Monday, January 22, 2018

സിംഹാസനങ്ങളും, കിരീടവും, ചെങ്കോലും കമ്യൂണിക്കേറ്റ് ചെയ്യുന്ന സഭാസങ്കല്‍പ്പമാണ് ചോദ്യം ചെയ്യപ്പെടേണ്ടത്; അല്ലാതെ സഭാനേതൃത്വത്തിന് വിശ്വാസികള്‍ കൊടുക്കുന്ന സ്നേഹവും ആദരവുമല്ല. സാമ്രാജ്യത്വസഭാസങ്കല്പത്തെ നാം ഇനിയും അംഗീകരിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നുവോ. ലത്തീൻ സഭയ്ക്ക് അതിന്റെ ഇംപീരിയലിസ്റ്റിക് ഹാങ്ഓവർ മാറിവരുന്നതേയുള്ളു. നമ്മൾ ഇംപീരിയലിസ്റ്റിക് സഭയുടെ രൂപഭാവങ്ങൾ തിരിച്ചെടുക്കാനുള്ള അമിതആവേശത്തിലും. സിംഹാസനങ്ങളെല്ലാം ഉറപ്പിച്ച്, പാരഫർണാലിയകളൊക്കെ പൂർത്തിയാക്കി, അങ്കികളുടെ തൊങ്ങണങ്ങൾക്കൊക്കെ മോഡി പിടിപ്പിച്ച്, ആഘോഷങ്ങളൊക്കെ അച്ചട്ടാക്കി..... ഇംപീരിയൽ -മിലിറ്ററി സ്വഭാവങ്ങൾ സഭ പൂർത്തികരിച്ച് കഴിയുമ്പോൾ ഒരാൾ മാത്രം പുറത്ത് നഗ്നനായി, നനഞ്ഞൊലിച്ച്, അചാരങ്ങളറിയാതെ തനിച്ചു നിൽപ്പുണ്ടാവാം - നസ്രത്തിലെ തച്ചൻ. അയാള്‍ക്ക്‌ നമ്മളെപ്പോലെയൊന്നും അത്ര ലളിതനാകാന്‍ അറിയില്ല. റഷ്യൻവിപ്ലവം പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുൻപ് "സിനഡ്" കൂടിയ റഷ്യയിലെ ഓർത്തഡോക്സ് സഭ ചർച്ചചെയ്തത് കുർബാനക്കാപ്പയുടെ നിറത്തേക്കുറിച്ചായിരുന്നു. പിന്നീട് ആ സഭയ്ക്ക് എന്തുസംഭവിച്ചു എന്നതും ചരിത്രം. ചരിത്രത്തിലെവിടേയോ സ്ട്രക്കായിപ്പോയ നമ്മുടെ സഭ ഇനി ഇംപീരിയൽ - ഫ്യൂഡൽ-കൊളോണിയൽ-ജനാധിപത്യകാലങ്ങൾ പിന്നിട്ട് ഇന്നത്തെ പോസ്റ്റ്-ഡെമോക്രാറ്റിക് /പോസ്റ്റ്-മോഡേൺ കാലത്തിൽ എത്തുമ്പോഴേയ്ക്കും നമ്മൾ ജീവിക്കുന്ന ലോകവും സമൂഹവും മറ്റൊരുയുഗത്തിൽ എത്തിയിട്ടുണ്ടാവും. എന്നും മുട്ടിൽ വലിഞ്ഞ്, ഔട്ട് ഡേറ്റഡായി, അപഹാസ്യമായി ഇങ്ങനെ സമൂഹത്തിൽ അവതരിക്കാനാണ് നമ്മുടെ വിധി.

1 comment:

Bijo Mathew said...

സ്വർഗ്ഗീയ അനുഭവത്തിലേക്ക് വിശ്വാസികളെ കൂടുതലായി എത്തിക്കാൻ ഉൾവശങ്ങളിൽ നടത്തിയിട്ടുള്ള അതിരുവിട്ട വർണ്ണപ്പണികളും വൈദ്യുതലങ്കാരങ്ങളും മറ്റും സഹായകരമാകുമെന്ന്,
ഈ അടുത്ത് എവിടെയോ കോടികൾ ചിലവഴിച്ചുകൊണ്ട് നടത്തിയ ഒരു ദേവാലയത്തിന്റെ പുനർ നിർമ്മിതിയെ ന്യായീകരിച്ചുകൊണ്ട് ഒരു വൈദീകൻ എഴുതിയ ഭാഗം ഏതോ ഒരു വാർത്താ മാധ്യമത്തിൽ വായിക്കുകയുണ്ടായി.

വളരെ ദയനീയ അവസ്‌ഥയിലേക്കാണ് നമ്മുടെ പോക്ക്‌ എന്നതിനെ വീണ്ടും അടിവരയിടുന്നതാണ് ഇന്നത്തെ ലക്ഷങ്ങൾ ചിലവിട്ടുള്ള നിർമ്മിതികളും, വർധിപ്പിച്ച പ്രാധാന്യത്തോടെയുള്ള
ആചാരനുഷ്ഠാനങ്ങളും, വ്യതിചലിച്ച സുവിശേഷ വ്യാഖ്യാനങ്ങളും. ഉള്ളിലോട്ടുള്ള വളർച്ചയെ പഠിപ്പിച്ചവന്റെ സഭയിന്ന് സത്യത്തിൽ പുറത്തേക്കുള്ള വളർച്ചയിലേക്കാണ്.

സഭയിലെ അടയാളങ്ങളും പ്രതീകങ്ങളും അത്രയും ആത്മാവിലേക്കുള്ള (ജ്ഞാനത്തിലേക്കുള്ള) യാത്രയുടെ ചവിട്ടുപടികൾ മാത്രമാണ്. അതിലുപരിയായി അവയെ ഏതുവിധേനയും അലങ്കരിച്ചെടുക്കുവാൻ ശ്രമിക്കുമ്പോൾ, ക്രിസ്തുവിനെ പുറത്താക്കി സ്വന്തം ആത്മാവിന് ചുറ്റും കൂറ്റൻ മതിൽക്കെട്ടുകളാണ് പണിതുകൂട്ടുന്നതെന്ന് അറിയാതെ പോകുന്നുവോ....
ഒരു ഫ്രാൻസിസ് പാപ്പ ഇന്ന് പറ്റുന്ന വിധത്തിലൊക്കെ ഇത്‌ വിളിച്ചുപറയുവാൻ ശ്രമിക്കുന്നുമുണ്ട്... പക്ഷേ....

പൊളിഞ്ഞ ദേവാലയം പണിയുവാൻ ഇനിയും കല്ലുകൾ അവശേഷിക്കുന്നുണ്ടോ....