Monday, August 8, 2016

കിടപ്പുമുറിയിലും തീന്‍മേശയിലും കടന്ന രാഷ്ട്രീയം

ഡല്‍ഹിയില്‍ 70 സീറ്റില്‍ 67 ലും AAP ജയിച്ച ദിവസം ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് കുറച്ചൊക്കെ അഭിമാനം തോന്നി. പക്ഷേ, ഇന്ന് തോന്നുന്നു നിലനില്‍ക്കുന്ന ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഒരു പാര്‍ട്ടിയും Absolute Majority നേടി ഭരണത്തില്‍ വരാന്‍ പാടില്ല. അല്ലെങ്കില്‍ തന്നെ വിജയിച്ചുകഴിഞ്ഞാല്‍ സാധാരണക്കാരന്‍റെ മേല്‍ യജമാനത്വം പുലര്‍ത്തുന്ന നമ്മുടെ നേതാക്കള്‍ പിന്നെ പൌരന്‍റെ മൌലീകാവകാശങ്ങളെ പോലും വകവെക്കില്ല. അതാണ്‌ ഇന്ന് നമ്മള്‍ BJP ഭരണത്തില്‍ കീഴില്‍ കാണുന്നത്. (ഇന്ത്യന്‍ പൌരന് 'സ്വകാര്യത എന്ന മൌലീകാവകാശം' ഇല്ലെന്ന് ഇപ്പോള്‍ തന്നെ മോദി ഗവണ്മെന്റ് പറഞ്ഞുകഴിഞ്ഞു!) വീട്ടിലെ തീന്മേശയില്‍ നിങ്ങള്‍ എന്തു വിളമ്പണമെന്ന് അവര്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ സ്വകാര്യയിടങ്ങളില്‍ എന്തു കാണണമെന്നും എന്തു കാണാന്‍ പാടില്ല എന്നും നിശ്ചയിച്ചു കഴിഞ്ഞു. പ്രണയജോടികളുടെ കിടപ്പുമുറിയില്‍ പോലും കയറി അവര്‍ക്കെതിരെ കേസ് എടുക്കുന്ന ഭീകരമായ ദൃശ്യമാണ് ഇന്നലെ നാം മുംബയില്‍ കണ്ടത്. യാക്കൂബ് മേമന്‍ വിധിന്യായത്തില്‍ രാഷ്ട്രത്തിനെതിരായ നിലപാടെടുത്തെന്ന് എന്നാരോപിച്ച് കഴിഞ്ഞ ദിവസം കേരളത്തിലെ തന്നെ മൂന്ന് ചാനലുകള്‍ക്കെതിരെ കേന്ദ്രത്തിന്‍റെ നോട്ടീസ് വന്നു. മതം സന്മാര്‍ഗ്ഗം പ്രസംഗിക്കുന്നതു പോലെയല്ല രാഷ്ട്രം സദാചാരം പ്രസംഗിക്കുന്നത്. രാഷ്ട്രത്തിന് നിയമപാലനവകുപ്പും നീതിന്യായവ്യവസ്ഥയും കൈമുതലായുള്ളതുകൊണ്ട് അനുസരിക്കാത്തവനെ നിയമത്തിന്‍റെ വഴിയില്‍ കൊണ്ടുവരാന്‍ അതിനറിയാം. ഇന്ത്യന്‍ ജനാധിപത്യത്തിന് ഇതേ ഭരണഘടന വെച്ചുകൊണ്ട് സ്വേച്ഛാധിപത്യത്തിലേക്ക് വഴുതിവീഴുക വളരെ ലളിതമായ കാര്യമാണെന്ന് മുന്‍പ് ഇന്ദിരാഗാന്ധിയുടെ നേതൃത്തത്തില്‍ കോണ്ഗ്രസ്സ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയൊട്ടുക്കും BJP തൂത്തുവാരി വിജയിച്ച ദിവസം അതെന്‍റെ ഭയം മാത്രമായിരുന്നു, ഇന്നത് യാഥാര്‍ത്യമാവുകയാണോ!

No comments: