Sunday, February 26, 2017

സദാചാരഗുണ്ടായിസം എന്ന ലൈംഗീകദാരിദ്ര്യം



സദാചാരക്കാര്‍ അങ്ങനെ അനീഷിന്‍റെ ജീവനും എടുത്തു. സദാചാരഗുണ്ടാഅഴിഞ്ഞാട്ടത്തിലെ അവസാനയിരയാണ് അനീഷ്‌. ജനാധിപത്യരാജ്യത്ത് നിയമം കയ്യിലെടുത്ത് സ്വയം ഗവണ്മെന്റും കോടതിയും ചമയുന്ന സാമൂഹ്യവിരുദ്ധരാണ് സദാചാരഗുണ്ടകള്‍. ഇവരെ മതമൌലീക തീവ്രവാദികളെപ്പോലെ വേണം കണക്കാക്കാന്‍. 
സത്യത്തില്‍ സദാചാരപോലീസ് ആണ് ഈ നാട്ടിലെ ഏറ്റവും വലിയ ലൈംഗീകരോഗികള്‍. ഈ രോഗത്തിന്‍റെ രോഗലക്ഷണങ്ങള്‍ ഇവയൊക്കെയാണ്: 1. രണ്ടുപേര്‍ (സ്ത്രീയും പുരുഷനും) ഒരുമിച്ചിരുന്ന്‍ സംസാരിക്കുന്നത് കണ്ടാല്‍ അവരുടെ കണ്ണുകള്‍ ഒളികണ്ണുകള്‍ ആയി മാറും. 2. 'നീ അറിഞ്ഞോ...., നീ കേട്ടോ...." എന്ന ആമുഖത്തോടെ അവര്‍ മറ്റുള്ളവരുടെ സ്വകാര്യബന്ധങ്ങള്‍ വിളമ്പാന്‍ തുടങ്ങും. 3. ഇത്തരക്കാരുടെ ലൈംഗീകഅവയവം തലച്ചോറില്‍ ആയിരിക്കും. 4. ഇത്തരക്കാര്‍ സ്വന്തം ദാമ്പത്യജീവിതത്തിലോ ലൈംഗീകആഗ്രഹപൂര്‍ത്തീകരണത്തിലോ സംതൃപ്തരായിരിക്കില്ല. 5. ഇവരില്‍ മിക്കവരും 'തികഞ്ഞ' മതവിശാസികളും പാരമ്പര്യവാദികളും ആയിരിക്കും. 6. രാഷ്ട്രീയ-സാമൂഹ്യ അനീതികളോട് ഇവര്‍ പ്രതികരിക്കില്ല. 7. 'തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല' എന്ന നിലപാട് സ്വീകരിച്ച കടുത്ത അസൂയാലുക്കളാണ് ഇവര്‍.

സ്വകാര്യം പൊതുജീവിതം 
എന്തെങ്കിലും ആവശ്യത്തിന് അത്ര പരിചയമില്ലാത്ത ഒരു വീട്ടിലോ സ്ഥലത്തോ പോകേണ്ട സാഹചര്യത്തില്‍ വഴിയരികില്‍ കണ്ടുമുട്ടുന്ന ഒരാളോട് വഴി ചോദിക്കുമ്പോഴാണ് ഒരു കള്ളനെപ്പോലെ ഓടിപ്പോകേണ്ട അവസ്ഥ വരുന്നത്. അങ്ങോട്ട്‌ ഒരു കാര്യം മാത്രമേ ചോദിച്ചിട്ടുള്ളൂ, "വഴിയൊന്ന് പറഞ്ഞുതരാമോ?". ഇങ്ങോട്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് കയ്യുംകണക്കുമില്ല. "എവിടുന്ന് വരുന്നു?", "എന്തിനാണ് അവിടെപ്പോകുന്നത്?", "അവരുമായിട്ട് എന്താണ് ബന്ധം?"....(നാട്ടിൻപുറം നന്മകളാൽ അത്ര സമൃദ്ധമൊന്നുമല്ല). എന്നാണ് നമ്മൾ സ്വകാര്യതയും പൊതുജീവിതവും തമ്മിലുള്ള വിശുദ്ധമായ വേർതിരിവ് പഠിച്ചെടുക്കന്നത്? എന്‍റെ സൌഹൃദങ്ങള്‍, എന്‍റെ തീറ്റകുടികള്‍, എന്‍റെ ലൈംഗീകജീവിതം... ഇവയൊക്കെ എന്‍റെ സ്വകാര്യതകള്‍ ആണ്. മറ്റുള്ളവരുടെ അവകാശങ്ങള്‍ ഞാന്‍ നിഷേധിക്കാത്തിടത്തോളം കാലം എന്‍റെ സ്വകാര്യതകളില്‍ തലയിടുന്നത് ഗുണ്ടായിസമാണ്.

എതിര്‍ലിംഗ സൗഹൃദങ്ങള്‍
അമ്മ/സഹോദരി, അപ്പൻ/സഹോദരൻ എന്ന തലത്തിനുപ്പുറത്തേക്ക് ജീവിതപങ്കാളിയല്ലാത്ത ഒരു പുരുഷനോ സ്ത്രീയോ ആയിട്ടുള്ള ബന്ധത്തെ കാണാൻ കഴിയാത്ത ഒരു സമൂഹമാണ് നമ്മുടേത്. സൗഹൃദമെന്നാൽ ഒരു സാധാരണ ഇന്ത്യക്കാരനെയോ മലയാളിയേയോ സംബന്ധിച്ച് സ്വവർഗ്ഗ സൗഹൃദങ്ങൾ മാത്രമാണ്. ആണുങ്ങളുടെ സുഹൃത്തുക്കൾ ആണുങ്ങളും പെണ്ണുങ്ങളുടെ സുഹൃത്തുക്കൾ പെണ്ണുങ്ങളും മാത്രമായിരിക്കണം എന്നത് നമ്മുടെ സമൂഹത്തിന്റെ അലിഖിത നിയമമാണ്. അതിനപ്പുറത്ത് സ്വന്തം ഭാര്യയോ/ഭർത്താവോ, അമ്മയോ/അപ്പനോ, സഹോദരിയോ/സഹോദരനോ അല്ലാത്ത ആരെങ്കിലുമായി ഒരു സ്ത്രീയോ പുരുഷനോ അടുത്ത് ഇടപഴകുന്നത് കണ്ടാൽ ആ ബന്ധത്തിന് ചാർത്തിക്കൊടുക്കാൻ നമ്മുടെ നിഘണ്ടുവിൽ ഒരു പദമേയുള്ളൂ പ്രണയം. പ്രണയത്തിനപ്പുറത്ത് ആൺ-പെൺ സൗഹൃദങ്ങൾ ഉണ്ടെന്നും ഇല്ലെങ്കിൽ അവ വളർത്തിയെടുക്കണമെന്നും അല്ലാത്തപക്ഷം ബന്ധങ്ങളിൽ തന്നെ വലിയ നഷ്ടങ്ങൾ ഉണ്ടാവുമെന്നും ഈ തലമുറയെങ്കിലും പഠിക്കണം. സദാചാരഗുണ്ടകള്‍ എതിര്‍ലിംഗ സൗഹൃദത്തെ എതിര്‍ക്കുന്ന, പ്രണയത്തെ എതിര്‍ക്കുന്ന, സമൂഹത്തെ പിന്നോട്ട് വലിക്കുന്ന, സാമൂഹ്യവിരുദ്ധര്‍ ആണ്. 

സാദാചാരപോലീസ് ആകുന്ന ഭരണകൂടം
ഇന്ത്യന്‍ പൌരന് 'സ്വകാര്യത എന്ന മൌലീകാവകാശം' ഇല്ലെന്ന് ഇപ്പോള്‍ തന്നെ മോദി ഗവണ്മെന്റ് തെളിയിച്ചു. വീട്ടിലെ തീന്മേശയില്‍ നിങ്ങള്‍ എന്തു വിളമ്പണമെന്ന് വരെ അവര്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു (ഗോമാംസ വിലക്ക്). നിങ്ങള്‍ നിങ്ങളുടെ സ്വകാര്യയിടങ്ങളില്‍ എന്തു കാണണമെന്നും എന്തു കാണാന്‍ പാടില്ല എന്നും നിശ്ചയിച്ചു കഴിഞ്ഞു (അഡള്‍ട്ട് സൈറ്റ് നിരോധനം). പ്രണയജോടികളുടെ കിടപ്പുമുറിയില്‍ പോലും കയറി അവര്‍ക്കെതിരെ കേസ് എടുക്കുന്ന ഭീകരമായ ദ്രശ്യങ്ങളും നാം മുംബൈയില്‍ കണ്ടു. സ്വവര്‍ഗ്ഗലൈംഗീകത ഇപ്പോഴും ക്രിമിനല്‍ കുറ്റമായി നിലനില്‍ക്കുന്നു. മതം സന്മാര്‍ഗ്ഗം പ്രസംഗിക്കുന്നതു പോലെ രാഷ്ട്രം സദാചാരം പ്രസംഗിക്കുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ഉഭയസമ്മതമുള്ള,പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ തമ്മിൽ എങ്ങനെയാണ് ബന്ധപ്പെടേണ്ടത് എന്നുവരെ നിശ്ചയിക്കുന്ന ഭരണഘടനയും നിയമവ്യവസ്ഥയും ആണ് ഏറ്റവും വിലകെട്ട രാഷ്ട്രബോധം.

സോഷ്യല്‍ മീഡിയയില്‍ സദാചാരികളാകുന്നവര്‍
സോഷ്യല്‍ മീഡിയ പൊതുവിടത്തോടൊപ്പം ഒരു സ്വകാര്യഇടം കൂടി ഒരുക്കുന്നുണ്ട്‌. വാട്സാപ്, മെസ്സഞ്ചര്‍, ഇമോ, ഫേസ്ബുക്ക്‌ ഇന്‍ബോക്സ് എന്നിവ സ്വകാര്യഇടങ്ങള്‍ ആണ്. അവിടെ ഒരാള്‍ക്ക്‌ മറ്റൊരാളോട് സ്നേഹമോ സൗഹൃദമോ പ്രണയമോ ഉണ്ടായാല്‍ അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യവും ന്യായമായി ഉണ്ട്. എന്നാല്‍ തിരിച്ച് താത്പര്യമില്ല എന്ന് ഒരാള്‍ വ്യക്തമായി പറഞ്ഞാല്‍ അവിടെ തീരണം ആ സംഭാഷണം. അതിനപ്പുറം ആരെങ്കിലും ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയാന്‍ അത് സൈബര്‍ലോകത്തെ ബലാത്ക്കാരമായി വേണം കണക്കാക്കാന്‍. അതുപോലെ  ബലാത്ക്കാരമായി ഒരു സംഭാഷണമോ പ്രവര്‍ത്തിയോ നടക്കാത്ത സാഹചര്യത്തില്‍ പ്രതികാരം തീര്‍ക്കാന്‍ എന്നവണ്ണം ഒരാള്‍ സ്വാഭാവികമായി പ്രകടിപ്പിച്ച ഇഷ്ടവും അടുപ്പവും കാണിക്കുന്ന സ്വകാര്യസന്ദേശങ്ങള്‍ പൊതുവിടത്തില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ സൈബര്‍ സദാചാര പോലിസിംഗ് എന്ന് പറയാം. ഇത് കൂടുതലും ചെയ്യുന്നത് സ്ത്രീകള്‍ ആണ്. അവര്‍ അത് ചെയ്യുന്നതിന് കാരണം ഉണ്ട്. സ്ത്രീ അക്കൗണ്ടുകള്‍ കണ്ടാല്‍  ചില  പുരുഷന്മാര്‍ക്ക്  ഉടന്‍  ഞരമ്പുരോഗം  പിടിപെടും. അതിനുള്ള പ്രതിവിധിയായിട്ടാണ് സ്ത്രീകള്‍ ഇത് ചെയ്യുന്നത്. അവരുടെ ഉദ്ദേശശുദ്ധിയെക്കുറിച്ച് യാതൊരു സംശയവുമില്ല. എന്നാൽ  അവരുടെ രീതിയെക്കുറിച്ച് ചില വിയോജിപ്പുകൾ ഉണ്ട്: 1) സോഷ്യല്‍മീഡിയയുടെ സ്വകാര്യയിടത്ത് ഒരു  സ്ത്രീയോട് സംവദിക്കാനുള്ള സ്വാതന്ത്ര്യം ദുരുദ്ദേശങ്ങള്‍ ഒന്നുമില്ലാത്ത പുരുഷന്മാര്‍ക്കു പോലും നഷ്ടപ്പെട്ടേക്കാം. വൈകാരികപക്വതയുള്ളതും  ഇല്ലാത്തതുമായ സ്ത്രീകള്‍ തൊട്ടതിനും  പിടിച്ചതിനും സ്വകാര്യ സംഭാഷണത്തിന്‍റെ സ്ക്രീന്‍ഷോട്ട് ഇടുന്ന  രീതിയിലേക്ക് മാറും. അത്  പുരുഷമാരെ  മുഴുവൻ  സംശയത്തിന്റെ  നിഴലിൽ  നിർത്തുക  എന്ന  ആരോഗ്യപരമല്ലാത്ത സാമൂഹ്യബന്ധത്തിൽ എത്തിക്കും. 2) ഒരു വ്യക്തി എന്നാല്‍ ഒറ്റപ്പെട്ട വ്യക്തി മാത്രമല്ല, അവരോട് ചേര്‍ന്ന് ജീവിതം കെട്ടിപ്പടുത്ത മറ്റനേകം പേരും ചേര്‍ന്നതാണ്. അവരുടെ സമൂഹത്തിലെ മാനാഭിമാനങ്ങളും കാക്കാന്‍ നമ്മുടെ ഓരോ പ്രതിക്ഷേധങ്ങള്‍ക്കും കടമയുണ്ട്. എന്താണ് വേണ്ടത് എന്താണ് വേണ്ടാത്തത് എന്ന വിവേകപൂര്‍വ്വമായ ചിന്ത കഴിഞ്ഞ് പ്രതികരണം  തുടങ്ങുന്നതായിരിക്കും എല്ലാവര്‍ക്കും (പ്രത്യേകിച്ച് ഒന്നും മനസ്സറിയാതെ വീട്ടിലിരിക്കുന്ന ചില നിഷ്ക്കളങ്ക സ്ത്രീകള്‍ക്ക്) നല്ലത്. അവരുടെ  അപ്പനോ  ഭര്‍ത്താവോ സഹോദരനോ മകനോ നിരുത്തരവാദപരമായും മാന്യതയില്ലാതെയും  പെരുമാറുന്നതിന്  അവര്‍  എന്തുപിഴച്ചു!

മതങ്ങളും സദാചാരക്കാരും
സദാചാരപോലീസിന് എതിരെ മതത്തിന്‍റെ ഭാഗത്ത് നിന്ന് വലിയ എതിര്‍പ്പ് ഉണ്ടാകുമെന്ന് ചിന്തിക്കരുത്. കാരണം മതങ്ങള്‍ എന്നും വ്യക്തിയുടെ സദാചാരത്തെ മാത്രമാണ് കേന്ദ്രീകരിച്ചിട്ടുള്ളത്. അത് പ്രയോഗീകമായ നടപ്പിലാക്കുന്നവര്‍ ആണ് ഒരു രീതിയില്‍ സദാചാരപോലീസുകാര്‍. സ്വകാര്യതയും പൊതുജീവിതവും വിവേചനബോധം മതങ്ങള്‍ക്ക് എന്നേ നഷ്ടപ്പെട്ടു. മതങ്ങൾ ഇപ്പോൾ വ്യക്തിജീവിതത്തിൽ ഏതൊക്കെ വിടവുകളിലൂടെയാണ് ഒളിഞ്ഞുനോക്കുന്നത്! ദമ്പതികൾ കിടപ്പറയിൽ ആഘോഷിക്കുന്ന വിശുദ്ധമായ ലൈംഗീക കർമ്മത്തിന്റെ രീതികൾ എന്തായിരിക്കണം എന്നുവരെ മതം നിശ്ചയിക്കുന്നു എന്നുവന്നാൽ മതം പോലും എത്ര തരംതാണു പോകുന്നു!

പൊതുവിടത്തില്‍ പോലും ഒരു വ്യക്തിയ്ക്ക്‌  അയാളുടെ വ്യക്തിയിടം ഉണ്ടെന്നറിയണം. പരസ്പരം സ്നേഹിക്കുന്നവരോ, അടുത്തറിയുന്നവരോ, ഭാര്യാഭര്‍ത്താക്കന്മാരോ, പ്രണയജോഡികളോ ഒന്നിച്ചിരുന്നാലോ, പരസ്പരം ആലിംഗനം ചെയ്താലോ, തോളില്‍ കയ്യിട്ടാലോ, പോട്ടെ ഒന്ന് ചുംബിച്ചാലോ അതൊന്നും പൊതുസമൂഹത്തിന്‍റെ പ്രശ്നമല്ല. കാരണം അത്‌ എനിക്ക്‌ ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. എന്നാല്‍ പൊതുവിടത്തില്‍ മൂത്രമൊഴിക്കുന്നതും മലവിസ്സര്‍ജ്ജനം നടത്തുന്നതും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും  പൊതുജീവിതത്തെ ബാധിക്കുന്നതാണ്. അവ എതിര്‍ക്കപ്പെടേണ്ടതാണ്. സത്യത്തില്‍ ഇതൊന്നുമല്ല സദാചാരഗുണ്ടകളുടെ പ്രശ്നം. കടുത്ത ലൈംഗീകദാരിദ്ര്യമാണ് അവരില്‍ സദാചാരഗുണ്ടായിസമായി കുരുപൊട്ടിയൊഴുകുന്നത്.  

1 comment:

Kuttyedathi said...

--പൊതുവിടത്തില്‍ പോലും ഒരു വ്യക്തിയ്ക്ക്‌ അയാളുടെ വ്യക്തിയിടം ഉണ്ടെന്നറിയണം. പരസ്പരം സ്നേഹിക്കുന്നവരോ, അടുത്തറിയുന്നവരോ, ഭാര്യാഭര്‍ത്താക്കന്മാരോ, പ്രണയജോഡികളോ ഒന്നിച്ചിരുന്നാലോ, പരസ്പരം ആലിംഗനം ചെയ്താലോ, തോളില്‍ കയ്യിട്ടാലോ, പോട്ടെ ഒന്ന് ചുംബിച്ചാലോ അതൊന്നും പൊതുസമൂഹത്തിന്‍റെ പ്രശ്നമല്ല. കാരണം അത്‌ എനിക്ക്‌ ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കുന്നില്ല.-- ലൗഡ് ആൻഡ് ക്ലിയർ...