Friday, February 24, 2017

"ആരു ഞാനാകണം എന്നെന്നുണ്ണി ചോദിക്കില്‍..."

ഇഷ്ടിക ഭാഗം - 4

ഒരു കുട്ടിയും ഇന്നോളം ഒരു മാതാപിതാക്കളോടും ചോദിച്ചുകാണില്ല: "അപ്പാ/അമ്മേ, ഞാന്‍ ആരാകണം?" എന്നാല്‍ ഓരോ കുട്ടിയും നിശ്ചയമായും അവരുടെ ബാല്യത്തില്‍ ഇങ്ങനെ ഒരു ചോദ്യത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തപ്പെട്ടിട്ടുമുണ്ട്: "നിനക്ക് ഭാവിയില്‍ ആരാകണം?" ഒന്നുമാകണം എന്ന് പറയാന്‍ അവനോ അവള്‍ക്കോ മനസ്സില്‍ തോന്നിയിട്ടുണ്ടാവില്ല.അപ്പോള്‍ പിന്നില്‍ നിന്ന് അപ്പനോ അമ്മയോ അവന്‍റെ/അവളുടെ കാതില്‍ എന്തൊക്കെയോ കിരുകിരാ ഓതിയിട്ടുണ്ടാവണം. വലിയ ബോധമൊന്നുമില്ലാതിരുന്ന എന്നെപ്പോലുള്ളവര്‍ വായുംപൊളിച്ചു നിന്നിട്ടുണ്ടാവണം. കിരുകിരിപ്പിന്റെ ശബ്ദം പിടികിട്ടിയ ചിലര്‍ ഡോക്ടര്‍, എഞ്ചിനീയര്‍, ഐഎഎസ്, ഐ പി എസ്.... ഇങ്ങനെ ഒരു തത്തയേപ്പോലെ പറഞ്ഞിട്ടുണ്ടാവും. ചിലര്‍ അതൊക്കെ പിന്നീട് വെള്ളം തൊടാതെ വിഴുങ്ങിയിട്ടുണ്ടാവും. ശേഷം ചിലര്‍ വിഴുങ്ങുന്നതായി അഭിനയിച്ചിട്ട് അപ്പുറത്ത് മാറി തുപ്പിക്കളഞ്ഞിട്ടുണ്ടാവും. ഇനിയും 'സാമാന്യബോധ'മില്ലാത്ത വേറെ ചിലര്‍ അവിടെ വെച്ചുതന്നെ നീട്ടിത്തുപ്പി വായില്‍ വെള്ളവുമൊഴിച്ചു കളഞ്ഞ് പോന്നിട്ടുണ്ടാവണം. അപ്പോഴൊക്കെ ഒളിഞ്ഞുംതെളിഞ്ഞും മനസ്സ് മന്ത്രിച്ചു: "എനിയ്ക്ക് ആരുമാവണ്ടാ. ഞാനായി അങ്ങ് സന്തോഷത്തോടെ ജീവിച്ചാ മതി."

"ആയിരിക്കുക ആയിത്തീരുക" (being and becoming)
ജീവിതവും ചുറ്റുമുള്ള ലോകവും നിരന്തരം മാറ്റത്തിലൂടെ 'ആയിതീരുന്ന'താണെന്ന് പാശ്ചാത്യതത്വശാസ്ത്രത്തില്‍ ആദ്യം പറഞ്ഞത് ഹെറാക്ലിറ്റസ് ആണ്. എന്നാല്‍ അതിനുമേറെ മുന്‍പ് മറ്റൊരു ചിന്തകനായ പാര്‍മെനിടസ് പറഞ്ഞു: "എവിടെ ആരംഭിക്കണം എന്ന കാര്യം എനിയ്ക്ക് അപ്രസക്തമാണ്. കാരണം എവിടെ ആരംഭിച്ചാലും അവസാനം ഞാന്‍ മടങ്ങിയെത്തുന്നത് ആരംഭിച്ചിടത്തുതന്നെയാണ്. മാറ്റം എന്നത് ഒരു മിഥ്യാധാരണയാണ്." 'ആയിരിക്കുക-ആയിത്തീരുക' എന്ന രണ്ട് ദ്വന്ദങ്ങൾക്കിടയിൽ ആണ് ജീവിതം നിരന്തരം അശാന്തിനിറഞ്ഞതാകുന്നത്. ഒരാൾ ജന്മനാ 'ആയിരിക്കുന്ന' അവസ്ഥയിൽ സ്വാഭാവിക ശാരീരിക-മാനസീക-ബൗദ്ധീക വളർച്ചയ്ക്ക് ഒപ്പം വളരാൻ അനുവദിച്ചാൽ ആ വളർച്ച ഒരു പുഷ്പം വിരിയുന്നതുപോലെ സുന്ദരമായിരിക്കും. അവിടെ വ്യക്തി ആന്തരീകസമ്മർദ്ദങ്ങൾ അനുഭവിക്കുന്നില്ല. എന്നാൽ ഒരാൾ എന്തായി തീരണം എന്ന് ആദ്യമേ സ്വയമോ സമൂഹമോ നിർണ്ണയിച്ച ശേഷം അതായിതീരാൻ നടത്തുന്ന പരിശ്രമങ്ങൾ അയാളെ വലിയ സമ്മർദ്ദങ്ങളിൽ എത്തിക്കുന്നു. ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ കഴിവുള്ള മനുഷ്യര്‍ മാത്രമാണ് ടെന്‍ഷന്‍ അനുഭവിക്കുന്നത്. മൃഗങ്ങളെ നോക്കൂ, മരങ്ങളെ നോക്കൂ... അവരാരും സമ്മര്‍ദ്ദം അനുഭവിക്കുന്നില്ല. അവര്‍ വെറുതെ ഓരോ നിമിഷത്തിലും ആയിരിക്കുന്നു, അവയ്ക്ക് ഒന്നും ആയിതീരേണ്ടതില്ല. എന്നാല്‍ വിശേഷബുദ്ധിയുള്ള മൃഗമായ മനുഷ്യന്‍ ഏതോ വലിയ ഉയരങ്ങളിലേക്ക് പോകാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവന്‍ നിരന്തരം ഭാവിയില്‍ ജീവിക്കുന്നു, അത് അവനെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഈ ശ്രമത്തില്‍ നിന്നാണ് മനുഷ്യ ചരിത്രവും സംസ്കാരവും ഉണ്ടായത്. എന്നാലോ ചരിത്രം സൃഷ്ടിച്ചവരൊക്കെയും ചരിത്രത്തില്‍ തന്നെ മണ്മറഞ്ഞു.
സത്യത്തില്‍ ഒന്നാലോചിച്ചുനോക്കൂ- ഈ ലോകത്ത് ജീവിക്കുന്നവരും ഇന്നോളം ജീവിച്ചവരുമായ കോടാനുകോടി മനുഷ്യരില്‍ എത്രപേര്‍ക്കാണ് ഉയരങ്ങള്‍ താണ്ടി സ്വന്തമായ ഒരു ഐഡന്റിറ്റി നേടിയെടുക്കാന്‍ ആയത്? ഒന്നോരണ്ടോ തലമുറയ്ക്ക് അപ്പുറം പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളില്‍ പോലും ശേഷിച്ചവര്‍ തുലോം കുറവ്. ഇവിടെ 95% പേരും സ്വന്തമായ ഐഡന്റിറ്റികള്‍ പണിതുയര്‍ത്തി ചരിത്രത്തില്‍ ഇടംനേടിയവരല്ല. അവരാരും 'ആരെങ്കിലും' (somebody) ആയിത്തീര്‍ന്നില്ല, അവര്‍ 'ആരു'മല്ലായിരുന്നു (They were nobody). 5%''ആരെങ്കിലുമൊക്കെ' ആയിതീര്‍ന്നവര്‍ക്ക് സംരക്ഷിക്കാന്‍ ഒരു വലിയ 'അഹം' (ego) ഉണ്ടായിരുന്നു. അത് സത്പ്പേരാകാം, പ്രശസ്‌തിയാകാം, സ്ഥാനമാനങ്ങള്‍ ആകാം. അവ നിലനിര്‍ത്താന്‍ 'ആയിതീര്‍ന്നവര്‍ക്ക്' ഏറെ പരിശ്രമിക്കേണ്ടിവന്നിട്ടുണ്ട്, സ്വയം നിയന്ത്രിക്കേണ്ടിവന്നിട്ടുണ്ട്, പലതും അടിച്ചമര്‍ത്തേണ്ടിവന്നിട്ടുണ്ട്, പൊയ്മുഖം അണിയേണ്ടിവന്നിട്ടുണ്ട്. 'ഒന്നുമല്ലാത്തവരു'ടെ (nobodys) ജീവിതം തുറന്നുകിടക്കുകയയാണ്, ലോകം വിശാലമായി കിടക്കുകയാണ്. അവര്‍ പരിപൂര്‍ണ്ണ സ്വതന്ത്രരാണ്, ആരേയും ഒന്നും ബോധ്യപ്പെടുത്താല്‍ ശ്രമിക്കേണ്ടാത്തവരാണ് അവര്‍. അങ്ങനെ ജീവിച്ച പുരാതന ഗ്രീസിലെ ഒരു വിഭാഗം ആളുകള്‍ ആയിരുന്നു സിനിക്കുകള്‍. പ്രകൃതിയുടെ താളമായിരുന്നു അവരുടെ ജിവിതതാളം. ഏദസിന്‍റെ തെരുവുകളില്‍ പകല്‍വെളിച്ചത്തില്‍ പന്തം കത്തിച്ചു 'മനുഷ്യനെ' തേടി നടന്ന ഡയോജെനീസ്, പൊതുവിടങ്ങളില്‍ ലൈംഗീകസമത്വം പ്രദര്‍ശിപ്പിച്ച ക്രേറ്റസും അദ്ദേഹത്തിന്‍റെ പ്രണയിനി ഹിപ്പാര്‍ച്ചയും, അടിമയുടെ സ്വാതന്ത്രവും ഉടമയുടെ അടിമത്വവും തുറന്നുകാട്ടി പരിഹസിച്ച അടിമയായ ബയോണും ഒക്കെ വായന അര്‍ഹിക്കുന്ന സിനിക്കുകള്‍ ആണ്.

'ആയിത്തീരാന്‍' ആകാത്തവര്‍
'ആയിത്തീരല്‍' വിജയവഴികള്‍ തുറക്കുന്നത് കഴിവുള്ളവന്റെ മുന്നിലാണ്. അത് മത്സരിക്കാന്‍ ഉള്ള കഴിവാണ്. ശാരീരികവും ബൌദ്ധികവുമായ കഴിവ് കുറഞ്ഞവര്‍ അവിടെ പിന്തള്ളപ്പെട്ടുപോകുന്നു. 'കഴിവുകെട്ടവന്' വേണ്ടി ഇന്നോളം ആരും കരിയര്‍ ഗൈടന്‍സ് നടത്തിയിട്ടില്ല. അതിന് നിശ്ചയമായും എന്തെങ്കിലും കഴിവ് ആവശ്യമുണ്ട്. മനുഷ്യന്‍ അവന്‍റെ കഴുവുകള്‍ക്ക് അപ്പുറം എന്താണ് എന്ന ചോദ്യം സംതൃപ്തിയുടെ വഴിയില്‍ പ്രസക്തമാണ്. പഠിപ്പിക്കുന്നവര്‍ക്ക് അവരുടെ സംസാരശക്തി നഷ്ടപ്പെട്ടാല്‍, കായീകജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ശരീരം തളര്‍ന്നാല്‍, നൈപുണ്യം ആവശ്യപ്പെടുന്ന മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് അവരുടെ ഓര്‍മ്മകള്‍ മങ്ങാന്‍തുടങ്ങിയാല്‍.... പിന്നെ കരിയറിന് അപ്പുറം ജീവിതം എന്താണ്? ജീവിതത്തിന്‍റെ ആനന്ദം എന്താണ്? കരിയര്‍ എന്നാല്‍ ഒരാളിലെ ക്രിയാത്മകഊര്‍ജ്ജത്തിന്‍റെപ്രകടനോപാധി എന്നതിനപ്പുറം ഒരാളെ അയാള്‍ ആക്കിത്തീര്‍ക്കുന്ന മാന്ത്രീകവടിയാണെന്ന് കരുതുന്നിടത്ത് പ്രശ്നം ഉണ്ട്. അത്തരക്കാര്‍ സ്കൂളില്‍ അദ്ധ്യാപകരെങ്കില്‍ വീട്ടിലും അദ്ധ്യാപകരായിമാറും. ഓഫീസില്‍ ബോസാണെങ്കില്‍ ദാമ്പത്യത്തിലും ബോസാകാന്‍ ശ്രമിക്കും. പൊതുജീവിതത്തില്‍ രാഷ്ട്രീയക്കാരെങ്കില്‍ സൌഹൃദങ്ങളിലും രാഷ്ട്രീയം കളിക്കും. സ്വന്തം മക്കള്‍ക്ക്‌ അപ്പനമ്മമാരാകാനോ, ജീവിതത്തില്‍ ഭാര്യാഭര്‍തൃബന്ധത്തില്‍ പരസ്പരബഹുമാനം സൂക്ഷിക്കുന്ന ദമ്പതികളാകാനോ, പൊട്ടിച്ചിരിക്കുന്ന സൗഹൃദങ്ങളില്‍ ഏര്‍പ്പെടാനോ കഴിയാതെ വരുന്നു. ജീവിതം തൊഴിലിന് അപ്പുറമാണ്.

ജീവിക്കാന്‍ പഠിക്കാനാവണം വിദ്യാഭ്യാസം
ജീവിതം കടുത്ത ഒരു മത്സരമാണെന്ന് വളർച്ചയിലേയ്ക്ക് കടക്കുന്ന ഓരോ കുട്ടിയേയും ഇന്നത്തെ വിദ്യാഭ്യാസം പഠിപ്പിക്കുന്നു. ഈ മത്സരത്തില് വിജയിക്കുന്നവരും പരാജയപ്പെടുന്നവരുമുണ്ട്. ജയപരാജയങ്ങളെ വിലയിരുത്തുന്നതാകട്ടെ പുറത്തുള്ളവരും. എന്തുമാത്രം വൈരുദ്ധ്യങ്ങളാണ് നാം കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതെന്നൊന്ന് ആലോചിച്ചു നോക്കൂ. പരസ്പരം സനേഹിക്കണമെന്നും സഹകരണത്തിലും സമാധാനത്തിലും സമത്വത്തിലും ജീവിക്കണമെന്നും പഠിപ്പിച്ചിട്ട് മത്സരങ്ങളാണ് എല്ലായിടത്തും കുട്ടികള്ക്ക് സ്കൂള് ഒരുക്കിവയ്ക്കുന്നത്. വിദ്യാഭ്യാസം ഒരോട്ടപ്പന്തയം പോലെയാണെന്നും അതില് സതീര്ത്ഥരെ എങ്ങനെയെങ്കിലും പരാജയപ്പെടുത്തി ഒന്നാമാതാകുന്നവരാണ് മിടുക്കരെന്നും കുഞ്ഞുനാളിലെ കുരുന്നുമനസ്സുകളില് പതിയുന്നു. അങ്ങനെയുള്ള വിദ്യാര്ത്ഥികള്‍ക്ക് അപരനെ സ്വന്തം നിലനില്പ്പിന് ഭീഷണിയായെ പിന്നീട് കാണാനാവൂ. സഹപാഠികള് തോല്പിക്കപ്പെടേണ്ട ശത്രുക്കളല്ല, മറിച്ച് കൈപിടിച്ച് ഒപ്പം നടക്കേണ്ട, തളരുമ്പോള് താങ്ങേണ്ട സതീര്ത്ഥരാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള എന്ത് സംവിധാനമാണ് നമ്മുടെ സ്കൂളുകള്ക്കുള്ളത്? പള്ളിക്കൂടം ഫാക്ടറിയും അദ്ധ്യാപകന് തൊഴിലാളിയും വിദ്യാര്ത്ഥി ചരക്കും രക്ഷിതാവ് ചരക്കുദ്പാദകനുമായി മാറിയിരിക്കുന്ന ഇന്നത്തെ വിദ്യാഭ്യാസരീതിക്ക് നിശ്ചയമായും മാറ്റമുണ്ടാകണം. അദ്ധ്യാപകരും സ്കൂളും വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള സാഹചര്യവും പ്രേരണയും ഉണ്ടാക്കിക്കൊടുക്കുന്നതേയുള്ളു; വിദ്യാഭ്യാസം വിദ്യാര്‍ത്ഥി സ്വയം ആര്ജ്ജിക്കുന്നതാണ്. തത്വശാസ്ത്രത്തിന്റെ പിതാവ് സോക്രട്ടീസ് പറഞ്ഞതിങ്ങനെയാണ്: ''എനിക്കാരേയും ഒന്നും പഠിപ്പിക്കാനാവില്ല, എന്റെയടുത്തുവരുന്നവരെ സ്വയം ചിന്തിക്കാന് പ്രേരിപ്പിക്കാനാവും.'' യഥാര്‍ത്ഥ അദ്ധ്യാപകന്റെ ഉത്തരവാദിത്വം സത്യത്തില് അതുമാത്രമാണ്. (എന്നെങ്കിലും സമയം കിട്ടിയാല് ഇങ്ങനെ ചില ചലച്ചിത്രങ്ങള് കാണണം - താരേ സെമീന്‍ പര്‍, ത്രീ ഇടിയറ്റ്സ്, എലഫെന്റ്. ഒപ്പം പറ്റുമെങ്കില് 'ടോട്ടോചാനും' 'മര്ദ്ദിതരുടെ ബോധനശാസ്ത്രവും' 'സ്കൂളിലേയ്ക്ക് തിരിച്ചുപോകരുത്' എന്ന കിയോ സ്റ്റാര്ക്കിന്റെ പുസ്തകവും വായിക്കണം).
'ആരു ഞാനാകണം' എന്നെന്നുണ്ണി ചോദിക്കില്‍
'നീ നീയാകണം' എന്നുത്തരം.

No comments: