Tuesday, April 25, 2017

കുടിയൊഴിപ്പിക്കപ്പെടേണ്ട കുറ്റവാളികള്‍

പ്രദേശങ്ങള്‍ തിരിച്ചുള്ള പ്രശ്നപരിഹാരമാര്‍ഗ്ഗങ്ങളുടെ അന്വേഷണം തുടരുകയാണ്. ഏലപ്പട്ടയയിടമായ  CHRനും തോട്ടംതൊഴിലാളി മേഖലയ്ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ വെച്ചുകഴിഞ്ഞു. ശേഷം വരുന്ന പ്രദേശങ്ങളെയാണ് ഈ ഖണ്ഡത്തില്‍ പരാമര്‍ശിക്കുന്നത്. കൂടാതെ പശ്ചിമഘട്ടത്തില്‍ നിന്ന് സത്വരമായി കയ്യേറ്റംകുടിയൊഴിപ്പിക്കേണ്ടവരുടെ പട്ടികകൂടി അവതരിപ്പിക്കുന്നു. ഇടുക്കിയുടെ കര്‍ഷക ജനതയ്ക്ക് കിട്ടേണ്ട സംരക്ഷണ ഉറപ്പും വന്‍കയ്യേറ്റങ്ങളുടെ ഒഴിപ്പിക്കലും തോളോടുതോള്‍ ചേര്‍ന്ന് പോകേണ്ട നടപടികള്‍ ആണ്.

വനഭൂമി കയ്യേറിതാമസിക്കുന്ന കര്‍ഷകജനത
1977 ന് ശേഷം നടന്ന കയ്യേറ്റങ്ങളില്‍ എന്തുതീരുമാനം കൈക്കൊള്ളും എന്നതാണ് പ്രധാന പ്രശ്നം. വ്യാപകമായ ഒരു കുടിയൊഴിപ്പിക്കല്‍ ഇവിടെ സാധ്യമാകുമോ? സംരക്ഷിതവനം കയ്യേറ്റംനടത്തിയിരിക്കുന്നവര്‍ ആരൊക്കെ? CHRല്‍ വന്‍ഏലംകര്‍ഷകരും റിസോര്‍ട്ട് മാഫിയകളും പാറമടലോബികളും ചെറുകിടകര്‍ഷകരും, മൂന്നാര്‍ മേഖലയില്‍ റിസോര്‍ട്ട് മാഫിയകളും കണ്ണന്‍ ദേവന്‍ ഹില്‍പ്ലാന്റ്റേന്‍ കമ്പനിയും, ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് (ഇടുക്കിയുടെ കവാടങ്ങള്‍) സാധാരണയില്‍ താഴ്ന്ന ജീവിതനിലവാരമുള്ള കര്‍ഷകരും തൊഴിലാളികളുമാണ് സംരക്ഷിതവനം കയ്യേറിയിട്ടുള്ളവര്‍.  
ഇടുക്കിയില്‍ അഞ്ച് മുതല്‍ പത്ത് ഏക്കര്‍ വരെ കൃഷിസ്ഥലമുള്ള കര്‍ഷകനെ  അപ്പര്‍ മിഡില്‍ ക്ലാസ്സില്‍പ്പെടുത്താനാവില്ല. കാരണം തോട്ടവിളകൃഷിയില്‍ ഉപയോഗപ്പെടുത്തുന്ന ഭൂമിയുടെ മൂല്യത്തെ പട്ടണത്തിലെ ഭൂമിയുടെ മൂല്യവുമായി ഒരുരീതിയിലും തട്ടിച്ച് കാണാനാവില്ല എന്നതുതന്നെ. ഉദാഹരണത്തിന്ന് നല്ല രീതിയില്‍ കൃഷിചെയ്യുന്ന ഒരേക്കര്‍ കാപ്പിത്തോട്ടമുള്ള ഒരു കര്‍ഷകന് പണിക്കൂലിയെല്ലാം കിഴിച്ച് വര്‍ഷത്തില്‍ ആകെ 20,000രൂപയോ മറ്റോ കിട്ടുമായിരിക്കും.  കുറച്ചെങ്കിലും വിലകിട്ടുന്ന വിള ഏലം മാത്രമാണ്. പക്ഷേ, അതിന് ആവശ്യമായി വരുന്ന മുതല്‍മുടക്ക് ഒരു സാധാരണ കര്‍ഷകന് താങ്ങാന്‍ കഴിയുന്നതുമല്ല. കുരുമുളക് ചെടികള്‍ മുഴുവനും രോഗാക്രമണത്തില്‍ ഹൈറേഞ്ചില്‍ നിന്ന് അന്യവരുമോ എന്ന ഭീതിയിലാണ്. തേയിലത്തോട്ടങ്ങള്‍ മുഴുവന്‍ നഷ്ടത്തിലാണ്. ഭൂരഹിതരായ പെമ്പിളഒരുമൈ സമരക്കാര്‍പോലും വീടുവെച്ച് അല്പം കൃഷിചെയ്ത് താമസിക്കാന്‍  ചോദിക്കുന്നത് ഒരേക്കര്‍ ഭൂമിയാണ്‌. ഒരു സാധാരണ കര്‍ഷകനോ (കൃഷിയുടെ നടത്തിപ്പുകാരന്‍ അല്ല) തൊഴിലാളിയോ ജീവനആവശ്യത്തിന് വെച്ചിരിക്കുന്ന ഭൂമിയില്‍ കൂടുതല്‍ ഉള്ളത് മുഴുവന്‍ പിടിച്ചെടുത്തേ മതിയാകൂ. എന്നാല്‍ സാധാരക്കാരന്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന അവന്‍റെ കൃഷിഭൂമികൂടി ഇല്ലാതായാല്‍ ജീവിതം തന്നെയാണ് ഇല്ലാതാകുന്നത്. കൃഷിയല്ലാതെ അവന്‍ ഈ മലമുകളില്‍ എന്തുചെയ്യും! സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട വയനാട്ടിലെ ആദിവാസികളുടെ ദുര്‍ഗതിയാവും ഈ കര്‍ഷകരേയും കാത്തിരിക്കുക.
ഇവര്‍ അധിവസിക്കുന്നത് പ്രകൃതിലോലപ്രദേശത്തില്‍ ആണെങ്കില്‍, KSEBപദ്ധതികളുടെ കാലത്ത് ഇടുക്കിയുടെ പലയിടങ്ങളില്‍ നിന്നും കുടിയൊഴിപ്പിച്ചതുപോലെ, അവിടെ നിന്ന് കുടിയൊഴിപ്പിച്ച് അവര്‍ക്ക് പകരം സ്ഥലം കണ്ടെത്തിക്കൊടുക്കാന്‍ കഴിയണം. ഇവിടെ സ്ഥലത്തിന്‍റെ ദൌര്‍ലഭ്യതയില്ല.  പാട്ടക്കാലാവധി കഴിഞ്ഞ എത്ര തോട്ടങ്ങള്‍ ആണ് വന്‍മുതലാളിമാരുടെ കൈകളില്‍ ഇപ്പോഴും ഇരിക്കുന്നത്. അവ എത്രയും നേരത്തെ തിരികെയെടുത്ത് ഈ മാറ്റിപാര്‍പ്പിക്കല്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാവുന്നതേയുള്ളൂ. 

സെറ്റില്‍മെന്റ് വാസികള്‍ 
സെറ്റില്‍മെന്റിലെ ജനറല്‍ക്യാറ്റഗറിയും സാമൂഹ്യമായി മുന്നേറിയ ആദിവാസിസമൂഹവുമാണ്‌ വിഷമവൃത്തത്തില്‍ പെട്ടുപോയ ജനതകള്‍. സമൂഹികമായി മുന്നോട്ട് എത്തിയ ഇടുക്കിയിലെ മലയരയ-ഊരാളി സമുദായങ്ങള്‍ക്ക് പൊതുവിഭാഗവുമായി ഒന്നുചേര്‍ന്ന് ജീവിക്കാനുള്ള സാഹചര്യമാണ് വേണ്ടത്. അവരുടെ ഭൂമിയ്ക്ക് ക്രയവിക്രയ അവകാശം കിട്ടണം. ഇടുക്കിയെ എടുത്താല്‍ അറിയാം പൊതുവിഭാഗവുമായി ഒന്നുചേര്‍ന്ന ആദിവാസിസമൂഹങ്ങളാണ് വിദ്യാഭ്യാസം-ആരോഗ്യം-സാമ്പത്തികം എന്നീ മേഖലകളില്‍ മുന്‍പന്തിയില്‍ എത്തിയത്. അതേസമയം ഇനിയും പോതുസമൂഹത്തോട് ഒപ്പം നില്‍കാന്‍ ആവത്ത മലമ്പണ്ടാരം-മുതുവാന്മാര്‍ പോലുള്ള ആദിവാസികളെ കുറേകാലം കൂടി സെറ്റില്‍മെന്റില്‍ തന്നെ സംരക്ഷിക്കേണ്ടതുണ്ട്. റിസര്‍വേഷന്‍ വ്യവസ്ഥ ഇന്ത്യന്‍ ഭരണഘടനയില്‍ എന്തായിരിക്കുന്നുവോ അങ്ങനെയാണ് സെറ്റില്‍മെന്റ് വ്യവസ്ഥയും വേണ്ടത്. അതായത് ഏതു ദുര്‍ബലസമൂഹത്തിന്‍റെ സംരക്ഷണത്തിനും പുരോഗതിക്കും വേണ്ടി അത് ഏര്‍പ്പെടുത്തിയോ അവര്‍ പോതുസമൂഹത്തോട് ഒപ്പം നില്ക്കാന്‍ ശക്തിപ്പെടുമ്പോള്‍ ഈ വ്യവസ്ഥ മാറിപ്പോയില്ലെങ്കില്‍ പിന്നീട് ഉണ്ടാകുന്നത് സാമൂഹ്യഅസമത്വവും സംരക്ഷിതര്‍ ആകുന്ന ജനതയുടെ സാമൂഹ്യപുറംതള്ളലും (social exclusion) ആയിരിക്കും. അതുകൊണ്ട് പ്രശ്നങ്ങള്‍ ഇല്ലായെന്ന് ഉറപ്പുവരുന്ന പക്ഷം ഈ ഇടകലര്‍ന്നുള്ള വാസം പ്രോത്സാഹിപ്പിക്കപ്പെടണം. ഈ വിഷയത്തില്‍ നിയമത്തിന്‍റെ സാരാംശം പാലിക്കുന്നതിനപ്പുറം അക്ഷരാര്‍ത്ഥപാലനത്തിലേയ്ക്ക് നീങ്ങിയാല്‍ ഈ കാണായ ഭൂരഹിതരായി തീരുന്ന ജനത്തെ മുഴുവന്‍ എവിടെ പാര്‍പ്പിക്കുമെന്നറിയാതെ ഗവണ്മെന്‍റ് നട്ടംതിരിയും. ഇപ്പോള്‍ നിലനില്‍കുന്ന പ്രശ്നത്തെ ഗുരുതരമാക്കുകയും ഇല്ലാത്ത പ്രശ്നത്തെ ഉണ്ടാക്കിയെടുക്കുകയുമാവും ചെയ്യുക. കാരണം ആദിവാസിക്ക് കൊടുക്കാന്‍ ഭൂമിയില്ലാത്ത ജില്ലയല്ല ഇടുക്കി. 245സെറ്റില്‍മെന്റുകളും വെറും 50,000 ആദിവാസികളും മാത്രമുള്ള ജില്ലയാണ് ഇടുക്കി. അതായത് 20 ആദിവാസികള്‍ക്ക് ഒരു സെറ്റില്‍മെന്റ് എന്ന കണക്കില്‍ ഇവിടെ സ്ഥലമുണ്ട്. അതുകൊണ്ട് ആദിവാസിസെറ്റില്‍മെന്റ് പ്രശ്നം ഇവിടെ ഒരു പ്രശ്നമല്ല. അവരുടെ സാമൂഹ്യ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തങ്ങള്‍ ഇല്ലാതെ പോകുന്നതാണ് പ്രശ്നം. ഇടമലക്കുടിയ്ക്ക് ആദ്യആദിവാസി പഞ്ചായത്തിന് വൈദ്യുതി എത്തിച്ചുകൊടുക്കുന്നതിന് പോലും ഇവിടെ ഗവണ്മെന്‍റ് മുന്‍കൈ എടുത്തില്ല. അത് കഴിഞ്ഞ മാസം ചെയ്തുപൂര്‍ത്തീകരിച്ചു കൊടുത്തത് സ്വന്തം നിലയില്‍ പണം ശേഖരിച്ച് പൊതുവിഭാഗത്തിലെ സന്നദ്ധപ്രവര്‍ത്തകര്‍ ആണ്. അതുകൊണ്ട് ഇടുക്കിയിലെ പൊതുവിഭാഗം ആദിവാസി സെറ്റില്‍മെന്റില്‍ കടന്നുകയറി ചൂഷണം ചെയ്യുന്നു എന്ന് പറഞ്ഞാല്‍ ആദിവാസികള്‍ പോലും സമ്മതിച്ചുതരില്ല (ഒറ്റപ്പെട്ട കേസുകള്‍ ഉണ്ടെന്ന സത്യം മറച്ചുവെക്കുന്നില്ല).

KSEB ഭൂമിയില്‍ വസിക്കുന്നവര്‍ 
KSEB ഭൂമിയില്‍ വസിക്കുന്നവര്‍ക്ക്‌ ഇന്നും പട്ടയം കിട്ടാതെ പോയത് വെറും സാങ്കേതിക തടസ്സമോ സര്‍ക്കാറിന്റെ തന്നെ വീഴ്ചയോ ആണ്. അതുകൊണ്ട് പദ്ധതി ഉപേഷിക്കപ്പെട്ട തത്വത്തില്‍ മാത്രം KSEBഭൂമി ഏറ്റെടുത്ത മനുഷ്യര്‍ക്ക്‌ എത്രയും നേരത്തെ അവരുടെ ഭൂമി പതിച്ചുകൊടുക്കാന്‍ ഗവണ്മെന്റ് നടപടി ഉണ്ടാകണം. ഇനിയുള്ള ഒരു ചെറുസമൂഹം KSEB ഡാമുകളുടെ ക്യാച്ച്മെന്‍റ് ഏരിയയില്‍ കൃഷിചെയ്യുന്ന ദരിദ്ര-സാധാരണ കര്‍ഷകര്‍ ആണ്. അവരാരും ആ ഭൂമി സ്വന്തമാക്കിയവര്‍ അല്ല. വെറുതെ പുറംപോക്കുപോലെ അവിടെ കൃഷിചെയ്യുന്നുവെന്നേയുള്ളൂ. തോട്ടംവിളകള്‍ കൃഷിചെയ്യുന്ന ഇടുക്കിയില്‍ തന്നാണ്ട് വിളകള്‍ കൃഷിചെയ്യാന്‍ വെളിച്ചവും വര്‍ഷം മുഴുവന്‍ ജലവുമുള്ള പ്രദേശങ്ങള്‍ വളരെകുറച്ചേയുള്ളൂ. മാത്രമല്ല KSEB പത്തുചങ്ങല അകലത്തില്‍ (100 മീറ്റര്‍ ഉയരം) ഒരു പദ്ധതിപ്രദേശത്തും ഒരുകാലത്തും പകുതിയില്‍ കൂടുതല്‍ വെള്ളം ഉയര്‍ന്നിട്ടില്ല. ഭക്ഷ്യവിള ഉത്‌പാദനത്തില്‍ വളരെ പിന്നിലായ കേരളത്തിന്‍റെ വലിയ സാധ്യതയാണ് ജനവാസകേന്ദ്രത്തോട് ചേര്‍ന്ന പദ്ധതികളുടെ ക്യാച്ച്മെന്‍റ് പ്രദേശത്ത്‌ (ഉദാഹരണം: ഇരട്ടയാര്‍)  ഭക്ഷ്യവിളവളര്‍ത്തല്‍ (ജലം സമര്‍ദ്ധം, നല്ല വെളിച്ചം, വളക്കൂറുള്ള മണ്ണ്, ശേഷം ഇടുക്കിയുടെ മലമുകളില്‍ തന്നാണ്ട് വിളകൃഷിചെയ്ത് മണ്ണൊലിപ്പ് ഉണ്ടാക്കാതിരിക്കാം). ഏക്കറിന് ഒരു തുച്ചമായ പാട്ടം കര്‍ഷകരില്‍ നിന്ന് ഈടാക്കി, അത് സബ്സിഡിയായി തന്നെ അവരില്‍ എത്തിച്ച്, ചുരുങ്ങിയത് മദ്ധ്യകേരളത്തിന് മൊത്തം വേണ്ട പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാം. ജൈവകൃഷിയാകണം എന്ന ഒറ്റനിബന്ധ ഉണ്ടായാല്‍ മതി. ഡാം ജലം ഒരിക്കലും വിഷലിബ്ധമാവുകയുമില്ല.  ആര്‍ക്കുമൊരു നഷ്ടവുമില്ലതാനും. ഇവിടെയൊക്കെയാണ് നിയമം അതിന്‍റെ അക്ഷരാര്‍ത്ഥ പാലനത്തിന് അപ്പുറത്തേയ്ക്ക് കടന്ന് ക്രിയാത്മകമാകേണ്ടത്.

ഗ്രോ മോര്‍ ഫുഡ്‌ കര്‍ഷകര്‍ 
അധിക ഭക്ഷ്യോല്‍പ്പാദനപദ്ധതി പ്രകാരം കര്‍ഷകരുടെ വികസനആവശ്യമാണ് വളരെ വേഗം തന്നെ അഭിസംബോധന ചെയ്യേണ്ട മറ്റൊരു സംഗതി. ഇങ്ങനെ കുടിയിരുത്തപ്പെട്ടവരില്‍ നല്ലൊരു ശതമാനം ഇന്നും അധിവസിക്കുന്നത് കാടിനുള്ളില്‍ ഒറ്റപ്പെട്ടരീതിയില്‍ ആണ് (മക്കുവള്ളി, മണ്ണൂക്കാട്, കൈതപ്പാറ, ആനക്കുളം, മനേത്തടം...) പൊതുസഞ്ചാരമാര്‍ഗ്ഗമോ, ഹൈസ്കൂളോ, ആശുപത്രിയോ. വൈദ്യുതി-ഫോണ്‍ ബന്ധമോ ഇല്ലാത്ത ഇവര്‍ക്ക് ഇതൊക്കെ കിട്ടണമെങ്കില്‍ വനവകുപ്പ് മനസ്സുവെക്കണം. സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ ഇടപെട്ട് ഇന്ന് കേരളത്തിലെ ഇതു സാധാരണ പൌരനെപ്പോലെയും ജീവിക്കാനുള്ള അവരുടെ അവകാശം നേടിക്കൊടുകതന്നെ വേണം. കൃഷി കൂടാതെ ഫാം ടൂറിസം കൂടി നടത്താനുള്ള അനുവാദം അവര്‍ക്ക് കൊടുത്താല്‍ ചെറുഫാം കോട്ടേജുകളില്‍ (ഒരിക്കലും റിസോര്‍ട്ട് ടൂറിസം പാടില്ല) അവര്‍ക്ക് അത് ലാഭകരമായി ചെയ്യാന്‍ ആവുന്നതേയുള്ളൂ.     

എത്രയും വേഗം കുടിയൊഴിപ്പിക്കപ്പെടേണ്ട കുറ്റവാളികള്‍

1. റിസോര്‍ട്ട് മാഫിയകള്‍ 

ഏലമലക്കാടുകളിലും മൂന്നാറിലും എങ്ങനെ നിയമപരമായി റിസോര്‍ട്ടുകള്‍ ഉയര്‍ന്നു? ആദ്യചോദ്യം ചോദിക്കേണ്ടത് റിസോര്‍ട്ട് ഉടമകളോടാണ്. നിങ്ങള്‍ക്ക് ഇവിടെ എങ്ങനെ റിസോര്‍ട്ട് നിര്‍മ്മാണത്തിന് ഭൂമി കിട്ടി? 1964ലെ കേരള ലാന്റ് അസ്സൈന്‍മെന്റ് റൂള്‍സും 1993ലെ കേരള ഭൂമി പതിച്ചു നല്‍കല്‍ ചട്ടങ്ങളും വെച്ചാണ്‌ ഇടുക്കിയില്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കുന്നത്.  ഈ രണ്ട് ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിച്ചു കൊടുക്കുന്നതിന്റെ ഉദ്ദേശങ്ങള്‍ ഇവയാണ്: 1) വ്യക്തപരമായ കൃഷി ആവശ്യത്തിന്, 2) വീടുകളുടെ നിര്‍മ്മാണത്തിന് (1993 ചട്ടത്തില്‍ കടകളും ഉള്‍പ്പെടുത്തി), 3) പ്രയോജനപ്രദമായ അനുഭവ അവകാശങ്ങള്‍ക്ക്.

എന്നാല്‍ ഈ നിയമങ്ങളില്‍ ഒന്നും പെടാതെ 'കോമേഷ്യല്‍' എന്ന വിഭാഗത്തില്‍ നിങ്ങള്‍ക്ക്  എങ്ങനെയാണ് ഇവിടെ റിസോര്‍ട്ട് നിര്‍മ്മാണത്തിന് അനുമതി കിട്ടിയത്?  ഈ ചോദ്യത്തിന് മുന്നിലാണ് മുന്‍കാലങ്ങളില്‍ ഇടുക്കിയില്‍ ഉണ്ടായിരുന്ന പ്രദേശിക ഭൂരണകൂടവും റവന്യൂ ഡിപ്പാര്‍ട്ടെമെന്റും ഡിസ്ട്രിക് ടൗണ്‍ പ്ലാനിങ് ഓഫീസര്‍മാരും ഭൂമിയെ വെച്ച് രാഷ്ട്രീയം കളിക്കുന്നവരും ഒരു പോലെ പ്രതികളാവുന്നത്. അവരെ ഏകദേശം ഒരു ഡസന്‍ ചോദ്യങ്ങള്‍ക്ക് മുന്നിലേയ്ക്ക് നിര്‍ത്തിയാല്‍ ഏലമലക്കാടുകളും മൂന്നാറും ഇന്നുകാണുന്ന രീതിയില്‍ നശിപ്പിച്ചതിന് അവര്‍ കണക്കു പറയേണ്ടി വരും. കഴിഞ്ഞയിടെയാണ് 19 കോടി നികുതി നഷ്ടം മൂന്നാറ്, പള്ളിവാസല്‍, ചിന്നക്കനാല്‍  മേഖലയിലെ ടാക്‌സ് ഇനത്തില്‍ തന്നെ ഉണ്ടായതായി ധനവകുപ്പ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയത്.  ഇപ്പോള്‍ ചെയ്യുന്നത് പോലെ നിര്‍മ്മാണനിയമ ലംഘനവും റിസോര്‍ട്ടുകളുടെ നികുതി വെട്ടിപ്പും മലിനീകരണവും അന്വേഷിച്ച് നടക്കുകയല്ല ഡിപ്പാര്‍ട്ട്മെന്റുകള്‍ നടത്തേണ്ടത്. അത് കതിരില്‍ ചികത്സിക്കുന്നതിന് തുല്യമാണ്. രോഗം കടക്കലാണ്, അനധികൃത ഭൂമികയ്യേറ്റത്തിലും പാട്ടവ്യവസ്ഥകളുടെ ലംഘനത്തിലും. ചികിത്സ അവിടെ തന്നെ തുടങ്ങണം. അപ്പോള്‍ ചോദ്യം മാറും- മൂന്നാറിന്‍റെ ചെങ്കുത്തായ മലമുകളില്‍ ഫ്ലാറ്റ് സമാനമായ ഈ  വന്‍സൗധങ്ങള്‍ക്ക് നിലനില്‍ക്കാന്‍ അവകാശമുണ്ടോ? 'ഇല്ല'യെന്ന് വളരെ ലളിതമായ ഉത്തരം.


2. കമ്പനിയുടെ കയ്യേറ്റം
മൂന്നാറില്‍ കണ്ണന്‍ ദേവന്‍ ഹില്‍ പ്രൊഡ്യൂസ് കമ്പനി അനധികൃത കൈയേറ്റം വെളിവാക്കുന്ന പ്രധാന റിപ്പോര്‍ട്ടാണ് സനല്‍കുമാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് (2012). നടത്തപ്പെട്ട റീ-സര്‍വ്വേ പ്രകാരം കമ്പനി 49,46 ഹെക്ടര്‍ സ്ഥലം അനധികൃതമായി കൈയ്യേറിയതായി പറയുന്നു. ഇനിയും റീസര്‍വ്വേ പൂര്‍ണ്ണമല്ല. മൂന്നാറില്‍ പൂര്‍ണ്ണമായ ഒരു സര്‍വ്വേ നടത്തപ്പെടാതിരിക്കാന്‍ എല്ലാ കൈയേറ്റക്കാരും നന്നായി ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുന്നുണ്ട്. പ്രാദേശിക ഭരണകൂടംഎല്ലാത്തിനും കമ്പനിക്ക് വേണ്ടി ഒത്താശ ചെയ്യുന്നുമുണ്ട്. അതിന്റെ തെളിവാണ് ടാറ്റായ്ക്ക് അതിന്‍റെ ബംഗ്ലാവുകള്‍ ടൂറിസത്തിന് ഉപയോഗിക്കാന്‍ മൂന്നാര്‍-ദേവികുളം പഞ്ചായത്തുകള്‍ അനുമതി കൊടുത്തത്. എന്നാല്‍ പ്രശ്‌നം കോടതിയില്‍ എത്തുമ്പോഴാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഈ അനുമതികള്‍ പഞ്ചായത്തുകള്‍ക്ക് റദ്ദുചെയ്യേണ്ടി വന്നത്. അന്തിമ വിശകലത്തില്‍ മൂന്നാറിലെ ഏറ്റവും വലിയ അനധികൃത ഭൂമി കൈയേറ്റം കമ്പനിയുടേത് തന്നെയാണ്. തോട്ടത്തെ  ടൂറിസം ആവശ്യത്തിനപ്പുറം  ഒരു  തോട്ടമായി  നിലനിര്‍ത്താന്‍  അവര്‍ ഉദ്ദേശിക്കുന്നുമില്ല. ആ നിലയ്ക്ക് ഈ  തോട്ടത്തിന് ഇനി മുന്നോട്ടു പ്രവര്‍ത്തിക്കാന്‍ അനുമതി കൊടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഗവണ്മെന്റ് ആണ്.

3. വന്‍കിട ഭൂകയ്യേറ്റം

താമസിക്കാനും ഉപജീവനത്തിനുമായി കൃഷിയെ ആശ്രയിച്ച് കുടിയേറിയവരാണ് ഇടുക്കിയിലുള്ള കര്‍ഷകര്‍. എന്നാല്‍ അതിനിടയില്‍ വന്‍ഭൂകൈയ്യേറ്റം നടത്തിയവര്‍ ധാരാളം ഉണ്ട്. ആനയിറങ്കല്‍ ഡാമിനടുത്ത് MAS  ഗ്രുപ്പ് കൈവശം വെച്ചിരിക്കുന്നത് ഏകദേശം 300ഏക്കര്‍ റവന്യൂ ഭൂമിയാണ്‌. അനധികൃതമായി ടോം സക്കറിയാസ് നിര്‍മ്മിച്ച ഇന്നലെ തകര്‍ത്ത കുരിശ് ഒരു  മതചിഹ്നത്തെ നശിപ്പിച്ച സംഭവം മാത്രമായി കണക്കാക്കരുത്. ടോം സക്കറിയാസിന്‍റെ പിതാവ് കറിയാച്ചന്‍ മൊതലാളി എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ആള്‍ 1000ത്തില്‍പ്പരം  ഏക്കര്‍ ഭൂമിവെട്ടിപ്പിടിച്ച് കൈവശം വെച്ചിരിക്കുന്ന ആള്‍ ആണ്. ആ പ്രദേശത്തെ തന്നെ ഒരു മുടിചൂടാമന്നന്‍. മക്കള്‍ക്കൊക്കെ 200 ഉം 300 ഏക്കറുകളായി ഇപ്പോള്‍ മുറിച്ചുകൊടുക്കുകയും ചെയ്തു. ലക്ഷ്മിഭാഗത്ത്‌ പുളിമൂട്ടില്‍ എസ്റ്റേറ്റ്‌ കൈവശം വെച്ചിരിക്കുന്ന 300ഓളം ഏക്കറുകള്‍ കയ്യേറ്റത്തില്‍ പട്ടികയില്‍ വരും.  ഇങ്ങനെ വന്‍പ്രമാണിമാര്‍ കൈവശം വച്ചിരിക്കുന്നതുമായ വന-റവന്യൂഭൂമി ഇടുക്കിയില്‍ ധാരാളമുണ്ട്. 

4. ഗ്രാന്‍ഡിസ് (യൂക്കാലി) എന്ന രാക്ഷസ മരങ്ങള്‍
സമുദ്രനിരപ്പില്‍ നിന്ന് 4000 അടിയ്ക്ക് മേലെ ഉയരമുള്ള മൂന്നാറിന്റെ മലകളില്‍ യൂക്കാലി നട്ടു പിടിപ്പിക്കാന്‍ തുടങ്ങിയത് ബ്രിട്ടീഷുകാരാണ്. അന്ന് ലോകം മുഴുവന്‍ കാര്‍ഷിക പരീക്ഷണങ്ങളുടെ കാലമായിരുന്നു. പ്ലാന്റേഷന്‍ മേഖലയില്‍ വര്‍ദ്ധിച്ചു വന്ന വികറിന്റെ ആവശ്യത്തിനായികുന്നു യൂക്കാലി നട്ടു പിടിപ്പിച്ചത്. വളരെ വേഗത്തില്‍ ഒരു ഒറ്റത്തടിയായി വളരുന്നു. മുറിച്ച് ശേഖരിക്കാന്‍ എളുപ്പം. വേഗത്തില്‍ തീ പിടിക്കുന്നു- ഇവയൊക്കെയാണ് അതിന് അവര്‍ കണ്ട ഗുണങ്ങള്‍.വനസംരക്ഷണത്തെ നമ്മള്‍ ഗൗരവമായി എടുക്കുന്നത് എഴുപതുകളിലാണ്. പശ്ചിമഘട്ടത്തിന്റെ വനമേഖലയ്ക്ക് ഗണ്യമായി കുറവ് സംഭവിച്ചെന്നും ശേഷിക്കുന്ന വനഭൂമിയെങ്കിലും സംരക്ഷിക്കപ്പെടണമെങ്കില്‍ ഇന്ധന ആവശ്യത്തിന് ജനങ്ങള്‍ സ്വാഭാവിക വനത്തെ ആശ്രയിക്കുന്നത് കുറച്ചു കൊണ്ടു വരണമെന്നുള്ള ചിന്തയിലാണ് സോഷ്യല്‍ ഫോറസ്ട്രി തന്നെ റവന്യൂ ഭൂമിയില്‍ സ്റ്റേറ്റിന്റെ ഇന്ധന - തടി ആവശ്യത്തിനായി വേഗത്തില്‍ വളരുന്ന വളര്‍ച്ചയ്ക്ക് അധികം സ്ഥലവിസ്തീര്‍ണ്ണമാവശ്യമില്ലാത്ത യൂക്കാലി നട്ടുപിടിപ്പിക്കുന്നത്. വേണ്ടത്ര പരിസ്ഥിതിക പഠനങ്ങളൊന്നും നടത്തി ആരംഭിച്ച ഒന്നായിരുന്നില്ല അത്. കുറഞ്ഞ സ്ഥലത്ത്. കുറഞ്ഞ സമയത്ത്, കൂടുതല്‍ ലാഭം- അതായിരുന്നു യൂക്കാലിയുടെ വ്യാവസായിക സാധ്യത.

എന്നാല്‍ യൂക്കാലിമരങ്ങള്‍ വട്ടവട പോലുള്ള ഇടുക്കിയുടെ ജൈവസമര്‍ദ്ധമായ ഗ്രാമങ്ങളുടെ കൃഷ്യയിടങ്ങളിലും ചെരിവുകളിലും മലമുകളിലും ചേക്കേറാന്‍ തുടങ്ങിയത് തൊണ്ണൂറുകളക്ക് ശേഷമാണ്. 1990ന് ശേഷം വട്ടവടപോലുള്ള പ്രദേശങ്ങളിലെ ഭൂമി കൈവശമാക്കാൻ മലയാളി സമൂഹം തന്ത്രപൂര്‍വ്വം തമിഴ് സമൂഹത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. മലമുകളിലേക്ക് കാടുകള്‍ വെട്ടിപ്പിടിച്ചെടുത്താല്‍ വാങ്ങിക്കൊള്ളാമെന്നുള്ള ഉറപ്പ് കിട്ടിയപ്പോള്‍ തമിഴന്‍ ആ വഴി തിരഞ്ഞെടുത്തു. അവിടെ പണം കൊയ്യുന്ന യൂക്കാലി വ്യവസായത്തിന്റെ മാജിക്കും കാട്ടിത്തരാമെന്നായപ്പോള്‍ അവര്‍ ഒട്ടും മടിച്ചില്ല. മലയാളി തമിഴനില്‍ നിന്ന് ഭൂമി ചുളുവിലയ്ക്ക് വാങ്ങി, രേഖകള്‍ ഉള്ളതും ഇല്ലാത്തതുമായ ഭൂമി. എങ്ങനെ ചെങ്കുത്തായ താഴ്‌വാരങ്ങളിലും മലമുകളിലും ഭൂമിയ്ക്ക് രേഖകള്‍ ഉണ്ടായി എന്ന് ചോദിക്കരുത്. പിന്നെ അവിടെ വ്യാപകമായ യൂക്കാലി നടീല്‍ അരങ്ങേറുകയായിരുന്നു. മൂന്നാം വര്‍ഷം വെട്ടിപ്പോകുന്ന മരങ്ങള്‍ വീണ്ടും അതി ശക്തിയായി കുറ്റിയില്‍ നിന്ന് മുളച്ചു വന്ന് തഴക്കും. വര്‍ഷം മുഴുവന്‍ തമിഴന് പണി, കൈ നിറയെ പണം. ആവേശം മൂത്ത് തമിഴര്‍ തങ്ങളുടെ കൃഷിയിടത്തിലും നട്ടു പണം കായ്ക്കുന്ന ഈ മരം. കെ.എന്‍.പി. മരക്കച്ചവടക്കമ്പനിയുടെ ജീപ്പുകളും ലോറികളും മൂന്നാറിന്റെ ചെങ്കുത്തായ കുന്നിന്‍ മുകളിലൊക്കെ ചീറി നടന്നു. ഒരു അതിസാധാരണ അടിമാലിക്കാരന്‍ ലോറി ഡ്രൈവര്‍ വെറും ഇരുപത് വര്‍ഷം കൊണ്ട് കോടികളുടെ അസ്തിയുള്ള കെ.എന്‍.പി. കമ്പനിയുടെ ഉടമയായി. ആര്‍ക്കാണ് ആത്യന്തീകമായി നഷ്ടപ്പെട്ടത് എന്ന് ചോദിച്ചാല്‍ ഇടുക്കിയിലെ കര്‍ഷകര്‍ക്കാണ്. അവരുടെ മണ്ണാണ് തരിശായത്. അവരുടെ കുടിവെള്ളവും നീര്‍ച്ചാലുകളുമാണ് വറ്റിയത്. ഇനിയും മണ്ണിനെ ഊഷരമാക്കുന്ന ഈ മരവ്യവസായത്തെ ഇടുക്കിയ്ക്ക് താങ്ങാൻ ആവില്ല. കുടിയൊഴിപ്പിക്കുന്ന കയ്യേറ്റങ്ങളിൽ ഈ മരവ്യവസായക്കാരനേയും ഉൾപ്പെടുത്തിയേ മതിയാകൂ.

5. പാറമടകള്‍ 
ഏലകൃഷിയ്ക്ക് മാത്രമായി പട്ടയം കൊടുത്തിട്ടുള്ള CHRമേഖലയില്‍ ഇന്ന് ചെറുതും വലുതുമായ 100ഓളം പാറമടകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ 'തൌഫീഖ്' പോലുള്ള വന്‍പറമാടകള്‍ മലകളെ പൊട്ടിച്ച് തമിഴ്നാട് വരെ എത്തി. കട്ടപ്പനയുടെ പരിസരങ്ങളില്‍ ഓരോ വന്മലകള്‍ തന്നെയാണ് ഇല്ലാതാവുന്നത്. പ്രദേശവാസികളുടെ എതിര്‍പ്പൊന്നും ആരും വകവെക്കുന്നില്ല. ആര് ഇതിനൊക്കെ അനുവാദം കൊടുത്തു എന്നചോദ്യം പോലും ഇവയുടെ കാര്യത്തില്‍ അപ്രസക്തമാണ്. സത്വരമായി കുടിയൊഴിപ്പിച്ച് പൂട്ടിക്കെട്ടേണ്ടവയാണ് ഈ പറമടകള്‍ ഒക്കെയും. അവ നിയമവിരുദ്ധമായി നടത്തിയവര്‍ക്ക് എതിരെ ഉടന്‍ ശിക്ഷാനടപടികളും സ്വീകരിക്കേണ്ടതുണ്ട്.  

ഇനിയെന്ത്?
റിസോര്‍ട്ട്-പാടമട-തോട്ടംമാഫിയകളെ കുടിയൊഴിപ്പിച്ചാല്‍ തീരുന്നതല്ല ഇടുക്കിയിലെ സാധാരക്കാരന്റെ ഭൂമി പ്രശ്നം. ഒറ്റവാക്കില്‍ പരിഹാരമില്ലാത്ത വിധം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും നിയമത്തിന്‍റെ നൂലാമാലകളും കെട്ടുപിണഞ്ഞുകിടക്കുന്ന സ്ഥലമാണ് ഇടുക്കി. അതുകൊണ്ട് തന്നെ പ്രദേശങ്ങള്‍ തിരിഞ്ഞുള്ള പരിഹാരമാണ് ആവശ്യം. പരിഹാരവഴികള്‍ അന്വേഷിക്കുമ്പോള്‍ ഈ അടിസ്ഥാന കാര്യങ്ങള്‍ പരിഗണിച്ചേ മതിയാകൂ:
1. പശ്ചിമഘട്ടത്തിലെ ഏറ്റവും പരിസ്ഥിതിവൈവിധ്യമുള്ള ലോലമേഖലയാണ് ഇടുക്കി. വളരെ ജാഗ്രതാപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍ വളരെ പെട്ടെന്ന് കൃഷിയോഗ്യവും വാസയോഗ്യവുമല്ലാതായി മാറാവുന്ന 40 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള മലകളും, കാടുകളും പച്ചപ്പുല്‍കവചവും നിരന്തരം വെട്ടിമാറ്റപ്പെട്ടാല്‍ അതിവേഗം മണ്ണൊലിച്ച് ഊഷരമായി തീരാവുന്ന കൃഷിയിടങ്ങളും മരങ്ങളുടെ പച്ചപ്പുത മാറിയാല്‍ രൂക്ഷവരള്‍ച്ചബാധിക്കാവുന്ന ജനവാസഇടങ്ങളും ചേര്‍ന്ന ദുര്‍ബലപ്രകൃതിയാണ് ഇടുക്കിയുടേത്.
2. ഇടുക്കിയുടെ പ്രകൃതി നശിച്ചാല്‍ പിന്നെ അവിടെ കര്‍ഷകന്‍ ഇല്ല, കൃഷിയില്ല, ടൂറിസം ഇല്ല. ഇടുക്കിയില്‍ മനുഷ്യര്‍ അതിജീവിക്കണമെങ്കില്‍ അത് പ്രകൃതിയോട് ഒപ്പമേ സാധ്യമാകൂ.
3. ഇടുക്കിയ്ക്ക് വേണ്ടത് പരിസ്ഥിതിമൌലീകവാദമോ വികസനമൌലീകവാദമോ അല്ല, സമഗ്രമായ അതിജീവനനയങ്ങളും ഹരിതരാഷ്ട്രീയവുമാണ്.
4. നിലനില്‍ക്കുന്ന അവസ്ഥയില്‍ കര്‍ഷകന് കൃഷികൊണ്ട് മാത്രം ജീവിക്കാന്‍ കഴിയുന്ന അവസ്ഥ ഇടുക്കിയില്‍ ഇല്ല.
5. നിയന്ത്രിതമായ എക്കോടൂറിസമേ ഇടുക്കിയ്ക്ക് താങ്ങാന്‍ കഴിയൂ. വലിയ ജനകൂട്ടത്തെ കടത്തിവിടേണ്ട സാധാരണ വിനോദസഞ്ചാരമേഖലയല്ല ഇത്. ഇവിടെ ത്രീസ്റ്റാര്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട്-വാസികളായ വിനോദസഞ്ചാരികളെയല്ല പ്രോത്സാഹിപ്പിക്കേണ്ടത്. പ്രകൃതിയെ അറിയാനും അനുഭവിക്കാനും വരുന്ന ഉത്തരവാദിത്വബോധമുള്ള യാത്രികരെയാണ്. എക്കോ-ടൂറിസത്തില്‍ നിന്ന് വരുമാനം കണ്ടെത്തേണ്ടത്‌ കുത്തകകള്‍ അല്ല, ഇടുക്കിയിലെ കര്‍ഷകജനത തന്നെയായിരിക്കണം
5. ഇടുക്കിയുടെ ഭൂമിപ്രശ്നം ശാശ്വതമായി പരിഹരിക്കണമെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും രാഷ്ട്രീയപാര്‍ട്ടികളും രാഷ്ട്രീയഅഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് വിവിധവകുപ്പുകളുടെ പ്രധിനിധികളോടൊപ്പമിരുന്ന് വിശദമായി പഠിച്ചും ജനങ്ങളെ കേട്ടും കാര്യങ്ങളില്‍ ഒരു തീരുമാനത്തില്‍ എത്തണം.
6. ചെറുകിടക്കാര്‍ക്കും സാധാരണകര്‍ഷകര്‍ക്കും പട്ടയവിതരണം ജനപക്ഷത്ത് നിന്ന് ചിന്തിച്ച് നിയമതടസ്സങ്ങളെ മാറ്റിവെച്ച് വേഗത്തില്‍ ആക്കുക. വന്‍കിടകൃഷിക്കാര്‍ പാട്ടവ്യവസ്ഥയില്‍ ഉള്ള തോട്ടങ്ങള്‍ എന്നിവയുടെ പട്ടയം പാട്ടം എന്നിവ ഓരോന്നും വ്യക്തമായി പഠിച്ചുമാത്രം കൊടുക്കുക.
7. ഇടുക്കിയില്‍ നിന്ന് റിസോര്‍ട്ട്-പാറമട-മരവ്യവസായ-വന്‍ഭൂകൈയ്യേറ്റമാഫിയകള്‍ നിശ്ചയമായും പുറത്താക്കപ്പെടണം. ഇടുക്കിയ്ക്ക് വേണ്ടത് പ്രകൃതിയോട് അനുരൂപപ്പെടുന്ന കൃഷിയും ടൂറിസവും വികസനപ്രവര്‍ത്തങ്ങളുമാണ്. ഇടുക്കിയ്ക്ക് വേണ്ടത് ഒരു ഹരിത രാഷ്ട്രീയമാണ്. ഇടുക്കിയിലെ ഭൂപ്രശ്നത്തിന്റെ സങ്കീര്‍ണതകളെ ആകമാനം കണക്കിലെടുത്തുള്ള നടപടിയാണ്. അത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്കും സാധാരണ കൃഷിക്കാര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാനും കൃഷിചെയ്യാനുമുള്ള അവകാശമുണ്ടെന്ന് അടിവരയിട്ട് പറയണം. എന്നാല്‍ ഒരാളുടേയും പണക്കൊതിയ്ക്കും ഭൂമിക്കൊതിയ്ക്കും വ്യവസായസ്വപ്നങ്ങള്‍ക്കും ഈ മലമുകളില്‍ നിലനില്‍ക്കുവാന്‍ അവകാശമില്ലെന്നരീതിയില്‍ ഉള്ള നടപടികള്‍ ഉണ്ടാവണം. വന്‍കിട കൈയേറ്റക്കാരെ കര്‍ഷകന്റെയും പാവപ്പെട്ടവന്റെയും തൊഴിലാളിയുടെയും ആദിവാസിയുടെയും പ്രശ്നവുമായി കൂട്ടിയോജിപ്പിക്കാതിരിക്കുക എന്നതാണ് പ്രധാനം. ഇടുക്കിയുടെ കാര്‍ഷീക-ഭൂപ്രശ്നത്തിന് പരിഹാരം കാണേണ്ടത് ഈ വഴിക്കാണ്.

No comments: