Thursday, July 21, 2016

ദളിത്‌ മുന്നേറ്റം, മതപരിവര്‍ത്തനത്തിലൂടെ.

'ബ്രാഹ്മണി'സത്തിന്റെ ഉള്ളില്‍ നിന്ന് വിമോചനം പ്രതീക്ഷിച്ച് ഹിന്ദുത്വവാദത്തിന്‍റെ കൂടെകൂടിയ ദളിതര്‍ തന്നെയാണ് ദളിത്‌ വിമോചനത്തിന്റെ മുഖ്യവിലങ്ങുതടി. ദളിതന്‍ ഇനിയെങ്കിലും തിരിച്ചുനടക്കേണ്ടത്‌ അംബേദ്‌കറിലേക്ക് ആണ്. "ഞാനൊരു ഹിന്ദുവായി ജനിച്ചെങ്കിലും, നിങ്ങളോട് തീര്‍ത്തുപറയുന്നു, ഒരിക്കലും ഒരു ഹിന്ദുവായി മരിക്കില്ല," അദ്ദേഹം പറഞ്ഞു. കാരണം ജാതീയത ഹൈന്ദവമതത്തിന്‍റെ ഏറ്റവും അടിസ്ഥാന തത്വമാണ്, മനുഷ്യര്‍ ജന്മംകൊണ്ടുതന്നെ അസമത്വത്തില്‍ ജനിക്കുന്നു എന്നത്. ആ തത്വം എടുത്തുമാറ്റിയാല്‍ ഹിന്ദുത്വ സാമൂഹ്യ-മത വ്യവസ്ഥക്ക് പിന്നെ നിലനില്‍പ്പ്‌ ഇല്ല. അതുകൊണ്ട് അംബേദ്‌കര്‍ മുന്നോട്ടുവെച്ച ദളിത്‌ വിമോചന വഴിയായിരുന്നു കൂട്ടത്തോടെയുള്ള മതംപരിവര്‍ത്തനം. ഇവിടെ ക്രിസ്തീയതയില്‍ ജാതീയതയില്ലേ, ഇസ്ലാമില്‍ ജാതീയില്ലേ, സിക്കുമതത്തില്‍ ജാതീയതയില്ലേ, ബുദ്ധിസത്തില്‍ ജാതീയതയില്ലേ...." എന്നൊക്കെ ചോദിക്കാം. ഉണ്ട്, പ്രയോഗത്തില്‍ ഉണ്ട്. എന്നാല്‍ തത്വത്തില്‍ ഇല്ല. തത്വത്തില്‍ ആ മതങ്ങള്‍ എല്ലാ മനുഷ്യരും ജന്മം കൊണ്ട് തുല്യര്‍ ആണെന്നാണ് പറയുന്നത്.
എന്തുകൊണ്ട് കേരളത്തിലെ ദളിതര്‍ കുറെയെങ്കിലും സാമൂഹ്യമായി മുന്നോട്ട് പോയി എന്ന ചോദ്യത്തിന് ഈ മതപരമായ മാറ്റം വലിയൊരു കാരണമായിരുന്നു. ഇവിടെ 'ചാന്നാര്‍ ലഹള' (മാറുമറക്കല്‍ സമരം) നടന്നു. ക്രിസ്ത്യന്‍ മിഷനറിമാരുടെ കീഴില്‍ വിദ്യാഭ്യാസം നേടിയ നാടാര്‍ സമുദായക്കാരായിരുന്നു അതിന് നേതൃത്വം നല്‍കിയത്. ഇന്ന് തെക്കന്‍ തിരുവതാംകൂറിലെ 'നാടാര്‍' സമുദായത്തിനിടയില്‍ പോയിനോക്കൂ, അവര്‍ വളരെ നിര്‍ണ്ണായകമായ ഒരു രാഷ്ട്രീയ-സാമൂഹ്യ ശക്തിയാണ്. CSI സഭയിലേക്ക് മതപരിവര്‍ത്തനം നടത്തിയ മധ്യതിരുവതാംകൂറിലെ 'അരയ' (മലയരയ) വിഭാഗങ്ങളുടെ ഇടയില്‍ വന്നുനോക്കൂ. അവരെപ്പോലെ വിദ്യാഭ്യാസവും ഉന്നതഉദ്യോഗവും സമ്പത്തീകമായ ഉന്നമനവും നേടിയവര്‍ ആ പ്രദേശത്ത്‌ തന്നെ കുറവാണ്. സ്വന്തം 'മതസ്വത്വ'ത്തിന്‍റെ വഴിതേടിയ PRDS ഇന്ന് അവഗണിക്കാന്‍ പറ്റാത്ത ഒരു ദളിത്‌ സമൂഹമാണ്. വടക്കന്‍ മലബാറില്‍ മുസ്ലിം സമുദായത്തിലേക്ക്‌ ചേക്കേറിയവര്‍ ജാതീയതയുടെ വലിയ ദൂഷ്യങ്ങള്‍ അറിയാതെ ജീവിക്കുന്നു. (എന്നാല്‍ ചില 'ജാതീയ ക്രിസ്തീയ'തയിലും 'ജാതീയ ഇസ്ലാമിലും' -തത്വത്തില്‍ ഇല്ലെങ്കിലും പ്രയോഗത്തില്‍ ജാതീയമായി ജീവിക്കുന്നവര്‍- ചേക്കേറിയവരുടെ അവസ്ഥ തഥൈവ).
എന്തുകൊണ്ട് ക്യാമ്പസുകള്‍ (ഹൈദരാബാദ്/ഡെല്‍ഹി) പ്രക്ഷുബ്ധമാകുന്നു എന്നതിന്‍റെ അടിസ്ഥാന കാരണം ഇവിടെയാണ്‌. മുഖ്യധാര സമൂഹത്തിന്‍റെ ശ്രദ്ധയില്‍ പെടാതെ ഇവിടെ ദളിതസമൂഹത്തിന് ഉള്ളില്‍ ഒരു വന്‍ സാമൂഹ്യപരിവര്‍ത്തനം നടക്കുന്നുണ്ട്, അംബേദ്‌കറിന്റെ വഴിയില്‍ മതപരിവര്‍ത്തനത്തിലൂടെ ഒരു സാമൂഹ്യപരിവര്‍ത്തനം. അവര്‍ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക് നീങ്ങുകയാണ്, നമ്മുടെ കൊച്ചു കേരളത്തില്‍ പോലും (ആ മേഖലയില്‍ ഒരു ചെറിയ ഗവേഷണം നടത്തുന്നു)!. മതങ്ങളുടെ ഗംഭീര ആത്മീയതയും പ്രൌഡിയും ഒന്നും കണ്ടിട്ടല്ല അവരുടെ ഈ മാറ്റം എന്നാണ് ലളിതമായ ഒരു കണ്ടെത്തല്‍. ഇത് വലിയ ഒരു സാമൂഹ്യമാറ്റത്തിന്‍റെ സമ്മര്‍ദ്ദതന്ത്രത്തിന്‍റെ ഭാഗമാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ശക്തമായി നിലവില്‍ ഇല്ലാത്ത ബുദ്ധിസത്തിലേക്കാണ് ആ മാറ്റം (നവ-ബുദ്ധിസം). അത് ഹിന്ദുത്വത്തിന് താങ്ങാന്‍ കഴിയുന്ന ഒന്നല്ല. മൊത്തം ഇന്ത്യന്‍ ജനതയുടെ നേര്‍പകുതി വരുന്ന ദളിത്‌ സമൂഹം സ്വന്തമായ ഒരു സ്വതം നേടിയാല്‍ പിന്നെ മുസ്ലിം-ക്രിസ്ത്യന്‍-സിക്ക് സമുദായങ്ങളെ മാറ്റിനിര്‍ത്തി ബ്രാഹ്മണിസത്തിന് ഇവിടെ ഒരു നിലനില്‍പ്പ്‌ സാധ്യമല്ല. അത് അവര്‍ തന്നെ തിരിച്ചറിയുന്നു. അതുകൊണ്ടാണ് ഹിന്ദുത്വവാദികള്‍ ഇപ്പോള്‍ കിട്ടിയ അവസരം മുതലെടുത്ത്‌ തെരുവില്‍ ഇറങ്ങി അഴിഞ്ഞാടി ദളിതനെ ഒതുക്കാന്‍ ശ്രമിക്കുന്നത്. അത് തിരിച്ചറിയാതെ ഒരു 'മണ്ടശിരോമണി' മുഖവും വടിച്ചുവെളുപ്പിച്ച് കുറേ ഈഴവരേയും കൂട്ടി ഉടനെ ബ്രാഹ്മണന്‍ ആകാം എന്ന് മോഹിച്ച് നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്, വെള്ളാപ്പിള്ളി. അങ്ങനെയുള്ളവര്‍ ആണ് അംബേദ്‌കര്‍ സ്വപ്നം കണ്ട ദളിത്‌ വിമോചനത്തിന്റെ പ്രധാന ഘാതകര്‍. വിമോചനം ആരും പുറത്തുനിന്ന് എത്തിക്കില്ല, സ്വയം കണ്ടെത്തണം ചില രാഷ്ട്രീയ-സാമൂഹ്യ തിരഞ്ഞെടുപ്പുകളിലൂടെ.

No comments: