Thursday, April 20, 2017

സ്വയം കുടിയിറങ്ങുംമുന്‍പ് ഏലമലക്കാടുവാസികളോട്

സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണ പദ്ധതിയും ഇടുക്കിയെ കാത്തിരിക്കുന്ന അപകടവും

സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണ പദ്ധതിയ്ക്ക് വേണ്ടി സര്‍ക്കാര്‍ തയ്യാറാക്കിയ ഏറ്റവും പുതിയ ലിസ്റ്റ് പ്രകാരം ഇടുക്കിയിലെ ഭവനരഹിതരുടെ എണ്ണം 24628 ആണ്. ഇത് ഒട്ടുംശാസ്ത്രീയമായി തയ്യാറാക്കാത്ത ലിസ്റ്റാണെന്ന് എണ്ണം കാണുമ്പോള്‍ തന്നെ നിസ്സംശയം പറയാം. ഇടുക്കിയില്‍ ലയങ്ങളില്‍ താമസിക്കുന്ന തോട്ടംതൊഴിലാളികള്‍ തന്നെ ലക്ഷത്തോട് അടുത്താണ്. അവരില്‍ സിംഹഭാഗവും ഭൂരഹിതരും ഭവനരഹിതരുമാണ്. സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണപദ്ധതി അതിന്‍റെ പൂര്‍ണ്ണരീതിയില്‍ നടപ്പിലാക്കിയാല്‍ ഇടുക്കിയുടെ മലകളില്‍ അടുത്ത 4 വര്‍ഷത്തിനുള്ളില്‍ത്തന്നെ അരലക്ഷത്തോളം വീടുകള്‍ പുതുതായി ഉണ്ടാവും. ഇത്രയും പുതിയവീടുകള്‍ ഭൂരഹിതര്‍ക്ക് വേണ്ടി സര്‍ക്കാര്‍ കണ്ടെത്താന്‍ പോകുന്ന വാസയോഗ്യമല്ലാത്ത മിച്ചഭൂമിയിലും (അതാണ്‌ മുന്‍അനുഭവം),  ജനങ്ങള്‍ കാട്ടിക്കൊടുക്കുന്ന അവരുടെ മലമുകളിലും കാടിനോട്‌ ചേര്‍ന്ന സ്ഥലങ്ങളിലും പണിതുയര്‍ത്തിയാല്‍ അത് ഇടുക്കിക്കുമേല്‍ ഉണ്ടാക്കാന്‍ പോകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഭീകരമായിരിക്കും. ഒന്നാമതായി, സര്‍ക്കാര്‍ വീടുകള്‍ ഒന്നും പ്രകൃതിസൗഹൃദവീടുകള്‍ അല്ല. അതുകൊണ്ട് തന്നെ അവയില്‍ നിന്ന് ഇവര്‍ ഭാവിയില്‍ കുടിയൊഴിയില്ലായെന്ന് കരുതാന്‍ നമുക്ക് ആവില്ല. കാരണം വയനാട് പോലുള്ള സ്ഥലങ്ങളില്‍ ആദിവാസികള്‍ക്ക് വേണ്ടി നടത്തിയ ഭവനനിര്‍മ്മാണപദ്ധതിയിയുടെ പരാജയം അതാണ്‌ നമ്മെ പഠിപ്പിച്ചത്. രണ്ടാമതായി, വനഭൂമിയാല്‍ ചുറ്റപ്പെട്ട ഇടുക്കിമലകളുടെ ചെരുവുകളില്‍ ഓരോരുത്തര്‍ കാണിച്ചുതരുന്ന അവരുടെ തുണ്ടുഭൂമികളില്‍ വീടുപണിതുവെച്ചാല്‍ കാര്യങ്ങള്‍ അവിടം കൊണ്ട് തീരുന്നില്ല. നാളെ ഓരോരുത്തരും വഴിയും വൈദ്യുതിയും വെള്ളവും ആവശ്യപ്പെടും. അതൊക്കെ എത്തിച്ചുകൊടുക്കാന്‍ വീണ്ടും ഏക്കറുകണക്കിന് ഭൂമിക്ലിയര്‍ ചെയ്യുകയും മലകള്‍ ഇടിക്കുകയും ചെയ്യേണ്ടിവരും. എല്ലാ മലകളിലും വൈദ്യുതിപോസ്റ്റുകളും കമ്പികളും വലിക്കേണ്ടിവരും. പിന്നെ വേനലില്‍ വെള്ളത്തിന്‍റെ അഭാവം, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ -ആശുപത്രി-കടകള്‍ പോലുള്ളവരുടെ പ്രാഥമീക ആവശ്യങ്ങള്‍ ഉണ്ടാകാതിരിക്കുക ഇവയെല്ലാം ഇതിനോട് ചേര്‍ന്ന് വരും. ഇടുക്കിയ്ക്ക് 'സമ്പൂര്‍ണ്ണ ഭവനനിര്‍മ്മാണപദ്ധതി' നപ്പിലാക്കുമ്പോള്‍ ഇവയൊക്കെ പരിഗണിക്കണം. ഇടുക്കിയുടെ കാര്‍ഷീക മേഖലയില്‍ നേരിട്ട് ഇടപെടാത്ത ഭൂരഹിതര്‍ക്ക് ഇടുക്കിയുടെ മലമുകളിലല്ല ഭൂമികണ്ടെത്തേണ്ടത്‌. കൂടുതല്‍ സൗകര്യങ്ങളും ഭൂമൂല്യവും ഉള്ള സമതലത്തില്‍ ആവണം. ഇടുക്കിയുടെ ലോറേഞ്ചില്‍ തന്നെ അത് നടപ്പിലാക്കാവുന്നതേയുള്ളൂ. അതിന് സര്‍ക്കാറിന് വേണ്ടത് വെറും രാഷ്ട്രീയ ഇച്ചാശക്തി മാത്രം. പാട്ടക്കാലാവധി കഴിഞ്ഞുകിടക്കുന്ന ഹാരിസന്‍റെ കാളിയാര്‍ എസ്റ്റേറ്റ്‌ പോലുള്ള പലതോട്ടങ്ങളും സമതലത്തിലുള്ള ജില്ലയാണ് ഇടുക്കി. എന്തുകൊണ്ട് അവ സര്‍ക്കാര്‍ എത്രയും നേരത്തെ പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് കൊടുത്തുകൂടാ? 

ഇനിമുതല്‍ ഇടുക്കിയില്‍ നടത്തുന്ന ഓരോ നിര്‍മ്മാണവും കര്‍ഷകരുടേയും ഭൂ-ഭവനരഹിതരുടേയും ആവശ്യം കണ്ടറിഞ്ഞ്, പ്രകൃതിപ്രത്യാഘാതങ്ങള്‍ നന്നായി പഠിച്ച്, നിലനിക്കുന്നവയെ വേണ്ടരീതിയില്‍ ഉപയോഗിച്ച്‌ മാത്രം നടപ്പിലാക്കേണ്ടതാണ്. ഉപേക്ഷിക്കപ്പെട്ട എത്ര KSEB കെട്ടിടങ്ങള്‍ പുനര്‍നവീകരിച്ചാല്‍ ഭവനരഹിതരെ പാര്‍പ്പിക്കാന്‍ കഴിയുമെന്ന് ആലോചിക്കണം. അനധികൃത റിസോര്‍ട്ടുകള്‍ ജെസിബി കൊണ്ട് പൊളിച്ചടുക്കും മുന്‍പ് സര്‍ക്കാര്‍ ഒരു വലിയ വിചിന്തനം തന്നെ നടത്തണം. അതൊക്കെ കെട്ടിപ്പൊക്കിയിരിക്കുന്നത് രാജ്യത്തിന്‍റെ വിഭവങ്ങള്‍ കൊണ്ടാണ്. അവ തച്ചുടച്ചാല്‍ അതുണ്ടാക്കുന്ന പാരിസ്ഥിതികപ്രശ്നങ്ങള്‍ ആരും ചര്‍ച്ചചെയ്തുകണ്ടില്ല. ഇനിയും ഭൂരഹിതര്‍ക്ക് വേണ്ടി അടുത്ത ഘട്ടം നിര്‍മ്മാണം നടത്താന്‍ കൂടി തയ്യാറെടുക്കുമ്പോള്‍ ഇടുക്കി അടുത്ത നാലോ അഞ്ചോ വര്‍ഷത്തിന് ശേഷം എന്തായി തീരും?  മൂന്നാറിലെ തോട്ടം മേഖലയിലെ ഭവനരഹിതരെ മുക്കാല്‍ ശതമാനവും അധിവസിപ്പിക്കാന്‍, അനധികൃത റിസോര്‍ട്ടുകള്‍ പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍, അവ മാത്രം മതികാകും. അവയില്‍ അപകടാവസ്ഥയില്‍ സ്ഥിതിചെയ്യുന്നവയെ മാത്രം അവയുടെ അപകടാവസ്ഥമാറ്റിയും (നിലകള്‍ കുറച്ചും) അല്ലാത്തവ അത്യാവശ്യം റിമോഡലിംഗ് നടത്തി ഫ്ലാറ്റ് സമാന പാര്‍പ്പിടങ്ങളാക്കിമാറ്റി ക്രമപ്പെടുത്താവുന്നതേയുള്ളൂ. ഇനി മുതല്‍ ഇടുക്കിയിലെ ഓരോ നിര്‍മ്മാണവും അതീവജാഗ്രതയോടെയാവണം. ഇടുക്കിയ്ക്ക് മാത്രമായി ഒരു പരിസ്ഥിതിസൗഹൃദ നിര്‍മ്മാണചട്ടം രൂപീകരിച്ച് മാത്രമേ ചെയ്യാവൂ എന്ന് ചുരുക്കം. 

CHR ജൈവമണ്ഡലത്തെ ജീവനോടെ നിലനിര്‍ത്താനുള്ള വഴികള്‍

CHR മേഖല അഭിമുഖീകരിക്കുന്ന ഭൂപ്രശ്നങ്ങള്‍ പലതാണ്.
1. 7 സെപ്റ്റംബര്‍ 2005 സുപ്രീംകോടതി വിധിപ്രകാരം ഏലമലക്കാടുകള്‍ വനഭൂമിയാണ്. വനഭൂമി എന്ന സ്റ്റാറ്റസ് നിലനില്‍ക്കുന്നത് കൊണ്ടുതന്നെ ഇവിടെ കാര്‍ഷീക-താമസ ആവശ്യങ്ങള്‍ക്ക് അപ്പുറം ഭൂമി വിനിയോഗിച്ചുകൂടാ.
2. വനഭൂമിയുടെ പരിപാലനം കൂടെ നടക്കണം എന്നതിനാല്‍ ഇവിടെ  മരങ്ങള്‍ മുറിച്ചുമാറ്റാന്‍ അനുവാദം ഉണ്ടായിരിക്കില്ല.   
3. കൃഷിമേഖല മൊത്തത്തില്‍ നഷ്ടത്തില്‍ ആയിരിക്കെ ഏലമല്ലാതെ വനത്തില്‍ എന്ത് കൃഷി ലാഭകരമായി ചെയ്യാന്‍ ആവുമെന്ന് ഈ കര്‍ഷകരെ ആരും പഠിപ്പിച്ചിട്ടില്ല. കണക്കുകൂട്ടലുകള്‍ തെറ്റിച്ച് മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏലകൃഷി ഇനി മുന്നോട്ട് ലാഭകരമാവില്ല എന്നുമാത്രമല്ല പശ്ചിമഘട്ടത്തെ ഏറ്റവും കൂടുതല്‍ വിഷലിബ്തമാക്കുന്ന കൃഷി എന്ന കുപ്രസിദ്ധിയും ഏലകൃഷിയ്ക്കുണ്ട്. 
4. സംരക്ഷിതവനമേഖലയെ വെട്ടിപ്പിടിച്ച് സ്വന്തം എസ്റ്റേറ്റ്കളോട് ചേര്‍ത്ത വന്‍ഏലക്കര്‍ഷകരുണ്ട്. 
5. ഈ മേഖലയില്‍ നിയമവിരുദ്ധമായി റിസോര്‍ട്ട് നടത്തി ടൂറിസം  കൊഴിപ്പിക്കുന്ന മാഫിയകള്‍ ഉണ്ട്. മൂന്നാര്‍ റിസോര്‍ട്ട് മാഫിയകള്‍ ഏറ്റവും കൂടുതല്‍ കയ്യേറിയ പ്രദേശം മൂന്നാര്‍ എന്ന കൊച്ചു പട്ടണമോ അവിടുത്തെ തേയിലത്തോട്ടങ്ങളോ അല്ല, CHR മേഖലയാണ്.
6. തൌഫീക്ക് പാറമട, മാര്‍ ബേസില്‍ പാറമട, തിങ്കള്‍ക്കാട് പാറമട, CMJ പാറമട... തുടങ്ങിയ ചെറുതും വലുതുമായ 100 കണക്കിന് പാറമടകള്‍ CHR മേഖലയില്‍ ഇന്ന് പ്രവര്‍ത്തിക്കുന്നു. എങ്ങനെയാണ് CHR വനമേഖലയില്‍ പാറമടകള്‍ക്ക് അംഗീകാരം കിട്ടിയത് എന്ന് ചോദിച്ചാല്‍ എല്ലാവരും കൈമലര്‍ത്തും. 

ഏലമലക്കാടുകളില്‍ വരുന്ന CHR നെ 'വനം' എന്ന സ്റ്റാറ്റസ് മാറ്റി അവിടെ 'ഉപാധിരഹിത പട്ടയം' കൊടുക്കുക എന്നതാണ് CHRല്‍ വസിക്കുന്നവര്‍ ഇന്ന് ഉന്നയിക്കുന്ന പ്രധാനആവശ്യം. ഒന്നാമതായി പറയട്ടെ. "ഉപാധിരഹിത പട്ടയം" എന്നൊന്ന് ഈ സംസ്ഥാനത്ത് എങ്ങും നിലനില്‍ക്കുന്നില്ല, തലസ്ഥാനനഗരിയില്‍ പോലും. ഭൂമി അത് ആരുടെ കൈവശമായിക്കൊള്ളട്ടെ അടിസ്ഥാനപരമായി അത് ഗവണ്മെന്റിന്റേത് ആണ്. ഒരാള്‍ക്ക്‌ സര്‍ക്കാര്‍ ഭൂമിവിനിയോഗത്തിനായി കൊടുക്കുമ്പോള്‍ അതില്‍ ആ ഭൂമിയുടെ ഉപയോഗത്തെക്കുറിച്ച് കൃത്യമായ നിബന്ധനകള്‍ പറയുന്നുണ്ടാവും. ആ നിബന്ധനകളില്‍ ഏതെങ്കിലും തെറ്റിച്ചാല്‍ ആ ഭൂമിപട്ടയം ഉടന്‍ റദ്ദാക്കപ്പെടുകയും ഭൂമി ഗവണ്മെന്‍റിലേയ്ക്ക് തിരിച്ച് എടുക്കപ്പെടുകയും ചെയ്യും. അതാണ്‌ കേരളത്തില്‍ ഏത് പൌരന് കൊടുത്തിരിക്കുന്ന പട്ടയത്തിലും അവസാനം പറഞ്ഞിരിക്കുന്ന വ്യവസ്ഥ. അങ്ങനെയെങ്കില്‍ പിന്നെ ഇടുക്കിയിലെ വനമേഖലയില്‍ കൃഷിചെയ്യാനും വീടുവെച്ച് താമസിക്കാനും ഭൂമിപട്ടയം കിട്ടിയിരിക്കുന്ന കര്‍ഷകര്‍ക്ക് എങ്ങനെ 'ഉപാധിരഹിത പട്ടയം' ചോദിക്കാന്‍ ആവും? അവരുടെ കയ്യിലെ പട്ടയത്തിന് വിലയില്‍ എന്നൊരു തെറ്റിദ്ധാരണയാണ് 'ഹൈറേഞ്ച് സംരക്ഷസമിതി'യടക്കമുള്ള രാഷ്ട്രീയ-മത സംഘടനകള്‍ കര്‍ഷകരുടെ ഇടയില്‍ സൃഷ്ടിച്ചത്. ആ പട്ടയത്തിന് ക്രയവിക്രയമൂല്യമുണ്ട്. പാട്ടവ്യവസ്ഥലംഘിക്കാത്തിടത്തോളം കാലം കൈവശംവെച്ച് അനുഭവിക്കാനുള്ള അവകാശമുണ്ട്‌. 

വാസ്തവത്തില്‍ അവര്‍ ആവശ്യപ്പെടുന്ന കാര്യം  CHR ഭൂമിയുടെ 'വന'മെന്ന സ്റ്റാറ്റസ് മാറ്റിക്കളയണമെന്നാണ്. ആതായത് അവര്‍ക്ക് എന്തിന് പട്ടയം കൊടുത്തോ (വനത്തിലെ ഏലകൃഷിക്കും-വനത്തിന് കോട്ടം വരുത്താത്ത മറ്റ് കൃഷികളും ആവാം- വീടുവെച്ചുള്ള വാസത്തിനും) അതിനോട് അവര്‍ക്ക് താത്പര്യമില്ലതാവുകയോ, അവര്‍ക്ക് മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതാവുകയോ ചെയ്തിരിക്കുന്നു. ഇനി അവിടെ അവര്‍ക്ക് വ്യവസായങ്ങള്‍ തുടങ്ങാല്‍, ബഹുനിലക്കെട്ടിടങ്ങള്‍ പണിയാന്‍, മരങ്ങള്‍ മുറിച്ചുവില്‍ക്കാന്‍ താത്പര്യമുണ്ടെന്ന് അര്‍ത്ഥം. ഈ പ്രശ്നത്തെയാണ് പഠിക്കേണ്ടത്. തണലും തണുപ്പും ജനസംരക്ഷണവും ജൈവവൈവിധ്യവും നല്‍കുന്ന മരങ്ങള്‍ ഇനിയും മുറിക്കണോ? ലോറേഞ്ചില്‍  ഇപ്പോള്‍ത്തന്നെ ജനവാസം സാധ്യമാകാത്ത രീതിയില്‍ കാലാവസ്ഥമാറുകയും ജനം അല്പം ആശ്വാസം തേടിമലമുകളില്‍ എത്തുകയും ചെയ്യുമ്പോള്‍ ഒരു എക്കോ-ടൂറിസത്തിന്‍റെ സാധ്യത കളഞ്ഞുകുളിക്കണോ? ഇപ്പോള്‍ തന്നെ ഹൈറേഞ്ച് ജനതകള്‍ക്കിടയില്‍ നിശബ്ദമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു കാസര്‍ഗോഡന്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്ന്റെ ആക്കം കൂട്ടണോ? കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്പെഷ്യല്‍ സ്കൂളുകള്‍ ഉള്ള സ്ഥലങ്ങളില്‍ ഇടുക്കി ഇടംപിടിച്ചു കഴിഞ്ഞു. പത്തുവീടുകളില്‍ ഒന്നില്‍ ഒരാള്‍ എന്ന അനുപാതത്തില്‍ ക്യാന്‍സര്‍രോഗികള്‍ പെരുകികൊണ്ടിരിക്കുന്നു. റെഡ്ക്യാറ്റഗറി-എല്ലോക്യാറ്റഗറി വ്യവസായങ്ങള്‍ CHRവനമേഖലയ്ക്ക് വേണോ? ഇടുക്കിക്കാരന്റെ നാട്ടില്‍ ഉത്ഭവിക്കുന്ന പെരിയാര്‍ അത് ഒഴുകിയെത്തുന്ന ആലുവയില്‍ വ്യവസായമാലിന്യം കൊണ്ട് ആ പുഴ ചത്തു. അവിടെ ജനം, സ്ത്രീകളും കുട്ടികളുമടക്കം, ഈ വലിയ പ്രതിസന്ധിക്കെതിരെ ജനകീയപ്രക്ഷോഭങ്ങള്‍ നടത്തുമ്പോഴാണ് നിങ്ങളുടെ പുഴകളെ അതിന്‍റെ ഉത്ഭവത്തില്‍ വെച്ച് തന്നെ കൊല്ലാനുള്ള അവകാശത്തിന് വേണ്ടി നിങ്ങള്‍ ആവശ്യപ്പെടുന്നത് എന്ന് ഓര്‍ക്കണം. CHR ലെ ജനം തന്നെ ആലോചിച്ച് ഉത്തരം പറയേണ്ട വിഷയമാണ്. അല്ലെങ്കില്‍ ഏലമലക്കാടുകളിൽ നിങ്ങൾ ഭയക്കുന്ന കുടിയിറക്കല്ല നടക്കാൻ പോകുന്നത്, നിങ്ങൾ സ്വയം കുടിയൊഴിഞ്ഞുപോവുകയായിരിക്കും.  ഇപ്പോൾത്തന്നെ പശ്ചിമഘട്ടത്തിൽ നിന്ന് സ്വാഭാവികമായി കുടിയിറങ്ങന്നവരുടെ കണക്കുകൾ നോക്കിയാൽ അത് മനസ്സിലാകുന്നതേയുള്ളു. പണ്ട് ജനവാസമേഖലകൾ ആയിരുന്ന പ്രദേശങ്ങളിൽ നിന്ന് ഇടുക്കിയിലെ ജനങ്ങൾ ഇപ്പോൾത്തന്നെ അസൗകര്യങ്ങളെ മറികടക്കാൻ കൂടുതൽ സൗകര്യങ്ങളിലേയ്ക്ക് കുടിയിറങ്ങിപോരുന്നുണ്ട്.  

CHRലെ കര്‍ഷകന്‍റെ പ്രധാനപ്രശ്നങ്ങള്‍ കൃഷി ആദായകരമല്ലാതായതും, കൃഷിനശിപ്പിക്കുന്ന വന്യമൃഗങ്ങളും, അടിസ്ഥാനസൌകര്യങ്ങളായ റോഡ്‌, സ്കൂള്‍, കോളേജ്, ആശുപത്രികള്‍ എന്നിവ വേണ്ടത്ര ഇല്ലാത്തതുമാണ്. ഇവക്കൊക്കെ പരിഹാരം അന്വേഷിക്കുകയാണ് ആദ്യം വേണ്ടത്. കൃഷിയെ മാത്രം ആശ്രയിച്ച് ഇന്ത്യയില്‍ എവിടെയും കര്‍ഷകന് ജീവിക്കാന്‍ ആവില്ല എന്ന് സ്വതന്ത്രഇന്ത്യ കാലംകൊണ്ട് തെളിയിച്ചു കഴിഞ്ഞു. കൃഷിയോടൊപ്പം ഹൈറേഞ്ച് കര്‍ഷകര്‍ക്ക് ആദായകരമായ പലതും പ്രകൃതിയെ മെച്ചപ്പെടുത്തിക്കൊണ്ട് തന്നെ ചെയ്യാനാവുമെന്ന് കാട്ടിക്കൊടുക്കുകയും അതിന് പ്രോത്സാഹനം കൊടുക്കുകയും ചെയ്യേണ്ടത് സംസ്ഥാനസര്‍ക്കാറിന്റെ കടമയാണ്. വനമേഖലയില്‍ ആദ്യകരമായി ചെയ്യാന്‍ കഴിയുന്ന തേനീച്ചവളര്‍ത്തല്‍, വനഹോര്‍ട്ടികള്‍ച്ചറല്‍ (വനഓര്‍ക്കിഡുകള്‍), കേന്ദ്രീകൃത പശു-ആട് വളര്‍ത്തല്‍, പശ്ചിമഘട്ടത്തിലെ ബ്രാന്‍ഡഡ്‌  ജൈവഉത്പ്പന്നങ്ങളുടെ കയറ്റുമതിയൂണിറ്റുകളുടെ നടത്തിപ്പ് (വയനാട്ടില്‍ സ്വകാര്യമേഖലയില്‍ വര്‍ഷങ്ങളായി വലിയ ലാഭത്തില്‍ കര്‍ഷകര്‍ കൊണ്ടുനടക്കുന്ന 'എലമെന്റ്സ്' പോലുള്ള യൂണിറ്റുകള്‍ എന്തുകൊണ്ട് സര്‍ക്കാറിന് ചെയ്യാന്‍ ആവുന്നില്ല!) എന്നിവ സബ്സിഡിയോടുകൂടി തന്നെ പ്രോത്സാഹിപ്പിക്കപ്പെടണം. അതിനെല്ലാം ഉപരിയായി 'ഫാം ടൂറിസം' എന്ന മേഖലയെ പൂര്‍ണ്ണമായി കര്‍ഷകര്‍ക്ക് കൃത്യമായ നിബന്ധനകളോടെ വിട്ടുകൊടുക്കേണ്ടതുണ്ട്. ഇടുക്കിയ്ക്ക് ആവശ്യം ഫാം ഹൌസുകളും കര്‍ഷകര്‍ മേല്‍നോട്ടം വഹിക്കുന്ന ഹോം സ്റ്റേകളുമാണ്. അത് ആ കര്‍ഷകജനതയുടെ ഒരു പ്രധാനവരുമാനമാര്‍ഗ്ഗമായി മാറണം. അഗസ്ത്യാര്‍കൂടം പോലെ മൂന്നാറും ഏലമലക്കാടുകളും  ഇടുക്കിയുടെ പ്രകൃതിലോലമേഘലകളും നിയന്ത്രിതമായ എക്കോടൂറിസത്തിലാണ് ഇടം നേടേണ്ടത്.  ഇവിടെ ത്രീസ്റ്റാര്‍ ഫൈവ്സ്റ്റാര്‍ റിസോര്‍ട്ട്വാസികള്‍ ആയ വിനോദസഞ്ചാരികളെയല്ല പ്രോത്സാഹിപ്പിക്കേണ്ടത്. എക്കോ-ടൂറിസത്തില്‍ നിന്ന് വരുമാനം കണ്ടെത്തേണ്ടത്‌ കുത്തകകള്‍ അല്ല, ഇടുക്കിയിലെ കര്‍ഷകജനത തന്നെയായിരിക്കണം. വനമില്ലെങ്കില്‍ പിന്നെ ഈ പറയുന്നതൊന്നും ഇല്ലായെന്ന് അപ്പോള്‍ അവര്‍ക്ക് ബോധ്യമാകും. CHR ഇനിയും ജൈവസമര്‍ദ്ധിയില്‍ വളര്‍ന്നേമതിയാകൂ. അതിന്‍റെ ചാലകശക്തിയായി അവിടുത്തെ കര്‍ഷകറായി മാറുകയും വേണം.

വന്‍കിടകയ്യേറ്റങ്ങളെ ഒഴിപ്പിച്ചേ മതിയാകൂ എന്ന് സ്വന്തം നിലനില്‍പ്പിനെപ്രതിയെങ്കിലും CHRലെ ജനങ്ങൾ ഇനിയെങ്കിലും തീരുമാനിക്കണം. നിങ്ങളുടെ സ്ഥാനത്തും അസ്ഥാനത്തുമുള്ള ഭയത്തിൽ ആണ് നൂറുകണക്കിന് പാറമടകൾ നിങ്ങളുടെ തന്നെ ജീവിതത്തെ ദുരിതത്തിൽ ആക്കുംവിധം അവിടെ കൊഴുത്തത്. നിങ്ങളുടെ ജീവനോപാധിയാകേണ്ട ടൂറിസം മേഖലയിൽ ആണ് റിസോർട്ട് മാഫിയകൾ കടന്നുകയറിയത്. കൂടാതെ വനംവെട്ടിപ്പിടിച്ച കുത്തകകർഷകർ പുറത്തുനിന്നും നിങ്ങളുടെയുള്ളില്‍ നിന്നും ഉണ്ടായിട്ടുണ്ട് എന്ന് 50 ഏക്കര്‍ തോട്ടത്തിന് പട്ടയംകിട്ടിയവര്‍ ഇന്ന് 150 ഏക്കര്‍ ഏലത്തോട്ടം കൈവശം വെക്കുമ്പോള്‍ അറിയണം. അതുകൊണ്ട് കാര്യങ്ങളെ നെല്ലുംപതിരും തിരിച്ചുതന്നെ മനസ്സിലാക്കണം.

No comments: