Friday, March 21, 2014

കാട് കത്തുന്നു... മനസ്സ് കത്തുന്നു...


മാര്ച്ച് 16-ന് വയനാട്ടില് 1200 ഏക്കറുകളോളം വനം കത്തിനശിച്ചു. കാട്ടുതീയോ, മനുഷ്യന്റെ ദുഷ്ടത ആളിക്കത്തിയതോ എന്ന് അവ്യക്തം. സാഹചര്യതെളിവുകളെല്ലാം വിരല്ചൂണ്ടുന്നത് മനുഷ്യനിലേയ്ക്കു തന്നെയാണ്. അങ്ങനെയെങ്കില് ഇത്രയും നീചത മനസ്സില് കൊണ്ടുനടക്കുന്നവരെ എത്രയും വേഗം കഴിഞ്ഞ ഒക്ടോബറില് (2013) 92 പേര് ജലവും തണലും കിട്ടാതെ ദാഹിച്ച് മരിച്ച നൈജീരിയായുടെ സഹാറ മരുഭൂമിയില് എത്തിക്കേണ്ടതുണ്ട്. ഭൂമി ചുട്ടുപൊള്ളുകയാണ്. വേനലില് ജലസ്രോതസ്സുകള് വറ്റിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് കാടുകള് കത്തിക്കാന് മാത്രം പക ആരൊക്കെയോ മനുഷ്യമനസ്സില് ഊതിക്കത്തിച്ചുകൊണ്ടിരിക്കുന്നത്.

യാദൃച്ഛികമായാണ് ദിവസങ്ങളില് തന്നെ ഡേവിഡ് ഗോര്ഡന് ഗ്രീനിന്റെ ''പ്രിന്സ് അവലാന്ച്'' (2013) എന്ന ചലച്ചിത്രം കണാനിടയായത്. 1987-ല് അമേരിക്കയിലെ ടെക്സാസില് 43,000 ഏക്കറുകളോളം വനപ്രദേശം കാട്ടുതീ വിഴുങ്ങിയ ദുരന്തത്തിന്റെ പശ്ചാത്തലത്തില് ചിത്രീകരിക്കപ്പെട്ട സിനിമയാണിത്. അതില് ഒരു ദൃശ്യം ഇങ്ങനെ: ഏകാന്തമായ ഒരു സ്ഥലത്ത് കാട്ടുതീ വിഴുങ്ങിയ കാടിനോട് ചേര്ന്ന തന്റെ കൊച്ചുവീടിന്റെ അവശിഷ്ടങ്ങള്ക്കിടയില് എന്തൊക്കെയോ തപ്പിത്തിരഞ്ഞുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ. കാനന പാതയില് ഗതാഗതസൗകര്യം ശരിയാക്കിക്കൊണ്ടിരിക്കുന്ന ഒരാള് അപ്രതീക്ഷിതമായി അവിടെ എത്തുന്നു. അവരുമായി പരിചയപ്പെട്ട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള് നിറകണ്ണുകളോടെ സ്ത്രീ പറയുന്നു: ''ഞാനിവിടെ ചികഞ്ഞുപെറുക്കുമ്പോള് എന്റെ ചിത ഞാന് തന്നെ ചികയുന്നതായി എനിക്ക് തോന്നാറുണ്ട്.'' ഭൂമിയില് കത്തുന്ന ഓരോ പച്ചപ്പിനടിയിലും മനുഷ്യന് സ്വന്തം ചിതയെ ഒരുക്കി വെച്ചിരിക്കുകയാണ്. അത് ടെക്സാസിലോ, വയനാട്ടിലോ, ഓസ്ട്രേലിയന് കാടുകളിലോ, ആമസോണ് വനാന്തരങ്ങളിലോ എവിടെയുമാകട്ടെ.

കേരളത്തിന്റെ പശ്ചിമഘട്ടം വെറും 150 വര്ഷങ്ങള്ക്കപ്പുറം ഇടതൂര്ന്ന നിത്യഹരിത വനമായിരുന്നു. ഇന്നവിടെ വനഭൂമിയെ വെറും 30% മാത്രമായി അവശേഷിപ്പിച്ചുകൊണ്ടാണ് രണ്ടോ മൂന്നോ തലമുറയ്ക്കപ്പുറം കാര്ഷിക ആവശ്യത്തിനായി കുടിയേറ്റം നടന്നത്. ജനനവും ബാല്യവും അത്തരമൊരു കുടിയേറ്റ ഗ്രാമത്തിലായിരുന്നു. കുടിയേറ്റത്തിന്റെ സാഹസികതകള് നിറഞ്ഞ ഒത്തിരിയേറെ കഥകള് കേട്ടാണ് വളര്ന്നത്. അതില് മനസ്സിനെ ഏറ്റവും ഭാരപ്പെടുത്തിയിട്ടുള്ളത് ഭൂമി വെട്ടിത്തെളിച്ചെടുക്കുന്ന രീതി തന്നെയാണ്. ഏതെങ്കിലും ഒരു മലയുടെ താഴ്വാരം നല്ല ഫലപുഷ്ഠമായ മണ്ണെന്ന് തോന്നിയാല് കുടിയേറ്റ സംഘം രണ്ട് ഗ്രൂപ്പുകളായി പിരിയുന്നു. ഒരു പ്രദേശം തെളിച്ചല്ല മരങ്ങളും കാടുകളും വെട്ടിവീഴ്ത്തുന്നത് (അങ്ങനെ പോയാല് വളരെ ചുരുങ്ങിയ ഏക്കറുകള് മാത്രമേ വെട്ടിപ്പിടിക്കാനാവൂ). രണ്ട് ഗ്രൂപ്പുകളും രണ്ട് ചാലുകള് തീര്ത്ത് കാട് വെട്ടിവളയുന്നു. സാവകാശം പ്രദേശത്തെ കാടിനെ ശേഷിച്ച വനമേഖലയില് നിന്ന് വേര്പെടുത്തുകയാണ്. ആയുധം കൂട്ടിമുട്ടുമ്പോള് പണിനിര്ത്തണം എന്നതാണ് കണക്ക്. എന്നിട്ടാണ് ഭീകരമായ കൃത്യം - തുരുത്തുപോലെ ഒറ്റപ്പെടുത്തിയ പ്രദേശത്തെ പച്ചമരക്കാടിന് തീയിടുകയാണ്. പച്ചമരങ്ങള് നിന്ന് കത്തും, കൂടെ അതിനുള്ളിലെ ജീവജാലങ്ങളും. അങ്ങനെ ഏതാനും ദിവസങ്ങള്കൊണ്ട് ഏക്കറ് കണക്കിന് ഭൂമി കൃഷിയിടമാക്കാന് പറ്റിയ രീതിയില് തെളിഞ്ഞ  പ്രദേശമാകുന്നു - പച്ചപ്പുകളെല്ലാം കത്തി ചാമ്പലായി.

പടയോട്ടങ്ങളുടെയും വെട്ടിപ്പിടുത്തങ്ങളുടെയും ചൂര് മാറാത്ത ഒരു പ്രാചീന ജനതയോടുപോലും നിയമാവര്ത്തകന് ഇങ്ങനെ പറയുന്നു: ''നിങ്ങള് ഒരു നാടിനെ ആക്രമിച്ച് കീഴടക്കുമ്പോള് മഴുകൊണ്ട് അതിലെ മരങ്ങളെ വെട്ടിനശിപ്പിക്കരുത്. അവയില്നിന്ന് നിങ്ങള് ഭക്ഷിച്ചുകൊള്ളുക, എന്നാല് വെട്ടിനശിപ്പിക്കരുത്. അല്ലയോ മനുഷ്യാ, മണ്ണിലെ മരങ്ങളെ നിങ്ങള്ക്കെങ്ങനെ യുദ്ധം ചെയ്ത് പിടിച്ചെടുക്കാനാവും?'' (നിയമാവര്ത്തനം 20:19). ചൈതന്യമുള്ള മനുഷ്യര്ക്ക് മാത്രമേ ഒരു കൊച്ചുചെടി വാടുന്നത് കണ്ടാല് ദുഃഖം വരു എന്ന് വായിച്ചതോര്ക്കുന്നു. ഒരു തൈ വാടുന്നത് കണ്ടിട്ട് മനസ്സ് വേദനിക്കാത്തവര്ക്ക് ഒരു കുട്ടി പട്ടിണികിടന്ന് മരിച്ചു എന്നു പറഞ്ഞാലും ദുഃഖം വരില്ല. ''മനുഷ്യനെ മറന്ന പ്രകൃതിസ്നേഹം ഭീകരവാദമാണെന്ന'' ആക്രോശമാണ് ഇപ്പോള് മലമുകളില് മുഴങ്ങിക്കേള്ക്കുന്നത്. 'പ്രകൃതിസ്നേഹമാണ്' ഇന്ന് പശ്ചിമഘട്ടത്തില് ചെയ്യാവുന്ന ഏറ്റവും മാരക പാപം എന്ന കണക്കെ. മത-രാഷ്ട്രീയ അധികാരത്തിന്റെ ആളുറപ്പില് ഇങ്ങനെ ആക്രോശിക്കുന്നവരോട് അസ്സീസിയിലെ കൊച്ചുമനുഷ്യന് ഇത്രയും പറയാനുണ്ട്: ''ദൈവത്തിന്റെ ഏതെങ്കിലും ഒരു സൃഷ്ടിജാലത്തോട് കാരുണ്യം കാണിക്കാത്തവര് നിങ്ങളുടെ ഇടയില് ഉണ്ടെങ്കില് അറിഞ്ഞുകൊള്ളുക - മനുഷ്യരോടും അവര് അങ്ങനെ തന്നെ പ്രര്ത്തിക്കും.'' (അസ്സീസിയിലെ ഫ്രാൻസിസ്)

ലെബനാനേ, നീ വാതിലുകള് തുറന്നു നോക്കൂ,
നിന്റെ ദേവതാരുക്കളെ തീ വിഴുങ്ങിയിരിക്കുന്നു.
സൈപ്രസ് മരങ്ങളെ വിലപിക്കൂ,
നിങ്ങളുടെ ദേവതാരുക്കള് കടപുഴകി വീണിരിക്കുന്നു.
നിങ്ങളുടെ ശക്തന്മാര് നശിപ്പിക്കപ്പെട്ടിരിക്കുന്നു.
ബാഷാനിലെ ഓക്കുമരങ്ങളെ വിലപിക്കൂ,
നിത്യഹരിതവനങ്ങള് വെട്ടിവീഴ്ത്തപ്പെട്ടിരിക്കുന്നു.
ആട്ടിടയന്മാരുടെ വിലാപത്തിന് കാതോര്ക്കൂ,
അവരുടെ ഐശ്വര്യമാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്.
സിംഹക്കുട്ടികളുടെ കരച്ചില് കേള്ക്കുന്നില്ലേ,

യോര്ദാനിലെ കുറ്റിക്കാടുകളാണ് തരിശാക്കപ്പെട്ടത്. (സഖറിയാസ് 11: 13)