Friday, April 29, 2016

ഇവിടെ ഓർമ്മകൾ നിരാട്ടിനിറങ്ങാറുണ്ട്‌

ഈ വെള്ളക്കെട്ടിനടിയിൽ ഒരു ഗ്രാമം ഉറങ്ങുന്നുണ്ട്, വൈരമണി എന്ന കുടിയേറ്റ ഗ്രാമം. ഇടുക്കി ഡാം നിർമ്മാണം പൂർത്തികരിച്ചപ്പോൾ ഈ ഗ്രാമത്തെ മുഴുവനായി അവിടെ നിന്ന് കുടിയൊഴിപ്പിക്കുകയായിരുന്നു. വൈരമണിയുടെ മുകളിലെ ജലപ്പരപ്പിന്റെ ചിത്രമെടുത്ത് എന്‍റെ ചാച്ചിയെ കാണിക്കുമ്പോൾ ഓർമ്മകളുടെ വേലിയേറ്റത്തിൽ അവർ അതിൽ നോക്കിയിരിക്കുന്നത് കണ്ടു. ഇന്നും ഡാമിലെ ജലനിരപ്പ്‌ താഴുമ്പോൾ വൈരമണിപ്പള്ളിയുടെ കൽഭിത്തികൾ ഒരു കൊച്ചു മൊട്ടക്കുന്നിന്റെ മുകളിൽ തെളിഞ്ഞു വരുമെന്ന് പറയുന്നു. അവിടെ ദേവാലയ സെമിത്തേരിയിൽ ചാച്ചിയുടെ പ്രിയപ്പെട്ട ഭർത്താവ് അന്ത്യവിശ്രമം കൊള്ളുന്നു. ഭൂപടത്തിൽ അവശേഷിക്കാത്ത ഒരിടം, പക്ഷേ ഓർമ്മകൾ ഇവിടെ നിരാട്ടിനിറങ്ങാറുണ്ട്‌. അയ്യപ്പന്‍ കോവിലും നിരവധി കൊച്ചു മണല്‍വീടുകളും ജലാശയത്തില്‍ മൂടിപ്പോയ ഇവിടെ വെള്ളം നിലതാഴുന്ന വേനലില്‍ പുരോഹിതന്‍ ഒരു വള്ളത്തില്‍ വിശുദ്ധ ജലവുമായിപ്പോയി വെഞ്ചിരിച്ചു വരും, അവിടെ നിത്യനിദ്രകൊള്ളുന്ന പിതൃക്കളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ തലകുനിച്ച്.
ഡിസ്പ്ലൈസ്മെന്റിന്റെ വേദന മണ്ണിലും മനസ്സിലും ഇടമില്ലാതെയാവുന്നതിന്റെ വേദനയാണ്. ഇറ്റലിയിലെ മോന്തേ കാസിനോയുടെ താഴ്വാരത്തിലെ വാര്‍ സെമിത്തേരികളിലേക്ക് നോക്കിനില്‍ക്കെ ഒരു ഇന്ത്യന്‍ വാര്‍ സെമിത്തേരി. ചോദിച്ചപ്പോള്‍ വഴികാട്ടി പറഞ്ഞു അവിടെ രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ച 6000 ഇന്ത്യന്‍ ഭടന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്നുവെന്ന്. മലയിറങ്ങി സെമിത്തേരിയില്‍ എത്തിയപ്പോള്‍ അവിടെ ഒരു ഫലകത്തില്‍ അവരുടെ പേരുകള്‍. അവരെക്കുറിച്ച് ഇന്ത്യന്‍ ആര്‍മിയുടെചരിത്രനാള്‍വഴിയില്‍ പോലും രണ്ടോ മൂന്നോ വരികള്‍ മാത്രം. ഇങ്ങിവിടെ ഇന്ത്യയില്‍ അവരുടെ പ്രിയപ്പെട്ടവര്‍ ഇന്നും ജീവിച്ചിരിക്കുന്നു, ആ കുഴിമാടങ്ങള്‍ ഒരുനോക്കുപോലും കാണാതെ. ഒരുനാള്‍ ഇനി ഗള്‍ഫിന്റെ വികസന ചരിത്രം എഴുതിയാല്‍ അത് മലയാളിയുടെ ചോരയുടെയും നീരിന്റെയും ചരിത്രമാകും. എന്നാല്‍ കൌമാരത്തിലും യൌവനത്തിന്റെ നിറവിലും നാടുവിട്ട അവര്‍ ഈ നാടിനോ ആ നാടിനോ സ്വന്തമല്ലാതെ ചരിത്രത്തില്‍ ആഴ്ന്നുപോകും. കേരളത്തിലെ ഇന്നത്തെ ബംഗാളീ, ഒരുനാള്‍ നിനക്കും ഇതുതന്നെ സംഭവിക്കും. അഭയാര്‍ത്ഥികള്‍ ഉണ്ടാകുന്നതും വിസ്മൃതിയുടെ മരുഭൂമികള്‍ പടരുന്നതും ഇങ്ങനെയാണ്.
[പണ്ട് ചെറുതോണി-കട്ടപ്പന എന്നി പ്രദേശങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്ന വഴിയാണ് ഡാമിൽ ജലനിരപ്പ്‌ താണപ്പോൾ ഉയർന്ന് വന്ന് നില്ക്കുന്നതായി ചിത്രത്തിൽ കാണുന്നത്. ഈ വഴിയുടെ ശേഷഭാഗം ഇനി ഒരിക്കലും കാണാൻ കഴിയാതെ ഇടുക്കിയുടെ ജലാശയത്തിൽ മുങ്ങിമരിച്ചു]

Monday, April 11, 2016

ഇടിമിന്നലുകളെ അതിജീവിച്ചവള്‍

എന്നും ചിരിച്ച മുഖത്തോടെ കൂലിപ്പണിക്ക് പോകുന്ന ഒരു സ്ത്രീ. അവരും ഭര്‍ത്താവും ഒരുമിച്ച് താമസിക്കുന്ന ഒരു മലയുടെ ഇടത്തട്ടിലുള്ള വീട്ടില്‍ വൈകുന്നേരം കുന്നുകയറി വിയര്‍ത്തുകിതച്ചു ചെന്നു. പത്ത് സെന്റ്‌ സ്ഥലത്ത് ഒരു കൊച്ചു വീട്. അതിരാവിലെ ഭര്‍ത്താവിനെ കൂട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയിവന്ന് കയറിയതേയുള്ളൂ. അദ്ദേഹത്തിന് ഹൃദയധമനികളില്‍ ഏഴ് ബ്ലോക്ക്‌. ശസ്ത്രക്രീയ ഈ മാസം അവസാനം. ചിരിച്ച മുഖത്തോടെ ഓടിപ്പോയി ചായയിട്ടുതന്നു. വര്‍ത്തമാനം പറഞ്ഞുവന്നപ്പോള്‍ ഭാവഭേദമൊന്നും കൂടാതെ അവര്‍ പറഞ്ഞു: "ഒരു വലിയ tragedy ആണച്ചാ എന്‍റെ ജീവിതം." പ്രാരാബ്ദങ്ങളുടെ നടുവില്‍ ഒരു മലമുകളില്‍ ജനനം. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞു ജനിക്കാതെ കാത്തിരിപ്പിന്‍റെ കുറേ വര്‍ഷങ്ങള്‍. കാത്തിരുന്ന് ഒടുവില്‍ ഒരാണ്‍ കുഞ്ഞ് ജനിച്ചതിന്റെ മൂന്നാം മാസം നാടുവിട്ടു ഭര്‍ത്താവ്. അയ്യാള്‍ മരിച്ചോ ജീവിച്ചിരിക്കുന്നുവോ എന്ന് പോലും അറിയാത്ത നീണ്ട വര്‍ഷങ്ങള്‍. കുഞ്ഞിനെ സ്വന്തം നിലയില്‍ തനിയെ വളര്‍ത്തി. കൂടെ വര്‍ഷങ്ങളോളം രോഗശയ്യയില്‍ കിടന്ന ഭര്‍ത്താവിന്റെ അപ്പനും അമ്മയും, മരിക്കുവോളം അവരെ നോക്കിശുശ്രൂഷിച്ചു. അവര്‍ സ്ഥലമൊഴിഞ്ഞ ശയ്യയിലേക്ക്‌ അവളുടെ സ്വന്തം അമ്മ. നീണ്ട വര്‍ഷങ്ങള്‍ കിടന്നകിടപ്പില്‍. അവസാനം കഴിഞ്ഞ ജൂണില്‍ മരണം. അതിനിടയില്‍ വീടുവിട്ടുപോയ ഭര്‍ത്താവ് മകന് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം മടങ്ങിവരുന്നു. മകനിലായിരുന്നു അവരുടെ ഏക ആശ്വാസം. ആറു വര്‍ഷം മുന്‍പ് പ്ലസ്‌ വണ്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാരന്‍റെ വീട്ടില്‍ പോയ മകന്‍ അപകടത്തില്‍പ്പെട്ട് ശവപ്പെട്ടിയില്‍ ആണ് വീട്ടില്‍ എത്തുന്നത്. ഒരിക്കല്‍ ഇടിമിന്നല്‍ ഏറ്റ അവര്‍ക്കുമുണ്ട് ചില ശാരീരിക ബുദ്ധിമുട്ടുകള്‍. എല്ലാം ഒന്ന് കെട്ടടങ്ങി എന്ന് വിചാരിച്ചിരിക്കെ ഭാര്‍ത്താവിന്റെ രോഗം. ഇനി ആശുപത്രി ദിനങ്ങള്‍. കൂടെ കൂലിപ്പണി. എന്നും കടത്തിന് മേല്‍ കടം കൂട്ടിന്. ഇതൊക്കെ പറയുമ്പോഴും അവരുടെ മുഖത്ത് പുഞ്ചിരിമായുന്നില്ല. അടുത്തറിയുന്നവര്‍ ചോദിക്കും: "നിനക്ക് ഈ കരുത്തൊക്കെ എവിടെ നിന്നെടി?" അവള്‍ പറയും: "എല്ലാം തമ്പുരാന്‍ തരുന്നു."

Thursday, April 7, 2016

അനിവാര്യമായ നീതി

ചരിത്രം, കല, സൃഷ്ടി എന്നിവയുടെ മൂല്യമറിയാത്ത ഒരു സമൂഹമാണ് നമ്മുടേത്‌. നിര്‍മ്മാണ ചരിത്രത്തില്‍ ഇടം നേടേണ്ട ലോറി ബേക്കറിന്റെ ആദ്യ ദേവാലയ കാലാസൃഷ്ടിയെ ഒരു മനക്കടിയും കൂടാതെ തകര്‍ത്തുകളഞ്ഞ് അവിടെ സിമിന്‍റ് ഭിത്തിയിലും പാട്ട മേച്ചിലിലും ഒരു കെട്ടിടം പണിതുയര്‍ത്താന്‍ നമ്മുക്ക് കഴിയും. കാരണം ഒന്നേയുള്ളൂ- പഴയത് ഒന്നിനും സൗകര്യം പോരാ. ഇന്നും റോമിന്റെ തെരുവുകളിലൂടെ നടക്കുമ്പോള്‍ ഒരു യൂറോപ്യന്‍ നവോത്ഥാനകാലത്തിലൂടെയും സീസറിന്റെ റോമാസാമ്രാജ്യത്തിലൂടെയും ഒരു സവാരിക്കിറങ്ങിയതായി തോന്നും. ഇടുങ്ങിയ കല്ലുപാകിയ വഴികൾ, നൂറ്റാണ്ടുകളുടെ മെഴുകുതിരികൾ ഉരുകിവീണ് കറുത്ത തിരിക്കാലുകളും ദേവാലയച്ചുമരുകളും, ഗ്ലാഡിയേറ്റർമാർ ഇപ്പോൾ മല്ലയുദ്ധം കഴിഞ്ഞ് ഇറങ്ങിപ്പോയതുപോലെ നില്ക്കുന്ന ആംമ്പിതിയേറ്ററുകൾ, ബാർബേറിയൻമാരും നെപ്പോളിയനും ഇപ്പോൾ യുദ്ധം കഴിഞ്ഞ് മടങ്ങിപ്പോയവണ്ണം ചിതറിത്തകര്ന്നു കിടക്കുന്ന റോമൻ കോളങ്ങൾ. അതെല്ലാം അങ്ങനെതന്നെ കിടക്കണം, ഒന്നു തൊടുക പോലും അരുത്. ഇവിടെ നമ്മളോ തോന്നുന്ന തോന്നലിൽ ഒന്നു തകർത്തു, മറ്റൊന്ന് പണിതു, അത് നാളെ വീണ്ടും തകർത്തു, വീണ്ടും പണിതു.... ചരിത്രത്തിൽ തനിയാവർത്തങ്ങൾ ഇല്ലാത്ത സര്ഗ്ഗസൃഷ്ടിക്ക് പുല്ലുവില. ഒരു മൊണാസ്ട്രിയിൽ പ്രവേശിക്കുന്ന കൗമാരത്തിന്റെ "അവ്യക്തതയുടെ മേഘമറക്കപ്പുറം" (The cloud of unknowing) ഇങ്ങനെയൊരു അൾത്താര. ഇടിച്ചുകൂട്ടി പെയ്യുന്ന രാത്രിമഴയിൽ അത് ഏതോ നിഗൂഡമായ ലോകത്തേക്ക് നിരന്തരം കൂട്ടിക്കൊണ്ടുപോയി. സംഘര്ഷങ്ങളുടെ പാതിരാവിൽ അനന്തയുടെ കയ്യിൽ തൂങ്ങി ശൂന്യതയിൽ ഒരു ക്രൂശിതൻ, മറ്റൊരിടത്ത് നാദബ്രഹ്മമായ വചനം. ചങ്ങല തകത്ത് മോചിതമാകുന്ന ഭൂമി. വർഷങ്ങൾക്ക് ശേഷം അവിടെ തിരിച്ചെത്തുമ്പോൾ തത്സ്ഥാനത്ത് വെറുതെ വെള്ളപൂശിയ ചുമരിൽ ഒരു കുരിശു്. അതുണ്ടാക്കിയ കലാകാരന്മാരോട്‌ പോലും ഒരു വാക്ക് പറയാതെ എല്ലാം തച്ചുടക്കപ്പെട്ടു. അന്ന് നിരൂപിച്ചു നിർമ്മാതാക്കൾ ജീവിച്ചിരിക്കും കാലം തന്നെ അങ്ങനെയൊന്ന് പുനര്സൃഷ്ടിക്കണമെന്ന്. അത് പൂർത്തീകരിച്ചു ഈ മാസം. കലയോടും കാലത്തോടും സര്ഗ്ഗത്മകതയോടും ചെയ്യേണ്ട അനിവാര്യമായ നീതി.

വനയിടം, സ്വപ്നങ്ങളുടെ പരീക്ഷണശാല

അറുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് കോട്ടയത്തിന്റെ ഒരു കുഗ്രാമത്തിൽ നിന്ന് അലിഗട്ട് സർവ്വകലാശാലയിൽ എത്തി, സാമ്പത്തീകശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി ആ ചെറുപ്പക്കാരൻ പടിയിറങ്ങുമ്പോൾ അദ്ദേഹത്തെ കാത്തിരുന്നത് ബാങ്കിങ് മേഖലയിലെ വലിയ ഔന്നിത്യങ്ങളും പ്രിയപ്പെട്ടവരുടെ അതിലേറെ വലിയ കണക്കുകൂട്ടലുകളുമായിരുന്നു. എന്നാൽ ആ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് അയ്യാൾ തീരുമാനിച്ചു, 'ഞാൻ തിരിച്ചുമടങ്ങുന്നു എന്റെ മലയോര ഗ്രാമത്തിലേക്ക്.' അവിടെ വലിയ കൃഷിക്കാരനായിരുന്ന അപ്പൻറെ എട്ട് ഏക്കർ കൃഷിയിടമായിരുന്നു ദേവസ്സിയുടെ സ്വപ്നങ്ങളുടെ പരീക്ഷണശാല. 'ഇനിയിവിടെ റബ്ബർ വേണ്ട, മരങ്ങൾ വളരട്ടെ, ഔഷധങ്ങൾ വളരട്ടെ, പുല്ലും പൂച്ചെടികളും, കുരുവികളും ചെങ്ങാലികളും, കൂടെ കുറെ വിളകളും വളരട്ടെ...' അങ്ങനെ ജീവന്റെ പച്ച സകല നാടുകളിലും നിന്ന് മലയിഞ്ചിപ്പാറ വനയിടത്തിലെത്തി വേരുപിടിക്കാൻ തുടങ്ങി. ലിച്ചി, രുദ്രാക്ഷം, സ്റ്റാർ ആപ്പിൾ, മന്ദാരം, റെയിൻ ട്രീ, മരവുരി മരം, ദന്തപ്പാല, ഈന്ത്, അമ്പഴം.....എല്ലാം ഒരു കൊച്ചു വനമായി വളരുകയായിരുന്നു. ആ ആരണ്യകത്തിന്റെ നടുവിൽ കിളിക്കുടുപോലെ പോലെ സ്വന്തം ഭാവനയിൽ വിരിഞ്ഞ ഒരു വീടും, ഏറുമാടവും. നാടൻ പശുവും പട്ടിയും പക്ഷികളും കൂട്ടിന്. വനയിടത്തിലെ ആദ്യ പാരിജാതക്കുട്ടി പൂത്തപ്പോള്‍ മക്കളില്ലാത്ത ദേവസ്സി പേരപ്പനും പ്രിയ പക്തിനിയും സുഹൃത്തുക്കള്‍ ഒരു തിരട്ടുകല്യാണക്കുറി തയ്യാറാക്കി അയച്ചു, "ഞങ്ങളുടെ പാരിജാതം പൂത്തു. നിങ്ങള്‍ക്ക് താത്പര്യമെങ്കില്‍ വന്നു കാണാം." ഈ സ്വര്‍ഗ്ഗത്തില്‍ ഇപ്പോള്‍ 87 കാരന്‍ ദേവസ്സിപേരപ്പന്‍ തനിച്ചാണ് (പേരമ്മ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഈ സ്വർഗ്ഗത്തോട് വിട പറഞ്ഞ് മറ്റൊരു സ്വർഗ്ഗം തേടി പോയി). വനയിടത്തിന്റെ ആത്മാവിലേക്ക് അലിഞ്ഞുചേരാൻ ദേവസ്സിപേരപ്പൻ എപ്പോഴും ഒരുങ്ങിയിരിപ്പാണ്. ആ ദിവസം ജീവന്റെ പുസ്തകത്തിൽ ഇയ്യാളുടെ പേര് ഹരിത ലിപികളിൽ എഴുതി ചേർക്കപ്പെടും.

Sunday, April 3, 2016

യേശുവിന്‍റെ മരണത്തിന്‍റെ രാഷ്ട്രീയമാനം

വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് പ്രിയപ്പെട്ട ആരുടെയോ ICU മരണം പോലെ സൗമ്യവും വൈകാരീകവുമാക്കി തീര്ത്ത ഒന്നാണ് ക്രിസ്തുവിന്റെ വധശിക്ഷ. അവന്‍ ക്രൂശിക്കപ്പെടുകയായിരുന്നു, അതും രണ്ട് രാഷ്ട്രീയകുറ്റവാളികള്ക്കൊപ്പം. 
1. സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചതിന്റെ പേരിൽ ആയിരുന്നില്ല ആ കൊലപാതകം. മുപ്പത്തിമൂന്നാം വയസ്സില്‍ ഇനി മുന്നോട്ട് പ്രവര്ത്തിക്കാന്‍ ആകാത്ത വിധം ചുറ്റും 'ശത്രുക്കളാ'ല്‍ നിറയണമെങ്കില്‍ അത് സ്നേഹത്തെക്കുറിച്ച് പഠിപ്പിച്ചതുകൊണ്ടാണ് എന്ന് കരുതരുത്. സ്നേഹം, ക്ഷമ, കാരുണ്യം, എന്നിവ എത്ര വേണമെങ്കിലും പഠിപ്പിച്ചുകൊള്ളൂ, നിങ്ങള്ക്ക് ഒന്നും സംഭവിക്കില്ല, മറിച്ച് ഒരു ആത്മീയഗുരു എന്ന അംഗീകാരം നിശ്ചയമായും കിട്ടിയിരിക്കും. മഹാനായ ഹില്ലേല്‍ റബ്ബി ക്രിസ്തുവിന്റെ കാലത്തിന് മുന്പ് തന്നെ സ്നേഹത്തിന്റെ പാഠങ്ങള്‍ ക്രിസ്തുവിനെ പോലെ മനോഹരമായി പഠിപ്പിച്ചിട്ടുണ്ട്. അതില്‍ ക്രിസ്തുവിന് മാത്രം അവകാശപ്പെടാന്‍ പറ്റുന്ന പുതുമയില്ല. ഒരു എറുമ്പിനെ പോലും നോവിക്കരുതെന്ന സ്നേഹപാഠത്തില്‍ വിശ്വസിച്ച ഹില്ലേല്‍ ഗുരു ചുറ്റും ശിക്ഷ്യഗണങ്ങളാല്‍ നിറഞ്ഞ് പ്രായമെത്തി ഒരു പൂജ്യഗുരുവായി മരിക്കുകയായിരുന്നു.
2. കുരിശുമരണം റോമാ സാമ്രാജ്യത്തിന് എതിരെയുള്ള രാഷ്ട്രീയകുറ്റത്തിന് കൊടുക്കുന്ന ശിക്ഷയാണ്. ക്രിസ്തുവിനോട് കൂടെ കുരിശിൽ തറക്കപ്പെട്ടവരെ 'lestai' എന്ന ഗ്രീക്ക് വാക്ക് ഉപയോഗിച്ചാണ് വിശേഷിപ്പിക്കുന്നത്. അന്ന് രാഷ്ട്രീയ തീവ്രവാദികൾക്ക് (സെലട്ട്സ്) റോമാക്കാർ ഈ വിശേഷണമാണ് കൊടുത്തിരുന്നത് എന്ന് ചരിത്രകാരനായ യോസേഫൂസ് പറയുന്നു. ('കള്ളമാർ' എന്നത് lestai എന്ന വാക്കിന്റെ സാഹചര്യം അനുവദിക്കാത്ത അർത്ഥവ്യാഖ്യാനമാണ്. മാത്രമല്ല മോഷണങ്ങൾ മാത്രം നടത്തിയ കള്ളമാരെ കുരിശിൽ തൂക്കിക്കൊല്ലാൻ റോമൻ നിയമം അനുവദിച്ചിരുന്നില്ല. ‘ആരെ മോചിപ്പിക്കണം, രാഷ്ട്രീയ കലാപത്തില്‍ പിടിക്കപ്പെട്ട ബറാബാസിനെയോ ക്രിസ്തുവിനെയോ’ എന്ന പീലാത്തോസിന്റെ ചോദ്യം അവിടെയാണ് പ്രസക്തമാകുന്നത്). 
3. മതത്തിനെ കോടതിയിൽ ('സാൻ ഹദ്രീൻ') അവനെ വധിക്കാൻ ആവശ്യമായ മതപരമായ കുറ്റം ആരോപിക്കാൻ അവർക്ക് കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ കള്ളസാക്ഷ്യങ്ങളെല്ലാം പൊളിയുമ്പോൾ വിചാരണക്ക് മറുപടി പറയിച്ച് കോടതിമുറിയിൽ വെച്ചാണ് അവന്റെ കുറ്റം കണ്ടുപിടിക്കുന്നത്. ജഡ്ജി തന്നെ കുറ്റം ചാർത്തുന്ന അത്യപൂർവ്വ വിധി! (മാർക്കോസ് 14: 53-64) 
4. പൌരോഹിത്യത്തിന് അവനെ ശിക്ഷിച്ച് വെറുതെ വിടാൻ ഭാവമില്ല, ഉന്മൂലനം ചെയ്തേ മതിയാവൂ. അതുകൊണ്ട് വധശിക്ഷ അനുവദിക്കാൻ അധികാരമുള്ള റോമൻ കോടതിയിലേക്ക് അവനെ കൊണ്ടുപോകുന്നു. ഈ കൊലപാതകത്തിൽ മതവും രാഷ്ട്രീയവും തമ്മിൽ ഒരു അവിശുദ്ധ കൂട്ടുകെട്ടിൽ ഏർപ്പെടുകയായിരുന്നു.
5. ക്രിസ്തുവിന്റെ ശിക്ഷ്യന്മാരുടെ ഇടയിൽ ചിലർ രാഷ്ട്രീയ തീവ്രവാദികൾ ആയിരുന്നു എന്നത് (തീവ്രവാദിയായ ശിമയോൻ/ യൂദാസും ഒരു സെലട്ട് ആയിരുന്നു എന്ന് പറയപ്പെടുന്നു) ക്രിസ്തുവിന്റെ സന്ദേശത്തിൽ അവരെ ആകർഷിക്കാൻ കഴിഞ്ഞ എന്തോ ഒരു രാഷ്ട്രീയ തലം ഉണ്ടായിരുന്നു എന്നതിലേക്ക് വിരൽ ചൂണ്ടുന്നു. മിശിഖായാണെന്ന് പരസ്യമായി സ്വയം അവകാശപ്പെടാത്ത, സായുധ വിപ്ലവത്തെ അനുകൂലിക്കാത്ത ക്രിസ്തുവിന്റെ നിലപാടുകൾ അതേസമയം തന്നെ രാഷ്ട്രീയ തീവ്രവാദികളുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നു.
6. അതേസമയം നിലനില്ക്കുന്ന രാഷ്ട്രീയ-മത വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നതായിരുന്നു ക്രിസ്തുവിന്റെ മൂർച്ചയുള്ള വാക്കുകൾ എന്നതിനാൽ അദ്ദേഹത്തെ മത-രാഷ്ട്രീയ നേതൃത്തം അവർക്കുനേരെയുള്ള ഒരു വെല്ലുവിളിയും 'ഭീഷിണി'യുമായി കണക്കാക്കി.ക്രിസ്തുവിന്റെ സുവിശേഷം ഒരു താരാട്ടുപാട്ട് ആയിരുന്നില്ല. സ്നാപകന്റെ പ്രവാചക ശബ്ദത്തിന്റെ ഇടിമുഴക്കവും ഹില്ലേല്‍ ഗുരുവിന്റെ സ്നേഹത്തിന്റെ തൂവല്സ്പര്ശവും ഒരുമിച്ച് ചേര്ന്ന ആവിഷ്ക്കാരമായിരുന്നു നസ്രത്തിലെ ആ തച്ചന്‍. ചിലര്ക്ക് അവന്റെ വാക്കുകള്‍ സുവിശേഷം (സത്വാർത്ത) പോലുമായിരുന്നില്ല, ദുര്‍വാര്‍ത്തയായിരുന്നു. അതില്‍ പ്രവാചക ഭാഷയുടെ ചൂടും ചൂരുമുണ്ടായിരുന്നു. കുടിലബുദ്ധിയായ ഭരണാധികാരിയെ കുറുക്കന്‍ എന്ന് വിളിച്ച, പണക്കൊതിയരെ നോക്കി ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും നിങ്ങള്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കില്ലെന്നു കണിശമായി പറഞ്ഞ, അനുഷ്ഠാന മതപുരോഹിതരോട് അവരുടെ 'പ്രാര്ത്ഥനാ ഷോ'യുടെ പൊള്ളത്തരത്തെക്കുറിച്ചും നീണ്ട അങ്കിയുടെ കാപട്യത്തെക്കുറിച്ചും തീപാറുന്ന വാക്കില്‍ സംസാരിച്ച, കാപട്യം കാട്ടുന്നവരെ 'അണലിസന്തതികള്‍' എന്ന് വിളിച്ച കാര്‍ക്കശ്യത്തിന്റെ ഒരു ക്രിസ്തു സുവിശേഷമുണ്ട്. അത് ശത്രുക്കളെ ജനിപ്പിക്കുന്നതു കൂടിയാണ്. അതാണ്‌ ക്രിസ്തു സുവിശേഷത്തിന്റെ sting (കുത്ത്/മുള്ള്). Sting of the gospel എന്നത് കുറുക്കനെ ‘കുറുക്കൻ’ എന്നുതന്നെ വിളിക്കാനുള്ള കഴിവാണ്. തന്റെ കാലഘട്ടത്തിലെ മതനേതൃത്വത്തോട്, രാഷ്ട്രീയ നേതൃത്വത്തോട്, സമൂഹ നേതൃത്വത്തോട്, പ്രമാണിമാരോട്‌ ക്രിസ്തു ചിലത് പാടില്ല എന്ന് കാർക്കശ്യ ഭാഷയിൽ പറഞ്ഞു. അതായിരുന്നു അവനെ അത്രമേല്‍ "ജനസമ്മതൻ" അല്ലാതാക്കി മാറ്റിയത്. അതായിരുന്നു കൊലമരത്തോളം ക്രിസ്തുവിനെ കൊണ്ടുച്ചെന്നെത്തിച്ച സുവിശേഷത്തിന്റെ രാഷ്രീയം. 
വെറുതെ അവന്റെ പീഡകളെയോർത്ത് അമിത വൈകാരികതയിൽ മുഖം മ്ലാനമാക്കി എന്തിനാണെന്ന് പോലും അറിയാതെ പരിഹാര പ്രദഷിണം ചെയ്യുമ്പോൾ ഒരു ചോദ്യം: "കഴുമരത്തോളം എത്തിച്ച ആ ജീവിതത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-മത നിലപാടുകളുടെ മുന (sting) നിങ്ങളുടെ മതത്തിലും വ്യക്തിജീവിതത്തിലും എവിടെ?"