Tuesday, January 19, 2016

സമര്‍പ്പിത ജീവിതത്തിന് മാര്‍പ്പാപ്പ ഉയര്‍ത്തുന്ന വെല്ലുവിളികള്‍

നാളിതുവരെയുള്ള മാര്‍പ്പാപ്പമാരും മെത്രാന്മാരും പഠിപ്പിച്ചതും അനുശാസിച്ചതും സഭയിലുള്ളവര്‍ കേട്ടിട്ടുണ്ട്, അനുസരിച്ചിട്ടുമുണ്ട്. ഇന്നത്തെ മാര്‍പ്പാപ്പയാകട്ടെ നമ്മുടെ സ്വപ്നങ്ങള്‍ പറയുന്നു, നമ്മുടെ ഭാഷ സംസാരിക്കുന്നു, നമ്മുടെ ചിന്തകള്‍ പ്രബോധനങ്ങളാക്കുന്നു. അതുകൊണ്ടാവണം പീറ്റര്‍ സാലി എഴുതിയത്, “അടുത്തയിടെയായി സഭ മുഴുവന്റെയും മുഖത്ത് ഒരു ചിരി കളിയാടുന്നുണ്ട്.” സാധാരണക്കാരന്റെ ഭാഗത്തു നിന്ന് സംസാരിക്കുന്ന മാര്‍പ്പാപ്പയുടെ ജീവിതവും പ്രബോധങ്ങളും സമര്‍പ്പിതരുടെ മുന്‍പില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളും ഉന്നയിക്കുന്ന ചോദ്യങ്ങളും അതുകൊണ്ട് തന്നെ സമര്‍പ്പിതരെക്കുറിച്ചുള്ള ജനത്തിന്‍റെ പ്രതീക്ഷളാണ്. സമര്‍പ്പിതജീവിതം കാലഹരണപ്പെട്ട അവശിഷ്ടങ്ങളായി മാറാതിരിക്കമെങ്കില്‍ സമര്‍പ്പിതര്‍ ഏറേ തുറവിയോടും ആദരവോടും കൂടെ ഇക്കാലത്തിന്റെ നിര്‍ദ്ദേശങ്ങളെ പരിഗണിച്ചേ മതിയാകൂ.   
ഒരു കഥയുടെ തുടക്കം
പോപ്പ് ഫ്രാന്‍സിസ് സ്വയം പ്രതിനിധാനം ചെയ്യാന്‍ ബോധപൂര്‍വ്വം തിരഞ്ഞെടുത്ത സഭയുടേയും സന്യാസത്തിന്റേയും ആന്തരീക ചൈതന്യമായ ആ മനുഷ്യന്‍റെ കഥ പറഞ്ഞുകൊണ്ട് തുടങ്ങാം.
ഐഹികസാമ്രാജ്യത്തിന്റെ രാഷ്ട്രീയത്തിന് വശംവദനാകാത്ത നസ്രത്തിലെ തച്ചനില്‍നിന്ന് പടച്ചട്ടയണിഞ്ഞ ക്രിസ്തുവിലേക്കും, പിന്നെ ക്രിസ്തുരാജനിലേക്കും സഭയെത്തുമ്പോള്‍ കാലം പത്തുനൂറ്റാണ്ടുകള്‍ കഴിഞ്ഞുപോയിരുന്നു. കൈകളെ തുളയ്ക്കുന്ന ആണികള്‍ക്കു പകരം കയ്യില്‍ അധികാരത്തിന്റെ ചെങ്കോലും, അങ്കികള്‍ ഉരിഞ്ഞുമാറ്റപ്പെട്ട നഗ്നതയ്ക്കു പകരം ആഡംബരത്തിന്റെ സുവര്‍ണ്ണയങ്കിയും, തലയില്‍ മുള്‍മുടിക്കു പകരം അധീശത്വത്തിന്റെ സ്വര്‍ണ്ണക്കിരീടവുമണിഞ്ഞ ക്രൂശിതനില്‍നിന്ന് സഭ ഒരു സാമ്രാജ്യത്വ-കൊളോണിയല്‍ ക്രിസ്തുസങ്കല്‍പ്പത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. ചരിത്രത്തിന്റെ ഈ ദശാസന്ധിയിലാണ് ഫ്രാന്‍സിസ് എന്ന കൊച്ചുമനുഷ്യന്റെ രംഗപ്രവേശം.
കാര്യങ്ങളെല്ലാം ഭംഗിയായി നടന്നുപോകുന്ന കാലം. ആഘോഷപൂര്‍വ്വമായ ആരാധനകള്‍, ദിവ്യബലികള്‍, യൂറോപ്പില്‍ അങ്ങോളമിങ്ങോളം തലയുയര്‍ത്തി വരുന്ന അംബരചുംബികളായ ദേവാലയങ്ങള്‍, ഭണ്ഡാരത്തില്‍ നിറയെ പണം. റോമിലെ ഭരണാധികാരിയുടെ തിരുവായ്ക്ക് എതിര്‍വായ് ഇല്ലാത്ത സഭക്കും സമൂഹത്തിനുമുള്ളിലെ ''സമാധാനകാലം''.അക്കാലത്താണ് അയാള്‍ അസ്സീസിയുടെ തെരുവുകളില്‍ വന്ന് വിളിച്ചുപറയുന്നത്, ''സഭ ജീര്‍ണ്ണിച്ചു വീണുകൊണ്ടിരിക്കുകയാണ.്'' കേട്ടവരൊക്കെ അടക്കിച്ചിരിച്ചു കടന്നുപോയി. ''ബര്‍ണഡോണിന്റെ മകന് ഭ്രാന്താണ്''എന്ന വാര്‍ത്ത അസ്സീസിയില്‍ പരക്കാന്‍ ഏറെ നാള്‍ വേണ്ടിവന്നില്ല. എന്നാല്‍ ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം അത് നീണ്ട അന്വേഷണത്തിനൊടുവില്‍ കിട്ടിയ ഒരു വെളിപാടായിരുന്നു.
യൗവ്വനത്തിന്റെ പ്രാരംഭദശയില്‍ ആന്തരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോവുകയായിരുന്നു അയാള്‍. അനുഷ്ഠാനമതത്തിന് അതിന് ഉത്തരം കൊടുക്കാനൊട്ടായതുമില്ല. വലിയ കത്തീഡ്രലുകളും സാന്‍ ജോര്‍ജ്ജിയോ ഇടവകദേവാലയവും അതിലെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്രൂശിതനുമൊന്നും അയാളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. അവസാനം അയാള്‍ എത്തിനില്‍ക്കുന്നത് അവശിഷ്ടങ്ങള്‍ക്കിടയിലാണ്. അസ്സീസി പട്ടണത്തിന് പുറത്ത് താഴ്‌വരക്കാട്ടിനുള്ളില്‍ തകര്‍ന്നുപോയ ഒറ്റപ്പെട്ട ഒരു കൊച്ചുകപ്പേള. അതിന്റെ കല്‍ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന അഴകോ ആകാരഭംഗിയോ ഇല്ലാത്ത, ഒരു ലോയിന്‍ ക്ലോത്തു മാത്രം കലാകാരന്‍ വരച്ചുചേര്‍ത്ത, ഒരു ക്രൂശിതരൂപം. ആ ക്രൂശിതനില്‍ നിന്നാണ് അയാള്‍ക്ക് വെളിപാടുണ്ടായത്, ''പോവുക, എന്റെ ആലയം പുതുക്കിപ്പണിയുക.''രാജാധിരാജ സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്ത് ദരിദ്രനും വിനീതനും ക്രൂശിതനുമായ ക്രിസ്തുവാണ് അയാളെ പിന്നീട് നയിച്ചത്. അതുകൊണ്ടാണ് പിന്നീട് അയാള്‍ കണ്ട സ്വപ്നങ്ങളിലൊക്കെ കല്ലിലും മണ്ണിലും ബലവത്തായി പണിതുയര്‍ത്തിയ വന്‍ദേവാലയങ്ങളൊക്കെ തകര്‍ന്നുവീഴുന്നതും വഴിവക്കിലൂടെ മണികുലുക്കി നടന്നെത്തിയ ദുര്‍ഗന്ധം വമിക്കുന്ന കുഷ്ഠരോഗികളില്‍ ക്രിസ്തു അയാള്‍ക്ക് വെളിവാകുന്നതും.
സിനഗോഗുകളില്‍നിന്ന് പുറത്താക്കപ്പെട്ട, സ്വന്തമായ ദേവാലയമോ പ്രാര്‍ത്ഥനാ ഇടമോ ഇല്ലാത്ത ആദിമക്രൈസ്തവസമൂഹത്തിന്റെ തിരിച്ചറിവായിരുന്നു ദൈവത്തിന്റെ ആലയം മനുഷ്യന്‍തന്നെ എന്നത്. കല്ലിലും മണ്ണിലും പണിതതിനെയൊക്കെ ജീര്‍ണ്ണത കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ക്കും. മനുഷ്യരില്‍ പണിയുന്ന ആലയം സ്‌നേഹത്തിന്റെ ശ്രീകോവിലായി കാലത്തെ അതിജീവിക്കും. അതുകൊണ്ടാണ് മുപ്പതും അമ്പതും കോടിയുടെ ദേവാലയങ്ങള്‍ നമ്മുടെ ഇടയില്‍ തലയുയര്‍ത്തി വരുമ്പോള്‍ മധ്യകാലഘട്ടത്തില്‍ യൂറോപ്യന്‍ സഭയെ പിടികൂടിയ ജീര്‍ണ്ണത ഇവിടെയും എത്തിയിരിക്കുന്നുവോയെന്നു ഞാന്‍ ഭയക്കുന്നത്. സഭയെന്നാല്‍ സ്ഥാപനമാണെന്ന തെറ്റിദ്ധാരണ പരക്കെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. റോമില്‍ ഒരു നല്ലിടയന്‍ ഫ്രാന്‍സിസിന്റെ വഴിയില്‍ മനുഷ്യരില്‍ സഭയുടെ പുനര്‍നിര്‍മ്മിതി തുടങ്ങിയ കാലത്താണ് ഈ ആര്‍ഭാടസൗധങ്ങള്‍ ഉയരുന്നതെന്ന വൈരുദ്ധ്യം അല്‍പ്പം കഠിനമാണ്.'ഫ്രാന്‍സിസ്' ഒരു വ്യക്തിക്കിട്ട പേരല്ല, ഒരു ജീവിതശൈലിക്ക് കാലം ചാര്‍ത്തിക്കൊടുത്ത പേരാണ്. അതുകൊണ്ടാണ്''ദരിദ്രരെക്കുറിച്ചൊരു കരുതല്‍ വേണം'' എന്ന് ഏതോ ഒരു സഹയിടയന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ 'ഫ്രാന്‍സിസ്' എന്നാവട്ടെ ഇനി സഭയുടെ തലക്കെട്ട് എന്ന് ആ വലിയ ഇടയന്‍ നിശ്ചയിച്ചത്. സ്ഥാനമേറ്റ് മൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും അദ്ദേഹം തന്‍റെ ആഗ്രഹം പ്രകടിപ്പിച്ചു: “ദരിദ്രര്‍ക്ക് വേണ്ടി ദരിദ്രമായ ഒരു സഭയാണ് എന്‍റെ സ്വപ്നം.” ആ ഇടയന്‍ തെളിക്കുന്ന വഴി പിന്തുടരാന്‍ അജഗണത്തിനുള്ള ബാധ്യതയാണ് ഇന്ന് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത്.
കൂട്ടുകൂടി ആള്‍കൂട്ടമായി മാറിയ സന്യാസം
സത്യത്തില്‍ സന്യാസത്തിന്റെ വിത്തുകള്‍ എവിടെയാണെന്ന് പുനര്‍വിചിന്തനം ചെയ്യേണ്ട ഒരു കാലത്തിലാണ് സഭയിന്ന്. മറ്റൊരു മതത്തിലും കാണപ്പെടാത്തതുപോലെ സന്യാസം സ്ഥാപനവത്ക്കരിക്കപ്പെടുകയും പൊതുവത്ക്കരിക്കപ്പെടുകയും ചെയ്തിരിക്കുന്ന ഒരു ഇടമാണ് കത്തോലിക്കാ സഭാ. അതിന് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിട്ടുണ്ട്. ഒറ്റയ്ക്ക് ചെയ്താല്‍ പരിമിതമായി പോയേക്കാവുന്ന ചില നന്മകള്‍ കൂട്ടമായി ചെയ്യുമ്പോള്‍ സമൂഹത്തില്‍ പത്തിരട്ടിയും ഇരുപതിരട്ടിയും ഫലങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന തിരിച്ചറിവില്‍ ആണ് സന്യാസത്തിന്റെ കൂട്ടുജീവിതത്തിന്‍റെ തുടക്കം. ഒപ്പം ഒരേ മനസ്സോടെ ചിന്തിക്കുന്നവരോടോത്തുള്ള സഹവാസം വ്യക്തിജീവിതത്തിന് കൂടുതല്‍ ആവേശം പകരും എന്ന ചിന്തയും. എന്നാല്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ ഒരു വിശുദ്ധമായ ജീവിതം നയിക്കാന്‍ ലോകത്തില്‍ നിന്ന് വേര്‍തിരിക്കപ്പെട്ടു മാറ്റപ്പെട്ടവരുടെ കൂട്ടമാണ്‌ സന്യാസികളുടേത് എന്ന് ചിന്തിക്കാന്‍ തുടങ്ങുകയും അതിന് സ്വാതന്ത്ര്യത്തിന്‍റെ എല്ലാ വിശാലതകളേയും നിഷ്ഠകള്‍ കൊണ്ട് വിലക്കുകയും ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സന്യാസത്തിന് അതിന്‍റെ അന്തസത്ത നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. സാവകാശം ഉള്ളില്‍ സന്യാസത്തിന്റെ നിധിയാല്ലാത്തവര്‍ സ്ഥാപനം തരുന്ന സുരക്ഷിതത്വവും സാമൂഹ്യ അംഗീകാരവും നോക്കി അതില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുക കൂടി ചെയ്തപ്പോള്‍ ഈ സന്യാസസ്ഥാപങ്ങള്‍ ആള്‍ബലത്തിലും എണ്ണത്തിനും വര്‍ദ്ധിച്ചു. അത് സന്യാസത്തിന്റെ “സുവര്‍ണ്ണ കാല”മായി കാണുന്നവര്‍ ഇനിയെങ്കിലും ഒരു പുനര്‍ വിചാരണക്കിരിക്കണം.
അവിടെയാണ് സന്യാസത്തിന്റെ പുത്തന്‍ വഴിതെളിച്ച അസ്സിസിയിലെ ആ കൊച്ചു മനുഷ്യന്‍ നമ്മെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ പോകുന്നത്. ഇരുപത്തിരണ്ടാം വയസ്സില്‍ തനിക്കുതന്നെ വേണ്ടത്ര വ്യക്തതയില്ലാത്ത ജീവിതത്തിന്റെ ഒറ്റയാള്‍ വഴിയിലേക്ക് ഇറങ്ങിനടക്കുമ്പോള്‍ ചുറ്റും ഒരു കൂട്ടം സുഹൃത്തുക്കള്‍ കൂടെയുണ്ടാകുമെന്ന് അയാള്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. ആദ്യസുഹൃത്ത് ബെര്‍ണഡ് ക്വിന്റവാലെ കൂടെച്ചേരാന്‍ വരുമ്പോള്‍ അയാളെ പറഞ്ഞ് നിരുത്സാഹപ്പെടുത്തി അയയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു ഫ്രാന്‍സിസ്. പിന്നെ അത് അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും ദൈവവചനം സാക്ഷ്യപ്പെടുത്തുന്നതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്നും ബോധ്യപ്പെട്ടു കഴിയുമ്പോഴാണ് കൂടെ ചേരാന്‍ അയാളെ അനുവദിക്കുന്നത്. സ്വന്തം തിരിച്ചറിവില്‍, ഏതോ ഒരു ദര്‍ശനത്തിന്റെ വെളിച്ചത്തില്‍, അങ്ങനെയായിരുന്നു ആദ്യകാല സഹോദരന്മാരെല്ലാം ഒരുമിച്ചുകൂടിയത്.
എന്നാല്‍ കാലം പോയി. ഫ്രാന്‍സിസ് ആരാണെന്നറിയാത്തവരും നടക്കേണ്ട വഴിയെക്കുറിച്ച് ദര്‍ശനങ്ങളുടെ വ്യക്തതയില്ലാത്തവരും എന്തൊക്കെയോ ചില സുരക്ഷിതത്വങ്ങളെ കണ്ട് ആ സാഹോദര്യസമൂഹത്തിന്റെ ഭാഗമാകാന്‍ തുടങ്ങി. കാര്യങ്ങളൊക്കെ ഫ്രാന്‍സിസിന്റെ കൈപ്പിടിയില്‍ നിന്നു വിട്ടുപോവുകയായിരുന്നു. അതേസമയം താന്‍ ജീവിക്കാനാഗ്രഹിച്ച സന്ന്യാസ സ്വപ്നത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഫ്രാന്‍സിസ് തയ്യാറായതുമില്ല. അതുകൊണ്ടാണ് മരണക്കിടക്കയിലും അയാള്‍ സഹോദരന്മാരോടിങ്ങനെ പറയുന്നത്, ''എന്റെ സഹോദരന്മാരേ, കാലം മാറിമറിയുമെന്ന് എനിക്കറിയാം. പുത്തന്‍ സംസ്‌ക്കാരങ്ങള്‍, പുത്തന്‍ സമ്മര്‍ദ്ദങ്ങള്‍, പുതിയ ആവശ്യങ്ങള്‍ എന്നിവ ഉണ്ടാകും. എന്നാല്‍ ഒരു കാര്യം മാത്രം ഞാന്‍ നിങ്ങളോട് യാചിക്കുകയാണ് - എന്റെ കഥകള്‍ നിങ്ങളുടെ സ്വപ്നങ്ങളെ തൊടണം. എന്റെ സ്വപ്നങ്ങള്‍ നിങ്ങളുടെ കഥകളാകണം.'''
''
തെരുവിനെ ഞാനെന്റെ ആവൃതിയാക്കു''മെന്നു പറഞ്ഞ് തുടങ്ങിയ സന്ന്യാസജീവിതശൈലി ഏലിയാസ് സഹോദരന്റെ കീഴില്‍ സ്ഥാപനവത്കൃത രൂപങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. അക്കാലങ്ങളില്‍ ഫ്രാന്‍സിസും അദ്ദേഹത്തിന്റെ ഹൃദയത്തെ അടുത്തറിഞ്ഞ ആദ്യകാല സുഹൃത്തുക്കളും ആള്‍ക്കൂട്ടമായി മാറിയ സഹോദരസമൂഹത്തില്‍നിന്ന് ഒരകലം പാലിച്ച് അല്‍വേര്‍ണയിലും സുബാസിയോ മലഞ്ചെരുവിലുമായി ഏകാന്തവിചിന്തനത്തില്‍ ഈ ആന്തരിക സംഘര്‍ഷത്തെ നേരിടുകയായിരുന്നു. ഇത് സന്ന്യാസത്തിന്റെ ആദര്‍ശങ്ങളും സാഹോദര്യത്തിന്റെ മൂല്യച്യുതിയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. ആദര്‍ശത്തിനു വേണ്ടി സാഹോദര്യം ത്യജിക്കണമോ സാഹോദര്യത്തിനു വേണ്ടി ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കണമോ - ഇതായിരുന്നു ഫ്രാന്‍സിസിന്റെ സംഘര്‍ഷം. ഇതാണ് സന്ന്യാസത്തിന്റെ വലിയ സംഘര്‍ഷങ്ങളില്‍ ഒന്ന്- കൂടെനിന്ന് ഒരേ ദര്‍ശനങ്ങള്‍ ജീവിക്കാമെന്ന് വാക്കുപറഞ്ഞവര്‍ വിശ്വാസവഞ്ചന കാണിക്കുമ്പോഴും നിങ്ങള്‍ക്കു നിങ്ങളുടെ വാക്കുകളോടും ദര്‍ശനങ്ങളോടും വഞ്ചന കാണിക്കാന്‍ കഴിയാത്ത അവസ്ഥ.
സന്യാസത്തിന്റെ പ്രതിസന്ധി
ഇപ്പോഴത്തെ സന്യാസത്തിന്റെ പ്രതിസന്ധി ഏറെപ്പേര്‍ സന്യാസസഭകളില്‍ ചേരുന്നില്ല എന്നതാണെന്ന് പൊതുവില്‍ പറയപ്പെടുന്നു. എന്നാല്‍ മുന്‍കാലങ്ങളില്‍ ഏറേപ്പേര്‍ സന്യാസസഭകളില്‍ ചേര്‍ന്നിരുന്നു എന്നതാണ് സന്യാസത്തെ ഇത്രയും പ്രതിസന്ധിയില്‍ ആക്കിയ സംഗതി. കുടുംബജീവിതമാണ് പ്രകൃതിദത്തമായി (natural way) ഏതൊരു മനുഷ്യനും ജീവിക്കേണ്ട ദൈവീകമായ ജീവിതശൈലി. സന്യാസ മനസ്സ് പ്രകൃതിദത്തമായ സാധാരണ ജീവിതശൈലിക്കുള്ളില്‍ ഒതുങ്ങുന്നതല്ല (supernatural way). അത് എല്ലാക്കാലത്തും അത്യപൂര്‍വ്വമായിരുന്നു. അതുകൊണ്ട് തന്നെയാണ് മുഖ്യധാരാ ഇസ്ലാം, യൂദ, സിക്ക് മതങ്ങളില്‍ ഒന്നും സന്യാസത്തിന്റെ പാരമ്പര്യം നാം കാണാത്തത്. കുടുംബജീവിതം അത്യന്തീകമായി ഒരു ഉള്‍വിളി ആയിരിക്കുന്നതുപോലെ ചിലരില്‍ സന്യാസം ആത്യന്തീകമായയൊരു ഉള്‍വിളിയാണ്. ഈ ഉള്‍വിളി ലഭിച്ചവര്‍ കുടുംജീവിതത്തില്‍ ചെന്നുപ്പെടുകയെന്നാല്‍ വിവാഹിതരായിജീവിക്കേണ്ടവര്‍ ബ്രഹ്മചര്യം സ്വയം ഏറ്റെടുക്കുന്നതു പോലെയായിരിക്കും.
സ്വതസിദ്ധ പ്രേരണയില്‍ തികച്ചും സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കേണ്ട ഒരു 'നാച്യുറല്‍ ട്രെയിറ്റ്' ആണ് സന്യാസം. അതാണ്‌ “സുവിശേഷത്തിന്റെ സന്തോഷ”ത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറയുന്നത് (#6,7). ദൈവരാജ്യത്തിന് വേണ്ടിയുള്ള ഷണ്ഡത്വം നിധിപോലെ ഉള്ളില്‍ കിട്ടുന്നവര്‍ അപൂര്‍വ്വമാണ്. അത് അങ്ങനെതന്നെയായിരിക്കുകയും വേണം. വയലിലെ ഈ നിധി കണ്ടെത്താത്തവരാരും സ്വന്തം കൈയ്യിലെ സമ്പത്ത് വിറ്റുതുലയ്ക്കരുത്. കണ്ടുകിട്ടുന്നവരോ അതീവ സന്തോഷത്തില്‍ കയ്യില്‍ ഉള്ളതെല്ലാം വിറ്റ് അത് സ്വന്തമാക്കും. അവര്‍ക്ക് കൈമോശം വരുന്നതിനെക്കുറിച്ചല്ല ചിന്ത, കൈവരുന്ന സത്യത്താല്‍ സ്വതന്ത്രമാക്കപ്പെടുന്ന ആനന്ദത്തെക്കുറിച്ചായിയിരിക്കും. അങ്ങനെയാണ് ഒരു ഉപേക്ഷ വലിയൊരു ആനന്ദമായിമാറുന്നത്. നീണ്ട അങ്കിയും അവിവാഹിത ജീവിതവും നീട്ടിവളര്‍ത്തിയ താടിയും മുണ്ഡനം ചെയ്ത തലയും സന്ന്യാസഭവനത്തിന്റെ നിഷ്ഠകളും ഉരുവിടുന്ന ജപങ്ങളും ആരെയും സന്ന്യാസിയാക്കില്ല എന്നോര്‍ക്കണം.
സ്വന്തം മനസ്സിന്‍റെ പ്രകൃതിദത്തമായ ചായ്‌വിനെ മനനം ചെയ്ത് കണ്ടുപിടിക്കുന്നതാണ് ദൈവവിളി തിരിച്ചറിവ്. വലിയ താത്പര്യമൊന്നും കാണിക്കാത്ത കുട്ടികളെപ്പോലും ചില ബാഹ്യമായ ഇന്സെന്റിവ് കൊടുത്ത് സന്യാസസഭകളിലേക്ക് ആകര്‍ഷിക്കുന്ന ചില ദൈവവിളി ക്യാമ്പുകളില്‍ ഈ വ്യക്തിപരമായ മനനം പോലും പ്രവര്‍ത്തീകമായിക്കൊള്ളണമെന്നില്ല. “ഉപ്പിലിട്ട മുളകുപോലെ ആയിരിക്കരുത് നിങ്ങളുടെ മുഖങ്ങള്‍” എന്ന് സന്യാസാര്‍ത്ഥികളോടും വൈദീകവിദ്യാര്‍ഥികളോടും പറഞ്ഞ മാര്‍പ്പാപ്പ “സമര്‍പ്പിത വര്‍ഷ”ത്തിന്‍റെ തുടക്കം കുറിച്ചുകൊണ്ടുള്ള  പ്രസംഗത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു: “സമര്‍പ്പിത ജീവിതം വളരുന്നത് ദൈവവിളി ക്യാമ്പ് നല്ല രീതിയില്‍ സംഘടിപ്പിച്ചു കൊണ്ടല്ല. സന്യാസികള്‍ സന്തുഷ്ടരായി കാണപ്പെടുമ്പോള്‍ പുതുതലമുറ അവരിലേക്ക് ആകര്ഷിക്കപ്പെട്ടുകൊണ്ടാണ്.” ആരും പിന്നാലെ പോയി വിളിച്ചില്ലെങ്കിലും വിളി ഉള്ളില്‍ കിട്ടിയവര്‍ തേടിയിറങ്ങും. ദൈവവിളി പ്രോത്സാഹനത്തിന് “സുവിശേഷം പ്രസംഗിച്ചില്ലെങ്കില്‍ എങ്ങനെ കേള്‍ക്കും” എന്ന അപ്പസ്തോലന്റെ ചോദ്യത്തിന്‍റെ വിലയേയുള്ളൂ. വിത്തുകളൊക്കെ അവിടെ നേരത്തെ തന്നെ ഉണ്ടായിരുന്നു, ആരൊക്കെയോ വളവും വെള്ളവുമായി പോകുന്നെന്നേയുള്ളൂ. 
സന്ന്യാസിനികളുടെ അംഗബലം കുറയുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഭയപ്പെടുകയല്ല വേണ്ടത്, സന്ന്യാസത്തിന്റെ ഉള്‍ക്കാമ്പ് തെളിയാന്‍ പോകുന്നതിന്റെ തുടക്കമായി കണ്ടാല്‍ മതി. സന്ന്യാസത്തില്‍ വലിയ ആള്‍ക്കൂട്ടത്തെയാണ് നാം ഭയപ്പെടേണ്ടത്. ആള്‍ക്കൂട്ടം ചെറിയ അജഗണമല്ല, അല്‍പം പുളിമാവല്ല, ‘നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ’ എന്ന ചോദ്യത്തിന് ശേഷവും നില്‍ക്കുന്ന ഒരു ചെറുകൂട്ടം മനുഷ്യരല്ല. അതുകൊണ്ടുതന്നെ അവരെക്കൊണ്ട് ദൈവരാജ്യ ശുശ്രൂഷയില്‍ വലിയ ഗുണമുണ്ടാവില്ലെന്നു മാത്രമല്ല തിന്മയായി ഭവിച്ചേക്കാം.
  
പുരുഷസന്ന്യാസികള്‍ക്കിടയില്‍ ഈ പ്രശ്‌നമില്ലല്ലോ, അവരുടെ അംഗബലത്തില്‍ വര്‍ദ്ധനവുണ്ടാവുകയല്ലേ ചെയ്തത് എന്ന സ്വാഭാവികമായ ഒരു സംശയം തോന്നാം. അത് വാസ്തവമല്ല. അവര്‍ക്കിടയിലുമുണ്ട് ഈ അംഗശോഷണം. ഒരു പക്ഷേ സന്ന്യാസിനിസമൂഹങ്ങളെ ബാധിച്ചതിനേക്കാള്‍ ഭീകരമായി. പുരുഷന്മാരുടെ ഇടയില്‍ വര്‍ദ്ധിച്ചിരിക്കുന്നത് പൗരോഹിത്യത്തോടുള്ള ആവേശമാണ്. പൗരോഹിത്യം സഭയുടെ വ്യവസ്ഥാപിത ചട്ടക്കൂടിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശുശ്രൂഷയാണ്. അതിന് സഭ നിശ്ചയിച്ചിരിക്കുന്ന വളരെ നിയതമായ കടമകള്‍ ചെയ്യാനുണ്ട്. അതില്‍ വ്രതബദ്ധമായ ജീവിതത്തിന്റെ ശൈലികളൊന്നും ബാധകവുമല്ല. പൗരോഹിത്യം ഒരു ശുശ്രൂഷാദൗത്യമാണ്,സന്ന്യാസം ഒരു ജീവിതശൈലിയാണ്. അതുകൊണ്ടാണ് “കേവല പുരോഹിത്യം” (absolute ordination) എന്നൊന്ന് സഭയില്‍ ഇല്ലെന്ന് കാനോന നിയമം അനുശാസിക്കുന്നത്. സഭാ ശുശ്രൂഷയ്ക്ക് ആവശ്യമുള്ള അത്രയും പേരെ (അതിനായി സ്വയം സമര്‍പ്പിക്കാന്‍ മനസ്സുള്ളവരെ) മാത്രം ശുശ്രൂഷ പൌരഹിത്യത്തിലേക്ക് പ്രവേശിപ്പിക്കുക എന്നതാന് നമ്മുടെ മുന്‍പാരമ്പര്യം. ഇപ്പോള്‍ ആന്ധ്രയില്‍ ചില രൂപതകള്‍ അവര്‍ക്ക് ആവശ്യത്തിന് പുരോഹിതര്‍ ഉള്ളതുകൊണ്ട് പുതിയ വൈദീകാര്‍ത്ഥികളെ സ്വീകരിക്കുന്നത് നിര്‍ത്തി വെച്ചിരിക്കുകയാണ്. എന്നാല്‍ “അമ്മയുടെ ഉദരത്തില്‍ ഉരുവാകും മുന്‍പേ, അനാദിയിലെ തിരഞ്ഞെടുത്തു” എന്ന നിരന്തര സൂചനകൊണ്ട് പൌരോഹിത്യത്തെ കുടുംബജീവിതത്തോടും സന്യാസജീവിതത്തോടും ഏകസ്ഥജീവിതത്തോടും തുലനം ചെയ്ത് അത് ഒരു ജീവിതവിളിയാണ് എന്ന ധാരണ സഭയില്‍ നിരന്തരം സൃഷ്ടിക്കപ്പെടുകൊണ്ടിരിക്കുകയാണ്. ചില അച്ചടക്ക പാലനത്തിന്റെ ഭാഗമായി കത്തോലിക്കാ സഭയില്‍ പുരോഹിതര്‍ക്ക് കുടുംബജീവിതം വിലക്കുന്നുവേന്നെയുള്ളൂ. അതുപോലെ തന്നെ സഭാശുശ്രൂഷയ്ക്ക് ആവശ്യമെങ്കില്‍ സന്നദ്ധരായ സന്യാസികളേയും ഏകസ്ഥരേയും പുരോഹിതരാക്കുകയും ചെയ്യാം. അതിന്‍റെ അര്‍ത്ഥം പരോഹിത്യം ഒരു സഭാശുശ്രൂഷവിളി ആയിരിക്കുമ്പോള്‍ സന്യാസവും കുടുംബജീവിതവും ഒരു ജീവിതവിളിയാണ്. (വൈകാരിക പ്രതിസന്ധിയില്‍ പെട്ടുപോകുന്നത് സന്യാസത്തിലേക്ക് ആത്യന്തീക ദൈവവിളി സ്വീകരിക്കാത്ത വൈദീകര്‍ കുടുംബജീവിതം ഉപേക്ഷിച്ച് സന്യാസികളെപ്പോലെ ജീവിക്കേണ്ടിവരുമ്പോഴാണ്).
പുരുഷസന്യാസത്തിന്റെ പ്രതിസന്ധി ഇപ്പോള്‍ പൌരോഹിത്യവുമായി ഇടകലര്‍ന്നു കിടക്കുന്നു. സത്യത്തില്‍ സന്യാസജീവിത ലക്ഷ്യവുമായി സന്യാസസഭകളില്‍ ചേരുന്നവരുടെ എണ്ണം അന്യം നിന്ന രീതിയിലാണ്. സന്ന്യാസത്തില്‍നിന്ന് പൗരോഹിത്യത്തെ പൂര്‍ണ്ണമായി അടര്‍ത്തിമാറ്റി നോക്കൂ. അപ്പോള്‍ കാര്യങ്ങളുടെ കാമ്പു തെളിയും. പൗരോഹിത്യപട്ടം കിട്ടിയില്ലെങ്കില്‍ ഒരു ചെറുപ്പക്കാരനും സന്ന്യാസസഭയില്‍ ചേരില്ല എന്ന നിലവന്നിരിക്കുന്നു. (സന്യാസികളായി മാത്രം ജീവിച്ച പുരുഷസന്യാസസമൂഹങ്ങളില്‍ ചിലത് നിലനില്‍പ്പിനെ പ്രതി വൈദീക-സന്യാസത്തിലേക്ക് ചേക്കേറുകയോ മറ്റ് ചിലത് അന്യം നില്‍ക്കലിന്റെ വക്കോളം എത്തുകയോ ചെയ്തിട്ടുണ്ട്). കേരളസഭ പുരോഹിതരെ കൊണ്ട് നിറയുകയും പുതുതായി വരുന്ന പുരോഹിതര്‍ സാര്‍വ്വത്രിക സഭയുടെ മിഷന്‍ മേഖലയിലേക്ക് പോകാന്‍ തയ്യാറല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സന്യാസസമൂഹങ്ങളില്‍ നിന്ന് എത്രമാത്രം സന്യാസികളെ വൈദീകപട്ടം കൊടുക്കണം എന്ന ഒരു പുനരാലോചന സഭാധികാരികളുടെ ഭാഗത്തുനിന്ന് എത്രയും നേരത്തെ ഉണ്ടാവേണ്ടതാണ്. പൗരോഹിത്യത്തില്‍ ഒരു ജോലി ചെയ്യുന്നതിന് കിട്ടുന്ന സാമൂഹിക-മാനസിക സംതൃപ്തിയും അംഗീകാരങ്ങളുമുണ്ട്. എന്നാല്‍ സന്ന്യാസം ഒരു ജീവിതശൈലി മാത്രമാകുന്നതു കൊണ്ട് ആ ജീവിതശൈലിയെ പ്രണയിക്കുന്നവര്‍ക്കേ അതിന്റെ ആനന്ദം കണ്ടെത്താനാവൂ. ‘വൈദീകന്‍ ആയില്ലെങ്കില്‍ നിങ്ങള്‍ എന്തുചെയ്യും’ എന്ന ചോദ്യത്തിന് മുന്നില്‍ ഓരോ പുരുഷസന്യാസിയും നില്‍ക്കണം. സന്ന്യാസം ആള്‍ക്കൂട്ടമാകുമ്പോള്‍ അത് അപകടാവസ്ഥയിലെന്ന് സാരം.
കരുണയുടെ ഇടയന്‍
സഭയ്ക്ക് നഷ്ടമായത് അതിന്റെ കാരുണ്യഭാഷ ഭാഷയാണ്‌. അതുകൊണ്ടു തന്നെ നമ്മുക്ക് ഒരു കരുണയുടെ വര്‍ഷം ആചരിക്കണം. വയലിലെ ലില്ലികളെ നോക്കി, ആകാശപ്പറവകളെ നോക്കി, വഴിവക്കില്‍ വീണുകിടക്കുന്ന മനുഷ്യരെ നോക്കി, ധൂര്‍ത്തിന്റെ വഴിയില്‍നിന്ന് സ്‌നേഹത്തിന്റെ തറവാട്ടുവീട്ടിലേക്ക് മടങ്ങിവരുന്ന ശിരസ്സ് കുനിഞ്ഞ മനുഷ്യരെ നോക്കി, വേശ്യപ്പെണ്ണിന്റെ കണ്ണീരിലേക്ക് നോക്കി കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും കഥകള്‍ ചൊല്ലിയ ഗുരുവില്‍നിന്ന് ശിക്ഷ -രക്ഷകളുടേയും ദൈവത്വ-മനുഷ്യത്വത്തിന്റേയും ഏകത്വ-ത്രിത്വത്തിന്റേയും ബൗദ്ധികദൈവശാസ്ത്ര ചര്‍ച്ചകളിലേക്ക് എത്തിയപ്പോഴേക്കും സഭ ക്രിസ്തുവില്‍ നിന്ന് ഏറെ ദൂരത്ത്‌ പോയിരുന്നു.
സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല എന്ന മനുഷ്യത്വത്തിന്റെ വിശാല നിലപാടെടുക്കാന്‍ ഒരു കാരുണ്യ ഹൃദയത്തിനേ കഴിയൂ. സന്ന്യാസ ആശ്രമങ്ങളും വൈദിക പരിശീലനക്കളരികളും ജീവിതത്തിന്‍റെ പച്ചയായ പരിഛെദം നഷ്ടപ്പെടുത്തി, സമൂഹത്തിന്‍റെ മധ്യത്തില്‍ നിന്ന് പറച്ചുമാറ്റപ്പെട്ട്, കഥകളേയും കവിതകളേയും ഉപമകളേയും പുറത്താക്കി, പകരം കാനോനിക നിയമസംഹിതകളും ആരാധനാനിഷ്ഠകളും കണിശമാക്കാന്‍ തുടങ്ങിയപ്പോള്‍ സഭക്ക് നഷ്ടമായത് ധൂര്‍ത്തപുത്രനെ വഴിയോരക്കണ്ണുമായി കാത്തിരിക്കുന്ന പിതാവിന്റെ ഹൃദയവും മനുഷ്യത്വത്തിനുവേണ്ടി സാബത്തുനിയമം ലംഘിക്കാനുള്ള ഹൃദയവിശാലതയും അവസാന മണിക്കൂറില്‍ ജോലിക്കെത്തിയ ദുര്‍ബ്ബലനായവനും ആദ്യമണിക്കൂറില്‍ ജോലിക്കെത്തിയവനും ഒരേ കൂലി കൊടുക്കുന്ന യജമാനന്റെ നീതിബോധവുമാണ്.
കാരുണ്യം മതത്തില്‍നിന്ന് ചോര്‍ന്നുപോയാല്‍ അവിടെ തഴയ്ക്കാന്‍ പോകുന്നത് പ്രായോഗികവാദമാണ്. അതുകൊണ്ടാണ് ബുദ്ധന്‍ അനുഷ്ഠാന മതത്തെ തള്ളിക്കളഞ്ഞ് കാരുണ്യത്തെക്കുറിച്ച് മാത്രം സംസാരിച്ചത്. “ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്ന്” പാലസ്തീനായിലെ ആ ഗുരു അസന്നിക്തമായി പ്രഖ്യാപിച്ചത്. പോപ്പ് ഫ്രാന്‍സിസ് ഇടയന്മാരെകേണ്ട വൈദീകരോട് പറയുന്നു: “കാരുണ്യം കാണിക്കുന്നതില്‍ നിങ്ങള്‍ക്ക് ഒരിക്കലും മടുപ്പുളവാകരുത്.” കാരുണ്യം നഷ്ടപ്പെട്ടാല്‍പ്പിന്നെ ഒരിടയനും കൂടെ നില്‍ക്കുന്ന അനുസരണവും വിധേയത്വവുമുള്ള തൊണ്ണൂറ്റൊന്‍പത്  ആടുകളെയും വിട്ട് നഷ്ടപ്പെട്ട ഒന്നിന്റെ പിന്നാലെ പോകില്ല. സ്വന്തം പങ്കു വാങ്ങിപോയ ധൂര്‍ത്തനുവേണ്ടി ഒരു പിതാവും ഇനിയൊരു ചില്ലിക്കാശുപോലും വ്യയം ചെയ്യില്ല. മക്കള്‍ക്കുവേണ്ടി ഒരുക്കപ്പെട്ട മേശയില്‍ ഒരു ചുങ്കക്കാരനും വേശ്യയും മുടന്തനും കുഷ്ഠരോഗിയും കയറിയിരിക്കില്ല. മക്കളുടെ അപ്പം മക്കള്‍ മാത്രം ഭക്ഷിക്കും. അങ്ങനെ നീതിമാന്മാരുടെയും ആരോഗ്യവാന്മാരുടെയും ദൈവരാജ്യത്തിന്റെ മക്കളുടെയും വിശുദ്ധ ഇടമായി സഭ നിലകൊള്ളും. അപ്പോള്‍ ഒരാള്‍ മാത്രം പുറത്തുനില്‍ക്കുന്നുണ്ടാവും, ക്രിസ്തു എന്ന കരുണാമയന്‍.
സന്യാസത്തിന്റെ പ്രവാചക ദൌത്യം
സന്യസ്തരോടും പുരോഹിതരോടും ഫ്രാന്‍സിസ് മാര്‍പ്പാപ്പക്ക് പറയാനുള്ളത് ഇതാണ്: “അടഞ്ഞുകൂടി അനാരോഗ്യമാവുകയും സ്വന്തം സുരക്ഷിതത്വത്തോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കുകയും ചെയ്യുന്ന ഒരു സഭയേക്കാള്‍ എനിക്കിഷ്ടം മുറിവേറ്റ, വേദനിക്കുന്ന, ദുര്‍ഗന്ധം വമിക്കുന്ന ഒരു സഭയാണ്. കാരണം ആ സഭ പുറത്ത് തെരുവിലാണ്.” ഇതേ മനസ്സ് സൂക്ഷിച്ചിരുന്നു അസ്സിസിയിലെ ഫ്രാന്‍സിസ് എന്ന ആ ദരിദ്ര ഭിക്ഷുവും. സന്യാസം ചുറ്റുമതിലുകള്‍ക്കുള്ളിലും, ആവൃതികള്‍ക്കുള്ളിലും സുരക്ഷിതമായി അടഞ്ഞുകൂടി ജീവിച്ചിരുന്ന കാലത്ത് പാശ്ചാത്യസമൂഹത്തില്‍ ഫ്രാന്‍സിസ് ആരംഭിച്ചത് സന്യാസ ചരിത്രത്തിലെ തന്നെ വ്യത്യസ്തമായ ഒരു മുന്നേറ്റമായിരുന്നു - അലയുന്ന സന്യാസികളുടെ സമൂഹം (മെന്‍ഡിക്കന്‍സ്). ഗ്രാമങ്ങളിലും പര്‍ണ്ണശാലകളിലും പട്ടണങ്ങളുടെ തെരുവോരങ്ങളിലും അവര്‍ സന്യാസം ജീവിച്ചു. 'കുറുനരികള്‍ക്ക് മാളങ്ങളുണ്ട്, ആകാശപറവകള്‍ക്ക് കൂടുകളുമുണ്ട്, മനുഷ്യപുത്രനു തലചായ്ക്കാനിടമില്ല' എന്നു പറഞ്ഞു ജീവിതം മുഴുവന്‍ സഞ്ചാരിയായി അലഞ്ഞ പാലസ്തീനായിലെ ഗുരുവിന്റെ കാലടികളെ തേടിയ ഒരു മുന്നേറ്റമായിരുന്നു അത്. അതേ വഴിയിലായിരുന്നു കല്‍ക്കാത്തയിലെ ആ അമ്മയും. ആചാരപരമായി പോകുന്ന ഒരു മതത്തില്‍ നിന്ന് ആത്മീയതയെ തിരിച്ചുപിടിക്കാന്‍ ശ്രമിച്ച സഭാപിതാവ് സന്യാസിയായ ജോണ്‍ ക്രിസോസ്റ്റം പറഞ്ഞതിങ്ങനെ: “കര്‍ത്താവു തന്നെ പട്ടിണികിടക്കുമ്പോള്‍ എന്തിനാണ് സ്വര്‍ണ്ണ പാനപാത്രം കൊണ്ട് നിങ്ങളിങ്ങനെ കര്‍ത്താവിന്റെ മേശയെ ഭാരപ്പെടുത്തുന്നത്? ആദ്യം വിശക്കുന്നവന് ആഹാരം കൊടുക്കുക, പിന്നെ എന്തെങ്കിലും ശേഷിക്കുന്നെങ്കില്‍ അത് കര്‍ത്താവിന്റെ മേശയില്‍ ചിലവിടുക.” അനുഷ്ഠാനപരമായി അധ:പതിക്കുന്ന സഭയില്‍ പ്രവാചക ധര്‍മ്മമാണ് സന്യാസികളുടേത്  എന്ന് മാര്‍പ്പാപ്പ സന്യാസികളെ ഓര്‍മ്മപ്പെടുത്തുകയാണ്: “ലോകത്തെ ഉണര്‍ത്തേണ്ട പ്രവാചക ദൌത്യമാണ് നിങ്ങളുടേത്. ക്രിസ്തു ഈ ലോകത്തില്‍ ജീവിച്ചതുപോലെ ജീവിക്കേണ്ട പ്രവാചകരാണ് നിങ്ങള്‍. പ്രാചകദൌത്യം ഉപേക്ഷിച്ചാല്‍ പിന്നെ സന്യാസത്തിന് അന്തസതയില്ല.” (സകല സമര്‍പ്പിതര്‍ക്കും വേണ്ടിയുള്ള അപ്പസ്തോലിക ലേഖനം, 21 നവം.  2014)സഭയെ നിരന്തരം നവീകരിക്കുകയും കാലത്തിന് മുന്‍പേ യാത്രചെയ്യുകയും ചെയ്യുക എന്നതാണ് പ്രവാചക ധര്‍മ്മം. പ്രവാചക ധര്‍മ്മം ജീവിക്കേണ്ടത് ജനമദ്ധ്യത്തില്‍ ആണ്. ഒരു വശത്ത്‌ സന്യാസികള്‍ തങ്ങളുടെ ജീവിതത്തെ വൈദീക ശുശ്രൂഷകൊണ്ട് പകരം വെക്കാനും ജപങ്ങളും പ്രാര്‍ഥനകളും മാത്രമായി ദേവാലയത്തിന് ഉള്ളിലേക്ക് ഉള്‍വലിയാനും ശ്രമിക്കുമ്പോള്‍ മറുവശത്ത്‌ ലോകത്തിലെങ്കിലും ലോകത്തിന്‍റെതല്ലാതെ ജീവിക്കാനുള്ള അവരുടെ വിളിയെ ജനമദ്ധ്യത്തില്‍ ഉപേഷിച്ച് പിന്മാറുകയാണ്. സന്യാസത്തിന്റെ ഉള്ളറിയാത്ത സന്യാസികള്‍ തന്നെയാണ് സന്യാസത്തിന്‍റെ വില കെടുത്തിയത്. “മതം മാറ്റത്തിലൂടെയല്ലാതെ ആകര്‍ഷണത്തിലൂടെ വളരേണ്ട സഭ”ക്കാണ് സന്യാസികള്‍ സാക്ഷ്യം വഹിക്കേണ്ടതെന്ന് ആ വലിയ ഇടയന്‍ പറയുമ്പോള്‍ സഭയെ ലോകത്തിന്‍റെ ഉപ്പും പുളിമാവും ആക്കേണ്ട ദൌത്യമാണ് അവരുടേത് എന്ന ഓര്‍മ്മപ്പെടുത്തലാണ്. ഉപ്പും പുളിമാവും കുറച്ചേ വേണ്ടു, അത് ജാതി-മത-ഭാഷാ-ദേശ വൈവിധ്യങ്ങള്‍ക്കപ്പുറം പ്രവാചകധര്‍മ്മത്തിന്റെ പുളിയായി, ഉപ്പായി, പടരും. എന്നാല്‍ ഉപ്പിന് ഉറകെട്ടുപോയാല്‍ എന്തുചെയ്യും? വലിച്ചെറിയപ്പെട്ടു മനുഷ്യരാല്‍ ചവിട്ടപ്പെടുന്ന ഒരു കാലം ഭാവിയില്‍ അസാധ്യമല്ലെന്ന് ഓര്‍ക്കുക.

Tuesday, January 12, 2016

“Food-reliance” (Bhakshya Swaraj)

Since we are a people condemned to consume all that is available in the market with a pinch of fear of death in it, bio-farming and bio-living are becoming increasingly relevant in our times. However, the farmers who have to seek a solution for this jeopardy are facing severe health, financial and agricultural crises. It is an era in which we need to pay greater attention in helping out the farmers who are day-to-day becoming helpless in meeting their basic needs to become self-reliant. As we know food, clothing, and shelter are the three basic human needs. Among these needs need for food is primary in comparison with the need for clothing and shelter.
Now there is a growing hijacking of the corporates in the field of agriculture.  Multi-national companies and the corportates today pretend as the saviours of the farmers by providing them with seeds, manures, pesticides, insecticides and “technical assistance and knowledge” in agriculture. The poor farmers do not understand the strategic undercurrents that make them slave workers at their own farming field.
Once the farmers attain self-reliance in all the areas of farming, such as seed production, manuring , irrigation, pest and insect control, cropping and marketing, uncertainties in food availability can be removed in places where such farmers live. We cannot trivialize it calling food security or secure food. This is actually “Food-reliance” (Bhakshya Swaraj), a social and political food production act in which people take complete control over what they eat. This is not just a beautiful ideal or philosophy; it includes an action-plan to concretize what is preached.
The fundamental of Bhakshya Swaraj is the motto that “all those who eat have a duty to produce food.” This motto is oriented towards keeping the third party food market away from the farmers. It is in the food market the farmers are cheated, betrayed and victimized. We need to bring back village market system, barter system of food exchange and local food hubs.
The second motto of Bhakshya Swaraj is “food at hand, health in return.” Once we are able to produce poison-free organic food for ourselves at home we can keep away the food market that sells us poisoned food. That way we can also get rid of the “health market” that exploits us every day in the form of all sophisticated treatments.
If we can adopt the above mentioned two mottos that will naturally accelerate our growth towards a complete Bhakshya Swaraj. In our own surroundings dozen kinds of leafy vegetables are available even without human farming. We only need to identify and gather them. They are poison free, effort free and rich in nutrition.
Another important milestone in building a Bhakshya Swaraj is to reduce the amount of grains in our food habit, instead include more of root vegetables and bulbs. Grains, root vegetables and bulbs equally provide starch nutrition for human body. If that be the case we must calculate the human energy spend, the water used, the area of farming land occupied and the production quantity of roots and bulbs in comparison to grains. Vegetable roots and edible bulbs need only less of human energy, less of irrigation, less area of cultivation, and less care against pests and insects. However, interestingly their production is ten times more than the production of grains from a certain square feet of land.
Another important aspect of Bhakshya Swaraj is to give importance to the cultivation of local food items. Going after exotic vegetables, grains and fruits people spend much of their energy, time and money just for fancy sake which may not bring about lasting effects in cultivation. We need to depend more on those food items that naturally grow in our climatic conditions. If not for fancy and fashion why we go after European winter fruits like straw berry, apple, plum, peach and Malaysian exotic fruits like mangostine, rambuttan, pulasan etc.! Fruits that are adaptive to our climatic situation is more tastier and rich in nutrition than exotic ones. We can simply grow tropical fruits like papaya, jackfruit, bell fruit, mango, pineapple etc. in plenty.
When we speak of organic cultivation there is a growing misunderstanding that it is a vegetarian culture of farming that stand totally against fish, egg and meat. That is not true. What Bhakshya Swaraj envisions is home grown fish, egg and meat. Today non-vegetable food items are completely under the control of competitive market where a genuine farmer has no say. And it is the non-vegetarian food items that are most poisoned ones in the market. Why can’t we think of organic fish, egg and meat?
All that have been said are not completely new things. We have doubts only about the practicality of what have been said. But you must know all that I have said is on the basis of my own personal experience and experiments with cultivation. Therefore, I would strongly be affirmative on not to doubt its practicality. IT IS PRACTICAL. By profession I am an advocate. Including 3 children there are 7 family members in my house. We produce more than 70% of all that we consume in our domestic farm. Besides, last year I sold 3 tons of organic food items worth Rs/- 50,000 at market. We use just 30 cents of land for the production of food items. We cultivate all kinds of tropical vegetables, yam, colocasia, tapioca, turmeric, ginger, papaya, banana, pepper, coffee etc. Other than that we grow hens for egg, fish, quail birds (kadakkozhi), guinea pigs etc. We have a fish pond in 1 cent of land, a polyhouse to grow vegetables in 2.5 cents of land, and 16 colonies of bees. We produce organic manure (wormy compost and Jeevamrutham) for the plants. All these works are done by my family members without employing any labourer from outside. If this is possible for me an advocate, it is simply POSSIBLE for thousands and thousands of farmers of our land.
What we need to first tell the farmers is to produce what is needed for your family to be “food-sufficient”, and then produce to sell in the market. Instead of selling what is produced and buying from market to consume, all must learn to consume what is produced at home and produce what is consumable. That would mean changing some of our learned habits of eating.
Once people become self-reliant in food naturally they would find ways and means to be self-reliant in clothing and shelter. Changing food culture is the beginning of a new culture which will mature as political and ecological sustainability. Therefore, we shall not limit our reflection about organic farming at the level of consuming poisonless organic food.  It is the first step in developing a society in actual freedom, suitability, integrity and responsibility.
(Wirtten by Adv. Binoy Joseph Manganam, translated by Jijo Kurian)

Sunday, December 20, 2015

ശരീരം കൊണ്ട് സമൂഹം കെട്ടിപ്പടുത്ത മലയാളി


"ദയാ ഭായിയെ കെ.എസ്.ആര്‍. റ്റി. സി. ബസ്സില്‍ നിന്ന് ഇറക്കിവിട്ടു."
വസ്ത്രത്തില്‍ നോക്കി, തൊലിനിറത്തില്‍ നോക്കി, ശരീരത്തുടിപ്പില്‍ നോക്കി മലയാളി പറയും നീ ആരാണെന്ന്. ഇന്നേക്ക് ഒരു പത്തു വര്‍ഷങ്ങള്‍ മുന്‍പ് ദയാഭായി ഇന്നലെ കടന്നുപോയ തരം ഒരനുഭവത്തിന് പ്രതികരിക്കാന്‍ ശേഷിയില്ലാതെ നിഷ്ക്രിയനായി നിന്നതിന്‍റെ നീറ്റല്‍ ഇന്നും മനസ്സിലുണ്ട്. കോട്ടയത്തു നിന്ന് ഏറ്റുമാനൂര്‍ റൂട്ടില്‍ ഓടുന്ന ഒരു സ്വകാര്യ ബസ്സില്‍ കയറിയിരിക്കുകയാണ്. ബസ്സ്‌ വിടാന്‍ നേരമായപ്പോള്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന തമിഴ് ദമ്പതികള്‍ ഒരു ചാക്കുകെട്ടുമായി ഓടിവന്നു ബസ്സില്‍ കയറി. ടിക്കറ്റ്‌ എടുക്കാന്‍ വന്ന കണ്ടക്ടര്‍ ഇവരെ കണ്ട് അസ്വസ്ഥനായി. ഭര്‍ത്താവ് ടിക്കറ്റ്‌ എടുക്കാന്‍ പണം നീട്ടുന്നു. കണ്ടക്ടര്‍ ഒടുക്കത്തെ ചീത്തവിളിച്ചു കൊണ്ട് ശക്തിയായി ബെല്ലടിച്ചു വണ്ടി നിര്‍ത്തുന്നു. ഉടനെ അവരെ ബസ്സില്‍ നിന്ന് തള്ളിച്ചാടിച്ചു വിടുന്നു. പൊതുസമൂഹത്തില്‍ അപമാനിക്കപ്പെട്ട്‌ തലകുനിച്ച് ആ മനുഷ്യര്‍ വഴിവക്കില്‍.

കാര്യങ്ങളുടെ മറുവശം: ഏതാണ്ട് ഇതേ കാലയളവില്‍ സുഹൃത്ത് ഷാജിയും ഞാനും കൂടി ഒരു ഞായറാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് ശുചീകരണ പ്രവര്‍ത്തികള്‍ ചെയ്യുകയാണ്. സംസാരത്തില്‍ മുഴുകിയിരുന്ന ഞങ്ങള്‍ ചുറ്റുംനോക്കുമ്പോള്‍ ആളുകള്‍ വരാന്തയിലൊക്കെ നിന്ന് ഞങ്ങളുടെ പണികള്‍ വീക്ഷിക്കുന്നുണ്ട്. അല്പം കഴിഞ്ഞപ്പോള്‍ കൂട്ടത്തില്‍ നിന്ന് ഒരാള്‍ വന്ന് ചോദിക്കുന്നു, "സാറുമാര്‍, അവധി ദിവസമായതിനാല്‍ സന്നദ്ധ പ്രവര്‍ത്തനത്തില്‍ ആയിരിക്കുമല്ലേ? കുടിക്കാന്‍ എന്തെങ്കിലും മേടിച്ചു കൊണ്ടുവരണോ?" ഞങ്ങളെ ഡോക്ടര്‍മാരായി അയ്യാള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ഷാജി രഹസ്യത്തില്‍ എന്നോട്, "ഈ ശരീരം വെച്ചുകൊണ്ട് പബ്ലിക് ആയി ഒരു അലമ്പ് പോലും നമ്മുക്ക് കാണിക്കാന്‍ ആവില്ലല്ലേ? നമ്മുടെ ശരീരത്തില്‍ നിന്ന് സമൂഹം ചില നിലവാരങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ." നൂറുകണക്കിന് പേര്‍ ശുചീകരണ പ്രവര്‍ത്തിചെയ്യുന്ന ഈ സ്ഥാപനത്തില്‍ ശരീരം ഒറ്റികൊടുത്തത് ഞങ്ങളെ മാത്രമാണ്.
കഴിഞ്ഞ ആഴ്ച കൊല്ലം ബീച്ചില്‍ പോയി മടങ്ങും വഴിയില്‍ ഒരു പൂച്ച വണ്ടി തട്ടി ചത്തുകിടക്കുന്നു. അടുത്ത വീട്ടില്‍ കയറി ഒരു തുമ്പ വാങ്ങി വഴിയരികില്‍ കുഴിയെടുത്ത് പൂച്ചയെ കുഴിച്ചിട്ട് തുമ്പ തിരിച്ചേല്‍പ്പിക്കുമ്പോള്‍ വീട്ടുടമ ഉള്ളിലേക്ക് ക്ഷണിക്കുന്നു, ഉള്ളില്‍ കയറിയിരുന്നു വര്‍ത്താനം പറഞ്ഞു പോകാന്‍. ഞാന്‍ ഏതോ തലപ്പെട്ട ഉദ്ദ്യോഗമുള്ള ഒരാളാണെന്ന് അയ്യാള്‍ ധരിച്ചിരിക്കുന്നു. "സാറെ, സാറിനെപ്പോലെയുള്ളവരൊക്കെ ഇങ്ങനെയുള്ള പണികള്‍ ചെയ്യുമോ!" അയ്യാള്‍ക്ക് അത്ഭുതം.
മലയാളീ നീ ഓര്‍ക്കുക, ഈ നാട്ടില്‍ നിന്നെ നീയാക്കുന്നത് നിന്‍റെ ശരീരമാണ്, ശരീരം മാത്രമാണ്. എല്ലാം തൊലിപ്പുറത്താണ്.

Wednesday, November 18, 2015

മണ്ണിന്റെ മക്കള്‍

വാഷിംഗ്ടണിലെ മഹാമൂപ്പന്,
വാഷിംഗ്ടണിലെ മഹാമൂപ്പനായ താങ്കള്‍, ഞങ്ങളുടെ മണ്ണ് വാങ്ങാന്‍ ആഗ്രഹിക്കുന്നുവല്ലോ. അതു താങ്കള്‍ ഉറക്കെപ്പറയുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു ഞങ്ങളോടു സൗഹൃദവും ഞങ്ങളുടെ ക്ഷേമകാര്യങ്ങളില്‍ താത്പര്യവുമുണ്ടെന്നും താങ്കള്‍ പറഞ്ഞല്ലോ. പക്ഷേ ഞങ്ങള്‍ക്കറിയാം, ഞങ്ങളുടെ ചങ്ങാത്തം ഒട്ടുമേതന്നെ താങ്കള്‍ ആഗ്രഹിക്കുന്നുമില്ല, ഇഷ്ടപ്പെടുന്നുമില്ലായെന്ന്. എങ്കിലും താങ്കള്‍ മുന്നോട്ടുവയ്ക്കുന്ന വ്യവഹാരത്തെ അനുസരിക്കുകയും ചെയ്യും; അല്ലാത്തപക്ഷം വെള്ളക്കാര്‍ തോക്കുമായി ഞങ്ങളുടെ മണ്ണിലേക്ക് ഇരച്ചുകയറി അതു പിടിച്ചെടുക്കുമെന്നു ഞങ്ങള്‍ക്കറിയാം. ഈ സിയാറ്റിന്‍ മൂപ്പന്‍ പറയുന്ന വാക്കുകള്‍, എന്റെ വെള്ളക്കാര്‍ സഹോദരന്മാര്‍ക്ക് ഋതുഭേദങ്ങളുടെ കൃത്യതയില്‍ നിങ്ങള്‍ വിശ്വസിക്കുന്നതുപോലെ വിശ്വസിക്കാം. ആകാശത്ത് തെന്നിത്തെറിച്ചു നടക്കുന്ന നക്ഷത്രങ്ങള്‍പ്പോലെയാണ് എന്റെ വാക്കുകള്‍.
ഞങ്ങളുടെ മണ്ണും ആകാശവുമൊക്കെ അങ്ങേയ്‌ക്കെങ്ങനെയാണ് വാങ്ങാനും വില്‍ക്കാനുമൊക്കെ ആകുന്നത്? ആ ഒരു സങ്കല്പത്തെ ഞങ്ങള്‍ക്കു പിടികിട്ടുന്നതേയില്ല. ഇവിടുത്തെ നിര്‍മ്മലമായ അന്തരീക്ഷവും പതഞ്ഞൊഴുകുന്ന അരുവികളും ഞങ്ങളുടെ സ്വന്തമല്ല. അപ്പോള്‍പ്പിന്നെ ഞങ്ങളില്‍നിന്ന് അതെങ്ങനെ നിങ്ങള്‍ക്കു വാങ്ങിക്കാനാവും? കാലത്തിന്റെ പൂര്‍ണ്ണതയില്‍ നമുക്കതു തീരുമാനിക്കാം. ഈ ഭൂമിയുടെ എല്ലായിടവും ഞങ്ങളുടെ ജനതയ്ക്കു വളരെ പരിശുദ്ധമാണ്. കാറ്റുവീശുന്ന മരങ്ങളും മണല്‍ത്തിട്ടയും മരത്തില്‍നിന്നു പൊഴിയുന്ന മഞ്ഞും മൂളിപ്പറന്നു നടക്കുന്ന ചെറുജീവജാലങ്ങളുമെല്ലാം ഞങ്ങളുടെ ഓര്‍മ്മയിലും അനുഭവത്തിലും എത്ര പരിശുദ്ധമാണ്!
ഇമ്മാതിരിയുള്ള ഞങ്ങളുടെ ചിന്തകളൊന്നും വെള്ളക്കാര്‍ക്കു മനസ്സിലാകില്ലെന്നറിയാം. നിങ്ങള്‍ക്ക് എല്ലാ മണ്ണും ഒരുപോലെയാണ്. ആവശ്യാനുസരണം നിങ്ങള്‍ മണ്ണിനെ വെട്ടിപ്പിടിച്ച് കീഴടക്കി മുന്നേറുന്നു. മണ്ണ് നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്തേണ്ട ശത്രുവാണ്, സഹോദരനല്ല. പിതാമഹന്മാരുടെ കുഴിമാടങ്ങളും വരുംതലമുറയുടെ ജന്മാവകാശവും നിങ്ങള്‍ മറന്നുപോകുന്നു. പട്ടണങ്ങളിലെ കാഴ്ചകള്‍ ഞങ്ങളുടെ കൂട്ടര്‍ക്കു നല്‍കുന്നതു വേദനയാണ്. ഞങ്ങള്‍ റെഡ് ഇന്ത്യാക്കാര്‍.... അപരിഷ്‌കൃതര്‍... ആദിവാസികള്‍... എങ്ങനെ ഇതൊക്കെ മനസ്സിലാക്കാന്‍!!!
നിങ്ങളുടെ പട്ടണങ്ങളില്‍ ശാന്തമായ ഒരിടംപോലുമില്ല. ഒരിടത്തും വസന്തത്തിന്റെ ദലമര്‍മ്മരങ്ങളോ പറവകളുടെ കളകൂജനങ്ങളോ ചിറകടി ശബ്ദമോ ഇല്ല. അവിടെനിന്നു മുഴങ്ങികേള്‍ക്കുന്ന ഘടഘടാരവം എന്റെ കാതുകളെ പരിഹസിക്കുകയാണ്. ഞാനൊരു ആദിവാസി... എനിക്കിതൊക്കെ മനസ്സിലാക്കാനാവുമോ!
രാപ്പാടിയുടെ പാട്ടും പൊട്ടക്കിണറ്റിലെ തവളയുടെ കരച്ചിലും കേള്‍ക്കുന്നില്ലായെങ്കില്‍ ഒരാള്‍ക്ക് ജീവിതത്തിലെന്തുണ്ട്? തടാകങ്ങളെ തഴുകി വരുന്ന കാറ്റിന്റെ ശ്രുതിയേയും മദ്ധ്യാഹ്നത്തിലെ മഴയോ, പൈന്‍മരങ്ങളോ ശുദ്ധീകരിച്ച് സുഗന്ധപൂരിതമാക്കിയ വായുവിനെയും ഞങ്ങള്‍ റെഡ് ഇന്‍ഡ്യാക്കാര്‍ പ്രണയിക്കുന്നു. വായു റെഡ് ഇന്‍ഡ്യാക്കാരന് അമൂല്യമാണ്, കാരണം എല്ലാ വസ്തുക്കളും എല്ലാ സസ്യങ്ങളും മനുഷ്യരും ഒരേ വായു പങ്കിടുന്നു. പൂമരങ്ങളിലെ സുഗന്ധമടിക്കാത്ത ഒരു സ്ഥലത്തു ജീവിതമുണ്ടോ? മരങ്ങളും ജീവികളും മനുഷ്യനുമൊക്കെ ശ്വാസമെടുക്കുന്ന വായുവാണ് ഞങ്ങളുടേത്. വെള്ളക്കാരനൊരിക്കലെങ്കിലും താന്‍ ശ്വസിക്കുന്ന വായുവിനെ ശ്രദ്ധിക്കുന്നതായി തോന്നിയിട്ടില്ല. വളരെ ദിവസങ്ങള്‍കൊണ്ടു മരിക്കുന്ന മനുഷ്യനെപ്പോലെ, അവന്‍ മരവിച്ചു ജീവിക്കുന്നു.
അല്ലയോ മഹാമൂപ്പാ, ഈ മണ്ണ് വിട്ടുതരാന്‍ തീരുമാനിക്കുമ്പോള്‍, ഒരു വ്യവസ്ഥകൂടി ഞാന്‍ പറഞ്ഞോട്ടെ. ഈ മണ്ണിലെ എല്ലാ ജീവികളെയും വെള്ളക്കാര്‍ തങ്ങളുടെ സഹോദരന്മാരായി കണക്കാക്കണം. ഈ അപരിഷ്‌കൃതനു മറ്റൊരുതരത്തില്‍ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ അറിയില്ല. ട്രെയിനില്‍ യാത്രചെയ്യുന്ന വെള്ളക്കാര്‍ വെടിവച്ചിട്ട അനേകം പോത്തുകളുടെ ശവം പുല്‍മൈതാനത്തു കിടക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. ഉപജീവനത്തിന് അത്യാവശ്യമാകുമ്പോള്‍ മാത്രമേ ഞങ്ങള്‍ ഇത്തരം മൃഗങ്ങളെ കൊല്ലുകയുള്ളൂ. നിങ്ങള്‍ക്ക് ഈ പുകതുപ്പുന്ന ഇരുമ്പുകുതിര(ട്രെയിന്‍) ഈ പോത്തുകളെക്കാള്‍ വലിയ സംഗതിയാകുന്നതെങ്ങനെയെന്ന് എനിക്കു മനസ്സിലാകുന്നില്ല.  ജന്തുജാലങ്ങളില്ലാതെ മനുഷ്യജീവിതമുണ്ടോ? ജന്തുജാലങ്ങളെല്ലാം ചത്തൊടുങ്ങിയാല്‍, മനുഷ്യനും ഏകാന്തതയില്‍ നശിക്കും. ജന്തുക്കൂട്ടങ്ങള്‍ക്ക് എന്തു നാശമാണോ വരുന്നത് ആ നാശംതന്നെ മനുഷ്യനും വരും. എല്ലാം പരസ്പരം ബന്ധിതമാണ്. മണ്ണിനെ ബാധിക്കുന്ന എന്തും മണ്ണിന്റെ മക്കളെയും ബാധിക്കും.
ഞങ്ങളുടെ പിതാക്കന്മാര്‍ തോറ്റു പിന്മാറുന്നത് ഞങ്ങളുടെ മക്കള്‍ കണ്ടില്ലേ? ഞങ്ങളുടെ പടയാളികളുടെ മുഖങ്ങള്‍ ലജ്ജയില്‍  കുനിഞ്ഞു പോയിട്ടുണ്ട്. വിജയക്കൊയ്ത്തിനു ശേഷമുള്ള ദിവസങ്ങള്‍ അവര്‍ അലസതയിലും ശരീരത്തെ ദുഷിപ്പിക്കുന്ന ആഹാരപാനീയങ്ങള്‍ തിന്നുകുടിച്ചും ചെലവഴിച്ചു. ഇങ്ങനെ മുന്നോട്ടുപോയാല്‍ അധികകാലം പോകേണ്ടിവരില്ല. ഏതാനും ഋതുക്കളോ മണിക്കൂറുകളോ കഴിയുമ്പോള്‍ എല്ലാം നശിക്കും. നിങ്ങളുടേതുപോലെ അത്ര ശക്തവും വലുതുമായ ഒരു ഗോത്രവര്‍ഗ്ഗം ഇവിടെ ജീവിച്ചിരുന്നുവെന്നും ഈ കാടുകളില്‍ അലഞ്ഞുനടന്നിരുന്നുവെന്നും ഓര്‍മ്മപ്പെടുത്താന്‍ ഞങ്ങളുടെ സന്തതിപരമ്പരകളൊന്നും ഈ ഭൂമുഖത്ത് അവശേഷിക്കാന്‍ പോകുന്നില്ല. മരത്തിലെങ്ങും ഒരു ചെറു പ്രാണിപോലും കാണില്ല. ഒരിക്കല്‍ ശക്തന്മാരായിരുന്ന ഒരു ജനവിഭാഗം ഇവിടെ ജീവിച്ചിരുന്നു എന്ന ഓര്‍മ്മ മാത്രം അവശേഷിക്കും.
ഒരിക്കല്‍ വെള്ളക്കാരന്‍ ആ സത്യം കണ്ടെത്തും- ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഒരു ദൈവമേ ഉള്ളൂവെന്ന്. ഞങ്ങളുടെ മണ്ണ് സ്വന്തമാക്കുന്നതുപോലെ ദൈവത്തെയും സ്വന്തമാക്കാമെന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. എന്നാല്‍ നിങ്ങള്‍ക്കതിന് ഒരിക്കലുമാകില്ല. അവന്‍ മനുഷ്യന്റെ ശരീരമാണ്. കറുത്തവനോടും വെളുത്തവനോടും അവനുള്ളത് ഒരേ കരുണയാണ്. ഈ മണ്ണ് അവന് അമൂല്യമാണ്. ഈ പ്രപഞ്ചത്തിനു ഹാനി വരുത്തുന്നതു സ്രഷ്ടാവിനെ നിന്ദിക്കലാണ്. മറ്റേതൊരു ഗോത്രത്തേയുംപോലെ വെള്ളക്കാരനും കടന്നുപോകും. അതു നിങ്ങളുടെ കിടക്കയെ നിങ്ങള്‍ത്തന്നെ മലിനപ്പെടുത്തി, അവസാനം ഒരു രാത്രി അതേ മാലിന്യത്തില്‍ ശ്വാസംമുട്ടി മരിക്കുന്നതിനു തുല്യമായിരിക്കും. പോത്തുകളെയെല്ലാം കൊന്നൊടുക്കി കഴിയുമ്പോള്‍, കുതിരകളെയെല്ലാം മെരുക്കിക്കഴിയുമ്പോള്‍, ഘോരവനാന്തര്‍ഭാഗംപോലും മനുഷ്യന്റെ രൂക്ഷഗന്ധത്താല്‍ നിറഞ്ഞു കഴിയുമ്പോള്‍, കുന്നുകളെയെല്ലാം ആധുനികതയുടെ ശബ്ദവാഹിനിച്ചരടുകള്‍ ബന്ധിച്ചു കഴിയുമ്പോള്‍ പിന്നെവിടെ കാടുകള്‍? എല്ലാം നശിച്ചിട്ടുണ്ടാവും. പിന്നെവിടെ പരുന്തുകള്‍? നാമാവശേഷമായിട്ടുണ്ടാവും. മഴക്കുരുവികളോടും വേട്ടയോടും വിടചൊല്ലുകയെന്നാല്‍! അത് ജീവിതത്തിന്റെ നാശമാണ്, അതിജീവനത്തിന്റെ തുടക്കമാണ്.
വെള്ളക്കാരന്റെ സ്വപ്നങ്ങള്‍, അവര്‍ മക്കള്‍ക്കു പങ്കിടുന്ന പ്രതീക്ഷകള്‍, നാളയെ വെട്ടിപ്പിടിക്കാന്‍ മനസ്സില്‍ കൊരുക്കുന്ന ഭാവനകള്‍ ഒക്കെ ഞങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ക്കു മനസ്സിലാക്കാനായേനെ. എന്നാല്‍ ഞങ്ങള്‍  വെറും ആദിവാസികള്‍ മാത്രമല്ലേ?  നിങ്ങളുടെ സ്വപ്നങ്ങളൊക്കെ ഞങ്ങളില്‍നിന്ന് ഒളിച്ചുവയ്ക്കപ്പെട്ടിരിക്കുന്നതിനാല്‍ ഞങ്ങള്‍ ഞങ്ങളുടേതായ രീതിയില്‍ മുന്നോട്ടുപോകുന്നു. നിങ്ങളുടെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് ഞങ്ങള്‍ ഭൂമി കൈമാറിയാല്‍, ചുരുങ്ങിയൊരു കാലം മാത്രമേ ഞങ്ങള്‍ സുരക്ഷിതരും സംരക്ഷിതരും ആയിരിക്കുകയുള്ളൂ. ഞങ്ങളില്‍ അവസാനത്തവനും ഇല്ലാതായിക്കഴിയുമ്പോള്‍, ഈ മൈതാനത്തിനു മുകളിലൂടെ തെന്നിപ്പോകുന്ന മേഘക്കൂട്ടങ്ങളെപ്പോലെ, ഞങ്ങളുടെ ഓര്‍മ്മകളും ഈ മണ്ണില്‍നിന്നു മറയും. പിറന്നുവീഴുന്ന കുഞ്ഞ് അമ്മയുടെ മടിത്തട്ടിനെ എത്രമാത്രം സ്‌നേഹിക്കുന്നുവോ അതുപോലെ ഞങ്ങള്‍ സ്‌നേഹിച്ച ഈ വനവും തീരവുമൊക്കെ ഞങ്ങളുടെ ആത്മാക്കളെ ഓര്‍മ്മിക്കും. ഞങ്ങള്‍ ഈ ഭൂമി അങ്ങേയ്ക്കു വില്‍ക്കുകയാണെങ്കില്‍, ഞങ്ങള്‍ സ്‌നേഹിച്ചതുപോലെതന്നെ ഈ മണ്ണിനെ സ്‌നേഹിക്കണം. ഞങ്ങള്‍ പരിപാലിച്ചതുപോലെതന്നെ പരിപാലിക്കണം. ഈ മണ്ണ് സ്വന്തമാക്കിയപ്പോള്‍ ഇതെങ്ങനെയായിരുന്നു എന്ന ചിന്ത എപ്പോഴും നിങ്ങളുടെ മനസ്സിലുണ്ടാകണം. നിങ്ങളുടെ സര്‍വ്വശക്തിയോടും പ്രതാപത്തോടും മുഴുഹൃദയത്തോടും കൂടി ഈ മണ്ണിനെ നിങ്ങളുടെ മക്കള്‍ക്കായി സംരക്ഷിക്കണം. ദൈവം നമ്മെ സ്‌നേഹിക്കുന്നതുപോലെ തന്നെ ഈ മണ്ണിനെ നിങ്ങള്‍ സ്‌നേഹിക്കണം.  ഒരു കാര്യം മാത്രം ഞങ്ങള്‍ക്കറിയാം. ദൈവം ഒന്നാണ്; ഞങ്ങളുടെയും നിങ്ങളുടെയും ഈ ഭൂമി അവിടുത്തേയ്ക്കു വിലപ്പെട്ടതാണ്, അമൂല്യമാണ്. മനുഷ്യകുലത്തിന്റെ പൊതുനിയതിയില്‍നിന്നും വെള്ളക്കാരനും ഒഴികഴിവില്ലെന്നറിയുക.
(അമേരിക്കയിലെ റെഡ് ഇന്‍ഡ്യന്‍ ഗോത്രത്തിന്റെ തലവനായ സിയാറ്റിന്‍ മൂപ്പന്‍, തങ്ങളുടെ ഭൂമി വാങ്ങാന്‍ പോകുന്നുവെന്ന് അറിയിച്ച അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ളിന് അയച്ച കത്ത്).

Monday, October 26, 2015

തിരഞ്ഞെടുപ്പ് കാലത്തെ ചില വര്‍ഗ്ഗീയ-ലിംഗഅസമത്വ ചിന്തകള്‍

1. "അച്ചാ, വരണേ." രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മുന്‍പരിചയക്കാരന്റെ ഫോണ്‍ ഇന്നലെ. "എങ്ങോട്ട്? എപ്പോള്‍? എന്തിന്?..." ആകെയൊരന്താളിപ്പില്‍ എല്ലാം ഒരുമിച്ച് ചോദിച്ചു. "അച്ചന്റെ വോട്ട് ഇവിടെയാണ്‌. വന്ന് നമ്മടെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണേ." വോട്ടര്‍ പട്ടിക പുതുക്കുന്ന സമയത്ത് നാട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ഇപ്രാവശ്യം വോട്ടുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപ്പോഴാണ്‌ പണ്ട് ആയിരുന്ന സ്ഥലത്തു നിന്ന് ആ വിളി. പുതുക്കുന്ന അവസരത്തില്‍ ആരോ നുമ്മ പേരും അവിടെ കൊടുത്തിരുന്നു. അത് കണ്ടുപിടിച്ച് നുമ്മേ സാദരം ബൂത്തിലേക്ക് ക്ഷണിച്ചതാണ്. എങ്ങനെയാണോ ഇയ്യാള്‍ എന്‍റെ പാര്‍ട്ടിയും രാഷ്ട്രീയ അനുഭാവവും നിശ്ചയിച്ചത്! മറ്റു വഴിയില്‍ ഒന്നുമാവില്ല... ജാതി നോക്കി, മതം നോക്കി, പ്രൊഫഷന്‍ നോക്കി. അങ്ങനെ ഒരു വര്‍ഗ്ഗീയ വോട്ടു ചോദ്യം.
2. ഈ ഇലക്ഷന്റെ പ്രത്യേകത വഴിവക്കിലെല്ലാം നിറയുന്ന പെണ്‍മുഖങ്ങളാണ്. നല്ലത്. മഹിളകള്‍ അടുക്കളയില്‍ നിന്ന് സംവരണവഴിയിലൂടെ ഒളിച്ചുകടന്ന് അരങ്ങത്തെത്തി ആടിത്തിമിര്‍ക്കട്ടെ. ജേഷ്ഠന്‍റെ വീടിരിക്കുന്ന വാര്‍ഡ്‌ വനിതാ വാര്‍ഡാണ്. സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ഒരു പാര്‍ട്ടി ആദ്യം ഓടി എത്തിയത് ജേഷ്ഠന്‍റെ അടുക്കളയിലേക്കാണ്- ചേട്ടത്തിയാര് സ്ഥാനാര്‍ഥിയാവണം. ചേട്ടത്തിയാരുടെ യോഗ്യത- കറന്റ് ബില്‍ അടക്കാനും ഫോണ്‍ ബില്‍ അടക്കാനും കൈനെറ്റിക്കില്‍ പോകുന്നത് അവരില്‍ പലരും കണ്ടിട്ടുണ്ട്. പിന്നെ ചമ്മലില്ലാതെ എന്തെങ്കിലുമൊക്കെ ബ്ലാബ്ലാ പറയുകയും ചെയ്യും (അതില്‍ കൂടുതലും കൊച്ചുവര്‍ത്തനങ്ങളാണ്). തന്ത്രപൂര്‍വ്വം അവര്‍ ഒഴിഞ്ഞുമാറിയതു കൊണ്ട് മറ്റൊരു സോണിയാജി ഉണ്ടാകാതെ പോയി. ഭാഗ്യം!!!
3. "അറുന്നൂറില്‍ പരം സുറിയാനി ക്രിസ്ത്യാനികള്‍ ഉള്ള ഈ വാര്‍ഡില്‍ അങ്ങനെ ഒരു ഈഴവന്‍ നിന്ന് ജയിക്കണ്ടാ. അതുകൊണ്ട് വോട്ട് ഞാന്‍ UDFനേ കുത്തൂ." ആ വാര്‍ഡില്‍ LDF ന്‍റെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പരിഗണിച്ചിരുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്‍ സുഹൃത്ത് അച്ചായന്‍. LDF ന്‍റെ പ്രചരണത്തിന് മുന്നില്‍ തന്നെയുണ്ട്‌. "ഞങ്ങള്‍ കുടുംബപരമായി കമ്മ്യൂണിസ്റ്റുകളാണ്. അതില്‍ നിന്ന് മാറൂലാ."
4. "പണ്ടാരം... എടുത്ത കേസ് തോറ്റൂ, ഇനി അടുത്തത്‌ ഇലക്ഷനും തോക്കും. ആകെ ദുശകുനമാണല്ലോ." പി സി ജോര്‍ജിനറെ ഒരു വിശ്വസ്തന്‍ വക്കീലിന്‍റെ കമന്റ്‌. "ഞങ്ങള്‍ക്ക് ഈ ഇലക്ഷന്‍ ജയിക്കാന്‍ വേണ്ടിയല്ല, തോല്‍പ്പിക്കാന്‍ വേണ്ടിയാണ്. ജോര്‍ജ് ഇല്ലാത്ത മാണി കോണ്ഗ്രസ്സ് ദുര്‍ബലമാണെന്ന് ഞങ്ങള്‍ തെളിയിക്കും. ആ തെളിയിക്കല്‍ ഞങ്ങള്‍ക്ക് മറ്റൊരു മുന്നണിയില്‍ വാതില്‍ തുറന്നു തരും." ഇപ്രാവശ്യം ബിഷപ്പുമാരെ വിട്ടു. ആം ആദ്മി ശൈലിയിലുള്ള തന്ത്രമാണ് ജോര്‍ജ് പയറ്റുന്നത്. താഴെത്തട്ടിലാണ് പിടിച്ചിരിക്കുന്നത്- ചില അച്ചന്മാരെ.
എന്താരു മഹത്തായ ഇന്ത്യന്‍ ജനാധിപത്യം!!!

Monday, September 28, 2015

ഫ്രാന്‍സിസ്, വേഗം വരൂ, ലോകത്തെ അതിന്റെ നുണകളില്‍നിന്നു രക്ഷിക്കൂ...

തപശ്ചര്യകളുടെ നിഷ്ഠയില്‍ ജീവിച്ച മുനിവര്യന്‍മാരുടെ ഗണത്തിലെ ഫ്രാന്‍സിസിനോട് ഏറെ ആകര്‍ഷണം തോന്നിയിട്ടില്ല. എന്നാല്‍ സിനോപ്പയിലെ ഡയോജനീസിന്റെയും എ. അയ്യപ്പന്റെയും ജോണ്‍ അബ്രാഹത്തിന്റെയും ജന്മപരമ്പരയില്‍ പെട്ടൊരാള്‍, ബാവൂലുകളുടെ വേഷത്തില്‍ നീട്ടിവളര്‍ത്തിയ താടിമുടികളോടെ ഉബ്രിയായുടെ പൊടിപാറുന്ന നാട്ടുവഴികളിലൂടെ നടന്നുപോയൊരാള്‍, കുരുവിക്കൂട്ടങ്ങളോട് ചങ്ങാത്തംകൂടി നടന്നൊരാള്‍... അങ്ങനെയൊരു ഫ്രാന്‍സിസിനെ ചരിത്രത്തിന്റെ താളുകളില്‍ കണ്ടെത്തുക ഒരാവേശമാണ്. സഭ സ്ഥാപനമായി രൂപപ്പെട്ടിരിക്കുന്ന, ആത്മീയത അനുഷ്ഠാനമായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്ന, വാക്കും പ്രവൃത്തിയും അകവും പുറവും തമ്മില്‍ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാലഘട്ടത്തിന് ക്രിസ്റ്റഫര്‍ കൊയ്‌ലോയുടെ A New Kind of Fool വെളിപാടിന്റെ ഒരു വായനയാണ്.

അവശിഷ്ടങ്ങള്‍ക്കിടയിലെ ക്രിസ്തു
''ദുര്‍ബലമല്ലെങ്കില്‍ പിന്നെന്താണൊരു ദേവാലയം?
ചൂലേന്തിയ കരങ്ങള്‍ അവിടെ ചലിക്കേണ്ടതുണ്ട്.
കെടാവിളക്കില്‍ നിതാന്തജാഗ്രതയോടെ
എണ്ണ പകരേണ്ടതുണ്ട്.
പൂപ്പാലികയില്‍ പൂക്കള്‍ മരിക്കുകയും
പുനഃപ്രതിഷ്ഠിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
അല്ലെങ്കില്‍ പിന്നെങ്ങനെ മനുഷ്യകരങ്ങള്‍ക്ക്
അവിടെ ആരാധിക്കാനാവും?
അല്ലെങ്കില്‍പ്പിന്നെങ്ങനെ നിതാന്ത ജാഗരണത്തിന്റെ
ആരാധനയവിടെ സാധ്യമാകും?
അല്ലെങ്കില്‍പ്പിന്നെങ്ങനെ ദൗര്‍ബ്ബല്യങ്ങളിവിടെ
പുഷ്പാര്‍ച്ചന ചെയ്യും?
പ്രപഞ്ചത്തിന്റെ നിര്‍മ്മാതാവ്
മനുഷ്യരിലല്ലേ അവന്റെ ആലയം പണിതത്?''
ഐഹികസാമ്രാജ്യത്തിന്റെ രാഷ്ട്രീയത്തിന് വശംവദനാകാത്ത നസ്രത്തിലെ തച്ചനില്‍നിന്ന് പടച്ചട്ടയണിഞ്ഞ ക്രിസ്തുവിലേക്കും, പിന്നെ ക്രിസ്തുരാജനിലേക്കും സഭയെത്തുമ്പോള്‍ കാലം പത്തുനൂറ്റാണ്ടുകള്‍ കഴിഞ്ഞുപോയിരുന്നു. കൈകളെ തുളയ്ക്കുന്ന ആണികള്‍ക്കു പകരം കയ്യില്‍ അധികാരത്തിന്റെ ചെങ്കോലും, അങ്കികള്‍ ഉരിഞ്ഞുമാറ്റപ്പെട്ട നഗ്നതയ്ക്കു പകരം ആഡംബരത്തിന്റെ സുവര്‍ണ്ണയങ്കിയും, തലയില്‍ മുള്‍മുടിക്കു പകരം അധീശത്വത്തിന്റെ സ്വര്‍ണ്ണക്കിരീടവുമണിഞ്ഞ ക്രൂശിതനില്‍നിന്ന് സഭ ഒരു സാമ്രാജ്യത്വ-കൊളോണിയല്‍ ക്രിസ്തുസങ്കല്‍പ്പത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. ചരിത്രത്തിന്റെ ഈ ദശാസന്ധിയിലാണ് ഫ്രാന്‍സിസ് എന്ന കൊച്ചുമനുഷ്യന്റെ രംഗപ്രവേശം.
കാര്യങ്ങളെല്ലാം ഭംഗിയായി നടന്നുപോകുന്ന കാലം. ആഘോഷപൂര്‍വ്വമായ ആരാധനകള്‍, ദിവ്യബലികള്‍, യൂറോപ്പില്‍ അങ്ങോളമിങ്ങോളം തലയുയര്‍ത്തി വരുന്ന അംബരചുംബികളായ ദേവാലയങ്ങള്‍, ഭണ്ഡാരത്തില്‍ നിറയെ പണം. റോമിലെ ഭരണാധികാരിയുടെ തിരുവായ്ക്ക് എതിര്‍വായ് ഇല്ലാത്ത സഭക്കും സമൂഹത്തിനുമുള്ളിലെ ''സമാധാനകാലം''. അക്കാലത്താണ് അയാള്‍ അസ്സീസിയുടെ തെരുവുകളില്‍ വന്ന് വിളിച്ചുപറയുന്നത്, ''സഭ ജീര്‍ണ്ണിച്ചു വീണുകൊണ്ടിരിക്കുകയാണ.്'' കേട്ടവരൊക്കെ അടക്കിച്ചിരിച്ചു കടന്നുപോയി. ''ബര്‍ണഡോണിന്റെ മകന് ഭ്രാന്താണ്'' എന്ന വാര്‍ത്ത അസ്സീസിയില്‍ പരക്കാന്‍ ഏറെ നാള്‍ വേണ്ടിവന്നില്ല. എന്നാല്‍ ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം അത് നീണ്ട അന്വേഷണത്തിനൊടുവില്‍ കിട്ടിയ ഒരു വെളിപാടായിരുന്നു.
യൗവ്വനത്തിന്റെ പ്രാരംഭദശയില്‍ ആന്തരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോവുകയായിരുന്നു അയാള്‍. അനുഷ്ഠാനമതത്തിന് അതിന് ഉത്തരം കൊടുക്കാനൊട്ടായതുമില്ല. വലിയ കത്തീഡ്രലുകളും സാന്‍ ജോര്‍ജ്ജിയോ ഇടവകദേവാലയവും അതിലെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്രൂശിതനുമൊന്നും അയാളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. അവസാനം അയാള്‍ എത്തിനില്‍ക്കുന്നത് അവശിഷ്ടങ്ങള്‍ക്കിടയിലാണ്. അസ്സീസി പട്ടണത്തിന് പുറത്ത് താഴ്‌വരക്കാട്ടിനുള്ളില്‍ തകര്‍ന്നുപോയ ഒറ്റപ്പെട്ട ഒരു കൊച്ചുകപ്പേള. അതിന്റെ കല്‍ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന അഴകോ ആകാരഭംഗിയോ ഇല്ലാത്ത, ഒരു ലോയിന്‍ ക്ലോത്തു മാത്രം കലാകാരന്‍ വരച്ചുചേര്‍ത്ത, ഒരു ക്രൂശിതരൂപം. ആ ക്രൂശിതനില്‍ നിന്നാണ് അയാള്‍ക്ക് വെളിപാടുണ്ടായത്, ''പോവുക, എന്റെ ആലയം പുതുക്കിപ്പണിയുക.'' രാജാധിരാജ സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്ത് ദരിദ്രനും വിനീതനും ക്രൂശിതനുമായ ക്രിസ്തുവാണ് അയാളെ പിന്നീട് നയിച്ചത്. അതുകൊണ്ടാണ് പിന്നീട് അയാള്‍ കണ്ട സ്വപ്നങ്ങളിലൊക്കെ കല്ലിലും മണ്ണിലും ബലവത്തായി പണിതുയര്‍ത്തിയ വന്‍ദേവാലയങ്ങളൊക്കെ തകര്‍ന്നുവീഴുന്നതും വഴിവക്കിലൂടെ മണികുലുക്കി നടന്നെത്തിയ ദുര്‍ഗന്ധം വമിക്കുന്ന കുഷ്ഠരോഗികളില്‍ ക്രിസ്തു അയാള്‍ക്ക് വെളിവാകുന്നതും.
സിനഗോഗുകളില്‍നിന്ന് പുറത്താക്കപ്പെട്ട, സ്വന്തമായ ദേവാലയമോ പ്രാര്‍ത്ഥനാ ഇടമോ ഇല്ലാത്ത ആദിമക്രൈസ്തവസമൂഹത്തിന്റെ തിരിച്ചറിവായിരുന്നു ദൈവത്തിന്റെ ആലയം മനുഷ്യന്‍തന്നെ എന്നത്. കല്ലിലും മണ്ണിലും പണിതതിനെയൊക്കെ ജീര്‍ണ്ണത കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ക്കും. മനുഷ്യരില്‍ പണിയുന്ന ആലയം സ്‌നേഹത്തിന്റെ ശ്രീകോവിലായി കാലത്തെ അതിജീവിക്കും. അതുകൊണ്ടാണ് മുപ്പതും അമ്പതും കോടിയുടെ ദേവാലയങ്ങള്‍ നമ്മുടെ ഇടയില്‍ തലയുയര്‍ത്തി വരുമ്പോള്‍ മധ്യകാലഘട്ടത്തില്‍ യൂറോപ്യന്‍ സഭയെ പിടികൂടിയ ജീര്‍ണ്ണത ഇവിടെയും എത്തിയിരിക്കുന്നുവോയെന്നു ഞാന്‍ ഭയക്കുന്നത്. സഭയെന്നാല്‍ സ്ഥാപനമാണെന്ന തെറ്റിദ്ധാരണ പരക്കെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. റോമില്‍ ഒരു നല്ലിടയന്‍ ഫ്രാന്‍സിസിന്റെ വഴിയില്‍ മനുഷ്യരില്‍ സഭയുടെ പുനര്‍നിര്‍മ്മിതി തുടങ്ങിയ കാലത്താണ് ഈ ആര്‍ഭാടസൗധങ്ങള്‍ ഉയരുന്നതെന്ന വൈരുദ്ധ്യം അല്‍പ്പം കഠിനമാണ്. 'ഫ്രാന്‍സിസ്' ഒരു വ്യക്തിക്കിട്ട പേരല്ല, ഒരു ജീവിതശൈലിക്ക് കാലം ചാര്‍ത്തിക്കൊടുത്ത പേരാണ്. അതുകൊണ്ടാണ് ''ദരിദ്രരെക്കുറിച്ചൊരു കരുതല്‍ വേണം'' എന്ന് ഏതോ ഒരു സഹയിടയന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ 'ഫ്രാന്‍സിസ്' എന്നാവട്ടെ ഇനി സഭയുടെ തലക്കെട്ട് എന്ന് ആ വലിയ ഇടയന്‍ നിശ്ചയിച്ചത്. ആ ഇടയന്‍ തെളിക്കുന്ന വഴി പിന്തുടരാന്‍ അജഗണത്തിനുള്ള ബാധ്യതയാണ് ഇന്ന് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത്.

കൈമോശം വന്ന കവിഹൃദയം
''ഫ്രാന്‍സിസ്, വേഗം വരൂ
അവര്‍ പൂക്കളെയെല്ലാം കൊല്ലുന്നു.
പനിനീര്‍പ്പൂക്കളെയും ലില്ലിപ്പൂക്കളെയും കാക്കപ്പൂക്കളെയും
എന്തിനേറെ, പന്നലുകളെയും എല്ലാ പച്ചപ്പുല്ലുകളെയും.
ഫ്രാന്‍സിസ്, നീ വേഗം വരൂ...
ഞങ്ങളുടെ ലോകത്തെ അതിന്റെ നുണകളില്‍ നിന്നു രക്ഷിക്കൂ.''
ആദ്യം ഫ്രാന്‍സിസിന്റെ ജീവിതകഥ വായിക്കുന്നത് കൗമാരത്തിന്റെ തുടക്കത്തിലാണ്. പക്ഷികളോടും മത്സ്യങ്ങളോടും പ്രസംഗിക്കുന്ന ഒരു വിശുദ്ധന്‍. ക്രൂരനായ ചെന്നായ്ക്ക് സഹവര്‍ത്തിത്വത്തിന്റെ പാഠങ്ങള്‍ പറഞ്ഞുകൊടുത്ത് ചങ്ങാത്തം കൂടുന്ന ഒരാള്‍. മരങ്ങളോടും ചെടികളോടും പൂക്കളോടും കുശലം ചോദിക്കുന്ന ഒരു സരള ഹൃദയന്‍. എന്തൊരാവേശമായിരുന്നു ഫ്രാന്‍സിസിനെക്കുറിച്ചോര്‍ക്കുന്ന ആ നാളുകളില്‍. 'ഹാപ്പി പ്രിന്‍സി'ന്റെ കഥ കള്‍ക്കുമ്പോള്‍ കുരുവി സംസാരിക്കുമോ എന്ന് ചോദ്യം ചോദിക്കാന്‍ മാത്രം അതിബുദ്ധി തോന്നാത്ത കാലമായിരുന്നു അത്. യൗവ്വനത്തിന്റെ തുടക്കത്തില്‍ ഫ്രാന്‍സിസിനെ വീണ്ടും വായിക്കുമ്പോള്‍ കാര്യങ്ങളൊക്കെ മാറിയിരുന്നു. 'ബുദ്ധിമാ'നാവുകയും കാര്യങ്ങളെ താത്വികമായി കാണുകയുമൊക്കെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആരൊക്കെയോ ചമച്ചെടുത്ത കെട്ടുകഥകളാണ് ഫ്രാന്‍സിസിനെക്കുറിച്ചുള്ള പല കഥകളുമെന്ന് ചിന്തിച്ചു തുടങ്ങി. കാര്യങ്ങളങ്ങനെ കുറെ മുന്നോട്ടു പോയി. എന്നാല്‍ ഇപ്പോഴെനിക്ക് ഫ്രാന്‍സിസ് കിളികളോടും മരങ്ങളോടും മത്സ്യങ്ങളോടും പക്ഷിമൃഗാദികളോടും സംസാരിച്ചിരുന്നു എന്നതില്‍ തെല്ലും സംശയമില്ല. അടുക്കളയില്‍ ജോലി ചെയ്യുന്ന ചേച്ചി ഉറക്കെ സംസാരിക്കുന്നതു കേട്ടു പലവട്ടം പോയി നോക്കിയിട്ടുണ്ട് എന്നോടാണോ എന്നറിയാന്‍. ആയിരുന്നില്ല. പൂച്ചക്കുട്ടികളോടും കോഴിക്കുഞ്ഞുങ്ങളോടും പ്രാക്കളോടുമൊക്കെയായിരുന്നു. അവയെല്ലാം അമ്മയുടെ സാരിത്തുമ്പിന്റെ മറപറ്റി നടക്കുന്ന കുട്ടിയെപ്പോലെ സദാസമയം അവരുടെ പിന്നാലെ ഉണ്ടാകും. അവര്‍ പരസ്പരം എന്തൊക്കെയോ പറഞ്ഞ് സ്‌നേഹം കൂടുന്നുണ്ട്, ഇടക്കിടക്ക് കലഹിക്കുന്നുമുണ്ട്. ഇപ്പോള്‍ ഞാനും ആ ഭാഷ പഠിച്ചിരിക്കുന്നു. അലഞ്ഞ് തിരിഞ്ഞ് ആശ്രമത്തില്‍ കയറിവന്ന നായക്കുട്ടിയോട് ഇപ്പോള്‍ അവന്റെ ഭാഷയില്‍ എനിക്ക് സംസാരിക്കാനാവുന്നുണ്ട്. സകല ജനതകള്‍ക്കും ജീവജാലങ്ങള്‍ക്കും മനസ്സിലാകുന്ന ഒരു ഭാഷയുണ്ട്. അത് ഹൃദയത്തിന്റെ ഭാഷയാണ്, സ്‌നേഹത്തിന്റെ ഭാഷയാണ്. അവിടെ വാക്കുകള്‍ക്കും വ്യാകരണത്തിനും വലിയ അര്‍ത്ഥമില്ല. അതാണ് കവിയുടെയും കലാകാരന്റെയും ഭാഷ.
ഫ്രാന്‍സിസ് ഒരു കവിയും കലാകാരനുമായിരുന്നു. തലയല്ല ഹൃദയമാണ് ജീവിതത്തിന്റെ കേന്ദ്രമെന്ന് വിശ്വസിച്ച ഒരു കലാകാരന്‍. മഞ്ഞുവീണ വഴിയില്‍ രണ്ടു ചില്ലക്കമ്പുകള്‍ ചേര്‍ത്തുരസി സംഗീതം ആലപിച്ച് ഒരു ഉന്‍മാദിയെപ്പോലെ അയാള്‍ നൃത്തം ചെയ്തു. കവിതകളിലൂടെ സംസാരിക്കാന്‍ അയാള്‍ ഇഷ്ടപ്പെട്ടിരുന്നു. പ്രാര്‍ത്ഥനകള്‍ക്കും ആരാധനകള്‍ക്കും അയാള്‍ നാടക ആവിഷ്‌ക്കരണം കൊടുത്തു - അങ്ങനെ ആദ്യ പുല്‍ക്കൂട് പിറന്നു. കണ്ണില്‍ തിമിരം തിങ്ങിയ കാലത്താണ് ഉള്‍ക്കണ്ണില്‍ സകല ചരാചരത്തിന്റെയും സൗന്ദര്യം കണ്ട് ''സൂര്യകീര്‍ത്തനം'' എന്ന പ്രപഞ്ചഗീതം രചിക്കുന്നത്. മരണമെന്ന അഗാധനിദ്രയിലേക്ക് സംഗീതം കേട്ട് ആഴ്ന്നുപോകാന്‍ ആഗ്രഹിച്ച ഫ്രാന്‍സിസ് മരണക്കിടക്കയ്ക്ക് അരികിലേക്ക് സഹോദരന്മാരെ വിളിച്ചു പറയുന്നുണ്ട്, ''സഹോദരന്മാരെ, എനിക്കായി ഒരു സങ്കീര്‍ത്തനം ആലപിക്കൂ. ഞാന്‍ അതുകേട്ട് വിടപറയട്ടെ.''
സഭയ്ക്ക് നഷ്ടമായത് അതിന്റെ കവിഹൃദയമാണ്. കഥയും കവിതയും കലയുമാണ് മതത്തിന്റെ കാരുണ്യഭാഷ. വയലിലെ ലില്ലികളെ നോക്കി, ആകാശപ്പറവകളെ നോക്കി, വഴിവക്കില്‍ വീണുകിടക്കുന്ന മനുഷ്യരെ നോക്കി, ധൂര്‍ത്തിന്റെ വഴിയില്‍നിന്ന് സ്‌നേഹത്തിന്റെ തറവാട്ടുവീട്ടിലേക്ക് മടങ്ങിവരുന്ന ശിരസ്സ് കുനിഞ്ഞ മനുഷ്യരെ നോക്കി, വേശ്യപ്പെണ്ണിന്റെ കണ്ണീരിലേക്ക് നോക്കി കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും കഥകള്‍ ചൊല്ലിയ ഗുരുവില്‍നിന്ന് ശിക്ഷ -രക്ഷകളുടേയും ദൈവത്വ-മനുഷ്യത്വത്തിന്റേയും ഏകത്വ-ത്രിത്വത്തിന്റേയും ബൗദ്ധികദൈവശാസ്ത്ര ചര്‍ച്ചകളിലേക്ക് എത്തിയപ്പോഴേക്കും മതത്തിന്റെ ഉള്‍ക്കാമ്പ് ഏറെ നഷ്ടപ്പെട്ടിരുന്നു.
സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല എന്ന മനുഷ്യത്വത്തിന്റെ വിശാല നിലപാടെടുക്കാന്‍ ഒരു കലാഹൃദയത്തിനേ കഴിയൂ. സത്യത്തില്‍ വിശുദ്ധഗ്രന്ഥം മുഴുവന്‍ ഒരു കലാസൃഷ്ടിയാണ് - കഥകള്‍, ഗാനങ്ങള്‍, കീര്‍ത്തനങ്ങള്‍, നാടകങ്ങള്‍, ചിഹ്നങ്ങള്‍, ദര്‍ശനങ്ങള്‍, സ്വപ്നങ്ങള്‍ എന്നിവകൊണ്ട് സമ്പന്നം. എന്നാല്‍ മതനേതൃത്വത്തിന് കവിഹൃദയം നഷ്ടപ്പെടുകയും സന്ന്യാസ ആശ്രമങ്ങളും വൈദിക പരിശീലനക്കളരികളും കവിതകളേയും കഥകളേയും പുറത്താക്കുകയും ചെയ്തു. അവയുടെ അഭാവത്തില്‍ കാനോനിക നിയമസംഹിതകളും ആരാധനാനിഷ്ഠകളും കണിശമാക്കപ്പെട്ടു. അതിനിടയില്‍ സഭക്ക് നഷ്ടമായത് ധൂര്‍ത്തപുത്രനെ വഴിയോരക്കണ്ണുമായി കാത്തിരിക്കുന്ന പിതാവിന്റെ ഹൃദയവും മനുഷ്യത്വത്തിനുവേണ്ടി സാബത്തുനിയമം ലംഘിക്കാനുള്ള ഹൃദയവിശാലതയും അവസാന മണിക്കൂറില്‍ ജോലിക്കെത്തിയ ദുര്‍ബ്ബലനായവനും ആദ്യമണിക്കൂറില്‍ ജോലിക്കെത്തിയവനും ഒരേ കൂലി കൊടുക്കുന്ന യജമാനന്റെ നീതിബോധവുമാണ്.
കവിത മതത്തില്‍നിന്ന് ചോര്‍ന്നുപോയാല്‍ അവിടെ തഴയ്ക്കാന്‍ പോകുന്നത് പ്രായോഗികവാദമാണ്. പിന്നെ ഒരിടയനും കൂടെ നില്‍ക്കുന്ന അനുസരണവും വിധേയത്വവുമുള്ള തൊണ്ണൂറ്റൊന്‍പത്  ആടുകളെയും വിട്ട് നഷ്ടപ്പെട്ട ഒന്നിന്റെ പിന്നാലെ പോകില്ല. സ്വന്തം പങ്കു വാങ്ങിപോയ ധൂര്‍ത്തനുവേണ്ടി ഒരു പിതാവും ഇനിയൊരു ചില്ലിക്കാശുപോലും വ്യയം ചെയ്യില്ല. മക്കള്‍ക്കുവേണ്ടി ഒരുക്കപ്പെട്ട മേശയില്‍ ഒരു ചുങ്കക്കാരനും വേശ്യയും മുടന്തനും കുഷ്ഠരോഗിയും കയറിയിരിക്കില്ല. മക്കളുടെ അപ്പം മക്കള്‍ മാത്രം ഭക്ഷിക്കും. അങ്ങനെ നീതിമാന്മാരുടെയും ആരോഗ്യവാന്മാരുടെയും ദൈവരാജ്യത്തിന്റെ മക്കളുടെയും വിശുദ്ധ ഇടമായി സഭ നിലകൊള്ളും. അപ്പോള്‍ ഒരാള്‍ മാത്രം പുറത്തുനില്‍ക്കുന്നുണ്ടാവും, ക്രിസ്തു എന്ന കവി ഹൃദയന്‍.

സാഹോദര്യത്തിന്റെ പ്രതിസന്ധി
''സഹോദരന്‍ ചെന്നായേ,
ഞാന്‍ നിന്നോടൊപ്പമിരുന്ന് അല്പനേരം
സംസാരിക്കട്ടെ.
എന്റെ ഭാഷ നിനക്കു മനസ്സിലാകുമെന്നെനിക്കറിയാം.
കുന്നിന്‍ മുകളിലേക്കുള്ള യാത്ര
എനിക്കെന്നും ദുരിതപൂര്‍ണ്ണമായിരുന്നു.
എന്റെ സഹചാരികളെന്നെ വിശ്വസിക്കുന്നില്ലെന്നതാണ്
എന്റെ ദുരിതം.''
''എന്റെ പ്രിയ സഹോദരന്മാരെ, എന്റെ ഭാഗം ഞാന്‍ ചെയ്തുകഴിഞ്ഞു; നിങ്ങളുടേത് എന്താണെന്ന് ക്രിസ്തുതന്നെ നിങ്ങളെ പഠിപ്പിക്കട്ടെ.'' മരണക്കിടക്കയിലെ ഫ്രാന്‍സിസിന്റെ അവസാന വാചകങ്ങളില്‍ ഒന്നായിരുന്നു ഇത്. സാഹോദര്യവും സന്ന്യാസജീവിതദര്‍ശനങ്ങളും തമ്മില്‍ നിരന്തര സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട ഉഴവുപാടമായിരുന്നു ഫ്രാന്‍സിസിന്റെ മനസ്സ്. 22-ാം വയസ്സില്‍ തനിക്കുതന്നെ വേണ്ടത്ര വ്യക്തതയില്ലാത്ത ജീവിതത്തിന്റെ ഒറ്റയാള്‍ വഴിയിലേക്ക് ഇറങ്ങിനടക്കുമ്പോള്‍ ചുറ്റും ഒരു കൂട്ടം സുഹൃത്തുക്കള്‍ കൂടെയുണ്ടാകുമെന്ന് അയാള്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. ആദ്യസുഹൃത്ത് ബെര്‍ണഡ് ക്വിന്റവാലെ കൂടെച്ചേരാന്‍ വരുമ്പോള്‍ അയാളെ പറഞ്ഞ് നിരുത്സാഹപ്പെടുത്തി അയയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു ഫ്രാന്‍സിസ്. പിന്നെ അത് അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും ദൈവവചനം സാക്ഷ്യപ്പെടുത്തുന്നതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്നും ബോധ്യപ്പെട്ടു കഴിയുമ്പോഴാണ് കൂടെ ചേരാന്‍ അയാളെ അനുവദിക്കുന്നത്. സ്വന്തം തിരിച്ചറിവില്‍, ഏതോ ഒരു ദര്‍ശനത്തിന്റെ വെളിച്ചത്തില്‍, അങ്ങനെയായിരുന്നു ആദ്യകാല സഹോദരന്മാരെല്ലാം ഒരുമിച്ചുകൂടിയത്.
എന്നാല്‍ കാലം പോയി. ഫ്രാന്‍സിസ് ആരാണെന്നറിയാത്തവരും നടക്കേണ്ട വഴിയെക്കുറിച്ച് ദര്‍ശനങ്ങളുടെ വ്യക്തതയില്ലാത്തവരും എന്തൊക്കെയോ ചില സുരക്ഷിതത്വങ്ങളെ കണ്ട് ആ സാഹോദര്യസമൂഹത്തിന്റെ ഭാഗമാകാന്‍ തുടങ്ങി. കാര്യങ്ങളൊക്കെ ഫ്രാന്‍സിസിന്റെ കൈപ്പിടിയില്‍ നിന്നു വിട്ടുപോവുകയായിരുന്നു. അതേസമയം താന്‍ ജീവിക്കാനാഗ്രഹിച്ച സന്ന്യാസ സ്വപ്നത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഫ്രാന്‍സിസ് തയ്യാറായതുമില്ല. അതുകൊണ്ടാണ് മരണക്കിടക്കയിലും അയാള്‍ സഹോദരന്മാരോടിങ്ങനെ പറയുന്നത്, ''എന്റെ സഹോദരന്മാരേ, കാലം മാറിമറിയുമെന്ന് എനിക്കറിയാം. പുത്തന്‍ സംസ്‌ക്കാരങ്ങള്‍, പുത്തന്‍ സമ്മര്‍ദ്ദങ്ങള്‍, പുതിയ ആവശ്യങ്ങള്‍ എന്നിവ ഉണ്ടാകും. എന്നാല്‍ ഒരു കാര്യം മാത്രം ഞാന്‍ നിങ്ങളോട് യാചിക്കുകയാണ് - എന്റെ കഥകള്‍ നിങ്ങളുടെ സ്വപ്നങ്ങളെ തൊടണം. എന്റെ സ്വപ്നങ്ങള്‍ നിങ്ങളുടെ കഥകളാകണം.'''
''തെരുവിനെ ഞാനെന്റെ ആവൃതിയാക്കു''മെന്നു പറഞ്ഞ് തുടങ്ങിയ സന്ന്യാസജീവിതശൈലി ഏലിയാസ് സഹോദരന്റെ കീഴില്‍ സ്ഥാപനവത്കൃത രൂപങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. അക്കാലങ്ങളില്‍ ഫ്രാന്‍സിസും അദ്ദേഹത്തിന്റെ ഹൃദയത്തെ അടുത്തറിഞ്ഞ ആദ്യകാല സുഹൃത്തുക്കളും ആള്‍ക്കൂട്ടമായി മാറിയ സഹോദരസമൂഹത്തില്‍നിന്ന് ഒരകലം പാലിച്ച് അല്‍വേര്‍ണയിലും സുബാസിയോ മലഞ്ചെരുവിലുമായി ഏകാന്തവിചിന്തനത്തില്‍ ഈ ആന്തരിക സംഘര്‍ഷത്തെ നേരിടുകയായിരുന്നു. ഇത് സന്ന്യാസത്തിന്റെ ആദര്‍ശങ്ങളും സാഹോദര്യത്തിന്റെ മൂല്യച്യുതിയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. ആദര്‍ശത്തിനു വേണ്ടി സാഹോദര്യം ത്യജിക്കണമോ സാഹോദര്യത്തിനു വേണ്ടി ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കണമോ - ഇതായിരുന്നു ഫ്രാന്‍സിസിന്റെ സംഘര്‍ഷം. നീണ്ട വിചിന്തനത്തിനൊടുവിലാണ് ഫ്രാന്‍സിസ് ലിയോ സഹോദരനോട് പരിപൂര്‍ണ്ണ ആനന്ദത്തെക്കുറിച്ചുള്ള ആ കഥ പറയുന്നത്.  കഥയുടെ അവസാനം ഫ്രാന്‍സിസ് പറഞ്ഞതിങ്ങനെ: ''ലിയോ സഹോദരാ, നമ്മെ അറിയാത്തവര്‍, നമ്മുടെ സ്വപ്നങ്ങള്‍ക്ക് പുല്ലുവില കല്പിക്കാത്തവര്‍, നമ്മെ പുറംകാലിന് ചവിട്ടിപ്പുറത്താക്കിയാലും നാം ഈ സഹോദരസംഘത്തെ ഉപേക്ഷിക്കുന്നില്ലെങ്കില്‍ അതാണ് പരിപൂര്‍ണ്ണ ആനന്ദം.'''' (ഫ്രാന്‍സിസ് സഹോദരസംഘത്തെ വിട്ടുപോകാന്‍ പോലും ചിന്തിച്ചിരുന്നോ എന്ന് സംശയിക്കണം.) ആരെയെങ്കിലും ഉപേക്ഷിക്കുകയല്ല എല്ലാവരേയും സ്വന്തമാക്കുകയാണ് താന്‍ കണ്ട സന്ന്യാസദര്‍ശനത്തിന്റെ അന്തസ്സത്ത എന്ന തിരിച്ചറിവില്‍ നിന്നാണ് ഫ്രാന്‍സിസിന്റെ ഈ തീരുമാനം. ഇതാണ് സന്ന്യാസത്തിന്റെ ഏറ്റവും വലിയ സംഘര്‍ഷം. കൂടെനിന്ന് ഒരേ ദര്‍ശനങ്ങള്‍ ജീവിക്കാമെന്ന് വാക്കുപറഞ്ഞവര്‍ വിശ്വാസവഞ്ചന കാണിക്കുമ്പോഴും നിങ്ങള്‍ക്കു നിങ്ങളുടെ വാക്കുകളോടും ദര്‍ശനങ്ങളോടും വഞ്ചന കാണിക്കാന്‍ കഴിയാത്ത അവസ്ഥ.

സന്ന്യാസത്തിന്റെ സഞ്ചാരഹൃദയം
''യോനായുടെയും ജോബിന്റെയും
ജെറേമിയായുടെയും മോസസ്സിന്റെയും
ഏലിയായുടെയും താര്‍സൂസ്സിലെ സാവൂളിന്റെയും കുലത്തില്‍
ഒരു മനുഷ്യനുണ്ടായിരുന്നു.
അയാള്‍ തന്റെ കുലത്തിലെ മറ്റുള്ളവരെപോലെ
ഉഷസ്സിന്റെ ചിറകുകളില്‍ പറന്നു.
രാജ്യങ്ങളോടും അധികാരശക്തികളോടും
പ്രശസ്തിയോടും ചേര്‍ന്നുനില്‍ക്കാന്‍
അയാള്‍ക്ക് അറിയില്ലായിരുന്നു.
അയാള്‍ കാറ്റില്‍നിന്ന് കാറ്റിലേക്ക്
പറന്നുകൊണ്ടേയിരുന്നു.
ദൈവോച്ഛ്വാസത്തിന്റെ
വന്‍തീപിടുത്തത്തിന്റെ കൊടിയ നഷ്ടത്തില്‍
സ്വയം നഷ്ടപ്പെട്ടങ്ങനെ.''''
സന്ന്യാസം ചുറ്റുമതിലുകള്‍ക്കുള്ളിലും, ആവൃതികള്‍ക്കുള്ളിലും ജീവിച്ചിരുന്ന കാലത്ത് പാശ്ചാത്യസമൂഹത്തില്‍ ഫ്രാന്‍സിസ് ആരംഭിച്ചത് സന്ന്യാസ ചരിത്രത്തിലെ തന്നെ വ്യത്യസ്തമായ ഒരു മുന്നേറ്റമായിരുന്നു - അലയുന്ന സന്ന്യാസികളുടെ സമൂഹം (മെന്‍ഡിക്കന്‍സ്). ഗ്രാമങ്ങളിലും പര്‍ണ്ണശാലകളിലും പട്ടണങ്ങളുടെ തെരുവോരങ്ങളിലും അവര്‍ സന്ന്യാസം ജീവിച്ചു. 'കുറുനരികള്‍ക്ക് മാളങ്ങളുണ്ട്, ആകാശപറവകള്‍ക്ക് കൂടുകളുമുണ്ട്, മനുഷ്യപുത്രനു തലചായ്ക്കാനിടമില്ല' എന്നു പറഞ്ഞു ജീവിതം മുഴുവന്‍ സഞ്ചാരിയായി അലഞ്ഞ പാലസ്തീനായിലെ ഗുരുവിന്റെ കാലടികളെ തേടിനടക്കുകയായിരുന്നു അയാള്‍.
ഫ്രാന്‍സിസ് ഒരു യാത്രികന്‍ മാത്രമായിരുന്നില്ല, യാത്രയുടെ ചരിത്രത്തിലെ ഒരു ചലനം തന്നെയായിരുന്നു. ക്രിസ്തുശിഷ്യനായിരിക്കുക എന്നതിന്റെ മറുവാക്ക് നിരന്തരം വഴിയിലായിരിക്കുക എന്നതാണെന്ന് അയാള്‍ വിശ്വസിച്ചു. അയാള്‍ കൂടുതലും നടന്നത് ഓരം ചേര്‍ന്നായിരുന്നു. ഈ ലോകത്തില്‍ പരദേശികളെപ്പോലെയും തീര്‍ത്ഥാടകരെപ്പോലെയും ജീവിക്കാന്‍ ഫ്രാന്‍സിസ് തന്റെ സഹോദരന്മാരോടു നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. സുബാസിയോ കാടുകളിലൂടെ, സ്‌പൊളേറ്റോ താഴ്‌വാരത്തിലൂടെ, അസ്സീസിയില്‍ നിന്നു ജറുസലേമിലേക്ക്, അസ്സീസിയില്‍ നിന്ന് റോമിലേക്ക്, ലവേര്‍ണാ മലമുകളിലേക്ക്, പെറൂജിയായിലേക്ക്, അപ്പൂല്യായിലേക്ക്, ഗുബിയോയിലേക്ക്, സ്‌പെയിനിലേക്ക്, ഈജിപ്തിലേക്ക്, ഉംബ്രിയായുടെ എല്ലാ ഗ്രാമങ്ങളിലേക്കും. എല്ലാ യാത്രകള്‍ക്കും ശേഷം തിരിച്ച് തന്റെ അസ്സീസിയിലേക്ക്. വാഹനങ്ങള്‍ ഇല്ലാതിരുന്ന പത്ത് നൂറ്റാണ്ടുകള്‍ക്കപ്പുറം കുതിരപ്പുറത്ത് കയറാന്‍ വിസമ്മതിച്ച ഈ കൊച്ചു മനുഷ്യന്‍ ഇരുപതുവര്‍ഷം കൊണ്ട് ഇത്രയേറെ കാതം എങ്ങനെ നടന്നു തീര്‍ത്തു എന്ന് അത്ഭുതം തോന്നിയിട്ടുണ്ട്. ഇതു സന്ന്യാസത്തിന്റെ ഒരു പൗരസ്ത്യ പാരമ്പര്യമാണ്. വഴിതെറ്റി പടിഞ്ഞാറു പോയി പിറന്ന കിഴക്കിന്റെ സന്ന്യാസിവര്യനാണു ഫ്രാന്‍സിസ് എന്നു പറയുന്നതില്‍ തെറ്റില്ല. കിഴക്കിന്റെ ഗുരുപാരമ്പര്യങ്ങളിലൊക്കെയുണ്ട് ഒരു ദേശാടനത്തിന്റെ കഥ. അത് ഇന്ത്യയെ  കണ്ടെത്താനലഞ്ഞ വിവേകാനന്ദനിലാകട്ടെ, ബോധോദയം തേടി കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്‍ത്ഥനിലാകട്ടെ, പലായനത്തിന്റെയും തീര്‍ത്ഥാടനത്തിന്റെയും ദൂരങ്ങള്‍ മക്കയ്ക്കും മദീനക്കുമിടയില്‍ നടന്നുതീര്‍ത്ത മുഹമ്മദിലാകട്ടെ നടവഴികള്‍ മാറുന്നുവെന്നേയുള്ളൂ.
സ്വതസിദ്ധ പ്രേരണയില്‍ തികച്ചും സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കേണ്ട, അപൂര്‍വ്വം ചിലരില്‍ കാണുന്ന, ഒരു 'നാച്യുറല്‍ ട്രെയിറ്റ്' ആണ് സന്ന്യാസം. സ്ഥാപനവല്‍കൃതമാവുകയും പൊതുവത്ക്കരിക്കപ്പെടുകയും  ചെയ്യാന്‍ തുടങ്ങിയതു മുതല്‍ അതിന്റെ പരാജയം വെളിവാകുന്നുണ്ട്. രണ്ടു തരം മനസ്സുകളുണ്ട്, ഒന്ന് സ്ഥാപനത്തിന്റെ ചുമരുകള്‍ക്കുള്ളില്‍ മാത്രമായി ഒതുക്കി നിര്‍ത്താനാവാത്ത സഞ്ചാരിമനസ്സും,  മറ്റൊന്ന് സ്ഥാപനത്തിന്റെ സ്‌നേഹസുരക്ഷിതത്വങ്ങളില്‍ ആനന്ദം കൊള്ളുന്ന സ്ഥിരവാസി മനസ്സും. രണ്ടും ഒരേ രീതിയില്‍ ആനന്ദകരമാണ്. പക്ഷേ സഞ്ചാരി മനസ്സ് അത്യപൂര്‍വ്വവും സാധാരണ ജീവിതശൈലിക്കുള്ളില്‍ ഒതുങ്ങുന്നതുമല്ല. സന്ന്യാസിനികളുടെ അംഗബലം കുറയുന്ന പ്രതിഭാസം ഇന്ന് പലരേയും ഭയപ്പെടുത്തുന്നുണ്ട്. ഭയപ്പെടേണ്ട ഒന്നല്ല അത്. സന്ന്യാസത്തിന്റെ ഉള്‍ക്കാമ്പ് തെളിയാന്‍ പോകുന്നതിന്റെ തുടക്കമായി മനസ്സിലാക്കിയാല്‍ മതി. സന്ന്യാസത്തില്‍ വലിയ ആള്‍ക്കൂട്ടത്തെ നാം ഭയപ്പെടണം.
പുരുഷസന്ന്യാസികള്‍ക്കിടയില്‍ ഈ പ്രശ്‌നമില്ലല്ലോ. പുരുഷസന്ന്യാസിമാരുടെ അംഗബലത്തില്‍ വര്‍ദ്ധനവുണ്ടാവുകയല്ലേ ചെയ്തത് എന്ന സ്വാഭാവികമായ ഒരു സംശയം തോന്നാം. അത് വാസ്തവമല്ല. അവര്‍ക്കിടയിലുമുണ്ട് ഈ അംഗശോഷണം. ഒരു പക്ഷേ സന്ന്യാസിനിസമൂഹങ്ങളെ ബാധിച്ചതിനേക്കാള്‍ ഭീകരമായി. ഇവിടെ പൗരോഹിത്യമില്ലാതെ സന്ന്യാസം മാത്രം ജീവിച്ചിരുന്ന പുരുഷസന്ന്യാസസമൂഹങ്ങളൊക്കെ ഏതാണ്ട് അന്യംനിന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ട്. പുരുഷന്മാരുടെ ഇടയില്‍ വര്‍ദ്ധിച്ചിരിക്കുന്നത് പൗരോഹിത്യത്തോടുള്ള ആവേശമാണ്. പൗരോഹിത്യം സഭയുടെ വ്യവസ്ഥാപിത ചട്ടക്കൂടിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശുശ്രൂഷയാണ്. അതിന് സഭ നിശ്ചയിച്ചിരിക്കുന്ന വളരെ നിയതമായ കടമകള്‍ ചെയ്യാനുണ്ട്. അതില്‍ വ്രതബദ്ധമായ ജീവിതത്തിന്റെ ശൈലികളൊന്നും ബാധകവുമല്ല. പൗരോഹിത്യം ഒരു ശുശ്രൂഷാദൗത്യമാണ്, സന്ന്യാസം ഒരു ജീവിതശൈലിയാണ്. സന്ന്യാസത്തില്‍നിന്ന് പൗരോഹിത്യത്തെ പൂര്‍ണ്ണമായി അടര്‍ത്തിമാറ്റി നോക്കൂ. അപ്പോള്‍ കാര്യങ്ങളുടെ കാമ്പു തെളിയും. പൗരോഹിത്യപട്ടം കിട്ടിയില്ലെങ്കില്‍ ഒരു ചെറുപ്പക്കാരനും സന്ന്യാസസഭയില്‍ ചേരില്ല എന്ന നിലവന്നിരിക്കുന്നു.   പൗരോഹിത്യത്തില്‍ ഒരു ജോലി ചെയ്യുന്നതിന് കിട്ടുന്ന സാമൂഹിക-മാനസിക സംതൃപ്തിയും അംഗീകാരങ്ങളുമുണ്ട്. എന്നാല്‍ സന്ന്യാസം ഒരു ജീവിതശൈലി മാത്രമാകുന്നതു കൊണ്ട് ആ ജീവിതശൈലിയെ പ്രണയിക്കുന്നവര്‍ക്കേ അതിന്റെ ആനന്ദം കണ്ടെത്താനാവൂ. സന്ന്യാസം ആള്‍ക്കൂട്ടമാകുമ്പോള്‍ അത് അപകടാവസ്ഥയിലെന്ന് സാരം. അതായിരുന്നു ഫ്രാന്‍സിസിന് തന്റെ ജീവിതകാലത്ത് തന്നെ കണേണ്ടിവന്ന സന്ന്യാസത്തിന്റെ പതനവും, തത്ഫലമായി അദ്ദേഹം അനുഭവിച്ച ആത്മീയസംഘര്‍ഷവും.
സന്ന്യാസത്തിന്റെ ഉള്‍ക്കാമ്പ് തിരയുന്ന ഈ സന്ന്യാസവര്‍ഷത്തില്‍ കണ്ടുമുട്ടേണ്ട വ്യക്തി സുബാസിയോയുടെ മലവഴികള്‍ ഇറങ്ങി വരുന്ന പീറ്റര്‍ ബെര്‍ണഡോന്റെ മകന്‍ ഫ്രാന്‍സിസ് ജോണിനെയാണ്. കാരണങ്ങളില്ലാതെ ഒരു സഞ്ചാരിയും പ്രകൃതിയുടെ ഉപാസകനും ദൈവസ്‌നേഹത്തിന്റെ ഗായകനും ഉള്ളിന്റെയുള്ളില്‍ ഒരു നിരന്തര അന്വേഷിയുമായി നടന്ന ആ മനുഷ്യനാല്‍ വശീകരിക്കപ്പെടുക എന്നതാണ്. വയലിലെ നിധി കണ്ടെത്താത്തവരാരും സ്വന്തം കൈയ്യിലെ സമ്പത്ത് വിറ്റുതുലയ്ക്കരുത്. ദൈവരാജ്യത്തിന് വേണ്ടിയുള്ള ഷണ്ഡത്വം നിധിപോലെ ഉള്ളില്‍ കിട്ടുന്നവരാകട്ടെ അപൂര്‍വ്വവും. നീണ്ട അങ്കിയും അവിവാഹിത ജീവിതവും സന്ന്യാസഭവനത്തിന്റെ നിഷ്ഠകളും ഉരുവിടുന്ന ജപങ്ങളും ആരെയും സന്ന്യാസിയാക്കില്ല എന്നോര്‍ക്കണം. കൊട്ടാരത്തില്‍നിന്ന് ഇറങ്ങിയോടി ലുംബിനിയുടെ വഴിവക്കില്‍ ജന്മം കൊടുത്തപ്പോള്‍തന്നെ നിശ്ചയിക്കപ്പെട്ട ഒരു സഞ്ചാരഹൃദയമാണ് സന്ന്യാസം. കപിലവസ്തുവിന്റെ കൊട്ടാരങ്ങള്‍ക്കൊന്നിനും അതിനെ ഏറെക്കാലം പിടിച്ചുനിര്‍ത്താനാവില്ല. പറവകള്‍ക്ക് കൂടുകളും നരികള്‍ക്ക് മാളങ്ങളുമുള്ള ഭൂവില്‍ അത് ഒരു രാത്രി കൂടുവിട്ടിറങ്ങും. അസിതനും ശിമയോനും കൈയിലെടുത്ത കുഞ്ഞുങ്ങള്‍ക്കുമേല്‍ ചില പ്രവചനങ്ങള്‍ തെറ്റാതെ കിടന്നതുപോലെ. സന്ന്യാസത്തെ വേണമെങ്കില്‍ ഒരു ജന്മത്തിന്റെ നിയതി എന്നു വിളിച്ചുകൊള്ളൂ.

Friday, August 7, 2015

ഏകനായി നടക്കൂ!



നിന്റെ വിളിയ്ക്ക് അവർ പ്രത്യുത്തരിക്കുന്നില്ലെങ്കിൽ ഏകനായി നടക്കൂ!
പേടിച്ചും വിറച്ചും നിശബ്ദരായി അവർ മതിലുകൾക്ക് പിന്നിൽ ഒളിക്കുമ്പോൾ
ദുർഭഗനായവനേ, തനിയേ ഉള്ളുതുറന്ന് ഉറക്കെ സംസാരിക്കൂ!
മരുഭൂമി താണ്ടുമ്പോൾ നിന്നെയവർ മണൽക്കാട്ടിൽ തനിച്ചാക്കി പോകുന്നെങ്കിൽ
ദുർഭഗനായവനേ, പാദത്തിനടിയിലെ മുള്ളുകളെ ചവിട്ടിഞെരിച്ച്‌
രക്തത്തുള്ളികൾ വഴിപ്പാടിട്ട ഊഷരതയിൽ തനിയേ നടക്കൂ!
കൊടുംങ്കാറ്റിൽ പ്രക്ഷുബ്ധമാകുന്ന രാത്രികളിൽ
ആരും നിനക്കായി ഒരു തിരി കെടാതെ സൂക്ഷിക്കുന്നില്ലെങ്കിൽ
ദുർഭഗനായവനേ, വേദനയുടെ ഇടിമുഴക്കത്തിൽ നിന്ന്
നീ നിന്റെ ഹൃദയത്തിന് തിരികൊളുത്തൂ,
അത് തനിയേ ജ്വലിക്കട്ടെ!
(Ekla Chalo Re എന്ന ടാഗോറിന്റെ വരികൾക്ക് ഒരു സ്വതന്ത്ര വിവർത്തനം) 

Tuesday, August 4, 2015

അലാബാമയിലെ ക്രിസ്തു


ക്രിസ്തു കറുത്തവനാണ്
അടിയേറ്റ കറുത്ത കാപ്പിരി.
നീ നിന്റെ പുറം കാണിക്ക്!
മറിയം അവൻറെ അമ്മയാണ് 
'തെക്കി'ലെ 'മമ്മി'
നീ നിന്റെ വായടക്ക്‌!
ദൈവം പിതാവാണ്
നിന്റെ തലയ്ക്കു മുകളിലെ വെളുത്ത തമ്പ്രാൻ.
നീ അവന് ആദരവ് കൊടുക്ക്‌!
തന്തയില്ലാത്ത വിശുദ്ധ കഴുവേറി,
കാപ്പിരി ക്രിസ്തു,
വായിൽ ചോരയൊലിപ്പിച്ച്
'തെക്കി'ലെ കുരിശിൽ.
("അലാബാമയിലെ ക്രിസ്തു"- ലാങ്സ്റ്റണ്‍ ഹ്യൂഗ്സ്)
-ഒരു സ്വതന്ത്ര വിവർത്തനം

[അമേരിക്കയിലെ നീഗ്രോ അടിമത്ത കാലത്തിന്റെ സൃഷ്ടിയാണ് ഈ കവിത. ഇവിടെ വെളളക്കാരന്റെ പാട്രിയാർക്കൽ ദൈവ സങ്കല്പവും കറുത്തവന്റെ ക്രിസ്തു സങ്കല്പവും തമ്മിൽ ഏറ്റുമുട്ടുന്നു. 'തെക്ക് ' ചൂഷിതന്റെ മൂന്നാം ലോകരാജ്യങ്ങളാണ് (തെക്കേ അമേരിക്ക, ആഫ്രിക്ക, തെക്ക് ഏഷ്യൻ രാജ്യങ്ങൾ ) - വടക്ക് ചൂഷകനായ വെള്ളക്കാരന്റെ ഒന്നാം ലോകരാജ്യങ്ങളും - . 'മമ്മി ' ഇവിടെ ദ്വയാർത്ഥത്തിലാണ് ഉപയോഗിച്ചിരികുന്നത് (അമ്മ, സംസാരശേഷിയില്ലാത്ത ആഫ്രിക്കൻ ഈജിപ്തിലെ ശവശരീരങ്ങൾ). വെള്ളക്കാരൻ തന്റെ ക്രിസ്തുവ്യഖ്യാനത്തിലൂടെ കറുത്തവനെ എങ്ങനെയാണ് വീണ്ടും പീഢനങ്ങൾക്കും നിശബ്ദീകരണത്തിനും നിന്ദനങ്ങൾക്കും വിധേയമാക്കുന്നതെന്ന് കവിത പറയുന്നു. ദളിത് വിവേചനത്തിന്റെ ബ്രാഹ്മണാധിപത്യം നിലനിൽക്കുന്ന ഇന്ത്യൻ ഭൂമികയിൽ ഈ കവിത ഇന്നും പ്രസക്തമാണ്.]

Friday, July 31, 2015

ഭരണകൂടത്തിന് ഭ്രാന്തു പിടിക്കരുത്!


തടവറയിലെ എകാന്തതയെക്കുറിച്ചും മനസ്സാക്ഷിയെ വിമലീകരിക്കുന്ന കുറ്റബോധത്തെക്കുറിച്ചും ഒരാൾ കരുണാർദ്രമായി  കഥയെഴുതുന്നു. എന്നാൽ തുക്കുകയറിൽ നിന്ന് ഒരു ജീവനെ രക്ഷിക്കേണ്ടതിതിന്റെ മാനവീകതയെക്കുറിച്ച് പറയുമ്പോൾ അയ്യാളുടെ പേശികൾ വലിഞ്ഞുമുറുകുന്നു. "ഉപ്പു തിന്നവൻ വെള്ളം കുടിക്കണം" പോലും! അനാഥമാകുന്ന തെരുവിലെ ജന്മങ്ങളെക്കുറിച്ച് ഒരാൾ വേദനിക്കുന്നു. ഇനിയും ഒരു മകനോ മകൾക്കോ അത് നമ്മളായിട്ട്  വരുത്തി വെക്കരുത് എന്ന് പറയുമ്പോൾ അയ്യാൾ തുക്കുകയറിൽ കഴുത്തുമായി നിൽക്കുന്നവൻ അനാഥമാക്കിയ 237 പേരുടെ കഥ പറയുന്നു. എഴുതുന്ന ഓരോ അഭിപ്രായത്തിനും മതം തിരിഞ്ഞ് like അടിക്കുന്നു. ചിലർക്ക് ഒരു ഹീനകൃത്യത്തിന്റെ അണിയറശിൽപ്പി ഹീറോയാകുന്നു. ചിലർ അതിൽ മതം തിരയുന്നു, ചിലർ രാഷ്ട്രീയം തിരയുന്നു. മനുഷ്യന് വേണ്ടി സംസാരിക്കുന്നവരുടെ ശബ്ദം നേർത്തുനേർത്ത്‌ പോകുന്നു.
തലവെട്ടൽ കുറ്റം കൃത്യം തടയുമെന്ന് ചിലർ. സംഭവിച്ചിട്ടിച്ചിട്ടുള്ളത് നേരെ മറിച്ചാണെന്ന് കണക്ക് കാണിച്ചു കൊടുക്കുമ്പോൾ ഇസ്ലാമിയ രാജ്യങ്ങളുടെ ഉദാഹരണവുമായി ചിലർ (മാതൃകയാക്കണം പോലും!).  കയ്യും കാലും വെട്ടാൻ നിയമമുള്ള ആ നാടുകളിൽ പോയി പാർക്കാൻ നിങ്ങൾക്ക് മനസ്സാണോ എന്ന് ചോദിച്ചാൽ നിശബ്ധത. നിയമങ്ങൾ പെരുകുകയും അതിന്റെ പാലനം രാഷ്ട്രം കഠിനമായി അടിച്ചേൽപ്പിക്കുകയും ചെയ്യുന്നത് ഒരു രാഷ്ട്രത്തിന്റ സാംസ്ക്കാരിക അപചയമാണ് കാണിക്കുന്നത്, അല്ലാതെ അവിടുത്തെ പൗരന്മാരുടെ ധാർമ്മിക ഔന്നിത്യമല്ല. മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളൊന്നും നമ്മുക്ക് കണ്ടു പഠിക്കാൻ നല്ല മാതൃകകളല്ല.
ഭീകർക്ക് കൊല്ലാനും ചാകാനും ഒന്നും ഭയമില്ല, അത് ഏത് നാട്ടിൽ അയാലും. പിന്നെയാണോ അവരെ തൂക്കുകയര്‍ എന്ന ഓലപ്പാമ്പിനെ കാണിച്ചു പേടിപ്പിക്കുന്നത്!
തൂക്കുകയർ എന്ന ശിക്ഷാവിധിയെ മറ്റ് ശിക്ഷാവിധികൾ പോലെ നിസ്സാരമായി കാണരുത്. നമ്മൾ ചില ഗോവിന്ദചാമിമാരെ മാത്രമാണ് കാണുന്നത്. വിചാരണവിധികളിൽ നമ്മളേക്കാൾ കണിശത പാലിക്കുന്ന ഇംഗ്ലണ്ടിന്റെ, ഐയർലണ്ടിന്റെ, അമേരിക്കയുടെ, ചൈനയുടെ ഒക്കെ ചരിത്രമൊന്നെടുത്ത് നോക്കണം. തൂക്കിക്കൊല കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം അവർ നിഷ്കളങ്കരായിരുന്നു എന്ന് കോടതി തന്നെ പുനർവിധി നടത്തിയ എത്ര കേയ്സുകൾ! പിന്നേ ഏതെങ്കിലും കോടതിയ്ക്ക് അവരുടെ ജീവിതവും ജീവനും തിരിച്ചുകൊടുക്കാനായോ? രണ്ട് വർഷം മുൻപ് നമ്മൾ തൂക്കിയ അഫ്സൽ ഗുരുവിന്റെ കാര്യത്തിൻ ഇപ്പോഴും ന്യായാധിപന്മാർ പോലും രണ്ടു തട്ടിലാണ്. മനുഷ്യന്റെ നീതിനിർവ്വഹണത്തിൽ (അവർ ദൈവമല്ലാത്തതു കൊണ്ട് ) തെറ്റുപറ്റുക സ്വാഭാവികമാണ്. അതുകൊണ്ടാണ് പറയുന്നത് ജീവന്റെ മേൽ കൈ വെക്കാൻ നമ്മുക്ക് അവകാശമില്ലെന്ന് .
രാജ്യസുരക്ഷയ്ക്ക് അത്ര കടുത്ത ഭീഷണിയാണെങ്കിൽ അയ്യാളെ മരണം വരെ കഠിന തടവിന് വിധിച്ചാൽ പോരേ ? എന്തിനാണ് കൊല്ലുന്നത്? ഏതായാലും മരിച്ചവരാരും ഇനി തിരിച്ച് വരില്ലല്ലോ. അംഗഭംഗം സംഭവിച്ചവർക്ക് അവരുടെ പൂർണ്ണ ആരോഗ്യം തിരിച്ച് കിട്ടുകയുമില്ലല്ലോ. യാതോരു വിചിന്തനവുമില്ലാതെയാണ് മിക്ക സംസ്ക്കാരസമ്പന്നമായ രാജ്യങ്ങളൂം ഈ പ്രാകൃത ശിക്ഷാരീതിയെ തള്ളിക്കളഞ്ഞ് എന്ന് തോന്നുന്നുണ്ടോ? അയ്യാളെ കൊന്നപ്പോൾ ആ 237- കുടുംബങ്ങൾക്ക് രാഷ്ട്രം എന്ത് കുന്ത്രാണ്ടമാണ് ഉണ്ടാക്കിക്കൊടുത്തത്? ഇന്നലെ വരെ ജീവിച്ചതു പോലെ നാളേയും അവർ ജീവിക്കും അത്ര തന്നെ! പിന്നെ അവരില്‍ ചിലരുടെ ഒരു മാനസീക സുഖം, കൊലപാതകം കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു  മാനസീക സുഖം!
അപ്പോള്‍ ചിലര്‍ പറയുന്നു ഞങ്ങളുടെ ടാക്സ് കൊണ്ട് യാതോരുപകാരവുമില്ലാത്ത അവന്മാരൊന്നും തിന്നുകുടിച്ച് കിടക്കേണ്ടാ. യാതോരു ഉപകാരവുമില്ലാത്ത പ്രതിഭാ പാട്ടീൽ മുതൽ മുക്കിൽ പല്ല് മുളച്ച MP-MLA മാർ വരെ ലക്ഷക്കണക്കിന് എമ്പോക്കികൾ ലക്ഷ്വറി കാറിലും പഞ്ചനക്ഷത്ര ഹോട്ടലിലുമായി തിന്നുകുടിച്ച് അർമാദിച്ച് നടക്കുമ്പോൾ ഒരു ചാൺ വയറിന് ഇവർക്ക് കൊടുക്കുന്ന ചപ്പാത്തിയും ചോറും രണ്ടു ജോഡി ഡ്രസ്സുമാണോ ടാക്സിന്റെ ദുർവ്യയം?
ഒരു ജീവന്‍ നിലനിര്‍ത്തുക എന്നാല്‍ ഒരു സാധ്യത നിലനിര്‍ത്തുകയാണ്. ഇവന്മാരൊക്കെ നന്നാവുമോ എന്ന് ചോദിക്കരുത്. ആരും ആരേയും നന്നാക്കുകയല്ല, കാലവും ജീവിതാനുഭവങ്ങളും ചേർന്ന് ചിലരെ പരിവർത്തനം ചെയ്യിക്കുകയാണ്. (എല്ലാവരേയും അല്ല, ആരെക്കെയാണെന്ന് നമ്മുക്ക് പറയാനുമാവില്ല). കാട്ടാളനിൽ ഒരു വാത്മീകിയുണ്ട്. പതിനാറാം വയസ്സിൽ ഒരു പെൺകുട്ടിയെ ബലാത്ക്കരമായി കൊന്ന അലക്സാണ്ടർ 1970 വരെ ഏതോ സന്യാസാശ്രമത്തിന്റെ പൂമുഖത്ത് ചുളിവ് വീണ മുഖത്തോടെ അതിഥികളെ സ്വീകരിച്ചും തോട്ടത്തിൽ പണിയെടുത്തും നിന്നിരുന്നു.
പ്രമോദ് റഹ്മാനെ ഉദ്ധരിച്ചുകൊണ്ടു പറയുന്നു, “കുറ്റത്തിന് ഇല്ലാത്ത കണ്ണ് വേണ്ടത് ശിക്ഷയ്ക്കാണ്. ഭീകരതയ്ക്ക് ഇല്ലാത്ത ആത്മാവ് വേണ്ടത് നിയമത്തിനാണ്. ജീവനെടുക്കവേ കൈ വിറയ്ക്കേണ്ടത് കോടതിക്കാണ്. ഭ്രാന്ത് പിടിക്കാനേ പാടില്ലാത്തത് ഭരണകൂടത്തിനാണ്”

Thursday, July 23, 2015

സ്വകാര്യധാർമ്മീകത - പൊതുധാർമ്മീകത

എന്തെങ്കിലും ആവശ്യത്തിന് അത്ര പരിചയമില്ലാത്ത ഒരു വീട്ടിലോ സ്ഥലങ്ങളിലോ പോകേണ്ടി വരുമ്പോൾ വഴിയരികിൽ കണ്ടുമുട്ടുന്ന ഒരാളോട് വഴി ചോദിക്കുമ്പോഴാണ് ഒരു കള്ളനെപ്പോലെ ഓടിപ്പോകേണ്ട അവസ്ഥ വരുന്നത്. അങ്ങോട്ട്‌ ഒരു ചോദ്യം മാത്രമേ ചോദിച്ചിട്ടുള്ളൂ, "വഴിയൊന്ന് പറഞ്ഞുതരാമോ?". ഇങ്ങോട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് കയ്യുംകണക്കുമില്ല, "എവിടുന്ന് വരുന്നു?" "എന്തിനാണ് അവിടെപ്പോകുന്നത്?", "അവരുമായിട്ട് എന്താണ് ബന്ധം?"....(നാട്ടിൻ പുറം നന്മകളാൽ സമൃദ്ധമൊന്നുമല്ല). എന്നാണ് നമ്മൾ സ്വകാര്യതയും  പൊതുജീവിതവും തമ്മിലുള്ള വിശുദ്ധമായ വേർതിരിവ് പഠിച്ചെടുക്കന്നത്? കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി പ്രതീക്ഷയുടെ വെള്ളിവെളിച്ചമാണ്. ഇവിടെ പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ തമ്മിൽ എങ്ങനെയാണ് ബന്ധപ്പെടേണ്ടത് എന്ന് വരെ രാഷ്‌ട്രം നിയമപരമായി നിശ്ചയിക്കാൻ തുടങ്ങിയാലോ! വ്യക്തിജീവിതത്തിൽ മൂല്യബോധനം വേണ്ടന്നല്ല പറഞ്ഞുവരുന്നത്. മൂല്യബോധനം ഒരു ബോധനപ്രക്രിയ എന്ന തലത്തിൽ തന്നെ നില്ക്കണം, അല്ലാതെ നിയമത്തിന്റെ കുറുവടിയും പിടിച്ച് നടക്കേണ്ടതല്ല. മതങ്ങൾക്കും ഉണ്ടാവണം സ്വകാര്യധാർമ്മീകതയും പൊതുധാർമ്മീകതയും തമ്മിലുള്ള വിവേചനബോധം. മതങ്ങൾ ഇപ്പോൾ വ്യക്തിജീവിതത്തിൽ ഏതൊക്കെ വിടവുകളിലൂടെയാണ് ഒളിഞ്ഞുനോക്കുന്നത്! ദമ്പതികൾ കിടപ്പറയിൽ ആഘോഷിക്കുന്ന വിശുദ്ധമായ ലൈംഗീക കർമ്മത്തിന്റെ രീതികൾ എന്തായിരിക്കണം എന്നുവരെ മതം നിശ്ചയിക്കുന്നു എന്നുവന്നാൽ മതം പോലും എത്ര തരംതാണു പോകുന്നു!
http://news.keralakaumudi.com/news.php?nid=56b8fa317c36e1a8cabad817db2d4816

Wednesday, July 15, 2015

തത്വശാസ്ത്രാധിഷ്ഠിതമായ ഒരു തടംവെട്ട്

2003-2004, തത്വശാസ്ത്ര പഠനമൊകെ കഴിഞ്ഞ് സമൂഹത്തിന്റെ സ്പന്ദനങ്ങളെ തൊട്ടറിയാന്‍ തേരെപ്പാരെ നടന്നിരുന്ന കാലം. ആദിവാസികള്‍ക്കിടയില്‍, മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍, തെരുവില്‍, അനാഥമന്ദിരങ്ങളില്‍, വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍, ദളിത്‌ മുന്നേറ്റങ്ങള്‍ക്കൊപ്പം ... ആ വര്‍ഷത്തെ മൊത്തം ചിലവുകളും സ്വന്തം നിലയില്‍ കണ്ടെത്തണമായിരുന്നു. കൂലിപ്പണിക്ക് പോവുകയായിരുന്നു പതിവ്. അലഞ്ഞുനടന്ന് പണി അന്വേഷിക്കുന്നതുകൊണ്ട് പരിചയമില്ലാത്തവര്‍ക്ക് പണികൊടുക്കാൻ തയ്യാറുള്ളവരും ചുരുക്കം. ഒരിക്കല്‍ സുഹൃത്തും ഞാനും കൂടി ഒരു പണി കണ്ടുപിടിച്ചു. കുറേനാളായി തടമെടുക്കാതെ കിടക്കുന്ന ഒരു തെങ്ങിന്‍തോപ്പ് (മണ്ഡരിബാധ കൊണം വരുത്തയതുകാരണം ഉടമ മനംമടുത്ത് ഉപേക്ഷിച്ചതാണ്). പത്തിരിന്നൂറ് തെങ്ങുകള്‍ ഉള്ള തോപ്പാണ്, എങ്ങനെ പോയാലും ഒരാഴ്ച പണി ഉറപ്പ്. കൃഷിയുടെ പ്രാധാന്യം, പരിചരണം കൊടുത്താല്‍ നന്നാകാത്ത പച്ചമരങ്ങള്‍ ഇല്ലെന്ന പ്രകൃതിശാസ്ത്രം, മണ്ണിന്‍റെ വിപ്ലവരാഷ്ട്രീയം, അധ്വാനമേ സംതൃപ്തി, പിന്നെ ഞങ്ങളെ തടമെടുക്കല്‍ എല്‍പ്പിച്ചാലുണ്ടാകുന്ന സാമ്പത്തീക നേട്ടം (വന്‍ ഓഫര്‍- തടമൊന്നിന് മറ്റ് തടം വെട്ടുകാര്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ 3 രൂപ കുറവ്!). പോരെ സംഗതി! ഉടമ മനം മയങ്ങി വീണു. തുമ്പയും തന്ന് തെങ്ങുംതൊപ്പില്‍ ഞങ്ങളെ കൊണ്ടുചെന്നാക്കി, കാപ്പികുടിക്കാന്‍ നേരമാകുമ്പോള്‍ മടങ്ങി വരാം എന്ന് പറഞ്ഞ് വീട്ടിലേക്ക് പോയി. ആദ്യ ദിവസമല്ലേ തിരികെ വരുമ്പോള്‍ ഉടമയെ പണിയുടെ വേഗതയും മികവും കൊണ്ട് ഒന്ന് ഞെട്ടിക്കണം. കിളക്കുന്നതിന്റെ ക്ഷീണം അറിയാതിരിക്കാന്‍ തത്വശാസ്ത്രവിഷങ്ങളെക്കുറിച്ച് ആഴമുള്ള ചര്‍ച്ച. [മാര്‍ക്സിയന്‍ തത്വചിന്ത പ്രകാരം മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു തൊളിലാളിയാണോ (wage earner) അതോ ജോലിക്കാരനാണോ (worker)? അങ്ങനെയെങ്കില്‍ നമ്മുടെ തൊളിലാളി സംഘടനകളുടെ പ്രസക്തി എന്ത്?.... ഇങ്ങനെ പോകുന്നു ചര്‍ച്ച] പത്തുമണി കഴിഞ്ഞുകാണും ഉടമ ദൂരെനിന്ന് വരുന്നത് കാണാം. ഊണിന് വിളിക്കുമ്പോള്‍ ആണല്ലോ ആശാരിക്ക്‌ തട്ടുംമുട്ടും കൂടുന്നത്‌. പണി കൂടുതല്‍ വേഗത്തിലായി. ഉടമ അടുത്തെത്തി. ഒന്നും മിണ്ടാതെ ഏതാനും നിമിഷങ്ങള്‍ പകച്ചൊരു നില്‍പ്പ് (ഞെട്ടി...ഞെട്ടി... ഞെട്ടി! ഉള്ളില്‍ പെരുത്ത സന്തോഷം).
“എന്ത് ചതിയാണെന്റെ‌ മക്കളേ നിങ്ങള്‍ ചെയ്തത്?” തലയില്‍ കൈവെച്ചുള്ള ആ ചോദ്യത്തില്‍ സത്യത്തില്‍ ഞെട്ടിയത് ഞങ്ങളാണ്.
“എന്തുപറ്റി?”
“നിങ്ങള്‍ ആ തടമെടുത്ത തെങ്ങിന്റെ മണ്ടയിലേക്ക് ഒന്ന് നോക്കിക്കേ.”
ആകെ തടമെടുത്ത ഒന്‍പത് തെങ്ങുകളില്‍ നാല് എണ്ണത്തിനും മണ്ടയില്ല.
...പ്ലിംഗ്!!!
['തെങ്ങിന് ഇങ്ങനെ തടമെടുത്താല്‍ മതിയോ?' എന്ന് ചോദിച്ച് ഒരു ന്യൂ ജനറേഷന്‍ കര്‍ഷകന്‍ -IT യോ എഞ്ചിനീറിങ്ങോ മനംമടുത്ത് കൃഷിയില്‍ ഇറങ്ങിയ ആള്‍ ആയിരിക്കണം- കഴിഞ്ഞ ദിവസം കൃഷിഭൂമി കൂട്ടായ്മയില്‍ തെങ്ങിന്റെ തടം മാത്രം കാണിച്ച് ഇട്ട ഫോട്ടോയില്‍ നിന്ന് പ്രചോദനം].