Monday, April 11, 2016

ഇടിമിന്നലുകളെ അതിജീവിച്ചവള്‍

എന്നും ചിരിച്ച മുഖത്തോടെ കൂലിപ്പണിക്ക് പോകുന്ന ഒരു സ്ത്രീ. അവരും ഭര്‍ത്താവും ഒരുമിച്ച് താമസിക്കുന്ന ഒരു മലയുടെ ഇടത്തട്ടിലുള്ള വീട്ടില്‍ വൈകുന്നേരം കുന്നുകയറി വിയര്‍ത്തുകിതച്ചു ചെന്നു. പത്ത് സെന്റ്‌ സ്ഥലത്ത് ഒരു കൊച്ചു വീട്. അതിരാവിലെ ഭര്‍ത്താവിനെ കൂട്ടി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോയിവന്ന് കയറിയതേയുള്ളൂ. അദ്ദേഹത്തിന് ഹൃദയധമനികളില്‍ ഏഴ് ബ്ലോക്ക്‌. ശസ്ത്രക്രീയ ഈ മാസം അവസാനം. ചിരിച്ച മുഖത്തോടെ ഓടിപ്പോയി ചായയിട്ടുതന്നു. വര്‍ത്തമാനം പറഞ്ഞുവന്നപ്പോള്‍ ഭാവഭേദമൊന്നും കൂടാതെ അവര്‍ പറഞ്ഞു: "ഒരു വലിയ tragedy ആണച്ചാ എന്‍റെ ജീവിതം." പ്രാരാബ്ദങ്ങളുടെ നടുവില്‍ ഒരു മലമുകളില്‍ ജനനം. വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞു ജനിക്കാതെ കാത്തിരിപ്പിന്‍റെ കുറേ വര്‍ഷങ്ങള്‍. കാത്തിരുന്ന് ഒടുവില്‍ ഒരാണ്‍ കുഞ്ഞ് ജനിച്ചതിന്റെ മൂന്നാം മാസം നാടുവിട്ടു ഭര്‍ത്താവ്. അയ്യാള്‍ മരിച്ചോ ജീവിച്ചിരിക്കുന്നുവോ എന്ന് പോലും അറിയാത്ത നീണ്ട വര്‍ഷങ്ങള്‍. കുഞ്ഞിനെ സ്വന്തം നിലയില്‍ തനിയെ വളര്‍ത്തി. കൂടെ വര്‍ഷങ്ങളോളം രോഗശയ്യയില്‍ കിടന്ന ഭര്‍ത്താവിന്റെ അപ്പനും അമ്മയും, മരിക്കുവോളം അവരെ നോക്കിശുശ്രൂഷിച്ചു. അവര്‍ സ്ഥലമൊഴിഞ്ഞ ശയ്യയിലേക്ക്‌ അവളുടെ സ്വന്തം അമ്മ. നീണ്ട വര്‍ഷങ്ങള്‍ കിടന്നകിടപ്പില്‍. അവസാനം കഴിഞ്ഞ ജൂണില്‍ മരണം. അതിനിടയില്‍ വീടുവിട്ടുപോയ ഭര്‍ത്താവ് മകന് ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം മടങ്ങിവരുന്നു. മകനിലായിരുന്നു അവരുടെ ഏക ആശ്വാസം. ആറു വര്‍ഷം മുന്‍പ് പ്ലസ്‌ വണ്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാരന്‍റെ വീട്ടില്‍ പോയ മകന്‍ അപകടത്തില്‍പ്പെട്ട് ശവപ്പെട്ടിയില്‍ ആണ് വീട്ടില്‍ എത്തുന്നത്. ഒരിക്കല്‍ ഇടിമിന്നല്‍ ഏറ്റ അവര്‍ക്കുമുണ്ട് ചില ശാരീരിക ബുദ്ധിമുട്ടുകള്‍. എല്ലാം ഒന്ന് കെട്ടടങ്ങി എന്ന് വിചാരിച്ചിരിക്കെ ഭാര്‍ത്താവിന്റെ രോഗം. ഇനി ആശുപത്രി ദിനങ്ങള്‍. കൂടെ കൂലിപ്പണി. എന്നും കടത്തിന് മേല്‍ കടം കൂട്ടിന്. ഇതൊക്കെ പറയുമ്പോഴും അവരുടെ മുഖത്ത് പുഞ്ചിരിമായുന്നില്ല. അടുത്തറിയുന്നവര്‍ ചോദിക്കും: "നിനക്ക് ഈ കരുത്തൊക്കെ എവിടെ നിന്നെടി?" അവള്‍ പറയും: "എല്ലാം തമ്പുരാന്‍ തരുന്നു."

No comments: