Tuesday, July 12, 2016

വികസനം എല്ലാം മാറ്റിയെഴുതുന്നുണ്ട്, ഓർമ്മകളെയൊഴികെ.

"ജിജോ" എന്ന പേര് നാട്ടിലെ ഓലമേഞ്ഞ ഒരു സിനിമാകൊട്ടകയുടേതായിരുന്നു. മഴ പെയ്താൽ ചോരുന്ന, ടോർച്ച്‌ തെളിച്ചതു പോലെ വലിയ വെളിച്ചം തലയ്ക്ക് മേൽ കൂരിരുട്ടിലൂടെ പോയി വലിച്ചുകെട്ടിയ വലിയ വെള്ളത്തുണിയിൽ വീണ് വിളറിയ ചിത്രങ്ങളാകുന്ന, "കിർർർർർർർർർർങ്...." എന്ന കാതടപ്പിക്കുന്ന ശബ്ദത്തോടെ വെളിച്ചത്തിന്റെ എല്ലാ കവാടങ്ങളും അടയുന്ന ഒരു കൊട്ടക. പരിസരങ്ങളിൽ ചിതറിക്കിടന്ന സെല്ലുലോയ്ഡ് തുണ്ടുകൾ പെറുക്കിയെടുത്ത് വീട്ടിൽ കൊണ്ടുപോയി ടോർച്ചടിച്ച് ഭിത്തിയിൽ സിനിമകണ്ടു. കൊട്ടകയുടെ ഏറ്റവും മുന്നിലെ ബെഞ്ചിൽ 1 രൂപയ്ക്ക് ടിക്കറ്റെടുത്തിരുന്ന് "റ്റോട്ടോ"യെ പോലെ ഞാനും ചില അത്ഭുത ലോകങ്ങളിലേയ്ക്ക് യാത്രപോയി. ഓർമ്മയിലെ ആദ്യചിത്രം "ബാലൻ" എങ്കിലും, "ജിജോ"യിൽ കണ്ട ആദ്യ ചിത്രം "അറബിക്കടലോ" "ആട്ടക്കലാശ"മോ ആവണം. ഇന്ന് അതുവഴി കടന്നുപോകുമ്പോൾ ഓർമ്മയിൽ ഒരു ഫിലിം ഫെസ്റ്റിവെൽ. വികസനം എല്ലാം മാറ്റിയെഴുതുന്നുണ്ട്, ഓർമ്മകളെയൊഴികെ. അതുകൊണ്ടാവാം "Cinema Paradiso" എന്ന ഇറ്റാലിയൻ ചിത്രം എത്രവട്ടം കണ്ടാലും അത് ചിരികൾക്കിടയിൽ നെടുവീർപ്പുകളോടെ കണ്ണുകളെ നിറയ്ക്കുന്നത്. 1990 ന് ശേഷമുള്ള ഏറ്റവും ഇഷ്ടപ്പെട്ട 5 ഇറ്റാലിയൻ ചിത്രങ്ങളെ പെറുക്കിയെടുക്കാൻ ആവശ്യപ്പെട്ടാൽ റ്റോട്ടോയും ആൽഫ്രെദോയും ചില വലിയ രഹസ്യങ്ങൾ ഒളിപ്പിച്ചുവെച്ച "പറുദീസാ സിനിമാകൊട്ടക" ഒന്നാമതെത്തും. .

No comments: