Thursday, August 25, 2016

സാമൂഹ്യമാധ്യമ ലോകത്തെ ലൈംഗീക പോഷകാഹാരക്കുറവ്

അപൂര്‍വ്വം ചില  അവസരങ്ങളില്‍ പെരുന്നാൾ  കാലത്ത് ക്രിസ്തീയ ആചാരപ്രകാരം ഒരു ചടങ്ങുണ്ട്-  കൂടു തുറന്നുള്ള കുര്‍ബാന. കൂട്  എന്നാൽ  വിശുദ്ധമായി  കണക്കാക്കുന്ന രൂപക്കൂടാണ്, അത്  സാധാരണ  അടച്ചാണ്  ഇടാറ്. കൂടു തുറന്നുള്ള കുർബാനയുടെ കാര്യം ഇപ്പോൾ  ഓർക്കാൻ  കാരണം ചിലർ  inbox തുറന്ന് കാണിച്ച് തുടക്കം കുറിച്ചിരിക്കുന്ന ഒരു സ്ത്രീവിമോചന സാമൂഹ്യ പരിഷ്‌ക്കരണം  കണ്ടപ്പോഴാണ്.  സ്ത്രീ FB അക്കൗണ്ടുകള്‍  കണ്ടാല്‍  ചില  പുരുഷന്മാര്‍ക്ക്  ഉടന്‍  ഞരമ്പുരോഗം  പിടിപെടും. ഉടന്‍  പോയി ഈ സ്ത്രീകളുടെ inboxൽ ആണ്  അത്യാഹിതവിഭാഗ പ്രവേശനം നടത്തുന്നത്. അവര്‍ക്ക് വേണ്ട ചികിത്സ കൊടുക്കുക എന്നതിന് വേണ്ടിയാണ് ഇപ്പോൾ അവരിൽ ചിലർ inbox പൊതുവിടത്ത്  തുറന്ന്  വെച്ചിരിക്കുന്നത്.  അവരുടെ ഉദ്ദേശശുദ്ധിയെക്കുറിച്ച് യാതൊരു സംശയവുമില്ല. എന്നാൽ  അവരുടെ രീതിയെക്കുറിച്ച് ചില വിയോജിപ്പുകൾ ഉണ്ട്. കാരണം അത്  ഒരു വ്യക്തിയുടെ സ്വകാര്യ identityയെ പൊതുവിടത്തില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള രീതിയാണ്. അതിലെ  ചില  അപകടങ്ങളായി തോന്നിയിട്ടുള്ള കാര്യങ്ങള്‍:
1. inbox എന്ന സ്വകാര്യയിടത്ത് ഒരു  സ്ത്രീയോട് സംവദിക്കാനുള്ള സ്വാതന്ത്ര്യം ദുരുദ്ദേശങ്ങള്‍ ഒന്നുമില്ലത്തവര്‍ക്ക് പോലും നഷ്ടപ്പെട്ടേക്കാം. കാരണം  ഈ  പ്രതിക്ഷേധത്തിന്  തുടക്കം  കുറിച്ചവര്‍ ഇതിനെ സാമൂഹ്യമാധ്യമങ്ങളിലെ ഒരു പൊതുസ്ത്രീ മുന്നേറ്റമായി  മാറ്റാന്‍  എല്ലാ  സ്ത്രീകളോടും  ആവശ്യപ്പെടുന്നു. അത്  വൈകാരികപക്വതയുള്ളതും  ഇല്ലാത്തതുമായ സ്ത്രീകള്‍ തൊട്ടതിനും  പിടിച്ചതിനും (ചിലപ്പോള്‍ പ്രതികാരം  തീര്‍ക്കാനും) inbox തുറന്നു screenshot ഇടുന്ന  രീതിയിലേക്ക് മാറും. അത്  പുരുഷമാരെ  മുഴുവൻ  സംശയത്തിന്റെ  നിഴലിൽ  നിർത്തുക  എന്ന  ആരോഗ്യപരമല്ലാത്ത സാമൂഹ്യബന്ധത്തിൽ എത്തിക്കും.
2. ഒരു വ്യക്തി എന്നാല്‍ ഒറ്റപ്പെട്ട വ്യക്തി മാത്രമല്ല, അവരോട് ചേര്‍ന്ന് ജീവിതം കെട്ടിപ്പടുത്ത മറ്റനേകം പേരും ചേര്‍ന്നതാണ്. അവരുടെ സമൂഹത്തിലെ മാനാഭിമാനങ്ങളും കാക്കാന്‍ നമ്മുടെ ഓരോ പ്രതിക്ഷേധങ്ങള്‍ക്കും കടമയുണ്ട്. എന്താണ് വേണ്ടത് എന്താണ് വേണ്ടാത്തത് എന്ന വിവേകപൂര്‍വ്വമായ ചിന്ത കഴിഞ്ഞ് പ്രതികരണം  തുടങ്ങുന്നതായിരിക്കും എല്ലാവര്‍ക്കും (പ്രത്യേകിച്ച് ഒന്നും മനസ്സറിയാതെ വീട്ടിലിരിക്കുന്ന ചില നിഷ്ക്കളങ്ക സ്ത്രീകള്‍ക്ക്) നല്ലത്. അവരുടെ  അപ്പനോ  ഭര്‍ത്താവോ സഹോദരനോ മകനോ നിരുത്തരവാദപരമായും മാന്യതയില്ലാതെയും  പെരുമാറുന്നതിന്  അവര്‍  എന്തുപിഴച്ചു!
3. എന്നോട് ഒരാള്‍ക്ക്‌ താത്പര്യം തോന്നിയാല്‍ അത് പറയാന്‍ വരെയുള്ള സ്വാതന്ത്ര്യം സ്വകാര്യ ഇടങ്ങള്‍ അനുവദിക്കുന്നു. എന്നാല്‍ തിരിച്ച് താത്പര്യമില്ല എന്ന് ഞാന്‍ വ്യക്തമായി പറഞ്ഞാല്‍ അവിടെ തീരണം ആ സംഭാഷണം. അതിനപ്പുറം ആരെങ്കിലും ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയാന്‍ നല്ല ചുട്ട മറുപടിതന്നെ ആദ്യം കൊടുക്കുക. അതുകൊണ്ടും ഫലമില്ലെങ്കില്‍ ഉപയോഗിക്കാനുള്ള സാധ്യതകള്‍ ആണ് reporting, blocking etc. അവ കൂടി ഉപയോഗപ്പെടുത്തുക.
ഇത്രയും പറഞ്ഞത് ഈ വിഷയത്തെക്കുറിച്ച പോസ്റ്റുകള്‍ മുഴുവന്‍ അനുചിതമാണ് എന്ന് പറയാനല്ല. വിഷയം വളരെ പ്രധാനമാണ്. സ്ത്രീ സഹോദരിമാര്‍ പ്രതിക്ഷേധിക്കുന്ന പോസ്റ്റുകള്‍ തുടര്‍ച്ചയായി തന്നെ വേണം. പക്ഷെ അവ ജനറല്‍ ആവണം.  കൊള്ളേണ്ടവന് കൊള്ളണം, എന്നാല്‍ പൊതുവായനക്കാര്‍ക്ക് വ്യക്തിയുടെ identity വെളിവാകുകയും ചെയ്യരുത്. കാരണം  ഓരോ  വ്യക്തിയും  നമ്മള്‍  അതിസൂക്ഷ്മമായി കൈകാര്യം  ചെയ്യണ്ട  വിലപ്പെട്ട വ്യക്തിത്വങ്ങളാണ്.
ഇനി ഈ  സ്ത്രീകള്‍  നേരിടുന്ന  പ്രശ്നത്തെക്കുറിച്ച്  ഒരു  നേര്‍സാക്ഷ്യം: പ്രശ്നത്തിന്‍റെ  ഗൌരവം  അറിയാന്‍ ഒരു  നല്ല സുഹൃത്ത്‌  അയ്യാള്‍  ഉണ്ടാക്കിയ സ്ത്രീ  FB അക്കൌണ്ടിന്‍റെ  ID യും  പാസ്സ്‌വേര്‍ഡും  നിര്‍ബന്ധിച്ച്  തന്നിട്ട്  പോയി  തുറന്ന്  നോക്കാന്‍  പറഞ്ഞു. മനസ്സില്ലാമനസ്സോടെ ഇന്നലെ  രാത്രി  8- 10 വരെ  അത്  തുറന്നിട്ടു. കാണണമായിരുന്നു  കാഴ്ച. വെറുതെ  നോക്കിയിരുന്നതേയുള്ളൂ. സത്യത്തില്‍ എനിക്ക് ഒടുക്കത്തെ ചിരിയാണ് വന്നത്. പാവങ്ങള്‍ എന്തൊരു ലൈംഗികദാരിദ്ര്യമാണ് നമ്മുടെ നാട്ടില്‍!!! ഓരോ  നിമിഷവും  പോപ്‌അപ് ചെയ്യുന്ന  മെസ്സേജുകള്‍, വീഡിയോ  കോളുകള്‍, ഫ്രണ്ട് റിക്വസ്റ്റുകള്‍, ഓരോ  പൊട്ട പോസ്റ്റിനും മുഖചിത്രത്തിനും  അടിയില്‍  വീഴുന്ന അനേകം  ലൈക്കുകള്‍,  കമ്മന്റുകള്‍. എന്നാല്‍ ഒരു  കാര്യം ഇപ്പോഴും  പറയാം ചില  നിസ്സാര ചികിത്സകൊണ്ട് പരിഹരിക്കാവുന്നതെയുള്ളൂ  ഈ  രോഗം (സ്ത്രീ  സഹോദരിമാര്‍ ശ്രദ്ധിക്കുക) :
1. പരിചയമില്ലാത്ത  ഒരാൾ രണ്ടിൽ  കൂടുതൽ  പ്രാവശ്യം  മറ്റൊന്നും  പറയാൻ  ഇല്ലാതെ "Hi.. " എന്ന  സന്ദേശം  അയച്ചാൽ  ഒന്നും നോക്കാതെ  അങ്ങ്  ബ്ലോക്ക്  ആക്കിയേക്കുക.
2. തിരിച്ച് പ്രതികരണം ഇല്ലാത്തപ്പോഴും പൂക്കൾ ചേർത്ത് വരുന്ന  GOOD MORNING, GOOD NIGHT ആശംസകള്‍, ചില  റൊമാന്റിക്  ചിത്രങ്ങള്‍, വരികള്‍ (നിങ്ങളുടെ വീക്നെസിലാണ് അവര്‍  പിടിമുറുക്കിയിരിക്കുന്നത്) എന്നിവ  കണ്ടാല്‍  ബ്ലോക്കാന്‍  മടിക്കണ്ടാ.
3. അറിയാത്ത  വ്യക്തിയിൽ  നിന്ന്  വീഡിയോ  ചാറ്റ് വന്നാൽ  ആ  നിമിഷം  അയ്യാളെ  ബ്ലോക്കുക.
4. അശ്ളീല സന്ദേശങ്ങൾ, ചിത്രങ്ങൾ എന്നിവക്ക് ചീത്ത വിളിക്കാൻ  പോകുന്നതും ചുട്ടമറുപടി കൊടുക്കാൻ പോകുന്നതും വെറുതെ  ഉള്ള  മനഃശാന്തിയും  സമയവും  നഷ്ടപ്പെടുത്തും  എന്നല്ലാതെ  ഉപകാരം  ഉണ്ടാവില്ല. അതുകൊണ്ട്  ബ്ലോക്ക്  തന്നെ  പരിഹാരം.
5. ഫ്രണ്ട് റിക്വസ്റ്റ്  അയക്കുമ്പോൾ/സ്വീകരിക്കുമ്പോൾ ഒരാളുടെ  ടൈംലൈനും മറ്റ്  വിവരങ്ങളും ആദ്യം  ഒന്ന്  പരിശോധിച്ച്  മാത്രം  ചേർക്കുക. കൂടുതൽ  എണ്ണം  സുഹൃത്തുക്കൾ  ഉണ്ടാവുക എന്നതല്ല, ഗുണമുള്ള  ഒരു  ചെറിയ  കൂട്ടം  ഉണ്ടാവുക  എന്നതാണ്  സാമൂഹ്യമാധ്യമത്തിന്റെ ഗുണപരമായ ഉപയോഗത്തിന് നല്ലത്.
6. കൊടുക്കേണ്ടിടത്ത് നല്ല  കൊട്ട്  തന്നെ  കൊടുക്കുകയും  വേണം. സ്ത്രീകൾ വിവേകത്തോടെ ഇടപെട്ടാല്‍ കാര്യങ്ങള്‍ക്ക് ഒരു പരിഹാരം നിശ്ചയമായും ഉണ്ടാവും.

ഇത്രയും സിമ്പിൾ ആയ കാര്യത്തെ  സമൂഹത്തിലെ ആരോഗ്യപരമായ സ്ത്രീ-പുരുഷബന്ധം ഉലക്കും വിധമുള്ള  അവിവേക പ്രതികരണത്തിലേക്ക് കൊണ്ടുപോകരുതെന്ന് സ്ത്രീ  സുഹൃത്തുക്കളോട്  ഒരു  അപേക്ഷയുണ്ട്.
ലൈംഗീക പോഷകക്കുറവ് അനുഭവിക്കുന്ന നമ്മുടെ പ്രവാസലോകത്തെ പുരുഷന്മാരോടും സ്ത്രീകളോടും, സ്നേഹമില്ലാതെ വീട്  എന്ന  വ്യവസ്ഥിതിയെ നിലനിർത്തികൊണ്ടു പോകാൻ  വിധിക്കപ്പെടുന്നവരോടും  സത്യത്തിൽ വലിയ  സഹതാപമാണ് തോന്നുന്നത്. ജീവിതം ശരിക്കൊന്ന് ജീവിക്കാന്‍ കൂടി പറ്റാതെ വെറുതെ മരുഭൂമിയിലും ചൂടിലും ഉരുകിത്തീരുന്നവര്‍, പെണ്ണ്  എന്നാൽ  കാമപൂർത്തീകരണ വസ്തു എന്നരീതിയിൽ  കാണുന്ന ചില  ഭർത്താക്കന്മാർ, ഭർത്താവിന്റെ ഇഷ്ടങ്ങളെ ചെറുക്കുന്ന ചില  കുലസ്ത്രീകൾ.... എല്ലാം  ചേർന്ന് നമ്മുടെ കുടുംബങ്ങളെ കള്ളം  പറയിക്കുന്നു - അനിവാര്യമായ വലിയ കള്ളം. 

Tuesday, August 9, 2016

ഗാന്ധിക്ക് മുന്നില്‍ സാമ്രാജിത്വം മുട്ടുമടക്കി
ഇറോമിന് മുന്‍പില്‍ സ്വാതന്ത്ര്യവും.
Be ashamed of being independent.

Monday, August 8, 2016

കിടപ്പുമുറിയിലും തീന്‍മേശയിലും കടന്ന രാഷ്ട്രീയം

ഡല്‍ഹിയില്‍ 70 സീറ്റില്‍ 67 ലും AAP ജയിച്ച ദിവസം ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ച് കുറച്ചൊക്കെ അഭിമാനം തോന്നി. പക്ഷേ, ഇന്ന് തോന്നുന്നു നിലനില്‍ക്കുന്ന ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ ഒരു പാര്‍ട്ടിയും Absolute Majority നേടി ഭരണത്തില്‍ വരാന്‍ പാടില്ല. അല്ലെങ്കില്‍ തന്നെ വിജയിച്ചുകഴിഞ്ഞാല്‍ സാധാരണക്കാരന്‍റെ മേല്‍ യജമാനത്വം പുലര്‍ത്തുന്ന നമ്മുടെ നേതാക്കള്‍ പിന്നെ പൌരന്‍റെ മൌലീകാവകാശങ്ങളെ പോലും വകവെക്കില്ല. അതാണ്‌ ഇന്ന് നമ്മള്‍ BJP ഭരണത്തില്‍ കീഴില്‍ കാണുന്നത്. (ഇന്ത്യന്‍ പൌരന് 'സ്വകാര്യത എന്ന മൌലീകാവകാശം' ഇല്ലെന്ന് ഇപ്പോള്‍ തന്നെ മോദി ഗവണ്മെന്റ് പറഞ്ഞുകഴിഞ്ഞു!) വീട്ടിലെ തീന്മേശയില്‍ നിങ്ങള്‍ എന്തു വിളമ്പണമെന്ന് അവര്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ സ്വകാര്യയിടങ്ങളില്‍ എന്തു കാണണമെന്നും എന്തു കാണാന്‍ പാടില്ല എന്നും നിശ്ചയിച്ചു കഴിഞ്ഞു. പ്രണയജോടികളുടെ കിടപ്പുമുറിയില്‍ പോലും കയറി അവര്‍ക്കെതിരെ കേസ് എടുക്കുന്ന ഭീകരമായ ദൃശ്യമാണ് ഇന്നലെ നാം മുംബയില്‍ കണ്ടത്. യാക്കൂബ് മേമന്‍ വിധിന്യായത്തില്‍ രാഷ്ട്രത്തിനെതിരായ നിലപാടെടുത്തെന്ന് എന്നാരോപിച്ച് കഴിഞ്ഞ ദിവസം കേരളത്തിലെ തന്നെ മൂന്ന് ചാനലുകള്‍ക്കെതിരെ കേന്ദ്രത്തിന്‍റെ നോട്ടീസ് വന്നു. മതം സന്മാര്‍ഗ്ഗം പ്രസംഗിക്കുന്നതു പോലെയല്ല രാഷ്ട്രം സദാചാരം പ്രസംഗിക്കുന്നത്. രാഷ്ട്രത്തിന് നിയമപാലനവകുപ്പും നീതിന്യായവ്യവസ്ഥയും കൈമുതലായുള്ളതുകൊണ്ട് അനുസരിക്കാത്തവനെ നിയമത്തിന്‍റെ വഴിയില്‍ കൊണ്ടുവരാന്‍ അതിനറിയാം. ഇന്ത്യന്‍ ജനാധിപത്യത്തിന് ഇതേ ഭരണഘടന വെച്ചുകൊണ്ട് സ്വേച്ഛാധിപത്യത്തിലേക്ക് വഴുതിവീഴുക വളരെ ലളിതമായ കാര്യമാണെന്ന് മുന്‍പ് ഇന്ദിരാഗാന്ധിയുടെ നേതൃത്തത്തില്‍ കോണ്ഗ്രസ്സ് തെളിയിച്ചിട്ടുണ്ട്. ഇന്ത്യയൊട്ടുക്കും BJP തൂത്തുവാരി വിജയിച്ച ദിവസം അതെന്‍റെ ഭയം മാത്രമായിരുന്നു, ഇന്നത് യാഥാര്‍ത്യമാവുകയാണോ!

Sunday, July 24, 2016

Thursday, July 21, 2016

ദളിത്‌ മുന്നേറ്റം, മതപരിവര്‍ത്തനത്തിലൂടെ.

'ബ്രാഹ്മണി'സത്തിന്റെ ഉള്ളില്‍ നിന്ന് വിമോചനം പ്രതീക്ഷിച്ച് ഹിന്ദുത്വവാദത്തിന്‍റെ കൂടെകൂടിയ ദളിതര്‍ തന്നെയാണ് ദളിത്‌ വിമോചനത്തിന്റെ മുഖ്യവിലങ്ങുതടി. ദളിതന്‍ ഇനിയെങ്കിലും തിരിച്ചുനടക്കേണ്ടത്‌ അംബേദ്‌കറിലേക്ക് ആണ്. "ഞാനൊരു ഹിന്ദുവായി ജനിച്ചെങ്കിലും, നിങ്ങളോട് തീര്‍ത്തുപറയുന്നു, ഒരിക്കലും ഒരു ഹിന്ദുവായി മരിക്കില്ല," അദ്ദേഹം പറഞ്ഞു. കാരണം ജാതീയത ഹൈന്ദവമതത്തിന്‍റെ ഏറ്റവും അടിസ്ഥാന തത്വമാണ്, മനുഷ്യര്‍ ജന്മംകൊണ്ടുതന്നെ അസമത്വത്തില്‍ ജനിക്കുന്നു എന്നത്. ആ തത്വം എടുത്തുമാറ്റിയാല്‍ ഹിന്ദുത്വ സാമൂഹ്യ-മത വ്യവസ്ഥക്ക് പിന്നെ നിലനില്‍പ്പ്‌ ഇല്ല. അതുകൊണ്ട് അംബേദ്‌കര്‍ മുന്നോട്ടുവെച്ച ദളിത്‌ വിമോചന വഴിയായിരുന്നു കൂട്ടത്തോടെയുള്ള മതംപരിവര്‍ത്തനം. ഇവിടെ ക്രിസ്തീയതയില്‍ ജാതീയതയില്ലേ, ഇസ്ലാമില്‍ ജാതീയില്ലേ, സിക്കുമതത്തില്‍ ജാതീയതയില്ലേ, ബുദ്ധിസത്തില്‍ ജാതീയതയില്ലേ...." എന്നൊക്കെ ചോദിക്കാം. ഉണ്ട്, പ്രയോഗത്തില്‍ ഉണ്ട്. എന്നാല്‍ തത്വത്തില്‍ ഇല്ല. തത്വത്തില്‍ ആ മതങ്ങള്‍ എല്ലാ മനുഷ്യരും ജന്മം കൊണ്ട് തുല്യര്‍ ആണെന്നാണ് പറയുന്നത്.
എന്തുകൊണ്ട് കേരളത്തിലെ ദളിതര്‍ കുറെയെങ്കിലും സാമൂഹ്യമായി മുന്നോട്ട് പോയി എന്ന ചോദ്യത്തിന് ഈ മതപരമായ മാറ്റം വലിയൊരു കാരണമായിരുന്നു. ഇവിടെ 'ചാന്നാര്‍ ലഹള' (മാറുമറക്കല്‍ സമരം) നടന്നു. ക്രിസ്ത്യന്‍ മിഷനറിമാരുടെ കീഴില്‍ വിദ്യാഭ്യാസം നേടിയ നാടാര്‍ സമുദായക്കാരായിരുന്നു അതിന് നേതൃത്വം നല്‍കിയത്. ഇന്ന് തെക്കന്‍ തിരുവതാംകൂറിലെ 'നാടാര്‍' സമുദായത്തിനിടയില്‍ പോയിനോക്കൂ, അവര്‍ വളരെ നിര്‍ണ്ണായകമായ ഒരു രാഷ്ട്രീയ-സാമൂഹ്യ ശക്തിയാണ്. CSI സഭയിലേക്ക് മതപരിവര്‍ത്തനം നടത്തിയ മധ്യതിരുവതാംകൂറിലെ 'അരയ' (മലയരയ) വിഭാഗങ്ങളുടെ ഇടയില്‍ വന്നുനോക്കൂ. അവരെപ്പോലെ വിദ്യാഭ്യാസവും ഉന്നതഉദ്യോഗവും സമ്പത്തീകമായ ഉന്നമനവും നേടിയവര്‍ ആ പ്രദേശത്ത്‌ തന്നെ കുറവാണ്. സ്വന്തം 'മതസ്വത്വ'ത്തിന്‍റെ വഴിതേടിയ PRDS ഇന്ന് അവഗണിക്കാന്‍ പറ്റാത്ത ഒരു ദളിത്‌ സമൂഹമാണ്. വടക്കന്‍ മലബാറില്‍ മുസ്ലിം സമുദായത്തിലേക്ക്‌ ചേക്കേറിയവര്‍ ജാതീയതയുടെ വലിയ ദൂഷ്യങ്ങള്‍ അറിയാതെ ജീവിക്കുന്നു. (എന്നാല്‍ ചില 'ജാതീയ ക്രിസ്തീയ'തയിലും 'ജാതീയ ഇസ്ലാമിലും' -തത്വത്തില്‍ ഇല്ലെങ്കിലും പ്രയോഗത്തില്‍ ജാതീയമായി ജീവിക്കുന്നവര്‍- ചേക്കേറിയവരുടെ അവസ്ഥ തഥൈവ).
എന്തുകൊണ്ട് ക്യാമ്പസുകള്‍ (ഹൈദരാബാദ്/ഡെല്‍ഹി) പ്രക്ഷുബ്ധമാകുന്നു എന്നതിന്‍റെ അടിസ്ഥാന കാരണം ഇവിടെയാണ്‌. മുഖ്യധാര സമൂഹത്തിന്‍റെ ശ്രദ്ധയില്‍ പെടാതെ ഇവിടെ ദളിതസമൂഹത്തിന് ഉള്ളില്‍ ഒരു വന്‍ സാമൂഹ്യപരിവര്‍ത്തനം നടക്കുന്നുണ്ട്, അംബേദ്‌കറിന്റെ വഴിയില്‍ മതപരിവര്‍ത്തനത്തിലൂടെ ഒരു സാമൂഹ്യപരിവര്‍ത്തനം. അവര്‍ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക് നീങ്ങുകയാണ്, നമ്മുടെ കൊച്ചു കേരളത്തില്‍ പോലും (ആ മേഖലയില്‍ ഒരു ചെറിയ ഗവേഷണം നടത്തുന്നു)!. മതങ്ങളുടെ ഗംഭീര ആത്മീയതയും പ്രൌഡിയും ഒന്നും കണ്ടിട്ടല്ല അവരുടെ ഈ മാറ്റം എന്നാണ് ലളിതമായ ഒരു കണ്ടെത്തല്‍. ഇത് വലിയ ഒരു സാമൂഹ്യമാറ്റത്തിന്‍റെ സമ്മര്‍ദ്ദതന്ത്രത്തിന്‍റെ ഭാഗമാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ശക്തമായി നിലവില്‍ ഇല്ലാത്ത ബുദ്ധിസത്തിലേക്കാണ് ആ മാറ്റം (നവ-ബുദ്ധിസം). അത് ഹിന്ദുത്വത്തിന് താങ്ങാന്‍ കഴിയുന്ന ഒന്നല്ല. മൊത്തം ഇന്ത്യന്‍ ജനതയുടെ നേര്‍പകുതി വരുന്ന ദളിത്‌ സമൂഹം സ്വന്തമായ ഒരു സ്വതം നേടിയാല്‍ പിന്നെ മുസ്ലിം-ക്രിസ്ത്യന്‍-സിക്ക് സമുദായങ്ങളെ മാറ്റിനിര്‍ത്തി ബ്രാഹ്മണിസത്തിന് ഇവിടെ ഒരു നിലനില്‍പ്പ്‌ സാധ്യമല്ല. അത് അവര്‍ തന്നെ തിരിച്ചറിയുന്നു. അതുകൊണ്ടാണ് ഹിന്ദുത്വവാദികള്‍ ഇപ്പോള്‍ കിട്ടിയ അവസരം മുതലെടുത്ത്‌ തെരുവില്‍ ഇറങ്ങി അഴിഞ്ഞാടി ദളിതനെ ഒതുക്കാന്‍ ശ്രമിക്കുന്നത്. അത് തിരിച്ചറിയാതെ ഒരു 'മണ്ടശിരോമണി' മുഖവും വടിച്ചുവെളുപ്പിച്ച് കുറേ ഈഴവരേയും കൂട്ടി ഉടനെ ബ്രാഹ്മണന്‍ ആകാം എന്ന് മോഹിച്ച് നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്, വെള്ളാപ്പിള്ളി. അങ്ങനെയുള്ളവര്‍ ആണ് അംബേദ്‌കര്‍ സ്വപ്നം കണ്ട ദളിത്‌ വിമോചനത്തിന്റെ പ്രധാന ഘാതകര്‍. വിമോചനം ആരും പുറത്തുനിന്ന് എത്തിക്കില്ല, സ്വയം കണ്ടെത്തണം ചില രാഷ്ട്രീയ-സാമൂഹ്യ തിരഞ്ഞെടുപ്പുകളിലൂടെ.

Wednesday, July 20, 2016

ഞങ്ങടെ നെറ്റിപ്പട്ടം തിരിച്ചുതരണം

എന്തായാലും ഷൈലജ ടീച്ചര്‍ വടക്കുംചേരിയെ പൊളിച്ചടുക്കി. എന്നാല്‍ ഇനി ഞങ്ങടെ ഊഴം. M.D. ഇല്ലാത്ത എല്ലാ വൈദ്യന്മാരും നിങ്ങടെ "ഡോ." (Dr.) ഇവിടെ തിരിച്ചുവെച്ചിട്ട് പോണം. "പഠിപ്പിക്കുക' എന്ന് അര്‍ത്ഥമുള്ള docēre (ദോചെരെ) എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് doctor എന്ന ഇംഗ്ലീഷ് വാക്കിന്‍റെ ഉത്ഭവം. മധ്യകാലഘട്ടങ്ങളില്‍ പാരിസ് സര്‍വ്വകലാശാലയില്‍ പഠിപ്പിച്ചിരുന്ന, ഏതെങ്കിലും വിഷയത്തില്‍ പണ്ഡിതജ്ഞാനം നേടിയ, അദ്ധ്യാപകര്‍ക്കാണ് ഈ ബഹുമാനപൂര്‍വ്വകമായ പദവി കൊടുത്തിരുന്നത്. വൈദ്യശാസ്ത്രവിഷയത്തില്‍ പണ്ഡിതജ്ഞാനം ഉള്ള അദ്ധ്യാപകരേയും ഈ ഉദ്യോഗനാമം ഉപയോഗിച്ച് വിളിച്ചിരുന്നു. എന്നാല്‍ എന്നുമുതലാണ് നിങ്ങള്‍ തുക്കടാ വൈദ്യന്മാര്‍ ഇത് മോഷ്ടിച്ച് കൊണ്ടുപോയിട്ട് ഞങ്ങള്‍ Ph D. ക്കാരെ പരിഹസിക്കാന്‍ തുടങ്ങിയത്! മര്യാദയുടെ ഭാഷയില്‍ പറയുകയാണ്‌, ഞങ്ങടെ നെറ്റിപ്പട്ടം അവിടെ വെച്ചിട്ട് പൊയ്ക്കോ. അല്ലെങ്കില്‍ വടക്കുംചേരിക്കൊപ്പം നിങ്ങള്‍ സകലമാന വൈദ്യന്‍മാരേയും കോടതി കേറ്റും. പറഞ്ഞേക്കാം.

Sunday, July 17, 2016

സ്ഥാനം തെറ്റിയ മൂല്യബോധം

'ദേശസ്നേഹം' എന്നത് ഏറ്റവും വലിയ ഒരു ജനാധിപത്യമൂല്യമായി അവതരിപ്പിക്കപ്പെടുന്ന കാലത്താണ് നമ്മള്‍. പണ്ടും അങ്ങനെയൊക്കെ തന്നെയായിരുന്നു. എന്നാല്‍ ജനാധിപത്യം നിലനില്‍ക്കാത്ത കാലത്ത് ഭരണാധികാരികള്‍ (ചക്രവര്‍ത്തിമാരും രാജാക്കന്മാരും) അങ്ങനെ ജനങ്ങളെ ധരിപ്പിക്കുമ്പോള്‍ അതിന് അവരുടെ അധികാരം ഉറപ്പിക്കുക എന്നൊരു ലക്ഷ്യമുണ്ട് എന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. നടന്ന യുദ്ധങ്ങളില്‍ ഏറിയപങ്കും അതിരുകളെ ചൊല്ലിയായിരുന്നു. ഏത് നാട്ടുകാരാണ് പറയാതിരുന്നിട്ടുള്ളത് എന്‍റെ നാട് മറ്റേതു നാടിനേക്കാള്‍ മെച്ചമെന്നും സ്നേഹയോഗ്യമെന്നും! സത്യത്തില്‍ ഈ ലോകത്ത് സ്നേഹയോഗ്യമല്ലാത്ത ഏതെങ്കിലും നാടുണ്ടോ? നമ്മുടെ മക്കള്‍ രാജ്യസ്നേഹികളായി വളരുകയാണോ വിശ്വമാനവരായി വളരുകയാണോ വേണ്ടത്? എല്ലാ സിരയിലേയും ചോരക്ക് ഒരേ നിറമാണ്; എല്ലാ കണ്ണിലേയും കണ്ണീരിന് ഉപ്പുരസമാണ്‌; എല്ലാ മണ്ണും ആകാശവും പവിത്രമാണ്; എല്ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. എന്നിട്ടും നാം എന്തിന് ഇങ്ങനെ ഊതിവീര്‍പ്പിച്ച ദേശസ്നേഹത്തിന്റെ കഥ പറഞ്ഞ് പടവെട്ടുന്നു!
സഹസ്രാബ്ദങ്ങള്‍ നീണ്ട ചരിത്രത്തിലൂടെ മനുഷ്യന്‍ ദേശാടകനായി നടന്നു. അതിരുകളില്ലാതെ, വേലികളില്ലാതെ, ചുറ്റുമതിലുകളില്ലാതെ ഭൂമി അവന്റെ മുന്നില്‍ വിശാലമായി തുറന്നുകിടന്നു. കാണാത്ത കാഴ്ചകള്‍, കേള്‍ക്കാത്ത ശബ്ദങ്ങള്‍, നുകരാത്ത സുഗന്ധങ്ങള്‍, നുണയാത്ത രുചികള്‍.... എല്ലാം അവന്റെ അനുഭവലോകത്തേയ്ക്ക് ഓരോ ദിവസവും വാതില്‍ തുറന്നെത്തിക്കൊണ്ടിരുന്നു. ജീവിതം ഓരോ ദിവസവും പുതുമ നിറഞ്ഞതായി.
സ്ഥിരവാസിയായി ഭൂമിയില്‍ കൂടുകൂട്ടിയ കാലം മുതല്‍ അനുഭവത്തിന്റെ തനിയാവര്‍ത്തനങ്ങളുടെ പഴകിവളിച്ച ഒരു ലോകത്തിലേയ്ക്ക് മനുഷ്യന്‍ പ്രവേശിക്കുകയായിരുന്നു. എല്ലാ ദിവസവും ഒരേ പുലരികള്‍, ഒരേ ഭക്ഷണം, ഒരേ കാഴ്ചകള്‍, ഒരേ ശബ്ദങ്ങള്‍. ഒപ്പം അലയുന്നവന്റെ സ്വാതന്ത്ര്യവും അവന് നഷ്ടമായി. ഗോത്രങ്ങള്‍ക്കിടയില്‍, പട്ടണങ്ങള്‍ക്കിടയില്‍, രാജ്യങ്ങള്‍ക്കിടയില്‍ അതിരുകള്‍ ഉയര്‍ന്നു. അതിരുകള്‍ ഭേദിക്കാന്‍ ശ്രമിച്ചവരൊക്കെ കലാപകാരികളായി. അങ്ങനെ യുദ്ധങ്ങളായി. ഭൂമി മുറിക്കപ്പെട്ടു, ഭൂപടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു, കാവലാളുകള്‍ നിയോഗിക്കപ്പെട്ടു...... എല്ലാം സ്വകാര്യവത്ക്കരിക്കപ്പെട്ടു. അങ്ങനെ യാത്രയ്ക്കുള്ള സ്വതന്ത്രലോകം നിഷേധിക്കപ്പെട്ട മനുഷ്യര്‍, ഹിപ്പോയിലെ അഗസ്റ്റ്യന്‍ പറഞ്ഞതുപോലെ, ലോകമെന്ന തുറന്ന പുസ്തകത്തില്‍നിന്ന് ഒരേടുമാത്രം വായിച്ച് കടന്നുപോകുന്ന അല്പബുദ്ധികളായി. "ആരാണപ്പാ ഈ ഭൂഗോളത്തിന്‍മേല്‍ കുത്തിവരകള്‍ ഇട്ടത്?" എന്ന് ചോദിക്കുന്ന കുഞ്ഞിനോട് ഞാന്‍ എന്തുപറയും! ദൈവമേ, ആരാണ് നിന്‍റെ ഭൂമിക്കുമേല്‍ വിഭനത്തിന്റെ വരയും കുറിയും നടത്തിയത്?!

Tuesday, July 12, 2016

സിനിമകണ്ട് വളരുക, വിവേകം താനേ വന്നുകൊള്ളും.

"വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക" എന്ന് പണ്ട് പി.എൻ.പണിക്കര്‍ പറഞ്ഞെന്നും പറഞ്ഞ് ഇന്നും അറിവിന്‍റെ ഏക മാര്‍ഗ്ഗം വെള്ളപ്പേപ്പറില്‍ കറുത്ത കൂനന്‍ഉറുമ്പുകള്‍ പോലെ ചിതറിക്കിടക്കുന്ന വാക്കുകളുടെ ലോകം മാത്രമാണെന്ന് ചിന്തിക്കുന്ന മാതാപിതാക്കള്‍ ഉണ്ട്. കുട്ടികള്‍ വീഡിയോകണ്ടാല്‍, ചിത്രകഥകള്‍ വായിച്ചാല്‍ വഴിപിഴച്ചുപോകും എന്നാണ് അവരുടെ പക്ഷം. ഈ മാതാപിതാക്കള്‍ ഒരു കാര്യം അറിയണം- അച്ചടിച്ച പുസ്തകങ്ങള്‍ ഒരു കാലത്തെ പരിമിതമായ ആശയവിനിമയത്തിന്റെ ഉത്‌പന്നങ്ങള്‍ മാത്രമായിരുന്നു. അവയ്ക്ക് മനുഷ്യന്‍റെ കാഴ്ച - ചിന്ത എന്നീ രണ്ട് ജ്ഞാനസമ്പാദന ശേഷികളെ മാത്രമേ സംബോധന ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. അതുകൊണ്ട് വായന പലര്‍ക്കും ചിന്തയെ വളരെ ഭാരപ്പെടുത്തുന്ന ഒന്നായിമാറി. കാഴ്ചയും ചിന്തയും തമ്മില്‍ നിരന്തരം അനുരൂപപ്പെടേണ്ട 'ശ്രദ്ധ'യില്ലാത്തവര്‍ അതിനെ വെറുത്തു. എന്നാല്‍ ഓഡിയോയുടെ കാലം വന്നപ്പോള്‍ കേള്‍വികൂടി അറിവ് സമ്പദനത്തില്‍ പങ്കുകൊണ്ടു (സത്യത്തില്‍ എഴുതപ്പെടുന്ന പുസ്തകള്‍ ആവിര്‍ഭവിക്കും മുന്‍പ് 'മൊഴി-ശ്രുതി'യുടെ കാലത്ത് ചെവിയും ഓര്‍മ്മയും മാത്രമായിരുന്നു ജ്ഞാനസമ്പാദന ശേഷികള്‍). എന്നാല്‍ എന്ന് കാഴ്ച, കേള്‍വി, ചിന്ത, ഭാവന എന്നീ മേഖലകളെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിവുള്ള സംസാരിക്കുന്ന ചലനച്ചിത്രങ്ങള്‍ (വീഡിയോകള്‍) ആവിര്‍ഭവിച്ചു കഴിഞ്ഞു. ഇപ്പോള്‍ ജ്ഞാനസമ്പാദനം പഠിതാക്കള്‍ക്ക് കൂടുതല്‍ എളുപ്പമായിരിക്കുന്നു. കൂടുതല്‍ വീഡിയോ-ഓഡിയോ 'പുസ്തകങ്ങള്‍' നിലവില്‍ വരണം (കടലാസിന് വേണ്ടിയുള്ള പ്രകൃതിനശീകരണവും കുറയ്ക്കാം. ലോകത്താകമാനം നട്ടുപിടിപ്പിച്ച മരങ്ങളുടെ 35% വെട്ടിയെടുക്കുന്നത് പപ്പേര്‍ നിര്‍മ്മാണത്തിന് വേണ്ടിയാണ്. കൂടാതെ ഭീകരമായ പാരിസ്ഥിതിക മലിനീകരണങ്ങളും). ഷേക്സ്പിയര്‍ ഡ്രാമകള്‍ വായിച്ചുതീര്‍ക്കുക എത്ര ശ്രമകരമായിരുന്നു എന്ന് ഇന്നും ഓര്‍ക്കുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി. മൂന്ന് ആഴ്ചകളില്‍ ദിവസം മൂന്നു മണിക്കൂറുകള്‍ മാത്രം ചിലവിട്ടാല്‍ അദ്ദേഹത്തിന്‍റെ മുഴുവന്‍ നാടകങ്ങളും കണ്ടുതീര്‍ക്കാം. മനക്കാഴ്ചകള്‍ കൂടുതല്‍ വ്യക്തവും. കൊച്ചുകുട്ടികള്‍ക്ക് വേണ്ടി എത്ര നല്ല കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍! അവരെ ജീവിതമൂല്യങ്ങളും ചരിത്രബോധവും പ്രകൃതിസ്നേഹവും ഭാവനയും നന്മയും ഉള്ളവരക്കി മാറ്റാന്‍ അവ മതി. അവര്‍ക്ക് കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ അവസരം കൊടുക്കൂ. മൌഗ്ലിയും, അത്ഭുതലോകത്തെ ആലീസും, റെമി എലിയും, കാള്‍ ഫ്രെഡ്രിക്സനും, മര്‍ജാനും, ടോമുംജെറിയും അവര്‍ക്ക് കൂട്ടുപോകട്ടെ.

Kerala State Archaeology Department

നയാപൈസക്ക് ഉപകാരം കിട്ടാത്ത ചില ക്ലാസുകള്‍ ബങ്ക് ചെയ്ത് റോമാ നഗരത്തിലൂടെ അലഞ്ഞത് അതിന്‍റെ ഇടനാഴികളിലെ ചരിത്രത്തിന്റെയും ജന്മാന്തരങ്ങളുടേയും പഴമ മണക്കാനായിരുന്നു. കൌതുകം കൊണ്ട് വീണുകിടക്കുന്ന ആ അവശിഷ്ട്ങ്ങളില്‍ ഒന്ന് തൊട്ടുനോക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് പിന്നില്‍ നിന്ന് കുത്തിക്കയറുന്ന നോട്ടമെറിഞ്ഞു ഒരു റോമന്‍ ഗ്ലാഡിയേറ്റര്‍ വരും, "Non toccare!" വീണുകിടക്കുന്ന ഓരോ മാര്‍ബിള്‍ സ്തൂപങ്ങളും അങ്ങനെ അവിടെത്തന്നെ കിടക്കണം തുര്‍ക്കികളും നെപ്പോളിയന്‍ ബോണോപ്പാര്ട്ടും ഇപ്പോള്‍ യുദ്ധം കഴിഞ്ഞു പോയമാതിരി. ഇവിടെ നമ്മള്‍ എന്തു ചെയ്യും? പുരാവസ്തു വകുപ്പ് ഏറ്റെടുക്കാതിരിക്കാന്‍ വേണ്ടി രാക്കുരാമാനം നൂറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളി പൊളിച്ചിറക്കി അവിടെ കോണ്ക്രീറ്റ് സൗധ നിര്‍മ്മാണം തുടങ്ങും. പൂഞ്ഞാര്‍ കൊട്ടാരത്തിന്‍റെ കഴുക്കോലുകള്‍ കൊണ്ട് അടുപ്പില്‍ തീകത്തിച്ച് വെള്ളം തിളപ്പിക്കും. മൂന്നാറിന്‍റെ റെയില്‍വേ പാളം KSEB വൈദ്യുത തൂണുകളായി ഉപയോഗിക്കും. കരുമാടിയിലേയും മാവേലിക്കരയിലേയുമൊക്കെ ബുദ്ധവിഗ്രഹങ്ങള്‍ ജാതികോമരങ്ങള്‍ക്ക്‌ പുലയാട്ടാന്‍ വിട്ടുകൊടുക്കും. ശരിക്കും വേദന തോന്നി വയനാട്ടിലെ ആ ജൈന ക്ഷേത്രത്തിന്‍റെ (പനമരം - പുഞ്ചവയല്‍) സ്ഥിതി കണ്ടപ്പോള്‍. ഇങ്ങനെപോയാല്‍ ഇനി ഒരു 10 വര്‍ഷം കൂടി, അത്രയേ വേണ്ടു കല്ലിന്മേല്‍ കല്ല്‌ അവശേഷിക്കാതെ അത് ചരിത്രത്തില്‍ നിന്ന് കുടിയിറങ്ങാന്‍. എന്തിനിവിടെ ചരിത്ര ബോധവുമില്ലാത്ത Kerala State Archaeology Department എന്ന ഒരു പുരാവസ്തു? ഒരാള്‍ പോലും ഇന്നോളം like ചെയ്യാത്ത അവരുടെ ഒരു പേജും!

വികസനം എല്ലാം മാറ്റിയെഴുതുന്നുണ്ട്, ഓർമ്മകളെയൊഴികെ.

"ജിജോ" എന്ന പേര് നാട്ടിലെ ഓലമേഞ്ഞ ഒരു സിനിമാകൊട്ടകയുടേതായിരുന്നു. മഴ പെയ്താൽ ചോരുന്ന, ടോർച്ച്‌ തെളിച്ചതു പോലെ വലിയ വെളിച്ചം തലയ്ക്ക് മേൽ കൂരിരുട്ടിലൂടെ പോയി വലിച്ചുകെട്ടിയ വലിയ വെള്ളത്തുണിയിൽ വീണ് വിളറിയ ചിത്രങ്ങളാകുന്ന, "കിർർർർർർർർർർങ്...." എന്ന കാതടപ്പിക്കുന്ന ശബ്ദത്തോടെ വെളിച്ചത്തിന്റെ എല്ലാ കവാടങ്ങളും അടയുന്ന ഒരു കൊട്ടക. പരിസരങ്ങളിൽ ചിതറിക്കിടന്ന സെല്ലുലോയ്ഡ് തുണ്ടുകൾ പെറുക്കിയെടുത്ത് വീട്ടിൽ കൊണ്ടുപോയി ടോർച്ചടിച്ച് ഭിത്തിയിൽ സിനിമകണ്ടു. കൊട്ടകയുടെ ഏറ്റവും മുന്നിലെ ബെഞ്ചിൽ 1 രൂപയ്ക്ക് ടിക്കറ്റെടുത്തിരുന്ന് "റ്റോട്ടോ"യെ പോലെ ഞാനും ചില അത്ഭുത ലോകങ്ങളിലേയ്ക്ക് യാത്രപോയി. ഓർമ്മയിലെ ആദ്യചിത്രം "ബാലൻ" എങ്കിലും, "ജിജോ"യിൽ കണ്ട ആദ്യ ചിത്രം "അറബിക്കടലോ" "ആട്ടക്കലാശ"മോ ആവണം. ഇന്ന് അതുവഴി കടന്നുപോകുമ്പോൾ ഓർമ്മയിൽ ഒരു ഫിലിം ഫെസ്റ്റിവെൽ. വികസനം എല്ലാം മാറ്റിയെഴുതുന്നുണ്ട്, ഓർമ്മകളെയൊഴികെ. അതുകൊണ്ടാവാം "Cinema Paradiso" എന്ന ഇറ്റാലിയൻ ചിത്രം എത്രവട്ടം കണ്ടാലും അത് ചിരികൾക്കിടയിൽ നെടുവീർപ്പുകളോടെ കണ്ണുകളെ നിറയ്ക്കുന്നത്. 1990 ന് ശേഷമുള്ള ഏറ്റവും ഇഷ്ടപ്പെട്ട 5 ഇറ്റാലിയൻ ചിത്രങ്ങളെ പെറുക്കിയെടുക്കാൻ ആവശ്യപ്പെട്ടാൽ റ്റോട്ടോയും ആൽഫ്രെദോയും ചില വലിയ രഹസ്യങ്ങൾ ഒളിപ്പിച്ചുവെച്ച "പറുദീസാ സിനിമാകൊട്ടക" ഒന്നാമതെത്തും. .

മതത്തിന്‍റെ അപകട സാധ്യതകള്‍

1. ആത്മീയതയുടെ മൊത്തവിതരണക്കാര്‍ തങ്ങളാണെന്ന് സ്വയം കരുതുമ്പോള്‍.
2. ആധുനീക ശാസ്ത്രജ്ഞാനം കൊണ്ട് സ്വയം നവീകരിക്കാന്‍ കൂട്ടാക്കാത്തപ്പോള്‍.
3. മതം വെറും സദാചാരജീവിത ശൈലിയാവുകയും അതില്‍ ജ്ഞാനതലം ഇല്ലാതെ പോവുകയും ചെയ്യുമ്പോള്‍.
4. മറ്റ് മതങ്ങളെ തത്വത്തില്‍ അംഗീകരിക്കുന്നു എന്ന വ്യാജേന അക്കൊമഡേറ്റ് (ഒരു അട്ജസ്റ്റുമെന്‍റ്) ചെയ്യുമ്പോള്‍.
5. ദൈവങ്ങളെ സംരക്ഷിക്കുക മതവിശ്വാസിയുടെ 'കടമ'യാണെന്ന് ചിന്തിച്ചുതുടങ്ങുമ്പോള്‍.
6. മറ്റു മതവിശ്വാസികളില്‍ അസൂയ ജനിപ്പിക്കും വിധം സ്ഥാപനവത്കൃതമായും ആഡംബരപൂര്‍വ്വമായും മതം വളരുമ്പോള്‍.
7. മതം മരണാനന്തര ജീവിതത്തിന് വേണ്ടിയാണെന്ന് ചിന്തിച്ചു തുടങ്ങുമ്പോള്‍.
8. മതം മാര്‍ഗ്ഗമല്ല, ലക്ഷ്യമാണെന്ന് കരുതുമ്പോള്‍.
9. സമൂഹജീവിതത്തെ ഒരിക്കലും ബാധിക്കാത്ത വ്യക്തിയുടെ സ്വകാര്യ ജീവിതത്തില്‍ തലയിടാല്‍ തുടങ്ങുമ്പോള്‍.
10. ബോധപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ മനുഷ്യന്‍റെ ചിന്തയേയും വികാരങ്ങളേയും മയക്കാന്‍ കഴിവുള്ള കറുപ്പാണ് മതം എന്ന് തിരിച്ചറിയാതെ പോകുമ്പോള്‍.
(ജ്ഞാനവും കരുണയും -wisdom & compassion- ഉള്ള വ്യക്തികള്‍ മാത്രം സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മതം)

ഡെല്‍ കാര്‍നിഗിയും രാധാകൃഷ്ണനും പിന്നെ ഞാനും:

നേരില്‍ കാണുമ്പോള്‍ "ഹായ്... ഹൂയ്..." എന്നൊക്കെ പറഞ്ഞ് രഞ്ജിനി ഹരിദാസ് കണക്കെ ഗോഷ്ടി കാണിക്കുന്നവരേയും, നല്ല സ്റ്റെഡി വടിയായി നിന്ന് "ഹലോ... ഐ ആം..." എന്നൊക്കെ പറയുന്ന കോടീശ്വരന്‍ സുരേഷ് ഗോപി സ്റ്റൈലുകാരേയും കാണുമ്പോള്‍ സ്വതവേ അന്തര്‍മുഖിയും നാടനുമായ ഞാനൊന്ന് അറച്ചു പോകാറുണ്ട്. പിന്നെ എന്തെങ്കിലുമൊക്കെ പറഞ്ഞും പറയാതെയും എത്രയും പെട്ടെന്ന് അവരുടെ മുന്‍പില്‍ നിന്ന് ഓടി രക്ഷപെടും. വ്യക്തിത്വ വികസനമെന്നും മോട്ടിവേഷന്‍ പ്രോഗ്രാമ്സെന്നുമൊക്കെ പറഞ്ഞ് നടക്കുന്നവരേയും മോനോരമക്കാരുടെ Positive Thinking പുസ്തകങ്ങള്‍ കാണുമ്പോഴും ഇതുതന്നെയാണ് അനുഭവം. (എന്‍റെ പ്രശ്നമാകാം). എന്തായാലും അടുത്ത കാലത്ത് ആരംഭിച്ച ഈ കലാപരിപാടിയുടെ തലതൊട്ടപ്പന്‍ Dale Carnegie ന്‍റെ ഇപ്പോഴും ആത്മഹത്യയെന്നു വിശ്വസിക്കുന്ന മരണവും, ഈ കലാപരിപാടി നടത്തിയിരുന്ന നമ്മുടെ നാട്ടുകാരന്‍ രാധാകൃഷ്ണന്റെ ആത്മഹത്യയും എന്‍റെ അറപ്പ് അസ്ഥാനത്തല്ല എന്നൊരു തോന്നല്‍ സൃഷ്ടിച്ചിട്ടുണ്ട്. വ്യക്തിത്വമൊക്കെ അങ്ങനെ കണ്ടമാനം ഊതിവീര്‍പ്പിച്ചും നേട്ടം കൊയ്യാന്‍ നെട്ടോട്ടമോടിയും നമ്മള്‍ എങ്ങോട്ടാണ്?

Tuesday, June 21, 2016

എന്‍റെ യോഗാന്വേഷണ പരീക്ഷണങ്ങള്‍

സന്യാസത്തിന്റെ ആദ്യ വര്‍ഷം തന്നെ യോഗാ പരിശീലനം മസ്റ്റ് ആണ്. ഞങ്ങളുടേത് ഭാഗ്യം ചെയ്ത ബാച്ച് ആയിരുന്നു. ആ വര്‍ഷം കുറുന്തോട്ടിക്ക് വാതം പിടിച്ചപോലെ യോഗാഗുരുവിന് എന്തോ കോച്ചുവാതം. ഞങ്ങള്‍ വയനാടന്‍ തണുപ്പില്‍ പുലർച്ചെ അഞ്ചര വരെ സുഖനിദ്രയിൽ ആണ്ടു. ബാച്ചിന്റെ ഈ മടിയൻ പോക്ക് ശരിയല്ലെന്ന് മനസ്സിലാക്കിയ റെക്ടർ ഒരു കർണ്ണാട്ടിക് മാഷെ കണ്ടുപിടിച്ച് കൊച്ചുവെളുപ്പാൻകാലെ അഞ്ചു മണി മുതൽ ഞങ്ങളെക്കൊണ്ട് "സ രി ഗ മ പ ധ നി സ...." എല്ലാ കാലത്തിലും പാടിച്ചു. "സ..." എന്ന് പാടുമ്പോൾ "ബ്രാ..." എന്ന ശബ്ദത്തോടെ കഷ്ടകാലത്തില്‍ പാടിയിരുന്ന എന്നെ റെക്ടറിന്റെ സ്പെഷ്യല്‍ പെര്‍മിഷനോടെ മാഷ്‌ ക്ലാസ്സില്‍ നിന്ന് പുറത്താക്കി. വീണ്ടും ഞാന്‍ കരിമ്പടം തലയ്ക്ക് മേലെ വലിച്ചിട്ട് അഞ്ചര വരെ ശവാസനത്തിലേക്ക്.
പിന്നീടുള്ള വര്‍ഷങ്ങളില്‍ പല ആസനങ്ങളും പഠിച്ച് മറ്റു ബാച്ചുകളില്‍ നിന്ന് കൂടെ ചേര്‍ന്നവര്‍ ചെയ്യുന്ന ആസനങ്ങള്‍ കാണാനുള്ള യോഗമാണ് ഉണ്ടായത്. ഒരിക്കല്‍ ഒരാള്‍ ഡോര്‍മെറ്ററിയില്‍ രാവിലെ എഴുന്നേറ്റ് മുണ്ടുടുത്ത് നിന്ന് ശീര്‍ഷാസനം ചെയ്യുന്നു. പല്ലുതേക്കാന്‍ എഴുന്നേറ്റ് വന്ന ചിലര്‍ കണ്ടകാഴ്ച ശീര്‍ഷാസനത്തില്‍ നിന്ന് പത്മാസനം വിരിയുന്നതാണ്.
കാലില്‍ വെരിക്കോസിന്‍റെ പ്രശ്നമുണ്ടെന്ന് ഒരിക്കല്‍ ബാച്ചിലെ തലമൂത്ത ഒരു ടീമിനോട് പറഞ്ഞപ്പോള്‍ ശീര്‍ഷാസനം ചെയ്താല്‍ 'എല്ലാം ശരിയാകു'മെന്ന് LDF കാരനായ അവന്‍. ഞാന്‍ കേട്ടു, അനുസരിച്ചു. ശീര്‍ഷാസനം ശാസ്ത്രീയമായി പഠിക്കാത്ത ഞാന്‍ കാലുകള്‍ രണ്ടും റൂമിലെ ഭിത്തിയോട് ചേര്‍ത്ത് താങ്ങിനിര്‍ത്തി തലകുത്തനെ നിന്നു. ആ നില്‍പ്പില്‍ ഒന്ന് മയങ്ങിപ്പോയി. "പ്ധും..." എന്നൊരു ശബ്ദം കേട്ട് ഈ ഞാന്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ ദാ വേറൊരു ഞാന്‍ ഭിത്തിയോട് ചേര്‍ന്ന് ഫ്ലാറ്റായി കിടക്കുന്നു. അന്ന് നിര്‍ത്തി സ്വന്തം നിലയില്‍ ഉള്ള പരീക്ഷണം.
പിന്നെ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ധ്യാനഗുരു അവതരിച്ചു. ധ്യാനത്തില്‍ യോഗ മസ്റ്റാ. ധ്യാനദിവസങ്ങളില്‍ എല്ലാവരും കിടക്കപ്പായില്‍ നിന്ന് എഴുന്നേറ്റ് നേരെ മെയിന്‍ ഹാളിലേക്ക് വരണം. അവിടെ അദ്ദേഹത്തിന്‍റെ വക ആസനമുറകള്‍. "ടെന്‍സ്... റിലാക്സ്...,ടെന്‍സ്.... റിലാക്സ്..." എന്ന നിര്‍ദ്ദേശത്തോടെ ഗുരു കാലിന്റെ പാദം മുതല്‍ തല വരെ ഉള്ള റിലാക്സേഷന്‍ നടത്തിക്കും. വിരലുകള്‍, ഉപ്പൂറ്റി, പാദം, കാല്‍മുട്ട്...അങ്ങനെ മുകളിലേക്ക്. മൂന്നാം ദിവസം ഗുരുവിന്‍റെ നിര്‍ദ്ദേശത്തോടെ പാദത്തില്‍ റിലാക്സേഷന്‍ പുരോഗമിക്കുന്നു. "ടെന്‍സ്... റിലാക്സ്...ഏതാണ് മദ്ധ്യപ്രദേശത്ത് എത്തിയപ്പോള്‍ ഹാളില്‍ ഒരു വലിയ വിസ്ഫോടനത്തോടെ ആരുടെയോ വക ഒരു റിലാക്സേഷന്‍. പിന്നീട് കേട്ടത് ഹാളില്‍ മുഴുവന്‍ നിറഞ്ഞ ഒരു പൊട്ടിച്ചിരി. അതോടെ ഗുരുവിന്‍റെ ധ്യാനയോഗയും അവസാനിച്ചു.
യോഗജീവിതത്തിന്‍റെ അവസാന നാളുകള്‍ ഒരു മേല്‍നോട്ടക്കാരനായിട്ടായിരുന്നു. സന്യാസാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് പരിശീലനം കൊടുക്കേണ്ട ഉത്തരവാദിത്തമുള്ള ആള്‍ എന്ന നിലയില്‍ രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് കുട്ടികള്‍ യോഗ ചെയ്യുണ്ടോ എന്ന് നോക്കണം. ഉറക്കം നഷ്ടപ്പെട്ട വാശിയില്‍ ഒരുത്തനേം ഉറക്കാതിരിക്കാന്‍ ഹാളിലൂടെ പോയി നോക്കും. അപ്പോഴാണ്‌ മനസ്സിലാവുന്നത് ന്യൂജെനറേഷന് ഇരുന്നും, നിന്നും, ഒറ്റക്കാലിലും, കാലുകള്‍ പിണച്ചുകെട്ടിയും, തലകുത്തി നിന്നും ശവാസനം ചെയ്യാന്‍ ആകുമെന്ന്. പരമമായ ആസനം ഒന്നേയുള്ളൂ ശവാസനം!
ആലോചന: ആദിവാസിക്കും ദളിതനും കൂലിപ്പണിക്കാരനും ദരിദ്രവാസിക്കും തെണ്ടിക്കും യോഗയൊന്നും വേണ്ടേഡേയ് സാക്ഷാത്കാരവും ആരോഗ്യവും നേടാന്‍....!
Have a blessed Yoga Day!!!

Friday, April 29, 2016

ഇവിടെ ഓർമ്മകൾ നിരാട്ടിനിറങ്ങാറുണ്ട്‌

ഈ വെള്ളക്കെട്ടിനടിയിൽ ഒരു ഗ്രാമം ഉറങ്ങുന്നുണ്ട്, വൈരമണി എന്ന കുടിയേറ്റ ഗ്രാമം. ഇടുക്കി ഡാം നിർമ്മാണം പൂർത്തികരിച്ചപ്പോൾ ഈ ഗ്രാമത്തെ മുഴുവനായി അവിടെ നിന്ന് കുടിയൊഴിപ്പിക്കുകയായിരുന്നു. വൈരമണിയുടെ മുകളിലെ ജലപ്പരപ്പിന്റെ ചിത്രമെടുത്ത് എന്‍റെ ചാച്ചിയെ കാണിക്കുമ്പോൾ ഓർമ്മകളുടെ വേലിയേറ്റത്തിൽ അവർ അതിൽ നോക്കിയിരിക്കുന്നത് കണ്ടു. ഇന്നും ഡാമിലെ ജലനിരപ്പ്‌ താഴുമ്പോൾ വൈരമണിപ്പള്ളിയുടെ കൽഭിത്തികൾ ഒരു കൊച്ചു മൊട്ടക്കുന്നിന്റെ മുകളിൽ തെളിഞ്ഞു വരുമെന്ന് പറയുന്നു. അവിടെ ദേവാലയ സെമിത്തേരിയിൽ ചാച്ചിയുടെ പ്രിയപ്പെട്ട ഭർത്താവ് അന്ത്യവിശ്രമം കൊള്ളുന്നു. ഭൂപടത്തിൽ അവശേഷിക്കാത്ത ഒരിടം, പക്ഷേ ഓർമ്മകൾ ഇവിടെ നിരാട്ടിനിറങ്ങാറുണ്ട്‌. അയ്യപ്പന്‍ കോവിലും നിരവധി കൊച്ചു മണല്‍വീടുകളും ജലാശയത്തില്‍ മൂടിപ്പോയ ഇവിടെ വെള്ളം നിലതാഴുന്ന വേനലില്‍ പുരോഹിതന്‍ ഒരു വള്ളത്തില്‍ വിശുദ്ധ ജലവുമായിപ്പോയി വെഞ്ചിരിച്ചു വരും, അവിടെ നിത്യനിദ്രകൊള്ളുന്ന പിതൃക്കളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ തലകുനിച്ച്.
ഡിസ്പ്ലൈസ്മെന്റിന്റെ വേദന മണ്ണിലും മനസ്സിലും ഇടമില്ലാതെയാവുന്നതിന്റെ വേദനയാണ്. ഇറ്റലിയിലെ മോന്തേ കാസിനോയുടെ താഴ്വാരത്തിലെ വാര്‍ സെമിത്തേരികളിലേക്ക് നോക്കിനില്‍ക്കെ ഒരു ഇന്ത്യന്‍ വാര്‍ സെമിത്തേരി. ചോദിച്ചപ്പോള്‍ വഴികാട്ടി പറഞ്ഞു അവിടെ രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ച 6000 ഇന്ത്യന്‍ ഭടന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്നുവെന്ന്. മലയിറങ്ങി സെമിത്തേരിയില്‍ എത്തിയപ്പോള്‍ അവിടെ ഒരു ഫലകത്തില്‍ അവരുടെ പേരുകള്‍. അവരെക്കുറിച്ച് ഇന്ത്യന്‍ ആര്‍മിയുടെചരിത്രനാള്‍വഴിയില്‍ പോലും രണ്ടോ മൂന്നോ വരികള്‍ മാത്രം. ഇങ്ങിവിടെ ഇന്ത്യയില്‍ അവരുടെ പ്രിയപ്പെട്ടവര്‍ ഇന്നും ജീവിച്ചിരിക്കുന്നു, ആ കുഴിമാടങ്ങള്‍ ഒരുനോക്കുപോലും കാണാതെ. ഒരുനാള്‍ ഇനി ഗള്‍ഫിന്റെ വികസന ചരിത്രം എഴുതിയാല്‍ അത് മലയാളിയുടെ ചോരയുടെയും നീരിന്റെയും ചരിത്രമാകും. എന്നാല്‍ കൌമാരത്തിലും യൌവനത്തിന്റെ നിറവിലും നാടുവിട്ട അവര്‍ ഈ നാടിനോ ആ നാടിനോ സ്വന്തമല്ലാതെ ചരിത്രത്തില്‍ ആഴ്ന്നുപോകും. കേരളത്തിലെ ഇന്നത്തെ ബംഗാളീ, ഒരുനാള്‍ നിനക്കും ഇതുതന്നെ സംഭവിക്കും. അഭയാര്‍ത്ഥികള്‍ ഉണ്ടാകുന്നതും വിസ്മൃതിയുടെ മരുഭൂമികള്‍ പടരുന്നതും ഇങ്ങനെയാണ്.
[പണ്ട് ചെറുതോണി-കട്ടപ്പന എന്നി പ്രദേശങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്ന വഴിയാണ് ഡാമിൽ ജലനിരപ്പ്‌ താണപ്പോൾ ഉയർന്ന് വന്ന് നില്ക്കുന്നതായി ചിത്രത്തിൽ കാണുന്നത്. ഈ വഴിയുടെ ശേഷഭാഗം ഇനി ഒരിക്കലും കാണാൻ കഴിയാതെ ഇടുക്കിയുടെ ജലാശയത്തിൽ മുങ്ങിമരിച്ചു]

Monday, April 11, 2016

ഇടിമിന്നലുകളെ അതിജീവിച്ചവള്‍

എന്നും ചിരിച്ച മുഖത്തോടെ കൂലിപ്പണിക്ക് പോകുന്ന ഒരു സ്ത്രീ. അവരും ഭര്‍ത്താവും ഒരുമിച്ച് താമസിക്കുന്ന ഒരു മലയുടെ ഇടത്തട്ടിലുള്ള വീട്ടില്‍ വൈകുന്നേരം കുന്നുകയറി വിയര്‍ത്തുകിതച്ചു ചെന്നു. പത്ത് സെന്റ്‌ സ്ഥലത്ത് ഒരു കൊച്ചു വീട്. അതിരാവിലെ ഭര്‍ത്താവിനെ കൂട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയിവന്ന് കയറിയതേയുള്ളൂ. അദ്ദേഹത്തിന് ഹൃദയധമനികളില്‍ ഏഴ് ബ്ലോക്ക്‌. ശസ്ത്രക്രീയ ഈ മാസം അവസാനം. ചിരിച്ച മുഖത്തോടെ ഓടിപ്പോയി ചായയിട്ടുതന്നു. വര്‍ത്തമാനം പറഞ്ഞുവന്നപ്പോള്‍ ഭാവഭേദമൊന്നും കൂടാതെ അവര്‍ പറഞ്ഞു: "ഒരു വലിയ tragedy ആണച്ചാ എന്‍റെ ജീവിതം." പ്രാരാബ്ദങ്ങളുടെ നടുവില്‍ ഒരു മലമുകളില്‍ ജനനം. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞു ജനിക്കാതെ കാത്തിരിപ്പിന്‍റെ കുറേ വര്‍ഷങ്ങള്‍. കാത്തിരുന്ന് ഒടുവില്‍ ഒരാണ്‍ കുഞ്ഞ് ജനിച്ചതിന്റെ മൂന്നാം മാസം നാടുവിട്ടു ഭര്‍ത്താവ്. അയ്യാള്‍ മരിച്ചോ ജീവിച്ചിരിക്കുന്നുവോ എന്ന് പോലും അറിയാത്ത നീണ്ട വര്‍ഷങ്ങള്‍. കുഞ്ഞിനെ സ്വന്തം നിലയില്‍ തനിയെ വളര്‍ത്തി. കൂടെ വര്‍ഷങ്ങളോളം രോഗശയ്യയില്‍ കിടന്ന ഭര്‍ത്താവിന്റെ അപ്പനും അമ്മയും, മരിക്കുവോളം അവരെ നോക്കിശുശ്രൂഷിച്ചു. അവര്‍ സ്ഥലമൊഴിഞ്ഞ ശയ്യയിലേക്ക്‌ അവളുടെ സ്വന്തം അമ്മ. നീണ്ട വര്‍ഷങ്ങള്‍ കിടന്നകിടപ്പില്‍. അവസാനം കഴിഞ്ഞ ജൂണില്‍ മരണം. അതിനിടയില്‍ വീടുവിട്ടുപോയ ഭര്‍ത്താവ് മകന് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം മടങ്ങിവരുന്നു. മകനിലായിരുന്നു അവരുടെ ഏക ആശ്വാസം. ആറു വര്‍ഷം മുന്‍പ് പ്ലസ്‌ വണ്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാരന്‍റെ വീട്ടില്‍ പോയ മകന്‍ അപകടത്തില്‍പ്പെട്ട് ശവപ്പെട്ടിയില്‍ ആണ് വീട്ടില്‍ എത്തുന്നത്. ഒരിക്കല്‍ ഇടിമിന്നല്‍ ഏറ്റ അവര്‍ക്കുമുണ്ട് ചില ശാരീരിക ബുദ്ധിമുട്ടുകള്‍. എല്ലാം ഒന്ന് കെട്ടടങ്ങി എന്ന് വിചാരിച്ചിരിക്കെ ഭാര്‍ത്താവിന്റെ രോഗം. ഇനി ആശുപത്രി ദിനങ്ങള്‍. കൂടെ കൂലിപ്പണി. എന്നും കടത്തിന് മേല്‍ കടം കൂട്ടിന്. ഇതൊക്കെ പറയുമ്പോഴും അവരുടെ മുഖത്ത് പുഞ്ചിരിമായുന്നില്ല. അടുത്തറിയുന്നവര്‍ ചോദിക്കും: "നിനക്ക് ഈ കരുത്തൊക്കെ എവിടെ നിന്നെടി?" അവള്‍ പറയും: "എല്ലാം തമ്പുരാന്‍ തരുന്നു."

Thursday, April 7, 2016

അനിവാര്യമായ നീതി

ചരിത്രം, കല, സൃഷ്ടി എന്നിവയുടെ മൂല്യമറിയാത്ത ഒരു സമൂഹമാണ് നമ്മുടേത്‌. നിര്‍മ്മാണ ചരിത്രത്തില്‍ ഇടം നേടേണ്ട ലോറി ബേക്കറിന്റെ ആദ്യ ദേവാലയ കാലാസൃഷ്ടിയെ ഒരു മനക്കടിയും കൂടാതെ തകര്‍ത്തുകളഞ്ഞ് അവിടെ സിമിന്‍റ് ഭിത്തിയിലും പാട്ട മേച്ചിലിലും ഒരു കെട്ടിടം പണിതുയര്‍ത്താന്‍ നമ്മുക്ക് കഴിയും. കാരണം ഒന്നേയുള്ളൂ- പഴയത് ഒന്നിനും സൗകര്യം പോരാ. ഇന്നും റോമിന്റെ തെരുവുകളിലൂടെ നടക്കുമ്പോള്‍ ഒരു യൂറോപ്യന്‍ നവോത്ഥാനകാലത്തിലൂടെയും സീസറിന്റെ റോമാസാമ്രാജ്യത്തിലൂടെയും ഒരു സവാരിക്കിറങ്ങിയതായി തോന്നും. ഇടുങ്ങിയ കല്ലുപാകിയ വഴികൾ, നൂറ്റാണ്ടുകളുടെ മെഴുകുതിരികൾ ഉരുകിവീണ് കറുത്ത തിരിക്കാലുകളും ദേവാലയച്ചുമരുകളും, ഗ്ലാഡിയേറ്റർമാർ ഇപ്പോൾ മല്ലയുദ്ധം കഴിഞ്ഞ് ഇറങ്ങിപ്പോയതുപോലെ നില്ക്കുന്ന ആംമ്പിതിയേറ്ററുകൾ, ബാർബേറിയൻമാരും നെപ്പോളിയനും ഇപ്പോൾ യുദ്ധം കഴിഞ്ഞ് മടങ്ങിപ്പോയവണ്ണം ചിതറിത്തകര്ന്നു കിടക്കുന്ന റോമൻ കോളങ്ങൾ. അതെല്ലാം അങ്ങനെതന്നെ കിടക്കണം, ഒന്നു തൊടുക പോലും അരുത്. ഇവിടെ നമ്മളോ തോന്നുന്ന തോന്നലിൽ ഒന്നു തകർത്തു, മറ്റൊന്ന് പണിതു, അത് നാളെ വീണ്ടും തകർത്തു, വീണ്ടും പണിതു.... ചരിത്രത്തിൽ തനിയാവർത്തങ്ങൾ ഇല്ലാത്ത സര്ഗ്ഗസൃഷ്ടിക്ക് പുല്ലുവില. ഒരു മൊണാസ്ട്രിയിൽ പ്രവേശിക്കുന്ന കൗമാരത്തിന്റെ "അവ്യക്തതയുടെ മേഘമറക്കപ്പുറം" (The cloud of unknowing) ഇങ്ങനെയൊരു അൾത്താര. ഇടിച്ചുകൂട്ടി പെയ്യുന്ന രാത്രിമഴയിൽ അത് ഏതോ നിഗൂഡമായ ലോകത്തേക്ക് നിരന്തരം കൂട്ടിക്കൊണ്ടുപോയി. സംഘര്ഷങ്ങളുടെ പാതിരാവിൽ അനന്തയുടെ കയ്യിൽ തൂങ്ങി ശൂന്യതയിൽ ഒരു ക്രൂശിതൻ, മറ്റൊരിടത്ത് നാദബ്രഹ്മമായ വചനം. ചങ്ങല തകത്ത് മോചിതമാകുന്ന ഭൂമി. വർഷങ്ങൾക്ക് ശേഷം അവിടെ തിരിച്ചെത്തുമ്പോൾ തത്സ്ഥാനത്ത് വെറുതെ വെള്ളപൂശിയ ചുമരിൽ ഒരു കുരിശു്. അതുണ്ടാക്കിയ കലാകാരന്മാരോട്‌ പോലും ഒരു വാക്ക് പറയാതെ എല്ലാം തച്ചുടക്കപ്പെട്ടു. അന്ന് നിരൂപിച്ചു നിർമ്മാതാക്കൾ ജീവിച്ചിരിക്കും കാലം തന്നെ അങ്ങനെയൊന്ന് പുനര്സൃഷ്ടിക്കണമെന്ന്. അത് പൂർത്തീകരിച്ചു ഈ മാസം. കലയോടും കാലത്തോടും സര്ഗ്ഗത്മകതയോടും ചെയ്യേണ്ട അനിവാര്യമായ നീതി.

വനയിടം, സ്വപ്നങ്ങളുടെ പരീക്ഷണശാല

അറുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് കോട്ടയത്തിന്റെ ഒരു കുഗ്രാമത്തിൽ നിന്ന് അലിഗട്ട് സർവ്വകലാശാലയിൽ എത്തി, സാമ്പത്തീകശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി ആ ചെറുപ്പക്കാരൻ പടിയിറങ്ങുമ്പോൾ അദ്ദേഹത്തെ കാത്തിരുന്നത് ബാങ്കിങ് മേഖലയിലെ വലിയ ഔന്നിത്യങ്ങളും പ്രിയപ്പെട്ടവരുടെ അതിലേറെ വലിയ കണക്കുകൂട്ടലുകളുമായിരുന്നു. എന്നാൽ ആ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് അയ്യാൾ തീരുമാനിച്ചു, 'ഞാൻ തിരിച്ചുമടങ്ങുന്നു എന്റെ മലയോര ഗ്രാമത്തിലേക്ക്.' അവിടെ വലിയ കൃഷിക്കാരനായിരുന്ന അപ്പൻറെ എട്ട് ഏക്കർ കൃഷിയിടമായിരുന്നു ദേവസ്സിയുടെ സ്വപ്നങ്ങളുടെ പരീക്ഷണശാല. 'ഇനിയിവിടെ റബ്ബർ വേണ്ട, മരങ്ങൾ വളരട്ടെ, ഔഷധങ്ങൾ വളരട്ടെ, പുല്ലും പൂച്ചെടികളും, കുരുവികളും ചെങ്ങാലികളും, കൂടെ കുറെ വിളകളും വളരട്ടെ...' അങ്ങനെ ജീവന്റെ പച്ച സകല നാടുകളിലും നിന്ന് മലയിഞ്ചിപ്പാറ വനയിടത്തിലെത്തി വേരുപിടിക്കാൻ തുടങ്ങി. ലിച്ചി, രുദ്രാക്ഷം, സ്റ്റാർ ആപ്പിൾ, മന്ദാരം, റെയിൻ ട്രീ, മരവുരി മരം, ദന്തപ്പാല, ഈന്ത്, അമ്പഴം.....എല്ലാം ഒരു കൊച്ചു വനമായി വളരുകയായിരുന്നു. ആ ആരണ്യകത്തിന്റെ നടുവിൽ കിളിക്കുടുപോലെ പോലെ സ്വന്തം ഭാവനയിൽ വിരിഞ്ഞ ഒരു വീടും, ഏറുമാടവും. നാടൻ പശുവും പട്ടിയും പക്ഷികളും കൂട്ടിന്. വനയിടത്തിലെ ആദ്യ പാരിജാതക്കുട്ടി പൂത്തപ്പോള്‍ മക്കളില്ലാത്ത ദേവസ്സി പേരപ്പനും പ്രിയ പക്തിനിയും സുഹൃത്തുക്കള്‍ ഒരു തിരട്ടുകല്യാണക്കുറി തയ്യാറാക്കി അയച്ചു, "ഞങ്ങളുടെ പാരിജാതം പൂത്തു. നിങ്ങള്‍ക്ക് താത്പര്യമെങ്കില്‍ വന്നു കാണാം." ഈ സ്വര്‍ഗ്ഗത്തില്‍ ഇപ്പോള്‍ 87 കാരന്‍ ദേവസ്സിപേരപ്പന്‍ തനിച്ചാണ് (പേരമ്മ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഈ സ്വർഗ്ഗത്തോട് വിട പറഞ്ഞ് മറ്റൊരു സ്വർഗ്ഗം തേടി പോയി). വനയിടത്തിന്റെ ആത്മാവിലേക്ക് അലിഞ്ഞുചേരാൻ ദേവസ്സിപേരപ്പൻ എപ്പോഴും ഒരുങ്ങിയിരിപ്പാണ്. ആ ദിവസം ജീവന്റെ പുസ്തകത്തിൽ ഇയ്യാളുടെ പേര് ഹരിത ലിപികളിൽ എഴുതി ചേർക്കപ്പെടും.

Sunday, April 3, 2016

യേശുവിന്‍റെ മരണത്തിന്‍റെ രാഷ്ട്രീയമാനം

വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് പ്രിയപ്പെട്ട ആരുടെയോ ICU മരണം പോലെ സൗമ്യവും വൈകാരീകവുമാക്കി തീര്ത്ത ഒന്നാണ് ക്രിസ്തുവിന്റെ വധശിക്ഷ. അവന്‍ ക്രൂശിക്കപ്പെടുകയായിരുന്നു, അതും രണ്ട് രാഷ്ട്രീയകുറ്റവാളികള്ക്കൊപ്പം. 
1. സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചതിന്റെ പേരിൽ ആയിരുന്നില്ല ആ കൊലപാതകം. മുപ്പത്തിമൂന്നാം വയസ്സില്‍ ഇനി മുന്നോട്ട് പ്രവര്ത്തിക്കാന്‍ ആകാത്ത വിധം ചുറ്റും 'ശത്രുക്കളാ'ല്‍ നിറയണമെങ്കില്‍ അത് സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചതുകൊണ്ടാണ് എന്ന് കരുതരുത്. സ്നേഹം, ക്ഷമ, കാരുണ്യം, എന്നിവ എത്ര വേണമെങ്കിലും പഠിപ്പിച്ചുകൊള്ളൂ, നിങ്ങള്ക്ക് ഒന്നും സംഭവിക്കില്ല, മറിച്ച് ഒരു ആത്മീയഗുരു എന്ന അംഗീകാരം നിശ്ചയമായും കിട്ടിയിരിക്കും. മഹാനായ ഹില്ലേല്‍ റബ്ബി ക്രിസ്തുവിന്റെ കാലത്തിന് മുന്പ് തന്നെ സ്നേഹത്തിന്റെ പാഠങ്ങള്‍ ക്രിസ്തുവിനെ പോലെ മനോഹരമായി പഠിപ്പിച്ചിട്ടുണ്ട്. അതില്‍ ക്രിസ്തുവിന് മാത്രം അവകാശപ്പെടാന്‍ പറ്റുന്ന പുതുമയില്ല. ഒരു എറുമ്പിനെ പോലും നോവിക്കരുതെന്ന സ്നേഹപാഠത്തില്‍ വിശ്വസിച്ച ഹില്ലേല്‍ ഗുരു ചുറ്റും ശിക്ഷ്യഗണങ്ങളാല്‍ നിറഞ്ഞ് പ്രായമെത്തി ഒരു പൂജ്യഗുരുവായി മരിക്കുകയായിരുന്നു.
2. കുരിശുമരണം റോമാ സാമ്രാജ്യത്തിന് എതിരെയുള്ള രാഷ്ട്രീയകുറ്റത്തിന് കൊടുക്കുന്ന ശിക്ഷയാണ്. ക്രിസ്തുവിനോട് കൂടെ കുരിശിൽ തറക്കപ്പെട്ടവരെ 'lestai' എന്ന ഗ്രീക്ക് വാക്ക് ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്. അന്ന് രാഷ്ട്രീയ തീവ്രവാദികൾക്ക് (സെലട്ട്സ്) റോമാക്കാർ ഈ വിശേഷണമാണ് കൊടുത്തിരുന്നത് എന്ന് ചരിത്രകാരനായ യോസേഫൂസ് പറയുന്നു. ('കള്ളമാർ' എന്നത് lestai എന്ന വാക്കിന്റെ സാഹചര്യം അനുവദിക്കാത്ത അർത്ഥവ്യാഖ്യാനമാണ്. മാത്രമല്ല മോഷണങ്ങൾ മാത്രം നടത്തിയ കള്ളമാരെ കുരിശിൽ തൂക്കിക്കൊല്ലാൻ റോമൻ നിയമം അനുവദിച്ചിരുന്നില്ല. ‘ആരെ മോചിപ്പിക്കണം, രാഷ്ട്രീയ കലാപത്തില്‍ പിടിക്കപ്പെട്ട ബറാബാസിനെയോ ക്രിസ്തുവിനെയോ’ എന്ന പീലാത്തോസിന്റെ ചോദ്യം അവിടെയാണ് പ്രസക്തമാകുന്നത്). 
3. മതത്തിനെ കോടതിയിൽ ('സാൻ ഹദ്രീൻ') അവനെ വധിക്കാൻ ആവശ്യമായ മതപരമായ കുറ്റം ആരോപിക്കാൻ അവർക്ക് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ കള്ളസാക്ഷ്യങ്ങളെല്ലാം പൊളിയുമ്പോൾ വിചാരണക്ക് മറുപടി പറയിച്ച് കോടതിമുറിയിൽ വെച്ചാണ് അവന്റെ കുറ്റം കണ്ടുപിടിക്കുന്നത്. ജഡ്ജി തന്നെ കുറ്റം ചാർത്തുന്ന അത്യപൂർവ്വ വിധി! (മാർക്കോസ് 14: 53-64) 
4. പൌരോഹിത്യത്തിന് അവനെ ശിക്ഷിച്ച് വെറുതെ വിടാൻ ഭാവമില്ല, ഉന്മൂലനം ചെയ്തേ മതിയാവൂ. അതുകൊണ്ട് വധശിക്ഷ അനുവദിക്കാൻ അധികാരമുള്ള റോമൻ കോടതിയിലേക്ക് അവനെ കൊണ്ടുപോകുന്നു. ഈ കൊലപാതകത്തിൽ മതവും രാഷ്ട്രീയവും തമ്മിൽ ഒരു അവിശുദ്ധ കൂട്ടുകെട്ടിൽ ഏർപ്പെടുകയായിരുന്നു.
5. ക്രിസ്തുവിന്റെ ശിക്ഷ്യന്മാരുടെ ഇടയിൽ ചിലർ രാഷ്ട്രീയ തീവ്രവാദികൾ ആയിരുന്നു എന്നത് (തീവ്രവാദിയായ ശിമയോൻ/ യൂദാസും ഒരു സെലട്ട് ആയിരുന്നു എന്ന് പറയപ്പെടുന്നു) ക്രിസ്തുവിന്റെ സന്ദേശത്തിൽ അവരെ ആകർഷിക്കാൻ കഴിഞ്ഞ എന്തോ ഒരു രാഷ്ട്രീയ തലം ഉണ്ടായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. മിശിഖായാണെന്ന് പരസ്യമായി സ്വയം അവകാശപ്പെടാത്ത, സായുധ വിപ്ലവത്തെ അനുകൂലിക്കാത്ത ക്രിസ്തുവിന്റെ നിലപാടുകൾ അതേസമയം തന്നെ രാഷ്ട്രീയ തീവ്രവാദികളുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നു.
6. അതേസമയം നിലനില്ക്കുന്ന രാഷ്ട്രീയ-മത വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതായിരുന്നു ക്രിസ്തുവിന്റെ മൂർച്ചയുള്ള വാക്കുകൾ എന്നതിനാൽ അദ്ദേഹത്തെ മത-രാഷ്ട്രീയ നേതൃത്തം അവർക്കുനേരെയുള്ള ഒരു വെല്ലുവിളിയും 'ഭീഷിണി'യുമായി കണക്കാക്കി.ക്രിസ്തുവിന്റെ സുവിശേഷം ഒരു താരാട്ടുപാട്ട് ആയിരുന്നില്ല. സ്നാപകന്റെ പ്രവാചക ശബ്ദത്തിന്റെ ഇടിമുഴക്കവും ഹില്ലേല്‍ ഗുരുവിന്റെ സ്നേഹത്തിന്റെ തൂവല്സ്പര്ശവും ഒരുമിച്ച് ചേര്ന്ന ആവിഷ്ക്കാരമായിരുന്നു നസ്രത്തിലെ ആ തച്ചന്‍. ചിലര്ക്ക് അവന്റെ വാക്കുകള്‍ സുവിശേഷം (സത്വാർത്ത) പോലുമായിരുന്നില്ല, ദുര്‍വാര്‍ത്തയായിരുന്നു. അതില്‍ പ്രവാചക ഭാഷയുടെ ചൂടും ചൂരുമുണ്ടായിരുന്നു. കുടിലബുദ്ധിയായ ഭരണാധികാരിയെ കുറുക്കന്‍ എന്ന് വിളിച്ച, പണക്കൊതിയരെ നോക്കി ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും നിങ്ങള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കില്ലെന്നു കണിശമായി പറഞ്ഞ, അനുഷ്ഠാന മതപുരോഹിതരോട് അവരുടെ 'പ്രാര്ത്ഥനാ ഷോ'യുടെ പൊള്ളത്തരത്തെക്കുറിച്ചും നീണ്ട അങ്കിയുടെ കാപട്യത്തെക്കുറിച്ചും തീപാറുന്ന വാക്കില്‍ സംസാരിച്ച, കാപട്യം കാട്ടുന്നവരെ 'അണലിസന്തതികള്‍' എന്ന് വിളിച്ച കാര്‍ക്കശ്യത്തിന്റെ ഒരു ക്രിസ്തു സുവിശേഷമുണ്ട്. അത് ശത്രുക്കളെ ജനിപ്പിക്കുന്നതു കൂടിയാണ്. അതാണ്‌ ക്രിസ്തു സുവിശേഷത്തിന്റെ sting (കുത്ത്/മുള്ള്). Sting of the gospel എന്നത് കുറുക്കനെ ‘കുറുക്കൻ’ എന്നുതന്നെ വിളിക്കാനുള്ള കഴിവാണ്. തന്റെ കാലഘട്ടത്തിലെ മതനേതൃത്വത്തോട്, രാഷ്ട്രീയ നേതൃത്വത്തോട്, സമൂഹ നേതൃത്വത്തോട്, പ്രമാണിമാരോട്‌ ക്രിസ്തു ചിലത് പാടില്ല എന്ന് കാർക്കശ്യ ഭാഷയിൽ പറഞ്ഞു. അതായിരുന്നു അവനെ അത്രമേല്‍ "ജനസമ്മതൻ" അല്ലാതാക്കി മാറ്റിയത്. അതായിരുന്നു കൊലമരത്തോളം ക്രിസ്തുവിനെ കൊണ്ടുച്ചെന്നെത്തിച്ച സുവിശേഷത്തിന്റെ രാഷ്രീയം. 
വെറുതെ അവന്റെ പീഡകളെയോർത്ത് അമിത വൈകാരികതയിൽ മുഖം മ്ലാനമാക്കി എന്തിനാണെന്ന് പോലും അറിയാതെ പരിഹാര പ്രദഷിണം ചെയ്യുമ്പോൾ ഒരു ചോദ്യം: "കഴുമരത്തോളം എത്തിച്ച ആ ജീവിതത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-മത നിലപാടുകളുടെ മുന (sting) നിങ്ങളുടെ മതത്തിലും വ്യക്തിജീവിതത്തിലും എവിടെ?"

Saturday, March 5, 2016

പുറപ്പാടിന്റെ പുസ്തകം


30 കൊല്ലം ദുബൈയില്‍ ജീവിച്ചിട്ട് തിരിച്ചുമടങ്ങിയ പ്രിയ ജേഷ്ഠസുഹൃത്ത് ഏതാനും മാസങ്ങള്‍ കരയില്‍ പിടിച്ചിട്ട മീനിനെപ്പോലെ നാട്ടില്‍ അലഞ്ഞ് കഴിഞ്ഞ ആഴ്ച വീണ്ടും മടങ്ങി ആ നാട്ടിലേക്ക്. "അവിടെ വീണ്ടും ഒരു പുത്തന്‍ തുടക്കമല്ലേ?" എന്ന ചോദ്യത്തിന് മറുപടി, "അല്ല, ദുബൈയ് എന്‍റെ പഴയ വീട്. ഇവിടെയായിരുന്നു എനിക്കെല്ലാം പുതിയത്." (പുതുമയോട് പൊരുത്തപ്പെടാന്‍ ആയില്ല അയ്യാള്‍ക്ക്). ഇരുകരകള്‍ക്കിടയില്‍ ജീവിച്ചുതീര്‍ത
്ത്‌ ഒരു നാടിനും സ്വന്തമല്ലാതായിമാറിയവരുടെ ഒരു തലമുറ തീരുകയാണ്. അവരായിരുന്നു 'പ്രവാസത്തി'ന്റെയും 'കുടിയേറ്റ'ത്തിന്റെയും നാട്ടിലേക്ക് വഴിവെട്ടിപ്പോയവര്‍. ഇന്ന് 80നും 100നും ഇടയില്‍ ഉള്ള പേര്‍ഷ്യന്‍ മലയാളികളുടെയും പശ്ചിമഘട്ടത്തിലെ കുടിയേറ്റകര്‍ഷകന്റെയും ജീവിതം അവസാനിക്കുമ്പോള്‍ കൂടെ നമ്മുക്ക് നഷ്ടപ്പെടുന്ന ഒരു വലിയ ചരിത്രപരിവര്‍ത്തനത്തിന്റെ കഥയുണ്ട്, ചരിത്രത്തെ വേര്‍തിരിച്ചു വിട്ടപ്പോള്‍ കൈക്കുടന്നയില്‍ നിന്ന് കണ്ണീര്‍തുള്ളി പോലെ ചോര്‍ന്നൊലിച്ചുപോയ അവരുടെ ജീവിതകഥയുണ്ട്. "ഈ പേര്‍ഷ്യയുടെ മണ്ണില്‍ കാലുകുത്തിയ ആദ്യമലയാളി ആരായിരിക്കും?" എന്ന ചോദ്യത്തിന് മുന്നില്‍ 'പത്തേമാരി' കടന്നെത്തിയ നാരായണേട്ടന്‍ പോലും ഉത്തരമില്ലാതെ വലയുന്നു. ഈ തലമുറ തീരും മുന്‍പ് ചരിത്രം ഇനിയും എഴുതപ്പെടണം, ""പുറപ്പാടിന്റെ 100 വര്‍ഷങ്ങളും" "പത്തേമാരികളും". ആര് എഴുത്തും? 

(ബംഗാളീ, ഈ നാട്ടിലെ നിന്‍റെ പ്രവാസകഥ ആരെഴുതും!)

'പെൻഗ്വിൻ' ചെയ്യപ്പെടാത്ത കവിത

ഈ കവിത ഹിന്ദുവല്ല

ഈ കവിത വികാരത്തെവൃണപ്പെടുത്തിയേക്കാം
ഈ കവിത ആഴമില്ലാത്തതും വക്രീകരിച്ചതുമാണ്
ഈ കവിത ഹിന്ദുത്വത്തിന്റെ ഗൗരവമില്ലാത്ത പുനരവതരണമാണ്
ഈ കവിത ഹതഭാഗ്യമായ ഒരു ചിത്രീകരണമാണ്
ഈ കവിത കടങ്കഥയാണ്
ഈ കവിത പാഷണ്ഡതയാണ്
ഈ കവിത വസ്തുതകളിലെ സൂക്ഷ്മതയില്ലായ്മയാണ്
ഈ കവിതയ്ക്ക് പ്രേക്ഷിത വാഞ്ചയുണ്ട്
ഈ കവിതയ്ക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്
ഈ കവിത ഹിന്ദുക്കളെ കളങ്കപ്പെടുത്തുന്നു
ഈ കവിത അവരെ അരണ്ടവെളിച്ചത്തില്‍ കാണിക്കുന്നു.
ഈ കവിത ഹിന്ദുത്വത്തിന്റെ മോശം വശങ്ങളില്‍ ഊന്നല്‍ കൊടുക്കുന്നു
ഈ കവിത ഹിന്ദുത്വത്തിന്റെ ദുഷ്‌ചെയ്തികളില്‍ ഊന്നല്‍ കൊടുക്കുന്നു
ഈ കവിത എതിര്‍പ്പുള്ള വാക്കുകള്‍ ദൈവങ്ങള്‍ക്ക് വിശേഷണമായുപയോഗിക്കാനുള്ള ധാര്‍മ്മിക അവകാശത്തെ ഊന്നിപ്പറയുന്നു.
ഈ കവിത നഗ്നയായ ഒരു സ്ത്രീയുടെ പുറത്ത് വിശ്രമിക്കാനുള്ള കൃഷ്ണന്റെ അവകാശത്തെ ആഘോഷിക്കുന്നു.
ഈ കവിത കാമദാഹത്താല്‍ വലയുന്ന സ്ത്രീയുടെ അഗ്നിയാല്‍ ജ്വലിക്കുന്നു.
ഈ കവിത കാമച്ചുവ വിതറുന്നു
ഈ കവിത ലിംഗങ്ങളെ പുനഃപ്രതിഷ്ഠിക്കുന്നു
ഈ കവിത ശിവലിംഗത്തെ പുരുഷ ലൈംഗീകാവയവമാക്കുന്നു
ഈ കവിത മുന്‍പറഞ്ഞ അവയവത്തെയൊട്ട് ഉദ്ധരിപ്പിക്കുന്നുമില്ല
ഈ കവിത അതിന്റെ മാനസീകവൈകൃതത്തില്‍ അഭിമാനം കൊള്ളുന്നു
ഈ കവിത തൊട്ടുകൂടായ്മയുടെയും സ്ത്രീ വിദ്വേഷത്തിന്റെയും പേരില്‍ ഹിന്ദുത്വത്തിനോട് വിദ്വേഷം പുലര്‍ത്തുന്നു.
ഈ കവിത ഹൈന്ദവനിയമസംഹിതയുടെ ഇല്ലായ്മ പ്രഖ്യാപിക്കുന്നു
ഈ കവിത ഇതിനെതന്നെ ഹൈന്ദവനിയമസംഹിതയായി പ്രഖ്യാപിക്കുന്നു
ഈ കവിത കുരങ്ങുകളെ അനുഗമിക്കുന്നു
ഈ കവിത കുതിരകളെ ആരാധിക്കുന്നു
ഈ കവിത വേദങ്ങളേയും തിരുവെഴുത്തുകളെയും അതിലംഘിക്കുന്നു
ഈ കവിത സംസ്‌ക്കാരങ്ങളെ തരിശാക്കുന്നില്ല
ഈ കവിത അമ്പലങ്ങളെ പീരങ്കികള്‍കൊണ്ട് തകര്‍ക്കുന്നില്ല
ഈ കവിത തിരുത്തിയെഴുതുന്നു, 'RSS ആണ് BJPയുടെ അമ്മയെന്ന്'
ഈ കവിത വൃണിതമല്ല.
ഈ കവിത ഛേദം 153 -A യുടെ തെളിവാണ്
ഈ കവിത ഒരു ഇഡിയറ്റ് പ്രൂഫ് കൂടിയാണ്
ഈ കവിത അംബേദ്ക്കറിനെ ഉദ്ധരിക്കുന്നു
ഈ കവിത രാമായണത്തെ ഒരു ബഹുവീക്ഷണതല നോവലായി പരിഗണിക്കുന്നു.
ഈ കവിത ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ ഛേദം 295-A ലംഘിക്കുന്നു
ഈ കവിത തികഞ്ഞ ദൈവദൂഷണമാണ്
ഈ കവിത ഒരു ദര്‍ശനരതിയാണ്
ഈ കവിത സീതാലക്ഷ്മണന്മാരുടെ അവിഹിതവേഴ്ചയെക്കുറിച്ച് ഏഷണി പരത്തുന്നു
ഈ കവിത ശൂര്‍പണകയുടെ ബലാത്സംഗത്തിന് സാക്ഷിയാണ്
ഈ കവിത സംശയാലുവായ രാമന്റെ പേര് നശിപ്പിക്കുന്നു
ഈ കവിത ഒരിക്കല്‍ സതി അനുഷ്ഠിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടു
ഈ കവിത അതിനിന്ന് പ്രതികാരം ചെയ്യുന്നു
ഈ കവിത ഗോമാംസം ഭക്ഷിക്കുന്നതിന് അടിമയാണ്
ഈ കവിതയ്ക്ക് മുപ്പത്തിമുക്കോടി ഹൈന്ദവദൈവങ്ങളുടെ ജാതി അറിയാം
ഈ കവിതയ്ക്ക് ദൈവങ്ങളുടെ ജാതിമാറ്റിയതിന് കോടതി തെളിവെടുപ്പ് വിധിച്ചിരിക്കുകയാണ്
ഈ കവിത താനൊരു ടെസ്റ്റ്യൂബ് ശിശുവല്ലെന്ന് ഉറപ്പുണ്ടായിരുന്ന കര്‍ണ്ണനെ പ്രണയിച്ചു.
ഈ കവിതയ്ക്ക് അവന്റെ അപ്പനാരെന്നറിയാന്‍ താല്പര്യമുണ്ടായിരുന്നില്ല.
ഈ കവിത തിരശ്ചീനമായി പായുന്നതാണ്
ഈ കവിത ഒരു മോഷ്ടിക്കപ്പെട്ട പതിപ്പാണ്.
ഈ കവിത ബോധപൂര്‍വ്വം തിരഞ്ഞെടുക്കപ്പെട്ടതാണ്
ഈ കവിത ഹിന്ദുത്വത്തിന്റെ പിതൃത്വപരിശോധനയ്ക്ക് വിധേയമാക്കപ്പെടുന്നു.
ഈ കവിത ഗോദ്‌സെ (RSSകാരന്‍) ഗാന്ധിയെ കൊല്ലുന്നതിന് സാക്ഷിയാണ്.
ഈ കവിതയ്ക്ക് തടവറയിലാക്കപ്പെടുന്നതിനെക്കുറിച്ച് ഭയമില്ല.
ഈ കവിത ഉപഭോക്താക്കളുടെ ഇഷ്ടങ്ങള്‍ക്ക് അനുരൂപപ്പെടുന്നില്ല.
ഈ കവിത അശ്ലീലമാണ്
ഈ കവിത നിരുപാധികമായ ക്ഷമാപണം നടത്തിയില്ല
ഈ കവിത 'പെൻഗ്വിൻ' ചെയ്യപ്പെടില്ല
ഈ കവിതയില്‍ അച്ചടിമഷി പതിയില്ല.


- (മീന കന്ദസാമി) വിവർത്തനം: ജിജോ കുര്യന്‍