Saturday, March 5, 2016

'പെൻഗ്വിൻ' ചെയ്യപ്പെടാത്ത കവിത

ഈ കവിത ഹിന്ദുവല്ല

ഈ കവിത വികാരത്തെവൃണപ്പെടുത്തിയേക്കാം
ഈ കവിത ആഴമില്ലാത്തതും വക്രീകരിച്ചതുമാണ്
ഈ കവിത ഹിന്ദുത്വത്തിന്റെ ഗൗരവമില്ലാത്ത പുനരവതരണമാണ്
ഈ കവിത ഹതഭാഗ്യമായ ഒരു ചിത്രീകരണമാണ്
ഈ കവിത കടങ്കഥയാണ്
ഈ കവിത പാഷണ്ഡതയാണ്
ഈ കവിത വസ്തുതകളിലെ സൂക്ഷ്മതയില്ലായ്മയാണ്
ഈ കവിതയ്ക്ക് പ്രേക്ഷിത വാഞ്ചയുണ്ട്
ഈ കവിതയ്ക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്
ഈ കവിത ഹിന്ദുക്കളെ കളങ്കപ്പെടുത്തുന്നു
ഈ കവിത അവരെ അരണ്ടവെളിച്ചത്തില്‍ കാണിക്കുന്നു.
ഈ കവിത ഹിന്ദുത്വത്തിന്റെ മോശം വശങ്ങളില്‍ ഊന്നല്‍ കൊടുക്കുന്നു
ഈ കവിത ഹിന്ദുത്വത്തിന്റെ ദുഷ്‌ചെയ്തികളില്‍ ഊന്നല്‍ കൊടുക്കുന്നു
ഈ കവിത എതിര്‍പ്പുള്ള വാക്കുകള്‍ ദൈവങ്ങള്‍ക്ക് വിശേഷണമായുപയോഗിക്കാനുള്ള ധാര്‍മ്മിക അവകാശത്തെ ഊന്നിപ്പറയുന്നു.
ഈ കവിത നഗ്നയായ ഒരു സ്ത്രീയുടെ പുറത്ത് വിശ്രമിക്കാനുള്ള കൃഷ്ണന്റെ അവകാശത്തെ ആഘോഷിക്കുന്നു.
ഈ കവിത കാമദാഹത്താല്‍ വലയുന്ന സ്ത്രീയുടെ അഗ്നിയാല്‍ ജ്വലിക്കുന്നു.
ഈ കവിത കാമച്ചുവ വിതറുന്നു
ഈ കവിത ലിംഗങ്ങളെ പുനഃപ്രതിഷ്ഠിക്കുന്നു
ഈ കവിത ശിവലിംഗത്തെ പുരുഷ ലൈംഗീകാവയവമാക്കുന്നു
ഈ കവിത മുന്‍പറഞ്ഞ അവയവത്തെയൊട്ട് ഉദ്ധരിപ്പിക്കുന്നുമില്ല
ഈ കവിത അതിന്റെ മാനസീകവൈകൃതത്തില്‍ അഭിമാനം കൊള്ളുന്നു
ഈ കവിത തൊട്ടുകൂടായ്മയുടെയും സ്ത്രീ വിദ്വേഷത്തിന്റെയും പേരില്‍ ഹിന്ദുത്വത്തിനോട് വിദ്വേഷം പുലര്‍ത്തുന്നു.
ഈ കവിത ഹൈന്ദവനിയമസംഹിതയുടെ ഇല്ലായ്മ പ്രഖ്യാപിക്കുന്നു
ഈ കവിത ഇതിനെതന്നെ ഹൈന്ദവനിയമസംഹിതയായി പ്രഖ്യാപിക്കുന്നു
ഈ കവിത കുരങ്ങുകളെ അനുഗമിക്കുന്നു
ഈ കവിത കുതിരകളെ ആരാധിക്കുന്നു
ഈ കവിത വേദങ്ങളേയും തിരുവെഴുത്തുകളെയും അതിലംഘിക്കുന്നു
ഈ കവിത സംസ്‌ക്കാരങ്ങളെ തരിശാക്കുന്നില്ല
ഈ കവിത അമ്പലങ്ങളെ പീരങ്കികള്‍കൊണ്ട് തകര്‍ക്കുന്നില്ല
ഈ കവിത തിരുത്തിയെഴുതുന്നു, 'RSS ആണ് BJPയുടെ അമ്മയെന്ന്'
ഈ കവിത വൃണിതമല്ല.
ഈ കവിത ഛേദം 153 -A യുടെ തെളിവാണ്
ഈ കവിത ഒരു ഇഡിയറ്റ് പ്രൂഫ് കൂടിയാണ്
ഈ കവിത അംബേദ്ക്കറിനെ ഉദ്ധരിക്കുന്നു
ഈ കവിത രാമായണത്തെ ഒരു ബഹുവീക്ഷണതല നോവലായി പരിഗണിക്കുന്നു.
ഈ കവിത ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ ഛേദം 295-A ലംഘിക്കുന്നു
ഈ കവിത തികഞ്ഞ ദൈവദൂഷണമാണ്
ഈ കവിത ഒരു ദര്‍ശനരതിയാണ്
ഈ കവിത സീതാലക്ഷ്മണന്മാരുടെ അവിഹിതവേഴ്ചയെക്കുറിച്ച് ഏഷണി പരത്തുന്നു
ഈ കവിത ശൂര്‍പണകയുടെ ബലാത്സംഗത്തിന് സാക്ഷിയാണ്
ഈ കവിത സംശയാലുവായ രാമന്റെ പേര് നശിപ്പിക്കുന്നു
ഈ കവിത ഒരിക്കല്‍ സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു
ഈ കവിത അതിനിന്ന് പ്രതികാരം ചെയ്യുന്നു
ഈ കവിത ഗോമാംസം ഭക്ഷിക്കുന്നതിന് അടിമയാണ്
ഈ കവിതയ്ക്ക് മുപ്പത്തിമുക്കോടി ഹൈന്ദവദൈവങ്ങളുടെ ജാതി അറിയാം
ഈ കവിതയ്ക്ക് ദൈവങ്ങളുടെ ജാതിമാറ്റിയതിന് കോടതി തെളിവെടുപ്പ് വിധിച്ചിരിക്കുകയാണ്
ഈ കവിത താനൊരു ടെസ്റ്റ്യൂബ് ശിശുവല്ലെന്ന് ഉറപ്പുണ്ടായിരുന്ന കര്‍ണ്ണനെ പ്രണയിച്ചു.
ഈ കവിതയ്ക്ക് അവന്റെ അപ്പനാരെന്നറിയാന്‍ താല്പര്യമുണ്ടായിരുന്നില്ല.
ഈ കവിത തിരശ്ചീനമായി പായുന്നതാണ്
ഈ കവിത ഒരു മോഷ്ടിക്കപ്പെട്ട പതിപ്പാണ്.
ഈ കവിത ബോധപൂര്‍വ്വം തിരഞ്ഞെടുക്കപ്പെട്ടതാണ്
ഈ കവിത ഹിന്ദുത്വത്തിന്റെ പിതൃത്വപരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നു.
ഈ കവിത ഗോദ്‌സെ (RSSകാരന്‍) ഗാന്ധിയെ കൊല്ലുന്നതിന് സാക്ഷിയാണ്.
ഈ കവിതയ്ക്ക് തടവറയിലാക്കപ്പെടുന്നതിനെക്കുറിച്ച് ഭയമില്ല.
ഈ കവിത ഉപഭോക്താക്കളുടെ ഇഷ്ടങ്ങള്‍ക്ക് അനുരൂപപ്പെടുന്നില്ല.
ഈ കവിത അശ്ലീലമാണ്
ഈ കവിത നിരുപാധികമായ ക്ഷമാപണം നടത്തിയില്ല
ഈ കവിത 'പെൻഗ്വിൻ' ചെയ്യപ്പെടില്ല
ഈ കവിതയില്‍ അച്ചടിമഷി പതിയില്ല.


(മീന കന്ദസാമി) വിവർത്തനം: ജിജോ കുര്യന്‍ 


No comments: