Thursday, July 13, 2017

സാറായുടെ ഗര്‍ഭവും എന്‍റെ പ്രസവവേദനയും 
സാറായ്ക്കിത് ഒന്‍പതാം മാസമാണ്. അവള്‍ കൂളാണ്. എനിയ്ക്കാണ്‌ ടെന്‍ഷന്‍. അല്ല, എന്നെ ടെന്‍ഷന്‍ പിടിപ്പിക്കുകയാണ് രണ്ടുപ്രസവിച്ച ലാലിചേച്ചി, അവളുടെ വളര്‍ത്തമ്മ. "കന്നിപ്പേറാണ്. ഒന്നുമറിയാന്‍ പാടില്ലാത്ത ഇളംപൈയ്യാണ്. പ്രസവം മിക്കവാറും രാത്രിയില്‍ ആണ് നടക്കാന്‍ സാധ്യത. ഞാന്‍ സ്ഥലത്ത് ഉണ്ടായിക്കൊള്ളണമെന്നില്ല. കാര്യങ്ങള്‍ എല്ലാം നോക്കിക്കൊള്ളണം. പ്രസവസമയത്ത് കുട്ടിയുടെ കാല് തിരിഞ്ഞാണ് വരുന്നതെങ്കില്‍ അത് ഉള്ളിലേക്ക് തള്ളിവിടണം; അല്ലെങ്കില്‍ അമ്മയ്ക്ക് മരണം വരെ സംഭവിക്കാം. പ്രസവം കഴിഞ്ഞാല്‍ ഉടന്‍ കുട്ടിയെ തുടയ്ക്കണം. സാറായെ അഴിച്ചുവിടണം. അവള്‍ നക്കിത്തുടയ്ക്കും. ശേഷം അവളെ ഉടന്‍ പിടിച്ചുകെട്ടണം. അല്ലെങ്കില്‍ അവള്‍ മറുപിള്ള തിന്നും. അത് വലിയ പ്രശ്നമാകും. രാത്രി മുഴുവന്‍ വെട്ടമിട്ടേക്കണം."
ഒരാഴ്ചയായി രാത്രി നല്ല ഉറക്കം കിട്ടുന്നില്ല. ഇടയ്ക്കിടെ കൂട്ടില്‍ പോയി നോക്കുന്നു. അപ്പോള്‍ ഉറക്കം നഷ്ടപ്പെടുത്തിയ കലിപ്പില്‍ സാറാ എന്നെ നോക്കുന്നു. ഞാന്‍ അവളോട്‌ പറയുന്നു: "എടീ സാറാ, നീ ക്ഷമിക്ക്. എനിയ്ക്ക് ഒട്ടും പരിചയമില്ലാത്ത കാര്യമാണ് ഈ പേറുംപ്രസവവുമൊക്കെ. ഞങ്ങളുടെ കുടുംബത്തില്‍ പോലും പാരമ്പര്യമായി പേറുംപ്രസവവുമൊന്നും നടക്കാറില്ല. എന്‍റെ അപ്പനും അമ്മയ്ക്കും എന്നെ കിട്ടിയത് എങ്ങനെയാണെന്ന് നിനക്കറിയാമോ? അവര് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ദൈവം സമ്മാനമായി കൊടുത്തതാ. അപ്പനെ വല്യപ്പന് കിട്ടുന്നത് പശുവിന് പുല്ലുമുറിക്കാന്‍ പറമ്പില്‍ പോയപ്പോഴാണ്. വല്യപ്പന്‍റെ അപ്പന് വല്യപ്പനെ മലവെള്ളപ്പാച്ചിലില്‍ ഒരു കുട്ടയില്‍ ഒഴുകിവന്ന് കിട്ടിയതാ. എന്‍റെ അമ്മയുടെ വീട്ടുകാര്‍ ആവട്ടെ തലമുറകളായി കുമ്മനംജീയുടെ കുടുംബം പോലെ ബ്രഹ്മചാരികളുമാണ്. ഞാനും ആ വഴി പിന്‍ചെല്ലുന്നു."
ഇത്രയും പറയുമ്പോള്‍ അവളുടെ പുശ്ചഭാവത്തിലുള്ള നോട്ടം കാണുമ്പോഴാണ് എനിയ്ക്ക് ദേഷ്യം വരുന്നത്. "നീ എന്തിനാടീ ഇങ്ങനെ മനുഷ്യനെ ആസാക്കുന്നത്?"
"നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ മനുഷ്യാ ഈ നട്ടപ്പാതിരയ്ക്ക്! നിങ്ങളൊക്കെ പേറ് എടുത്തിട്ടാ ഞങ്ങടെയൊക്കെ വംശം ഇത്രയും കാലം അന്യംനില്‍ക്കാതിരുന്നത്? കാട്ടുപശുവിന്റേയും പോത്തിന്റെയുമൊക്കെ പേറ് ആരാ എടുക്കുന്നത്? അവരില്‍ എത്രപേര്‍ പ്രസവത്തില്‍ ചത്തുപോയിട്ടുണ്ട്?"
അവളുടെ മുട്ടുന്യായങ്ങള്‍ക്ക് മുറുപടി പറയാന്‍ കഴിയാതെ ഞാന്‍ ഇങ്ങനെ പറഞ്ഞുപോരും, "ങാ.., നീ സൂക്ഷിച്ചാല്‍ നിനക്ക് കൊള്ളാം. കന്യക ഗര്‍ഭംധരിച്ചവാളാണ് നീ എന്ന് മറക്കണ്ടാ. ചത്താല്‍ കരയാന്‍ ഒരു ഭര്‍ത്താവ് പോലും ഉണ്ടാവില്ല."

No comments: