Monday, August 28, 2017

നസ്രായക്കാരി മറിയം

റോമിന്‍റെ 'അമ്മദൈവ' (Mother Goddess Isis) സങ്കല്‍പ്പത്തിലേയ്ക്ക് കുടിയേറിപ്പോയ ഒരു നസ്രത്തുകാരി മറിയത്തെ വീണ്ടെടുക്കേണ്ട കാലത്തിലാണ് ക്രിസ്തീയദൈവശാസ്ത്രം ഇന്ന്. "സ്വര്‍ല്ലോക രാജ്ഞി..." എന്ന് പുകഴ്ത്തി റോമന്‍ അമ്മദൈവത്തെക്കുറിച്ച് പാടിയത് റോമന്‍ എഴുത്തുകാരന്‍ അല്‍ഫെയൂസാണ്. അതുമുതല്‍ ഇങ്ങോട്ട് 'അമ്മദൈവ'ത്തിന്‍റെ വാഴ്ത്തുക്കള്‍ (ലുത്തിനിയകള്‍) ഒക്കെ മറിയത്തിന്റെ ലുത്തിനിയകളായി മാറി. ഉണ്ണിയെ കൈകളില്‍ പേറുന്ന ദേവതയായും (Isis with Child Horus) അവള്‍ മാറി. അവളുടെ ദൈവമാതൃത്വത്തെക്കുറിച്ച് തര്‍ക്കിച്ചപ്പോഴൊക്കെ ചോര്‍ന്നുപോയ അവളുടെ മനുഷ്യത്വവും ക്രിസ്തുശിക്ഷ്യത്വവും വീണ്ടെടുക്കപ്പെടേണ്ട കാലമായിരിക്കുന്നു.  

ചരിത്രത്തിലെ നസ്രറത്തുകാരി മറിയത്തില്‍ നിന്ന് ക്രിസ്തീയഭക്തിയുടെ ആള്‍രൂപമായ മറിയത്തില്‍ എത്തിപ്പെടുമ്പോള്‍ നഷ്ടപ്പെട്ടത് സ്ത്രീവിമോചനത്തിന്റെ മരിയന്‍ സത്വാര്‍ത്തയാണ്. കീര്‍ത്തിയില്ലാത്ത ഒരു നാട്ടിലെ സെറ്റില്‍മെന്റില്‍ ജനിച്ചുവളര്‍ന്നവള്‍, റോമന്‍ അധിനിവേശത്തിന്റെ ദുരന്തങ്ങള്‍ കണ്ടവള്‍, ഒരു ദരിദ്രമരപ്പണിക്കാരന്റെ ഭാര്യയായിരുന്നവര്‍, അവളാണ് ഈ കീര്‍ത്തനം പാടിയത്:
"...ഹൃദയവിചാരത്തില്‍ അഹങ്കാരിച്ചവരെ അവൻ ചിതറിച്ചു.
ശക്തരെ സിംഹാസനങ്ങളിൽ നിന്ന് മറിച്ചിട്ടു; താഴ്ന്നവരെ അവൻ ഉയർത്തി.
വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾ കൊണ്ട് സംതൃപ്തരാക്കി;
സമ്പന്നരെ അവൻ വെറുംകൈയ്യോടെ പറഞ്ഞയച്ചു."
അവള്‍ കണ്ട ദൈവികദര്‍ശനം ഇതായിരുന്നു, ഇത്രകണ്ട് വിപ്ലവകരമായിരുന്നു. അതൊരു സാംസ്കാരിക-രാഷ്രീയ-സാമ്പത്തിക വിപ്ലവത്തെ ഉള്‍ക്കൊണ്ടിരുന്നു. നിലനില്‍ക്കുന്ന മൂല്യക്രമങ്ങളും  സാമൂഹ്യ-രാഷ്ട്രീയ ഘടനകളും കീഴ്മേല്‍ മറയുന്ന ഒരുപുതുലോകത്തിന്റെ ഉദയമാണ് അവള്‍ വിഭാവനം ചെയ്തത്. അതുതന്നെയാണ് ദൈവരാജ്യസങ്കല്പമായി ക്രിസ്തു പഠിപ്പിച്ചതും. മേരിയുടെ സങ്കീര്‍ത്തനവും ക്രിസ്തുവിന്‍റെ 'ഗിരിപ്രഭാഷണ'വും തമ്മില്‍ വളരെ അടുത്ത സമാതനകള്‍ കാണാന്‍കഴിയും.

റോമന്‍ ഭരണത്തിന് കീഴില്‍ പലായനത്തിന്‍റെ ദുരന്തം പേറിയവളാണവള്‍. യൗവ്വനത്തിൽ തന്നെ വൈധവ്യം അനുഭവിച്ചവളാണവള്‍. മകന് ഭ്രാന്താണെന്ന് സമൂഹം പറയുമ്പോള്‍ ആവലാതിപ്പെട്ട് ഓടിനടന്നവളാണവള്‍ (മര്‍ക്കോസ് 3:21). ബന്ധുവിന്റേയും (സ്നാപകയോഹന്നാൻ) പിന്നീട്  സ്വന്തം മകന്റേയും രാഷ്ട്രീയകൊലപാതകങ്ങൾ കണ്ടവളാണവള്‍. മധ്യവയസ്സിൽ തന്നെ അനാഥയായവളാണവള്‍. അവളില്‍ നിന്ന് അപ്രാപ്യമായ സ്വര്‍ഗ്ഗീയ മഹത്വത്തില്‍ വസിക്കുന്ന സര്‍വ്വാലങ്കാരവിഭൂഷിണിയായ ഒരു രാജ്ഞിയിലേയ്ക്ക് മതഭാവനകള്‍ ചേക്കേറാന്‍ തുടങ്ങി. ഒപ്പം സംഭവിച്ചത്  സഹവിമോചികയില്‍ നിന്ന് അവൾ 'അമ്മ ദൈവ'ത്തിലേയ്ക്കും, ഒരു തൊഴിലാളിവീട്ടമ്മയില്‍ നിന്ന് മൃദുലചർമ്മമുള്ള, വിനയത്താൽ കുനിഞ്ഞ മുഖമുള്ള, ഒരു യൂറോപ്യൻ സ്ത്രീയിലേക്കും  പരിവർത്തനപ്പെടുകയായിരുന്നു. വിമോചനത്തിന്റെ സങ്കീർത്തനം പാടിയ ഒരു സ്ത്രീയിൽ നിന്ന് പുരുഷകേന്ദ്രീകൃത ലോകത്തിന്റെ അമ്മസങ്കൽപ്പങ്ങളിൽ അവൾ തളയ്ക്കപ്പെടുകയാണ് ഉണ്ടായത്. ഭക്തിയുടെ ആകാശമേഘങ്ങളിൽ നിലയുറപ്പിച്ച അവൾക്ക് പിന്നീട് ഭൂമിയുടെ തലതിരിഞ്ഞ വ്യവസ്ഥകളെയൊന്നും ചോദ്യംചെയ്യാൻ കഴിയാതെ പോയി. അങ്ങനെ നസ്രത്തിലെ മറിയത്തിൽ നിന്ന് നമുക്കുവേണ്ടി നമ്മൾ ഒരു ഭക്തവിഗ്രഹത്തെ സൃഷ്ടിച്ചു. ഇനി നമ്മൾ തിരിച്ചുമടങ്ങേണ്ടത് നസ്രത്തിലേക്കാണ്.

പൌരാണീക റോമന്‍ 'അമ്മ ദൈവങ്ങളു'ടെ ചരിത്രമുള്ള റോമിലെ മരിയ മജോരെക്കുന്നിലും സ്പെയിനിലെ എബ്രോ നദിയിലെ തീരത്തുമൊഴികെ മരിയന്‍ ദര്‍ശനവുമായി ബന്ധപ്പെട്ട കഥകളൊന്നും ആദ്യ പത്തുനൂറ്റാണ്ടുകളില്‍ ക്രിസ്തിയന്‍ സഭാചരിത്രത്തില്‍ കേട്ടിരുന്നില്ല. യൂറോപ്പില്‍ വ്യവസായവത്ക്കരണവും അതിന്‍റെ ഫലമായുണ്ടായ കോളനിവത്ക്കരണവും മുതലാണ്‌ മരിയന്‍ ദര്‍ശനങ്ങളുടെ കഥകള്‍ കേട്ടുതുടങ്ങുന്നത്. മന:ശാസ്ത്രം ഒരു ശാസ്ത്രമായി വികസിക്കാത്ത കാലത്ത് ഉണ്ടായ ഈ ദര്‍ശനങ്ങളെ ഇന്നും നമ്മള്‍ വേണ്ടവിധം മന:ശാസ്ത്രവിശകലനങ്ങള്‍ക്ക് വിധേയമാക്കിയിട്ടില്ല. കൂടാതെ ഈ ദര്‍ശങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ ഭക്തിയുടെ നിരുപദ്രവകരമായ പുറംചട്ടയാണുള്ളത്. എന്നാല്‍ ആ ഭക്തിയ്ക്ക് നിലനില്‍ക്കുന്ന സാമൂഹ്യ-രാഷ്ട്രീയ ഘടനയെ കൊട്ടങ്ങളില്ലാതെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന ഒരു രാഷ്ട്രീയവശമുണ്ട്.

മരിയന്‍ ദര്‍ശനത്തിലെ വെളിപാട് സന്ദേശങ്ങള്‍ ഓരോ കാലഘട്ടത്തിന്‍റെ ആവശ്യങ്ങളെയാണ് സംബോധന ചെയ്യുന്നത്. പടിഞ്ഞാറന്‍ യൂറോപ്പില്‍ വ്യാവസായിക മുതലാളിത്തത്തിന്‍റെ കാലത്ത് ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ ബെനഡിറ്റെയ്ക്ക് പ്രത്യക്ഷപ്പെട്ട മാതാവ് താന്‍ 'അമലോത്ഭവ'യാണെന്ന് വെളിപ്പെടുത്തി. എന്നാല്‍ വ്യാവസായിക മുതലാളിത്തത്തിന്‍റെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ഫ്രാന്‍സിലെ തൊഴിലാളികളുടെ ദാരുണമായ ജീവിതാവസ്ഥയെക്കുറിച്ചോ അതിനോട് സഭ സ്വീകരിക്കേണ്ട ക്രിസ്തീയനിലപാടുകളെക്കുറിച്ചോ ഒന്നും വെളിപ്പെടുത്തിയുമില്ല, അതും ചരിത്രത്തില്‍ ഒരു തൊഴിലാളികുടുംബത്തിലെ അമ്മയും ഭാര്യയുമായിരുന്ന മറിയം. ഒപ്പം ഈ കാലയളവില്‍ ഫ്രഞ്ച് സൈന്യം ആഫ്രിക്കയില്‍ ചെയ്തുകൊണ്ടിരുന്ന ഹിംസാത്മകമായ കോളനിവത്ക്കരണത്തെക്കുറിച്ച് റോമന്‍ കോളനിവത്ക്കരണത്തിന്‍റെ തിക്താനുഭവങ്ങള്‍ ജീവിതത്തില്‍ പേറിയ ആ മറിയം ഒന്നും പറയുന്നില്ല.  അതേസമയം പോർച്ചുഗല്ലിലെ ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ട മറിയം റഷ്യയിലെ കമ്മ്യൂണിസത്തിന്‍റെ ഉദയത്തിനെതിരെ 'വെളിപാടുകള്‍' നല്‍കിയിരുന്നു. ഫാത്തിമ മറിയം നിരീശ്വരവാദ കമ്മ്യൂണിസം ലോകത്തിന് തന്നെ വിനാശമാണെന്ന് വെളിപ്പെടുത്തുമ്പോള്‍ പോര്‍ച്ചുഗീസ് ഭരണകൂടം  ആഫ്രിക്കയിലെ അങ്ഗോളയിലും മൊസംബിക്കിലും നടത്തിക്കൊണ്ടിരുന്ന മനുഷ്യത്വരഹിതമായ ചൂഷണത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. സൗത്തമേരിക്കയിലെ കോളനിവത്ക്കരണത്തിന് മുന്നോടിയായി സ്‌പാനിയാഡ്സിനൊപ്പം പോയ മതചിഹ്നം  "വിജയ മാതാ" (Our Lady of Victory) യായിരുന്നു.

കോളനിവത്ക്കരണക്കാർ തദ്ദേശീയ ജനതയോട് കാട്ടിയ കൊടിയ ക്രൂരതയെക്കുറിച്ച് അടിമജനതയുടെ ഇടയിൽ ഒരാളായി പലസ്തീനായിൽ ജീവിച്ച, റോമൻ പടയോട്ടങ്ങളാല്‍ സ്വന്തം ജീവിതഗതി തന്നെ സ്വാധീനിക്കപ്പെട്ട അവൾ ഒന്നും പറയുന്നില്ല.
ചുരുക്കത്തില്‍ ദര്‍ശനങ്ങളില്‍ എത്തുന്ന മേരി ചരിത്രത്തിലെ വിമോചകയായ  മറിയമല്ല, നിലനില്‍ക്കുന്ന ചൂഷിതഘടനകളെ സാധൂകരിക്കുന്ന സ്ത്രീയാണ്. അവള്‍ ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ചോ വിവേചനത്തെക്കുറിച്ചോ അവളുടെ അവകാശത്തെക്കുറിച്ചോ ഒന്നും മിണ്ടുന്നില്ല; അവള്‍ സംസാരിക്കുന്നത് പാപത്തെക്കുറിച്ചും പ്രാര്‍ത്ഥനയെക്കുറിച്ചും മാത്രമാണ്. ക്രിസ്തുവിനൊപ്പം രക്ഷാകരജോലിയില്‍ പങ്കുകൊണ്ടവളായ മറിയത്തെ വിമോചനത്തിന്‍റെ കീര്‍ത്തനം പാടിയവളെ കണ്ടുമുട്ടാന്‍ വീണ്ടും നമ്മുക്ക് ചരിത്രത്തിലെ മറിയത്തില്‍ എത്തണം.

സുവിശേഷങ്ങള്‍ പ്രധാനമായും ക്രിസ്തുവിനെക്കുറിച്ചും അവന്‍റെ സന്ദേശത്തെക്കുറിച്ചുമാണ്, അതുകൊണ്ടുതന്നെ അതില്‍ മറിയത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തുലോംതുച്ഛമാണ്. സുവിശേഷങ്ങളില്‍ തന്നെ രണ്ടു ചിന്താധാരകളാണ് മറിയത്തെക്കുറിച്ചുള്ളത്‌. അതില്‍ ഏറ്റവും പഴക്കമുള്ള ചിന്താധാര മര്‍ക്കോസിന്റെ സുവിശേഷത്തില്‍ കാണുന്നതാണ്. മര്‍ക്കോസിലെ മേരി നമ്മുടെ പാരമ്പരാഗത മരിയന്‍ സങ്കല്പത്തിന് യോജിക്കുന്ന സ്വന്തം മകന്‍റെ ഭക്തയായ ശിഷ്യയോ അവന്‍റെ ദൌത്യത്തില്‍ സഹകാരിണിയോ അല്ല. നേരെ മറിച്ച് അമ്മയും മകനും തമ്മില്‍ ഒരു ചെറിയ അളവ് സംഘര്‍ഷഭരിതമായ ബന്ധമാണ് നിലനില്‍ക്കുന്നത്. അമ്മയും സഹോദരന്മാരും യേശുവിനെ കാണാന്‍ പുറത്തുവന്നു നില്‍ക്കുമ്പോള്‍ അവന്‍ ചുറ്റുമിരുന്നവരോട് പറയുന്നു - ദൈവഹിതം നിറവേറ്റുന്ന നിങ്ങളാണ് എന്‍റെ അമ്മയും സഹോദരങ്ങളും (മാർക്കോസ് 3: 31-35). ഇവിടെ സുവിശേഷകന്റെ ഭാഷയില്‍ യേശുവിന്‍റെ ഭാഗത്തുനിന്ന് സ്വന്തം അമ്മയോട് ഒരു അവഗണ കാണാന്‍ കഴിയും. കൂടാതെ അവന്‍റെ അറിവും ആത്മജ്ഞാനവും 'മറിയത്തിന്‍റെ മകന്' ചേരുന്നതായി അവന്‍റെ നാട്ടുകാര്‍ക്ക് തോന്നിയില്ലായെന്നും, അവനിലെ പ്രവാചകനെ ഉള്‍ക്കൊള്ളാന്‍ അവന്‍റെ കുടുംബം മടിച്ചുവെന്നും (അതില്‍ മറിയമുണ്ടോ എന്ന് സുവിശേഷം വ്യക്തമായി പറയുന്നില്ല) മാര്‍ക്കോസ് എഴുതുന്നു (മാർക്കോസ് 6: 3-4). ഈ ആദ്യകാല ചിന്താധാരയുടെ ഏതാനും ഭാഗങ്ങള്‍ യോഹന്നാന്‍റെ സുവിശേഷത്തിലും കാണാന്‍ കഴിയും. കാനായിലെ കല്യാണത്തില്‍ വീഞ്ഞുതീര്‍ന്നുപോയപ്പോൾ യേശുവിന്റെ അടുത്തെത്തുന്ന മറിയത്തോടുള്ള അവൻ്റെ ആദ്യപ്രതികരണം നിഷേധാത്മകമായിരുന്നു (യോഹന്നാൻ 2:4). ഈ ആദ്യകാല മരിയൻ ചിന്താധാരയനുസരിച്ച് അവൾ ഒരു ക്രിസ്തുശിഷ്യയായി തീരുന്നത് വളരെ സാവകാശമാണ്. അവൾക്ക് മുന്നേ ക്രിസ്തുവിനെ പിഞ്ചെന്ന സ്ത്രീകളെക്കുറിച്ച് (മഗ്ദലമറിയമടക്കം) പറയുന്നുമുണ്ട്.

ലൂക്കായുടെ സുവിശേഷത്തിലാണ്  മറ്റൊരു മരിയൻ ചിന്താധാര വളരെ വ്യക്തമായി കാണുന്നത്. അവിടെ മറിയത്തിന് ഒരു രക്ഷകന്റെ അമ്മസ്ഥാനം ആദ്യംമുതൽ ബഹുമാനപുരസ്‌കാരം കൊടുക്കുന്നുണ്ട്. എന്നാൽ ആ മറിയം ഭക്തിയിൽ മെരുക്കിയെടുത്ത അമ്മദൈവമല്ല (Domesticated Mother Goddess). അവള്‍ വിമോചനത്തിന്റെ സങ്കീർത്തനം ആലപിക്കുന്നവളാണ് (ലൂക്കാ 1:46-55). തനിയെ മലവഴികൾ താണ്ടിനടന്നുപോയവളാണ് (ലൂക്കാ 1:39). ചിന്താശക്തിയുള്ളവളാണ് (ലൂക്കാ 2:19). വ്യാകുലതകളുടെ കണ്ണീര്‍ക്കടല്‍ ധീരമായി നീന്തിക്കയറുന്നവളാണ് (ലൂക്കാ 2:35). അവളെയാണ് പിന്നീട് നാം ക്രിസ്തുവിന്‍റെ മരണശേഷം സ്വന്തം മതനേതൃത്വത്താലും സാമ്രാജ്യശക്തികളാലും വേട്ടയാടപ്പെടുന്ന ഒരു ചെറുകൂട്ടം ആദിമക്രൈസ്തവ സമൂഹത്തില്‍ കണ്ടുമുട്ടുന്നത് (നടപടി 1:14).  ഈയൊരു മറിയത്തെ കണ്ടെത്തുകയാണ് വരും കാലം സ്ത്രീവിമോചനം ആഗ്രഹിക്കുന്ന ക്രിസ്തീയ സഭകള്‍ ചെയ്യേണ്ടത്. അവളാണ് സ്ത്രീപക്ഷചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വഴികാട്ടിയായി മാറേണ്ടത്.