Friday, April 29, 2016

ഇവിടെ ഓർമ്മകൾ നിരാട്ടിനിറങ്ങാറുണ്ട്‌

ഈ വെള്ളക്കെട്ടിനടിയിൽ ഒരു ഗ്രാമം ഉറങ്ങുന്നുണ്ട്, വൈരമണി എന്ന കുടിയേറ്റ ഗ്രാമം. ഇടുക്കി ഡാം നിർമ്മാണം പൂർത്തികരിച്ചപ്പോൾ ഈ ഗ്രാമത്തെ മുഴുവനായി അവിടെ നിന്ന് കുടിയൊഴിപ്പിക്കുകയായിരുന്നു. വൈരമണിയുടെ മുകളിലെ ജലപ്പരപ്പിന്റെ ചിത്രമെടുത്ത് എന്‍റെ ചാച്ചിയെ കാണിക്കുമ്പോൾ ഓർമ്മകളുടെ വേലിയേറ്റത്തിൽ അവർ അതിൽ നോക്കിയിരിക്കുന്നത് കണ്ടു. ഇന്നും ഡാമിലെ ജലനിരപ്പ്‌ താഴുമ്പോൾ വൈരമണിപ്പള്ളിയുടെ കൽഭിത്തികൾ ഒരു കൊച്ചു മൊട്ടക്കുന്നിന്റെ മുകളിൽ തെളിഞ്ഞു വരുമെന്ന് പറയുന്നു. അവിടെ ദേവാലയ സെമിത്തേരിയിൽ ചാച്ചിയുടെ പ്രിയപ്പെട്ട ഭർത്താവ് അന്ത്യവിശ്രമം കൊള്ളുന്നു. ഭൂപടത്തിൽ അവശേഷിക്കാത്ത ഒരിടം, പക്ഷേ ഓർമ്മകൾ ഇവിടെ നിരാട്ടിനിറങ്ങാറുണ്ട്‌. അയ്യപ്പന്‍ കോവിലും നിരവധി കൊച്ചു മണല്‍വീടുകളും ജലാശയത്തില്‍ മൂടിപ്പോയ ഇവിടെ വെള്ളം നിലതാഴുന്ന വേനലില്‍ പുരോഹിതന്‍ ഒരു വള്ളത്തില്‍ വിശുദ്ധ ജലവുമായിപ്പോയി വെഞ്ചിരിച്ചു വരും, അവിടെ നിത്യനിദ്രകൊള്ളുന്ന പിതൃക്കളുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ തലകുനിച്ച്.
ഡിസ്പ്ലൈസ്മെന്റിന്റെ വേദന മണ്ണിലും മനസ്സിലും ഇടമില്ലാതെയാവുന്നതിന്റെ വേദനയാണ്. ഇറ്റലിയിലെ മോന്തേ കാസിനോയുടെ താഴ്വാരത്തിലെ വാര്‍ സെമിത്തേരികളിലേക്ക് നോക്കിനില്‍ക്കെ ഒരു ഇന്ത്യന്‍ വാര്‍ സെമിത്തേരി. ചോദിച്ചപ്പോള്‍ വഴികാട്ടി പറഞ്ഞു അവിടെ രണ്ടാം ലോകമഹായുദ്ധത്തില്‍ മരിച്ച 6000 ഇന്ത്യന്‍ ഭടന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്നുവെന്ന്. മലയിറങ്ങി സെമിത്തേരിയില്‍ എത്തിയപ്പോള്‍ അവിടെ ഒരു ഫലകത്തില്‍ അവരുടെ പേരുകള്‍. അവരെക്കുറിച്ച് ഇന്ത്യന്‍ ആര്‍മിയുടെചരിത്രനാള്‍വഴിയില്‍ പോലും രണ്ടോ മൂന്നോ വരികള്‍ മാത്രം. ഇങ്ങിവിടെ ഇന്ത്യയില്‍ അവരുടെ പ്രിയപ്പെട്ടവര്‍ ഇന്നും ജീവിച്ചിരിക്കുന്നു, ആ കുഴിമാടങ്ങള്‍ ഒരുനോക്കുപോലും കാണാതെ. ഒരുനാള്‍ ഇനി ഗള്‍ഫിന്റെ വികസന ചരിത്രം എഴുതിയാല്‍ അത് മലയാളിയുടെ ചോരയുടെയും നീരിന്റെയും ചരിത്രമാകും. എന്നാല്‍ കൌമാരത്തിലും യൌവനത്തിന്റെ നിറവിലും നാടുവിട്ട അവര്‍ ഈ നാടിനോ ആ നാടിനോ സ്വന്തമല്ലാതെ ചരിത്രത്തില്‍ ആഴ്ന്നുപോകും. കേരളത്തിലെ ഇന്നത്തെ ബംഗാളീ, ഒരുനാള്‍ നിനക്കും ഇതുതന്നെ സംഭവിക്കും. അഭയാര്‍ത്ഥികള്‍ ഉണ്ടാകുന്നതും വിസ്മൃതിയുടെ മരുഭൂമികള്‍ പടരുന്നതും ഇങ്ങനെയാണ്.
[പണ്ട് ചെറുതോണി-കട്ടപ്പന എന്നി പ്രദേശങ്ങളിലേക്ക് പൊയ്ക്കൊണ്ടിരുന്ന വഴിയാണ് ഡാമിൽ ജലനിരപ്പ്‌ താണപ്പോൾ ഉയർന്ന് വന്ന് നില്ക്കുന്നതായി ചിത്രത്തിൽ കാണുന്നത്. ഈ വഴിയുടെ ശേഷഭാഗം ഇനി ഒരിക്കലും കാണാൻ കഴിയാതെ ഇടുക്കിയുടെ ജലാശയത്തിൽ മുങ്ങിമരിച്ചു]

No comments: