Monday, August 28, 2017

നസ്രായക്കാരി മറിയം

റോമിന്‍റെ 'അമ്മദൈവ' (Mother Goddess Isis) സങ്കല്‍പ്പത്തിലേയ്ക്ക് കുടിയേറിപ്പോയ ഒരു നസ്രത്തുകാരി മറിയത്തെ വീണ്ടെടുക്കേണ്ട കാലത്തിലാണ് ക്രിസ്തീയദൈവശാസ്ത്രം ഇന്ന്. "സ്വര്‍ല്ലോക രാജ്ഞി..." എന്ന് പുകഴ്ത്തി റോമന്‍ അമ്മദൈവത്തെക്കുറിച്ച് പാടിയത് റോമന്‍ എഴുത്തുകാരന്‍ അല്‍ഫെയൂസാണ്. അതുമുതല്‍ ഇങ്ങോട്ട് 'അമ്മദൈവ'ത്തിന്‍റെ വാഴ്ത്തുക്കള്‍ (ലുത്തിനിയകള്‍) ഒക്കെ മറിയത്തിന്റെ ലുത്തിനിയകളായി മാറി. ഉണ്ണിയെ കൈകളില്‍ പേറുന്ന ദേവതയായും (Isis with Child Horus) അവള്‍ മാറി. അവളുടെ ദൈവമാതൃത്വത്തെക്കുറിച്ച് തര്‍ക്കിച്ചപ്പോഴൊക്കെ ചോര്‍ന്നുപോയ അവളുടെ മനുഷ്യത്വവും ക്രിസ്തുശിക്ഷ്യത്വവും വീണ്ടെടുക്കപ്പെടേണ്ട കാലമായിരിക്കുന്നു.  

ചരിത്രത്തിലെ നസ്രറത്തുകാരി മറിയത്തില്‍ നിന്ന് ക്രിസ്തീയഭക്തിയുടെ ആള്‍രൂപമായ മറിയത്തില്‍ എത്തിപ്പെടുമ്പോള്‍ നഷ്ടപ്പെട്ടത് സ്ത്രീവിമോചനത്തിന്റെ മരിയന്‍ സത്വാര്‍ത്തയാണ്. കീര്‍ത്തിയില്ലാത്ത ഒരു നാട്ടിലെ സെറ്റില്‍മെന്റില്‍ ജനിച്ചുവളര്‍ന്നവള്‍, റോമന്‍ അധിനിവേശത്തിന്റെ ദുരന്തങ്ങള്‍ കണ്ടവള്‍, ഒരു ദരിദ്രമരപ്പണിക്കാരന്റെ ഭാര്യയായിരുന്നവര്‍, അവളാണ് ഈ കീര്‍ത്തനം പാടിയത്:
"...ഹൃദയവിചാരത്തില്‍ അഹങ്കാരിച്ചവരെ അവൻ ചിതറിച്ചു.
ശക്തരെ സിംഹാസനങ്ങളിൽ നിന്ന് മറിച്ചിട്ടു; താഴ്ന്നവരെ അവൻ ഉയർത്തി.
വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾ കൊണ്ട് സംതൃപ്തരാക്കി;
സമ്പന്നരെ അവൻ വെറുംകൈയ്യോടെ പറഞ്ഞയച്ചു."
അവള്‍ കണ്ട ദൈവികദര്‍ശനം ഇതായിരുന്നു, ഇത്രകണ്ട് വിപ്ലവകരമായിരുന്നു. അതൊരു സാംസ്കാരിക-രാഷ്രീയ-സാമ്പത്തിക വിപ്ലവത്തെ ഉള്‍ക്കൊണ്ടിരുന്നു. നിലനില്‍ക്കുന്ന മൂല്യക്രമങ്ങളും  സാമൂഹ്യ-രാഷ്ട്രീയ ഘടനകളും കീഴ്മേല്‍ മറയുന്ന ഒരുപുതുലോകത്തിന്റെ ഉദയമാണ് അവള്‍ വിഭാവനം ചെയ്തത്. അതുതന്നെയാണ് ദൈവരാജ്യസങ്കല്പമായി ക്രിസ്തു പഠിപ്പിച്ചതും. മേരിയുടെ സങ്കീര്‍ത്തനവും ക്രിസ്തുവിന്‍റെ 'ഗിരിപ്രഭാഷണ'വും തമ്മില്‍ വളരെ അടുത്ത സമാതനകള്‍ കാണാന്‍കഴിയും.

റോമന്‍ ഭരണത്തിന് കീഴില്‍ പലായനത്തിന്‍റെ ദുരന്തം പേറിയവളാണവള്‍. യൗവ്വനത്തിൽ തന്നെ വൈധവ്യം അനുഭവിച്ചവളാണവള്‍. മകന് ഭ്രാന്താണെന്ന് സമൂഹം പറയുമ്പോള്‍ ആവലാതിപ്പെട്ട് ഓടിനടന്നവളാണവള്‍ (മര്‍ക്കോസ് 3:21). ബന്ധുവിന്റേയും (സ്നാപകയോഹന്നാൻ) പിന്നീട്  സ്വന്തം മകന്റേയും രാഷ്ട്രീയകൊലപാതകങ്ങൾ കണ്ടവളാണവള്‍. മധ്യവയസ്സിൽ തന്നെ അനാഥയായവളാണവള്‍. അവളില്‍ നിന്ന് അപ്രാപ്യമായ സ്വര്‍ഗ്ഗീയ മഹത്വത്തില്‍ വസിക്കുന്ന സര്‍വ്വാലങ്കാരവിഭൂഷിണിയായ ഒരു രാജ്ഞിയിലേയ്ക്ക് മതഭാവനകള്‍ ചേക്കേറാന്‍ തുടങ്ങി. ഒപ്പം സംഭവിച്ചത്  സഹവിമോചികയില്‍ നിന്ന് അവൾ 'അമ്മ ദൈവ'ത്തിലേയ്ക്കും, ഒരു തൊഴിലാളിവീട്ടമ്മയില്‍ നിന്ന് മൃദുലചർമ്മമുള്ള, വിനയത്താൽ കുനിഞ്ഞ മുഖമുള്ള, ഒരു യൂറോപ്യൻ സ്ത്രീയിലേക്കും  പരിവർത്തനപ്പെടുകയായിരുന്നു. വിമോചനത്തിന്റെ സങ്കീർത്തനം പാടിയ ഒരു സ്ത്രീയിൽ നിന്ന് പുരുഷകേന്ദ്രീകൃത ലോകത്തിന്റെ അമ്മസങ്കൽപ്പങ്ങളിൽ അവൾ തളയ്ക്കപ്പെടുകയാണ് ഉണ്ടായത്. ഭക്തിയുടെ ആകാശമേഘങ്ങളിൽ നിലയുറപ്പിച്ച അവൾക്ക് പിന്നീട് ഭൂമിയുടെ തലതിരിഞ്ഞ വ്യവസ്ഥകളെയൊന്നും ചോദ്യംചെയ്യാൻ കഴിയാതെ പോയി. അങ്ങനെ നസ്രത്തിലെ മറിയത്തിൽ നിന്ന് നമുക്കുവേണ്ടി നമ്മൾ ഒരു ഭക്തവിഗ്രഹത്തെ സൃഷ്ടിച്ചു. ഇനി നമ്മൾ തിരിച്ചുമടങ്ങേണ്ടത് നസ്രത്തിലേക്കാണ്.

പൌരാണീക റോമന്‍ 'അമ്മ ദൈവങ്ങളു'ടെ ചരിത്രമുള്ള റോമിലെ മരിയ മജോരെക്കുന്നിലും സ്പെയിനിലെ എബ്രോ നദിയിലെ തീരത്തുമൊഴികെ മരിയന്‍ ദര്‍ശനവുമായി ബന്ധപ്പെട്ട കഥകളൊന്നും ആദ്യ പത്തുനൂറ്റാണ്ടുകളില്‍ ക്രിസ്തിയന്‍ സഭാചരിത്രത്തില്‍ കേട്ടിരുന്നില്ല. യൂറോപ്പില്‍ വ്യവസായവത്ക്കരണവും അതിന്‍റെ ഫലമായുണ്ടായ കോളനിവത്ക്കരണവും മുതലാണ്‌ മരിയന്‍ ദര്‍ശനങ്ങളുടെ കഥകള്‍ കേട്ടുതുടങ്ങുന്നത്. മന:ശാസ്ത്രം ഒരു ശാസ്ത്രമായി വികസിക്കാത്ത കാലത്ത് ഉണ്ടായ ഈ ദര്‍ശനങ്ങളെ ഇന്നും നമ്മള്‍ വേണ്ടവിധം മന:ശാസ്ത്രവിശകലനങ്ങള്‍ക്ക് വിധേയമാക്കിയിട്ടില്ല. കൂടാതെ ഈ ദര്‍ശങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ ഭക്തിയുടെ നിരുപദ്രവകരമായ പുറംചട്ടയാണുള്ളത്. എന്നാല്‍ ആ ഭക്തിയ്ക്ക് നിലനില്‍ക്കുന്ന സാമൂഹ്യ-രാഷ്ട്രീയ ഘടനയെ കൊട്ടങ്ങളില്ലാതെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന ഒരു രാഷ്ട്രീയവശമുണ്ട്.

മരിയന്‍ ദര്‍ശനത്തിലെ വെളിപാട് സന്ദേശങ്ങള്‍ ഓരോ കാലഘട്ടത്തിന്‍റെ ആവശ്യങ്ങളെയാണ് സംബോധന ചെയ്യുന്നത്. പടിഞ്ഞാറന്‍ യൂറോപ്പില്‍ വ്യാവസായിക മുതലാളിത്തത്തിന്‍റെ കാലത്ത് ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ ബെനഡിറ്റെയ്ക്ക് പ്രത്യക്ഷപ്പെട്ട മാതാവ് താന്‍ 'അമലോത്ഭവ'യാണെന്ന് വെളിപ്പെടുത്തി. എന്നാല്‍ വ്യാവസായിക മുതലാളിത്തത്തിന്‍റെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ഫ്രാന്‍സിലെ തൊഴിലാളികളുടെ ദാരുണമായ ജീവിതാവസ്ഥയെക്കുറിച്ചോ അതിനോട് സഭ സ്വീകരിക്കേണ്ട ക്രിസ്തീയനിലപാടുകളെക്കുറിച്ചോ ഒന്നും വെളിപ്പെടുത്തിയുമില്ല, അതും ചരിത്രത്തില്‍ ഒരു തൊഴിലാളികുടുംബത്തിലെ അമ്മയും ഭാര്യയുമായിരുന്ന മറിയം. ഒപ്പം ഈ കാലയളവില്‍ ഫ്രഞ്ച് സൈന്യം ആഫ്രിക്കയില്‍ ചെയ്തുകൊണ്ടിരുന്ന ഹിംസാത്മകമായ കോളനിവത്ക്കരണത്തെക്കുറിച്ച് റോമന്‍ കോളനിവത്ക്കരണത്തിന്‍റെ തിക്താനുഭവങ്ങള്‍ ജീവിതത്തില്‍ പേറിയ ആ മറിയം ഒന്നും പറയുന്നില്ല.  അതേസമയം പോർച്ചുഗല്ലിലെ ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ട മറിയം റഷ്യയിലെ കമ്മ്യൂണിസത്തിന്‍റെ ഉദയത്തിനെതിരെ 'വെളിപാടുകള്‍' നല്‍കിയിരുന്നു. ഫാത്തിമ മറിയം നിരീശ്വരവാദ കമ്മ്യൂണിസം ലോകത്തിന് തന്നെ വിനാശമാണെന്ന് വെളിപ്പെടുത്തുമ്പോള്‍ പോര്‍ച്ചുഗീസ് ഭരണകൂടം  ആഫ്രിക്കയിലെ അങ്ഗോളയിലും മൊസംബിക്കിലും നടത്തിക്കൊണ്ടിരുന്ന മനുഷ്യത്വരഹിതമായ ചൂഷണത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. സൗത്തമേരിക്കയിലെ കോളനിവത്ക്കരണത്തിന് മുന്നോടിയായി സ്‌പാനിയാഡ്സിനൊപ്പം പോയ മതചിഹ്നം  "വിജയ മാതാ" (Our Lady of Victory) യായിരുന്നു.

കോളനിവത്ക്കരണക്കാർ തദ്ദേശീയ ജനതയോട് കാട്ടിയ കൊടിയ ക്രൂരതയെക്കുറിച്ച് അടിമജനതയുടെ ഇടയിൽ ഒരാളായി പലസ്തീനായിൽ ജീവിച്ച, റോമൻ പടയോട്ടങ്ങളാല്‍ സ്വന്തം ജീവിതഗതി തന്നെ സ്വാധീനിക്കപ്പെട്ട അവൾ ഒന്നും പറയുന്നില്ല.
ചുരുക്കത്തില്‍ ദര്‍ശനങ്ങളില്‍ എത്തുന്ന മേരി ചരിത്രത്തിലെ വിമോചകയായ  മറിയമല്ല, നിലനില്‍ക്കുന്ന ചൂഷിതഘടനകളെ സാധൂകരിക്കുന്ന സ്ത്രീയാണ്. അവള്‍ ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ചോ വിവേചനത്തെക്കുറിച്ചോ അവളുടെ അവകാശത്തെക്കുറിച്ചോ ഒന്നും മിണ്ടുന്നില്ല; അവള്‍ സംസാരിക്കുന്നത് പാപത്തെക്കുറിച്ചും പ്രാര്‍ത്ഥനയെക്കുറിച്ചും മാത്രമാണ്. ക്രിസ്തുവിനൊപ്പം രക്ഷാകരജോലിയില്‍ പങ്കുകൊണ്ടവളായ മറിയത്തെ വിമോചനത്തിന്‍റെ കീര്‍ത്തനം പാടിയവളെ കണ്ടുമുട്ടാന്‍ വീണ്ടും നമ്മുക്ക് ചരിത്രത്തിലെ മറിയത്തില്‍ എത്തണം.

സുവിശേഷങ്ങള്‍ പ്രധാനമായും ക്രിസ്തുവിനെക്കുറിച്ചും അവന്‍റെ സന്ദേശത്തെക്കുറിച്ചുമാണ്, അതുകൊണ്ടുതന്നെ അതില്‍ മറിയത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തുലോംതുച്ഛമാണ്. സുവിശേഷങ്ങളില്‍ തന്നെ രണ്ടു ചിന്താധാരകളാണ് മറിയത്തെക്കുറിച്ചുള്ളത്‌. അതില്‍ ഏറ്റവും പഴക്കമുള്ള ചിന്താധാര മര്‍ക്കോസിന്റെ സുവിശേഷത്തില്‍ കാണുന്നതാണ്. മര്‍ക്കോസിലെ മേരി നമ്മുടെ പാരമ്പരാഗത മരിയന്‍ സങ്കല്പത്തിന് യോജിക്കുന്ന സ്വന്തം മകന്‍റെ ഭക്തയായ ശിഷ്യയോ അവന്‍റെ ദൌത്യത്തില്‍ സഹകാരിണിയോ അല്ല. നേരെ മറിച്ച് അമ്മയും മകനും തമ്മില്‍ ഒരു ചെറിയ അളവ് സംഘര്‍ഷഭരിതമായ ബന്ധമാണ് നിലനില്‍ക്കുന്നത്. അമ്മയും സഹോദരന്മാരും യേശുവിനെ കാണാന്‍ പുറത്തുവന്നു നില്‍ക്കുമ്പോള്‍ അവന്‍ ചുറ്റുമിരുന്നവരോട് പറയുന്നു - ദൈവഹിതം നിറവേറ്റുന്ന നിങ്ങളാണ് എന്‍റെ അമ്മയും സഹോദരങ്ങളും (മാർക്കോസ് 3: 31-35). ഇവിടെ സുവിശേഷകന്റെ ഭാഷയില്‍ യേശുവിന്‍റെ ഭാഗത്തുനിന്ന് സ്വന്തം അമ്മയോട് ഒരു അവഗണ കാണാന്‍ കഴിയും. കൂടാതെ അവന്‍റെ അറിവും ആത്മജ്ഞാനവും 'മറിയത്തിന്‍റെ മകന്' ചേരുന്നതായി അവന്‍റെ നാട്ടുകാര്‍ക്ക് തോന്നിയില്ലായെന്നും, അവനിലെ പ്രവാചകനെ ഉള്‍ക്കൊള്ളാന്‍ അവന്‍റെ കുടുംബം മടിച്ചുവെന്നും (അതില്‍ മറിയമുണ്ടോ എന്ന് സുവിശേഷം വ്യക്തമായി പറയുന്നില്ല) മാര്‍ക്കോസ് എഴുതുന്നു (മാർക്കോസ് 6: 3-4). ഈ ആദ്യകാല ചിന്താധാരയുടെ ഏതാനും ഭാഗങ്ങള്‍ യോഹന്നാന്‍റെ സുവിശേഷത്തിലും കാണാന്‍ കഴിയും. കാനായിലെ കല്യാണത്തില്‍ വീഞ്ഞുതീര്‍ന്നുപോയപ്പോൾ യേശുവിന്റെ അടുത്തെത്തുന്ന മറിയത്തോടുള്ള അവൻ്റെ ആദ്യപ്രതികരണം നിഷേധാത്മകമായിരുന്നു (യോഹന്നാൻ 2:4). ഈ ആദ്യകാല മരിയൻ ചിന്താധാരയനുസരിച്ച് അവൾ ഒരു ക്രിസ്തുശിഷ്യയായി തീരുന്നത് വളരെ സാവകാശമാണ്. അവൾക്ക് മുന്നേ ക്രിസ്തുവിനെ പിഞ്ചെന്ന സ്ത്രീകളെക്കുറിച്ച് (മഗ്ദലമറിയമടക്കം) പറയുന്നുമുണ്ട്.

ലൂക്കായുടെ സുവിശേഷത്തിലാണ്  മറ്റൊരു മരിയൻ ചിന്താധാര വളരെ വ്യക്തമായി കാണുന്നത്. അവിടെ മറിയത്തിന് ഒരു രക്ഷകന്റെ അമ്മസ്ഥാനം ആദ്യംമുതൽ ബഹുമാനപുരസ്‌കാരം കൊടുക്കുന്നുണ്ട്. എന്നാൽ ആ മറിയം ഭക്തിയിൽ മെരുക്കിയെടുത്ത അമ്മദൈവമല്ല (Domesticated Mother Goddess). അവള്‍ വിമോചനത്തിന്റെ സങ്കീർത്തനം ആലപിക്കുന്നവളാണ് (ലൂക്കാ 1:46-55). തനിയെ മലവഴികൾ താണ്ടിനടന്നുപോയവളാണ് (ലൂക്കാ 1:39). ചിന്താശക്തിയുള്ളവളാണ് (ലൂക്കാ 2:19). വ്യാകുലതകളുടെ കണ്ണീര്‍ക്കടല്‍ ധീരമായി നീന്തിക്കയറുന്നവളാണ് (ലൂക്കാ 2:35). അവളെയാണ് പിന്നീട് നാം ക്രിസ്തുവിന്‍റെ മരണശേഷം സ്വന്തം മതനേതൃത്വത്താലും സാമ്രാജ്യശക്തികളാലും വേട്ടയാടപ്പെടുന്ന ഒരു ചെറുകൂട്ടം ആദിമക്രൈസ്തവ സമൂഹത്തില്‍ കണ്ടുമുട്ടുന്നത് (നടപടി 1:14).  ഈയൊരു മറിയത്തെ കണ്ടെത്തുകയാണ് വരും കാലം സ്ത്രീവിമോചനം ആഗ്രഹിക്കുന്ന ക്രിസ്തീയ സഭകള്‍ ചെയ്യേണ്ടത്. അവളാണ് സ്ത്രീപക്ഷചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വഴികാട്ടിയായി മാറേണ്ടത്.

Thursday, July 13, 2017

സാറായുടെ ഗര്‍ഭവും എന്‍റെ പ്രസവവേദനയും 
സാറായ്ക്കിത് ഒന്‍പതാം മാസമാണ്. അവള്‍ കൂളാണ്. എനിയ്ക്കാണ്‌ ടെന്‍ഷന്‍. അല്ല, എന്നെ ടെന്‍ഷന്‍ പിടിപ്പിക്കുകയാണ് രണ്ടുപ്രസവിച്ച ലാലിചേച്ചി, അവളുടെ വളര്‍ത്തമ്മ. "കന്നിപ്പേറാണ്. ഒന്നുമറിയാന്‍ പാടില്ലാത്ത ഇളംപൈയ്യാണ്. പ്രസവം മിക്കവാറും രാത്രിയില്‍ ആണ് നടക്കാന്‍ സാധ്യത. ഞാന്‍ സ്ഥലത്ത് ഉണ്ടായിക്കൊള്ളണമെന്നില്ല. കാര്യങ്ങള്‍ എല്ലാം നോക്കിക്കൊള്ളണം. പ്രസവസമയത്ത് കുട്ടിയുടെ കാല് തിരിഞ്ഞാണ് വരുന്നതെങ്കില്‍ അത് ഉള്ളിലേക്ക് തള്ളിവിടണം; അല്ലെങ്കില്‍ അമ്മയ്ക്ക് മരണം വരെ സംഭവിക്കാം. പ്രസവം കഴിഞ്ഞാല്‍ ഉടന്‍ കുട്ടിയെ തുടയ്ക്കണം. സാറായെ അഴിച്ചുവിടണം. അവള്‍ നക്കിത്തുടയ്ക്കും. ശേഷം അവളെ ഉടന്‍ പിടിച്ചുകെട്ടണം. അല്ലെങ്കില്‍ അവള്‍ മറുപിള്ള തിന്നും. അത് വലിയ പ്രശ്നമാകും. രാത്രി മുഴുവന്‍ വെട്ടമിട്ടേക്കണം."
ഒരാഴ്ചയായി രാത്രി നല്ല ഉറക്കം കിട്ടുന്നില്ല. ഇടയ്ക്കിടെ കൂട്ടില്‍ പോയി നോക്കുന്നു. അപ്പോള്‍ ഉറക്കം നഷ്ടപ്പെടുത്തിയ കലിപ്പില്‍ സാറാ എന്നെ നോക്കുന്നു. ഞാന്‍ അവളോട്‌ പറയുന്നു: "എടീ സാറാ, നീ ക്ഷമിക്ക്. എനിയ്ക്ക് ഒട്ടും പരിചയമില്ലാത്ത കാര്യമാണ് ഈ പേറുംപ്രസവവുമൊക്കെ. ഞങ്ങളുടെ കുടുംബത്തില്‍ പോലും പാരമ്പര്യമായി പേറുംപ്രസവവുമൊന്നും നടക്കാറില്ല. എന്‍റെ അപ്പനും അമ്മയ്ക്കും എന്നെ കിട്ടിയത് എങ്ങനെയാണെന്ന് നിനക്കറിയാമോ? അവര് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ദൈവം സമ്മാനമായി കൊടുത്തതാ. അപ്പനെ വല്യപ്പന് കിട്ടുന്നത് പശുവിന് പുല്ലുമുറിക്കാന്‍ പറമ്പില്‍ പോയപ്പോഴാണ്. വല്യപ്പന്‍റെ അപ്പന് വല്യപ്പനെ മലവെള്ളപ്പാച്ചിലില്‍ ഒരു കുട്ടയില്‍ ഒഴുകിവന്ന് കിട്ടിയതാ. എന്‍റെ അമ്മയുടെ വീട്ടുകാര്‍ ആവട്ടെ തലമുറകളായി കുമ്മനംജീയുടെ കുടുംബം പോലെ ബ്രഹ്മചാരികളുമാണ്. ഞാനും ആ വഴി പിന്‍ചെല്ലുന്നു."
ഇത്രയും പറയുമ്പോള്‍ അവളുടെ പുശ്ചഭാവത്തിലുള്ള നോട്ടം കാണുമ്പോഴാണ് എനിയ്ക്ക് ദേഷ്യം വരുന്നത്. "നീ എന്തിനാടീ ഇങ്ങനെ മനുഷ്യനെ ആസാക്കുന്നത്?"
"നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ മനുഷ്യാ ഈ നട്ടപ്പാതിരയ്ക്ക്! നിങ്ങളൊക്കെ പേറ് എടുത്തിട്ടാ ഞങ്ങടെയൊക്കെ വംശം ഇത്രയും കാലം അന്യംനില്‍ക്കാതിരുന്നത്? കാട്ടുപശുവിന്റേയും പോത്തിന്റെയുമൊക്കെ പേറ് ആരാ എടുക്കുന്നത്? അവരില്‍ എത്രപേര്‍ പ്രസവത്തില്‍ ചത്തുപോയിട്ടുണ്ട്?"
അവളുടെ മുട്ടുന്യായങ്ങള്‍ക്ക് മുറുപടി പറയാന്‍ കഴിയാതെ ഞാന്‍ ഇങ്ങനെ പറഞ്ഞുപോരും, "ങാ.., നീ സൂക്ഷിച്ചാല്‍ നിനക്ക് കൊള്ളാം. കന്യക ഗര്‍ഭംധരിച്ചവാളാണ് നീ എന്ന് മറക്കണ്ടാ. ചത്താല്‍ കരയാന്‍ ഒരു ഭര്‍ത്താവ് പോലും ഉണ്ടാവില്ല."

Friday, June 30, 2017

കര്‍മ്മങ്ങള്‍'ക്കിടയില്‍ നഷ്ടപ്പെട്ട ഇടയകര്‍മ്മം

ക്രിസ്തീയ പൌരോഹിത്യത്തിന്‍റെ പ്രതിസന്ധി മതപ്രതിസന്ധിയ്ക്ക് അപ്പുറം വ്യക്തിത്വപ്രതിസന്ധി നേരിടുന്ന കാലത്താണ് നമ്മള്‍. ഈ വ്യക്തിത്വപ്രതിസന്ധിയാണ് പടിഞ്ഞാറന്‍ ലോകത്ത് പൌരോഹിത്യം ഏതാണ്ട് അന്യംനിക്കലിന്റെ വക്കില്‍ എത്തിച്ചത്. കാര്യങ്ങള്‍ മുന്നോട്ടുപോകുന്ന അവസ്ഥയില്‍ നോക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ പുരോഹിതരുടെ എണ്ണത്തില്‍ ഉടന്‍ ഒരു വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ ഈ ജീവിതശൈലിയില്‍ നിന്ന് പൊഴിച്ചിലുകള്‍ ഏറെ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണുതാനും. മാറിയ സാമൂഹ്യപശ്ചാത്തലമടക്കം പല കാരണങ്ങള്‍ ഇതിന്‍റെ പിന്നില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. എന്നാല്‍ ഒരാള്‍ ഒരു ജീവിതശൈലിയില്‍ പ്രവേശിച്ച ശേഷം അതില്‍ നിന്ന് വഴിമാറുന്നത്‌ പൊതുവില്‍ രണ്ട് കാരണങ്ങൾ കൊണ്ടാണ്- 1) ബോധ്യങ്ങളില്‍ ഉണ്ടാകുന്ന മാറ്റം, 2) ജീവിതശൈലിയില്‍ അനുഭവിക്കുന്ന വ്യക്തിത്വപ്രതിസന്ധി. ഈ രണ്ടുകാരണങ്ങളും ക്രിസ്തീയപൌരോഹിത്യത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കാരണം മറ്റുമതങ്ങളില്‍ നിന്ന് വ്യതസ്തമായി പൌരോഹിത്യത്തെ ഒരു ജീവിതശൈലിയായി വ്യാഖ്യാനിക്കുന്നത് ക്രിസ്ത്രീയത മാത്രമാണ്.
ക്രിസ്ത്രീയപൌരോഹിത്യം വ്യക്തിത്വപ്രതിസന്ധി നേരിടാന്‍ ഉണ്ടായ സാഹചര്യത്തിലേയ്ക്കുള്ള അന്വേഷണം 'ക്രിസ്തുവിന്‍റെ പൌരോഹിത്യം' തേടിപ്പോകുമ്പോള്‍ വെളിവാകും. ആദിമസഭയില്‍ ഒരു സഭാശുശ്രൂഷകനേയും 'പുരോഹിതന്‍' (hiereus/sacerdos) എന്ന പേരില്‍ വിളിച്ചിരുന്നില്ല. യഹൂദമതവും വിജാതീയമതങ്ങളും പിന്‍ചെന്ന പൌരോഹിത്യത്തിന്‍റെ വഴികള്‍ ആയിരുന്നില്ല ആദ്യമസഭയിലെ ശുശ്രൂഷാധര്‍മ്മം. അതുകൊണ്ടുതന്നെ ആ ധര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നവരെ 'സഭയിലെ ശ്രേഷ്ഠര്‍' (Elders of the Church/presbyter) എന്നാണ് വിളിച്ചിരുന്നത്‌.
യഹൂദമതത്തിലെ പുരോഹിതഗോത്രമായ ലേവായവംശത്തില്‍ പിറക്കാത്ത ക്രിസ്തു താന്‍ ജീവിച്ചിരുന്ന കാലത്ത് ഒരിക്കലും ഒരു അനുഷ്ഠാപുരോഹിതന്‍ (sacerdos) ആയിരുന്നില്ല. മാത്രമല്ല അക്കാലത്തെ പൌരോഹിത്യത്തിന്റെ ചെയ്തികളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്തുവിന്‍റെ കുരിശുമരണം ത്വരിതപ്പെടുത്തിയതില്‍ ഒരു പ്രധാനകാരണം പൌരോഹിത്യത്തിനും ദേവാലയത്തിനും എതിരെ അവന്‍ എടുത്ത നിലപാടുകള്‍ ആയിരുന്നു. ദേവാലയം നശിപ്പിക്കപ്പെടുന്നതിനെക്കുറി ച്ചും പൌരോഹിത്യം കപടമാകുന്നതിനെക്കുറിച്ചും അവന്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഹോസയാ ദീര്‍ഘദര്‍ശിയെ ഉദ്ധരിച്ച്, 'ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്' (മത്തായി 9:13) എന്ന് അവന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ക്രിസ്തുവിന്‍റെ ആദ്യകാല അനുഗാമിയായ സ്റ്റീഫനെ ന്യായാസനത്തിന് മുന്നില്‍ എത്തിക്കുമ്പോള്‍ അദ്ദേഹത്തിന് എതിരെ നിര്‍ത്തുന്ന ഗുരുതര ആരോപണങ്ങളില്‍ ഒന്ന് 'ക്രിസ്തുവിന്‍റെ പേരില്‍ ഇയാള്‍ ദേവാലയത്തിനും മതനിയമത്തിനും എതിരായി സംസാരിക്കുന്നു' (നടപടി 6:13-14) എന്നതായിരുന്നു.
കൃത്യമായി പറഞ്ഞാല്‍ ഒരു യഹൂദനായി ജനിച്ച്, യഹൂദനായി ജീവിച്ച്, യഹൂദനായി മരിച്ച ക്രിസ്തു ഒരു പുതിയ അനുഷ്ഠാനമതമോ പൌരോഹിത്യമോ തുടങ്ങിവെച്ചില്ല. താന്‍ ജനിച്ചുവളര്‍ന്ന മതപശ്ചാത്തലത്തെ വിമര്‍ശനാത്മകമായി കണ്ട ഒരു 'വിപ്ലവകാരി'യായ ഒരു യഹൂദനായിരുന്നു ക്രിസ്തു. ക്രിസ്തുവിനുശേഷം അപ്പസ്തോലന്മാരും അവരുടെ യഹൂദപാരമ്പര്യം പിന്‍ചെന്നു.
കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തേണ്ട കാലംവരുന്നത് ക്രിസ്ത്രീയതയെ യൂദമതം പുറംതള്ളാൻ തുടങ്ങിയതു മുതലാണ്. ക്രിസ്തു മിശിഹായാണെന്ന അവരുടെ ഏറ്റുപറച്ചിൽ ആയിരുന്നു അതിന് കാരണമായി മാറിയത്. മതത്തിൽ നിന്ന് പുറംതള്ളപ്പെട്ട ക്രിസ്താനികൾ മതമില്ലാത്ത ഒരു ജനതയായി മാറുകയായിരുന്നു. അപ്പോഴാണ് അവർ ആദ്യ മതസ്വത്വപ്രതിസന്ധി നേരിടുന്നത്. മതം നിഷേധിക്കപ്പെടുകയും സ്വന്തമായ പുതിയ ദേവാലയവും പൌരോഹിത്യവും അനുഷ്ഠാനങ്ങളും ഇല്ലാതാവുകയും ചെയ്തപ്പോഴാണ് ക്രിസ്തുവിന്‍റെ ചൈതന്യത്തിലേയ്ക്ക് മടങ്ങേണ്ട ചിന്തകൾ അവരിൽ കൂടുതല്‍ തീഷ്ണതയോടെ ഉടലെടുക്കുന്നത്. അതിന്റെ ആദ്യപടിയായിരുന്നു ദേവാലയം, പൗരോഹിത്യം, ബലി (അനുഷ്ഠാനം) എന്നിവയെ പുനർനിർവചിക്കുക എന്നത്. 'ശരീരത്തിന്‍റെ സഭാശാസ്ത്രം' (Ecclesiology of Body) വ്യാഖ്യാനിക്കുന്നതിലൂടെ ഈ ദൌത്യം വളരെ കൃത്യമായി നിര്‍വ്വഹിക്കുന്നത് പൌലോസ് ആണ്. നിന്‍റെ ശരീരമാണ് നിന്‍റെ ദേവാലയം, കല്ലിലും മണ്ണിലും പണിത ആലയങ്ങള്‍ കാലത്തെ അതിജീവിക്കാതെ കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ നശിപ്പിക്കപ്പെടും എന്നത് ദേവാലയം നഷ്ടപ്പെട്ട് അനുഷ്ഠാനമതത്തിന് വെളിയിലേയ്ക്ക് വന്ന ആദ്യമക്രൈസ്തവരുടെ തിരിച്ചറിവായിരുന്നു. ദേവാലയമില്ലെങ്കില്‍ പൌരോഹിത്യമില്ല, അനുഷ്ഠാന ബലികള്‍ ഇല്ല.
പൌരോഹിത്യഭാഷയും അനുഷ്ഠാനപരമായ ഉപമാനങ്ങളും പിന്നീട് കടന്നുവരുന്നത്‌ ക്രിസ്തുവിന്‍റെ ജീവിതത്തെ മതഭാഷയില്‍ വായിച്ചെടുക്കാനായിരുന്നു. അതുകൊണ്ടുതന്നെ ഹെബ്രായര്‍ക്കെഴുതിയ ലേഖനമടക്കം അനുഷ്ഠാനമതത്തിന്‍റെ ഭാഷയെ കടമെടുത്ത് ക്രിസ്തുജീവിതത്തെ വ്യഖാനിക്കുമ്പോള്‍ അവിടെ ഭാഷ ആലങ്കാരികമാണ്, അല്ലാതെ അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ടതല്ല. ദേവാലയം ശരീരമെന്നും, ബലിയെന്നാല്‍ പിതാവിന്‍റെ ഹിതംനിറവേറ്റുന്നതെന്നും, പൌരോഹിത്യമെന്നാല്‍ സ്വന്തം ജീവിതത്തില്‍ ദൈവഹിതം നിറവേറ്റി ബലിയര്‍പ്പകനും ബലിവസ്തുവും ഒന്നാകുന്ന ജീവിതത്യാഗമെന്നും ക്രിസ്തുജീവിതത്തെ ഉദാഹരിച്ചുകൊണ്ട് പുതിയനിയമലേഖകര്‍ എഴുതി. അവസാനം ഇങ്ങനെയും കുറിച്ചു- എല്ലാ ക്രിസ്തുശിഷ്യരും 'പുരോഹിതജന'മാണ്, ദൈവഹിതം നിറവേറ്റി സ്വയം 'ബലി'യായി തീരേണ്ടവര്‍. പറഞ്ഞുവരുന്നത് പുതിയനിയമം അനുഷ്ഠാനമത-പൌരോഹിത്യഭാഷ ഉപയോഗിക്കുന്നത് ക്രിസ്തുവിന്റെയും ക്രിസ്തുഅനുയായികളുടേയും ജീവിതശൈലിയെ വിശദീകരിക്കാന്‍ വേണ്ടി ആലങ്കാരികമായാണ്. അല്ലാതെ ക്രിസ്തീയതയെ യഹൂദമതം പോലയോ വിജാതിയമതങ്ങള്‍ പോലെയോ മറ്റൊരു മതമായി മാറ്റി അതില്‍ പുതിയ ദേവാലയവും പുതിയ പൌരോഹിത്യവും പുതിയ അനുഷ്ടാനങ്ങളും ആരംഭിക്കുകയായിരുന്നില്ല. അതുകൊണ്ടാണ് ആദ്യകാലത്ത് ക്രിസ്തീയതയെ 'മാര്‍ഗ്ഗം' (The Way), ഒരു ജീവിതശൈലി, എന്ന് വിളിച്ചത്.
സഭയുടെ തുടക്കത്തില്‍ ഉണ്ടായ ആദ്യപ്രതിസന്ധിയും മതംമാറ്റവുമായി ബന്ധപ്പെട്ടതായിരുന്നു. ക്രിസ്തീയത യഹൂദസംസ്കാരത്തിന് പുറത്തേയ്ക്ക് പ്രചരിക്കാൻ തുടങ്ങിയതുമുതൽ ഏറെ അന്യമതസ്ഥർ ക്രിസ്തീയതമുന്നേറ്റത്തിന്റെ ഭാഗമായി. ഇങ്ങനെ ക്രിസ്തുവിന്റെ മുന്നേറ്റത്തലേയ്ക്ക് എത്തിയവർ പരിശ്ചേദനകർമ്മം നടത്തി യഹൂദമതത്തിന്റെ ഭാഗമാകണമോ വേണ്ടയോ എന്ന തർക്കം അപ്പസ്തോലന്മാരുടെ ഇടയിൽ ഉണ്ടായി. ഈ പ്രശ്നം പരിഹരിക്കാൻ ജെറുസലേമിൽ വെച്ച് ആദ്യത്തെ കൗൺസിൽ വിളിച്ചുചേർക്കപ്പെട്ടു. അതിൽ വെച്ചുണ്ടായ തീരുമാനമായിരുന്നു ഒരാൾ ക്രിസ്തീയമുന്നേറ്റത്തിന്റെ ഭാഗമാകുന്നത്‌ ഒരു മതംമാറ്റമല്ലെന്നും അതിനാൽ പരിശ്ചേദനകർമ്മം സ്വീകരിച്ച് യഹൂദനായി തീരേണ്ടതില്ലെന്നുമുള്ളത് (നടപടി 15:1-20). ക്രിസ്തീയതയെന്നാൽ ഒരു പുതിയ അനുഷ്‌ഠാന മതമല്ലെന്നും, സഭാശുശ്രൂഷയെന്നാൽ ഒരു പുതിയ പൗരോഹിത്യമല്ലെന്നും, കൂദാശകൾ പുതിയ അനുഷ്ഠാനകർമ്മങ്ങൾ അല്ലെന്നുമുള്ള ആദ്യകാലസഭയുടെ തിരിച്ചറിവാണ് പിന്നീട് സഭയ്ക്ക് കൈമോശം വന്നുപോകുന്നത്. 'ദൈവജനം' എന്ന് വിളിക്കപ്പെട്ടിരുന്ന സഭയെ (The Church as the People of God) പിന്നീട് കല്ലിലും മണ്ണിലും പണിയുന്ന സ്ഥാപനവത്കൃതമായ ദേവാലയങ്ങൾ ആയി കണക്കാൻ തുടങ്ങി. അപ്പോൾ ക്രിസ്തീയതയ്ക്ക് നഷ്ടപ്പെടാൻ തുടങ്ങിയത് അതൊരു 'ജീവിതശൈലി'യാണെന്ന പ്രതിച്ഛായയാണ്. ക്രിസ്തീയ 'പൌരോഹിത്യം' ഒരു പൂജാരിപ്പണിയാണെന്ന് സഭാശുശ്രൂഷകരായി നിയമിതരായ ഇടയന്മാരും (pastors) സ്വയം ചിന്തിക്കാന്‍ തുടങ്ങി.
ഈ ഒരു സാഹചര്യത്തില്‍ ആണ് റോമിലെ ഫ്രാന്‍സിസ് എന്ന വലിയഇടയന്‍റെ ഉത്ബോധനം പ്രസക്തമാകുന്നത്: "ഇടയന്മാര്‍ക്ക് ആടുകളുടെ ഗന്ധം ഉണ്ടാകണം." ഇടയന്മാര്‍ ആടുകളില്‍ നിന്ന് വേര്‍തിരിക്കപ്പെട്ട് മാറ്റപ്പെട്ട 'പുരോഹിതന്‍' ആണെന്ന പരമ്പരാഗത കാഴ്ചപ്പാടില്‍ നിന്ന് മാറി അയാള്‍ ആടിന്‍റെ ചൂരറിയുന്ന 'ഇടയന്‍' ആകണം എന്ന ക്രിസ്തുമനസ്സിനോട് ചേര്‍ന്ന, ആദിമസഭയുടെ പിതൃധര്‍മ്മത്തോട് (elders/presbyter) ചേര്‍ന്ന, വ്യാഖ്യാനമാണത്. ഗാര്‍ഹീകകൂട്ടായ്മകള്‍ (സഭകള്‍) ആയി രൂപപ്പെട്ട ആദ്യമസഭയില്‍ ക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിച്ച അപ്പോസ്തലന്മാരുടെ അഭാവം ഉണ്ടായപ്പോള്‍ ഈ കൂട്ടായ്മകളെ നയിക്കാനായി നിയമിതരായവരാണ് ഈ 'ഇടയശ്രേഷ്ഠന്മാര്‍' (1 പത്രോസ് 5:1-2). യഹൂദസിനഗോഗ് രീതിയിൽ വീടുകളിൽ (ദേവാലയങ്ങളിൽ അല്ല) രൂപപ്പെട്ട ഈ ചെറുകൂട്ടായ്മകളെ പഠിപ്പിക്കുക, ശുശ്രൂഷിക്കുക, നയിക്കുക, അവരുടെ ഊട്ടുമേശകൂട്ടയ്മകൾക്ക് നേതൃത്വം നൽകുക എന്നീ ദൗത്യങ്ങൾ ആണ് അവരെ ഭരമേല്പിച്ചിരുന്നത്. അത് ചെയ്യണ്ട രീതി വിനയത്തിലും ക്രിസ്തുചൈതന്യത്തിലും ആയിരിക്കണമെന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ഉപവി പ്രവർത്തങ്ങളിൽ വേണ്ടവിധം ശ്രദ്ധിക്കാൻ 'ശ്രേഷ്ഠൻമാർ'ക്ക് കഴിയാതെ പോയപ്പോൾ ആ ദൗത്യം നിവ്വഹിക്കാനായി പിന്നീട് 'ശുശ്രൂഷകരെ' (ഡീക്കന്‍സ്) നിയമിക്കുകയായിരുന്നു. ഇവരെല്ലാവും കുടുംബജീവിതം നയിക്കുന്നവരായിരുന്നു. ഒരു പൊതുവിടം എന്നനിലയിൽ മാത്രം ദേവാലയത്തിൽ നിന്ന് പുറത്താക്കപ്പെടുവോളം ദേവാലയഅങ്കണത്തിൽ ഒരുമിച്ചു കൂടുകയും, ശേഷം വീടുകൾ തോറും അപ്പംമുറിക്കൽ ശുശ്രൂഷയിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അവരുടെ ജീവിതശൈലിയില്‍ നിന്നാണ് അവര്‍ ക്രിസ്തുശിഷ്യരെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കിയിരുന്നത് (നടപടി 2:45 - 47).
കാലംപോകെ ക്രിസ്തീയത റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗീക മതമാവുകയും (ജീവിതശൈലിയല്ല), എല്ലാ ഭൗതീകസമൃദ്ധിയും അതിനോടൊപ്പം വന്നുചേരുകയും ചെയ്തപ്പോൾ ക്രിസ്തുവിന്റെ സഭ ജീർണ്ണതയുടെ വഴിയിലേക്ക് കടക്കുകയായിരുന്നു. മതമെന്ന വ്യാഖ്യാനത്തിൽ ഒരു അനുഷ്ഠാനമതത്തിന്റെ എല്ലാ രൂപഭാവങ്ങളും അതിന് കൈവന്നു. കൂദാശകൾ മതഅനുഷ്ഠാനങ്ങളായി മാറാൻ തുടങ്ങി, മതത്തെ ഭരിക്കാൻ കണിശതയുള്ള ആരാധനാക്രമങ്ങളും കാനോനികനിയമങ്ങളും വന്നുചേർന്നു, ഗാർഹീകകൂട്ടായ്മകള്‍ അപ്രത്യക്ഷമാവുകയും ക്രിസ്തീയത ദേവാലങ്ങളിൽ ചേക്കേറുകയും ചെയ്തു. ഭൗതീകതയും അധികാരവും ഒരുമിച്ചപ്പോൾ അത് ഏറ്റവും കൂടുതൽ ബാധിച്ചത് സഭാശുശ്രൂഷകരെയാണ്. പൗരോഹിത്യം ക്രിസ്തുവിനോളം ഉയർത്തപ്പെടുകയും രാജകീയമാവുകയും; ഭരിക്കുക, അനുഷ്ഠാപരമായി ദൈവത്തിന്റേയും മനുഷ്യരുടേയും ഇടയിലെ മദ്ധ്യവർത്തിയാവുക, എന്ന നിലകളിലേയ്ക്ക് ചുവടുമാറുകയും ചെയ്തു. മദ്ധ്യകാലഘട്ടം പൗരോഹിത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും അപചയം നിറഞ്ഞ കാലമായി. വിജാതീയ അധികാരശ്രേണിയിൽ അവർ വിശ്വാസികൾക്ക് മേലായി സ്ഥാനം ഉറപ്പിച്ചു. പൌരോഹിത്യം ചോദ്യംചെയ്യപ്പെടാൻ കഴിയാത്ത ഒരു അധികാര സ്ഥാനമായി. ദൈവജനത്തിന്റെ പാദംകഴുകാൻ ആവോളം താഴേണ്ട ശ്രുശ്രൂഷ അങ്ങനെ ഒരധികാരപ്രശ്നമായിമാറി. ദൈവത്തിനും മനുഷ്യനും ഇടയിൽ നമുക്ക് ഏകമധ്യസ്ഥനേയുള്ളൂ- യേശുക്രിസ്തു എന്നുപറഞ്ഞ ആദിമസഭയുടെ ശുശ്രൂഷകരിൽ നിന്ന് ദൈവത്തിനും മനുഷ്യനുമിടയിൽ അകലങ്ങൾ തീർത്ത് ആ അകലങ്ങളിൽ അവർ മദ്ധ്യസ്ഥസ്ഥാനം ഉറപ്പിച്ചു.
രണ്ടാം വത്തിക്കാൻ കൗൺസിൽ ആണ് പൗരോഹിത്യത്തെ അതിന്റെ ആദ്യമചൈതന്യത്തിലേക്ക് കൂട്ടികൊണ്ടുവരുന്നതിൽ ചില നവീകരങ്ങൾ മുന്നോട്ട് വെച്ചത്. (Presbyterorum Ordinis) ആറാംകൂദാശയെ 'പൗരോഹിത്യം' എന്ന തലക്കെട്ടിൽ നിന്ന് തന്നെ മാറ്റി 'സഭാശുശ്രൂഷയുടെ കൂദാശ' എന്നാക്കി മാറുക എന്നതായിരുന്നു ആദ്യനവീകരണം (LG, 28). ആദിമസഭയിലേതുപോലെ ഈ കൂദാശയിൽ മൂന്നുതരം സഭാശ്രുശ്രൂഷകൾ (ഡീക്കൻ-പ്രെസ്ബിറ്റർ-ബിഷപ്പ്) വലിപ്പചെറുപ്പം ഇല്ലാതെ ശുശ്രൂഷാവൈവിധ്യത്തോടെ നൽകപ്പെടുന്നു എന്ന് പുനർനിവ്വചിക്കുക എന്നതായിരുന്നു രണ്ടാമത്തെ നവീകരണം. പ്രെസ്‌ബിറ്റർ ഒരു അനുഷ്‌ഠാനപുരോഹിതൻ ആല്ലെന്നും ദൈവജനത്തിന്റെ കണ്ണീരും വേദനയും വീഴ്ചയും സന്തോഷങ്ങളും ആകുലതകളും അറിയുന്ന, അവയിലൊക്കെ അവരെ അലിവോടെ നയിക്കുക ഒരിടയൻ ആകണമെന്നുമുള്ള തിരിച്ചറിവ് ദൈവശാസ്ത്രജ്ഞരുടെ ഇടയിൽ ഉണ്ടായി. പക്ഷെ, മാറ്റത്തിന്റെ ഒലികളൊന്നും നമ്മുടെ നാട്ടിൽ എത്താതെ പോയി. പൗരോഹിത്യം ഇവിടെ ഇന്നും മദ്ധ്യകാലഘട്ടത്തിൽ ആണ്. ഒന്നേ പറയാനുള്ളൂ- ഒരു മൂന്നാം വത്തിക്കാൻ കൗൺസിലിന് കാലമായ ഈ കാലത്ത് രണ്ടാം വത്തിക്കാൻ കൗൺസിലിന് നമ്മുടെ അരമനകളുടെ പടികടക്കാൻ, ദേവാലയങ്ങളുടെ മുറ്റത്ത് ഒന്നുവന്നുനിൽക്കാൻ, നമ്മള്‍ ഒരവസരം കൊടുക്കണം. കാലത്തിന് മുന്നേ ചരിച്ച ക്രിസ്തുവെന്ന നല്ലിടയൻ നഷ്ടപ്പെട്ട ഒരാടിനെ തേടി, നഷ്ടപ്പെടാത്ത ആരോഗ്യമുള്ള വലിയ കൂട്ടങ്ങളെ വിട്ട്, ഇനിയും പുറത്തെവിടെയോ അലയുന്നുണ്ട്. മറ്റ് 'കർമ്മങ്ങളൊ'ക്കെ ആഘോഷമായി നടക്കുമ്പോഴും ആ കർമ്മം ചെയ്യാൻ അവൻ മാത്രം തനിച്ചായിപോകരുതേ...
(Assissi Magazine -July 2017 -Cover story )

Thursday, April 27, 2017

http://www.marunadanmalayali.com/news/news-series/who-is-behind-munnar-resort-mafia-jijo-kurian-writes-70890

http://www.marunadanmalayali.com/news/news-series/why-munnar-operations-ends-in-failure-jijo-kurian-writes-71032

http://www.marunadanmalayali.com/news/news-series/munnar-cardamom-hill-reserve-and-famarers-jiju-kurian-writes-71131

http://www.marunadanmalayali.com/news/news-series/munnar-cardamom-hill-reserve-and-famarers-jiju-kurian-writes-71220

Tuesday, April 25, 2017

കുടിയൊഴിപ്പിക്കപ്പെടേണ്ട കുറ്റവാളികള്‍

പ്രദേശങ്ങള്‍ തിരിച്ചുള്ള പ്രശ്നപരിഹാരമാര്‍ഗ്ഗങ്ങളുടെ അന്വേഷണം തുടരുകയാണ്. ഏലപ്പട്ടയയിടമായ  CHRനും തോട്ടംതൊഴിലാളി മേഖലയ്ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ വെച്ചുകഴിഞ്ഞു. ശേഷം വരുന്ന പ്രദേശങ്ങളെയാണ് ഈ ഖണ്ഡത്തില്‍ പരാമര്‍ശിക്കുന്നത്. കൂടാതെ പശ്ചിമഘട്ടത്തില്‍ നിന്ന് സത്വരമായി കയ്യേറ്റംകുടിയൊഴിപ്പിക്കേണ്ടവരുടെ പട്ടികകൂടി അവതരിപ്പിക്കുന്നു. ഇടുക്കിയുടെ കര്‍ഷക ജനതയ്ക്ക് കിട്ടേണ്ട സംരക്ഷണ ഉറപ്പും വന്‍കയ്യേറ്റങ്ങളുടെ ഒഴിപ്പിക്കലും തോളോടുതോള്‍ ചേര്‍ന്ന് പോകേണ്ട നടപടികള്‍ ആണ്.

വനഭൂമി കയ്യേറിതാമസിക്കുന്ന കര്‍ഷകജനത
1977 ന് ശേഷം നടന്ന കയ്യേറ്റങ്ങളില്‍ എന്തുതീരുമാനം കൈക്കൊള്ളും എന്നതാണ് പ്രധാന പ്രശ്നം. വ്യാപകമായ ഒരു കുടിയൊഴിപ്പിക്കല്‍ ഇവിടെ സാധ്യമാകുമോ? സംരക്ഷിതവനം കയ്യേറ്റംനടത്തിയിരിക്കുന്നവര്‍ ആരൊക്കെ? CHRല്‍ വന്‍ഏലംകര്‍ഷകരും റിസോര്‍ട്ട് മാഫിയകളും പാറമടലോബികളും ചെറുകിടകര്‍ഷകരും, മൂന്നാര്‍ മേഖലയില്‍ റിസോര്‍ട്ട് മാഫിയകളും കണ്ണന്‍ ദേവന്‍ ഹില്‍പ്ലാന്റ്റേന്‍ കമ്പനിയും, ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് (ഇടുക്കിയുടെ കവാടങ്ങള്‍) സാധാരണയില്‍ താഴ്ന്ന ജീവിതനിലവാരമുള്ള കര്‍ഷകരും തൊഴിലാളികളുമാണ് സംരക്ഷിതവനം കയ്യേറിയിട്ടുള്ളവര്‍.  
ഇടുക്കിയില്‍ അഞ്ച് മുതല്‍ പത്ത് ഏക്കര്‍ വരെ കൃഷിസ്ഥലമുള്ള കര്‍ഷകനെ  അപ്പര്‍ മിഡില്‍ ക്ലാസ്സില്‍പ്പെടുത്താനാവില്ല. കാരണം തോട്ടവിളകൃഷിയില്‍ ഉപയോഗപ്പെടുത്തുന്ന ഭൂമിയുടെ മൂല്യത്തെ പട്ടണത്തിലെ ഭൂമിയുടെ മൂല്യവുമായി ഒരുരീതിയിലും തട്ടിച്ച് കാണാനാവില്ല എന്നതുതന്നെ. ഉദാഹരണത്തിന്ന് നല്ല രീതിയില്‍ കൃഷിചെയ്യുന്ന ഒരേക്കര്‍ കാപ്പിത്തോട്ടമുള്ള ഒരു കര്‍ഷകന് പണിക്കൂലിയെല്ലാം കിഴിച്ച് വര്‍ഷത്തില്‍ ആകെ 20,000രൂപയോ മറ്റോ കിട്ടുമായിരിക്കും.  കുറച്ചെങ്കിലും വിലകിട്ടുന്ന വിള ഏലം മാത്രമാണ്. പക്ഷേ, അതിന് ആവശ്യമായി വരുന്ന മുതല്‍മുടക്ക് ഒരു സാധാരണ കര്‍ഷകന് താങ്ങാന്‍ കഴിയുന്നതുമല്ല. കുരുമുളക് ചെടികള്‍ മുഴുവനും രോഗാക്രമണത്തില്‍ ഹൈറേഞ്ചില്‍ നിന്ന് അന്യവരുമോ എന്ന ഭീതിയിലാണ്. തേയിലത്തോട്ടങ്ങള്‍ മുഴുവന്‍ നഷ്ടത്തിലാണ്. ഭൂരഹിതരായ പെമ്പിളഒരുമൈ സമരക്കാര്‍പോലും വീടുവെച്ച് അല്പം കൃഷിചെയ്ത് താമസിക്കാന്‍  ചോദിക്കുന്നത് ഒരേക്കര്‍ ഭൂമിയാണ്‌. ഒരു സാധാരണ കര്‍ഷകനോ (കൃഷിയുടെ നടത്തിപ്പുകാരന്‍ അല്ല) തൊഴിലാളിയോ ജീവനആവശ്യത്തിന് വെച്ചിരിക്കുന്ന ഭൂമിയില്‍ കൂടുതല്‍ ഉള്ളത് മുഴുവന്‍ പിടിച്ചെടുത്തേ മതിയാകൂ. എന്നാല്‍ സാധാരക്കാരന്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന അവന്‍റെ കൃഷിഭൂമികൂടി ഇല്ലാതായാല്‍ ജീവിതം തന്നെയാണ് ഇല്ലാതാകുന്നത്. കൃഷിയല്ലാതെ അവന്‍ ഈ മലമുകളില്‍ എന്തുചെയ്യും! സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട വയനാട്ടിലെ ആദിവാസികളുടെ ദുര്‍ഗതിയാവും ഈ കര്‍ഷകരേയും കാത്തിരിക്കുക.
ഇവര്‍ അധിവസിക്കുന്നത് പ്രകൃതിലോലപ്രദേശത്തില്‍ ആണെങ്കില്‍, KSEBപദ്ധതികളുടെ കാലത്ത് ഇടുക്കിയുടെ പലയിടങ്ങളില്‍ നിന്നും കുടിയൊഴിപ്പിച്ചതുപോലെ, അവിടെ നിന്ന് കുടിയൊഴിപ്പിച്ച് അവര്‍ക്ക് പകരം സ്ഥലം കണ്ടെത്തിക്കൊടുക്കാന്‍ കഴിയണം. ഇവിടെ സ്ഥലത്തിന്‍റെ ദൌര്‍ലഭ്യതയില്ല.  പാട്ടക്കാലാവധി കഴിഞ്ഞ എത്ര തോട്ടങ്ങള്‍ ആണ് വന്‍മുതലാളിമാരുടെ കൈകളില്‍ ഇപ്പോഴും ഇരിക്കുന്നത്. അവ എത്രയും നേരത്തെ തിരികെയെടുത്ത് ഈ മാറ്റിപാര്‍പ്പിക്കല്‍ എത്രയും വേഗം പൂര്‍ത്തീകരിക്കാവുന്നതേയുള്ളൂ. 

സെറ്റില്‍മെന്റ് വാസികള്‍ 
സെറ്റില്‍മെന്റിലെ ജനറല്‍ക്യാറ്റഗറിയും സാമൂഹ്യമായി മുന്നേറിയ ആദിവാസിസമൂഹവുമാണ്‌ വിഷമവൃത്തത്തില്‍ പെട്ടുപോയ ജനതകള്‍. സമൂഹികമായി മുന്നോട്ട് എത്തിയ ഇടുക്കിയിലെ മലയരയ-ഊരാളി സമുദായങ്ങള്‍ക്ക് പൊതുവിഭാഗവുമായി ഒന്നുചേര്‍ന്ന് ജീവിക്കാനുള്ള സാഹചര്യമാണ് വേണ്ടത്. അവരുടെ ഭൂമിയ്ക്ക് ക്രയവിക്രയ അവകാശം കിട്ടണം. ഇടുക്കിയെ എടുത്താല്‍ അറിയാം പൊതുവിഭാഗവുമായി ഒന്നുചേര്‍ന്ന ആദിവാസിസമൂഹങ്ങളാണ് വിദ്യാഭ്യാസം-ആരോഗ്യം-സാമ്പത്തികം എന്നീ മേഖലകളില്‍ മുന്‍പന്തിയില്‍ എത്തിയത്. അതേസമയം ഇനിയും പോതുസമൂഹത്തോട് ഒപ്പം നില്‍കാന്‍ ആവത്ത മലമ്പണ്ടാരം-മുതുവാന്മാര്‍ പോലുള്ള ആദിവാസികളെ കുറേകാലം കൂടി സെറ്റില്‍മെന്റില്‍ തന്നെ സംരക്ഷിക്കേണ്ടതുണ്ട്. റിസര്‍വേഷന്‍ വ്യവസ്ഥ ഇന്ത്യന്‍ ഭരണഘടനയില്‍ എന്തായിരിക്കുന്നുവോ അങ്ങനെയാണ് സെറ്റില്‍മെന്റ് വ്യവസ്ഥയും വേണ്ടത്. അതായത് ഏതു ദുര്‍ബലസമൂഹത്തിന്‍റെ സംരക്ഷണത്തിനും പുരോഗതിക്കും വേണ്ടി അത് ഏര്‍പ്പെടുത്തിയോ അവര്‍ പോതുസമൂഹത്തോട് ഒപ്പം നില്ക്കാന്‍ ശക്തിപ്പെടുമ്പോള്‍ ഈ വ്യവസ്ഥ മാറിപ്പോയില്ലെങ്കില്‍ പിന്നീട് ഉണ്ടാകുന്നത് സാമൂഹ്യഅസമത്വവും സംരക്ഷിതര്‍ ആകുന്ന ജനതയുടെ സാമൂഹ്യപുറംതള്ളലും (social exclusion) ആയിരിക്കും. അതുകൊണ്ട് പ്രശ്നങ്ങള്‍ ഇല്ലായെന്ന് ഉറപ്പുവരുന്ന പക്ഷം ഈ ഇടകലര്‍ന്നുള്ള വാസം പ്രോത്സാഹിപ്പിക്കപ്പെടണം. ഈ വിഷയത്തില്‍ നിയമത്തിന്‍റെ സാരാംശം പാലിക്കുന്നതിനപ്പുറം അക്ഷരാര്‍ത്ഥപാലനത്തിലേയ്ക്ക് നീങ്ങിയാല്‍ ഈ കാണായ ഭൂരഹിതരായി തീരുന്ന ജനത്തെ മുഴുവന്‍ എവിടെ പാര്‍പ്പിക്കുമെന്നറിയാതെ ഗവണ്മെന്‍റ് നട്ടംതിരിയും. ഇപ്പോള്‍ നിലനില്‍കുന്ന പ്രശ്നത്തെ ഗുരുതരമാക്കുകയും ഇല്ലാത്ത പ്രശ്നത്തെ ഉണ്ടാക്കിയെടുക്കുകയുമാവും ചെയ്യുക. കാരണം ആദിവാസിക്ക് കൊടുക്കാന്‍ ഭൂമിയില്ലാത്ത ജില്ലയല്ല ഇടുക്കി. 245സെറ്റില്‍മെന്റുകളും വെറും 50,000 ആദിവാസികളും മാത്രമുള്ള ജില്ലയാണ് ഇടുക്കി. അതായത് 20 ആദിവാസികള്‍ക്ക് ഒരു സെറ്റില്‍മെന്റ് എന്ന കണക്കില്‍ ഇവിടെ സ്ഥലമുണ്ട്. അതുകൊണ്ട് ആദിവാസിസെറ്റില്‍മെന്റ് പ്രശ്നം ഇവിടെ ഒരു പ്രശ്നമല്ല. അവരുടെ സാമൂഹ്യ ഉന്നമനത്തിന് വേണ്ടിയുള്ള പ്രവര്‍ത്തങ്ങള്‍ ഇല്ലാതെ പോകുന്നതാണ് പ്രശ്നം. ഇടമലക്കുടിയ്ക്ക് ആദ്യആദിവാസി പഞ്ചായത്തിന് വൈദ്യുതി എത്തിച്ചുകൊടുക്കുന്നതിന് പോലും ഇവിടെ ഗവണ്മെന്‍റ് മുന്‍കൈ എടുത്തില്ല. അത് കഴിഞ്ഞ മാസം ചെയ്തുപൂര്‍ത്തീകരിച്ചു കൊടുത്തത് സ്വന്തം നിലയില്‍ പണം ശേഖരിച്ച് പൊതുവിഭാഗത്തിലെ സന്നദ്ധപ്രവര്‍ത്തകര്‍ ആണ്. അതുകൊണ്ട് ഇടുക്കിയിലെ പൊതുവിഭാഗം ആദിവാസി സെറ്റില്‍മെന്റില്‍ കടന്നുകയറി ചൂഷണം ചെയ്യുന്നു എന്ന് പറഞ്ഞാല്‍ ആദിവാസികള്‍ പോലും സമ്മതിച്ചുതരില്ല (ഒറ്റപ്പെട്ട കേസുകള്‍ ഉണ്ടെന്ന സത്യം മറച്ചുവെക്കുന്നില്ല).

KSEB ഭൂമിയില്‍ വസിക്കുന്നവര്‍ 
KSEB ഭൂമിയില്‍ വസിക്കുന്നവര്‍ക്ക്‌ ഇന്നും പട്ടയം കിട്ടാതെ പോയത് വെറും സാങ്കേതിക തടസ്സമോ സര്‍ക്കാറിന്റെ തന്നെ വീഴ്ചയോ ആണ്. അതുകൊണ്ട് പദ്ധതി ഉപേഷിക്കപ്പെട്ട തത്വത്തില്‍ മാത്രം KSEBഭൂമി ഏറ്റെടുത്ത മനുഷ്യര്‍ക്ക്‌ എത്രയും നേരത്തെ അവരുടെ ഭൂമി പതിച്ചുകൊടുക്കാന്‍ ഗവണ്മെന്റ് നടപടി ഉണ്ടാകണം. ഇനിയുള്ള ഒരു ചെറുസമൂഹം KSEB ഡാമുകളുടെ ക്യാച്ച്മെന്‍റ് ഏരിയയില്‍ കൃഷിചെയ്യുന്ന ദരിദ്ര-സാധാരണ കര്‍ഷകര്‍ ആണ്. അവരാരും ആ ഭൂമി സ്വന്തമാക്കിയവര്‍ അല്ല. വെറുതെ പുറംപോക്കുപോലെ അവിടെ കൃഷിചെയ്യുന്നുവെന്നേയുള്ളൂ. തോട്ടംവിളകള്‍ കൃഷിചെയ്യുന്ന ഇടുക്കിയില്‍ തന്നാണ്ട് വിളകള്‍ കൃഷിചെയ്യാന്‍ വെളിച്ചവും വര്‍ഷം മുഴുവന്‍ ജലവുമുള്ള പ്രദേശങ്ങള്‍ വളരെകുറച്ചേയുള്ളൂ. മാത്രമല്ല KSEB പത്തുചങ്ങല അകലത്തില്‍ (100 മീറ്റര്‍ ഉയരം) ഒരു പദ്ധതിപ്രദേശത്തും ഒരുകാലത്തും പകുതിയില്‍ കൂടുതല്‍ വെള്ളം ഉയര്‍ന്നിട്ടില്ല. ഭക്ഷ്യവിള ഉത്‌പാദനത്തില്‍ വളരെ പിന്നിലായ കേരളത്തിന്‍റെ വലിയ സാധ്യതയാണ് ജനവാസകേന്ദ്രത്തോട് ചേര്‍ന്ന പദ്ധതികളുടെ ക്യാച്ച്മെന്‍റ് പ്രദേശത്ത്‌ (ഉദാഹരണം: ഇരട്ടയാര്‍)  ഭക്ഷ്യവിളവളര്‍ത്തല്‍ (ജലം സമര്‍ദ്ധം, നല്ല വെളിച്ചം, വളക്കൂറുള്ള മണ്ണ്, ശേഷം ഇടുക്കിയുടെ മലമുകളില്‍ തന്നാണ്ട് വിളകൃഷിചെയ്ത് മണ്ണൊലിപ്പ് ഉണ്ടാക്കാതിരിക്കാം). ഏക്കറിന് ഒരു തുച്ചമായ പാട്ടം കര്‍ഷകരില്‍ നിന്ന് ഈടാക്കി, അത് സബ്സിഡിയായി തന്നെ അവരില്‍ എത്തിച്ച്, ചുരുങ്ങിയത് മദ്ധ്യകേരളത്തിന് മൊത്തം വേണ്ട പച്ചക്കറികള്‍ വളര്‍ത്തിയെടുക്കാം. ജൈവകൃഷിയാകണം എന്ന ഒറ്റനിബന്ധ ഉണ്ടായാല്‍ മതി. ഡാം ജലം ഒരിക്കലും വിഷലിബ്ധമാവുകയുമില്ല.  ആര്‍ക്കുമൊരു നഷ്ടവുമില്ലതാനും. ഇവിടെയൊക്കെയാണ് നിയമം അതിന്‍റെ അക്ഷരാര്‍ത്ഥ പാലനത്തിന് അപ്പുറത്തേയ്ക്ക് കടന്ന് ക്രിയാത്മകമാകേണ്ടത്.

ഗ്രോ മോര്‍ ഫുഡ്‌ കര്‍ഷകര്‍ 
അധിക ഭക്ഷ്യോല്‍പ്പാദനപദ്ധതി പ്രകാരം കര്‍ഷകരുടെ വികസനആവശ്യമാണ് വളരെ വേഗം തന്നെ അഭിസംബോധന ചെയ്യേണ്ട മറ്റൊരു സംഗതി. ഇങ്ങനെ കുടിയിരുത്തപ്പെട്ടവരില്‍ നല്ലൊരു ശതമാനം ഇന്നും അധിവസിക്കുന്നത് കാടിനുള്ളില്‍ ഒറ്റപ്പെട്ടരീതിയില്‍ ആണ് (മക്കുവള്ളി, മണ്ണൂക്കാട്, കൈതപ്പാറ, ആനക്കുളം, മനേത്തടം...) പൊതുസഞ്ചാരമാര്‍ഗ്ഗമോ, ഹൈസ്കൂളോ, ആശുപത്രിയോ. വൈദ്യുതി-ഫോണ്‍ ബന്ധമോ ഇല്ലാത്ത ഇവര്‍ക്ക് ഇതൊക്കെ കിട്ടണമെങ്കില്‍ വനവകുപ്പ് മനസ്സുവെക്കണം. സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ ഇടപെട്ട് ഇന്ന് കേരളത്തിലെ ഇതു സാധാരണ പൌരനെപ്പോലെയും ജീവിക്കാനുള്ള അവരുടെ അവകാശം നേടിക്കൊടുകതന്നെ വേണം. കൃഷി കൂടാതെ ഫാം ടൂറിസം കൂടി നടത്താനുള്ള അനുവാദം അവര്‍ക്ക് കൊടുത്താല്‍ ചെറുഫാം കോട്ടേജുകളില്‍ (ഒരിക്കലും റിസോര്‍ട്ട് ടൂറിസം പാടില്ല) അവര്‍ക്ക് അത് ലാഭകരമായി ചെയ്യാന്‍ ആവുന്നതേയുള്ളൂ.     

എത്രയും വേഗം കുടിയൊഴിപ്പിക്കപ്പെടേണ്ട കുറ്റവാളികള്‍

1. റിസോര്‍ട്ട് മാഫിയകള്‍ 

ഏലമലക്കാടുകളിലും മൂന്നാറിലും എങ്ങനെ നിയമപരമായി റിസോര്‍ട്ടുകള്‍ ഉയര്‍ന്നു? ആദ്യചോദ്യം ചോദിക്കേണ്ടത് റിസോര്‍ട്ട് ഉടമകളോടാണ്. നിങ്ങള്‍ക്ക് ഇവിടെ എങ്ങനെ റിസോര്‍ട്ട് നിര്‍മ്മാണത്തിന് ഭൂമി കിട്ടി? 1964ലെ കേരള ലാന്റ് അസ്സൈന്‍മെന്റ് റൂള്‍സും 1993ലെ കേരള ഭൂമി പതിച്ചു നല്‍കല്‍ ചട്ടങ്ങളും വെച്ചാണ്‌ ഇടുക്കിയില്‍ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കുന്നത്.  ഈ രണ്ട് ചട്ടങ്ങള്‍ പ്രകാരം ഭൂമി പതിച്ചു കൊടുക്കുന്നതിന്റെ ഉദ്ദേശങ്ങള്‍ ഇവയാണ്: 1) വ്യക്തപരമായ കൃഷി ആവശ്യത്തിന്, 2) വീടുകളുടെ നിര്‍മ്മാണത്തിന് (1993 ചട്ടത്തില്‍ കടകളും ഉള്‍പ്പെടുത്തി), 3) പ്രയോജനപ്രദമായ അനുഭവ അവകാശങ്ങള്‍ക്ക്.

എന്നാല്‍ ഈ നിയമങ്ങളില്‍ ഒന്നും പെടാതെ 'കോമേഷ്യല്‍' എന്ന വിഭാഗത്തില്‍ നിങ്ങള്‍ക്ക്  എങ്ങനെയാണ് ഇവിടെ റിസോര്‍ട്ട് നിര്‍മ്മാണത്തിന് അനുമതി കിട്ടിയത്?  ഈ ചോദ്യത്തിന് മുന്നിലാണ് മുന്‍കാലങ്ങളില്‍ ഇടുക്കിയില്‍ ഉണ്ടായിരുന്ന പ്രദേശിക ഭൂരണകൂടവും റവന്യൂ ഡിപ്പാര്‍ട്ടെമെന്റും ഡിസ്ട്രിക് ടൗണ്‍ പ്ലാനിങ് ഓഫീസര്‍മാരും ഭൂമിയെ വെച്ച് രാഷ്ട്രീയം കളിക്കുന്നവരും ഒരു പോലെ പ്രതികളാവുന്നത്. അവരെ ഏകദേശം ഒരു ഡസന്‍ ചോദ്യങ്ങള്‍ക്ക് മുന്നിലേയ്ക്ക് നിര്‍ത്തിയാല്‍ ഏലമലക്കാടുകളും മൂന്നാറും ഇന്നുകാണുന്ന രീതിയില്‍ നശിപ്പിച്ചതിന് അവര്‍ കണക്കു പറയേണ്ടി വരും. കഴിഞ്ഞയിടെയാണ് 19 കോടി നികുതി നഷ്ടം മൂന്നാറ്, പള്ളിവാസല്‍, ചിന്നക്കനാല്‍  മേഖലയിലെ ടാക്‌സ് ഇനത്തില്‍ തന്നെ ഉണ്ടായതായി ധനവകുപ്പ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയത്.  ഇപ്പോള്‍ ചെയ്യുന്നത് പോലെ നിര്‍മ്മാണനിയമ ലംഘനവും റിസോര്‍ട്ടുകളുടെ നികുതി വെട്ടിപ്പും മലിനീകരണവും അന്വേഷിച്ച് നടക്കുകയല്ല ഡിപ്പാര്‍ട്ട്മെന്റുകള്‍ നടത്തേണ്ടത്. അത് കതിരില്‍ ചികത്സിക്കുന്നതിന് തുല്യമാണ്. രോഗം കടക്കലാണ്, അനധികൃത ഭൂമികയ്യേറ്റത്തിലും പാട്ടവ്യവസ്ഥകളുടെ ലംഘനത്തിലും. ചികിത്സ അവിടെ തന്നെ തുടങ്ങണം. അപ്പോള്‍ ചോദ്യം മാറും- മൂന്നാറിന്‍റെ ചെങ്കുത്തായ മലമുകളില്‍ ഫ്ലാറ്റ് സമാനമായ ഈ  വന്‍സൗധങ്ങള്‍ക്ക് നിലനില്‍ക്കാന്‍ അവകാശമുണ്ടോ? 'ഇല്ല'യെന്ന് വളരെ ലളിതമായ ഉത്തരം.


2. കമ്പനിയുടെ കയ്യേറ്റം
മൂന്നാറില്‍ കണ്ണന്‍ ദേവന്‍ ഹില്‍ പ്രൊഡ്യൂസ് കമ്പനി അനധികൃത കൈയേറ്റം വെളിവാക്കുന്ന പ്രധാന റിപ്പോര്‍ട്ടാണ് സനല്‍കുമാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് (2012). നടത്തപ്പെട്ട റീ-സര്‍വ്വേ പ്രകാരം കമ്പനി 49,46 ഹെക്ടര്‍ സ്ഥലം അനധികൃതമായി കൈയ്യേറിയതായി പറയുന്നു. ഇനിയും റീസര്‍വ്വേ പൂര്‍ണ്ണമല്ല. മൂന്നാറില്‍ പൂര്‍ണ്ണമായ ഒരു സര്‍വ്വേ നടത്തപ്പെടാതിരിക്കാന്‍ എല്ലാ കൈയേറ്റക്കാരും നന്നായി ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുന്നുണ്ട്. പ്രാദേശിക ഭരണകൂടംഎല്ലാത്തിനും കമ്പനിക്ക് വേണ്ടി ഒത്താശ ചെയ്യുന്നുമുണ്ട്. അതിന്റെ തെളിവാണ് ടാറ്റായ്ക്ക് അതിന്‍റെ ബംഗ്ലാവുകള്‍ ടൂറിസത്തിന് ഉപയോഗിക്കാന്‍ മൂന്നാര്‍-ദേവികുളം പഞ്ചായത്തുകള്‍ അനുമതി കൊടുത്തത്. എന്നാല്‍ പ്രശ്‌നം കോടതിയില്‍ എത്തുമ്പോഴാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഈ അനുമതികള്‍ പഞ്ചായത്തുകള്‍ക്ക് റദ്ദുചെയ്യേണ്ടി വന്നത്. അന്തിമ വിശകലത്തില്‍ മൂന്നാറിലെ ഏറ്റവും വലിയ അനധികൃത ഭൂമി കൈയേറ്റം കമ്പനിയുടേത് തന്നെയാണ്. തോട്ടത്തെ  ടൂറിസം ആവശ്യത്തിനപ്പുറം  ഒരു  തോട്ടമായി  നിലനിര്‍ത്താന്‍  അവര്‍ ഉദ്ദേശിക്കുന്നുമില്ല. ആ നിലയ്ക്ക് ഈ  തോട്ടത്തിന് ഇനി മുന്നോട്ടു പ്രവര്‍ത്തിക്കാന്‍ അനുമതി കൊടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഗവണ്മെന്റ് ആണ്.

3. വന്‍കിട ഭൂകയ്യേറ്റം

താമസിക്കാനും ഉപജീവനത്തിനുമായി കൃഷിയെ ആശ്രയിച്ച് കുടിയേറിയവരാണ് ഇടുക്കിയിലുള്ള കര്‍ഷകര്‍. എന്നാല്‍ അതിനിടയില്‍ വന്‍ഭൂകൈയ്യേറ്റം നടത്തിയവര്‍ ധാരാളം ഉണ്ട്. ആനയിറങ്കല്‍ ഡാമിനടുത്ത് MAS  ഗ്രുപ്പ് കൈവശം വെച്ചിരിക്കുന്നത് ഏകദേശം 300ഏക്കര്‍ റവന്യൂ ഭൂമിയാണ്‌. അനധികൃതമായി ടോം സക്കറിയാസ് നിര്‍മ്മിച്ച ഇന്നലെ തകര്‍ത്ത കുരിശ് ഒരു  മതചിഹ്നത്തെ നശിപ്പിച്ച സംഭവം മാത്രമായി കണക്കാക്കരുത്. ടോം സക്കറിയാസിന്‍റെ പിതാവ് കറിയാച്ചന്‍ മൊതലാളി എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ആള്‍ 1000ത്തില്‍പ്പരം  ഏക്കര്‍ ഭൂമിവെട്ടിപ്പിടിച്ച് കൈവശം വെച്ചിരിക്കുന്ന ആള്‍ ആണ്. ആ പ്രദേശത്തെ തന്നെ ഒരു മുടിചൂടാമന്നന്‍. മക്കള്‍ക്കൊക്കെ 200 ഉം 300 ഏക്കറുകളായി ഇപ്പോള്‍ മുറിച്ചുകൊടുക്കുകയും ചെയ്തു. ലക്ഷ്മിഭാഗത്ത്‌ പുളിമൂട്ടില്‍ എസ്റ്റേറ്റ്‌ കൈവശം വെച്ചിരിക്കുന്ന 300ഓളം ഏക്കറുകള്‍ കയ്യേറ്റത്തില്‍ പട്ടികയില്‍ വരും.  ഇങ്ങനെ വന്‍പ്രമാണിമാര്‍ കൈവശം വച്ചിരിക്കുന്നതുമായ വന-റവന്യൂഭൂമി ഇടുക്കിയില്‍ ധാരാളമുണ്ട്. 

4. ഗ്രാന്‍ഡിസ് (യൂക്കാലി) എന്ന രാക്ഷസ മരങ്ങള്‍
സമുദ്രനിരപ്പില്‍ നിന്ന് 4000 അടിയ്ക്ക് മേലെ ഉയരമുള്ള മൂന്നാറിന്റെ മലകളില്‍ യൂക്കാലി നട്ടു പിടിപ്പിക്കാന്‍ തുടങ്ങിയത് ബ്രിട്ടീഷുകാരാണ്. അന്ന് ലോകം മുഴുവന്‍ കാര്‍ഷിക പരീക്ഷണങ്ങളുടെ കാലമായിരുന്നു. പ്ലാന്റേഷന്‍ മേഖലയില്‍ വര്‍ദ്ധിച്ചു വന്ന വികറിന്റെ ആവശ്യത്തിനായികുന്നു യൂക്കാലി നട്ടു പിടിപ്പിച്ചത്. വളരെ വേഗത്തില്‍ ഒരു ഒറ്റത്തടിയായി വളരുന്നു. മുറിച്ച് ശേഖരിക്കാന്‍ എളുപ്പം. വേഗത്തില്‍ തീ പിടിക്കുന്നു- ഇവയൊക്കെയാണ് അതിന് അവര്‍ കണ്ട ഗുണങ്ങള്‍.വനസംരക്ഷണത്തെ നമ്മള്‍ ഗൗരവമായി എടുക്കുന്നത് എഴുപതുകളിലാണ്. പശ്ചിമഘട്ടത്തിന്റെ വനമേഖലയ്ക്ക് ഗണ്യമായി കുറവ് സംഭവിച്ചെന്നും ശേഷിക്കുന്ന വനഭൂമിയെങ്കിലും സംരക്ഷിക്കപ്പെടണമെങ്കില്‍ ഇന്ധന ആവശ്യത്തിന് ജനങ്ങള്‍ സ്വാഭാവിക വനത്തെ ആശ്രയിക്കുന്നത് കുറച്ചു കൊണ്ടു വരണമെന്നുള്ള ചിന്തയിലാണ് സോഷ്യല്‍ ഫോറസ്ട്രി തന്നെ റവന്യൂ ഭൂമിയില്‍ സ്റ്റേറ്റിന്റെ ഇന്ധന - തടി ആവശ്യത്തിനായി വേഗത്തില്‍ വളരുന്ന വളര്‍ച്ചയ്ക്ക് അധികം സ്ഥലവിസ്തീര്‍ണ്ണമാവശ്യമില്ലാത്ത യൂക്കാലി നട്ടുപിടിപ്പിക്കുന്നത്. വേണ്ടത്ര പരിസ്ഥിതിക പഠനങ്ങളൊന്നും നടത്തി ആരംഭിച്ച ഒന്നായിരുന്നില്ല അത്. കുറഞ്ഞ സ്ഥലത്ത്. കുറഞ്ഞ സമയത്ത്, കൂടുതല്‍ ലാഭം- അതായിരുന്നു യൂക്കാലിയുടെ വ്യാവസായിക സാധ്യത.

എന്നാല്‍ യൂക്കാലിമരങ്ങള്‍ വട്ടവട പോലുള്ള ഇടുക്കിയുടെ ജൈവസമര്‍ദ്ധമായ ഗ്രാമങ്ങളുടെ കൃഷ്യയിടങ്ങളിലും ചെരിവുകളിലും മലമുകളിലും ചേക്കേറാന്‍ തുടങ്ങിയത് തൊണ്ണൂറുകളക്ക് ശേഷമാണ്. 1990ന് ശേഷം വട്ടവടപോലുള്ള പ്രദേശങ്ങളിലെ ഭൂമി കൈവശമാക്കാൻ മലയാളി സമൂഹം തന്ത്രപൂര്‍വ്വം തമിഴ് സമൂഹത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. മലമുകളിലേക്ക് കാടുകള്‍ വെട്ടിപ്പിടിച്ചെടുത്താല്‍ വാങ്ങിക്കൊള്ളാമെന്നുള്ള ഉറപ്പ് കിട്ടിയപ്പോള്‍ തമിഴന്‍ ആ വഴി തിരഞ്ഞെടുത്തു. അവിടെ പണം കൊയ്യുന്ന യൂക്കാലി വ്യവസായത്തിന്റെ മാജിക്കും കാട്ടിത്തരാമെന്നായപ്പോള്‍ അവര്‍ ഒട്ടും മടിച്ചില്ല. മലയാളി തമിഴനില്‍ നിന്ന് ഭൂമി ചുളുവിലയ്ക്ക് വാങ്ങി, രേഖകള്‍ ഉള്ളതും ഇല്ലാത്തതുമായ ഭൂമി. എങ്ങനെ ചെങ്കുത്തായ താഴ്‌വാരങ്ങളിലും മലമുകളിലും ഭൂമിയ്ക്ക് രേഖകള്‍ ഉണ്ടായി എന്ന് ചോദിക്കരുത്. പിന്നെ അവിടെ വ്യാപകമായ യൂക്കാലി നടീല്‍ അരങ്ങേറുകയായിരുന്നു. മൂന്നാം വര്‍ഷം വെട്ടിപ്പോകുന്ന മരങ്ങള്‍ വീണ്ടും അതി ശക്തിയായി കുറ്റിയില്‍ നിന്ന് മുളച്ചു വന്ന് തഴക്കും. വര്‍ഷം മുഴുവന്‍ തമിഴന് പണി, കൈ നിറയെ പണം. ആവേശം മൂത്ത് തമിഴര്‍ തങ്ങളുടെ കൃഷിയിടത്തിലും നട്ടു പണം കായ്ക്കുന്ന ഈ മരം. കെ.എന്‍.പി. മരക്കച്ചവടക്കമ്പനിയുടെ ജീപ്പുകളും ലോറികളും മൂന്നാറിന്റെ ചെങ്കുത്തായ കുന്നിന്‍ മുകളിലൊക്കെ ചീറി നടന്നു. ഒരു അതിസാധാരണ അടിമാലിക്കാരന്‍ ലോറി ഡ്രൈവര്‍ വെറും ഇരുപത് വര്‍ഷം കൊണ്ട് കോടികളുടെ അസ്തിയുള്ള കെ.എന്‍.പി. കമ്പനിയുടെ ഉടമയായി. ആര്‍ക്കാണ് ആത്യന്തീകമായി നഷ്ടപ്പെട്ടത് എന്ന് ചോദിച്ചാല്‍ ഇടുക്കിയിലെ കര്‍ഷകര്‍ക്കാണ്. അവരുടെ മണ്ണാണ് തരിശായത്. അവരുടെ കുടിവെള്ളവും നീര്‍ച്ചാലുകളുമാണ് വറ്റിയത്. ഇനിയും മണ്ണിനെ ഊഷരമാക്കുന്ന ഈ മരവ്യവസായത്തെ ഇടുക്കിയ്ക്ക് താങ്ങാൻ ആവില്ല. കുടിയൊഴിപ്പിക്കുന്ന കയ്യേറ്റങ്ങളിൽ ഈ മരവ്യവസായക്കാരനേയും ഉൾപ്പെടുത്തിയേ മതിയാകൂ.

5. പാറമടകള്‍ 
ഏലകൃഷിയ്ക്ക് മാത്രമായി പട്ടയം കൊടുത്തിട്ടുള്ള CHRമേഖലയില്‍ ഇന്ന് ചെറുതും വലുതുമായ 100ഓളം പാറമടകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ 'തൌഫീഖ്' പോലുള്ള വന്‍പറമാടകള്‍ മലകളെ പൊട്ടിച്ച് തമിഴ്നാട് വരെ എത്തി. കട്ടപ്പനയുടെ പരിസരങ്ങളില്‍ ഓരോ വന്മലകള്‍ തന്നെയാണ് ഇല്ലാതാവുന്നത്. പ്രദേശവാസികളുടെ എതിര്‍പ്പൊന്നും ആരും വകവെക്കുന്നില്ല. ആര് ഇതിനൊക്കെ അനുവാദം കൊടുത്തു എന്നചോദ്യം പോലും ഇവയുടെ കാര്യത്തില്‍ അപ്രസക്തമാണ്. സത്വരമായി കുടിയൊഴിപ്പിച്ച് പൂട്ടിക്കെട്ടേണ്ടവയാണ് ഈ പറമടകള്‍ ഒക്കെയും. അവ നിയമവിരുദ്ധമായി നടത്തിയവര്‍ക്ക് എതിരെ ഉടന്‍ ശിക്ഷാനടപടികളും സ്വീകരിക്കേണ്ടതുണ്ട്.  

ഇനിയെന്ത്?
റിസോര്‍ട്ട്-പാടമട-തോട്ടംമാഫിയകളെ കുടിയൊഴിപ്പിച്ചാല്‍ തീരുന്നതല്ല ഇടുക്കിയിലെ സാധാരക്കാരന്റെ ഭൂമി പ്രശ്നം. ഒറ്റവാക്കില്‍ പരിഹാരമില്ലാത്ത വിധം കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും നിയമത്തിന്‍റെ നൂലാമാലകളും കെട്ടുപിണഞ്ഞുകിടക്കുന്ന സ്ഥലമാണ് ഇടുക്കി. അതുകൊണ്ട് തന്നെ പ്രദേശങ്ങള്‍ തിരിഞ്ഞുള്ള പരിഹാരമാണ് ആവശ്യം. പരിഹാരവഴികള്‍ അന്വേഷിക്കുമ്പോള്‍ ഈ അടിസ്ഥാന കാര്യങ്ങള്‍ പരിഗണിച്ചേ മതിയാകൂ:
1. പശ്ചിമഘട്ടത്തിലെ ഏറ്റവും പരിസ്ഥിതിവൈവിധ്യമുള്ള ലോലമേഖലയാണ് ഇടുക്കി. വളരെ ജാഗ്രതാപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍ വളരെ പെട്ടെന്ന് കൃഷിയോഗ്യവും വാസയോഗ്യവുമല്ലാതായി മാറാവുന്ന 40 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള മലകളും, കാടുകളും പച്ചപ്പുല്‍കവചവും നിരന്തരം വെട്ടിമാറ്റപ്പെട്ടാല്‍ അതിവേഗം മണ്ണൊലിച്ച് ഊഷരമായി തീരാവുന്ന കൃഷിയിടങ്ങളും മരങ്ങളുടെ പച്ചപ്പുത മാറിയാല്‍ രൂക്ഷവരള്‍ച്ചബാധിക്കാവുന്ന ജനവാസഇടങ്ങളും ചേര്‍ന്ന ദുര്‍ബലപ്രകൃതിയാണ് ഇടുക്കിയുടേത്.
2. ഇടുക്കിയുടെ പ്രകൃതി നശിച്ചാല്‍ പിന്നെ അവിടെ കര്‍ഷകന്‍ ഇല്ല, കൃഷിയില്ല, ടൂറിസം ഇല്ല. ഇടുക്കിയില്‍ മനുഷ്യര്‍ അതിജീവിക്കണമെങ്കില്‍ അത് പ്രകൃതിയോട് ഒപ്പമേ സാധ്യമാകൂ.
3. ഇടുക്കിയ്ക്ക് വേണ്ടത് പരിസ്ഥിതിമൌലീകവാദമോ വികസനമൌലീകവാദമോ അല്ല, സമഗ്രമായ അതിജീവനനയങ്ങളും ഹരിതരാഷ്ട്രീയവുമാണ്.
4. നിലനില്‍ക്കുന്ന അവസ്ഥയില്‍ കര്‍ഷകന് കൃഷികൊണ്ട് മാത്രം ജീവിക്കാന്‍ കഴിയുന്ന അവസ്ഥ ഇടുക്കിയില്‍ ഇല്ല.
5. നിയന്ത്രിതമായ എക്കോടൂറിസമേ ഇടുക്കിയ്ക്ക് താങ്ങാന്‍ കഴിയൂ. വലിയ ജനകൂട്ടത്തെ കടത്തിവിടേണ്ട സാധാരണ വിനോദസഞ്ചാരമേഖലയല്ല ഇത്. ഇവിടെ ത്രീസ്റ്റാര്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട്-വാസികളായ വിനോദസഞ്ചാരികളെയല്ല പ്രോത്സാഹിപ്പിക്കേണ്ടത്. പ്രകൃതിയെ അറിയാനും അനുഭവിക്കാനും വരുന്ന ഉത്തരവാദിത്വബോധമുള്ള യാത്രികരെയാണ്. എക്കോ-ടൂറിസത്തില്‍ നിന്ന് വരുമാനം കണ്ടെത്തേണ്ടത്‌ കുത്തകകള്‍ അല്ല, ഇടുക്കിയിലെ കര്‍ഷകജനത തന്നെയായിരിക്കണം
5. ഇടുക്കിയുടെ ഭൂമിപ്രശ്നം ശാശ്വതമായി പരിഹരിക്കണമെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും രാഷ്ട്രീയപാര്‍ട്ടികളും രാഷ്ട്രീയഅഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് വിവിധവകുപ്പുകളുടെ പ്രധിനിധികളോടൊപ്പമിരുന്ന് വിശദമായി പഠിച്ചും ജനങ്ങളെ കേട്ടും കാര്യങ്ങളില്‍ ഒരു തീരുമാനത്തില്‍ എത്തണം.
6. ചെറുകിടക്കാര്‍ക്കും സാധാരണകര്‍ഷകര്‍ക്കും പട്ടയവിതരണം ജനപക്ഷത്ത് നിന്ന് ചിന്തിച്ച് നിയമതടസ്സങ്ങളെ മാറ്റിവെച്ച് വേഗത്തില്‍ ആക്കുക. വന്‍കിടകൃഷിക്കാര്‍ പാട്ടവ്യവസ്ഥയില്‍ ഉള്ള തോട്ടങ്ങള്‍ എന്നിവയുടെ പട്ടയം പാട്ടം എന്നിവ ഓരോന്നും വ്യക്തമായി പഠിച്ചുമാത്രം കൊടുക്കുക.
7. ഇടുക്കിയില്‍ നിന്ന് റിസോര്‍ട്ട്-പാറമട-മരവ്യവസായ-വന്‍ഭൂകൈയ്യേറ്റമാഫിയകള്‍ നിശ്ചയമായും പുറത്താക്കപ്പെടണം. ഇടുക്കിയ്ക്ക് വേണ്ടത് പ്രകൃതിയോട് അനുരൂപപ്പെടുന്ന കൃഷിയും ടൂറിസവും വികസനപ്രവര്‍ത്തങ്ങളുമാണ്. ഇടുക്കിയ്ക്ക് വേണ്ടത് ഒരു ഹരിത രാഷ്ട്രീയമാണ്. ഇടുക്കിയിലെ ഭൂപ്രശ്നത്തിന്റെ സങ്കീര്‍ണതകളെ ആകമാനം കണക്കിലെടുത്തുള്ള നടപടിയാണ്. അത്തരം നടപടികള്‍ സ്വീകരിക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്കും സാധാരണ കൃഷിക്കാര്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാനും കൃഷിചെയ്യാനുമുള്ള അവകാശമുണ്ടെന്ന് അടിവരയിട്ട് പറയണം. എന്നാല്‍ ഒരാളുടേയും പണക്കൊതിയ്ക്കും ഭൂമിക്കൊതിയ്ക്കും വ്യവസായസ്വപ്നങ്ങള്‍ക്കും ഈ മലമുകളില്‍ നിലനില്‍ക്കുവാന്‍ അവകാശമില്ലെന്നരീതിയില്‍ ഉള്ള നടപടികള്‍ ഉണ്ടാവണം. വന്‍കിട കൈയേറ്റക്കാരെ കര്‍ഷകന്റെയും പാവപ്പെട്ടവന്റെയും തൊഴിലാളിയുടെയും ആദിവാസിയുടെയും പ്രശ്നവുമായി കൂട്ടിയോജിപ്പിക്കാതിരിക്കുക എന്നതാണ് പ്രധാനം. ഇടുക്കിയുടെ കാര്‍ഷീക-ഭൂപ്രശ്നത്തിന് പരിഹാരം കാണേണ്ടത് ഈ വഴിക്കാണ്.

Thursday, April 20, 2017

സ്വയം കുടിയിറങ്ങുംമുന്‍പ് ഏലമലക്കാടുവാസികളോട്

സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണ പദ്ധതിയും ഇടുക്കിയെ കാത്തിരിക്കുന്ന അപകടവും

സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണ പദ്ധതിയ്ക്ക് വേണ്ടി സര്‍ക്കാര്‍ തയ്യാറാക്കിയ ഏറ്റവും പുതിയ ലിസ്റ്റ് പ്രകാരം ഇടുക്കിയിലെ ഭവനരഹിതരുടെ എണ്ണം 24628 ആണ്. ഇത് ഒട്ടുംശാസ്ത്രീയമായി തയ്യാറാക്കാത്ത ലിസ്റ്റാണെന്ന് എണ്ണം കാണുമ്പോള്‍ തന്നെ നിസ്സംശയം പറയാം. ഇടുക്കിയില്‍ ലയങ്ങളില്‍ താമസിക്കുന്ന തോട്ടംതൊഴിലാളികള്‍ തന്നെ ലക്ഷത്തോട് അടുത്താണ്. അവരില്‍ സിംഹഭാഗവും ഭൂരഹിതരും ഭവനരഹിതരുമാണ്. സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണപദ്ധതി അതിന്‍റെ പൂര്‍ണ്ണരീതിയില്‍ നടപ്പിലാക്കിയാല്‍ ഇടുക്കിയുടെ മലകളില്‍ അടുത്ത 4 വര്‍ഷത്തിനുള്ളില്‍ത്തന്നെ അരലക്ഷത്തോളം വീടുകള്‍ പുതുതായി ഉണ്ടാവും. ഇത്രയും പുതിയവീടുകള്‍ ഭൂരഹിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ കണ്ടെത്താന്‍ പോകുന്ന വാസയോഗ്യമല്ലാത്ത മിച്ചഭൂമിയിലും (അതാണ്‌ മുന്‍അനുഭവം),  ജനങ്ങള്‍ കാട്ടിക്കൊടുക്കുന്ന അവരുടെ മലമുകളിലും കാടിനോട്‌ ചേര്‍ന്ന സ്ഥലങ്ങളിലും പണിതുയര്‍ത്തിയാല്‍ അത് ഇടുക്കിക്കുമേല്‍ ഉണ്ടാക്കാന്‍ പോകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഭീകരമായിരിക്കും. ഒന്നാമതായി, സര്‍ക്കാര്‍ വീടുകള്‍ ഒന്നും പ്രകൃതിസൗഹൃദവീടുകള്‍ അല്ല. അതുകൊണ്ട് തന്നെ അവയില്‍ നിന്ന് ഇവര്‍ ഭാവിയില്‍ കുടിയൊഴിയില്ലായെന്ന് കരുതാന്‍ നമുക്ക് ആവില്ല. കാരണം വയനാട് പോലുള്ള സ്ഥലങ്ങളില്‍ ആദിവാസികള്‍ക്ക് വേണ്ടി നടത്തിയ ഭവനനിര്‍മ്മാണപദ്ധതിയിയുടെ പരാജയം അതാണ്‌ നമ്മെ പഠിപ്പിച്ചത്. രണ്ടാമതായി, വനഭൂമിയാല്‍ ചുറ്റപ്പെട്ട ഇടുക്കിമലകളുടെ ചെരുവുകളില്‍ ഓരോരുത്തര്‍ കാണിച്ചുതരുന്ന അവരുടെ തുണ്ടുഭൂമികളില്‍ വീടുപണിതുവെച്ചാല്‍ കാര്യങ്ങള്‍ അവിടം കൊണ്ട് തീരുന്നില്ല. നാളെ ഓരോരുത്തരും വഴിയും വൈദ്യുതിയും വെള്ളവും ആവശ്യപ്പെടും. അതൊക്കെ എത്തിച്ചുകൊടുക്കാന്‍ വീണ്ടും ഏക്കറുകണക്കിന് ഭൂമിക്ലിയര്‍ ചെയ്യുകയും മലകള്‍ ഇടിക്കുകയും ചെയ്യേണ്ടിവരും. എല്ലാ മലകളിലും വൈദ്യുതിപോസ്റ്റുകളും കമ്പികളും വലിക്കേണ്ടിവരും. പിന്നെ വേനലില്‍ വെള്ളത്തിന്‍റെ അഭാവം, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ -ആശുപത്രി-കടകള്‍ പോലുള്ളവരുടെ പ്രാഥമീക ആവശ്യങ്ങള്‍ ഉണ്ടാകാതിരിക്കുക ഇവയെല്ലാം ഇതിനോട് ചേര്‍ന്ന് വരും. ഇടുക്കിയ്ക്ക് 'സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണപദ്ധതി' നപ്പിലാക്കുമ്പോള്‍ ഇവയൊക്കെ പരിഗണിക്കണം. ഇടുക്കിയുടെ കാര്‍ഷീക മേഖലയില്‍ നേരിട്ട് ഇടപെടാത്ത ഭൂരഹിതര്‍ക്ക് ഇടുക്കിയുടെ മലമുകളിലല്ല ഭൂമികണ്ടെത്തേണ്ടത്‌. കൂടുതല്‍ സൗകര്യങ്ങളും ഭൂമൂല്യവും ഉള്ള സമതലത്തില്‍ ആവണം. ഇടുക്കിയുടെ ലോറേഞ്ചില്‍ തന്നെ അത് നടപ്പിലാക്കാവുന്നതേയുള്ളൂ. അതിന് സര്‍ക്കാറിന് വേണ്ടത് വെറും രാഷ്ട്രീയ ഇച്ചാശക്തി മാത്രം. പാട്ടക്കാലാവധി കഴിഞ്ഞുകിടക്കുന്ന ഹാരിസന്‍റെ കാളിയാര്‍ എസ്റ്റേറ്റ്‌ പോലുള്ള പലതോട്ടങ്ങളും സമതലത്തിലുള്ള ജില്ലയാണ് ഇടുക്കി. എന്തുകൊണ്ട് അവ സര്‍ക്കാര്‍ എത്രയും നേരത്തെ പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് കൊടുത്തുകൂടാ? 

ഇനിമുതല്‍ ഇടുക്കിയില്‍ നടത്തുന്ന ഓരോ നിര്‍മ്മാണവും കര്‍ഷകരുടേയും ഭൂ-ഭവനരഹിതരുടേയും ആവശ്യം കണ്ടറിഞ്ഞ്, പ്രകൃതിപ്രത്യാഘാതങ്ങള്‍ നന്നായി പഠിച്ച്, നിലനിക്കുന്നവയെ വേണ്ടരീതിയില്‍ ഉപയോഗിച്ച്‌ മാത്രം നടപ്പിലാക്കേണ്ടതാണ്. ഉപേക്ഷിക്കപ്പെട്ട എത്ര KSEB കെട്ടിടങ്ങള്‍ പുനര്‍നവീകരിച്ചാല്‍ ഭവനരഹിതരെ പാര്‍പ്പിക്കാന്‍ കഴിയുമെന്ന് ആലോചിക്കണം. അനധികൃത റിസോര്‍ട്ടുകള്‍ ജെസിബി കൊണ്ട് പൊളിച്ചടുക്കും മുന്‍പ് സര്‍ക്കാര്‍ ഒരു വലിയ വിചിന്തനം തന്നെ നടത്തണം. അതൊക്കെ കെട്ടിപ്പൊക്കിയിരിക്കുന്നത് രാജ്യത്തിന്‍റെ വിഭവങ്ങള്‍ കൊണ്ടാണ്. അവ തച്ചുടച്ചാല്‍ അതുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങള്‍ ആരും ചര്‍ച്ചചെയ്തുകണ്ടില്ല. ഇനിയും ഭൂരഹിതര്‍ക്ക് വേണ്ടി അടുത്ത ഘട്ടം നിര്‍മ്മാണം നടത്താന്‍ കൂടി തയ്യാറെടുക്കുമ്പോള്‍ ഇടുക്കി അടുത്ത നാലോ അഞ്ചോ വര്‍ഷത്തിന് ശേഷം എന്തായി തീരും?  മൂന്നാറിലെ തോട്ടം മേഖലയിലെ ഭവനരഹിതരെ മുക്കാല്‍ ശതമാനവും അധിവസിപ്പിക്കാന്‍, അനധികൃത റിസോര്‍ട്ടുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍, അവ മാത്രം മതികാകും. അവയില്‍ അപകടാവസ്ഥയില്‍ സ്ഥിതിചെയ്യുന്നവയെ മാത്രം അവയുടെ അപകടാവസ്ഥമാറ്റിയും (നിലകള്‍ കുറച്ചും) അല്ലാത്തവ അത്യാവശ്യം റിമോഡലിംഗ് നടത്തി ഫ്ലാറ്റ് സമാന പാര്‍പ്പിടങ്ങളാക്കിമാറ്റി ക്രമപ്പെടുത്താവുന്നതേയുള്ളൂ. ഇനി മുതല്‍ ഇടുക്കിയിലെ ഓരോ നിര്‍മ്മാണവും അതീവജാഗ്രതയോടെയാവണം. ഇടുക്കിയ്ക്ക് മാത്രമായി ഒരു പരിസ്ഥിതിസൗഹൃദ നിര്‍മ്മാണചട്ടം രൂപീകരിച്ച് മാത്രമേ ചെയ്യാവൂ എന്ന് ചുരുക്കം. 

CHR ജൈവമണ്ഡലത്തെ ജീവനോടെ നിലനിര്‍ത്താനുള്ള വഴികള്‍

CHR മേഖല അഭിമുഖീകരിക്കുന്ന ഭൂപ്രശ്നങ്ങള്‍ പലതാണ്.
1. 7 സെപ്റ്റംബര്‍ 2005 സുപ്രീംകോടതി വിധിപ്രകാരം ഏലമലക്കാടുകള്‍ വനഭൂമിയാണ്. വനഭൂമി എന്ന സ്റ്റാറ്റസ് നിലനില്‍ക്കുന്നത് കൊണ്ടുതന്നെ ഇവിടെ കാര്‍ഷീക-താമസ ആവശ്യങ്ങള്‍ക്ക് അപ്പുറം ഭൂമി വിനിയോഗിച്ചുകൂടാ.
2. വനഭൂമിയുടെ പരിപാലനം കൂടെ നടക്കണം എന്നതിനാല്‍ ഇവിടെ  മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുവാദം ഉണ്ടായിരിക്കില്ല.   
3. കൃഷിമേഖല മൊത്തത്തില്‍ നഷ്ടത്തില്‍ ആയിരിക്കെ ഏലമല്ലാതെ വനത്തില്‍ എന്ത് കൃഷി ലാഭകരമായി ചെയ്യാന്‍ ആവുമെന്ന് ഈ കര്‍ഷകരെ ആരും പഠിപ്പിച്ചിട്ടില്ല. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏലകൃഷി ഇനി മുന്നോട്ട് ലാഭകരമാവില്ല എന്നുമാത്രമല്ല പശ്ചിമഘട്ടത്തെ ഏറ്റവും കൂടുതല്‍ വിഷലിബ്തമാക്കുന്ന കൃഷി എന്ന കുപ്രസിദ്ധിയും ഏലകൃഷിയ്ക്കുണ്ട്. 
4. സംരക്ഷിതവനമേഖലയെ വെട്ടിപ്പിടിച്ച് സ്വന്തം എസ്റ്റേറ്റ്കളോട് ചേര്‍ത്ത വന്‍ഏലക്കര്‍ഷകരുണ്ട്. 
5. ഈ മേഖലയില്‍ നിയമവിരുദ്ധമായി റിസോര്‍ട്ട് നടത്തി ടൂറിസം  കൊഴിപ്പിക്കുന്ന മാഫിയകള്‍ ഉണ്ട്. മൂന്നാര്‍ റിസോര്‍ട്ട് മാഫിയകള്‍ ഏറ്റവും കൂടുതല്‍ കയ്യേറിയ പ്രദേശം മൂന്നാര്‍ എന്ന കൊച്ചു പട്ടണമോ അവിടുത്തെ തേയിലത്തോട്ടങ്ങളോ അല്ല, CHR മേഖലയാണ്.
6. തൌഫീക്ക് പാറമട, മാര്‍ ബേസില്‍ പാറമട, തിങ്കള്‍ക്കാട് പാറമട, CMJ പാറമട... തുടങ്ങിയ ചെറുതും വലുതുമായ 100 കണക്കിന് പാറമടകള്‍ CHR മേഖലയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നു. എങ്ങനെയാണ് CHR വനമേഖലയില്‍ പാറമടകള്‍ക്ക് അംഗീകാരം കിട്ടിയത് എന്ന് ചോദിച്ചാല്‍ എല്ലാവരും കൈമലര്‍ത്തും. 

ഏലമലക്കാടുകളില്‍ വരുന്ന CHR നെ 'വനം' എന്ന സ്റ്റാറ്റസ് മാറ്റി അവിടെ 'ഉപാധിരഹിത പട്ടയം' കൊടുക്കുക എന്നതാണ് CHRല്‍ വസിക്കുന്നവര്‍ ഇന്ന് ഉന്നയിക്കുന്ന പ്രധാനആവശ്യം. ഒന്നാമതായി പറയട്ടെ. "ഉപാധിരഹിത പട്ടയം" എന്നൊന്ന് ഈ സംസ്ഥാനത്ത് എങ്ങും നിലനില്‍ക്കുന്നില്ല, തലസ്ഥാനനഗരിയില്‍ പോലും. ഭൂമി അത് ആരുടെ കൈവശമായിക്കൊള്ളട്ടെ അടിസ്ഥാനപരമായി അത് ഗവണ്മെന്റിന്റേത് ആണ്. ഒരാള്‍ക്ക്‌ സര്‍ക്കാര്‍ ഭൂമിവിനിയോഗത്തിനായി കൊടുക്കുമ്പോള്‍ അതില്‍ ആ ഭൂമിയുടെ ഉപയോഗത്തെക്കുറിച്ച് കൃത്യമായ നിബന്ധനകള്‍ പറയുന്നുണ്ടാവും. ആ നിബന്ധനകളില്‍ ഏതെങ്കിലും തെറ്റിച്ചാല്‍ ആ ഭൂമിപട്ടയം ഉടന്‍ റദ്ദാക്കപ്പെടുകയും ഭൂമി ഗവണ്മെന്‍റിലേയ്ക്ക് തിരിച്ച് എടുക്കപ്പെടുകയും ചെയ്യും. അതാണ്‌ കേരളത്തില്‍ ഏത് പൌരന് കൊടുത്തിരിക്കുന്ന പട്ടയത്തിലും അവസാനം പറഞ്ഞിരിക്കുന്ന വ്യവസ്ഥ. അങ്ങനെയെങ്കില്‍ പിന്നെ ഇടുക്കിയിലെ വനമേഖലയില്‍ കൃഷിചെയ്യാനും വീടുവെച്ച് താമസിക്കാനും ഭൂമിപട്ടയം കിട്ടിയിരിക്കുന്ന കര്‍ഷകര്‍ക്ക് എങ്ങനെ 'ഉപാധിരഹിത പട്ടയം' ചോദിക്കാന്‍ ആവും? അവരുടെ കയ്യിലെ പട്ടയത്തിന് വിലയില്‍ എന്നൊരു തെറ്റിദ്ധാരണയാണ് 'ഹൈറേഞ്ച് സംരക്ഷസമിതി'യടക്കമുള്ള രാഷ്ട്രീയ-മത സംഘടനകള്‍ കര്‍ഷകരുടെ ഇടയില്‍ സൃഷ്ടിച്ചത്. ആ പട്ടയത്തിന് ക്രയവിക്രയമൂല്യമുണ്ട്. പാട്ടവ്യവസ്ഥലംഘിക്കാത്തിടത്തോളം കാലം കൈവശംവെച്ച് അനുഭവിക്കാനുള്ള അവകാശമുണ്ട്‌. 

വാസ്തവത്തില്‍ അവര്‍ ആവശ്യപ്പെടുന്ന കാര്യം  CHR ഭൂമിയുടെ 'വന'മെന്ന സ്റ്റാറ്റസ് മാറ്റിക്കളയണമെന്നാണ്. ആതായത് അവര്‍ക്ക് എന്തിന് പട്ടയം കൊടുത്തോ (വനത്തിലെ ഏലകൃഷിക്കും-വനത്തിന് കോട്ടം വരുത്താത്ത മറ്റ് കൃഷികളും ആവാം- വീടുവെച്ചുള്ള വാസത്തിനും) അതിനോട് അവര്‍ക്ക് താത്പര്യമില്ലതാവുകയോ, അവര്‍ക്ക് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതാവുകയോ ചെയ്തിരിക്കുന്നു. ഇനി അവിടെ അവര്‍ക്ക് വ്യവസായങ്ങള്‍ തുടങ്ങാല്‍, ബഹുനിലക്കെട്ടിടങ്ങള്‍ പണിയാന്‍, മരങ്ങള്‍ മുറിച്ചുവില്‍ക്കാന്‍ താത്പര്യമുണ്ടെന്ന് അര്‍ത്ഥം. ഈ പ്രശ്നത്തെയാണ് പഠിക്കേണ്ടത്. തണലും തണുപ്പും ജനസംരക്ഷണവും ജൈവവൈവിധ്യവും നല്‍കുന്ന മരങ്ങള്‍ ഇനിയും മുറിക്കണോ? ലോറേഞ്ചില്‍  ഇപ്പോള്‍ത്തന്നെ ജനവാസം സാധ്യമാകാത്ത രീതിയില്‍ കാലാവസ്ഥമാറുകയും ജനം അല്പം ആശ്വാസം തേടിമലമുകളില്‍ എത്തുകയും ചെയ്യുമ്പോള്‍ ഒരു എക്കോ-ടൂറിസത്തിന്‍റെ സാധ്യത കളഞ്ഞുകുളിക്കണോ? ഇപ്പോള്‍ തന്നെ ഹൈറേഞ്ച് ജനതകള്‍ക്കിടയില്‍ നിശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു കാസര്‍ഗോഡന്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്ന്റെ ആക്കം കൂട്ടണോ? കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്പെഷ്യല്‍ സ്കൂളുകള്‍ ഉള്ള സ്ഥലങ്ങളില്‍ ഇടുക്കി ഇടംപിടിച്ചു കഴിഞ്ഞു. പത്തുവീടുകളില്‍ ഒന്നില്‍ ഒരാള്‍ എന്ന അനുപാതത്തില്‍ ക്യാന്‍സര്‍രോഗികള്‍ പെരുകികൊണ്ടിരിക്കുന്നു. റെഡ്ക്യാറ്റഗറി-എല്ലോക്യാറ്റഗറി വ്യവസായങ്ങള്‍ CHRവനമേഖലയ്ക്ക് വേണോ? ഇടുക്കിക്കാരന്റെ നാട്ടില്‍ ഉത്ഭവിക്കുന്ന പെരിയാര്‍ അത് ഒഴുകിയെത്തുന്ന ആലുവയില്‍ വ്യവസായമാലിന്യം കൊണ്ട് ആ പുഴ ചത്തു. അവിടെ ജനം, സ്ത്രീകളും കുട്ടികളുമടക്കം, ഈ വലിയ പ്രതിസന്ധിക്കെതിരെ ജനകീയപ്രക്ഷോഭങ്ങള്‍ നടത്തുമ്പോഴാണ് നിങ്ങളുടെ പുഴകളെ അതിന്‍റെ ഉത്ഭവത്തില്‍ വെച്ച് തന്നെ കൊല്ലാനുള്ള അവകാശത്തിന് വേണ്ടി നിങ്ങള്‍ ആവശ്യപ്പെടുന്നത് എന്ന് ഓര്‍ക്കണം. CHR ലെ ജനം തന്നെ ആലോചിച്ച് ഉത്തരം പറയേണ്ട വിഷയമാണ്. അല്ലെങ്കില്‍ ഏലമലക്കാടുകളിൽ നിങ്ങൾ ഭയക്കുന്ന കുടിയിറക്കല്ല നടക്കാൻ പോകുന്നത്, നിങ്ങൾ സ്വയം കുടിയൊഴിഞ്ഞുപോവുകയായിരിക്കും.  ഇപ്പോൾത്തന്നെ പശ്ചിമഘട്ടത്തിൽ നിന്ന് സ്വാഭാവികമായി കുടിയിറങ്ങന്നവരുടെ കണക്കുകൾ നോക്കിയാൽ അത് മനസ്സിലാകുന്നതേയുള്ളു. പണ്ട് ജനവാസമേഖലകൾ ആയിരുന്ന പ്രദേശങ്ങളിൽ നിന്ന് ഇടുക്കിയിലെ ജനങ്ങൾ ഇപ്പോൾത്തന്നെ അസൗകര്യങ്ങളെ മറികടക്കാൻ കൂടുതൽ സൗകര്യങ്ങളിലേയ്ക്ക് കുടിയിറങ്ങിപോരുന്നുണ്ട്.  

CHRലെ കര്‍ഷകന്‍റെ പ്രധാനപ്രശ്നങ്ങള്‍ കൃഷി ആദായകരമല്ലാതായതും, കൃഷിനശിപ്പിക്കുന്ന വന്യമൃഗങ്ങളും, അടിസ്ഥാനസൌകര്യങ്ങളായ റോഡ്‌, സ്കൂള്‍, കോളേജ്, ആശുപത്രികള്‍ എന്നിവ വേണ്ടത്ര ഇല്ലാത്തതുമാണ്. ഇവക്കൊക്കെ പരിഹാരം അന്വേഷിക്കുകയാണ് ആദ്യം വേണ്ടത്. കൃഷിയെ മാത്രം ആശ്രയിച്ച് ഇന്ത്യയില്‍ എവിടെയും കര്‍ഷകന് ജീവിക്കാന്‍ ആവില്ല എന്ന് സ്വതന്ത്രഇന്ത്യ കാലംകൊണ്ട് തെളിയിച്ചു കഴിഞ്ഞു. കൃഷിയോടൊപ്പം ഹൈറേഞ്ച് കര്‍ഷകര്‍ക്ക് ആദായകരമായ പലതും പ്രകൃതിയെ മെച്ചപ്പെടുത്തിക്കൊണ്ട് തന്നെ ചെയ്യാനാവുമെന്ന് കാട്ടിക്കൊടുക്കുകയും അതിന് പ്രോത്സാഹനം കൊടുക്കുകയും ചെയ്യേണ്ടത് സംസ്ഥാനസര്‍ക്കാറിന്റെ കടമയാണ്. വനമേഖലയില്‍ ആദ്യകരമായി ചെയ്യാന്‍ കഴിയുന്ന തേനീച്ചവളര്‍ത്തല്‍, വനഹോര്‍ട്ടികള്‍ച്ചറല്‍ (വനഓര്‍ക്കിഡുകള്‍), കേന്ദ്രീകൃത പശു-ആട് വളര്‍ത്തല്‍, പശ്ചിമഘട്ടത്തിലെ ബ്രാന്‍ഡഡ്‌  ജൈവഉത്പ്പന്നങ്ങളുടെ കയറ്റുമതിയൂണിറ്റുകളുടെ നടത്തിപ്പ് (വയനാട്ടില്‍ സ്വകാര്യമേഖലയില്‍ വര്‍ഷങ്ങളായി വലിയ ലാഭത്തില്‍ കര്‍ഷകര്‍ കൊണ്ടുനടക്കുന്ന 'എലമെന്റ്സ്' പോലുള്ള യൂണിറ്റുകള്‍ എന്തുകൊണ്ട് സര്‍ക്കാറിന് ചെയ്യാന്‍ ആവുന്നില്ല!) എന്നിവ സബ്സിഡിയോടുകൂടി തന്നെ പ്രോത്സാഹിപ്പിക്കപ്പെടണം. അതിനെല്ലാം ഉപരിയായി 'ഫാം ടൂറിസം' എന്ന മേഖലയെ പൂര്‍ണ്ണമായി കര്‍ഷകര്‍ക്ക് കൃത്യമായ നിബന്ധനകളോടെ വിട്ടുകൊടുക്കേണ്ടതുണ്ട്. ഇടുക്കിയ്ക്ക് ആവശ്യം ഫാം ഹൌസുകളും കര്‍ഷകര്‍ മേല്‍നോട്ടം വഹിക്കുന്ന ഹോം സ്റ്റേകളുമാണ്. അത് ആ കര്‍ഷകജനതയുടെ ഒരു പ്രധാനവരുമാനമാര്‍ഗ്ഗമായി മാറണം. അഗസ്ത്യാര്‍കൂടം പോലെ മൂന്നാറും ഏലമലക്കാടുകളും  ഇടുക്കിയുടെ പ്രകൃതിലോലമേഘലകളും നിയന്ത്രിതമായ എക്കോടൂറിസത്തിലാണ് ഇടം നേടേണ്ടത്.  ഇവിടെ ത്രീസ്റ്റാര്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട്വാസികള്‍ ആയ വിനോദസഞ്ചാരികളെയല്ല പ്രോത്സാഹിപ്പിക്കേണ്ടത്. എക്കോ-ടൂറിസത്തില്‍ നിന്ന് വരുമാനം കണ്ടെത്തേണ്ടത്‌ കുത്തകകള്‍ അല്ല, ഇടുക്കിയിലെ കര്‍ഷകജനത തന്നെയായിരിക്കണം. വനമില്ലെങ്കില്‍ പിന്നെ ഈ പറയുന്നതൊന്നും ഇല്ലായെന്ന് അപ്പോള്‍ അവര്‍ക്ക് ബോധ്യമാകും. CHR ഇനിയും ജൈവസമര്‍ദ്ധിയില്‍ വളര്‍ന്നേമതിയാകൂ. അതിന്‍റെ ചാലകശക്തിയായി അവിടുത്തെ കര്‍ഷകറായി മാറുകയും വേണം.

വന്‍കിടകയ്യേറ്റങ്ങളെ ഒഴിപ്പിച്ചേ മതിയാകൂ എന്ന് സ്വന്തം നിലനില്‍പ്പിനെപ്രതിയെങ്കിലും CHRലെ ജനങ്ങൾ ഇനിയെങ്കിലും തീരുമാനിക്കണം. നിങ്ങളുടെ സ്ഥാനത്തും അസ്ഥാനത്തുമുള്ള ഭയത്തിൽ ആണ് നൂറുകണക്കിന് പാറമടകൾ നിങ്ങളുടെ തന്നെ ജീവിതത്തെ ദുരിതത്തിൽ ആക്കുംവിധം അവിടെ കൊഴുത്തത്. നിങ്ങളുടെ ജീവനോപാധിയാകേണ്ട ടൂറിസം മേഖലയിൽ ആണ് റിസോർട്ട് മാഫിയകൾ കടന്നുകയറിയത്. കൂടാതെ വനംവെട്ടിപ്പിടിച്ച കുത്തകകർഷകർ പുറത്തുനിന്നും നിങ്ങളുടെയുള്ളില്‍ നിന്നും ഉണ്ടായിട്ടുണ്ട് എന്ന് 50 ഏക്കര്‍ തോട്ടത്തിന് പട്ടയംകിട്ടിയവര്‍ ഇന്ന് 150 ഏക്കര്‍ ഏലത്തോട്ടം കൈവശം വെക്കുമ്പോള്‍ അറിയണം. അതുകൊണ്ട് കാര്യങ്ങളെ നെല്ലുംപതിരും തിരിച്ചുതന്നെ മനസ്സിലാക്കണം.

Wednesday, April 19, 2017

http://www.marunadanmalayali.com/news/news-series/moonnar-the-story-of-invasion-part-1-53476

അരക്ഷിതരായ ഇടുക്കിജനതയുടെ ഭയം- മാഫിയാവേരോട്ടത്തിന്റെ വളക്കൂറുള്ള മണ്ണ്


ഇടുക്കിയുടെ വിമോചനം എവിടെ തുടങ്ങണമെന്നറിയണമെങ്കില്‍ ഇടുക്കിയുടെ അരക്ഷിതമായ ജീവിതപരിസരങ്ങളില്‍ ജീവിക്കുന്നവര്‍ ആരൊക്കെ എന്ന് ആദ്യം അറിയണം. അവരില്‍ തുടങ്ങണം ആ മോചനമുന്നേറ്റം. അവരുടെ വിശ്വാസം നേടിയെടുത്താലല്ലാതെ ഇടുക്കിയില്‍ നിന്ന് മാഫിയ കയ്യേറ്റങ്ങളെ തുരത്താന്‍ ആവില്ല. കാരണം ഇപ്പോള്‍ റിസോര്‍ട്ട്-തോട്ട-പാറമട മാഫിയകളെ തുരത്തുന്ന അതേ നിയമമാനദണ്ഡം വെച്ച് ഇവിടുത്തെ 70 - 80 % വരുന്ന സാധാരണക്കാര്‍ മനുഷ്യരെ കുടിയിറക്കുകയോ അവരുടെ സാധാരണ ജീവിതത്തിന് മേല്‍ കൂച്ചുവിലങ്ങിടുകയോ ചെയ്യില്ലായെന്ന് അവര്‍ക്കിന്ന് സ്വാഭാവികമായി വിശ്വസിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഇടുക്കിയുടെ ജനതയേയും അവര്‍ അധിവസിക്കുന്ന ഇടങ്ങളേയും പൊതുസമൂഹം ആദ്യം പരിചയപ്പെടണം. 
ഇടുക്കിയുടെ ജനതയെ വിശാലമായി ഇങ്ങനെ തിരിക്കാം. 1) കുടിയേറ്റ കര്‍ഷകര്‍, 2) തോട്ടമുടമകള്‍, 3) തോട്ടംതൊഴിലാളികള്‍, 4) ആദിവാസികള്‍, 5) കര്‍ഷകത്തൊഴിലാളികള്‍,  5) ടൂറിസഅനുബന്ധമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രദേശവാസികള്‍ (മോട്ടോര്‍വാഹന തൊഴിലാളികള്‍/ടൂറിസ്റ്റ് ഗൈഡുകള്‍), 6) സേവനമേഖലയില്‍ ഉള്ളവര്‍ (കച്ചവടക്കാര്‍ അടക്കം). ഈ ജനതകള്‍ അധിവസിക്കുന്ന ഇടങ്ങള്‍ ആണ് പ്രധാനപരാമര്‍ശം അര്‍ഹിക്കുന്നത്. ഇതില്‍ അഞ്ചും ആറും വിഭാഗത്തില്‍പ്പെട്ടവര്‍ തുലോംതുച്ഛമാണ്. അതായത് ഇടുക്കിയിലെ തനത് ജനത ഏതാണ്ട് 90%വും  ഇന്നും കൃഷിയേയോ കൃഷിഅനുബന്ധമേഖലയേയോ ആശ്രയിച്ചുജീവിക്കുന്നവരാണ്. ഇവര്‍ അതിവസിക്കുന്ന ഇടങ്ങള്‍ ആണ് ഇവിടെ വിശദമായ പരാമര്‍ശം ആവശ്യപ്പെടുന്നത്.

ഇടുക്കിജനത അധിവസിക്കുന്ന ഇടങ്ങള്‍:

1. സാധാരണ പോക്കുവരവ് നടത്തിയ പട്ടയംകിട്ടിയ ഇടങ്ങളില്‍ വസിക്കുന്നവര്‍
സാധാരണ മറ്റുജില്ലകളിലേതുപോലെ ഭൂമികൈവശംവെച്ച് സാധാരണ പാട്ടവ്യവസ്ഥകള്‍ മാത്രമനുസരിച്ച് ഭൂമി ഉപയോഗിക്കാന്‍ കഴിയുന്ന ജനങ്ങള്‍ അധിവസിക്കുന്ന ഇടങ്ങള്‍ ഇടുക്കിയില്‍ വളരെ പരിമിതമാണ്. തോട്ടംമേഖലകള്‍ക്കും ഏലമലക്കാടുകള്‍ക്കും ആദിവാസി-വനമേഖലകള്‍ക്കും പുറത്തുതാമസിക്കുന്നവരാണ് ഇവര്‍. അതായത് ഒരു ന്യൂനപക്ഷം തദ്ദേശജനത ഇടുക്കിയുടെ ഭൂവിഷയത്തില്‍ സ്വതന്ത്രമായ അഭിപ്രായം പറയാന്‍ പറ്റുന്ന രീതിയില്‍ ഭൂസുരക്ഷിതത്വം അനുഭവിക്കുന്നവരാണ് എന്ന് ചുരുക്കം. അവര്‍ ഏതാണ്ട് എല്ലാവരുംതന്നെ ലോറേഞ്ചില്‍ താമസിക്കുന്നവരുമാണ്.
2. CHR (Cardamom Hill Reserve) വനമേഖലയില്‍ താമസിക്കുന്നവര്‍
1822 ല്‍ അന്നത്തെ തിരുവതാംകൂര്‍ സര്‍ക്കാര്‍ ആണ് ഇടുക്കിയിലെ ഒരു വിശാലഇടത്തില്‍ വ്യാപിച്ചുകിടക്കുന്ന വനപ്രദേശത്ത് പശ്ചിമഘട്ടത്തിന്‍റെ തനത് വിളയായ ഏലം വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതിനുള്ള അനുകൂലസാധ്യത തിരിച്ചറിഞ്ഞ്. ആ മേഖലയെ 'ഏലമലക്കാടുകള്‍' എന്ന പേരില്‍ ഏലകൃഷിക്കായി പിന്നീട് കൊടുക്കുകയായിരുന്നു. 1897 ലെ രാജകല്പനപ്രകാരം 15,721 ഏക്കര്‍ സ്ഥലമാണ് ഇപ്രകാരം ഇടുക്കിയില്‍ ഏലം കൃഷിക്കായി കണ്ടെത്തിയത്. തത്വത്തില്‍ വനമേഖയെങ്കിലും ആകെ വിസൃതിയില്‍ 264,885 ഏക്കര്‍ ഉള്ള CHR മേഖലയിലെ 140,500 ഏക്കറോളം ഭൂമി പല ഭൂമികൈമാറ്റനിയമ പ്രകാരം പതിച്ചുകൊടുത്തു. ശേഷിക്കുന്ന 124,386 ഏക്കര്‍ ഭൂമിയാണ്‌ ഇപ്പോള്‍ ഏലകൃഷിക്കായി പാട്ടത്തിന് കൊടുത്തിരിക്കുന്നത്. വനഭൂമിയായ CHR മേഖല കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലമായി സംസ്ഥാനഗവണ്മെന്റിന്റെ കീഴില്‍ റെവന്യൂഭൂമിയായി കൈകാര്യം ചെയ്യപ്പെടുന്ന മേഖലയാണെന്ന് ഗവണ്മെന്‍റ് അവകാശപ്പെടുന്നു. ഈ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാരും വനവകുപ്പും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നു. അതായത് ഇടുക്കിയുടെ ചങ്കായ ഭാഗം എന്ന് പറയാവുന്ന CHR വനമേഖലയില്‍ ആദ്യകാലം മുതല്‍ പട്ടയം കൊടുത്തിരുന്നത് ഏലംകൃഷിചെയ്യാന്‍ മാത്രമായിരുന്നു. എന്നാല്‍ നിലവില്‍ അവിടെ കുത്തകപ്പാട്ടഭൂമിയൊഴികെ സാധാരണക്കാരന്റെ കൈവശമിരിക്കുന്ന എല്ലാ ഭൂമിക്കും 'ഉപാധിരഹിത പട്ടയം' കിട്ടുകയോ, കൊടുക്കാന്‍ ഗവണ്മെന്‍റ് നടപടികള്‍ സ്വീകരിച്ചുവരികയോ ചെയ്യുന്നുണ്ട്. പട്ടയം എന്തുതന്നെയാലും ഈ ഭൂമിയെ 'വനഭൂമി' എന്ന സ്റ്റാറ്റസില്‍ നിന്ന് മാറ്റണം എന്ന ആവശ്യമാണ്‌ ഇപ്പോള്‍ തര്‍ക്കവിഷയമായിരിക്കുന്നത്. തയായത് നിലവിലുള്ള പട്ടയപ്രകാരം ഇടുക്കിയുടെ മലയോരമേഖലയിലെ ചെറുതുംവലുതുമായ എല്ലാ പട്ടണങ്ങളും (ചെറുതോണി, നെടുംകണ്ടം, രാജാക്കാട്, കട്ടപ്പന, കുമളി....) CHRല്‍ വരുന്നതും അവിടങ്ങളില്‍ നടത്തുന്ന മനുഷ്യഇടപെടലുകള്‍ തത്വത്തില്‍ വനഭൂമിനിയമമനുസരിച്ച് ആവേണ്ടതുമാണ്. അതായത് ഏലകൃഷിആവശ്യത്തിനും വീടുവെച്ച് താമസിക്കുന്നതിനുമായി കൊടുത്തിരിക്കുന്ന ഈ വനഭൂമിപട്ടയപ്രകാരം അവിടെ അടിക്കാടുകള്‍ അല്ലാത്ത നാല് അടിയില്‍ കൂടുതല്‍ വളര്‍ന്നിരിക്കുന്ന ഏതുമരങ്ങളും മുറിക്കുന്നതിനും തഹസില്‍ദാരുടേയും വനംവകുപ്പിന്‍റെയും അനുവാദം വാങ്ങിയിക്കണം, വ്യവസായങ്ങള്‍ (കുടില്‍ വ്യവസായങ്ങള്‍ ഒഴികെ) ഒന്നും പാടില്ല, റിസോര്‍ട്ട്/ഫ്ലാറ്റ് സമാനമായ ബഹുനിലക്കെട്ടിടങ്ങളുടെ നിര്‍മ്മാണം പാടില്ല, ഒരു രീതിയിലുള്ള ഖനനവും അനുവദനീയമല്ല. അവിടെ അധിവസിക്കുന്ന കര്‍ഷകജനതയെ സംബന്ധിച്ച് ഈ പട്ടയഉപാധികള്‍ക്ക് ഗുണദോഷങ്ങള്‍ ഉണ്ട്. അതിന്‍റെ ദോഷവശങ്ങള്‍ മാത്രമാണ് ഇപ്പോള്‍ 'ഉപാധിരഹിത പട്ടയം' എന്ന ആവശ്യം ഉന്നയിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.
3. ലയങ്ങളില്‍ തൊഴില്‍ സംബന്ധമായി താമസിക്കുന്നവര്‍
തോട്ടംമേഖലയില്‍ വസിക്കുന്ന തമിഴ്വംശജരാണ് ലയങ്ങളില്‍ വസിക്കുന്ന ഇടുക്കിക്കാരില്‍ ഏറിയ പങ്കും. ഇവര്‍ മൂന്നുംനാലും തലമുറകള്‍ക്ക് മുന്‍പ് തോട്ടങ്ങളില്‍ പണിചെയ്യാന്‍ തമിഴ്നാട്ടില്‍ നിന്ന് സായിപ്പ് വഴി വന്നവരുടെ പിന്‍തലമുറക്കാര്‍ ആണ്. അവര്‍ ഒരിക്കലും ഭൂവുടമകള്‍ ആയിരുന്നില്ല.  2016 അവസാനത്തോടെ കെ.എസ്.കെ.ടി.യു ജില്ലയില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ ആകെ ഭവനരഹിതരുടെ എണ്ണം 21,179 ആണ് (6194 ഭൂരഹിതര്‍, 5462 ഭവനരഹിതര്‍, 9523 വാസയോഗ്യമായ വീട് ഇല്ലാത്തവര്‍). അത് ഗവണ്മെന്റ് സര്‍വ്വേയില്‍ പറയുന്ന 7970തിലും ഏറെ കൂടുതല്‍ ആണ്. സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണ പദ്ധതിയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് അത് 24628 ഉം ആണ്. എന്നാല്‍ ഇടുക്കിയുടെ കാര്യത്തില്‍ ഇതൊന്നുമല്ല സത്യം എന്ന് തിരിച്ചറിയേണ്ടതുണ്ട്. കാരണം ഈ കണക്കുകളില്‍ ഒക്കെ തോട്ടംമേഖലയില്‍ ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളിജനത ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കണം. കാരണം KDH വില്ലേജില്‍ തന്നെ ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളുടെ എണ്ണം 12441 ആണ്. ഇടുക്കിയുടെ തോട്ടംമേഖലമാത്രം എടുത്താല്‍ 30,000 ത്തില്‍ കൂടുതല്‍ ഭവനരഹിതര്‍ ഉണ്ടാവും. തോട്ടംതൊഴിലാളികള്‍ ആയിരിക്കുന്നിടത്തോളം കാലമാണ് അവര്‍ക്ക് ഈ ലയങ്ങളില്‍ താമസിക്കാന്‍ കഴിയുന്നത്‌. ഒരു വീട്ടില്‍ ഒരാളെങ്കിലും തൊഴിലാളിയല്ലാതായിതീരുന്ന കാലത്ത് അവര്‍ ലയങ്ങള്‍ ഒഴിഞ്ഞുപോയിക്കൊള്ളണം. തോട്ടംതൊഴിലാളികള്‍ക്ക് സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്തവരാണ്. അതില്‍ അത്യപൂര്‍വ്വം ചിലര്‍ക്കാണ് സ്വന്തമായി സ്ഥലവും വീടും ഉള്ളത്.  പെമ്പിളഒരുമൈ സമങ്ങള്‍ക്കൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചാലകശക്തി ഭൂ-ഭവനപ്രശ്നം തന്നെയാണ്. പെമ്പിളഒരുമൈ ഈ പ്രശ്നത്തെ വീണ്ടും  ഉയര്‍ത്തിക്കാട്ടി ഒരു രണ്ടാംസമരത്തിനുള്ള പുറപ്പാടിലാണിപ്പോള്‍. കയ്യേറ്റങ്ങളുടെ  പട്ടിക അവരും തയ്യാറാക്കുന്നു. പറഞ്ഞുവരുന്നത് തമിഴ് തോട്ടംതൊഴിലാളികളുടെ പ്രശ്നം കൂടി കേരളസര്‍ക്കാര്‍ കാര്യമായി എടുക്കാത്ത പക്ഷം വലിയ രാഷ്ട്രീയപ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കാന്‍ ഒരുങ്ങിയിരിക്കുക തന്നെ വേണം. ഇപ്പോള്‍ തന്നെ തദ്ദേശസ്വയംഭരണസ്ഥാപങ്ങളില്‍ AIADMK രണ്ട് സീറ്റ് നേടിക്കഴിഞ്ഞു.
4. ആദിവാസികള്‍ സെറ്റില്‍മെന്റുകള്‍
വയനാട് കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ താമസിക്കുന്ന ജില്ല ഇടുക്കിയാണ്. ജില്ലയില്‍ ആകെ 245 ആദിവാസിസെറ്റില്‍മെന്റുകള്‍ ആണ് ഉള്ളത്. 2001 ലെ സര്‍വ്വേപ്രകാരം ഇടുക്കിയില്‍ അരലക്ഷത്തോളം (50973) ആദിവാസികള്‍ ഉണ്ട്. ഇടുക്കിയിലെ ആദിവാസികള്‍ പൊതുവില്‍ മുഖ്യധാരാസമൂഹവുമായി അടുത്ത് ഇടപഴകി ജീവിക്കുന്നവരും കൂടുതല്‍ വിശാലമായ സെറ്റില്‍മെന്റില്‍ താമസിക്കുന്നവരുമാണ്. അതില്‍ത്തന്നെ മലയരയസമുദായം പോലുള്ള വിഭാഗങ്ങള്‍ ഉന്നതവിദ്യാഭ്യാസം നേടി പ്രദേശവാസികളായ പൊതുസമൂഹത്തോളം തന്നെ സാമ്പത്തികസുരക്ഷിതത്വത്തില്‍ എത്തിയവരും രാഷ്ട്രീയവിലപേശല്‍ നടത്താന്‍ പര്യാപ്തമായവരുമാണ്. അതേസമയം ഇനിയും മുഖധാരയിലേയ്ക്ക് കടന്നുവരാത്ത മലംപണ്ടാരങ്ങള്‍ പോലുള്ള ചെറുസമൂഹങ്ങളും ഉണ്ടെന്നത് വാസ്തവമാണ്. കേരളത്തിലെ ആദ്യആദിവാസി പഞ്ചായത്തും ഇടുക്കിയ്ക്ക് അവകാശപ്പെട്ടതാണ്. 245 ആദിവാസി സെറ്റില്‍മെന്റുകളുള്ള ഇടുക്കിയില്‍ വയനാട്ടിലും കണ്ണൂരും പത്തനംതിട്ടയിലുമൊക്കെ സംഭവിക്കുന്ന രീതിയില്‍ വലിയ ഭൂപ്രശ്നങ്ങളൊന്നുമില്ല.  ഇതുവരെ ഭൂമിസംബന്ധമായി ഇടുക്കിയിലെ ആദിവാസികള്‍ നടത്തിയ ഏകപ്രക്ഷോഭം 62 ആദിവാസികള്‍ ഉള്‍പ്പെടുന്ന പെരിഞ്ഞാംകുട്ടി പ്രക്ഷോഭം മാത്രമാണ്. ഇവിടെ ആദിവാസികള്‍ക്ക് എല്ലാവര്‍ക്കും തന്നെ വസിക്കാന്‍ സ്വന്തമായി ഭൂമിയുള്ളവരാണ്. എന്നാല്‍ ഇടുക്കിയിലെ ആദിവാസി ഭൂപ്രശ്നം മറ്റൊന്നാണ്.
മുഖ്യധാരയില്‍ എത്തിയ ആദിവാസികള്‍ക്ക് അവരുടെ ഭൂമി വില്‍ക്കാനോ അതില്‍ മുഖ്യധാര സമൂഹത്തോട് ചേര്‍ന്ന് വികസനപ്രവര്‍ത്തങ്ങള്‍ നടത്താനോ ആവുന്നില്ല.   കൂടാതെ സാമ്പത്തീക സുരക്ഷിതത്വമുള്ള ഇവര്‍ സെറ്റില്‍മെന്റിന് പുറത്ത് ഭൂമിവാങ്ങിയാലും അത് പിന്നീട് പൊതുസമൂഹത്തില്‍ ഒരാള്‍ക്ക് മറച്ചുവില്‍ക്കാന്‍ ആവില്ല. അതായത് ഒരു ആദിവാസി എല്ലാക്കാലത്തും സെറ്റില്‍മെന്റില്‍ തന്നെ താമസിക്കുന്ന ആദിവാസി ആയിരിക്കണമെന്ന്  സെറ്റില്‍മെന്റ് നിയമം തത്വത്തില്‍ അനുശാസിക്കുന്നു. മൂന്നാര്‍ വിഷയത്തില്‍ ഏറെ ചീത്തപ്പേര് കേട്ട എം.ഐ. രാവീന്ദ്രനെപ്പോലുള്ള ആദിവാസി ഉന്നതഉദ്യോഗസ്ഥര്‍ ഉന്നയിച്ച അടിസ്ഥാന പ്രശ്നങ്ങളില്‍ ഒന്ന് ഇതായിരുന്നു. പക്ഷേ, അദ്ദേഹത്തെയൊന്നും ആരും വിലക്കെടുത്തില്ല. അയാള്‍ ഒരു ആദിവാസിയും ഈ ഭൂപ്രശ്നത്തിന്‍റെ ദൂഷ്യഫലങ്ങള്‍ അനുഭവിക്കുന്ന ആളും ആണ്. ഇന്നും സ്വന്തം പേരില്‍ ഒരു സെന്റ്‌ പട്ടയഭൂമി പോലും ഇല്ലാത്ത ആള്‍. സെറ്റില്‍മെന്റിലെ കൈവശാവകാശരേഖ യാഥാര്‍ഥ്യത്തില്‍ ആദിവാസികള്‍ക്ക് കൊടുത്ത ഒരു ബ്ലാങ്ക് ചെക്ക് മാത്രമാണ്. അതിന് ക്രയവിക്രയമൂല്യമൊന്നുമില്ല. ഇടുക്കിയില്‍ മാത്രം ഒരു ആദിവാസി രോഗിയായിരിക്കുമ്പോഴോ പെണ്‍കുട്ടിയെ കെട്ടിച്ചുവിടാനോ കളക്ടറുടെ അനുവാദത്തോടെ ഭൂമി വില്‍ക്കാം എന്നൊരു ധാരണ നിലവിലുണ്ടെങ്കിലും അതിന് നിയമസാധുതയൊന്നുമില്ല. ആദിവാസിസംരക്ഷണത്തിന് കൊണ്ടുവന്ന സെറ്റില്‍മെന്റ് നിയമം ആ സമൂഹം സാംസ്ക്കാരികവും സാമ്പത്തികവും രാഷ്ട്രീയവുമായി ശക്തിപ്പെടുന്നതനുസരിച്ച് മാറിപ്പോയില്ലെങ്കില്‍ അത് അവരെത്തന്നെ സാമൂഹ്യപുറംതള്ളലിലേയ്ക്ക് (social exclusion) നയിക്കും. അതാണ് ഇപ്പോൾ ചില ആദിവാസി സമൂഹങ്ങൾക്കിടയിൽ ഇടുക്കിയിൽ കണ്ടുതുടങ്ങിയിരിക്കുന്നത്. അവർ തന്നെ അതുകൊണ്ട് സെറ്റിൽമെന്റ് നിയമത്തിനെതിരെ പ്രതികരിച്ചുതുടങ്ങി.

5. സെറ്റില്‍മെന്റ്റില്‍ താമസിക്കുന്ന പൊതുവിഭാഗം (General Category) ജനങ്ങള്‍.
ഇടുക്കിയില്‍ പൊതുവില്‍ രണ്ടുതരം ആദിവാസി സെറ്റില്‍മെന്റുകളാണ് ഉള്ളത്: വനം, റെവന്യൂ സെറ്റില്‍മെന്റുകള്‍. ഇടമലക്കുടി എന്ന ആദിവാസി പഞ്ചായത്തിലും വനാന്തരത്തില്‍ താമസിക്കുന്ന ഒറ്റപ്പെട്ട ആദിവാസിക്കുടികളിലും ഒഴികെ ഒരിടത്തും ആദിവാസികള്‍ തനിച്ച് താമസിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ശേഷം എല്ലാ ആദിവാസി സെറ്റില്‍മെന്റുകളിലും പൊതുവിഭാഗത്തില്‍പ്പെട്ട ജനങ്ങളും ആദിവാസികളും ഒത്തുചേര്‍ന്നാണ് താമസിക്കുന്നത്. എങ്ങനെ ആദിവാസിസെറ്റില്‍മെന്റില്‍ പൊതുവിഭാഗത്തിലുള്ളവര്‍ കയറിതാമസിച്ചു എന്ന് ചോദിച്ചാല്‍ അട്ടപ്പാടിയിലേതുപോലുള്ള വഞ്ചനയുടെ ചരിത്രം ഏറെയൊന്നും പറയാന്‍ ഇടുക്കിയുടെ സെറ്റില്‍മെന്റുകള്‍ക്ക്‌ ഉണ്ടാവില്ല. അതില്‍ താമസിക്കുന്ന പൊതുവിഭാഗത്തില്‍പ്പെട്ടവര്‍ വളരെ സാധാരണക്കാരോ ദരിദ്രരോ ആണ്. അവരൊക്കെ കുറഞ്ഞ വിലയില്‍ കുറച്ച് സെന്റ്റുകള്‍ വാങ്ങി ഒരു വീടുവെക്കാനോ അല്പം കൂടുതല്‍ കൃഷിസ്ഥലം കിട്ടനോ വേണ്ടി സെറ്റില്‍മെന്റില്‍ എത്തിയവരാണ്. അവര്‍ക്കൊന്നും കൃത്യമായ രേഖകളുമില്ല. വീട്ടില്‍ കറന്റ് എടുക്കുന്നത് പോലും ഇപ്പോഴും അവര്‍ക്ക് ചെയ്തുകൊടുക്കുന്നത് സ്ഥലം വിലയ്ക്ക് കൊടുത്ത ആദിവാസികള്‍ തന്നെയാണ്. ഇതെല്ലാം നിയമവിരുദ്ധമല്ലേ എന്ന് ചോദിച്ചാല്‍ 'ആണ്' എന്നത് തന്നെയാണ് ഉത്തരം. പക്ഷേ, സെറ്റില്‍മെന്റില്‍ ഇനിമുതല്‍ പൊതുവിഭാഗത്തില്‍ നിന്നുള്ള ഒരാളും താമസിച്ചുകൂടാ എന്ന നിയമം കണിശമായി നടപ്പിലാക്കിയാല്‍  ഇടുക്കിയുടെ തൊടുപുഴ, പീരുമേട്, ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ നിന്ന് വ്യാപകമായ കുടിയിറക്ക് ഉണ്ടാകും. അങ്ങനെ കുടിയിറങ്ങേണ്ടിവരുന്നവരുടെ എണ്ണം വളരെ വലുതായിരിക്കും. അവരിൽ 95% പേരും ഭൂരഹിതരും ഭവനരഹിതരും ആകും. ഇതൊക്കെ താങ്ങാന്‍ ഇടുക്കിയ്ക്ക് ആകുമോ? ഇവിടുത്തെ ഭരണകൂടത്തിന് ആകുമോ?

6. KSEB ഭൂമിയില്‍ താമസിക്കുന്നവര്‍
ഏറ്റവും കൂടുതല്‍ ജലവൈദ്യുതപദ്ധതികള്‍ ഉള്ള ജില്ലയാണ് ഇടുക്കി. ജലവൈദ്യുതപദ്ധതികളുടെ നിര്‍മ്മാണത്തിന് ഇടുക്കിയില്‍ അങ്ങോളമിങ്ങോളം KSEB പല കാലങ്ങളിൽ ആയി സ്ഥലമെടുപ്പ് നടത്തിയിട്ടുണ്ട്. എന്നാൽ അതിൽ എല്ലാ പദ്ധതികളും പൂർത്തീകരിക്കപ്പെടുകയോ സ്ഥലമെടുപ്പ് നടത്തിയിടത്തു നിന്ന് ആളുകളെ കുടിയൊഴിപ്പിച്ച് അവര്‍ക്ക് പകരം സ്ഥലം കൊടുക്കുകയോ ചെയ്തിട്ടില്ല. KSEB അളവെടുത്തുപോയ ഭൂമി എന്ന നിലയ്ക്ക് അവയില്‍ റിസര്‍വ്വേ നടത്തുകയോ പട്ടയത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുകയും ഉണ്ടായില്ല. അങ്ങനെയുള്ള ഭൂമിയില്‍ അധിവസിക്കുന്ന ധാരാളം ആളുകള്‍ ഇടുക്കിയില്‍ ഉണ്ട്. രാജാക്കാട് പോലുള്ള മേഖലകള്‍ ഉദാഹരണങ്ങളാണ്. കൂടാതെ ഡാമുകളുടെ ക്യാച്ച്മെന്റ് ഏരിയയിൽ നിന്ന് പത്തുചങ്ങലപ്പാട്‌ മാറിയേ മനുഷ്യവാസമോ കൃഷിയോ പാടുള്ളൂ എന്ന നിയമം നിലനിൽക്കെ ഡാമിലെ ജലസമർദ്ധിനോക്കി ക്യാച്ച്മെന്റ് ഏരിയയിൽ കൃഷി ചെയ്തുവരുന്നവരുമുണ്ട്. KSEB ഭൂമിയിൽ താമസിക്കുന്നവരുടെ പട്ടയം തീരുമാനത്തിൽ എത്താത്ത ഒന്നായതുകൊണ്ട് അവരും അരക്ഷിതരാണ്.

7. വനഭൂമിയില്‍ താമസിക്കുന്നവര്‍
നിലവിലുള്ള ഒരു നിയമപ്രകാരവും പട്ടയം കിട്ടാന്‍ സാധ്യതയില്ലാതെ 1977 ന് ശേഷം വനഭൂമികയ്യേറി വെട്ടിത്തെളിച്ച് അവിടെ താമസമാക്കിയ ആയിരക്കണക്കിന് മനുഷ്യരുണ്ട്‌ ഇടുക്കിയില്‍. ഹൈറേഞ്ചിന്‍റെ എല്ലാ പ്രവശേനമാര്‍ഗ്ഗങ്ങളിലും അവര്‍ കൂട്ടമായി തിങ്ങിപാര്‍ക്കുന്നു. ഇവരാരും വന്‍കുടിയേറ്റക്കാരോ റിസോര്‍ട്ട് മാഫിയയോ വന്‍തോട്ടംഉടമകളോ അല്ല. ഇടുക്കിയിലേയ്ക്കുള്ള പ്രധാനമലവഴികളുടെയെല്ലാം അതിരുകള്‍ ഇന്നു കണ്ടാല്‍ മനുഷ്യര്‍ കാലങ്ങളായി തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളാണെന്നേ തോന്നു. എന്നാല്‍ അവയൊക്കെ തന്നെയും 1977 ന് ശേഷം നടന്ന വനഭൂമി കയ്യേറ്റങ്ങളാണ്. ഉദാഹരണത്തിന് മലയോരഹൈവെ കടന്നുപോകുന്ന വണ്ണപ്പുറം - വെണ്മണി ഭാഗത്ത് കിലോമീറ്ററുകളോളം വളരെ സാധാരണക്കാരായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നത് 1977 ശേഷം വനഭൂമി വെട്ടിപ്പിടിച്ചെടുത്താണ്. അതുപോലെതന്നെ ആലുവ-ഇടുക്കി റോഡിന്റെ ഇരുവശവും നീണ്ടപാറ മുതല്‍ പനംകുട്ടിക്ക് അപ്പുറം വരെയും ഇങ്ങനെ വെട്ടിപ്പിടിച്ച വനഭൂമി തന്നെ. ഇനി ഹൈറേഞ്ചിന്‍റെ ഉള്ളിലേയ്ക്ക് കടന്നാല്‍ 1977 ന് ശേഷമുള്ള സാധാരണ ജനങ്ങളുടെ കയ്യേറ്റങ്ങള്‍ ആയിരക്കണക്കിനാണ്. നിലവിലുള്ള നിയമം വെച്ച് അവര്‍ക്കാര്‍ക്കും ഒരിക്കലും പട്ടയം കിട്ടാന്‍ പോകുന്നില്ല. വനഭൂമിയായതുകൊണ്ട്‌ അവിടെ നിന്ന് എപ്പോള്‍ വേണമെങ്കിലും ഒരു കുടിയൊഴിപ്പിക്കല്‍ പ്രതീക്ഷിക്കാം. അങ്ങനെയെങ്ങാന്‍ സംഭവിച്ചാല്‍ ഇടുക്കിയില്‍ നിന്ന് കുടിയിറങ്ങാന്‍ പോകുന്നത് ഒരു വലിയ ജനതതന്നെയായിരിക്കും. അവരെ എവിടെ ഉള്‍ക്കൊള്ളണം എന്നറിയാതെ കേരളം പകച്ചുനില്‍ക്കും.    

8.അധിക ഭക്ഷ്യോല്‍പ്പാദനപദ്ധതിയ്ക്ക് (Grow more Food) വേണ്ടി  വനഭൂമിയില്‍ പട്ടയം കിട്ടി താമസിക്കുന്നവര്‍
ഇടുക്കിയില്‍ കുടിയേറിയവരെക്കുറിച്ച് മാത്രമേ ഇന്ന് പുറംസമൂഹത്തിന് അറിയൂ. എന്നാല്‍ "കുടിയിരുത്തിയ" ഒരു വലിയ ജനസമൂഹം ഇടുക്കിയില്‍ അധിവസിക്കുന്നുണ്ട്.  രണ്ടാം ലോകമഹായുദ്ധം ലോകത്ത് ആകമാനം ഭക്ഷ്യപ്രതിസന്ധി സൃഷ്ടിച്ചു. ഈ പ്രതിസന്ധി കേരളത്തിലും ശക്തമായി പ്രതിഫലിച്ചു. അതിനെ നേരിടാന്‍ ഭരണതലത്തില്‍ നടന്ന മുന്നേറ്റമായിരുന്നു "ഗ്രോ മോര്‍ ഫൂഡ്‌" എന്ന കൃഷി ക്യാമ്പയിന്‍. അതിന്‍റെ ഭാഗമായി വനത്തിനുള്ളില്‍ ചതുപ്പുനിലങ്ങള്‍ വെട്ടിത്തെളിച്ച് നെല്ലും മറ്റുഭക്ഷ്യവിളകളും വളര്‍ത്താന്‍ ഗവണ്മെന്‍റ് തന്നെ ജനങ്ങളെ പ്രോത്സാഹിപ്പിച്ചു. അങ്ങനെ വനഭൂമിയില്‍ ഭക്ഷ്യോത്പാദനത്തിന് വേണ്ടി പട്ടയം കിട്ടിയവര്‍ അനേകമാണ്.  ഇതേപദ്ധതിയോട് അനുബന്ധിച്ചാണ് ഇടുക്കിയില്‍ വിമുക്തഭടന്മാര്‍ക്ക് ഭൂമി പതിച്ചുനല്‍കല്‍ സ്കീംമും  സഹകരണസംഘങ്ങള്‍ക്കും മതസംഘടനകള്‍ക്കും ഭൂമി പതിച്ചുകൊടുക്കലും സര്‍ക്കാര്‍ നടപ്പിലാക്കിയത്. 

അധിക ഭക്ഷ്യോല്‍പ്പാദനപദ്ധതി പ്രകാരം കുടിയിരുത്തപ്പെട്ടവര്‍ നല്ലൊരു ശതമാനം ഇന്നും അധിവസിക്കുന്നത് കാടിനുള്ളില്‍ ഒറ്റപ്പെട്ട മക്കുവള്ളി, മണ്ണൂക്കാട്, കൈതപ്പാറ പോലുള്ള പ്രദേശങ്ങളിലും പിന്നീട് തെളിഞ്ഞുവന്ന പട്ടംകോളനി പോലുള്ള പ്രദേശത്തുമാണ്. കാടിനുള്ളില്‍ കൃഷി ചെയ്ത് താമസിക്കുന്ന ഈ ജനങ്ങള്‍ക്ക്‌ കൈവശമുള്ള പട്ടയപ്രകാരം അവര്‍ താമസിക്കുന്നത് വനമേഖലയില്‍ ആണ്. കൃഷിക്കല്ലാതെ മറ്റൊരാവശ്യത്തിനും ആ വനഭൂമിയെ ഉപയോഗിച്ചുകൂടാ.   ഈ ജനതയ്ക്ക് മിക്കവര്‍ക്കും ഇന്നും കറന്റില്ല, ടാറിട്ട പൊതുസഞ്ചാരവഴിയോ വാഹനങ്ങളോ ഇല്ല, ആശുപത്രിയില്ല, ഹൈസ്കൂള്‍ ഇല്ല.... അങ്ങനെ പ്രാഥമികമായ ആവശ്യങ്ങള്‍ പലതുമില്ല. ആശുപത്രിയില്‍ പോകാന്‍, സ്കൂളില്‍ പോകാന്‍, വാര്‍ത്താവിനിമയത്തിന് ഒക്കെ അവര്‍ക്ക് കാടുകളിലൂടെ കിലോമീറ്ററുകള്‍ സഞ്ചരിക്കണം. വനമേഖലയായതുകൊണ്ട്‌ വനംവകുപ്പ് ഇവക്കൊന്നും അനുവാദം കൊടുക്കുകയുമില്ല. 

പട്ടംകോളനി പോലുള്ള പ്രദേശത്ത്‌ 'കുടിയിരുത്തി'യതിന് പിന്നില്‍ കേരളത്തിന്‍റെ തമിഴ്-വൈരരാഷ്ട്രീയം കൂടി കൂടിക്കുഴഞ്ഞുകിടക്കുന്നു.  ഭാഷാപരമായി സംസ്ഥാനങ്ങളെ തിരിച്ചപ്പോള്‍ സ്വാഭാവികമായി ഇടുക്കിയുടെ കിഴക്കന്‍ മേഖലകള്‍ പൂര്‍ണ്ണമായി തന്നെ തമിഴ്നാടിന് പോകേണ്ടതായിരുന്നു. കാരണം മലയാളി ഒരു ജനതയായി ഇടുക്കിയുടെ ഹൈറേഞ്ചില്‍ അധിവസിക്കാന്‍ തുടങ്ങുന്നതിന് മുന്‍പേ ഇടുക്കിയുടെ ചരിത്രം രചിച്ചത് അവിടുത്തെ ആദിമനിവാസികളും തമിഴ്കുടിയേറ്റ തോട്ടംതൊഴിലാളികളുമായിരുന്നു. എന്നാല്‍ ഇടുക്കി കേരളത്തിന് നഷ്ടപ്പെടുമോ എന്ന ഭയമുണ്ടായപ്പോള്‍ പട്ടംതാണുപിള്ളയെപ്പോലുള്ളവരുടെ നേത്രുത്വത്തില്‍ തമിഴര്‍ അധിവസിക്കുന്ന മേഖലകളില്‍ മലയാളികളെ ഇടകലര്‍ത്തി താമസിപ്പിച്ചു. ഓരോ കുടുംബത്തിനും 5 ഏക്കര്‍ ഭൂമി വീതം നല്‍കി 1800 കുടുംബങ്ങളെയാണ് അന്ന് കുടിയിരുത്തിയത്. 1955 ല്‍ ഇന്നത്തെ നെടുങ്കണ്ടം, കരുണാപുരം,പാമ്പടുംപാറ പഞ്ചായത്തുകളിലായി സ്ഥാപിക്കപ്പെട്ട പട്ടംകോളനിയാണ് അവയില്‍ പ്രധാനം. മറയൂരിന്റെ മേഖലകളിലും ഇങ്ങനെ കുടിയിരുത്തലുകള്‍ നടന്നിട്ടുണ്ട്.  അതാണ്‌ കുടിയിരുത്തലിന്റെ ചരിത്രം.

1950കളില്‍ കുടിയിരുത്തലിനോടൊപ്പം കുടിയേറ്റത്തിനും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് വളരെ അനുകൂലമായ നിലപാടാണ് ഉണ്ടായത്. ആളുകള്‍ വന്‍തോതില്‍ വനഭൂമി കൈവശപ്പെടുത്താല്‍ തുടങ്ങി. 1955 ലെ കോളനൈസേഷന്‍ സ്കീമനുസരിച്ചും 1958 ലെ ലാന്‍ഡ് അസൈന്‍മെന്റ് സ്കീം അനുസരിച്ചും ഉണ്ടായ കയ്യേറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തികളില്‍നിന്നും അപേക്ഷകള്‍ സ്വീകരിച്ച് ഭൂമി പതിച്ചുകൊടുക്കുന്ന രീതിയും നിലവില്‍വന്നു. ഇന്ന് ഇടുക്കിയുടെ ഹൈറേഞ്ചില്‍ ചെന്നാല്‍ ഡസന്‍കണക്കിന് വിഭാഗത്തില്‍പ്പെട്ട പട്ടയങ്ങളും കൈവശാവകാശരേഖകളും കാണാം. ഏതൊക്കെ, എന്തൊക്കെ, എത്രഭൂമി... എന്നൊന്നും കൃത്യമായി പറയാന്‍ റെവന്യൂ ഡിപ്പാര്‍ട്ട്മെന്റ്റിനുപോലും കഴിയുന്നില്ല.  ഇടുക്കിയിലെ കുടിയേറ്റചരിത്രത്തില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ്-  ഇടുക്കിയില്‍ ജനങ്ങള്‍ കുടിയേറിപ്പാര്‍ത്തത് സര്‍ക്കാരിന്റെ അകമഴിഞ്ഞ പിന്തുണയോടെയായിരുന്നു. ഈ കുടിയേറ്റത്തില്‍ കുറെപ്പേര്‍ക്ക് സര്‍ക്കാര്‍ രേഖകള്‍ ലഭിച്ചു,  ഒരു വലിയ ശതമാനത്തിന് രേഖകളൊന്നും സ്വായത്തമാക്കാനായതുമില്ല. 'സര്‍വ്വേനടന്നാല്‍ കരം കെട്ടണം' എന്നൊക്കെ പറഞ്ഞ് പട്ടയത്തിനുള്ള സര്‍വ്വേപോലും നടത്തിക്കാത്തവര്‍ 30 വര്‍ഷം മുന്‍പ് വരെ ഇടുക്കിയില്‍ ഏറെ ആയിരുന്നു.

ഇങ്ങനെ ഇടുക്കിയുടെ ഹൈറേഞ്ചിലെ ജനപ്പാർപ്പുള്ള ഭൂമിയെ മൊത്തത്തിൽ എടുക്കുമ്പോൾ ഏതാണ്ട് 70 - 80 % പേരും ഒരുരീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അവര്‍ ജീവിക്കുകയും കൃഷിചെയ്യുകയും ചെയ്യുന്ന ഭൂമിയുടെ കാര്യത്തില്‍ അരക്ഷിതരാണ്. അത് കൂടാതെയാണ് അവര്‍ക്ക് കാലാവസ്ഥാമാറ്റത്തിന്‍റെ കാര്‍ഷികപ്രത്യാഘാതങ്ങളും ഇന്നും പൂര്‍ത്തീകരിക്കപ്പെടാത്ത അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും നിലനില്‍ക്കുന്ന ജിവിതശൈലിയോട് അനുരൂപപ്പെടാൻ കഴിയാത്ത വിധം വരുമാനത്തകര്‍ച്ച നേരിടുന്ന കാര്‍ഷികവൃത്തിയും കൃഷിയിലെ വന്യമൃഗങ്ങളുടെ ആക്രമണവും ഒക്കെ നേരിടേണ്ടിവരുന്നത്.  ഈ പ്രശ്നങ്ങളെ എല്ലാം സമഗ്രമായി കണക്കിലെടുത്ത് വേണം ഇടുക്കിയുടെ സംരക്ഷണത്തിന് ഒരു മാർഗ്ഗരേഖ തയ്യാറാക്കാൻ. ആദ്യം ഇടുക്കിയിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാർക്ക് സുരക്ഷിതത്വം ഉറപ്പുകൊടുത്തിട്ട് തുടങ്ങാം ഈ ഭൂമിയിൽ നടക്കുന്ന നഗ്‌നമായ പാരിസ്ഥിതിക കയ്യേറ്റങ്ങളെ ഉന്മൂലനം ചെയ്യാൻ. അപ്പോൾ പ്രാദേശികജനം കൂടെനില്ക്കും. അല്ലെങ്കിൽ അവരുടേതല്ലാത്ത ഭൂമി സംരക്ഷിക്കാൻ അവർ ഇറങ്ങുമോ എന്ന് ചോദിക്കുന്നത് ഭോഷത്തമല്ലേ? ആദ്യം ഇടുക്കിജനതയ്ക്ക് ഉറപ്പുകൊടുക്കൂ അവർ താമസിക്കുന്ന ഭൂമി അവരുടേത് തന്നെയെന്ന്. അല്ലെങ്കിൽ ഇന്ന് മാഫിയയെ കുടിയിറക്കുന്നവര്‍ നാളെ അവരെ കുടിയിറക്കില്ല എന്ന് അവർക്ക് എന്താണ് ഉറപ്പ്? അരക്ഷിതരായ ഒരു കര്‍ഷകജനതയുടെ ഭയത്തിന്‍റെ വളക്കൂറുള്ള മണ്ണിലാണ് ഇടുക്കിയില്‍ റിസോര്‍ട്ട്-പാറമട-മരത്തോട്ടവ്യവസായ മാഫിയകള്‍ ശക്തമായി വേരോടിച്ചത്. ഇനിയെങ്കിലും ആ അരക്ഷിതരായ കര്‍ഷകജനതയ്ക്ക് സംരക്ഷണത്തിന്‍റെ ഉറപ്പ് കൊടുക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയണം. ആ ഉറപ്പിൽ ആരംഭിക്കണം ഇടുക്കിയുടെ വിമോചനം. അത് സാധാണക്കാരന്റെ വിമോചനമാകും, കർഷകജനതയുടെ വിമോചനമാകും, പ്രകൃതിയുടെ വിമോചനമാകും.

Monday, April 17, 2017

മൂന്നാര്‍ ഇടുക്കിയുടെ പ്രവേശനകാവടമല്ല

മൂന്നാറിന്‍റെ മലമുകളില്‍ JCB യുമായി പൊളിച്ചടുക്കാന്‍ എത്തുംമുന്‍പ് ഗവണ്മെന്റ്റും രാഷ്ട്രീയപ്പാര്‍ട്ടികളും പൊതുജനവും നിശ്ചയമായും അറിഞ്ഞിരിക്കേണ്ട ഒരു ഇടുക്കിയുണ്ട്. മലകള്‍ക്കും കാടുകള്‍ക്കും അവയുടെ മനുഷ്യക്കയ്യേറ്റത്തിനും അപ്പുറം ഇടുക്കിയുടെ ജനകീയപ്രശ്നത്തെ പുറമേക്കാര്‍ക്ക് കാര്യമായി അറിയില്ല എന്നതാണ് സത്യം. ആ പ്രശ്നത്തെ മറകളില്ലാതെ സംബോധനചെയ്താല്‍ മാത്രമേ ഇടുക്കിയുടെ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകൂ.  

അതുകൊണ്ടാണ് പറയുന്നത് മൂന്നാര്‍ ഇടുക്കിയുടെ പ്രവേശനകാവടമല്ലായെന്ന്. മൂന്നാറിലേയ്ക്കുള്ള വഴികള്‍ ഇടുക്കിയ്ക്ക് നെടുകെയുംകുറുകെയുമാണ്. മൂന്നാറിലൂടെ ഇടുക്കിയില്‍ കയറാം എന്ന് കരുതുന്ന രാഷ്ട്രീയത്തിനും ഗവണ്മെന്റ് വകുപ്പുകള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും പരിസ്ഥിതിവാദികള്‍ക്കും നിശ്ചമായും കാലിടറും. ഇടുക്കിയിലെ ജനതയെ ഇനിയെങ്കിലും പുറമേക്കാര്‍ വിശ്വാസത്തില്‍ എടുത്തേ മതിയാകൂ.
ഇടുക്കിജനതയെക്കുറിച്ച്  അന്യജില്ലക്കാര്‍ പൊതുവില്‍ വെച്ചുപുലര്‍ത്തുന്ന ചിന്താഗതി ഇങ്ങനെയാണ്: ഇടുക്കിക്കാര്‍ മുഴുവന്‍ വനംകയ്യേറ്റക്കാരാണ്. അവര്‍ക്ക് ഇടുക്കിയെ സംരക്ഷിക്കാന്‍ യാതൊരു താത്പര്യവുമില്ല. പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ച് പറഞ്ഞാല്‍ മനസിലാക്കാന്‍ മാത്രം ബോധവുംവിവരവും ഇല്ലാത്ത ഒരു ജനതയാണ് അവിടെയുള്ളത്. അതുകൊണ്ട് നമ്മള്‍ മുന്‍കൈയെടുത്ത് ഇറങ്ങിയാലേ ഇടുക്കിയുടെ സംരക്ഷണം ഇനി സാധ്യമാകൂ. അവരോട് ഇത്രയും ഉത്തരം പറഞ്ഞിട്ട് കാര്യങ്ങളിലേയ്ക്ക് കടക്കാം. 1) ഇടുക്കിക്കാര്‍ മുഴുവന്‍ വനംകയ്യേറിയവരാണ് എന്നത് സത്യം. അത് അവര്‍ മാത്രമല്ല പശ്ചിമഘട്ടമേഖലകളുള്ള കേരളത്തിലെ എല്ലാ ജില്ലകളുടേയും കിഴക്കന്‍വനങ്ങള്‍ കഴിഞ്ഞ രണ്ടുനൂറ്റാണ്ടില്‍ ജനങ്ങള്‍ കയ്യേറിവെട്ടിത്തെളിച്ച് കൃഷിയും പാര്‍പ്പും തുടങ്ങിയതാണ്‌. അവരൊന്നും അഭിമുഖീകരിക്കാത്ത ചില പ്രശ്നങ്ങള്‍ ഇന്ന് ഇടുക്കിയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. അത് നിങ്ങള്‍ മനസ്സിലാക്കിയേ മതിയാകൂ. 2) ഇടുക്കിയെ നിങ്ങള്‍ പറയുന്ന രീതിയില്‍ സംരക്ഷിക്കാന്‍ പ്രധാനമായും കര്‍ഷകജനതയായ ഇടുക്കിക്കാര്‍ക്ക് താത്പര്യമില്ല. കാരണം ഇടുക്കിജനത ഏതാണ് പൂര്‍ണ്ണമായി തന്നെ കര്‍ഷകജനതയാണ്. ഒരു കര്‍ഷകജനത എന്ന നിലയില്‍ ഇടുക്കിക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് സമതലത്തില്‍ താമസിക്കുന്നവര്‍ ഇതുവരെ ഗൌരവമായി അന്വേഷിക്കുകയോ മനസിലാക്കുകയോ ചെയ്തിട്ടില്ല. 3) നിങ്ങള്‍ പറയുന്ന ബോധവുംവിവരവും ഇന്നും വൈദ്യുതിപോലും കിട്ടാതെ വനത്തിലും ഉള്‍നാടന്‍ഗ്രാമത്തിലും   താമസിക്കുന്ന ജനതയ്ക്ക് ഉണ്ടാകണമെന്ന് പറഞ്ഞാല്‍ അത്ര എളുപ്പമല്ല. ഇന്ന് നാല്‍പ്പത് പിന്നിട്ട ഇടുക്കിക്കാരില്‍ നല്ല വിദ്യാഭ്യാസം കിട്ടിയവര്‍ തുലോംതുച്ഛമാണ്.  അവര്‍ ജീവിച്ചുവളര്‍ന്ന സാഹചര്യങ്ങള്‍ അപ്രകാരമാണ്. ഇപ്പോള്‍ കേരളത്തില്‍ നിലനില്‍ക്കുന്ന ജില്ലകളില്‍ ഏറ്റവും അരക്ഷിതരായ ജനം അധിവസിക്കുന്ന സ്ഥലമാണ് ഇടുക്കി. അതുകൊണ്ട് പുറംജില്ലക്കാരായ തീവ്രപരിസ്ഥിതി പ്രവര്‍ത്തകരും ഉദ്യോഗത്തിന്റെ സുരക്ഷിതകസേരകളില്‍ ഇരിക്കുന്നവരും ജനപക്ഷത്തുനിന്ന് പ്രശ്നങ്ങള്‍ പഠിക്കാത്ത രാഷ്ട്രീയക്കാരും ഇടുക്കിയെ സംരക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍  മറക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്:
1. ഒരു പ്രദേശത്തിന്‍റെ പരിസ്ഥിതിസംരക്ഷണം പ്രാഥമികമായി നിര്‍വ്വഹിക്കേണ്ടത് അവിടെ അതിവസിക്കുന്ന ജനതയാണ്. അതാണ്‌ വികേന്ദ്രീകൃത-ജനാധിപത്യത്തിന്‍റെ ആദ്യത്തെ പരിസ്ഥിതിപാഠം.
2. ഒരു ജനതയെ മുഴുവന്‍ വിശ്വാസത്തില്‍ എടുക്കാതെ അവര്‍ മുഴുവന്‍ കയ്യേറ്റക്കാര്‍ ആണെന്ന ധാരണയില്‍ പുറമേനിന്ന് നടത്തുന്ന ആരോപണങ്ങള്‍ മുഴുവന്‍ ക്രിയാത്മകമാകണമെന്നില്ല.
3. ഇടുക്കിയില്‍ റിസോര്‍ട്ടുകളും പാറമടകളും ഗ്രാന്‍ഡീസ് മരവ്യാവസായകൃഷിയും നടത്തുന്ന നൂറുകണക്കിന് വരുന്ന മാഫിയകളുടെ ലിസ്റ്റ് എടുത്തുകഴിഞ്ഞാല്‍ അതില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഇടുക്കിക്കാര്‍. ശേഷം വരുന്നവര്‍ മുഴുവന്‍ ഇടുക്കിയ്ക്ക് പുറത്തുനിന്ന് (പ്രധാനമായും എറണാകുളം തിരുവനന്തപുരം) ഉള്ളവരാണ് എന്ന വൈരുദ്ധ്യമാണ് ഇടുക്കിക്കാരെ ഇത്രയേറെ പ്രകോപിതരാകുന്നത്‌.
4. മതനേതൃത്വത്തിന് നല്ല വേരോട്ടം ഉള്ള മണ്ണാണ് ഇടുക്കിയുടേത്. ഇടുക്കിയുടെ ഭൂമി-പരിസ്ഥിതി വിഷയത്തില്‍ മതം കൈകടത്താതിരിക്കാനായി രാഷ്ട്രീയ-സാസ്കാരീകനേതൃത്വം മുന്‍കരുതലുകള്‍ സ്വീകരിച്ചില്ല എന്നുമാത്രമല്ല, മതത്തെ കൂട്ടുപിടിച്ചാണ് ഇടുക്കിയില്‍ കാലങ്ങളായി എല്ലാ പാര്‍ട്ടികളും രാഷ്ട്രീയം കളിച്ചത്.
ഇടുക്കിയുടെ പ്രശ്നങ്ങള്‍ ഇനിയും മൂടിവെക്കേണ്ടവയല്ല. സത്യം പൊതുസമൂഹവും രാഷ്ട്രീയനേതൃത്വം അറിയണം. അതില്‍ ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഉണ്ട്, പ്രകൃതിയുടെ നിലനില്‍പ്പിന്റെ അടിയന്തിരാവശ്യമുണ്ട്, വനം-സര്‍ക്കാര്‍ഭൂമിയുടെ കയ്യേറ്റത്തിന്റെ കരിപുരണ്ട മാഫിയാക്കഥയുണ്ട്. ഇടുക്കിയില്‍ നെല്ലുംപതിരും തിരിക്കണമെങ്കില്‍ ഇടുക്കിയുടെ ഭൂമിപ്രശ്നത്തെ വിശാലമായി ജനപക്ഷത്തുനിന്ന് പഠിച്ചേമതിയാകൂ. മൂന്നാറിന് മാത്രമായി ഇവിടെ ഒരു ചികിത്സയില്ല. ഇടുക്കിയുടെ രോഗം തേടിയുള്ള അന്വേഷണമാണ് വരും ഖണ്‌ഡങ്ങളില്‍. 

Wednesday, March 15, 2017

മദ്യപാഠം (ഇഷ്ടിക ഭാഗം - 5)


നമ്മുടെ അയല്‍സംസ്ഥാനമായ കര്‍ണ്ണാടക മദ്യതീരുവ പിന്‍വലിച്ചുകൊണ്ട് മദ്യസൗഹൃദമാകാന്‍ പോകുമ്പോള്‍ സമ്പൂര്‍ണ്ണമദ്യനിരോധം ആവശ്യപ്പെട്ട് സാക്ഷരമലയാളികള്‍ തെരുവിലാണ്. ഈ സാഹചര്യത്തിലാണ് ഒരു മദ്യപാഠം മുടങ്ങിക്കിടന്ന 'ഇഷ്ടിക'യില്‍ ചേര്‍ക്കാന്‍ ഇഷ്ടം തോന്നിയത്. അപ്പോള്‍ പാഠം ആരംഭിക്കാം...

മലയാളിയുടെ മദ്യ(തെറ്റി)ദ്ധാരണകള്‍

1. മദ്യപാനം പാപമാണ്
2. മദ്യപാനികള്‍ സദാചാരമില്ലാത്തവരാണ്
3. മദ്യപാനികള്‍ ഉത്തരവാദിത്വമില്ലാത്തവരാണ്
4. സ്ത്രീകള്‍ മദ്യപിക്കാന്‍ പാടില്ല
5. മദ്യം കുടിക്കുന്നവര്‍ മദ്യപാനരോഗികള്‍ ആകും.

മലയാളി പഠിക്കേണ്ട മദ്യപാഠങ്ങള്‍

1. ലൈംഗീകതയില്‍ എന്നതുപോലെ തന്നെ മദ്യപാനത്തിന്റെ കാര്യത്തിലും മൂടുപടം അഴിച്ചുമാറ്റുക. കപടലൈംഗീകസദാചാരം പോലെതന്നെ മലയാളിയ്ക്ക് കപടമദ്യസദാചാരമുണ്ട്.
2.മദ്യപാനരോഗികള്‍ മദ്യം കുടിക്കാന്‍ പാടില്ല. അത് അവരുടെ ആരോഗ്യത്തെ നശിപ്പിക്കും. അതേസമയം 'പഞ്ചസാരകഴിക്കുന്നത്‌ ഷുഗര്‍ രോഗം ഉണ്ടാക്കും' എന്ന് പറയുന്നതുപോലെയുള്ളൂ 'മദ്യം കഴിക്കുന്നത്‌ മദ്യപാനരോഗം ഉണ്ടാക്കും' എന്ന് പറയുന്നത്. മദ്യപാനരോഗികളുടെ കൂടെയിരുന്ന് മദ്യം കഴിക്കാതിരിക്കുക, രോഗികളുടെ നന്മയെപ്രതി.
3.മദ്യസംസ്കാരം എന്നൊരു സംസ്കാരം ഉണ്ടെന്ന് മനസ്സിലാക്കുക. മദ്യം ഒളിച്ചുംപാത്തും കഴിക്കേണ്ടതല്ല എന്ന് അര്‍ത്ഥം. മദ്യപാനം സമൂഹത്തിലും കുടുംബത്തിലും കൂട്ടായി ആഘോഷിക്കപ്പെടുമ്പോള്‍ അതിന് സംസ്കാരസമ്പന്നമായ ഒരു സാമൂഹ്യനിയന്ത്രണം സ്വാഭാവികമായി ഉണ്ടാവും. അതുപോലെ മദ്യംവില്‍ക്കേണ്ടത് നമ്മുടെ ബിവറേജസിന്റേതു പോലുള്ള വൃത്തികെട്ട മാളങ്ങളില്‍ അല്ല. മാന്യമായ ഇടങ്ങളില്‍ ഉപഭോക്താവിന് സ്വന്തം നിലയ്ക്ക് തിരഞ്ഞെടുക്കാന്‍ പറ്റുന്നവിധത്തില്‍ ആയിരിക്കണം. മാന്യതയുള്ള ഒരു വിപണനത്തിന്‍റെ രീതി അതാണ്‌. കുട്ടികള്‍ക്ക് മദ്യം കൊടുക്കാന്‍ പാടില്ല, കാരണം മാനസീക-ശാരീരിക പക്വത ലൈംഗീകതയില്‍ എന്നപോലെ മദ്യഉപഭോഗത്തിനും അനിവാര്യമാണ്. മദ്യസംസ്കാരം ഉള്ള നാടുകളില്‍ ഒക്കെ സ്റ്റേറ്റ് തന്നെ കൊടുക്കുന്ന നിര്‍ദ്ദേശം "ഉത്തരവാദിത്വപൂര്‍ണ്ണമായ മദ്യപാനം" (Drink Responsibly!) എന്നാണ് അല്ലാതെ "മദ്യപാനം ആരോഗ്യത്തിന് ഹാനികരം" (Alcohol Consumption Is Injurious to Health) എന്നല്ല.
4. ഓരോ പ്രദേശത്തിനും അതതിന്‍റെ കാലാവസ്ഥയ്ക്കും ഭക്ഷണക്രമത്തിനും ചേരുന്ന മദ്യങ്ങള്‍ ഉണ്ട്. ആരോഗ്യപരമായ കുടിയില്‍ അവയാണ് പാനംചെയ്യേണ്ടത്‌.
5. കേരളത്തിലെ മദ്യത്തിന്‍റെ ടാക്സ് ലോകത്തില്‍ തന്നെ ഏറ്റവും കൂടിയ ടാക്സില്‍ ഒന്നാണ് (135%!). ഇന്ത്യയില്‍ ഇപ്പോൾ നിലനില്‍ക്കുന്ന മദ്യനികുതി സമ്പ്രദായം ഗാട്ട്കരാര്‍ വ്യവസ്ഥകള്‍ക്ക് പോലും വിരുദ്ധമാണ്. ഈ ടാക്സ് മുഴുവനായി എടുത്തുമാറ്റിയാല്‍ പാലിനേക്കാള്‍ അല്പം മാത്രം ഉയര്‍ന്ന നിരക്കില്‍ സാധാരണ മദ്യങ്ങള്‍ നമുക്ക് വാങ്ങാന്‍ കഴിയും. (2001 ലെ കണക്കനുസരിച്ച് വെറും 30 രൂപ വിലയുള്ള ഫുള്‍ബോട്ടിൽ സാധാരണ മദ്യത്തിന് സര്‍ക്കാരിന് കിട്ടുന്ന ലാഭം 179!) ഓരോ മദ്യപനേയും അയാളുടെ കുടുംബത്തേയും കൊള്ളയടിച്ച് അതില്‍ കൂലിപ്പണിക്കാരനായ മദ്യപന്റെ കുടുംബത്തെ പട്ടിണിയിലേക്ക്‌ തള്ളുന്നത് നമ്മുടെ ഗവണ്മെന്‍റ് തന്നെയെന്ന് സാരം.

മദ്യസദാചാരത്തിന്‍റെ പൊള്ളത്തരം

മദ്യനിരോധനം വേണമെന്ന് ശഠിക്കും വിധം മദ്യത്തിന് പിന്നിൽ പ്രചരിപ്പിക്കപ്പെട്ട വാദം മദ്യപാനം സാമൂഹ്യകുറ്റകൃത്യങ്ങളിലേയ്ക്ക് നയിക്കും എന്നതാണ്. കള്ള് കുടിച്ച് മത്തനായ ഒരാള്‍ അരാജകമായ പെരുമാറ്റത്തിലേയ്ക്ക് നീങ്ങുകയും കുടുംബവും സമൂഹവും കലാപഭൂമികളായി മാറുകയും ചെയ്യുന്നുവത്രെ. ബിവറേജ്കോര്‍പ്പറേഷനും ഇല്ലാതിരുന്ന കാലത്തിന്‍റെ, നമ്പൂതിരിസമുദായം മദ്യപാനം പോലും നടത്താത്ത ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയായിരുന്നു അച്ഛനടക്കം അറുപത്തഞ്ച് പുരുഷകേസരികളാല്‍ ഭോഗിക്കപ്പെട്ട 23 വയസ്സുകാരി കുറിയേടത്ത് താത്രി. ചാരായംവാറ്റില്ലാത്ത കാലത്താണ് നായര്‍ തറവാടുകളില്‍ പതിനൊന്ന് തികയാത്ത പെണ്‍കിടാങ്ങള്‍ പ്രതിദിനം മൂന്നു സംബന്ധക്കാരാലും ഒരു ട്രെയിനിയാലും ഭോഗിക്കപ്പെട്ടത്. പല കീഴാള സമൂഹങ്ങളിലും ജേഷ്ഠാനുജന്മാര്‍ ഒറ്റ ഭാര്യയെ പ്രാപിക്കുന്ന പാഞ്ചാലിരീതികള്‍ നിലനിന്നിരുന്നു. ഇതൊന്നും മദ്യപാനശീലമില്ലാതിരുന്ന സമൂഹത്തിലാണെന്ന് ഓര്‍ക്കണം. ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് 1978-ല്‍ പാട്യം ഗോപാലന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള സൂചന. പ്രതിദിനം 16,000 കുപ്പികള്‍ 14,000 പേര്‍ക്കായി വിറ്റുപോകുന്ന മാഹിയെ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ആ പ്രസംഗം: ''മാഹിയുടെ ചരിത്രത്തില്‍ കഴിഞ്ഞ 50 കൊല്ലത്തിനിടയില്‍ മാഹിക്കോടതിയില്‍ ഇന്നുവരെ വന്നിട്ടുള്ളത് ഒരേയൊരു കൊലക്കേസാണ്. അത് ഒരു മോഷണക്കേസ് പിടികൂടുന്ന സന്ദര്‍ഭത്തില്‍ പിടികൂടാന്‍ ശ്രമിച്ചയാളെ മോഷ്ടാവ് കുത്തിയ സംഭവമായിരുന്നു.''

ഇത്തരം സൂചനകളുടെ ശേഷഭാഗമെന്നോണം വായിക്കേണ്ടതാണ് മദ്യപാനശീലമേയില്ലാത്ത മദ്ധ്യപൂര്‍വ്വേഷ്യന്‍ മുസ്ലീം രാജ്യങ്ങളില്‍ ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന കൊടിയ കലാപങ്ങളുടെ കഥ. തല വെട്ടാനും കൈവെട്ടാനും കണ്ണു ചൂഴ്‌ന്നെടുക്കാനും തീവ്രവാദത്തിന് ജന്മം കൊടുക്കാനും മദ്യത്തിന്റെ ആവശ്യമേയില്ലെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. അല്ലെങ്കില്‍ പിന്നെയെങ്ങനെയാണ് ഏറ്റവും സമാധാനപൂര്‍വ്വമായ രാജ്യങ്ങളുടെ ലിസ്റ്റില്‍ മദ്യം വളരെ സുലഭമായ യൂറോപ്യന്‍ രാജ്യങ്ങള്‍ കടന്നുവരുന്നത്? ലോകത്തിന്റെ ഏറ്റവും സമാധാനപൂര്‍വ്വകമായ രാജ്യങ്ങളില്‍ മുന്‍നിരയില്‍ മദ്യം സുലഭമായ ഐസ്ലാന്‍ഡ്‌, ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ന്യൂസിലാന്റ് എന്നിവയും, ഏറ്റവും അശാന്തി നിറഞ്ഞ ഇടങ്ങളായി കണക്ക് ചേര്‍ക്കപ്പെട്ടിരിക്കുന്നത് മദ്യവര്‍ജ്ജനം മതവിശ്വാസംപോലെ കൊണ്ടുനടക്കുന്ന സിറിയ, അഫ്ഗാനിസ്ഥാന്‍, ദക്ഷിണ സുഡാന്‍, ഇറാക്ക് എന്നീ രാജ്യങ്ങളുമാണെന്നോര്‍ക്കണം. സദാചാരവും ക്രമസമാധാനവുമായി ബന്ധപ്പെടുത്താനുള്ള ശ്രമം യാതൊരുവിധ ആധികാരികതയുമില്ലാത്ത പൊള്ളവാദമെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ.

കൊണ്ടല്ലാതെ കണ്ടുപഠിക്കാത്ത ഒരു ജനതയാണ് നമ്മള്‍. വേണ്ട സാംസ്‌കാരിക - സാമൂഹിക - മനശ്ശാസ്ത്ര-ചരിത്രപഠനങ്ങളൊന്നുമില്ലാതെ ഒരു രാഷ്ട്രീയനയരൂപീകരണത്തിലേയ്ക്ക് പോകണം എന്നുപറയുന്ന നമ്മുടെ സമൂഹവും രാഷ്ട്രീയപാര്‍ട്ടികളും എത്ര മണ്ടന്മാരാണ്! അടിച്ചമര്‍ത്തപ്പെട്ട ലൈംഗികത പോലെ അടിച്ചമര്‍ത്തപ്പെട്ട മദ്യപാനവും ആത്മനിയന്ത്രണമില്ലാത്ത ആസക്തിയില്‍ എത്തിക്കും എന്നതിന് മദ്യനിരോധനം ഏര്‍പ്പെടുത്തി പരാജയപ്പെട്ട ചരിത്രത്തിലെ ഡസന്‍കണക്കിന് ദേശങ്ങളുടെ കഥ നമ്മുടെ കണ്മുന്‍പില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. നമുക്ക് ആവശ്യം ഒരു 'മദ്യസാക്ഷരത'യാണ്, 'മദ്യനിരോധന'മല്ല.

Sunday, February 26, 2017

സദാചാരഗുണ്ടായിസം എന്ന ലൈംഗീകദാരിദ്ര്യം



സദാചാരക്കാര്‍ അങ്ങനെ അനീഷിന്‍റെ ജീവനും എടുത്തു. സദാചാരഗുണ്ടാഅഴിഞ്ഞാട്ടത്തിലെ അവസാനയിരയാണ് അനീഷ്‌. ജനാധിപത്യരാജ്യത്ത് നിയമം കയ്യിലെടുത്ത് സ്വയം ഗവണ്മെന്റും കോടതിയും ചമയുന്ന സാമൂഹ്യവിരുദ്ധരാണ് സദാചാരഗുണ്ടകള്‍. ഇവരെ മതമൌലീക തീവ്രവാദികളെപ്പോലെ വേണം കണക്കാക്കാന്‍. 
സത്യത്തില്‍ സദാചാരപോലീസ് ആണ് ഈ നാട്ടിലെ ഏറ്റവും വലിയ ലൈംഗീകരോഗികള്‍. ഈ രോഗത്തിന്‍റെ രോഗലക്ഷണങ്ങള്‍ ഇവയൊക്കെയാണ്: 1. രണ്ടുപേര്‍ (സ്ത്രീയും പുരുഷനും) ഒരുമിച്ചിരുന്ന്‍ സംസാരിക്കുന്നത് കണ്ടാല്‍ അവരുടെ കണ്ണുകള്‍ ഒളികണ്ണുകള്‍ ആയി മാറും. 2. 'നീ അറിഞ്ഞോ...., നീ കേട്ടോ...." എന്ന ആമുഖത്തോടെ അവര്‍ മറ്റുള്ളവരുടെ സ്വകാര്യബന്ധങ്ങള്‍ വിളമ്പാന്‍ തുടങ്ങും. 3. ഇത്തരക്കാരുടെ ലൈംഗീകഅവയവം തലച്ചോറില്‍ ആയിരിക്കും. 4. ഇത്തരക്കാര്‍ സ്വന്തം ദാമ്പത്യജീവിതത്തിലോ ലൈംഗീകആഗ്രഹപൂര്‍ത്തീകരണത്തിലോ സംതൃപ്തരായിരിക്കില്ല. 5. ഇവരില്‍ മിക്കവരും 'തികഞ്ഞ' മതവിശാസികളും പാരമ്പര്യവാദികളും ആയിരിക്കും. 6. രാഷ്ട്രീയ-സാമൂഹ്യ അനീതികളോട് ഇവര്‍ പ്രതികരിക്കില്ല. 7. 'തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല' എന്ന നിലപാട് സ്വീകരിച്ച കടുത്ത അസൂയാലുക്കളാണ് ഇവര്‍.

സ്വകാര്യം പൊതുജീവിതം 
എന്തെങ്കിലും ആവശ്യത്തിന് അത്ര പരിചയമില്ലാത്ത ഒരു വീട്ടിലോ സ്ഥലത്തോ പോകേണ്ട സാഹചര്യത്തില്‍ വഴിയരികില്‍ കണ്ടുമുട്ടുന്ന ഒരാളോട് വഴി ചോദിക്കുമ്പോഴാണ് ഒരു കള്ളനെപ്പോലെ ഓടിപ്പോകേണ്ട അവസ്ഥ വരുന്നത്. അങ്ങോട്ട്‌ ഒരു കാര്യം മാത്രമേ ചോദിച്ചിട്ടുള്ളൂ, "വഴിയൊന്ന് പറഞ്ഞുതരാമോ?". ഇങ്ങോട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് കയ്യുംകണക്കുമില്ല. "എവിടുന്ന് വരുന്നു?", "എന്തിനാണ് അവിടെപ്പോകുന്നത്?", "അവരുമായിട്ട് എന്താണ് ബന്ധം?"....(നാട്ടിൻപുറം നന്മകളാൽ അത്ര സമൃദ്ധമൊന്നുമല്ല). എന്നാണ് നമ്മൾ സ്വകാര്യതയും പൊതുജീവിതവും തമ്മിലുള്ള വിശുദ്ധമായ വേർതിരിവ് പഠിച്ചെടുക്കന്നത്? എന്‍റെ സൌഹൃദങ്ങള്‍, എന്‍റെ തീറ്റകുടികള്‍, എന്‍റെ ലൈംഗീകജീവിതം... ഇവയൊക്കെ എന്‍റെ സ്വകാര്യതകള്‍ ആണ്. മറ്റുള്ളവരുടെ അവകാശങ്ങള്‍ ഞാന്‍ നിഷേധിക്കാത്തിടത്തോളം കാലം എന്‍റെ സ്വകാര്യതകളില്‍ തലയിടുന്നത് ഗുണ്ടായിസമാണ്.

എതിര്‍ലിംഗ സൗഹൃദങ്ങള്‍
അമ്മ/സഹോദരി, അപ്പൻ/സഹോദരൻ എന്ന തലത്തിനുപ്പുറത്തേക്ക് ജീവിതപങ്കാളിയല്ലാത്ത ഒരു പുരുഷനോ സ്ത്രീയോ ആയിട്ടുള്ള ബന്ധത്തെ കാണാൻ കഴിയാത്ത ഒരു സമൂഹമാണ് നമ്മുടേത്. സൗഹൃദമെന്നാൽ ഒരു സാധാരണ ഇന്ത്യക്കാരനെയോ മലയാളിയേയോ സംബന്ധിച്ച് സ്വവർഗ്ഗ സൗഹൃദങ്ങൾ മാത്രമാണ്. ആണുങ്ങളുടെ സുഹൃത്തുക്കൾ ആണുങ്ങളും പെണ്ണുങ്ങളുടെ സുഹൃത്തുക്കൾ പെണ്ണുങ്ങളും മാത്രമായിരിക്കണം എന്നത് നമ്മുടെ സമൂഹത്തിന്റെ അലിഖിത നിയമമാണ്. അതിനപ്പുറത്ത് സ്വന്തം ഭാര്യയോ/ഭർത്താവോ, അമ്മയോ/അപ്പനോ, സഹോദരിയോ/സഹോദരനോ അല്ലാത്ത ആരെങ്കിലുമായി ഒരു സ്ത്രീയോ പുരുഷനോ അടുത്ത് ഇടപഴകുന്നത് കണ്ടാൽ ആ ബന്ധത്തിന് ചാർത്തിക്കൊടുക്കാൻ നമ്മുടെ നിഘണ്ടുവിൽ ഒരു പദമേയുള്ളൂ പ്രണയം. പ്രണയത്തിനപ്പുറത്ത് ആൺ-പെൺ സൗഹൃദങ്ങൾ ഉണ്ടെന്നും ഇല്ലെങ്കിൽ അവ വളർത്തിയെടുക്കണമെന്നും അല്ലാത്തപക്ഷം ബന്ധങ്ങളിൽ തന്നെ വലിയ നഷ്ടങ്ങൾ ഉണ്ടാവുമെന്നും ഈ തലമുറയെങ്കിലും പഠിക്കണം. സദാചാരഗുണ്ടകള്‍ എതിര്‍ലിംഗ സൗഹൃദത്തെ എതിര്‍ക്കുന്ന, പ്രണയത്തെ എതിര്‍ക്കുന്ന, സമൂഹത്തെ പിന്നോട്ട് വലിക്കുന്ന, സാമൂഹ്യവിരുദ്ധര്‍ ആണ്. 

സാദാചാരപോലീസ് ആകുന്ന ഭരണകൂടം
ഇന്ത്യന്‍ പൌരന് 'സ്വകാര്യത എന്ന മൌലീകാവകാശം' ഇല്ലെന്ന് ഇപ്പോള്‍ തന്നെ മോദി ഗവണ്മെന്റ് തെളിയിച്ചു. വീട്ടിലെ തീന്മേശയില്‍ നിങ്ങള്‍ എന്തു വിളമ്പണമെന്ന് വരെ അവര്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു (ഗോമാംസ വിലക്ക്). നിങ്ങള്‍ നിങ്ങളുടെ സ്വകാര്യയിടങ്ങളില്‍ എന്തു കാണണമെന്നും എന്തു കാണാന്‍ പാടില്ല എന്നും നിശ്ചയിച്ചു കഴിഞ്ഞു (അഡള്‍ട്ട് സൈറ്റ് നിരോധനം). പ്രണയജോടികളുടെ കിടപ്പുമുറിയില്‍ പോലും കയറി അവര്‍ക്കെതിരെ കേസ് എടുക്കുന്ന ഭീകരമായ ദ്രശ്യങ്ങളും നാം മുംബൈയില്‍ കണ്ടു. സ്വവര്‍ഗ്ഗലൈംഗീകത ഇപ്പോഴും ക്രിമിനല്‍ കുറ്റമായി നിലനില്‍ക്കുന്നു. മതം സന്മാര്‍ഗ്ഗം പ്രസംഗിക്കുന്നതു പോലെ രാഷ്ട്രം സദാചാരം പ്രസംഗിക്കുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ഉഭയസമ്മതമുള്ള,പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ തമ്മിൽ എങ്ങനെയാണ് ബന്ധപ്പെടേണ്ടത് എന്നുവരെ നിശ്ചയിക്കുന്ന ഭരണഘടനയും നിയമവ്യവസ്ഥയും ആണ് ഏറ്റവും വിലകെട്ട രാഷ്ട്രബോധം.

സോഷ്യല്‍ മീഡിയയില്‍ സദാചാരികളാകുന്നവര്‍
സോഷ്യല്‍ മീഡിയ പൊതുവിടത്തോടൊപ്പം ഒരു സ്വകാര്യഇടം കൂടി ഒരുക്കുന്നുണ്ട്‌. വാട്സാപ്, മെസ്സഞ്ചര്‍, ഇമോ, ഫേസ്ബുക്ക്‌ ഇന്‍ബോക്സ് എന്നിവ സ്വകാര്യഇടങ്ങള്‍ ആണ്. അവിടെ ഒരാള്‍ക്ക്‌ മറ്റൊരാളോട് സ്നേഹമോ സൗഹൃദമോ പ്രണയമോ ഉണ്ടായാല്‍ അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യവും ന്യായമായി ഉണ്ട്. എന്നാല്‍ തിരിച്ച് താത്പര്യമില്ല എന്ന് ഒരാള്‍ വ്യക്തമായി പറഞ്ഞാല്‍ അവിടെ തീരണം ആ സംഭാഷണം. അതിനപ്പുറം ആരെങ്കിലും ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയാന്‍ അത് സൈബര്‍ലോകത്തെ ബലാത്ക്കാരമായി വേണം കണക്കാക്കാന്‍. അതുപോലെ  ബലാത്ക്കാരമായി ഒരു സംഭാഷണമോ പ്രവര്‍ത്തിയോ നടക്കാത്ത സാഹചര്യത്തില്‍ പ്രതികാരം തീര്‍ക്കാന്‍ എന്നവണ്ണം ഒരാള്‍ സ്വാഭാവികമായി പ്രകടിപ്പിച്ച ഇഷ്ടവും അടുപ്പവും കാണിക്കുന്ന സ്വകാര്യസന്ദേശങ്ങള്‍ പൊതുവിടത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ സൈബര്‍ സദാചാര പോലിസിംഗ് എന്ന് പറയാം. ഇത് കൂടുതലും ചെയ്യുന്നത് സ്ത്രീകള്‍ ആണ്. അവര്‍ അത് ചെയ്യുന്നതിന് കാരണം ഉണ്ട്. സ്ത്രീ അക്കൗണ്ടുകള്‍ കണ്ടാല്‍  ചില  പുരുഷന്മാര്‍ക്ക്  ഉടന്‍  ഞരമ്പുരോഗം  പിടിപെടും. അതിനുള്ള പ്രതിവിധിയായിട്ടാണ് സ്ത്രീകള്‍ ഇത് ചെയ്യുന്നത്. അവരുടെ ഉദ്ദേശശുദ്ധിയെക്കുറിച്ച് യാതൊരു സംശയവുമില്ല. എന്നാൽ  അവരുടെ രീതിയെക്കുറിച്ച് ചില വിയോജിപ്പുകൾ ഉണ്ട്: 1) സോഷ്യല്‍മീഡിയയുടെ സ്വകാര്യയിടത്ത് ഒരു  സ്ത്രീയോട് സംവദിക്കാനുള്ള സ്വാതന്ത്ര്യം ദുരുദ്ദേശങ്ങള്‍ ഒന്നുമില്ലാത്ത പുരുഷന്മാര്‍ക്കു പോലും നഷ്ടപ്പെട്ടേക്കാം. വൈകാരികപക്വതയുള്ളതും  ഇല്ലാത്തതുമായ സ്ത്രീകള്‍ തൊട്ടതിനും  പിടിച്ചതിനും സ്വകാര്യ സംഭാഷണത്തിന്‍റെ സ്ക്രീന്‍ഷോട്ട് ഇടുന്ന  രീതിയിലേക്ക് മാറും. അത്  പുരുഷമാരെ  മുഴുവൻ  സംശയത്തിന്റെ  നിഴലിൽ  നിർത്തുക  എന്ന  ആരോഗ്യപരമല്ലാത്ത സാമൂഹ്യബന്ധത്തിൽ എത്തിക്കും. 2) ഒരു വ്യക്തി എന്നാല്‍ ഒറ്റപ്പെട്ട വ്യക്തി മാത്രമല്ല, അവരോട് ചേര്‍ന്ന് ജീവിതം കെട്ടിപ്പടുത്ത മറ്റനേകം പേരും ചേര്‍ന്നതാണ്. അവരുടെ സമൂഹത്തിലെ മാനാഭിമാനങ്ങളും കാക്കാന്‍ നമ്മുടെ ഓരോ പ്രതിക്ഷേധങ്ങള്‍ക്കും കടമയുണ്ട്. എന്താണ് വേണ്ടത് എന്താണ് വേണ്ടാത്തത് എന്ന വിവേകപൂര്‍വ്വമായ ചിന്ത കഴിഞ്ഞ് പ്രതികരണം  തുടങ്ങുന്നതായിരിക്കും എല്ലാവര്‍ക്കും (പ്രത്യേകിച്ച് ഒന്നും മനസ്സറിയാതെ വീട്ടിലിരിക്കുന്ന ചില നിഷ്ക്കളങ്ക സ്ത്രീകള്‍ക്ക്) നല്ലത്. അവരുടെ  അപ്പനോ  ഭര്‍ത്താവോ സഹോദരനോ മകനോ നിരുത്തരവാദപരമായും മാന്യതയില്ലാതെയും  പെരുമാറുന്നതിന്  അവര്‍  എന്തുപിഴച്ചു!

മതങ്ങളും സദാചാരക്കാരും
സദാചാരപോലീസിന് എതിരെ മതത്തിന്‍റെ ഭാഗത്ത് നിന്ന് വലിയ എതിര്‍പ്പ് ഉണ്ടാകുമെന്ന് ചിന്തിക്കരുത്. കാരണം മതങ്ങള്‍ എന്നും വ്യക്തിയുടെ സദാചാരത്തെ മാത്രമാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. അത് പ്രയോഗീകമായ നടപ്പിലാക്കുന്നവര്‍ ആണ് ഒരു രീതിയില്‍ സദാചാരപോലീസുകാര്‍. സ്വകാര്യതയും പൊതുജീവിതവും വിവേചനബോധം മതങ്ങള്‍ക്ക് എന്നേ നഷ്ടപ്പെട്ടു. മതങ്ങൾ ഇപ്പോൾ വ്യക്തിജീവിതത്തിൽ ഏതൊക്കെ വിടവുകളിലൂടെയാണ് ഒളിഞ്ഞുനോക്കുന്നത്! ദമ്പതികൾ കിടപ്പറയിൽ ആഘോഷിക്കുന്ന വിശുദ്ധമായ ലൈംഗീക കർമ്മത്തിന്റെ രീതികൾ എന്തായിരിക്കണം എന്നുവരെ മതം നിശ്ചയിക്കുന്നു എന്നുവന്നാൽ മതം പോലും എത്ര തരംതാണു പോകുന്നു!

പൊതുവിടത്തില്‍ പോലും ഒരു വ്യക്തിയ്ക്ക്‌  അയാളുടെ വ്യക്തിയിടം ഉണ്ടെന്നറിയണം. പരസ്പരം സ്നേഹിക്കുന്നവരോ, അടുത്തറിയുന്നവരോ, ഭാര്യാഭര്‍ത്താക്കന്മാരോ, പ്രണയജോഡികളോ ഒന്നിച്ചിരുന്നാലോ, പരസ്പരം ആലിംഗനം ചെയ്താലോ, തോളില്‍ കയ്യിട്ടാലോ, പോട്ടെ ഒന്ന് ചുംബിച്ചാലോ അതൊന്നും പൊതുസമൂഹത്തിന്‍റെ പ്രശ്നമല്ല. കാരണം അത്‌ എനിക്ക്‌ ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. എന്നാല്‍ പൊതുവിടത്തില്‍ മൂത്രമൊഴിക്കുന്നതും മലവിസ്സര്‍ജ്ജനം നടത്തുന്നതും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും  പൊതുജീവിതത്തെ ബാധിക്കുന്നതാണ്. അവ എതിര്‍ക്കപ്പെടേണ്ടതാണ്. സത്യത്തില്‍ ഇതൊന്നുമല്ല സദാചാരഗുണ്ടകളുടെ പ്രശ്നം. കടുത്ത ലൈംഗീകദാരിദ്ര്യമാണ് അവരില്‍ സദാചാരഗുണ്ടായിസമായി കുരുപൊട്ടിയൊഴുകുന്നത്.