Monday, December 29, 2014

''ആമസോണിന്റെ ശബ്ദം'' : ചീക്കോ മെന്‍ഡസ്

''ആമസോണിലെ ഗാന്ധി'' എന്ന അപരനാമത്തില് അറിയപ്പെടുന്ന ചീക്കോ മെന്ഡസ് എന്ന ധൈര്യശാലിയും ആദര്ശവാനുമായ ഒരു റബ്ബര് ടാപ്പറിന്റെ ജീവിതത്തിന്റെ ചിത്രീകരണമാണ് 1989-ല് പുറത്തിറങ്ങിയ ഡോക്യുമെന്ററി ചിത്രം - ''ആമസോണിന്റെ ശബ്ദം.'' ആമസോണിന്റെ തനത് പരിസ്ഥിതിയെ കാത്തുസൂക്ഷിക്കാന് ശ്രമിക്കുന്നവരും അതിനെ ചൂഷണം ചെയ്യാന് ശ്രമിക്കുന്നവരും തമ്മിലുള്ള കലഹത്തിന്റെ കഥയാണ് ഡോക്യുമെന്ററി. അത് അവസാനിക്കുന്നതാകട്ടെ 1988-ലെ ചീക്കോയുടെ നിഗൂഢമായ കൊലപാതകത്തോടെ. അവസാനകാലത്തുള്ള ചര്ച്ചകളിലും സംസാരങ്ങളിലും തന്റെ ജീവനു നേരിടാന് പോകുന്ന വെല്ലുവിളിയെക്കുറിച്ച് വ്യക്തമായ സൂചനകള് അദ്ദേഹം കൊടുത്തിരുന്നു.
1944 ല് ബ്രസീലിലെ ആമസോണ് മഴക്കാടുകളും റബ്ബര്ക്കാടുകളും നിറഞ്ഞ അക്രെ സംസ്ഥാനത്ത് ഒരു റബ്ബര് ടാപ്പറിന്റെ മകനായി ചീക്കോ മെന്ഡസ് ജനിച്ചു. എല്ലാവരും റബ്ബര് ടാപ്പിങ്ങില് ഏര്പ്പെട്ടിരിക്കുന്ന ആധുനിക വികസനത്തിന്റെ ചവിട്ടടികളൊന്നും ഏല്ക്കാത്ത റബ്ബര്കാട്ടില് കുട്ടികള്ക്കൊന്നും വിദ്യാഭ്യാസം കിട്ടിയിരുന്നില്ല. റബ്ബര് കാടിനുള്ളില് സ്കൂളുകള് അനുവദനീയമല്ലായിരുന്നു. ടാപ്പിങ്ങ് തൊഴിലാളികള് എഴുതാനും വായിക്കാനും കണക്കു കൂട്ടാനും പഠിക്കുന്നത് തോട്ടമുടമകള്ക്ക് താത്പര്യമുള്ള സംഗതിയായിരുന്നില്ല. അറിവ് ആയുധമാണെന്നും ആയുധം ചൂഷിതരുടെ കൈകളില് എത്തരുതെന്നും ഏത് ചൂഷകനും ആഗ്രഹിക്കുന്നത് സ്വാഭാവികമാണല്ലോ.
ഒന്പതാം വയസ്സില് ചീക്കയും ടാപ്പിങ്ങ് ജോലിയില് പ്രവേശിച്ചു. 18-ാം വയസുവരെ എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. ആകസ്മികമായി ആമസോണിന്റെ മഴക്കാടുകളില്വച്ച് കണ്ടുമുട്ടിയ യുക്ലിഡസ് തവോര എന്ന കമ്മ്യൂണിസ്റ്റ് അഭയാര്ത്ഥിയില്നിന്നാണ് ചീക്കോ എഴുത്തും വായനയും പഠിക്കുന്നത്. അത് വെറും അക്ഷരാഭ്യാസത്തിനപ്പുറം ചിന്തയുടേയും വ്യക്തമായ നിലപാടുകളുടേയും ഒരു ലോകം തീര്ത്തുകൊടുത്ത സൗഹൃദമായിരുന്നു. ആമസോണ് മഴക്കാടുകളോട് ചേര്ന്ന് റബ്ബര്കൃഷി നടത്തിയിരുന്ന അസംഘടിതരായ കൃഷിക്കാര് എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്ന തിരിച്ചറിവില്നിന്നാണ് ചീക്കോ സ്ഥലത്തെ വൈദികന്റെ സഹായത്തോടെ ചെറുത്തുനില്പ്പിന്റെ മുന്നേറ്റങ്ങള് ആരംഭിക്കുന്നത്. റബ്ബര് ടാപ്പേഴ്സിന്റെ സംഘടന രൂപീകരിച്ചുകൊണ്ടായിരുന്നു ആദ്യ മുന്നേറ്റം. പിന്നീടാണ് വന്കിട മുതലാളിമാര് നടത്തുന്ന കാട്ടുകൊള്ളയെക്കുറിച്ച് ചീക്കോയ്ക്കും കൂട്ടര്ക്കും തിരിച്ചറിവുണ്ടാകുന്നത്. വികസനത്തിന്റെ പേരില് ഗവണ്മെന്റ് ഒത്താശയോടെയും ലോകബാങ്ക് സഹായത്തോടെയും ആമസോണ് നിത്യഹരിതവനത്തിന്റെ ഹൃദയഭാഗത്തുഭാഗത്തുകൂടെ ദിനംപ്രതി ആയിരക്കണക്കിന് ഹെക്ടര് വനഭൂമി നശിപ്പിച്ചുകൊണ്ട, ദരിദ്രരായ ബ്രസീലുകാര്ക്ക് നയാപൈസ യുടെ ഉപകാരമില്ലാത്ത ഹൈവേകള് നിര്മ്മിക്കപ്പെട്ടുകൊണ്ടിരുന്നു. കയറ്റിപ്പോകുന്ന ടണ് കണക്കിന് തടികള്, വനം വെട്ടിതെളിച്ച് തുടങ്ങുന്ന കാലിഫാമുകള്... ഇവയെല്ലാം എങ്ങനെയാണ് ബ്രസീലിന്റെ ജൈവസമ്പത്തിനേയും കാലാവസ്ഥയേയും ചെറുകിടകര്ഷകരുടെ നിലനില്പ്പിനേയും ബാധിക്കുന്നത് എന്ന തിരിച്ചറിവുണ്ടായപ്പോഴേക്കും ഒരു തൊഴിലാളിപ്രശ്നം എന്നതിനപ്പുറത്തേക്ക് പ്രകൃതിയുടേയും മനുഷ്യരാശിയുടെയും നിലനില്പ്പിനുവേണ്ടിയുള്ള മുന്നേറ്റമായി ചീക്കോയുടെ മുന്നേറ്റങ്ങള് മാറുകയായിരുന്നു. തന്റെ തിരിച്ചറിവിലുണ്ടായ പരിവര്ത്തനത്തെക്കുറിച്ച് ചീക്കോ തന്നെ ഇങ്ങനെ പറയുന്നു: ''ആദ്യം ഞാന് കരുതിയിരുന്നത് റബ്ബര് മരങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടമായിരുന്നു എന്റേതെന്നാണ്. പിന്നീട് ഞാന് ചിന്തിച്ചു ആമസോണ് മഴക്കാടുകള്ക്കു വേണ്ടിയാണ് മുന്നേറ്റമെന്ന്. ഇപ്പോള് എനിക്ക് മനസ്സിലാവുന്നു. ഞാന് മാനവകുലത്തിന്റെതന്നെ നിലനില്പ്പിനുവേണ്ടിയാണ് പോരാടിക്കൊണ്ടിരുന്നതെന്ന്.''
ഭരണകൂടം ഫാസിസ്റ്റ് ആവുകയും പണവും സ്വാധീനവും ഉള്ളവരുടെകൂടെ മാത്രം നിലയുറപ്പിച്ച് മണ്ണിലദ്ധ്വാനിക്കുന്ന ദരിദ്രജനതയ്ക്കുമേല് ചൂഷണ ഉപകരണമായി നിലകൊള്ളുകയും ചെയ്യുന്നതിനെതിരെയായിരുന്നു ചീക്കോയുടെ പ്രതിഷേധങ്ങള്. ഏകാധിപത്യഭരണമാകട്ടെ ജനാധിപത്യഭരണമാകട്ടെ ഭരണകൂടങ്ങള്ക്ക് ഫാസിസ്റ്റ് ആകാനുള്ള സാധ്യത എപ്പോഴും ഉണ്ട്. അതുകൊണ്ടാണ് ഗാന്ധിയും കാള്മാര്ക്സും കണ്ട രാഷ്ട്രീയ സ്വപ്നങ്ങളില് ഭരണകൂടം സാവകാശം ഇല്ലാതാവണം എന്ന് അനുശാസിച്ചത്. ഫാസിസ്റ്റ് അല്ലെങ്കില് പിന്നെ എങ്ങനെയാണ് 15-ാം വര്ഷത്തിലേയ്ക്ക് കടക്കുന്ന ഇറോം ഷര്മിളയുടെ നിരാഹാരസമരത്തെ ഇപ്പോഴുള്ളതും കടന്നുപോയതുമായ എല്ലാ ഭരണകൂടങ്ങള്ക്കും നിസ്സാര മായി തള്ളിക്കളയാനായത്? അല്ലെങ്കില്‍ പിന്നെയെങ്ങനെയാണ് സ്വതന്ത്ര ഇന്ത്യയില്‍ ഭരണപക്ഷ ഒത്താശയോടെ അംബാനി, അദ്ദാനി, ബിര്‍ല, റ്റാറ്റ അങ്ങനെ പരശതകോടീശ്വരന്മാര്‍ തടിച്ച് കൊഴുക്കുകയും, പോഷകാഹാരക്കുറവു മൂലം ദിനംപ്രതി മരിച്ചുകൊണ്ടിരിക്കുന്ന ആദിവാസികള്‍ അതിജീവനത്തിനായി നില്‍പ്പുസമരം നടത്തേണ്ടിവരികയും ചെയ്യുന്നത്? എന്നിട്ടും ഭരണകേന്ദ്രത്തിന്റെ തിരുമുറ്റത്ത് ആറുമാസത്തോളം ഒരേ നില്‍പ്പ് നില്‍ക്കേണ്ടി വന്ന ഈ ദുര്‍ബല ജനതയെ അവരൊക്കെ കാണാതെ പോവുകയും ചെയ്തു. മാത്രമല്ല ഭരണകേന്ദ്രങ്ങളില്‍ ഇളക്കംതട്ടുന്ന കോലാഹലങ്ങള്‍ ഉണ്ടാകുമ്പോള്‍ രക്ഷപെടല്‍ തന്ത്രങ്ങളുടെ ഇരയും ഇവര്‍തന്നെയാണ്. കോഴയും മദ്യവും തലവേദന സൃഷ്ടിക്കുമ്പോള്‍ വയനാടന്‍ കാടുകളില്‍ മാവോയിസ്റ്റ് വേട്ടക്കിറങ്ങും. ഒടുവില്‍ ഈ കാടിന്റെ മക്കളെ മാവോയിസ്റ്റുകളാക്കും. അങ്ങനെയാണ് ചീക്കോയ്ക്കും സംഭവിച്ചത്. അസംഘടിതരായ കര്‍ഷകരേയും ആദിവാസി റെഡ് ഇന്ത്യന്‍ സമൂഹത്തേയും സംഘടിപ്പിക്കാനും സംവാദങ്ങള്‍ നടത്താനും പ്രതിഷേധമാര്‍ച്ചുകള്‍ക്ക് നേതൃത്വം കൊടുക്കാനും തുടങ്ങിയപ്പോള്‍ ഭരണകൂടം ചീക്കോ ''രാഷ്ട്രീയസുരക്ഷയ്‌ക്കൊരു ഭീഷണി'' എന്ന് പേരു കുത്തി. പിന്നീട് അറസ്റ്റും പീഡനങ്ങളുമായിരുന്നു.
ചീക്കോ മെന്‍ഡസും കൂട്ടുകാരും ചേര്‍ന്ന് 1988-ല്‍ റിയോ ദെ ജനേരിയോയില്‍ ഒരു പന്തം കൊളുത്തി പ്രകടനം നടത്തി. പ്രകടനത്തിന്റെ അവസാനം കാട്ടുമനുഷ്യരുടെ പ്രതിനിധിയായി റെഡ് ഇന്‍ഡ്യന്‍ മൂപ്പനും നാട്ടുമനുഷ്യരുടെ പ്രതിനിധിയായി ചീക്കോയും ചേര്‍ന്ന് അവര്‍ വഹിച്ചുകൊണ്ടുവന്ന തീപ്പന്തങ്ങള്‍ വെള്ളത്തില്‍ മുക്കിക്കെടുത്തിക്കൊണ്ട് പ്രഖ്യാപിച്ചു: ''ഈ തീ കെടുത്തിക്കളയുമ്പോള്‍ ഞങ്ങള്‍ നാട്ടുമനുഷ്യരും കാട്ടുമനുഷ്യരും ഒന്നുചേര്‍ന്ന് പ്രഖ്യാപിക്കുന്നു ആമസോണ്‍ വനങ്ങളെ എരിച്ച് ചാമ്പലാക്കുന്ന കാട്ടുകള്ളന്മാരില്‍നിന്ന് എന്ത് വിലകൊടുത്തും  ആമസോണിനെ രക്ഷിക്കും.'' ചീക്കോയുടെ സമരങ്ങളൊക്കെയും പ്രതീകാത്മകമായിരുന്നു, പ്രതീകങ്ങളില്‍നിന്ന് യാഥാര്‍ത്ഥ്യത്തിലേക്കുള്ള ദൂരം അഹിംസാത്മക ദൂരമാണ്. അത്തരം പ്രതീകാത്മക സമരങ്ങളെ മനസ്സിലാക്കാനാവാതെ പോവുകയും അവയെ സദാചാരവിരുദ്ധമായി ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുക എന്നതാണ് ഫാസിസ്റ്റ് ഭരണകൂടങ്ങളുടെയും ചൂഷിതസമൂഹവ്യവസ്ഥയെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നവരുടേയും പതിവ് ശൈലി.
സമരങ്ങളുടെ ദുര്‍വ്യാഖ്യാനം എന്നതാണ് ഏതൊരു സമരത്തേയും തകര്‍ക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം. അങ്ങനെയാണ് ചീക്കോ മെന്‍ഡസിനെ അമേരിക്കന്‍ ചാരനായും ബ്രസീലിന്റെ വികസനത്തിന്റെ വിലങ്ങുതടിയായും ബ്രസീലിയന്‍ മാധ്യമങ്ങളും ഭരണകേന്ദ്രത്തെ നിയന്ത്രിച്ചിരുന്ന കുത്തകമുതലാളിമാരും ദുര്‍വ്യാഖ്യാനിച്ചത്. അത്തരം ചില ദുര്‍വ്യാഖ്യാനങ്ങളാണ് നമ്മുടെ ചുറ്റുവട്ടങ്ങളിലെ നിലനില്‍പ്പിനും സാമൂഹ്യമാറ്റത്തിനും വേണ്ടിയുള്ള ചെറുത്തുനില്‍പ്പുസമരങ്ങളെക്കുറിച്ചുമുള്ളത്. നില്‍പ്പുസമരവും ചുംബനസമരവും അരാജകമാണെന്ന് വിപ്ലവപ്രസ്ഥാനങ്ങളുടെ നേതാക്കള്‍തന്നെ പറയുമ്പോള്‍ എന്താണ് നിങ്ങള്‍ ഉദ്ദേശിക്കുന്ന വിപ്ലവമെന്ന് അവരോട് തിരിച്ച് ചോദിക്കേണ്ട സമയമായിരിക്കുന്നു.
സമരങ്ങളൊക്കെയും നിലനില്‍ക്കുന്ന വ്യവസ്ഥിതിയോടുള്ള പ്രതിഷേധവും പ്രതീകാത്മകവുമാണെന്ന് മനസ്സിലാക്കാനുള്ള ചിന്താശേഷിപോലും വര്‍ഗ്ഗീയമായും ജാതീയമായും രാഷ്ട്രീയമായും വല്ലാതെ ധ്രുവീകരിക്കപ്പെട്ടുപോയ നമ്മുടെ സമൂഹത്തിന് അന്യംനിന്നുപോയിരിക്കുന്നു. ചുംബനസമരം ചുംബിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് എന്ന് കരുതുന്നത് നില്‍പ്പുസമരം നില്‍ക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് എന്ന് കരുതുന്നതുപോലെയാണ്. അതുകൊണ്ടാണ് കാഴ്ചപ്പാടില്‍ കൃത്യമായ ഒരു രാഷ്ട്രീയ ഇടതുപക്ഷം സൂക്ഷിക്കുന്ന സ്ത്രീസഖാവു ചുംബനസമരം സദാചാരവിരുദ്ധമാണെന്ന് പിണറായി വിജയന്‍ പറഞ്ഞപ്പോള്‍ ഇങ്ങനെ ചോദിച്ചത്: ''നമ്മളിത്രനാളും നടത്തിയ പ്രതീകാത്മക സമരങ്ങളൊക്കെ അങ്ങനെയായിരുന്നോ സഖാവേ? തെരുവില്‍ അടുപ്പു കൂട്ടിയപ്പോള്‍ തെരുവില്‍ കഞ്ഞിവെക്കാനായിരുന്നോ സമരം ചെയ്തത്?”
1917-ല്‍ ചേറായില്‍ മിശ്രഭോജനം നടത്തിയവര്‍ തിന്നാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നില്ല സമരം നടത്തിയത്. നിരാഹാരം കിടന്ന ഗാന്ധി പട്ടിണിയോടുള്ള ഇഷ്ടംകൊണ്ടല്ല അത് ചെയ്തത്. അതുപോലെ എല്ലാ സമരങ്ങള്‍ക്കുമപ്പുറം ചീക്കോ കണ്ട മറ്റൊരു ലോകമുണ്ടായിരുന്നു. കര്‍ഷകരുടെ ഇടയിലെ ദാരിദ്ര്യവും അജ്ഞതയും ഇല്ലാതാകുന്ന, റബ്ബര്‍ കൃഷികൊണ്ട് മാത്രം ജീവിക്കാന്‍ കഷ്ടപ്പെടുന്ന കര്‍ഷകര്‍ പ്രകൃതിസൗഹൃദമായ മറ്റു വേലകളിലും വികസനപ്രവര്‍ത്തനങ്ങളിലും ഇടപെടുന്ന ഒരു പുത്തന്‍ ആമസോണ്‍ കര്‍ഷക-ആദിവാസി സമൂഹം. റബ്ബര്‍ കര്‍ഷകര്‍ ജീവിക്കാന്‍വേണ്ടി റബ്ബര്‍ഷീറ്റ് ഉടുത്ത് ശയനപ്രദക്ഷിണം നടത്തുകയും ഭൂമി ചുംബിക്കുകയും പട്ടിണിമാര്‍ച്ച് നടത്തുകയും ഒക്കെ ചെയ്തുകൊണ്ട് പ്രതിഷേധിക്കുമ്പോള്‍ മറക്കരുത്, നിങ്ങളുടെ സമരം അവിടംകൊണ്ട് അവസാനിക്കേണ്ട ഒന്നല്ലെന്ന്. പ്രകൃതി കൃഷിക്കുവേണ്ടി, സമഗ്രമായ ഭക്ഷ്യോത്പാദനത്തിനും വികസനത്തിനുംവേണ്ടി നിങ്ങള്‍ക്ക് എന്ത് ചെയ്യാനാവും ചീക്കോയെപ്പോലെ?

പ്രകൃതി സംരക്ഷിക്കാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതിവാദികള്‍ ഒരു പ്രത്യേക സമൂഹവിഭാഗമാണെന്നും കര്‍ഷകര്‍ പ്രകൃതിയെ ചൂഷണം ചെയ്തു ജീവിക്കുന്ന പ്രകൃതിവിരുദ്ധരാണെന്നുമുള്ള ഒരു ധാരണയാണ് അടുത്തകാലത്തായി നടന്ന പ്രകൃതിസംരക്ഷണ വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിരിക്കുന്നത്. പരിസ്ഥിതിവാദികള്‍ പട്ടണങ്ങളില്‍ നിന്നെത്തി മലകളിലും വനങ്ങളിലും താഴ്‌വരകളിലും രാപ്പാര്‍ത്ത് പോകുന്ന വിദ്യാഭ്യാസവും പണവുമുള്ള മനുഷ്യരും, കര്‍ഷകര്‍ മലകളിലും ഉള്‍പ്രദേശങ്ങളിലും വസിക്കുന്ന ഏറെ വിദ്യാഭ്യാസമില്ലാത്ത പ്രകൃതിസംരക്ഷണത്തിന്റെ വിലയറിയാത്ത ദരിദ്രമനുഷ്യരുമാണെന്നതാണ് പൊതുധാരണ. ഈ ധാരണയാണ് തിരുത്തപ്പെടേണ്ടത്. ഗ്രാമങ്ങള്‍ നഗരങ്ങളെ വളഞ്ഞുകീഴടക്കുന്നതിനേക്കുറിച്ചും ഗ്രാമങ്ങളില്‍ കോണ്‍ക്രീറ്റ് വനവത്ക്കരണം നടത്തുന്നതിനേക്കുറിച്ചുമുള്ള സംവാദങ്ങള്‍ അവസാനിക്കേണ്ട കാലമായിരിക്കുന്നു. ഇനിയുള്ള കാലം പ്രകൃതിയുടേയും മനുഷ്യന്റെയും നിലനില്‍പ്പിനുവേണ്ടി ഗ്രാമങ്ങളും നഗരങ്ങളും കൈകോര്‍ക്കണം. സംരക്ഷണം ഒരു കൂട്ടുത്തരവാദിത്തമാണ്. റെഡിന്ത്യാക്കാരനും വെള്ളക്കാരനും ഒരുമിച്ച് കൈകോര്‍ത്ത് ആമസോണിന്റെ അതിജീവനത്തിന്റെ ശബ്ദമായി മാറിയതുപോലെ. നിലനില്‍പ്പിന് വേണ്ടിയുള്ള മുന്നേറ്റങ്ങളില്‍ ഭിന്നത വിതയ്ക്കാനും തെറ്റിദ്ധരിപ്പിക്കാനും പ്രലോഭിപ്പിക്കാനും അവയിലൊന്നും വശപ്പെടാത്തവരെ ഇല്ലായ്മ ചെയ്യാനും ചൂഷണശക്തികളും വന്‍മുതലാളിമാരും കുതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടേയിരിക്കുന്നുണ്ടെന്ന് കര്‍ഷകരും ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന ശുദ്ധമാനസരും മറക്കാതിരിക്കട്ടെ.

No comments: