Saturday, March 27, 2021

സന്യാസത്തിന്റെ സംഘര്‍ഷഭൂമിയാകുന്ന ഫ്രാന്‍സിസ്ക്കന്‍ മനസ്സ്
-------------------------------------------------------------------------------------------------

ജീവിതത്തില്‍ ആരോടെങ്കിലും ഒരിക്കല്‍ ആത്മാര്‍ത്ഥമായ ക്ഷമാപണം (apology) നടത്തണമെങ്കില്‍ അത് ആദ്യം എന്നോട് തന്നെയായിരിക്കണം എന്നെന്നെ പഠിപ്പിച്ചത് അസ്സീസിയിലെ ഫ്രാന്‍സിസാണ്.  അയാള്‍ ജീവിതത്തിന്‍റെ അവസാനം രോഗക്കിടക്കയില്‍ വെച്ചാണ് സ്വന്തം ശരീരത്തെ നോക്കി ഇങ്ങനെ പറഞ്ഞത്: "സഹോദരന്‍ കഴുതേ, നീ എന്നോട് പൊറുക്കണം. ഞാന്‍ നിന്നെ അകാരണമായി വല്ലാതെ പീഡിപ്പിച്ചു." സഭ ദരിദ്രനെ കാണാതെ സുഖലോലുപതയിലും അധികാരഭ്രമത്തിലും അഭിരമിക്കുന്ന കാലത്തായിരുന്നു ഫ്രാന്‍സിസ് ചരിത്രത്തില്‍ രംഗപ്രവേശം നടത്തുനത്. ദരിദ്രന്റെ പക്ഷം ചേരുക, ദുര്‍ബലനോടൊപ്പം നിലപാടെടുക്കാന്‍ സഭയെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തന്‍റെ ജീവിതശൈലിയുടെ മുഖമുദ്രയായി ദാരിദ്രവും വിനയവും സഹനവും ഫ്രാന്‍സിസ് മാറ്റുന്നത്. ക്രിസ്തുചൈതന്യത്തിനപ്പുറം ജീര്‍ണ്ണതയിലേയ്ക്ക് വഴിവിട്ടുപോയ ഒരു സഭയെ വീണ്ടെടുക്കാന്‍ അവന്‍റെ എളിയബുദ്ധിയില്‍ തോന്നിയ വഴികളിലൊക്കെ അവന്‍ ശ്രമിച്ചു. ചിലതൊക്കെ അമിതപരിത്യാഗത്തിന്‍റെ വഴികളെന്ന് തോന്നിത്തുടങ്ങിയപ്പോഴാണ് അദ്ദേഹം സ്വന്തം ശരീരത്തോട് തന്നെ മാപ്പിരക്കുന്നത്.  അവന്‍ അനുഗമിക്കാന്‍ ശ്രമിച്ച ക്രിസ്തു ദരിദ്രനും വിനീതനും ക്രൂശിതനുമായിരുന്നു. എന്നാല്‍ ചരിത്രത്തിലെ ക്രിസ്തു ഫ്രാന്‍സിസ് മനസ്സിലാക്കിയ അത്രയും ദരിദ്രനോ വിനീതനോ അല്ലായിരുന്നു. ചരിത്രത്തിലെ ക്രിസ്തു 'ഭോജനപ്രിയനും വീഞ്ഞുകുടിയനും' (മത്തായി 11:19) എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ട്. തന്നെ അകാരണമായി അടിച്ച അധികാരിയെ ചോദ്യം ചെയ്യുന്നുണ്ട് (യോഹ 18:23), കാപട്യം കാണിക്കുന്നവരേയും അധികാരം പ്രയോഗിക്കുന്നവരേയും നിശിതമായി വിമര്‍ശിക്കുന്നുണ്ട് (മത്തായി 23: 1-39). 
അയാളുടെ വഴികള്‍ നമ്മള്‍ കണ്ടുശീലിച്ച ക്രസ്തീയസന്യാസത്തിന്റേത് അല്ലായിരുന്നു. അത് അടുക്കുംചിട്ടയുമുള്ള, കൂട്ടക്രമത്തിന്‍റെ കടുംപിടുത്തമുള്ള, നിയമങ്ങളുടേയും ചട്ടങ്ങളുടേയും സന്യാസഭവനത്തിന്‍റെ അറയ്ക്കുള്ളില്‍ പുതുമകളില്ലാതെ ആവര്‍ത്തന വിരസമാകുന്ന കൊച്ചിടത്തില്‍ ജീവിച്ചുപോയതാല്ലായിരുന്നു കഷ്ടിച്ച് ഇരുപത് വര്‍ഷങ്ങള്‍ മാത്രം നീണ്ട ആ അലയുന്ന സന്യാസിയുടെ ജീവിതം. ജീവിതത്തെ ഒരു സത്യാന്വേഷണപരീക്ഷണമാക്കാന്‍ അയാള്‍ സ്വയം വിട്ടുകൊടുക്കുകയായിരുന്നു. അരൂപിയുടെ കാറ്റില്‍ അവന്‍റെ ജിവിതം പലവഴിയില്‍ വീശിഎറിയപ്പെട്ടു.   കാറ്റ് നയിച്ച വഴിയിലൊക്കെ അവന്‍ പറന്നുപോയി. പത്തൊന്‍പത് - ഇരുപത് വര്‍ഷങ്ങള്‍ അവന്‍ സഞ്ചരിച്ച ദൂരം, കണ്ടുമുട്ടിയ മനുഷ്യര്‍, കടന്നുപോയ ജീവിതാനുഭവങ്ങളുടെ വൈവിധ്യങ്ങള്‍, ഭ്രാന്തമായ അലച്ചിലുകള്‍....! സിനോപ്പയിലെ ഡയോജനീസിന്റെയും എ. അയ്യപ്പന്റെയും ജോണ്‍ അബ്രാഹത്തിന്റെയും ജന്മപരമ്പരയില്‍ പെട്ടൊരാള്‍, ബാവൂലുകളുടെ വേഷത്തില്‍ നീട്ടിവളര്‍ത്തിയ താടിമുടികളോടെ ഉബ്രിയായുടെ പൊടിപാറുന്ന നാട്ടുവഴികളിലൂടെ നടന്നുപോയൊരാള്‍, കുരുവിക്കൂട്ടങ്ങളോട് ചങ്ങാത്തംകൂടി നടന്നൊരാള്‍... 
സന്ന്യാസം ചുറ്റുമതിലുകള്‍ക്കുള്ളിലും, ആവൃതികള്‍ക്കുള്ളിലും ജീവിച്ചിരുന്ന കാലത്ത് പാശ്ചാത്യസമൂഹത്തില്‍ ഫ്രാന്‍സിസ് ആരംഭിച്ചത് സന്ന്യാസ ചരിത്രത്തിലെ തന്നെ വ്യത്യസ്തമായ ഒരു മുന്നേറ്റമായിരുന്നു - അലയുന്ന സന്ന്യാസികളുടെ സമൂഹം (മെന്‍ഡിക്കന്‍സ്). ഗ്രാമങ്ങളിലും പര്‍ണ്ണശാലകളിലും പട്ടണങ്ങളുടെ തെരുവോരങ്ങളിലും അവര്‍ സന്ന്യാസം ജീവിച്ചു. 'കുറുനരികള്‍ക്ക് മാളങ്ങളുണ്ട്, ആകാശപറവകള്‍ക്ക് കൂടുകളുമുണ്ട്, മനുഷ്യപുത്രനു തലചായ്ക്കാനിടമില്ല' എന്നു പറഞ്ഞു ജീവിതം മുഴുവന്‍ സഞ്ചാരിയായി അലഞ്ഞ പാലസ്തീനായിലെ ഗുരുവിന്റെ കാലടികളെ തേടിനടക്കുകയായിരുന്നു അയാള്‍.
ഫ്രാന്‍സിസ് ഒരു യാത്രികന്‍ മാത്രമായിരുന്നില്ല, യാത്രയുടെ ചരിത്രത്തിലെ ഒരു ചലനം തന്നെയായിരുന്നു. ക്രിസ്തുശിഷ്യനായിരിക്കുക എന്നതിന്റെ മറുവാക്ക് നിരന്തരം വഴിയിലായിരിക്കുക എന്നതാണെന്ന് അയാള്‍ വിശ്വസിച്ചു. അയാള്‍ കൂടുതലും നടന്നത് ഓരം ചേര്‍ന്നായിരുന്നു. ഈ ലോകത്തില്‍ പരദേശികളെപ്പോലെയും തീര്‍ത്ഥാടകരെപ്പോലെയും ജീവിക്കാന്‍ ഫ്രാന്‍സിസ് തന്റെ സഹോദരന്മാരോടു നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. സുബാസിയോ കാടുകളിലൂടെ, സ്‌പൊളേറ്റോ താഴ്‌വാരത്തിലൂടെ, അസ്സീസിയില്‍ നിന്നു ജറുസലേമിലേക്ക്, അസ്സീസിയില്‍ നിന്ന് റോമിലേക്ക്, ലവേര്‍ണാ മലമുകളിലേക്ക്, പെറൂജിയായിലേക്ക്, അപ്പൂല്യായിലേക്ക്, ഗുബിയോയിലേക്ക്, സ്‌പെയിനിലേക്ക്, ഈജിപ്തിലേക്ക്, ഉംബ്രിയായുടെ എല്ലാ ഗ്രാമങ്ങളിലേക്കും. എല്ലാ യാത്രകള്‍ക്കും ശേഷം തിരിച്ച് തന്റെ അസ്സീസിയിലേക്ക്. വാഹനങ്ങള്‍ ഇല്ലാതിരുന്ന പത്ത് നൂറ്റാണ്ടുകള്‍ക്കപ്പുറം കുതിരപ്പുറത്ത് കയറാന്‍ വിസമ്മതിച്ച ഈ കൊച്ചു മനുഷ്യന്‍ ഇരുപതുവര്‍ഷം കൊണ്ട് ഇത്രയേറെ കാതം എങ്ങനെ നടന്നു തീര്‍ത്തു എന്ന് അത്ഭുതം തോന്നിയിട്ടുണ്ട്. ഇതു സാന്യാസത്തിന്‍റെ പൗരസ്ത്യ പാരമ്പര്യമാണ്. വഴിതെറ്റി പടിഞ്ഞാറു പോയി പിറന്ന കിഴക്കിന്റെ സന്യാസിവര്യനാണു ഫ്രാന്‍സിസ് എന്നു പറയുന്നതില്‍ തെറ്റില്ല. കിഴക്കിന്റെ ഗുരുപാരമ്പര്യങ്ങളിലൊക്കെയുണ്ട് ഒരു ദേശാടനത്തിന്റെ കഥ. അത് ഇന്ത്യയെ  കണ്ടെത്താനലഞ്ഞ വിവേകാനന്ദനിലാകട്ടെ, ബോധോദയം തേടി കൊട്ടാരം വിട്ടിറങ്ങിയ സിദ്ധാര്‍ത്ഥനിലാകട്ടെ, പലായനത്തിന്റെയും തീര്‍ത്ഥാടനത്തിന്റെയും ദൂരങ്ങള്‍ മക്കയ്ക്കും മദീനക്കുമിടയില്‍ നടന്നുതീര്‍ത്ത മുഹമ്മദിലാകട്ടെ നടവഴികള്‍ മാറുന്നുവെന്നേയുള്ളൂ.
സ്വതസിദ്ധ പ്രേരണയില്‍ തികച്ചും സമ്മര്‍ദ്ദങ്ങളില്ലാതെ ജീവിക്കേണ്ട, അപൂര്‍വ്വം ചിലരില്‍ കാണുന്ന, ഒരു 'നാച്യുറല്‍ ട്രെയിറ്റ്' ആണ് സന്യാസം. സ്ഥാപനവല്‍കൃതമാവുകയും പൊതുവത്ക്കരിക്കപ്പെടുകയും  ചെയ്യാന്‍ തുടങ്ങിയതു മുതല്‍ അതിന്റെ പരാജയം വെളിവാകുന്നുണ്ട്.

 ''എന്റെ പ്രിയ സഹോദരന്മാരെ, എന്റെ ഭാഗം ഞാന്‍ ചെയ്തുകഴിഞ്ഞു; നിങ്ങളുടേത് എന്താണെന്ന് ക്രിസ്തുതന്നെ നിങ്ങളെ പഠിപ്പിക്കട്ടെ.'' മരണക്കിടക്കയിലെ ഫ്രാന്‍സിസിന്റെ അവസാന വാചകങ്ങളില്‍ ഒന്നായിരുന്നു ഇത്. സാഹോദര്യവും സന്ന്യാസജീവിതദര്‍ശനങ്ങളും തമ്മില്‍ നിരന്തര സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ട ഉഴവുപാടമായിരുന്നു ഫ്രാന്‍സിസിന്റെ മനസ്സ്. 22-ാം വയസ്സില്‍ തനിക്കുതന്നെ വേണ്ടത്ര വ്യക്തതയില്ലാത്ത ജീവിതത്തിന്റെ ഒറ്റയാള്‍ വഴിയിലേക്ക് ഇറങ്ങിനടക്കുമ്പോള്‍ ചുറ്റും ഒരു കൂട്ടം സുഹൃത്തുക്കള്‍ കൂടെയുണ്ടാകുമെന്ന് അയാള്‍ സ്വപ്നത്തില്‍പോലും വിചാരിച്ചിരുന്നില്ല. ആദ്യസുഹൃത്ത് ബെര്‍ണഡ് ക്വിന്റവാലെ കൂടെച്ചേരാന്‍ വരുമ്പോള്‍ അയാളെ പറഞ്ഞ് നിരുത്സാഹപ്പെടുത്തി അയയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു ഫ്രാന്‍സിസ്. പിന്നെ അത് അയാളുടെ വ്യക്തിപരമായ തീരുമാനമാണെന്നും ദൈവവചനം സാക്ഷ്യപ്പെടുത്തുന്നതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്നും ബോധ്യപ്പെട്ടു കഴിയുമ്പോഴാണ് കൂടെ ചേരാന്‍ അയാളെ അനുവദിക്കുന്നത്. സ്വന്തം തിരിച്ചറിവില്‍, ഏതോ ഒരു ദര്‍ശനത്തിന്റെ വെളിച്ചത്തില്‍, അങ്ങനെയായിരുന്നു ആദ്യകാല സഹോദരന്മാരെല്ലാം ഒരുമിച്ചുകൂടിയത്.
എന്നാല്‍ കാലം പോയി. ഫ്രാന്‍സിസ് ആരാണെന്നറിയാത്തവരും നടക്കേണ്ട വഴിയെക്കുറിച്ച് ദര്‍ശനങ്ങളുടെ വ്യക്തതയില്ലാത്തവരും എന്തൊക്കെയോ ചില സുരക്ഷിതത്വങ്ങളെ കണ്ട് ആ സാഹോദര്യസമൂഹത്തിന്റെ ഭാഗമാകാന്‍ തുടങ്ങി. കാര്യങ്ങളൊക്കെ ഫ്രാന്‍സിസിന്റെ കൈപ്പിടിയില്‍ നിന്നു വിട്ടുപോവുകയായിരുന്നു. അതേസമയം താന്‍ ജീവിക്കാനാഗ്രഹിച്ച സന്യാസ സ്വപ്നത്തില്‍ വെള്ളം ചേര്‍ക്കാന്‍ ഫ്രാന്‍സിസ് തയ്യാറായതുമില്ല. അതുകൊണ്ടാണ് മരണക്കിടക്കയിലും അയാള്‍ സഹോദരന്മാരോടിങ്ങനെ പറയുന്നത്, ''എന്റെ സഹോദരന്മാരേ, കാലം മാറിമറിയുമെന്ന് എനിക്കറിയാം. പുത്തന്‍ സംസ്‌ക്കാരങ്ങള്‍, പുത്തന്‍ സമ്മര്‍ദ്ദങ്ങള്‍, പുതിയ ആവശ്യങ്ങള്‍ എന്നിവ ഉണ്ടാകും. എന്നാല്‍ ഒരു കാര്യം മാത്രം ഞാന്‍ നിങ്ങളോട് യാചിക്കുകയാണ് - എന്റെ കഥകള്‍ നിങ്ങളുടെ സ്വപ്നങ്ങളെ തൊടണം. എന്റെ സ്വപ്നങ്ങള്‍ നിങ്ങളുടെ കഥകളാകണം.'''
''തെരുവിനെ ഞാനെന്റെ ആവൃതിയാക്കു''മെന്നു പറഞ്ഞ് തുടങ്ങിയ സന്യാസജീവിതശൈലി ഏലിയാസ് സഹോദരന്റെ കീഴില്‍ സ്ഥാപനവത്കൃത രൂപങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയിരുന്നു. അക്കാലങ്ങളില്‍ ഫ്രാന്‍സിസും അദ്ദേഹത്തിന്റെ ഹൃദയത്തെ അടുത്തറിഞ്ഞ ആദ്യകാല സുഹൃത്തുക്കളും ആള്‍ക്കൂട്ടമായി മാറിയ സഹോദരസമൂഹത്തില്‍നിന്ന് ഒരകലം പാലിച്ച് അല്‍വേര്‍ണയിലും സുബാസിയോ മലഞ്ചെരുവിലുമായി ഏകാന്തവിചിന്തനത്തില്‍ ഈ ആന്തരിക സംഘര്‍ഷത്തെ നേരിടുകയായിരുന്നു. ഇത് സന്യാസത്തിന്റെ ആദര്‍ശങ്ങളും സാഹോദര്യത്തിന്റെ മൂല്യച്യുതിയും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. ആദര്‍ശത്തിനു വേണ്ടി സാഹോദര്യം ത്യജിക്കണമോ സാഹോദര്യത്തിനു വേണ്ടി ആദര്‍ശത്തില്‍ വെള്ളം ചേര്‍ക്കണമോ - ഇതായിരുന്നു ഫ്രാന്‍സിസിന്റെ സംഘര്‍ഷം. നീണ്ട വിചിന്തനത്തിനൊടുവിലാണ് ഫ്രാന്‍സിസ് ലിയോ സഹോദരനോട് പരിപൂര്‍ണ്ണ ആനന്ദത്തെക്കുറിച്ചുള്ള ആ കഥ പറയുന്നത്.  കഥയുടെ അവസാനം ഫ്രാന്‍സിസ് പറഞ്ഞതിങ്ങനെ: ''ലിയോ സഹോദരാ, നമ്മെ അറിയാത്തവര്‍, നമ്മുടെ സ്വപ്നങ്ങള്‍ക്ക് പുല്ലുവില കല്പിക്കാത്തവര്‍, നമ്മെ പുറംകാലിന് ചവിട്ടിപ്പുറത്താക്കിയാലും നാം ഈ സഹോദരസംഘത്തെ ഉപേക്ഷിക്കുന്നില്ലെങ്കില്‍ അതാണ് പരിപൂര്‍ണ്ണ ആനന്ദം.'''' (ഫ്രാന്‍സിസ് സഹോദരസംഘത്തെ വിട്ടുപോകാന്‍ പോലും ചിന്തിച്ചിരുന്നോ എന്ന് സംശയിക്കണം.) ആരെയെങ്കിലും ഉപേക്ഷിക്കുകയല്ല എല്ലാവരേയും സ്വന്തമാക്കുകയാണ് താന്‍ കണ്ട സന്യാസദര്‍ശനത്തിന്റെ അന്തസ്സത്ത എന്ന തിരിച്ചറിവില്‍ നിന്നാണ് ഫ്രാന്‍സിസിന്റെ ഈ തീരുമാനം. ഇതാണ് സന്യാസത്തിന്റെ ഏറ്റവും വലിയ സംഘര്‍ഷം. കൂടെനിന്ന് ഒരേ ദര്‍ശനങ്ങള്‍ ജീവിക്കാമെന്ന് വാക്കുപറഞ്ഞവര്‍ വിശ്വാസവഞ്ചന കാണിക്കുമ്പോഴും നിങ്ങള്‍ക്കു നിങ്ങളുടെ വാക്കുകളോടും ദര്‍ശനങ്ങളോടും വഞ്ചന കാണിക്കാന്‍ കഴിയാത്ത അവസ്ഥ...!