Friday, March 21, 2014

കാട് കത്തുന്നു... മനസ്സ് കത്തുന്നു...


മാര്‍ച്ച് 16-ന് വയനാട്ടില്‍ 1200 ഏക്കറുകളോളം വനം കത്തിനശിച്ചു. കാട്ടുതീയോ, മനുഷ്യന്റെ ദുഷ്ടത ആളിക്കത്തിയതോ എന്ന് അവ്യക്തം. സാഹചര്യതെളിവുകളെല്ലാം വിരല്‍ചൂണ്ടുന്നത് മനുഷ്യനിലേയ്ക്കു തന്നെയാണ്. അങ്ങനെയെങ്കില്‍ ഇത്രയും നീചത മനസ്സില്‍ കൊണ്ടുനടക്കുന്നവരെ എത്രയും വേഗം കഴിഞ്ഞ ഒക്‌ടോബറില്‍ (2013) 92 പേര്‍ ജലവും തണലും കിട്ടാതെ ദാഹിച്ച് മരിച്ച നൈജീരിയായുടെ സഹാറ മരുഭൂമിയില്‍ എത്തിക്കേണ്ടതുണ്ട്. ഭൂമി ചുട്ടുപൊള്ളുകയാണ്. വേനലില്‍ ജലസ്രോതസ്സുകള്‍ വറ്റിക്കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് കാടുകള്‍ കത്തിക്കാന്‍ മാത്രം പക ആരൊക്കെയോ മനുഷ്യമനസ്സില്‍ ഊതിക്കത്തിച്ചുകൊണ്ടിരിക്കുന്നത്.

യാദൃച്ഛികമായാണ് ഈ ദിവസങ്ങളില്‍ തന്നെ ഡേവിഡ് ഗോര്‍ഡന്‍ ഗ്രീനിന്റെ ''പ്രിന്‍സ് അവലാന്‍ച്'' (2013) എന്ന ചലച്ചിത്രം കണാനിടയായത്. 1987-ല്‍ അമേരിക്കയിലെ ടെക്‌സാസില്‍ 43,000 ഏക്കറുകളോളം വനപ്രദേശം കാട്ടുതീ വിഴുങ്ങിയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരിക്കപ്പെട്ട സിനിമയാണിത്. അതില്‍ ഒരു ദൃശ്യം ഇങ്ങനെ: ഏകാന്തമായ ഒരു സ്ഥലത്ത് കാട്ടുതീ വിഴുങ്ങിയ കാടിനോട് ചേര്‍ന്ന തന്റെ കൊച്ചുവീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ എന്തൊക്കെയോ തപ്പിത്തിരഞ്ഞുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ. കാനന പാതയില്‍ ഗതാഗതസൗകര്യം ശരിയാക്കിക്കൊണ്ടിരിക്കുന്ന ഒരാള്‍ അപ്രതീക്ഷിതമായി അവിടെ എത്തുന്നു. അവരുമായി പരിചയപ്പെട്ട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നിറകണ്ണുകളോടെ ആ സ്ത്രീ പറയുന്നു: ''ഞാനിവിടെ ചികഞ്ഞുപെറുക്കുമ്പോള്‍ എന്റെ ചിത ഞാന്‍ തന്നെ ചികയുന്നതായി എനിക്ക് തോന്നാറുണ്ട്.'' ഭൂമിയില്‍ കത്തുന്ന ഓരോ പച്ചപ്പിനടിയിലും മനുഷ്യന്‍ സ്വന്തം ചിതയെ ഒരുക്കി വെച്ചിരിക്കുകയാണ്. അത് ടെക്‌സാസിലോ, വയനാട്ടിലോ, ഓസ്‌ട്രേലിയന്‍ കാടുകളിലോ, ആമസോണ്‍ വനാന്തരങ്ങളിലോ എവിടെയുമാകട്ടെ.

കേരളത്തിന്റെ പശ്ചിമഘട്ടം വെറും 150 വര്‍ഷങ്ങള്‍ക്കപ്പുറം ഇടതൂര്‍ന്ന നിത്യഹരിത വനമായിരുന്നു. ഇന്നവിടെ വനഭൂമിയെ വെറും 30% മാത്രമായി അവശേഷിപ്പിച്ചുകൊണ്ടാണ് രണ്ടോ മൂന്നോ തലമുറയ്ക്കപ്പുറം കാര്‍ഷിക ആവശ്യത്തിനായി കുടിയേറ്റം നടന്നത്. ജനനവും ബാല്യവും അത്തരമൊരു കുടിയേറ്റ ഗ്രാമത്തിലായിരുന്നു. കുടിയേറ്റത്തിന്റെ സാഹസികതകള്‍ നിറഞ്ഞ ഒത്തിരിയേറെ കഥകള്‍ കേട്ടാണ് വളര്‍ന്നത്. അതില്‍ മനസ്സിനെ ഏറ്റവും ഭാരപ്പെടുത്തിയിട്ടുള്ളത് ഭൂമി വെട്ടിത്തെളിച്ചെടുക്കുന്ന രീതി തന്നെയാണ്. ഏതെങ്കിലും ഒരു മലയുടെ താഴ്‌വാരം നല്ല ഫലപുഷ്ഠമായ മണ്ണെന്ന് തോന്നിയാല്‍ കുടിയേറ്റ സംഘം രണ്ട് ഗ്രൂപ്പുകളായി പിരിയുന്നു. ഒരു പ്രദേശം തെളിച്ചല്ല മരങ്ങളും കാടുകളും വെട്ടിവീഴ്ത്തുന്നത് (അങ്ങനെ പോയാല്‍ വളരെ ചുരുങ്ങിയ ഏക്കറുകള്‍ മാത്രമേ വെട്ടിപ്പിടിക്കാനാവൂ). രണ്ട് ഗ്രൂപ്പുകളും രണ്ട് ചാലുകള്‍ തീര്‍ത്ത് കാട് വെട്ടിവളയുന്നു. സാവകാശം ആ പ്രദേശത്തെ കാടിനെ ശേഷിച്ച വനമേഖലയില്‍ നിന്ന് വേര്‍പെടുത്തുകയാണ്. ആയുധം കൂട്ടിമുട്ടുമ്പോള്‍ പണിനിര്‍ത്തണം എന്നതാണ് കണക്ക്. എന്നിട്ടാണ് ഭീകരമായ ആ കൃത്യം - തുരുത്തുപോലെ ഒറ്റപ്പെടുത്തിയ പ്രദേശത്തെ പച്ചമരക്കാടിന് തീയിടുകയാണ്. പച്ചമരങ്ങള്‍ നിന്ന് കത്തും, കൂടെ അതിനുള്ളിലെ ജീവജാലങ്ങളും. അങ്ങനെ ഏതാനും ദിവസങ്ങള്‍കൊണ്ട് ഏക്കറ് കണക്കിന് ഭൂമി കൃഷിയിടമാക്കാന്‍ പറ്റിയ രീതിയില്‍ തെളിഞ്ഞ  പ്രദേശമാകുന്നു - പച്ചപ്പുകളെല്ലാം കത്തി ചാമ്പലായി.

പടയോട്ടങ്ങളുടെയും വെട്ടിപ്പിടുത്തങ്ങളുടെയും ചൂര് മാറാത്ത ഒരു പ്രാചീന ജനതയോടുപോലും നിയമാവര്‍ത്തകന്‍ ഇങ്ങനെ പറയുന്നു: ''നിങ്ങള്‍ ഒരു നാടിനെ ആക്രമിച്ച് കീഴടക്കുമ്പോള്‍ മഴുകൊണ്ട് അതിലെ മരങ്ങളെ വെട്ടിനശിപ്പിക്കരുത്. അവയില്‍നിന്ന് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക, എന്നാല്‍ വെട്ടിനശിപ്പിക്കരുത്. അല്ലയോ മനുഷ്യാ, മണ്ണിലെ മരങ്ങളെ നിങ്ങള്‍ക്കെങ്ങനെ യുദ്ധം ചെയ്ത് പിടിച്ചെടുക്കാനാവും?'' (നിയമാവര്‍ത്തനം 20:19). ചൈതന്യമുള്ള മനുഷ്യര്‍ക്ക് മാത്രമേ ഒരു കൊച്ചുചെടി വാടുന്നത് കണ്ടാല്‍ ദുഃഖം വരു എന്ന് വായിച്ചതോര്‍ക്കുന്നു. ഒരു തൈ വാടുന്നത് കണ്ടിട്ട് മനസ്സ് വേദനിക്കാത്തവര്‍ക്ക് ഒരു കുട്ടി പട്ടിണികിടന്ന് മരിച്ചു എന്നു പറഞ്ഞാലും ദുഃഖം വരില്ല. ''മനുഷ്യനെ മറന്ന പ്രകൃതിസ്‌നേഹം ഭീകരവാദമാണെന്ന'' ആക്രോശമാണ് ഇപ്പോള്‍ മലമുകളില്‍ മുഴങ്ങിക്കേള്‍ക്കുന്നത്. 'പ്രകൃതിസ്‌നേഹമാണ്' ഇന്ന് പശ്ചിമഘട്ടത്തില്‍ ചെയ്യാവുന്ന ഏറ്റവും മാരക പാപം എന്ന കണക്കെ. മത-രാഷ്ട്രീയ അധികാരത്തിന്റെ ആളുറപ്പില്‍ ഇങ്ങനെ ആക്രോശിക്കുന്നവരോട് അസ്സീസിയിലെ ആ കൊച്ചുമനുഷ്യന് ഇത്രയും പറയാനുണ്ട്: ''ദൈവത്തിന്റെ ഏതെങ്കിലും ഒരു സൃഷ്ടിജാലത്തോട് കാരുണ്യം കാണിക്കാത്തവര്‍ നിങ്ങളുടെ ഇടയില്‍ ഉണ്ടെങ്കില്‍ അറിഞ്ഞുകൊള്ളുക - മനുഷ്യരോടും അവര്‍ അങ്ങനെ തന്നെ പ്രര്‍ത്തിക്കും.'' (അസ്സീസിയിലെ ഫ്രാൻസിസ്)

ലെബനാനേ, നീ വാതിലുകള്‍ തുറന്നു നോക്കൂ,
നിന്റെ ദേവതാരുക്കളെ തീ വിഴുങ്ങിയിരിക്കുന്നു.
സൈപ്രസ് മരങ്ങളെ വിലപിക്കൂ,
നിങ്ങളുടെ ദേവതാരുക്കള്‍ കടപുഴകി വീണിരിക്കുന്നു.
നിങ്ങളുടെ ശക്തന്മാര്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നു.
ബാഷാനിലെ ഓക്കുമരങ്ങളെ വിലപിക്കൂ,
നിത്യഹരിതവനങ്ങള്‍ വെട്ടിവീഴ്ത്തപ്പെട്ടിരിക്കുന്നു.
ആട്ടിടയന്മാരുടെ വിലാപത്തിന് കാതോര്‍ക്കൂ,
അവരുടെ ഐശ്വര്യമാണ് നശിപ്പിക്കപ്പെട്ടിരിക്കുന്നത്.
സിംഹക്കുട്ടികളുടെ കരച്ചില്‍ കേള്‍ക്കുന്നില്ലേ,

യോര്‍ദാനിലെ കുറ്റിക്കാടുകളാണ് തരിശാക്കപ്പെട്ടത്. (സഖറിയാസ് 11: 13)   

Monday, December 9, 2013

സ്വാതന്ത്ര്യത്തിലേക്ക് നീണ്ട ദൂരം നടന്നു തീർത്തൊരാൾ

95 വര്ഷം നീണ്ട ജീവിതം. 27 വർഷത്തെ തടവറവാസം. 46 വർഷം വർണവിവേചനതിനെതിരെയുള്ള കലാപം. അത് "സ്വാതന്ത്യത്തിലേക്കുള്ള  ഒരു നീണ്ട നടത്തമായിരുന്നു"; അവസാനിക്കുന്നതാകട്ടെ 2013 ഡിസംബർ 5 നും. വിവേചനതിനെതിരെയുള്ള ദക്ഷിണാഫ്രിക്കൻ പോരാട്ടത്തിന്റെ ഒരു യുഗമായിരുന്നു നെല്‍സണ്‍ മണ്ടേല. 
ശക്തിയും സ്വാധീനവും ഉള്ളവർ നിയമയും നീതിയും നടത്തുന്ന ലോകത്ത് മണ്ടേല ആശ്രയിച്ചത് മനുഷ്യന്റെ നീതിയെ അധിലംഘിക്കുന്ന ഒരു നീതിയിലായിരുന്നു. 182 സാക്ഷികളും പതിനായിരക്കണക്കിന് പേജ് തെളിവുകളും തനിക്കെതിരെ ഭരണകൂടം ചമച്ച് നിർത്തിയപ്പോൾ മനുഷ്യന്റെ കോടതിക്ക് മുന്നിൽ അദ്ദേഹം ഭയരഹിതനായി പറഞ്ഞതിങ്ങനെ: ''സ്വന്തം ദുരിതങ്ങളില്നിന്നും അനുഭവങ്ങളില്നിന്നും പ്രചോദിതരായ ആഫ്രിക്കന് ജനതയുടെ പ്രക്ഷോഭമാണിത്. ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പ്രക്ഷോഭം. എല്ലാ വ്യക്തികളും തുല്യാവസരങ്ങള് അനുഭവിക്കുന്ന സ്വതന്ത്രവും ജനാധിപത്യപരവുമായ സമൂഹമെന്ന ആദര്ശമാതൃകയുമാണ് ഞാന് ഉള്ളില് കൊണ്ടുനടക്കുന്നത്. ഈ ലക്ഷ്യം നേടാനായി ജീവിക്കാന് കഴിയണമെന്നാണ് ആഗ്രഹിക്കുന്നത്. ദൈവം ആഗ്രഹിക്കുകയാണെങ്കില്, ഈ ഒരു ലക്ഷ്യത്തിനായി മരിക്കാനും തയ്യാറാണ്.''
‘മനുഷ്യന്‍ സ്വയം നിര്‍മിക്കുന്നു’ എന്ന ചൊല്ല് മണ്ടേലയുടെ ജീവിതത്തിന്റെ രക്നച്ചുരുക്കമായി വേണമെങ്കിൽ വായിക്കാം. ഒരാള്‍പോലും സാക്ഷരത നേടിയിട്ടില്ലാത്ത കുടുംബ പശ്ചാത്തലം. നന്നേ ചെറുപ്പത്തില്‍ കാലിമേയ്ക്കാന്‍ പോയി. അച്ഛന്റെ മരണശേഷം സമ്പന്നനായ ഒരാള്‍ ദത്തെടുത്തതോടെയാണ് കാര്യങ്ങൾക്ക് മാറ്റമുണ്ടായത്. അക്ഷരങ്ങളുടെ ജാലകങ്ങള്‍ തുറന്നുകിട്ടി. കറുത്തവര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന മനുഷ്യവിരുദ്ധമായ ചൂഷണങ്ങള്‍ക്കെതിരെ ആ വിദ്യാര്‍ഥി ചിന്തിച്ചുതുടങ്ങി. കോളേജ് വിദ്യാഭ്യാസകാലത്ത് വിദ്യാര്‍ഥി കൗണ്‍സില്‍ അംഗമായിക്കൊണ്ടാണ് പൊതുജീവിതപ്രവേശനം. നിലവാരം കുറഞ്ഞ ഭക്ഷണം ബഹിഷ്കരിച്ചതിന് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്ന് ബിരുദം നേടാനാകാതെയാണ് പിരിഞ്ഞത്. അതിനു ശേഷമാണ് അദ്ദേഹം എ. എൻ. സി. യിലൂടെ (African National Congress) രാഷ്രീയപ്രവർത്തനത്തിലേക്ക് തിരിയുന്നത്. അതിനിടെ നിയമത്തില്‍ ഡിഗ്രിയെടുത്ത് അഭിഭാഷകനായി. കണ്ണില്‍ ചോരയില്ലാതെ പെരുമാറുന്ന ഒരു ഭരണകൂടത്തിനെതിരെ ഗാന്ധിയന്‍ സമരമുറ വിജയിക്കുന്ന കാര്യം സംശയമായി മാറിയപ്പോഴാണ് എ. എൻ. സി. സായുധസമരമുറ സ്വീകരിക്കുന്നത്. എ. എൻ. സി.  യുടെ സായുധവിഭാഗ സ്ഥാപക ചെയര്‍മാന്‍ മണ്ടേലയായിരുന്നു. ഇത്തരം ‘രാജ്യദ്രോഹ’ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഒടുവില്‍ മണ്ടേല പിടിക്കപ്പെടുന്നത്.
ഭ്രാന്തുപിടിപ്പിക്കുന്ന നീണ്ട 27 വർഷങ്ങൾ അയ്യാൾ തടവറയിൽ എന്തുടുക്കുകയായിരുന്നു? ഈ ചോദ്യം തടവറയിലെ നെഹ്രുവിനെക്കുറിച്ചും ചോദിക്കപ്പെട്ടിട്ടുണ്ട്. തടവറയിൽ നെഹ്‌റു 'ഇന്ത്യയെ കണ്ടെത്തുകയായിരുന്നു' എന്നാണ് പറയുന്നത്. “Discovery of India” രചിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ജയിൽവാസ കാലത്താണ്. നെഹ്രുവിന്റെതുമായി സമാനതകളില്ലാത്ത ശാരിരികവും മാനസീകവുമായ പീഡനങ്ങൾ മുറ്റിയ തടവറയിൽ മണ്ടേലയും വെറുതെയിരിക്കുകയായിരുന്നില്ല. അയ്യാൾ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു നീണ്ട നടത്തത്തിലായിരുന്നു. " The Long Walk to Freedom " എന്ന ആത്മകഥ രൂപപ്പെടുന്നത് അക്കാലത്താണ്.   ഒരു പുരുഷായുസ്സ് എന്നൊക്കെ വിളിക്കേണ്ടത്ര കാലം ജയിലഴികള്‍ക്ക് പിന്നില്‍ കഴിഞ്ഞ മനുഷ്യന്‍ ഒടുവില്‍ പുറത്തിറങ്ങുന്നത് ലോകത്തോടുള്ള അടങ്ങാത്ത പ്രതികാരവുമായിട്ടായിരിക്കില്ലേ? എന്നാൽ മണ്ടേലയുടെ കാര്യത്തിൽ അതങ്ങനെയല്ല. തന്നെ ദ്രോഹിച്ചവനും ആഫ്രിക്കക്കാരനാണെന്നും അവനും ഈ മണ്ണില്‍ തുല്യാവസരങ്ങളോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നും അയ്യാൾ അറിഞ്ഞിരുന്നു. 1994-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യത്തെ ജനാധിപത്യ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ പ്രസിഡന്റായ അദ്ദേഹം പ്രസിഡന്റ്‌ സ്ഥാനമേൽക്കുമ്പോൾ തന്നെ ജയിലിൽ സഹായിച്ച വെള്ളകാരനെ പ്രതേക അതിഥിയായി ക്ഷണിച്ചു. ഓർമ്മകളിൽ വര്ണവിവേചന സ്മൃതി നുരഞ്ഞിട്ടും പ്രതികാരത്തിന്റെ വഴിയിലേക്ക് ദക്ഷിണാഫ്രിക്കയെ അദ്ദേഹം നയിച്ചില്ല. വര്ണവിവേചനത്തിനെതിരെയുള്ള സമരത്തിൽ  12,500 പേര് കൊല്ലപ്പെട്ട രാജ്യത്താണ് ഈ മഹാമനസ്കത. “സ്വന്തം കാലിലെ ചങ്ങല അഴിച്ചുമാറ്റല്‍ മാത്രമല്ല സ്വാതന്ത്ര്യം;
അന്യന്റെ സ്വാതന്ത്ര്യത്തെ അംഗീകരിക്കലും ബഹുമാനിക്കലുംകൂടിയാണ്” എന്നദ്ദേഹം വിശ്വസിച്ചു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പലയിടങ്ങളിലും സ്വാതന്ത്ര്യസമരങ്ങള്‍ നയിച്ച വേറെ എത്രയോ നേതാക്കളുണ്ട്. പക്ഷേ, അധികാരത്തിലെത്തി ഏറെക്കഴിയും മുമ്പ് മിക്കവരും അവര്‍ എതിര്‍ത്തവരേക്കാള്‍ നിഷ്ഠൂരരായ ഭരണാധികാരികളായിത്തീര്‍ന്നു, അവരെപ്പറ്റി ലജ്ജിപ്പിക്കുന്ന അഴിമതിക്കഥകൾ കേൾക്കുകയും, ഗോത്രങ്ങളെ തമ്മിലടിപ്പിച്ച് ചോരപ്പുഴ ഒഴുക്കുന്ന സംഭവങ്ങൾ കാണേണ്ടിവരികയും ചെയ്തു. അവരാരും സ്വമേധയാ സ്ഥാനമൊഴിഞ്ഞതുമില്ല. പലരും പട്ടാളവിപ്ലങ്ങളിലൂടെയും കലാപങ്ങളിലൂടെയും സ്ഥാനഭ്രഷ്ടരാക്കപ്പെട്ടു. ചിലര്‍ കൊലചെയ്യപ്പെട്ടു. എന്നാൽ ഭരണത്തിലെ അഞ്ചുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ രണ്ടാമതൊരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍പോലും മെനക്കെടാതെ 1999-ല്‍ അധികാര രാഷ്ട്രീയത്തിനോട് വിട പറഞ്ഞ മണ്ടേല 2005-ല്‍ പൊതുജീവിതത്തിനോടും വിട പറഞ്ഞു. അദ്ദേഹത്തിന്റെ ബോധ്യം ഇതായിരുന്നു: "ഞാൻ ഒരു മിശിഖ ആയിരുന്നില്ല; വെറും ഒരു സാധാരണ മനുഷ്യൻ. അസാധാരണമായ ചില സാഹചര്യങ്ങൾ കൊണ്ട് എനിക്ക് ഒരു നേതാവാകേണ്ടിവന്നു എന്ന് മാത്രം." ആത്മാവുള്ള ഈ വാക്കുകൾ അധികാരത്തിന്റെ "സുഖ മേഘലകളിൽ" (Comfort Zones) ഇരുന്നുവാണ് അവസാന ശ്വാസം വലിക്കാൻ ആഗ്രഹിക്കുന്ന നമ്മിലെ അധികാരദാഹിയെ കണ്‍തുറപ്പിക്കേണ്ടതാണ്.

*******************
"ഞാൻ അടിസ്ഥാനപരമായി ഒരു ശുഭാപ്തിവിശ്വാസിയാണ്‌. അതെന്റെ സ്വഭാവപ്രകൃതി യിൽനിന്നു വരുന്നതാണോ, വളർത്തു രീതിയിൽ നിന്ന് വരുന്നതാണോ എന്നെനിക്ക് കൃത്യമായി അറിയില്ല. ശുഭാപ്തിവിശ്വാസിയാവുക എന്നാൽ തല സൂര്യന് നേരെ പിടിച്ച് പാദങ്ങൾ മുന്നോട്ടുവെച്ചു നടക്കുക എന്നത് തന്നെ. മനുഷ്യരാശിയിലുള്ള   എന്റെ വിശ്വാസം നഷ്ട്ടപ്പെട്ട അനേക നിമിഷങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരിക്കലും നിരാശയിലേക്ക് കൂപ്പുകുത്തിയിട്ടില്ല. അത് പരാജയത്തിന്റെയും മരണത്തിന്റെയും വഴിയാണ്.”


(സോഷ്യൽ മീഡിയയിൽ വായിച്ച ചില നല്ല ലേഖനങ്ങളോട് കടപ്പാട്)