Tuesday, June 21, 2016

എന്‍റെ യോഗാന്വേഷണ പരീക്ഷണങ്ങള്‍

സന്യാസത്തിന്റെ ആദ്യ വര്‍ഷം തന്നെ യോഗാ പരിശീലനം മസ്റ്റ് ആണ്. ഞങ്ങളുടേത് ഭാഗ്യം ചെയ്ത ബാച്ച് ആയിരുന്നു. ആ വര്‍ഷം കുറുന്തോട്ടിക്ക് വാതം പിടിച്ചപോലെ യോഗാഗുരുവിന് എന്തോ കോച്ചുവാതം. ഞങ്ങള്‍ വയനാടന്‍ തണുപ്പില്‍ പുലർച്ചെ അഞ്ചര വരെ സുഖനിദ്രയിൽ ആണ്ടു. ബാച്ചിന്റെ ഈ മടിയൻ പോക്ക് ശരിയല്ലെന്ന് മനസ്സിലാക്കിയ റെക്ടർ ഒരു കർണ്ണാട്ടിക് മാഷെ കണ്ടുപിടിച്ച് കൊച്ചുവെളുപ്പാൻകാലെ അഞ്ചു മണി മുതൽ ഞങ്ങളെക്കൊണ്ട് "സ രി ഗ മ പ ധ നി സ...." എല്ലാ കാലത്തിലും പാടിച്ചു. "സ..." എന്ന് പാടുമ്പോൾ "ബ്രാ..." എന്ന ശബ്ദത്തോടെ കഷ്ടകാലത്തില്‍ പാടിയിരുന്ന എന്നെ റെക്ടറിന്റെ സ്പെഷ്യല്‍ പെര്‍മിഷനോടെ മാഷ്‌ ക്ലാസ്സില്‍ നിന്ന് പുറത്താക്കി. വീണ്ടും ഞാന്‍ കരിമ്പടം തലയ്ക്ക് മേലെ വലിച്ചിട്ട് അഞ്ചര വരെ ശവാസനത്തിലേക്ക്.
പിന്നീടുള്ള വര്‍ഷങ്ങളില്‍ പല ആസനങ്ങളും പഠിച്ച് മറ്റു ബാച്ചുകളില്‍ നിന്ന് കൂടെ ചേര്‍ന്നവര്‍ ചെയ്യുന്ന ആസനങ്ങള്‍ കാണാനുള്ള യോഗമാണ് ഉണ്ടായത്. ഒരിക്കല്‍ ഒരാള്‍ ഡോര്‍മെറ്ററിയില്‍ രാവിലെ എഴുന്നേറ്റ് മുണ്ടുടുത്ത് നിന്ന് ശീര്‍ഷാസനം ചെയ്യുന്നു. പല്ലുതേക്കാന്‍ എഴുന്നേറ്റ് വന്ന ചിലര്‍ കണ്ടകാഴ്ച ശീര്‍ഷാസനത്തില്‍ നിന്ന് പത്മാസനം വിരിയുന്നതാണ്.
കാലില്‍ വെരിക്കോസിന്‍റെ പ്രശ്നമുണ്ടെന്ന് ഒരിക്കല്‍ ബാച്ചിലെ തലമൂത്ത ഒരു ടീമിനോട് പറഞ്ഞപ്പോള്‍ ശീര്‍ഷാസനം ചെയ്താല്‍ 'എല്ലാം ശരിയാകു'മെന്ന് LDF കാരനായ അവന്‍. ഞാന്‍ കേട്ടു, അനുസരിച്ചു. ശീര്‍ഷാസനം ശാസ്ത്രീയമായി പഠിക്കാത്ത ഞാന്‍ കാലുകള്‍ രണ്ടും റൂമിലെ ഭിത്തിയോട് ചേര്‍ത്ത് താങ്ങിനിര്‍ത്തി തലകുത്തനെ നിന്നു. ആ നില്‍പ്പില്‍ ഒന്ന് മയങ്ങിപ്പോയി. "പ്ധും..." എന്നൊരു ശബ്ദം കേട്ട് ഈ ഞാന്‍ എഴുന്നേറ്റ് നോക്കുമ്പോള്‍ ദാ വേറൊരു ഞാന്‍ ഭിത്തിയോട് ചേര്‍ന്ന് ഫ്ലാറ്റായി കിടക്കുന്നു. അന്ന് നിര്‍ത്തി സ്വന്തം നിലയില്‍ ഉള്ള പരീക്ഷണം.
പിന്നെ ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ധ്യാനഗുരു അവതരിച്ചു. ധ്യാനത്തില്‍ യോഗ മസ്റ്റാ. ധ്യാനദിവസങ്ങളില്‍ എല്ലാവരും കിടക്കപ്പായില്‍ നിന്ന് എഴുന്നേറ്റ് നേരെ മെയിന്‍ ഹാളിലേക്ക് വരണം. അവിടെ അദ്ദേഹത്തിന്‍റെ വക ആസനമുറകള്‍. "ടെന്‍സ്... റിലാക്സ്...,ടെന്‍സ്.... റിലാക്സ്..." എന്ന നിര്‍ദ്ദേശത്തോടെ ഗുരു കാലിന്റെ പാദം മുതല്‍ തല വരെ ഉള്ള റിലാക്സേഷന്‍ നടത്തിക്കും. വിരലുകള്‍, ഉപ്പൂറ്റി, പാദം, കാല്‍മുട്ട്...അങ്ങനെ മുകളിലേക്ക്. മൂന്നാം ദിവസം ഗുരുവിന്‍റെ നിര്‍ദ്ദേശത്തോടെ പാദത്തില്‍ റിലാക്സേഷന്‍ പുരോഗമിക്കുന്നു. "ടെന്‍സ്... റിലാക്സ്...ഏതാണ് മദ്ധ്യപ്രദേശത്ത് എത്തിയപ്പോള്‍ ഹാളില്‍ ഒരു വലിയ വിസ്ഫോടനത്തോടെ ആരുടെയോ വക ഒരു റിലാക്സേഷന്‍. പിന്നീട് കേട്ടത് ഹാളില്‍ മുഴുവന്‍ നിറഞ്ഞ ഒരു പൊട്ടിച്ചിരി. അതോടെ ഗുരുവിന്‍റെ ധ്യാനയോഗയും അവസാനിച്ചു.
യോഗജീവിതത്തിന്‍റെ അവസാന നാളുകള്‍ ഒരു മേല്‍നോട്ടക്കാരനായിട്ടായിരുന്നു. സന്യാസാര്‍ത്ഥികളായി എത്തുന്നവര്‍ക്ക് പരിശീലനം കൊടുക്കേണ്ട ഉത്തരവാദിത്തമുള്ള ആള്‍ എന്ന നിലയില്‍ രാവിലെ അഞ്ചുമണിക്ക് എഴുന്നേറ്റ് കുട്ടികള്‍ യോഗ ചെയ്യുണ്ടോ എന്ന് നോക്കണം. ഉറക്കം നഷ്ടപ്പെട്ട വാശിയില്‍ ഒരുത്തനേം ഉറക്കാതിരിക്കാന്‍ ഹാളിലൂടെ പോയി നോക്കും. അപ്പോഴാണ്‌ മനസ്സിലാവുന്നത് ന്യൂജെനറേഷന് ഇരുന്നും, നിന്നും, ഒറ്റക്കാലിലും, കാലുകള്‍ പിണച്ചുകെട്ടിയും, തലകുത്തി നിന്നും ശവാസനം ചെയ്യാന്‍ ആകുമെന്ന്. പരമമായ ആസനം ഒന്നേയുള്ളൂ ശവാസനം!
ആലോചന: ആദിവാസിക്കും ദളിതനും കൂലിപ്പണിക്കാരനും ദരിദ്രവാസിക്കും തെണ്ടിക്കും യോഗയൊന്നും വേണ്ടേഡേയ് സാക്ഷാത്കാരവും ആരോഗ്യവും നേടാന്‍....!
Have a blessed Yoga Day!!!