Wednesday, January 18, 2017

വേനലിന്‍റെ പത്തു ജലകലപ്പനകള്‍

വരള്‍ച്ച രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പുകള്‍ വരുന്നത്. അപ്പിയിടാന്‍ നേരം പ്രഷ്ടം അന്വേഷിക്കുന്ന ഒരു ജനതയെന്ന നിലയില്‍ ഇപ്പോഴെങ്കിലും ജലസംരക്ഷണത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയാല്‍ കുറെയെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞേക്കും. ജലം അമൂല്യമാണെന്ന തിരിച്ചറിവാണ് പരമപ്രധാനം. ശേഷം ഓരോ സാധാരക്കാരനും അയാളുടെ കുടുംബത്തിനും ചെയ്യാന്‍ കഴിയുന്നവ:
1. രണ്ടുനേരം കുളി ഒരു ആര്‍ഭാടമാണ്. കുളിക്കുമ്പോള്‍ ഷവര്‍ ഒഴിവാക്കി ബക്കറ്റില്‍ വെള്ളം പിടിച്ച് കുളിക്കുന്നത് ജലത്തിന്‍റെ അളവില്ലാത്ത വ്യയം ഒഴിവാക്കാന്‍ സഹായിക്കും. [വേനല്‍ ആരംഭിച്ച ശേഷം ഒരു ഇടത്തരം ബക്കറ്റിലെ വെള്ളത്തില്‍ (ഏകദേശം 25 ലിറ്റര്‍) കുളി കഴിക്കുന്നു. ഒരു പൂര്‍ണ്ണ ശരീരത്തെ കഴുകിയെടുക്കാന്‍ അത്രയും വെള്ളം മതിയെന്ന് അനുഭവപാഠം]. 
2. പാത്രങ്ങള്‍ കഴുകുമ്പോള്‍ ടാപ്പ് തുറന്നുവെച്ചുള്ള കഴുക്കു രീതി ഒഴിവാക്കുക. എല്ലാ എച്ചില്‍പ്പാത്രങ്ങളും ഒരുമിച്ച് കൂട്ടി വെച്ച് ഒരു വലിയ ബേയ്സനില്‍ വെള്ളം പിടിച്ച് മുഴുവന്‍ പാത്രങ്ങളുടേയും ഒന്നാം കഴുക്ക് പൂര്‍ത്തീകരിക്കുക. ശേഷം സോപ്പ് തേച്ച് അല്പം വെള്ളത്തില്‍ സോപ്പ് കഴുകിക്കളഞ്ഞ് മറ്റൊരു ബേയ്സനില്‍ ശേഖരിച്ചു വെച്ചിരിക്കുന്ന ചൂടുവെള്ളത്തില്‍ അവസാന കഴുക്ക് പൂര്‍ത്തികരിക്കുക.
3. പല്ലുതേയ്ക്കുമ്പോള്‍ മുഴുവന്‍ സമയവും ടാപ്പ് തുറന്നുവിടുന്ന ശീലം പലര്‍ക്കും ഉണ്ട്. അത് ശീലമായി മാറിയവര്‍ ഒരു കപ്പ് എടുത്ത് അതില്‍ വെള്ളം ശേഖരിച്ച് പല്ലുതേച്ച് മുഖം കഴുകാന്‍ ശ്രദ്ധിക്കുക.
4.Cyclone flush, Vacuum flush, Two button flush അങ്ങനെ പലതരത്തില്‍ വളരെക്കുറച്ച് വെള്ളം ഉപയോഗിക്കുന്ന കക്കൂസുകള്‍ ഇപ്പോള്‍ ഉണ്ട്. ഇനിയുള്ള കാലം എങ്കിലും അത്തരം ഫ്ലഷുകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക. മൂത്രമൊഴിച്ചുകഴിഞ്ഞ് ഒരു 6 മുതല്‍ 8 ലിറ്റര്‍ വരെ വെള്ളം വെറുതെ ഒഴുക്കിക്കളയാതിരിക്കാന്‍ ഫ്ലഷില്‍ മൂന്നോ നാലോ 1ലിറ്റര്‍ പ്ലാസ്റ്റിക് കുപ്പികളില്‍ വെള്ളം നിറച്ച് സൂക്ഷിക്കുക. മലവിസര്‍ജ്ജന സമയത്ത് മാത്രം ആ കുപ്പികളെ പുറത്ത് എടുത്തുവെച്ച് ഫ്ലഷ് ചെയ്യുക. വിശാലമായ പുരയിടങ്ങള്‍ ഉള്ളവര്‍ മൂത്രമൊഴിക്കാന്‍ വെളിയില്‍ പോകുന്നതില്‍ നാണം വിചാരിക്കാതിരിക്കുക. 
5. സാധാരണ വാഷ്‌ബേയ്സനില്‍ നിന്നും കുളിമുറിയില്‍ നിന്നും പുറത്തേക്ക് പോകുന്ന പൈപ്പുകകളിലെ വെള്ളം ഭൂമിക്കടിയിലെ ഒരു ടാങ്കിലേക്ക് വിട്ട് വെറുതെ പാഴാക്കുകയാണ്. ആ വെള്ളം തെങ്ങ് വാഴ, ജാതി പോലുള്ള വലിയ ചെടികളും വൃക്ഷങ്ങളും നനക്കാന്‍ ഉപയോഗിക്കാവുന്നതേയുള്ളൂ. അതേ സമയം ആ ജലം ശേഖരിച്ച് ചെറിയ ചെടികള്‍ നനക്കാതിരിക്കാനായി ശ്രദ്ധിക്കണം. അതില്‍ സോപ്പിന്‍റെ അംശം കലരുന്നതുകൊണ്ട് ഇളം ചെടികളെ അവ ഉണക്കിക്കളഞ്ഞേക്കാം. 
6. പാത്രം കഴുകാന്‍ ബേയ്സനില്‍ ശേഖരിച്ച ജലം പാത്രം കഴുകിക്കഴിഞ്ഞ് ചെടികള്‍ നനയ്ക്കാന്‍ ഉപയോഗിക്കാം. 
 7. വാഹനങ്ങള്‍ കഴുകുന്നതിന്റെ തവണകള്‍ കുറയ്ക്കുക എന്നതുകൂടാതെ സര്‍വീസ് കേന്ദ്രങ്ങളില്‍ കൊടുത്ത് കഴുകിക്കുന്നത് ജലത്തിന്‍റെ ഉപയോഗം കുറക്കാന്‍ സഹായമാവും. വീടുകളില്‍ വാഹനങ്ങള്‍ കഴുകാന്‍ ഉപയോഗിക്കുന്നതിന്‍റെ പകുതി വെള്ളം പോലും സര്‍വീസ് കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നില്ല. 
8. വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നവര്‍ ഉപയോഗിച്ച തുണികള്‍ രണ്ടുംമൂന്നും എണ്ണമായി കഴുകാതെ കൂട്ടിവെച്ച ശേഷം ഫുള്‍ ലോഡ് തുണികള്‍ ഇട്ട് കഴുകുക. അതും തുണികള്‍ കൃത്യമായി ഇനം തിരിച്ച് കഴുകുകയാണെങ്കില്‍ പോളിയെസ്റ്റര്‍ പോലുള്ള തുണിത്തരങ്ങള്‍ ചുരുങ്ങിയ സമയത്ത് കുറച്ച് വെള്ളവും വൈദ്യുതിയും ഉപയോഗിച്ച് കഴുകിയെടുക്കാം. 
 9. ടാപ്പുകളില്‍ ഒന്നും ലീക്ക് ഇല്ലെന്ന് ഉറപ്പുവരുത്തണം. ഓരോ തുള്ളി വെള്ളമാണ് ലീക്കാകുന്നത് എങ്കില്‍ കൂടി അതത്രയും 24 മണിക്കൂറില്‍ ഇറ്റുവീഴുന്നതിന്റെ വേഗത അനുസരിച്ച് 30 ലിറ്റര്‍ ജലം വരെ പാഴാകാം.
10. കിണറുകള്‍, കുളങ്ങള്‍, തുറന്ന ടാങ്കുകള്‍... എല്ലാം അടച്ചുസൂക്ഷിക്കുന്നത് ബാഷ്പീകരണം വഴിയുള്ള ജലനഷ്ടം തടയാന്‍ സഹായിക്കും.
* ഓര്‍ക്കുക, ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാല്‍ അത് ജലത്തിനു വേണ്ടിയായിരിക്കും.

No comments: