Wednesday, April 19, 2017

അരക്ഷിതരായ ഇടുക്കിജനതയുടെ ഭയം- മാഫിയാവേരോട്ടത്തിന്റെ വളക്കൂറുള്ള മണ്ണ്


ഇടുക്കിയുടെ വിമോചനം എവിടെ തുടങ്ങണമെന്നറിയണമെങ്കില്‍ ഇടുക്കിയുടെ അരക്ഷിതമായ ജീവിതപരിസരങ്ങളില്‍ ജീവിക്കുന്നവര്‍ ആരൊക്കെ എന്ന് ആദ്യം അറിയണം. അവരില്‍ തുടങ്ങണം ആ മോചനമുന്നേറ്റം. അവരുടെ വിശ്വാസം നേടിയെടുത്താലല്ലാതെ ഇടുക്കിയില്‍ നിന്ന് മാഫിയ കയ്യേറ്റങ്ങളെ തുരത്താന്‍ ആവില്ല. കാരണം ഇപ്പോള്‍ റിസോര്‍ട്ട്-തോട്ട-പാറമട മാഫിയകളെ തുരത്തുന്ന അതേ നിയമമാനദണ്ഡം വെച്ച് ഇവിടുത്തെ 70 - 80 % വരുന്ന സാധാരണക്കാര്‍ മനുഷ്യരെ കുടിയിറക്കുകയോ അവരുടെ സാധാരണ ജീവിതത്തിന് മേല്‍ കൂച്ചുവിലങ്ങിടുകയോ ചെയ്യില്ലായെന്ന് അവര്‍ക്കിന്ന് സ്വാഭാവികമായി വിശ്വസിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഇടുക്കിയുടെ ജനതയേയും അവര്‍ അധിവസിക്കുന്ന ഇടങ്ങളേയും പൊതുസമൂഹം ആദ്യം പരിചയപ്പെടണം. 
ഇടുക്കിയുടെ ജനതയെ വിശാലമായി ഇങ്ങനെ തിരിക്കാം. 1) കുടിയേറ്റ കര്‍ഷകര്‍, 2) തോട്ടമുടമകള്‍, 3) തോട്ടംതൊഴിലാളികള്‍, 4) ആദിവാസികള്‍, 5) കര്‍ഷകത്തൊഴിലാളികള്‍,  5) ടൂറിസഅനുബന്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രദേശവാസികള്‍ (മോട്ടോര്‍വാഹന തൊഴിലാളികള്‍/ടൂറിസ്റ്റ് ഗൈഡുകള്‍), 6) സേവനമേഖലയില്‍ ഉള്ളവര്‍ (കച്ചവടക്കാര്‍ അടക്കം). ഈ ജനതകള്‍ അധിവസിക്കുന്ന ഇടങ്ങള്‍ ആണ് പ്രധാനപരാമര്‍ശം അര്‍ഹിക്കുന്നത്. ഇതില്‍ അഞ്ചും ആറും വിഭാഗത്തില്‍പ്പെട്ടവര്‍ തുലോംതുച്ഛമാണ്. അതായത് ഇടുക്കിയിലെ തനത് ജനത ഏതാണ്ട് 90%വും  ഇന്നും കൃഷിയേയോ കൃഷിഅനുബന്ധമേഖലയേയോ ആശ്രയിച്ചുജീവിക്കുന്നവരാണ്. ഇവര്‍ അതിവസിക്കുന്ന ഇടങ്ങള്‍ ആണ് ഇവിടെ വിശദമായ പരാമര്‍ശം ആവശ്യപ്പെടുന്നത്.

ഇടുക്കിജനത അധിവസിക്കുന്ന ഇടങ്ങള്‍:

1. സാധാരണ പോക്കുവരവ് നടത്തിയ പട്ടയംകിട്ടിയ ഇടങ്ങളില്‍ വസിക്കുന്നവര്‍
സാധാരണ മറ്റുജില്ലകളിലേതുപോലെ ഭൂമികൈവശംവെച്ച് സാധാരണ പാട്ടവ്യവസ്ഥകള്‍ മാത്രമനുസരിച്ച് ഭൂമി ഉപയോഗിക്കാന്‍ കഴിയുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഇടങ്ങള്‍ ഇടുക്കിയില്‍ വളരെ പരിമിതമാണ്. തോട്ടംമേഖലകള്‍ക്കും ഏലമലക്കാടുകള്‍ക്കും ആദിവാസി-വനമേഖലകള്‍ക്കും പുറത്തുതാമസിക്കുന്നവരാണ് ഇവര്‍. അതായത് ഒരു ന്യൂനപക്ഷം തദ്ദേശജനത ഇടുക്കിയുടെ ഭൂവിഷയത്തില്‍ സ്വതന്ത്രമായ അഭിപ്രായം പറയാന്‍ പറ്റുന്ന രീതിയില്‍ ഭൂസുരക്ഷിതത്വം അനുഭവിക്കുന്നവരാണ് എന്ന് ചുരുക്കം. അവര്‍ ഏതാണ്ട് എല്ലാവരുംതന്നെ ലോറേഞ്ചില്‍ താമസിക്കുന്നവരുമാണ്.
2. CHR (Cardamom Hill Reserve) വനമേഖലയില്‍ താമസിക്കുന്നവര്‍
1822 ല്‍ അന്നത്തെ തിരുവതാംകൂര്‍ സര്‍ക്കാര്‍ ആണ് ഇടുക്കിയിലെ ഒരു വിശാലഇടത്തില്‍ വ്യാപിച്ചുകിടക്കുന്ന വനപ്രദേശത്ത് പശ്ചിമഘട്ടത്തിന്‍റെ തനത് വിളയായ ഏലം വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതിനുള്ള അനുകൂലസാധ്യത തിരിച്ചറിഞ്ഞ്. ആ മേഖലയെ 'ഏലമലക്കാടുകള്‍' എന്ന പേരില്‍ ഏലകൃഷിക്കായി പിന്നീട് കൊടുക്കുകയായിരുന്നു. 1897 ലെ രാജകല്പനപ്രകാരം 15,721 ഏക്കര്‍ സ്ഥലമാണ് ഇപ്രകാരം ഇടുക്കിയില്‍ ഏലം കൃഷിക്കായി കണ്ടെത്തിയത്. തത്വത്തില്‍ വനമേഖയെങ്കിലും ആകെ വിസൃതിയില്‍ 264,885 ഏക്കര്‍ ഉള്ള CHR മേഖലയിലെ 140,500 ഏക്കറോളം ഭൂമി പല ഭൂമികൈമാറ്റനിയമ പ്രകാരം പതിച്ചുകൊടുത്തു. ശേഷിക്കുന്ന 124,386 ഏക്കര്‍ ഭൂമിയാണ്‌ ഇപ്പോള്‍ ഏലകൃഷിക്കായി പാട്ടത്തിന് കൊടുത്തിരിക്കുന്നത്. വനഭൂമിയായ CHR മേഖല കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി സംസ്ഥാനഗവണ്മെന്റിന്റെ കീഴില്‍ റെവന്യൂഭൂമിയായി കൈകാര്യം ചെയ്യപ്പെടുന്ന മേഖലയാണെന്ന് ഗവണ്മെന്‍റ് അവകാശപ്പെടുന്നു. ഈ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരും വനവകുപ്പും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നു. അതായത് ഇടുക്കിയുടെ ചങ്കായ ഭാഗം എന്ന് പറയാവുന്ന CHR വനമേഖലയില്‍ ആദ്യകാലം മുതല്‍ പട്ടയം കൊടുത്തിരുന്നത് ഏലംകൃഷിചെയ്യാന്‍ മാത്രമായിരുന്നു. എന്നാല്‍ നിലവില്‍ അവിടെ കുത്തകപ്പാട്ടഭൂമിയൊഴികെ സാധാരണക്കാരന്റെ കൈവശമിരിക്കുന്ന എല്ലാ ഭൂമിക്കും 'ഉപാധിരഹിത പട്ടയം' കിട്ടുകയോ, കൊടുക്കാന്‍ ഗവണ്മെന്‍റ് നടപടികള്‍ സ്വീകരിച്ചുവരികയോ ചെയ്യുന്നുണ്ട്. പട്ടയം എന്തുതന്നെയാലും ഈ ഭൂമിയെ 'വനഭൂമി' എന്ന സ്റ്റാറ്റസില്‍ നിന്ന് മാറ്റണം എന്ന ആവശ്യമാണ്‌ ഇപ്പോള്‍ തര്‍ക്കവിഷയമായിരിക്കുന്നത്. തയായത് നിലവിലുള്ള പട്ടയപ്രകാരം ഇടുക്കിയുടെ മലയോരമേഖലയിലെ ചെറുതുംവലുതുമായ എല്ലാ പട്ടണങ്ങളും (ചെറുതോണി, നെടുംകണ്ടം, രാജാക്കാട്, കട്ടപ്പന, കുമളി....) CHRല്‍ വരുന്നതും അവിടങ്ങളില്‍ നടത്തുന്ന മനുഷ്യഇടപെടലുകള്‍ തത്വത്തില്‍ വനഭൂമിനിയമമനുസരിച്ച് ആവേണ്ടതുമാണ്. അതായത് ഏലകൃഷിആവശ്യത്തിനും വീടുവെച്ച് താമസിക്കുന്നതിനുമായി കൊടുത്തിരിക്കുന്ന ഈ വനഭൂമിപട്ടയപ്രകാരം അവിടെ അടിക്കാടുകള്‍ അല്ലാത്ത നാല് അടിയില്‍ കൂടുതല്‍ വളര്‍ന്നിരിക്കുന്ന ഏതുമരങ്ങളും മുറിക്കുന്നതിനും തഹസില്‍ദാരുടേയും വനംവകുപ്പിന്‍റെയും അനുവാദം വാങ്ങിയിക്കണം, വ്യവസായങ്ങള്‍ (കുടില്‍ വ്യവസായങ്ങള്‍ ഒഴികെ) ഒന്നും പാടില്ല, റിസോര്‍ട്ട്/ഫ്ലാറ്റ് സമാനമായ ബഹുനിലക്കെട്ടിടങ്ങളുടെ നിര്‍മ്മാണം പാടില്ല, ഒരു രീതിയിലുള്ള ഖനനവും അനുവദനീയമല്ല. അവിടെ അധിവസിക്കുന്ന കര്‍ഷകജനതയെ സംബന്ധിച്ച് ഈ പട്ടയഉപാധികള്‍ക്ക് ഗുണദോഷങ്ങള്‍ ഉണ്ട്. അതിന്‍റെ ദോഷവശങ്ങള്‍ മാത്രമാണ് ഇപ്പോള്‍ 'ഉപാധിരഹിത പട്ടയം' എന്ന ആവശ്യം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.
3. ലയങ്ങളില്‍ തൊഴില്‍ സംബന്ധമായി താമസിക്കുന്നവര്‍
തോട്ടംമേഖലയില്‍ വസിക്കുന്ന തമിഴ്വംശജരാണ് ലയങ്ങളില്‍ വസിക്കുന്ന ഇടുക്കിക്കാരില്‍ ഏറിയ പങ്കും. ഇവര്‍ മൂന്നുംനാലും തലമുറകള്‍ക്ക് മുന്‍പ് തോട്ടങ്ങളില്‍ പണിചെയ്യാന്‍ തമിഴ്നാട്ടില്‍ നിന്ന് സായിപ്പ് വഴി വന്നവരുടെ പിന്‍തലമുറക്കാര്‍ ആണ്. അവര്‍ ഒരിക്കലും ഭൂവുടമകള്‍ ആയിരുന്നില്ല.  2016 അവസാനത്തോടെ കെ.എസ്.കെ.ടി.യു ജില്ലയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ ആകെ ഭവനരഹിതരുടെ എണ്ണം 21,179 ആണ് (6194 ഭൂരഹിതര്‍, 5462 ഭവനരഹിതര്‍, 9523 വാസയോഗ്യമായ വീട് ഇല്ലാത്തവര്‍). അത് ഗവണ്മെന്റ് സര്‍വ്വേയില്‍ പറയുന്ന 7970തിലും ഏറെ കൂടുതല്‍ ആണ്. സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണ പദ്ധതിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് അത് 24628 ഉം ആണ്. എന്നാല്‍ ഇടുക്കിയുടെ കാര്യത്തില്‍ ഇതൊന്നുമല്ല സത്യം എന്ന് തിരിച്ചറിയേണ്ടതുണ്ട്. കാരണം ഈ കണക്കുകളില്‍ ഒക്കെ തോട്ടംമേഖലയില്‍ ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളിജനത ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കണം. കാരണം KDH വില്ലേജില്‍ തന്നെ ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളുടെ എണ്ണം 12441 ആണ്. ഇടുക്കിയുടെ തോട്ടംമേഖലമാത്രം എടുത്താല്‍ 30,000 ത്തില്‍ കൂടുതല്‍ ഭവനരഹിതര്‍ ഉണ്ടാവും. തോട്ടംതൊഴിലാളികള്‍ ആയിരിക്കുന്നിടത്തോളം കാലമാണ് അവര്‍ക്ക് ഈ ലയങ്ങളില്‍ താമസിക്കാന്‍ കഴിയുന്നത്‌. ഒരു വീട്ടില്‍ ഒരാളെങ്കിലും തൊഴിലാളിയല്ലാതായിതീരുന്ന കാലത്ത് അവര്‍ ലയങ്ങള്‍ ഒഴിഞ്ഞുപോയിക്കൊള്ളണം. തോട്ടംതൊഴിലാളികള്‍ക്ക് സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവരാണ്. അതില്‍ അത്യപൂര്‍വ്വം ചിലര്‍ക്കാണ് സ്വന്തമായി സ്ഥലവും വീടും ഉള്ളത്.  പെമ്പിളഒരുമൈ സമങ്ങള്‍ക്കൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചാലകശക്തി ഭൂ-ഭവനപ്രശ്നം തന്നെയാണ്. പെമ്പിളഒരുമൈ ഈ പ്രശ്നത്തെ വീണ്ടും  ഉയര്‍ത്തിക്കാട്ടി ഒരു രണ്ടാംസമരത്തിനുള്ള പുറപ്പാടിലാണിപ്പോള്‍. കയ്യേറ്റങ്ങളുടെ  പട്ടിക അവരും തയ്യാറാക്കുന്നു. പറഞ്ഞുവരുന്നത് തമിഴ് തോട്ടംതൊഴിലാളികളുടെ പ്രശ്നം കൂടി കേരളസര്‍ക്കാര്‍ കാര്യമായി എടുക്കാത്ത പക്ഷം വലിയ രാഷ്ട്രീയപ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കാന്‍ ഒരുങ്ങിയിരിക്കുക തന്നെ വേണം. ഇപ്പോള്‍ തന്നെ തദ്ദേശസ്വയംഭരണസ്ഥാപങ്ങളില്‍ AIADMK രണ്ട് സീറ്റ് നേടിക്കഴിഞ്ഞു.
4. ആദിവാസികള്‍ സെറ്റില്‍മെന്റുകള്‍
വയനാട് കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ താമസിക്കുന്ന ജില്ല ഇടുക്കിയാണ്. ജില്ലയില്‍ ആകെ 245 ആദിവാസിസെറ്റില്‍മെന്റുകള്‍ ആണ് ഉള്ളത്. 2001 ലെ സര്‍വ്വേപ്രകാരം ഇടുക്കിയില്‍ അരലക്ഷത്തോളം (50973) ആദിവാസികള്‍ ഉണ്ട്. ഇടുക്കിയിലെ ആദിവാസികള്‍ പൊതുവില്‍ മുഖ്യധാരാസമൂഹവുമായി അടുത്ത് ഇടപഴകി ജീവിക്കുന്നവരും കൂടുതല്‍ വിശാലമായ സെറ്റില്‍മെന്റില്‍ താമസിക്കുന്നവരുമാണ്. അതില്‍ത്തന്നെ മലയരയസമുദായം പോലുള്ള വിഭാഗങ്ങള്‍ ഉന്നതവിദ്യാഭ്യാസം നേടി പ്രദേശവാസികളായ പൊതുസമൂഹത്തോളം തന്നെ സാമ്പത്തികസുരക്ഷിതത്വത്തില്‍ എത്തിയവരും രാഷ്ട്രീയവിലപേശല്‍ നടത്താന്‍ പര്യാപ്തമായവരുമാണ്. അതേസമയം ഇനിയും മുഖധാരയിലേയ്ക്ക് കടന്നുവരാത്ത മലംപണ്ടാരങ്ങള്‍ പോലുള്ള ചെറുസമൂഹങ്ങളും ഉണ്ടെന്നത് വാസ്തവമാണ്. കേരളത്തിലെ ആദ്യആദിവാസി പഞ്ചായത്തും ഇടുക്കിയ്ക്ക് അവകാശപ്പെട്ടതാണ്. 245 ആദിവാസി സെറ്റില്‍മെന്റുകളുള്ള ഇടുക്കിയില്‍ വയനാട്ടിലും കണ്ണൂരും പത്തനംതിട്ടയിലുമൊക്കെ സംഭവിക്കുന്ന രീതിയില്‍ വലിയ ഭൂപ്രശ്നങ്ങളൊന്നുമില്ല.  ഇതുവരെ ഭൂമിസംബന്ധമായി ഇടുക്കിയിലെ ആദിവാസികള്‍ നടത്തിയ ഏകപ്രക്ഷോഭം 62 ആദിവാസികള്‍ ഉള്‍പ്പെടുന്ന പെരിഞ്ഞാംകുട്ടി പ്രക്ഷോഭം മാത്രമാണ്. ഇവിടെ ആദിവാസികള്‍ക്ക് എല്ലാവര്‍ക്കും തന്നെ വസിക്കാന്‍ സ്വന്തമായി ഭൂമിയുള്ളവരാണ്. എന്നാല്‍ ഇടുക്കിയിലെ ആദിവാസി ഭൂപ്രശ്നം മറ്റൊന്നാണ്.
മുഖ്യധാരയില്‍ എത്തിയ ആദിവാസികള്‍ക്ക് അവരുടെ ഭൂമി വില്‍ക്കാനോ അതില്‍ മുഖ്യധാര സമൂഹത്തോട് ചേര്‍ന്ന് വികസനപ്രവര്‍ത്തങ്ങള്‍ നടത്താനോ ആവുന്നില്ല.   കൂടാതെ സാമ്പത്തീക സുരക്ഷിതത്വമുള്ള ഇവര്‍ സെറ്റില്‍മെന്റിന് പുറത്ത് ഭൂമിവാങ്ങിയാലും അത് പിന്നീട് പൊതുസമൂഹത്തില്‍ ഒരാള്‍ക്ക് മറച്ചുവില്‍ക്കാന്‍ ആവില്ല. അതായത് ഒരു ആദിവാസി എല്ലാക്കാലത്തും സെറ്റില്‍മെന്റില്‍ തന്നെ താമസിക്കുന്ന ആദിവാസി ആയിരിക്കണമെന്ന്  സെറ്റില്‍മെന്റ് നിയമം തത്വത്തില്‍ അനുശാസിക്കുന്നു. മൂന്നാര്‍ വിഷയത്തില്‍ ഏറെ ചീത്തപ്പേര് കേട്ട എം.ഐ. രാവീന്ദ്രനെപ്പോലുള്ള ആദിവാസി ഉന്നതഉദ്യോഗസ്ഥര്‍ ഉന്നയിച്ച അടിസ്ഥാന പ്രശ്നങ്ങളില്‍ ഒന്ന് ഇതായിരുന്നു. പക്ഷേ, അദ്ദേഹത്തെയൊന്നും ആരും വിലക്കെടുത്തില്ല. അയാള്‍ ഒരു ആദിവാസിയും ഈ ഭൂപ്രശ്നത്തിന്‍റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്ന ആളും ആണ്. ഇന്നും സ്വന്തം പേരില്‍ ഒരു സെന്റ്‌ പട്ടയഭൂമി പോലും ഇല്ലാത്ത ആള്‍. സെറ്റില്‍മെന്റിലെ കൈവശാവകാശരേഖ യാഥാര്‍ഥ്യത്തില്‍ ആദിവാസികള്‍ക്ക് കൊടുത്ത ഒരു ബ്ലാങ്ക് ചെക്ക് മാത്രമാണ്. അതിന് ക്രയവിക്രയമൂല്യമൊന്നുമില്ല. ഇടുക്കിയില്‍ മാത്രം ഒരു ആദിവാസി രോഗിയായിരിക്കുമ്പോഴോ പെണ്‍കുട്ടിയെ കെട്ടിച്ചുവിടാനോ കളക്ടറുടെ അനുവാദത്തോടെ ഭൂമി വില്‍ക്കാം എന്നൊരു ധാരണ നിലവിലുണ്ടെങ്കിലും അതിന് നിയമസാധുതയൊന്നുമില്ല. ആദിവാസിസംരക്ഷണത്തിന് കൊണ്ടുവന്ന സെറ്റില്‍മെന്റ് നിയമം ആ സമൂഹം സാംസ്ക്കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായി ശക്തിപ്പെടുന്നതനുസരിച്ച് മാറിപ്പോയില്ലെങ്കില്‍ അത് അവരെത്തന്നെ സാമൂഹ്യപുറംതള്ളലിലേയ്ക്ക് (social exclusion) നയിക്കും. അതാണ് ഇപ്പോൾ ചില ആദിവാസി സമൂഹങ്ങൾക്കിടയിൽ ഇടുക്കിയിൽ കണ്ടുതുടങ്ങിയിരിക്കുന്നത്. അവർ തന്നെ അതുകൊണ്ട് സെറ്റിൽമെന്റ് നിയമത്തിനെതിരെ പ്രതികരിച്ചുതുടങ്ങി.

5. സെറ്റില്‍മെന്റ്റില്‍ താമസിക്കുന്ന പൊതുവിഭാഗം (General Category) ജനങ്ങള്‍.
ഇടുക്കിയില്‍ പൊതുവില്‍ രണ്ടുതരം ആദിവാസി സെറ്റില്‍മെന്റുകളാണ് ഉള്ളത്: വനം, റെവന്യൂ സെറ്റില്‍മെന്റുകള്‍. ഇടമലക്കുടി എന്ന ആദിവാസി പഞ്ചായത്തിലും വനാന്തരത്തില്‍ താമസിക്കുന്ന ഒറ്റപ്പെട്ട ആദിവാസിക്കുടികളിലും ഒഴികെ ഒരിടത്തും ആദിവാസികള്‍ തനിച്ച് താമസിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ശേഷം എല്ലാ ആദിവാസി സെറ്റില്‍മെന്റുകളിലും പൊതുവിഭാഗത്തില്‍പ്പെട്ട ജനങ്ങളും ആദിവാസികളും ഒത്തുചേര്‍ന്നാണ് താമസിക്കുന്നത്. എങ്ങനെ ആദിവാസിസെറ്റില്‍മെന്റില്‍ പൊതുവിഭാഗത്തിലുള്ളവര്‍ കയറിതാമസിച്ചു എന്ന് ചോദിച്ചാല്‍ അട്ടപ്പാടിയിലേതുപോലുള്ള വഞ്ചനയുടെ ചരിത്രം ഏറെയൊന്നും പറയാന്‍ ഇടുക്കിയുടെ സെറ്റില്‍മെന്റുകള്‍ക്ക്‌ ഉണ്ടാവില്ല. അതില്‍ താമസിക്കുന്ന പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ വളരെ സാധാരണക്കാരോ ദരിദ്രരോ ആണ്. അവരൊക്കെ കുറഞ്ഞ വിലയില്‍ കുറച്ച് സെന്റ്റുകള്‍ വാങ്ങി ഒരു വീടുവെക്കാനോ അല്പം കൂടുതല്‍ കൃഷിസ്ഥലം കിട്ടനോ വേണ്ടി സെറ്റില്‍മെന്റില്‍ എത്തിയവരാണ്. അവര്‍ക്കൊന്നും കൃത്യമായ രേഖകളുമില്ല. വീട്ടില്‍ കറന്റ് എടുക്കുന്നത് പോലും ഇപ്പോഴും അവര്‍ക്ക് ചെയ്തുകൊടുക്കുന്നത് സ്ഥലം വിലയ്ക്ക് കൊടുത്ത ആദിവാസികള്‍ തന്നെയാണ്. ഇതെല്ലാം നിയമവിരുദ്ധമല്ലേ എന്ന് ചോദിച്ചാല്‍ 'ആണ്' എന്നത് തന്നെയാണ് ഉത്തരം. പക്ഷേ, സെറ്റില്‍മെന്റില്‍ ഇനിമുതല്‍ പൊതുവിഭാഗത്തില്‍ നിന്നുള്ള ഒരാളും താമസിച്ചുകൂടാ എന്ന നിയമം കണിശമായി നടപ്പിലാക്കിയാല്‍  ഇടുക്കിയുടെ തൊടുപുഴ, പീരുമേട്, ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ നിന്ന് വ്യാപകമായ കുടിയിറക്ക് ഉണ്ടാകും. അങ്ങനെ കുടിയിറങ്ങേണ്ടിവരുന്നവരുടെ എണ്ണം വളരെ വലുതായിരിക്കും. അവരിൽ 95% പേരും ഭൂരഹിതരും ഭവനരഹിതരും ആകും. ഇതൊക്കെ താങ്ങാന്‍ ഇടുക്കിയ്ക്ക് ആകുമോ? ഇവിടുത്തെ ഭരണകൂടത്തിന് ആകുമോ?

6. KSEB ഭൂമിയില്‍ താമസിക്കുന്നവര്‍
ഏറ്റവും കൂടുതല്‍ ജലവൈദ്യുതപദ്ധതികള്‍ ഉള്ള ജില്ലയാണ് ഇടുക്കി. ജലവൈദ്യുതപദ്ധതികളുടെ നിര്‍മ്മാണത്തിന് ഇടുക്കിയില്‍ അങ്ങോളമിങ്ങോളം KSEB പല കാലങ്ങളിൽ ആയി സ്ഥലമെടുപ്പ് നടത്തിയിട്ടുണ്ട്. എന്നാൽ അതിൽ എല്ലാ പദ്ധതികളും പൂർത്തീകരിക്കപ്പെടുകയോ സ്ഥലമെടുപ്പ് നടത്തിയിടത്തു നിന്ന് ആളുകളെ കുടിയൊഴിപ്പിച്ച് അവര്‍ക്ക് പകരം സ്ഥലം കൊടുക്കുകയോ ചെയ്തിട്ടില്ല. KSEB അളവെടുത്തുപോയ ഭൂമി എന്ന നിലയ്ക്ക് അവയില്‍ റിസര്‍വ്വേ നടത്തുകയോ പട്ടയത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുകയും ഉണ്ടായില്ല. അങ്ങനെയുള്ള ഭൂമിയില്‍ അധിവസിക്കുന്ന ധാരാളം ആളുകള്‍ ഇടുക്കിയില്‍ ഉണ്ട്. രാജാക്കാട് പോലുള്ള മേഖലകള്‍ ഉദാഹരണങ്ങളാണ്. കൂടാതെ ഡാമുകളുടെ ക്യാച്ച്മെന്റ് ഏരിയയിൽ നിന്ന് പത്തുചങ്ങലപ്പാട്‌ മാറിയേ മനുഷ്യവാസമോ കൃഷിയോ പാടുള്ളൂ എന്ന നിയമം നിലനിൽക്കെ ഡാമിലെ ജലസമർദ്ധിനോക്കി ക്യാച്ച്മെന്റ് ഏരിയയിൽ കൃഷി ചെയ്തുവരുന്നവരുമുണ്ട്. KSEB ഭൂമിയിൽ താമസിക്കുന്നവരുടെ പട്ടയം തീരുമാനത്തിൽ എത്താത്ത ഒന്നായതുകൊണ്ട് അവരും അരക്ഷിതരാണ്.

7. വനഭൂമിയില്‍ താമസിക്കുന്നവര്‍
നിലവിലുള്ള ഒരു നിയമപ്രകാരവും പട്ടയം കിട്ടാന്‍ സാധ്യതയില്ലാതെ 1977 ന് ശേഷം വനഭൂമികയ്യേറി വെട്ടിത്തെളിച്ച് അവിടെ താമസമാക്കിയ ആയിരക്കണക്കിന് മനുഷ്യരുണ്ട്‌ ഇടുക്കിയില്‍. ഹൈറേഞ്ചിന്‍റെ എല്ലാ പ്രവശേനമാര്‍ഗ്ഗങ്ങളിലും അവര്‍ കൂട്ടമായി തിങ്ങിപാര്‍ക്കുന്നു. ഇവരാരും വന്‍കുടിയേറ്റക്കാരോ റിസോര്‍ട്ട് മാഫിയയോ വന്‍തോട്ടംഉടമകളോ അല്ല. ഇടുക്കിയിലേയ്ക്കുള്ള പ്രധാനമലവഴികളുടെയെല്ലാം അതിരുകള്‍ ഇന്നു കണ്ടാല്‍ മനുഷ്യര്‍ കാലങ്ങളായി തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളാണെന്നേ തോന്നു. എന്നാല്‍ അവയൊക്കെ തന്നെയും 1977 ന് ശേഷം നടന്ന വനഭൂമി കയ്യേറ്റങ്ങളാണ്. ഉദാഹരണത്തിന് മലയോരഹൈവെ കടന്നുപോകുന്ന വണ്ണപ്പുറം - വെണ്മണി ഭാഗത്ത് കിലോമീറ്ററുകളോളം വളരെ സാധാരണക്കാരായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നത് 1977 ശേഷം വനഭൂമി വെട്ടിപ്പിടിച്ചെടുത്താണ്. അതുപോലെതന്നെ ആലുവ-ഇടുക്കി റോഡിന്റെ ഇരുവശവും നീണ്ടപാറ മുതല്‍ പനംകുട്ടിക്ക് അപ്പുറം വരെയും ഇങ്ങനെ വെട്ടിപ്പിടിച്ച വനഭൂമി തന്നെ. ഇനി ഹൈറേഞ്ചിന്‍റെ ഉള്ളിലേയ്ക്ക് കടന്നാല്‍ 1977 ന് ശേഷമുള്ള സാധാരണ ജനങ്ങളുടെ കയ്യേറ്റങ്ങള്‍ ആയിരക്കണക്കിനാണ്. നിലവിലുള്ള നിയമം വെച്ച് അവര്‍ക്കാര്‍ക്കും ഒരിക്കലും പട്ടയം കിട്ടാന്‍ പോകുന്നില്ല. വനഭൂമിയായതുകൊണ്ട്‌ അവിടെ നിന്ന് എപ്പോള്‍ വേണമെങ്കിലും ഒരു കുടിയൊഴിപ്പിക്കല്‍ പ്രതീക്ഷിക്കാം. അങ്ങനെയെങ്ങാന്‍ സംഭവിച്ചാല്‍ ഇടുക്കിയില്‍ നിന്ന് കുടിയിറങ്ങാന്‍ പോകുന്നത് ഒരു വലിയ ജനതതന്നെയായിരിക്കും. അവരെ എവിടെ ഉള്‍ക്കൊള്ളണം എന്നറിയാതെ കേരളം പകച്ചുനില്‍ക്കും.    

8.അധിക ഭക്ഷ്യോല്‍പ്പാദനപദ്ധതിയ്ക്ക് (Grow more Food) വേണ്ടി  വനഭൂമിയില്‍ പട്ടയം കിട്ടി താമസിക്കുന്നവര്‍
ഇടുക്കിയില്‍ കുടിയേറിയവരെക്കുറിച്ച് മാത്രമേ ഇന്ന് പുറംസമൂഹത്തിന് അറിയൂ. എന്നാല്‍ "കുടിയിരുത്തിയ" ഒരു വലിയ ജനസമൂഹം ഇടുക്കിയില്‍ അധിവസിക്കുന്നുണ്ട്.  രണ്ടാം ലോകമഹായുദ്ധം ലോകത്ത് ആകമാനം ഭക്ഷ്യപ്രതിസന്ധി സൃഷ്ടിച്ചു. ഈ പ്രതിസന്ധി കേരളത്തിലും ശക്തമായി പ്രതിഫലിച്ചു. അതിനെ നേരിടാന്‍ ഭരണതലത്തില്‍ നടന്ന മുന്നേറ്റമായിരുന്നു "ഗ്രോ മോര്‍ ഫൂഡ്‌" എന്ന കൃഷി ക്യാമ്പയിന്‍. അതിന്‍റെ ഭാഗമായി വനത്തിനുള്ളില്‍ ചതുപ്പുനിലങ്ങള്‍ വെട്ടിത്തെളിച്ച് നെല്ലും മറ്റുഭക്ഷ്യവിളകളും വളര്‍ത്താന്‍ ഗവണ്മെന്‍റ് തന്നെ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ വനഭൂമിയില്‍ ഭക്ഷ്യോത്പാദനത്തിന് വേണ്ടി പട്ടയം കിട്ടിയവര്‍ അനേകമാണ്.  ഇതേപദ്ധതിയോട് അനുബന്ധിച്ചാണ് ഇടുക്കിയില്‍ വിമുക്തഭടന്മാര്‍ക്ക് ഭൂമി പതിച്ചുനല്‍കല്‍ സ്കീംമും  സഹകരണസംഘങ്ങള്‍ക്കും മതസംഘടനകള്‍ക്കും ഭൂമി പതിച്ചുകൊടുക്കലും സര്‍ക്കാര്‍ നടപ്പിലാക്കിയത്. 

അധിക ഭക്ഷ്യോല്‍പ്പാദനപദ്ധതി പ്രകാരം കുടിയിരുത്തപ്പെട്ടവര്‍ നല്ലൊരു ശതമാനം ഇന്നും അധിവസിക്കുന്നത് കാടിനുള്ളില്‍ ഒറ്റപ്പെട്ട മക്കുവള്ളി, മണ്ണൂക്കാട്, കൈതപ്പാറ പോലുള്ള പ്രദേശങ്ങളിലും പിന്നീട് തെളിഞ്ഞുവന്ന പട്ടംകോളനി പോലുള്ള പ്രദേശത്തുമാണ്. കാടിനുള്ളില്‍ കൃഷി ചെയ്ത് താമസിക്കുന്ന ഈ ജനങ്ങള്‍ക്ക്‌ കൈവശമുള്ള പട്ടയപ്രകാരം അവര്‍ താമസിക്കുന്നത് വനമേഖലയില്‍ ആണ്. കൃഷിക്കല്ലാതെ മറ്റൊരാവശ്യത്തിനും ആ വനഭൂമിയെ ഉപയോഗിച്ചുകൂടാ.   ഈ ജനതയ്ക്ക് മിക്കവര്‍ക്കും ഇന്നും കറന്റില്ല, ടാറിട്ട പൊതുസഞ്ചാരവഴിയോ വാഹനങ്ങളോ ഇല്ല, ആശുപത്രിയില്ല, ഹൈസ്കൂള്‍ ഇല്ല.... അങ്ങനെ പ്രാഥമികമായ ആവശ്യങ്ങള്‍ പലതുമില്ല. ആശുപത്രിയില്‍ പോകാന്‍, സ്കൂളില്‍ പോകാന്‍, വാര്‍ത്താവിനിമയത്തിന് ഒക്കെ അവര്‍ക്ക് കാടുകളിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. വനമേഖലയായതുകൊണ്ട്‌ വനംവകുപ്പ് ഇവക്കൊന്നും അനുവാദം കൊടുക്കുകയുമില്ല. 

പട്ടംകോളനി പോലുള്ള പ്രദേശത്ത്‌ 'കുടിയിരുത്തി'യതിന് പിന്നില്‍ കേരളത്തിന്‍റെ തമിഴ്-വൈരരാഷ്ട്രീയം കൂടി കൂടിക്കുഴഞ്ഞുകിടക്കുന്നു.  ഭാഷാപരമായി സംസ്ഥാനങ്ങളെ തിരിച്ചപ്പോള്‍ സ്വാഭാവികമായി ഇടുക്കിയുടെ കിഴക്കന്‍ മേഖലകള്‍ പൂര്‍ണ്ണമായി തന്നെ തമിഴ്നാടിന് പോകേണ്ടതായിരുന്നു. കാരണം മലയാളി ഒരു ജനതയായി ഇടുക്കിയുടെ ഹൈറേഞ്ചില്‍ അധിവസിക്കാന്‍ തുടങ്ങുന്നതിന് മുന്‍പേ ഇടുക്കിയുടെ ചരിത്രം രചിച്ചത് അവിടുത്തെ ആദിമനിവാസികളും തമിഴ്കുടിയേറ്റ തോട്ടംതൊഴിലാളികളുമായിരുന്നു. എന്നാല്‍ ഇടുക്കി കേരളത്തിന് നഷ്ടപ്പെടുമോ എന്ന ഭയമുണ്ടായപ്പോള്‍ പട്ടംതാണുപിള്ളയെപ്പോലുള്ളവരുടെ നേത്രുത്വത്തില്‍ തമിഴര്‍ അധിവസിക്കുന്ന മേഖലകളില്‍ മലയാളികളെ ഇടകലര്‍ത്തി താമസിപ്പിച്ചു. ഓരോ കുടുംബത്തിനും 5 ഏക്കര്‍ ഭൂമി വീതം നല്‍കി 1800 കുടുംബങ്ങളെയാണ് അന്ന് കുടിയിരുത്തിയത്. 1955 ല്‍ ഇന്നത്തെ നെടുങ്കണ്ടം, കരുണാപുരം,പാമ്പടുംപാറ പഞ്ചായത്തുകളിലായി സ്ഥാപിക്കപ്പെട്ട പട്ടംകോളനിയാണ് അവയില്‍ പ്രധാനം. മറയൂരിന്റെ മേഖലകളിലും ഇങ്ങനെ കുടിയിരുത്തലുകള്‍ നടന്നിട്ടുണ്ട്.  അതാണ്‌ കുടിയിരുത്തലിന്റെ ചരിത്രം.

1950കളില്‍ കുടിയിരുത്തലിനോടൊപ്പം കുടിയേറ്റത്തിനും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് വളരെ അനുകൂലമായ നിലപാടാണ് ഉണ്ടായത്. ആളുകള്‍ വന്‍തോതില്‍ വനഭൂമി കൈവശപ്പെടുത്താല്‍ തുടങ്ങി. 1955 ലെ കോളനൈസേഷന്‍ സ്കീമനുസരിച്ചും 1958 ലെ ലാന്‍ഡ് അസൈന്‍മെന്റ് സ്കീം അനുസരിച്ചും ഉണ്ടായ കയ്യേറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തികളില്‍നിന്നും അപേക്ഷകള്‍ സ്വീകരിച്ച് ഭൂമി പതിച്ചുകൊടുക്കുന്ന രീതിയും നിലവില്‍വന്നു. ഇന്ന് ഇടുക്കിയുടെ ഹൈറേഞ്ചില്‍ ചെന്നാല്‍ ഡസന്‍കണക്കിന് വിഭാഗത്തില്‍പ്പെട്ട പട്ടയങ്ങളും കൈവശാവകാശരേഖകളും കാണാം. ഏതൊക്കെ, എന്തൊക്കെ, എത്രഭൂമി... എന്നൊന്നും കൃത്യമായി പറയാന്‍ റെവന്യൂ ഡിപ്പാര്‍ട്ട്മെന്റ്റിനുപോലും കഴിയുന്നില്ല.  ഇടുക്കിയിലെ കുടിയേറ്റചരിത്രത്തില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ്-  ഇടുക്കിയില്‍ ജനങ്ങള്‍ കുടിയേറിപ്പാര്‍ത്തത് സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയോടെയായിരുന്നു. ഈ കുടിയേറ്റത്തില്‍ കുറെപ്പേര്‍ക്ക് സര്‍ക്കാര്‍ രേഖകള്‍ ലഭിച്ചു,  ഒരു വലിയ ശതമാനത്തിന് രേഖകളൊന്നും സ്വായത്തമാക്കാനായതുമില്ല. 'സര്‍വ്വേനടന്നാല്‍ കരം കെട്ടണം' എന്നൊക്കെ പറഞ്ഞ് പട്ടയത്തിനുള്ള സര്‍വ്വേപോലും നടത്തിക്കാത്തവര്‍ 30 വര്‍ഷം മുന്‍പ് വരെ ഇടുക്കിയില്‍ ഏറെ ആയിരുന്നു.

ഇങ്ങനെ ഇടുക്കിയുടെ ഹൈറേഞ്ചിലെ ജനപ്പാർപ്പുള്ള ഭൂമിയെ മൊത്തത്തിൽ എടുക്കുമ്പോൾ ഏതാണ്ട് 70 - 80 % പേരും ഒരുരീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അവര്‍ ജീവിക്കുകയും കൃഷിചെയ്യുകയും ചെയ്യുന്ന ഭൂമിയുടെ കാര്യത്തില്‍ അരക്ഷിതരാണ്. അത് കൂടാതെയാണ് അവര്‍ക്ക് കാലാവസ്ഥാമാറ്റത്തിന്‍റെ കാര്‍ഷികപ്രത്യാഘാതങ്ങളും ഇന്നും പൂര്‍ത്തീകരിക്കപ്പെടാത്ത അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും നിലനില്‍ക്കുന്ന ജിവിതശൈലിയോട് അനുരൂപപ്പെടാൻ കഴിയാത്ത വിധം വരുമാനത്തകര്‍ച്ച നേരിടുന്ന കാര്‍ഷികവൃത്തിയും കൃഷിയിലെ വന്യമൃഗങ്ങളുടെ ആക്രമണവും ഒക്കെ നേരിടേണ്ടിവരുന്നത്.  ഈ പ്രശ്നങ്ങളെ എല്ലാം സമഗ്രമായി കണക്കിലെടുത്ത് വേണം ഇടുക്കിയുടെ സംരക്ഷണത്തിന് ഒരു മാർഗ്ഗരേഖ തയ്യാറാക്കാൻ. ആദ്യം ഇടുക്കിയിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാർക്ക് സുരക്ഷിതത്വം ഉറപ്പുകൊടുത്തിട്ട് തുടങ്ങാം ഈ ഭൂമിയിൽ നടക്കുന്ന നഗ്‌നമായ പാരിസ്ഥിതിക കയ്യേറ്റങ്ങളെ ഉന്മൂലനം ചെയ്യാൻ. അപ്പോൾ പ്രാദേശികജനം കൂടെനില്ക്കും. അല്ലെങ്കിൽ അവരുടേതല്ലാത്ത ഭൂമി സംരക്ഷിക്കാൻ അവർ ഇറങ്ങുമോ എന്ന് ചോദിക്കുന്നത് ഭോഷത്തമല്ലേ? ആദ്യം ഇടുക്കിജനതയ്ക്ക് ഉറപ്പുകൊടുക്കൂ അവർ താമസിക്കുന്ന ഭൂമി അവരുടേത് തന്നെയെന്ന്. അല്ലെങ്കിൽ ഇന്ന് മാഫിയയെ കുടിയിറക്കുന്നവര്‍ നാളെ അവരെ കുടിയിറക്കില്ല എന്ന് അവർക്ക് എന്താണ് ഉറപ്പ്? അരക്ഷിതരായ ഒരു കര്‍ഷകജനതയുടെ ഭയത്തിന്‍റെ വളക്കൂറുള്ള മണ്ണിലാണ് ഇടുക്കിയില്‍ റിസോര്‍ട്ട്-പാറമട-മരത്തോട്ടവ്യവസായ മാഫിയകള്‍ ശക്തമായി വേരോടിച്ചത്. ഇനിയെങ്കിലും ആ അരക്ഷിതരായ കര്‍ഷകജനതയ്ക്ക് സംരക്ഷണത്തിന്‍റെ ഉറപ്പ് കൊടുക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയണം. ആ ഉറപ്പിൽ ആരംഭിക്കണം ഇടുക്കിയുടെ വിമോചനം. അത് സാധാണക്കാരന്റെ വിമോചനമാകും, കർഷകജനതയുടെ വിമോചനമാകും, പ്രകൃതിയുടെ വിമോചനമാകും.

No comments: