. (Yesterday is NO MORE; Tomorrow is NOT YET; Now is REAL). 'ഇപ്പോൾ' (NOW) ജീവിക്കുന്ന മനുഷ്യർ മാത്രമേ ജീവിക്കുന്നുള്ളൂ. ജീവിക്കാന്‍ ധൈര്യപ്പെടുക- അതാണ് വെല്ലുവിളി, അപ്പോള്‍ സ്വരുക്കൂട്ടി വെക്കുന്ന ആര്‍ത്തികള്‍ ഇല്ലാതാകും, ഉത്ക്കണ്ഠകൾ കൂടൊഴിയും. കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള പരാതികളും പരിഭവങ്ങളും നിലയ്ക്കും. ഒരു മടിയന്റെ/മടിച്ചിയുടെ സമയം ജീവിതത്തിന്റെ സമയമാണ്. കാലം അവരുടെ കാല്ച്ചുവട്ടില് കാത്തുകിടക്കും.
1 comment:
ബ്ലോഗില്‍ followers gadget ചേര്‍ത്താലെ മറ്റുള്ളവര്‍ക്ക് ഫോളോ ചെയ്യാന്‍ പറ്റൂ
Post a Comment