Monday, January 30, 2017

എനിക്ക് ശേഷം ഇവിടെ പ്രളയം സംഭവിക്കില്ല.


ഇഷ്ടിക ഭാഗം - 1
===============
“എന്‍റെ കൈ ചെന്നില്ലെങ്കില്‍ ഇവിടെയൊന്നും നടക്കില്ല.” “നൂറുകൂട്ടം പണികള്‍! സമയം കിട്ടിയിട്ട് വേണ്ടേ എങ്ങോട്ടെങ്കിലും പോകാന്‍.” “നിങ്ങളൊയൊക്കെ ഒരു പണി ചെയ്യാന്‍ ഏല്പ്പിച്ചാല്‍ എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി വെക്കും, പിന്നെ ഞാനതിന്‍റെ പിന്നാലെ നടക്കണം.” “ങാ, നിങ്ങള്‍ക്കൊക്കെ വെറുതെ കറങ്ങിനടന്നാല്‍ മതിയല്ലോ.” - ഇത്തരം വേവലാതികള്‍ സൂചിപ്പിക്കുന്ന ഒരു ‘സംസ്കാര രോഗം’ ഉണ്ട്- വര്‍ക്കഹോളിസം. സംസ്കാരം വളര്‍ന്ന കൂടെ വളര്‍ന്ന മനുഷ്യന്‍ എന്ന ജീവിയെ മാത്രം ബാധിച്ച ഒരു രോഗമാണിത്. മറ്റൊരു ജീവിയും ഇരതേടലിന് അപ്പുറം ജോലിയില്‍ മുഴുകാറില്ല. ജോലിയല്ല, വിശ്രമം/ലീലയാണ് ജീവിതത്തെ ആനന്ദകരമാക്കുന്നത് എന്ന് ബൈബിളും ഭാരത പുരാണങ്ങളും പറയുന്നു.
ട്രെഡ്മില്ല് ഈ സംസ്കാരത്തിന്റെ ഒരു കോമാളി പ്രതീകമാണ്. അതില്‍ നമ്മള്‍ ദിവസം മുഴുവന്‍ ഓടുന്നു, എന്നാല്‍ എങ്ങും എത്തിച്ചേരുന്നുമില്ല! ട്രെഡ്മില്ല്‌ സംസ്‌കാരത്തില്‍ പെട്ടുപോയാല്‍ പിന്നെ അതില്‍ നിന്ന് രക്ഷപെടാനാവില്ല എന്നതാണ് അതിന്റെ ദുരന്തം. ജീവിതത്തെ തിരിച്ചുപിടിക്കാന്‍ ആവാത്തവിധം ആ സംസ്‌കാരവും സമ്പദ്‌വ്യവസ്ഥയും മനുഷ്യനെ അടച്ചുപൂട്ടുന്നു. ഇടതടവില്ലാതെ കഠിനാദ്ധ്വാനം ചെയ്യാന്‍ തയ്യാറായാല്‍ മാത്രമേ ആ സംസ്‌കാരത്തിന്റെ ജീവിതരീതികള്‍ക്കൊപ്പം നമുക്ക് നീങ്ങാനാവൂ. ‘ഉത്സാഹത്തോടെ കഠിനാദ്ധ്വാനം ചെയ്യുക, കൂടുതല്‍ നേട്ടം കൊയ്യുക’ എന്നതായിരിക്കുന്നു പുതിയ തൊഴില്‍ സംസ്കാരത്തിന്‍റെ മുഖമുദ്ര. 'എല്ലു മുറിയെ പണിയെടുത്താല്‍ പല്ലു മുറിയെ തിന്നാം' എന്ന പഴഞ്ചൊല്ലിന്‍റെ പുത്തന്‍ ഭാഷ്യങ്ങള്‍ പുതിയ മേഖലകളിലേക്കും കടന്നെത്തിയിരിക്കുന്നു. എല്ലുമുറിയെയുള്ള പണികളും കുറച്ച് തീറ്റയും മാത്രം മിച്ചം!
'തുടർച്ചയായി ജോലിചെയ്തുകൊണ്ടിരിക്കാനുള്ള നിർബന്ധിതവും അനിയന്ത്രിതവുമായ ഉൾപ്രേരണ' എന്നാണ് 'വർക്കഹോളിസം' എന്ന മാനസീകരോഗത്തെ നിർവ്വചിച്ചിരിക്കുന്നത്. സാമ്പത്തീക-ഭൗതീക ആവശ്യം, പ്രസ്ഥാനത്തിന്റെ നിലനില്പ്പ്, മാനസീക സംതൃപ്തി നൽകുന്ന ക്രിയാത്മകയുടെ പ്രകാശനം എന്നിവയ്ക്ക് അപ്പുറത്തേക്ക് ആരെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കിൽ അതിനെ വർക്കഹോളിസം എന്ന രോഗത്തിൻ്റെ ലക്ഷണമായി കണക്കാക്കണം. ഈ പ്രശ്‌നം തലയ്ക്കുപിടിച്ചവർ ജോലി ചെയ്യാത്തപ്പോഴും ജോലിയെക്കുറിച്ച് തന്നെ ചിന്തിച്ചുകൊണ്ടിരിക്കും. വീട്ടിൽ വന്നാൽ മക്കള്‍ക്കൊപ്പം കളിക്കാന്‍ സാധിക്കുന്നില്ല, കുടുംബമൊരുമിച്ച് മന:സമാധാനത്തോടെ ഒരു യാത്രപോകാന്‍ ആവുന്നില്ല, ചില കുടുംബിനികള്ക്ക് വീട്ടില്‍ നിന്ന് ഒരു ദിവസം പോലും മാറിനില്ക്കാന്‍ ആവുന്നില്ല, ഭാര്യയോട്/ ഭര്‍ത്താവിനോട് മാനസീക സമ്മര്‍ദം ഇല്ലാതെ ഉള്ളു തുറന്ന് സംസാരിക്കാനാവുന്നില്ല. വർക്കഹോളിക്ക് ആയ ഒരാളുടെ കുടുംബവും വലിയ സമ്മര്‍ദത്തിലായിരിക്കും. കുട്ടികള്‍ക്കും ജീവിതപങ്കാളിക്കും വേണ്ട വൈകാരിക കരുതല്‍ കിട്ടാതെ പോവുകയും വിനോദത്തിന്റേയും ക്രിയാത്മകതയുടേയും ലോകം അവര്‍ക്ക് നിക്ഷേധിക്കപ്പെടുകയും ചെയ്യും. കൂടാതെ വർക്കഹോളിക്കുകളില്‍ നല്ലൊരു ശതമാനവും പെര്‍ഫക്ഷനിസ്റ്റുകള്‍ (പൂര്‍ണ്ണതാവാദികള്‍) ആയതിനാല്‍ അവര്‍ നിരന്തരം മറ്റുള്ളവരുടെ ജോലികളില്‍ കുറ്റം കണ്ടുപിടിച്ചുകൊണ്ടിരിക്കും. അത് കൂടെ ജീവിക്കുന്നവരേയും വല്ലാതെ മടുപ്പിക്കുന്നു. പ്രത്യേക കഴിവുകൾ ഇല്ലാത്തതുകൊണ്ടും, നിർഭാഗ്യകരമായ സാഹചര്യങ്ങളിൽ ജനിച്ചതുകൊണ്ടും, ഒരു വ്യക്തിയിലുണ്ടാകുന്ന അപകർഷതാബോധം അയാളെ വർക്കഹോളിസ്റ്റ് ആക്കിയേക്കാം.
വര്‍ക്കഹോളിസം എന്ന രോഗത്തിന്‍റെ ലക്ഷണങ്ങളായി പറയപ്പെടുന്നവ ഇവയാണ്:
1. ജോലിയ്ക്ക് വേണ്ടി എങ്ങനെ കൂടുതല്‍ സമയം കണ്ടെത്താം എന്ന് സദാ ആലോചിച്ചുകൊണ്ടിരിക്കുക.
2. തുടക്കത്തില്‍ നിശ്ചയിച്ചതില്‍ കൂടുതല്‍ സമയം ജോലിയില്‍ ചെലവഴിക്കുക.
3. കുറ്റബോധം, ഉത്കണ്ഠ, നിസ്സഹായത, നിരാശ എന്നിവ മറികടക്കാനായി ജോലിയില്‍ മുഴുകുക.
4. ‘ജോലി കുറയ്ക്കുക’ എന്ന് പലവട്ടം പലരും പറഞ്ഞിട്ടും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെ വരിക.
5. ജോലി ചെയ്യാന്‍ കഴിയാതെ വരുമ്പോള്‍ മാനസീക പിരിമുറുക്കം അനുഭവക്കുക; ജോലി തുടങ്ങിക്കഴിയുമ്പോള്‍ വലിയ ആശ്വാസം തോന്നുക.
6. വിനോദം. വിശ്രമം, ആരോഗ്യപരിരക്ഷ എന്നിവ ജോലിയുടെ പേരില്‍ മാറ്റിവെക്കേണ്ടിവരിക.
7. ചെയ്യുന്ന ജോലി ആരോഗ്യത്തെ ബാധിക്കാന്‍ തുടങ്ങുക.
8. ജോലി സ്ഥലത്ത് നിന്ന് മാറിനില്‍ക്കുമ്പോള്‍ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതെന്തോ നഷ്ടപ്പെടുന്നു എന്ന തോന്നല്‍ നിരന്തരം അലട്ടുക.
വര്‍ക്കഹോളിക് ആയ ഒരാള്‍ സ്വന്തം വില കണക്കാകുന്നത് അയാള്‍ ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തില്‍ ആയതുകൊണ്ട് താന്‍ ചെയ്യുന്ന ജോലിയ്ക്ക് എപ്പോഴും മറ്റുള്ളവരുടെ അംഗീകാരം പ്രതീക്ഷിച്ചുകൊണ്ടിരിക്കും. കൂടാതെ മറ്റുള്ളവരുടെ ജോലികളെ തങ്ങളുടെതിനേക്കാള്‍ മെച്ചം എന്ന് അവര്‍ ഒരിക്കലും സമ്മതിച്ചു തരില്ല. തങ്ങളുടെ പഴയ ജോലികള്‍ ആകട്ടെ ഇപ്പോഴത്തേതിനേക്കാള്‍ മെച്ചം എന്നായിരിക്കും അവരുടെ ഭാഷ്യം. ഒപ്പം സാധാരണ ജീവിതത്തിലെ പല പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള ഒരു ഉപാധിയായും അവര്‍ ജോലിയെ ഉപയോഗിച്ചേക്കാം.
ആശുപത്രി ചികിത്സയോളം പോകേണ്ട വര്‍ക്കഹോളിസമൊന്നും നമ്മളില്‍ പലര്‍ക്കും ഇല്ല. ജോലി സ്വന്തം ശരീരത്തിനേയും മനസ്സിനേയും കുടുംബത്തേയും സാമൂഹ്യബന്ധങ്ങളേയും അലട്ടാന്‍ തുടങ്ങിയെങ്കില്‍ ഇങ്ങനെ ചില സെന്‍ വഴികള്‍ നോക്കാം:
- ചെറിയ ഇടവേള എല്ലാ ജോലികളിലും നിന്ന് ഒന്നുമാറിനിന്നു നോക്കുക. അപ്പോള്‍ നമ്മുടെ ഉള്ളില്‍ തന്നെ എന്താണ് നടക്കുന്നത് എന്ന് കാണാന്‍ കഴിഞ്ഞേക്കാം.
- ഈ ഇടവേളയുടെ കാലം വായന, സിനിമ പോലുള്ള വിനോദമാര്‍ഗ്ഗങ്ങള്‍, തോട്ടനിര്‍മ്മാണം, പൊതുപ്രവര്‍ത്തനം, മലനടത്തം, വനനടത്തം, മഴനടത്തം, ഒന്നിനുമല്ലാത്ത ഒരു യാത്ര... അങ്ങനെ ചിലതൊക്കെ പരീക്ഷിച്ചുനോക്കുക.
-ഈ ഇടവേളയുടെ കാലഘട്ടത്തില്‍ ജോലി സംബന്ധമായ മെയിലുകള്‍, സന്ദേശങ്ങള്‍, ഫോണ്‍ വിളികള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്ക്കുക.
- ജോലി ചെയ്യുന്ന കാലയളവിലും വീട്ടില്‍ എത്തിയാല്‍ ജോലിയിടം വീട്ടില്‍ നൂഴ്ന്ന് കയറാതിരിക്കാന്‍ നിങ്ങളുടെ സ്വകാര്യ ഫോണ്‍ മാറ്റിവെക്കുക. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അത്യാവശ്യം ബന്ധപ്പെടേണ്ടവര്‍ (നിങ്ങളുടെ മേലധികാരി) എന്നിവര്‍ക്ക് വീട്ടിലെ പൊതുനമ്പര്‍ കൊടുക്കുക. കുടുംബവുമൊത്ത് സമയം ചെലവഴിക്കുമ്പോള്‍ അത്യാവശ്യമല്ലെങ്കില്‍ സുഹൃത്തുക്കളുടെ ഫോണ്‍ വിളികള്‍ പോലും മാറ്റിവെക്കുന്ന ബ്ലെസനും (Blz Jcb) പത്നിയും ഈ കാര്യത്തില്‍ വിദഗ്ധ ഉപദേശം തരും.
- ഓരോ ദിവസവും 6-8 മണിക്കൂറിന് ആപ്പുറത്തേയ്ക്ക് ജോലി സമയം നീളുന്നില്ല എന്ന് ഉറപ്പുവരുത്തുക. ശേഷം സമയം കുടുംബം, സമൂഹം, ക്രിയാത്മ പ്രവര്‍ത്തനങ്ങള്‍, വിശ്രമം, വിനോദം എന്നിവയ്ക്ക് വേണ്ടി ക്രമപ്പെടുത്തുക. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും വിശ്രമിക്കുക. അതായത് ജീവിതത്തില്‍ മൂല്യക്രമങ്ങളെ പുന:ക്രമീകരിക്കുക എന്നര്‍ത്ഥം. കുടുംബം-സുഹൃത്തുകള്‍-ബന്ധുക്കള്‍, ആരോഗ്യം, മനസ്സിന്റെ സന്തോഷം-സമാധാനം, സമൂഹം, പണം എന്നിവയ്ക്ക് ശേഷം മാത്രം ജോലിയെ കൊണ്ടുവരിക.
- ഒരു ജോലി അത് എത്ര പ്രതിഫലം കിട്ടുന്നത് ആയാലും നിങ്ങളില്‍ ഉണ്ടാക്കുന്ന മാനസീക-ശാരീരിക-സാമൂഹ്യ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് മാത്രം ജോലി തിരഞ്ഞെടുക്കുക.
- ദിവസവും ഒരു 10 മിനിട്ട് എങ്കിലും ഒന്നും ചെയ്യാതെ മനസ്സിനെ ശാന്തമാക്കി കസേരയില്‍ ഇരിക്കുകയോ, തോട്ടത്തില്‍ നടക്കുകയോ, ധ്യാനത്തില്‍ മുഴുകുകയോ ചെയ്തുനോക്കുക. മനുഷ്യന്‍ ഒരു യന്ത്രം അല്ല എന്ന് തിരിച്ചറിയാനുള്ള നല്ല വഴി അതാണ്‌.
- ‘എനിക്ക് ശേഷം ഇവിടെ പ്രളയം സംഭവിക്കില്ല’ എന്നൊരു തിരിച്ചറിവാണ് വര്‍ക്കഹോളിസത്തില്‍ നിന്ന് രക്ഷനേടാനുള്ള ഏറ്റവും നല്ല വഴി. നമുക്ക് മുന്‍പും ഇവിടെ ലോകവും മനുഷ്യരും ഉണ്ടായിരുന്നു, നമ്മള്‍ ഇല്ലാതായാലും ജീവിതപങ്കാളിയും മക്കളും അടക്കം ഉള്ളവര്‍ പോലും ദുഃഖസാന്ദ്രമായ ഏതാനും ദിവസങ്ങള്ക്ക് ശേഷം സ്വാഭാവിക രീതിയില്‍ ജീവിക്കും, ജീവിച്ചേ മതിയാകൂ. ലോകത്തില്‍ ആരും അനിവാര്യമായവരല്ല.
: അവസാനമായി, പണം ജീവിക്കാന്‍ മാത്രമാണ്, പണം ഉണ്ടാവുകളും ജീവിതം ഇല്ലാതിരിക്കുകയും ചെയ്യുന്ന കോടിക്കണക്കിന് വിഡ്ഢികൾ ഉള്ള ലോകത്ത് ഞാന്‍ അടുത്ത വിഡ്‌ഢിയാകില്ല എന്നൊരു തീരുമാനം വേണം. മക്കൾക്ക് വേണ്ടി (അവരുടെ ഭാവി ജീവിതത്തിന് വേണ്ടി) സമ്പാദിക്കാതിരിക്കുക, ആവശ്യത്തില്‍ കൂടുതല്‍ സമ്പാദിക്കാതിരിക്കുക, സ്വന്തം സന്തോഷം, പ്രിയപ്പെട്ടവര്‍, ആരോഗ്യം എന്നിവ നശിപ്പിച്ച് സമ്പാദിക്കാതിരിക്കുക. എപ്പോള്‍ വേണമെങ്കിലും തീർന്നു പോകാവുന്ന ജീവിതം ജീവിക്കാനുള്ളതാണ്, കൂട്ടിവെക്കാന്‍ ഉള്ളതല്ല.
എല്ലുമുറിയെ പണിയെടുത്ത് ഒരു ജീവിതവും കുടുംബവും ഈ കാണായ ഭൂസ്വത്തും മുഴുവന്‍ സമ്പാദിച്ചത് മത്തായി ചേട്ടനാണ്. മത്തായി ചേട്ടന് ആണ്മ‍ക്കള്‍ മൂന്ന്- ജോസഫ്‌, ജോണി, ഷാജി. മക്കളെ അല്ലലും അലച്ചിലും അറിയിക്കാതെ തള്ള വളർത്തിയതുകൊണ്ടാണ് അവര്ക്ക് വലിയ ഉത്തരവാദിത്വബോധം ഉണ്ടാകാത്തത് എന്ന ഒറ്റ അപവാദം മാത്രമേ മത്തായി ചേട്ടന് തന്റെ പൊന്നുമക്കളെക്കുറിച്ചു പറയാനുള്ളൂ. അല്ലെങ്കില്‍ മക്കള്‍ എന്ന് പറഞ്ഞാല്‍ ജീവനാണ്. എന്നാലോ തുണിക്കടയുടെ കാര്യം നോക്കുന്ന ജോസപ്പും, മുപ്പതേക്കര്‍ കുരുമുളക്-ഏലം തോട്ടത്തിന്റെ പണിയും വരവുചെലവും മുഴുവന്‍ നോക്കിനടത്തുന്ന ജോണിക്കുട്ടിയും, ഓട്ടം പോകുന്ന ടിപ്പര്‍ ലോറികളുടെ മേൽനോട്ടം വഹിക്കുന്ന ഷാജിയും വൈകുന്നേരം വീട്ടില്‍ എത്തിയാല്‍ പെണ്ണുംമ്പുള്ളമാരേയും മക്കളേയും കാണുന്നതിന് മുൻപ് അപ്പന്റെ അടുത്ത് കണക്ക് ഏല്പ്പിച്ച് അടുത്ത ദിവസത്തേക്കുള്ള നിർദ്ദേശങ്ങളും വാങ്ങിയേ പോകൂ. പറമ്പിലും പണിസ്ഥലത്തുമായി ഓടി നടന്ന മത്തായി ചേട്ടന്‍ ഒറ്റ മാസം കൊണ്ട് കിടപ്പായി. മരണം ഏതാണ് ഉറപ്പായപ്പോള്‍ മക്കളെ വിളിച്ചോ എന്ന് ഡോക്ടര്‍ പറഞ്ഞു. മക്കള്‍ മൂന്നും പണിസ്ഥലത്തു നിന്ന് ഓടിയെത്തി. മക്കള്‍ എത്തി എന്ന വാര്ത്ത ആരോ ചെവിയില്‍ മന്ത്രിച്ചപ്പോള്‍ കാഴ്ച മങ്ങിയിരുന്ന മത്തായി ചേട്ടന്‍ മക്കളെ ഓരോരുത്തരെയായി വിളിച്ചു: “മോനേ ജോസപ്പേ..., മോനേ ജോണിക്കുട്ടി...., മോനേ ഷാജി....” ഓരോരുത്തരും നിറഞ്ഞ സങ്കടത്തില്‍ “എന്തോ...” എന്ന് വിളികേട്ടു. ഷാജിയും വിളികേട്ടു കഴിഞ്ഞപ്പോള്‍ മൂത്തവനായ ജോസപ്പിനോട് ഒരു ശകാരം: “എടാ ജോസപ്പേ, നിനക്കെങ്കിലും ബോധം വേണ്ടേടാ....? നിങ്ങള്‍ മൂന്നാളും ഇവിടെ വന്ന് വായും പൊളിച്ചു നിന്നാല്‍ കടയിലും പണിസ്ഥലത്തും ആരെടാ ഒള്ളേ?! പോകിനെടാ വേഗം.” ഇതുപറഞ്ഞു മത്തായി ചേട്ടൻ കണ്ണടച്ചു. പോയപ്പോള്‍ ഒന്നും കൊണ്ടുപോയതുമില്ല.

Friday, January 20, 2017

പെണ്ണിന്‍റെ കണ്ണിലേയ്ക്ക് നോക്കാന്‍ പഠിപ്പിച്ച വൈദീകന്‍

മനുഷ്യജീവിതങ്ങളെ അക്ഷരങ്ങളിൽ വായിച്ചെടുത്ത ദൈവശാസ്ത്രജ്ഞനാണ് ഫാ. ഫെലിക്സ് പൊടിമറ്റം. ഇരവുകളെ പകലുകളാക്കി പുസ്തകങ്ങൾക്കിടയിൽ ജീവിച്ച ഈ മനുഷ്യസ്നേഹി ഇക്കഴിഞ്ഞ ഡിസംബർ 17-ന് ഓർമയായി. നിശബ്ദ ജീവിതത്തിനുടമയായ ഫെലിക്സച്ചന്റെ ദാർശനിക ജീവിതത്തിന്റെ ദീപ്തസ്മരണ.
1950-ന്റെ അവസാനം സഭയിൽ മാറ്റത്തിന്റെ ശുദ്ധവായു കടത്തിവിട്ടുകൊണ്ട് ചരിത്രം സൃഷ്ടിച്ച മാർപ്പാപ്പയായിരുന്നു ജോൺപോൾ 23-ാമൻ. രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചുകൂട്ടിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ''സഭയുടെ ജാലകങ്ങൾ തുറന്നിടൂ. അതിലൂടെ അരൂപിയുടെ കുളിർമയുള്ള ശുദ്ധവായു ഉള്ളിലേക്ക് പ്രവേശിക്കട്ടെ.'' സഭാചരിത്രത്തിന്റെ ഈ ദശാസന്ധിയിലാണ് 1934-ൽ തൊടുപുഴയ്ക്ക് അടുത്ത് മുട്ടം എന്ന ഒരു ഇടനാട് ഗ്രാമത്തിൽ പൊടിമറ്റം കുര്യൻ-അന്നമ്മ ദമ്പതികളുടെ മകനായി പിറന്ന മാത്യു എന്ന ഫെലിക്സച്ചൻ തന്റെ സന്യാസവൈദിക പഠനം പൂർത്തിയാക്കുന്നത്.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അലകൾ കെട്ടടങ്ങാത്ത കാലത്ത് 1964 മുതൽ റോമിൽ താമസിച്ച് അദ്ദേഹം ധാർമ്മിക ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തി. കത്തോലിക്കാ ധാർമ്മിക ദൈവശാസ്ത്രത്തിൽ മാറ്റത്തിന്റെ വിത്തുകൾ പാകിയ ബർണാർഡ് ഹെയറിംങ് എന്ന ദൈവശാസ്ത്രജ്ഞന്റെ കീഴിൽ ഗവേഷണം നടത്തി തിരിച്ചെത്തിയ ഫെലിക്സച്ചൻ അദ്ദേഹത്തിൽ നിന്ന് ലഭിച്ച ചിന്തയുടെ വിത്തുകളെ മുളപ്പിച്ച് നൂറുമേനി വിളയിച്ചു. ഗുരുവിന് അപ്പുറത്തേയ്ക്ക് വളർന്ന ഒരു ശിഷ്യനായി ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തി. 137 പുസ്തകങ്ങളും എണ്ണമറ്റ ലേഖനങ്ങളും എഴുതി ലിംകാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ഫെലിക്സച്ചൻ തന്റെ 82-ാമത്തെ വയസ്സിൽ 2016 ഡിസംബർ 17-ന് പുലർച്ചെ നിത്യതയിലേക്ക് യാത്രയായി.
ദാർശനിക ഭൂമിക
'The Relativity of Natural Law' എന്ന വിഷയത്തിൽ ആയിരുന്നു ഫെലിക്സച്ചന്റെ ഗവേഷണം. അത് അദ്ദേഹത്തിന്റെ പിന്നീടുള്ള ചിന്തയ്ക്കും രചനകൾക്കും ശക്തമായ അടിത്തറപാകി. ക്രിസ്തീയ ധാർമ്മിക ദൈവശാസ്ത്രത്തിൽ പ്രവൃത്തികേന്ദ്രീകൃത ധാർമ്മികത (act-centered morality) യിൽ നിന്ന് വ്യക്തികേന്ദ്രീകൃത ധാർമ്മികത (person-centered morality) യിലേയ്ക്ക് ചുവടുമാറ്റി ചവിട്ടി എന്നതാണ് ഫെലിക്സച്ചന്റെ തനത് സംഭാവന. അത് ധാർമ്മിക ആപേക്ഷികതാവാദത്തിനും (relativism) നിരപേക്ഷതാവാദത്തിനും (absolutism) ഇടയിൽ വ്യക്തികേന്ദ്രീകൃതമായ ഒരു ക്രിസ്തീയ വിചിന്തനമായിരുന്നു.
കാലം കടന്നുപോയിട്ടും ഇന്നും പ്രചരിക്കപ്പെടുന്നതും ക്രിസ്തുവിന്റെ സുവിശേഷത്തിൽ ഇല്ലാത്തതുമായത് ഈ പ്രവൃത്തികേന്ദ്രീകൃത ധാർമ്മികതയാണ്. മുന്നിൽ നിൽക്കുന്ന പച്ചമനുഷ്യന്റെ കണ്ണിലേയ്ക്കും മനസ്സിലേയ്ക്കും കരുണയുടെ കണ്ണുകളോടെ നോക്കുമ്പോൾ ഉരുത്തിരിയുന്ന ഒരു മൂല്യബോധമായിരുന്നു ക്രിസ്തുവിന്റേത്. എന്നാൽ ഇന്നും നമ്മുടെ ധ്യാനകേന്ദ്രങ്ങൾ പ്രസംഗിക്കുന്ന 'സദാചാരധാർമ്മികത' എന്താണ്? അത് പ്രവൃത്തികേന്ദ്രീകൃതമാണ്. പലചരക്ക് പട്ടികയുണ്ടാക്കും പോലെ പാപപുണ്യങ്ങളുടെ കർമ്മം തിരിച്ച് ലിസ്റ്റ് തയ്യാറാക്കി വിശ്വാസികളെ കുമ്പസാരത്തിനൊരുക്കുന്ന 'ധ്യാനം' എന്ന നടപ്പുരീതിയ്ക്ക് സ്ഥായിയായ മറ്റങ്ങൾ ഉണ്ടാക്കാൻ കഴിയാതെ പോകുന്നത് പ്രവൃത്തിയുടെ ഉപരിപ്ലവതയിൽ നിന്ന് വ്യക്തികളുടെ ഉള്ളിലേയ്ക്ക് കടക്കാൻ കഴിയാത്തതുകൊണ്ടാണ്. കതിരിൽ വളം വയ്ക്കാൻ ആയിരുന്നില്ല, വേരുകളിൽ പോഷണം കൊടുക്കാനായിരുന്നു ഫെലിക്സച്ചന്റെ ശ്രമങ്ങൾ. കാരുണ്യത്തിന്റെ മൂല്യക്രമത്തിൽ രൂപപ്പെടുന്ന ഒരു പുതിയ ലോകം ക്രിസ്തുവിനെപ്പോലെ ഫെലിക്സച്ചനും സ്വപ്നംകണ്ടു.
ഫെലിക്സച്ചന്റെ വിചിന്തനത്തിന് വിഷയീഭവിക്കാത്ത മേഖലകൾ ഇല്ല. ലൈംഗിക ധാർമ്മികത, ജീവന്റെ മൂല്യം, മാനവീകത, നീതിയുടെ പ്രശ്നങ്ങൾ, പട്ടിണി, ചൂഷണം, പരിസ്ഥിതി വിചാരം, ആദ്ധ്യാത്മികത, സൗഹൃദം, മതവിശ്വാസം എന്നുവേണ്ട എല്ലാ മേഖലകളെയും അദ്ദേഹം വായിച്ചു, വിചിന്തനം നടത്തി, എഴുതി. ഇന്നും സദാചാരത്തിന്റെ ലുത്തിനിയ പാടിയിരിക്കുന്ന നമുക്ക് കാലത്തിന് മുൻപേ ജനിച്ച ആ വലിയ മനുഷ്യനെ വേണ്ടവിധം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് മലയാളി സമൂഹത്തേക്കാൾ കേരളത്തിന് വെളിയിൽ അദ്ദേഹം അംഗീകാരം നേടിയത്. സ്നേഹം കൂടുമ്പോൾ കവിളിൽ വാത്സല്യത്തോടെ ഒരു കൊച്ചുനുള്ള് തന്നിരുന്ന ഫെലിക്സച്ചൻ സ്നേഹം പറയാനുള്ളതല്ല, പ്രകടിപ്പിക്കാനുള്ളതാണ് എന്ന് വിശ്വസിച്ചു.

പെൺസൗഹൃദങ്ങൾ
''എന്റെ ജീവിതത്തിന്റെ ആദ്യ മുപ്പത്തിയഞ്ച് വർഷക്കാലത്തോളം പൗരുഷാധിപത്യത്തിന്റേതായിരുന്നു... പിന്നീടാണ് ദാർശനികമായും ബൗദ്ധികമായും വൈ കാരികമായും ഞാൻ വെല്ലുവിളിക്കപ്പെടുന്നത്. ജീവിതത്തിന്റെ അത്യന്താപേക്ഷിതമായ എന്തോ ഒന്ന് എനിക്ക് നഷ്ടപ്പെടുന്നതായി തോന്നിത്തുടങ്ങിയത്.'' ജീവിതം എന്നെ എന്ത് പഠിപ്പിച്ചു എന്ന ചെറിയ കുറിപ്പിൽ സ്വന്തം ജീവിതത്തിലെ ബന്ധത്തിന്റെ തലത്തെ ഫെലിക്സച്ചൻ ഇങ്ങനെയാണ് വിലയിരുത്തിയത്. 'പെണ്ണിന്റെ കണ്ണിലേക്ക് നോക്കാൻ പഠിപ്പിച്ച വൈദികൻ' എന്നാണ് അദ്ദേഹത്തിന്റെ ശിഷ്യർ അദ്ദേഹത്തെ വിലയിരുത്തിയത്.

അമ്മ/സഹോദരി, അപ്പൻ/സഹോദരൻ എന്ന തലത്തിനുപ്പുറത്തേക്ക് ജീവിതപങ്കാളിയല്ലാത്ത ഒരു പുരുഷനോ സ്ത്രീയോ ആയിട്ടുള്ള ബന്ധത്തെ കാണാൻ കഴിയാത്ത ഒരു സമൂഹമാണ് നമ്മുടേത്. ആ സമൂഹത്തോടാണ് 1980-കൾ മുതൽ ഫെലിക്സച്ചൻ ആൺ-പെൺ സൗഹൃദങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നത്. ഇന്നും കാലം ഏറെ മുന്നോട്ട് പോയിട്ടില്ല. ഇന്നും സൗഹൃദമെന്നാൽ ഒരു സാധാരണ ഇന്ത്യക്കാരനെയോ മലയാളിയേയോ സംബന്ധിച്ച് സ്വവർഗ്ഗ സൗഹൃദങ്ങൾ മാത്രമാണ്. ആണുങ്ങളുടെ സുഹൃത്തുക്കൾ ആണുങ്ങളും പെണ്ണുങ്ങളുടെ സുഹൃത്തുക്കൾ പെണ്ണുങ്ങളും മാത്രമായിരിക്കണം എന്നത് നമ്മുടെ സമൂഹത്തിന്റെ അലിഖിത നിയമമാണ്. അതിനപ്പുറത്ത് സ്വന്തം ഭാര്യയോ/ഭർത്താവോ, അമ്മയോ/അപ്പനോ, സഹോദരിയോ/സഹോദരനോ അല്ലാത്ത ആരെങ്കിലുമായി ഒരു സ്ത്രീയോ പുരുഷനോ അടുത്ത് ഇടപഴകുന്നത് കണ്ടാൽ ആ ബന്ധത്തിന് ചാർത്തിക്കൊടുക്കാൻ നമ്മുടെ നിഘണ്ടുവിൽ ഒരു പദമേയുള്ളൂ പ്രണയം. പ്രണയത്തിനപ്പുറത്ത് ആൺ-പെൺ സൗഹൃദങ്ങൾ ഉണ്ടെന്നും ഇല്ലെങ്കിൽ അവ വളർത്തിയെടുക്കണമെന്നും അല്ലാത്തപക്ഷം ബന്ധങ്ങളിൽ തന്നെ വലിയ നഷ്ടങ്ങൾ ഉണ്ടാവുമെന്നും ഫെലിക്സച്ചൻ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.
തന്റെ പെൺസൗഹൃദങ്ങളുടെ കഥ തുറന്ന മനസ്സോടെ അദ്ദേഹം പങ്കുവയ്ക്കുമായിരുന്നു. സൗഹൃദത്തിൽ എന്തെങ്കിലും മറച്ചുപിടിക്കേണ്ടതുള്ളതായി അദ്ദേഹം കരുതിയിരുന്നില്ല. അതുതന്നെയായിരുന്നു ആ ബന്ധങ്ങളെ സത്യസന്ധമാക്കിയത്. സൗഹൃദമെന്നാൽ സൗഹൃദമെന്നും പ്രണയമെന്നാൽ പ്രണയമെന്നും വാത്സല്യമെന്നാൽ വാത്സല്യമെന്നും മാത്രം അർത്ഥം കൽപ്പിച്ച മൂടുപടങ്ങളില്ലാത്ത ബന്ധങ്ങളും സത്യസന്ധതയുമായിരുന്നു എല്ലാക്കാലത്തും ഫെലിക്സച്ചന്റെ വാക്കിന്റെ കരുത്ത്.
പുസ്തകത്താളിലെ മനുഷ്യഗന്ധം
തെള്ളകത്തെ 'കപ്പൂച്ചിൻ വിദ്യാഭവൻ' എന്ന തിയോളജി കോളജിന്റെ ഏറ്റവും താഴത്തെ നിലയിൽ ഇരുളടഞ്ഞ ഒരു ഇടനാഴിയുടെ അറ്റത്ത് ഒരു കുടുസുമുറിയുണ്ട്. അവിടെ ഇരവുകളെ പകലുകളാക്കി പുസ്തകങ്ങൾക്കിടയിൽ ഫെലിക്സച്ചൻ വർഷങ്ങളോളം ചെലവഴിച്ചു. ദിവസത്തിൽ ഏതാനും മണിക്കൂറുകൾ മാത്രമാണ് അദ്ദേഹം ആ മുറിയ്ക്ക് പുറത്തുപോയത്. അടഞ്ഞ ഒരു മുറിയുടെ ഉള്ളിലിരുന്ന് അദ്ദേഹം എങ്ങനെ ലോകത്തെയും ദൈവജനത്തേയും കണ്ടുമുട്ടി എന്ന ചോദ്യം പ്രസക്തമാണ്. അക്ഷരങ്ങൾക്കിടയിൽ ഫെലിക്സച്ചൻ തിരഞ്ഞത് പച്ചയായ മനുഷ്യജീവിതങ്ങളായിരുന്നു.

''ഒരു വായനക്കാരൻ അയാൾ മരിക്കുന്നതിന് മുൻപ് ആയിരം ജീവിതങ്ങൾ ജീവിക്കുന്നു'' എന്ന് പറഞ്ഞത് ജോർജ്ജ് ആർ മാർട്ടിനാണ്. മനുഷ്യജീവിതങ്ങളെയാണ് ഫെലിക്സച്ചൻ അക്ഷരങ്ങളിൽ വായിച്ചെടുത്തത്. മനുഷ്യന് വേണ്ടിയാണ് അദ്ദേഹം എഴുതിയത്. മനുഷ്യനെ യാന്ത്രികമായ നിഷ്ഠകളിലേക്ക് തളച്ചിടുന്ന സദാചാര ധാർമ്മികതയ്ക്ക് എതിരെയാണ് അദ്ദേഹം പടവെട്ടിയത്. മനുഷ്യനെ കൂടുതൽ മാനവികനും അങ്ങനെ ദൈവികനുമാക്കുന്ന അടിസ്ഥാന മൂല്യങ്ങളെയാണ് അദ്ദേഹം മുറുകെ പിടിച്ചത്. ക്രിസ്തുവിന്റെ മനസ്സോടെ മുന്നിൽ നിൽക്കുന്ന മനുഷ്യന്റെ കണ്ണിൽ നോക്കി ധാർമ്മികതയുടെ തെളിവുള്ള നിലം കണ്ടെത്താൻ അദ്ദേഹം പഠിപ്പിച്ചു. അങ്ങനെയാണ് ഒരു നിയമവാദിയുടെ കടുംപിടുത്തമില്ലാതെ ഒരു നിരപേക്ഷതാവാദിയുടെ ഫരിസേയ വിധിതീർപ്പില്ലാതെ അദ്ദേഹം 'മനുഷ്യപുത്രന്റെ' നന്മയുടെ പാഠങ്ങൾ ധാർമ്മിക ശാസ്ത്രമാക്കിയത്.
ഫെലിക്സച്ചൻ പിൻചെന്ന ധാർമ്മികത വേശ്യപ്പെണ്ണിന്റെ കണ്ണിലേയ്ക്ക് നോക്കി സദാചാരസമൂഹത്തിന്റെ കാപട്യം തുറന്നുകാട്ടിയ ധാർമ്മികതയായിരുന്നു. ഉപവസിച്ച് പ്രാർത്ഥിച്ച് ദാനധർമ്മം നടത്തി ദൈവസന്നിധിയിൽ യോഗ്യത നേടിയവന്റെ മുന്നിൽ വച്ച് പാപിയുടെ കണ്ണീരിന്റെ ആത്മീയ മഹത്വം പ്രകീർത്തിച്ച ധാർമ്മികതയായിരുന്നു. വഴിതെറ്റാത്ത തൊണ്ണൂറ്റിയൊൻപതിന്റെ ഉറക്കത്തിന് താരാട്ട് പാടാൻ നിൽക്കാതെ വഴിതെറ്റിയ ഒന്നിനെ തേടിപ്പോകുന്ന ധാർമ്മികതയായിരുന്നു. ആരോഗ്യവാന്മാർക്കല്ലാതെ രോഗികളെ സൗഖ്യത്തിലേയ്ക്ക് നയിക്കുന്ന ധാർമ്മികതയായിരുന്നു.
അതുകൊണ്ട് തന്നെയാണ് ഫെലിക്സച്ചൻ എന്നും മുഖ്യധാരയുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിയത്. ആരുടെയെങ്കിലും ധാർമ്മിക വിചിന്തനത്തെ വെള്ളം തൊടാതെ വിഴുങ്ങിയ ഒരു നിരപേക്ഷതാവാദിയായ തൊമ്മിസ്റ്റോ അഗസ്റ്റീനിയനോ ആയിരുന്നില്ല അദ്ദേഹം. മനുഷ്യൻ എന്ന സങ്കീർണതയെ, അവന്റെ വിഹ്വലതകളെ, വേദനകളെ, സന്തോഷങ്ങളെ, ദൗർബല്യങ്ങളെയൊക്കെ അവധാനതയോടെ നോക്കിക്കണ്ട് അതിനിടയിൽ നിരന്തരം സത്യം തിരഞ്ഞുകൊണ്ടിരുന്ന ഒരു ധാർമ്മിക ദൈവശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ആരും ചവിട്ടാത്ത വഴികളിൽ അദ്ദേഹം മുൻപേ നടന്നു; കാലത്തിന് മുൻപേ ചിന്തിച്ചു. മെല്ലെ നടന്നവർക്കും പിന്തിരിഞ്ഞ് നടന്നവർക്കും അദ്ദേഹത്തെ ഉൾക്കൊള്ളാനായില്ല.

'സ്വയംഭോഗം- ധാർമ്മിക ശാസ്ത്രത്തിലെ ഒരു സങ്കീർണ്ണമായ പ്രശ്നം' എന്ന അദ്ദേഹത്തിന്റെ പുസ് തകം മുതൽ പലതും വിമർശനങ്ങൾക്കിടയിലാണ് വെളിച്ചം കണ്ടത്. വിമർശനത്തിന്റെ മുൾമുനയിൽ ആത്മസംഘർഷത്തിൽ പെട്ടുപോയ അദ്ദേഹം ചില പുസ്തകങ്ങൾ പുതിയ പതിപ്പ് ഇറക്കണ്ട എന്നുപോലും തീരുമാനിച്ചിരുന്നു. എന്നാലും സത്യം അന്വേഷിച്ചുകൊണ്ടേയിരുന്നു; എഴുതിക്കൊണ്ടേയിരുന്നു. സംഘർഷകാലത്തെക്കുറിച്ച് പിന്നീട് അദ്ദേഹം എഴുതി: ''ഞാൻ നിശബ്ദനായിരുന്നാൽ എന്റെ ജീവിതം കുറേക്കൂടി സുഗമമാകുമായിരുന്നു. എന്നാൽ നിശബ്ദനായിരിക്കാനല്ല ദൈവത്തോടും മനഃസാക്ഷിയോടും വിശ്വസ്തനായിരിക്കാനാണ് ഞാനൊരു ധാർമ്മിക ദൈവശാസ്ത്രജ്ഞനായത്.''
നിശബ്ദനാക്കപ്പെടാൻ സാധ്യതയും നിശബ്ദനായിരിക്കാൻ അവകാശവും ഉണ്ടായിരുന്ന, സുരക്ഷിതത്വത്തിന്റെ സുഖദായക കോണിലോ അധികാരത്തി ന്റെ ഭ്രമിപ്പിക്കുന്ന സ്ഥാനത്തോ ഇരിക്കാനാവുമായിരുന്ന ഫെലിക്സച്ചൻ മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കായി എന്നതാണ് അദ്ദേഹത്തെ ക്രിസ്തുശിഷ്യനാക്കിയത്. അതൊരു പ്രവാചകധർമ്മമായിരുന്നു. മുപ്പത്തിമൂന്ന് വയസ്സുമാത്രം ജീവിച്ച് കൊലചെയ്യ പ്പെട്ടവന്റെ പിന്നാലെയുള്ള ധീരമായ നടപ്പായിരുന്നു. കാലം കൂടുതൽ ശോഭനമാകുന്നെങ്കിൽ ഒരൻപതുവർഷം കഴിഞ്ഞു വരുന്ന തലമുറ അത്ഭുതം കൂറും. തങ്ങ ൾക്ക് നൂറ് വർഷം മുൻപേ ഇങ്ങനയൊരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നതിനെയോർത്ത്; തീർച്ച.

Wednesday, January 18, 2017

വേനലിന്‍റെ പത്തു ജലകലപ്പനകള്‍

വരള്‍ച്ച രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പുകള്‍ വരുന്നത്. അപ്പിയിടാന്‍ നേരം പ്രഷ്ടം അന്വേഷിക്കുന്ന ഒരു ജനതയെന്ന നിലയില്‍ ഇപ്പോഴെങ്കിലും ജലസംരക്ഷണത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയാല്‍ കുറെയെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞേക്കും. ജലം അമൂല്യമാണെന്ന തിരിച്ചറിവാണ് പരമപ്രധാനം. ശേഷം ഓരോ സാധാരക്കാരനും അയാളുടെ കുടുംബത്തിനും ചെയ്യാന്‍ കഴിയുന്നവ:
1. രണ്ടുനേരം കുളി ഒരു ആര്‍ഭാടമാണ്. കുളിക്കുമ്പോള്‍ ഷവര്‍ ഒഴിവാക്കി ബക്കറ്റില്‍ വെള്ളം പിടിച്ച് കുളിക്കുന്നത് ജലത്തിന്‍റെ അളവില്ലാത്ത വ്യയം ഒഴിവാക്കാന്‍ സഹായിക്കും. [വേനല്‍ ആരംഭിച്ച ശേഷം ഒരു ഇടത്തരം ബക്കറ്റിലെ വെള്ളത്തില്‍ (ഏകദേശം 25 ലിറ്റര്‍) കുളി കഴിക്കുന്നു. ഒരു പൂര്‍ണ്ണ ശരീരത്തെ കഴുകിയെടുക്കാന്‍ അത്രയും വെള്ളം മതിയെന്ന് അനുഭവപാഠം]. 
2. പാത്രങ്ങള്‍ കഴുകുമ്പോള്‍ ടാപ്പ് തുറന്നുവെച്ചുള്ള കഴുക്കു രീതി ഒഴിവാക്കുക. എല്ലാ എച്ചില്‍പ്പാത്രങ്ങളും ഒരുമിച്ച് കൂട്ടി വെച്ച് ഒരു വലിയ ബേയ്സനില്‍ വെള്ളം പിടിച്ച് മുഴുവന്‍ പാത്രങ്ങളുടേയും ഒന്നാം കഴുക്ക് പൂര്‍ത്തീകരിക്കുക. ശേഷം സോപ്പ് തേച്ച് അല്പം വെള്ളത്തില്‍ സോപ്പ് കഴുകിക്കളഞ്ഞ് മറ്റൊരു ബേയ്സനില്‍ ശേഖരിച്ചു വെച്ചിരിക്കുന്ന ചൂടുവെള്ളത്തില്‍ അവസാന കഴുക്ക് പൂര്‍ത്തികരിക്കുക.
3. പല്ലുതേയ്ക്കുമ്പോള്‍ മുഴുവന്‍ സമയവും ടാപ്പ് തുറന്നുവിടുന്ന ശീലം പലര്‍ക്കും ഉണ്ട്. അത് ശീലമായി മാറിയവര്‍ ഒരു കപ്പ് എടുത്ത് അതില്‍ വെള്ളം ശേഖരിച്ച് പല്ലുതേച്ച് മുഖം കഴുകാന്‍ ശ്രദ്ധിക്കുക.
4.Cyclone flush, Vacuum flush, Two button flush അങ്ങനെ പലതരത്തില്‍ വളരെക്കുറച്ച് വെള്ളം ഉപയോഗിക്കുന്ന കക്കൂസുകള്‍ ഇപ്പോള്‍ ഉണ്ട്. ഇനിയുള്ള കാലം എങ്കിലും അത്തരം ഫ്ലഷുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. മൂത്രമൊഴിച്ചുകഴിഞ്ഞ് ഒരു 6 മുതല്‍ 8 ലിറ്റര്‍ വരെ വെള്ളം വെറുതെ ഒഴുക്കിക്കളയാതിരിക്കാന്‍ ഫ്ലഷില്‍ മൂന്നോ നാലോ 1ലിറ്റര്‍ പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം നിറച്ച് സൂക്ഷിക്കുക. മലവിസര്‍ജ്ജന സമയത്ത് മാത്രം ആ കുപ്പികളെ പുറത്ത് എടുത്തുവെച്ച് ഫ്ലഷ് ചെയ്യുക. വിശാലമായ പുരയിടങ്ങള്‍ ഉള്ളവര്‍ മൂത്രമൊഴിക്കാന്‍ വെളിയില്‍ പോകുന്നതില്‍ നാണം വിചാരിക്കാതിരിക്കുക. 
5. സാധാരണ വാഷ്‌ബേയ്സനില്‍ നിന്നും കുളിമുറിയില്‍ നിന്നും പുറത്തേക്ക് പോകുന്ന പൈപ്പുകകളിലെ വെള്ളം ഭൂമിക്കടിയിലെ ഒരു ടാങ്കിലേക്ക് വിട്ട് വെറുതെ പാഴാക്കുകയാണ്. ആ വെള്ളം തെങ്ങ് വാഴ, ജാതി പോലുള്ള വലിയ ചെടികളും വൃക്ഷങ്ങളും നനക്കാന്‍ ഉപയോഗിക്കാവുന്നതേയുള്ളൂ. അതേ സമയം ആ ജലം ശേഖരിച്ച് ചെറിയ ചെടികള്‍ നനക്കാതിരിക്കാനായി ശ്രദ്ധിക്കണം. അതില്‍ സോപ്പിന്‍റെ അംശം കലരുന്നതുകൊണ്ട് ഇളം ചെടികളെ അവ ഉണക്കിക്കളഞ്ഞേക്കാം. 
6. പാത്രം കഴുകാന്‍ ബേയ്സനില്‍ ശേഖരിച്ച ജലം പാത്രം കഴുകിക്കഴിഞ്ഞ് ചെടികള്‍ നനയ്ക്കാന്‍ ഉപയോഗിക്കാം. 
 7. വാഹനങ്ങള്‍ കഴുകുന്നതിന്റെ തവണകള്‍ കുറയ്ക്കുക എന്നതുകൂടാതെ സര്‍വീസ് കേന്ദ്രങ്ങളില്‍ കൊടുത്ത് കഴുകിക്കുന്നത് ജലത്തിന്‍റെ ഉപയോഗം കുറക്കാന്‍ സഹായമാവും. വീടുകളില്‍ വാഹനങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്നതിന്‍റെ പകുതി വെള്ളം പോലും സര്‍വീസ് കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നില്ല. 
8. വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നവര്‍ ഉപയോഗിച്ച തുണികള്‍ രണ്ടുംമൂന്നും എണ്ണമായി കഴുകാതെ കൂട്ടിവെച്ച ശേഷം ഫുള്‍ ലോഡ് തുണികള്‍ ഇട്ട് കഴുകുക. അതും തുണികള്‍ കൃത്യമായി ഇനം തിരിച്ച് കഴുകുകയാണെങ്കില്‍ പോളിയെസ്റ്റര്‍ പോലുള്ള തുണിത്തരങ്ങള്‍ ചുരുങ്ങിയ സമയത്ത് കുറച്ച് വെള്ളവും വൈദ്യുതിയും ഉപയോഗിച്ച് കഴുകിയെടുക്കാം. 
 9. ടാപ്പുകളില്‍ ഒന്നും ലീക്ക് ഇല്ലെന്ന് ഉറപ്പുവരുത്തണം. ഓരോ തുള്ളി വെള്ളമാണ് ലീക്കാകുന്നത് എങ്കില്‍ കൂടി അതത്രയും 24 മണിക്കൂറില്‍ ഇറ്റുവീഴുന്നതിന്റെ വേഗത അനുസരിച്ച് 30 ലിറ്റര്‍ ജലം വരെ പാഴാകാം.
10. കിണറുകള്‍, കുളങ്ങള്‍, തുറന്ന ടാങ്കുകള്‍... എല്ലാം അടച്ചുസൂക്ഷിക്കുന്നത് ബാഷ്പീകരണം വഴിയുള്ള ജലനഷ്ടം തടയാന്‍ സഹായിക്കും.
* ഓര്‍ക്കുക, ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാല്‍ അത് ജലത്തിനു വേണ്ടിയായിരിക്കും.

Sunday, January 8, 2017

എഴുത്തോല


- എഴുത്തോല പാഠപുസ്തകമാക്കി, പഞ്ചാരമണല്‍ സ്ലേറ്റ്‌ ആക്കി പഠിക്കാന്‍ പോകുന്ന അവസാന തലമുറ എന്റേത്‌ ആയിരിക്കുമെന്ന് അന്ന് എഴുത്തിനിരുത്തിയപ്പോള്‍ സ്വപ്നേപി വിചാരിച്ചില്ല.
- ആശാന്‍ നാവില്‍ "ഹരിശ്രീ ഗണപതയേ നമ:" എന്നെഴുതി തന്നപ്പോള്‍ 'ഹിന്ദു ഉണരുന്ന' ഒരു കാലം  വരുമെന്നും, അച്ചന്‍ എഴുതിച്ചില്ലെങ്കില്‍ 'അറിവിന്‍റെ വരം' കിട്ടാതെ പോകുമെന്നും കരുതുന്ന ഒരു കാലം ഉണ്ടാകുമെന്നും സ്വപ്നേപി വിചാരിച്ചില്ല.
- ആശാന്‍റെ നാരായം സൂക്ഷിപ്പുകാരനായും കമ്മ്യൂണിസ്റ്റ് പച്ചയുടെ പ്രിന്റിംഗ് മഷി പറച്ചുകൊണ്ടുവന്ന് അക്ഷരങ്ങളെ തെളിച്ചെടുക്കുന്ന പ്രിന്‍റ് മാസ്റ്റര്‍ ആയും നടന്നപ്പോള്‍ പുസ്തകങ്ങളോട് ഇത്രയും പ്രണയം ഉണ്ടാകുമെന്ന് സ്വപ്നേപി വിചാരിച്ചില്ല.
- ആറാം മാസം 'കണക്കു പഠിത്തം' കഴിഞ്ഞ് നാലര വയസ്സില്‍ ഒരു കുട്ടി ആശാന്‍ ആയി നവാഗതര്‍ക്ക് "അ ആ ഇ ഈ..." എന്ന് മണലില്‍ എഴുതിക്കൊടുത്ത് പഠിപ്പിക്കാന്‍ ആശാനാല്‍ നിയമിതനായപ്പോള്‍ ഭാവിയില്‍ ആത്മവിശ്വസത്തോടെ ചെയ്യാന്‍ കഴിയുന്ന ഏക ജോലി അദ്ധ്യാപനം ആയിരിക്കുമെന്ന് സ്വപ്നേപി വിചാരിച്ചില്ല.
- 'അക്ഷര'ത്തിന്‍റെ അത്ഭുതലോകത്തിലേക്ക് ആദ്യം കടന്നപ്പോള്‍ ജീവിതത്തില്‍ അവസാനം വരെ ക്ഷരമില്ലാത്തത് അത് മാത്രമേ  ഉണ്ടാവൂ എന്ന് സ്വപ്നേപി വിചാരിച്ചില്ല.