Tuesday, July 12, 2016

Kerala State Archaeology Department

നയാപൈസക്ക് ഉപകാരം കിട്ടാത്ത ചില ക്ലാസുകള്‍ ബങ്ക് ചെയ്ത് റോമാ നഗരത്തിലൂടെ അലഞ്ഞത് അതിന്‍റെ ഇടനാഴികളിലെ ചരിത്രത്തിന്റെയും ജന്മാന്തരങ്ങളുടേയും പഴമ മണക്കാനായിരുന്നു. കൌതുകം കൊണ്ട് വീണുകിടക്കുന്ന ആ അവശിഷ്ട്ങ്ങളില്‍ ഒന്ന് തൊട്ടുനോക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് പിന്നില്‍ നിന്ന് കുത്തിക്കയറുന്ന നോട്ടമെറിഞ്ഞു ഒരു റോമന്‍ ഗ്ലാഡിയേറ്റര്‍ വരും, "Non toccare!" വീണുകിടക്കുന്ന ഓരോ മാര്‍ബിള്‍ സ്തൂപങ്ങളും അങ്ങനെ അവിടെത്തന്നെ കിടക്കണം തുര്‍ക്കികളും നെപ്പോളിയന്‍ ബോണോപ്പാര്ട്ടും ഇപ്പോള്‍ യുദ്ധം കഴിഞ്ഞു പോയമാതിരി. ഇവിടെ നമ്മള്‍ എന്തു ചെയ്യും? പുരാവസ്തു വകുപ്പ് ഏറ്റെടുക്കാതിരിക്കാന്‍ വേണ്ടി രാക്കുരാമാനം നൂറ്റാണ്ടുകളുടെ പഴക്കമുള്ള പള്ളി പൊളിച്ചിറക്കി അവിടെ കോണ്ക്രീറ്റ് സൗധ നിര്‍മ്മാണം തുടങ്ങും. പൂഞ്ഞാര്‍ കൊട്ടാരത്തിന്‍റെ കഴുക്കോലുകള്‍ കൊണ്ട് അടുപ്പില്‍ തീകത്തിച്ച് വെള്ളം തിളപ്പിക്കും. മൂന്നാറിന്‍റെ റെയില്‍വേ പാളം KSEB വൈദ്യുത തൂണുകളായി ഉപയോഗിക്കും. കരുമാടിയിലേയും മാവേലിക്കരയിലേയുമൊക്കെ ബുദ്ധവിഗ്രഹങ്ങള്‍ ജാതികോമരങ്ങള്‍ക്ക്‌ പുലയാട്ടാന്‍ വിട്ടുകൊടുക്കും. ശരിക്കും വേദന തോന്നി വയനാട്ടിലെ ആ ജൈന ക്ഷേത്രത്തിന്‍റെ (പനമരം - പുഞ്ചവയല്‍) സ്ഥിതി കണ്ടപ്പോള്‍. ഇങ്ങനെപോയാല്‍ ഇനി ഒരു 10 വര്‍ഷം കൂടി, അത്രയേ വേണ്ടു കല്ലിന്മേല്‍ കല്ല്‌ അവശേഷിക്കാതെ അത് ചരിത്രത്തില്‍ നിന്ന് കുടിയിറങ്ങാന്‍. എന്തിനിവിടെ ചരിത്ര ബോധവുമില്ലാത്ത Kerala State Archaeology Department എന്ന ഒരു പുരാവസ്തു? ഒരാള്‍ പോലും ഇന്നോളം like ചെയ്യാത്ത അവരുടെ ഒരു പേജും!

No comments: