Sunday, December 20, 2015

ശരീരം കൊണ്ട് സമൂഹം കെട്ടിപ്പടുത്ത മലയാളി


"ദയാ ഭായിയെ കെ.എസ്.ആര്‍. റ്റി. സി. ബസ്സില്‍ നിന്ന് ഇറക്കിവിട്ടു."
വസ്ത്രത്തില്‍ നോക്കി, തൊലിനിറത്തില്‍ നോക്കി, ശരീരത്തുടിപ്പില്‍ നോക്കി മലയാളി പറയും നീ ആരാണെന്ന്. ഇന്നേക്ക് ഒരു പത്തു വര്‍ഷങ്ങള്‍ മുന്‍പ് ദയാഭായി ഇന്നലെ കടന്നുപോയ തരം ഒരനുഭവത്തിന് പ്രതികരിക്കാന്‍ ശേഷിയില്ലാതെ നിഷ്ക്രിയനായി നിന്നതിന്‍റെ നീറ്റല്‍ ഇന്നും മനസ്സിലുണ്ട്. കോട്ടയത്തു നിന്ന് ഏറ്റുമാനൂര്‍ റൂട്ടില്‍ ഓടുന്ന ഒരു സ്വകാര്യ ബസ്സില്‍ കയറിയിരിക്കുകയാണ്. ബസ്സ്‌ വിടാന്‍ നേരമായപ്പോള്‍ ആക്രി സാധനങ്ങള്‍ ശേഖരിക്കുന്ന തമിഴ് ദമ്പതികള്‍ ഒരു ചാക്കുകെട്ടുമായി ഓടിവന്നു ബസ്സില്‍ കയറി. ടിക്കറ്റ്‌ എടുക്കാന്‍ വന്ന കണ്ടക്ടര്‍ ഇവരെ കണ്ട് അസ്വസ്ഥനായി. ഭര്‍ത്താവ് ടിക്കറ്റ്‌ എടുക്കാന്‍ പണം നീട്ടുന്നു. കണ്ടക്ടര്‍ ഒടുക്കത്തെ ചീത്തവിളിച്ചു കൊണ്ട് ശക്തിയായി ബെല്ലടിച്ചു വണ്ടി നിര്‍ത്തുന്നു. ഉടനെ അവരെ ബസ്സില്‍ നിന്ന് തള്ളിച്ചാടിച്ചു വിടുന്നു. പൊതുസമൂഹത്തില്‍ അപമാനിക്കപ്പെട്ട്‌ തലകുനിച്ച് ആ മനുഷ്യര്‍ വഴിവക്കില്‍.

കാര്യങ്ങളുടെ മറുവശം: ഏതാണ്ട് ഇതേ കാലയളവില്‍ സുഹൃത്ത് ഷാജിയും ഞാനും കൂടി ഒരു ഞായറാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്ത് ശുചീകരണ പ്രവര്‍ത്തികള്‍ ചെയ്യുകയാണ്. സംസാരത്തില്‍ മുഴുകിയിരുന്ന ഞങ്ങള്‍ ചുറ്റുംനോക്കുമ്പോള്‍ ആളുകള്‍ വരാന്തയിലൊക്കെ നിന്ന് ഞങ്ങളുടെ പണികള്‍ വീക്ഷിക്കുന്നുണ്ട്. അല്പം കഴിഞ്ഞപ്പോള്‍ കൂട്ടത്തില്‍ നിന്ന് ഒരാള്‍ വന്ന് ചോദിക്കുന്നു, "സാറുമാര്‍, അവധി ദിവസമായതിനാല്‍ സന്നദ്ധ പ്രവര്‍ത്തനത്തില്‍ ആയിരിക്കുമല്ലേ? കുടിക്കാന്‍ എന്തെങ്കിലും മേടിച്ചു കൊണ്ടുവരണോ?" ഞങ്ങളെ ഡോക്ടര്‍മാരായി അയ്യാള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. ഷാജി രഹസ്യത്തില്‍ എന്നോട്, "ഈ ശരീരം വെച്ചുകൊണ്ട് പബ്ലിക് ആയി ഒരു അലമ്പ് പോലും നമ്മുക്ക് കാണിക്കാന്‍ ആവില്ലല്ലേ? നമ്മുടെ ശരീരത്തില്‍ നിന്ന് സമൂഹം ചില നിലവാരങ്ങള്‍ പ്രതീക്ഷിക്കുന്നത് പോലെ." നൂറുകണക്കിന് പേര്‍ ശുചീകരണ പ്രവര്‍ത്തിചെയ്യുന്ന ഈ സ്ഥാപനത്തില്‍ ശരീരം ഒറ്റികൊടുത്തത് ഞങ്ങളെ മാത്രമാണ്.
കഴിഞ്ഞ ആഴ്ച കൊല്ലം ബീച്ചില്‍ പോയി മടങ്ങും വഴിയില്‍ ഒരു പൂച്ച വണ്ടി തട്ടി ചത്തുകിടക്കുന്നു. അടുത്ത വീട്ടില്‍ കയറി ഒരു തുമ്പ വാങ്ങി വഴിയരികില്‍ കുഴിയെടുത്ത് പൂച്ചയെ കുഴിച്ചിട്ട് തുമ്പ തിരിച്ചേല്‍പ്പിക്കുമ്പോള്‍ വീട്ടുടമ ഉള്ളിലേക്ക് ക്ഷണിക്കുന്നു, ഉള്ളില്‍ കയറിയിരുന്നു വര്‍ത്താനം പറഞ്ഞു പോകാന്‍. ഞാന്‍ ഏതോ തലപ്പെട്ട ഉദ്ദ്യോഗമുള്ള ഒരാളാണെന്ന് അയ്യാള്‍ ധരിച്ചിരിക്കുന്നു. "സാറെ, സാറിനെപ്പോലെയുള്ളവരൊക്കെ ഇങ്ങനെയുള്ള പണികള്‍ ചെയ്യുമോ!" അയ്യാള്‍ക്ക് അത്ഭുതം.
മലയാളീ നീ ഓര്‍ക്കുക, ഈ നാട്ടില്‍ നിന്നെ നീയാക്കുന്നത് നിന്‍റെ ശരീരമാണ്, ശരീരം മാത്രമാണ്. എല്ലാം തൊലിപ്പുറത്താണ്.

Wednesday, November 18, 2015

മണ്ണിന്റെ മക്കള്‍

വാഷിംഗ്ടണിലെ മഹാമൂപ്പന്,
വാഷിംഗ്ടണിലെ മഹാമൂപ്പനായ താങ്കള്‍, ഞങ്ങളുടെ മണ്ണ് വാങ്ങാന്‍ ആഗ്രഹിക്കുന്നുവല്ലോ. അതു താങ്കള്‍ ഉറക്കെപ്പറയുകയും ചെയ്തുകഴിഞ്ഞിരിക്കുന്നു ഞങ്ങളോടു സൗഹൃദവും ഞങ്ങളുടെ ക്ഷേമകാര്യങ്ങളില്‍ താത്പര്യവുമുണ്ടെന്നും താങ്കള്‍ പറഞ്ഞല്ലോ. പക്ഷേ ഞങ്ങള്‍ക്കറിയാം, ഞങ്ങളുടെ ചങ്ങാത്തം ഒട്ടുമേതന്നെ താങ്കള്‍ ആഗ്രഹിക്കുന്നുമില്ല, ഇഷ്ടപ്പെടുന്നുമില്ലായെന്ന്. എങ്കിലും താങ്കള്‍ മുന്നോട്ടുവയ്ക്കുന്ന വ്യവഹാരത്തെ അനുസരിക്കുകയും ചെയ്യും; അല്ലാത്തപക്ഷം വെള്ളക്കാര്‍ തോക്കുമായി ഞങ്ങളുടെ മണ്ണിലേക്ക് ഇരച്ചുകയറി അതു പിടിച്ചെടുക്കുമെന്നു ഞങ്ങള്‍ക്കറിയാം. ഈ സിയാറ്റിന്‍ മൂപ്പന്‍ പറയുന്ന വാക്കുകള്‍, എന്റെ വെള്ളക്കാര്‍ സഹോദരന്മാര്‍ക്ക് ഋതുഭേദങ്ങളുടെ കൃത്യതയില്‍ നിങ്ങള്‍ വിശ്വസിക്കുന്നതുപോലെ വിശ്വസിക്കാം. ആകാശത്ത് തെന്നിത്തെറിച്ചു നടക്കുന്ന നക്ഷത്രങ്ങള്‍പ്പോലെയാണ് എന്റെ വാക്കുകള്‍.
ഞങ്ങളുടെ മണ്ണും ആകാശവുമൊക്കെ അങ്ങേയ്‌ക്കെങ്ങനെയാണ് വാങ്ങാനും വില്‍ക്കാനുമൊക്കെ ആകുന്നത്? ആ ഒരു സങ്കല്പത്തെ ഞങ്ങള്‍ക്കു പിടികിട്ടുന്നതേയില്ല. ഇവിടുത്തെ നിര്‍മ്മലമായ അന്തരീക്ഷവും പതഞ്ഞൊഴുകുന്ന അരുവികളും ഞങ്ങളുടെ സ്വന്തമല്ല. അപ്പോള്‍പ്പിന്നെ ഞങ്ങളില്‍നിന്ന് അതെങ്ങനെ നിങ്ങള്‍ക്കു വാങ്ങിക്കാനാവും? കാലത്തിന്റെ പൂര്‍ണ്ണതയില്‍ നമുക്കതു തീരുമാനിക്കാം. ഈ ഭൂമിയുടെ എല്ലായിടവും ഞങ്ങളുടെ ജനതയ്ക്കു വളരെ പരിശുദ്ധമാണ്. കാറ്റുവീശുന്ന മരങ്ങളും മണല്‍ത്തിട്ടയും മരത്തില്‍നിന്നു പൊഴിയുന്ന മഞ്ഞും മൂളിപ്പറന്നു നടക്കുന്ന ചെറുജീവജാലങ്ങളുമെല്ലാം ഞങ്ങളുടെ ഓര്‍മ്മയിലും അനുഭവത്തിലും എത്ര പരിശുദ്ധമാണ്!
ഇമ്മാതിരിയുള്ള ഞങ്ങളുടെ ചിന്തകളൊന്നും വെള്ളക്കാര്‍ക്കു മനസ്സിലാകില്ലെന്നറിയാം. നിങ്ങള്‍ക്ക് എല്ലാ മണ്ണും ഒരുപോലെയാണ്. ആവശ്യാനുസരണം നിങ്ങള്‍ മണ്ണിനെ വെട്ടിപ്പിടിച്ച് കീഴടക്കി മുന്നേറുന്നു. മണ്ണ് നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്തേണ്ട ശത്രുവാണ്, സഹോദരനല്ല. പിതാമഹന്മാരുടെ കുഴിമാടങ്ങളും വരുംതലമുറയുടെ ജന്മാവകാശവും നിങ്ങള്‍ മറന്നുപോകുന്നു. പട്ടണങ്ങളിലെ കാഴ്ചകള്‍ ഞങ്ങളുടെ കൂട്ടര്‍ക്കു നല്‍കുന്നതു വേദനയാണ്. ഞങ്ങള്‍ റെഡ് ഇന്ത്യാക്കാര്‍.... അപരിഷ്‌കൃതര്‍... ആദിവാസികള്‍... എങ്ങനെ ഇതൊക്കെ മനസ്സിലാക്കാന്‍!!!
നിങ്ങളുടെ പട്ടണങ്ങളില്‍ ശാന്തമായ ഒരിടംപോലുമില്ല. ഒരിടത്തും വസന്തത്തിന്റെ ദലമര്‍മ്മരങ്ങളോ പറവകളുടെ കളകൂജനങ്ങളോ ചിറകടി ശബ്ദമോ ഇല്ല. അവിടെനിന്നു മുഴങ്ങികേള്‍ക്കുന്ന ഘടഘടാരവം എന്റെ കാതുകളെ പരിഹസിക്കുകയാണ്. ഞാനൊരു ആദിവാസി... എനിക്കിതൊക്കെ മനസ്സിലാക്കാനാവുമോ!
രാപ്പാടിയുടെ പാട്ടും പൊട്ടക്കിണറ്റിലെ തവളയുടെ കരച്ചിലും കേള്‍ക്കുന്നില്ലായെങ്കില്‍ ഒരാള്‍ക്ക് ജീവിതത്തിലെന്തുണ്ട്? തടാകങ്ങളെ തഴുകി വരുന്ന കാറ്റിന്റെ ശ്രുതിയേയും മദ്ധ്യാഹ്നത്തിലെ മഴയോ, പൈന്‍മരങ്ങളോ ശുദ്ധീകരിച്ച് സുഗന്ധപൂരിതമാക്കിയ വായുവിനെയും ഞങ്ങള്‍ റെഡ് ഇന്‍ഡ്യാക്കാര്‍ പ്രണയിക്കുന്നു. വായു റെഡ് ഇന്‍ഡ്യാക്കാരന് അമൂല്യമാണ്, കാരണം എല്ലാ വസ്തുക്കളും എല്ലാ സസ്യങ്ങളും മനുഷ്യരും ഒരേ വായു പങ്കിടുന്നു. പൂമരങ്ങളിലെ സുഗന്ധമടിക്കാത്ത ഒരു സ്ഥലത്തു ജീവിതമുണ്ടോ? മരങ്ങളും ജീവികളും മനുഷ്യനുമൊക്കെ ശ്വാസമെടുക്കുന്ന വായുവാണ് ഞങ്ങളുടേത്. വെള്ളക്കാരനൊരിക്കലെങ്കിലും താന്‍ ശ്വസിക്കുന്ന വായുവിനെ ശ്രദ്ധിക്കുന്നതായി തോന്നിയിട്ടില്ല. വളരെ ദിവസങ്ങള്‍കൊണ്ടു മരിക്കുന്ന മനുഷ്യനെപ്പോലെ, അവന്‍ മരവിച്ചു ജീവിക്കുന്നു.
അല്ലയോ മഹാമൂപ്പാ, ഈ മണ്ണ് വിട്ടുതരാന്‍ തീരുമാനിക്കുമ്പോള്‍, ഒരു വ്യവസ്ഥകൂടി ഞാന്‍ പറഞ്ഞോട്ടെ. ഈ മണ്ണിലെ എല്ലാ ജീവികളെയും വെള്ളക്കാര്‍ തങ്ങളുടെ സഹോദരന്മാരായി കണക്കാക്കണം. ഈ അപരിഷ്‌കൃതനു മറ്റൊരുതരത്തില്‍ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ അറിയില്ല. ട്രെയിനില്‍ യാത്രചെയ്യുന്ന വെള്ളക്കാര്‍ വെടിവച്ചിട്ട അനേകം പോത്തുകളുടെ ശവം പുല്‍മൈതാനത്തു കിടക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. ഉപജീവനത്തിന് അത്യാവശ്യമാകുമ്പോള്‍ മാത്രമേ ഞങ്ങള്‍ ഇത്തരം മൃഗങ്ങളെ കൊല്ലുകയുള്ളൂ. നിങ്ങള്‍ക്ക് ഈ പുകതുപ്പുന്ന ഇരുമ്പുകുതിര(ട്രെയിന്‍) ഈ പോത്തുകളെക്കാള്‍ വലിയ സംഗതിയാകുന്നതെങ്ങനെയെന്ന് എനിക്കു മനസ്സിലാകുന്നില്ല.  ജന്തുജാലങ്ങളില്ലാതെ മനുഷ്യജീവിതമുണ്ടോ? ജന്തുജാലങ്ങളെല്ലാം ചത്തൊടുങ്ങിയാല്‍, മനുഷ്യനും ഏകാന്തതയില്‍ നശിക്കും. ജന്തുക്കൂട്ടങ്ങള്‍ക്ക് എന്തു നാശമാണോ വരുന്നത് ആ നാശംതന്നെ മനുഷ്യനും വരും. എല്ലാം പരസ്പരം ബന്ധിതമാണ്. മണ്ണിനെ ബാധിക്കുന്ന എന്തും മണ്ണിന്റെ മക്കളെയും ബാധിക്കും.
ഞങ്ങളുടെ പിതാക്കന്മാര്‍ തോറ്റു പിന്മാറുന്നത് ഞങ്ങളുടെ മക്കള്‍ കണ്ടില്ലേ? ഞങ്ങളുടെ പടയാളികളുടെ മുഖങ്ങള്‍ ലജ്ജയില്‍  കുനിഞ്ഞു പോയിട്ടുണ്ട്. വിജയക്കൊയ്ത്തിനു ശേഷമുള്ള ദിവസങ്ങള്‍ അവര്‍ അലസതയിലും ശരീരത്തെ ദുഷിപ്പിക്കുന്ന ആഹാരപാനീയങ്ങള്‍ തിന്നുകുടിച്ചും ചെലവഴിച്ചു. ഇങ്ങനെ മുന്നോട്ടുപോയാല്‍ അധികകാലം പോകേണ്ടിവരില്ല. ഏതാനും ഋതുക്കളോ മണിക്കൂറുകളോ കഴിയുമ്പോള്‍ എല്ലാം നശിക്കും. നിങ്ങളുടേതുപോലെ അത്ര ശക്തവും വലുതുമായ ഒരു ഗോത്രവര്‍ഗ്ഗം ഇവിടെ ജീവിച്ചിരുന്നുവെന്നും ഈ കാടുകളില്‍ അലഞ്ഞുനടന്നിരുന്നുവെന്നും ഓര്‍മ്മപ്പെടുത്താന്‍ ഞങ്ങളുടെ സന്തതിപരമ്പരകളൊന്നും ഈ ഭൂമുഖത്ത് അവശേഷിക്കാന്‍ പോകുന്നില്ല. മരത്തിലെങ്ങും ഒരു ചെറു പ്രാണിപോലും കാണില്ല. ഒരിക്കല്‍ ശക്തന്മാരായിരുന്ന ഒരു ജനവിഭാഗം ഇവിടെ ജീവിച്ചിരുന്നു എന്ന ഓര്‍മ്മ മാത്രം അവശേഷിക്കും.
ഒരിക്കല്‍ വെള്ളക്കാരന്‍ ആ സത്യം കണ്ടെത്തും- ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഒരു ദൈവമേ ഉള്ളൂവെന്ന്. ഞങ്ങളുടെ മണ്ണ് സ്വന്തമാക്കുന്നതുപോലെ ദൈവത്തെയും സ്വന്തമാക്കാമെന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. എന്നാല്‍ നിങ്ങള്‍ക്കതിന് ഒരിക്കലുമാകില്ല. അവന്‍ മനുഷ്യന്റെ ശരീരമാണ്. കറുത്തവനോടും വെളുത്തവനോടും അവനുള്ളത് ഒരേ കരുണയാണ്. ഈ മണ്ണ് അവന് അമൂല്യമാണ്. ഈ പ്രപഞ്ചത്തിനു ഹാനി വരുത്തുന്നതു സ്രഷ്ടാവിനെ നിന്ദിക്കലാണ്. മറ്റേതൊരു ഗോത്രത്തേയുംപോലെ വെള്ളക്കാരനും കടന്നുപോകും. അതു നിങ്ങളുടെ കിടക്കയെ നിങ്ങള്‍ത്തന്നെ മലിനപ്പെടുത്തി, അവസാനം ഒരു രാത്രി അതേ മാലിന്യത്തില്‍ ശ്വാസംമുട്ടി മരിക്കുന്നതിനു തുല്യമായിരിക്കും. പോത്തുകളെയെല്ലാം കൊന്നൊടുക്കി കഴിയുമ്പോള്‍, കുതിരകളെയെല്ലാം മെരുക്കിക്കഴിയുമ്പോള്‍, ഘോരവനാന്തര്‍ഭാഗംപോലും മനുഷ്യന്റെ രൂക്ഷഗന്ധത്താല്‍ നിറഞ്ഞു കഴിയുമ്പോള്‍, കുന്നുകളെയെല്ലാം ആധുനികതയുടെ ശബ്ദവാഹിനിച്ചരടുകള്‍ ബന്ധിച്ചു കഴിയുമ്പോള്‍ പിന്നെവിടെ കാടുകള്‍? എല്ലാം നശിച്ചിട്ടുണ്ടാവും. പിന്നെവിടെ പരുന്തുകള്‍? നാമാവശേഷമായിട്ടുണ്ടാവും. മഴക്കുരുവികളോടും വേട്ടയോടും വിടചൊല്ലുകയെന്നാല്‍! അത് ജീവിതത്തിന്റെ നാശമാണ്, അതിജീവനത്തിന്റെ തുടക്കമാണ്.
വെള്ളക്കാരന്റെ സ്വപ്നങ്ങള്‍, അവര്‍ മക്കള്‍ക്കു പങ്കിടുന്ന പ്രതീക്ഷകള്‍, നാളയെ വെട്ടിപ്പിടിക്കാന്‍ മനസ്സില്‍ കൊരുക്കുന്ന ഭാവനകള്‍ ഒക്കെ ഞങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ക്കു മനസ്സിലാക്കാനായേനെ. എന്നാല്‍ ഞങ്ങള്‍  വെറും ആദിവാസികള്‍ മാത്രമല്ലേ?  നിങ്ങളുടെ സ്വപ്നങ്ങളൊക്കെ ഞങ്ങളില്‍നിന്ന് ഒളിച്ചുവയ്ക്കപ്പെട്ടിരിക്കുന്നതിനാല്‍ ഞങ്ങള്‍ ഞങ്ങളുടേതായ രീതിയില്‍ മുന്നോട്ടുപോകുന്നു. നിങ്ങളുടെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് ഞങ്ങള്‍ ഭൂമി കൈമാറിയാല്‍, ചുരുങ്ങിയൊരു കാലം മാത്രമേ ഞങ്ങള്‍ സുരക്ഷിതരും സംരക്ഷിതരും ആയിരിക്കുകയുള്ളൂ. ഞങ്ങളില്‍ അവസാനത്തവനും ഇല്ലാതായിക്കഴിയുമ്പോള്‍, ഈ മൈതാനത്തിനു മുകളിലൂടെ തെന്നിപ്പോകുന്ന മേഘക്കൂട്ടങ്ങളെപ്പോലെ, ഞങ്ങളുടെ ഓര്‍മ്മകളും ഈ മണ്ണില്‍നിന്നു മറയും. പിറന്നുവീഴുന്ന കുഞ്ഞ് അമ്മയുടെ മടിത്തട്ടിനെ എത്രമാത്രം സ്‌നേഹിക്കുന്നുവോ അതുപോലെ ഞങ്ങള്‍ സ്‌നേഹിച്ച ഈ വനവും തീരവുമൊക്കെ ഞങ്ങളുടെ ആത്മാക്കളെ ഓര്‍മ്മിക്കും. ഞങ്ങള്‍ ഈ ഭൂമി അങ്ങേയ്ക്കു വില്‍ക്കുകയാണെങ്കില്‍, ഞങ്ങള്‍ സ്‌നേഹിച്ചതുപോലെതന്നെ ഈ മണ്ണിനെ സ്‌നേഹിക്കണം. ഞങ്ങള്‍ പരിപാലിച്ചതുപോലെതന്നെ പരിപാലിക്കണം. ഈ മണ്ണ് സ്വന്തമാക്കിയപ്പോള്‍ ഇതെങ്ങനെയായിരുന്നു എന്ന ചിന്ത എപ്പോഴും നിങ്ങളുടെ മനസ്സിലുണ്ടാകണം. നിങ്ങളുടെ സര്‍വ്വശക്തിയോടും പ്രതാപത്തോടും മുഴുഹൃദയത്തോടും കൂടി ഈ മണ്ണിനെ നിങ്ങളുടെ മക്കള്‍ക്കായി സംരക്ഷിക്കണം. ദൈവം നമ്മെ സ്‌നേഹിക്കുന്നതുപോലെ തന്നെ ഈ മണ്ണിനെ നിങ്ങള്‍ സ്‌നേഹിക്കണം.  ഒരു കാര്യം മാത്രം ഞങ്ങള്‍ക്കറിയാം. ദൈവം ഒന്നാണ്; ഞങ്ങളുടെയും നിങ്ങളുടെയും ഈ ഭൂമി അവിടുത്തേയ്ക്കു വിലപ്പെട്ടതാണ്, അമൂല്യമാണ്. മനുഷ്യകുലത്തിന്റെ പൊതുനിയതിയില്‍നിന്നും വെള്ളക്കാരനും ഒഴികഴിവില്ലെന്നറിയുക.
(അമേരിക്കയിലെ റെഡ് ഇന്‍ഡ്യന്‍ ഗോത്രത്തിന്റെ തലവനായ സിയാറ്റിന്‍ മൂപ്പന്‍, തങ്ങളുടെ ഭൂമി വാങ്ങാന്‍ പോകുന്നുവെന്ന് അറിയിച്ച അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ളിന് അയച്ച കത്ത്).

Monday, October 26, 2015

തിരഞ്ഞെടുപ്പ് കാലത്തെ ചില വര്‍ഗ്ഗീയ-ലിംഗഅസമത്വ ചിന്തകള്‍

1. "അച്ചാ, വരണേ." രണ്ടുമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മുന്‍പരിചയക്കാരന്റെ ഫോണ്‍ ഇന്നലെ. "എങ്ങോട്ട്? എപ്പോള്‍? എന്തിന്?..." ആകെയൊരന്താളിപ്പില്‍ എല്ലാം ഒരുമിച്ച് ചോദിച്ചു. "അച്ചന്റെ വോട്ട് ഇവിടെയാണ്‌. വന്ന് നമ്മടെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണേ." വോട്ടര്‍ പട്ടിക പുതുക്കുന്ന സമയത്ത് നാട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ഇപ്രാവശ്യം വോട്ടുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപ്പോഴാണ്‌ പണ്ട് ആയിരുന്ന സ്ഥലത്തു നിന്ന് ആ വിളി. പുതുക്കുന്ന അവസരത്തില്‍ ആരോ നുമ്മ പേരും അവിടെ കൊടുത്തിരുന്നു. അത് കണ്ടുപിടിച്ച് നുമ്മേ സാദരം ബൂത്തിലേക്ക് ക്ഷണിച്ചതാണ്. എങ്ങനെയാണോ ഇയ്യാള്‍ എന്‍റെ പാര്‍ട്ടിയും രാഷ്ട്രീയ അനുഭാവവും നിശ്ചയിച്ചത്! മറ്റു വഴിയില്‍ ഒന്നുമാവില്ല... ജാതി നോക്കി, മതം നോക്കി, പ്രൊഫഷന്‍ നോക്കി. അങ്ങനെ ഒരു വര്‍ഗ്ഗീയ വോട്ടു ചോദ്യം.
2. ഈ ഇലക്ഷന്റെ പ്രത്യേകത വഴിവക്കിലെല്ലാം നിറയുന്ന പെണ്‍മുഖങ്ങളാണ്. നല്ലത്. മഹിളകള്‍ അടുക്കളയില്‍ നിന്ന് സംവരണവഴിയിലൂടെ ഒളിച്ചുകടന്ന് അരങ്ങത്തെത്തി ആടിത്തിമിര്‍ക്കട്ടെ. ജേഷ്ഠന്‍റെ വീടിരിക്കുന്ന വാര്‍ഡ്‌ വനിതാ വാര്‍ഡാണ്. സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ഒരു പാര്‍ട്ടി ആദ്യം ഓടി എത്തിയത് ജേഷ്ഠന്‍റെ അടുക്കളയിലേക്കാണ്- ചേട്ടത്തിയാര് സ്ഥാനാര്‍ഥിയാവണം. ചേട്ടത്തിയാരുടെ യോഗ്യത- കറന്റ് ബില്‍ അടക്കാനും ഫോണ്‍ ബില്‍ അടക്കാനും കൈനെറ്റിക്കില്‍ പോകുന്നത് അവരില്‍ പലരും കണ്ടിട്ടുണ്ട്. പിന്നെ ചമ്മലില്ലാതെ എന്തെങ്കിലുമൊക്കെ ബ്ലാബ്ലാ പറയുകയും ചെയ്യും (അതില്‍ കൂടുതലും കൊച്ചുവര്‍ത്തനങ്ങളാണ്). തന്ത്രപൂര്‍വ്വം അവര്‍ ഒഴിഞ്ഞുമാറിയതു കൊണ്ട് മറ്റൊരു സോണിയാജി ഉണ്ടാകാതെ പോയി. ഭാഗ്യം!!!
3. "അറുന്നൂറില്‍ പരം സുറിയാനി ക്രിസ്ത്യാനികള്‍ ഉള്ള ഈ വാര്‍ഡില്‍ അങ്ങനെ ഒരു ഈഴവന്‍ നിന്ന് ജയിക്കണ്ടാ. അതുകൊണ്ട് വോട്ട് ഞാന്‍ UDFനേ കുത്തൂ." ആ വാര്‍ഡില്‍ LDF ന്‍റെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ പരിഗണിച്ചിരുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്‍ സുഹൃത്ത് അച്ചായന്‍. LDF ന്‍റെ പ്രചരണത്തിന് മുന്നില്‍ തന്നെയുണ്ട്‌. "ഞങ്ങള്‍ കുടുംബപരമായി കമ്മ്യൂണിസ്റ്റുകളാണ്. അതില്‍ നിന്ന് മാറൂലാ."
4. "പണ്ടാരം... എടുത്ത കേസ് തോറ്റൂ, ഇനി അടുത്തത്‌ ഇലക്ഷനും തോക്കും. ആകെ ദുശകുനമാണല്ലോ." പി സി ജോര്‍ജിനറെ ഒരു വിശ്വസ്തന്‍ വക്കീലിന്‍റെ കമന്റ്‌. "ഞങ്ങള്‍ക്ക് ഈ ഇലക്ഷന്‍ ജയിക്കാന്‍ വേണ്ടിയല്ല, തോല്‍പ്പിക്കാന്‍ വേണ്ടിയാണ്. ജോര്‍ജ് ഇല്ലാത്ത മാണി കോണ്ഗ്രസ്സ് ദുര്‍ബലമാണെന്ന് ഞങ്ങള്‍ തെളിയിക്കും. ആ തെളിയിക്കല്‍ ഞങ്ങള്‍ക്ക് മറ്റൊരു മുന്നണിയില്‍ വാതില്‍ തുറന്നു തരും." ഇപ്രാവശ്യം ബിഷപ്പുമാരെ വിട്ടു. ആം ആദ്മി ശൈലിയിലുള്ള തന്ത്രമാണ് ജോര്‍ജ് പയറ്റുന്നത്. താഴെത്തട്ടിലാണ് പിടിച്ചിരിക്കുന്നത്- ചില അച്ചന്മാരെ.
എന്താരു മഹത്തായ ഇന്ത്യന്‍ ജനാധിപത്യം!!!

Monday, September 28, 2015

ഫ്രാന്‍സിസ്, വേഗം വരൂ, ലോകത്തെ അതിന്റെ നുണകളില്‍നിന്നു രക്ഷിക്കൂ...

തപശ്ചര്യകളുടെ നിഷ്ഠയില്‍ ജീവിച്ച മുനിവര്യന്‍മാരുടെ ഗണത്തിലെ ഫ്രാന്‍സിസിനോട് ഏറെ ആകര്‍ഷണം തോന്നിയിട്ടില്ല. എന്നാല്‍ സിനോപ്പയിലെ ഡയോജനീസിന്റെയും എ. അയ്യപ്പന്റെയും ജോണ്‍ അബ്രാഹത്തിന്റെയും ജന്മപരമ്പരയില്‍ പെട്ടൊരാള്‍, ബാവൂലുകളുടെ വേഷത്തില്‍ നീട്ടിവളര്‍ത്തിയ താടിമുടികളോടെ ഉബ്രിയായുടെ പൊടിപാറുന്ന നാട്ടുവഴികളിലൂടെ നടന്നുപോയൊരാള്‍, കുരുവിക്കൂട്ടങ്ങളോട് ചങ്ങാത്തംകൂടി നടന്നൊരാള്‍... അങ്ങനെയൊരു ഫ്രാന്‍സിസിനെ ചരിത്രത്തിന്റെ താളുകളില്‍ കണ്ടെത്തുക ഒരാവേശമാണ്. സഭ സ്ഥാപനമായി രൂപപ്പെട്ടിരിക്കുന്ന, ആത്മീയത അനുഷ്ഠാനമായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്ന, വാക്കും പ്രവൃത്തിയും അകവും പുറവും തമ്മില്‍ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാലഘട്ടത്തിന് ക്രിസ്റ്റഫര്‍ കൊയ്‌ലോയുടെ A New Kind of Fool വെളിപാടിന്റെ ഒരു വായനയാണ്.

അവശിഷ്ടങ്ങള്‍ക്കിടയിലെ ക്രിസ്തു
''ദുര്‍ബലമല്ലെങ്കില്‍ പിന്നെന്താണൊരു ദേവാലയം?
ചൂലേന്തിയ കരങ്ങള്‍ അവിടെ ചലിക്കേണ്ടതുണ്ട്.
കെടാവിളക്കില്‍ നിതാന്തജാഗ്രതയോടെ
എണ്ണ പകരേണ്ടതുണ്ട്.
പൂപ്പാലികയില്‍ പൂക്കള്‍ മരിക്കുകയും
പുനഃപ്രതിഷ്ഠിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
അല്ലെങ്കില്‍ പിന്നെങ്ങനെ മനുഷ്യകരങ്ങള്‍ക്ക്
അവിടെ ആരാധിക്കാനാവും?
അല്ലെങ്കില്‍പ്പിന്നെങ്ങനെ നിതാന്ത ജാഗരണത്തിന്റെ
ആരാധനയവിടെ സാധ്യമാകും?
അല്ലെങ്കില്‍പ്പിന്നെങ്ങനെ ദൗര്‍ബ്ബല്യങ്ങളിവിടെ
പുഷ്പാര്‍ച്ചന ചെയ്യും?
പ്രപഞ്ചത്തിന്റെ നിര്‍മ്മാതാവ്
മനുഷ്യരിലല്ലേ അവന്റെ ആലയം പണിതത്?''
ഐഹികസാമ്രാജ്യത്തിന്റെ രാഷ്ട്രീയത്തിന് വശംവദനാകാത്ത നസ്രത്തിലെ തച്ചനില്‍നിന്ന് പടച്ചട്ടയണിഞ്ഞ ക്രിസ്തുവിലേക്കും, പിന്നെ ക്രിസ്തുരാജനിലേക്കും സഭയെത്തുമ്പോള്‍ കാലം പത്തുനൂറ്റാണ്ടുകള്‍ കഴിഞ്ഞുപോയിരുന്നു. കൈകളെ തുളയ്ക്കുന്ന ആണികള്‍ക്കു പകരം കയ്യില്‍ അധികാരത്തിന്റെ ചെങ്കോലും, അങ്കികള്‍ ഉരിഞ്ഞുമാറ്റപ്പെട്ട നഗ്നതയ്ക്കു പകരം ആഡംബരത്തിന്റെ സുവര്‍ണ്ണയങ്കിയും, തലയില്‍ മുള്‍മുടിക്കു പകരം അധീശത്വത്തിന്റെ സ്വര്‍ണ്ണക്കിരീടവുമണിഞ്ഞ ക്രൂശിതനില്‍നിന്ന് സഭ ഒരു സാമ്രാജ്യത്വ-കൊളോണിയല്‍ ക്രിസ്തുസങ്കല്‍പ്പത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നു. ചരിത്രത്തിന്റെ ഈ ദശാസന്ധിയിലാണ് ഫ്രാന്‍സിസ് എന്ന കൊച്ചുമനുഷ്യന്റെ രംഗപ്രവേശം.
കാര്യങ്ങളെല്ലാം ഭംഗിയായി നടന്നുപോകുന്ന കാലം. ആഘോഷപൂര്‍വ്വമായ ആരാധനകള്‍, ദിവ്യബലികള്‍, യൂറോപ്പില്‍ അങ്ങോളമിങ്ങോളം തലയുയര്‍ത്തി വരുന്ന അംബരചുംബികളായ ദേവാലയങ്ങള്‍, ഭണ്ഡാരത്തില്‍ നിറയെ പണം. റോമിലെ ഭരണാധികാരിയുടെ തിരുവായ്ക്ക് എതിര്‍വായ് ഇല്ലാത്ത സഭക്കും സമൂഹത്തിനുമുള്ളിലെ ''സമാധാനകാലം''. അക്കാലത്താണ് അയാള്‍ അസ്സീസിയുടെ തെരുവുകളില്‍ വന്ന് വിളിച്ചുപറയുന്നത്, ''സഭ ജീര്‍ണ്ണിച്ചു വീണുകൊണ്ടിരിക്കുകയാണ.്'' കേട്ടവരൊക്കെ അടക്കിച്ചിരിച്ചു കടന്നുപോയി. ''ബര്‍ണഡോണിന്റെ മകന് ഭ്രാന്താണ്'' എന്ന വാര്‍ത്ത അസ്സീസിയില്‍ പരക്കാന്‍ ഏറെ നാള്‍ വേണ്ടിവന്നില്ല. എന്നാല്‍ ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം അത് നീണ്ട അന്വേഷണത്തിനൊടുവില്‍ കിട്ടിയ ഒരു വെളിപാടായിരുന്നു.
യൗവ്വനത്തിന്റെ പ്രാരംഭദശയില്‍ ആന്തരിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോവുകയായിരുന്നു അയാള്‍. അനുഷ്ഠാനമതത്തിന് അതിന് ഉത്തരം കൊടുക്കാനൊട്ടായതുമില്ല. വലിയ കത്തീഡ്രലുകളും സാന്‍ ജോര്‍ജ്ജിയോ ഇടവകദേവാലയവും അതിലെ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ ക്രൂശിതനുമൊന്നും അയാളില്‍ ചലനങ്ങള്‍ സൃഷ്ടിച്ചില്ല. അവസാനം അയാള്‍ എത്തിനില്‍ക്കുന്നത് അവശിഷ്ടങ്ങള്‍ക്കിടയിലാണ്. അസ്സീസി പട്ടണത്തിന് പുറത്ത് താഴ്‌വരക്കാട്ടിനുള്ളില്‍ തകര്‍ന്നുപോയ ഒറ്റപ്പെട്ട ഒരു കൊച്ചുകപ്പേള. അതിന്റെ കല്‍ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന അഴകോ ആകാരഭംഗിയോ ഇല്ലാത്ത, ഒരു ലോയിന്‍ ക്ലോത്തു മാത്രം കലാകാരന്‍ വരച്ചുചേര്‍ത്ത, ഒരു ക്രൂശിതരൂപം. ആ ക്രൂശിതനില്‍ നിന്നാണ് അയാള്‍ക്ക് വെളിപാടുണ്ടായത്, ''പോവുക, എന്റെ ആലയം പുതുക്കിപ്പണിയുക.'' രാജാധിരാജ സങ്കല്‍പ്പങ്ങള്‍ക്കപ്പുറത്ത് ദരിദ്രനും വിനീതനും ക്രൂശിതനുമായ ക്രിസ്തുവാണ് അയാളെ പിന്നീട് നയിച്ചത്. അതുകൊണ്ടാണ് പിന്നീട് അയാള്‍ കണ്ട സ്വപ്നങ്ങളിലൊക്കെ കല്ലിലും മണ്ണിലും ബലവത്തായി പണിതുയര്‍ത്തിയ വന്‍ദേവാലയങ്ങളൊക്കെ തകര്‍ന്നുവീഴുന്നതും വഴിവക്കിലൂടെ മണികുലുക്കി നടന്നെത്തിയ ദുര്‍ഗന്ധം വമിക്കുന്ന കുഷ്ഠരോഗികളില്‍ ക്രിസ്തു അയാള്‍ക്ക് വെളിവാകുന്നതും.
സിനഗോഗുകളില്‍നിന്ന് പുറത്താക്കപ്പെട്ട, സ്വന്തമായ ദേവാലയമോ പ്രാര്‍ത്ഥനാ ഇടമോ ഇല്ലാത്ത ആദിമക്രൈസ്തവസമൂഹത്തിന്റെ തിരിച്ചറിവായിരുന്നു ദൈവത്തിന്റെ ആലയം മനുഷ്യന്‍തന്നെ എന്നത്. കല്ലിലും മണ്ണിലും പണിതതിനെയൊക്കെ ജീര്‍ണ്ണത കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ തകര്‍ക്കും. മനുഷ്യരില്‍ പണിയുന്ന ആലയം സ്‌നേഹത്തിന്റെ ശ്രീകോവിലായി കാലത്തെ അതിജീവിക്കും. അതുകൊണ്ടാണ് മുപ്പതും അമ്പതും കോടിയുടെ ദേവാലയങ്ങള്‍ നമ്മുടെ ഇടയില്‍ തലയുയര്‍ത്തി വരുമ്പോള്‍ മധ്യകാലഘട്ടത്തില്‍ യൂറോപ്യന്‍ സഭയെ പിടികൂടിയ ജീര്‍ണ്ണത ഇവിടെയും എത്തിയിരിക്കുന്നുവോയെന്നു ഞാന്‍ ഭയക്കുന്നത്. സഭയെന്നാല്‍ സ്ഥാപനമാണെന്ന തെറ്റിദ്ധാരണ പരക്കെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. റോമില്‍ ഒരു നല്ലിടയന്‍ ഫ്രാന്‍സിസിന്റെ വഴിയില്‍ മനുഷ്യരില്‍ സഭയുടെ പുനര്‍നിര്‍മ്മിതി തുടങ്ങിയ കാലത്താണ് ഈ ആര്‍ഭാടസൗധങ്ങള്‍ ഉയരുന്നതെന്ന വൈരുദ്ധ്യം അല്‍പ്പം കഠിനമാണ്. 'ഫ്രാന്‍സിസ്' ഒരു വ്യക്തിക്കിട്ട പേരല്ല, ഒരു ജീവിതശൈലിക്ക് കാലം ചാര്‍ത്തിക്കൊടുത്ത പേരാണ്. അതുകൊണ്ടാണ് ''ദരിദ്രരെക്കുറിച്ചൊരു കരുതല്‍ വേണം'' എന്ന് ഏതോ ഒരു സഹയിടയന്‍ ഓര്‍മ്മിപ്പിച്ചപ്പോള്‍ 'ഫ്രാന്‍സിസ്' എന്നാവട്ടെ ഇനി സഭയുടെ തലക്കെട്ട് എന്ന് ആ വലിയ ഇടയന്‍ നിശ്ചയിച്ചത്. ആ ഇടയന്‍ തെളിക്കുന്ന വഴി പിന്തുടരാന്‍ അജഗണത്തിനുള്ള ബാധ്യതയാണ് ഇന്ന് ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തേണ്ടി വരുന്നത്.

കൈമോശം വന്ന കവിഹൃദയം
''ഫ്രാന്‍സിസ്, വേഗം വരൂ
അവര്‍ പൂക്കളെയെല്ലാം കൊല്ലുന്നു.
പനിനീര്‍പ്പൂക്കളെയും ലില്ലിപ്പൂക്കളെയും കാക്കപ്പൂക്കളെയും
എന്തിനേറെ, പന്നലുകളെയും എല്ലാ പച്ചപ്പുല്ലുകളെയും.
ഫ്രാന്‍സിസ്, നീ വേഗം വരൂ...
ഞങ്ങളുടെ ലോകത്തെ അതിന്റെ നുണകളില്‍ നിന്നു രക്ഷിക്കൂ.''
ആദ്യം ഫ്രാന്‍സിസിന്റെ ജീവിതകഥ വായിക്കുന്നത് കൗമാരത്തിന്റെ തുടക്കത്തിലാണ്. പക്ഷികളോടും മത്സ്യങ്ങളോടും പ്രസംഗിക്കുന്ന ഒരു വിശുദ്ധന്‍. ക്രൂരനായ ചെന്നായ്ക്ക് സഹവര്‍ത്തിത്വത്തിന്റെ പാഠങ്ങള്‍ പറഞ്ഞുകൊടുത്ത് ചങ്ങാത്തം കൂടുന്ന ഒരാള്‍. മരങ്ങളോടും ചെടികളോടും പൂക്കളോടും കുശലം ചോദിക്കുന്ന ഒരു സരള ഹൃദയന്‍. എന്തൊരാവേശമായിരുന്നു ഫ്രാന്‍സിസിനെക്കുറിച്ചോര്‍ക്കുന്ന ആ നാളുകളില്‍. 'ഹാപ്പി പ്രിന്‍സി'ന്റെ കഥ കള്‍ക്കുമ്പോള്‍ കുരുവി സംസാരിക്കുമോ എന്ന് ചോദ്യം ചോദിക്കാന്‍ മാത്രം അതിബുദ്ധി തോന്നാത്ത കാലമായിരുന്നു അത്. യൗവ്വനത്തിന്റെ തുടക്കത്തില്‍ ഫ്രാന്‍സിസിനെ വീണ്ടും വായിക്കുമ്പോള്‍ കാര്യങ്ങളൊക്കെ മാറിയിരുന്നു. 'ബുദ്ധിമാ'നാവുകയും കാര്യങ്ങളെ താത്വികമായി കാണുകയുമൊക്കെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആരൊക്കെയോ ചമച്ചെടുത്ത കെട്ടുകഥകളാണ് ഫ്രാന്‍സിസിനെക്കുറിച്ചുള്ള പല കഥകളുമെന്ന് ചിന്തിച്ചു തുടങ്ങി. കാര്യങ്ങളങ്ങനെ കുറെ മുന്നോട്ടു പോയി. എന്നാല്‍ ഇപ്പോഴെനിക്ക് ഫ്രാന്‍സിസ് കിളികളോടും മരങ്ങളോടും മത്സ്യങ്ങളോടും പക്ഷിമൃഗാദികളോടും സംസാരിച്ചിരുന്നു എന്നതില്‍ തെല്ലും സംശയമില്ല. അടുക്കളയില്‍ ജോലി ചെയ്യുന്ന ചേച്ചി ഉറക്കെ സംസാരിക്കുന്നതു കേട്ടു പലവട്ടം പോയി നോക്കിയിട്ടുണ്ട് എന്നോടാണോ എന്നറിയാന്‍. ആയിരുന്നില്ല. പൂച്ചക്കുട്ടികളോടും കോഴിക്കുഞ്ഞുങ്ങളോടും പ്രാക്കളോടുമൊക്കെയായിരുന്നു. അവയെല്ലാം അമ്മയുടെ സാരിത്തുമ്പിന്റെ മറപറ്റി നടക്കുന്ന കുട്ടിയെപ്പോലെ സദാസമയം അവരുടെ പിന്നാലെ ഉണ്ടാകും. അവര്‍ പരസ്പരം എന്തൊക്കെയോ പറഞ്ഞ് സ്‌നേഹം കൂടുന്നുണ്ട്, ഇടക്കിടക്ക് കലഹിക്കുന്നുമുണ്ട്. ഇപ്പോള്‍ ഞാനും ആ ഭാഷ പഠിച്ചിരിക്കുന്നു. അലഞ്ഞ് തിരിഞ്ഞ് ആശ്രമത്തില്‍ കയറിവന്ന നായക്കുട്ടിയോട് ഇപ്പോള്‍ അവന്റെ ഭാഷയില്‍ എനിക്ക് സംസാരിക്കാനാവുന്നുണ്ട്. സകല ജനതകള്‍ക്കും ജീവജാലങ്ങള്‍ക്കും മനസ്സിലാകുന്ന ഒരു ഭാഷയുണ്ട്. അത് ഹൃദയത്തിന്റെ ഭാഷയാണ്, സ്‌നേഹത്തിന്റെ ഭാഷയാണ്. അവിടെ വാക്കുകള്‍ക്കും വ്യാകരണത്തിനും വലിയ അര്‍ത്ഥമില്ല. അതാണ് കവിയുടെയും കലാകാരന്റെയും ഭാഷ.
ഫ്രാന്‍സിസ് ഒരു കവിയും കലാകാരനുമായിരുന്നു. തലയല്ല ഹൃദയമാണ് ജീവിതത്തിന്റെ കേന്ദ്രമെന്ന് വിശ്വസിച്ച ഒരു കലാകാരന്‍. മഞ്ഞുവീണ വഴിയില്‍ രണ്ടു ചില്ലക്കമ്പുകള്‍ ചേര്‍ത്തുരസി സംഗീതം ആലപിച്ച് ഒരു ഉന്‍മാദിയെപ്പോലെ അയാള്‍ നൃത്തം ചെയ്തു. കവിതകളിലൂടെ സംസാരിക്കാന്‍ അയാള്‍ ഇഷ്ടപ്പെട്ടിരുന്നു. പ്രാര്‍ത്ഥനകള്‍ക്കും ആരാധനകള്‍ക്കും അയാള്‍ നാടക ആവിഷ്‌ക്കരണം കൊടുത്തു - അങ്ങനെ ആദ്യ പുല്‍ക്കൂട് പിറന്നു. കണ്ണില്‍ തിമിരം തിങ്ങിയ കാലത്താണ് ഉള്‍ക്കണ്ണില്‍ സകല ചരാചരത്തിന്റെയും സൗന്ദര്യം കണ്ട് ''സൂര്യകീര്‍ത്തനം'' എന്ന പ്രപഞ്ചഗീതം രചിക്കുന്നത്. മരണമെന്ന അഗാധനിദ്രയിലേക്ക് സംഗീതം കേട്ട് ആഴ്ന്നുപോകാന്‍ ആഗ്രഹിച്ച ഫ്രാന്‍സിസ് മരണക്കിടക്കയ്ക്ക് അരികിലേക്ക് സഹോദരന്മാരെ വിളിച്ചു പറയുന്നുണ്ട്, ''സഹോദരന്മാരെ, എനിക്കായി ഒരു സങ്കീര്‍ത്തനം ആലപിക്കൂ. ഞാന്‍ അതുകേട്ട് വിടപറയട്ടെ.''
സഭയ്ക്ക് നഷ്ടമായത് അതിന്റെ കവിഹൃദയമാണ്. കഥയും കവിതയും കലയുമാണ് മതത്തിന്റെ കാരുണ്യഭാഷ. വയലിലെ ലില്ലികളെ നോക്കി, ആകാശപ്പറവകളെ നോക്കി, വഴിവക്കില്‍ വീണുകിടക്കുന്ന മനുഷ്യരെ നോക്കി, ധൂര്‍ത്തിന്റെ വഴിയില്‍നിന്ന് സ്‌നേഹത്തിന്റെ തറവാട്ടുവീട്ടിലേക്ക് മടങ്ങിവരുന്ന ശിരസ്സ് കുനിഞ്ഞ മനുഷ്യരെ നോക്കി, വേശ്യപ്പെണ്ണിന്റെ കണ്ണീരിലേക്ക് നോക്കി കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും കഥകള്‍ ചൊല്ലിയ ഗുരുവില്‍നിന്ന് ശിക്ഷ -രക്ഷകളുടേയും ദൈവത്വ-മനുഷ്യത്വത്തിന്റേയും ഏകത്വ-ത്രിത്വത്തിന്റേയും ബൗദ്ധികദൈവശാസ്ത്ര ചര്‍ച്ചകളിലേക്ക് എത്തിയപ്പോഴേക്കും മതത്തിന്റെ ഉള്‍ക്കാമ്പ് ഏറെ നഷ്ടപ്പെട്ടിരുന്നു.
സാബത്ത് മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല എന്ന മനുഷ്യത്വത്തിന്റെ വിശാല നിലപാടെടുക്കാന്‍ ഒരു കലാഹൃദയത്തിനേ കഴിയൂ. സത്യത്തില്‍ വിശുദ്ധഗ്രന്ഥം മുഴുവന്‍ ഒരു കലാസൃഷ്ടിയാണ് - കഥകള്‍, ഗാനങ്ങള്‍, കീര്‍ത്തനങ്ങള്‍, നാടകങ്ങള്‍, ചിഹ്നങ്ങള്‍, ദര്‍ശനങ്ങള്‍, സ്വപ്നങ്ങള്‍ എന്നിവകൊണ്ട് സമ്പന്നം. എന്നാല്‍ മതനേതൃത്വത്തിന് കവിഹൃദയം നഷ്ടപ്പെടുകയും സന്ന്യാസ ആശ്രമങ്ങളും വൈദിക പരിശീലനക്കളരികളും കവിതകളേയും കഥകളേയും പുറത്താക്കുകയും ചെയ്തു. അവയുടെ അഭാവത്തില്‍ കാനോനിക നിയമസംഹിതകളും ആരാധനാനിഷ്ഠകളും കണിശമാക്കപ്പെട്ടു. അതിനിടയില്‍ സഭക്ക് നഷ്ടമായത് ധൂര്‍ത്തപുത്രനെ വഴിയോരക്കണ്ണുമായി കാത്തിരിക്കുന്ന പിതാവിന്റെ ഹൃദയവും മനുഷ്യത്വത്തിനുവേണ്ടി സാബത്തുനിയമം ലംഘിക്കാനുള്ള ഹൃദയവിശാലതയും അവസാന മണിക്കൂറില്‍ ജോലിക്കെത്തിയ ദുര്‍ബ്ബലനായവനും ആദ്യമണിക്കൂറില്‍ ജോലിക്കെത്തിയവനും ഒരേ കൂലി കൊടുക്കുന്ന യജമാനന്റെ നീതിബോധവുമാണ്.
കവിത മതത്തില്‍നിന്ന് ചോര്‍ന്നുപോയാല്‍ അവിടെ തഴയ്ക്കാന്‍ പോകുന്നത് പ്രായോഗികവാദമാണ്. പിന്നെ ഒരിടയനും കൂടെ നില്‍ക്കുന്ന അനുസരണവും വിധേയത്വവുമുള്ള തൊണ്ണൂറ്റൊന്‍പത്  ആടുകളെയും വിട്ട് നഷ്ടപ്പെട്ട ഒന്നിന്റെ പിന്നാലെ പോകില്ല. സ്വന്തം പങ്കു വാങ്ങിപോയ ധൂര്‍ത്തനുവേണ്ടി ഒരു പിതാവും ഇനിയൊരു ചില്ലിക്കാശുപോലും വ്യയം ചെയ്യില്ല. മക്കള്‍ക്കുവേണ്ടി ഒരുക്കപ്പെട്ട മേശയില്‍ ഒരു ചുങ്കക്കാരനും വേശ്യയും മുടന്തനും കുഷ്ഠരോഗിയും കയറിയിരിക്കില്ല. മക്കളുടെ അപ്പം മക്കള്‍ മാത്രം ഭക്ഷിക്കും. അങ്ങനെ നീതിമാന്മാരുടെയും ആരോഗ്യവാന്മാരുടെയും ദൈവരാജ്യത്തിന്റെ മക്കളുടെയും വിശുദ്ധ ഇടമായി സഭ നിലകൊള്ളും. അപ്പോള്‍ ഒരാള്‍ മാത്രം പുറത്തുനില്‍ക്കുന്നുണ്ടാവും, ക്രിസ്തു എന്ന കവി ഹൃദയന്‍.

സാഹോദര്യത്തിന്റെ പ്രതിസന്ധി
''സഹോദരന്‍ ചെന്നായേ,
ഞാന്‍ നിന്നോടൊപ്പമിരുന്ന് അല്പനേരം
സംസാരിക്കട്ടെ.
എന്റെ ഭാഷ നിനക്കു മനസ്സിലാകുമെന്നെനിക്കറിയാം.
കുന്നിന്‍ മുകളിലേക്കുള്ള യാത്ര
എനിക്കെന്നും ദുരിതപൂര്‍ണ്ണമായിരുന്നു.
എന്റെ സഹചാരികളെന്നെ വിശ്വസിക്കുന്നില്ലെന്നതാണ്
എന്റെ ദുരിതം.''
''എന്റെ പ്രിയ സഹോദരന്മാരെ, എന്റെ ഭാഗം ഞാന്‍ ചെയ്തുകഴിഞ്ഞു; നിങ്ങളുടേത് എന്താണെന്ന് ക്രിസ്തുതന്നെ നിങ്ങളെ പഠിപ്പിക്കട്ടെ.'' മരണക്കിടക്കയിലെ ഫ്രാന്‍സിസിന്റെ അവസാന വാചകങ്ങളില്‍ ഒന്നായിരുന്നു ഇത്. സാഹോദര്യവും സന്ന്യാസജീവിതദര്‍ശനങ്ങളും തമ്മില്‍ നിരന്തര സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട ഉഴവുപാടമായിരുന്നു ഫ്രാന്‍സിസിന്റെ മനസ്സ്. 22-ാം വയസ്സില്‍ തനിക്കുതന്നെ വേണ്ടത്ര വ്യക്തതയില്ലാത്ത ജീവിതത്തിന്റെ ഒറ്റയാള്‍ വഴിയിലേക്ക് ഇറങ്ങിനടക്കുമ്പോള്‍ ചുറ്റും ഒരു കൂട്ടം സുഹൃത്തുക്കള്‍ കൂടെയുണ്ടാകുമെന്ന് അയാള്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. ആദ്യസുഹൃത്ത് ബെര്‍ണഡ് ക്വിന്റവാലെ കൂടെച്ചേരാന്‍ വരുമ്പോള്‍ അയാളെ പറഞ്ഞ് നിരുത്സാഹപ്പെടുത്തി അയയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു ഫ്രാന്‍സിസ്. പിന്നെ അത് അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും ദൈവവചനം സാക്ഷ്യപ്പെടുത്തുന്നതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്നും ബോധ്യപ്പെട്ടു കഴിയുമ്പോഴാണ് കൂടെ ചേരാന്‍ അയാളെ അനുവദിക്കുന്നത്. സ്വന്തം തിരിച്ചറിവില്‍, ഏതോ ഒരു ദര്‍ശനത്തിന്റെ വെളിച്ചത്തില്‍, അങ്ങനെയായിരുന്നു ആദ്യകാല സഹോദരന്മാരെല്ലാം ഒരുമിച്ചുകൂടിയത്.
എന്നാല്‍ കാലം പോയി. ഫ്രാന്‍സിസ് ആരാണെന്നറിയാത്തവരും നടക്കേണ്ട വഴിയെക്കുറിച്ച് ദര്‍ശനങ്ങളുടെ വ്യക്തതയില്ലാത്തവരും എന്തൊക്കെയോ ചില സുരക്ഷിതത്വങ്ങളെ കണ്ട് ആ സാഹോദര്യസമൂഹത്തിന്റെ ഭാഗമാകാന്‍ തുടങ്ങി. കാര്യങ്ങളൊക്കെ ഫ്രാന്‍സിസിന്റെ കൈപ്പിടിയില്‍ നിന്നു വിട്ടുപോവുകയായിരുന്നു. അതേസമയം താന്‍ ജീവിക്കാനാഗ്രഹിച്ച സന്ന്യാസ സ്വപ്നത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഫ്രാന്‍സിസ് തയ്യാറായതുമില്ല. അതുകൊണ്ടാണ് മരണക്കിടക്കയിലും അയാള്‍ സഹോദരന്മാരോടിങ്ങനെ പറയുന്നത്, ''എന്റെ സഹോദരന്മാരേ, കാലം മാറിമറിയുമെന്ന് എനിക്കറിയാം. പുത്തന്‍ സംസ്‌ക്കാരങ്ങള്‍, പുത്തന്‍ സമ്മര്‍ദ്ദങ്ങള്‍, പുതിയ ആവശ്യങ്ങള്‍ എന്നിവ ഉണ്ടാകും. എന്നാല്‍ ഒരു കാര്യം മാത്രം ഞാന്‍ നിങ്ങളോട് യാചിക്കുകയാണ് - എന്റെ കഥകള്‍ നിങ്ങളുടെ സ്വപ്നങ്ങളെ തൊടണം. എന്റെ സ്വപ്നങ്ങള്‍ നിങ്ങളുടെ കഥകളാകണം.'''
''തെരുവിനെ ഞാനെന്റെ ആവൃതിയാക്കു''മെന്നു പറഞ്ഞ് തുടങ്ങിയ സന്ന്യാസജീവിതശൈലി ഏലിയാസ് സഹോദരന്റെ കീഴില്‍ സ്ഥാപനവത്കൃത രൂപങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. അക്കാലങ്ങളില്‍ ഫ്രാന്‍സിസും അദ്ദേഹത്തിന്റെ ഹൃദയത്തെ അടുത്തറിഞ്ഞ ആദ്യകാല സുഹൃത്തുക്കളും ആള്‍ക്കൂട്ടമായി മാറിയ സഹോദരസമൂഹത്തില്‍നിന്ന് ഒരകലം പാലിച്ച് അല്‍വേര്‍ണയിലും സുബാസിയോ മലഞ്ചെരുവിലുമായി ഏകാന്തവിചിന്തനത്തില്‍ ഈ ആന്തരിക സംഘര്‍ഷത്തെ നേരിടുകയായിരുന്നു. ഇത് സന്ന്യാസത്തിന്റെ ആദര്‍ശങ്ങളും സാഹോദര്യത്തിന്റെ മൂല്യച്യുതിയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. ആദര്‍ശത്തിനു വേണ്ടി സാഹോദര്യം ത്യജിക്കണമോ സാഹോദര്യത്തിനു വേണ്ടി ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കണമോ - ഇതായിരുന്നു ഫ്രാന്‍സിസിന്റെ സംഘര്‍ഷം. നീണ്ട വിചിന്തനത്തിനൊടുവിലാണ് ഫ്രാന്‍സിസ് ലിയോ സഹോദരനോട് പരിപൂര്‍ണ്ണ ആനന്ദത്തെക്കുറിച്ചുള്ള ആ കഥ പറയുന്നത്.  കഥയുടെ അവസാനം ഫ്രാന്‍സിസ് പറഞ്ഞതിങ്ങനെ: ''ലിയോ സഹോദരാ, നമ്മെ അറിയാത്തവര്‍, നമ്മുടെ സ്വപ്നങ്ങള്‍ക്ക് പുല്ലുവില കല്പിക്കാത്തവര്‍, നമ്മെ പുറംകാലിന് ചവിട്ടിപ്പുറത്താക്കിയാലും നാം ഈ സഹോദരസംഘത്തെ ഉപേക്ഷിക്കുന്നില്ലെങ്കില്‍ അതാണ് പരിപൂര്‍ണ്ണ ആനന്ദം.'''' (ഫ്രാന്‍സിസ് സഹോദരസംഘത്തെ വിട്ടുപോകാന്‍ പോലും ചിന്തിച്ചിരുന്നോ എന്ന് സംശയിക്കണം.) ആരെയെങ്കിലും ഉപേക്ഷിക്കുകയല്ല എല്ലാവരേയും സ്വന്തമാക്കുകയാണ് താന്‍ കണ്ട സന്ന്യാസദര്‍ശനത്തിന്റെ അന്തസ്സത്ത എന്ന തിരിച്ചറിവില്‍ നിന്നാണ് ഫ്രാന്‍സിസിന്റെ ഈ തീരുമാനം. ഇതാണ് സന്ന്യാസത്തിന്റെ ഏറ്റവും വലിയ സംഘര്‍ഷം. കൂടെനിന്ന് ഒരേ ദര്‍ശനങ്ങള്‍ ജീവിക്കാമെന്ന് വാക്കുപറഞ്ഞവര്‍ വിശ്വാസവഞ്ചന കാണിക്കുമ്പോഴും നിങ്ങള്‍ക്കു നിങ്ങളുടെ വാക്കുകളോടും ദര്‍ശനങ്ങളോടും വഞ്ചന കാണിക്കാന്‍ കഴിയാത്ത അവസ്ഥ.

സന്ന്യാസത്തിന്റെ സഞ്ചാരഹൃദയം
''യോനായുടെയും ജോബിന്റെയും
ജെറേമിയായുടെയും മോസസ്സിന്റെയും
ഏലിയായുടെയും താര്‍സൂസ്സിലെ സാവൂളിന്റെയും കുലത്തില്‍
ഒരു മനുഷ്യനുണ്ടായിരുന്നു.
അയാള്‍ തന്റെ കുലത്തിലെ മറ്റുള്ളവരെപോലെ
ഉഷസ്സിന്റെ ചിറകുകളില്‍ പറന്നു.
രാജ്യങ്ങളോടും അധികാരശക്തികളോടും
പ്രശസ്തിയോടും ചേര്‍ന്നുനില്‍ക്കാന്‍
അയാള്‍ക്ക് അറിയില്ലായിരുന്നു.
അയാള്‍ കാറ്റില്‍നിന്ന് കാറ്റിലേക്ക്
പറന്നുകൊണ്ടേയിരുന്നു.
ദൈവോച്ഛ്വാസത്തിന്റെ
വന്‍തീപിടുത്തത്തിന്റെ കൊടിയ നഷ്ടത്തില്‍
സ്വയം നഷ്ടപ്പെട്ടങ്ങനെ.''''
സന്ന്യാസം ചുറ്റുമതിലുകള്‍ക്കുള്ളിലും, ആവൃതികള്‍ക്കുള്ളിലും ജീവിച്ചിരുന്ന കാലത്ത് പാശ്ചാത്യസമൂഹത്തില്‍ ഫ്രാന്‍സിസ് ആരംഭിച്ചത് സന്ന്യാസ ചരിത്രത്തിലെ തന്നെ വ്യത്യസ്തമായ ഒരു മുന്നേറ്റമായിരുന്നു - അലയുന്ന സന്ന്യാസികളുടെ സമൂഹം (മെന്‍ഡിക്കന്‍സ്). ഗ്രാമങ്ങളിലും പര്‍ണ്ണശാലകളിലും പട്ടണങ്ങളുടെ തെരുവോരങ്ങളിലും അവര്‍ സന്ന്യാസം ജീവിച്ചു. 'കുറുനരികള്‍ക്ക് മാളങ്ങളുണ്ട്, ആകാശപറവകള്‍ക്ക് കൂടുകളുമുണ്ട്, മനുഷ്യപുത്രനു തലചായ്ക്കാനിടമില്ല' എന്നു പറഞ്ഞു ജീവിതം മുഴുവന്‍ സഞ്ചാരിയായി അലഞ്ഞ പാലസ്തീനായിലെ ഗുരുവിന്റെ കാലടികളെ തേടിനടക്കുകയായിരുന്നു അയാള്‍.
ഫ്രാന്‍സിസ് ഒരു യാത്രികന്‍ മാത്രമായിരുന്നില്ല, യാത്രയുടെ ചരിത്രത്തിലെ ഒരു ചലനം തന്നെയായിരുന്നു. ക്രിസ്തുശിഷ്യനായിരിക്കുക എന്നതിന്റെ മറുവാക്ക് നിരന്തരം വഴിയിലായിരിക്കുക എന്നതാണെന്ന് അയാള്‍ വിശ്വസിച്ചു. അയാള്‍ കൂടുതലും നടന്നത് ഓരം ചേര്‍ന്നായിരുന്നു. ഈ ലോകത്തില്‍ പരദേശികളെപ്പോലെയും തീര്‍ത്ഥാടകരെപ്പോലെയും ജീവിക്കാന്‍ ഫ്രാന്‍സിസ് തന്റെ സഹോദരന്മാരോടു നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. സുബാസിയോ കാടുകളിലൂടെ, സ്‌പൊളേറ്റോ താഴ്‌വാരത്തിലൂടെ, അസ്സീസിയില്‍ നിന്നു ജറുസലേമിലേക്ക്, അസ്സീസിയില്‍ നിന്ന് റോമിലേക്ക്, ലവേര്‍ണാ മലമുകളിലേക്ക്, പെറൂജിയായിലേക്ക്, അപ്പൂല്യായിലേക്ക്, ഗുബിയോയിലേക്ക്, സ്‌പെയിനിലേക്ക്, ഈജിപ്തിലേക്ക്, ഉംബ്രിയായുടെ എല്ലാ ഗ്രാമങ്ങളിലേക്കും. എല്ലാ യാത്രകള്‍ക്കും ശേഷം തിരിച്ച് തന്റെ അസ്സീസിയിലേക്ക്. വാഹനങ്ങള്‍ ഇല്ലാതിരുന്ന പത്ത് നൂറ്റാണ്ടുകള്‍ക്കപ്പുറം കുതിരപ്പുറത്ത് കയറാന്‍ വിസമ്മതിച്ച ഈ കൊച്ചു മനുഷ്യന്‍ ഇരുപതുവര്‍ഷം കൊണ്ട് ഇത്രയേറെ കാതം എങ്ങനെ നടന്നു തീര്‍ത്തു എന്ന് അത്ഭുതം തോന്നിയിട്ടുണ്ട്. ഇതു സന്ന്യാസത്തിന്റെ ഒരു പൗരസ്ത്യ പാരമ്പര്യമാണ്. വഴിതെറ്റി പടിഞ്ഞാറു പോയി പിറന്ന കിഴക്കിന്റെ സന്ന്യാസിവര്യനാണു ഫ്രാന്‍സിസ് എന്നു പറയുന്നതില്‍ തെറ്റില്ല. കിഴക്കിന്റെ ഗുരുപാരമ്പര്യങ്ങളിലൊക്കെയുണ്ട് ഒരു ദേശാടനത്തിന്റെ കഥ. അത് ഇന്ത്യയെ  കണ്ടെത്താനലഞ്ഞ വിവേകാനന്ദനിലാകട്ടെ, ബോധോദയം തേടി കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്‍ത്ഥനിലാകട്ടെ, പലായനത്തിന്റെയും തീര്‍ത്ഥാടനത്തിന്റെയും ദൂരങ്ങള്‍ മക്കയ്ക്കും മദീനക്കുമിടയില്‍ നടന്നുതീര്‍ത്ത മുഹമ്മദിലാകട്ടെ നടവഴികള്‍ മാറുന്നുവെന്നേയുള്ളൂ.
സ്വതസിദ്ധ പ്രേരണയില്‍ തികച്ചും സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കേണ്ട, അപൂര്‍വ്വം ചിലരില്‍ കാണുന്ന, ഒരു 'നാച്യുറല്‍ ട്രെയിറ്റ്' ആണ് സന്ന്യാസം. സ്ഥാപനവല്‍കൃതമാവുകയും പൊതുവത്ക്കരിക്കപ്പെടുകയും  ചെയ്യാന്‍ തുടങ്ങിയതു മുതല്‍ അതിന്റെ പരാജയം വെളിവാകുന്നുണ്ട്. രണ്ടു തരം മനസ്സുകളുണ്ട്, ഒന്ന് സ്ഥാപനത്തിന്റെ ചുമരുകള്‍ക്കുള്ളില്‍ മാത്രമായി ഒതുക്കി നിര്‍ത്താനാവാത്ത സഞ്ചാരിമനസ്സും,  മറ്റൊന്ന് സ്ഥാപനത്തിന്റെ സ്‌നേഹസുരക്ഷിതത്വങ്ങളില്‍ ആനന്ദം കൊള്ളുന്ന സ്ഥിരവാസി മനസ്സും. രണ്ടും ഒരേ രീതിയില്‍ ആനന്ദകരമാണ്. പക്ഷേ സഞ്ചാരി മനസ്സ് അത്യപൂര്‍വ്വവും സാധാരണ ജീവിതശൈലിക്കുള്ളില്‍ ഒതുങ്ങുന്നതുമല്ല. സന്ന്യാസിനികളുടെ അംഗബലം കുറയുന്ന പ്രതിഭാസം ഇന്ന് പലരേയും ഭയപ്പെടുത്തുന്നുണ്ട്. ഭയപ്പെടേണ്ട ഒന്നല്ല അത്. സന്ന്യാസത്തിന്റെ ഉള്‍ക്കാമ്പ് തെളിയാന്‍ പോകുന്നതിന്റെ തുടക്കമായി മനസ്സിലാക്കിയാല്‍ മതി. സന്ന്യാസത്തില്‍ വലിയ ആള്‍ക്കൂട്ടത്തെ നാം ഭയപ്പെടണം.
പുരുഷസന്ന്യാസികള്‍ക്കിടയില്‍ ഈ പ്രശ്‌നമില്ലല്ലോ. പുരുഷസന്ന്യാസിമാരുടെ അംഗബലത്തില്‍ വര്‍ദ്ധനവുണ്ടാവുകയല്ലേ ചെയ്തത് എന്ന സ്വാഭാവികമായ ഒരു സംശയം തോന്നാം. അത് വാസ്തവമല്ല. അവര്‍ക്കിടയിലുമുണ്ട് ഈ അംഗശോഷണം. ഒരു പക്ഷേ സന്ന്യാസിനിസമൂഹങ്ങളെ ബാധിച്ചതിനേക്കാള്‍ ഭീകരമായി. ഇവിടെ പൗരോഹിത്യമില്ലാതെ സന്ന്യാസം മാത്രം ജീവിച്ചിരുന്ന പുരുഷസന്ന്യാസസമൂഹങ്ങളൊക്കെ ഏതാണ്ട് അന്യംനിന്ന അവസ്ഥയില്‍ എത്തിയിട്ടുണ്ട്. പുരുഷന്മാരുടെ ഇടയില്‍ വര്‍ദ്ധിച്ചിരിക്കുന്നത് പൗരോഹിത്യത്തോടുള്ള ആവേശമാണ്. പൗരോഹിത്യം സഭയുടെ വ്യവസ്ഥാപിത ചട്ടക്കൂടിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള ശുശ്രൂഷയാണ്. അതിന് സഭ നിശ്ചയിച്ചിരിക്കുന്ന വളരെ നിയതമായ കടമകള്‍ ചെയ്യാനുണ്ട്. അതില്‍ വ്രതബദ്ധമായ ജീവിതത്തിന്റെ ശൈലികളൊന്നും ബാധകവുമല്ല. പൗരോഹിത്യം ഒരു ശുശ്രൂഷാദൗത്യമാണ്, സന്ന്യാസം ഒരു ജീവിതശൈലിയാണ്. സന്ന്യാസത്തില്‍നിന്ന് പൗരോഹിത്യത്തെ പൂര്‍ണ്ണമായി അടര്‍ത്തിമാറ്റി നോക്കൂ. അപ്പോള്‍ കാര്യങ്ങളുടെ കാമ്പു തെളിയും. പൗരോഹിത്യപട്ടം കിട്ടിയില്ലെങ്കില്‍ ഒരു ചെറുപ്പക്കാരനും സന്ന്യാസസഭയില്‍ ചേരില്ല എന്ന നിലവന്നിരിക്കുന്നു.   പൗരോഹിത്യത്തില്‍ ഒരു ജോലി ചെയ്യുന്നതിന് കിട്ടുന്ന സാമൂഹിക-മാനസിക സംതൃപ്തിയും അംഗീകാരങ്ങളുമുണ്ട്. എന്നാല്‍ സന്ന്യാസം ഒരു ജീവിതശൈലി മാത്രമാകുന്നതു കൊണ്ട് ആ ജീവിതശൈലിയെ പ്രണയിക്കുന്നവര്‍ക്കേ അതിന്റെ ആനന്ദം കണ്ടെത്താനാവൂ. സന്ന്യാസം ആള്‍ക്കൂട്ടമാകുമ്പോള്‍ അത് അപകടാവസ്ഥയിലെന്ന് സാരം. അതായിരുന്നു ഫ്രാന്‍സിസിന് തന്റെ ജീവിതകാലത്ത് തന്നെ കണേണ്ടിവന്ന സന്ന്യാസത്തിന്റെ പതനവും, തത്ഫലമായി അദ്ദേഹം അനുഭവിച്ച ആത്മീയസംഘര്‍ഷവും.
സന്ന്യാസത്തിന്റെ ഉള്‍ക്കാമ്പ് തിരയുന്ന ഈ സന്ന്യാസവര്‍ഷത്തില്‍ കണ്ടുമുട്ടേണ്ട വ്യക്തി സുബാസിയോയുടെ മലവഴികള്‍ ഇറങ്ങി വരുന്ന പീറ്റര്‍ ബെര്‍ണഡോന്റെ മകന്‍ ഫ്രാന്‍സിസ് ജോണിനെയാണ്. കാരണങ്ങളില്ലാതെ ഒരു സഞ്ചാരിയും പ്രകൃതിയുടെ ഉപാസകനും ദൈവസ്‌നേഹത്തിന്റെ ഗായകനും ഉള്ളിന്റെയുള്ളില്‍ ഒരു നിരന്തര അന്വേഷിയുമായി നടന്ന ആ മനുഷ്യനാല്‍ വശീകരിക്കപ്പെടുക എന്നതാണ്. വയലിലെ നിധി കണ്ടെത്താത്തവരാരും സ്വന്തം കൈയ്യിലെ സമ്പത്ത് വിറ്റുതുലയ്ക്കരുത്. ദൈവരാജ്യത്തിന് വേണ്ടിയുള്ള ഷണ്ഡത്വം നിധിപോലെ ഉള്ളില്‍ കിട്ടുന്നവരാകട്ടെ അപൂര്‍വ്വവും. നീണ്ട അങ്കിയും അവിവാഹിത ജീവിതവും സന്ന്യാസഭവനത്തിന്റെ നിഷ്ഠകളും ഉരുവിടുന്ന ജപങ്ങളും ആരെയും സന്ന്യാസിയാക്കില്ല എന്നോര്‍ക്കണം. കൊട്ടാരത്തില്‍നിന്ന് ഇറങ്ങിയോടി ലുംബിനിയുടെ വഴിവക്കില്‍ ജന്മം കൊടുത്തപ്പോള്‍തന്നെ നിശ്ചയിക്കപ്പെട്ട ഒരു സഞ്ചാരഹൃദയമാണ് സന്ന്യാസം. കപിലവസ്തുവിന്റെ കൊട്ടാരങ്ങള്‍ക്കൊന്നിനും അതിനെ ഏറെക്കാലം പിടിച്ചുനിര്‍ത്താനാവില്ല. പറവകള്‍ക്ക് കൂടുകളും നരികള്‍ക്ക് മാളങ്ങളുമുള്ള ഭൂവില്‍ അത് ഒരു രാത്രി കൂടുവിട്ടിറങ്ങും. അസിതനും ശിമയോനും കൈയിലെടുത്ത കുഞ്ഞുങ്ങള്‍ക്കുമേല്‍ ചില പ്രവചനങ്ങള്‍ തെറ്റാതെ കിടന്നതുപോലെ. സന്ന്യാസത്തെ വേണമെങ്കില്‍ ഒരു ജന്മത്തിന്റെ നിയതി എന്നു വിളിച്ചുകൊള്ളൂ.

Friday, August 7, 2015

ഏകനായി നടക്കൂ!



നിന്റെ വിളിയ്ക്ക് അവർ പ്രത്യുത്തരിക്കുന്നില്ലെങ്കിൽ ഏകനായി നടക്കൂ!
പേടിച്ചും വിറച്ചും നിശബ്ദരായി അവർ മതിലുകൾക്ക് പിന്നിൽ ഒളിക്കുമ്പോൾ
ദുർഭഗനായവനേ, തനിയേ ഉള്ളുതുറന്ന് ഉറക്കെ സംസാരിക്കൂ!
മരുഭൂമി താണ്ടുമ്പോൾ നിന്നെയവർ മണൽക്കാട്ടിൽ തനിച്ചാക്കി പോകുന്നെങ്കിൽ
ദുർഭഗനായവനേ, പാദത്തിനടിയിലെ മുള്ളുകളെ ചവിട്ടിഞെരിച്ച്‌
രക്തത്തുള്ളികൾ വഴിപ്പാടിട്ട ഊഷരതയിൽ തനിയേ നടക്കൂ!
കൊടുംങ്കാറ്റിൽ പ്രക്ഷുബ്ധമാകുന്ന രാത്രികളിൽ
ആരും നിനക്കായി ഒരു തിരി കെടാതെ സൂക്ഷിക്കുന്നില്ലെങ്കിൽ
ദുർഭഗനായവനേ, വേദനയുടെ ഇടിമുഴക്കത്തിൽ നിന്ന്
നീ നിന്റെ ഹൃദയത്തിന് തിരികൊളുത്തൂ,
അത് തനിയേ ജ്വലിക്കട്ടെ!
(Ekla Chalo Re എന്ന ടാഗോറിന്റെ വരികൾക്ക് ഒരു സ്വതന്ത്ര വിവർത്തനം) 

Tuesday, August 4, 2015

അലാബാമയിലെ ക്രിസ്തു


ക്രിസ്തു കറുത്തവനാണ്
അടിയേറ്റ കറുത്ത കാപ്പിരി.
നീ നിന്റെ പുറം കാണിക്ക്!
മറിയം അവൻറെ അമ്മയാണ് 
'തെക്കി'ലെ 'മമ്മി'
നീ നിന്റെ വായടക്ക്‌!
ദൈവം പിതാവാണ്
നിന്റെ തലയ്ക്കു മുകളിലെ വെളുത്ത തമ്പ്രാൻ.
നീ അവന് ആദരവ് കൊടുക്ക്‌!
തന്തയില്ലാത്ത വിശുദ്ധ കഴുവേറി,
കാപ്പിരി ക്രിസ്തു,
വായിൽ ചോരയൊലിപ്പിച്ച്
'തെക്കി'ലെ കുരിശിൽ.
("അലാബാമയിലെ ക്രിസ്തു"- ലാങ്സ്റ്റണ്‍ ഹ്യൂഗ്സ്)
-ഒരു സ്വതന്ത്ര വിവർത്തനം

[അമേരിക്കയിലെ നീഗ്രോ അടിമത്ത കാലത്തിന്റെ സൃഷ്ടിയാണ് ഈ കവിത. ഇവിടെ വെളളക്കാരന്റെ പാട്രിയാർക്കൽ ദൈവ സങ്കല്പവും കറുത്തവന്റെ ക്രിസ്തു സങ്കല്പവും തമ്മിൽ ഏറ്റുമുട്ടുന്നു. 'തെക്ക് ' ചൂഷിതന്റെ മൂന്നാം ലോകരാജ്യങ്ങളാണ് (തെക്കേ അമേരിക്ക, ആഫ്രിക്ക, തെക്ക് ഏഷ്യൻ രാജ്യങ്ങൾ ) - വടക്ക് ചൂഷകനായ വെള്ളക്കാരന്റെ ഒന്നാം ലോകരാജ്യങ്ങളും - . 'മമ്മി ' ഇവിടെ ദ്വയാർത്ഥത്തിലാണ് ഉപയോഗിച്ചിരികുന്നത് (അമ്മ, സംസാരശേഷിയില്ലാത്ത ആഫ്രിക്കൻ ഈജിപ്തിലെ ശവശരീരങ്ങൾ). വെള്ളക്കാരൻ തന്റെ ക്രിസ്തുവ്യഖ്യാനത്തിലൂടെ കറുത്തവനെ എങ്ങനെയാണ് വീണ്ടും പീഢനങ്ങൾക്കും നിശബ്ദീകരണത്തിനും നിന്ദനങ്ങൾക്കും വിധേയമാക്കുന്നതെന്ന് കവിത പറയുന്നു. ദളിത് വിവേചനത്തിന്റെ ബ്രാഹ്മണാധിപത്യം നിലനിൽക്കുന്ന ഇന്ത്യൻ ഭൂമികയിൽ ഈ കവിത ഇന്നും പ്രസക്തമാണ്.]

Friday, July 31, 2015

ഭരണകൂടത്തിന് ഭ്രാന്തു പിടിക്കരുത്!


തടവറയിലെ എകാന്തതയെക്കുറിച്ചും മനസ്സാക്ഷിയെ വിമലീകരിക്കുന്ന കുറ്റബോധത്തെക്കുറിച്ചും ഒരാൾ കരുണാർദ്രമായി  കഥയെഴുതുന്നു. എന്നാൽ തുക്കുകയറിൽ നിന്ന് ഒരു ജീവനെ രക്ഷിക്കേണ്ടതിതിന്റെ മാനവീകതയെക്കുറിച്ച് പറയുമ്പോൾ അയ്യാളുടെ പേശികൾ വലിഞ്ഞുമുറുകുന്നു. "ഉപ്പു തിന്നവൻ വെള്ളം കുടിക്കണം" പോലും! അനാഥമാകുന്ന തെരുവിലെ ജന്മങ്ങളെക്കുറിച്ച് ഒരാൾ വേദനിക്കുന്നു. ഇനിയും ഒരു മകനോ മകൾക്കോ അത് നമ്മളായിട്ട്  വരുത്തി വെക്കരുത് എന്ന് പറയുമ്പോൾ അയ്യാൾ തുക്കുകയറിൽ കഴുത്തുമായി നിൽക്കുന്നവൻ അനാഥമാക്കിയ 237 പേരുടെ കഥ പറയുന്നു. എഴുതുന്ന ഓരോ അഭിപ്രായത്തിനും മതം തിരിഞ്ഞ് like അടിക്കുന്നു. ചിലർക്ക് ഒരു ഹീനകൃത്യത്തിന്റെ അണിയറശിൽപ്പി ഹീറോയാകുന്നു. ചിലർ അതിൽ മതം തിരയുന്നു, ചിലർ രാഷ്ട്രീയം തിരയുന്നു. മനുഷ്യന് വേണ്ടി സംസാരിക്കുന്നവരുടെ ശബ്ദം നേർത്തുനേർത്ത്‌ പോകുന്നു.
തലവെട്ടൽ കുറ്റം കൃത്യം തടയുമെന്ന് ചിലർ. സംഭവിച്ചിട്ടിച്ചിട്ടുള്ളത് നേരെ മറിച്ചാണെന്ന് കണക്ക് കാണിച്ചു കൊടുക്കുമ്പോൾ ഇസ്ലാമിയ രാജ്യങ്ങളുടെ ഉദാഹരണവുമായി ചിലർ (മാതൃകയാക്കണം പോലും!).  കയ്യും കാലും വെട്ടാൻ നിയമമുള്ള ആ നാടുകളിൽ പോയി പാർക്കാൻ നിങ്ങൾക്ക് മനസ്സാണോ എന്ന് ചോദിച്ചാൽ നിശബ്ധത. നിയമങ്ങൾ പെരുകുകയും അതിന്റെ പാലനം രാഷ്ട്രം കഠിനമായി അടിച്ചേൽപ്പിക്കുകയും ചെയ്യുന്നത് ഒരു രാഷ്ട്രത്തിന്റ സാംസ്ക്കാരിക അപചയമാണ് കാണിക്കുന്നത്, അല്ലാതെ അവിടുത്തെ പൗരന്മാരുടെ ധാർമ്മിക ഔന്നിത്യമല്ല. മനുഷ്യാവകാശങ്ങളുടെ കാര്യത്തിൽ മിഡിൽ ഈസ്റ്റ് രാജ്യങ്ങളൊന്നും നമ്മുക്ക് കണ്ടു പഠിക്കാൻ നല്ല മാതൃകകളല്ല.
ഭീകർക്ക് കൊല്ലാനും ചാകാനും ഒന്നും ഭയമില്ല, അത് ഏത് നാട്ടിൽ അയാലും. പിന്നെയാണോ അവരെ തൂക്കുകയര്‍ എന്ന ഓലപ്പാമ്പിനെ കാണിച്ചു പേടിപ്പിക്കുന്നത്!
തൂക്കുകയർ എന്ന ശിക്ഷാവിധിയെ മറ്റ് ശിക്ഷാവിധികൾ പോലെ നിസ്സാരമായി കാണരുത്. നമ്മൾ ചില ഗോവിന്ദചാമിമാരെ മാത്രമാണ് കാണുന്നത്. വിചാരണവിധികളിൽ നമ്മളേക്കാൾ കണിശത പാലിക്കുന്ന ഇംഗ്ലണ്ടിന്റെ, ഐയർലണ്ടിന്റെ, അമേരിക്കയുടെ, ചൈനയുടെ ഒക്കെ ചരിത്രമൊന്നെടുത്ത് നോക്കണം. തൂക്കിക്കൊല കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം അവർ നിഷ്കളങ്കരായിരുന്നു എന്ന് കോടതി തന്നെ പുനർവിധി നടത്തിയ എത്ര കേയ്സുകൾ! പിന്നേ ഏതെങ്കിലും കോടതിയ്ക്ക് അവരുടെ ജീവിതവും ജീവനും തിരിച്ചുകൊടുക്കാനായോ? രണ്ട് വർഷം മുൻപ് നമ്മൾ തൂക്കിയ അഫ്സൽ ഗുരുവിന്റെ കാര്യത്തിൻ ഇപ്പോഴും ന്യായാധിപന്മാർ പോലും രണ്ടു തട്ടിലാണ്. മനുഷ്യന്റെ നീതിനിർവ്വഹണത്തിൽ (അവർ ദൈവമല്ലാത്തതു കൊണ്ട് ) തെറ്റുപറ്റുക സ്വാഭാവികമാണ്. അതുകൊണ്ടാണ് പറയുന്നത് ജീവന്റെ മേൽ കൈ വെക്കാൻ നമ്മുക്ക് അവകാശമില്ലെന്ന് .
രാജ്യസുരക്ഷയ്ക്ക് അത്ര കടുത്ത ഭീഷണിയാണെങ്കിൽ അയ്യാളെ മരണം വരെ കഠിന തടവിന് വിധിച്ചാൽ പോരേ ? എന്തിനാണ് കൊല്ലുന്നത്? ഏതായാലും മരിച്ചവരാരും ഇനി തിരിച്ച് വരില്ലല്ലോ. അംഗഭംഗം സംഭവിച്ചവർക്ക് അവരുടെ പൂർണ്ണ ആരോഗ്യം തിരിച്ച് കിട്ടുകയുമില്ലല്ലോ. യാതോരു വിചിന്തനവുമില്ലാതെയാണ് മിക്ക സംസ്ക്കാരസമ്പന്നമായ രാജ്യങ്ങളൂം ഈ പ്രാകൃത ശിക്ഷാരീതിയെ തള്ളിക്കളഞ്ഞ് എന്ന് തോന്നുന്നുണ്ടോ? അയ്യാളെ കൊന്നപ്പോൾ ആ 237- കുടുംബങ്ങൾക്ക് രാഷ്ട്രം എന്ത് കുന്ത്രാണ്ടമാണ് ഉണ്ടാക്കിക്കൊടുത്തത്? ഇന്നലെ വരെ ജീവിച്ചതു പോലെ നാളേയും അവർ ജീവിക്കും അത്ര തന്നെ! പിന്നെ അവരില്‍ ചിലരുടെ ഒരു മാനസീക സുഖം, കൊലപാതകം കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു  മാനസീക സുഖം!
അപ്പോള്‍ ചിലര്‍ പറയുന്നു ഞങ്ങളുടെ ടാക്സ് കൊണ്ട് യാതോരുപകാരവുമില്ലാത്ത അവന്മാരൊന്നും തിന്നുകുടിച്ച് കിടക്കേണ്ടാ. യാതോരു ഉപകാരവുമില്ലാത്ത പ്രതിഭാ പാട്ടീൽ മുതൽ മുക്കിൽ പല്ല് മുളച്ച MP-MLA മാർ വരെ ലക്ഷക്കണക്കിന് എമ്പോക്കികൾ ലക്ഷ്വറി കാറിലും പഞ്ചനക്ഷത്ര ഹോട്ടലിലുമായി തിന്നുകുടിച്ച് അർമാദിച്ച് നടക്കുമ്പോൾ ഒരു ചാൺ വയറിന് ഇവർക്ക് കൊടുക്കുന്ന ചപ്പാത്തിയും ചോറും രണ്ടു ജോഡി ഡ്രസ്സുമാണോ ടാക്സിന്റെ ദുർവ്യയം?
ഒരു ജീവന്‍ നിലനിര്‍ത്തുക എന്നാല്‍ ഒരു സാധ്യത നിലനിര്‍ത്തുകയാണ്. ഇവന്മാരൊക്കെ നന്നാവുമോ എന്ന് ചോദിക്കരുത്. ആരും ആരേയും നന്നാക്കുകയല്ല, കാലവും ജീവിതാനുഭവങ്ങളും ചേർന്ന് ചിലരെ പരിവർത്തനം ചെയ്യിക്കുകയാണ്. (എല്ലാവരേയും അല്ല, ആരെക്കെയാണെന്ന് നമ്മുക്ക് പറയാനുമാവില്ല). കാട്ടാളനിൽ ഒരു വാത്മീകിയുണ്ട്. പതിനാറാം വയസ്സിൽ ഒരു പെൺകുട്ടിയെ ബലാത്ക്കരമായി കൊന്ന അലക്സാണ്ടർ 1970 വരെ ഏതോ സന്യാസാശ്രമത്തിന്റെ പൂമുഖത്ത് ചുളിവ് വീണ മുഖത്തോടെ അതിഥികളെ സ്വീകരിച്ചും തോട്ടത്തിൽ പണിയെടുത്തും നിന്നിരുന്നു.
പ്രമോദ് റഹ്മാനെ ഉദ്ധരിച്ചുകൊണ്ടു പറയുന്നു, “കുറ്റത്തിന് ഇല്ലാത്ത കണ്ണ് വേണ്ടത് ശിക്ഷയ്ക്കാണ്. ഭീകരതയ്ക്ക് ഇല്ലാത്ത ആത്മാവ് വേണ്ടത് നിയമത്തിനാണ്. ജീവനെടുക്കവേ കൈ വിറയ്ക്കേണ്ടത് കോടതിക്കാണ്. ഭ്രാന്ത് പിടിക്കാനേ പാടില്ലാത്തത് ഭരണകൂടത്തിനാണ്”

Thursday, July 23, 2015

സ്വകാര്യധാർമ്മീകത - പൊതുധാർമ്മീകത

എന്തെങ്കിലും ആവശ്യത്തിന് അത്ര പരിചയമില്ലാത്ത ഒരു വീട്ടിലോ സ്ഥലങ്ങളിലോ പോകേണ്ടി വരുമ്പോൾ വഴിയരികിൽ കണ്ടുമുട്ടുന്ന ഒരാളോട് വഴി ചോദിക്കുമ്പോഴാണ് ഒരു കള്ളനെപ്പോലെ ഓടിപ്പോകേണ്ട അവസ്ഥ വരുന്നത്. അങ്ങോട്ട്‌ ഒരു ചോദ്യം മാത്രമേ ചോദിച്ചിട്ടുള്ളൂ, "വഴിയൊന്ന് പറഞ്ഞുതരാമോ?". ഇങ്ങോട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് കയ്യുംകണക്കുമില്ല, "എവിടുന്ന് വരുന്നു?" "എന്തിനാണ് അവിടെപ്പോകുന്നത്?", "അവരുമായിട്ട് എന്താണ് ബന്ധം?"....(നാട്ടിൻ പുറം നന്മകളാൽ സമൃദ്ധമൊന്നുമല്ല). എന്നാണ് നമ്മൾ സ്വകാര്യതയും  പൊതുജീവിതവും തമ്മിലുള്ള വിശുദ്ധമായ വേർതിരിവ് പഠിച്ചെടുക്കന്നത്? കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി പ്രതീക്ഷയുടെ വെള്ളിവെളിച്ചമാണ്. ഇവിടെ പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ തമ്മിൽ എങ്ങനെയാണ് ബന്ധപ്പെടേണ്ടത് എന്ന് വരെ രാഷ്‌ട്രം നിയമപരമായി നിശ്ചയിക്കാൻ തുടങ്ങിയാലോ! വ്യക്തിജീവിതത്തിൽ മൂല്യബോധനം വേണ്ടന്നല്ല പറഞ്ഞുവരുന്നത്. മൂല്യബോധനം ഒരു ബോധനപ്രക്രിയ എന്ന തലത്തിൽ തന്നെ നില്ക്കണം, അല്ലാതെ നിയമത്തിന്റെ കുറുവടിയും പിടിച്ച് നടക്കേണ്ടതല്ല. മതങ്ങൾക്കും ഉണ്ടാവണം സ്വകാര്യധാർമ്മീകതയും പൊതുധാർമ്മീകതയും തമ്മിലുള്ള വിവേചനബോധം. മതങ്ങൾ ഇപ്പോൾ വ്യക്തിജീവിതത്തിൽ ഏതൊക്കെ വിടവുകളിലൂടെയാണ് ഒളിഞ്ഞുനോക്കുന്നത്! ദമ്പതികൾ കിടപ്പറയിൽ ആഘോഷിക്കുന്ന വിശുദ്ധമായ ലൈംഗീക കർമ്മത്തിന്റെ രീതികൾ എന്തായിരിക്കണം എന്നുവരെ മതം നിശ്ചയിക്കുന്നു എന്നുവന്നാൽ മതം പോലും എത്ര തരംതാണു പോകുന്നു!
http://news.keralakaumudi.com/news.php?nid=56b8fa317c36e1a8cabad817db2d4816

Wednesday, July 15, 2015

തത്വശാസ്ത്രാധിഷ്ഠിതമായ ഒരു തടംവെട്ട്

2003-2004, തത്വശാസ്ത്ര പഠനമൊകെ കഴിഞ്ഞ് സമൂഹത്തിന്റെ സ്പന്ദനങ്ങളെ തൊട്ടറിയാന്‍ തേരെപ്പാരെ നടന്നിരുന്ന കാലം. ആദിവാസികള്‍ക്കിടയില്‍, മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍, തെരുവില്‍, അനാഥമന്ദിരങ്ങളില്‍, വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍, ദളിത്‌ മുന്നേറ്റങ്ങള്‍ക്കൊപ്പം ... ആ വര്‍ഷത്തെ മൊത്തം ചിലവുകളും സ്വന്തം നിലയില്‍ കണ്ടെത്തണമായിരുന്നു. കൂലിപ്പണിക്ക് പോവുകയായിരുന്നു പതിവ്. അലഞ്ഞുനടന്ന് പണി അന്വേഷിക്കുന്നതുകൊണ്ട് പരിചയമില്ലാത്തവര്‍ക്ക് പണികൊടുക്കാൻ തയ്യാറുള്ളവരും ചുരുക്കം. ഒരിക്കല്‍ സുഹൃത്തും ഞാനും കൂടി ഒരു പണി കണ്ടുപിടിച്ചു. കുറേനാളായി തടമെടുക്കാതെ കിടക്കുന്ന ഒരു തെങ്ങിന്‍തോപ്പ് (മണ്ഡരിബാധ കൊണം വരുത്തയതുകാരണം ഉടമ മനംമടുത്ത് ഉപേക്ഷിച്ചതാണ്). പത്തിരിന്നൂറ് തെങ്ങുകള്‍ ഉള്ള തോപ്പാണ്, എങ്ങനെ പോയാലും ഒരാഴ്ച പണി ഉറപ്പ്. കൃഷിയുടെ പ്രാധാന്യം, പരിചരണം കൊടുത്താല്‍ നന്നാകാത്ത പച്ചമരങ്ങള്‍ ഇല്ലെന്ന പ്രകൃതിശാസ്ത്രം, മണ്ണിന്‍റെ വിപ്ലവരാഷ്ട്രീയം, അധ്വാനമേ സംതൃപ്തി, പിന്നെ ഞങ്ങളെ തടമെടുക്കല്‍ എല്‍പ്പിച്ചാലുണ്ടാകുന്ന സാമ്പത്തീക നേട്ടം (വന്‍ ഓഫര്‍- തടമൊന്നിന് മറ്റ് തടം വെട്ടുകാര്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ 3 രൂപ കുറവ്!). പോരെ സംഗതി! ഉടമ മനം മയങ്ങി വീണു. തുമ്പയും തന്ന് തെങ്ങുംതൊപ്പില്‍ ഞങ്ങളെ കൊണ്ടുചെന്നാക്കി, കാപ്പികുടിക്കാന്‍ നേരമാകുമ്പോള്‍ മടങ്ങി വരാം എന്ന് പറഞ്ഞ് വീട്ടിലേക്ക് പോയി. ആദ്യ ദിവസമല്ലേ തിരികെ വരുമ്പോള്‍ ഉടമയെ പണിയുടെ വേഗതയും മികവും കൊണ്ട് ഒന്ന് ഞെട്ടിക്കണം. കിളക്കുന്നതിന്റെ ക്ഷീണം അറിയാതിരിക്കാന്‍ തത്വശാസ്ത്രവിഷങ്ങളെക്കുറിച്ച് ആഴമുള്ള ചര്‍ച്ച. [മാര്‍ക്സിയന്‍ തത്വചിന്ത പ്രകാരം മനുഷ്യന്‍ അടിസ്ഥാനപരമായി ഒരു തൊളിലാളിയാണോ (wage earner) അതോ ജോലിക്കാരനാണോ (worker)? അങ്ങനെയെങ്കില്‍ നമ്മുടെ തൊളിലാളി സംഘടനകളുടെ പ്രസക്തി എന്ത്?.... ഇങ്ങനെ പോകുന്നു ചര്‍ച്ച] പത്തുമണി കഴിഞ്ഞുകാണും ഉടമ ദൂരെനിന്ന് വരുന്നത് കാണാം. ഊണിന് വിളിക്കുമ്പോള്‍ ആണല്ലോ ആശാരിക്ക്‌ തട്ടുംമുട്ടും കൂടുന്നത്‌. പണി കൂടുതല്‍ വേഗത്തിലായി. ഉടമ അടുത്തെത്തി. ഒന്നും മിണ്ടാതെ ഏതാനും നിമിഷങ്ങള്‍ പകച്ചൊരു നില്‍പ്പ് (ഞെട്ടി...ഞെട്ടി... ഞെട്ടി! ഉള്ളില്‍ പെരുത്ത സന്തോഷം).
“എന്ത് ചതിയാണെന്റെ‌ മക്കളേ നിങ്ങള്‍ ചെയ്തത്?” തലയില്‍ കൈവെച്ചുള്ള ആ ചോദ്യത്തില്‍ സത്യത്തില്‍ ഞെട്ടിയത് ഞങ്ങളാണ്.
“എന്തുപറ്റി?”
“നിങ്ങള്‍ ആ തടമെടുത്ത തെങ്ങിന്റെ മണ്ടയിലേക്ക് ഒന്ന് നോക്കിക്കേ.”
ആകെ തടമെടുത്ത ഒന്‍പത് തെങ്ങുകളില്‍ നാല് എണ്ണത്തിനും മണ്ടയില്ല.
...പ്ലിംഗ്!!!
['തെങ്ങിന് ഇങ്ങനെ തടമെടുത്താല്‍ മതിയോ?' എന്ന് ചോദിച്ച് ഒരു ന്യൂ ജനറേഷന്‍ കര്‍ഷകന്‍ -IT യോ എഞ്ചിനീറിങ്ങോ മനംമടുത്ത് കൃഷിയില്‍ ഇറങ്ങിയ ആള്‍ ആയിരിക്കണം- കഴിഞ്ഞ ദിവസം കൃഷിഭൂമി കൂട്ടായ്മയില്‍ തെങ്ങിന്റെ തടം മാത്രം കാണിച്ച് ഇട്ട ഫോട്ടോയില്‍ നിന്ന് പ്രചോദനം].

Monday, May 4, 2015

ഉള്ളി തൊലി പൊളിക്കുന്നതു പോലെ ഒരു ജീവിതം


''
ഉള്ളി തൊലി പൊളിക്കുന്നതു പോലെയാണ് ജീവിതം. ഭൂതകാലത്തിലെ ഓര്‍മ്മകളുടെ അടരുകളെ മനുഷ്യന്‍ ഒന്നൊന്നായ് പൊളിച്ചുനീക്കുന്നു. ഇടയ്ക്ക് കരയുന്നു. പൊളിച്ച് അവസാനം എത്തിച്ചേരുമ്പോള്‍ ശൂന്യത മാത്രം അവശേഷിക്കുന്നു'' എന്ന് പറഞ്ഞുകൊണ്ട് തന്റെ ആത്മകഥയ്ക്ക് ''ഉള്ളി തൊലി പൊളിക്കുമ്പോള്‍'' (Peeling the onion) എന്ന് പേരിട്ട ഗുന്ദര്‍ ഗ്രസ് എന്ന നോബെല്‍ സമ്മാന ജേതാവ് ഏപ്രില്‍ 13 ന് ദിവംഗതനായി. നോവലിസ്റ്റും കവിയും നാടകരചിതാവും ചിത്രകാരനും ശില്പിയുമായ ഗ്രസിന്റെ ''തകരച്ചെണ്ട'' (The Tin Drum) നോവലെഴുത്തിന്റെ ലോകത്തെ ഒരു നാഴികക്കല്ലായിരുന്നു. സര്‍റിയലിസ്റ്റിക് കഥാപാത്രങ്ങളിലൂടെ രൂപപ്പെടുത്തിയെടുത്ത ഈ നോവലിന്റെ ആദ്യ രണ്ടു ഭാഗങ്ങള്‍ സിനിമാരൂപത്തിലേക്ക് മാറ്റിയിട്ടുണ്ട്.
പക്വത വന്ന മനസ്സോടെ ജനിച്ചുവീണ് മൂന്നാം വയസ്സില്‍ ഇനി ശാരീരികമായി വളരേണ്ടെന്നു തീരുമാനിച്ച ഓസ്‌ക്കാര്‍ മാറ്റ്‌സെറാത്തിന്റെ കഥയാണ് 'തകരച്ചെണ്ട.' ഓസ്‌ക്കാറിന്റെ മൂന്നാം പിറന്നാളിന് അവന് സമ്മാനമായിക്കിട്ടുന്ന 'തകരച്ചെണ്ട' അവന്റെ സന്തതസഹചാരിയാണ്. കുത്തിക്കയറുന്ന ശബ്ദത്തില്‍ അലറിക്കൂവി ജാലകച്ചില്ലുകളെ തകര്‍ത്തും വരിഞ്ഞുമുറുകിയ മുഖഭാവങ്ങളോടെ ശക്തിയില്‍ ചെണ്ടകൊട്ടിയും ഓസ്‌ക്കാര്‍ മദ്ധ്യവര്‍ഗ്ഗസമൂഹത്തിന്റെ നടപ്പുരീതികള്‍ക്ക് നേരെ ധാര്‍മ്മികരോഷം കൊള്ളുകയാണ്. നാസിസത്തിന്റെ ശക്തമായ ജൂതവിരുദ്ധത, വംശീയതയുടെ വിവേചനാത്മകമായ ക്രൂരത, പുരുഷമേധാവിത്വത്തിന്റെ അധീശത്വവും അവജ്ഞയും നിറഞ്ഞ ലൈംഗികവേഴ്ചകള്‍, കടപ്പാടുകള്‍ സൂക്ഷിക്കാത്ത ബന്ധങ്ങളുടെ ഭൗതികവത്ക്കരണം... അങ്ങനെ വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ പ്രതീകാത്മകമായി കഥ പടര്‍ന്നു കയറുകയാണ്. കാര്യങ്ങളെ വ്യാഖ്യാനിച്ച് മനസ്സിലാക്കേണ്ട ഈ കലാസൃഷ്ടി ആസ്വാദനത്തില്‍ അല്പം ബൗദ്ധിക പ്രയ്തനം കൂടി ആവശ്യപ്പെടുന്നുണ്ട്.
''യേശു ഒരു കൂനന്‍ ആയിരുന്നെങ്കില്‍ അവര്‍ക്ക് ഒരിക്കലും അവനെ കുരിശില്‍ തറയ്ക്കാനാവില്ലായിരുന്നു'' എന്ന് ഗ്രസ് എഴുതുമ്പോള്‍ അതില്‍ ഒരു കറുത്ത പരിഹാസമുണ്ട്. എന്നാല്‍ ഒരു രണ്ടാം വായനയില്‍ വ്യാഖ്യാനപരമായി ആ വാക്കുകള്‍ക്ക് കൂടുതല്‍ അര്‍ത്ഥഭംഗി വരുന്നു. ആരുടെ മുന്നിലും നട്ടെല്ലു വളച്ച് ഓച്ചാനിച്ചു നില്‍ക്കുന്നവന് അതിജീവിക്കാന്‍ പറ്റുന്നിടമാണ് നമ്മുടെ സമൂഹം; എന്നാല്‍ നട്ടെല്ലു വളയ്ക്കാതെ തന്റേടത്തോടെ ജീവിക്കുന്നവന് കുരിശുകളാണ് ഈ സമൂഹം കല്‍പ്പിച്ചു കൊടുക്കുന്നത്. ഈ വാക്കുകള്‍പോലെതന്നെ വ്യാഖ്യാനിച്ച് മനസ്സിലാക്കേണ്ടതാണ് മുരടിച്ച് നില്‍ക്കാന്‍ തീരുമാനിച്ച ഓസ്‌ക്കാറിന്റെ ശാരീരിക വളര്‍ച്ചയും. മനുഷ്യര്‍ ശാരീരികമായി വളര്‍ന്ന് പുഷ്ടിപ്പെടുകയും മാനസികമായി ശിശുക്കളായിരിക്കുകയും ചെയ്യുന്ന ലോകത്ത് ഒരു വെല്ലുവിളിയെന്നോണം പക്വമായ മനസ്സോടെ, വളരാന്‍ വിസമ്മതിച്ച ശരീരത്തോടെ, ഓസ്‌ക്കാര്‍ നിലകൊള്ളുന്നു.
മുതലാളിത്ത വ്യവസ്ഥിതി യാന്ത്രികമാക്കി മാറ്റിയ തൊഴിലാളി ജീവിതങ്ങളെക്കുറിച്ച് ഗ്രസ് ഏറെ ആകുലപ്പെട്ടിരുന്നു. ഖനിത്തൊഴിലാളിയായി ജീവിക്കേണ്ടിവന്നിട്ടുള്ള ഗ്രസിന് തൊഴിലാളി ജീവിതങ്ങള്‍ കടന്നുപോകുന്ന വ്യഥയുടെ ആഴങ്ങള്‍ അറിയാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ എഴുതിയത്: ''ശോകം ഇന്ന് ഒറ്റപ്പെട്ട വ്യക്തികളെ മാത്രം ബാധിക്കുന്ന ഒരു പ്രതിഭാസമല്ല. അത് തൊഴിലാളി വര്‍ഗ്ഗത്തിന്റെ മുഴുവന്‍ വിശേഷാവകാശമായി മാറിയിരിക്കുന്നു.'' സദാ പ്രവര്‍ത്തനനിരതമാവുക എന്ന സാങ്കല്പിക മൂല്യത്തിന് ജീവിതം അടിയറവ് വയ്ക്കുമ്പോഴാണ് തിരക്കുപിടിച്ച ജീവിതത്തിന്റെ ഇടവേളകളിലേയ്ക്ക് ശോകം കടന്നെത്തുന്നത്. അവസാനം എല്ലാവരും തിരക്കുപിടിച്ച് ചിന്തകളില്ലാതെ ജീവിക്കുന്ന അപാരമായ ആന്തരികസംഘര്‍ഷത്തിന്റെ ഒരു കാലം സംജാതമാകുന്നു.
അകവും പുറവും മറവുകളില്ലാതെ സുതാര്യമാകുന്ന നൈര്‍മ്മല്യത്തിന് ഗ്രസ് ഏറെ വില കല്‍പ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഉള്ളില്‍ അയാള്‍ ഏറെ സംഘര്‍ഷങ്ങള്‍ അനുഭവിച്ചിട്ടുമുണ്ട്. യൗവനത്തിന്റെ തുടക്കത്തില്‍ അയാള്‍ ഹിറ്റ്‌ലറിന്റെ നാസി വാഫന്‍ എസ്എസിലെ (Waffen SS) ലെ ഒരംഗമായിരുന്നു. എന്നാല്‍ അത് ലോകത്തോടു തുറന്നുപറയുന്നതില്‍ വലിയ ലജ്ജയും അറപ്പും അനുഭവിച്ചു. എന്നാല്‍ തന്റെ ആത്മകഥയിലൂടെ ഇത് വെളിപ്പെടുത്താന്‍ അയാള്‍ ഊര്‍ജ്ജം കണ്ടെത്തി. ''വിശ്വസിക്കുന്നവര്‍ സ്വന്തം നുണകളിലാണ് വിശ്വസിക്കുന്നത്'' എന്ന്, അയാള്‍ തിരിച്ചറിയുകയായിരുന്നു. വിശ്വാസം ചോദ്യം ചെയ്യപ്പെടാതെ നിലനില്‍ക്കുന്നത് മതത്തിലോ, രാഷ്ട്രീയ ആദര്‍ശത്തിലോ, സാമ്പത്തിക സംവിധാനത്തിലോ, വ്യക്തിമൂല്യങ്ങളിലോ എവിടേയുമാകട്ടെ അത് വലിയ നുണകളിലുള്ള വിശ്വാസമായി അധഃപതിക്കും. നിരന്തരം വിമര്‍ശനാത്മകമായി വിലയിരുത്തപ്പെടേണ്ടതാണ് എല്ലാ വിശ്വാസങ്ങളും.

കാപട്യത്തിന്റെയും ചോദ്യം ചെയ്യപ്പെടാത്ത വിശ്വാസത്തിന്റെയും ആദര്‍ശത്തിന്റെയും അധികാരത്തിന്റെയും കാലത്ത് 'നശീകരണമാണ് എന്റെ ദൗത്യം' എന്ന് 'തകരച്ചെണ്ട'യിലെ ഓസ്‌ക്കാറിനെപ്പോലെ ഗ്രസും വിശ്വസിച്ചിരുന്നിരിക്കണം. പാട്രിയാര്‍ക്കിയുടെ പ്രതിനിധിയായ തന്റെ പിതാവ് ആല്‍ഫ്രഡ് മരിക്കുന്ന ദിവസമാണ് ഓസ്‌ക്കാര്‍ തുടര്‍ന്ന് വളരാന്‍ തീരുമാനിക്കുന്നത്. അന്നുവരെ തന്റെ ധാര്‍മ്മികരോക്ഷങ്ങളുടെ പെരുമ്പറ മുഴക്കിയിരുന്ന 'തകരച്ചെണ്ട' ഓസ്‌ക്കാര്‍ അപ്പന്റെ ശവക്കുഴിലേയ്ക്ക് വലിച്ചെറിയുകയാണ്. ആത്മീയതയുടെ പരിപക്വതയില്‍തന്നെ ജന്മം കൊള്ളുന്ന നമ്മുടെ തലമുറയ്ക്ക് ജീവിക്കണമെങ്കില്‍ ഇവിടെ ആത്മീയ ഉപദേശങ്ങളോ കപടസമൂഹത്തിന്റെ പരിപോഷണങ്ങളോ അല്ല ആവശ്യം ഈ സമൂഹം സൃഷ്ടിച്ചുവെച്ചിരിക്കുന്ന വലിയ തടസ്സങ്ങളെ നീക്കിക്കളയുക മാത്രമാണ്. ഓസ്‌ക്കാര്‍ പറയുന്നതിങ്ങനെയാണ്: ''ഞങ്ങള്‍ ജനനത്തില്‍ തന്നെ ആത്മീയ വളര്‍ച്ച പൂര്‍ത്തീകരിച്ച, ഇന്ദ്രിയങ്ങള്‍ക്കതീതമായി കേള്‍ക്കാന്‍ ശക്തിയുള്ള കുഞ്ഞുങ്ങളാണ്. ഞങ്ങള്‍ക്ക് വേണ്ടത് അതിനെ ദൃഢീകരിക്കാനുള്ള ഇടം മാത്രമാണ്.''

Thursday, April 9, 2015

ആത്മാഭിമാനത്തിന്റെ അടിവസ്ത്രമുരിഞ്ഞെടുത്ത് കേരളത്തെ പട്ടണിയിക്കുന്നവര്‍


ദേശീയ അവാര്‍ഡിന് അര്‍ഹമായ പ്രിയദര്‍ശന്റെ 2008-ലെ ചലച്ചിത്രമാണ് 'കാഞ്ചീവരം'. കാഞ്ചീപുരം എന്ന തമിഴ്‌നാടന്‍ പട്ടണത്തിലെ പട്ടുനെയ്ത്തുകാരുടെ ശോചനീയമായ അതിജീവന കഥ പറയുന്ന ചിത്രമാണിത്. 1948-ല്‍ ജയില്‍ മോചിതനാകുന്ന വെങ്കിടം എന്ന പട്ടുനെയ്ത്തുകാരന്റെ ഓര്‍മ്മകളുടെ പിന്നാമ്പുറങ്ങളിലാണ് കഥ ആവിഷ്‌ക്കരിക്കപ്പെടുന്നത്.
കാഞ്ചീപുരത്തിന്റെ വിദഗ്ദ്ധ നെയ്ത്തുകാരനായിരുന്ന വെങ്കിടത്തിന്റെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു ഒരു പട്ടുസാരിയുടുപ്പിച്ച് തന്റെ ജീവിതപങ്കാളിയെ കതിര്‍മണ്ഡപത്തില്‍ എത്തിക്കുക എന്നത്. എന്നാല്‍ പട്ടു നെയ്യുന്നവന് അവന്റെ ജീവിതത്തിന്റെ ദരിദ്രമായ പരിമിതികള്‍ക്കുള്ളിലേക്ക് തന്റെ സ്വപ്നങ്ങളെ ഒതുക്കിനിര്‍ത്തേണ്ടിവന്നു. ഓരോ പട്ടുസാരിക്കും വെറും ഏഴുരൂപ മാത്രം നെയ്ത്തുകൂലി കിട്ടുന്ന നെയ്ത്തുകാരനെങ്ങനെയാണ് പട്ടുടുത്ത ഭാര്യയെ വിവാഹപ്പന്തലില്‍ സ്വപ്നം കാണാനാവുന്നത്!
ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം വെങ്കിടത്തിന് ഒരു പെണ്‍കുഞ്ഞ് ജനിക്കുമ്പോള്‍ സ്വന്തം കുഞ്ഞിനെ ആദ്യമായി കൈയ്യിലെടുത്ത് അവളുടെ കാതുകളില്‍ അപ്പ മന്ത്രിക്കുന്ന രഹസ്യമിതാണ്: ''രാശാത്തി, ഞാന്‍ നിന്നെ പട്ടുപുടവയണിയിച്ച് സുമംഗലിയാക്കും.'' തന്റെ നഷ്ടസ്വപ്നങ്ങളെ മകള്‍ക്കുവേണ്ടി തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന അപ്പ. ആ കുഞ്ഞുചെവിയില്‍ മന്ത്രിച്ച രഹസ്യം നടപ്പാക്കാന്‍ വേണ്ടിയാണ് തുണ്ടുംപൊട്ടുമായി കൈവന്ന ചെറുസമ്പാദ്യമെല്ലാം അയാള്‍ സ്വരുക്കൂട്ടിവെച്ചത്. എന്നാല്‍ കൊടുക്കാത്ത സ്ത്രീധനത്തിന്റെ പേരില്‍ തന്റെ സഹോദരിയെ ഉപേക്ഷിക്കുമെന്ന ഭീഷണി സഹോദരീഭര്‍ത്താവില്‍ നിന്ന് വന്നപ്പോള്‍ അവളുടെ ജീവിതം രക്ഷിക്കാനായി തന്റെ സമ്പാദ്യം അയാള്‍ക്ക് കൈമാറേണ്ടിവന്നു.
ഇക്കാലത്താണ് വെങ്കിടം കമ്മ്യൂണിസത്തിന്റെ സാമ്പത്തികസമത്വം എന്ന ആദര്‍ശത്തോട് അവിചാരിതമായി അടുക്കാന്‍ ഇടയാകുന്നത്. സാവകാശം നെയ്ത്തുതൊഴിലാളികള്‍ക്കിടയില്‍ യൂണിയന്‍ സ്ഥാപിച്ചുകൊണ്ട് തൊഴിലാളികള്‍ നേരിടുന്ന ചൂഷണത്തിനും തുച്ഛവരുമാനത്തിനും അവര്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ അവരുടെ ഉപയോഗത്തിന് നിഷിദ്ധമാകുന്നതിനുമെതിരെ ജന്മിമാര്‍ക്ക് മുന്നില്‍ ശബ്ദമുയര്‍ത്താന്‍ തുടങ്ങി. ധീരമായ സമരങ്ങളിലൂടെ തൊഴിലാളികളുടെ വേതനം ഉയര്‍ത്തുന്നതില്‍ വെങ്കിടം വിജയിച്ചു.
ഒരു പണിമുടക്കു സമരത്തിന്റെ കാലത്താണ് വളരെ തിരക്കുപിടിച്ച രീതിയില്‍ വെങ്കിടത്തിന് തന്റെ മകളുടെ വിവാഹം നടത്തേണ്ടിവരുന്നത്. പട്ടുസാരി തയ്യാറായിട്ടില്ല, വാങ്ങാന്‍ കൈയില്‍ പണമില്ല. ആകെക്കൂടി ജീവിതത്തില്‍ കൊണ്ടുനടന്ന ഒരു സ്വപ്നം, മകള്‍ക്ക് കൊടുത്ത ഏക വാക്ക്. എന്തു ചെയ്യും? യൂണിയന്‍ നേതാവ് എന്ന നിലയില്‍ പെട്ടെന്ന് തന്നെ സമരം ഒത്തുതീര്‍പ്പാക്കുന്നു. തൊഴിലാളികളോട് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുന്നു. വെങ്കിടം ഓരോ ദിവസവും നെയ്ത്തുശാലയിലെ ജോലിക്കുശേഷം മോഷ്ടിച്ചെടുക്കുന്ന ഒന്നോ രണ്ടോ പട്ടുനൂലുകള്‍  കൊണ്ട് വീട്ടിലെത്തി ഒളിച്ചിരുന്ന് മകള്‍ക്കുവേണ്ടി പുടവ നെയ്യുന്നു. എന്നാല്‍ പുടവ  പൂര്‍ത്തിയാക്കുംമുമ്പ് പട്ടുനൂല്‍ മോഷണത്തില്‍ അയാള്‍ പിടിക്കപ്പെടുകയാണ്. പിന്നെ പീഡനം, ജയില്‍ വാസം.
വര്‍ത്തമാനകാലത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ ചിത്രീകരിക്കുന്നത് ആള്‍ത്തിരക്കില്‍ ചവിട്ടേറ്റ് മരിച്ച വെങ്കിടത്തിന്റെ ഭാര്യയും കിണറ്റില്‍ വീണ് തളര്‍ന്ന് കിടപ്പിലായ മകളും ആരും കൈത്താങ്ങില്ലാത്ത ജീവിതാന്തരീക്ഷവും ചേര്‍ന്ന് ശോകമൂകമാക്കിയ കുടുംബപശ്ചാത്തലമാണ്. കള്ളന്റെ മകളെ നോക്കാനാവില്ലെന്ന് സഹോദരിയുടെ ഭര്‍ത്താവ് കണിശമായി പറഞ്ഞ് കൈയൊഴിയുന്നതോടെ ജീവിതം വഴിമുട്ടിപ്പോയ വെങ്കിടത്തിന് സ്വന്തം മകള്‍ക്ക് വിഷം കൊടുത്ത് അവഗണനകളും വേദനകളും ചൂഷണങ്ങളും ഇല്ലാത്ത ഒരു ലോകത്തിലേക്ക് യാത്രയാക്കുകയെന്നതു മാത്രമായിരുന്നു പോംവഴി. നെയ്തു പൂര്‍ത്തിയാക്കാത്ത പട്ടു പുടവ കൊണ്ട് അവളുടെ മൃതശരീരം മൂടുമ്പോള്‍ ചിരിച്ചുകൊണ്ട് ചിത്തഭ്രമത്തിന്റെ രക്ഷാമാര്‍ഗ്ഗത്തിലേക്ക് വെങ്കിടത്തിന്റെ മനസ്സ് ചേക്കേറുകയാണ്.
എന്തിനാണിപ്പോള്‍ ഈ കഥ ഓര്‍ത്തെടുത്തത്? തൃശ്ശൂര്‍ കല്യാണ്‍ സില്‍ക്‌സിന് മുന്നില്‍ കുറച്ച് സ്ത്രീകള്‍ കഴിഞ്ഞ ഡിസംബര്‍ 30 മുതല്‍ ഇരിക്കാന്‍ തുടങ്ങിയതാണ്, ഇരിപ്പ് സമരം എന്ന പേരില്‍. മൂന്ന് കാര്യങ്ങളാണ് അവര്‍ പ്രധാനമായും ആവശ്യപ്പെടുന്നത് - ഒന്നിരിക്കണം, പെടുക്കണം, പിന്നെ ശ്വാസം ഉള്ളിലേയ്ക്ക് എടുത്തുകൊണ്ടുതന്നെ എന്തെങ്കിലും കഴിക്കണം. അവ മനുഷ്യാവകാശ പ്രശ്‌നങ്ങളാണ്. പിന്നെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന തുച്ഛമായ വേതനം, സ്ഥിരതയില്ലാത്ത നിയമനം, സ്ഥലംമാറ്റം എന്നീ തൊഴിലാളി പ്രശ്‌നങ്ങളും ഇവര്‍ ഉന്നയിക്കുന്നു. അസംഘടിതമേഖലയിലെ തൊഴിലാളികളുടെ തുച്ഛവേതനത്തെക്കുറിച്ച് പറഞ്ഞവസാനിപ്പിക്കാനല്ല ഈ സമരം എന്നതാണ് ലളിതമായ ഒരു ചിന്ത. കാര്യങ്ങള്‍ മാനവിക മൂല്യത്തില്‍ നിന്നുതന്നെ ആരംഭിക്കണം.
പ്രായം കൂടിയ ഒരാളെ അയാള്‍ സീപ്പറോ പ്യൂണോ കുക്കോ ആണെന്ന ഒറ്റക്കാരണത്താല്‍ ബഹുമാനമില്ലാതെ പേരു വിളിക്കാനും ആജ്ഞാപിക്കാനും ആരാണ് നിങ്ങള്‍ക്ക് അവകാശം തന്നത്? വീട്ടില്‍ പാചകജോലി ചെയ്യുന്ന ഒരാളോട് നിങ്ങളുടെ തുണി അലക്കുന്നതടക്കം തോട്ടത്തിലെ ജോലികള്‍ വരെ ചെയ്യാന്‍ ആവശ്യപ്പെടാന്‍ കഴിയുന്നതെങ്ങനെ? എട്ട് മണിക്കൂര്‍ ജോലി എന്ന തൊഴില്‍ നിയമത്തിനുമപ്പുറം നിര്‍ബന്ധിച്ചോ നയത്തിലോ എങ്ങനെയാണ് ഒരു മനുഷ്യന്റെ ശാരീരികശേഷിയെ പ്രതിഫലമില്ലാതെ മുതലെടുക്കാനാവുന്നത്? ജോലി ചെയ്യിക്കുന്നവര്‍ മാത്രമല്ല ജോലി ചെയ്യുന്നവരും മനുഷ്യരാണ്. അവര്‍ യന്ത്രങ്ങളാണെന്ന കണക്കെ ആവശ്യം വേണ്ട വിശ്രമത്തിനും ആഹാരം കഴിക്കാനും ജോലിയിടങ്ങളില്‍ സംസാരത്തിലൂടെ സ്‌നേഹം പങ്കു വയ്ക്കാനും ഉള്ള അവകാശങ്ങള്‍ നിഷേധിക്കാന്‍ തൊഴില്‍ ദാതാവിന് കഴിയുന്നതെങ്ങനെ?
ഇനി വേതനത്തെക്കുറിച്ച്. വേതനം ഔദാര്യമല്ല, അവകാശമാണ്. ജോലിക്കാരനായി ജീവിക്കേണ്ട മനുഷ്യന്‍ തൊഴിലാളിയായി ജീവിക്കുന്നത് തന്നെ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ കാണാതെ പോകുന്ന ഏറ്റവും അടിസ്ഥാന പ്രശ്‌നങ്ങളിലൊന്നാണ്. മനുഷ്യന്‍ അടിസ്ഥാനപരമായി ജോലിക്കാരനാണ്, അയാള്‍ ഉല്‍പാദിപ്പിക്കുന്ന വസ്തുക്കളുടെ മേല്‍ അയാള്‍ക്കാണ് അവകാശം. എന്നാല്‍ മുതലാളിത്ത സംവിധാനത്തില്‍ മനുഷ്യന്റെ ഉത്പാദനശേഷിയെ പണം കൊടുത്ത് വാങ്ങിക്കുകയാണ് തൊഴില്‍ദാതാവ്. ഉത്പാദിപ്പിക്കുന്ന വസ്തുവില്‍ തൊഴിലാളിക്ക് യാതൊരുവിധ നിയന്ത്രണവും ഇല്ല താനും. മുതലാളിയുടെ സമ്പത്ത് തൊഴിലാളിയുടെ വിയര്‍പ്പാണ്. തൊഴിലാളിക്ക് കിട്ടുന്നതാകട്ടെ തുച്ഛവേതനവും. നിങ്ങള്‍ മനുഷ്യനല്ലാതായി മാറുന്നത് അനുഭവിച്ചറിയണമെങ്കില്‍ ഒരിക്കലെങ്കിലും ഈ ചൂഷണ സാമ്പത്തികവ്യവസ്ഥിതിയില്‍ ഒരു തൊഴിലാളിയായി ജീവിക്കണം. മാര്‍ക്‌സിന്റെ തത്വങ്ങള്‍ ക്ലാസ്മുറിയുടെ ചുമരുകള്‍ക്കിടയിലിരുന്ന് പഠിച്ച കാലത്ത് അതൊന്നും സത്യത്തില്‍ മനസ്സിലായിരുന്നില്ല. പിന്നീട് ഒരുവേള കൂലിവേലക്കിറങ്ങുമ്പോഴാണ് മനുഷ്യന്‍ എങ്ങനെ മറ്റൊരു മനുഷ്യന്റെ മുന്നില്‍ ആത്മാഭിമാനം നഷ്ടപ്പെട്ട് ഒരു വസ്തുവായി തീരുന്നു എന്നത് ബോധ്യമാകാന്‍ തുടങ്ങിയത്.
'കല്യാണ്‍ സില്‍ക്‌സ്' കേരളത്തെ പട്ടുപുടവയണിയിച്ചവര്‍ എന്ന് അവകാശപ്പെടുമ്പോള്‍ ഓര്‍ത്തുകൊള്ളണം അവിടെ തൊഴില്‍ ചെയ്യുന്ന നൂറുകണക്കിന് ആളുകളുടെ ആത്മാഭിമാനത്തിന്റെയും അതിജീവനത്തിന്റെയും അവസാന കീറത്തുണിയും വലിച്ചുപറിച്ചെടുത്തിട്ടാണ് അവരങ്ങനെ ചെയ്യുന്നതെന്ന്. ഇത് കല്യാണിന്റെ മാത്രം പ്രത്യേകതയല്ല, തുണിവ്യാപാരമേഖലയെ മൊത്തത്തില്‍ ബാധിച്ചിരിക്കുന്ന ഒരു മാരകരോഗമാണ്. തുടര്‍ച്ചയായി എട്ടും പത്തും മണിക്കൂര്‍ നിന്നനില്‍പ് നില്‍ക്കുന്നവര്‍, ധാര്‍ഷ്ട്യം കാണിക്കുന്നവനും അപമാനിക്കുന്നവനും സദാ സമയം ഒരു പ്ലാസ്റ്റിക് പുഞ്ചിരി കൈമാറേണ്ടവര്‍. അത് സ്വര്‍ണ്ണവ്യാപാര മേഖലയിലാവട്ടെ, നേഴ്‌സിംങ് മേഖലയിലാവട്ടെ, അംസഘടിതരായ അദ്ധ്യാപകര്‍ ജോലി ചെയ്യുന്ന അണ്‍എയ്ഡഡ് സ്‌കൂളുകളിലാകട്ടെ, കൈത്തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കിടയിലാവട്ടെ കാര്യങ്ങള്‍ ഏറെക്കുറെ ഇങ്ങനെയൊക്കെത്തന്നെയാണ്.
നെയ്ത്തിനെ ഒരു സമരായുധമായി സ്വീകരിച്ചപ്പോള്‍ ആ കൊച്ചുമനുഷ്യന്‍ കണ്ട രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉന്നതമായിരുന്നു. അല്ലാതെ ഈ ഇന്ത്യാ മഹാരാജ്യത്തിലെ സകല അഴിമതിയുടെയും കൂട്ടിക്കൊടുപ്പുകാര്‍ ഭാര്യയോ ധോബിയോ പശമുക്കി തേച്ചുകൊടുക്കുന്ന ഉടയാത്ത, ചെളി പുരളാത്ത ഖദറും ധരിച്ച് ആഡംബരക്കാറില്‍ തെക്കുവടക്ക് ചീറിപ്പായും എന്നതായിരുന്നില്ല. ആ ഗാന്ധിമാര്‍ഗ്ഗം പരാശ്രയം കൂടാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ മനുഷ്യരെ പ്രാപ്തരാക്കാനുള്ള ശ്രമമായിരുന്നു. പട്ടുപുടവയുടെ  ആഡംബരത്തില്‍ ലയിക്കാതെ ലളിതജീവിതവും ഉന്നതചിന്തയും ജീവിതചര്യയാക്കാനുള്ള ആഹ്വാനവുമായിരുന്നു. മണ്ണിനേയും ജലത്തേയും ഭീതിദമായ രീതിയില്‍ മലിനമാക്കുന്ന തീവ്രമായ നിറക്കൂട്ടുകളില്‍ നിന്ന് അകലം പാലിക്കാനുള്ള ഒരു പാരിസ്ഥിതിക ദര്‍ശനമായിരുന്നു.
പെണ്ണേ, നിന്നെ സുന്ദരിയാക്കുന്നത് പൊന്നോ പുടവയോ അല്ല, കല്‍ക്കട്ടാത്തെരുവിലെ കാരുണ്യത്തിന്റെ നീലക്കരയുള്ള കോട്ടണ്‍സാരിയാണ്.  തുഞ്ചാണി എളിയില്‍ മുറുക്കിക്കുത്തിയ നര്‍മ്മദയുടെ കരയില്‍ നിന്നുള്ള ധീരമായ നിലപാടിന്റെ ഖാദിസാരിയാണ്. ഇരിപ്പ് ഒരു പ്രതീകം മാത്രമാണ്. ഇരുന്നു വാഴുന്നവരുടെ ഇരിപ്പിടങ്ങളെ ഇളക്കുന്ന പ്രതീകം. 

Wednesday, March 4, 2015

നട്ടുച്ചയില്‍ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നവര്‍


തിമിരം ഒരു സാമൂഹ്യരോഗമായി മാറുന്ന കാലത്ത് എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറയുന്നത്! മനുഷ്യനേയും സര്‍വ്വചരാചരങ്ങളേയും സംരക്ഷിക്കുമെന്ന് നാം വിശ്വസിച്ചിരുന്ന ദൈവങ്ങളെ സംരക്ഷിക്കേണ്ടത് ഇന്ന് മനുഷ്യന്റെ ഉത്തരവാദിത്വമായി മാറിക്കഴിഞ്ഞിരിക്കുന്നു. ദൈവങ്ങള്‍ക്ക് നേരെയുള്ള ഒരു കൊച്ചു പ്രകോപനത്തെ പോലും നമുക്ക് സഹിക്കാനാകുന്നില്ല - അത് കലയില്‍ ആണെങ്കില്‍ പോലും. വൃണിത മതവികാരത്തിന്റെ പേരും പറഞ്ഞ് ഇറങ്ങുകയായി തെരുവിലേയ്ക്ക്.
മതവികാരം വൃണപ്പെട്ടുവെന്നു പറഞ്ഞ് അടുത്തയിടെ ഏറെ കോളിളക്കം സൃഷ്ടിച്ച സിനിമയാണ് 'പി.കെ.വൃണപ്പെടാന്‍ മാത്രം അതില്‍ എന്താണ് ഉണ്ടായിരുന്നത് - ദൈവനിഷേധമില്ലായിരുന്നു, ഏതെങ്കിലും മതത്തിനു നേരേ ഒറ്റതിരിഞ്ഞ് ആക്രമണമില്ലായിരുന്നു, എന്തിനേറെ ഒരു എന്റര്‍ടെയ്‌നര്‍ എന്നതിനപ്പുറം ആള്‍ദൈവങ്ങളുടെ സിദ്ധികളെ ശാസ്ത്രീയമായി ഒന്നു പൊളിച്ചെഴുതാന്‍ പോലുമായില്ല. എന്നാല്‍ ഇതേ വിഷയത്തില്‍ കാര്യങ്ങളെ കുറച്ചുകൂടി ഗൗരവത്തില്‍ സമീപിച്ചിരുന്ന മലയാള സിനിമയായിരുന്നു 2012 ല്‍ പുറത്തിറങ്ങിയ 'പ്രഭുവിന്റെ മക്കള്‍.' പ്രദര്‍ശനാനുമതി ഉണ്ടായിരുന്നെങ്കിലും 3000 പേര്‍ പോലും കാണാതെ തിയേറ്ററുകളില്‍ നിന്ന് അത് പുറന്തള്ളപ്പെടുകയാണ് ഉണ്ടായത്. പി.കെ. സൃഷ്ടിച്ച കോളിളക്കത്തിനുള്ളില്‍ ഇന്റര്‍നെറ്റ് ലോകത്തില്‍ അതു സജീവമായി. 1.5 ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു. അപ്പോഴും ഇറങ്ങി 'വൃണിത വികാരി'കള്‍ നിരോധിക്കണമെന്ന ആവശ്യവുമായി. 'പ്രഭുവിന്റെ മക്കളി'ല്‍   മതനിഷേധമുണ്ട്, നിരീശ്വരവാദമുണ്ട്, യുക്തിവാദമുണ്ട്, ആള്‍ദൈവങ്ങള്‍ക്കും അന്ധമായ വിശ്വാസത്തിനും എതിരേ വിമര്‍ശനമുണ്ട്.

ഇതിവൃത്തങ്ങള്‍
പി.കെ. ചിത്രീകരിക്കുന്നത് ഏതോ ഒരു വിദൂരഗ്രഹത്തില്‍ നിന്ന് ഭൂമിയില്‍ ഗവേഷണ ദൗത്യത്തിന് എത്തുന്ന ഒരു അന്യഗ്രഹ മനുഷ്യന്റെ കഥയാണ്. ഭൂമിയില്‍ അയാള്‍ക്ക് എല്ലാം അപരിചിതങ്ങളും അത്ഭുതാവഹങ്ങളുമാണ്, പ്രത്യേകിച്ച് വ്യത്യസ്ത മതങ്ങളും അവയുടെ വിശ്വാസങ്ങളും. ഒരു പത്രപ്രവര്‍ത്തകയെ കൂട്ടുപിടിച്ച് മതത്തിന്റെ അന്ധവിശ്വാസങ്ങളുടേയും ആള്‍ദൈവവിശ്വാസങ്ങളുടേയും പൊള്ളത്തരം പുറത്തുകൊണ്ടുവരുന്നതാണ് കഥ.
'പ്രഭുവിന്റെ മക്കളു'ടെ പ്രമേയം ദൈവാന്വേഷണത്തിലാണ് ആരംഭിക്കുന്നത്. കോളേജ് പഠനശേഷം നീണ്ട വര്‍ഷങ്ങള്‍ ആത്മീയതയുടെ വഴി തേടിപ്പോയ സിദ്ധാര്‍ത്ഥന്‍ തിരിച്ചു നാട്ടിലെത്തുന്നത് തന്റെ ജ്യേഷ്ഠതുല്യനായ മണിയുടെ നിരീശ്വര -യുക്തിവാദത്തിന്റെ വഴിയാണ് സത്യം എന്ന തിരിച്ചറിവോടെയാണ്. തുടര്‍ന്ന് രണ്ടുപേരും ചേര്‍ന്ന് മതങ്ങളുടേയും ആള്‍ദൈവങ്ങളുടേയും കള്ളി വെളിച്ചത്താക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഉള്ളടക്കം.
വരും കാലം കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയാത്തൊരു കാലമാണ്. ഇവിടെ സംവാദങ്ങള്‍ നടക്കേണ്ടതുണ്ട് - മതവും ശാസ്ത്രവും തമ്മില്‍, യുക്തിയും ബുദ്ധിയും തമ്മില്‍, മാനവികതയും ആത്മീയതയും തമ്മില്‍. അല്ലാതെ മതങ്ങളും ശാസ്ത്രവും യുക്തിചിന്തയും പ്രതിരോധങ്ങള്‍ തീര്‍ത്തതുകൊണ്ടും പരസ്പരം ആക്രമിച്ചതുകൊണ്ടും ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാം എന്ന് കരുതുന്നതില്‍ കാര്യമില്ല. അതുകൊണ്ടാണ് പകല്‍ വെളിച്ചംപോലെ വ്യക്തമായ ചില ചോദ്യങ്ങള്‍ ഇവിടെ ഉന്നയിക്കേണ്ടിവരുന്നത്:

മതത്തോട്
*             പരിണാമത്തെക്കുറിച്ചും മഹാവിസ്‌ഫോടനങ്ങളെക്കുറിച്ചും ശാസ്ത്രം തെളിമയോടെ സംസാരിക്കുമ്പോള്‍ കളിമണ്ണുകഥ കൊണ്ടും ബ്രഹ്മാവിന്റെ ശരീരത്തില്‍ നിന്നുള്ള സൃഷ്ടിക്കഥ കൊണ്ടും നിങ്ങള്‍ എങ്ങനെയാണ് പുതുതലമുറയോട് സംവദിക്കാന്‍ പോകുന്നത്?
*             നിങ്ങള്‍ നിങ്ങളുടേതല്ലാത്ത വേറൊരു മതത്തിന്റെയും ദൈവത്തില്‍ വിശ്വസിക്കാത്തിടത്തോളം കാലം നിരീശ്വരവാദികളില്‍നിന്ന് നിങ്ങള്‍ ഏറെ വിഭിന്നരാണോ? മറ്റ് ദൈവങ്ങളെ നിഷേധിക്കുന്ന അതേ യുക്തി ഉപയോഗിച്ച് നിരീശ്വരവാദികള്‍ നിങ്ങളുടെ മതത്തിന്റെ ദൈവത്തെക്കൂടി നിഷേധിക്കുന്നുവെന്നല്ലേയുള്ളൂ?
*             ഏതാനും ബില്യണ്‍ വര്‍ഷങ്ങള്‍ക്കുശേഷം സൂര്യന്‍ എരിഞ്ഞടങ്ങുമെന്നും അതിന് മുമ്പേ ഭൂമിയില്‍ ജീവന്‍ ഇല്ലാതാകുമെന്നും അതിനു ശേഷവും പ്രപഞ്ചം കോടാനുകോടി വര്‍ഷങ്ങള്‍ നിലനില്‍ക്കുമെന്നും ഭൂമി പോലെ ജീവന്‍ പേറുന്ന മറ്റ് ഗോളങ്ങള്‍ ഇനിയും ഏറെ പ്രപഞ്ചത്തില്‍ കണ്ടേക്കാമെന്നും ശാസ്ത്രം പറയുമ്പോള്‍ നിങ്ങള്‍ ആകാശത്തിന് മുകളിലെ സ്വര്‍ഗ്ഗത്തെക്കുറിച്ചും ഭൂമിക്ക് കീഴിലെ നരകത്തെക്കുറിച്ചും എന്താണ് പറയാന്‍ പോകുന്നത്?
*             ചരിത്രം പരിശോധിച്ചാല്‍ ഈ ഭൂമുഖത്ത് ഏറ്റവും കൂടുതല്‍ കലാപങ്ങളും കൊലപാതകങ്ങളും നടന്നിട്ടുള്ളത് ദൈവത്തിന്റെ പേരിലാണ്. മതത്തോട് വിട പറഞ്ഞുകൊണ്ടിരിക്കുന്ന ദേശങ്ങളില്‍ വികസനവും മാനവികമൂല്യങ്ങളും മതാത്മക സമൂഹങ്ങളേക്കാള്‍ പതിന്മടങ്ങ് വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു എന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍ പറയുമ്പോള്‍ നിങ്ങള്‍ എന്തു പറയും?

നിരീശ്വര-യുക്തിവാദികളോട്
*             ജീവിതത്തെ മൊത്തത്തില്‍ വിലയിരുത്തുന്നതിനുള്ള നിങ്ങളുടെ മാനദണ്ഡങ്ങള്‍ മനുഷ്യന്റെ ബുദ്ധിയും ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളും മാത്രമാണോ? ന്യൂറോണുകളുടെ ചില ക്രമമായ പ്രവര്‍ത്തനം കൊണ്ട് താളം തെറ്റാതെ നില്‍ക്കുന്ന യുക്തിചിന്തക്കും (ചിത്തഭ്രമം, മറവി, അബോധാവസ്ഥ ഇതൊന്നും ഒരു മനുഷ്യനും അന്യമല്ല) പഞ്ചേന്ദ്രിയങ്ങളിലൂടെ കരഗതമാകുന്ന ശാസ്ത്രീയ അറിവുകള്‍ക്കും ഉള്ളില്‍ യാഥാര്‍ത്ഥ്യങ്ങള്‍ അവസാനിക്കുന്നു എന്നു വിശ്വസിക്കുന്നതിലെ അയുക്തി നിങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കും?
*             നിങ്ങള്‍ പറയുന്നതു മാത്രമാണ് സത്യം, നിങ്ങളെപ്പോലെ ചിന്തിക്കാത്ത കോടാനുകോടി മനുഷ്യരുടെ ചിന്തകള്‍ അസത്യമാണെന്ന് പറയാനുള്ള ഉറപ്പ് നിങ്ങള്‍ക്ക് എവിടെ നിന്നാണ് കിട്ടുന്നത്?
*             ദൈവവിശ്വാസം പരീക്ഷണനിരീക്ഷണങ്ങളില്‍ അടിസ്ഥാനമിട്ട് തെളിയിച്ച യുക്തിഭദ്രമായ ഒരു ബൗദ്ധിക ചിന്തയായിട്ടല്ലല്ലോ മനുഷ്യവംശത്തില്‍ ആവിര്‍ഭവിച്ചത്. പിന്നെങ്ങനെ, കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകള്‍ക്കിടയില്‍ വളര്‍ന്നുവന്ന ശാസ്ത്രചിന്ത കൊണ്ട് മനുഷ്യന്റെ മതാത്മക ജീവിതത്തെ മുഴുവനായി വ്യാഖ്യാനിക്കാനാവും? ചിന്തകളെ അതിലംഘിച്ചു നില്‍ക്കുന്ന ഒരു ജീവിതശൈലിയാണ് മതം എന്നു പറയുമ്പോള്‍ ശാസ്ത്ര പഠനങ്ങള്‍ക്ക് അപ്പുറം നില്‍ക്കുന്ന സ്‌നേഹം, കാരുണ്യം, കടപ്പാട്, ആനന്ദം, സൗന്ദര്യം തുടങ്ങിയവയെ അളക്കുംപോലെ അസ്തിത്വപരമായ അളവുകോലുകളില്‍വച്ചല്ലേ മതത്തെ അളക്കേണ്ടത്?
*             പഞ്ചേന്ദ്രിയപരമായ ഭൗതികലോകം മാത്രമാണ് പരമസത്യമെങ്കില്‍ നിരന്തരം നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ (മനുഷ്യജീവിതം പോലും എത്ര ക്ഷണികം!) പിന്നെയെന്തിനാണ് ധാര്‍മികതയും സാമൂഹ്യക്രമവും?

ആള്‍ദൈവങ്ങളോട് (നിങ്ങള്‍ സത്യം പറയണം)
നിങ്ങള്‍ക്കെന്തേ സാധാരണ മനുഷ്യരെപ്പോലെ വസ്ത്രധാരണം ചെയ്താല്‍? എന്തിനാണ് നിങ്ങള്‍ ആടയാഭരണങ്ങള്‍ക്കും കളഭച്ചാര്‍ത്തുകള്‍ക്കും പിന്നില്‍ സ്വയം മറച്ച് സമൂഹമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടുന്നത്?
*             നിങ്ങള്‍ക്ക് ലൈംഗിക അഭിനിവേശം, ഇഷ്ടഭോജ്യങ്ങളോടുള്ള താല്‍പര്യം, അംഗീകാരത്തിനുവേണ്ടിയുള്ള ആഗ്രഹം... അങ്ങനെ ഞങ്ങള്‍ സാധാരണ മനുഷ്യര്‍ക്കുള്ള സംഗതികള്‍ ഒന്നുമില്ലേ?
*             നിങ്ങള്‍ക്ക് അത്ഭുതാവഹമായി രോഗശാന്തി കൊടുക്കാനാകുമെങ്കില്‍ പിന്നെ എന്തിനാണ് നിങ്ങളും നിങ്ങളെ ഉള്‍ക്കൊള്ളുന്ന മതസമൂഹങ്ങളും കോടിക്കണക്കിന് രൂപ മുതല്‍മുടക്കി ആശുപത്രികള്‍ നിര്‍മ്മിക്കുന്നത്?
*             നിങ്ങള്‍ ആത്മീയ അവതാരങ്ങളാകുന്നതിന് മുന്‍പും പിന്‍പും തമ്മില്‍ നിങ്ങളുടെ സാമ്പത്തികവും ഭൗതികവുമായ ആസ്തികളും സുഖസൗകര്യങ്ങളും ഒന്ന് താരതമ്യം ചെയ്യാമോ?
*             അതീന്ദ്രീയജ്ഞാനം, മനഃശാസ്ത്രം (പാരാസൈക്കോളജി) എന്നിവയുടെ സഹായത്തോടെ നിങ്ങള്‍ ദൈവിക പ്രവര്‍ത്തനം എന്ന നിലയില്‍ കാണിക്കുന്ന ദര്‍ശനം, അതീന്ദ്രീയ അറിവുകള്‍, സൗഖ്യം കൊടുക്കല്‍, ഉന്മാദാനുഭവങ്ങള്‍ എന്നിവ വിവരിക്കാമെന്നിരിക്കെ അവയിലെ ദൈവികത എന്താണെന്ന് പറഞ്ഞുതരാമോ?
*             നിങ്ങള്‍ക്ക് രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ താല്പര്യങ്ങള്‍ ഇല്ലെന്ന് നിങ്ങള്‍ പറയുന്നു. എന്നാല്‍  വ്യക്തമായ ഒരു വിശകലനത്തിലൂടെ നിങ്ങള്‍ക്ക് വര്‍ഗ്ഗീയ രാഷ്ട്രീയവും ക്യാപ്പിറ്റലിസത്തെ പിന്‍ചെല്ലുന്ന സാമ്പത്തിക നയവും മതത്തെ സ്വകാര്യവത്കരിക്കുന്ന സാമൂഹ്യനിലപാടുകളും ഉണ്ടെന്ന് സമര്‍ത്ഥിച്ചാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും?

വിശ്വാസികളോട്
*             സാമ്പത്തിക സുസ്ഥിതി, ആരോഗ്യസംരക്ഷണം, കുടുംബസമാധാനം, മനസ്സിനിണങ്ങിയ ജീവിത പങ്കാളി, വിദ്യാഭ്യാസനേട്ടം, ജോലി, പരലോക മോക്ഷം എന്നിവയല്ലാതെ മറ്റെന്തെങ്കിലും നിങ്ങള്‍ മതാത്മക ജീവിതത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നുണ്ടോ? ഏവര്‍ക്കും സാമ്പത്തിക സുരക്ഷിതത്വവും ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസ-ജോലി സാധ്യതകളും രാഷ്ട്രം വാഗ്ദാനം ചെയ്യുകയും മരണാനന്തരം കിട്ടുന്ന സ്വര്‍ഗ്ഗനരകങ്ങളെക്കുറിച്ചുള്ള മോഹനവാഗ്ദാനവും ഭീതിയും മതങ്ങള്‍ അവയുടെ ഔദ്യോഗിക പഠനത്തില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്താല്‍ പിന്നീട് നിങ്ങളുടെ മതാത്മകത എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ?
*             സ്വന്തം മതത്തിന് പുറമെയും രക്ഷാമാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന് സ്വന്തം മതം പഠിപ്പിക്കാന്‍ തുടങ്ങിയാല്‍ മറ്റു മതങ്ങളോടും മതരഹിതരായി ജീവിക്കുന്ന വ്യക്തികളോടും നിങ്ങളുടെ സമീപനം എന്തായിരിക്കും?
*             ഇപ്പോള്‍ നിങ്ങള്‍ അംഗമായിരിക്കുന്ന മതത്തിലല്ലാതെ മറ്റേതെങ്കിലും മതത്തിലാണ് നിങ്ങള്‍ ജനിച്ചിരുന്നതെങ്കില്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ കുടുംബക്കാര്‍ക്ക് എതിര്‍പ്പുള്ളപ്പോഴും സ്വയം തീരുമാനത്തില്‍ ഇപ്പോള്‍ വിശ്വസിക്കുന്ന മതത്തില്‍ ചേരുമായിരുന്നോ?

*             നിങ്ങള്‍ വിശ്വസിക്കുന്ന ദൈവം സര്‍വ്വശക്തനും എല്ലാം അറിയുന്നവനും എല്ലായിടത്തും ആയിരിക്കുന്നവനുമായിരിക്കെ എന്തിനാണ് ദൂരത്തിലുള്ള ചില പള്ളികളിലേയ്ക്കും അമ്പലങ്ങളിലേയ്ക്കും ധ്യാനകേന്ദ്രങ്ങളിലേയ്ക്കും നിങ്ങള്‍ അനുഗ്രഹം തേടി യാത്രപോകുന്നത്? ചില വ്യക്തികള്‍ വഴിയും ചില പ്രത്യേക സ്ഥലങ്ങളിലും മാത്രമേ ദൈവത്തിന് പ്രസാദിക്കാനാവൂ എന്ന് കരുതുന്നുണ്ടോ?  

Thursday, January 29, 2015

'മദ്യപന്റെ മാനിഫെസ്റ്റോ' മറിച്ചുനോക്കുമ്പോള്‍


''മദ്യപിക്കുന്നവരുടെ പെണ്ണുങ്ങള്ക്കും ചിലത് പറയാനുണ്ട്.''
''മദ്യപിക്കുന്ന പെണ്ണുങ്ങള്ക്കും ചിലത് പറയാനുണ്ട്.''
''മദ്യപര്ക്കും ചിലത് പറയാനുണ്ട്. അഭിപ്രായം പറയാനുള്ള ഇടമെങ്കിലും അനുവദിക്കണം.''
കുടുംബക്കാരി പെണ്ണുങ്ങള് ആവശ്യപ്പെട്ടു, മദ്യപാനി പെണ്ണുങ്ങള് ആവശ്യപ്പെട്ടു, മദ്യപര് ആവശ്യപ്പെട്ടു, ആര്ക്കും അനുവാദമോ, അഭിപ്രായം പറയാനുള്ള ഇടമോ, അഭിപ്രായത്തിന് അംഗീകാരമോ കൊടുക്കാതെ 2014 ആഗസ്റ്റ് 21-ന് കേരളത്തില് സുധീര മദ്യനയം പ്രഖ്യാപിക്കപ്പെട്ടു. പെണ്ണുങ്ങള് മേന്മോടിക്ക് പറഞ്ഞത് അവരങ്ങ് വിഴുങ്ങിക്കളയുകയും ചെയ്തു. തങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ  ധ്വംസനവും ഗവണ്മെന്റിന്റെ ചൂഷണവും ഇരട്ടത്താപ്പുനയവുമായി മദ്യനയത്തെ കണ്ട മദ്യപര് മാത്രം പ്രതികരിച്ചു, ഇന്നും പ്രതികരിച്ചുകൊണ്ടിരിക്കുന്നു. സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും വ്യക്തിനിഷ്ഠവുമായി കാര്യങ്ങളെ വിലയിരുത്തുന്ന പ്രതികരണശേഷിയുള്ള ഒരു മദ്യപാനിയുടെ പ്രതികരണമാണ് 'മദ്യപന്റെ മാനിഫെസ്റ്റോ' എന്ന ഗിരീഷ് ജനാര്ദ്ദനന്റെ 2014 നവംബറില് പുറത്തിറങ്ങിയ ലഘുപുസ്തകം.
''നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം'' എന്ന തലവാചകത്തോടെ  തുറക്കുന്ന പുസ്തകം അതിന്റെ പൊതുവിലുള്ള ആക്ഷേപഹാസ്യ സ്വഭാവത്തെ വെളിപ്പെടുത്തുന്നു. അതേസമയം ഒരു മദ്യപന് എന്ന നിലയില് തെളിമയാര്ന്ന കാര്ക്കശ്യേത്താടുകൂടിയ രാഷ്ട്രീയവും ചരിത്രപരവും സാമൂഹികവുമായ വിമര്ശനങ്ങളാണ് ഗിരീഷ് ഉന്നയിക്കുന്നത്.
പുസ്തകത്തിന്റെ ആമുഖത്തില് കെ.പി. സേതുനാഥ് ഇങ്ങനെ കുറിക്കുന്നു: ''ആഹാരം, വസ്ത്രം, ദൈവവിശ്വാസം, ലൈംഗീകാഭിരുചി തുടങ്ങിയവ വ്യക്തിപരമായ സ്വകാര്യതകളാണ്... ചരിത്രപരമായി ആര്ജ്ജിച്ച ജനാധിപത്യബോധത്തിന്റെ വിപരീതദിശയിലാണ് ഭരണകൂട സംവിധാനങ്ങളുടെ ഭൂമിക.'' വളരെ ഗൗരവമായി പരിഗണിക്കേണ്ട ചരിത്രബോധത്തെ തികച്ചും അവഗണിച്ച് വ്യക്തിയുടെ സ്വാതന്ത്ര്യത്തിലേയ്ക്കും അവകാശത്തിലേയ്ക്കും രാഷ്ട്രവും സമൂഹവും കടന്നുകയറുന്നതിനെതിരെയുള്ള ഒരു കലാപമാണ് 'മദ്യപന്റെ മാനിഫെസ്റ്റോ.''
'മദ്യപാനം ആരോഗ്യത്തിന് ഹാനികരം' എന്ന പതിവ് പല്ലവിയുടെ മറപിടിച്ച് ഭരണകൂടം  എന്താണ് ചെയ്യുന്നത്? ഇതിലേയ്ക്കുള്ളൊരന്വേഷണമാണ് 'ബിവറേജസിന്റെ മാളങ്ങള്', 'അന്യായമായ  മദ്യനികുതി', 'കള്ളത്തരത്തിന്റെ പ്രേരണാക്കുറ്റം', 'വാസവദത്തയുടെ സദാചാര പ്രസംഗം', 'സര്ക്കാര്  നരഹത്യകള്', 'മദ്യപന്റെ മാനിഫെസ്റ്റോ' എന്നീ കുറിപ്പുകളില് വിവരിക്കുന്നത്. 2011-ലെ കണക്കുകള് പ്രകാരം തയ്യാറാക്കിയ 'മദ്യപന്റെ മാനിഫെസ്റ്റോ' എന്ന കുറിപ്പില് സര്ക്കാര് കുടിയനെ പിഴിയുന്ന കണക്ക് കൃത്യമായി കൊടുത്തിരിക്കുന്നു. 30 രൂപ വിലയുള്ള ഒരു ഫുള് ബോട്ടിലിന് സര്ക്കാരിന് കിട്ടുന്ന ലാഭം 179 രൂപ. 8 രൂപ വിലയുള്ള ക്വാര്ട്ടറിന് സര്ക്കാരിന്റെ ലാഭം 51 രൂപ. ഇപ്പോഴത്തെ ഉമ്മന്ചാണ്ടി സര്ക്കാരടക്കം എല്ലാ സര്ക്കാരുകളും നഷ്ടം നികത്താന് ചെയ്തിരുന്നത് മദ്യനികുതി വര്ദ്ധിപ്പിക്കുക എന്നതായിരുന്നു. 2014 ഒക്ടോബര് 14-ന് ഭീകരമായ നിരക്കില് നികുതി വര്ദ്ധിപ്പിച്ച് ഖജനാവിലേയ്ക്ക് പണം കണ്ടെത്തിയ ഗാന്ധിയന് ഗവണ്മെന്റിന്റെ 'വാസവദത്തയുടെ സദാചാര പ്രസംഗം' ഓര്മ്മിപ്പിക്കാന് ഗ്രന്ഥകര്ത്താവ് ഗാന്ധിയുടെ വാക്കുകളെ 'അന്യായമായ മദ്യനികുതി' എന്ന കുറിപ്പില് ഇങ്ങനെ ഉദ്ധരിക്കുന്നു:
''മദ്യത്തില് നിന്നും മാദകൗഷധങ്ങളില് നിന്നുമുള്ള നികുതി അത്യന്തം ആക്ഷേപകരമായ ഒരു വരുമാനമാണെന്ന് ഓര്മ്മിക്കണം. ഏതു നികുതിയും ക്ഷേമകരമായിരിക്കണമെങ്കില് നികുതിദായകന്, ആവശ്യമായ സേവനത്തിന്റെ രൂപത്തില്, പത്തിരട്ടിയായി തിരികെ കിട്ടണം. എക്സൈസ് വകുപ്പ് ജനങ്ങളെക്കൊണ്ട് അവരുടെ സാന്മാര്ഗ്ഗികവും മാനസികവും ശാരീരികവുമായ അധഃപതനത്തിന് വില കൊടുപ്പിക്കുന്നു. താങ്ങാന് ലേശവും പാങ്ങില്ലാത്തവര്ക്ക് അത് ഒരു കനത്ത ഭാരമായിത്തീരുന്നു...1922-ല് തിരുവിതാംകൂര് രാജ്യത്തെ മൊത്തം വരുമാനമായ 1,96,70,130  രൂപയില് ഭൂനികുതി 38,18,652 രൂപ ആയിരിക്കേ, എക്സൈസ് നികുതി  46,94,300 രൂപയാണ്. ഇതു ഭരണത്തിന് വലിയ കളങ്കമാണെന്ന് ഞാന് വിചാരിക്കുന്നു.''
ഇന്ത്യയില് നിലനില്ക്കുന്ന മദ്യനികുതി സമ്പ്രദായം ഗാട്ട്കരാര് വ്യവസ്ഥകള്ക്ക് വിരുദ്ധവും അതിനെതിരാണെന്നും കാണിച്ച് പല യൂറോപ്യന് രാജ്യങ്ങളും അമേരിക്കയും ജപ്പാനും WTO-യുടെ മുമ്പാകെ തര്ക്കപരിഹാരത്തിന് വെച്ചിരിക്കുകയാണ്. എന്നെങ്കിലും ഒരു തിരിച്ചടിയോടെ ഇന്ത്യക്കെതിരെ കേസ് കത്തിജ്ജ്വലിക്കുമെന്ന് ഗ്രന്ഥകാരന് കരുതുന്നു.
ഇത്രയും തുക നികുതിയിനത്തില് മദ്യപരില് നിന്ന് പറ്റുന്ന സര്ക്കാര് അവര്ക്കുവേണ്ടി ഒരുക്കിയിരിക്കുന്നത് ഓക്കാനം വരുത്തുന്ന, ക്യൂവില് പോയി നിന്നാല് ആത്മാവഹേളനം ഉളവാക്കുന്ന, തലയില് ഹെല്മറ്റ് വെച്ച് നില്ക്കേണ്ട, മദ്യം മാന്യമായി പൊതിഞ്ഞുപോലും കൊടുക്കാതെ, ധാര്ഷ്ട്യത്തോടെ   പെരുമാറുന്ന വില്പനക്കാരുള്ള ബിവറേജസിന്റെ മാളങ്ങളാണ്. അതുകൊണ്ടാണ് ഇന്നോളം ഉത്തരം കൊടുക്കാന് പറ്റാത്ത ഒരു മനുഷ്യാവകാശ ചോദ്യം ഹൈക്കോടതി സര്ക്കാരിനോട് ചോദിച്ചത്: ''ആളുകളെ പെരുവഴിയില് നിര്ത്തി മദ്യം വില്ക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് യോജിച്ചതാണോ? ബിവറേജസിന്റെ എല്ലാ ഔട്ട്ലെറ്റുകളിലുമായി പ്രതിദിനം അഞ്ചുകോടിയുടെ വിറ്റുവരവുള്ള സര്ക്കാരാണ് എച്ചിത്തരം കാണിക്കുന്നത് എന്നോര്ക്കണം. എന്നിട്ടോ ബിവറേജസ് കൗണ്ടറില് കൈകടത്തി ഒരു ക്വാര്ട്ടര് 'ബിജോയ്സ് പ്രീമിയം' ചോദിക്കുമ്പോള് കിട്ടുന്നത് 'ഹണീബി'യായിരിക്കും, അതും അളവിലും ഗുണത്തിലും ആവുന്ന വെട്ടിപ്പെല്ലാം നടത്തി. അതുകൊണ്ട് ഗ്രന്ഥകാരന് ഇങ്ങനെ ചോദിക്കുന്നു: ''വിഷം വിറ്റ് കൊള്ളലാഭമെടുക്കുന്ന സര്ക്കാരിന് കച്ചവടം വൃത്തിയായും സുതാര്യമായും  ചെയ്യാനുള്ള ബാധ്യതയില്ലേ?''
'തലതിരിഞ്ഞ മദ്യനയത്തിന്റെ സൃഷ്ടികളായിരുന്നു സംസ്ഥാനത്തുണ്ടായ ഓരോ വിഷമദ്യദുരന്തവും' എന്ന ആരോപണത്തോടെ നരഹത്യാക്കുറ്റം സര്ക്കാരില് ചുമത്തുന്നതാണ് പുസ്തകത്തിന്റെ ഏറ്റവും രൂക്ഷമായ രാഷ്ട്രീയ വിമര്ശനം. ഇവിടെ വിളമ്പിയിരുന്ന ചാരായം തീര്ച്ചയായും 'നരകതീര്ത്ഥം' തന്നെയായിരുന്നു. ബിവറേജസ് വഴി മദ്യപര്ക്ക് ലഭിക്കുന്ന മദ്യത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താന് സര്ക്കാരിന് ഇന്നോളം ആയിട്ടില്ല. ആശുപത്രിയിലെ ശസ്ത്രക്രിയ ആവശ്യങ്ങള്ക്ക് ഉപയോഗിക്കുന്ന റെക്ടിഫൈഡ് സ്പിരിറ്റും വ്യവസായികാവശ്യങ്ങള്ക്കുപയോഗിക്കുന്ന മീഥൈല് ആല്ക്കഹോളുമൊക്കെയാണ് ചാരായ രൂപത്തില് ഇവിടെ കുടിക്കാന് കിട്ടിയിരുന്നത്. ചാരായ നിരോധനത്തിലൂടെ ഒരു തുഗ്ലക്ക് ഭരണപരിഷ്കാരം നടത്തിയ . കെ. ആന്റണി കേരളസമൂഹത്തിന് എന്തെങ്കിലും സംഭാവന ചെയ്തോ എന്നു ചോദിച്ചാല് ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, ചാരായപാനികള് അടുത്തുള്ള ബാറുകളിലേയ്ക്കും വിദേശമദ്യക്കടകളിലേയ്ക്കും നീങ്ങി കനത്ത നികുതിപ്പണമടച്ച് സര്ക്കാരിന് അമിത ലാഭമുണ്ടാക്കിക്കൊടുത്തു. 'ചാരായം കുടിക്കരുത്, ബ്രാണ്ടി കുടിക്കാം' എന്നൊരു മദ്യനയം മാത്രമായിരുന്നു ആന്റണിയുടെ നിരോധനം. ചാരായ നിരോധനത്തിന്റെ ശേഷം, അവിടം കൊണ്ടവസാനിച്ചില്ല. നിരോധനം നടപ്പിലാക്കിയ 1996 മുതല്ക്കിങ്ങോട്ട് വിവിധ മദ്യദുരന്തങ്ങളിലായി 98 ദാരുണ മരണങ്ങള്. മരിച്ചുജീവിക്കുന്നവരുടെ കണക്കുകള് ഇനിയും ലഭ്യമല്ല.
മദ്യത്തെ സദാചാരവുമായി കൂട്ടിക്കുഴയ്ക്കുന്നതിനെതിരെയുള്ള ഒരു കലാപമാണ് 'പണ്ടേ അലമ്പായ മലയാളി'. മദ്യനിരോധനത്തിലേയ്ക്ക് നയിക്കും വിധമുള്ള ഒരു മദ്യനയത്തിന്റെ പിന്നില് പ്രചരിപ്പിക്കപ്പെട്ട വാദം മദ്യപാനം സാമൂഹിക കുറ്റകൃത്യങ്ങളിലേയ്ക്ക് നയിക്കും എന്നതാണ്. കള്ള് കുടിച്ച് മത്തനായ ഒരാള് അരാജകമായ പെരുമാറ്റത്തിലേയ്ക്ക് നീങ്ങുകയും കുടുംബവും സമൂഹവും കലാപഭൂമികളായി മാറുകയും ചെയ്യുന്നുവത്രെ. ബിവറേജസ് കോര്പ്പറേഷനും ബാറുകളും രൂപപ്പെടാത്ത, നമ്പൂതിരി സമുദായം മദ്യപാനം നടത്താത്ത, ഒരു കാലഘട്ടത്തിന്റെ സൃഷ്ടിയായിരുന്നു അച്ഛനടക്കം അറുപത്തഞ്ച് പുരുഷകേസരികളാല് ഭോഗിക്കപ്പെട്ട 23 വയസ്സുകാരി കുറിയേടത്ത് താത്രി. ബാറുകള് തുറക്കപ്പെടാത്ത, ചാരായം വാറ്റില്ലാത്ത കാലത്താണ് നായര് തറവാടുകളില് പതിനൊന്ന് തികയാത്ത പെണ്കിടാങ്ങള് പ്രതിദിനം മൂന്നു സംബന്ധക്കാരാലും ഒരു ട്രെയിനിയാലും ഭോഗിക്കപ്പെട്ടത്. പല കീഴാള സമൂഹങ്ങളിലും ജേഷ്ഠാനുജന്മാര് ഒറ്റ ഭാര്യയെ പ്രാപിക്കുന്ന പാഞ്ചാലിരീതികള് നിലനിന്നിരുന്നു. ഇതൊന്നും മദ്യപാനശീലമില്ലാതിരുന്ന സമൂഹത്തിലാണെന്ന് ഓര്ക്കണം.
ഇതിനോടൊപ്പം ചേര്ത്ത് വായിക്കേണ്ടതാണ് 1978-ല് പാട്യം ഗോപാലന് നിയമസഭയില് നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള സൂചന. പ്രതിദിനം 16,000 കുപ്പികള് 14,000 പേര്ക്കായി വിറ്റുപോകുന്ന മാഹിയെ ഓര്മ്മിപ്പിച്ചുകൊണ്ടുള്ളതായിരുന്നു പ്രസംഗം: ''മാഹിയുടെ ചരിത്രത്തില് കഴിഞ്ഞ 50 കൊല്ലത്തിനിടയില് മാഹിക്കോടതിയില് ഇന്നുവരെ വന്നിട്ടുള്ളത് ഒരേയൊരു കൊലക്കേസാണ്. അത് ഒരു മോഷണക്കേസ് പിടികൂടുന്ന സന്ദര്ഭത്തില് പിടികൂടാന് ശ്രമിച്ചയാളെ മോഷ്ടാവ് കുത്തിയ സംഭവമായിരുന്നു.'' ഇത്തരം സൂചനകളുടെ ശേഷഭാഗമെന്നോണം വായിക്കേണ്ടതാണ് മദ്യപാനശീലമേയില്ലാത്ത മദ്ധ്യപൂര്വ്വേഷ്യന് മുസ്ലീം രാജ്യങ്ങളില് ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന കൊടിയ കലാപങ്ങളുടെ കഥ. തല വെട്ടാനും കൈവെട്ടാനും കണ്ണു ചൂഴ്ന്നെടുക്കാനും തീവ്രവാദത്തിന് ജന്മം കൊടുക്കാനും മദ്യത്തിന്റെ ആവശ്യമേയില്ലെന്ന് ഇതില്നിന്ന് വ്യക്തമാണല്ലോ. അല്ലെങ്കില് പിന്നെയെങ്ങനെയാണ് ഏറ്റവും സമാധാനപൂര്വ്വമായ രാജ്യങ്ങളുടെ ലിസ്റ്റില് മദ്യം വളരെ സുലഭമായ യൂറോപ്യന് രാജ്യങ്ങള് കടന്നുവരുന്നത്? ലോകത്തിന്റെ ഏറ്റവും സമാധാനപൂര്വ്വകമായ രാജ്യങ്ങളില് മുന്നിരയില് മദ്യം സുലഭമായ ഐസ്ലന്റ, ഡെന്മാര്ക്ക്, ഓസ്ട്രിയ, ന്യൂസിലാന്റ് എന്നിവയും, ഏറ്റവും അശാന്തി നിറഞ്ഞ ഇടങ്ങളായി കണക്ക്  ചേര്ക്കപ്പെട്ടിരിക്കുന്നത് മദ്യവര്ജ്ജനം മതവിശ്വാസംപോലെ കൊണ്ടുനടക്കുന്ന സിറിയ, അഫ്ഗാനിസ്ഥാന്, ദക്ഷിണ സുഡാന്, ഇറാക്ക് എന്നീ രാജ്യങ്ങളുമാണെന്നോര്ക്കണം. മദ്യപാനം നടത്താത്ത കടുത്ത മതവിശ്വാസികളായ താലിബാനികളാണ് കഴിഞ്ഞ ഡിസംബര് മാസത്തില് നൂറ്റിയമ്പതില്പ്പരം സ്കൂള്കുട്ടികളെ ദാരുണമായി കൊലപ്പെടുത്തിയത്. സദാചാരവും ക്രമസമാധാനവുമായി ബന്ധപ്പെടുത്താനുള്ള ശ്രമം യാതൊരുവിധ ആധികാരികതയുമില്ലാത്ത പൊള്ളവാദമെന്ന് ഇതില്നിന്ന് വ്യക്തമാണല്ലോ.
കൊണ്ടല്ലാതെ കണ്ടുപഠിക്കാത്ത ഒരു ജനതയാണ് നമ്മള്. വേണ്ട സാംസ്കാരിക - സാമൂഹിക - മനശ്ശാസ്ത്ര-ചരിത്രപരമായ പഠനങ്ങളൊന്നുമില്ലാതെ ഒരു നിയമനിര്മ്മാണത്തിലേയ്ക്ക് പോകണം എന്നു പറയുന്ന നമ്മുടെ സമൂഹവും രാഷ്ട്രീയപാര്ട്ടികളും എത്ര മണ്ടന്മാരാണ്! അടിച്ചമര്ത്തപ്പെട്ട ലൈംഗികത പോലെ അടിച്ചമര്ത്തപ്പെട്ട മദ്യപാനവും ആത്മനിയന്ത്രണമില്ലാത്ത ആസക്തിയില് എത്തിക്കില്ലേ? എല്ലാവരും മദ്യം ഉപയോഗിക്കുന്ന പാശ്ചാത്യസംസ്കാരത്തില് എന്തുകൊണ്ട് മദ്യപാനരോഗികളും മദ്യപാനം മൂലമുള്ള കുറ്റകൃത്യങ്ങളും അപൂര്വ്വം മാത്രമാകുന്നു? കേരളജനതയ്ക്ക് ഒരു 'മദ്യസാക്ഷരത' ആവശ്യമുണ്ടോ? മദ്യഅടിമകളെ സൃഷ്ടിക്കാത്ത കേരളത്തിന്റെ പ്രാദേശിക 'മദ്യസംസ്ക്കാരം' എങ്ങനെ അന്യംനിന്നുപോയി? - ഇങ്ങനെയുള്ള അടിസ്ഥാനപരമായ ചോദ്യങ്ങള് ഉന്നയിക്കാതെ 'മദ്യവര്ജ്ജന'മാണോ 'മദ്യനിരോധന'മാണോ വേണ്ടത് എന്ന ഉപരിപ്ലവമായ ചിന്തയിലാണ് നാം.
ചരിത്രത്തിലെ ഏറ്റവും ആദ്യത്തെ മദ്യനിരോധനത്തിനുതന്നെ ചീറ്റിപ്പോയ കഥയാണ് പറയാനുളളത്. അത് സംഭവിച്ചത് പൊതുവര്ഷം 2070 നും 1600 നും ഇടയില് ചൈന ഭരിച്ചിരുന്ന ഷിയാരാജവംശ കാലത്താണ്. യൂ രാജാവ് രാജ്യത്ത് മദ്യം നിരോധിച്ചു. അദ്ദേഹത്തിന്റെ മരണശേഷം അധികാരത്തില് വന്ന ക്വി അത് തിരികെ കൊണ്ടുവരികയും ചെയ്തു. കഴിഞ്ഞുപോയ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്തന്നെ മദ്യനിരോധനം പരീക്ഷിച്ച് പരാജയപ്പെട്ട രാജ്യങ്ങളാണ് കാനഡ, ഡെന്മാര്ക്ക്, റഷ്യ, ഐസ്ലാന്റ, നോര്വെ, ഹങ്റി, ഫിന്ലന്റ്, അമേരിക്ക. ഇന്ത്യയില് മദ്യനിരോധനത്തിന് കഴിഞ്ഞനൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതലുള്ള ചരിത്രമേയുള്ളൂ - ഗുജറാത്തില്, ആന്ധ്രയില്, തമിഴ്നാട്ടില്, ഹരിയാനയില്, മണിപ്പൂരില്. രണ്ട് ഘട്ടങ്ങളിലായി ആന്ധ്രയില് 13 കൊല്ലത്തെ നിരോധനം. ഹരിയാന രണ്ട് വര്ഷത്തോളം കുടിക്കാതിരുന്നു. തമിഴ്നാട് 20 കൊല്ലം കുടിനിര്ത്തിയ 'നല്ല കുട്ടി'യായിരുന്നു, വീണ്ടും 'തെമ്മാടി'യായി. 17 കൊല്ലം നീണ്ട പരീക്ഷണം നടത്തിയ മിസോറാം കഴിഞ്ഞ കൊല്ലം അത് അവസാനിപ്പിച്ചു. വെറും അനുഷ്ഠാനപരമായി കൊണ്ടുനടക്കുന്ന നിരോധനം അവസാനിപ്പിച്ചേക്കാം എന്ന ചിന്തയിലേക്ക് നാഗാലാന്റും ഏറെക്കുറെ എത്തിയിട്ടുണ്ട്. മോദിയുടെ മതേതരത്വത്തിന്റെ ആദര്ശമുഖം കണക്കെ മദ്യനിരോധനത്തിന്റെ ആദര്ശമുഖവും ഇപ്പോഴും നിലനില്ക്കുന്നിടം ഗുജറാത്താണ് - അകത്തൊരു മുഖം, പുറത്ത് മറ്റൊന്ന്
ലഹരി ഉപയോഗത്തിന്റെ ആരോഗ്യപ്രശ്നങ്ങള് വിട്ടുകളയാന് ഗ്രന്ഥകര്ത്താവിന് ന്യായമായ അവകാശമുണ്ട്; കാരണം കേരളക്കര ഇന്നോളം സംസാരിച്ചിട്ടുള്ളത് ലഹരി ഉപയോഗത്തിന്റെ ആരോഗ്യ-അരാജക പ്രശ്നങ്ങള് മാത്രമാണ്. എന്നാല് പുരുഷവത്ക്കരിക്കപ്പെട്ടുപോയ ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ, ലഹരിയുടെ ലോകത്തെക്കുറിച്ച് അദ്ദേഹം ഒരു കുറിപ്പുപോലും ചേര്ത്തില്ല എന്നത് പുരുഷാധിപത്യത്തെ മദ്യത്തിന്റെ ലോകത്ത് അംഗീകരിച്ചുറപ്പിക്കുന്നതിന്റെ ഒരു സൂചകമായി വേണമെങ്കില് കണക്കാക്കാവുന്നതാണ്. സ്ത്രീയും പുരുഷനും കുടുംബത്തിലും സമൂഹസദസ്സുകളിലും ഒരേ തീന്മേശയുടെ ഇരുപുറങ്ങളിലുമിരുന്ന് സമാധാനത്തിലും സന്തോഷത്തിലും മദ്യപിക്കുന്ന നാടുകളെക്കുറിച്ച് എഴുത്തുകാരന് അറിയാത്തതുകൊണ്ടല്ല എന്ന് സ്വാഭാവികമായും വിചാരിക്കണം. എങ്കില്പ്പിന്നെ ആണ്കോയ്മയുടെ മദ്യസംസ്കാരവുമായി അദ്ദേഹം സന്ധിയിലായോ എന്ന് സ്വഭാവികമായും സംശയിക്കണം.