Friday, August 29, 2014

താങ്ക് യൂ! ഗുഡ് ബൈ...

ആഗസ്റ്റ് 11 ന് റോബിന് വില്യംസ് ജീവിതത്തോട് രാജിയായി. അഭിനയകലയുടെ ഒരദ്ധ്യായം അടയുകയാണ്. ചാര്ളി ചാപ്ലിനെപ്പോലെ, റോബെര്ത്തോ ബെനീഞ്ഞിയെപ്പോലെ ഹാസ്യവും ആദര്ശവും ഒരുമിച്ച് വെള്ളിത്തിരയില് അഭിനയിച്ച് വിജയിപ്പിച്ച ഒരാള്. ''ഭ്രാന്തിന്റെ ഒരു ചെറുപൊരി മാത്രമേ നമുക്ക് നല്കപ്പെട്ടിട്ടുള്ളു; അത് നമ്മള് നഷ്ടപ്പെടുത്തരുത്'' എന്നു പറഞ്ഞയാള് ആത്മഹത്യ കൊണ്ട് അടിക്കുറിപ്പെഴുതിയ തന്റെ ജീവിതത്തിലൂടെ ഭ്രാന്തിന്റെ അവസാന സാധ്യതയെ കൂടി ജീവിച്ചു തീര്ക്കുകയായിരുന്നു.
അബ്രാഹം ലിങ്കന്റെ മരണത്തില് വാള്ട്ട് വിറ്റ്മാന് രചിച്ച '', ക്യാപ്റ്റന്, എന്റെ ക്യാപ്റ്റന്'' എന്ന വിലാപഗാനത്തെ അനശ്വരമാക്കിയ റോബിന് വില്യംസിന്റെ  കഥാപാത്രം ജനിക്കുന്നത് 1989-ല് പീറ്റര് വിയര് സംവിധാനം ചെയ്ത 'മണ്മറഞ്ഞ കവികളുടെ കൂട്ടായ്മ (Dead Poets' Society) എന്ന സിനിമയിലൂടെയാണ്. ജീവിതം ഇന്നിന്റേതും നിമിഷത്തിന്റേതും മാത്രമാണ്. ഭൂതകാലത്തിലേയ്ക്ക് പിന്തിരിഞ്ഞ് വ്യാകുലപ്പെടാതെ, ഭാവിയിലേയ്ക്ക് നോക്കി ഉത്കണ്ഠപ്പെടാതെ ഇന്നുകളെ പിടിച്ചെടുത്ത് (Carpe Diem) ജീവിതത്തെ ആഘോഷമാക്കാന് കുട്ടികളെ പഠിപ്പിച്ച അദ്ധ്യാപകന്. ശാസ്ത്രവും നിയമവും ബിസിനസ്സും എഞ്ചിനീയറിംങ്ങും ജീവസന്ധാരണത്തിനുള്ള വഴികള് മാത്രമാകുമ്പോള് ജീവിതത്തെ ജീവിതമാക്കുന്നത് കവിതയും സൗന്ദര്യവും പ്രണയവും സ്നേഹവുമാണെന്ന് അയാള് വിശ്വസിച്ചു. അങ്ങനൊരു അദ്ധ്യാപകനാണ് ചലച്ചിത്രത്തിന്റെ കഥ മുന്നോട്ട് കൊണ്ടുപോകുന്നത്.
നമ്മുടെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെ ഇനിയും എന്തിന് 'കലാലയങ്ങള്' എന്നു വിളിക്കണം? എത്രയോ പണ്ടേ അവിടെനിന്ന് കലകള് കൂടൊഴിഞ്ഞു പോയിരിക്കുന്നു. സംഗീതവും ചമയങ്ങളുമില്ലാത്ത, കവിതയും കഥയുമില്ലാത്ത, ജീവിതവും ആഘോഷവുമില്ലാത്ത വിരസമായ ഒരു പഠനകേന്ദ്രം. ഒരേ രീതിയില് ടൈയുംകോട്ടും ധരിച്ച തലച്ചോറുകള്ക്കുള്ളിലേയ്ക്ക് അച്ചടക്കത്തിന്റെ കാര്ക്കശ്യത്തില് പാഠപുസ്തകമെന്ന പോഷകശുഷ്ക്കമായ ആഹാരം കൊട്ടിയിടപ്പെട്ടുകൊണ്ടിരിക്കുന്നു. എല്ലാവരും ഡോക്ടര്ന്മാരാകാന്, എഞ്ചിനീയര്മാരാകാന്, ശാസ്ത്രജ്ഞന്മാരാകാന്, ഉദ്യോഗസ്ഥവൃന്ദങ്ങളാകാന് പഠിക്കുന്ന വെല്ട്ടണ് അക്കാദമിയിലേയ്ക്ക് ജോണ് കീറ്റിംങ് എന്ന ഇംഗ്ലീഷ് സാഹിത്യ അദ്ധ്യാപകന് പുതുതായി എത്തുന്നതിലൂടെ രൂപപ്പെടുന്ന കഥയാണ് 'മണ്മറഞ്ഞ കവികളുടെ കൂട്ടായ്മ.' അതേ കഥ ഫാസില് പകര്ത്തിയെഴുതി മലയാളക്കരയിലെ മസാലക്കൂട്ടും ചേര്ത്തപ്പോള് 2000-ല് പുറത്തിറക്കിയ മോഹന്ലാല് - സംയുക്താവര്മ്മ ചിത്രമായ ''ലൈഫ് ഈസ് ബ്യൂട്ടിഫുള്'' എന്ന മലയാളസിനിമയായി.
''പാരമ്പര്യം, ആദരവ്, അച്ചടക്കം, ഉന്നതനേട്ടം'' - ഇവയായിരുന്നു പ്രിന്സിപ്പാള് ഗെയില് നോളന് നേതൃത്വം കൊടുത്തിരുന്ന വില്ട്ടണ് അക്കാദമിയുടെ നാല് നെടുംതൂണുകള്. തൂണുകളില് രസതന്ത്രവും ഊര്ജ്ജതന്ത്രവും ഗണിതവും ഭാഷാപഠനവും കൃത്യമായ അളവുകളില് പണിയപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു ചൂളമടിയോടെ ക്ലാസ്സിന്റെ കൃത്രിമ നിശബ്ദതയെ ഭേദിച്ചുകൊണ്ട് കടന്നുവരുന്ന കീറ്റിംങ് ആദ്യമടിക്കുന്നത് വിദ്യാഭ്യാസസ്ഥാപനത്തിന്റെ അച്ചടക്കമെന്ന നെടുംതൂണിലാണ്. പരമ്പരാഗത ശൈലിയില്നിന്ന് വ്യത്യസ്തമായി അടച്ചിട്ട ക്ലാസ്സ് മുറിയുടെ പുറത്തേയ്ക്ക് അധ്യാപനത്തിനായി കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നു; കുട്ടികളോടൊപ്പം കളിക്കുന്നു. പഠനത്തിനപ്പുറം കുട്ടികളുടെ സര്ഗ്ഗവാസനകളിലേയ്ക്കും ഒളിഞ്ഞുകിടക്കുന്ന സാധ്യതകളിലേയ്ക്കും അയാള് കടന്നെത്തുന്നു. മുതല്മുടക്കിന് തത്തുല്യമായ ലാഭക്കൊയ്ത്തായി വിദ്യാഭ്യാസത്തെ കാണുന്ന അദ്ധ്യാപക-മാതാപിതാക്കള്വൃന്ദത്തിന് അങ്ങനെ ഒരു അദ്ധ്യാപകന് ബാധ്യതയാവുകയാണ്.
ഒരു കവിതാപഠന ക്ലാസ്സ്, കീറ്റിംങ് പാഠപുസ്തകത്തില് നിന്ന് ക്ലാസ്സെടുക്കുകയാണ്. 'കവിതയെ എങ്ങനെ മനസ്സിലാക്കാം' എന്ന ഡോ. ജെ. ഇവന്സ് പ്രിറ്റ്ച്ചാര്ട്ടിന്റെ ആമുഖക്കുറിപ്പ് ഒരു വിദ്യാര്ത്ഥിയെക്കൊണ്ട് വായിപ്പിക്കുന്നു. ഒരു ഗണിത ക്ലാസ്സില് ഗ്രാഫിന്റെ അക്ഷാംശരേഖാംശങ്ങളില് അളന്നെടുത്തപോലെ വൃത്തത്തിലും പ്രാസത്തിലും അലങ്കാരത്തിലും വര്ഗ്ഗീകരിച്ച് കവിതയുടെ പൂര്ണ്ണതയും മഹത്വവും മനസ്സിലാക്കണമെന്നാണ് ആമുഖത്തിന്റെ ഉള്ളടക്കംപുസ്തകത്തില് നിന്ന് താള് വലിച്ചുകീറി ചുരുട്ടിക്കൂട്ടി കളയാന് കീറ്റിംങ് കുട്ടികളോട് ആവശ്യപ്പെടുന്നു. മനുഷ്യര് കവിത രചിക്കുന്നത് അവ കേള്ക്കാന് സുന്ദരമായതുകൊണ്ടല്ല, നമ്മള് വികാരസമ്പന്നരായ മനുഷ്യരായതുകൊണ്ടാണ്. വായിക്കുമ്പോള് കവിയോ കഥാകാരനോ എന്താണ് ചിന്തിക്കുന്നത് എന്ന് മനസ്സിലാക്കാന് ശ്രമിക്കുകയല്ല, നമുക്ക് എന്ത് തോന്നുന്നു എന്ന് തിരിച്ചറിയുകയാണ്  വേണ്ടത്.
മറ്റുള്ളവര് എന്ത് പറയുന്നു എന്നത് കാര്യമാക്കേണ്ടതില്ലെന്നും ആശയങ്ങളുടേയും വാക്കുകളുടേയും ലോകത്തിന് ജീവിതത്തെ മാറ്റിമറിക്കാനാവുമെന്നും പറഞ്ഞ് കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണയാള്. ജീവിതത്തിന്റെ തൊലിപ്പുറത്ത് വ്യാപരിച്ചാല് പോരെന്നും ജീവിക്കുന്നെങ്കില് ജീവിതത്തിന്റെ മജ്ജ വലിച്ചുകുടിച്ചുതന്നെ ജീവിക്കണമെന്നുമാണ് അയാളുടെ മതം.
കുട്ടികള് അദ്ധ്യാപകരെ ബഹുമാനത്തോടെ ''സര്'' എന്ന് വിളിക്കുമ്പോള് കീറ്റിംങ് വാള്ട്ട് വിറ്റ്മാന്റെ കവിത ഉദ്ധരിച്ച് കുട്ടികള്ക്ക് സൗഹൃദത്തിന്റെ സ്വാതന്ത്ര്യം കൊടുക്കുന്നു: ''ധൈര്യമുള്ളവര്ക്ക് എന്നെ ', ക്യാപ്റ്റന്, എന്റെ ക്യാപ്റ്റന്' എന്ന് വിളിക്കാം.'' വെല്ട്ടണിന്റെ തന്നെ പൂര്വ്വകാല വിദ്യാര്ത്ഥിയായിരുന്ന കീറ്റിംങിനെ അദ്ദേഹത്തിന്റെ വിദ്യാര്ത്ഥിജീവിതത്തിന്റെ ഓര്മ്മകളിലേയ്ക്ക് കുട്ടികള് തന്നെ കൂട്ടിക്കൊണ്ടുപോകുമ്പോള് അയാള് ഇളംതലമുറയ്ക്ക് കഥ പറഞ്ഞുകൊടുക്കുന്ന ഒരു മുത്തച്ഛനാകുന്നു. ഓര്മ്മപുതുക്കലിലാണ് 'മണ്മറഞ്ഞകവികളുടെ കൂട്ടായ്മ' എന്താണെന്ന രഹസ്യം അയാള്‍ അവര്‍ക്ക് വെളിവാക്കുന്നത്.
വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് കവിതകളും സാഹിത്യവും വായിച്ചാസ്വദിക്കാന്‍ കീറ്റിംങും കൂട്ടുകാരും ചേര്‍ന്ന് സ്‌കൂള്‍ അധികാരികള്‍ അറിയാതെ നടത്തിയ ഒരു രാത്രികാലസാഹിത്യകൂട്ടായ്മയായിരുന്നു അത്. ആ കൂട്ടായ്മകളില്‍ മണ്‍മറഞ്ഞ തോറോയും ഷെല്ലിയും വിറ്റ്‌സ്മാനും ദശാബ്ദങ്ങള്‍ക്കപ്പുറത്തുനിന്ന് വിരുന്നെത്തി അവരുടെ രാത്രികളില്‍ ലഹരി നിറച്ചു. കീറ്റിംങിന്റെ കലാലയജീവിതാനുഭവങ്ങളും ചിന്തകളും അദ്ദേഹത്തിന്റെ കുട്ടികള്‍ക്കും ആവേശമായി. അങ്ങനെയാണ് അക്കാദമിക്കടുത്ത കാടിനുള്ളിലെ പുരാതന റെഡ് ഇന്ത്യന്‍ ഗുഹയില്‍ 'മണ്‍മറഞ്ഞ കവികളുടെ കൂട്ടായ്മ' പുനര്‍ജനിക്കുന്നത്. ജീവിതത്തോടും ആശയങ്ങളുടെ ലോകത്തോടും കീറ്റിംങിനുള്ള അഭിനിവേശം കണ്ട് അവരവരുടെ ലോകം കണ്ടെത്താന്‍ ശ്രമിച്ച കുട്ടികള്‍. സ്വന്തം മാളത്തിനുള്ളില്‍ ചടഞ്ഞിരുന്ന് ജീവിതം നിശബ്ദമായ ഒരു വിഷാദരോഗത്തില്‍ അവസാനിപ്പിക്കാതെ പുറത്തേയ്ക്ക് വരൂ എന്ന് കുട്ടികളെ അയാള്‍ നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.
മകന്‍ ഡോക്ടറാകണമെന്നുള്ള അപ്പന്റെ കടുംപിടുത്തത്തിന് മുന്നില്‍ കലാകാരനാകാന്‍ കൊതിച്ച നീലിന്റെ എല്ലാ താല്പര്യങ്ങളും അഭിരുചികളും തച്ചുടക്കപ്പെടുകയാണ്. കുട്ടികള്‍ അവരുടെ അഭിരുചികള്‍ക്കനുസരണം സ്വതന്ത്രമായി വളരേണ്ടവരാണെന്ന് വിശ്വസിക്കുന്ന കീറ്റിംങില്‍നിന്ന് നീലിന്റെ അഭിനയകലയ്ക്ക് പ്രോത്സാഹനം കിട്ടുന്നു. മകനെ സ്റ്റേജില്‍ കാണുന്ന അപ്പന്‍ അവന്‍ പഠനത്തില്‍ ഉഴപ്പുകയാണെന്ന് ആക്രോശിച്ച് സഹപാഠികളുടെ മുന്നില്‍ അവനെ അപമാനിച്ച് വീട്ടിലേയ്ക്ക് കൊണ്ടുപോകുന്നു. തന്റെ സകല ആഗ്രഹങ്ങള്‍ക്കുംമേല്‍ വലിയൊരു ഭാരമായി കയറിനിന്ന് അടിച്ചമര്‍ത്തിയ അപ്പനോട്, സ്വാതന്ത്ര്യം ആഗ്രഹിച്ച ഒരു അടിമയുടെ പ്രതികാരം എന്നോണം, ആ രാത്രിയില്‍ നീല്‍ അവന്റെ പഠനമേശയ്ക്ക് മുന്നില്‍ ജീവിതം അവസാനിപ്പിക്കുകയാണ്.
നീലിന്റെ മരണത്തിന്റെ ഉത്തരവാദിത്വം അവനെ അഭിനയകലയില്‍ പ്രോത്സാഹിപ്പിച്ചു എന്നതിന്റെ പേരില്‍ സ്‌കൂള്‍ അധികാരികളും നീലിന്റെ മാതാപിതാക്കളും കീറ്റിംങ്ങിന്റെ മേല്‍ കെട്ടിവയ്ക്കുകയാണ്. അങ്ങനെ അയാള്‍ സ്‌കൂളില്‍നിന്ന് പുറത്താക്കപ്പെടുന്നിടത്ത് കഥ അവസാനിക്കുന്നു. എന്നാല്‍ അയാള്‍ പാകിയ ചെറുത്തു നില്‍പ്പിന്റെ ചില വിത്തുകള്‍ ആ കൗമാരക്കാരില്‍ മുളപൊട്ടുന്നത് കാണാനുള്ള ഭാഗ്യവുമായാണ് അയാള്‍ പടിയിറങ്ങുന്നത്. ക്ലാസ്സെടുത്തുകൊണ്ടു നില്‍ക്കുന്ന അധ്യാപകന്റെ മുന്നില്‍വച്ച് ''ഓ, ക്യാപ്റ്റന്‍, എന്റെ ക്യാപ്റ്റന്‍'' എന്ന പിന്‍വിളികളോടെ നിറകണ്ണുകളുമായി ഡസ്‌ക്കിന് മുകളില്‍ കയറിനിന്ന് തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകനെ യാത്രയാക്കുന്നു. അതുമാത്രം മതിയായിരുന്നു ഒരു യഥാര്‍ത്ഥ അദ്ധ്യാപകന്റെ മനസ്സും ഹൃദയവും നിറക്കാന്‍.   ''നന്ദി കുട്ടികളെ'' എന്നുരുവിട്ട് അയാള്‍ പടിയിറങ്ങുന്നു.
റോബിന്‍ വില്യംസ് എന്ന കലാകാരന്‍ എല്ലാക്കാലത്തും സൂക്ഷിച്ച നന്മനിറഞ്ഞ ഒരു മനസ്സുണ്ട്. പ്രശ്‌നകലുഷിതമായ ഇടങ്ങളില്‍ അയാള്‍ നന്മയുടെ ഒരു കോമാളിയായെത്തി എല്ലാവരേയും ചിരിപ്പിച്ചു. യുദ്ധത്തിന്റേയും കലാപത്തിന്റേയും കലുഷിതഭൂമിയായ വിയറ്റ്‌നാമില്‍ ചെന്ന് ''ഗുഡ് മോണിംങ് വിയറ്റ്‌നാം'' എന്ന് പറഞ്ഞ് വിയറ്റ്‌നാം ജനതയെ, യുദ്ധം ചെയ്യുന്ന പട്ടാളത്തെ, പൊട്ടിച്ചിരിപ്പിച്ച് പകയില്‍ നിന്നും വെറുപ്പില്‍ നിന്നും വീണ്ടെടുത്ത ക്രോനവ്വറെപ്പോലെ, ജീവിച്ച കാലത്ത് വില്യംസ് അനേകം പേരുടെ ചുണ്ടില്‍ ചിരി വിടര്‍ത്തിയിട്ടുണ്ട്. നിരാശയുടെയും വെറുപ്പിന്റെയും മഞ്ഞുകട്ടകളെ ഉരുക്കിക്കളഞ്ഞിട്ടുണ്ട്. അനാഥകുഞ്ഞുങ്ങള്‍ക്ക്, പ്രകൃതിദുരന്തത്തിന്റെ കഷ്ടതയനുഭവിക്കുന്നവര്‍ക്ക്, റെഡ്‌ക്രോസ് പ്രവര്‍ത്തനങ്ങള്‍ക്ക്.... അങ്ങനെ നന്മയുടെ എല്ലാ മുന്നേറ്റങ്ങള്‍ക്ക് പിന്നിലും അയാള്‍ എപ്പോഴും ഉണ്ടായിരുന്നു.
നമ്മോട് ഓരോ നിമിഷവും പുഞ്ചിരിക്കുന്ന മുഖത്തോടെ ജീവിക്കാന്‍ പറഞ്ഞിട്ട്, തട്ടിവീഴുമ്പോള്‍ പൊടിതട്ടിയെഴുന്നേറ്റ് നടക്കാന്‍ പറഞ്ഞിട്ട്, അയാള്‍ ജീവിതത്തില്‍ നിന്ന് പൊടിതട്ടി പുറത്തുപോയി. തന്റെ ചിത്രങ്ങളില്‍ നിന്ന് വിടവാങ്ങുമ്പോഴൊക്കെ പറഞ്ഞുപോയ ആ വാക്കുകള്‍ അഭ്രപാളികള്‍ക്ക് പിന്നില്‍നിന്നും ഇനി പ്രതിധ്വനിച്ചുകൊണ്ടിരിക്കും:
''താങ്ക് യൂ ബോയ്‌സ്!''

''ഗുഡ് ബൈ വിയറ്റ്‌നാം.....''

Friday, August 8, 2014

സ്വർഗ്ഗരാജ്യം
'പർവ്വത'ത്തിലെ ഒരു പുത്തൻ ഗിരിപ്രഭാഷണം
(ഇവിടെ 'പർവ്വതം' പേരില്ലാത്ത ഒരു മലയല്ല, ഒരു ദശനക്ഷത്ര ആഡംബര ഹോട്ടൽ ആണ്)
ഇരുമ്പുചട്ടയുള്ള, ടൈറ്റാനിയംപൂശിയ, ആവശ്യപ്രകാരം നിർമ്മിച്ചുകൊടുക്കുന്ന
സൂചികൾ ഉത്പാദിപ്പിക്കുന്ന
ദശലക്ഷക്കണക്കിന് മുതൽമുടക്കുള്ള
ഒരു ബഹുരാഷ്ട്രകമ്പനി തുടങ്ങുന്നതിനെക്കുറിച്ച്
ശ്രിമാൻ യേശു സംസാരിച്ചുകൊണ്ടിരിക്കുകയാണ്;
ഭീകരരൂപിയോളം വലിപ്പമുള്ള ഒട്ടകങ്ങൾക്ക്
സുഖമായി കടന്നുപോകാവുന്നത്ര വലിപ്പത്തിൽ കുഴകളുള്ള സൂചികൾ!
-                                                                                                               
                 മീന കന്ദസാമി, Trans by Jijo Kurian