Saturday, March 5, 2016

പുറപ്പാടിന്റെ പുസ്തകം


30 കൊല്ലം ദുബൈയില്‍ ജീവിച്ചിട്ട് തിരിച്ചുമടങ്ങിയ പ്രിയ ജേഷ്ഠസുഹൃത്ത് ഏതാനും മാസങ്ങള്‍ കരയില്‍ പിടിച്ചിട്ട മീനിനെപ്പോലെ നാട്ടില്‍ അലഞ്ഞ് കഴിഞ്ഞ ആഴ്ച വീണ്ടും മടങ്ങി ആ നാട്ടിലേക്ക്. "അവിടെ വീണ്ടും ഒരു പുത്തന്‍ തുടക്കമല്ലേ?" എന്ന ചോദ്യത്തിന് മറുപടി, "അല്ല, ദുബൈയ് എന്‍റെ പഴയ വീട്. ഇവിടെയായിരുന്നു എനിക്കെല്ലാം പുതിയത്." (പുതുമയോട് പൊരുത്തപ്പെടാന്‍ ആയില്ല അയ്യാള്‍ക്ക്). ഇരുകരകള്‍ക്കിടയില്‍ ജീവിച്ചുതീര്‍ത
്ത്‌ ഒരു നാടിനും സ്വന്തമല്ലാതായിമാറിയവരുടെ ഒരു തലമുറ തീരുകയാണ്. അവരായിരുന്നു 'പ്രവാസത്തി'ന്റെയും 'കുടിയേറ്റ'ത്തിന്റെയും നാട്ടിലേക്ക് വഴിവെട്ടിപ്പോയവര്‍. ഇന്ന് 80നും 100നും ഇടയില്‍ ഉള്ള പേര്‍ഷ്യന്‍ മലയാളികളുടെയും പശ്ചിമഘട്ടത്തിലെ കുടിയേറ്റകര്‍ഷകന്റെയും ജീവിതം അവസാനിക്കുമ്പോള്‍ കൂടെ നമ്മുക്ക് നഷ്ടപ്പെടുന്ന ഒരു വലിയ ചരിത്രപരിവര്‍ത്തനത്തിന്റെ കഥയുണ്ട്, ചരിത്രത്തെ വേര്‍തിരിച്ചു വിട്ടപ്പോള്‍ കൈക്കുടന്നയില്‍ നിന്ന് കണ്ണീര്‍തുള്ളി പോലെ ചോര്‍ന്നൊലിച്ചുപോയ അവരുടെ ജീവിതകഥയുണ്ട്. "ഈ പേര്‍ഷ്യയുടെ മണ്ണില്‍ കാലുകുത്തിയ ആദ്യമലയാളി ആരായിരിക്കും?" എന്ന ചോദ്യത്തിന് മുന്നില്‍ 'പത്തേമാരി' കടന്നെത്തിയ നാരായണേട്ടന്‍ പോലും ഉത്തരമില്ലാതെ വലയുന്നു. ഈ തലമുറ തീരും മുന്‍പ് ചരിത്രം ഇനിയും എഴുതപ്പെടണം, ""പുറപ്പാടിന്റെ 100 വര്‍ഷങ്ങളും" "പത്തേമാരികളും". ആര് എഴുത്തും? 

(ബംഗാളീ, ഈ നാട്ടിലെ നിന്‍റെ പ്രവാസകഥ ആരെഴുതും!)

No comments: