Saturday, December 31, 2016

ഘടികാരങ്ങൾ നിലയ്ക്കുമ്പോൾ നിങ്ങളെങ്ങനെ പുതുവർഷം ആഘോഷിക്കും?

ഡിസംബർ 31- ഉം ജനുവരി 1- ഉം തമ്മിലുള്ള അകലം കലണ്ടറിൽ ഒരു കോളത്തിൽ നിന്ന് മറ്റൊരു കോളത്തിലേക്കുള്ള അകലം മാത്രമാണ്. ഇന്ന് നേരം വെളുത്തു, മദ്ധ്യാഹ്നമായി, സൂര്യൻ അസ്തമിച്ചു, രാത്രിയായി; അതുതന്നെ നാളെയും സംഭവിക്കും. അതുകൊണ്ട് പുതുവർഷം എന്ന പെരുപ്പിച്ചുണ്ടാക്കിയ സമയത്തിന്റെ ഉത്സവത്തിനോട് യാതൊരാവേശവും തോന്നിയിട്ടില്ല. ഇന്നോളം ഒരു പുതുവർഷത്തിലും പുത്തൻ തീരുമാനങ്ങൾ എടുത്തിട്ടില്ല, പ്രതീക്ഷകൾ മെനഞ്ഞിട്ടില്ല. ഇന്നുകളിൽ ജീവിക്കാനുള്ള വെല്ലുവിളിയാണ് സമയത്തിന്റെ യഥാർത്ഥ വെല്ലുവിളിയെന്ന് തോന്നിയിട്ടുണ്ട്. ഗുലാം അലിയുടെ ഗസ്സൽ കേട്ടിരിക്കുമ്പോൾ സമയവും കാലവും നിശ്ചലമാകുന്നതായി തോന്നിയിട്ടില്ലേ? പ്രിയപ്പെട്ടവരോടൊപ്പം സല്ലപിച്ചിരിക്കുമ്പോഴും തോട്ടത്തിൽ ചെടികൾക്കിടയിൽ ഒരു കൈക്കോട്ടുമായി നടക്കുമ്പോഴും അങ്ങനെ തന്നെ. (അതുകൊണ്ടാണ് To a Child - Love is spelled T-I-M-E എന്ന കഥയെ ഞാൻ എല്ലാക്കാലത്തെയും മികച്ച സമയത്തിന്റെ കഥയായി കാണുന്നത്). കാലം എങ്ങോട്ടോ ഓടിപ്പോകുന്നു എന്നത് സമയത്തെക്കുറിച്ചുള്ള ഏറ്റവും ഉപരിപ്ലവമായ ധാരണയാണ്. കാലം എങ്ങും പോകുന്നില്ല. ഇവിടെ നടക്കുന്നത് പ്രകൃതിയുടെ താളാത്മകമായ ചലനങ്ങൾ മാത്രമാണ്. അത് ഒരു നേർരേഖയിൽ മടങ്ങിവരവ് ഇല്ലാത്ത മരണമാണോ, അതോ കടലിലെ തിരകൾ പോലെ തനിയാവർത്തനങ്ങൾ മാത്രമാണോ എന്ന് ആരുകണ്ടു! സമയത്തിന്റെ 'നേർരേഖാ സങ്കല്പം' (linear concept of time) പടിഞ്ഞാറൻ തത്വശാസ്ത്രത്തിന്റെ സൃഷ്ടിയാണ്. കിഴക്കിന്റെ ചിന്തയിൽ സമയത്തെക്കുറിച്ചുള്ള സങ്കല്പം 'വര്‍ത്തുള'മാണ് (circular concept of time). അതുകൊണ്ടാണ് ജന്മങ്ങളുടെ ആവർത്തനങ്ങളെക്കുറിച്ച് ഇവിടെ തത്വശാസ്ത്രം സംസാരിക്കുന്നത്. പടിഞ്ഞാറിന്റെ സങ്കല്പത്തിൽ ദിവസങ്ങളും വർഷങ്ങളും മരണവും നിത്യമായി അടയുന്ന വാതിലുകളാണ്. വാച്ചുകളും ക്ളോക്കുകളും ഇല്ലാത്ത ഒരു നാട്ടിലേക്ക് നിങ്ങളൊരു യാത്ര പോകൂ. അവിടെ തീരും മണിക്കൂറുകളും മാസങ്ങളും വർഷങ്ങളും, പിന്നെ ഉത്കണ്ഠകളും. ശേഷിക്കുന്നത് പച്ചയായ ജീവിതം മാത്രമായിരിക്കും- പകലുകളും ഇരവുകളും, ഓർമ്മകളും സ്വപ്നങ്ങളും, ജനനവും മരണവും, ചൂടും തണുപ്പും..... ഓരോ നിമിഷങ്ങളിലും ജീവിച്ച് കാലത്തെ അതിജീവിക്കാൻ നിരന്തരം ഉദ്ബോധിപ്പിച്ചത് ബുദ്ധനാണ്. ഇന്നലെകളേയും നാളെകളേയും ഒന്നു മറക്കൂ. ഇന്നലെകൾ എന്നെന്നേക്കുമായി കടന്നുപോയി, നാളെകൾ ഉണ്ടാവുമോ എന്ന് ആര്‍ക്കും അറിഞ്ഞും കൂടാ. അപ്പോൾ ഉള്ളതോ ഈ നിമിഷം മാത്രമാണ്. 'ഇപ്പോൾ' മാത്രമാണ് സത്യം, മറ്റെല്ലാം മിഥ്യ. (Yesterday is NO MORE; Tomorrow is NOT YET; Now is REAL). 'ഇപ്പോൾ' (NOW) ജീവിക്കുന്ന മനുഷ്യർ മാത്രമേ ജീവിക്കുന്നുള്ളൂ. ജീവിക്കാന്‍ ധൈര്യപ്പെടുക- അതാണ്‌ വെല്ലിവിളി, അപ്പോള്‍ സ്വരുക്കൂട്ടി വെക്കുന്ന ആര്‍ത്തികള്‍ ഇല്ലാതാകും, ഉത്ക്കണ്ഠകൾ കൂടൊഴിയും. കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള പരാതികളും പരിഭവങ്ങളും നിലയ്ക്കും.
"ആകാശത്തിലെ പക്‌ഷികളെ നോക്കുവിന്‍: അവ വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, അവ എത്രയോ സംതൃപ്തര്‍! ഉത്‌കണ്‌ഠമൂലം ആയുസ്‌സിന്‍െറ ദൈര്‍ഘ്യം ഒരു മുഴമെങ്കിലും കൂട്ടാന്‍ നിങ്ങളിലാര്‍ക്കെങ്കിലും സാധിക്കുമോ?... അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്‌. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച്‌ ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്‍െറ ക്‌ളേശം മതി." (ക്രിസ്തു)

No comments: