Monday, August 28, 2017

നസ്രായക്കാരി മറിയം

റോമിന്‍റെ 'അമ്മദൈവ' (Mother Goddess Isis) സങ്കല്‍പ്പത്തിലേയ്ക്ക് കുടിയേറിപ്പോയ ഒരു നസ്രത്തുകാരി മറിയത്തെ വീണ്ടെടുക്കേണ്ട കാലത്തിലാണ് ക്രിസ്തീയദൈവശാസ്ത്രം ഇന്ന്. "സ്വര്‍ല്ലോക രാജ്ഞി..." എന്ന് പുകഴ്ത്തി റോമന്‍ അമ്മദൈവത്തെക്കുറിച്ച് പാടിയത് റോമന്‍ എഴുത്തുകാരന്‍ അല്‍ഫെയൂസാണ്. അതുമുതല്‍ ഇങ്ങോട്ട് 'അമ്മദൈവ'ത്തിന്‍റെ വാഴ്ത്തുക്കള്‍ (ലുത്തിനിയകള്‍) ഒക്കെ മറിയത്തിന്റെ ലുത്തിനിയകളായി മാറി. ഉണ്ണിയെ കൈകളില്‍ പേറുന്ന ദേവതയായും (Isis with Child Horus) അവള്‍ മാറി. അവളുടെ ദൈവമാതൃത്വത്തെക്കുറിച്ച് തര്‍ക്കിച്ചപ്പോഴൊക്കെ ചോര്‍ന്നുപോയ അവളുടെ മനുഷ്യത്വവും ക്രിസ്തുശിക്ഷ്യത്വവും വീണ്ടെടുക്കപ്പെടേണ്ട കാലമായിരിക്കുന്നു.  

ചരിത്രത്തിലെ നസ്രറത്തുകാരി മറിയത്തില്‍ നിന്ന് ക്രിസ്തീയഭക്തിയുടെ ആള്‍രൂപമായ മറിയത്തില്‍ എത്തിപ്പെടുമ്പോള്‍ നഷ്ടപ്പെട്ടത് സ്ത്രീവിമോചനത്തിന്റെ മരിയന്‍ സത്വാര്‍ത്തയാണ്. കീര്‍ത്തിയില്ലാത്ത ഒരു നാട്ടിലെ സെറ്റില്‍മെന്റില്‍ ജനിച്ചുവളര്‍ന്നവള്‍, റോമന്‍ അധിനിവേശത്തിന്റെ ദുരന്തങ്ങള്‍ കണ്ടവള്‍, ഒരു ദരിദ്രമരപ്പണിക്കാരന്റെ ഭാര്യയായിരുന്നവര്‍, അവളാണ് ഈ കീര്‍ത്തനം പാടിയത്:
"...ഹൃദയവിചാരത്തില്‍ അഹങ്കാരിച്ചവരെ അവൻ ചിതറിച്ചു.
ശക്തരെ സിംഹാസനങ്ങളിൽ നിന്ന് മറിച്ചിട്ടു; താഴ്ന്നവരെ അവൻ ഉയർത്തി.
വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങൾ കൊണ്ട് സംതൃപ്തരാക്കി;
സമ്പന്നരെ അവൻ വെറുംകൈയ്യോടെ പറഞ്ഞയച്ചു."
അവള്‍ കണ്ട ദൈവികദര്‍ശനം ഇതായിരുന്നു, ഇത്രകണ്ട് വിപ്ലവകരമായിരുന്നു. അതൊരു സാംസ്കാരിക-രാഷ്രീയ-സാമ്പത്തിക വിപ്ലവത്തെ ഉള്‍ക്കൊണ്ടിരുന്നു. നിലനില്‍ക്കുന്ന മൂല്യക്രമങ്ങളും  സാമൂഹ്യ-രാഷ്ട്രീയ ഘടനകളും കീഴ്മേല്‍ മറയുന്ന ഒരുപുതുലോകത്തിന്റെ ഉദയമാണ് അവള്‍ വിഭാവനം ചെയ്തത്. അതുതന്നെയാണ് ദൈവരാജ്യസങ്കല്പമായി ക്രിസ്തു പഠിപ്പിച്ചതും. മേരിയുടെ സങ്കീര്‍ത്തനവും ക്രിസ്തുവിന്‍റെ 'ഗിരിപ്രഭാഷണ'വും തമ്മില്‍ വളരെ അടുത്ത സമാതനകള്‍ കാണാന്‍കഴിയും.

റോമന്‍ ഭരണത്തിന് കീഴില്‍ പലായനത്തിന്‍റെ ദുരന്തം പേറിയവളാണവള്‍. യൗവ്വനത്തിൽ തന്നെ വൈധവ്യം അനുഭവിച്ചവളാണവള്‍. മകന് ഭ്രാന്താണെന്ന് സമൂഹം പറയുമ്പോള്‍ ആവലാതിപ്പെട്ട് ഓടിനടന്നവളാണവള്‍ (മര്‍ക്കോസ് 3:21). ബന്ധുവിന്റേയും (സ്നാപകയോഹന്നാൻ) പിന്നീട്  സ്വന്തം മകന്റേയും രാഷ്ട്രീയകൊലപാതകങ്ങൾ കണ്ടവളാണവള്‍. മധ്യവയസ്സിൽ തന്നെ അനാഥയായവളാണവള്‍. അവളില്‍ നിന്ന് അപ്രാപ്യമായ സ്വര്‍ഗ്ഗീയ മഹത്വത്തില്‍ വസിക്കുന്ന സര്‍വ്വാലങ്കാരവിഭൂഷിണിയായ ഒരു രാജ്ഞിയിലേയ്ക്ക് മതഭാവനകള്‍ ചേക്കേറാന്‍ തുടങ്ങി. ഒപ്പം സംഭവിച്ചത്  സഹവിമോചികയില്‍ നിന്ന് അവൾ 'അമ്മ ദൈവ'ത്തിലേയ്ക്കും, ഒരു തൊഴിലാളിവീട്ടമ്മയില്‍ നിന്ന് മൃദുലചർമ്മമുള്ള, വിനയത്താൽ കുനിഞ്ഞ മുഖമുള്ള, ഒരു യൂറോപ്യൻ സ്ത്രീയിലേക്കും  പരിവർത്തനപ്പെടുകയായിരുന്നു. വിമോചനത്തിന്റെ സങ്കീർത്തനം പാടിയ ഒരു സ്ത്രീയിൽ നിന്ന് പുരുഷകേന്ദ്രീകൃത ലോകത്തിന്റെ അമ്മസങ്കൽപ്പങ്ങളിൽ അവൾ തളയ്ക്കപ്പെടുകയാണ് ഉണ്ടായത്. ഭക്തിയുടെ ആകാശമേഘങ്ങളിൽ നിലയുറപ്പിച്ച അവൾക്ക് പിന്നീട് ഭൂമിയുടെ തലതിരിഞ്ഞ വ്യവസ്ഥകളെയൊന്നും ചോദ്യംചെയ്യാൻ കഴിയാതെ പോയി. അങ്ങനെ നസ്രത്തിലെ മറിയത്തിൽ നിന്ന് നമുക്കുവേണ്ടി നമ്മൾ ഒരു ഭക്തവിഗ്രഹത്തെ സൃഷ്ടിച്ചു. ഇനി നമ്മൾ തിരിച്ചുമടങ്ങേണ്ടത് നസ്രത്തിലേക്കാണ്.

പൌരാണീക റോമന്‍ 'അമ്മ ദൈവങ്ങളു'ടെ ചരിത്രമുള്ള റോമിലെ മരിയ മജോരെക്കുന്നിലും സ്പെയിനിലെ എബ്രോ നദിയിലെ തീരത്തുമൊഴികെ മരിയന്‍ ദര്‍ശനവുമായി ബന്ധപ്പെട്ട കഥകളൊന്നും ആദ്യ പത്തുനൂറ്റാണ്ടുകളില്‍ ക്രിസ്തിയന്‍ സഭാചരിത്രത്തില്‍ കേട്ടിരുന്നില്ല. യൂറോപ്പില്‍ വ്യവസായവത്ക്കരണവും അതിന്‍റെ ഫലമായുണ്ടായ കോളനിവത്ക്കരണവും മുതലാണ്‌ മരിയന്‍ ദര്‍ശനങ്ങളുടെ കഥകള്‍ കേട്ടുതുടങ്ങുന്നത്. മന:ശാസ്ത്രം ഒരു ശാസ്ത്രമായി വികസിക്കാത്ത കാലത്ത് ഉണ്ടായ ഈ ദര്‍ശനങ്ങളെ ഇന്നും നമ്മള്‍ വേണ്ടവിധം മന:ശാസ്ത്രവിശകലനങ്ങള്‍ക്ക് വിധേയമാക്കിയിട്ടില്ല. കൂടാതെ ഈ ദര്‍ശങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ ഭക്തിയുടെ നിരുപദ്രവകരമായ പുറംചട്ടയാണുള്ളത്. എന്നാല്‍ ആ ഭക്തിയ്ക്ക് നിലനില്‍ക്കുന്ന സാമൂഹ്യ-രാഷ്ട്രീയ ഘടനയെ കൊട്ടങ്ങളില്ലാതെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന ഒരു രാഷ്ട്രീയവശമുണ്ട്.

മരിയന്‍ ദര്‍ശനത്തിലെ വെളിപാട് സന്ദേശങ്ങള്‍ ഓരോ കാലഘട്ടത്തിന്‍റെ ആവശ്യങ്ങളെയാണ് സംബോധന ചെയ്യുന്നത്. പടിഞ്ഞാറന്‍ യൂറോപ്പില്‍ വ്യാവസായിക മുതലാളിത്തത്തിന്‍റെ കാലത്ത് ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ ബെനഡിറ്റെയ്ക്ക് പ്രത്യക്ഷപ്പെട്ട മാതാവ് താന്‍ 'അമലോത്ഭവ'യാണെന്ന് വെളിപ്പെടുത്തി. എന്നാല്‍ വ്യാവസായിക മുതലാളിത്തത്തിന്‍റെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ഫ്രാന്‍സിലെ തൊഴിലാളികളുടെ ദാരുണമായ ജീവിതാവസ്ഥയെക്കുറിച്ചോ അതിനോട് സഭ സ്വീകരിക്കേണ്ട ക്രിസ്തീയനിലപാടുകളെക്കുറിച്ചോ ഒന്നും വെളിപ്പെടുത്തിയുമില്ല, അതും ചരിത്രത്തില്‍ ഒരു തൊഴിലാളികുടുംബത്തിലെ അമ്മയും ഭാര്യയുമായിരുന്ന മറിയം. ഒപ്പം ഈ കാലയളവില്‍ ഫ്രഞ്ച് സൈന്യം ആഫ്രിക്കയില്‍ ചെയ്തുകൊണ്ടിരുന്ന ഹിംസാത്മകമായ കോളനിവത്ക്കരണത്തെക്കുറിച്ച് റോമന്‍ കോളനിവത്ക്കരണത്തിന്‍റെ തിക്താനുഭവങ്ങള്‍ ജീവിതത്തില്‍ പേറിയ ആ മറിയം ഒന്നും പറയുന്നില്ല.  അതേസമയം പോർച്ചുഗല്ലിലെ ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ട മറിയം റഷ്യയിലെ കമ്മ്യൂണിസത്തിന്‍റെ ഉദയത്തിനെതിരെ 'വെളിപാടുകള്‍' നല്‍കിയിരുന്നു. ഫാത്തിമ മറിയം നിരീശ്വരവാദ കമ്മ്യൂണിസം ലോകത്തിന് തന്നെ വിനാശമാണെന്ന് വെളിപ്പെടുത്തുമ്പോള്‍ പോര്‍ച്ചുഗീസ് ഭരണകൂടം  ആഫ്രിക്കയിലെ അങ്ഗോളയിലും മൊസംബിക്കിലും നടത്തിക്കൊണ്ടിരുന്ന മനുഷ്യത്വരഹിതമായ ചൂഷണത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. സൗത്തമേരിക്കയിലെ കോളനിവത്ക്കരണത്തിന് മുന്നോടിയായി സ്‌പാനിയാഡ്സിനൊപ്പം പോയ മതചിഹ്നം  "വിജയ മാതാ" (Our Lady of Victory) യായിരുന്നു.

കോളനിവത്ക്കരണക്കാർ തദ്ദേശീയ ജനതയോട് കാട്ടിയ കൊടിയ ക്രൂരതയെക്കുറിച്ച് അടിമജനതയുടെ ഇടയിൽ ഒരാളായി പലസ്തീനായിൽ ജീവിച്ച, റോമൻ പടയോട്ടങ്ങളാല്‍ സ്വന്തം ജീവിതഗതി തന്നെ സ്വാധീനിക്കപ്പെട്ട അവൾ ഒന്നും പറയുന്നില്ല.
ചുരുക്കത്തില്‍ ദര്‍ശനങ്ങളില്‍ എത്തുന്ന മേരി ചരിത്രത്തിലെ വിമോചകയായ  മറിയമല്ല, നിലനില്‍ക്കുന്ന ചൂഷിതഘടനകളെ സാധൂകരിക്കുന്ന സ്ത്രീയാണ്. അവള്‍ ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ചോ വിവേചനത്തെക്കുറിച്ചോ അവളുടെ അവകാശത്തെക്കുറിച്ചോ ഒന്നും മിണ്ടുന്നില്ല; അവള്‍ സംസാരിക്കുന്നത് പാപത്തെക്കുറിച്ചും പ്രാര്‍ത്ഥനയെക്കുറിച്ചും മാത്രമാണ്. ക്രിസ്തുവിനൊപ്പം രക്ഷാകരജോലിയില്‍ പങ്കുകൊണ്ടവളായ മറിയത്തെ വിമോചനത്തിന്‍റെ കീര്‍ത്തനം പാടിയവളെ കണ്ടുമുട്ടാന്‍ വീണ്ടും നമ്മുക്ക് ചരിത്രത്തിലെ മറിയത്തില്‍ എത്തണം.

സുവിശേഷങ്ങള്‍ പ്രധാനമായും ക്രിസ്തുവിനെക്കുറിച്ചും അവന്‍റെ സന്ദേശത്തെക്കുറിച്ചുമാണ്, അതുകൊണ്ടുതന്നെ അതില്‍ മറിയത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തുലോംതുച്ഛമാണ്. സുവിശേഷങ്ങളില്‍ തന്നെ രണ്ടു ചിന്താധാരകളാണ് മറിയത്തെക്കുറിച്ചുള്ളത്‌. അതില്‍ ഏറ്റവും പഴക്കമുള്ള ചിന്താധാര മര്‍ക്കോസിന്റെ സുവിശേഷത്തില്‍ കാണുന്നതാണ്. മര്‍ക്കോസിലെ മേരി നമ്മുടെ പാരമ്പരാഗത മരിയന്‍ സങ്കല്പത്തിന് യോജിക്കുന്ന സ്വന്തം മകന്‍റെ ഭക്തയായ ശിഷ്യയോ അവന്‍റെ ദൌത്യത്തില്‍ സഹകാരിണിയോ അല്ല. നേരെ മറിച്ച് അമ്മയും മകനും തമ്മില്‍ ഒരു ചെറിയ അളവ് സംഘര്‍ഷഭരിതമായ ബന്ധമാണ് നിലനില്‍ക്കുന്നത്. അമ്മയും സഹോദരന്മാരും യേശുവിനെ കാണാന്‍ പുറത്തുവന്നു നില്‍ക്കുമ്പോള്‍ അവന്‍ ചുറ്റുമിരുന്നവരോട് പറയുന്നു - ദൈവഹിതം നിറവേറ്റുന്ന നിങ്ങളാണ് എന്‍റെ അമ്മയും സഹോദരങ്ങളും (മാർക്കോസ് 3: 31-35). ഇവിടെ സുവിശേഷകന്റെ ഭാഷയില്‍ യേശുവിന്‍റെ ഭാഗത്തുനിന്ന് സ്വന്തം അമ്മയോട് ഒരു അവഗണ കാണാന്‍ കഴിയും. കൂടാതെ അവന്‍റെ അറിവും ആത്മജ്ഞാനവും 'മറിയത്തിന്‍റെ മകന്' ചേരുന്നതായി അവന്‍റെ നാട്ടുകാര്‍ക്ക് തോന്നിയില്ലായെന്നും, അവനിലെ പ്രവാചകനെ ഉള്‍ക്കൊള്ളാന്‍ അവന്‍റെ കുടുംബം മടിച്ചുവെന്നും (അതില്‍ മറിയമുണ്ടോ എന്ന് സുവിശേഷം വ്യക്തമായി പറയുന്നില്ല) മാര്‍ക്കോസ് എഴുതുന്നു (മാർക്കോസ് 6: 3-4). ഈ ആദ്യകാല ചിന്താധാരയുടെ ഏതാനും ഭാഗങ്ങള്‍ യോഹന്നാന്‍റെ സുവിശേഷത്തിലും കാണാന്‍ കഴിയും. കാനായിലെ കല്യാണത്തില്‍ വീഞ്ഞുതീര്‍ന്നുപോയപ്പോൾ യേശുവിന്റെ അടുത്തെത്തുന്ന മറിയത്തോടുള്ള അവൻ്റെ ആദ്യപ്രതികരണം നിഷേധാത്മകമായിരുന്നു (യോഹന്നാൻ 2:4). ഈ ആദ്യകാല മരിയൻ ചിന്താധാരയനുസരിച്ച് അവൾ ഒരു ക്രിസ്തുശിഷ്യയായി തീരുന്നത് വളരെ സാവകാശമാണ്. അവൾക്ക് മുന്നേ ക്രിസ്തുവിനെ പിഞ്ചെന്ന സ്ത്രീകളെക്കുറിച്ച് (മഗ്ദലമറിയമടക്കം) പറയുന്നുമുണ്ട്.

ലൂക്കായുടെ സുവിശേഷത്തിലാണ്  മറ്റൊരു മരിയൻ ചിന്താധാര വളരെ വ്യക്തമായി കാണുന്നത്. അവിടെ മറിയത്തിന് ഒരു രക്ഷകന്റെ അമ്മസ്ഥാനം ആദ്യംമുതൽ ബഹുമാനപുരസ്‌കാരം കൊടുക്കുന്നുണ്ട്. എന്നാൽ ആ മറിയം ഭക്തിയിൽ മെരുക്കിയെടുത്ത അമ്മദൈവമല്ല (Domesticated Mother Goddess). അവള്‍ വിമോചനത്തിന്റെ സങ്കീർത്തനം ആലപിക്കുന്നവളാണ് (ലൂക്കാ 1:46-55). തനിയെ മലവഴികൾ താണ്ടിനടന്നുപോയവളാണ് (ലൂക്കാ 1:39). ചിന്താശക്തിയുള്ളവളാണ് (ലൂക്കാ 2:19). വ്യാകുലതകളുടെ കണ്ണീര്‍ക്കടല്‍ ധീരമായി നീന്തിക്കയറുന്നവളാണ് (ലൂക്കാ 2:35). അവളെയാണ് പിന്നീട് നാം ക്രിസ്തുവിന്‍റെ മരണശേഷം സ്വന്തം മതനേതൃത്വത്താലും സാമ്രാജ്യശക്തികളാലും വേട്ടയാടപ്പെടുന്ന ഒരു ചെറുകൂട്ടം ആദിമക്രൈസ്തവ സമൂഹത്തില്‍ കണ്ടുമുട്ടുന്നത് (നടപടി 1:14).  ഈയൊരു മറിയത്തെ കണ്ടെത്തുകയാണ് വരും കാലം സ്ത്രീവിമോചനം ആഗ്രഹിക്കുന്ന ക്രിസ്തീയ സഭകള്‍ ചെയ്യേണ്ടത്. അവളാണ് സ്ത്രീപക്ഷചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും വഴികാട്ടിയായി മാറേണ്ടത്.

Thursday, July 13, 2017

സാറായുടെ ഗര്‍ഭവും എന്‍റെ പ്രസവവേദനയും 
സാറായ്ക്കിത് ഒന്‍പതാം മാസമാണ്. അവള്‍ കൂളാണ്. എനിയ്ക്കാണ്‌ ടെന്‍ഷന്‍. അല്ല, എന്നെ ടെന്‍ഷന്‍ പിടിപ്പിക്കുകയാണ് രണ്ടുപ്രസവിച്ച ലാലിചേച്ചി, അവളുടെ വളര്‍ത്തമ്മ. "കന്നിപ്പേറാണ്. ഒന്നുമറിയാന്‍ പാടില്ലാത്ത ഇളംപൈയ്യാണ്. പ്രസവം മിക്കവാറും രാത്രിയില്‍ ആണ് നടക്കാന്‍ സാധ്യത. ഞാന്‍ സ്ഥലത്ത് ഉണ്ടായിക്കൊള്ളണമെന്നില്ല. കാര്യങ്ങള്‍ എല്ലാം നോക്കിക്കൊള്ളണം. പ്രസവസമയത്ത് കുട്ടിയുടെ കാല് തിരിഞ്ഞാണ് വരുന്നതെങ്കില്‍ അത് ഉള്ളിലേക്ക് തള്ളിവിടണം; അല്ലെങ്കില്‍ അമ്മയ്ക്ക് മരണം വരെ സംഭവിക്കാം. പ്രസവം കഴിഞ്ഞാല്‍ ഉടന്‍ കുട്ടിയെ തുടയ്ക്കണം. സാറായെ അഴിച്ചുവിടണം. അവള്‍ നക്കിത്തുടയ്ക്കും. ശേഷം അവളെ ഉടന്‍ പിടിച്ചുകെട്ടണം. അല്ലെങ്കില്‍ അവള്‍ മറുപിള്ള തിന്നും. അത് വലിയ പ്രശ്നമാകും. രാത്രി മുഴുവന്‍ വെട്ടമിട്ടേക്കണം."
ഒരാഴ്ചയായി രാത്രി നല്ല ഉറക്കം കിട്ടുന്നില്ല. ഇടയ്ക്കിടെ കൂട്ടില്‍ പോയി നോക്കുന്നു. അപ്പോള്‍ ഉറക്കം നഷ്ടപ്പെടുത്തിയ കലിപ്പില്‍ സാറാ എന്നെ നോക്കുന്നു. ഞാന്‍ അവളോട്‌ പറയുന്നു: "എടീ സാറാ, നീ ക്ഷമിക്ക്. എനിയ്ക്ക് ഒട്ടും പരിചയമില്ലാത്ത കാര്യമാണ് ഈ പേറുംപ്രസവവുമൊക്കെ. ഞങ്ങളുടെ കുടുംബത്തില്‍ പോലും പാരമ്പര്യമായി പേറുംപ്രസവവുമൊന്നും നടക്കാറില്ല. എന്‍റെ അപ്പനും അമ്മയ്ക്കും എന്നെ കിട്ടിയത് എങ്ങനെയാണെന്ന് നിനക്കറിയാമോ? അവര് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ദൈവം സമ്മാനമായി കൊടുത്തതാ. അപ്പനെ വല്യപ്പന് കിട്ടുന്നത് പശുവിന് പുല്ലുമുറിക്കാന്‍ പറമ്പില്‍ പോയപ്പോഴാണ്. വല്യപ്പന്‍റെ അപ്പന് വല്യപ്പനെ മലവെള്ളപ്പാച്ചിലില്‍ ഒരു കുട്ടയില്‍ ഒഴുകിവന്ന് കിട്ടിയതാ. എന്‍റെ അമ്മയുടെ വീട്ടുകാര്‍ ആവട്ടെ തലമുറകളായി കുമ്മനംജീയുടെ കുടുംബം പോലെ ബ്രഹ്മചാരികളുമാണ്. ഞാനും ആ വഴി പിന്‍ചെല്ലുന്നു."
ഇത്രയും പറയുമ്പോള്‍ അവളുടെ പുശ്ചഭാവത്തിലുള്ള നോട്ടം കാണുമ്പോഴാണ് എനിയ്ക്ക് ദേഷ്യം വരുന്നത്. "നീ എന്തിനാടീ ഇങ്ങനെ മനുഷ്യനെ ആസാക്കുന്നത്?"
"നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ മനുഷ്യാ ഈ നട്ടപ്പാതിരയ്ക്ക്! നിങ്ങളൊക്കെ പേറ് എടുത്തിട്ടാ ഞങ്ങടെയൊക്കെ വംശം ഇത്രയും കാലം അന്യംനില്‍ക്കാതിരുന്നത്? കാട്ടുപശുവിന്റേയും പോത്തിന്റെയുമൊക്കെ പേറ് ആരാ എടുക്കുന്നത്? അവരില്‍ എത്രപേര്‍ പ്രസവത്തില്‍ ചത്തുപോയിട്ടുണ്ട്?"
അവളുടെ മുട്ടുന്യായങ്ങള്‍ക്ക് മുറുപടി പറയാന്‍ കഴിയാതെ ഞാന്‍ ഇങ്ങനെ പറഞ്ഞുപോരും, "ങാ.., നീ സൂക്ഷിച്ചാല്‍ നിനക്ക് കൊള്ളാം. കന്യക ഗര്‍ഭംധരിച്ചവാളാണ് നീ എന്ന് മറക്കണ്ടാ. ചത്താല്‍ കരയാന്‍ ഒരു ഭര്‍ത്താവ് പോലും ഉണ്ടാവില്ല."

Friday, June 30, 2017

കര്‍മ്മങ്ങള്‍'ക്കിടയില്‍ നഷ്ടപ്പെട്ട ഇടയകര്‍മ്മം

ക്രിസ്തീയ പൌരോഹിത്യത്തിന്‍റെ പ്രതിസന്ധി മതപ്രതിസന്ധിയ്ക്ക് അപ്പുറം വ്യക്തിത്വപ്രതിസന്ധി നേരിടുന്ന കാലത്താണ് നമ്മള്‍. ഈ വ്യക്തിത്വപ്രതിസന്ധിയാണ് പടിഞ്ഞാറന്‍ ലോകത്ത് പൌരോഹിത്യം ഏതാണ്ട് അന്യംനിക്കലിന്റെ വക്കില്‍ എത്തിച്ചത്. കാര്യങ്ങള്‍ മുന്നോട്ടുപോകുന്ന അവസ്ഥയില്‍ നോക്കുമ്പോള്‍ നമ്മുടെ നാട്ടില്‍ പുരോഹിതരുടെ എണ്ണത്തില്‍ ഉടന്‍ ഒരു വലിയ കുറവ് പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ ഈ ജീവിതശൈലിയില്‍ നിന്ന് പൊഴിച്ചിലുകള്‍ ഏറെ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണുതാനും. മാറിയ സാമൂഹ്യപശ്ചാത്തലമടക്കം പല കാരണങ്ങള്‍ ഇതിന്‍റെ പിന്നില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. എന്നാല്‍ ഒരാള്‍ ഒരു ജീവിതശൈലിയില്‍ പ്രവേശിച്ച ശേഷം അതില്‍ നിന്ന് വഴിമാറുന്നത്‌ പൊതുവില്‍ രണ്ട് കാരണങ്ങൾ കൊണ്ടാണ്- 1) ബോധ്യങ്ങളില്‍ ഉണ്ടാകുന്ന മാറ്റം, 2) ജീവിതശൈലിയില്‍ അനുഭവിക്കുന്ന വ്യക്തിത്വപ്രതിസന്ധി. ഈ രണ്ടുകാരണങ്ങളും ക്രിസ്തീയപൌരോഹിത്യത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. കാരണം മറ്റുമതങ്ങളില്‍ നിന്ന് വ്യതസ്തമായി പൌരോഹിത്യത്തെ ഒരു ജീവിതശൈലിയായി വ്യാഖ്യാനിക്കുന്നത് ക്രിസ്ത്രീയത മാത്രമാണ്.
ക്രിസ്ത്രീയപൌരോഹിത്യം വ്യക്തിത്വപ്രതിസന്ധി നേരിടാന്‍ ഉണ്ടായ സാഹചര്യത്തിലേയ്ക്കുള്ള അന്വേഷണം 'ക്രിസ്തുവിന്‍റെ പൌരോഹിത്യം' തേടിപ്പോകുമ്പോള്‍ വെളിവാകും. ആദിമസഭയില്‍ ഒരു സഭാശുശ്രൂഷകനേയും 'പുരോഹിതന്‍' (hiereus/sacerdos) എന്ന പേരില്‍ വിളിച്ചിരുന്നില്ല. യഹൂദമതവും വിജാതീയമതങ്ങളും പിന്‍ചെന്ന പൌരോഹിത്യത്തിന്‍റെ വഴികള്‍ ആയിരുന്നില്ല ആദ്യമസഭയിലെ ശുശ്രൂഷാധര്‍മ്മം. അതുകൊണ്ടുതന്നെ ആ ധര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നവരെ 'സഭയിലെ ശ്രേഷ്ഠര്‍' (Elders of the Church/presbyter) എന്നാണ് വിളിച്ചിരുന്നത്‌.
യഹൂദമതത്തിലെ പുരോഹിതഗോത്രമായ ലേവായവംശത്തില്‍ പിറക്കാത്ത ക്രിസ്തു താന്‍ ജീവിച്ചിരുന്ന കാലത്ത് ഒരിക്കലും ഒരു അനുഷ്ഠാപുരോഹിതന്‍ (sacerdos) ആയിരുന്നില്ല. മാത്രമല്ല അക്കാലത്തെ പൌരോഹിത്യത്തിന്റെ ചെയ്തികളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്തുവിന്‍റെ കുരിശുമരണം ത്വരിതപ്പെടുത്തിയതില്‍ ഒരു പ്രധാനകാരണം പൌരോഹിത്യത്തിനും ദേവാലയത്തിനും എതിരെ അവന്‍ എടുത്ത നിലപാടുകള്‍ ആയിരുന്നു. ദേവാലയം നശിപ്പിക്കപ്പെടുന്നതിനെക്കുറി ച്ചും പൌരോഹിത്യം കപടമാകുന്നതിനെക്കുറിച്ചും അവന്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഹോസയാ ദീര്‍ഘദര്‍ശിയെ ഉദ്ധരിച്ച്, 'ബലിയല്ല, കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത്' (മത്തായി 9:13) എന്ന് അവന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ക്രിസ്തുവിന്‍റെ ആദ്യകാല അനുഗാമിയായ സ്റ്റീഫനെ ന്യായാസനത്തിന് മുന്നില്‍ എത്തിക്കുമ്പോള്‍ അദ്ദേഹത്തിന് എതിരെ നിര്‍ത്തുന്ന ഗുരുതര ആരോപണങ്ങളില്‍ ഒന്ന് 'ക്രിസ്തുവിന്‍റെ പേരില്‍ ഇയാള്‍ ദേവാലയത്തിനും മതനിയമത്തിനും എതിരായി സംസാരിക്കുന്നു' (നടപടി 6:13-14) എന്നതായിരുന്നു.
കൃത്യമായി പറഞ്ഞാല്‍ ഒരു യഹൂദനായി ജനിച്ച്, യഹൂദനായി ജീവിച്ച്, യഹൂദനായി മരിച്ച ക്രിസ്തു ഒരു പുതിയ അനുഷ്ഠാനമതമോ പൌരോഹിത്യമോ തുടങ്ങിവെച്ചില്ല. താന്‍ ജനിച്ചുവളര്‍ന്ന മതപശ്ചാത്തലത്തെ വിമര്‍ശനാത്മകമായി കണ്ട ഒരു 'വിപ്ലവകാരി'യായ ഒരു യഹൂദനായിരുന്നു ക്രിസ്തു. ക്രിസ്തുവിനുശേഷം അപ്പസ്തോലന്മാരും അവരുടെ യഹൂദപാരമ്പര്യം പിന്‍ചെന്നു.
കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തേണ്ട കാലംവരുന്നത് ക്രിസ്ത്രീയതയെ യൂദമതം പുറംതള്ളാൻ തുടങ്ങിയതു മുതലാണ്. ക്രിസ്തു മിശിഹായാണെന്ന അവരുടെ ഏറ്റുപറച്ചിൽ ആയിരുന്നു അതിന് കാരണമായി മാറിയത്. മതത്തിൽ നിന്ന് പുറംതള്ളപ്പെട്ട ക്രിസ്താനികൾ മതമില്ലാത്ത ഒരു ജനതയായി മാറുകയായിരുന്നു. അപ്പോഴാണ് അവർ ആദ്യ മതസ്വത്വപ്രതിസന്ധി നേരിടുന്നത്. മതം നിഷേധിക്കപ്പെടുകയും സ്വന്തമായ പുതിയ ദേവാലയവും പൌരോഹിത്യവും അനുഷ്ഠാനങ്ങളും ഇല്ലാതാവുകയും ചെയ്തപ്പോഴാണ് ക്രിസ്തുവിന്‍റെ ചൈതന്യത്തിലേയ്ക്ക് മടങ്ങേണ്ട ചിന്തകൾ അവരിൽ കൂടുതല്‍ തീഷ്ണതയോടെ ഉടലെടുക്കുന്നത്. അതിന്റെ ആദ്യപടിയായിരുന്നു ദേവാലയം, പൗരോഹിത്യം, ബലി (അനുഷ്ഠാനം) എന്നിവയെ പുനർനിർവചിക്കുക എന്നത്. 'ശരീരത്തിന്‍റെ സഭാശാസ്ത്രം' (Ecclesiology of Body) വ്യാഖ്യാനിക്കുന്നതിലൂടെ ഈ ദൌത്യം വളരെ കൃത്യമായി നിര്‍വ്വഹിക്കുന്നത് പൌലോസ് ആണ്. നിന്‍റെ ശരീരമാണ് നിന്‍റെ ദേവാലയം, കല്ലിലും മണ്ണിലും പണിത ആലയങ്ങള്‍ കാലത്തെ അതിജീവിക്കാതെ കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ നശിപ്പിക്കപ്പെടും എന്നത് ദേവാലയം നഷ്ടപ്പെട്ട് അനുഷ്ഠാനമതത്തിന് വെളിയിലേയ്ക്ക് വന്ന ആദ്യമക്രൈസ്തവരുടെ തിരിച്ചറിവായിരുന്നു. ദേവാലയമില്ലെങ്കില്‍ പൌരോഹിത്യമില്ല, അനുഷ്ഠാന ബലികള്‍ ഇല്ല.
പൌരോഹിത്യഭാഷയും അനുഷ്ഠാനപരമായ ഉപമാനങ്ങളും പിന്നീട് കടന്നുവരുന്നത്‌ ക്രിസ്തുവിന്‍റെ ജീവിതത്തെ മതഭാഷയില്‍ വായിച്ചെടുക്കാനായിരുന്നു. അതുകൊണ്ടുതന്നെ ഹെബ്രായര്‍ക്കെഴുതിയ ലേഖനമടക്കം അനുഷ്ഠാനമതത്തിന്‍റെ ഭാഷയെ കടമെടുത്ത് ക്രിസ്തുജീവിതത്തെ വ്യഖാനിക്കുമ്പോള്‍ അവിടെ ഭാഷ ആലങ്കാരികമാണ്, അല്ലാതെ അക്ഷരാര്‍ത്ഥത്തില്‍ എടുക്കേണ്ടതല്ല. ദേവാലയം ശരീരമെന്നും, ബലിയെന്നാല്‍ പിതാവിന്‍റെ ഹിതംനിറവേറ്റുന്നതെന്നും, പൌരോഹിത്യമെന്നാല്‍ സ്വന്തം ജീവിതത്തില്‍ ദൈവഹിതം നിറവേറ്റി ബലിയര്‍പ്പകനും ബലിവസ്തുവും ഒന്നാകുന്ന ജീവിതത്യാഗമെന്നും ക്രിസ്തുജീവിതത്തെ ഉദാഹരിച്ചുകൊണ്ട് പുതിയനിയമലേഖകര്‍ എഴുതി. അവസാനം ഇങ്ങനെയും കുറിച്ചു- എല്ലാ ക്രിസ്തുശിഷ്യരും 'പുരോഹിതജന'മാണ്, ദൈവഹിതം നിറവേറ്റി സ്വയം 'ബലി'യായി തീരേണ്ടവര്‍. പറഞ്ഞുവരുന്നത് പുതിയനിയമം അനുഷ്ഠാനമത-പൌരോഹിത്യഭാഷ ഉപയോഗിക്കുന്നത് ക്രിസ്തുവിന്റെയും ക്രിസ്തുഅനുയായികളുടേയും ജീവിതശൈലിയെ വിശദീകരിക്കാന്‍ വേണ്ടി ആലങ്കാരികമായാണ്. അല്ലാതെ ക്രിസ്തീയതയെ യഹൂദമതം പോലയോ വിജാതിയമതങ്ങള്‍ പോലെയോ മറ്റൊരു മതമായി മാറ്റി അതില്‍ പുതിയ ദേവാലയവും പുതിയ പൌരോഹിത്യവും പുതിയ അനുഷ്ടാനങ്ങളും ആരംഭിക്കുകയായിരുന്നില്ല. അതുകൊണ്ടാണ് ആദ്യകാലത്ത് ക്രിസ്തീയതയെ 'മാര്‍ഗ്ഗം' (The Way), ഒരു ജീവിതശൈലി, എന്ന് വിളിച്ചത്.
സഭയുടെ തുടക്കത്തില്‍ ഉണ്ടായ ആദ്യപ്രതിസന്ധിയും മതംമാറ്റവുമായി ബന്ധപ്പെട്ടതായിരുന്നു. ക്രിസ്തീയത യഹൂദസംസ്കാരത്തിന് പുറത്തേയ്ക്ക് പ്രചരിക്കാൻ തുടങ്ങിയതുമുതൽ ഏറെ അന്യമതസ്ഥർ ക്രിസ്തീയതമുന്നേറ്റത്തിന്റെ ഭാഗമായി. ഇങ്ങനെ ക്രിസ്തുവിന്റെ മുന്നേറ്റത്തലേയ്ക്ക് എത്തിയവർ പരിശ്ചേദനകർമ്മം നടത്തി യഹൂദമതത്തിന്റെ ഭാഗമാകണമോ വേണ്ടയോ എന്ന തർക്കം അപ്പസ്തോലന്മാരുടെ ഇടയിൽ ഉണ്ടായി. ഈ പ്രശ്നം പരിഹരിക്കാൻ ജെറുസലേമിൽ വെച്ച് ആദ്യത്തെ കൗൺസിൽ വിളിച്ചുചേർക്കപ്പെട്ടു. അതിൽ വെച്ചുണ്ടായ തീരുമാനമായിരുന്നു ഒരാൾ ക്രിസ്തീയമുന്നേറ്റത്തിന്റെ ഭാഗമാകുന്നത്‌ ഒരു മതംമാറ്റമല്ലെന്നും അതിനാൽ പരിശ്ചേദനകർമ്മം സ്വീകരിച്ച് യഹൂദനായി തീരേണ്ടതില്ലെന്നുമുള്ളത് (നടപടി 15:1-20). ക്രിസ്തീയതയെന്നാൽ ഒരു പുതിയ അനുഷ്‌ഠാന മതമല്ലെന്നും, സഭാശുശ്രൂഷയെന്നാൽ ഒരു പുതിയ പൗരോഹിത്യമല്ലെന്നും, കൂദാശകൾ പുതിയ അനുഷ്ഠാനകർമ്മങ്ങൾ അല്ലെന്നുമുള്ള ആദ്യകാലസഭയുടെ തിരിച്ചറിവാണ് പിന്നീട് സഭയ്ക്ക് കൈമോശം വന്നുപോകുന്നത്. 'ദൈവജനം' എന്ന് വിളിക്കപ്പെട്ടിരുന്ന സഭയെ (The Church as the People of God) പിന്നീട് കല്ലിലും മണ്ണിലും പണിയുന്ന സ്ഥാപനവത്കൃതമായ ദേവാലയങ്ങൾ ആയി കണക്കാൻ തുടങ്ങി. അപ്പോൾ ക്രിസ്തീയതയ്ക്ക് നഷ്ടപ്പെടാൻ തുടങ്ങിയത് അതൊരു 'ജീവിതശൈലി'യാണെന്ന പ്രതിച്ഛായയാണ്. ക്രിസ്തീയ 'പൌരോഹിത്യം' ഒരു പൂജാരിപ്പണിയാണെന്ന് സഭാശുശ്രൂഷകരായി നിയമിതരായ ഇടയന്മാരും (pastors) സ്വയം ചിന്തിക്കാന്‍ തുടങ്ങി.
ഈ ഒരു സാഹചര്യത്തില്‍ ആണ് റോമിലെ ഫ്രാന്‍സിസ് എന്ന വലിയഇടയന്‍റെ ഉത്ബോധനം പ്രസക്തമാകുന്നത്: "ഇടയന്മാര്‍ക്ക് ആടുകളുടെ ഗന്ധം ഉണ്ടാകണം." ഇടയന്മാര്‍ ആടുകളില്‍ നിന്ന് വേര്‍തിരിക്കപ്പെട്ട് മാറ്റപ്പെട്ട 'പുരോഹിതന്‍' ആണെന്ന പരമ്പരാഗത കാഴ്ചപ്പാടില്‍ നിന്ന് മാറി അയാള്‍ ആടിന്‍റെ ചൂരറിയുന്ന 'ഇടയന്‍' ആകണം എന്ന ക്രിസ്തുമനസ്സിനോട് ചേര്‍ന്ന, ആദിമസഭയുടെ പിതൃധര്‍മ്മത്തോട് (elders/presbyter) ചേര്‍ന്ന, വ്യാഖ്യാനമാണത്. ഗാര്‍ഹീകകൂട്ടായ്മകള്‍ (സഭകള്‍) ആയി രൂപപ്പെട്ട ആദ്യമസഭയില്‍ ക്രിസ്തുവിന്‍റെ സുവിശേഷം പ്രസംഗിച്ച അപ്പോസ്തലന്മാരുടെ അഭാവം ഉണ്ടായപ്പോള്‍ ഈ കൂട്ടായ്മകളെ നയിക്കാനായി നിയമിതരായവരാണ് ഈ 'ഇടയശ്രേഷ്ഠന്മാര്‍' (1 പത്രോസ് 5:1-2). യഹൂദസിനഗോഗ് രീതിയിൽ വീടുകളിൽ (ദേവാലയങ്ങളിൽ അല്ല) രൂപപ്പെട്ട ഈ ചെറുകൂട്ടായ്മകളെ പഠിപ്പിക്കുക, ശുശ്രൂഷിക്കുക, നയിക്കുക, അവരുടെ ഊട്ടുമേശകൂട്ടയ്മകൾക്ക് നേതൃത്വം നൽകുക എന്നീ ദൗത്യങ്ങൾ ആണ് അവരെ ഭരമേല്പിച്ചിരുന്നത്. അത് ചെയ്യണ്ട രീതി വിനയത്തിലും ക്രിസ്തുചൈതന്യത്തിലും ആയിരിക്കണമെന്ന് പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ഉപവി പ്രവർത്തങ്ങളിൽ വേണ്ടവിധം ശ്രദ്ധിക്കാൻ 'ശ്രേഷ്ഠൻമാർ'ക്ക് കഴിയാതെ പോയപ്പോൾ ആ ദൗത്യം നിവ്വഹിക്കാനായി പിന്നീട് 'ശുശ്രൂഷകരെ' (ഡീക്കന്‍സ്) നിയമിക്കുകയായിരുന്നു. ഇവരെല്ലാവും കുടുംബജീവിതം നയിക്കുന്നവരായിരുന്നു. ഒരു പൊതുവിടം എന്നനിലയിൽ മാത്രം ദേവാലയത്തിൽ നിന്ന് പുറത്താക്കപ്പെടുവോളം ദേവാലയഅങ്കണത്തിൽ ഒരുമിച്ചു കൂടുകയും, ശേഷം വീടുകൾ തോറും അപ്പംമുറിക്കൽ ശുശ്രൂഷയിൽ ഏർപ്പെടുകയും ചെയ്തിരുന്നു. അവരുടെ ജീവിതശൈലിയില്‍ നിന്നാണ് അവര്‍ ക്രിസ്തുശിഷ്യരെന്ന് മറ്റുള്ളവര്‍ മനസ്സിലാക്കിയിരുന്നത് (നടപടി 2:45 - 47).
കാലംപോകെ ക്രിസ്തീയത റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗീക മതമാവുകയും (ജീവിതശൈലിയല്ല), എല്ലാ ഭൗതീകസമൃദ്ധിയും അതിനോടൊപ്പം വന്നുചേരുകയും ചെയ്തപ്പോൾ ക്രിസ്തുവിന്റെ സഭ ജീർണ്ണതയുടെ വഴിയിലേക്ക് കടക്കുകയായിരുന്നു. മതമെന്ന വ്യാഖ്യാനത്തിൽ ഒരു അനുഷ്ഠാനമതത്തിന്റെ എല്ലാ രൂപഭാവങ്ങളും അതിന് കൈവന്നു. കൂദാശകൾ മതഅനുഷ്ഠാനങ്ങളായി മാറാൻ തുടങ്ങി, മതത്തെ ഭരിക്കാൻ കണിശതയുള്ള ആരാധനാക്രമങ്ങളും കാനോനികനിയമങ്ങളും വന്നുചേർന്നു, ഗാർഹീകകൂട്ടായ്മകള്‍ അപ്രത്യക്ഷമാവുകയും ക്രിസ്തീയത ദേവാലങ്ങളിൽ ചേക്കേറുകയും ചെയ്തു. ഭൗതീകതയും അധികാരവും ഒരുമിച്ചപ്പോൾ അത് ഏറ്റവും കൂടുതൽ ബാധിച്ചത് സഭാശുശ്രൂഷകരെയാണ്. പൗരോഹിത്യം ക്രിസ്തുവിനോളം ഉയർത്തപ്പെടുകയും രാജകീയമാവുകയും; ഭരിക്കുക, അനുഷ്ഠാപരമായി ദൈവത്തിന്റേയും മനുഷ്യരുടേയും ഇടയിലെ മദ്ധ്യവർത്തിയാവുക, എന്ന നിലകളിലേയ്ക്ക് ചുവടുമാറുകയും ചെയ്തു. മദ്ധ്യകാലഘട്ടം പൗരോഹിത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും അപചയം നിറഞ്ഞ കാലമായി. വിജാതീയ അധികാരശ്രേണിയിൽ അവർ വിശ്വാസികൾക്ക് മേലായി സ്ഥാനം ഉറപ്പിച്ചു. പൌരോഹിത്യം ചോദ്യംചെയ്യപ്പെടാൻ കഴിയാത്ത ഒരു അധികാര സ്ഥാനമായി. ദൈവജനത്തിന്റെ പാദംകഴുകാൻ ആവോളം താഴേണ്ട ശ്രുശ്രൂഷ അങ്ങനെ ഒരധികാരപ്രശ്നമായിമാറി. ദൈവത്തിനും മനുഷ്യനും ഇടയിൽ നമുക്ക് ഏകമധ്യസ്ഥനേയുള്ളൂ- യേശുക്രിസ്തു എന്നുപറഞ്ഞ ആദിമസഭയുടെ ശുശ്രൂഷകരിൽ നിന്ന് ദൈവത്തിനും മനുഷ്യനുമിടയിൽ അകലങ്ങൾ തീർത്ത് ആ അകലങ്ങളിൽ അവർ മദ്ധ്യസ്ഥസ്ഥാനം ഉറപ്പിച്ചു.
രണ്ടാം വത്തിക്കാൻ കൗൺസിൽ ആണ് പൗരോഹിത്യത്തെ അതിന്റെ ആദ്യമചൈതന്യത്തിലേക്ക് കൂട്ടികൊണ്ടുവരുന്നതിൽ ചില നവീകരങ്ങൾ മുന്നോട്ട് വെച്ചത്. (Presbyterorum Ordinis) ആറാംകൂദാശയെ 'പൗരോഹിത്യം' എന്ന തലക്കെട്ടിൽ നിന്ന് തന്നെ മാറ്റി 'സഭാശുശ്രൂഷയുടെ കൂദാശ' എന്നാക്കി മാറുക എന്നതായിരുന്നു ആദ്യനവീകരണം (LG, 28). ആദിമസഭയിലേതുപോലെ ഈ കൂദാശയിൽ മൂന്നുതരം സഭാശ്രുശ്രൂഷകൾ (ഡീക്കൻ-പ്രെസ്ബിറ്റർ-ബിഷപ്പ്) വലിപ്പചെറുപ്പം ഇല്ലാതെ ശുശ്രൂഷാവൈവിധ്യത്തോടെ നൽകപ്പെടുന്നു എന്ന് പുനർനിവ്വചിക്കുക എന്നതായിരുന്നു രണ്ടാമത്തെ നവീകരണം. പ്രെസ്‌ബിറ്റർ ഒരു അനുഷ്‌ഠാനപുരോഹിതൻ ആല്ലെന്നും ദൈവജനത്തിന്റെ കണ്ണീരും വേദനയും വീഴ്ചയും സന്തോഷങ്ങളും ആകുലതകളും അറിയുന്ന, അവയിലൊക്കെ അവരെ അലിവോടെ നയിക്കുക ഒരിടയൻ ആകണമെന്നുമുള്ള തിരിച്ചറിവ് ദൈവശാസ്ത്രജ്ഞരുടെ ഇടയിൽ ഉണ്ടായി. പക്ഷെ, മാറ്റത്തിന്റെ ഒലികളൊന്നും നമ്മുടെ നാട്ടിൽ എത്താതെ പോയി. പൗരോഹിത്യം ഇവിടെ ഇന്നും മദ്ധ്യകാലഘട്ടത്തിൽ ആണ്. ഒന്നേ പറയാനുള്ളൂ- ഒരു മൂന്നാം വത്തിക്കാൻ കൗൺസിലിന് കാലമായ ഈ കാലത്ത് രണ്ടാം വത്തിക്കാൻ കൗൺസിലിന് നമ്മുടെ അരമനകളുടെ പടികടക്കാൻ, ദേവാലയങ്ങളുടെ മുറ്റത്ത് ഒന്നുവന്നുനിൽക്കാൻ, നമ്മള്‍ ഒരവസരം കൊടുക്കണം. കാലത്തിന് മുന്നേ ചരിച്ച ക്രിസ്തുവെന്ന നല്ലിടയൻ നഷ്ടപ്പെട്ട ഒരാടിനെ തേടി, നഷ്ടപ്പെടാത്ത ആരോഗ്യമുള്ള വലിയ കൂട്ടങ്ങളെ വിട്ട്, ഇനിയും പുറത്തെവിടെയോ അലയുന്നുണ്ട്. മറ്റ് 'കർമ്മങ്ങളൊ'ക്കെ ആഘോഷമായി നടക്കുമ്പോഴും ആ കർമ്മം ചെയ്യാൻ അവൻ മാത്രം തനിച്ചായിപോകരുതേ...
(Assissi Magazine -July 2017 -Cover story )