Tuesday, July 22, 2014

പരിഭാഷകന്റെ പിൻവാക്ക്

തപശ്ചര്യകളുടെ നിർവൃതിയിൽ ജീവിച്ച മുനിവര്യന്മാരുടെ ഗണത്തിലെ ഫ്രാന്സിസിനോട് ഒട്ടുമേ ആകര്ഷണം തോന്നിയിട്ടില്ല. എന്നാല് സിനോപ്പെയിലെ ഡയോജനസിന്റെയും എ. അയ്യപ്പന്റേയും ജോണ് അബ്രാഹത്തിന്റേയും ജന്മപരമ്പരയില് പെട്ടൊരാള്, ബാവുലുകളുടെ വേഷത്തില് നീട്ടിവളര്ത്തിയ താടിമുടികളോടെ ഉംബ്രിയായുടെ പൊടിപറക്കുന്ന നടവഴികളിലൂടെ നടന്നുപോയൊരാള്, രണ്ട് മരക്കമ്പുകള് ചേര്ത്തുരസി സംഗിതം നിര്മ്മിച്ച് തെരുവിലെ ചിത്തഭ്രമക്കാരനെപ്പോലെ നൃത്തം ചെയ്തൊരാള്... ആ ഫ്രാന്സിസില് ലോകത്തില് ദരിദ്രനും നിസ്സാരനുമായിരിക്കുന്നതിന്റെ നിർവൃതി അറിയാനാവുന്നു. ദരിദ്രനായിരിക്കുക എന്നാല് ഭാരമില്ലാതെ ജീവിക്കുക എന്നതിന്റെ മറുവാക്കായി അയാളില് മാറി. ഭൗതിക ആവശ്യങ്ങളെല്ലാം പൂര്ത്തീകരിക്കപ്പെട്ട് കഴിയുമ്പോള് മാത്രം ഉള്ളിലെ കലകാരനുണരും എന്ന കാപ്പിറ്റലിസ്റ്റ് ചിന്തയ്ക്ക് അയാള് അപവാദമായി.

ഫ്രാന്സിസിന്റെ കാലഘട്ടത്തിലെ സഭ ക്രിസ്തുവിന്റെ കോലങ്ങള് നിര്മ്മിച്ച് കോലംകെട്ടുകളില് മാത്രം വിശ്വസിക്കുകയും അഭിരമിക്കുകയും ചെയ്തു. ദരിദ്രനും വിനീതനും ക്രൂശിതനുമായ സുവിശേഷത്തിലെ ക്രിസ്തു വിസ്മരിക്കപ്പെടുകയും തലയില് പൊന്കിരീടവും പകിട്ടുള്ള സ്വര്ണ്ണ അങ്കിയും ധരിച്ച് അധികാരത്തിന്റെ ചെങ്കോല് കൈയിലേന്തിയ 'ക്രിസ്തുരാജന്' എന്ന കൊളോണിയല് ക്രിസ്തുസങ്കല്പം പ്രബലമാവുകയും ചെയ്തിരുന്ന ഒരുകാലം. സഭാചരിത്രത്തിന്റെ ഈ ദിശാസന്ധിയിലാണ് തകര്ന്നദേവാലയത്തിന്റെ അവശിഷ്ടങ്ങള്ക്കിടയില് അയാള് ക്രൂശിതനെ കണ്ടുമുട്ടുന്നത്. അയാളുടെ ദൈവം അവശിഷ്ടങ്ങള്ക്കിടയിലായിരുന്നു. ആ ദൈവം ഓരം ചേര്ന്ന് നടന്നു. അത് സൗന്ദര്യത്തില് ലയിക്കുന്ന, വാനമ്പാടികളുടെ രാപ്പാട്ടിന് കാതോര്ക്കുന്ന, സൂര്യന്റെ സ്വര്ണ്ണമുടിയിഴകള്ക്കിടയില് ഭാവനയുടെ വിരലോടിക്കുന്ന, അരുവികളുടെ തെളിമയിലും കുളിര്മയിലും ഒളിഞ്ഞിരിക്കുന്ന ദൈവമായിരുന്നു. കാറ്റില് തൂവല് പോലൊരു ദൈവം. സ്നേഹത്തിന്റെ നിലയ്ക്കാത്ത നൃത്തമായിരുന്നു ആ ദൈവം. ''നൃത്തം ചെയ്യാനറിയാത്ത ഒരു ദൈവത്തില് എനിക്ക് വിശ്വസിക്കാനാവില്ല'' എന്ന് ഈശ്വരവാദികളേക്കാള് ഗൗരവമായി ഈശ്വരനെ പരിഗണിച്ച നിരീശ്വരവാദിയായ നീഷ്ചെ പറയുന്നതിന് എത്രയോ നൂറ്റാണ്ടുകള്ക്ക് മുന്പ് നൃത്തം ചെയ്യുന്ന ദൈവത്തെ അസ്സീസിയിലെ ആ കൊച്ചുമനുഷ്യന് കണ്ടുമുട്ടിയിരുന്നു. ചിരിതൂകി നില്ക്കുന്ന മുഖമില്ലാത്തൊരാള് ക്രിസ്തുശിഷ്യനേ അല്ലെന്ന് അയാള് നിസംശയം പറഞ്ഞു. സ്വര്ഗ്ഗത്തിന് വേണ്ടിയല്ലാതെ ഭൂമിക്കു വേണ്ടി അയാള് ദൈവത്തെ സ്നേഹിച്ചു.

സഭ സ്ഥാപനമായി രൂപപ്പെട്ടിരിക്കുന്ന, ആത്മീയത അനുഷ്ഠാനമായി വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്ന, വാക്കും പ്രവൃത്തിയും അകവുംപുറവും തമ്മില് സംഘട്ടനത്തിലേര്പ്പെട്ടിരിക്കുന്ന കാലഘട്ടത്തിന് വേണ്ടി ക്രിസ്റ്റഫര് കൊയ്ലോയെ പരിഭാഷപ്പെടുത്തുക ഒരു നിയോഗമായിരുന്നു എന്ന് വിശ്വസിക്കുന്നു. സഹ്യന്റെ നിറുകയില് നിന്ന് 'നിശബ്ദ വസന്തം' മലയിറങ്ങി വരുന്നതിന് മുന്പ് പടിഞ്ഞാറ് നിന്ന് കടല് കടന്നെത്തിയ ദേവാലയത്തിന്റെ ജീര്ണ്ണത പൂര്ത്തീകരിക്കപ്പെടും മുന്പ് ഫ്രാന്സിസ് നിന്റെ മടങ്ങിവരവിന് വഴി തെളിക്കാന് ഈ അക്ഷരവെളിച്ചം കൂടി.

1 comment:

Rony said...

Fr. it is great that ur transalation do not bother even a common man. very beautiful work very good.. God bless you