Sunday, September 11, 2016

മണ്ണിന്‍റെ ഡയറിക്കുറിപ്പുകള്‍

ഭാഗം 1: 8 സെപ്റ്റംബര്‍ 2016. "കുട്ടീ, നീ വളരെ ചെറുതാണ്. മസ്സൂറിയുടെ കൊടുംതണുപ്പിലും അത്യുഷ്ണത്തിലും നിന്‍റെ ശരീരത്തിന് പിടിച്ചുനില്‍ക്കാന്‍ ആവില്ല. കുറേക്കാലം കഴിഞ്ഞ് നല്ല ശരീരവും ആരോഗ്യവുമൊക്കെയാകുന്ന കാലത്ത് അങ്ങോട്ട്‌ വരൂ. ഹിമാലയം, ടിബറ്റ്‌, വാരണാസി... അങ്ങനെ ദേശാടനം മനസ്സിനെ രോഗാതുരമാക്കിയ ഒരു കൌമാരക്കാരന്‍ ഗുരുതുല്യനായ ആ വൈദീകന്‍ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയാണ്. പുറത്തുപെയ്യുന്ന വേനല്‍മഴക്കൊപ്പം അവന്‍റെ ദേശാടന സ്വപ്നത്തിന്‍റെ കൂടാരമാണ് തകര്‍ന്നടിയുന്നത്. ഒരുനാള്‍ ഞാനും വലുതാവും, ആരോഗ്യവാനാവും എന്ന പ്രതീക്ഷയോടെ അവന്‍ മുറിയുടെ പടികടന്ന് പുറത്തേക്ക്. വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ ജീവിതത്തിന്‍റെ നടുനിലം മാറ്റിനിര്‍ണ്ണയിച്ച ആ വൈദീകനെ അവന്‍ കാണുന്നു. "കൂടെയുണ്ടായിരുന്നു എല്ലാവരും പോയി. പ്രായം ഇപ്പോള്‍ 92. പോകണം, ഉടന്‍ തന്നെ പോകണം," അസ്തമയത്തിന്റെ പൊന്‍വെളിച്ചം തിളങ്ങുന്ന കണ്ണുകള്‍ ആ പഴയ പയ്യന്‍റെ യൌവ്വനയുക്തമായ മുഖത്ത് തറപ്പിച്ച് അദ്ദേഹം മൊഴിയുന്നു. ജീവന്‍റെ യാനം ഏതോ കരപൂകുന്നതും നോക്കി മസ്സൂറിയില്‍ ഒരു ഇരുള്‍ മുറിയില്‍ അദ്ദേഹം അങ്ങനെ കിടക്കുകയാണ്, ജന്മനാട്ടില്‍ നിന്ന് അതിവിദൂരത്തില്‍. സ്വന്തമെന്ന് പറയാന്‍ ആരുമില്ലാത്ത മണ്ണ് അയ്യാളെ കൈനീട്ടി സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. മരിച്ചുകഴിഞ്ഞാല്‍പ്പിന്നെ ഏതു മണ്ണ്,  എന്ത് സ്വന്തം... അങ്ങനെയൊക്കെ ആശ്വസിക്കുന്നു ദേശാടനത്തിന്റെ നിയതി പേറുന്നവര്‍.
ഭാഗം 4: 12  ജൂണ്‍ 2009. മിലാന്‍റെ ഉള്‍ഗ്രാമത്തിലെ ചേറോ മജോരെയിലെ ഒരു പുരാതന മൊണാസ്ട്രി. അവിടെ ബെനെറ്റോ മുസ്സോളനിയുടെ ഓര്‍മ്മകള്‍ ഇപ്പോഴും ഭീതിതമായി ചൂഴുന്നുനില്‍ക്കുന്നു. ആ ശവശരീരം പുറംലോകം കാണാതെ ആ മൊണാസ്ട്രിയുടെ ഒരു ഇടുങ്ങിയ ചാപ്പലില്‍ വര്‍ഷങ്ങള്‍ ഒളിവില്‍ ഇരുന്നു. അതിന്‍റെ തൊട്ടുതാഴെയുള്ള ഊട്ടുമുറിയില്‍ അത്താഴം നടക്കുന്നു. അത്താഴം കഴിഞ്ഞ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ചരിത്രത്തില്‍ മണ്മറഞ്ഞു പോയ സന്യാസതലമുറയുടെ മരണദിനമനുസരിച്ചുള്ള ജീവചരിത്രം ഒരു സന്യാസി ഉച്ചത്തില്‍ വായിക്കുകയാണ്. എല്ലാവരും പൂര്‍ണ്ണ നിശബ്ദതയില്‍ കേട്ടിരിക്കുന്നു. “12 ജ്യൂന്യോ 1849. ഫ്രാ. ജൂസപ്പെ അന്തോണിയോ ബോര്‍ഗീ ഡി ആഗ്രാ.” കേട്ട് ഒന്നു ഞെട്ടി, തലകുടഞ്ഞ് വീണ്ടും ശ്രദ്ധിച്ചു. ‘ആഗ്രാ’ തന്നെ. എങ്ങനെ ഒരു വെള്ളക്കാരന്‍ ഇറ്റലിയന്‍ സന്യാസി ആഗ്രയില്‍! അതും രണ്ട് നൂറ്റാണ്ടുകള്‍ക്ക് അപ്പുറം! അത്താഴം കഴിഞ്ഞപ്പോള്‍ വിശദീകരണം ചോദിച്ചു. അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു, “ഞങ്ങളുടെ പൂര്‍വീകര്‍ ഒത്തിരിപ്പേര്‍ ആ മണ്ണില്‍ അടക്കപ്പെട്ടിടുണ്ട്. അവര്‍ ആ  നാടിന് വേണ്ടി ജീവിച്ചു, ആ  നാട്ടില്‍ മരിച്ചു, ആ  നാട്ടില്‍ മണ്ണടിഞ്ഞു. അവരുടെ ഓര്‍മ്മകള്‍ മാത്രം ഞങ്ങള്‍ക്ക് സ്വന്തം. ബാക്കിയെല്ലാം നിങ്ങള്‍ക്കും.” ഓര്‍മ്മകള്‍ പോലും ഒരുനാടിനും അവശേഷിപ്പിക്കാത്ത അനേകര്‍ ഉള്ള  ഈ  ഭൂവില്‍ അവര്‍ എത്ര ഭാഗ്യവാന്മാര്‍! അവരുടെ ഓര്‍മ്മകള്‍ എങ്കിലും നൂറ്റാണ്ടുകളെ അതിജീവിക്കുന്നു.

ഭാഗം 3: സെപ്റ്റംബര്‍ 2010 (ദിവസം ഓര്‍മ്മയില്ല) ഇറ്റലിയിലെ മോന്തേ കാസീനോയിലൂടെ കടന്നുപോവുകയാണ്. കൂടെയുള്ള ഒരാള്‍ പറയുന്നു. "ദാ, അവിടെ നോക്കൂ. അതാണ്‌ ഇന്ത്യന്‍ യുദ്ധ ശ്മശാനം. അവിടെ നമ്മുടെ 492 ഇന്ത്യന്‍ പട്ടാളത്തെ അടക്കം ചെയ്തിട്ടുണ്ട്.” ഞങ്ങള്‍ അങ്ങോട്ട്‌ കയറിച്ചെന്നു. മോന്തേ കാസീനോയുടെ താഴ്വാരത്തില്‍ നിത്യശാന്തിയുടെ ഒരു പച്ചവിരിപ്പ്. അതില്‍ കുത്തിനിര്‍ത്തിയിക്കുന്ന വെള്ളമാര്‍ബിള്‍ സ്മൃതിഫലകങ്ങളില്‍ ചിലതിലൊന്നും പേരുകള്‍ പോലുമില്ല. അവ രണ്ടാം ലോകമഹായുദ്ധത്തില്‍, സ്വന്തമല്ലാത്ത മണ്ണില്‍, ആര്‍ക്കുവേണ്ടി എന്ന്  പോലും  വ്യക്തമായി അറിയാതെ, ധീരമായി പടവെട്ടി മരിച്ച ഇന്ത്യന്‍ പട്ടാളക്കാരുടേതാണ്. നാലാം  ഇന്ത്യന്‍ ഡിവിഷനിലെ പട്ടാളക്കാര്‍ മിക്കവരും തന്നെ യുവത്വം തുടിക്കുന്ന ഇരുപതുകളില്‍ ഉള്ളവരായിരുന്നു. ആ  മണ്ണില്‍ അവര്‍ മരിച്ചുവീഴുമ്പോള്‍ ഇങ്ങിവിടെ ഇന്ത്യയില്‍ ചിലരുടെ കുട്ടികള്‍ കൈക്കുഞ്ഞുങ്ങള്‍ ആയിരുന്നിരിക്കണം. ചിലര്‍ ജീവിതം വെട്ടിപ്പിടിച്ച് നോക്കെത്താദൂരം താണ്ടുന്നതിനെക്കുറിച്ച് സ്വപ്‌നങ്ങള്‍ മെനഞ്ഞു നടന്നിരുന്നവരും. പക്ഷെ, അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു നോക്കുപോലും കാണാനാവാതെ, ഇന്നും ജീവിക്കുന്ന  അവരുടെ മക്കള്‍ക്ക്‌ അപ്പയുടെ അന്ത്യസമാധി എവിടെയെന്ന് പോലും തിരിച്ചറിയാന്‍ ആവാതെ, അവര്‍ എവിടെയോ ആറടി മണ്ണില്‍ അലിഞ്ഞ് ഇല്ലാതായി. അഞ്ഞൂറോളം വരുന്ന ആ  ഇന്ത്യന്‍ ധീരജവാന്മാരുടെ ഓര്‍മ്മകള്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ നാള്‍വഴിപ്പുസ്തകത്തില്‍ തിരഞ്ഞു ചെല്ലുമ്പോള്‍ കണ്ണുകള്‍ കലങ്ങുന്നു. രണ്ടോ മൂന്നോ വാചകത്തില്‍ തീരുന്നു 500 ജീവിതങ്ങള്‍!
ഭാഗം 4: “മനുഷ്യാ നീ  മണ്ണാകുന്നു; മണ്ണിലേക്ക് തന്നെ നീ മടങ്ങും.” (ഉല്പത്തി) “എനിക്കെന്‍റെ അസ്സിസിയിലേക്ക് തിരിച്ചുപോകണം. ആ  മണ്ണില്‍ കിടന്ന് വേണം എനിക്ക് മരിക്കാന്‍. എന്നെ നിങ്ങള്‍ ആസ്സിസിയിലേക്ക് കൊണ്ടുപോകില്ലേ സഹോദരന്മാരെ, എന്നെ ഞാനാക്കിയ എന്‍റെ മണ്ണിലേക്ക്?” (അസ്സീസിയിലെ ഫ്രാന്‍സിസ്). “ഞങ്ങളുടെ പിതാക്കന്മാര് ഈ മണ്ണിനെ മറക്കില്ല. കാരണം റെഡ് ഇന്ത്യാക്കാരന് മണ്ണ്  അവന്‍റെ അമ്മയാണ്. ഞങ്ങള്‍ മണ്ണിന്‍റെ ഭാഗമാണ്, മണ്ണ് ഞങ്ങളുടെ ശരീരത്തിന്‍റെ ഭാഗവും.” (സിയാറ്റില്‍ മൂപ്പന്‍)   

No comments: